വംശഹത്യയുടെ കൈപ്പുസ്തകം

മാധ്യമങ്ങളെങ്ങനെ വംശഹത്യക്കുള്ള ഉപകരണങ്ങളാക്കപ്പെടുന്നു എന്നതിന്റെ നേർതെളിവുകൂടിയായിരുന്നു അഡോൾഫ് ഹിറ്റ്ലറുടെ കാലം. തന്റെ പദ്ധതികളെപ്പറ്റി മുൻകൂട്ടിത്തന്നെ മൈൻ കംഫ് (എന്റെ സമരം) എന്ന തന്റെ പുസ്തകത്തിൽ ഹിറ്റ്ലർ വിവരിച്ചിരുന്നു. ആ പുസ്തകത്തിന് ലോകം ഗൗരവപ്പെട്ട ശ്രദ്ധ കൊടുത്തിരുന്നുവെങ്കിൽ, പിൽക്കാലത്തെ പല കെടുതികളും ഒഴിവാക്കാമായിരുന്നു എന്ന് യു.എസ് ജേണലിസ്റ്റ് വില്യം ഷയറർ ചൂണ്ടിക്കാട്ടുന്നുണ്ട്. കാരണം, പുസ്തകത്തിന്റെ ഒന്നാം ഭാഗത്ത് നാസിസത്തിന്റെ പ്രത്യയശാസ്ത്രവും രണ്ടാം ഭാഗത്ത് അതിന്റെ രാഷ്ട്രീയ പ്രയോഗവും കൃത്യമായി വർണിക്കുന്നുണ്ട്. മൈൻ കംഫിന്റെ ശതാബ്ദിയാണ് ഈ വർഷം...
Your Subscription Supports Independent Journalism
View Plansമാധ്യമങ്ങളെങ്ങനെ വംശഹത്യക്കുള്ള ഉപകരണങ്ങളാക്കപ്പെടുന്നു എന്നതിന്റെ നേർതെളിവുകൂടിയായിരുന്നു അഡോൾഫ് ഹിറ്റ്ലറുടെ കാലം. തന്റെ പദ്ധതികളെപ്പറ്റി മുൻകൂട്ടിത്തന്നെ മൈൻ കംഫ് (എന്റെ സമരം) എന്ന തന്റെ പുസ്തകത്തിൽ ഹിറ്റ്ലർ വിവരിച്ചിരുന്നു. ആ പുസ്തകത്തിന് ലോകം ഗൗരവപ്പെട്ട ശ്രദ്ധ കൊടുത്തിരുന്നുവെങ്കിൽ, പിൽക്കാലത്തെ പല കെടുതികളും ഒഴിവാക്കാമായിരുന്നു എന്ന് യു.എസ് ജേണലിസ്റ്റ് വില്യം ഷയറർ ചൂണ്ടിക്കാട്ടുന്നുണ്ട്. കാരണം, പുസ്തകത്തിന്റെ ഒന്നാം ഭാഗത്ത് നാസിസത്തിന്റെ പ്രത്യയശാസ്ത്രവും രണ്ടാം ഭാഗത്ത് അതിന്റെ രാഷ്ട്രീയ പ്രയോഗവും കൃത്യമായി വർണിക്കുന്നുണ്ട്.
മൈൻ കംഫിന്റെ ശതാബ്ദിയാണ് ഈ വർഷം –ഒന്നാംഭാഗം പ്രസിദ്ധപ്പെടുത്തിയത് 1925 ജൂലൈ 18നായിരുന്നു. രണ്ടാം ഭാഗം അടുത്ത വർഷവും. അതിൽ പറയുന്ന കാര്യങ്ങളാണ്, 1933ൽ അധികാരത്തിൽ വന്നശേഷം ഹിറ്റ്ലർ ചെയ്തത്. ഒരു നൂറ്റാണ്ട് പിന്നിടുമ്പോൾ ആ ഗ്രന്ഥത്തിന്റെയും ഗ്രന്ഥകർത്താവിന്റെയും പകർപ്പുകളെന്നു പറയാവുന്നവ ലോകത്ത് പലേടത്തുമായി നാം കണ്ടുകൊണ്ടിരിക്കുന്നു. ഹിറ്റ്ലറുടെ ഇരകളായിരുന്ന ജൂതവംശജരുടെ പേരിൽ ഇന്ന് കൂടുതൽ ക്രൂരമായ വംശഹത്യ ഫലസ്തീനിൽ നടക്കുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ വംശീയപക്ഷക്കാർ ആധിപത്യം നേടുന്നു.
അധികാരഭ്രാന്തനായ ഒരു വിവരംകെട്ടവന്റെ രചനയായാണ് അന്നുതന്നെ മൈൻ കംഫിനെ പലരും വിലയിരുത്തിയത്. ‘നുണകൾക്കും വിഡ്ഢിത്തത്തിനും ഭീരുത്വത്തിനുമെതിരായ നാലര വർഷക്കാലത്തെ സമരം’ എന്നായിരുന്നു അതിന് ആദ്യം കൊടുത്ത പേര്. നിറയെ അക്ഷരത്തെറ്റുകൾ; വ്യാകരണപ്പിഴകൾ. ‘‘പാതി വിദ്യാഭ്യാസം മാത്രമുള്ള ഒരാളുടെ രചന’’ എന്നാണ് അന്ന് അതിനെ ചിലർ വിശേഷിപ്പിച്ചതെന്ന് ദ നെറ്റ് പേപ്പർ ഓൺലൈൻ പത്രികയിൽ മുതിർന്ന ജേണലിസ്റ്റ് കൃഷ്ണപ്രസാദ് ചൂണ്ടിക്കാട്ടുന്നു.
കൃഷ്ണപ്രസാദ് തുടരുന്നു: ‘‘പക്ഷേ, അൽപവിദ്യർക്കുമുണ്ടല്ലോ ആരാധകർ. ഹിറ്റ്ലറുടെ മൈൻ കംഫിൽനിന്ന് പ്രചോദനമുൾക്കൊണ്ടവരിൽ, ഭൂഗോളത്തിന്റെ മറുവശത്തായി മൂന്നു മാസങ്ങൾക്കുശേഷം, 1925 സെപ്റ്റംബറിൽ, ജന്മംകൊണ്ട ഒരു ഗൂഢ സംഘടനയുടെ സ്ഥാപകരുമുണ്ടായിരുന്നു. ആ സംഘടനക്ക് അവരിട്ട പേര് രാഷ്ട്രീയ സ്വയം സേവക് സംഘ് എന്നായിരുന്നു.’’
മൈൻ കംഫിൽ വിവരിച്ച അധികാര തന്ത്രങ്ങളിൽ പ്രധാനമായിരുന്നു മാധ്യമങ്ങൾ വഴിയുള്ള പ്രചാരണം. പ്രചാരണ തന്ത്രത്തിന്റെ മുഖ്യ വശങ്ങൾ വംശ മേധാവിത്വം (ആര്യവംശം ഏറ്റവും ഉന്നതർ എന്ന വീക്ഷണം), തീവ്ര ദേശീയത, അപരവിദ്വേഷം (ജൂതന്മാർ ദേശവിരുദ്ധരും ഒഴിവാക്കപ്പെടേണ്ടവരുമെന്ന വീക്ഷണം), വ്യക്തിപൂജ (അനിഷേധ്യനും അവതാര പുരുഷനുമായ നേതാവിൽ എല്ലാം കേന്ദ്രീകരിക്കൽ; ജർമനിയെ രക്ഷിക്കാൻ ദൈവം തിരഞ്ഞെടുത്തതാണ് തന്നെ എന്ന് ഹിറ്റ്ലർ), ജനങ്ങളുടെ നിരാശാബോധം മുതലെടുക്കൽ, വികാരക്ഷോഭമുയർത്തുന്ന മുദ്രാവാക്യങ്ങൾ, സൈനികാധിപത്യത്തിലും അധികാര വ്യാപനത്തിലുമുള്ള താൽപര്യം എന്നിവയായിരുന്നു.
ജർമനിയുടെ ‘ഫ്യൂറർ’ (1933-45) എന്ന നിലയിൽ ഹിറ്റ്ലർ, പൊതുജനവികാരം അധികാരത്തുടർച്ചക്കും വംശഹത്യക്കും അനുകൂലമാക്കാൻ മാധ്യമങ്ങളെ നന്നായി ഉപയോഗപ്പെടുത്തി. അതിനായി പ്രത്യേകം നിയോഗിച്ച പ്രോപഗൻഡ മന്ത്രിയായിരുന്നു യോസെഫ് ഗേബൽസ്.
പത്രങ്ങൾ, റേഡിയോ, ഫിലിം, സാഹിത്യം തുടങ്ങിയ മേഖലകളിലെല്ലാം ഗേബൽസിന്റെ നേതൃത്വത്തിൽ നാസി പാർട്ടി ആധിപത്യം പിടിച്ചെടുത്തു. ജർമനിയുടെ രക്ഷകനും ചോദ്യംചെയ്തുകൂടാത്ത അതിമാനുഷനുമായി ഹിറ്റ്ലറുടെ പ്രതിച്ഛായ വളർത്തി. ഒരു ജനത, ഒരു രാജ്യം, ഒരു നേതാവ് എന്ന് മുദ്രാവാക്യം. ജൂതന്മാരടക്കമുള്ള ന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷം പരത്തി; ആ വിദ്വേഷം മുതലെടുത്ത് വിവേചന നിയമങ്ങൾ നിർമിച്ചു. ജൂതർക്കും കമ്യൂണിസ്റ്റുകൾക്കുമെതിരെ ഭീതി വളർത്തിക്കൊണ്ടും അധികാരം ശക്തിപ്പെടുത്തി. ന്യൂറംബർഗ് റാലികൾ പോലുള്ള ആൾക്കൂട്ട ശക്തിപ്രകടനങ്ങളും പ്രചാരണായുധങ്ങളായി. ചരിത്രം മാറ്റിയെഴുതലും സ്കൂൾ പാഠപുസ്തകങ്ങൾ പരിഷ്കരിക്കലും നാസി പ്രചാരണത്തിലെ കരുക്കളായി.
മാധ്യമങ്ങളെ വിധേയരാക്കി. 1933ലെ ‘റൈഖ് പത്രനിയമം’, എല്ലാ പത്രപ്രവർത്തകരും റൈഖ് പ്രസ് ചേംബറിൽ രജിസ്റ്റർ ചെയ്യണമെന്ന് നിഷ്കർഷിച്ചു. അതിന്റെ ഭാഗമായി അവർ ഹിറ്റ്ലറുടെ ഭരണകൂടത്തോട് കൂറ് പ്രഖ്യാപിക്കണം. കടുത്ത ചട്ടങ്ങൾ പാലിക്കണം. എല്ലാം ദേശസ്നേഹത്തിന്റെ വിലാസത്തിൽ. അനുസരിക്കാതിരുന്ന പത്രക്കാരെ പിരിച്ചുവിട്ടു; അറസ്റ്റ് ചെയ്ത് മർദിച്ചു; ചിലപ്പോൾ വധിച്ചു.
1939ഓടെ ജർമനിയിലെ 2500ലധികം വരുന്ന പത്രങ്ങളുടെയും സകല റേഡിയോ നിലയങ്ങളുടെയും പൂർണ നിയന്ത്രണം നാസി ഭരണകൂടത്തിന്റെ കൈയിലായിരുന്നു.
അധികാരവും സമ്പത്തും മാധ്യമങ്ങളുമെല്ലാം ഉണ്ടായിട്ടും ഒടുവിൽ ഹിറ്റ്ലറും പാർട്ടിയും ദയനീയമായ രീതിയിൽ പിന്നീട് അന്ത്യംവരിച്ചു എന്നത് മറ്റൊരു ചരിത്രപാഠം.
തലക്കെട്ടുകളിൽനിന്ന്
‘സപ്തതി നിറവിൽ സ്വർണം; ട്രംപിന്റെ തീരുവയിൽ കർഷകർക്ക് നഷ്ടങ്ങളുടെ വിഷുക്കൈനീട്ടം’ –ഒരു ബിസിനസ് വാർത്തയുടെ (മംഗളം, ഏപ്രിൽ 14) തലക്കെട്ടാണിത്. സ്വർണത്തിന്റെ വില പവന് 70,000 രൂപ കടന്നതും, അമേരിക്ക ചുമത്തിയ തീരുവ കാരണം റബറിന്റെ വില ഇടിഞ്ഞതുമാണ് വിഷയം. ഒരു വായനക്കാരന്റെ ചോദ്യം, അതങ്ങ് നേരെ പറഞ്ഞാൽ പോരേ എന്നാണ്. റിപ്പോർട്ടിലെന്തിന് ഇത്ര സങ്കീർണമായ സാഹിത്യം?
നിമിഷപ്രിയയെപ്പറ്റി വന്ന വാർത്തകളിൽ ഒന്നിനെപ്പറ്റി: അവരുടെ വധശിക്ഷക്ക് തീയതി നിശ്ചയിച്ച റിപ്പോർട്ട് ജൂലൈ 9ന് വന്നു. അവിടെ അവരുടെ പേരുവെച്ചു കളിച്ചതിലെ അനൗചിത്യം മറ്റൊരു വായനക്കാരൻ ചൂണ്ടിക്കാട്ടുന്നു: ‘നിമിഷപ്രിയക്ക് അന്ത്യ നിമിഷം’ എന്നായിരുന്നു കേരള കൗമുദി തലക്കെട്ട്.
വാക്കുകളുടെ സ്ഥാനം പലപ്പോഴും പ്രധാനമാണ്. ജൂലൈ 17ന് മാതൃഭൂമിയിൽ കണ്ട ഒരു ചരമവാർത്തയുടെ തലക്കെട്ട്: ‘ഇടവിട്ട ദിവസങ്ങളിൽ വയോധികരായ സഹോദരന്മാർ മരിച്ചു.’ ആ സഹോദരൻമാർ ഇടവിട്ട ദിവസങ്ങളിൽ വയോധികരും മറ്റു ദിവസങ്ങളിൽ ചെറുപ്പക്കാരുമായി കഴിയുകയായിരുന്നോ എന്നൊന്നും വായനക്കാർ ചോദിക്കില്ലെങ്കിലും തലക്കെട്ടിലെ അഭംഗി പ്രകടമാണ്. ‘സഹോദരങ്ങളായ വയോധികർ ഇടവിട്ട ദിവസങ്ങളിൽ മരിച്ചു’ എന്നാണ് മാധ്യമം തലക്കെട്ട്. ‘ഇടവിട്ട’ എന്ന വാക്ക് അതിന്റെ സ്ഥാനത്തിരുന്നപ്പോൾ അഭംഗിയില്ല.
എന്നാൽ, ജൂലൈ 17ലെ തന്നെ മറ്റൊരു മാധ്യമം വാർത്തയിൽ മറ്റൊരു തരം അനൗചിത്യമുണ്ട്. ‘സി.വി. പത്മരാജൻ അന്തരിച്ചു’ എന്ന തലക്കെട്ടിനു താഴെ ഉപശീർഷകമായി ഇങ്ങനെ: ‘മുൻ മന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്നു.’ ‘മന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്നു’ എന്ന് മതിയല്ലോ. ‘മുൻ’ എന്ന് തുടക്കത്തിലും ‘ആയിരുന്നു’ എന്ന് അവസാനത്തിലും ചേർത്ത് ഇരട്ടിപ്പിക്കുന്ന ഇത്തരം ശൈലീഭംഗം പത്രങ്ങളിൽ പതിവായി കാണുന്നു.
സൂക്ഷ്മതക്കുറവിന്റെ വേറെയും ഉദാഹരണങ്ങളുണ്ട്. 1975 ജൂൺ 25ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ 50ാം വർഷം എപ്പോഴാണ്? കെ.ടി. സദറുദ്ദീൻ മാധ്യമത്തിന്റെ 2024ലെയും 2025ലെയും ജൂൺ 25 പതിപ്പുകൾ എടുത്തുകാട്ടുന്നു. ‘50 ആണ്ടിനിപ്പുറം’ എന്ന് 2024ലെ തലക്കെട്ട്. ‘അടിയന്തരാവസ്ഥക്ക് അമ്പത്’ എന്ന് 2025ൽ. ഏതാണ് ശരി?
‘‘അധികാരികളുടെ പിഴവുകൾ ചൂണ്ടിക്കാട്ടിയാൽ...’’ എന്ന ‘മീഡിയസ്കാൻ’ കുറിപ്പിനെപ്പറ്റി ടി.ഐ. ലാലു: ‘‘വിയോജിപ്പുകൾ പ്രകടിപ്പിക്കാൻ ഇടമുണ്ടെന്നതാണ് ജനാധിപത്യത്തിന്റെ മനോഹാരിതയായി ചൂണ്ടിക്കാട്ടാറുള്ളത്... ജനാധിപത്യത്തിന്റെ കപടവേഷം കെട്ടിയിട്ടുള്ള സമകാലിക ഫാഷിസ്റ്റ് ശക്തികൾക്കിത് അസ്വാസ്ഥ്യമുണ്ടാക്കുന്നു. അവർ പത്ര മാധ്യമങ്ങളെ ശ്വാസംമുട്ടിക്കാൻ ഏതറ്റംവരെ പോകാനും ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നു. ജനാധിപത്യ വിശ്വാസികൾക്ക് ഇതിനെതിരെ പ്രതികരിക്കാൻ ബാധ്യതയുണ്ട്.’’