Begin typing your search above and press return to search.
proflie-avatar
Login

കൊലയാളിയെ അദൃശ്യമാക്കുന്ന ജേണലിസം

കൊലയാളിയെ അദൃശ്യമാക്കുന്ന ജേണലിസം
cancel

‘‘ജീവിതത്തിൽ ഇന്നുവരെ ഞാൻ ബി.ബി.സി സ്ഥിരമായി ശ്രദ്ധിക്കുന്നു; അതിനെ പിന്താങ്ങുകയും ചെയ്തുവന്നിട്ടുണ്ട്. എന്നാൽ, ഇപ്പോൾ ഞാൻ അതിന്റെ പേരിൽ ലജ്ജിക്കുന്നു...’’ മുതിർന്ന ബ്രിട്ടീഷ് ജേണലിസ്റ്റ് സിൽവിയ വെറ്റ എഴുതുന്നു (മദ്രാസ് കൂറിയർ). ഇസ്രായേലി പക്ഷത്ത് ചേർന്നുകൊണ്ടാണ് ബി.ബി.സി ഫലസ്തീൻ വാർത്തകൾ കൈകാര്യം ചെയ്തുവരുന്നതെന്ന് ആരോപിക്കുന്ന ആദ്യത്തെയാളല്ല അവർ. ഈ ആരോപണത്തിന് വിധേയമായ ഏക പാശ്ചാത്യ മാധ്യമമല്ല താനും ബി.ബി.സി. ന്യൂയോർക് ടൈംസ്, വാഷിങ്ടൺ പോസ്റ്റ്, വാൾ സ്ട്രീറ്റ് ജേണൽ തുടങ്ങിയ അമേരിക്കൻ പത്രങ്ങളും വംശീയ ചായ്‍വ് കാണിക്കുന്നുണ്ട്. ഈ ചായ്‍വ് വ്യക്തമാക്കുന്നതാണ് വംശഹത്യ, പട്ടിണിക്കൊല...

Your Subscription Supports Independent Journalism

View Plans

‘‘ജീവിതത്തിൽ ഇന്നുവരെ ഞാൻ ബി.ബി.സി സ്ഥിരമായി ശ്രദ്ധിക്കുന്നു; അതിനെ പിന്താങ്ങുകയും ചെയ്തുവന്നിട്ടുണ്ട്. എന്നാൽ, ഇപ്പോൾ ഞാൻ അതിന്റെ പേരിൽ ലജ്ജിക്കുന്നു...’’ മുതിർന്ന ബ്രിട്ടീഷ് ജേണലിസ്റ്റ് സിൽവിയ വെറ്റ എഴുതുന്നു (മദ്രാസ് കൂറിയർ).

ഇസ്രായേലി പക്ഷത്ത് ചേർന്നുകൊണ്ടാണ് ബി.ബി.സി ഫലസ്തീൻ വാർത്തകൾ കൈകാര്യം ചെയ്തുവരുന്നതെന്ന് ആരോപിക്കുന്ന ആദ്യത്തെയാളല്ല അവർ. ഈ ആരോപണത്തിന് വിധേയമായ ഏക പാശ്ചാത്യ മാധ്യമമല്ല താനും ബി.ബി.സി. ന്യൂയോർക് ടൈംസ്, വാഷിങ്ടൺ പോസ്റ്റ്, വാൾ സ്ട്രീറ്റ് ജേണൽ തുടങ്ങിയ അമേരിക്കൻ പത്രങ്ങളും വംശീയ ചായ്‍വ് കാണിക്കുന്നുണ്ട്.

ഈ ചായ്‍വ് വ്യക്തമാക്കുന്നതാണ് വംശഹത്യ, പട്ടിണിക്കൊല തുടങ്ങിയ കുറ്റങ്ങൾ ചെയ്യുമ്പോഴും അവ ഇസ്രായേലിനെ സംരക്ഷിക്കുന്ന രീതികൾ. വംശഹത്യയാണ് ഇസ്രായേൽ ചെയ്യുന്നത് എന്നതിന് മതിയായ തെളിവുകൾ ലോക കോടതിയിൽ ദക്ഷിണാഫ്രിക്ക നൽകിയിട്ടുണ്ട്. ലോകരാഷ്ട്രങ്ങളിൽ ഭൂരിപക്ഷവും ആ ആരോപണം ഔദ്യോഗികമായി ഉയർത്തിയിട്ടുണ്ട്. ലോകോത്തര നിയമജ്ഞരും മനുഷ്യാവകാശ പ്രസ്ഥാനങ്ങളും സംഘടനകളും വംശഹത്യയെപ്പറ്റി പഠിച്ച ഗവേഷകരും പണ്ഡിതരും ആരോപണം സ്ഥിരീകരിക്കുന്നു.

പക്ഷേ, പാശ്ചാത്യ മാധ്യമങ്ങൾ വംശഹത്യ (‘ജനസൈഡ്’) എന്ന വാക്കുപയോഗിക്കാൻപോലും തയാറല്ല. വംശഹത്യാ പണ്ഡിതൻ ഒമർ ബാർട്ടോവ് ‘ഇത് വംശഹത്യ തന്നെ’ എന്ന തലക്കെട്ടിൽ എഴുതിയ ലേഖനം ന്യൂയോർക് ടൈംസ് പ്രസിദ്ധപ്പെടുത്തിയെങ്കിലും (ജനസൈഡ് എന്ന വാക്ക് ആദ്യമായി ഇസ്രായേലിനെതിരെ അച്ചടിച്ചത് ഈ ജൂൺ 15ന്), ഒരാഴ്ചക്കുള്ളിൽ (ജൂൺ 22) കോളമിസ്റ്റ് ബ്രെട്ട് സ്റ്റീവൻസ് ഇത് വംശഹത്യയല്ല എന്ന മറുലേഖനമെഴുതി. അതിന് പറഞ്ഞ കാരണം? വംശഹത്യക്ക് ഇസ്രായേലി സേന മുതിർന്നാൽ ഗസ്സക്കാർ ബാക്കിയുണ്ടാകില്ലല്ലോ എന്ന്! ഗസ്സയിലെ ജനങ്ങളിൽ അഞ്ചിലൊന്നിനെ ബോംബിട്ട് കൊന്നിട്ടും വംശഹത്യയല്ലെന്ന്!

മാത്രമല്ല; വംശഹത്യ ചെയ്യുന്നത് ബോംബിട്ട് കൊന്നുകൊണ്ടുതന്നെ വേണമെന്നില്ല. ഭക്ഷണവും വെള്ളംപോലും കൊടുക്കാതെ ഗസ്സക്കാരെ പട്ടിണിക്കിട്ട് കൊല്ലുന്നതും ആ ഗണത്തിൽപെടും.

പട്ടിണിക്കൊല (starvation death) പുറംലോകം അറിഞ്ഞു തുടങ്ങിയതോടെ പാശ്ചാത്യ പത്രങ്ങൾ അതിലും ഇസ്രായേലിന് കവചം സൃഷ്ടിക്കാൻ ഇറങ്ങി.

പട്ടിണി നിഷേധിക്കാൻ പറ്റില്ലെങ്കിലും, അതിന് ഉത്തരവാദിയാര് എന്ന് പറയാതിരിക്കാം എന്ന സൂത്രമാണ് അവ പയറ്റുന്നത്. ഈയിടെ കണ്ട ഡസൻകണക്കിന് തലക്കെട്ടുകളിൽ പട്ടിണിയുണ്ട്; അതിന്റെ കാരണമോ കാരണക്കാരോ ഇല്ല. ചില ഉദാഹരണങ്ങൾ:

–ഗസ്സക്കാർ പട്ടിണികാരണം മരിക്കുന്നു (Gazans are dying of starvation) –ന്യൂയോർക് ടൈംസ്

–ഗസ്സയിലെ കുട്ടികളെ പിടിക്കാൻ തഞ്ചംനോക്കി നിൽക്കുന്നു പട്ടിണി (Starvation is stalking Gaza's children) –ടൈംസ്

–ഗസ്സയിൽ പട്ടിണി വർധിച്ചു; കുഞ്ഞ് ആഹാരക്കുറവുമൂലം മരിച്ചു. (Child dies of malnutrition as starvation in Gaza grows) –സി.എൻ.എൻ.

–പട്ടിണി വർധിച്ചതുമൂലം ജൂലൈയിൽ ഡസൻ കണക്കിന് കുട്ടികളും മുതിർന്നവരും ഗസ്സയിൽ വിശന്ന് മരിച്ചു. (Dozens of kids and adults in Gaza have starved to death in July as hunger surges) –എ.പി

എൻ.ബി.സി ന്യൂസ്, ബി.ബി.സി തുടങ്ങി പല പ്രമുഖ മാധ്യമങ്ങളും ഈ ശൈലിയാണ് സ്വീകരിക്കുന്നത്. വാർത്തയിലെ വിശദാംശങ്ങളിൽ ഇസ്രായേലി പോരാട്ടം പരാമർശിക്കുമ്പോഴും ഭക്ഷ്യവിഭവങ്ങൾ അതിർത്തിയിൽ തടഞ്ഞുവെക്കുന്നതാണ് പട്ടിണിക്ക് കാരണം എന്ന് വ്യക്തമാക്കില്ല.

വംശഹത്യയിൽ പങ്കാളികളായിക്കൊണ്ട് പാശ്ചാത്യ മാധ്യമങ്ങൾ സ്വയം നശിക്കുകയാണ് ചെയ്യുന്നത്.

തലക്കെട്ടുകളെ ചമൽക്കാരത്തിൽനിന്ന് വീണ്ടെടുക്കണം

മലയാള പത്രങ്ങളിലെ തലക്കെട്ട് പരീക്ഷണങ്ങളെപ്പറ്റി കഴിഞ്ഞയാഴ്ച എഴുതിയിരുന്നല്ലോ. പുതുമക്കുവേണ്ടിയുള്ള അതിസാഹസം അനുചിത തലക്കെട്ടിലേക്ക് നയിച്ചതിനെപ്പറ്റിയും പറഞ്ഞിരുന്നു.

തലക്കെട്ട് പരീക്ഷണങ്ങൾ സന്ദർഭവുമായി ചേർന്നുപോകുമ്പോൾ കൗതുകകരമാകാം. കഴിഞ്ഞ വർഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി വൻ വാഗ്ദാനങ്ങൾ നൽകിയിട്ടും സീറ്റ് കുറഞ്ഞതിനെപ്പറ്റി വന്ന സമാനമായ തലക്കെട്ടുകൾ കൗതുകകരമായിരുന്നു: ‘മോടി പോയി മോദി’ (മാതൃഭൂമി), ‘മോടി മങ്ങി മോദി’ (മലയാള മനോരമ), ‘മോടി കുറഞ്ഞ് ഗാരന്റി’ (മാധ്യമം) എന്നിങ്ങനെ.

ശശി തരൂർ മോദി സ്തുതിയുമായി കോൺഗ്രസ് പാർട്ടിക്കുള്ളിൽ അസ്വസ്ഥത സൃഷ്ടിച്ചപ്പോൾ കണ്ട ചില ശീർഷകങ്ങൾ സന്ദർഭത്തിലെ ഹാസ്യം പ്രതിഫലിപ്പിച്ചു: ‘തരൂരാക്കുരുക്ക്’ (മാധ്യമം), ‘തിരുത്തില്ലെന്ന് തരൂർ –തുരത്താൻ പടനീക്കം,’ ‘അരുതരുത് തരൂർ’ (മംഗളം). വയനാട്ടിൽ കാട്ടാനകൾ നാട്ടിലിറങ്ങുന്നത് പതിവായപ്പോൾ കണ്ട ‘ ‘കരി’ദിനങ്ങൾ’ (മംഗളം), ‘കരി’യെന്നാൽ ആന എന്നുകൂടി അർഥമുണ്ടെന്ന് കണ്ടെത്തിക്കഴിഞ്ഞാൽ ഉചിതമായിത്തോന്നും.

പക്ഷേ, തലക്കെട്ടുകൾ പലപ്പോഴും അർഥം ദ്യോതിപ്പിക്കുന്നതിനുപകരം കൗശലക്കളിയായി മാറുന്നുണ്ട്. ‘കര(ച്ചിൽ) യുദ്ധം’ (മംഗളം), ‘തീമുടി’ (ആശാവർക്കർമാർ മുടിമുറിച്ച് സമരം ചെയ്യുന്നതിനെപ്പറ്റി മനോരമ) തുടങ്ങിയ പദകൗശലങ്ങൾ തലക്കെട്ടിനെ ധന്യമാക്കിയെന്ന് പറയാനാകില്ല. ഗൗരവ​പ്പെട്ട വിഷയങ്ങളെ ലാഘവത്തോടെ അവതരിപ്പിക്കുന്ന തലക്കെട്ട് സാഹസങ്ങളും ധാരാളം.

എന്നാൽ, പത്രത്തിന്റെ നിലപാടുമായി പൊരുത്തക്കേടില്ലാതെ തല​ക്കെട്ടെഴുതാൻ ഡെസ്കുകൾ പൊതുവെ ശ്രദ്ധിക്കാറുണ്ട്. പക്ഷേ, നിലപാട് പോലും തലക്കെട്ടിലെ വെറും കൗതുകത്തിനുവേണ്ടി ബലികൊടുത്ത ഉദാഹരണം കഴിഞ്ഞദിവസം മാധ്യമത്തിൽ കണ്ടു.

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളാണ് വിഷയം. മലയാള സിനിമകൾ നേട്ടമുണ്ടാക്കി. വിജയരാഘവൻ (‘പൂക്കാലം’), ഉർവശി (‘ഉള്ളൊഴുക്ക്’) എന്നിവർ സഹനടൻ, സഹനടി പുരസ്കാരങ്ങൾ നേടി. പ്രൊഡക്ഷൻ ഡിസൈൻ (മോഹൻദാസ്, ‘2018’), എഡിറ്റിങ് (മിഥുൻ മുരളി, ‘പൂക്കാലം’) തുടങ്ങി വേറെയും പുരസ്കാരങ്ങൾ മലയാളത്തിനുണ്ട്; മലയാളികൾക്കും. അത് എടുത്തുകാട്ടുന്ന തലക്കെട്ട് വേണമെന്ന് മലയാള പത്രങ്ങൾ ചിന്തിച്ചത് സ്വാഭാവികം. (‘മലയാളത്തിന് പൂക്കാലം’, മാതൃഭൂമി; ‘ദേശീയ പുരസ്കാരത്തിളക്കത്തിൽ മലയാളം’, മംഗളം...).

എന്നാൽ, മാധ്യമം കൊടുത്ത തലക്കെട്ട് ‘കേരള സ്റ്റോറി’ എന്നാണ്. ‘ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മലയാളി തിളക്കം’ എന്ന് എടുത്തുപറഞ്ഞിട്ടുമുണ്ട്. രണ്ട് പുരസ്കാരങ്ങൾ നേടിയ ഒരു പടത്തിന്റെ പേര് എന്ന നിലക്ക് ‘കേരള സ്റ്റോറി’ തലക്കെട്ടാക്കുന്നതിൽ ഔചിത്യമുണ്ടാകുമായിരുന്നു –അത് നിലപാടുമായി ഏറ്റുമുട്ടിയിരുന്നില്ലെങ്കിൽ.

‘കേരള സ്റ്റോറി’ തലക്കെട്ടാകുമ്പോൾ, ദേശീയ പുരസ്കാരങ്ങളെ കേരളത്തിന്റെ പേരിൽ ആഘോഷിക്കുക കൂടിയാണ് ചെയ്യുന്നത്. എന്നാൽ, അത് ഒരു വിവാദ ഹിന്ദി പടത്തിന് നൽകിയ വിവാദ പുരസ്കാരത്തിന്റെ കൂടി ആഘോഷമാകുന്നു എന്നതാണ് പ്രശ്നം.

വിദ്വേഷ പ്രചാരണം ലക്ഷ്യമിട്ട് വ്യാജങ്ങൾ പരത്തുന്ന വർഗീയ സിനിമ എന്നാണ് ‘കേരള സ്റ്റോറി’യെ നിരീക്ഷകർ വിലയിരുത്തിയിട്ടുള്ളത്. യഥാർഥ കഥയെന്ന നിലക്കാണത് മാർക്കറ്റ് ചെയ്യപ്പെട്ടത്. ലവ്ജിഹാദ് സിദ്ധാന്തം സ്ഥാപിക്കാനായി അതിൽ ചേർത്ത കള്ളങ്ങൾ ബോധ്യപ്പെട്ട കോടതി, ഇതൊരു സങ്കൽപ കഥയാണെന്ന് പ്രത്യേകം കാണിക്കാൻ കൽപിക്കുകയായിരുന്നു. ഈ സിനിമയെയോ അതിനുനൽകിയ പുരസ്കാരത്തെയോ രാജ്യക്ഷേമമാഗ്രഹിക്കുന്നവർക്ക് ആഘോഷിക്കാനാകില്ല. മലയാളത്തിന് കിട്ടിയ പുരസ്കാരങ്ങളെ ‘കേരളസ്റ്റോറി’ എന്ന് പേരിട്ട് ആഘോഷിക്കുന്നത് അനുചിതം തന്നെ.

തലക്കെട്ട് കൊഴുപ്പിക്കാൻ മറ്റെല്ലാം അവഗണിക്കുക എന്ന കെണി പത്രങ്ങൾ സ്വയം ഉണ്ടാക്കിവെച്ചിട്ടുണ്ട്. ആ കെണിയിൽ വീഴുകയാണ് മാധ്യമം ചെയ്തത്. തലക്കെട്ടെഴുത്ത് കുറച്ചുകാലമായി ജേണലിസത്തിന്റെ ഭാഗമെന്നതുവിട്ട് സാഹിത്യമെഴുത്തായി പോയിട്ടുണ്ട്. അലങ്കരിക്കാനുള്ള വാശിയിൽ പല​പ്പോഴും നിലവാരമില്ലാത്ത സാഹിത്യവുമായിപ്പോകുന്നു. നിലപാടിനെ തെറ്റിദ്ധരിപ്പിക്കുകകൂടി ചെയ്യുമ്പോൾ അത് അപായരേഖ കടന്നു എന്നുതന്നെ കരുതണം. തലക്കെട്ടുകളെ വ്യാജ ചമൽക്കാരങ്ങളുടെ പിടിയിൽനിന്ന്, ജേണലിസത്തിന്റെ വരുതിയിലേക്ക് തിരിച്ചുകൊണ്ടുവരാൻ സമയമായി.


News Summary - Genocid in media scan