തൊഴിൽ മേഖല പ്രാകൃതമായ കൂലിയടിമത്തത്തിലേക്ക്

തൊഴിലാളികൾ പോരാട്ടത്തിലൂടെ നേടിയെടുത്ത അവകാശങ്ങൾ ഒന്നൊന്നായി നഷ്ടപ്പെടുന്ന അവസ്ഥയാണ് രാജ്യത്തിപ്പോൾ. ദിവസവും 15 മണിക്കൂർ പണിയെടുക്കേണ്ടിവരുന്ന വ്യവസ്ഥകൾ അടിച്ചേൽപിക്കാനാണ് നീക്കം. രാജ്യത്തെ തൊഴിൽ മേഖല പ്രാകൃതമായ കൂലിയടിമത്തത്തിലേക്കാണ് നീങ്ങുന്നതെന്ന് ലേഖകൻ വാദിക്കുന്നു. ബി.ജെ.പി-കോർപറേറ്റ് ഭരണം ഒരു ദശാബ്ദം പിന്നിടുമ്പോൾ രാജ്യം പ്രാകൃതമായ കൂലിയടിമത്തത്തിലേക്ക് നീങ്ങുകയാണ്. ജോലിസമയം ആഴ്ചയിൽ 90 മണിക്കൂറായി നീട്ടണമെന്ന ആവശ്യം ലാർസൻ ആൻഡ് ടൂബ്രോ (എൽ ആൻഡ് ടി) ചെയർമാൻ കഴിഞ്ഞദിവസം മുന്നോട്ടുവെച്ചു. ഒരുദിവസം 15 മണിക്കൂർ സമയം. തൊഴിൽസമയം ആഴ്ചയിൽ 70 മണിക്കൂറായി...
Your Subscription Supports Independent Journalism
View Plansതൊഴിലാളികൾ പോരാട്ടത്തിലൂടെ നേടിയെടുത്ത അവകാശങ്ങൾ ഒന്നൊന്നായി നഷ്ടപ്പെടുന്ന അവസ്ഥയാണ് രാജ്യത്തിപ്പോൾ. ദിവസവും 15 മണിക്കൂർ പണിയെടുക്കേണ്ടിവരുന്ന വ്യവസ്ഥകൾ അടിച്ചേൽപിക്കാനാണ് നീക്കം. രാജ്യത്തെ തൊഴിൽ മേഖല പ്രാകൃതമായ കൂലിയടിമത്തത്തിലേക്കാണ് നീങ്ങുന്നതെന്ന് ലേഖകൻ വാദിക്കുന്നു.
ബി.ജെ.പി-കോർപറേറ്റ് ഭരണം ഒരു ദശാബ്ദം പിന്നിടുമ്പോൾ രാജ്യം പ്രാകൃതമായ കൂലിയടിമത്തത്തിലേക്ക് നീങ്ങുകയാണ്. ജോലിസമയം ആഴ്ചയിൽ 90 മണിക്കൂറായി നീട്ടണമെന്ന ആവശ്യം ലാർസൻ ആൻഡ് ടൂബ്രോ (എൽ ആൻഡ് ടി) ചെയർമാൻ കഴിഞ്ഞദിവസം മുന്നോട്ടുവെച്ചു. ഒരുദിവസം 15 മണിക്കൂർ സമയം. തൊഴിൽസമയം ആഴ്ചയിൽ 70 മണിക്കൂറായി നിയമാനുസൃതമായി വർധിപ്പിക്കണമെന്ന് വാദിച്ച് ഇൻഫോസിസ് മേധാവി എൻ.ആർ. നാരായണമൂർത്തി നേരത്തേ സമാനമായ പ്രസ്താവന നടത്തിയിരുന്നു.
ഇന്ത്യയെ ഒരു വികസിതരാഷ്ട്രമാക്കുന്നതിന്റെ പേരിലാണ് ഇരുകൂട്ടരും ഈ വാദങ്ങളുയർത്തുന്നത്. എന്നാൽ, മുതലാളിത്തത്തിൽ ഉൽപാദനശേഷി എത്ര വർധിച്ചാലും ന്യൂനപക്ഷത്തിന്റെ കൈയിൽ സമ്പത്ത് കേന്ദ്രീകരിക്കുന്നതും മറുഭാഗത്ത് ബഹുഭൂരിപക്ഷം ദരിദ്രവത്കരിക്കുന്നതും മുതലാളിത്തത്തിന്റെ സഹജസ്വഭാവമാണ്. സമൂഹത്തിന്റെയാകെ പുരോഗതിയിൽ അത് പ്രതിഫലിക്കില്ല. ആഗോളസമ്പത്ത് ഉൽപാദനത്തിന്റെ പങ്കുവെപ്പ് കണക്കു പരിശോധിച്ചാൽ ഇത് വ്യക്തമാകും.
2024ൽ വേൾഡ് ഇൻഈക്വാലിറ്റി ഡേറ്റാബേസ് പ്രകാരം ലോകത്തെ ഏറ്റവും പാവപ്പെട്ട 50 ശതമാനം ജനങ്ങൾക്ക് ലോകവരുമാനത്തിന്റെ എട്ട് ശതമാനമേ ലഭിക്കുന്നുള്ളൂ. അതേസമയം ഏറ്റവും സമ്പന്നരായ 10 ശതമാനം ആളുകളുടെ കൈയിലാണ് ലോകവരുമാനത്തിന്റെ 52 ശതമാനം. ഈ അസമത്വം നാൾക്കുനാൾ വർധിക്കുകയാണ്. പുതിയ ശാസ്ത്ര-സാങ്കേതികവിദ്യകൾ സൃഷ്ടിക്കുന്ന വരുമാനത്തിലെ കുതിപ്പ് കൈക്കലാക്കുന്നത് ന്യൂനപക്ഷമായ ഫിനാഷ്യൽ വ്യവസായ കുത്തക കോർപറേറ്റുകളാണ്. വർധിക്കുന്ന ഉൽപാദനക്ഷമതയനുസരിച്ച് തൊഴിലാളികളുടെ കൂലി ഉയരുന്നില്ല.
എക്സിക്യൂട്ടിവ് തീരുമാനങ്ങളിലൂടെ തൊഴിൽസമയം വർധിപ്പിക്കുന്നതിനുള്ള വ്യവസ്ഥകൾ കേന്ദ്രഗവൺമെന്റ് അംഗീകരിച്ച ലേബർകോഡുകളിലുണ്ട്. കേന്ദ്രസർക്കാറുമായുള്ള ഗൂഢാലോചനയുടെ ഭാഗമാണ് മുൻനിര കോർപറേറ്റ് സ്ഥാപനങ്ങൾ ജോലിസമയം നിയമപരമായി നീട്ടാൻ തുടർച്ചയായി ആവശ്യപ്പെടുന്നത്. തമിഴ്നാട്, കർണാടക സർക്കാറുകൾ അടുത്തകാലത്ത് ജോലിസമയം 12 മണിക്കൂറാക്കി ഉത്തരവിറക്കി കഴിഞ്ഞു. കേരളത്തിലുൾപ്പെടെ പല സംസ്ഥാനങ്ങളിലും എട്ടു മണിക്കൂർ ജോലിയെന്നത് അവകാശമല്ലാതായി.
നിയമാനുസൃതമല്ലാതിരുന്ന ഇത്തരം ജോലിസമയം വർധിപ്പിക്കലിനെ നിയമാനുസൃതമാക്കിയെന്നതാണ് മോദിസർക്കാറിന്റെ പുതിയ ലേബർകോഡിന്റെ സംഭാവന. ഐ.എൽ.ഒ കൺെവൻഷന്റെ പ്രഥമ തീരുമാനമായ, മനുഷ്യാധ്വാനത്തിന്റെ അടിസ്ഥാനവ്യവസ്ഥയായ എട്ടു മണിക്കൂർ എന്നത് നിജപ്പെടുത്താൻ കഴിയാതെ അതത് ഗവൺമെന്റുകളുടെ തീരുമാനത്തിന് വിട്ടുകൊടുക്കുകയാണ് ചെയ്തത്. ഫാക്ടറീസ് ആക്ടിൽ 12 മണിക്കൂർ വരെ ജോലിയെടുപ്പിക്കാനുള്ള വ്യവസ്ഥയും തൊഴിൽ സുരക്ഷ സംബന്ധിച്ച OSHWC (Occupational Safety, Health and Working Conditions) കോഡിൽ ആഴ്ചയുടെ ആദ്യ ദിവസമായ ഞായറാഴ്ചയുടെ അവധിയവകാശം ആവശ്യമെങ്കിൽ ഒഴിവാക്കാമെന്ന വ്യവസ്ഥപോലുമുണ്ട്. ഈ പശ്ചാത്തലത്തിൽ വേണം സുബ്രഹ്മണ്യത്തിന്റെയും നാരായണമൂർത്തിയുടെയും പ്രസ്താവനെകളെ കാണാൻ.
2023ലെ ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷന്റെ (ഐ.എൽ.ഒ) വിവരശേഖരണം അനുസരിച്ച് അധ്വാനത്തിന്റെ ഇന്ത്യൻ ശരാശരി മറ്റ് വികസിത-വികസ്വര രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ഈ റിപ്പോർട്ടനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതൽ ജോലിസമയമുള്ള രാജ്യങ്ങളിൽ ഇന്ത്യ അഞ്ചാംസ്ഥാനത്താണ്. 2020-21ലെ ഗ്ലോബൽ വേജ് റിപ്പോർട്ട് വെളിപ്പെടുത്തുന്നത് ബംഗ്ലാദേശ് ഒഴികെ, ഏഷ്യ-പസഫിക് മേഖലയിൽ ഏറ്റവും കുറഞ്ഞ നിയമാനുസൃത വേതനമാണ് ഇന്ത്യക്കാർക്ക് ലഭിക്കുന്നതെന്ന യാഥാർഥ്യമാണ്.
ഇന്ത്യൻ ഉൽപാദനമേഖലയിലെ മൊത്ത മൂല്യവർധിതത്തിൽ (ജി.വി.എ) വേതനത്തിന്റെ വിഹിതം 1980-81ലെ 28.5 ശതമാനത്തിൽനിന്ന് 2012-13ൽ വെറും 11 ശതമാനമായി കുറഞ്ഞു (ഐ.എൽ.ഒ 2017). ഇതിനു വിപരീതമായി ലാഭവിഹിതം 15.7 ശതമാനത്തിൽനിന്ന് 44.1 ശതമാനമായി ഉയർന്നു, 2007-08ൽ ആഗോളമാന്ദ്യത്തിന്റെ വർഷത്തിൽപോലും ലാഭം 53.8 ശതമാനത്തിലെത്തി.
നിർമാണ വ്യവസായങ്ങളിലെ വ്യാപകമായ കാഷ്വലൈസേഷൻ, കരാർവത്കരണം, അപ്രന്റീസ്ഷിപ് പ്രോഗ്രാമുകൾ എന്നിവ കാരണമാണ് പ്രധാനമായി കൂലിയുടെ പങ്ക് കുറയുന്നതും ലാഭത്തിന്റെ പങ്ക് വർധിക്കുന്നതും. അധ്വാനത്തിന്മേൽ മൂലധനം നടത്തുന്ന ചൂഷണതോത് തന്നെയാണ് ലാഭത്തിന്റെയും തോതെന്ന് കൃത്യമായി തെളിയിക്കുന്നതാണ് ഈ വസ്തുതകൾ.
Time use India 2019ലെ റിപ്പോർട്ട് അനുസരിച്ച്, ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷന്റെ (ഐ.എൽ.ഒ) നിരീക്ഷണങ്ങളെക്കാൾ യഥാർഥ പ്രവൃത്തിസമയം ഇന്ത്യയിൽ വളരെ കൂടുതലാണ്. 15-59 പ്രായമുള്ള ഇന്ത്യൻ നഗരത്തിലെ ഒരു പുരുഷ തൊഴിലാളി ആഴ്ചയിൽ 60 മണിക്കൂറും 47 മിനിറ്റും നേരിട്ടുള്ള ജോലിക്കും അനുബന്ധത്തിനും ചെലവഴിക്കുന്നു. ഈ വിവരങ്ങൾ നിയമപരമായി നിശ്ചയിച്ചിട്ടുള്ള 48 മണിക്കൂർ വർക്ക് വീക്കിന്റെ പൊള്ളത്തരത്തെ ചൂണ്ടിക്കാണിക്കുന്നു.

രാജ്യങ്ങളിലെ വ്യവസായവത്കരണത്തിന്റെയും സാങ്കേതിക പുരോഗതിയുടെയും വലുപ്പത്തിലും വേഗത്തിലും വലിയ വ്യത്യാസങ്ങളുണ്ട്. 1970ൽ, ഒരു ശരാശരി ഇന്ത്യൻ തൊഴിലാളി പ്രതിവർഷം ഏകദേശം 2077 മണിക്കൂർ ജോലി ചെയ്തു, ഇതേ കാലയളവിൽ ഒരു ജർമൻ തൊഴിലാളി 1941 മണിക്കൂറും ജപ്പാൻ തൊഴിലാളി 2137 മണിക്കൂറും ശരാശരിജോലി ചെയ്തു. ജപ്പാനിലെ ദ്രുതഗതിയിലുള്ള സാങ്കേതിക-സാമ്പത്തിക വളർച്ചയുടെ കാലഘട്ടമായ 1960 മുതൽ 1980 വരെയുള്ള കാലഘട്ടത്തിൽ, വാർഷിക ജോലിസമയം ഇന്ത്യയിലെ സമയവുമായി താരതമ്യപ്പെടുത്താവുന്നതാണ്.
2017ൽ ഇന്ത്യയിൽ വാർഷിക ജോലിസമയം 1970ലേതിന് സമാനമായി 2117 മണിക്കൂറായി തുടർന്നപ്പോൾ ജപ്പാനിലും ജർമനിയിലും യഥാക്രമം 1738 മണിക്കൂറും 1354 മണിക്കൂറുമായി കുറഞ്ഞു. മാത്രമല്ല ഏഷ്യൻ പ്രൊഡക്ടിവിറ്റി ഓർഗനൈസേഷൻ റിപ്പോർട്ട് പ്രകാരം ചൈന കഴിഞ്ഞാൽ ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും ഉൽപാദനക്ഷമതയുള്ളത് ഇന്ത്യയിലെ തൊഴിലാളികൾക്കാണ്. ഇന്ത്യൻ തൊഴിലാളികൾ ജപ്പാനിലെയോ ജർമനിയിലെയോ സഹപ്രവർത്തകരേക്കാൾ കുറച്ചുമാത്രം അധ്വാനിക്കുന്നവരാണന്ന നാരായണമൂർത്തിയുടെ വ്യാഖ്യാനത്തെ ഈ വസ്തുതകളെല്ലാം വെല്ലുവിളിക്കുന്നു.
അമേരിക്കയിൽ ജോലിസമയം 40 മണിക്കൂറിൽനിന്ന് 32 ആക്കണമെന്ന പ്രക്ഷോഭം നടക്കുകയാണ്. അമേരിക്കൻ സെനറ്റർ ബേർണി സാൻഡേഴ്സൺ ഈ പ്രശ്നം പാർലമെന്റിൽ ഉന്നയിച്ചുകഴിഞ്ഞു. സ്വീഡൻ, നോർവേ, ക്യൂബ, ജപ്പാൻ തുടങ്ങിയ പല രാജ്യങ്ങളിലും പ്രവൃത്തിസമയം ആഴ്ചയിൽ 35 മണിക്കൂറാണ്. ഫ്രാൻസിൽ 35ൽനിന്ന് 32 മണിക്കൂറായി കുറക്കണമെന്ന ആവശ്യവും പെൻഷൻപ്രായം 64ൽനിന്ന് 62 ആയി കുറക്കണമെന്ന ആവശ്യവുമുന്നയിച്ച് തൊഴിലാളികൾ സമരത്തിലാണ്.
സാമൂഹിക പുരോഗതിയുടെ ഫലം തങ്ങൾക്കും ലഭിക്കണമെന്നും തങ്ങളുടെ ജീവിതത്തെയും സന്തോഷപ്രദമാക്കണമെന്നുമുള്ള താൽപര്യമാണ് ഈ പോരാട്ടങ്ങൾക്കെല്ലാം പിന്നിലുള്ളത്. എന്നാൽ, നാരായണ മൂർത്തിയെപ്പോലെയുള്ളവർ ആഗ്രഹിക്കുന്നത് സാമൂഹിക-സാങ്കേതിക പുരോഗതിയുടെ നേട്ടം തങ്ങളെപ്പോലെയുള്ള മൂലധന ഉടമകൾക്കുമാത്രം മതിയെന്നും തൊഴിലാളികൾ കുടുംബമില്ലാതെ, വിശ്രമവും വിനോദവുമില്ലാതെ അടിമകളെപ്പോലെ യന്ത്രത്തോടൊപ്പം മറ്റൊരു യന്ത്രമായി ജീവിക്കണമെന്നാണ്. ഇത് ആധുനിക സാമൂഹിക വ്യവസ്ഥക്ക് ചേരാത്ത പ്രാകൃതബോധമാണ്.
നമ്മുടെ നിയമം അനുശാസിക്കുന്നത് പ്രതിദിനം എട്ടു മണിക്കൂർ ജോലി, ആഴ്ചയിൽ 48 മണിക്കൂർ, ആഴ്ചയിൽ ഒരുദിവസം വിശ്രമം എന്നിങ്ങനെയാണ്. പ്രവൃത്തിസമയം നീട്ടിക്കൊണ്ടും കൂലി കുറച്ചുകൊണ്ടും ഭരണവർഗങ്ങൾ ഇന്ത്യയിലെ അധ്വാനിക്കുന്ന ജനതയുടെ മേൽ അടിച്ചേൽപിക്കുന്ന മനുഷ്യത്വരഹിതമായ പ്രാകൃതചൂഷണത്തെ ഇത് വ്യക്തമായി ചിത്രീകരിക്കുന്നു. അതായത് കൂടുതൽ ജോലിസമയവും കുറഞ്ഞ കൂലിയുമാണ് ഇന്ത്യൻ തൊഴിൽ മേഖലയുടെ സ്വഭാവം.
വർഗസമരവുമായി ബന്ധപ്പെടുത്തിക്കൊണ്ടല്ലാതെ ജോലിസമയം വർധിപ്പിക്കുന്നതിനെ കാണാൻ കഴിയില്ല. ജോലിസമയം എട്ട് മണിക്കൂറായി നിജപ്പെടുത്തുന്നതിനുവേണ്ടി 1886ൽ ഷികാഗോയിൽ നടന്ന രക്തരൂഷിതപ്രക്ഷോഭം ഇതിന്റെ ഭാഗമാണ്. ജീവിതായോധനത്തിനായി തന്റെ അധ്വാനശക്തി വിൽക്കുന്ന തൊഴിലാളി ഒരുഭാഗത്തും അധ്വാനശക്തി വിലക്കെടുത്ത് ലാഭമുണ്ടാക്കുന്ന മുതലാളി മറുഭാഗത്തും നിൽക്കുന്നു. അധ്വാനശക്തിക്ക് വില വർധിപ്പിക്കാൻ തൊഴിലാളിയും വില പരമാവധി കുറച്ച് ലാഭം വർധിപ്പിക്കാൻ മുതലാളിയും ശ്രമിക്കുന്നു. അധ്വാനശക്തി വിൽക്കുന്നത് സമയബന്ധിതമെല്ലങ്കിൽ തൊഴിലാളിക്ക് നഷ്ടപ്പെടുന്നത് വിശ്രമത്തിനും വിനോദത്തിനുമുള്ള –കുടുംബവുമായി ജീവിക്കാനുള്ള– അവന്റെ സമയമാണ്. സമയബന്ധിതമല്ലാതെ അധ്വാനശക്തി വിലയ്ക്ക് വാങ്ങുന്നത് ചൂഷണത്തോത് ഉയർത്താനും ലാഭം വർധിപ്പിക്കാനും മൂലധനശക്തികൾക്ക് സൗകര്യം നൽകുന്നു. മൂലധന ശക്തികൾ എക്കാലവും ശ്രമിക്കുന്നത് അതാണ്.

ഇൻഫോസിസ് മേധാവി എൻ.ആർ. നാരായണമൂർത്തി
ഉദാഹരണത്തിന് ഉൽപാദന ചെലവിലെ കൂലിയുടെ വിഹിതം 1990-91ൽ 27.64 ശതമാനമായിരുന്നു. എന്നാൽ, 2022-23ലെത്തിയപ്പോൾ അത് 15.94 ശതമാനമായി കുത്തനെ ഇടിഞ്ഞു. ഇൻഡസ്ട്രീസിന്റെ വാർഷിക സർവേ റിപ്പോർട്ട് പ്രകാരം ഇതേ കാലയളവിൽ അറ്റാദായത്തിന്റെ വിഹിതം 19.06 ശതമാനത്തിൽനിന്ന് 51.92 ശതമാനമായി ഉയർന്നു. മുതലാളിത്ത സമ്പദ് വ്യവസ്ഥയിൽ മേധാവിത്വവും അന്തിമവിജയവും മൂലധന ഉടമകൾക്കാണ്. അതായത് മൂലധനവും അധ്വാനവും തമ്മിലുള്ള വൈരുധ്യത്തിന് ശത്രുതാപരമായ സ്വഭാവമാണുള്ളത്. പുതിയതായുണ്ടാകുന്ന സമ്പത്ത് ലാഭമായും കൂലിയായുമാണ് വേർതിരിയുന്നത്. കൂലി കുറയുമ്പോൾ ലാഭം വർധിക്കും. കൂലിയിൽ വരുന്ന കുറവ് സമൂഹത്തിന്റെ വാങ്ങൽശേഷി കുറക്കും, ഉപഭോഗം കുറക്കും. ഇത് അമിതോൽപാദന പ്രതിസന്ധി സൃഷ്ടിക്കും. ലോകത്താകെ ലാഭത്തിന്റെ ഓഹരി വർധിക്കുമ്പോൾ കൂലിയുടെ ഓഹരി കുറയുകയാണ്. ഇതാണ് സമ്പത്തിന്റെ കേന്ദ്രീകരണത്തിനും ബഹുജന പാപ്പരീകരണത്തിനും ഇടയാക്കുന്നത്.
ജോലിസമയം നീട്ടുന്നത് ഇന്ത്യൻ തൊഴിലാളികളുടെ ആരോഗ്യത്തെയും സാമൂഹികജീവിതത്തെയും സാരമായി ബാധിക്കുന്നു. 2022ൽ 11,486 ആത്മഹത്യകൾക്ക് ഇത് കാരണമായി ക്രൈം ബ്യൂറോ രേഖപ്പെടുത്തിയിട്ടുണ്ട്. ദൈർഘ്യമേറിയ ജോലിസമയം കാരണമായുണ്ടാകുന്ന ജീവഹാനിയും ആരോഗ്യവും സംബന്ധിച്ച ആഗോള വിശകലനത്തിൽ ലോകാരോഗ്യ സംഘടനയും ഐ.എൽ.ഒയും 2016ൽ 3,98,000 പേർ ഹൃദയാഘാതം മൂലവും 3,47,000 പേർ ഹൃദ്രോഗം മൂലവും മരണമടഞ്ഞതായി കണക്കാക്കുന്നു.
2000നും 2016നും ഇടയിലുള്ള കാലയളവിൽ നീണ്ട ജോലിസമയവുമായി ബന്ധപ്പെട്ട ഹൃദ്രോഗംമൂലമുള്ള മരണങ്ങളിൽ 42 ശതമാനം വർധനയും സ്ട്രോക്ക്മൂലമുള്ള മരണങ്ങളിൽ 19 ശതമാനം വർധനയുമുണ്ടായി. ഈ വെളിപ്പെടുത്തൽ അടിവരയിടുന്നത് ദൈർഘ്യമേറിയ ജോലിസമയം ഒരു പ്രധാന തൊഴിൽ അപകടഘടകമാണെന്നാണ്. ജോലിസംബന്ധമായ രോഗഭാരത്തിന്റെ ഏകദേശം മൂന്നിലൊന്നിന് ഉത്തരവാദി ഈ സമയദൈർഘ്യമാണ്. ദീർഘനേരവും സമയക്ലിപ്തതയില്ലാതെയും ജോലിചെയ്യുന്ന തൊഴിലാളികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്.

കാൾ മാർക്‌സിന്റെ വാക്കുകൾ ഈ വസ്തുതകളുടെ വെളിച്ചത്തിൽ പരിശോധിക്കണം. ഉൽപാദനത്തിലും മിച്ചമൂല്യത്തിന്റെ ആഗിരണത്തിലും കേന്ദ്രീകരിക്കുന്ന മുതലാളിത്ത ഉൽപാദനരീതി മനുഷ്യാധ്വാനശക്തിയുടെ സാധാരണവും ധാർമികവും ഭൗതികവുമായ അവസ്ഥകൾ നഷ്ടപ്പെടുത്തുക മാത്രമല്ല, അധ്വാനശക്തിയുടെ ക്ഷീണവും നാശവും വേഗത്തിലാക്കുന്നു.
ശാരീരികവും മാനസികവുമായ കഴിവുകളുപയോഗിച്ച് അധ്വാനശക്തി വാഗ്ദാനംചെയ്യുന്ന തൊഴിലാളിയുടെ ക്ഷേമത്തെയോ ദീർഘായുസ്സിനെയോ മൂലധനം പരിഗണിക്കുന്നില്ല. ഒരു പ്രവൃത്തി ദിവസത്തിനുള്ളിൽ ഫലപ്രദമായി വിനിയോഗിക്കാൻ കഴിയുന്ന, ചൂഷണംചെയ്യാൻ കഴിയുന്ന തൊഴിൽശക്തി പരമാവധി വർധിപ്പിക്കുക എന്നതാണ് മൂലധനത്തിന്റെ ഏക ചിന്ത. ഇതവർ ചെയ്യുന്നത് പരമാവധി ലാഭത്തിനാണ്. ഇതവർ നേടുന്നത് തൊഴിലാളിയുടെ ആയുസ്സ് കുറച്ചുകൊണ്ടാണ്. പ്രാകൃതമായ കൂലിയടിമത്തത്തിലേക്കാണ് രാജ്യം നീങ്ങുന്നത്.
======
NTUI സംസ്ഥാന പ്രസിഡന്റാണ് ലേഖകൻ