Begin typing your search above and press return to search.
proflie-avatar
Login

വിശ്രമമില്ല, സുരക്ഷയുമില്ല റെയിൽവേ ജീവനക്കാരുടെ ദുരവസ്​ഥകൾ

railway
cancel
റെയിൽവേ ജീവനക്കാരുടെ അവസ്​ഥ എന്താണ്​? അവർ സുരക്ഷിതരാണോ? റെയിൽവേ ജീവനക്കാർ നേരിടുന്ന വെല്ലുവിളികൾ എന്തെല്ലാമാണ്​? അന്വേഷണം...

ഇന്ത്യൻ റെയിൽവേ; ലോകത്തിലെ ഏറ്റവും തിരക്കേറിയതും വിപുലവുമായ തീവണ്ടിപ്പാതാ ശൃംഖലകളിലൊന്ന്. ഒാരോ വർഷവും കോടിക്കണക്കിന് മനുഷ്യർ തങ്ങളുടെ ജീവിതയാത്രക്കായി ആശ്രയിക്കുന്ന ഗതാഗതസംവിധാനം. പലർക്കും ഗൃഹാതുരതയുണർത്തുന്ന അനുഭവമാകാം ഓരോ ട്രെയിൻ യാത്രയുമെങ്കിൽ മറ്റു ചിലർക്ക്, ശ്വാസംമുട്ടുന്ന തിക്കിലും തിരക്കിലും തങ്ങളുടെ ലക്ഷ്യസ്ഥാനത്ത് നേരത്തിനെത്താൻ വേണ്ടിയുള്ള നെട്ടോട്ടത്തിന്റെ കഥകൾ മാത്രമാകും ഓരോ ചൂളംവിളിയാത്രയും. ഒരുപാട് പോരായ്മകൾക്കിടയിലും രാജ്യത്തെ ജനങ്ങൾക്ക് ഒഴിവാക്കാനാകാത്ത യാത്രാമാർഗം.

യാത്രക്കാരുടെ പ്രശ്നങ്ങളും പരാതികളും ഒരു പരിധിവരെയെങ്കിലും പരിഗണിക്കപ്പെടുമ്പോഴും, ചുട്ടുപൊള്ളുന്ന വെയിലിൽ പണിയെടുക്കുന്ന ജീവനക്കാരുടെ ആശങ്ക ഇപ്പോഴും അവഗണനയുടെ ട്രാക്കിൽതന്നെയാണ്. ജീവിതം തന്ന ട്രാക്കുതന്നെ അത് കവർന്നെടുക്കുമോ എന്നുപോലും ഇവർ ഭയപ്പെടുന്നു. റെയിൽവേയിലെ പ്രധാന തൊഴിലാളികളായ കീമാൻമാരുടെയും ഓടിത്തളർന്നെത്തുന്ന ലോക്കോ പൈലറ്റുമാരുടെയും പ്രശ്നങ്ങൾ ഒന്നിക്കുകയാണിവിടെ. ഈ തൊഴിൽശക്തിക്ക് നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ അതീവ ഗൗരവമുള്ളതാണ്. ആയിരക്കണക്കിന് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനായി സ്വന്തം ജീവൻ പണയംവെച്ചാണ് തൊഴിലാളികൾ ട്രാക്കിലിറങ്ങുന്നത്. സുരക്ഷാ പ്രശ്നങ്ങൾ, ദീർഘനേരം ജോലിചെയ്യേണ്ട സാഹചര്യം, വിശ്രമത്തിനുള്ള പരിമിതികൾ, ഡ്യൂട്ടിസമയം തുടങ്ങിയവ റെയിൽവേ തൊഴിലാളികളുടെ ദുരിതജീവിതത്തിന്റെ നേർക്കാഴ്ചയായി.

ട്രാക്കിൽ ജീവൻ കൈയിൽ പിടിച്ച് കീമാൻ

അപകടം പതിയിരിക്കുന്ന റെയിൽപാതകളിൽ ജീവൻ കൈയിൽ പിടിച്ച്, ട്രെയിൻ സർവിസ് മുടങ്ങാതെയും കാലതാമസം വരാതെയും പാളത്തി​െന്റ അറ്റകുറ്റപ്പണി പൂർത്തിയാക്കുന്നവരാണ് കീമാൻമാർ. അറ്റകുറ്റപ്പണി മാത്രമല്ല, ഭാരമേറിയ പല ജോലികളും കീമാൻ ചെയ്യേണ്ടിവരുന്നു. പട്രോളിങ് നടത്തുക, ക്ലാമ്പ് കെട്ടുക, ബോൾട്ട് ഉറപ്പിക്കുക തുടങ്ങിയ ജോലികളും കീമാൻ ചെയ്യേണ്ടതായിട്ടുണ്ട്. ഒറ്റക്ക് പട്രോളിങ് നടത്തുന്നവരാണ് ഇവർ. ശ്രദ്ധയും ജാഗ്രതയും ഏറെ ആവശ്യമുള്ള തൊഴിൽ. ഇതിനൊപ്പം റെയിൽപാളങ്ങൾക്ക് ഇരുവശവുമുള്ള അതിർത്തികൾ വൃത്തിയാക്കുക, കാട് വെട്ടിത്തെളിക്കുക എന്നിവയും ചെയ്യേണ്ടിവരും. 20 കിലോയോളം വരുന്ന ബാഗുമായി കിലോമീറ്ററുകളോളം നടന്നാണ് ജോലിചെയ്യേണ്ടത്.

ജാഗ്രതയോടെ ജോലിചെയ്യുന്ന ഒരു കീമാനെ സംബന്ധിച്ച് ട്രെയിൻ വരുന്നതറിഞ്ഞ് ട്രാക്കിൽനിന്ന് മാറാൻ പ്രത്യേകിച്ച് മാർഗമൊന്നുമില്ല. അയാൾ ഒറ്റക്കാണ് താനും. ഓരോ ഗ്യാങ് അതിർത്തികളിലും ഏഴ് കിലോമീറ്ററെങ്കിലും കുറഞ്ഞത് കീമാൻ പട്രോളിങ് നടത്തേണ്ടിവരും. ജോലിക്കിടെ പിന്നിൽ അപകടം പതിയിരിക്കുന്നത് പ്രവചിക്കാനാവില്ല. ശ്രദ്ധയോടെ ആയാസകരമായ ജോലിചെയ്യുന്നതിനിടയിൽ ട്രെയിൻ വളരെ അടുത്തെത്തുമ്പോഴായിരിക്കും കീമാന് തിരിച്ചറിയാനാവുക. അത്തരമൊരു സാഹചര്യത്തിൽ കുതറിമാറാനുള്ള സാവകാശം ലഭിക്കുന്നതിനു മുമ്പ് ട്രെയിൻ അയാളെ കടന്നുപോയിരിക്കും. അപകടവും സംഭവിച്ചിരിക്കും. അപകടങ്ങൾ തുടരുകയും നിരവധി തൊഴിലാളികളുടെ ജീവൻ നഷ്ടമാവുകയുംചെയ്ത സാഹചര്യത്തിൽ ഇതിന് പരിഹാരം കാണണമെന്ന് തൊഴിലാളികളുടെ ഭാഗത്തുനിന്നും ആവശ്യം ഉയർന്നിരുന്നു. എന്നാൽ, സുരക്ഷാ നടപടികൾ ക്രമീകരിക്കുന്നതിൽ റെയിൽവേ പരാജയപ്പെടുകയാണുണ്ടായത്.

രാജ്യത്തെ പല ട്രാക്കുകളും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾകൊണ്ട് കൊടുംവളവുകൾ നിറഞ്ഞതാണ്. തിരുവനന്തപുരം ഡിവിഷനിൽ ഭൂരിപക്ഷം പാലങ്ങളും കൊടുംവളവുകൾ നിറഞ്ഞ ട്രാക്കാണ്. തിരുവനന്തപുരം മുതൽ മംഗളൂരു വരെ മാത്രം 680 വളവുകളുണ്ട്. ഇത്തരം വളവുകളിൽ ക്ലാമ്പ് കെട്ടുക, ബോൾട്ട് ഉറപ്പിക്കുക തുടങ്ങിയ ജോലികൾ കീമാന് ചെയ്യേണ്ടിവരും. ഈ സമയങ്ങളിലാണ് പലപ്പോഴും അപകടങ്ങളുണ്ടായിട്ടുള്ളത്. ചില ട്രാക്കുകൾ ഭൂമിയുടെ നിരപ്പിൽനിന്നും വളരെ ഉയർന്നതായിരിക്കും. ട്രെയിൻ വരുന്നത് കണ്ടാലും പെട്ടെന്ന് ഓടിമാറാൻ കഴിയാത്ത സാഹചര്യമുണ്ടാകും. ഇത്തരം ജോലികൾ ചെയ്യുന്നതിനിടെ 10 വർഷത്തിനുള്ളിൽ 13 ആളുകളാണ് തിരുവനന്തപുരം ഡിവിഷനിൽ മാത്രം മരിച്ചത്.

അശാസ്ത്രീയ തൊഴിൽസമയവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും

ലെവൽക്രോസുകളിലും ഗേറ്റുകളിലും എട്ട് മണിക്കൂർ ഡ്യൂട്ടി സമ്പ്രദായം തൊഴിലാളികൾ പോരാട്ടത്തിലൂടെ നേടിയെടുക്കുകയായിരുന്നു. പക്ഷേ, ഇത് കേരളത്തിന്റെ പരിധിയിൽ മാത്രമാണ്. നാഗർകോവിൽപോലെയുള്ള ഡിവിഷനുകളിൽ ഇപ്പോഴും 11 മണിക്കൂറിലധികം ജോലിചെയ്യേണ്ടിവരുന്നുണ്ട്. 50,000ൽ അധികം ടി.വി.യു (ട്രെയിൻ വെഹിക്ൾ യൂനിറ്റ്) ഉള്ള ഗേറ്റുകളിലെ ജീവനക്കാർക്കാണ് എട്ട് മണിക്കൂർ ഡ്യൂട്ടി അനുവദിച്ചിട്ടുള്ളത്. അശാസ്ത്രീയമായ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴും ജോലിസമയം നിശ്ചയിക്കുന്നത്. ടി.വി.യു അടിസ്ഥാനത്തിലാണ് ജോലിസമയം ക്രമീകരിക്കുക. 24 മണിക്കൂറിനുള്ളിൽ ലെവൽക്രോസിലൂടെ കടന്നുപോകുന്ന റോഡ് വാഹനങ്ങളുടെ എണ്ണവുമായി ട്രെയിനുകളുടെ എണ്ണം (ഗുണിക്കുന്ന) കണക്കാക്കുന്ന രീതിയാണ് ടി.വി.യു. 12 മണിക്കൂർ ഡ്യൂട്ടി നിർവഹിക്കുന്ന ഒരു ജീവനക്കാരന് വിശ്രമമില്ലാതെ എല്ലാ ദിവസവും തൊഴിലെടുക്കേണ്ട സാഹചര്യം നിലവിലുണ്ട്.

ജോലിസമയം വർധിക്കുന്നു എന്നത് മാത്രമല്ല തൊഴിലിടങ്ങളിൽ സുരക്ഷയോ അടിസ്ഥാന സൗകര്യങ്ങളോ ഇവർക്ക് ലഭിക്കുന്നില്ല എന്നതും പ്രധാന വെല്ലുവിളിയാണ്. നീണ്ട പോരാട്ടത്തിലൂടെയാണ് ഗേറ്റുകളിൽ വെള്ളം, ശൗചാലയം മുതലായ സൗകര്യങ്ങളെത്തുന്നത്. നൂറുകണക്കിന് ഗേറ്റുകളിൽ ഇപ്പോഴും ഈ സൗകര്യങ്ങളെത്തിയിട്ടില്ല. ചില ഇടങ്ങളിൽ ശൗചാലയമുണ്ടെങ്കിലും അവിടേക്ക് വെള്ളത്തിന്റെ ലഭ്യത ഉണ്ടാകില്ല. പലപ്പോഴും തൊട്ടടുത്ത വീടുകളിൽ പോയി വെള്ളമെടുത്തുകൊണ്ട് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കേണ്ടിവരുന്നതായി തൊഴിലാളികൾ പറയുന്നു. ലോകോത്തര നിലവാരത്തിലേക്ക് റെയിൽവേ സ്റ്റേഷനുകളും ഓഫിസുകളും നവീകരിക്കുകയും വികസിപ്പിക്കുകയും ചെയ്യുമ്പോൾ തൊഴിലാളികളും അവരുടെ ആവശ്യങ്ങളും പരിഗണിക്കപ്പെടുന്നില്ല. ശൗചാലയങ്ങളില്ലാതെ ബുദ്ധിമുട്ടുന്ന സ്റ്റേഷനുകളും ഇപ്പോഴുണ്ട്. ഓവർ ബ്രിഡ്ജുകളും അപ്രോച് റോഡുകളുമൊക്കെ വന്നതോടെ ലെവൽ ക്രോസുകളുടെ എണ്ണം കുറഞ്ഞെങ്കിലും നിലവിലുള്ള ഗേറ്റുകളിൽപോലും അടിസ്ഥാന സൗകര്യമൊരുക്കാൻ റെയിൽവേ തയാറാകുന്നില്ല.

ട്രാക്കിൽ ജോലിയെടുക്കുന്ന റെയിൽവേ ജീവനക്കാർ

കരാർവത്കരണത്തിലൂടെ പുറത്താക്കൽ

കായികമായി അധ്വാനമുള്ള ജോലികൾ ചെയ്യുന്നവരാണ് എൻജിനീയറിങ് വിഭാഗത്തിലെ ജീവനക്കാർ. അധ്വാനം കുറവായതിനാൽ ഗേറ്റുകളിൽ‌ ഭൂരിപക്ഷം വനിതകളെയാണ് നിയമിക്കുക. എന്നാൽ ഇവിടെയും കരാറുവത്കരണം നടപ്പാക്കി ട്രാക്ക് മെയിന്റനൻസിനായി വനിതകളെയും അയക്കുന്ന സാഹചര്യമുണ്ട്. പതിനഞ്ചോളം വർഷം ചെയ്തിരുന്ന ജോലിയിൽനിന്നും പെട്ടെന്ന് മറ്റൊരു തൊഴിൽ അന്തരീക്ഷത്തിലേക്ക് ഇവർ പറിച്ചുനടുകയാണ്. പുതിയ തൊഴിലിടത്തെ പരിചയക്കുറവും ജോലിഭാരവും തൊഴിലാളികൾക്ക് കീറാമുട്ടിയാണ്. ഘട്ടംഘട്ടമായി ജീവനക്കാരുടെ എണ്ണം കുറച്ച് ആറുലക്ഷമാക്കാനുള്ള പദ്ധതി നടപ്പാക്കുകയാണ് റെയിൽവേയുടെ ലക്ഷ്യമെന്ന് ആരോപണമുണ്ട്. ഇതിന്റെ ഭാഗമായാണ് കരാർ നിയമനങ്ങൾ നടപ്പാക്കുന്നത്. സ്ഥിരം ജീവനക്കാരുടെ അഭാവം തൊഴിലാളികളുടെയും യാത്രക്കാരുടെയും സുരക്ഷക്ക് വലിയ വെല്ലുവിളിയുമാണ്.

പ്രാകൃതമായ രാത്രികാല പട്രോളിങ്

ടോർച്ചിന്റെ മങ്ങിയ വെളിച്ചത്തിൽ വിജനമായ ട്രാക്കിലൂടെ ഒറ്റക്ക് പട്രോളിങ് നടത്തേണ്ട ഗതികേടാണ് കീമാൻമാരുടേത്. രാത്രികാലങ്ങളിൽ അനേകം അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കനത്ത മഴയിലും ഇതേ സാഹചര്യമാണുള്ളത്. മഴയത്ത് ജോലിചെയ്യാൻ റെയിൻ കോട്ടുകളോ രാത്രികാലങ്ങളിലെ പട്രോളിങ്ങിന് റിഫ്ലക്ടർ ജാക്കറ്റുകളോ പല ജീവനക്കാർക്കും റെയിൽവേ നൽകിയിട്ടില്ല. മഴ പെയ്യുമ്പോൾ ട്രെയിൻ വരുന്ന ശബ്ദം കീമാന് കേൾക്കാൻ കഴിയില്ല. ട്രെയിൻ ട്രാക്കിലൂടെ വരുന്നതായി മുന്നറിയിപ്പ് നൽകാൻ അയാൾക്കൊപ്പം ആരുമുണ്ടാകാറില്ല. ഈ സാഹചര്യത്തെ മറികടക്കാൻ റെയിൽവേ പ്രത്യേക മുന്നറിയിപ്പ് സംവിധാനം രൂപകൽപന ചെ​െയ്തങ്കിലും പദ്ധതി പാതിവഴിപോലും എത്തിയില്ല എന്നതാണ് യാഥാർഥ്യം.

കീമാൻമാരുടെ സുരക്ഷക്കായി ട്രെയിൻ ട്രാക്കിലൂടെ വരുന്നുവെന്ന് മുന്നറിയിപ്പ് നൽകുന്നതിന് രൂപംനൽകിയ ഉപകരണമാണ് രക്ഷക്. ട്രെയിനിന്റെ വരവ് ട്രാക്കിലുള്ള ഒരാൾക്ക് വളരെ കിലോമീറ്റർ ദൂരം അപ്പുറത്തുനിന്നുതന്നെ മനസ്സിലാക്കാൻ കഴിയുന്ന ഉപകരണമാണിത്. ഈ മുന്നറിയിപ്പ് സംവിധാനത്തിന്റെ റിസീവർ എല്ലാം വിതരണംചെയ്ത് കഴിഞ്ഞെങ്കിലും ഇതിന് ആവശ്യമായ മറ്റ് സൗകര്യങ്ങൾ ഒരുക്കാൻ റെയിൽവേ കാര്യമായ നടപടി എടുത്തിട്ടില്ല. രക്ഷകിന് ആവശ്യമായ സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും നെറ്റ്‍വർക്കുകൾ വികസിപ്പിക്കുകയും ചെയ്താൽ മാത്രമേ മുന്നറിയിപ്പ് സംവിധാനം കാര്യക്ഷമമാകൂ. എന്നാൽ പദ്ധതി പ്രഖ്യാപിച്ചതല്ലാതെ നടപ്പാക്കുന്നത് പാതിവഴിപോലും എത്തിയിട്ടില്ല എന്നത് ആശങ്കജനകമാണ്.

റെയിൽവേയുടെ അനാസ്ഥമൂലം സമീപ വർഷങ്ങളിൽ 16 പേരുടെ ജീവനാണ് തിരുവനന്തപുരം ഡിവിഷനിൽ മാത്രം ട്രാക്കിൽ പൊലിഞ്ഞത്. കെ.എസ്. ഉത്തമൻ (ചാലക്കുടി), പ്രമോദ്, ഹർഷൻ കുമാർ (തൃശൂർ), ആർ. മുരളീധരൻ (മാവേലിക്കര), വിജു മാത്യു, കെ.ആർ. പ്രസാദ്, വിജയ്, ശ്യാംലാൽ, കെ.പി. പ്രസാദ് (കോട്ടയം), വിജയകുമാർ, വിവേക് (ആലപ്പുഴ), മധുസൂദനൻ, സുനിൽകുമാർ, രാംനാഥ് കുമാർ, ജഗ്‍മോഹൻ മീന (കൊല്ലം) എന്നിവർക്കാണ് ജീവൻ നഷ്ടമായത്. ജോലിസമയത്തിനിടെ ഉണ്ടായ അപകടങ്ങളിൽ പരിക്കേറ്റവരും നിരവധിയാണ്.

ട്രാക്കിലെ അപകടങ്ങൾ ഒഴിവാക്കാൻ തൊഴിലാളികൾക്കുള്ള അലർട്ട് സിസ്റ്റമായി 2011ലാണ് രക്ഷക് പ്രഖ്യാപിച്ചത്. 2018ലാണ് റെയിൽവേ ഉപകരണം പുറത്തിറക്കുന്നത്. തിരുവനന്തപുരം ഡിവിഷനിൽ പിറവം റോഡ്-എറണാകുളം പെർമനന്റ് വേ സെക്ഷനിൽ ഏഴ് കീമാൻമാർക്ക് മാത്രമാണ് ഇത് നൽകിയിട്ടുള്ളത്. ട്രാക്ക് പരിശോധിക്കുന്നതിനിടയിൽ ട്രെയിൻ വരുന്നത് മുൻകൂട്ടി അറിയാനുള്ള ഉപകരണമാണ് രക്ഷക്. 24 കിലോമീറ്റർ അടുത്ത് ട്രെയിൻ എത്തിയാൽ ജി.പി.എസ് സംവിധാനത്തിലൂടെ മുന്നറിയിപ്പ് നൽകും. ഇതനുസരിച്ച് ട്രെയിൻ ട്രാക്കിലൂടെ എത്തുന്നതും അപകടസാധ്യത ഉണ്ടോ എന്നും തൊഴിലാളികൾക്ക് തിരിച്ചറിയാനാകും.

പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിലൂടെ മാത്രമേ കീമാൻമാരുടെ ജീവനു നേരെയുള്ള ഭീഷണിക്ക് ഒരു പരിധിവരെയെങ്കിലും അറുതി വരൂ. എന്നാൽ, അതിനാവശ്യമായ സാങ്കേതിക സൗകര്യങ്ങളൊന്നും റെയിൽവേ നടപ്പാക്കിയിട്ടില്ല. ജോലിക്കിടെ തൊഴിലാളികൾ തളർന്ന് വീഴുന്നതും മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നതും റെയിൽവേ ജോലിയുടെ ബാക്കിപത്രമാണ്. ഇത് അപകടത്തിന്റെ വ്യാപ്തി വലിയതോതിൽ വർധിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

ഷൊർണൂരിൽ ട്രാക്ക് വൃത്തിയാക്കുന്നതിനിടെ കേരള എക്‌സ്പ്രസ് തട്ടിയുണ്ടായ അപകടത്തിൽ നാല് ശുചീകരണ തൊഴിലാളികളുടെ മരണം ഞെട്ടലുണ്ടാക്കുന്നതായിരുന്നു. താൽക്കാലിക കരാർ തൊഴിലാളികളായ ഇവർക്ക് ട്രെയിൻ വരുന്നതായി മുന്നറിയിപ്പ് നൽകാൻ പ്രത്യേക സംവിധാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. ആവശ്യമായ മറ്റ് സുരക്ഷാ നടപടികളും സ്വീകരിച്ചിരുന്നില്ല. ട്രെയിൻ വരുമ്പോൾ മാറിനിൽക്കാൻ ഷൊർണൂരിലെ ട്രാക്കിൽ (പാലത്തിൽ) പ്ലാറ്റ്ഫോമും ഉണ്ടായിരുന്നില്ല. റെയിൽവേയുടെ അനാസ്ഥയിൽ പൊലിഞ്ഞത് തമിഴ്‌നാട്ടിൽനിന്ന് കരാർ ജോലിക്കെത്തിയ നാലുപേരുടെ ജീവനാണ്. പിന്നീടങ്ങോട്ട് ഒരുക്കുന്ന ഇത്തരം ട്രാക്കുകളിൽ കയറിനിൽക്കാനുള്ള പാലങ്ങളും പ്ലാറ്റ്ഫോമുകളും ചേർത്താണ് നിർമിക്കുന്നത്. സുരക്ഷിതമായ ട്രാക്ക് സംവിധാനം നിർമിക്കാൻ നാലുപേരുടെ ജീവൻ നൽകേണ്ടിവന്നു. എന്നാൽ, സുരക്ഷ ഉറപ്പിക്കാൻ ജീവൻ നഷ്ടമാകുന്നതു വരെ കാത്തിരിക്കേണ്ടതുണ്ടോ? തീർച്ചയായും വേണ്ട നടപടി സ്വീകരിക്കേണ്ടത് റെയിൽവേയുടെ ഉത്തരവാദിത്വമാണ്.

വിശ്രമമില്ലാതെ പണിയെടുത്ത് ലോക്കോ പൈലറ്റ്

മറ്റ് തസ്തികകളിൽ ജോലിചെയ്യുന്നവരെ പോലെതന്നെ ലോക്കോ പൈലറ്റുമാരുടെ അവസ്ഥയും വേറിട്ടതല്ല. അധികസമയം ജോലിചെയ്യാൻ ലോക്കോ പൈലറ്റുമാർ നിർബന്ധിക്കപ്പെടുന്നു. ഇത് നിരസിക്കുന്നവർക്കെതിരെ നിർബന്ധിത വിരമിക്കൽ ഉൾപ്പെടെയുള്ള കർശന നടപടികളാണ് റെയിൽവേ സ്വീകരിക്കുന്നത്. ഇതിനെതിരെ സമരങ്ങളും പോരാട്ടങ്ങളും നടന്നിട്ടുണ്ടെങ്കിലും പൊള്ളയായ വാഗ്ദാനങ്ങളും ഉറപ്പും നൽകി ഒത്തുതീർക്കുകയാണ് റെയിൽവേ ചെയ്യുന്നത്. എന്നാൽ, ഈ ഉറപ്പുകൾ പൂർണമായി നടപ്പാക്കാൻ റെയിൽവേ നടപടി സ്വീകരിക്കുന്നില്ല.

തിരുവനന്തപുരം ഡിവിഷനിൽ നാല് ഡിപ്പോകളാണ് ഉള്ളത്. ഏറ്റവും കൂടുതൽ ലോക്കോ പൈലറ്റുകൾ ജോലിചെയ്യുന്ന എറണാകുളം ഡിപ്പോയിൽപോലും ട്രെയിൻ സർവിസുകൾക്ക് ആനുപാതികമായി ലോക്കോ പൈലറ്റുമാരില്ല. സർവിസുകളുടെ എണ്ണം വർധിപ്പിക്കുന്നതും നിലവിലുള്ളവരെ മറ്റ് ഡിപ്പോകളിലേക്ക് സ്ഥലം മാറ്റുന്നതും ലോക്കോ പൈലറ്റുമാരെ പ്രതിരോധത്തിലാക്കുന്നു. സമീപകാലത്ത് 13 സെറ്റ് ലോക്കോ പൈലറ്റുമാരെയാണ് എറണാകുളം ഡിപ്പോയിൽ മാത്രം കുറച്ചത്.

തൊഴിൽസമയ പരിധിയാണ് ലോക്കോ പൈലറ്റുമാർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ആളുകളെ വെട്ടിക്കുറച്ച് അനിയന്ത്രിതമായി ജോലിസമയം വർധിപ്പിക്കുന്ന നടപടിയാണ് റെയിൽവേ സ്വീകരിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ലോക്കോ പൈലറ്റുമാർക്ക് അധികസമയം ജോലിചെയ്യേണ്ടി വരുന്നു. തൽഫലമായി വിശ്രമസമയവും, കുടുംബത്തോടൊപ്പം ചെലവഴിക്കേണ്ട സമയവും തൊഴിലാളികൾക്ക് നഷ്ടമാകുകയാണ്. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ തിരുവനന്തപുരം ഡിവിഷനിൽ മാത്രം നാലു ലോക്കോ പൈലറ്റുമാരാണ് ജോലിക്കിടെ മരിച്ചത്. കെ.കെ. സുരേഷ് (53), വി.വി. സുരേഷ് കുമാർ (46, എറണാകുളം), കെ.ജി. സന്തോഷ് കുമാർ (54, നാഗർകോവിൽ), എം. പ്രദീപ് (45, കൊല്ലം) എന്നിവർക്കാണ് അധികസമയ ജോലിക്കിടയിൽ ജീവൻ നഷ്ടമായത്. ഇതിൽ മൂന്നുപേർ ഹൃദയാഘാതത്തെ തുടർന്നും ഒരാൾ പക്ഷാഘാതത്താലുമാണ് മരിച്ചത്. മനുഷ്യത്വരഹിതവും അശാസ്ത്രീയവുമായ ക്രൂ ലിങ്കുകളാണ് ഈ ദുരന്തങ്ങളുടെ എല്ലാം മൂലകാരണമെന്ന് തൊഴിലാളികൾ പറയുന്നു.

ആഴ്ചയിൽ ഒരു ദിവസമെങ്കിലും വിശ്രമം നൽകുക, രാത്രിസമയ ഡ്യൂട്ടി രണ്ടായി കുറക്കുക, കുടുംബങ്ങളിൽനിന്ന് വിട്ടുനിൽക്കുന്ന ദിവസം 36 മണിക്കൂറായി ചുരുക്കുക എന്നിവയാണ് തൊഴിലാളികളുടെ ആവശ്യം. ഹെഡ്ക്വാർട്ടേഴ്സിൽ ജോലിചെയ്യുന്ന സമയം എട്ടു മണിക്കൂറായി ചുരുക്കണമെന്ന ആവശ്യവും നടപ്പായില്ല. തൊഴിലാളി സമരത്തെ തുടർന്ന് പ്രശ്നങ്ങൾ പഠിക്കാൻ രണ്ട് കമ്മിറ്റികൾ രൂപവത്കരിച്ചിരുന്നു. ഇതിനിടെയാണ് വീണ്ടും ലോക്കോ പൈലറ്റുമാരെ വെട്ടിക്കുറക്കുന്നത്. തിരുവനന്തപുരം ഡിവിഷന് കീഴിൽ 650 തൊഴിലാളികളാണുള്ളത്. ഇതിൽ നിലവിൽ 100ലധികം ലോക്കോ പൈലറ്റുമാരുടെ ഒഴിവുകളാണ് നികത്താനുള്ളത്.

2025 ഫെബ്രുവരിയിലെ കണക്കുപ്രകാരം ദക്ഷിണ റെയിൽവേയിൽ തിരുവനന്തപുരം ഡിവിഷനിൽ sanction ചെയ്തിട്ടുള്ളത് 2047 ലോക്കോ പൈലറ്റ് തസ്തികകളാണ്. അതിൽ നിലവിലുള്ളത് 1557 തൊഴിലാളികളാണ്. ആകെ 490 ഒഴിവുകളുണ്ട്. അതായത് 24 ശതമാനം തൊഴിലാളികളുടെ കുറവുണ്ട്. ഒഴിവുള്ള ലോക്കോ പൈലറ്റുമാരുടെ ഗ്യാപ് ക്രമീകരിക്കണമെങ്കിൽ ഇപ്പോൾ തൊഴിലെടുക്കുന്നവരുടെ ജോലിസമയം കൂട്ടേണ്ടിവരും. ഇതിലൂടെ തൊഴിലാളികളുടെ അവധികൾ, വിശ്രമസമയം എന്നിവ ഇല്ലാതാവുകയും ചെയ്യുന്നു.

ഫെസ്റ്റിവൽ സീസണുകളിൽ പ്രത്യേക ട്രെയിനുകൾ അനുവദിക്കുമ്പോഴും സ്ഥിതി ഇതുതന്നെ. ഈ സർവിസുകൾ നടപ്പാക്കുന്നതും ഇതേ തൊഴിലാളികളെ ഉപയോഗിച്ചാണ്. ഈ സാഹചര്യത്തിൽ അധിക ഡ്യൂട്ടി ചെയ്യേണ്ടിവരും. തൊഴിലാളികളുടെ ഭാഗത്തുനിന്ന് പരമാവധി സഹകരണമുണ്ടായിട്ടും റെയിൽവേ തൊഴിലാളികളെ അടിച്ചമർത്തുകയാണ് എന്ന പരാതി വ്യാപകമായുണ്ട്. തിരുവനന്തപുരം ഡിവിഷനിൽ പത്തോളം വനിത ലോക്കോ പൈലറ്റുമാരാണുള്ളത്. ഇവരും ഇതേ പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നു.

365 ദിവസവും ജോലിചെയ്യേണ്ട സാഹചര്യമാണ് ലോക്കോ പൈലറ്റുമാർക്കുള്ളത്. ഇതിലൂടെ ജോലിഭാരം കൂടുകയും വിശ്രമിക്കാനുള്ള അവസരങ്ങൾ നഷ്ടമാവുകയുംചെയ്യുന്നു. ജോലിസമയം ഒമ്പത് മണിക്കൂർ ആക്കാനുള്ള ​െഹെപവർ കമ്മിറ്റി റിപ്പോർട്ട് (എച്ച്.പി.സി) നടപ്പാക്കാൻ റെയിൽവേ ബോർഡ് ഉത്തരവിട്ടെങ്കിലും നടപ്പായില്ല. ഇന്നും ഈസ്റ്റ് സെൻട്രൽ റെയിൽവേ, നോർത്ത് ഈസ്റ്റേൺ റെയിൽവേ അടക്കം കോൾ ഏരിയയിൽ ലോക്കോ ഗുഡ്സ് 14 മുതൽ 18 മണിക്കൂർ വരെ തുടർച്ചയായി ജോലി ചെയ്യുന്നു. ആഴ്ചവിശ്രമം, മറ്റുള്ളവർക്ക് ദൈനംദിന വിശ്രമം ചേർത്ത് 16 + 24 മണിക്കൂർ നൽകുന്നതുപോലെ റണ്ണിങ് ജീവനക്കാർക്ക് (ഗാർഡ് + ക്രൂ) 16 + 30 മണിക്കൂർ നൽകണമെന്ന് കർണാടക ഹൈകോടതി വിധി പുറപ്പെടുവിച്ചെങ്കിലും നടപ്പായില്ല. ആവശ്യമായ വിശ്രമം അനുവദിക്കണമെന്ന് നിർദേശിച്ചുള്ള ബംഗളൂരു റീജനൽ ലേബർ കമീഷണറുടെ ഉത്തരവിറങ്ങി 23 വർഷം കഴിഞ്ഞിട്ടും, കർണാടക ഹൈകോടതി ഉത്തരവിട്ട് 12 വർഷം കഴിഞ്ഞിട്ടും റെയിൽവേ മന്ത്രാലയം ഈ ഉത്തരവുകളൊന്നും പാലിച്ചിട്ടില്ല.

ലോക്കോ റണ്ണിങ് സ്റ്റാഫിന് ആറു മുതൽ ഏഴു ദിവസം വരെ ജോലികഴിഞ്ഞ് പീരിയോഡിക്കൽ വിശ്രമം ലഭിക്കുകയും 10 മണിക്കൂറിൽ കൂടുതലോ കുറവോ ജോലി നിർവഹിക്കുകയും ചെയ്താൽ, അവർക്ക് 16 മണിക്കൂർ ഹെഡ്ക്വാർട്ടേഴ്‌സ് വിശ്രമവും 30 മണിക്കൂർ ആനുകാലിക വിശ്രമവും (ഓരോ മാസവും ലഭിക്കുന്ന വിശ്രമ കാലയളവ്) ലഭിക്കാൻ അർഹതയുണ്ട്. എന്നാൽ ഈ രണ്ട് വിശ്രമസമയവും ഒരുമിച്ചാണ് നിലവിൽ കണക്കാക്കുന്നത്. ഇതിലൂടെ ലോക്കോ റണ്ണിങ് സ്റ്റാഫിന് 14 മണിക്കൂർപോലും ആനുകാലിക വിശ്രമം അനുവദിക്കുന്നില്ല.

റെയിൽവേ ഭരണകൂടത്തിന്റെ ഇത്തരം നടപടി മനുഷ്യത്വരഹിതവും വിവേചനപരവുമാണ്. ആസ്ഥാന വിശ്രമത്തിൽ നിന്ന് സ്വതന്ത്രമായി ആനുകാലിക വിശ്രമം നൽകണമെന്ന് വ്യക്തികളും യൂനിയനുകളും ആവശ്യപ്പെട്ട് അധികാരികൾക്ക് നിവേദനങ്ങൾ നൽകിയിട്ടുണ്ട്. അധികാരികളുമായി രമ്യമായി പ്രശ്നം പരിഹരിക്കാൻ തൊഴിലാളികൾ ശ്രമങ്ങൾ നടത്തിയെങ്കിലും പരിഹാരമില്ല.

സുരക്ഷിത ഡ്രൈവിങ്ങിന് രാത്രികാല ഡ്യൂട്ടി രണ്ടായി കുറക്കണമെന്ന ജീവനക്കാരുടെ ആവശ്യവും അംഗീകരിച്ചില്ല. 4 മുതൽ 5 വരെ രാത്രികാല ഡ്യൂട്ടിയാണ് നിലവിലുള്ളത്. ട്രെയിനിന്‍റെ വേഗത, കോച്ചുകളുടെ എണ്ണം എന്നിവ കൂട്ടിയപ്പോൾ അപകടങ്ങളും മരണങ്ങളും വർധിച്ചു. ഇതനുസരിച്ചുള്ള ആധുനിക സുരക്ഷാ ക്രമീകരണങ്ങളും ലഭ്യമാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ സുരക്ഷിത റെയിൽ ഗതാഗതത്തിന് തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും പ്രധാനമാണ്. തൊഴിലാളികൾക്ക് അനുയോജ്യമായ തൊഴിൽ അന്തരീക്ഷം ഒരുക്കാനും സുരക്ഷ ഉറപ്പാക്കാനും റെയിൽവേ ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ട്. അവകാശങ്ങൾ സംരക്ഷിക്കപ്പെടുകതന്നെ വേണം.

Show More expand_more
News Summary - What is the condition of railway employees?