ഭാവിയുടെ നീലാകാശങ്ങൾ

കോളജ് പഠനകാലത്ത് മലബാറിലെ ഒരു സാഹിത്യ ക്ലാസിൽവെച്ച് വിദ്യാർഥികളായ എഴുത്തുകാരോട് പ്രേമകഥകൾ എഴുതാൻ ആഹ്വാനംചെയ്ത എം.ടിയുടെ മുഖം ഇപ്പോഴും മനസ്സിലുണ്ട്. പിന്നീട് എപ്പോഴോ ഒരു ട്രെയിൻയാത്രയിൽ കണ്ടപ്പോൾ എം.ടി എന്നോട് സുഖാന്വേഷണം നടത്തി -ആത്മകഥയുടെ അവസാന ഭാഗം. 2024 ലെ ക്രിസ്മസ് അവധിക്ക് ഞാൻ പോകേണ്ടിയിരുന്നത് നൈനിതാളിന്റെ മഞ്ഞണിഞ്ഞ മലകളിലേക്കായിരുന്നു. ഡൽഹിയിലെ അന്തരീക്ഷത്തിൽ പടർന്ന ഖരമാലിന്യങ്ങളും പൊടിയും മറ്റും കാരണം യാത്ര മാറ്റി പോണ്ടിച്ചേരിയിലേക്കാക്കി. അരോവില്ലയുടെ ശാന്തമായ ലാളിത്യത്തിലിരുന്ന് ഈ ഓർമക്കുറിപ്പുകളുടെ ബാക്കിഭാഗമെഴുതുമ്പോൾ ശ്വാസകോശങ്ങളിലെന്നപോലെ മനസ്സിലും...
Your Subscription Supports Independent Journalism
View Plansകോളജ് പഠനകാലത്ത് മലബാറിലെ ഒരു സാഹിത്യ ക്ലാസിൽവെച്ച് വിദ്യാർഥികളായ എഴുത്തുകാരോട് പ്രേമകഥകൾ എഴുതാൻ ആഹ്വാനംചെയ്ത എം.ടിയുടെ മുഖം ഇപ്പോഴും മനസ്സിലുണ്ട്. പിന്നീട് എപ്പോഴോ ഒരു ട്രെയിൻയാത്രയിൽ കണ്ടപ്പോൾ എം.ടി എന്നോട് സുഖാന്വേഷണം നടത്തി -ആത്മകഥയുടെ അവസാന ഭാഗം.
2024 ലെ ക്രിസ്മസ് അവധിക്ക് ഞാൻ പോകേണ്ടിയിരുന്നത് നൈനിതാളിന്റെ മഞ്ഞണിഞ്ഞ മലകളിലേക്കായിരുന്നു. ഡൽഹിയിലെ അന്തരീക്ഷത്തിൽ പടർന്ന ഖരമാലിന്യങ്ങളും പൊടിയും മറ്റും കാരണം യാത്ര മാറ്റി പോണ്ടിച്ചേരിയിലേക്കാക്കി. അരോവില്ലയുടെ ശാന്തമായ ലാളിത്യത്തിലിരുന്ന് ഈ ഓർമക്കുറിപ്പുകളുടെ ബാക്കിഭാഗമെഴുതുമ്പോൾ ശ്വാസകോശങ്ങളിലെന്നപോലെ മനസ്സിലും ശുദ്ധവായു നിറഞ്ഞിരിക്കുന്നു. പോണ്ടിച്ചേരിയിൽനിന്ന് പിച്ചാവരത്തെ കണ്ടൽവനങ്ങളിലേക്കുള്ള യാത്രയുടെ ലക്ഷ്യം കണ്ടൽവനങ്ങൾ നൽകുന്ന ഓക്സിജൻതന്നെയായിരുന്നു. ഡൽഹിയുടെ നേരെ വിപരീതമായ അവസ്ഥ.
ഒരു മണിക്കൂർ കണ്ടൽവനങ്ങൾക്കിടയിലൂടെ നടത്തിയ ബോട്ട് യാത്രയിൽ തമിഴ്നാട്ടുകാരുടെ ശുദ്ധസ്നേഹംപോലെ പ്രകൃതിയുടെ നൈസർഗികതയും അനുഭവവേദ്യമായി. ലോകത്തെ രണ്ടാമത്തെ വലിയ കണ്ടൽവനമാണ് ചിദംബരത്തിനടുത്ത പിച്ചാവരം. ചിദംബര ക്ഷേത്രത്തിലും ദർശനം നടത്താനായി.
അതിനിടെ പോണ്ടിച്ചേരിയിൽനിന്നും ടാക്സി ഏർപ്പാടാക്കിയപ്പോൾ രാവിലെയെത്തിയ ഡ്രൈവറോട് പേരു ചോദിച്ചു. പേരുപറഞ്ഞ ഉടനെ ഞങ്ങൾക്ക് വേണ്ടി ഡ്രൈവ് ചെയ്യുന്നത് സ്വീകാര്യമാണോ എന്നദ്ദേഹം തിരിച്ചു ചോദിച്ചു. ആ ചോദ്യം വാസ്തവത്തിൽ എന്നെ വല്ലാതെ അസ്വസ്ഥനാക്കി. മുസ്ലിം പേരു കാരണമായിരുന്നു അദ്ദേഹം അങ്ങനെ ചോദിക്കുന്നതെന്ന് വ്യക്തമാക്കിത്തന്നതോടെ ഞാൻ തകർന്നുപോയി.
അത്തരത്തിൽ ഒരു ചിന്ത അദ്ദേഹത്തിനുണ്ടായതിന് ആരാണ് ഉത്തരവാദി? താരതമ്യേന മതേതരവീക്ഷണം പുലർത്തുന്ന സമൂഹങ്ങളിൽപോലും മതാന്ധതയുടെയും വിഭജനത്തിന്റെയും വിത്തുവിതച്ചത് ഏതുതരം നേതൃത്വമാണ്. അദ്ദേഹം ദിവസം മുഴുക്കെ ഞങ്ങൾക്കുവേണ്ടി കാർ ഡ്രൈവ് ചെയ്ത് അർഹിച്ച പ്രതിഫലം വാങ്ങുമ്പോൾ തോന്നേണ്ടുന്ന ആത്മാഭിമാനം അപകർഷബോധത്തിന് വഴിമാറിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം തീർച്ചയായും അദ്ദേഹത്തിനല്ല; മറ്റു പലർക്കുമാണ്.
ഈ മതങ്ങളുടെ വേലിക്കെട്ടുകൾക്കപ്പുറത്താണ് കാര്യങ്ങളെന്ന് അദ്ദേഹത്തെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും ബോധ്യപ്പെടുത്തിയപ്പോൾ ഷഹീൻഷാ എന്നെ സ്നേഹംകൊണ്ടും കരുതൽകൊണ്ടും ആശ്ലേഷിച്ചു. പോണ്ടിച്ചേരിയിൽ ‘ആസാദി കാ അമൃതമഹോത്സവ്’ എന്ന് രേഖപ്പെടുത്തിയ ചരിത്രസ്തൂപത്തിൽ ആയിരക്കണക്കിന് സ്വാതന്ത്ര്യസമര സേനാനികളുടെ സംസ്ഥാനം തിരിച്ചുള്ള പേരുകൾ ഫലകങ്ങളിൽ രേഖപ്പെടുത്തിയത് കണ്ടു.
കേരളത്തിൽനിന്നും അക്കമ്മ ചെറിയാനും കെ.എ. കേരളീയനും ടി.എൻ. വർഗീസും സുബ്രഹ്മണ്യൻ തിരുമുമ്പും വി.കെ. കൃഷ്ണമേനോനും വി.പി. അപ്പുക്കുട്ട പൊതുവാളും കെ.പി.ആർ. ഗോപാലനുമടക്കം മറ്റനേകം പേർക്കുമൊപ്പം വൈക്കം മുഹമ്മദ് ബഷീറിന്റെയും വക്കം മൗലവിയുടെയും മറ്റും പേരുകൾ രേഖപ്പെടുത്തിയ സ്തൂപത്തിന്റെ ചരിത്രപാഠത്തിനു മുന്നിൽ ഞാനും വിനയാന്വിതനായി. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള പേരുകളിലും കാണാം ഈ വൈവിധ്യം. തികച്ചും യാദൃച്ഛികമായി നടത്തിയ ഈ സ്തൂപ സന്ദർശനത്തിന്റെ പ്രൗഢസന്ദേശങ്ങളൊന്നും അറിയാതെ നഗരയാത്രയിൽവെച്ച് മുസ്ലിംകൾ പണികഴിപ്പിച്ച ഹൈന്ദവക്ഷേത്രത്തിന്റെ ശിൽപചാരുതയിലേക്ക് ഷഹീൻഷാ നിഷ്കളങ്കമായി വിരൽചൂണ്ടി.
മുമ്പ് കർണാടക ഹൈകോടതിയിൽ ഹിജാബ് നിരോധനത്തെ എതിർത്തുകൊണ്ട് ഞാൻ ഹാജരായ കാര്യം നേരത്തെ എഴുതിയിരുന്നുവല്ലോ. നിരോധനത്തെ ന്യായീകരിച്ചുകൊണ്ട് അന്നത്തെ കർണാടക സർക്കാറിനുവേണ്ടി അഭിഭാഷകർ നടത്തിയ വാദമുഖങ്ങൾ കേട്ടപ്പോഴും എനിക്ക് അസ്വസ്ഥതകൾ നിറഞ്ഞ അനുഭവങ്ങളാണുണ്ടായിരുന്നത്. വർഗീയത, വളച്ചൊടിച്ച നിയമങ്ങളിലൂടെ ഭരണഘടനയുടെ തന്നെ പൊയ്മുഖം ധരിച്ച് കോടതികൾക്കകത്തേക്ക് കയറിവന്നത് ഭീതി വിതക്കുന്ന ഒരു അനുഭവമായിരുന്നു.
ഒടുവിൽ ഹിജാബ് നിരോധനത്തെ കർണാടക ഹൈകോടതി ശരിെവച്ചു. പിന്നീട് സുപ്രീംകോടതിയിൽനിന്ന് രണ്ടംഗെബഞ്ചിലെ ന്യായാധിപർ വിരുദ്ധ വിധികളെഴുതി. തുടർന്ന് കർണാടകത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽവന്നതോടെ നിരോധനത്തിന്റെ തീക്ഷണതയില്ലാതെയായി. എന്നാൽ, ആരാധനാലയ നിയമം (1991) മുതൽ മതപരിവർത്തന നിരോധന നിയമങ്ങൾവരെയുള്ളവ സുപ്രീംകോടതിയിലും വിവിധ ഹൈകോടതികളിലും ചർച്ച ചെയ്യപ്പെടുമ്പോൾ വർഗീയതയും വിഭാഗീയതയും നിയമത്തിന്റെ തന്നെ പുറന്തോലിട്ടുകൊണ്ട് ഇനിയുമിനിയും നമ്മുടെ ഭരണഘടന കോടതികളിൽ വന്നുകൊണ്ടിരിക്കും. അവർക്കു മുന്നിൽ ആസാദിയുടെ ചരിത്രപുസ്തകങ്ങളും ഷഹീൻഷായുടെ നിഷ്കളങ്കമായ അറിവുകളും ഉയർന്നുനിന്നെങ്കിൽ!
* * *
സുപ്രീംകോടതിയിലെ പ്രാക്ടിസിനൊപ്പം എറണാകുളത്ത് ഹൈകോടതിയിലെ പ്രാക്ടിസും തുടർന്നുവന്നു. ഏറെയധികം അഭിഭാഷകർ അവലംബിക്കാത്ത രീതിയാണിത്. ഡൽഹി ഹൈകോടതിയിലും സുപ്രീംകോടതിയിലും ഒരുമിച്ച് പ്രാക്ടിസ് ചെയ്യുന്നതുപോലെയല്ല കേരള ഹൈകോടതിയിലും സുപ്രീംകോടതിയിലുമായി തൊഴിൽ മുന്നോട്ടുകൊണ്ടുപോവുക എന്നത്. എങ്കിലും ഈ ‘ഫെഡറൽ സമ്പ്രദായം’ എനിക്ക് ആസ്വാദ്യകരമായിരുന്നു.
ഇതു നൽകുക സവിശേഷമായ അനുഭവങ്ങളാണ്. ഹൈകോടതിയിൽ മുമ്പ് ഞാൻ ഹാജരായ കേസുകളിലെ ന്യായാധിപർ പിന്നീട് മറ്റ് കേസുകളിൽ സുപ്രീംകോടതിയിൽ എന്റെ സഹപ്രവർത്തകരായിത്തീർന്നു. ചില കേസുകളിൽ അവർക്കൊപ്പവും മറ്റു ചില കേസുകളിൽ അവർക്കെതിരെയും സുപ്രീംകോടതിയിൽ വാദിക്കാൻ കഴിഞ്ഞു. അതുപോലെ ഹൈകോടതിയിൽ ഹാജരായ കേസുകളുടെ തുടർച്ചയായി സുപ്രീംകോടതിയിൽ വാദിക്കാൻ കഴിയുന്നത് ഒരുതരം ഭാഗ്യമാണ്. അത് ജോലിയെ കുറേക്കൂടി അനായാസവും ഫലപ്രദവുമാക്കുന്നു.
* * *
തിക്താനുഭവങ്ങളില്ലാത്ത ഒരു തൊഴിൽ ജീവിതമായിരുന്നു എന്റേതെന്ന് ഈ ഓർമക്കുറിപ്പുകൾ ധ്വനിപ്പിച്ചിട്ടുണ്ടെങ്കിൽ ആ ധാരണ തിരുത്തുക. തിക്താനുഭവങ്ങളെക്കുറിച്ചും അവക്കു കാരണക്കാരായ മനുഷ്യരെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചും വലുതായി വിവരിക്കുന്നതിനെതിരെ ഞാൻ സ്വയം താക്കീത് ചെയ്തതാണ്. മധ്യവർഗതലത്തിലെ തൊഴിൽപരവും വ്യക്തിപരവുമായ പ്രയാസങ്ങൾക്ക് അർഹിക്കുന്നതിൽ കവിഞ്ഞ പ്രാധാന്യം നൽകുന്നത് ഈ കുറിപ്പിന്റെ വായനക്കാരോടുള്ള മര്യാദകേടായിരിക്കും! അതിനാൽതന്നെ, ഈ ലോകത്ത് യഥാർഥ ദുരന്തങ്ങൾക്ക് വിധേയരായി ജീവിക്കുന്ന നിസ്സഹായരായ ജനകോടികളുടെ യാതനകൾക്ക് മുന്നിൽ തികച്ചും നിസ്സാരം മാത്രമായ അത്തരം പരിഭവങ്ങൾ വിനയപൂർവം മാറ്റിവെക്കട്ടെ!
* * *
1989ൽ ഞാൻ അഭിഭാഷകവൃത്തി ആരംഭിച്ച കാലത്തുനിന്നും തൊഴിലിന്റെ സ്വഭാവസവിശേഷതകൾ വല്ലാതെ മാറിയിരിക്കുന്നു. അഭിഭാഷകർക്കിടയിലെ തുല്യതയെ നിഷേധിക്കുന്ന, അവരെ പല തട്ടുകളായി തിരിക്കുന്ന നടപടികൾ അധികാരസ്ഥാനത്തുനിന്നും നിയമത്തിന്റെ പിൻബലത്തിൽത്തന്നെ ഉണ്ടാകുന്നുണ്ട്. തുല്യത ഏറ്റവുമധികം ആവശ്യമായ ഈ തൊഴിലിന്റെ പ്രത്യേകതകൾ പക്ഷേ, നല്ല ന്യായാധിപർ മനസ്സിലാക്കുകതന്നെ ചെയ്യും.
കഠിനാധ്വാനവും ആത്മസമർപ്പണവും വിശ്വസിച്ച് കേസ് ഏൽപിക്കുന്ന മനുഷ്യരോടുള്ള പ്രതിബദ്ധതയുമുണ്ടെങ്കിൽ അതുതന്നെയാണ് ഏതൊരു അഭിഭാഷകന്റെയും തൊഴിൽപരമായ മൂലധനം. തൊഴിൽരംഗത്തെ അസമത്വങ്ങളെ തൊഴിലുകൊണ്ടുതന്നെ പ്രതിരോധിക്കാൻ കഴിയുമെന്നത് ആവേശകരമായ ഒരു യാഥാർഥ്യമാണ്.
തൊഴിൽരംഗത്തെത്തുന്ന പുതിയ തലമുറയും മനസ്സിലാക്കേണ്ട കാര്യമാണിത്. സ്ഥാനമാനങ്ങൾക്കും ധനസമ്പാദനത്തിനുമപ്പുറമുള്ള അഭിഭാഷകവൃത്തിയുടെ ആത്മീയ മാനങ്ങൾ പുറംപകിട്ടിനും മറ്റുതരം അടയാളങ്ങൾക്കും അപ്പുറത്താണ്.
ഏതുതരം കേസും ഏറ്റെടുക്കാൻ അഭിഭാഷകർ ബാധ്യസ്ഥരാണ് എന്ന സമീപനത്തിന് ഈ തൊഴിലിനോളംതന്നെ പഴക്കമുണ്ട്. അഭിഭാഷകരുടെ വ്യക്തിപരമായ നൈതികതയും അതിന്റെ അടിസ്ഥാനത്തിൽ കക്ഷികളെ സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യുന്ന രീതിയും പ്രോത്സാഹിപ്പിക്കപ്പെട്ടാൽ, പ്രതിനിധാനംെചയ്യപ്പെടാനുള്ള പൗരന്മാരുടെ അവകാശം ധ്വംസിക്കപ്പെടുമെന്ന ചിന്തയാണ് ഈ സമീപനത്തിന് പിന്നിൽ.
കാബ് റാങ്ക് റൂൾ (The cab rank rule) എന്നറിയപ്പെടുന്ന ഈ തത്ത്വത്തിന് പിന്നിൽ ഉന്നതമായ ലക്ഷ്യമാണുള്ളത്. എന്നിരിക്കിലും ചില കേസുകളിൽ ഏറ്റെടുക്കുന്ന കേസുകളോട് പരിപൂർണമായ സത്യസന്ധതയും പ്രതിബദ്ധതയും കാണിക്കാൻ കഴിയില്ല എന്നുതോന്നുന്നുവെങ്കിൽ അത്തരം കേസുകൾ ഒഴിവാക്കുന്നതാണ് ശരി. പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടിയും മലിനീകരണത്തിനെതിരെയും സ്ത്രീ സമത്വത്തിനുവേണ്ടിയും വാദിക്കുന്നതിനൊപ്പം ഇവക്കെല്ലാം എതിരായ വാദങ്ങൾ ഉന്നയിക്കേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കുകതന്നെ വേണം എന്നതാണ് എന്റെ ബോധ്യം.
അഭിഭാഷകവൃത്തിയിൽ പുതുതായി എത്തിച്ചേരുന്ന സ്ത്രീകൾക്ക് ഈ തൊഴിലിന്റെ മുഖച്ഛായതന്നെ ആരോഗ്യകരമായി മാറ്റിമറിക്കാൻ കഴിയും. യുവാക്കളിൽ പൊതുവെയും അത്തരമൊരു സാധ്യതയുണ്ട്. എന്നാൽ, വിമർശനങ്ങളെയും നിഷേധങ്ങളെയും വകവെച്ചുകൊടുക്കാത്ത ഒരു സംവിധാനത്തോട് പോരാടാൻ എത്രപേർ തയാറെടുക്കുമെന്നത് ആലോചിക്കേണ്ട കാര്യമാണ്.
ഈയിടെ സുഹൃത്തും കേരള ഹൈകോടതിയിലെ പ്രമുഖ അഭിഭാഷകനുമായ എം. ശശീന്ദ്രൻ ക്ഷണിച്ചതിനെത്തുടർന്ന് ഓൾ ഇന്ത്യാ ലോയേഴ്സ് യൂനിയന്റെ കേരള ഹൈകോടതി യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ ഒരു പ്രഭാഷണം നടത്തിയപ്പോൾ ഞാൻ ഇത്തരം കാര്യങ്ങളെക്കുറിച്ച് സൂചിപ്പിക്കുകയുണ്ടായി. പഴയകാലത്തുനിന്നും വ്യത്യസ്തമായി പൊതുജീവിതത്തിൽനിന്നും മാറ്റിനിർത്തപ്പെടുന്ന, സാമൂഹികമായ ദൈനംദിന ജീവിതത്തിൽനിന്നും വിച്ഛേദിക്കപ്പെട്ട ഒരുകൂട്ടം ടെക്നോക്രാറ്റുകൾ നിയമം കൈകാര്യംചെയ്യുന്ന അവസ്ഥ പലേടത്തും സംജാതമായിട്ടുണ്ട്.
ഇത്തരക്കാർക്ക് നീതിന്യായാധികാരം സിദ്ധിച്ചുകഴിഞ്ഞാൽ, ഇത്തരക്കാർ തന്നെ പുതിയ ന്യായാധിപരെ തിരഞ്ഞെടുക്കാൻ തുടങ്ങിയാൽ അതൊരുതരം ‘ഹോമോ സോഷ്യൽ മോർഫിങ്ങി’ലേക്ക് നയിക്കുമെന്നതായിരുന്നു ഈ പ്രഭാഷണത്തിൽ ഉന്നയിച്ച ഒരു അഭിപ്രായം. പഴയകാലത്തിൽനിന്നും വ്യത്യസ്തമായി പൊതുജീവിതത്തിൽനിന്നും അനുഭവസമ്പത്ത് നേടിയവർ പൊതുവെ ഇന്ന് നീതിപീഠങ്ങളിൽ കുറവാണ്. എന്നാൽ, പ്രതിഭാധനന്മാരായ ന്യായാധിപർ ഒട്ടേറെ ഉണ്ടെന്നതും ഒരു വസ്തുതയാണ്.
അഭിഭാഷകൻ കോടതിയിൽ വാദിക്കുമ്പോൾ ഒരേസമയം തന്റെ വാദങ്ങൾ ഉയർത്തുകയും വേണ്ടിവന്നാൽ, കോടതിയുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കുകയുമാണ് ചെയ്യേണ്ടത്. അതിനുള്ള ധീരതയാണ് അഭിഭാഷകന്റെ വിമർശനാത്മകമായ പങ്കിനു പിറകിലെ ഊർജസ്രോതസ്സ്. ഈ വഴിയിൽ സഞ്ചരിക്കുമ്പോൾ ചിലപ്പോൾ ഭൗതികമായ ചില കോട്ടങ്ങളും നഷ്ടങ്ങളും ഉണ്ടായേക്കാം. ജസ്റ്റിസ് കൃഷ്ണയ്യർ മറ്റൊരവസരത്തിൽ എഴുതിയപോലെ, ഇവ്വിധ സന്ദർഭങ്ങളിൽ ചെറുപോരാട്ടങ്ങളിൽ പരാജയപ്പെട്ടാലും മഹായുദ്ധങ്ങളിൽ വിജയിക്കുകതന്നെ ചെയ്യും.
എന്നാൽ സംവിധാനങ്ങൾ നവീകരിക്കാനുള്ള പരിശ്രമങ്ങൾ വിശ്വസിച്ച് കേസ് ഏൽപിച്ച കക്ഷിയുടെ ചെലവിൽ ആകാമെന്ന് കരുതിക്കൂടാ. പരിഷ്കരണ പ്രവർത്തനങ്ങളും പ്രഫഷനലിസവും ഒരുമിച്ചു കൊണ്ടുപോവുക എളുപ്പമല്ലെങ്കിലും, അസാധ്യമല്ല. തൊഴിൽ രംഗത്തെ പരിചയം സമ്മാനിക്കുന്ന ഒരു സവിശേഷ വൈദഗ്ധ്യംകൂടിയാണ് ഈ സംയോജന ശേഷി. അതുവഴിയാണ് തൊഴിലിനെ ജനകീയവത്കരിക്കാനും ജനാധിപത്യവത്കരിക്കാനും കഴിയുക.
കുലീനരുടെ കുത്തകയായിത്തീരാനിടയുള്ള ഒരു ജനാധിപത്യ സംവിധാനത്തെ, കോടതികളെ, നിരന്തര പരിശ്രമത്തിലൂടെ ജനങ്ങളോട് ചേർത്തുവെക്കണമെങ്കിൽ നീതിന്യായ രംഗത്തെ പുതിയ ‘ഫ്രീ സോഫ്റ്റ്വെയർ’ ആവിഷ്കരിക്കപ്പെടണം. അതിനായി പുതിയ റിച്ചാർഡ് സ്റ്റാൾമാൻമാർ ഉയർന്നുവരണം. വരാനിരിക്കുന്നവരോട് പങ്കിടാനുള്ള ഈ സ്വപ്നത്തിന്റെ സുഖകരമായ ആവേശം കോടതികളിൽ നിറയണം.
കേവലമായ പ്രശംസാവചനങ്ങളും കപടമായ മേനിപറച്ചിലും വിധേയത്വത്തിന്റെ ഭിന്നാവിഷ്കാരങ്ങളും മാത്രം ചേർന്ന് നീതിന്യായ സംവിധാനത്തിലെ ‘ഫ്യൂഡലിസ’ത്തെ ചെറുത്തുകൊള്ളുമെന്ന് ആരും മോഹിക്കരുത്. വിമർശനാത്മകവും ജൈവികവും സുധീരവുമായ ഇടപെടലുകൾ ചിലപ്പോൾ വൈയക്തികമായ അലോസരങ്ങൾ സൃഷ്ടിച്ചേക്കാം. അതുപോലെ, കപടമായ അനുസരണനാട്യങ്ങളും ബഹുമാനം അഭിനയിച്ചുകൊണ്ടുള്ള വണക്കങ്ങളും ചിലർക്ക് താൽക്കാലിക നേട്ടങ്ങൾ ഉണ്ടാക്കിത്തന്നേക്കാം.
എന്നാൽ, സംവിധാനം ആത്യന്തികമായി നിലനിൽക്കുന്നതും പുഷ്ടിപ്പെടുന്നതും നിരന്തരമായ എതിർപ്പുകളിലൂടെയും വിയോജിപ്പുകളിലൂടെയുമാണ്. ഒറ്റക്ക് നിൽക്കുന്നവനാണ് ലോകത്തെ ഏറ്റവും വലിയ ശക്തിമാൻ എന്ന് ഹെൻറിക് ഇബ്സൺ. ആൾക്കൂട്ടത്തിലൊരാളാകാൻ എളുപ്പമാണെന്നും എന്നാൽ, ഒറ്റക്കുനിന്ന് പൊരുതണമെങ്കിൽ ധീരത വേണമെന്നും പറഞ്ഞത് സാക്ഷാൽ മഹാത്മാ ഗാന്ധി.
പലതരത്തിലും വിധേയത്വം പ്രോത്സാഹിപ്പിക്കുന്നതാണ് ഇന്നും ഇന്ത്യയിലെ കോടതി സംവിധാനം. ന്യായാധിപർപോലും അഭിഭാഷകരെപ്പോലെ കരിയറിസ്റ്റുകളായി മാറിയതിനെക്കുറിച്ച് ഡൽഹിയിലെ ഒരു ചടങ്ങിൽ സംസാരിക്കവേ സഹപ്രവർത്തകനായ രാജു രാമചന്ദ്രൻ പറഞ്ഞതോർമിക്കുന്നു. നിയതമായ മാനദണ്ഡങ്ങൾ ഇല്ലാത്തതും ഉണ്ടെങ്കിൽതന്നെ അവയെ എളുപ്പം ലംഘിക്കാമെന്നതും ന്യായാധിപരുടെ സ്ഥാനക്കയറ്റത്തെപോലും പലപ്പോഴും ചോദ്യമുനയിൽ നിർത്തുന്നു.
ഇത്തരം സന്ദർഭങ്ങളിൽ കഴിവിനേക്കാൾ അനുസരണശീലത്തിന് മേൽക്കൈയുണ്ടാകുന്നു. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിന്നും ഫ്യൂഡലിസത്തിന്റെ പിടിയിൽനിന്നും മോചിതമല്ല എന്ന് മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് തന്നെ പറയുകയുണ്ടായി. ഈ ദുരവസ്ഥക്കെതിരായ പ്രതിപക്ഷാത്മക നീക്കങ്ങൾ സാധാരണ അഭിഭാഷകരുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെങ്കിൽ, അത് മറ്റ് മേഖലകളിൽനിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിലും ഒരുതരം ഇരട്ടത്താപ്പുണ്ട്.
എന്നിരിക്കിലും ഏറ്റവും കടുത്ത കാലത്തുപോലും വിയോജിപ്പുകളും സമാധാനപരമായ പ്രക്ഷോഭങ്ങളുമാണ് നമ്മുടെ ഭരണഘടനയെയും ജനാധിപത്യത്തെയും പരിരക്ഷിച്ചത്. ഇതെഴുതുമ്പോൾ ഡൽഹിയിലെ കർഷകപ്രക്ഷോഭത്തിന്റെ ആവേശം നിറഞ്ഞ വാർത്തയോടെയാണ് ഒരു വർഷം (2024) അവസാനിക്കുന്നത്. കോടതികൾ ഭരണഘടനയെ തെറ്റായോ ശരിയായോ വ്യാഖ്യാനിച്ചിട്ടേയുള്ളൂ. അതിനെ നിലനിർത്തിയതും പോഷിപ്പിച്ചതും ഇന്ത്യയിലെ പാടങ്ങളും തെരുവോരങ്ങളും അവിടങ്ങളിൽനിന്നുയർന്ന എതിർപ്പിന്റെ ജൈവശക്തിയുമാണ്.
കോടതിക്കു പുറത്തെ ഈ സത്യത്തിന് കോടതിക്കകത്തും പ്രസക്തിയുണ്ടെന്ന് ഞാൻ 35 വർഷത്തെ അഭിഭാഷകവൃത്തിയിൽനിന്നും മനസ്സിലാക്കി. കോടതികളും യഥാർഥത്തിൽ രാഷ്ട്രീയാധികാര കേന്ദ്രങ്ങളായതിനാൽ അവിടെയും ആന്തരിക ജനാധിപത്യം പുഷ്ടിപ്പെടേണ്ടതുണ്ട്. അപ്പോൾ മാത്രമേ ഭാവിയുടെ നീലാകാശങ്ങൾ തെളിയുകയുള്ളൂ.
ഈ തൊഴിൽ നൽകുന്ന സ്വാതന്ത്ര്യത്തെ ശരിയായും ഉത്തരവാദിത്തത്തോടെയും ഉപയോഗിക്കാൻ കഴിഞ്ഞാൽ, സാഹിത്യവും സംസ്കാരവും രാഷ്ട്രീയവുമെല്ലാമടങ്ങിയ ജീവിതത്തിന്റെ സമഗ്രത ഏതൊരു അഭിഭാഷകനെയും ആശ്ലേഷിക്കുകതന്നെ ചെയ്യും. കവിതയും കഥയും നോവലും തത്ത്വചിന്തയും ചരിത്രവും ദൈനംദിന രാഷ്ട്രീയവുമൊന്നും തന്നെ അയാൾക്ക് അന്യമല്ല. നിയമമെന്നത് ചലനാത്മകവും സർവതല സ്പർശിയും സമഞ്ജസവുമായ വിജ്ഞാനശാഖയാണ്. അതാകട്ടെ ദിനംപ്രതി വളർന്നുകൊണ്ടിരിക്കുന്നു. അതിനാൽ, നിയമപണ്ഡിതർ എന്നൊരു ഗണമില്ല; ഉള്ളത് നിയമവിദ്യാർഥികൾ മാത്രം. അത്തരമൊരു വിദ്യാർഥിയെഴുതിയ ഓർമക്കുറിപ്പുകളായി മാത്രം ഈ രചനയെ കണ്ടാൽ മതി.
* * *
ഈ കുറിപ്പുകൾ അന്ത്യഘട്ടത്തിലേക്കടുക്കുമ്പോൾ രണ്ട് മരണങ്ങൾ മനസ്സിനെ നടുക്കി. ഒന്ന്, മലയാള സാഹിത്യത്തിലെ അതുല്യപ്രതിഭയായ എം.ടിയുടേത്. രണ്ടാമത്തേത് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റേതും. കോളജ് പഠനകാലത്ത് മലബാറിലെ ഒരു സാഹിത്യ ക്ലാസിൽവെച്ച് വിദ്യാർഥികളായ എഴുത്തുകാരോട് പ്രേമകഥകൾ എഴുതാൻ ആഹ്വാനംചെയ്ത എം.ടിയുടെ മുഖം ഇപ്പോഴും മനസ്സിലുണ്ട്.
പിന്നീട് എപ്പോഴോ ഒരു ട്രെയിൻ യാത്രയിൽ കണ്ടപ്പോൾ എം.ടി എന്നോട് സുഖാന്വേഷണം നടത്തി. മാതൃഭൂമി പത്രത്തിലെഴുതുന്ന ലേഖനങ്ങളിൽ മതിപ്പ് പ്രകടിപ്പിച്ചു. നിയമലേഖനങ്ങളൊന്നും ആ സാഹിത്യകാരന് അന്യമായിരുന്നില്ല. സാഹിത്യം നിയമത്തിന് അന്യമാകാത്തതുപോലെ!
മൻമോഹൻ സിങ്ങിന്റെ വിയോഗത്തിന് ഭരണഘടനാപരമായ ഒരു തലംകൂടിയുണ്ട്. ഭരണഘടനാപരമായ അധികാരത്തിന്റെയും, സൗന്ദര്യവും ഉദാരവും ജനാധിപത്യാധിഷ്ഠിതവുമായ സ്നേഹഭാവമായിരുന്നു, അദ്ദേഹത്തിലൂടെ ഒരു രാഷ്ട്രം നേരിട്ടനുഭവിച്ചത്. നിയമങ്ങൾ എങ്ങനെ ജനങ്ങൾക്കുവേണ്ടിയുള്ള രാഷ്ട്രീയനിർമിതികളായിത്തീരുന്നുവെന്നതിന് യു.പി.എ കാലത്തെ വിദ്യാഭ്യാസ, ഭക്ഷ്യസുരക്ഷ, വിവരാവകാശ, വനാവകാശ, ഭൂമി ഏറ്റെടുക്കൽ, തെരുവോര വാണിജ്യനിയമങ്ങളും സദൃശനിയമങ്ങളും തെളിവ്.
പിൽക്കാലത്ത് നിയമനിർമാണങ്ങൾ വിദ്വേഷ, വിഭജന രാഷ്ട്രീയത്തിനുള്ള ഉപാധി മാത്രമായി മാറിയത് ചരിത്രം. ഇൗ യാഥാർഥ്യം ഡോ. സിങ്ങിനെയും അദ്ദേഹം പ്രതിനിധാനംചെയ്ത സമവായ രാഷ്ട്രീയത്തെയും മഹത്തരമാക്കിത്തീർക്കുന്നു. ‘ദുർബലമായ’ സർക്കാറുകളാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെയും ജനങ്ങളുടെയും സുകൃതങ്ങളായിത്തീർന്നതെന്ന് ഒരു ന്യൂ ഇന്ത്യൻ എക്സ്പ്രസ് ലേഖനത്തിൽ ഞാനെഴുതിയിരുന്നു.
‘അന്തസ്സ് അധികാരമേറ്റ കാലം’ എന്ന് രജനി ബക്ഷി മൻമോഹൻ സിങ്ങിന്റെ കാലത്തെ വിശേഷിപ്പിച്ചു. ഇന്ത്യയെ മാറ്റിമറിച്ച വ്യക്തിയാണ് അദ്ദേഹമെന്ന് തവ്ലിൻ സിങ് എഴുതി. രാഷ്ട്രം കണ്ട അവസാനത്തെ യഥാർഥ നെഹ്റുവിയനാണ് സിങ് എന്ന് പ്രവീൻ ചക്രവർത്തി എഴുതി. അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്ന പൗരന്മാരായിട്ടാണ് അല്ലാതെ ഒൗദാര്യങ്ങൾ സ്വീകരിക്കുന്ന പ്രജകളായിട്ടല്ല, മൻമോഹൻ സിങ് പാർശ്വവത്കൃത ജനങ്ങളെ കണ്ടതെന്ന് അശുതോഷ് വാർഷ്നിയും അഭിപ്രായപ്പെട്ടു. ശരിയാണ്.

തവ്ലീൻ സിങ്
‘ഭരണഘടനാപരമായ ഭരണ’ത്തിന്റെ ബാക്കിപത്രമാണ് മൻമോഹൻ സിങ് നമുക്ക് നൽകിയത്. വരുംകാലത്തെ ജനാധിപത്യത്തിനുവേണ്ടിയുള്ള കരുതൽശേഖരമായി അതിനെ മാറ്റാൻ കഴിയുമോ എന്നതാണ് പ്രസക്തമായ ചോദ്യം. അത് കേവലം സമ്പദ്ശാസ്ത്ര വിഷയമോ രാഷ്ട്രീയ വിഷയമോ മാത്രമല്ല, മറിച്ച് ഭരണഘടനാപരമായ അതിജീവനത്തിന്റെകൂടി വിഷയമാണ്.
ഈ കുറിപ്പുകൾ അവസാനിപ്പിക്കാറായി. ഇതുവരെയും ഈ ഓർമകൾക്കൊപ്പം യാത്രചെയ്ത വായനക്കാർക്ക് നന്ദി. ഇതിന്റെ ആവിഷ്കാരത്തിന് സഹായിച്ച മാധ്യമം ആഴ്ചപ്പതിപ്പിനും അതിന്റെ പ്രവർത്തകർക്കും നന്ദി. ഒരു ജീവിതയാത്രയുടെ വിശേഷങ്ങളിൽ ചിലത് പങ്കുവെച്ച ഈ അധ്യായങ്ങൾ സമ്പൂർണമായ ആഖ്യാനങ്ങളൊന്നുമല്ല. വ്യക്തികളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചുമുള്ള വിലയിരുത്തലുകൾ ആത്യന്തിക സത്യങ്ങളാകണമെന്നുമില്ല. അവയിൽ പിഴവുകളും ഉണ്ടാകാം. ഇതവസാനിപ്പിക്കുമ്പോൾ ഒരു കാര്യം തെളിച്ചെഴുതട്ടെ.
തൊഴിൽജീവിതം എനിക്കാവശ്യമുള്ളതിനേക്കാൾ, ആഗ്രഹിച്ചതിനേക്കാൾ എനിക്ക് നൽകിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ ഒരു നിയമപരമായ സംശയം തീർക്കാനെത്തിയ മലബാറിൽനിന്നുള്ള വ്യക്തിക്ക് ഞാൻ നിയമോപദേശം നൽകി തൃപ്തിപ്പെടുത്തി തിരിച്ചയച്ചു. ആ നിയമോപദേശം സൗജന്യമായിരുന്നു.
എന്തെന്നാൽ, 36 വർഷങ്ങൾക്കു മുമ്പ് അദ്ദേഹത്തിന്റെ പുസ്തകക്കടയിൽനിന്ന് സൗജന്യമായി ആനുകാലികങ്ങൾ വായിക്കാനൊരുെമ്പട്ട എന്നെ സ്നേഹപൂർവം അടുത്തുള്ള ലൈബ്രറി ചൂണ്ടിക്കാണിച്ച ആ മനുഷ്യന് എനിക്കൊരു കടംവീട്ടാനുണ്ടായിരുന്നു. ഒട്ടേറെ ആനുകാലികങ്ങൾ എന്റെ വിദ്യാർഥി ജീവിതത്തിനിടയിൽ ഞാൻ വായിച്ചത് ആ കടയിൽനിന്നായിരുന്നു; അത് സൗജന്യമായിട്ടായിരുന്നു. ആ മനുഷ്യൻ ഇപ്പോഴുമറിയാത്ത ഈ കഥ വായനക്കാർക്കുള്ള എന്റെ രഹസ്യോപഹാരം!