സാങ്കേതികവിദ്യ ജനാധിപത്യത്തില്‍ ഇടപെടുമ്പോള്‍

സാങ്കേതികവിദ്യയും അധികാരവും നേരിട്ടുള്ള ബന്ധം ചരിത്രത്തിലെവിടെയും ദര്‍ശിക്കാവുന്നതാണ്. എന്നാൽ, അധികാരത്തെ എങ്ങനെയൊക്കെയാണ് സാേങ്കതികവിദ്യ കൈകാര്യംചെയ്യുന്നത്? തിരിച്ച് എങ്ങനെയാണ് അധികാരം സാേങ്കതികവിദ്യയിൽ ഇടപെടുന്നത്? ഇലോണ്‍ മസ്കുമാരുടെ ലോകമായി നമ്മളുടെ കാലം മാറിയോ? -സാേങ്കതിക വിദഗ്ധനും കഥാകൃത്തുമായ ലേഖകന്റെ നിരീക്ഷണവും വിശകലനവും.
ശാസ്ത്ര സാങ്കേതിക വിദ്യയുടെ മുന്നേറ്റം മനുഷ്യസമൂഹത്തിന്റെയാകെ മുന്നേറ്റത്തിന് കാരണമാകുന്നു. ശാസ്ത്രവും സാങ്കേതികവിദ്യയും സൂക്ഷ്മാർഥത്തില്‍ രണ്ടാണ്. എന്നാല്‍ ഒന്ന് മറ്റൊന്നിന്റെ വളര്‍ച്ചക്ക് കാരണമാകുന്നു. ശാസ്ത്രം മനുഷ്യജീവിതത്തില്‍ അനുഭവിച്ചറിയാവുന്ന വസ്തുതയാകുന്നത് സാങ്കേതികവിദ്യയിലൂടെയാണ്. സാങ്കേതികവിദ്യക്ക് മനുഷ്യസമൂഹത്തിന്റെ ജീവിതക്രമത്തെയാകെ മാറ്റിമറിക്കാന്‍ സാധിക്കും. പുതിയ ലോകക്രമങ്ങള്ക്ക് ഉല്‍പ്രേരകങ്ങളായി പ്രവര്‍ത്തിക്കാനും കഴിയും. അതുകൊണ്ടാണ് തീയുടെ കണ്ടുപിടിത്തം മനുഷ്യന് മറ്റ് ജീവജാലങ്ങളുടെ മേല്‍ അധികാരം സ്ഥാപിക്കാനായതും വ്യവസായ വിപ്ലവത്തിന് ഫ്യൂഡലിസത്തിനെ തകര്‍ക്കാന്‍ സാധിച്ചതും വിവരസാങ്കേതികവിദ്യ പുതിയ ലോകക്രമങ്ങള്ക്ക് അടിസ്ഥാനമായി വര്‍ത്തിക്കുന്നതും.
ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും മുന്നോട്ടുള്ള കുതിപ്പിനെ നിഷേധിക്കുന്നത് അർഥരഹിതമാണ്. എന്നാല്‍, ഓരോ കണ്ടുപിടിത്തവും മനുഷ്യരാശിയുടെ എക്കാലത്തേക്കുമുള്ള നിലനിൽപിന് കരുത്തേകുന്ന ഒന്നായിരിക്കണമെന്നും മനുഷ്യനോടൊപ്പം മറ്റ് ജീവജാലങ്ങളുടെയും വിശിഷ്യ ഈ ഭൂമിയുടെതന്നെ സന്തുലനത്തിന് പരിക്കേൽപിക്കരുത് എന്നും നാം ആഗ്രഹിക്കുന്നു. എന്നാല്‍, സാങ്കേതികവിദ്യ പലപ്പോഴും അത്തരം മൂല്യങ്ങളെ മുഖവിലക്ക് എടുക്കണമെന്നില്ല. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ നടക്കുന്ന ഓരോ സംവാദവും കണ്ടുപിടിത്തങ്ങളെ മനുഷ്യസമൂഹത്തോട് കൂടുതല്‍ ഉത്തരവാദിത്തമുള്ളതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. സാങ്കേതികവിദ്യകളുടെ കുതിപ്പ് ജനാധിപത്യത്തിന്റെ സുതാര്യതയിലും സാമ്പത്തികക്രമങ്ങളുടെ നിയന്ത്രണത്തിലും ഇടപെടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്.
സാങ്കേതികവിദ്യയും അധികാരവും നേരിട്ടുള്ള ബന്ധം ചരിത്രത്തിലെവിടെയും ദര്‍ശിക്കാവുന്നതാണ്. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും പ്രവാഹം ചുഴികളും തിരകളും നിശ്ചലതയും സമാന്തരങ്ങളും നിറഞ്ഞതാണ്. ലോകത്തിന്റെ പല കോണുകളില്‍ ഒരേ സാങ്കേതികവിദ്യ വികസിപ്പിക്കപ്പെടുന്നതും ഒരേ കണ്ടുപിടിത്തം പലവഴിക്ക് സാധ്യമാകുന്നതും ശാസ്ത്രചരിത്രത്തില്‍ നിരന്തരം കാണാവുന്നതാണ്. ചില കണ്ടുപിടിത്തങ്ങള്‍ ലോകത്തെയാകെ മാറ്റിമറിക്കുന്നതും അസാധാരണമല്ല.
ആവിയന്ത്രത്തിന്റെ കണ്ടുപിടിത്തത്തോടെ വ്യവസായ വിപ്ലവത്തിന് തുടക്കം കുറിച്ചതുപോലെ, തൽഫലമായി പുതിയ സാമ്പത്തികക്രമവും അധികാരശ്രേണിയും രൂപപ്പെട്ടതുപോലെ, അപ്രതീക്ഷിതമായ മാറ്റങ്ങള്‍ക്ക് സാങ്കേതികവിദ്യ കാരണമായിട്ടുണ്ട്. വൈദ്യുതി ഉപകരണങ്ങള്‍, ആണവ ഊര്‍ജം, സെമികണ്ടക്ടറുകളുടെ കണ്ടുപിടിത്തവും ഇലക്ട്രോണിക്സും, കമ്പ്യൂട്ടറുകളും വിവരസാങ്കേതികവിദ്യയും തുടങ്ങി കഴിഞ്ഞ രണ്ട് നൂറ്റാണ്ടിനിടക്ക് മനുഷ്യജീവിതത്തെ മാറ്റിമറിച്ച കണ്ടുപിടിത്തങ്ങള്‍ ഏറെയാണ്.
നൂറ്റാണ്ടുകള്‍ പിന്നോട്ടുപോകുന്തോറും മനുഷ്യചരിത്രത്തിലെ സംഭവങ്ങളുടെ ഇടവേളകള്‍ വർധിച്ചുവരുന്നത് കാണാം. ആ സംഭവങ്ങളെ ശാസ്ത്രവും സാങ്കേതികവിദ്യകളുമായി ബന്ധപ്പെടുത്തി വായിക്കുമ്പോള്‍ സമാനമായ ഇടവേളകള്‍ അവയുടെ വളര്‍ച്ചയിലും കാണാവുന്നതാണ്. ജ്യോതിശാസ്ത്രം, നക്ഷത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള സമുദ്രപര്യവേക്ഷണം, ജ്യാമിതി, ജ്യാമിതിയെ അടിസ്ഥാനമാക്കിയുള്ള കെട്ടിടനിർമാണം തുടങ്ങിയ സംഭവങ്ങള്‍ നൂറ്റാണ്ടുകള്‍ക്ക് പിന്നിലുള്ള മനുഷ്യചരിത്രത്തിന്റെ ഗതിമാറ്റങ്ങള്‍ക്ക് കാരണമായിട്ടുള്ളതായി കാണാം. നാം ജീവിക്കുന്ന കാലത്തെപ്പറ്റിയുള്ള ഓർമകളുടെ ബാഹുല്യംകൊണ്ട് മാത്രമല്ല നമുക്കേറെ സംഭവങ്ങളെപ്പറ്റി പറയാനുള്ളത്. പകരം നാം അത്രയധികം കണ്ടുപിടിത്തങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു കാലത്താണ് ജീവിക്കുന്നത് എന്നതുകൊണ്ടുകൂടിയാണ്.
ചാർളി ചാപ്ലിൻ ‘മോഡേൺ ടൈംസ്’ എന്ന സിനിമയിൽ
ശാസ്ത്രത്തിന്റെ വളര്ച്ചാപ്രവാഹത്തിന്റെ മറ്റൊരു പ്രത്യേകത അസാമാന്യപ്രതിഭകളുടെ സാന്നിധ്യമാണ്. ചില അസാധാരണ മനുഷ്യര്‍ നമ്മെ ഞെട്ടിച്ചുകൊണ്ടിരിക്കും. അവര്‍ സങ്കൽപസീമകള്ക്കപ്പുറത്ത് ചില യാഥാർഥ്യങ്ങള്‍ കാണിച്ച് നമ്മെ അമ്പരപ്പിക്കും. സാവധാനം അവരുടെ മാന്ത്രികവിദ്യയുടെ പിന്നിലെ കഠിനാധ്വാനവും ഉല്‍ക്കര്‍ഷേച്ഛയും പ്രതിബന്ധങ്ങള്‍ നേരിടാനുള്ള കഴിവും വിജയങ്ങളും ഇടക്കിടെയുള്ള പരാജയങ്ങളും നിറഞ്ഞ കഥകള്‍ ലോകമാകെ പരക്കും. അവരെപ്പറ്റിയുള്ള വിവരങ്ങള്‍ കേള്‍ക്കുമ്പോള്‍ ആത്മവിശ്വാസത്തിന്റെ ഊർജം നിറഞ്ഞ രക്തം നമ്മുടെ ശരീരത്തിലാകെ പരക്കും.
അത്തരം മനുഷ്യര്‍ കലാകാരന്മാരോ മനുഷ്യസ്നേഹികളോ രാഷ്ട്രീയനേതാക്കന്മാരോ ശാസ്ത്ര സാങ്കേതിക വിദഗ്ധരോ ആകാം. ലിയനാര്‍ഡോ ഡാവിഞ്ചി, ഐസക് ന്യൂട്ടണ്‍, മൈക്കല്‍ ഫാരഡേ, തോമസ് ആല്‍വ എഡിസൻ തുടങ്ങിയ മനീഷികള്‍ 19ാം നൂറ്റാണ്ടുവരെയുള്ള കാലത്ത് ചരിത്രത്തിന്റെ ഗതിയെ സ്വാധീനിച്ച ശാസ്ത്രജ്ഞരാണ്. ഇതേപോലെ മനുഷ്യസമൂഹത്തെ സ്വാധീനിച്ച തത്ത്വചിന്തകരും വ്യവസായികളും രാഷ്ട്രീയപ്രമുഖരുമുണ്ട്. ഇവരുടെ സമ്മിശ്ര സ്വാധീനമാണ് നമ്മെ ഇന്നെത്തിനില്ക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചത്.
നേരത്തേ സൂചിപ്പിച്ച വളര്ച്ചാവേഗത്തിന്റെ പ്രേത്യകത കാരണം 20ാം നൂറ്റാണ്ടില്‍ വളരെയേറെ വ്യക്തികള്‍ ചരിത്രത്തെ സ്വാധീനിച്ചവരായുണ്ട്. അമേരിക്കന്‍ കാര്‍ നിർമാതാവായ ഹെൻട്രി ഫോര്‍ഡ് വ്യവസായ രംഗത്തെ പ്രവര്‍ത്തനരീതിയില്‍ സമൂലമായ മാറ്റം വരുത്തിയ വ്യക്തിയാണ്. അമേരിക്കന്‍ വാഹനവ്യവസായത്തില്‍ വിപ്ലവം സൃഷ്ടിച്ചാണ് അദ്ദേഹത്തിന്റെ മോഡല്‍-ടി എന്ന മോട്ടോര്‍ കാര്‍ വിപണിയിലെത്തിച്ചത്. പുറത്തിറക്കുന്ന കാറുകളുടെ എണ്ണം വന്‍തോതില്‍ വർധിപ്പിക്കുകയും അതുവഴി കാറുകളുടെ വില ജനങ്ങള്‍ക്ക് താങ്ങാവുന്ന നിലവാരത്തിലെത്തിക്കുകയും ചെയ്തുകൊണ്ടാണ് ഫോര്‍ഡ് ആ രംഗത്ത് മാറ്റം സൃഷ്ടിച്ചത്.
ഫോര്‍ഡ് പ്രധാനമായും നിർമാണ പ്രക്രിയയിലാണ് മാറ്റം വരുത്തിയത്. ഒരു വസ്തുവിന്റെ നിർമാണ പ്രക്രിയയിലെ വിവിധ ഘട്ടങ്ങളെ വേര്‍തിരിച്ച് ചെറുതും ആവര്‍ത്തിക്കുന്നതുമായ ജോലികള്‍ കണ്ടെത്തുകയാണ് അദ്ദേഹം ചെയ്തത്. ലഭ്യമായ സ്ഥലത്ത് നിന്ന് മണ്ണ് കണ്ടെത്തി, അത് നിർമാണ സ്ഥലത്തെത്തിച്ച്, മണ്ണ് കുഴച്ച്, മണ്‍കലം രൂപപ്പെടുത്തി, അത് ചൂളയില്‍ വേവിച്ച് മണ്‍പാത്രം നിർമിക്കുന്ന ഒരു പ്രക്രിയ ഉദാഹരണമായെടുക്കാം. ഒന്നോ അതിലധികമോ വ്യക്തികള്‍ ആദ്യന്തം ഈ പ്രവൃത്തിയില്‍ ഇടപെട്ട് മണ്‍കുടം നിർമിക്കുന്നു. അതില്‍ പ്രവര്‍ത്തിക്കുന്ന ഓരോ വ്യക്തിയും മണ്ണില്‍നിന്ന് മണ്‍കുടം നിർമിക്കുന്ന ജോലിയുടെ ഭാഗമാകുന്നു. എന്നാല്‍, ഇത് വളരെ വേഗം കുറഞ്ഞ ഒരു പ്രക്രിയയായാണ് ഫോര്‍ഡ് കണ്ടത്. പകരം ഒരുകൂട്ടം ആളുകള്‍ സ്ഥിരമായി മണ്ണ് കുഴിച്ചെടുക്കുക.
അതുപോലെ മണ്ണ് നിർമാണ സ്ഥലത്തെത്തിക്കുന്നതും കലം രൂപപ്പെടുത്തുന്നതും ചൂളയില്‍ വേവിക്കുന്നതും ഓരോ സംഘങ്ങള്‍ ഏറ്റെടുക്കുക. അങ്ങനെ വരുമ്പോള്‍ ഒരു സംഘം നിരന്തരം ആവര്‍ത്തിക്കുന്ന ഒരു ജോലിയില്‍ ഏര്‍പ്പെടും. അത് ജോലിയുടെ വേഗം വർധിപ്പിക്കും.
നിർമിക്കുന്ന വസ്തുക്കളുടെ എണ്ണവും വർധിപ്പിക്കും. ഏതാണ്ട് സമാനമായ രീതിയാണ് ഫോര്‍ഡ് നടപ്പാക്കിയത്. ഫലത്തില്‍ ആരും മണ്‍കുടം നിർമിക്കുന്നില്ല. ഭാഗികമായ ജോലിയുടെ ആവര്ത്തനത്താല് സര്‍ഗാത്മകത പൂർണമായും നഷ്ടമാകുന്നു. ചാര്‍ളി ചാപ്ലിന്റെ ‘മോഡേണ്‍ ടൈംസ്’ എന്ന സിനിമയില്‍ സ്പാനര്‍ ഉപയോഗിച്ച് സ്ക്രൂ മുറുക്കിക്കൊണ്ടിരുന്ന തൊഴിലാളിയുടെ അവസ്ഥയിലേക്ക് എല്ലാവരും മാറുന്നു. ഭക്ഷണംപോലും ജോലിക്കിടയില്‍ നല്‍കിക്കൊണ്ട് സ്ക്രൂ മുറുക്കുന്നയാളെ കൂടുതല്‍ ജോലിചെയ്യിക്കാന്‍ വ്യവസായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഫോര്‍ഡ് വ്യവസായ രംഗത്ത് അങ്ങനെ വലിയ മാറ്റം കൊണ്ടുവന്നു.
ഇത് കാര്‍ നിർമാണ പ്രക്രിയയില്‍ മാത്രം ബാധകമായ ഒരു മാറ്റമായിരുന്നില്ല. ലോകത്തിലെ ഏതാണ്ടെല്ലാ നിർമാണ സ്ഥാപനങ്ങളും ഈ രീതി സ്വീകരിക്കാന്‍ തുടങ്ങി. തൊഴിലാളി സംഘടനകള്‍ തൊഴില്‍ സ്ഥാപനങ്ങളെ നശിപ്പിക്കുമെന്ന് ഫോര്‍ഡ് ഭയന്നിരുന്നു. സംഘടനകള്‍ രൂപപ്പെടാതിരിക്കാന്‍ അദ്ദേഹം കമ്പനിക്കുള്ളില്‍ ചാരന്മാരെയും തൊഴിലാളി നേതാക്കന്മാരെ അടിച്ചൊതുക്കാന്‍ പ്രത്യേകം ജോലിക്കാരെയും നിയമിച്ചിരുന്നു. തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥകളും തൊഴില്‍ സാഹചര്യങ്ങളിലും അവരുടെ അടിസ്ഥാന ആവശ്യങ്ങളിലും ശ്രദ്ധ ലഭിക്കാത്ത അവസ്ഥ ഉണ്ടായി.
തൊഴിലാളി സംഘടനകളുടെ ആവശ്യങ്ങള്‍ക്കും സമ്മർദങ്ങള്‍ക്കും ഒടുവില്‍ ഫോര്‍ഡിന് വഴങ്ങേണ്ടിവന്നു. അമേരിക്കയിലെ ലേബര്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതില്‍ ഫോര്‍ഡ് നേരിട്ട് ഇടപെട്ടിരുന്നു. ഫോര്‍ഡ് ഒരു മാതൃകയായിരുന്നു. ഇത് മറ്റ് അമേരിക്കന്‍ കമ്പനികളും പിന്തുടരാന് തുടങ്ങി. അതുകൊണ്ടുതന്നെ ഫോര്‍ഡ് അമേരിക്കന്‍ വ്യവസായ ലോകത്തെ ആകെ സ്വാധീനിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഇടപെടല്‍ കാര്‍ നിർമാണത്തില്‍ മാത്രം ഒതുങ്ങിയില്ല. കാറുകളുടെ ഉൽപാദനം കൂടുതല്‍ നല്ല റോഡുകള്‍ നിർമിക്കാന്‍ ഗവണ്മെന്റിനെ പ്രേരിപ്പിച്ചു. വാഹനങ്ങളില്‍ കേന്ദ്രീകൃതമായ ഒരു സമൂഹത്തെ നിർമിക്കുന്നതിലും നഗരാസൂത്രണത്തിലും തുടങ്ങി അമേരിക്കയുടെ ഭൂവിനിയോഗ പ്രത്യേകതകളില്പോലും സ്വാധീനം ചെലുത്താന്‍ ഫോര്‍ഡിനായി. ഒരു വ്യവസായി ഭരണസിരകളില്‍ അദ്ദേഹത്തിന്റെ നേട്ടങ്ങള്ക്കാവശ്യമായ മാറ്റങ്ങള്‍ കുത്തിവെക്കുകയായിരുന്നു.
20ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ ലോക കമ്പ്യൂട്ടര്‍ വ്യവസായത്തില്‍ നിര്‍ണായക ശക്തിയായി മാറിയ വ്യക്തിയാണ് മൈക്രോസോഫ്റ്റ് കമ്പനിയുടെ സഹസ്ഥാപകനായ ബില്‍ ഗേറ്റ്സ്. ബില്‍ ഗേറ്റ്സും പോള്‍ അലനും ചേര്‍ന്ന് സ്ഥാപിച്ച മൈക്രോസോഫ്റ്റ് വ്യക്തികള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തില്‍ ചെലവ് കുറഞ്ഞ ഓപറേറ്റിങ് സിസ്റ്റവും അനുബന്ധ സോഫ്റ്റ്വെയറുകളും പുറത്തിറക്കി. ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ വ്യാജപതിപ്പുകളുടെ രൂപത്തില്‍ അവ അതിവേഗം കമ്പ്യൂട്ടര്‍ ഉപഭോക്താക്കളിലെത്തി. സാവധാനം ലോകത്ത് പേഴ്സനല്‍ കമ്പ്യൂട്ടറുകളില്‍ ഏറെ സ്വീകാര്യമായ ഓപറേറ്റിങ് സിസ്റ്റമായി മൈക്രോസോഫ്റ്റ് മാറി. കമ്പ്യൂട്ടറുകളെ വ്യക്തികള്‍ക്ക് ഉപയോഗിക്കാവന്ന തരത്തില്‍ വികേന്ദ്രീകരണം നടത്തിയ മൈക്രോസോഫ്റ്റ് മറ്റൊരു തരത്തില്‍ അധികാര കേന്ദ്രീകരണം നടത്തുന്നുണ്ടായിരുന്നു. മൈക്രോസോഫ്റ്റ് കമ്പനി ഓപറേറ്റിങ് സിസ്റ്റത്തോടൊപ്പം അനുബന്ധ സോഫ്റ്റ്വെയറുകള്‍കൂടി വിതരണം ചെയ്തുതുടങ്ങി.
മാത്രമല്ല മറ്റ് സോഫ്റ്റ്വെയര് നിർമാതാക്കള്‍ക്ക് മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസില്‍ പ്രവർത്തിക്കാന്‍ അനുവദിക്കാത്ത നയം രൂപപ്പെടുത്തി. അക്കാലത്ത് ഏറെ പ്രചാരത്തിലുണ്ടായിരുന്ന നെറ്റസ്കേപ് നാവിഗേറ്റര്‍ എന്ന ബ്രൗസര്‍ മറ്റൊരു കമ്പനിയുടെ ഉൽപന്നമായിരുന്നു. എന്നാല്‍, വിന്‍ഡോസിനോടൊപ്പം വിന്‍ഡോസ് എക്സ്പ്ലോറര്കൂടി സൗജന്യമായി നല്കി വിന്‍ഡോസ് നാവിഗേറ്ററിന്റെ വളര്‍ച്ചക്ക് വിലങ്ങിട്ടു. ഇത് മൈക്രോസോഫ്റ്റ് സോഫ്റ്റ്വെയര് രംഗത്ത് ഏകാധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ തുടക്കമായിരുന്നു. ഇത് വിപണിയില്‍ സ്വതന്ത്ര മത്സരം ഉറപ്പാക്കുകയും കുത്തക ഒഴിവാക്കുകയും ചെയ്യുന്ന അമേരിക്കന്‍ വ്യവസായ നയങ്ങള്‍ക്ക് വിരുദ്ധമായിരുന്നു. ഇതിനെ മുന്‍നിര്‍ത്തി 1998ല്‍ യു.എസ് ഗവണ്മെന്റും മൈക്രോസോഫ്റ്റ് കമ്പനിയും തമ്മില്‍ നിയമയുദ്ധം ആരംഭിച്ചു. ഒടുവില്‍ കോടതിവിധി പ്രകാരം മറ്റ് കമ്പനികള്‍ക്ക് സോഫ്റ്റ്വെയറുകള് പ്രവര്‍ത്തിക്കാന്‍ സാധിക്കുംവിധം വിന്‍ഡോസില്‍ സൗകര്യമുണ്ടാക്കാന്‍ മൈക്രോസോഫ്റ്റ് നിര്‍ബന്ധിതരായി.
ഈ സംഭവം വ്യവസായരംഗത്തെ കുത്തകവത്കരണത്തിന്റെ മാത്രം കാര്യമല്ല. അറിവ് കുത്തകവത്കരിക്കുകയും ഏതാനും ചില കമ്പനികള്‍ക്ക് മാത്രമേ അത് ഉപയോഗിച്ച് ഗവേഷണവും കച്ചവടവും നടത്താന്‍ സാധിക്കുകയുള്ളൂ എന്ന അവസ്ഥയും വരുന്നു. ഇത് ഫലത്തില്‍ അറിവിന്റെ കുത്തകവത്കരണം തന്നെയാണ്. സോഫ്റ്റ്വെയറുകള് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് പുറത്തുനിന്ന് ഒരാള്‍ക്ക് വിലയിരുത്താന്‍ സാധിക്കാത്ത അവസ്ഥ സ്ഥിതി ഗുരുതരമാക്കുന്നു. മൈക്രോസോഫ്റ്റ് മാത്രമല്ല, മറ്റ് കമ്പനികളുടെ ഉൽപന്നങ്ങളിലും നമുക്ക് ഭാഗികമായ അറിവ് മാത്രമേയുള്ളൂ എന്നതാണ് യാഥാർഥ്യം.
ഓരോ സോഫ്റ്റ്വെയറും യഥാർഥത്തില്‍ എന്തൊക്കെയാണ് ചെയ്യുന്നത് എന്ന് നമുക്ക് ഇപ്പോഴും അജ്ഞാതമാണ്. ഈ സാധ്യത ഉപയോഗിച്ച് മൈക്രോസോഫ്റ്റ് കുത്തകവത്കരണം നടത്തുകയും ലോകമാര്‍ക്കറ്റിലെ അനിഷേധ്യ ശക്തിയായി മാറുകയും ചെയ്തു. ഫലത്തില്‍ അറിവിന്റെ സ്വാഭാവികമായ കൈമാറ്റത്തിന് മൈക്രോസോഫ്റ്റിന്റെ നയങ്ങള്‍ വിഘാതമാണ്. സ്വതന്ത്ര സോഫ്റ്റ്വെയര് പ്രസ്ഥാനം ഈ കുത്തകവത്കരണത്തിന് എതിരെയുള്ള ശക്തമായ സാന്നിധ്യമാണ്. അത് വളരെ ഫലപ്രദമായി അറിവിന്റെ ജനാധിപത്യവത്കരണത്തിനു കുത്തകവത്കരണം ഒഴിവാക്കുന്നതിനും ശ്രമിക്കുന്നുണ്ട്. എങ്കിലും മൈക്രോസോഫ്റ്റ് പോലുള്ള ഭീമന്മാര് അത്ര സുതാര്യമായല്ല പ്രവര്‍ത്തിക്കുന്നതെന്ന് പൊതുവില്‍ വിലയിരുത്തുന്നു.
മുകളില്‍ സൂചിപ്പിച്ച ഉദാഹരണങ്ങളെല്ലാം വിശാല അർഥത്തില്‍ ജനാധിപത്യത്തെയും ഭരണസംവിധാനങ്ങളെയും സ്വാധീനിക്കുന്നുണ്ടെങ്കിലും പ്രത്യക്ഷത്തില്‍ ഈ പ്രക്രിയകളില്‍ ഇടപെടുന്നില്ല. വ്യവസായം അതിന്റെ വളര്‍ച്ചക്കായി ജനാധിപത്യത്തിലും മനുഷ്യരുടെ സ്വാതന്ത്ര്യത്തിലും ഇടപെടുക മാത്രമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. എന്നാല്‍, ഫേസ്ബുക്ക് ഉടമ (ഇപ്പോള്‍ മെറ്റ) മാര്‍ക്ക് സക്കര്ബര്ഗിലെത്തുമ്പോള് കാര്യങ്ങള്‍ കുറെക്കൂടി വ്യത്യസ്തമാണ്. ഫേസ്ബുക്ക് എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ കോടിക്കണക്കിന് അംഗങ്ങളുണ്ട്. ഇവര്‍ അവരുടെ വ്യക്തിപരമായ കാര്യങ്ങളും ചുറ്റുപാടുകളെപ്പറ്റിയും അതത് സമയം പോസ്റ്റ് ചെയ്യുന്നു.
ഫേസ്ബുക്ക് ഓരോ ഉപഭോക്താവിനെ സംബന്ധിച്ച് സാധ്യമായ വിവരങ്ങള്‍ നേടിയെടുക്കുന്നു. അതില്‍ അവരുടെ വ്യക്തിതാൽപര്യങ്ങള് മുതല്‍ സ്വഭാവവിശകലനം വരെ പഠനവിധേയമാക്കുകയും അവരുടെ താൽപര്യങ്ങള്ക്കനുസരിച്ചുള്ള പോസ്റ്റുകള്‍ അവര്‍ക്ക് ലഭ്യമാക്കുകയും ചെയ്യുന്നു. ഉപഭോക്താക്കളെ കൂടുതല്‍ സമയം ഫേസ്ബുക്കില്‍ ചെലവഴിക്കാന്‍ നിര്‍ബന്ധിക്കുന്നതോടൊപ്പം അവരുടെ ഇഷ്ടാനിഷ്ടങ്ങളെ സ്വാധീനിക്കുന്ന പരസ്യങ്ങളും മറ്റും നല്കി ഉപഭോക്താവിനെ ഒരു ഉൽപന്നമാക്കി മാറ്റുന്നു. ഇത് ഒരു സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമിന്റെ പരിധിക്കുള്ളില്‍ നില്‍ക്കുന്നതിന് പകരം രാഷ്ട്രീയവും സാമൂഹികവുമായ മേഖലകളില്‍ സ്വാധീനം ചെലുത്താന്‍ തുടങ്ങിയതോടെ ജനാധിപത്യ പ്രക്രിയക്ക് തടസ്സം നില്ക്കാന് തുടങ്ങി.
2016ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ വീക്ഷണങ്ങളെ സ്വാധീനിക്കത്തക്ക വിധം ഫേസ്ബുക്ക് ഇടപെട്ടു എന്നതാണ് പ്രധാനമായും ഉയര്‍ന്നുവന്ന ആരോപണങ്ങളിലൊന്ന്. അന്നത്തെ പ്രസിഡന്റ് സ്ഥാനാർഥി ഡോണള്‍ഡ് ട്രംപിന് പ്രയോജനപ്രദമാം വിധം ഫേസ്ബുക്ക് പ്രവര്‍ത്തിച്ചു എന്നാണ് ആരോപണം. ട്രംപിന്റെ ഡിജിറ്റല്‍ ഡയറക്ടര്‍ ബ്രാഡ് പാര്‍സ്കെയില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനല്ല പകരം തെരഞ്ഞെടുപ്പ് കാമ്പയിന് ഫണ്ട് ശേഖരിക്കാനും ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്ക് ട്രംപ് അനുകൂല പരസ്യങ്ങള്‍ നല്‍കിയുമാണ് വിജയം ഉറപ്പാക്കിയത് എന്ന് അഭിപ്രായപ്പെട്ടിരുന്നു.
ബ്രോക്സിറ്റ് ജനഹിതപരിശോധനയില്‍ പൊതു കാഴ്ചപ്പാട് രൂപവത്കരിക്കുന്നതിലും ഫേസ്ബുക്ക് പരസ്യങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നു. ഈ രണ്ട് സന്ദര്‍ഭങ്ങളിലും ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരം അവരുടെ സമ്മതമില്ലാതെ കേംബ്രിജ് അനലറ്റിക്ക എന്ന രാഷ്ട്രീയ ഉപദേശക കമ്പനിക്ക് ലഭ്യമാക്കിയിട്ടുണ്ട് എന്ന് കമ്പനിയിലെ ചില ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു. ഉപഭോക്താക്കളുടെ രാഷ്ട്രീയ ചായ്വ് മനസ്സിലാക്കി ഫേസ്ബുക്കിന്റെ താൽപര്യത്തിന് അനുസരിച്ച് അത് ഊട്ടിയുറപ്പിക്കാനോ സംശയിപ്പിക്കാനോ ഉതകുന്ന പോസ്റ്റുകള്‍ ആളുകളിലെത്തിക്കുക എന്നതാണ് ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ചെയ്യുന്നത്. അതില്‍ വ്യാജവാര്‍ത്തകളോ വസ്തുതാവിരുദ്ധമായ കാര്യങ്ങളോ ഉള്‍പ്പെട്ടേക്കാം. ഇത് വളരെ സങ്കീർണമായ ഒരു പ്രശ്നമാണ്.
മ്യാന്മര് കലാപത്തില്‍ ഫേസ്ബുക്ക് വംശീയ കലാപത്തെ തീവ്രമാക്കും വിധം വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കാന്‍ സഹായിച്ചു എന്ന് പരാതിയുയര്‍ന്നിരുന്നു. ആളുകളെ ഫേസ്ബുക്കില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ കാരണമാകുന്ന, അത് കലാപം തീവ്രമാക്കുമെങ്കില്പോലും, എന്തും ആളുകളിലെത്തിക്കുന്നതാണ് ഇതിന്റെ അൽഗോരിതം എന്ന് കമ്പനി വിശദീകരിക്കുകയുണ്ടായി. മാത്രമല്ല ആളുകളുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിന് അതില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന കാര്യങ്ങള്‍ ഒരു വിധത്തിലും നിയന്ത്രിക്കില്ല എന്ന് സക്കര്‍ബര്‍ഗ് പ്രസ്താവിച്ചിരുന്നു. എന്നാല്‍, പോസ്റ്റുകള്‍ ആളുകളില്‍ എത്തിക്കുമ്പോള്‍ ഈ സുതാര്യതയില്ലെന്നും ഫേസ്ബുക്ക് താൽപര്യത്തിനനുസരിച്ച് കാര്യങ്ങള്‍ നിയന്ത്രിക്കപ്പെടുന്നു എന്നുമാണ് പൊതു വിലയിരുത്തല്‍. ഫേസ്ബുക്കിന്റെ പ്രശ്നം എല്ലാ സോഷ്യല്‍മീഡിയക്കും ബാധകമാണ്. എങ്കിലും ആഗോള ഭീമന്മാരുടെ സ്വാധീനം ലോകത്തിലെ ഏത് കോണിലും പ്രതിസന്ധി സൃഷ്ടിക്കാം എന്ന അവസ്ഥയിലെത്തിച്ചിരിക്കുന്നു. സാങ്കേതികവിദ്യ വളരുന്തോറും അത് മനുഷ്യന്റെ അടിസ്ഥാന ജീവിതക്രമത്തിലേക്ക് നേരിട്ട് ഇടപെടുന്ന അവസ്ഥ സംജാതമായിരിക്കുന്നു.
ഹെൻ റി ഫോർഡ്
സാങ്കേതികവിദ്യ കൈയാളുന്നവരില്‍ ഏറ്റവും ശക്തമായ മറ്റൊരു സാന്നിധ്യം ഇലോണ്‍ മസ്കിന്റേതാണ്. സക്കര്ബര്ഗിനെപ്പറ്റി പറഞ്ഞതില്‍നിന്ന് ഒരു പടികൂടി മുന്നിലാണ് ഇലോണ്‍ മസ്കിന്റെ ഇടപെടല്‍. ഹെൻറി ഫോര്‍ഡ് വ്യവസായപ്രക്രിയയില് സ്വാധീനിച്ചതും ബില്‍ ഗേറ്റ്സ് അമേരിക്കന്‍ വ്യവസായ നിയമങ്ങളുടെ പരിധികള്‍ പ്രത്യക്ഷമായും പരോക്ഷമായും ലംഘിക്കുന്നതും സക്കര്‍ബര്‍ഗ് സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോം വഴി ജനങ്ങളുടെ സ്വതന്ത്രചിന്തയെ സ്വന്തം താൽപര്യങ്ങള്ക്ക് വ്യതിചലിപ്പിക്കുന്നതിന്റെയും ഒരു സമ്മിശ്ര രൂപമാണ് ഇലോണ്‍ മസ്കിന്റേത്. സാങ്കേതികവിദ്യകളുടെ വളര്‍ച്ചയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സംഭവിക്കുന്നതിന് ഭ്രാന്തമായി ജോലി ചെയ്തുകൊണ്ടിരിക്കുന്നയാളാണ് ഇദ്ദേഹം.
ആംഗ്ലോ ആഫ്രിക്കന്‍ വംശജനായ പിതാവ് ഇറോള്‍ മസ്കിന്റെയും കാനഡക്കാരിയായ മയെ മസ്കിന്റെയും മകനാണ് ഇലോണ്‍ മസ്ക്. വലിയ കെട്ടിടങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ട ബിസിനസുകാരനായ ഇറോള്‍ വളരെ കര്‍ക്കശക്കാരനായിരുന്നു. അതിനാല്‍ ഇലോണ്‍ മസ്കും പിതാവുമായുള്ള ബന്ധം വളരെ സങ്കീർണവുമായിരുന്നു. അമ്മയുടെ പിതാവ് ബ്രിട്ടീഷുകാരനായിരുന്നു. ചുരുക്കത്തില്‍ ബ്രിട്ടീഷ്, ആഫ്രിക്ക, കാനഡ സംസ്കാരങ്ങളുമായി ഇടകലര്‍ന്ന ജീവിതമാണ് മസ്കിന്റേത്.
ചെറുപ്പത്തിലേ കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയോടും സംരംഭങ്ങളോടും ഒരുപോലെ താൽപര്യം കാണിച്ചിരുന്ന മസ്ക്, പന്ത്രണ്ടാം വയസ്സില്‍ ഒരു വിഡിയോ ഗെയിം നിർമിച്ച് ഒരു കമ്പ്യൂട്ടര്‍ മാഗസിന് വിറ്റു. സ്കൂള്‍ വിദ്യാഭ്യാസം ദക്ഷിണാഫ്രിക്കയിലായിരുന്നെങ്കിലും തന്റെ സ്വപ്നങ്ങള്‍ യാഥാർഥ്യമാകാന്‍ അമേരിക്കയാണ് നല്ലത് എന്ന് മസ്ക് തിരിച്ചറിഞ്ഞിരുന്നു. മാത്രമല്ല ദക്ഷിണാഫ്രിക്കയിലെ നിര്‍ബന്ധിത സൈനിക സേവനം ഭയന്ന് ആഫ്രിക്ക വിട്ട അദ്ദേഹം കാനഡയിലെ ക്വീന്‍സ് യൂനിവേഴ്സിറ്റിയിലും തുടര്‍ന്ന് യു.എസിലെ പെന്‍സൽവേനിയ യൂനിവേഴ്സിറ്റിയിലും പഠിച്ചു. അവിടെ െവച്ച് ഭൗതികശാസ്ത്രത്തിലും സാമ്പത്തികശാസ്ത്രത്തിലും ഡിഗ്രി സമ്പാദിച്ചു.
തുടര്‍ന്ന് സ്റ്റാന്‍ഫഡ് യൂനിവേഴ്സിറ്റിയില്‍ ഭൗതികശാസ്ത്രം പഠിച്ചുകൊണ്ടിരിക്കെ ഇന്റര്‍നെറ്റിലെ വ്യവസായ സാധ്യതകളില്‍ ആകൃഷ്ടനായി മസ്ക് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് സിപ്-2 (Zip2) എന്ന കമ്പനി സ്ഥാപിച്ചു. ഓണ്‍ലൈന്‍ പത്രങ്ങള്‍ക്ക് മാപ്പുകളും ബിസിനസ് ഡയറക്ടറികളും നല്കലായിരുന്നു ഈ കമ്പനിയുടെ ബിസിനസ്. കോംപാക് കമ്പനി ഇതിനെ വിലയ്ക്ക് വാങ്ങി. തുടര്‍ന്ന് മസ്ക് X.com എന്ന കമ്പനി ആരംഭിച്ചു. ഇതാണ് പിന്നീട് പണം കൈമാറ്റംചെയ്യുന്ന പേ പാല് (PayPal) കമ്പനിയായി മാറിയത്.
ഇതിന്റെ വിൽപനയിലൂടെ നേടിയ തുക ഉപയോഗിച്ച് അദ്ദേഹം സ്പേസ് എക്സ് ( SpaceX) എന്ന സ്ഥാപനം ആരംഭിച്ചു. മനുഷ്യജീവന്റെ തുടര്നിലനില്പ് പല ഗ്രഹങ്ങളിലായിരിക്കും എന്ന ആശയം വളരെക്കാലമായി മസ്കിനെ ഗ്രസിച്ചിരുന്നു. അതിന്റെ സാധ്യതകള്‍ക്ക് ഇപ്പോള്‍ ഗവണ്മെന്റ് ഫണ്ടിങ്ങില്‍ നടക്കുന്ന നാസപോലുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവേഗം അപര്യാപ്തമാണ് എന്നും മസ്ക് വിശ്വസിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്പേസ് എക്സിന്റെ പ്രവര്‍ത്തന രീതി ക്രമപ്പെടുത്തിയത്.
മൈക്രോസോഫ്റ്റ് ചെയർമാൻ ബിൽഗേറ്റ്സും ഇലോൺ മസ്കും
സമർഥരായ എൻജിനീയര്‍മാരെ കണ്ടെത്തി പരമാവധി വേഗത്തില്‍ ലക്ഷ്യത്തിലെത്തുക എന്നതായിരുന്നു സ്പേസ് എക്സിന്റെ രീതി. ഇതിന്റെ ഫാല്‍ക്കണ്‍ സീരീസിലുള്ള വിക്ഷേപണ റോക്കറ്റുകള്‍ 2006 മുതല്‍ ബഹിരാകാശത്തേക്ക് സഞ്ചരിച്ചുതുടങ്ങി. മറ്റ് സ്ഥാപനങ്ങള്‍ക്ക് സാധ്യമാകാത്ത തരത്തില്‍ ഭാരം കൂടിയ സാറ്റലൈറ്റുകളെ ഭ്രമണപഥത്തിലെത്തിക്കാന്‍ മസ്കിന് സാധിച്ചു. ഏഴ് യാത്രികരുമായി ഇന്റര്‍നാഷനല്‍ സ്പേസ് സ്റ്റേഷനിലേക്ക് സഞ്ചരിച്ച ഡ്രാഗണ്‍ അദ്ദേഹത്തിന്റെ മറ്റൊരു വിജയമായിരുന്നു. ഇന്റര്‍നെറ്റ് സേവനം നല്‍കുന്നതിനായി സ്പേസ് എക്സ് ആറായിരത്തോളം സാറ്റലൈറ്റുകളെ വിക്ഷേപിച്ച് സ്റ്റാര്‍ലിങ്ക് എന്ന നെറ്റ്വര്‍ക്ക് ഭൂമിക്ക് മുകളില്‍ വിന്യസിച്ചിരിക്കുന്നു. ഏതാണ്ട് 40 ലക്ഷത്തോളം ഉപഭോക്താക്കളാണ് സ്റ്റാര്‍ലിങ്കിന് ഇപ്പോഴുള്ളത്. സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിനായി ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു.
ഇലക്ട്രിക് കാർ ഭാവിയുടെ വാഹനമാണ് എന്ന് ഇലോണ്‍ മസ്ക് വിശ്വസിച്ചിരുന്നു. 2004ല്‍ അദ്ദേഹം ടെസ്ല മോട്ടോര്‍സ് എന്ന കമ്പനി സ്ഥാപിക്കുന്നതില്‍ പങ്കാളിയായി. പിന്നീട് കമ്പനിയുടെ പേര് ടെസ്ല (Tesla) എന്നാക്കി ചുരുക്കി. ടെസ്ല 2006ല്‍ ഒറ്റ ചാര്‍ജിങ്ങില്‍ 394 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്ന കാര്‍ നിർമിച്ചു. പിന്നീട് കമ്പനി കാര്യക്ഷമതയുള്ളതും ചെലവ് കുറഞ്ഞതുമായി പല മോഡലുകള്‍ രംഗത്തിറക്കി. 2017ല്‍ ടെസ്ല പുറത്തിറക്കിയ മോഡല്‍ -3 ഏറ്റവും വിൽപനയുള്ള ഇലക്ട്രിക് കാറായിരുന്നു. കാർ മോഡലുകളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിലും വിപണന തന്ത്രങ്ങളിലും മസ്ക് നവീനമായ രീതികള്‍ ആവിഷ്കരിച്ചുകൊണ്ടിരുന്നു.
മസ്കിന്റെ ഇടപെടലുകളുടെ ഏറ്റവും വലിയ ചുവടുവെപ്പായിരുന്നു ട്വിറ്ററിന്റെ ഏറ്റെടുക്കല്‍. എട്ടര കോടി ഉപഭോക്താക്കളുള്ള ട്വിറ്ററിന്റെ ഏറ്റെടുക്കല്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ച് രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെടാന്‍ മസ്കിനെ സഹായിച്ചു. കമ്പനി ഏറ്റെടുത്ത ഉടനെ മസ്ക് അതിലെ പകുതിയോളം ജീവനക്കാരെ പിരിച്ചുവിട്ടു. കമ്പനിയുടെ പേര് എക്സ് എന്നാക്കി മാറ്റി. ട്വിറ്ററിന്റെ പ്രവര്‍ത്തനം ഉപഭോക്താക്കള്‍ക്ക് പരിശോധിക്കാനാവും വിധം പ്രവര്‍ത്തിപ്പിക്കാന്‍ അതിന്റെ അല്‍ഗോരിതം ഓപണ്‍ സോഴ്സ് ആക്കി മാറ്റുമെന്ന് മസ്ക് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അദ്ദേഹം പിന്നീട് ആ പ്രസ്താവനയില്‍നിന്ന് പിന്‍വാങ്ങി. മാത്രമല്ല മുമ്പെങ്ങുമില്ലാത്ത വിധം എക്സ് രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയുംചെയ്തു. 2024ല്‍ ഡോണള്‍ഡ് ട്രംപിനെ അനുകൂലിച്ച് അദ്ദേഹം നേരിട്ട് രംഗത്തിറങ്ങി. മാത്രമല്ല, തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിനുവേണ്ടി ഏറ്റവും കൂടുതല്‍ പണം മുടക്കിയത് മസ്ക് ആയിരുന്നു.
സാങ്കേതികവിദ്യയെ അതിവേഗത്തില്‍ വളര്‍ത്തിയെടുക്കുന്നതിനായി മസ്ക് പിന്തുടരുന്ന രീതികളില്‍ പലതും മനുഷ്യത്വരഹിതമാണെന്ന ആരോപണം ശക്തമാണ്. ആവശ്യത്തില്‍ കുറവ് ജോലിക്കാരെ തുടര്‍ച്ചയായി പന്ത്രണ്ടും പതിനാലും മണിക്കൂര്‍ ജോലി ചെയ്യിക്കുകയും ആവശ്യം കഴിയുന്നതോടെ അവരെ പിരിച്ചുവിടുകയും ചെയ്യുന്നതാണ് മസ്കിന്റെ രീതി. സ്പേസ് എക്സിനെ സംബന്ധിച്ച് റോയിട്ടേഴ്സ് പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോര്‍ട്ടില്‍ ജീവനക്കാര്‍ ആഴ്ചയില്‍ 80 മണിക്കൂറിലധികം ജോലിചെയ്യേണ്ടി വരുന്നുണ്ട് എന്ന് പറയുന്നുണ്ട്. സ്പേസ് എക്സിന്റെ മെക്സികോയിലെ ഒരു വെല്‍ഡിങ് സ്റ്റേഷനില്‍ ജോലിക്കാര്‍ തുടര്‍ച്ചയായി 12 മണിക്കൂര്‍ വെല്‍ഡിങ് ജോലികള്‍ ചെയ്യേണ്ടി വരുന്നു.
37 ഡിഗ്രിയിലധികം ചൂടില്‍ വേണം ഈ ജോലിചെയ്യാന്‍. മാത്രമല്ല, വെല്‍ഡിങ്ങിന്റെ ഭാഗമായി പുറത്തുവരുന്ന വാതകങ്ങളും പൊടിയും കാന്‍സറിന് കാരണമായേക്കാമെന്നും വിലയിരുത്തുന്നു. എന്നാല്‍, വേണ്ടത്ര സുരക്ഷിതത്വമോ മുന്‍കരുതലുകളോ കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. വേണ്ടത്ര പരിശീലനം നല്‍കാതെ വെല്‍ഡിങ് ജോലികള്‍ ചെയ്യുന്ന, കോളജില്‍നിന്ന് പുറത്തുവന്ന പുതുജോലിക്കാര്ക്ക് അപകടങ്ങള്‍ ഉണ്ടാകുന്നതും കമ്പനി പരിഗണിക്കുന്നില്ല. മോശം ജോലി അന്തരീക്ഷത്തിലെ അപകടങ്ങളുടെ ഭാഗമായി പൂർണമായും അന്ധത സംഭവിച്ച ജീവനക്കാര്‍ വരെയുണ്ടെന്ന് സൂപ്പര്‍വൈസര്‍മാര്‍ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തിയിരിക്കുന്നു. ഈ സുദീര്‍ഘ പഠനത്തില്‍ സീനിയര്‍ മാനേജര്‍മാരുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും അവസ്ഥ വ്യത്യസ്തമല്ല എന്ന സൂചിപ്പിക്കുന്നു.
മസ്കിനെപ്പോലെയുള്ളവരുടെ വിജയത്തിന് പിന്നിലുള്ള ജോലി-അന്തരീക്ഷവും ജീവനക്കാരോടുള്ള സമീപനങ്ങളും ആഗോളമാതൃകകള്‍ ആകാന്‍ പാടില്ല. കഴിഞ്ഞ നവംബറില്‍ ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തി ഇന്ത്യയുടെ വികസനത്തിന് ജോലിക്കാര്‍ ദിവസേന 14 മണിക്കൂറെങ്കിലും ജോലിചെയ്യുന്ന രീതി കൊണ്ടുവരണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. താന്‍ അങ്ങനെ ജോലിചെയ്തിരുന്നു എന്ന് അദ്ദേഹം അവകാശപ്പെടുന്നു. ഇത്തരം അഭിപ്രായങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നത് സ്പേസ് എക്സുപോലുള്ള കമ്പനികള്‍ പിന്തുടരുന്ന മാതൃകകളാണ്.
ഏറെ ജനസമ്മതിയുണ്ടായിരുന്ന സ്വതന്ത്ര സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോം മസ്ക് ഏറ്റെടുത്തതോടെ അത് സാമ്പത്തികപ്രേരിതമായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതിന്റെ ആദ്യപടിയായിരുന്നു ബ്ലൂ ടിക് വിൽപന. ഉപഭോക്താക്കളുടെ അക്കൗണ്ടുകളുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്ന ഒന്നായിരുന്നു ബ്ലൂ ടിക്. അത് അക്കൗണ്ട് ഉപയോഗിക്കുന്ന വ്യക്തികളുടെ ആധികാരികതയും പോസ്റ്റുകളുടെ രീതിയും മറ്റും വിലയിരുത്തി ട്വിറ്റര്‍ നല്കുന്ന വിലപ്പെട്ട ഒന്നായിരുന്നു. എന്നാല്‍ മസ്ക് ഏറ്റെടുത്തതോടെ ബ്ലൂ ടിക് പണം കൊടുത്ത് വാങ്ങാവുന്ന ഒന്നായി മാറി. ട്വിറ്റര്‍ എക്സ് ആയി മാറിയതോടെ അതിന്റെ അല്‍ഗോരിതം കാര്യമായ തിരുത്തലുകള്‍ക്ക് വിധേയമായി. രണ്ടാഴ്ച മുമ്പ് പ്രശസ്ത ബ്രിട്ടീഷ് പത്രം ഗാര്ഡിയന് എക്സ് വിഷലിപ്തമായ ഒരു മീഡിയ പ്ലാറ്റ്ഫോമായതിനാല്‍ അതില്‍ വിവരങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നു.
രാഷ്ട്രീയ ചര്‍ച്ചകളെ ഇലോണ്‍ മസ്കിന്റെ താൽപര്യങ്ങള്ക്ക് അനുസരിച്ച് രൂപപ്പെടുത്തുന്ന ഒരു പ്ലാറ്റ്ഫോമായി എക്സ് മാറിയിരിക്കുന്നു എന്ന് ഗാര്ഡിയന് വിലയിരുത്തുന്നു. ട്രംപിന്റെ ഭരണനയങ്ങള്‍ക്ക് നേരിട്ട് പിന്തുണ നല്കുന്ന മസ്ക്, തന്റെ ആശയങ്ങളെ പ്രചരിപ്പിക്കാനുള്ള പ്ലാറ്റ്ഫോമാക്കി എക്സിനെ മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് പൊതുവില്‍ നിരീക്ഷണങ്ങളുണ്ട്. ഇലോൺ മസ്ക് തീവ്ര വലതുപക്ഷ ആശയങ്ങളുടെ വക്താവായാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. വലതുപക്ഷ ആശയക്കാരായ ഒരുകൂട്ടം ആളുകളുടെ പ്രചാരണയന്ത്രമായി എക്സ് മാറിക്കൊണ്ടിരിക്കുകയാണെന്ന് ദിനംപ്രതി വരുന്ന വാര്‍ത്തകളില്‍നിന്ന് വ്യക്തമാണ്. ചര്‍ച്ചകളും സംവാദങ്ങളും രൂപപ്പെടേണ്ട സോഷ്യല്‍മീഡിയകള്‍ സാവധാനം പ്രചാരണ ആയുധങ്ങളായി മാറിക്കൊണ്ടിരിക്കുന്നതും ജനങ്ങളുടെ ആശയരൂപവത്കരണത്തില് നേരിട്ട് ഇടപെടുന്നതും ജനാധിപത്യത്തിന്റെ ഭാവിയെ ഇരുളിലാക്കും.
ലോകത്തെ പുതിയ പ്രകാശത്തിലേക്കും നമ്മുടെ ജീവിതത്തെ പഴയ തലമുറകളില്‍നിന്ന് കുറെക്കൂടി സൗകര്യപ്രദമാക്കുന്നതും ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും വളര്‍ച്ച കാരണമാണ്. എല്ലാ കാലത്തും ചില വിദഗ്ധര്‍ അത്ഭുതംപോലെ നമ്മോടൊപ്പം ജീവിക്കുകയും അവര്‍ മാനുഷികമൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുമെന്ന് നാം പ്രതീക്ഷിക്കുകയും ചെയ്യുന്നു. എന്നാല്‍, അതിന് മാനുഷികമൂല്യങ്ങളെ സാങ്കേതികവിദ്യ കവര്‍ന്നെടുക്കുന്നത് പലപ്പോഴും സാധാരണമായിക്കൊണ്ടിരിക്കുന്നു. സാങ്കേതികവിദ്യയുടെ വളര്‍ച്ചയെ തടഞ്ഞുനിര്‍ത്തുകയല്ല അതിനുള്ള പരിഹാരം. മറിച്ച്, മാനുഷികമൂല്യങ്ങളെപ്പറ്റിയുള്ള പുതിയ സംവാദങ്ങളും പ്രതിരോധങ്ങളും ഉയര്‍ത്തിക്കൊണ്ടുവരലാണ്. കാരണം സാങ്കേതികവിദ്യക്ക് വ്യതിചലിക്കുന്നയിടങ്ങളെ തിരിച്ചറിഞ്ഞ് ഗതിമാറ്റാന്‍ സാധിക്കുമെന്ന് അതിന്റെ പ്രയാണം എപ്പോഴും തെളിയിച്ചിട്ടുണ്ട്. അത്തരം പ്രതീക്ഷകള്‍ യാഥാർഥ്യമാകേണ്ടത് അനിവാര്യമാണ്.