Begin typing your search above and press return to search.
proflie-avatar
Login

കടുത്ത

കടുത്ത
cancel

ചിന്തകനും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായിരുന്ന ​െക.എം. സലിംകുമാറി​ന്റെ ആത്മകഥയുടെ നാലാംഭാഗം. ഗോത്രജീവിതാന്തരീക്ഷം പിന്നിട്ട്​, ഇടുക്കിയിലെ തൊടുപുഴയിൽ നിന്ന്​ കൊച്ചി നഗരത്തിലേക്ക്​ പഠനത്തിനായി അദ്ദേഹം എത്തുന്നു. ഇക്കാലത്ത്​ പേരു മാറ്റുന്നു. നഗരത്തിലേക്ക്പത്താം ക്ലാസ് ജയിച്ചത് വലിയൊരു സന്തോഷമായി. ജയിക്കേണ്ടതിനെക്കാൾ 59 മാർക്ക് കൂടുതൽ. വിവരമറിഞ്ഞവർ ചിരിച്ചു. അഭിനന്ദനങ്ങളും പാരിതോഷികങ്ങളും ഒളിപ്പിച്ച ചിരി. ഇനിയെന്ത് ചെയ്യുമെന്ന് ചോദിച്ചവർ ഇല്ലതന്നെ. അക്ഷരത്തിന്റെ ലോകത്തെക്കുറിച്ച് നിരക്ഷരർ എന്ത​ന്വേഷിക്കാൻ. അതുതന്നെയായിരുന്നു എന്റെയും പ്രതിസന്ധി. എറണാകുളത്ത്...

Your Subscription Supports Independent Journalism

View Plans
ചിന്തകനും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായിരുന്ന ​െക.എം. സലിംകുമാറി​ന്റെ ആത്മകഥയുടെ നാലാംഭാഗം. ഗോത്രജീവിതാന്തരീക്ഷം പിന്നിട്ട്​, ഇടുക്കിയിലെ തൊടുപുഴയിൽ നിന്ന്​ കൊച്ചി നഗരത്തിലേക്ക്​ പഠനത്തിനായി അദ്ദേഹം എത്തുന്നു. ഇക്കാലത്ത്​ പേരു മാറ്റുന്നു.

നഗരത്തിലേക്ക്

പത്താം ക്ലാസ് ജയിച്ചത് വലിയൊരു സന്തോഷമായി. ജയിക്കേണ്ടതിനെക്കാൾ 59 മാർക്ക് കൂടുതൽ. വിവരമറിഞ്ഞവർ ചിരിച്ചു. അഭിനന്ദനങ്ങളും പാരിതോഷികങ്ങളും ഒളിപ്പിച്ച ചിരി. ഇനിയെന്ത് ചെയ്യുമെന്ന് ചോദിച്ചവർ ഇല്ലതന്നെ. അക്ഷരത്തിന്റെ ലോകത്തെക്കുറിച്ച് നിരക്ഷരർ എന്ത​ന്വേഷിക്കാൻ. അതുതന്നെയായിരുന്നു എന്റെയും പ്രതിസന്ധി. എറണാകുളത്ത് ​കോളജിൽ പഠിക്കണമെന്നുണ്ട്. എത്തപ്പെട​​​ണ്ടേ​? അവിടെ ​പോയിട്ടുള്ള ആരുമായും ബന്ധമില്ല.

അരയൻമാരുടെയും ഊരാളിമാരുടെയും കാണിക്കാരൻ ആയിരുന്ന കൊച്ചുപുരയ്ക്കൽ രാമനെ അച്ഛനോടൊപ്പം കാണാൻ പോയി. പിന്നീടദ്ദേഹം എന്റെ അഭ്യുദയകാംക്ഷികളിലൊരാളായിരുന്നു. ഇപ്പോൾ മുട്ടം കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന പുച്ചപ്രക്കാരനായ മുൻ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.കെ. ഗോപാലൻ അന്ന് മഹാരാജാസ് കോളജിൽ പ്രീഡിഗ്രിക്ക് പഠിക്കുന്നുണ്ടായിരുന്നു. ഗോപാലനെ കണ്ടാൽ മതിയെന്ന് കാണിക്കാരൻ പറഞ്ഞു. ഗോപാലനൊത്തായിരുന്നു എറണാകുളത്തേക്കുള്ള ആദ്യയാത്ര. കിഴക്കൻ കാട്ടിൽനിന്ന് മലയിറങ്ങി നാട്ടിലെ സമതലത്തിന്റെ ഓരത്തായി ഇപ്പോൾ സമുദ്രാതിർത്തിയിലുള്ള പടിഞ്ഞാറൻ നഗരത്തിലേക്ക്.

മഹാരാജാസ് കോളജിൽ അപേക്ഷ നൽകി. ജാതി സർട്ടിഫിക്കറ്റ് വേണം. വെള്ളിയാമറ്റത്താണ് വില്ലേജ് ഓഫിസ്. വില്ലേജ് വെള്ളിയാമറ്റം തന്നെ. ഊരാളിമാർക്ക് വി​ല്ലേജ് ഓഫിസുമായി കാര്യമായ ഇടപാടുകളൊന്നുമില്ല. അച്ഛനാണ് മുമ്പൊക്കെ സർട്ടിഫിക്കറ്റ് വാങ്ങിയിരുന്നത്. തൊടുപുഴ താലൂക്ക് ഓഫിസിലെ പ്യൂണായിരുന്ന മത്തായി രണ്ട് രൂപ വാങ്ങിയിട്ടാണ് എനിക്ക് സർട്ടിഫിക്കറ്റ് നൽകിയത്. തട്ടിപ്പാണെന്നറിഞ്ഞപ്പോൾ ബുദ്ധിമുട്ട് തോന്നി.

നാടും നഗരവുമെല്ലാം ഇങ്ങനെതന്നെയാണ്. ഇതാവർത്തിക്കാൻ പാടില്ലെന്നു കരുതി. അടുത്തവർഷം ഞാൻ നേരിട്ട് സർട്ടിഫിക്കറ്റ് വാങ്ങിയത് മത്തായിക്ക് ഇഷ്ടമായില്ല. പിന്നീടും ഇതാവർത്തിച്ചു. ഈ അനിഷ്ടം മത്തായി കണ്ടുമുട്ടു​മ്പോഴെല്ലാം പ്രകടിപ്പിച്ചു. പിന്നീട് കാത്തിരിപ്പിന്റെ ദിനങ്ങളായി. 5 കി.മീ. അകലെയാണ് പോസ്റ്റ് ഓഫിസ്, വെള്ളിയാമറ്റത്ത്. ഇന്റർവ്യൂ കാർഡ് വന്നെന്ന് അറിയാൻ പലകുറി നടന്നുപോയി. പോസ്റ്റുമാൻ എത്തിച്ചുതരില്ലെന്നുറപ്പ്. ഒടുവിൽ കാർഡ് കിട്ടിയപ്പോൾ അതിയായി സന്തോഷിച്ചു.

ഇന്റർവ്യൂവിന് പോയത് കൊച്ചച്ഛനൊപ്പമാണ്. പ്രീഡിഗ്രി സെക്കൻഡ് ഗ്രൂപ്പിൽ അഡ്മിഷൻ കിട്ടി. 1967-68ൽ. എന്ത് പഠിക്കണമെന്നോ എന്തായിത്തീരണമെന്നോ ഉള്ള ലക്ഷ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. സയൻസ് പഠിച്ചാൽ ഡോക്ടർ ആവാം എന്ന് പിന്നീടാണ് അറിഞ്ഞത്. ഇതറിഞ്ഞപ്പോൾ മാതാപിതാക്കളുടെയും അഭ്യുദയകാംക്ഷികളുടെയും ഒരാഗ്രഹമായിരുന്നു ഞാനൊരു ഡോക്ടർ ആകണമെന്നുള്ളത്. കോളജിൽ അധികം ദൂരെയല്ലാതെ മാരുതി വിലാസം ലോഡ്ജിൽ രണ്ട് രൂപ ദിവസവാടകക്ക് താമസിച്ചുകൊണ്ടാണ് ക്ലാസിൽ പോയിത്തുടങ്ങിയത്. അവി​ടത്തെ ഹോട്ടലിൽനിന്നുതന്നെ ഭക്ഷണം. വെള്ളിയാഴ്ച വീട്ടിൽ പോകും. എറണാകുളം ​െജട്ടിയിലുള്ള കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്ന് പുറപ്പെടുന്ന ഇടുക്കി ബസുണ്ട്. കരിപ്പലങ്ങാട് ഇറങ്ങാൻ 2.90 പൈസ ബസ് ചാർജ്. മൂന്നുമാസം കഴിഞ്ഞപ്പോൾ ഇപ്പോഴ​ത്തെ പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ പ്രവേശനം കിട്ടി. അന്നത് കോസ്മോ പൊളിറ്റൻ ഹോസ്റ്റൽ ആയിരുന്നു. നഗരഹൃദയത്തിൽ എസ്.സി/ എസ്.ടി വിദ്യാർഥികളുടെ പഠനത്തിനായി സ്ഥാപിക്കപ്പെട്ട ആദ്യ സ്ഥാപനം. 10 ശതമാനം സീറ്റുകൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മറ്റ് വിഭാഗങ്ങളിൽനിന്ന് വരുന്നവർക്കുമുണ്ട്.

തിക്കും തിരക്കും നിറഞ്ഞ റോഡുകളും കമ്പോളങ്ങളും കൺമുന്നിൽനിന്ന് മറഞ്ഞുമറഞ്ഞ് വരികയും പോകുകയും ചെയ്യുന്ന സഞ്ചരിക്കുന്ന ലോകം. ആരും ആരെയും ശ്രദ്ധിക്കുന്നില്ല. ആരും ആർക്കുവേണ്ടിയും കാത്തിരിക്കുന്നില്ല. കണ്ടുമുട്ടുന്നവരും പരസ്പരം അന്യരും അപരിചിതരുമാണ്. അവരവരിലാണ് എല്ലാവരുടെയും ശ്രദ്ധ. കമനീയവും സമ്പന്നവുമായ നഗരത്തിന്റെ മറുവശം ഹൃദയശൂന്യമാണ്. രോഗികളോ വൃദ്ധരോ കുട്ടികളോ സ്ത്രീകളോ അപകടത്തിൽപ്പെട്ടവരോ ഒന്നും ഇവിടെ പരിഗണിക്കപ്പെടുന്നില്ല. ഉയർത്തി ചവിട്ടുവാൻ പാടുപെടുന്ന ഭീമൻ മന്തുകാലുമായി കെ.എസ്.ആർ.ടി.സി ​െജട്ടിയിൽ ഭിക്ഷയെടുക്കുന്ന മധ്യവയസ്കൻ. എട്ടും പൊട്ടും തിരിയാത്ത രണ്ട് കുഞ്ഞുങ്ങളുമായി സന്ധ്യാസമയത്ത് രാജേന്ദ്ര മൈതാനിയിലെ ആകാശത്തിന് കീഴിലേക്ക് രാപ്പാർക്കാൻ പോകുന്ന യുവതി. തൊട്ടടുത്ത സുഭാഷ് പാർക്കിൽ ചാഞ്ഞുനിൽക്കുന്ന വാകമരക്കൊമ്പിൽ കെട്ടിത്തൂങ്ങി നിൽക്കുന്ന നി​ശ്ചലനായ യുവാവ്.

രാത്രിയുടെ മറവിൽ പീടികത്തിണ്ണകളിലേക്ക് ചേക്കേറുന്ന മനുഷ്യക്കൂട്ടങ്ങൾ. മാരുതി വിലാസത്തിലെ ആദ്യനാളുകളിൽ പൊതുവീഥികളുടെ അരികുപറ്റി നടക്കുമ്പോൾ കണ്ട നഗരക്കാഴ്ചക്കിടയിൽ മനസ്സ് മന്ത്രിച്ചു. ജാഗ്രത വേണം. എന്നിട്ടും ഭാവി പ്രവചനം നടത്തി ഒരു കൈനോട്ടക്കാരനും, മടക്കയാത്രക്ക് പണമില്ല എന്നുപറഞ്ഞ് ഒരു ചെറുപ്പക്കാരനും കബളിപ്പിച്ചു. നഗരത്തെക്കുറിച്ച് നൽകുന്ന വിവരങ്ങൾക്കിടയിൽനിന്ന് മടക്കയാത്രയിൽ മാതാപിതാക്കൾ ഓർമിപ്പിക്കുമായിരുന്നു, ‘‘സൂക്ഷിക്കണം.’’ ഭയമായിരുന്നു അവർക്ക്. ഒരിക്കലെങ്കിലും നഗരത്തിലെത്തണമെന്ന് കുടിയിലാർക്കും തോന്നിയില്ല. എനിക്കവരെ അതിനായി ​പ്രേരിപ്പിക്കാനാവാതെ പോയതുകൊണ്ടാണെന്ന് പറയാനാവില്ല.

അമ്മയുടെ അച്ഛൻ ഒരിക്കൽ കൊച്ചച്ഛനുമായി ഹോസ്റ്റലിലെത്തിയിരുന്നു. നഗരക്കാഴ്ച കണ്ട് അടുത്തദിവസമാണ് തിരിച്ചുപോയത്. നഗരത്തിന്റെയും സമൂഹത്തിന്റെ തന്നെയും മറ്റൊരു പരിച്ഛേദമാണ് കോളജ്. വിദൂരസ്ഥലങ്ങളിൽനിന്നുപോലും വിദ്യ തേടിയെത്തുന്ന ആശാകേന്ദ്രം. സവിശേഷമായ സാമൂഹിക സെക്ടറുകളിൽനിന്നും വിഭാഗങ്ങളിൽനിന്നും എത്തിച്ചേരാവുന്ന കൂട്ടായ്മ. ആൺ-പെൺ ഭേദമോ ജാതിമതഭേദമോ ഒന്നും പ്രത്യക്ഷത്തിൽ നിലനിൽക്കുന്നില്ല എന്നത് പ്രത്യേകതയാണ്. നാഗരികമായ വേഷവിധാനങ്ങളും ഭാഷകളും പാഠ്യവിഷയങ്ങളും പലതലങ്ങളിൽ അവരെ ബന്ധിപ്പിക്കുന്നു. കലയുടെയും രാഷ്ട്രീയത്തിന്റെയും വിശാലമായ തലങ്ങളുമുണ്ട്. ഭാഷയും തത്ത്വശാസ്ത്രവും ചരിത്രവും ശാസ്ത്രവും കലയും സംഗീതവും രാഷ്ട്രീയവും പണ്ഡിതസദസ്സുകളുമെല്ലാം നിറഞ്ഞ യൗവനകാലത്ത് പ്രലോഭിപ്പിക്കുന്ന വിജ്ഞാനത്തിന്റെ മാസ്മരികലോകമായിരുന്നു മഹാരാജാസ് കോളജ്. സ്വപ്നാടനങ്ങളുടെ കൊയ്ത്തിനൊപ്പം സ്വയം കണ്ടെത്തുന്ന സ്വപ്നാടനങ്ങളുടെയും ലോകം. ചരിത്രഗ്രന്ഥകനും ശ്രീനാരായണീയനുമായിരുന്ന പി.എസ്. വേലായുധനായിരുന്നു പ്രിൻസിപ്പൽ. എസ്. ഗുപ്തൻനായരും എം.കെ. സാനുവും എം. ലീലാവതിയും എം. അച്യുതനും ഭരതൻ മാസ്റ്ററുമടക്കം പ്രഗല്ഭരായ അധ്യാപകർ.

ക്ലാസ് മുറിക്കുള്ളിലെ ബന്ധം പിരിഞ്ഞുപോകുമ്പോൾ അവസാനിക്കുന്നതാണ്. വെറും സൗഹൃദം മാത്രം. വ്യത്യസ്തമായ ലക്ഷ്യങ്ങൾക്കായി ഒത്തുകൂടുന്നവരാണ്. ദൈനംദിനം കാണുന്നവർ തന്നെ കാണാത്തമട്ടിൽ നടന്നകലുന്നു. ചിലർ ചിരിച്ചുകൊണ്ട് കടന്നുപോകുന്നു. മറ്റു ചിലർ അൽപമാത്ര സൗഹൃദം പങ്കിടുന്നു. ആർക്കും ആരെ പറ്റിയും കൂടുതൽ അറിയണമെന്നില്ല. മുൻകൂട്ടി തീരുമാനിക്കപ്പെട്ട ബന്ധനങ്ങളുടെ സ്വാധീനങ്ങളിലൊന്ന് ഓരോരുത്തരിലും. ധിഷണാശാലികളായ വിദ്യാർഥികൾപോലും കുടുംബത്തിന്റെയും കൂട്ടത്തിന്റെയും (സോഷ്യൽ ​ഗ്രൂപ്) കൽപനകൾക്കകത്താണ്. ഒഴുകി താണു നീങ്ങുന്ന ചത്ത മീനുകളെപ്പോലെ.

ഹോസ്റ്റൽ ജീവിതം കുറച്ചുകൂടി വിശാലവും ആഴത്തിലുള്ള സൗഹൃദം നിറഞ്ഞതുമാണ്. പരസ്പരം അറിയുവാനും ഇടപെടാനും ആവിഷ്കരിക്കുവാനുമുള്ള സാധ്യതകൾ അവിടെയുണ്ട്. വ്യത്യസ്തതകളാകുന്ന ഒത്തുചേരൽ നിത്യജീവിതത്തിന്റെ ഭാഗമായി മാറുന്നു. മറ്റൊന്നായി രൂപാന്തരപ്പെടാനുള്ള സാധ്യത ഓരോരുത്തർക്കുമുണ്ടാകുന്നു. കോസ്മോപൊളിറ്റൻ ഹോസ്റ്റലിലെ 16ാം നമ്പർ മുറിയിൽ കോതമംഗലം സ്വദേശിയായ ഗംഗാധരനും നെടുമങ്ങാട് സ്വദേശിയായ കെ.സി. രവീന്ദ്രനുമായിരുന്നു സഹവാസികൾ. ഒരാൾ സയൻസും മറ്റൊരാൾ ആർട്സും പഠിക്കുന്നു. രണ്ടുപേരും ഡിഗ്രിക്ക് രണ്ടാം വർഷക്കാർ. ഗംഗാധരൻ എം.ബി.ബി.എസ് നേടി മെഡിക്കൽ രംഗത്തും രവീന്ദ്രൻ പി & ടി യിലും ജോലി സമ്പാദിച്ചു. ഇടതുപക്ഷ യൂനിയൻ പ്രവർത്തകൻകൂടിയായിരുന്നു രവീ​ന്ദ്രൻ.

ഗംഗാധരന് പ്രത്യേക രാഷ്ട്രീയ അഭിപ്രായങ്ങളൊന്നുമുണ്ടായിരുന്നില്ല. രവീന്ദ്രൻ കമ്യൂണിസ്റ്റ് ചിന്താഗതിക്കാരനാണ്. എസ്.സി/ എസ്.ടി വകുപ്പ് മന്ത്രിയായിരുന്ന എം.കെ. കൃഷ്ണന്റെ കുടുംബവുമായി അദ്ദേഹത്തിന് അടുത്തബന്ധമുണ്ട്. നഗരാതിർത്തിക്കു പുറത്ത് ഞാൻ ആദ്യമായി പോയത് രവീന്ദ്രന്റെ വീട്ടിലാണ് (പറവൂർ താലൂക്കിലെ നെടുങ്ങാട്). നഗരത്തിൽനിന്ന് ഗ്രാമത്തിലേക്കും ഗ്രാമങ്ങളിലേക്കുമുള്ള യാത്രയുടെ തുടക്കമായിരുന്നു അത്. നല്ല പാർപ്പിടം പോകട്ടെ, വീട് വെക്കാനെങ്കിലും ഭൂമിയോ ശുദ്ധജലം പോലുമില്ലാത്ത കുടികിടപ്പുകാരുടെയും കൂലി അടിമകളുടെയും ലോകം. വാഴക്കാലായിൽ ഞാൻ കണ്ട ജന്മിത്തത്തിന്റെ നേർക്കാഴ്ച.

പഠനത്തോടൊപ്പം കിട്ടുന്നതെന്തും വായിച്ചു. വായന ഒരു ശീലമായി മാറി. നോവലും കഥകളും കവിതകളും മാത്രമല്ല, തത്ത്വശാസ്ത്രവും ചരിത്രവും സാമ്പത്തികശാസ്ത്രവുമെല്ലാം വായനാവിഷയങ്ങളായി. വായനയോടൊപ്പം ഏത് വിഷയവും മറ്റുള്ളവരുമായി ചർച്ച ചെയ്യുവാൻ വലിയ കമ്പമായിരുന്നു. സംവാദാത്മകമായ ചർച്ചയല്ല, ഒരുതരം തർക്കത്തിലായിരുന്നു ഏറെ താൽപര്യം. തർക്കത്തിൽ മറുഭാഗം പരാജയപ്പെട്ടുവെന്നു തോന്നുമ്പോഴുണ്ടാകുന്ന സന്തോഷം ആത്മവിശ്വാസം പകർന്നു. ഇത് വായനാശീലത്തെയും അറിവ് നേടാനുള്ള ആഗ്രഹത്തെയും ത്വരിതപ്പെടുത്തി.

യഥാർഥത്തിൽ പാഠ്യവിഷയങ്ങളെക്കാൾ താൽപര്യം പാ​ഠ്യേതരവിഷയങ്ങളിലായി. രാജേന്ദ്ര മൈതാനിയിലും ദർബാർ ഗ്രൗണ്ടിലും മറ്റും നടക്കുന്ന രാഷ്ട്രീയ-സാംസ്കാരിക-ആത്മീയ സമ്മേളനങ്ങളിൽ നല്ലൊരു ശ്രോതാവായി. ഇ.എം.എസിനെയും എ.കെ.ജിയെയും സുന്ദരയ്യയെയും അതിർത്തിഗാന്ധി ഖാൻ അബ്ദുൽ ഗാഫർ ഖാനെയും സത്യസായിബാബയെയുമെല്ലാം ശ്രവിച്ചു. എം.സി. ജോസഫും ഇടമറുകും എം.എ. ജോണുമെല്ലാം പ​​ങ്കെടുത്തിരുന്ന യുക്തിവാദി സമ്മേളനങ്ങളിലും ശ്രണിതാവായി. തകഴിയെയും വളരെയധികം ഇഷ്ടപ്പെട്ടു. ഇവർ പ​ങ്കെടുത്തിരുന്ന സാഹിത്യസമ്മേളനങ്ങളിലെല്ലാം കേൾവിക്കാരനായി.

കുറ്റിപ്പുഴ കൃഷ്ണപിള്ളയെയും സഹോദരൻ അയ്യപ്പനെയും ഇ.എം.എസിനെയുമെല്ലാം വായിക്കാൻ ശ്രമിച്ചു. അറിവ് നേടാനുള്ള ഒരുതരം പരക്കംപാച്ചിൽ. പ​േക്ഷ, ഒന്നുണ്ട്. ഒരു സന്ദേഹവാദിയെപ്പോലെ എന്തിനെയും സംശയിച്ചു. ചോദ്യം ചെയ്യാതെ ഒന്നിനെയും സ്വായത്തമാക്കാൻ ശ്രമിച്ചില്ല.

പേരുമാറ്റം

ഇക്കാലത്താണ് എന്റെ പേരുമാറ്റം നടന്നത്. പേരുമാറ്റുന്ന മ​റ്റാരെയുംപോലെ എനിക്കും ചില ന്യായീകരണങ്ങളുണ്ടായിരുന്നു. ഒരാളിൽനിന്ന് മറ്റൊരാളെ വേർതിരിച്ചറിയുന്ന സാമൂഹികബന്ധമാണ് പേര്. അതൊരു ചിഹ്നമാണ്. അതിന്റെ ഹിംസാത്മകമായ ഗോത്രപരത ചരിത്രത്തിലുടനീളം മനുഷ്യനെ വേട്ടയാടുന്നു. ഒരാളെ മാത്രമല്ല, ഒരു കൂട്ടത്തെയും അത് സംബോധന ചെയ്യുന്നു. വ്യക്തിസ്വത്വത്തിനപ്പുറം അതൊരു സാമൂഹിക സ്വത്വമാണ്. പ്രാകൃതത്വത്തിന്റെയും പരിഷ്‍കൃതത്വത്തിന്റെയും അർഥതലങ്ങൾ അതിനുണ്ട്. അധീശത്വത്തെയും അടിമത്തത്തെയും അത് സൂചിപ്പിക്കുന്നു. സർ​വോപരി മുന്നിലുള്ളവർക്ക് പിന്നിലുള്ളവരെ പുച്ഛിക്കുന്നതിനുള്ള ഒരുപാധിയാണിത്.

എന്റെ പേര് എന്റെ ബാല്യത്തിനും കൗമാരത്തിനും താങ്ങാനാവാത്തവണ്ണം പരിഹാസം നൽകുന്നതായിരുന്നു. ഗോത്രാവസ്ഥയിലെ ഭക്ഷണശീലവുമായി ബന്ധപ്പെട്ടായിരുന്നു ആദ്യ പരിഹാസം. ട്രൈബൽ സ്കൂൾ പഠനകാലത്ത് എലിതീനി എന്നത്. അപ്പോഴേക്കും കൃഷിക്കാരും അക്ഷരാഭ്യാസം നേടിയവരും രാമഭക്തന്മാരും ആയിത്തീർന്ന മല അരയൻമാർ, വേട്ടയാടി ജീവിക്കുന്ന ഊരാളിമാർക്കെതിരെ സംസാരിക്കുന്ന പരിഹാസമായിരുന്നു അത്. ഗോത്രനാമം ഗോത്രത്തെത്തന്നെ തിരിച്ചറിഞ്ഞ് ഗോത്രാംഗത്തെ പരിഹസിക്കുന്നത് എളുപ്പമാക്കിത്തീർക്കുന്നു. ഗോത്രനാമം എനിക്ക് വിനയായി. മല അരയൻമാർക്കിടയിൽ അപ്പോഴേക്കും വേട്ടയാടലും എലിതീറ്റയുമെല്ലാം അസ്തമിച്ചിരുന്നില്ല എന്നത് ​മറ്റൊരു കാര്യം. ഈ മനോഭാവം തന്നെയാണ് ഇവർ മന്നാൻമാർ, മുതുവൻമാർ, ഉള്ളാടൻമാർ തുടങ്ങിയ വനാന്തരങ്ങളിലെ മറ്റ് ഗോത്രങ്ങ​ളോടും സ്വീകരിച്ചുവന്നിരുന്നത്. എന്നാൽ ഊരാളികൾ ഉൾപ്പെടെ ഈ ഗോത്രങ്ങൾ പരസ്പരം വിവാഹബന്ധങ്ങളിൽപോലും ഏർപ്പെട്ടിരുന്നു.

എഴുപതുകളുടെ തുടക്കത്തിൽ വൈക്കം/ തലയോലപ്പറമ്പിലെ പുലയർക്കിടയിൽനിന്ന് ഉള്ളാടൻമാർക്കെതിരെ എലിയും ആമയും പിടിച്ചുനടക്കുന്നവരെന്ന് ഇതേ പരിഹാസത്തിന്റെ ആവർത്തനം ഞാൻ കേട്ടിരുന്നു. പുലയർ ഉള്ളാടൻമാരെ ഭക്ഷ്യ​ശീലത്തി​ന്റെ പേരിൽ പുച്ഛിക്കുമ്പോൾ മറ്റു വിഭാഗക്കാർ എങ്ങനെ കാണുമെന്ന് ഞാൻ അത്ഭുതപ്പെട്ടിരുന്നിട്ടുണ്ട്. മനുഷ്യർ മനുഷ്യരെ ഇങ്ങനെയും വേർതിരിക്കുന്നുവല്ലോ എന്നോർത്ത് ദുഃഖിച്ചിട്ടുണ്ട്. മറ്റുള്ളവർക്കു മുന്നിൽ അഭിമാനിയാവാൻ ഒന്നും ഇല്ലാത്തവരാണ് സ്വന്തം കുലചിഹ്നത്തിൽപോലും അപമാനിക്കപ്പെടുന്നത്. നാട്ടിലെ യു.പി സ്കൂളിലെത്തുമ്പോൾ സഹപാഠികളായിരുന്ന നാരായണനും കൃഷ്ണനും ജേക്കബും ജോർജും മുഹമ്മദും ഇസ്മയിലുമൊന്നും പേരിന്റെ പേരിൽ പരിഹസിക്കപ്പെട്ടു കണ്ടില്ല. എന്നാൽ, കളിക്കുന്നിടങ്ങളിലും ആശയവിനിമയത്തിലെ അഭിപ്രായവ്യത്യാസങ്ങളിലുമെല്ലാം എന്നെ ചെറുതാക്കാനും പരാജയപ്പെടുത്താനും എന്റെ പേര് ഉപയോഗിക്കുന്നത് കണ്ടു. സഹിക്കുന്നതിനും ചെറുക്കുന്നതിനും ഇടയിലും ഈ ഗോത്രചിഹ്നം ഒരു ബാധ്യതയായി തോന്നി. കോളജിലെത്തിയപ്പോൾ അത് ഉരിഞ്ഞുകളയുവാൻ സ്വയം തീരുമാനിച്ചു.

പ്രീഡിഗ്രി ക്ലാസിലെ മറ്റൊരു ഗോ​ത്രനാമധാരി പുലയവിഭാഗത്തിൽനിന്ന് വന്ന കോന്നനായിരുന്നു. കോന്നൻ ഒരു ഊരാളിപേരായിരുന്നു. എന്നാൽ, മുൻകൂട്ടി തീരുമാനിക്ക​പ്പെട്ട ഏതെങ്കിലും ഒരു സ​ങ്കേതത്തിന്റെ ചട്ടക്കൂട്ടിൽനിന്നാകരുത് സ്വയം നിശ്ചയിക്കുന്ന പേരുമാറ്റമെന്നത് നിർബന്ധമായിരുന്നു. പേര് കണ്ടെത്തുന്നതിനുള്ള ചുമതല പലരും ഏറ്റെടുത്തു. രവീന്ദ്രനും ഗംഗാധരനും മുൻകൈ യെടുത്തു. ഹിസ്റ്ററി എം.എ പഠിച്ചിരുന്ന ചേലാട് വിജയനാണ് സലിംകുമാർ എന്ന പേര് നിർദേശിച്ചത്. മല അരയ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളിൽ ഒരാളായിരുന്നു അദ്ദേഹം. എസ്.സി/ എസ്.ടി വകുപ്പിൽ ഡയറക്ടറായി റിട്ടയർ ചെയ്തു. മറ്റു പല പേരുകളും നിർ​ദേശിക്കപ്പെട്ടുവെങ്കിലും സലിംകുമാർ സ്വീകാര്യമായി. കടുത്ത സലിംകുമാറായി. ഗസറ്റ് വിജ്ഞാപനത്തിലൂടെ പൊതുസമ്മതി നേടി.

പുതിയ അർഥതലങ്ങൾ തേടുന്നതിലും, ഒരു വേഷപ്പകർച്ചയായിരുന്നു പേരുമാറ്റലിലൂടെ സംഭവിച്ചത്. പൂർവനാമം നൽകിയ മുൻതലമുറ ഈ വേഷപ്പകർച്ചയെ സ്വീകരിക്കാൻ വിമുഖത കാട്ടി. ഞാനും ഒരിക്കലുമാരെയും അതിനായി പ്രേരിപ്പിച്ചതുമില്ല. ഇത്തരമൊരു മാറ്റത്തെ കുറിച്ചുള്ള അറിവ് കാലത്തിനു വിടുകയായിരുന്നു. അങ്ങനെ രണ്ടു പേരുകളിൽ രണ്ടിടത്തു ജീവിക്കേണ്ടിവരിക, ഒരുതരം ദുർഘടമാണിത്. അപ്പോഴും അനുഭവവേദ്യമായിരുന്ന വ്യാകുലതകളുടെ കനലുകൾ മനസ്സിൽ എരിഞ്ഞുതന്നെ നിന്നു.

ഒരിക്കൽ മാത്രമാണ് പേരുമാറ്റം പ്രശ്നമായത്. അക്ബർ അലിയെന്ന സുഹൃത്തിന്റെ വീട്ടിൽനിന്ന് രാവിലെ കായംകുളം കീരിക്കോട് ജങ്ഷനിലെത്തിയപ്പോൾ എന്തോ സംശയവുമായെത്തിയ യുവാക്കൾ പേരറിഞ്ഞപ്പോൾ ഞാൻ മുസ്‍ലിമാ​ണോ ഹിന്ദുവാണോയെന്ന പ്രശ്നം ഉന്നയിച്ചു. അടിയന്തരാവസ്ഥ പിൻവലിക്കപ്പെട്ടതിന്റെ തൊട്ടുപിന്നാലെ ആണ്. ഏതെങ്കിലും മതത്തിന്റെയോ ജാതി​യുടെയോ വക്താവല്ല ഞാനെന്ന മറുപടിയിൽ അവർ ഒട്ടുംതന്നെ തൃപ്തരായില്ലെന്നു മാത്രമല്ല, എന്റെ മതമുദ്ര വെളിപ്പെടുത്തിയിട്ട് പോയാൽ മതിയെന്ന പിടിവാശി അവർ കാട്ടി. അന്തരീക്ഷം മോശമായെന്ന് കണ്ടപ്പോൾ കാഴ്ചക്കാരായിരുന്ന മറ്റു ചില യുവാക്കൾ എന്റെ സഹായികളായെത്തി. ഇവർ ഇടതുപക്ഷ ചിന്താഗതിക്കാരായിരുന്നുവെന്ന് പിന്നീട് അറിഞ്ഞു. എന്റെ നിലപാട് ഭൂരിഭാഗം പേരും അംഗീകരിക്കുന്നുവെന്ന് അറിഞ്ഞ​േപ്പാൾ മറുഭാഗം പിൻമാറി. രണ്ടുകൂട്ടരും മുസ്‍ലിം യുവാക്കളായിരുന്നു. ഞാനോ അർധ മുസ്‍ലിമും, അർധ ഹിന്ദുവുമായി തരംതിരിക്കപ്പെടാത്തവൻ. എന്നെ പിടിച്ചുതള്ളി പൊയ്ക്കൊള്ളാൻ ആവശ്യപ്പെട്ടു. തത്സമയം എത്തിയ ബസിൽ കായംകുളം സ്റ്റാൻഡിലെത്തി. തിരുവനന്തപുരത്തേക്കായിരുന്നു പോവേണ്ടിയിരുന്നത്.

 

ബസിൽ കയറി അൽപസമയത്തിനുള്ളിൽ എന്നെ പറഞ്ഞയച്ച രണ്ട് യുവാക്കളും സൈക്കിളിൽ പാഞ്ഞെത്തി. ഞാൻ പോയതിനുശേഷം ജങ്ഷനിൽ വലിയ വാക്കേറ്റമുണ്ടായെന്നും അത് പരിഹരിച്ചുവേണം പോകാനെന്നും, അതിനായി തങ്ങളുടെ കൂടെ തിരിച്ചുവരണമെന്നും അവർ ആവശ്യപ്പെട്ടു. അൽപം ആശങ്കയോടെ ആണെങ്കിലും ഞാൻ സമ്മതിച്ചു. എന്നെയും അവർ സൈക്കിളിൽ കയറ്റി. തിരികെ എത്തിയ എനിക്ക് മധ്യവയസ്കനായ ഒരു മുസ്‍ലിം കച്ചവടക്കാരൻ ഇരിപ്പിടം നൽകി. കുറെ യുവാക്കളും ചുറ്റും കൂടി. തുടർന്ന് കണ്ടത് എന്നോട് ഇനിയാർക്കെങ്കിലും എന്തെങ്കിലും ചോദിക്കാനുണ്ടോയെന്ന ഉച്ചത്തിലുള്ള ​ വെല്ലുവിളിയാണ്. എന്നെ പറഞ്ഞുവിടുകയും, തിരികെ വിളിച്ചുകൊണ്ടുപോവുകയും ചെയ്ത യുവാക്കളാണ് വെല്ലുവിളി ഉയർത്തിയത്. ആരും അതിന് മുന്നോട്ടുവന്നില്ല. ഞാൻ എന്നെ സ്വയം പരിചയപ്പെടുത്തി.

മറവൻതുരുത്ത് പഞ്ചായത്തിൽപെട്ട ഇടവട്ടത്തുനിന്ന് ഹോസ്റ്റലിൽ വന്നയാളാണ് രാഘവൻ. ഞാൻ രാഘവന്റെ വീട്ടിൽ പോകുമ്പോൾ കണ്ട കാഴ്ച മറ്റൊന്നാണ്. കളിക്കൂട്ടുകാരനും സഹപാഠിയുമാണെങ്കിലും അയൽക്കാരനായ രാജു ഞങ്ങളുടെ വീട്ടിൽനിന്ന് ഭക്ഷണം കഴിക്കില്ലെന്ന് രാഘവന്റെ ഇളയ സഹോദരിമാർ പറഞ്ഞു. ഈഴവർ മാത്രമല്ല മറ്റു ജാതിക്കാരും അങ്ങനെ തന്നെയാണെന്നും. അവരാകട്ടെ രാജുവിന്റെ വീട്ടിൽനിന്ന് ഭക്ഷണം കഴിക്കുകയും ചെയ്യും. അവർക്കുമേൽ വിലക്കുകളൊന്നുമില്ല. രാജുവിന്റെ അമ്മ അവരുടെ ഒരു അഭ്യുദയകാംക്ഷികൂടി ആയിരുന്നു. രാഘവന്റെ ഇളയ സഹോദരിമാരിൽനിന്നും അച്ഛന്റെ പ്രായം ഉള്ള ഒരാളെ പറയൻ കുമാരൻ എന്ന് പരിചയപ്പെടുത്തുന്നതും കേട്ടു. പുലയർക്ക് പറയരോടുള്ള മനോഭാവമാണത്. പറയരെ വിശ്വാസത്തിലെടുക്കാൻ പറ്റില്ല എന്നുള്ളത് വിദ്യാസമ്പന്നരായ പുലയർക്കിടയിൽപോലും നിലനിന്നിരുന്ന ധാരണയാണ്. മുകൾത്തട്ടിലുള്ളവർ ആദരിക്കപ്പെടുന്നു. ഈഴവരുൾപ്പെടെ മറ്റു വിഭാഗങ്ങളിൽപെടുന്ന കുട്ടികൾപോലും എത്ര മുതിർന്നവരാണെങ്കിലും പുലയരെ പേരു വിളിക്കുന്നു. മാതൃത്വമോ പിതൃത്വമോ മറ്റേതെങ്കിലും ബന്ധങ്ങളോ പുലയരിലേക്ക് പകരുവാൻ അവരും തയാറല്ല.

കുടിയിൽ ഉള്ളവർപോലും കോപം വരുമ്പോൾ കുട്ടികളെ പരവൻ എന്ന് വിളിക്കുന്നതും, പുലയൻ എന്ന് കേൾക്കുമ്പോൾ മുഖം കോട്ടുന്നതും കുട്ടിക്കാലത്ത് കണ്ടിട്ടുണ്ട്. കണ്ണൂർ ജില്ലയുടെ കിഴക്കൻ പ്രദേശത്ത് കുറിച്യരുടെ ഒരു യോഗത്തിൽ ജാഥയെത്തുമ്പോൾ താമസവും ഭക്ഷണവും നൽകിയവരുടെ കുട്ടികൾ ഞങ്ങൾ നൽകുന്ന ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുന്നത് കണ്ടു. വയനാട് ജില്ലയിൽ ആദിവാസികൾക്കിടയിൽ സഞ്ചരിക്കുമ്പോൾ അതായത് രണ്ട് പതിറ്റാണ്ട് മുമ്പ് വാളാട് കൃഷ്ണൻ (കുന്നേൽ കൃഷ്ണൻ) കുറിച്യർ കാത്തുസൂക്ഷിക്കുന്ന അയിത്താചരണത്തെപ്പറ്റി ബോധ്യപ്പെടുത്തിയതാണ്. ഗോത്രങ്ങൾക്കിടയിൽ നിലനിൽക്കുന്ന ഈ ശുദ്ധാശുദ്ധ സങ്കൽപങ്ങൾ സർവശേഷിയായ ജാതി നിയമങ്ങളായി കാട്ടിക്കുന്നിലും, പിന്നെ കേരളത്തിലും നിലനിൽക്കുന്നതാണ് കണ്ടത്. ഏതെങ്കിലും തലത്തിൽ അത് പിന്തുടരാത്തവരായി ഒരു സമൂഹവും നിലനിൽക്കുന്നില്ല.

അതും വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനായി ഐതിഹാസികമായ പോരാട്ടം നടന്ന വൈക്കത്ത് ആമചാടി തേവനെപ്പോലുള്ള പുലയരെകൂടി മുൻനിർത്തിയായിരുന്നു ദേശീയ വാദികളായ കെ. കേളപ്പ​നെ ​പോലുള്ളവർ പോരാട്ടത്തിലേർപ്പെട്ടത് എന്നത് മറ്റൊരു കാര്യമാണ്. നായന്മാർക്കിടയിൽനിന്ന് മന്നവും ഈഴവർക്കിടയിൽനിന്ന് ടി.കെ. മാധവനുമെല്ലാം ഇറങ്ങിവന്നു. ഗാന്ധിയും ഇ.വി.ആറും അടക്കമുള്ളവർ വന്ന് പോയിട്ട് അര നൂറ്റാണ്ടായി. അതിന് എത്രയോ മുമ്പുതന്നെ നാരായണ ഗുരുവും കുമാരനാശാനുമെല്ലാം കടന്നുപോയ സഞ്ചാരവീഥികളാണത്. അയ്യൻകാളിയുടെ പോരാട്ട സ്വാധീനങ്ങ​ളുമെല്ലാം അവിടെ മുഴങ്ങിക്കേട്ടിരുന്നു. അവിടെനിന്നുതന്നെയാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ് പി. കൃഷ്ണപിള്ള തന്റെ ജൈത്രയാത്ര തുടങ്ങിയത്.

(തുടരും)

News Summary - KM Salimkumar biography