കാലം മാറുന്നു, സിനിമകളും

സാലു ജോർജ്- ഫോട്ടോ: രതീഷ് ഭാസ്കർ
കടലാസിൽ എഴുതിവെച്ചതിനെ ദൃശ്യഭാഷയിലേക്ക് മാറ്റാൻ കലാപരമായ അറിവും കഴിവും വായനയും അനിവാര്യമാണ്. മനസ്സു കൊടുത്താകണം കാമറ ചലിപ്പിക്കാൻ. മലയാള സിനിമയിൽ താൻ നടത്തിയ കാമറ ചലനങ്ങളെ പ്രശസ്ത ഛായാഗ്രാഹകൻ സാലു ജോർജ് ലേഖകനോട് ഓർത്തെടുക്കുന്നു. ആത്മഭാഷണം –മുൻ ലക്കം തുടർച്ച.
‘പാദമുദ്ര’ക്കു ശേഷം പിന്നീട് സിനിമ അന്വേഷിച്ച് നടക്കേണ്ടി വന്നിട്ടില്ല. തുടരെ സിനിമകളായിരുന്നു. ഒരു വർഷം 10 സിനിമകൾ വരെ ചെയ്യേണ്ടിവന്നു. രാവിലെ ഒരു സിനിമയുടെ ലൊക്കേഷനിലാകുമ്പോൾ വൈകീട്ട് മറ്റൊരു സിനിമ, അതും വ്യത്യസ്ത സ്വഭാവമുള്ള സിനിമയുടെ ചിത്രീകരണ തിരക്കിലാകും. അതിൽതന്നെ വാണിജ്യപരവും പക്കാ കോമഡി സ്വഭാവമുള്ളതും, സമാന്തര-കലാമൂല്യമുള്ള സിനിമകളുമെല്ലാം ഉൾപ്പെട്ടിരുന്നു.
സിബി മലയിലിനും ലോഹിതദാസിനും മമ്മൂട്ടിക്കുമൊപ്പം വീണ്ടും ഒന്നിച്ച് പ്രവർത്തിച്ച സിനിമയാണ് ‘മുദ്ര’. 1989ൽ പുറത്തിറങ്ങിയ ഈ ചിത്രം ‘തനിയാവർത്തന’ത്തിന്‍റെ നിർമാതാവതന്നെയായിരുന്നു^ നന്ദകുമാർ. അന്നത്തെ കൗമാര താരങ്ങളായ സുധീഷ്, ബൈജു, മഹേഷ് എന്നിവരെല്ലാം അതിൽ നിറഞ്ഞഭിനയിച്ചു. മധു, സുകുമാരൻ, പാർവതി, കൊല്ലം തുളസി, പപ്പു, മാള, മുകേഷ്, ക്യാപ്റ്റൻ രാജു, കരമന, മാമുക്കോയ തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കൾ. കണ്ണൂരിലായിരുന്നു ഷൂട്ടിങ്. ദുർഗുണ പരിഹാര പാഠശാലയും അവിടെ തടവിലാക്കപ്പെട്ട ബാല തടവുകാരുടെ കഥ പറയുന്നതുമായ സിനിമയുടെ ചിത്രീകരണം അത്രമേൽ ശ്രമകരമായിരുന്നു. സെറ്റിടാതെ തന്നെ കണ്ണൂരിലുള്ള ദുർഗുണ പരിഹാര പാഠശാലയിൽ വെച്ചുള്ള ഷൂട്ടിങ്ങിൽ അന്ന് അവിടെ താമസിക്കുന്ന കുട്ടികളുമുണ്ടായിരുന്നു. അഭിനേതാക്കളെ തിരിച്ചറിയാമെങ്കിലും ഇടക്കൊക്കെ നടൻമാരും അവിടത്തെ താമസക്കാരായ പിള്ളേരുമൊക്കെ ഇടകലർന്നിരുന്നു. സിനിമയിലെ കുട്ടികളുടെയും അവിടത്തെ തടവുകാരുടെയും യൂനിഫോമിന്‍റെ നിറം ഒന്നായിരുന്നു. രണ്ടുകൂട്ടരെയും മാറിപ്പോകാൻ ഏറെ സാധ്യതയുമുണ്ടായിരുന്നു.
വ്യത്യസ്ത കുറ്റകൃത്യങ്ങളിൽ ഇടപെട്ട് പിടിക്കപ്പെട്ട കുറ്റവാളികളായിരുന്നു അവിടെയുണ്ടായിരുന്ന പലരും. വായിൽ ബ്ലേഡ് കൊണ്ടുനടക്കുന്നവരും അതിലുണ്ടായിരുന്നു.
സിനിമയിൽ പൊലീസുകാരും കുട്ടികളും തമ്മിൽ നടക്കുന്ന സംഘർഷ രംഗങ്ങൾ എടുക്കാനായപ്പോൾ സിബി എന്നോട് ചോദിച്ചു, ‘‘സാലൂ നമുക്ക് ഹാൻഡ് ഹെൽഡായി കാമറ ചെയ്താലോ’’ എന്ന്. എനിക്കും ആ നിർദേശം സ്വീകാര്യമായി. ഞാൻ പറഞ്ഞു,‘‘ഭയങ്കര സന്തോഷം, നമുക്ക് ചെയ്യാം.’’ കാരണം, ഇങ്ങനെയുള്ള പരീക്ഷണങ്ങൾ സിനിമയിൽ വേണമെന്നാണ് എന്‍റെയൊരു കാഴ്ചപ്പാട്. സാധാരണ സംഘട്ടന രംഗങ്ങളിൽ ഉള്ളതുപോലെ മുന്നിൽ സ്റ്റഡി കാമറവെച്ച് മാർക്ക് ചെയ്തിടത്തേക്ക് വീഴുന്നതും പിന്നീട് എണീറ്റ് വരുന്നതും പിടിച്ചു മാറ്റുന്നതുമായ സംഘട്ടന സീനുകളായിരുന്നില്ല ‘മുദ്ര’യിലേത്. കാമറ കൈയിലേന്തി അഭിനേതാക്കളോടൊപ്പം ഓടിയും നടന്നും ചാഞ്ഞും ചരിഞ്ഞുമൊക്കെയാണ് ഫൈറ്റ് സീൻ എടുക്കേണ്ടിവന്നത്. വല്ലാത്ത നിമിഷങ്ങളായിരുന്നു അപ്പോൾ.
സിനിമയിൽ പൊലീസുകാർ സെല്ലിന്‍റെ വാതിൽ തള്ളിത്തുറന്ന് വന്ന് കുട്ടികളെ ലാത്തികൊണ്ട് അടിച്ചോടിക്കുന്നൊരു സീനുണ്ട്. ഇതെടുക്കവെ, കുട്ടികളോട് ഞാൻ പറഞ്ഞു,‘‘നിങ്ങൾക്ക് എന്തുവേണേലും ചെയ്യാം. പൊലീസുകാരു തല്ലുമ്പോൾ ഇന്ന സ്ഥലത്ത് വീഴണമെന്നൊന്നുമില്ല. സൗകര്യമുള്ളിടത്ത് വീഴുകയോ ചാടുകയോ ഓടുകയോ ഒക്കെ ചെയ്യാം. കാമറയുമായി നിങ്ങൾക്ക് പിന്നാലെതന്നെ ഞങ്ങളുണ്ടാകും.’’ അങ്ങനെ സംവിധായകൻ അടിച്ചോ എന്ന് ആക്ഷൻ പറഞ്ഞതും പൊലീസുകാർ ഓടിവന്ന് തല്ലോടുതല്ല്. കാമറ ഞാൻ കൈയിലെടുത്ത് പിന്നാലെ നടന്ന് മൊത്തത്തിൽ ഷൂട്ട് ചെയ്തു. കുട്ടികൾ പലരും ചിതറിയോടി, ചിലർ ശരിക്കും അടികിട്ടിയതുപോലെ തന്നെ അഭിനയിച്ച് ഫലിപ്പിച്ചു. അവർക്കിടയിലൂടെ ഞാനും ഓടിച്ചാടി നടന്ന് ഒരുവിധത്തിൽ ആരെയും മിസ്സാകാതെ രംഗങ്ങൾ കാമറയിലാക്കി. ഇത് എന്നെ സംബന്ധിച്ച് പുതിയൊരു അനുഭവംകൂടിയായിരുന്നു. സാധാ സംഘട്ടന രംഗങ്ങൾക്കപ്പുറത്തുനിന്ന് മറ്റൊരുതലത്തിൽ സീനെടുക്കാൻ സാധിക്കുമെന്ന കോൺഫിഡൻസും എനിക്കുണ്ടായി. തുടർന്നുള്ള സിനിമകളിലും ഞാനീ വിദ്യ ഉപയോഗിച്ചിട്ടുണ്ട്. ഫൈറ്റ് എടുക്കുമ്പോൾ നടന്മാരോട് പറയും. ഇന്ന മാർക്കിൽ വന്ന് നിങ്ങൾ വീഴണമെന്ന് ഞാൻ നിർബന്ധം പറയില്ല. നിങ്ങൾക്ക് സാധിക്കുന്നിടത്തേക്ക് വീണോളൂ. ഞാൻ പിടിച്ചോളാം. എന്‍റെ ഈ നിർദേശം അഭിനേതാക്കൾക്കും സ്വീകാര്യമായിരുന്നു.
‘പൂച്ചക്കാരു മണികെട്ടും’ സിനിമയുടെ ലൊക്കേഷനിൽ ഇസ്മയിൽ ഹസൻ, നടി സൗമ്യ, അനിൽ വെഞ്ഞാറമൂട്, നെടുമുടി വേണു, സാലു ജോർജ്,എം.ഡി. സുകുമാരൻ, ജിബു ജേക്കബ് എന്നിവർ
മറവിയുടെ ആഴങ്ങളിൽ ആണ്ടുപോയ വിപിൻ ദാസ് സാർ
സിനിമയിൽ എനിക്ക് എന്തെങ്കിലും ആകാൻ സാധിച്ചിട്ടുണ്ടെങ്കിൽ അതിന്‍റെയെല്ലാ ക്രെഡിറ്റും വിപിൻ ദാസ് സാറിന് നൽകാനാണ് ഞാനിഷ്ടപ്പെടുന്നത്. അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് സിനിമാറ്റോഗ്രഫി പഠിച്ചിറങ്ങിയെങ്കിലും സിനിമാറ്റോഗ്രഫിയെക്കുറിച്ച് ചുക്കോ ചുണ്ണാമ്പോ അറിയാതിരുന്ന എന്നെ എങ്ങനെ സിനിമയെടുത്താലാണ് നന്നാവുകയെന്നും, സിനിമയിലെ ആളുകളോട് എങ്ങനെ നിൽക്കണമെന്നതുമൊക്കെ മനസ്സിലാക്കി ബോധ്യപ്പെടുത്തിത്തന്നത് അദ്ദേഹത്തിന്‍റെ ശിക്ഷണത്തിൽനിന്നാണ്.
പുതുതലമുറയോട് എനിക്ക് പറയാനുള്ളതും അതാണ്. ഫോട്ടോഗ്രഫി പേനയും പേപ്പറുംവെച്ച് പഠിച്ചാൽ മനസ്സിലാവണമെന്നില്ല. കലാപരമായ അറിവും കഴിവും വായനയും അതിനനിവാര്യമാണ്. മനസ്സു കൊടുത്താകണം കാമറ ചലിപ്പിക്കാൻ. കടലാസിൽ പകർത്തിയതിനെ ദൃശ്യഭാഷയിലേക്ക് മാറ്റുന്ന കഴിവ് അനുഭവത്തിലൂടെയും ഭാവനകൊണ്ടും കഠിനമായ പരിശ്രമംകൊണ്ടുമാണ് ഞാൻ സ്വായത്തമാക്കിയത്. സിനിമയിൽനിന്ന് അനുഗ്രഹങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഏറെ സങ്കടപ്പെട്ട സംഭവം വിപിൻ ദാസ് സാറിന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ളതാണെന്ന് നേരത്തേ പറഞ്ഞുവല്ലോ, അത് വിശദീകരിക്കാം.
2011 ഫെബ്രുവരി 12ന് 73ാം വയസ്സിലാണ് അദ്ദേഹത്തിന്‍റെ മരണം. മലയാളത്തിലെ എല്ലാ മുഖ്യധാരാ സംവിധായകരുടെയും ചിത്രങ്ങൾക്ക് കാമറ ചലിപ്പിച്ച അദ്ദേഹത്തിന് ജീവിച്ചിരുന്നപ്പോൾ അർഹമായ അംഗീകാരം ലഭിച്ചില്ല എന്നത് യാഥാർഥ്യമാണ്. വയനാട്ടിൽവെച്ചാണ് അദ്ദേഹം മരിച്ചത്. ചില കാര്യങ്ങളോട് പ്രത്യേക താൽപര്യം തോന്നുമ്പോൾ വേറെയൊന്നും നോക്കാതെ സാറ് അതിനു പിന്നാലെയങ്ങ് പോകും. അവസാനകാലത്ത് പ്രത്യേകമായൊരു മോഹം അദ്ദേഹത്തിനുണ്ടായി. ആർക്കും തോന്നാത്തതല്ലെങ്കിലും പ്രായോഗികമായി ബുദ്ധിമുട്ടുകൂടിയുള്ള ആഗ്രഹമായിരുന്നു അത് എന്നുതന്നെ പറയാം. എമു വളർത്തലായിരുന്നു അത്. അങ്ങനെ വയനാട്ടിലെ ഏതോ ഒരു മലമ്പ്രദേശത്ത് ഫാമും സന്നാഹങ്ങളും സജ്ജീകരിച്ച് എമു വളർത്തൽ ആരംഭിച്ചു. വരുമാന മാർഗം എന്നതിനപ്പുറം ഹോബി എന്ന നിലയിലാണ് അദ്ദേഹം ഇതിനെ കണ്ടത്. കമ്പിവേലിയും മറ്റും ഉപയോഗിച്ച് അത്യാവശ്യം ഉയരത്തിൽ നല്ലൊരു ഫാമുണ്ടാക്കി, സഹായത്തിന് പരിചാരകനെയും കൂടെക്കൂട്ടി.
കാമറാമാൻ വിപിൻ ദാസ്, സാലു ജോർജ്, എം.ഡി. സുകുമാരൻ
അഞ്ചു കിലോ തീറ്റയിൽനിന്ന് ഒരു കിലോ ഇറച്ചി ഉൽപാദിപ്പിക്കാനുള്ള കഴിവാണ് എമുവിനെ മറ്റ് പക്ഷികളിൽനിന്ന് വ്യത്യസ്തമാക്കുന്നത്. രണ്ടുവർഷം കൊണ്ട് 65 കിലോഗ്രാം വരെ തൂക്കം എത്തുന്ന എമുവിൽനിന്ന് ഏകദേശം 35 കിലോ വരെ ഇറച്ചി ലഭിക്കും. കൂടാതെ, ഇവയുടെ മുട്ടക്കും വിപണിയിൽ വൻ ഡിമാൻഡാണ്. കുടുംബം അന്ന് ചെന്നൈയിലായിരുന്നു. ആരോടും പറയാതെ പെട്ടെന്നൊരു ദിനം പുള്ളി അവിടന്നിറങ്ങി വയനാട്ടിലേക്ക് വണ്ടി കയറുകയായിരുന്നു. എമുക്കളും ഫാമും ചെറിയ കൃഷിയുമെല്ലാമായി വയനാട്ടിൽ കഴിയവെ ഒരിക്കൽ സഹായിയോടൊപ്പം തീറ്റയുമായി തിരിച്ച് താമസസ്ഥലത്തേക്ക് മല കയറുന്നതിനിടെ അദ്ദേഹത്തിന് കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ടു. വേദനയോടൊപ്പം അദ്ദേഹം അവിടെതന്നെ കുഴഞ്ഞുവീഴുകയുംചെയ്തു. കൂടെയുള്ള സഹായിക്ക് അറിയില്ല, വിപിൻദാസ് സാറ് കേമനായൊരു കാമറാമാനാണെന്നും അറിയപ്പെടുന്ന ആളാണെന്നുമൊക്കെ. അവൻ അദ്ദേഹത്തെ മലയിറക്കി കാടും മേടും താണ്ടി വയനാട്ടിലെ ആശുപത്രിയിലെത്തിച്ചു. അവിടെ എത്തിയപ്പോഴും വിഭിന്നമായിരുന്നില്ല സ്ഥിതി. ആരുംതന്നെ അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല. ആശുപത്രിയിലെത്തിക്കാൻ വൈകിയത് കൊണ്ടാകണം അദ്ദേഹം ചികിത്സക്കിടെ മരിച്ചു. ആശുപത്രി ജീവനക്കാർ മരണാനന്തരമുള്ള കടലാസു നടപടികൾ ചെയ്യുന്നതിനിടെ, അന്ന് അതുവഴി വന്ന ഒരാൾ സാറിന്‍റെ ഭൗതികശരീരം തിരിച്ചറിഞ്ഞു.
കുടുംബവുമായി പരിചയമുള്ള അയാൾ ഉടനെ ചെന്നൈയിലുള്ള സാറിന്‍റെ കുടുംബക്കാരേയും പരിചയമുള്ള സിനിമക്കാരെയും മരണവിവരം വിളിച്ചറിയിച്ചു. ചെന്നൈയിൽനിന്ന് കുടുംബവും മറ്റ് സിനിമ പ്രവർത്തകരുമെല്ലാം എത്തിയപ്പോഴേക്കും ഏറെ വൈകിയിരുന്നു. ആ സമയത്തിനുള്ളിൽ അദ്ദേഹത്തിന്‍റെ ഭൗതികശരീരം മോർച്ചറിയിലേക്ക് മാറ്റിക്കഴിഞ്ഞിരുന്നു. വിവരമറിഞ്ഞ ഉടൻ ഞാനും അന്ന് തൃപ്പൂണിത്തുറയിൽ താമസിച്ചിരുന്ന വിപിൻദാസ് സാറിന്‍റെ അളിയനും കാമറാമാനും സംവിധായകനുമായ എം.ഡി. സുകുമാരനുംകൂടി നേരെ വയനാട്ടിലേക്ക് പുറപ്പെട്ടു.
ആളും ബഹളവും കൂടിയപ്പോഴാണ് ആശുപത്രിക്കാരും ഡോക്ടർമാരും മരിച്ച് മോർച്ചറിയിലാക്കിയ മനുഷ്യന്‍റെ മഹത്ത്വം തിരിച്ചറിയുന്നത്. അവരുടനെ പൊലീസിനെ വിവരമറിയിച്ചു. പിന്നീട് എല്ലാം പെട്ടെന്നായി. മന്ത്രിമാരും ഉദ്യോഗസ്ഥരുമടക്കം അവിടെയെത്തി. മൃതദേഹത്തിൽ റീത്തുകൾ നിറഞ്ഞു. സർക്കാറിന്‍റെ ഔദ്യോഗിക ബഹുമതിയോടെയുള്ള സംസ്കാര നടപടികളാരംഭിച്ചു. ദുഃഖാചരണവും അനുശോചന പ്രവാഹവുംകൊണ്ട് സാംസ്കാരിക ലോകം അദ്ദേഹത്തെ വാനോളം വാഴ്ത്തി. ദിവംഗതന്‍റെ മേന്മകളും സിനിമകളും എല്ലാവരും ഓർത്ത് പുളകിതരായി.
അന്ന് ആ ആശുപത്രിയിൽ വെച്ച് അങ്ങനെയൊരാൾ അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ലായിരുന്നെങ്കിൽ ഒരുപക്ഷേ മലയാളത്തിലെ എക്കാലത്തെയും വിദഗ്ധനായ സിനിമാറ്റോഗ്രാഫർ അജ്ഞാത ശരീരമായി മണ്ണിലലിഞ്ഞ് മറവിയുടെ ആഴങ്ങളിലേക്ക് പോയേനെ. സിനിമയിൽനിന്ന് മാറ്റിനിർത്തിയിട്ടില്ല പിന്നിലേക്ക് ആലോചിക്കുമ്പോൾ ഏതാണ്ട് നൂറിലധികം സിനിമകൾക്ക് കാമറ ചലിപ്പിച്ചു എന്ന വലിയ ചാരിതാർഥ്യം എനിക്കുണ്ട്. പണ്ട് ‘ആരി-ത്രീ’കാമറയടക്കമുണ്ടെങ്കിലും ‘റ്റൂ-സി’ കാമറയാണ് അധികവും ഞാനുപയോഗിച്ചിരുന്നത്. ഡിജിറ്റൽ കാമറകളുടെ ഇക്കാലത്ത് എല്ലാം എളുപ്പമാണ്. ഏത് കളർ വേണമെങ്കിലും ഉപയോഗിക്കാം. അന്ന് റെഡ്, ബ്ലൂ, ഗ്രീൻ എന്നീ കളർ ഗ്രേഡിങ്ങുകളേയുള്ളൂ. എങ്കിലും ദൃശ്യമികവ് വേണ്ടുവോളമായിരുന്നു.
അഞ്ച് തലമുറ സംവിധായകർക്കൊപ്പം അത്രതന്നെ നടൻമാരോടൊപ്പവും ഞാൻ ജോലിചെയ്തിട്ടുണ്ട്. പ്രേംനസീർ, മധു, സുകുമാരൻ, സോമൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങി പുതുതലമുറയിലെ പൃഥ്വിരാജടക്കം നായകന്മാർക്കും പി.എ. ബക്കർ, ഹരിഹരൻ, ഭരതൻ, പത്മരാജൻ, ആർ. വിശ്വംഭരൻ, സിബി മലയിൽ, കമൽ, കെ. മധു, തുളസീദാസ്, രാജീവ് അഞ്ചൽ തുടങ്ങി ജോസ് തോമസ്, ജോണി ആന്‍റണി വരെയുള്ള സംവിധായകർക്കൊപ്പവും പ്രവർത്തിക്കാൻ സാധിച്ചത് വലിയ കാര്യമായി തന്നെ കാണുന്നു.
110 സിനിമകൾവരെ ഞാൻ ചെയ്തതിൽ 55 സിനിമകളോളം പുതുകാല സംവിധായകർക്കൊപ്പമാണ്. 2012ൽ കെ. മധു സംവിധാനംചെയ്ത ‘ബാങ്കിങ് ഹവേഴ്സ് 10-4’ എന്ന ചിത്രവും 2017ൽ എം.ഡി. സുകുമാരൻ സംവിധാനംചെയ്ത ‘പശു’വുമാണ് അവസാനമായി ചെയ്ത സിനിമകൾ. ഒരിക്കലും ഒരു സംവിധായകനും എന്നെ മനഃപൂർവം മാറ്റിനിർത്തിയിട്ടില്ല. ഈ വർഷങ്ങളെല്ലാം സ്വയം മാറിനിന്ന് പുതുകാഴ്ചകൾ ആസ്വദിക്കുകയായിരുന്നു. സ്ക്രിപ്റ്റുമായി ഇപ്പോഴും ആളുകൾ എന്നെതേടിവരാറുണ്ട്. മിക്കവാറും പേരോട് ഞാൻ പറയും, കഥ ഓക്കെ, ഇതിലെ ഒരു സീനൊന്ന് എഴുതിവരാമോ എന്ന്. എന്നാൽ, അതവർക്ക് അറിയുന്നതാവില്ല. അങ്ങനെയുള്ളവരോട് സ്നേഹപൂർവം എന്നെ ഒന്ന് ഒഴിവാക്കി തരണമെന്ന് താഴ്മയോടെ മറുപടി നൽകാറാണ് പതിവ്.
സാലു ജോർജ്, ഭാര്യ രേഖ, മക്കളായ എബി, ചെറി, ജോ എന്നിവർ,‘ചാപ്പ’ സിനിമയുടെ പോസ്റ്റർ
ഒരു കാമറാമാനെ സംബന്ധിച്ച് അയാൾ ഷോട്ടുകളിലൂടെയാണ് സിനിമയെ കാണുന്നത്. പഴയകാല സംവിധായകർക്കുള്ള വലിയ ഗുണമെന്ന് പറയുന്നതും ഇതാണ്. നേരത്തേ പറഞ്ഞില്ലേ, ആർ. സുകുമാരനെപ്പോലുള്ള സംവിധായകരുടെ മികവ്. ഭരതൻ, പത്മരാജൻ, സിബി മലയിൽ, കമൽ എന്നുവേണ്ട അന്നത്തെ ഒട്ടുമിക്ക സംവിധായകർക്കും അവർ എടുക്കാൻ പോകുന്ന ഓരോ ഷോട്ടിനെക്കുറിച്ചും വ്യക്തമായൊരു ചിത്രം മനസ്സിലുണ്ടാകും. അത് സിനിമാറ്റോഗ്രാഫർക്കു മുന്നിൽ വ്യക്തതയോടെ അവതരിപ്പിക്കുകയുംചെയ്യും. പഴയകാല സിനിമകൾ ഇന്ന് ആളുകൾ ആവർത്തിച്ചു കാണുന്നതും സോഷ്യൽ മീഡിയകളിൽ ചർച്ചയായി കത്തിനിൽക്കുന്നതും സന്ദർഭത്തിനനുസരിച്ച് ഉപയോഗിക്കുന്നതും അതിലെ ദൃശ്യങ്ങൾക്കും സംഭാഷണങ്ങൾക്കും മനസ്സുകളെ സ്വാധീനിച്ചു നിർത്താൻ സാധിച്ചു എന്നതുകൊണ്ടുകൂടിയാണ്.
ഇത് പറയുമ്പോൾതന്നെ, പുതിയകാല സിനിമാറ്റോഗ്രാഫർമാരെ തീർത്തും അധിക്ഷേപിക്കുകയല്ല. ജോമോൻ ടി. ജോൺ, സമീർ താഹിർ, ഷൈജു ഖാലിദ്, സുജിത് വാസുദേവ്, വിഷ്ണു നമ്പൂതിരി തുടങ്ങി ഇന്ന് തിളങ്ങിനിൽക്കുന്ന പലരുടെയും സ്റ്റൈൽ ഓഫ് സിനിമാറ്റോഗ്രഫി എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ളതാണ്. ഇവരുമായി നല്ലൊരാത്മബന്ധവും എനിക്കുണ്ട്.
ന്യൂജനറേഷനോട് വിരോധമില്ല, എങ്കിലും...
സമൂഹമാധ്യമങ്ങളിൽനിന്ന് മാറിനടന്നുള്ള ജീവിതമാണ് എന്‍റേത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയൊന്നും അത്രമേൽ ഉപയോഗിക്കുകയോ അത് ജീവിതത്തിൽ അത്ര അനിവാര്യമാണെന്ന് വിശ്വസിക്കുകയോ ചെയ്യാത്തയാളാണെന്നാണ് സ്വയം വിലയിരുത്തുന്നത്. സിനിമാറ്റോഗ്രഫി പുരോഗമിച്ച കാലമാണിന്ന്. എടുക്കുന്ന ഓരോ ഷോട്ടും അപ്പപ്പോൾ മോണിറ്ററിൽ കണ്ട് വിലയിരുത്തി റീ ഷൂട്ട് ചെയ്യാൻ ഇന്ന് സാധിക്കും. ഇത് സിനിമയുടെ ക്വാളിറ്റിക്ക് ഗുണകരമാകുമെങ്കിലും ചിലപ്പോൾ ദുർവിനിയോഗത്തിനും ഇടയുണ്ട്. നല്ലപോലെ എടുത്ത് വെച്ചൊരു ഷോട്ട്, സിനിമയെക്കുറിച്ച് ഒരു വിവരവുമില്ലാത്ത ആൾക്കാർ വന്ന് അഭിപ്രായം പറഞ്ഞ് ഒരാവശ്യവുമില്ലാതെ റീ ഷൂട്ട് ചെയ്യേണ്ട അവസ്ഥ ഇന്നത്തെ കാലത്തുണ്ട്. എന്‍റെ മുഖമൊന്ന് മറഞ്ഞുപോയി, നടത്തം ശരിയായില്ല, മേക്കപ്പ് കുറഞ്ഞു, ഒന്ന് തിരിഞ്ഞുപോയി എന്നെല്ലാം പറഞ്ഞ്, അഭിനയംകൊണ്ടും ക്വാളിറ്റികൊണ്ടും മികച്ചതാക്കി വെച്ച ഒരു ഷോട്ട് റീ ഷൂട്ട് ചെയ്യാൻ നിർബന്ധിതമാകുന്ന അവസ്ഥയോട് എനിക്ക് ഉൾച്ചേർന്നു പോകാനാവില്ല. ചിലപ്പൊ, ജൂനിയർ ആർട്ടിസ്റ്റോ മറ്റു വല്ലവരോ വന്നിട്ടാകും ഇങ്ങനെ പറയുക. സമ്മർദത്തിനൊടുവിൽ കാമാറാമാൻ പിന്നീട് 10 തവണയെങ്കിലും ആ ഷോട്ട് റീ ഷൂട്ട് ചെയ്യും. ഒടുവിൽ എഡിറ്റിങ് ടേബിളിലെത്തുമ്പോൾ ആദ്യം എടുത്തതു മതി എന്ന് പറഞ്ഞ് അതുതന്നെ എടുത്ത് വെക്കും. എന്തൊരു അവസ്ഥയാണിത്. അത്രയും ഷോട്ടെടുക്കാൻ കാമറാമാനെടുക്കുന്ന എഫേർട്ട്, ശരിക്കും എല്ലാം വലിച്ചെറിഞ്ഞ് പോരാൻ തോന്നും.
‘ഏഴരപ്പൊന്നാന’ സിനിമയുടെ ചിത്രീകരണത്തിനിടെ സാലു ജോർജ്, സംവിധായകൻ തുളസീദാസ്, നടൻ സിദ്ദീഖ്, നടി അഞ്ജു തുടങ്ങിയവർ
ഇതെല്ലാം അനുഭവത്തിൽ വന്നതുകൊണ്ട് തന്നെയാണ് സിനിമയിൽനിന്ന് ഗ്യാപ്പെടുത്ത് തിരക്കഥയോ സംവിധാനമോ മതി എന്നും, അതും വർഷത്തിൽ ഒരിക്കലോ മറ്റോ ആവാം എന്ന തീരുമാനത്തിലേക്ക് എത്തിയതും. പഠിച്ചാൽ എന്നെക്കൊണ്ട് കഴിയാത്തതാവില്ല ഡിജിറ്റൽ കാലത്തെ ഛായാഗ്രഹണമെന്നത് അറിയാത്തതല്ല. എന്നാൽ, എന്റേതായ സ്വാതന്ത്ര്യം ഒരുപക്ഷേ നഷ്ടപ്പെട്ടേക്കാം. പണ്ട് സിനിമയിൽ ലൈറ്റുകൾ ഉപയോഗിക്കാൻ പരിധിയുണ്ടായിരുന്നു. ഓവർ കോൺട്രാസ്റ്റ് വന്നാൽ, സീൻ വ്യക്തമല്ലാതാകും. അതുപോലെ കൂടുതൽ കളറുകളും ഉപയോഗിക്കാറില്ല. ഓരോ കഥക്കും അനുസരിച്ചുള്ള ചുരുങ്ങിയ കളറുകളാണ് ഉപയോഗിച്ചിരുന്നത്. അന്ന് റിലീസ് സിനിമകൾ താരതമ്യേന കുറവായിരുന്നല്ലോ. ഇറങ്ങുന്നത് പലതും ശരാശരി നിലവാരമെങ്കിലും വേണമെന്ന നിർബന്ധം പിന്നിലുള്ളവർക്കുണ്ടാകും.
കൂട്ടായ്മയിലൂടെയാണ് അന്ന് സിനിമയെടുത്തിരുന്നത്. സെറ്റുകളിലും ഈ കൂട്ടായ്മ ഉണ്ടായിരുന്നതിനാൽ എന്ത് വിഷമം വന്നാലും കൂടെ ചേർന്ന് പ്രവർത്തിക്കാൻ ആളുകളുണ്ടായിരുന്നു. ഇന്ന്, സ്വന്തം ഷോട്ട് കഴിഞ്ഞാൽ അവനവന്‍റെ കാരവനിൽ പോയി ഇരിക്കും, അഭിനേതാക്കളും സംവിധായകരും വരെ. വരുന്നു, ജോലി ചെയ്യുന്നു, കാശ് വാങ്ങി പോകുന്നു, അതിനപ്പുറമുള്ള സൗഹൃദാന്തരീക്ഷം ന്യൂജെൻ സിനിമ പ്രവർത്തകർക്കിടയിലില്ലെന്ന് ഉറപ്പിച്ചു തന്നെ ഞാൻ പറയും.
ഇന്ന് കളറുകളുടെയും ലൈറ്റിന്റെയും അതിപ്രസരണമാണെന്ന് പറഞ്ഞല്ലോ, അന്ന് വിപിൻ ദാസ് സാർ പി.എ. ബക്കറിന്‍റെ കൂടെ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയായ ‘ചാപ്പ’ ചെയ്തപ്പോൾ, സാർ അതിൽ ലൈറ്റേ ഉപയോഗിച്ചിരുന്നില്ല. ഇരുണ്ടകാലത്തെ അഡ്രസ് ചെയ്യുന്ന തരത്തിലുള്ളതായിരുന്നു അതിന്‍റെ സബ്ജക്ട്. ക്രൂരമായ കൊളോണിയൽ അടിമത്തവ്യവസ്ഥയുടെ പച്ചയായ ജീവിതപ്പകർപ്പായിരുന്നു ഈ സിനിമ. എല്ലാ ദിവസവും രാവിലെ ചാപ്പക്കു വേണ്ടി പോയി പരാജയപ്പെട്ട്, വല്ലപ്പോഴും മാത്രം ചാപ്പ കിട്ടി ജോലി ചെയ്തു കഷ്ടിച്ച് ജീവിച്ചുപോകുന്ന ഒരാളുടെ ജീവിതമായിരുന്നു ഇതിന്‍റെ പ്രമേയം.
ലൈറ്റിനായി സാർ ഈ സിനിമക്കുവേണ്ടി ഉപയോഗിച്ചത് ഒരു മിഠായി ടിന്നാണ്. പിന്നെ, ആ ടിന്നിനുള്ളിൽ കത്തിച്ചുവെച്ച നാലു മെഴുകുതിരികളും, ഒരൊറ്റ റിഫ്ലക്ടറും മാത്രം. അതാണ് ക്ലോസപ്പ് എടുക്കാൻ സാറ് ഉപയോഗിച്ചിരുന്ന ലൈറ്റിങ് സംവിധാനം. ഇൻഡോറോ ഔട്ട്ഡോറോ ആയിക്കോട്ടെ, ഒരൊറ്റ റിഫ്ലക്ടർ മതിയായിരുന്നു ആ ഷോട്ട് ഭംഗിയായി ചിത്രീകരിക്കാൻ. ‘‘സാറെ 2.8 ആണ് എക്സ്പോഷർ’’ എന്ന് ഞാൻ പറയുമ്പോൾ സാറ് 6 റേഞ്ച് വ്യത്യാസത്തിൽ അത് കട്ട് ചെയ്യും. ഇങ്ങനെ ചെയ്യുന്നത് എന്തിനാണെന്ന് ചോദിക്കുമ്പോ അദ്ദേഹം പറയും ‘‘വ്യത്യാസം എന്താണെന്ന് നീ കണ്ടോ’’ എന്ന്. പിന്നീട് സിനിമ കാണുമ്പോൾ നമുക്ക് തന്നെ ബോധ്യപ്പെടും പുള്ളി ആ ചെയ്തുവെച്ച ഷോട്ടിന്‍റെ മനോഹാരിത.
ഏതൊരു ജോലിയെയുംപോലെ കൃത്യനിഷ്ഠത എന്നത് സിനിമാപ്രവർത്തനത്തിലും അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും അനിവാര്യമാണെന്നും ശീലമാക്കേണ്ടതാണെന്നും വിശ്വസിക്കുന്നയാളാണ് ഈയുള്ളവൻ. പഴയകാല സിനിമാ പ്രവർത്തകരിൽ മിക്കവരും ഈ ശീലം കൃത്യമായി പാലിക്കാൻ ശ്രമിക്കുന്നവരായിരുന്നു. എന്നോട് ആറുമണിക്ക് സെറ്റിലെത്തണമെന്ന് പറഞ്ഞാൽ കൃത്യം ആറിന് തന്നെ ഞാനവിടെ എത്തിയിട്ടുണ്ടാകും. ഇന്നുപക്ഷേ, ചിലരിൽ അങ്ങനെയൊരു ശീലം കാണുന്നില്ല എന്ന പരാതി വ്യാപകമാണ്. 2000ന് ശേഷമാണ് ഇങ്ങനെയൊരു മാറ്റം അനുഭവപ്പെട്ടു തുടങ്ങിയത്. പുലർച്ചെ നല്ല തെളിച്ചമുള്ളൊരു കാലാവസ്ഥയിൽ ഷൂട്ട് ചെയ്യേണ്ട ഷോട്ടിന് രാവിലെ 11ന് നടനും നടിയും എത്തിയാൽ വല്ലതും നടക്കുമോ. അത്തരം പെരുമാറ്റങ്ങളെ പേറേണ്ടിവരുന്ന ഗതികേടിനെ സഹിക്കാനാവില്ല. ഞാനെപ്പോഴും നല്ല കാഴ്ചകളെയാണ് ഇഷ്ടപ്പെടുന്നത്. മനോഹരമായി താലോലിക്കുന്ന കാഴ്ചകളിലേക്ക് വഴിതെളിക്കുന്ന കാഴ്ചപ്പാടുകളെയും.