കമ്യൂണിസ്റ്റ് ആഭിമുഖ്യം
കടുത്തയുടെ അടുത്ത ഭാഗം

മഹാരാജാസ് കോളജ് പഠനത്തിനിടെ തന്നിലെ രാഷ്ട്രീയ കാഴ്ചപ്പാടുകളിലും ചിന്തകളിലും വരുന്ന മാറ്റങ്ങളെക്കുറിച്ചാണ് ഇൗ അധ്യായത്തിൽ എഴുതുന്നത്. താനെങ്ങനെ കമ്യൂണിസത്തിലേക്കും പിന്നെ നക്സലൈറ്റ് പ്രസ്ഥാനത്തിലേക്കും ചാഞ്ഞുവെന്നും വിശദമാക്കുന്നു. കാട്ടിക്കുന്നിൽ പണിക്കന്റെ മുത്തച്ഛനും മുത്തമ്മയും എന്നെ പുള്ളയെന്ന് വിളിവിളിച്ച് തങ്ങളുടെ ബന്ധുത്വം പ്രഖ്യാപിച്ചത് ഞാനെന്റെ ഗോത്രഭൂമിക്ക് ഏറെ അകലെ അല്ല എന്ന തോന്നലുണ്ടാക്കി. ഗോത്രഭൂമികയിലെ സ്നേഹവാത്സല്യങ്ങളുടെ ഭാഷയാണിത്. ഭാഷ അന്യംനിന്നുപോകുമ്പോഴും മരണമില്ലാത്ത മൂല്യം അതിനുണ്ടാവും. ഇതേ ചേതോവികാരം െകാണ്ടാവാം ഒരിക്കൽ...
Your Subscription Supports Independent Journalism
View Plansമഹാരാജാസ് കോളജ് പഠനത്തിനിടെ തന്നിലെ രാഷ്ട്രീയ കാഴ്ചപ്പാടുകളിലും ചിന്തകളിലും വരുന്ന മാറ്റങ്ങളെക്കുറിച്ചാണ് ഇൗ അധ്യായത്തിൽ എഴുതുന്നത്. താനെങ്ങനെ കമ്യൂണിസത്തിലേക്കും പിന്നെ നക്സലൈറ്റ് പ്രസ്ഥാനത്തിലേക്കും ചാഞ്ഞുവെന്നും വിശദമാക്കുന്നു.
കാട്ടിക്കുന്നിൽ പണിക്കന്റെ മുത്തച്ഛനും മുത്തമ്മയും എന്നെ പുള്ളയെന്ന് വിളിവിളിച്ച് തങ്ങളുടെ ബന്ധുത്വം പ്രഖ്യാപിച്ചത് ഞാനെന്റെ ഗോത്രഭൂമിക്ക് ഏറെ അകലെ അല്ല എന്ന തോന്നലുണ്ടാക്കി. ഗോത്രഭൂമികയിലെ സ്നേഹവാത്സല്യങ്ങളുടെ ഭാഷയാണിത്. ഭാഷ അന്യംനിന്നുപോകുമ്പോഴും മരണമില്ലാത്ത മൂല്യം അതിനുണ്ടാവും. ഇതേ ചേതോവികാരം െകാണ്ടാവാം ഒരിക്കൽ മിഡ്നാപ്പൂരിലെ (പശ്ചിമ ബംഗാൾ) ആദിവാസികൾ കൂട്ടത്തിൽനിന്ന് എന്നെ മാത്രം തിരിച്ചറിഞ്ഞ് ബന്ധുത്വം പ്രഖ്യാപിച്ചതും. തങ്ങളുടെ ഭവനങ്ങളിലേക്ക് ക്ഷണിച്ച് കൊണ്ടുപോയതും. ഗോത്രഭൂമിയിലെ എന്റെ മുത്തശ്ശിമാരെപ്പോലെ പണിക്കന്റെ മുത്തശ്ശിയും മേൽവസ്ത്രം ഉപയോഗിച്ചിരുന്നില്ല. ഒരു വെള്ളക്കെട്ടിനടുത്തുള്ള ഓലമാടമായിരുന്നു മുത്തച്ഛന്റെ വീട്. ഏകാന്തവാസം. പടിയിറങ്ങുന്നൊരു സംസ്കൃതിയുടെ ഒടുക്കത്തെ അടയാളങ്ങൾ.
നാല് പെൺമക്കളും നാല് ആൺമക്കളുമുള്ള അച്ഛനമ്മമാരായിരുന്നു പണിക്കന്റേത്. കഷ്ടപ്പാടുകൾക്കിടയിൽ അത്ര വലിയൊരു കുടുംബമായിരുന്നിട്ടും എന്നെയും അവർ തങ്ങളുടെ മകനിലൊരാളായി കരുതി. പണിക്കന്റെ താഴെയുള്ള കുട്ടികൾക്ക് ഞാൻ ചേട്ടനായി. എനിക്കോ, അവരുടെ മാതാപിതാക്കൾ എന്റെയും മാതാപിതാക്കളായി. പണിക്കെന്റ പാപ്പന്മാർ (കൊച്ചച്ഛന്മാർ) എന്നെക്കാൾ എത്രയോ പ്രായം കുറഞ്ഞവർ, എന്നെ മകനെ എന്നു വിളിച്ചു. ഞാനവരെ പാപ്പന്മാരെന്നും. എനിക്ക് കാട്ടിക്കുന്ന് തുരുത്ത് വല്യച്ഛന്മാരുടെയും വല്യമ്മമാരുടെയും, ചേട്ടന്മാരും ചേച്ചിമാരുമുള്ള ലോകമായിരുന്നു. ആൺ-പെൺ ഭേദമന്യേ പുലയ കുട്ടികൾക്ക് ഞാനൊരു േജ്യഷ്ഠനും.
എന്നാൽ, മറ്റു വിഭാഗങ്ങൾക്കിടയിൽ ഇത്തരമൊരു ബന്ധുത്വം എളുപ്പമല്ലായിരുന്നു. തങ്ങൾക്ക് താഴെയാണെന്ന് കരുതുന്നവർക്ക് മുന്നിൽ അടച്ചുകൂട്ടുന്ന ജീവിതമാണവരുടേത്. തങ്ങളുടെ ഗ്രൂപ്പിൽപ്പെടാത്ത മറ്റ് ആർക്കുംവേണ്ടി അവർ വാതിൽ തുറക്കില്ല. സ്നേഹവും സാഹോദര്യവും സൗഹൃദവും ആദരവുമെല്ലാം തങ്ങൾക്കിടയിലും തങ്ങൾക്ക് മുകളിൽ ഉള്ളവരുമായിമാത്രം. തങ്ങളുടെ വേലക്കാരായി ജീവിക്കുകയും തങ്ങൾക്കു മുന്നിൽ ഓച്ചാനിച്ച് നിൽക്കുകയും തങ്ങളുടെ വാടാ പോടാ വിളികൾ അനുസരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിൽപെട്ടവർ, തങ്ങൾക്ക് സമന്മാരല്ലെന്ന ചിന്തയാണ് അവരെ നയിക്കുന്നത്. മനുഷ്യബന്ധങ്ങളുടെ മൂല്യമറിയാത്തവരായി ജീവിക്കേണ്ടി വരുന്നുവെന്നതാണ് സംസ്കൃതി അവർക്ക് നൽകുന്ന ദുര്യോഗം. തങ്ങളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നവർക്ക് അതുതന്നെ തിരിച്ചുനൽകാൻ കഴിയാതാവുന്ന ഈ ദുര്യോഗം മനുഷ്യപ്രകൃതിയിലുള്ള അപമാനമാണ്.
ഞാൻ കുറച്ചുനാൾ വീട്ടിൽചെല്ലുന്നില്ലെങ്കിൽ അന്വേഷിക്കുകമാത്രമല്ല, ചിലപ്പോൾ എന്നെ തിരക്കി ഹോസ്റ്റലിലും വരുമായിരുന്നു പണിക്കന്റെ അമ്മ. എന്റെ വായന ഏറെ സജീവമായ കാലത്തും രാഷ്ട്രീയ പ്രവർത്തനത്തിന്റെ തുടക്കത്തിലുമെല്ലാം കാട്ടിക്കുന്ന് എനിക്കൊരു സ്വന്തം ദേശമായിരുന്നു. പണിക്കന്റെ വീടുപോലെ തന്നെ. രാത്രികാലത്തുപോലും ഇക്കരെ നിന്ന് അപ്പച്ഛനെയോ പണിക്കനെയോ വിളിച്ചാൽ അവരെത്തുന്നതിനു മുമ്പുതന്നെ വള്ളവുമായി അമ്മ എത്തും. അത്താഴത്തിലെ പങ്ക് എനിക്കായി എന്നും ഡസ്കിന്റെ പുറത്ത് വെച്ചിരിക്കും.
അടിയന്തരാവസ്ഥ കാലത്ത് ജയിലിലാണെന്ന് അറിഞ്ഞപ്പോൾ പെറ്റമ്മക്ക് പുറമെ കരഞ്ഞുനടന്നൊരമ്മ. ഞാൻ അവരുടെ മകനാണെന്നുപറഞ്ഞ് എന്റെ അമ്മയെ സ്തബ്ധയാക്കി സൗഹൃദം പങ്കിട്ട അമ്മ. ഇടവട്ടത്ത് രാഘവന്റെ അമ്മയും എന്റെ ജയിൽവാസത്തിൽ വ്യാകുലയായിരുന്നുവെന്ന് അവിടത്തെ പെൺകുട്ടികൾ പറഞ്ഞു. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള സാമൂഹിക വിഭജനത്തെക്കുറിച്ചും കമ്യൂണിസ്റ്റുകാർ ഇല്ലാത്തവരുടെ പക്ഷത്താണെന്നുമെല്ലാം ആദ്യം ബോധ്യപ്പെടുത്തിയത് കെ.സി. രവീന്ദ്രനാണ്. യുക്തി ചിന്തകൾക്കൊപ്പം രാഷ്ട്രീയ അന്വേഷണങ്ങളും തുടങ്ങി.
ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ചിഹ്നമായ പശുവിനും കിടാവിനും വോട്ട് ചെയ്യാൻ പോകുന്ന കുടിയിലെ മുതിർന്നവരാണ് ആദ്യത്തെ രാഷ്ട്രീയ അനുഭവം. കുസുമം ജോസഫാണ് വോട്ട് നൽകുന്ന സ്ഥാനാർഥി. കൊച്ചുപുരക്കൽ രാമൻ (കാണിക്കാരൻ) കുടിയിലെത്തി ആർക്ക് വോട്ട് ചെയ്യണമെന്ന് പറയും. കാണിക്കാരന്മാരാണ് അന്ന് അരയന്മാരും ഊരാളിമാരും ആർക്ക് വോട്ടു ചെയ്യണമെന്ന് നിശ്ചയിച്ചിരുന്നത്. അവരുടെ നേതാക്കളായി ക്രിസ്ത്യാനികളായ കോൺഗ്രസുകാരും. എമ്മനും തൊമ്മനും ഒന്നാണെ, ഗൗരി അവരുടെ പങ്കാണെ എന്നും മന്നം പൂട്ടിയ സ്കൂൾ തുറക്കാൻ എം.എന്റെ കൈയിൽ താക്കോൽ ഉണ്ടോ എന്നുമുള്ള ചില മുദ്രാവാക്യങ്ങൾ മനസ്സിൽ പതിഞ്ഞിരുന്നു. ’64ലെ കേരളാ കോൺഗ്രസിന്റെ മുന്നേറ്റവും ’67ലെ കമ്യൂണിസ്റ്റ് വിജയവുമെല്ലാം മനസ്സിലുണ്ടായിരുന്നെങ്കിലും കോൺഗ്രസ് ആഭിമുഖ്യവുമായിട്ടാണ് കോളജിലെത്തുന്നത്.
എന്നാൽ, കോൺഗ്രസ് ഉള്ളവരുടെ പക്ഷത്താണെന്നും സമ്പന്ന താൽപര്യങ്ങളാണ് പരിരക്ഷിക്കുന്നതെന്നും തിരിച്ചറിയാൻ തുടങ്ങിയപ്പോൾ അതിനോടുള്ള ആഭിമുഖ്യം കുറഞ്ഞു. ഇത് കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിലേക്ക് ആകൃഷ്ടനാകുന്നതിന് ഇടയാക്കി. കമ്യൂണിസ്റ്റ് നേതൃത്വത്തിൽ നടന്ന ഭൂ സമരങ്ങൾ ഏറെ ശ്രദ്ധിച്ചിരുന്നു. ഭൂപരിഷ്‍കരണത്തിനുവേണ്ടിയുള്ള കമ്യൂണിസ്റ്റ് നീക്കത്തെ സ്വാഗതം ചെയ്തു. എന്നാൽ, കൊടിയുടെ ചുവപ്പിനേക്കാൾ കൊടി പിടിക്കുന്നവരുടെ കറുപ്പായിരുന്നു എന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകർഷിച്ച മുഖ്യ ഘടകം. നഗരം ചുവക്കുമ്പോഴെല്ലാം അതിനുള്ളിലെ കറുത്തു കരുവാളിച്ച സ്ത്രീകളുടെയും പുരുഷന്മാരുടെയും വൻ നിരകളോടൊപ്പം എന്റെ മനസ്സും ചേർന്നു. കോളജിൽ നടന്ന വിദ്യാർഥി രാഷ്ട്രീയ ചേരിതിരിവുകളിൽ ദലിത് വിദ്യാർഥികൾ ഭൂരിപക്ഷവും കമ്യൂണിസ്റ്റ് പക്ഷത്തായിരുന്നു. കോളജിൽ നടക്കുന്ന വിദ്യാർഥി രാഷ്ട്രീയ സംഘർഷങ്ങളിൽ കോൺഗ്രസ് മർദനമേൽക്കേണ്ടിവരുന്നവർ ഭൂരിപക്ഷം അവർതന്നെ. ഇത്തരം സംഘർഷങ്ങൾക്കിടയിൽ ഒരിക്കൽ മലയാളം ഡിപ്പാർട്മെന്റിന്റെ വരാന്തയിൽനിന്ന് ആത്മഗതംപോലെ അധ്യാപകനായ എം.കെ. സാനു പറയുന്നത് കേട്ടു, ‘‘ഇത്ര വലിെയാരു സംഘട്ടനം’’ കണ്ടിട്ടില്ലെന്ന്. ദലിതനായ തീപ്പൊരി തങ്കപ്പനെ കോൺഗ്രസ് ഗുണ്ടകൾ ഭിത്തിയിൽ ചേർത്തുവെച്ച് ചവിട്ടി ഞെരിക്കുന്നത് ഭീതിയോടെ നോക്കിനിന്നു. എം.എ വിദ്യാർഥിയായിരുന്ന തൃശൂർ ഉറുമ്പുകുന്ന് സ്വദേശി അയ്യപ്പൻ ചേട്ടനെ കോൺഗ്രസ് ഗുണ്ടകൾ സുഭാഷ് പാർക്കിൽ വെച്ച് ക്രൂരമായി മർദിച്ചപ്പോഴും ബുദ്ധിമുട്ട് തോന്നി.
ഒരിക്കൽ കമ്യൂണിസ്റ്റ് ആഭിമുഖ്യമുള്ള വിദ്യാർഥി സംഘടന രൂപവത്കരണവുമായി ബന്ധപ്പെട്ട് പെരുമ്പാവൂരിൽ ഒരു മീറ്റിങ്ങിന് പോയിരുന്നു. അതിനുമുമ്പ് വിദ്യാർഥികൾ നടത്തിയ പഠിപ്പുമുടക്കലിലും തേവര കോളജിലേക്ക് നടത്തിയ ജാഥയിലും പങ്കെടുത്തതാണ് ആദ്യത്തെ പ്രായോഗിക രാഷ്ട്രീയ നടത്തം. സമരം നേരിടുന്നതിനായി കോളജ് അധികൃതർ ഫസ്റ്റ് േഫ്ലാറിലേക്കുള്ള ഷട്ടറുകൾ അടച്ചിട്ടിരുന്നു. കോവണി വെച്ച് ചില കുട്ടികൾ മുകളിൽ കയറി. ഇരച്ചുകയറാൻ ശ്രമിച്ചപ്പോൾ കോവണി ഒടിഞ്ഞ് ചിലർ നിലത്തുവീണു. കോളജിന്റെ ജനൽ ചില്ലുകളും മറ്റും അടിച്ചുതകർത്തു. അന്ന് വൈകീട്ട് സുഭാഷ് പാർക്കിൽ െവച്ച് രണ്ട് പൊലീസുകാർ പറയുന്നുണ്ടായിരുന്നു, വൈകിയെത്തിയതു നന്നായി. അല്ലെങ്കിൽ വിദ്യാർഥികളുമായി സംഘർഷമുണ്ടാകുമായിരുന്നുവെന്ന്. ടി.കെ. രാമചന്ദ്രനും അഷ്റഫ് പടിയത്തും പവിത്രനുമൊക്കെ ആയിരുന്നു വിദ്യാർഥി നേതൃത്വം. ടി.കെ. രാമചന്ദ്രൻ ശ്രദ്ധേയനായ രാഷ്ട്രീയചിന്തകനും എഴുത്തുകാരനും ആയിരുന്നു. അ്ഷറഫ് പടിയത്ത് വക്കീലും പവിത്രൻ സിനിമാ സംവിധായകനും. ഇവരെല്ലാം അകാലത്തിൽ പൊലിഞ്ഞുപോയി. ഈ വിദ്യാർഥിബന്ധം ഏതെങ്കിലും കമ്യൂണിസ്റ്റ് പാർട്ടികളിലേക്ക് നയിച്ചില്ല. അതിനിടയിൽ കേരളത്തിലാകെ ചർച്ചചെയ്യപ്പെട്ടുകൊണ്ടിരുന്ന നക്സലൈറ്റ് പ്രവർത്തനങ്ങൾ ശ്രദ്ധ ആകർഷിച്ചു.
ഞാനെങ്ങനെ നക്സലൈറ്റായി
പ്രീഡിഗ്രി കഴിഞ്ഞപ്പോൾ മഹാരാജാസ് കോളജിൽ തന്നെ ബി.എസ്‍സി സുവോളജിക്ക് പ്രവേശനം കിട്ടി. കോസ്മോ പൊളിറ്റൻ ഹോസ്റ്റലിൽ താമസ സൗകര്യവും. സുവോളജി പഠിക്കാൻ അവസരം കിട്ടിയപ്പോൾ മെഡിസിന് പഠിക്കണമെന്ന ചെറിയ മോഹമുണ്ടായി. ഇക്കാര്യം വീട്ടിൽ സൂചിപ്പിച്ചതിനാൽ കുടിയിലും അഭ്യുദയകാംക്ഷികൾക്കിടയിലും ഞാനൊരു ഡോക്ടർ ആകുമെന്ന പ്രതീക്ഷക്ക് ഇടയാക്കി. പാടില്ലാത്തതായിരുന്നു. അപ്പോഴേക്കും എന്റെ മനസ്സും ചിന്തയും അത്രമാത്രം ചഞ്ചലവും സാമൂഹിക രാഷ്ട്രീയ അന്വേഷണങ്ങളിൽ വ്യാപൃതവുമായിരുന്നു. സാമൂഹിക സംവിധാനത്തിലും അതിന്റെ നീതിബോധത്തിലും ധാർമികതയിലും വ്യവസ്ഥാപിതമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലുമെല്ലാം സംശയാലുവായി. അനീതികളോടും അസമത്വങ്ങളോടുമുള്ള അമർഷവും അധീശത്വത്തോടുള്ള നിഷേധവുമെല്ലാം വ്യക്തിത്വത്തിന്റെ ഭാഗമായി. വിവേചനങ്ങൾക്കും പീഡനങ്ങൾക്കും വിധേയമാക്കപ്പെടുന്നവരോടുള്ള പക്ഷപാതിത്വം ശക്തിപ്പെട്ടു.
സ്വയം തീരുമാനങ്ങളെടുക്കേണ്ടി വരുന്ന യൗവനത്തിന്റെ പ്രതിസന്ധി ചെറുതായിരുന്നില്ല. പഠിച്ചു നന്നാകണമെന്ന ആഗ്രഹമല്ലാതെ നഗരത്തിലേക്ക് അയച്ചവർക്ക് മറ്റൊരു സ്വപ്നവുമുണ്ടായിരുന്നില്ല. ഒരർഥത്തിൽ സ്വപ്നങ്ങൾ കാണാത്ത ജീവിതം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമാണിത്. വഴികാട്ടാനും കൈപിടിച്ചുയർത്താനും ഉറ്റവരും ഉടയവരും ഇല്ലാത്തവരുടെ സ്വാതന്ത്ര്യം. അത്തരക്കാർക്ക് ജീവിതം ഒരു തെരഞ്ഞെടുപ്പാണ്. അത് സൃഷ്ടിപരമായ നിഷേധാത്മകത ആകാം. എനിക്കത് സൃഷ്ടിപരമായിരുന്നു. സ്വയം നിർമിച്ചെടുത്ത വേരുപോലെ.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ എഡിറ്ററായിരുന്ന പി. പത്മനാഭനും എ.ജി.സിലെ സീനിയർ ഓഡിറ്ററായിരുന്ന നീലാംബരനുമെല്ലാം ഈ സമയത്ത് ഹോസ്റ്റലിലെ അന്തേവാസികളായിരുന്നു. പത്മനാഭൻ എം.എ മലയാളം വിദ്യാർഥിയും നീലാംബരൻ എം.എ ഹിന്ദിയും. പത്മനാഭനെപോലുള്ള സീനിയേഴ്സ് മറ്റുള്ളവർക്ക് മാഷ് ആയിരുന്നു. നീലാംബരൻ എല്ലാവർക്കും ഭായി. എനിക്ക് അണ്ണനും. സാധാരണ വിദ്യാർഥികളിൽനിന്ന് വ്യത്യസ്തമായി ആദർശാത്മകമായി ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്ന ഇവരോട് എനിക്കേറെ സ്നേഹവും ബഹുമാനവുമായിരുന്നു. നേരെ മറിച്ചും. കമ്യൂണിസത്തെപ്പറ്റി സാമാന്യ ധാരണകളും അനുഭവങ്ങളുമുണ്ടായിരുന്ന ഇവർ വ്യവസ്ഥാപിത കമ്യൂണിറ്റ് പാർട്ടികളെ വിമർശനാത്മകമായി കാണുന്നവരും നക്സലൈറ്റ് പ്രവർത്തനങ്ങളോട് ആഭിമുഖ്യം പുലർത്തുന്നവരുമായിരുന്നു. ഇവരിൽനിന്നാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ചും നക്സലൈറ്റ് പ്രവർത്തനത്തെ കുറിച്ചുമെല്ലാം കൂടുതലറിഞ്ഞത്.
അപ്പോഴേക്കും കുന്നിക്കൽ നാരായണനും കെ. അജിതയും ഫിലിപ് എം. പ്രസാദും വെള്ളത്തൂവൽ സ്റ്റീഫനുമെല്ലാം നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വമായി കേരളത്തിൽ അറിയപ്പെട്ടിരുന്നു. കേസിൽ പിടികിട്ടാപ്പുള്ളിയെന്ന നിലയിൽ വെള്ളത്തൂവൽ സ്റ്റീഫൻ മാധ്യമ സാന്നിധ്യമായി. നക്സലൈറ്റ് നേതാവ് വർഗീസ് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്നത് സുപ്രധാനമായൊരു ഹെഡ് ലൈൻ വാർത്തയായിരുന്നു. സൈനിക സ്വേച്ഛാധിപത്യത്തിനുകീഴിൽ ബൊളീവിയൻ കാടുകളിൽ ഏണസ്റ്റ് ചെഗുവേരക്കും ഉണ്ടായ അനുഭവം ഇവിടെയും ആവർത്തിക്കപ്പെട്ടു. പൊലീസുകാർ മാത്രമല്ല ഭരണകൂടവും ഫോർത്ത് എസ്റ്റേറ്റും ആവർത്തിച്ചുപറഞ്ഞത് വർഗീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു എന്നുതന്നെയായിരുന്നു. സത്യമറിയാൻ വഴികളുണ്ടായിരുന്നില്ല. മൂന്നു പതിറ്റാണ്ടുകൾക്കുശേഷം താനാണ് വർഗീസിന്റെ യഥാർഥ കൊലയാളി എന്നും പ്രാണഭയത്താൽ ഡിവൈ.എസ്.പി കെ. ലക്ഷ്മണയുടെ കൽപന അനുസരിക്കുക മാത്രമായിരുന്നു ചെയ്തതെന്നും കോൺസ്റ്റബിൾ രാമചന്ദ്രൻ വിളിച്ചുപറയുന്നതുവരെ പൊലീസിന്റെ കള്ളക്കഥയാണ് കേരളം വിശ്വസിച്ചത്. ദൃക്സാക്ഷിയായി ഒരാളെങ്കിലും ജീവിച്ചിരുന്നതു കൊണ്ടുമാത്രം കൊലയാളികളിൽ ഒരാൾ ശിക്ഷിക്കപ്പെട്ടു. ലക്ഷ്മണ ജയിൽവാസം തുടരുന്നു.
നക്സലൈറ്റുകളെ അമർച്ച ചെയ്യുന്നതിൽ സർക്കാറിനുണ്ടായ വൻ നേട്ടമായും കേരള പൊലീസിന്റെ അഭിമാനമായും ഈ സംഭവം ചിത്രീകരിക്കപ്പെട്ടു. സായുധനായ വർഗീസിന്റെ ജഡത്തിന്റെ ഫോട്ടോ പ്രദർശിപ്പിച്ചുകൊണ്ടാണ് മലയാള മനോരമ പോലുള്ള മാധ്യമങ്ങൾ ഈ വിജയാഹ്ലാദം കൊണ്ടാടിയത്. എന്നാൽ, നിരായുധനായിരുന്ന വർഗീസിനെ പൊലീസുകാർ പിടിച്ചുകെട്ടി വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നാണ് വിദ്യാർഥികളായിരുന്ന ഞങ്ങൾ വിശ്വസിച്ചത്. പിന്നീട് അറിഞ്ഞത് കൊലക്കുമുമ്പ് അദ്ദേഹത്തിന്റെ കണ്ണുകൾ പൊലീസുകാർ ബയണറ്റുകൊണ്ട് ചൂഴ്ന്നെടുത്തിരുന്നുവെന്നാണ്. ഒരുകാലത്ത് എറണാകുളത്തുനിന്നും എം.എ. ജോൺ പ്രസിദ്ധീകരിച്ച ‘നിർണയം’ മാസിക വർഗീസിനെ പിടികൂടുന്നതിനായി നിയോഗിക്കപ്പെട്ട പൊലീസ് സേനയുടെ അംഗബലത്തിന്റെ പെരുപ്പത്തെ ചോദ്യംചെയ്യുകയും ആദിവാസികൾക്കുമേൽ നടക്കുന്ന പൊലീസ് നീക്കത്തിൽ ആശങ്കപ്പെടുകയും ചെയ്തിരുന്നു.
നക്സലൈറ്റുകളെ വേട്ടയാടുന്നതിനായി തിരുനെല്ലിയിലും മറ്റും നടന്ന പൊലീസ് തേർവാഴ്ചയുടെ തിക്തഫലങ്ങൾ അനുഭവിക്കേണ്ടിവന്നത് ആദിവാസികളായിരുന്നു. ഇന്നും നക്സലൈറ്റ് പ്രവർത്തനങ്ങൾ നടക്കുന്ന ട്രൈബൽ മേഖലകളിൽ കാണുന്നതുപോലെ പൊലീസ് മുൻകൈയിലും സംരക്ഷണയിലും. പരമ്പരാഗത ഫ്യൂഡൽ പ്രമാണിമാരും കുടിയേറ്റക്കാരും സഖ്യം ചെയ്ത് ആദിവാസികൾക്കെതിരെ ആരംഭിച്ച ഈ അതിക്രമങ്ങൾക്കിടയിൽനിന്നാണ് രണ്ടു പതിറ്റാണ്ടുകൾക്കുശേഷം വയനാട്ടിൽനിന്ന് പ്രത്യേകിച്ച് തിരുനെല്ലിയിൽനിന്ന് നിരവധി ആദിവാസി സ്ത്രീകൾ തങ്ങൾ അവിവാഹിതരായ അമ്മമാരാണ് എന്ന് ലോകത്തോട് വിളിച്ചുപറഞ്ഞത്. ചരിത്രത്തിലുടനീളം യുദ്ധങ്ങളും പടയോട്ടങ്ങളും അതിക്രമങ്ങളും നടക്കുമ്പോൾ അനാഥ ജന്മങ്ങൾ പേറേണ്ടിവരുന്നത് സ്ത്രീകളാണല്ലോ. അത് ആദിവാസി സ്ത്രീകളാകുമ്പോൾ സമൂഹത്തിന്റെ മുകൾത്തട്ടിലുള്ള സ്ത്രീകൾക്ക്, അവർ എത്രമാത്രം ഉദ്ബുദ്ധരാണെങ്കിൽപോലും അവർക്കതൊരു പ്രശ്നമായിരുന്നില്ല, വേദനകരമായൊരു ജീവിതാനുഭവമായിരുന്നില്ല.
ബംഗാളിലെ ഡാർജിലിങ് ജില്ലയിൽപെട്ട നക്സൽബാരിയിൽ 1967ൽ നടന്ന ഭൂമിക്കുവേണ്ടിയുള്ള പോരാട്ടത്തെ ‘വസന്തത്തിന്റെ ഇടമുഴക്കം’ എന്നാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ ‘പീപ്പിൾസ് ഡെയ്‍ലി’ വിശേഷിപ്പിച്ചത്. രാജ്യത്തെമ്പാടും അതിന്റെ പ്രതിധ്വനികളുണ്ടായി. കാട്ടുതീയായി പടർന്നുപിടിച്ചൊരു തീപ്പൊരി. അതൊരു വിപ്ലവരാഷ്ട്രീയ പ്രസ്ഥാനമായി മാറി. ഇടിമുഴക്കം കേട്ടുണർന്ന ബംഗാളിലെ നൂറുകണക്കിന് കമ്യൂണിസ്റ്റ് വിപ്ലവകാരികൾ കൊലചെയ്യപ്പെട്ടു. ഉദ്ബുദ്ധരായ ബംഗാളി യുവാക്കളുടെയും വിദ്യാർഥികളുടെയും ചോരകൊണ്ട് കൊൽക്കത്തയിലെ തെരുവുകൾ ചുവന്നു. അവരുടെ ജഡങ്ങൾ ഹൂഗ്ലി നദിയിൽ ഒഴുകിനടന്നു. കഴുകന്മാർ ആർത്തിയോടെ കൊത്തിവലിച്ചു. പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ് ചാരു മജുംദാർ അറുകൊല ചെയ്യപ്പെട്ടു. എന്നാൽ, നേതൃത്വത്തെ കശാപ്പ് ചെയ്തും തുറുങ്കിലടച്ചും അണികളെ കൂട്ടക്കൊല ചെയ്തും അടിച്ചമർത്താവുന്ന പ്രസ്ഥാനമായിരുന്നില്ല അത്.
ഭൂമിക്കുവേണ്ടി സമാധാനപരമായി സമരം ചെയ്ത സ്ത്രീ-പുരുഷന്മാരാണ് നക്സൽബാരിയിൽ കൂട്ടക്കൊല ചെയ്യപ്പെട്ടത്. മരിച്ചുവീണവരത്രയും സന്താൾ വിഭാഗത്തിൽപെട്ട ആദിവാസികളായിരുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരെ പൊരുതിമരിച്ച ഭഗത് സിങ്ങിനെയും രാജ് ഗുരുവിനെയും സുഖ്ദേവിനെയുമെല്ലാം അനുസ്മരിക്കുമാറാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഇദംപ്രഥമമായി ആദിവാസികൾ അവിടെ പോരാട്ടത്തിനിറങ്ങിയത്. ഇക്കാലത്ത് തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ കീഴ്വെൺമണിയിൽ 48 ദലിതരെ കൂട്ടക്കൊല ചെയ്ത കേസിൽ, ഭൂവുടമകളായ കൊലയാളികൾ ബ്രാഹ്മണരായതുകൊണ്ട് അവർ ഇത്തരമൊരു കൂട്ടക്കൊല ചെയ്തെന്ന് തങ്ങൾക്ക് വിശ്വസിക്കാനാവുന്നില്ലെന്നുപറഞ്ഞ് കോടതി മുഴുവൻ കുറ്റവാളികളെയും വെറുതെ വിട്ടു.
കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോടുള്ള ആഭിമുഖ്യത്തിനുപരി വയനാട്ടിലും ശ്രീകാകുളത്തും നക്സൽബാരിയിലുമെല്ലാം അധികാരവർഗത്തിന്റെ ബൂട്ടുകൾക്കടിയിൽനിന്നുകേട്ട ദരിദ്രരുടെയും ഭൂരഹിതരുടെയും, അർധനഗ്നരും നിരക്ഷരരുമായ ആദിവാസികളുടെയും ദലിതരുടെയും ദീനരോദനങ്ങളാണ് എന്നെ ഒരു നക്സലൈറ്റ് ആക്കിയത്. രാജ്യത്തിന്റെ പല ഭാഗത്തും ഏറ്റക്കുറച്ചിലുകളിലൂടെ ഇന്നുമത് കേട്ടുകൊണ്ടിരിക്കുന്നു. എല്ലാ പരിരക്ഷകളും വ്യവസ്ഥചെയ്തു കൊണ്ടുതന്നെ അവരുടെ ആസ്തികൾക്ക് മുകളിലാണ് രാഷ്ട്രം പടുത്തുയർത്തപ്പെടുന്നത്. എന്നെ തന്നെ മാറ്റിമറിക്കുന്നതിലേക്ക് അത് നയിക്കുമെന്ന് എനിക്കറിയാമായിരുന്നെങ്കിലും എന്റെ ഹൃദയത്തിന്റെ തേങ്ങലുകൾ ശമിപ്പിക്കാൻ മറ്റ് വഴികൾ ഒന്നും ഉണ്ടായിരുന്നില്ല.
ഹോസ്റ്റലിൽ ഒരു സമരം
കോളജ് അവധികഴിഞ്ഞ് രണ്ടാം വർഷം ഹോസ്റ്റലിലെത്തുമ്പോൾ വാച്ചറായിരുന്ന ചേന്ദൻ മാഷിന്റെ കള്ളച്ചിരിയുടെ അർഥം പെട്ടെന്നു മനസ്സിലായില്ല. എന്നെയും അച്യുതൻ, ബാഹുലേയൻ, ഗോപി എന്നിവരെയും ഹോസ്റ്റലിൽനിന്ന് പുറത്താക്കിയിരുന്നു. ആദ്യം വിവരമറിയിച്ചത് ചോറ്റാനിക്കരക്കാരനായ മെസ് ബോയി തങ്കപ്പനാണ്. ഹോസ്റ്റൽ വാർഡൻ വൈപ്പിൻ ദ്വീപിലുള്ള നായരമ്പലം സ്വദേശിയും പിന്നാക്ക വിഭാഗത്തിൽ പെട്ടയാളും (കുടുമ്പി) എന്റെ കെമിസ്ട്രി അധ്യാപകനുമായിരുന്ന സാറായിരുന്നു. പുറത്താക്കപ്പെട്ടവരിൽ ഒരാളായ അച്യുതൻ ഉള്ളാട വിഭാഗത്തിൽ പെട്ടയാളും സാറിന്റെ നാട്ടുകാരനുമായിരുന്നു. നിസ്സാരകാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് വാർഡൻ ഇത്തരമൊരു നടപടി സ്വീകരിച്ചത് എന്നത് വ്യക്തമായിരുന്നു. മറ്റു മൂന്നുപേരും ദൈനംദിനം വീട്ടിൽ പോയിവരാൻ കഴിയുന്നവരായതുകൊണ്ട് അവരേക്കാൾ ഈ നടപടി എന്നെയാണ് ഏറെ ബുദ്ധിമുട്ടിലാക്കിയതും. ഇക്കാലത്ത് ദൈനംദിനം വീട്ടിൽ പോയി വരാനും ഭക്ഷണത്തിനുമുള്ള സാധ്യതകൾ ഇല്ലാഞ്ഞിട്ടാണ് ദലിത് വിദ്യാർഥികൾ ഹോസ്റ്റലുകളെ ആശ്രയിച്ചിരുന്നതെന്നത് മറ്റൊരു കാര്യം. ഡെപ്യൂട്ടി കലക്ടറായി റിട്ടയർ ചെയ്ത കോട്ടയം സ്വദേശി പി.എസ്. പ്രഭാകരൻ ഒരിക്കൽ പറഞ്ഞത്, കഷ്ടിച്ച് വണ്ടിക്കൂലിയുമായിട്ടാണ് പലപ്പോഴും എറണാകുളം ലോ കോളജിൽ വന്നുപൊയ്ക്കൊണ്ടിരുന്നത് എന്നാണ്.
പുറത്താക്കപ്പെട്ടുവെങ്കിലും മൂന്നു കൊല്ലമായി ഹോസ്റ്റലിൽ താമസിക്കുന്ന ഒരന്തേവാസിയെന്ന നിലയിലുള്ള സാധ്യതകൾ ഉപയോഗിച്ചുകൊണ്ട് അവിടെ തന്നെ താമസിക്കാൻ തീരുമാനിച്ചു. വാർഡനോട് നടപടി പിൻവലിക്കാൻ അഭ്യർഥിച്ചെങ്കിലും അദ്ദേഹം അതിന് തയാറായിരുന്നില്ല. പട്ടികജാതി വകുപ്പ് ജില്ല ഓഫിസർ പട്ടികജാതിക്കാരനുമായ കുഞ്ഞൻ സാറായിരുന്നു. വകുപ്പിന്റെ കീഴിലുള്ളൊരു സ്ഥാപനമെന്ന നിലയിൽ ഇക്കാര്യത്തിൽ വകുപ്പുമേധാവിക്ക് ഒരു നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല. തിരുവനന്തപുരത്തെത്തി പട്ടികജാതി വകുപ്പു മന്ത്രി ഒ. കോരന് നിവേദനം കൊടുത്തുവെങ്കിലും അതിനും നടപടിയുണ്ടായില്ല. അദ്ദേഹം പട്ടികജാതിക്കാരൻ തന്നെയായിരുന്നു. പട്ടിക വിഭാഗത്തിൽനിന്ന് ഒരു മന്ത്രിയും വകുപ്പു മേധാവിയുമെല്ലാം ഉണ്ടായാലും ഞങ്ങളുടെ വിഭാഗത്തിന് എന്ത് നേട്ടമുണ്ടാക്കുമെന്ന് ആശങ്കകളുയർത്തുന്ന അനുഭവം. മന്ത്രിയുടെ കൂടെയുണ്ടായിരുന്ന പുരുഷോത്തമൻ, ഒരൊപ്പിടുന്നതിനായി പേന ചോദിച്ചപ്പോൾ അത് നൽകിയെങ്കിലും അദ്ദേഹത്തിന്റെ മുഖഭാവവും ശരീരഭാഷയും പരിഹാസം നിറഞ്ഞ അഹന്തയുടേതായിരുന്നു.
ഈ സമയത്ത് തന്റെ ആരോപണങ്ങൾ അംഗീകരിച്ച് ക്ഷമാപണം ചെയ്താൽ പുനഃപ്രവേശം നൽകാമെന്ന് വാർഡൻ പറഞ്ഞു. അതംഗീകരിച്ച ബാഹുലേയനും ഗോപിയും തിരിച്ചുകയറി. അച്യുതൻ വീട്ടിൽ പോകുന്നതു പതിവാക്കി. ഇടക്കു മാത്രം ഹോസ്റ്റലിൽ തങ്ങി. എനിക്കാകട്ടെ വാർഡൻ ഉന്നയിച്ച ആരോപണങ്ങൾ അംഗീകരിച്ച് ക്ഷമാപണം ചെയ്യുക അസാധ്യമായിരുന്നു. ഒരു ദിവസം ക്ലാസ് വിട്ട് ഹോസ്റ്റലിലേക്ക് മടങ്ങുമ്പോൾ വഴിമധ്യേ, മാപ്പ് എഴുതിക്കൊടുത്താൽ നടപടി പിൻവലിക്കാമെന്ന് അദ്ദേഹം നേരിട്ട് പറഞ്ഞു. ഇപ്പോഴിത് എന്റെ വ്യക്തിപരമായ പ്രശ്നം അല്ലെന്നും ഹോസ്റ്റലിലെ മറ്റുള്ളവരോടുകൂടി ആലോചിക്കട്ടെ എന്നും മറുപടി നൽകി. വീട്ടിൽ ഈ കാര്യം ഒരിക്കലും അറിയിച്ചില്ല. ഹോസ്റ്റലിൽനിന്ന് പുറത്തുപോയുമില്ല. ഒരിക്കൽ ദേവദാസ് സാർ ഇത് സത്രമാണോയെന്ന് ക്ഷുഭിതനായി ചോദിച്ചു. അധികാരികൾ ഇങ്ങനെയാണെന്ന തിരിച്ചറിവിൽ പുനഃപ്രവേശത്തിനായി ഹോസ്റ്റലിനുമുന്നിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. വാർഡന് ഹോസ്റ്റലിലേക്ക് തനിച്ചുവരാൻ കഴിയാത്ത സ്ഥിതിയിലേക്ക് സമരം മാറി. 56 കുട്ടികളുള്ള ഹോസ്റ്റലിൽ ഒരൊറ്റയാളും സമരത്തെ എതിർത്തിരുന്നില്ല. ചിലർ ട്യൂട്ടറിനെതിരെ ഇരുട്ടടിയെക്കുറിച്ച് ആലോചിച്ചപ്പോൾ അതു വിലക്കി. നാലാംനാൾ മാപ്പുചോദിക്കാതെ തന്നെ അദ്ദേഹം പുനഃപ്രവേശം അംഗീകരിച്ചു.
ദേവദാസ് സാർ എന്നെ പുറത്താക്കിയതിനും വാച്ച്മാൻ കള്ളച്ചിരി ചിരിച്ചതിനും അവർ പറയുന്ന ചില കാരണങ്ങളുണ്ടായിരുന്നു. അദ്ദേഹം ട്യൂട്ടറായി ചുമതലയേറ്റതിനുശേഷം ഒരിക്കൽ ഹോസ്റ്റലിലെ സ്റ്റിവാർഡിനെ (ക്ലർക്ക്), ഭക്ഷണസാധനങ്ങൾ വാങ്ങുന്നതിൽ കൃത്രിമം കാട്ടുകയും അവ അപഹരിക്കുകയും ചെയ്തതിന്റെ പേരിൽ മുറിക്കുള്ളിൽ അടച്ചുപൂട്ടുന്നതിൽ ഞാനും മുന്നിലുണ്ടായിരുന്നു. പിന്നീടൊരിക്കൽ വേണ്ടത്ര യോഗ്യമല്ലാത്ത ഭക്ഷണം ദൈനംദിനം കഴിക്കേണ്ടി വരുന്നതിലുള്ള വൈഷമ്യംമൂലം ട്യൂട്ടറിന്റെ കതകിൽ മുട്ടി. അന്നു വൈകീട്ടത്തെ ഭക്ഷണം കഴിക്കാൻ ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ മേശപ്പുറത്തേക്ക് ഭക്ഷണപാത്രം വെച്ചുകൊടുത്തത് ഞാനാണ്. കുറച്ചുനാളായി ഭക്ഷണം കഴിക്കുന്ന സന്ദർഭങ്ങളിൽ മെസ് ഹാളിലിരുന്ന് കുട്ടികൾ ഭക്ഷ്യവിഭവങ്ങളുടെ ശോച്യാവസ്ഥയെപ്പറ്റി വിലപിക്കുന്നതിനിടയിലാണ് ഇത്തരമൊരു സംഭവം നടന്നത്.
ഇതിനുമുമ്പ്, മെസുമായി ബന്ധപ്പെട്ട് ഹോസ്റ്റലിലെ ക്ലർക്ക് നടത്തുന്ന അഴിമതി ചൂണ്ടിക്കാട്ടി ഭക്ഷണം മെച്ചപ്പെടുത്താൻ വിദ്യാർഥികൾ ആവശ്യപ്പെട്ടപ്പോൾ ഐ.എ.എസ് പഠനത്തിലേർപ്പെട്ടിരുന്ന പട്ടികജാതിക്കാരനായ സെന്റ് ആൽബർട്സ് കോളജ് അധ്യാപകനും ഹോസ്റ്റൽ വാർഡനുമായ സി.ടി. സുകുമാരൻ ചോദിച്ചത്, നിങ്ങൾക്ക് സൂപ്പർ ഡീലക്സ് ഭക്ഷണമാണോ വേണ്ടത് എന്നായിരുന്നു. അവനവൻ നന്നായി മറ്റുള്ളവൻ നന്നാകണമെന്ന ഒരു സിദ്ധാന്തവും അദ്ദേഹത്തിന്റെ വകയായി ഉണ്ടായിരുന്നു. അന്ന് ഹോസ്റ്റലിലെ പട്ടിണിയിൽനിന്നുണ്ടായ ആത്മരോഷമായിരുന്നു അത്. താൻ ജനിച്ചുവളർന്ന കുടുംബി സമൂഹത്തിന്റെ പൊതുസ്ഥിതി അപ്പോഴും അർധപട്ടിണിയായിരുന്നുവെങ്കിലും മഹാരാജാസ് കോളജിൽ കെമിസ്ട്രി െലക്ചററായിരുന്ന ദേവദാസ് സാർ അത് മറന്നുപോയിരുന്നു. ദാരിദ്ര്യത്തിൽ മാത്രമല്ല സാമൂഹിക പദവിയിലും തന്നേക്കാൾ താഴെയായിരുന്ന അയൽവാസിയോടും അദ്ദേഹത്തിന് നീതിപുലർത്താനായില്ല. അർധപട്ടിണിക്കാർക്കിടയിൽനിന്നുവന്ന ധിക്കാരത്തിനുള്ള ശിക്ഷയായിരുന്നു എന്റെ മേലുള്ള പുറത്താക്കൽ നടപടിയെന്നാണ് ഞാൻ വിശ്വസിച്ചുപോന്നത്.
രണ്ടാമത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ എസ്.സി/എസ്.ടി വകുപ്പ് മന്ത്രിയായിരുന്ന എം.കെ. കൃഷ്ണൻ ഈ വിഭാഗങ്ങളിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചൊരു ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് 1969ൽ നഗരത്തിലെ പ്രധാന കോളജുകളിലെ (മഹാരാജാസ് കോളജ്, സെന്റ് ആൽബർട്സ് കോളജ്, ലോ കോളജ്, തേവര കോളജ്) എസ്.സി/എസ്.ടി വിദ്യാർഥികൾ എറണാകുളത്ത് എത്തുന്ന വകുപ്പുമന്ത്രിയെ കരിങ്കൊടി കാണിക്കാൻ തീരുമാനിച്ചു. ഏതെങ്കിലും ടെക്നിക്കൽ കോഴ്സിന് ചേർന്നവർ മറ്റു കോഴ്സുകളിലേക്ക് വന്നാൽ അവർക്ക് ആനുകൂല്യം നൽകേണ്ടതില്ലെന്നായിരുന്നു ഉത്തരവ്.
ഹരിജൻ സ്റ്റുഡന്റ്സ് അസോസിയേഷൻ എന്ന വിദ്യാർഥി സംഘടനയുടെ നേതൃത്വത്തിലായിരുന്നു സമരം നിശ്ചയിച്ചത്. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസും ഇപ്പോൾ ദേശീയ മനുഷ്യാവകാശ കമീഷൻ അധ്യക്ഷനുമായ കെ.ജി. ബാലകൃഷ്ണനായിരുന്നു ഈ സംഘടനയുടെ പ്രസിഡന്റ്. സിദ്ധാർഥൻ, കൃഷ്ണൻകുട്ടി തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. സമരം ചെയ്യുന്നതിനായി ഉണ്ടാക്കിയ ആക്ഷൻ കമ്മിറ്റിയുടെ മുഖ്യ ചുമതല വി. പത്മനാഭനായിരുന്നു. എൻ.യു. നീലാംബരനെ പോലുള്ളവർ കമ്മിറ്റി അംഗങ്ങളും. സമരത്തിനാവശ്യമായ പ്ലക്കാർഡുകളും ബാനറുമെല്ലാം തയാറാക്കിയത് കോസ്മോപൊളിറ്റൻ ഹോസ്റ്റലിലാണ്. സമരം നിശ്ചയിച്ചിരുന്നതിന്റെ തലേദിവസം രാത്രി െഗസ്റ്റ് ഹൗസിലുണ്ടായിരുന്ന വകുപ്പുമന്ത്രിയെ എച്ച്.എസ്.എ നേതാക്കൾ നേരിൽ കണ്ടു. ഉത്തരവ് പിൻവലിക്കണമെന്ന തങ്ങളുടെ ആവശ്യം മന്ത്രിയെ അറിയിച്ചു. അത് സാധ്യമല്ലെന്ന് മന്ത്രി പറഞ്ഞു. എന്തുകൊണ്ടോ സമരം വേണ്ടെന്നുവെക്കുകയും രാത്രി വൈകി ഈ വിവരം ആക്ഷൻ കൗൺസിലിനെ അറിയിക്കുകയും ചെയ്തു. അടുത്ത പ്രഭാതത്തിൽ വിവിധ കോളജുകളിൽനിന്ന് സമരസന്നദ്ധരായി കോസ്മോ പൊളിറ്റൻ ഹോസ്റ്റലിലെത്തിയ വിദ്യാർഥികളെല്ലാം സമരം വേണ്ടെന്നുവെച്ച വിവരം അറിഞ്ഞ് തിരിച്ചുപോയി.
പിന്നീട് കേട്ടത് കെ.ജി. ബാലകൃഷ്ണനെ പോലുള്ളവരുടെ ഐ.എ.എസ് പോലുള്ള ഉന്നതസ്വപ്നങ്ങൾക്ക് മങ്ങലേൽക്കാൻ ഇടയുള്ളതുകൊണ്ടാണ് സമരം വേണ്ടെന്നുവെച്ചതെന്നാണ്. പിന്നീട് ഹിന്ദി പ്രചാരസഭയിൽ നടന്ന എച്ച്.എസ്.എ സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് പത്മനാഭനെ പോലുള്ളവർ ഇത്തരം ചതികളിൽ പങ്കാളിയാകാനില്ലെന്നുപറഞ്ഞ് സമ്മേളനം ബഹിഷ്‍കരിച്ചു. ആ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു. ഒരു എസ്.സി/എസ്.ടി സംഘടനയുടെ അസ്തമയമായിരുന്നു അത്. ഇവിടെ നാം ഓർക്കേണ്ടൊരു കാര്യം എച്ച്.എസ്.എ നേതാക്കളെല്ലാവരും തന്നെ കെ.എസ്.എഫുമായി ബന്ധമുള്ളവരായിരുന്നു എന്ന വസ്തുതയാണ്.
ഇരുട്ട് വിഴുങ്ങിയ പെൺകുട്ടി
സന്ധ്യയോട് അടുത്തപ്പോഴാണ് മതിലുകളില്ലാത്ത ഹോസ്റ്റലിന്റെ കോമ്പൗണ്ടിലേക്ക് 13-14 വയസ്സു തോന്നിക്കുന്ന ഇരുനിറത്തിലുള്ളൊരു പെൺകുട്ടി വെപ്രാളപ്പെട്ട് കടന്നുവരുന്നത്. ഹോസ്റ്റലിന്റെ ഫസ്റ്റ് ഫ്ലോറിലേക്കുള്ള സ്റ്റെയർ കേസിനു താഴെ ഗുഹക്കുള്ളിലെന്ന പോലെ സ്കൂളിലിരുന്നു പഠിക്കുന്ന എന്നെ അഴികൾക്കിടയിലൂടെ കണ്ട പെൺകുട്ടി ജനലിനരികിലെത്തി. ആരെ കാണാനാണെന്നു പെട്ടെന്ന് ചോദിച്ച എനിക്കു കിട്ടിയ മറുപടി, ദർബാർ ഗ്രൗണ്ടിനടുത്തുവെച്ച് ആരോ തന്നെ ഓടിച്ചുവെന്നും അയാൾ പിന്നാലെയുണ്ടെന്നും പേടികൊണ്ട് ഇങ്ങോട്ട് കയറിയതാണെന്നുമായിരുന്നു. പുറത്തിറങ്ങിയ ഞാൻ ചുറ്റും കൂടിയവർക്കിടയിൽനിന്ന പെൺകുട്ടിയോട് കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചപ്പോൾ അങ്കമാലിയിലാണ് വീടെന്നും വീട്ടുവേല ചെയ്യുകയായിരുന്നുവെന്നും പറഞ്ഞുവിട്ടപ്പോൾ എങ്ങെന്നില്ലാതെ നടക്കുകയായിരുന്നുവെന്നും പറഞ്ഞു. നാളെ വീട്ടിൽ പൊയ്ക്കോളാം ഇന്നു രാത്രി കഴിയണം. ഒരു പ്രതിസന്ധി രൂപം കൊള്ളുകയായിരുന്നു. സഹോദരിയേക്കാൾ പ്രായം കുറഞ്ഞൊരു പെൺകുട്ടി സന്ധ്യമയങ്ങാറായപ്പോൾ, തന്നെ പിന്തുടർന്ന പുരുഷനെയും രാത്രിയെയും കണ്ട് ഭയന്ന് അഭയം ചോദിക്കുന്നു. സന്ധ്യായയതൊന്നും കാണാതെ ചുറ്റും കൂടിയവർ ഓരോന്നായി പിന്മാറി. എന്തു ചെയ്യുമെന്നറിയില്ലായിരുന്നെങ്കിലും പൊയ്ക്കൊള്ളാൻ പറഞ്ഞില്ല.
അപ്പോഴാണ് കോട്ടയം കല്ലറ സ്വദേശി ഡി.ആർ. രാമചന്ദ്രനെത്തുന്നത്. എന്റെ സീനിയറായിരുന്നു രാമചന്ദ്രൻ. അദ്ദേഹം എന്റെ ഫീലിങ്സിൽ പങ്കാളിയായി. ഒരു കൂട്ടുകിട്ടിയതുപോലെ തോന്നി. സാധ്യതകൾ ആലോചിച്ചു. ഒടുവിൽ ലേഡീസ് ഹോസ്റ്റലിൽ എന്റെ സഹോദരിയാണെന്നുപറഞ്ഞ് താമസിപ്പിക്കാൻ തീരുമാനിച്ചു. ലേഡീസ് ഹോസ്റ്റലിൽ എത്തി പരിചയത്തിലുള്ള പെൺകുട്ടിയെ വിളിച്ച് കാര്യം ബോധ്യപ്പെടുത്തി. താമസിപ്പിക്കാമെന്നേറ്റു. പ്രശ്നത്തിന് പരിഹാരവും സമാധാനവുമായി. തിരിച്ചെത്തുമ്പോൾ സംഭവത്തിന്റെ മറുവശം ചർച്ചചെയ്ത് ഹോസ്റ്റൽ അന്തരീക്ഷമാകെ കലുഷിതമായിരുന്നു. മെസ് ഹാളായിരുന്നു ചർച്ചയുടെ പൊതുസ്ഥലം. റൂംമേറ്റ്സായ ഇടവനക്കാട്ടുകാരൻ എൻ.കെ. ചന്ദ്രനും ഇടവട്ടംകാരനായ ജി. രാഘവനുമെല്ലാം അസ്വസ്ഥരായിരുന്നു. ചന്ദ്രനായിരുന്നു ഏറെ ആശങ്ക. ആ പെൺകുട്ടി പറഞ്ഞതെല്ലാം ശരിയാണോ! എങ്ങനെയുള്ള കുട്ടിയാണെന്ന് ആർക്കറിയം, ഹോസ്റ്റലിൽനിന്ന് എന്തെങ്കിലും കവർന്നെടുത്ത് കടന്നുകളഞ്ഞാലോ, അങ്ങനെയായാൽ കോളജിൽനിന്നുതന്നെ ചേട്ടനെ പറഞ്ഞുവിടില്ലേ... ഇങ്ങനെപോയി ചന്ദ്രന്റെ ആശങ്കകൾ.
എല്ലാം ആലോചിക്കേണ്ടതായിരുന്നു. രാത്രി കഴിയട്ടേയെന്ന് സമാധാനിച്ചു. രാവിലെതന്നെ രാമചന്ദ്രനും ഞാനും ലേഡീസ് ഹോസ്റ്റലിൽ എത്തി. ആശങ്കകൾ പോലെയൊന്നും സംഭവിച്ചിട്ടില്ല എന്നറിഞ്ഞപ്പോൾ സമാധാനമായി. എന്നാൽ, അങ്കമാലിയിൽ എവിടെയാണ് വീടെന്നോ വീട്ടിൽ ആരെല്ലാമുണ്ടെന്നോ പറയാൻ കഴിയാത്ത പെൺകുട്ടി പിന്നെയും ഞങ്ങൾക്ക് പ്രശ്നമായി. ഒന്നുകിൽ തെരുവിൽ വഴിപിരിയുക അല്ലെങ്കിൽ പൊലീസിൽ ഏൽപിക്കുക, അതുമല്ലെങ്കിൽ ആരുടെയെങ്കിലും വീട്ടിലേക്ക് കൊണ്ടുപോവുക-പലതും ആലോചിച്ചു. ഒടുവിൽ ഇടുക്കിയിൽ എന്റെ വീട്ടിലേക്ക് പോകാമെന്ന് തീരുമാനിച്ചു.

തികച്ചും അപ്രതീക്ഷിതമായൊരു അനുഭവമായിരുന്നു മാതാപിതാക്കൾക്ക്. കോളജിൽ പഠിക്കാൻ പോയയാൾ ഒരു പെൺകുട്ടിയുമായി വന്നുവെന്നത് എങ്ങനെ മറ്റുള്ളവരെ ബോധ്യപ്പെടുത്തുമെന്നതായിരുന്നു അവരുടെ പ്രശ്നം. രണ്ടാംനാൾ ഞങ്ങൾ കല്ലറയിലുള്ള രാമചന്ദ്രന്റെ വീട്ടിലേക്ക് പോകാൻ നിശ്ചയിച്ചു. അത്യാവശ്യം പണം അച്ഛൻ നൽകി. അവിടെ ചെന്ന് എന്റെ സഹോദരിയായി പരിചയപ്പെടുത്തി. വീട്ടുകാരുടെ സമ്മതമുണ്ടാക്കാൻ പദ്ധതിയിട്ടു. വീട്ടിൽ മൂത്തയാൾ രാമചന്ദ്രനാണ്. മൂത്തശ്ശിക്ക് രാമചന്ദ്രനോട് ഏറെ ഇഷ്ടമാണ്. അവരെ സ്വാധീനിക്കാൻ തീരുമാനിച്ചു. അതു ഫലംകണ്ടു. രാമചന്ദ്രന്റെ അമ്മക്കും വലിയ എതിർപ്പില്ലായിരുന്നു. അവിടെ നിർത്താൻ മാതാപിതാക്കൾ മൗനസമ്മതം മൂളി. വിവരം ഹോസ്റ്റലിലെത്തി മറ്റുള്ളവരെയും ധരിപ്പിച്ചു. ഒരിക്കൽ ഇടപ്പള്ളി സ്വദേശി സി.കെ. ബാലനും ഞാനും പുതുവസ്ത്രവുമായി കുട്ടിയെ കാണാൻ പോയിരുന്നു. പെൺകുട്ടിക്ക് പ്രായമാകുമ്പോൾ വിവാഹം ചെയ്ത് അയക്കുന്നതിനെക്കുറിച്ചുപോലും ഞങ്ങൾ ആലോചിച്ചിരുന്നു. രാമചന്ദ്രൻ വീട്ടിൽ പോയി വരുമ്പോൾ വിശേഷങ്ങൾ അറിയിക്കും.
മാസങ്ങൾക്കുശേഷം, ഒരു സായാഹ്നത്തിൽ ഒരു പെൺകുട്ടി ഹോസ്റ്റലിൽ വന്നിരുന്നുവെന്നും നേരിൽ കാണാൻ കഴിയാതെ മടങ്ങിപ്പോയെന്നും കേൾക്കാനിടയായി. അത് അവൾതന്നെ ആയിരിക്കുമെന്ന് ഞങ്ങൾ ഊഹിച്ചു. രാമചന്ദ്രൻ വീട്ടിൽ പോയി മടങ്ങിവന്നപ്പോൾ അതുറപ്പായി. രാമചന്ദ്രന്റെ വീട്ടിൽ എന്തെങ്കിലും വൈഷമ്യമുണ്ടായാൽ അറിയിക്കണമെന്നും ഞങ്ങൾ ഹോസ്റ്റലിൽ തന്നെ ഉണ്ടാകുമെന്നും പറഞ്ഞിരുന്നതാണ്. വീട്ടിൽ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല എന്നാണ് രാമചന്ദ്രൻ പറഞ്ഞത്. യഥാർഥത്തിൽ ആ പെൺകുട്ടി എന്തായിരുന്നുവെന്നോ എവിടെ നിന്നായിരുന്നു കുട്ടിയുടെ തുടക്കമെന്നോ എവിടേക്ക് പോയെന്നോ എന്തുകൊണ്ട് നൽകാമെന്ന് ഉറപ്പുപറഞ്ഞ സുരക്ഷിതത്വത്തെ നിരാകരിച്ചുവെന്നോ ഒന്നും പിന്നീട് ഞങ്ങൾ അന്വേഷിച്ചില്ല.
നഗരത്തിന്റെ തെരുവുകളിലും ജലാശയങ്ങളിലും വിജനതകളിലും നിർവികാരരായ കാണികൾക്കുമുന്നിൽ പ്രത്യക്ഷപ്പെടുന്ന ഊരും പേരും അറിയാത്ത സ്ത്രീ-പുരുഷന്മാരുടെ ജഡങ്ങൾ മനസ്സിൽ വന്നു. അഭയസ്ഥലം വിട്ട് പോരേണ്ടിവരുകയും അന്വേഷിച്ചിറങ്ങിയവരെ കണ്ടെത്താനാവാതെ വരുകയും ചെയ്യുമ്പോൾ ആർക്കുവേണ്ടിയും കാത്തുനിൽക്കാതെ മടങ്ങിപ്പോയ അനാഥയായ ആ പെൺകുട്ടിയെ തെരുവിലെ കാളരാത്രി വിഴുങ്ങിക്കാണുമോ, അതോ നഗരത്തിലെ ഏതെങ്കിലും ഒളിസങ്കേതത്തിൽ പുരുഷലോകത്തിനായി അവൾ സ്വയം എരിഞ്ഞുതീർന്നുവോ..? പിന്നീടൊരിക്കലും അവൾ തിരികെ വരുകയോ തെരുവിലൊരിടത്തും അവരെ കണ്ടുമുട്ടുകയോ ചെയ്തില്ല.