എന്റെ കമലദളങ്ങൾ

സംവിധായകൻ സിബി മലയിലിന്റെ ജീവിതത്തിലൂടെ ഉണ്ണികൃഷ്ണൻ ആവള നടത്തുന്ന ചലച്ചിത്രസഞ്ചാരം 70ാം വയസ്സിലേക്ക് ഇനി മാസങ്ങളുടെ സമയദൂരമേയുള്ളൂ എനിക്ക്. ജീവന്റെ എഴുപതാമാണ്ടിനെ മുഖാമുഖം കാണുന്ന എന്നെ ഞാനെങ്ങനെയാണ് ഓർത്തു പൂരിപ്പിക്കേണ്ടത്? ആഗ്രഹിച്ചതിലും കരുതിയതിലും പ്രതീക്ഷിച്ചതിലും മുകളിലായിരുന്നു എനിക്ക് ജീവിതം. ഇനിയും ചെയ്യാനുണ്ടേറെ...എന്റെ ഏറ്റവും...
Your Subscription Supports Independent Journalism
View Plansസംവിധായകൻ സിബി മലയിലിന്റെ ജീവിതത്തിലൂടെ ഉണ്ണികൃഷ്ണൻ ആവള നടത്തുന്ന ചലച്ചിത്രസഞ്ചാരം
70ാം വയസ്സിലേക്ക് ഇനി മാസങ്ങളുടെ സമയദൂരമേയുള്ളൂ എനിക്ക്. ജീവന്റെ എഴുപതാമാണ്ടിനെ മുഖാമുഖം കാണുന്ന എന്നെ ഞാനെങ്ങനെയാണ് ഓർത്തു പൂരിപ്പിക്കേണ്ടത്?
ആഗ്രഹിച്ചതിലും കരുതിയതിലും പ്രതീക്ഷിച്ചതിലും മുകളിലായിരുന്നു എനിക്ക് ജീവിതം. ഇനിയും ചെയ്യാനുണ്ടേറെ...എന്റെ ഏറ്റവും മികച്ച സിനിമ സംഭവിക്കാനിരിക്കുന്നതേയുള്ളൂ എന്നതാണെന്റെ വിശ്വാസം. ഇങ്ങനെ ഒരിടത്ത് എത്തുമെന്നോ എത്തിയാലും തുടരാനാവുമെന്നോ ഞാൻ വിചാരിച്ചിട്ടില്ല. എല്ലാം ഒരു വന്നുചേരലായിരുന്നു. എന്റൊപ്പം പഠിച്ചവരെല്ലാം വിചാരിക്കുന്നുണ്ടാവും ഇവനൊക്കെ എങ്ങനെ ഇതൊക്കെയായി എന്ന്? പറ്റില്ലെന്നുതോന്നി തിരസ്കൃതനായി നൊന്തു മടങ്ങിച്ചെല്ലുമ്പോഴൊക്കെ വയറുനിറച്ച് അന്നവും താങ്ങും തിരിച്ചറിവും തന്ന ബന്ധുക്കൾ... 47 സിനിമകൾ, സുഹൃത്തുക്കൾ, പുരസ്കാരങ്ങൾ, എന്റെ ബാല........
_ ‘‘സിനിമ എങ്ങനെയാണ് എന്നിലെത്തിയത്? ഞാനാദ്യമായി കണ്ട സിനിമ ഏതാണ്? ജീവിതത്തിൽ ഓർമകളുടെ നൂലറ്റം തിരഞ്ഞു താഴേക്ക് ഊർന്നിറങ്ങുമ്പോൾ അങ്ങകലെ ആഴങ്ങളിൽനിന്ന് ഒരു താരാട്ടിന്റെ ഈരടികൾ ആരോ മൂളും... “രാരിരാരോ രാരിരോ... പാട്ടു പാടി ഉറക്കാം
ഞാൻ താമരപ്പൂം പൈതലേ... കേട്ടുകേട്ടു നീയുറങ്ങെൻ കരളിന്റെ കാതലേ....”
ഉറക്കത്തിന്റെ നേർത്ത നൂൽച്ചരട് പൊട്ടിച്ച് രണ്ടു കൈകൾ എന്നെ വാരിയെടുത്തു. ബെർക്കിലി സിഗരറ്റിന്റെ മണമുള്ള ചുണ്ടുകൾ എന്റെ കവിളിലേക്ക് ചേർത്തൊരുമ്മ.
തറവാട്ടിൽനിന്നും മാറിത്താമസിച്ച ചെറിയ വാടകവീടിന്റെ വീതികുറഞ്ഞ സ്വീകരണമുറിയുടെ പടിഞ്ഞാറേ ജനലിനോട് ചേർന്നുള്ള കട്ടിലിൽനിന്നും, അച്ചാച്ചൻ എന്നെയുംകൊണ്ട് നടുമുറിയുടെ പിന്നിലെ തിണ്ണയിലേക്കിറങ്ങുന്ന വാതിൽപ്പടിയിൽ വന്നുനിന്ന് താഴേക്ക് ചൂണ്ടിപ്പറഞ്ഞു – “ആരാ അതെന്നു നോക്കിയേ’’. അവിടെ, താഴെ പാളയിൽ കിടക്കുന്ന ഒരു കുഞ്ഞുവാവ. അതിനെ കുളിപ്പിച്ചുകൊണ്ടിരുന്ന ചിന്നമ്മ നഴ്സ് എന്നെ നോക്കിപ്പറഞ്ഞു, “ദാ കുഞ്ഞനിയനെ കണ്ടോ”. അവിടെ നിന്നും അച്ചാച്ചൻ എന്നെ കൊണ്ടുപോയത് പടിഞ്ഞാറു വശത്തുള്ള ചെറിയ കിടപ്പുമുറിയിലേക്കാണ്. അവിടെ കഴുത്തറ്റം മൂടിപ്പുതച്ചു കിടക്കുന്ന അമ്മച്ചി എന്നെ നോക്കി ചിരിച്ചു. എനിക്ക് സങ്കടം വന്നു, ഞാൻ അച്ചാച്ചന്റെ കൈയിൽനിന്നും ഊർന്നിറങ്ങി അമ്മച്ചിയുടെ കൂടെക്കയറി ഇറുകെ കെട്ടിപ്പിടിച്ചു കിടന്നു.
അപ്പോഴേക്ക് ചിന്നമ്മ നഴ്സ് കുളിപ്പിച്ചു തോർത്തിയ കുഞ്ഞിനേയും കൊണ്ടുവന്നു. എന്നെ എടുത്തുമാറ്റി അനിയനെ അമ്മച്ചിയുടെ കൂടെ കിടത്താനുള്ള ശ്രമത്തെ ഞാൻ ആവോളം ചെറുത്തു. ഒടുവിൽ അമ്മച്ചിയുടെ കാലിനോടുചേർന്ന് കട്ടിലിന്റെ താഴെയറ്റത്തു കിടക്കാൻ എന്നെ അനുവദിച്ചു. ആ കിടപ്പ് ഒരാഴ്ചയോളം തുടർന്നുവെന്നു പിന്നീട് ഒരുപാട് തവണ അമ്മച്ചി പറഞ്ഞുകേട്ടിട്ടുണ്ട്. ആഹാരവും ഉറക്കവും എല്ലാം അവിടെത്തന്നെ. പ്രസവശുശ്രൂഷക്കായി കാഞ്ഞിരപ്പള്ളിയിൽനിന്നും വന്ന വല്യമ്മച്ചി പറയും ‘‘ഇവനെന്നെക്കൊണ്ട് കുറെ തീട്ടം കോരിക്കും’’.
–അമ്മച്ചി എന്റേത് മാത്രമാണ് അമ്മച്ചിയെ ഞാനാർക്കും വിട്ടുകൊടുക്കില്ല –എന്നായിരുന്നു എന്റെ മട്ട്.
പ്രസവിച്ചു കിടക്കുന്ന അമ്മച്ചിയുടെ വസ്ത്രങ്ങൾ അലക്കാൻ കൊണ്ടുപോകാൻ പോലും അമ്മച്ചിയുടെ അനുജത്തിമാരെ ഞാൻ സമ്മതിക്കയില്ലായിരുന്നു. ഏതെങ്കിലും കല്യാണത്തിനോ ചടങ്ങുകൾക്കോ പോകാൻ അവരാരെങ്കിലും അമ്മച്ചിയുടെ സാരിയോ ആഭരണങ്ങളോ അണിഞ്ഞാൽ അവരത് ഊരുന്നതുവരെ ഞാൻ കരയും. കരഞ്ഞുതളർന്ന് ഉറക്കത്തിലേക്ക് വഴുതിവീഴുമ്പോൾ അമ്മച്ചിയുടെ പതിഞ്ഞ ശബ്ദത്തിൽ താരാട്ടിന്റെ ഈണം വീണ്ടും വരും. “രാജാവായ് തീരും നീ ഒരു കാലമോമനെ...”
‘സീത’യിലെ ഈ താരാട്ടു പാട്ടിന്റെ വെള്ളിത്തിര ദൃശ്യങ്ങൾ എന്റെ ഓർമയിലില്ല, അമ്മച്ചി പാടി ക്കേട്ട ഈണമല്ലാതെ.
എന്റെ ഓർമയിൽ തെളിമയോടെയുള്ളത് അമ്മച്ചി എന്റെ അനുജത്തിയെ പാടിയുറക്കുന്ന മറ്റൊരു താരാട്ടിന്റെ ദൃശ്യങ്ങളാണ്... “അപ്പനിപ്പം വരും നിങ്ങളുറങ്ങല്ലേ മക്കളെ, അത്തലെല്ലാം തീരുമെന്റെ കരളിന്റെ പൂക്കളെ......” ‘ജ്ഞാനസുന്ദരി’യിലെ ഈ പാട്ട് മാത്രമല്ല അതിന്റെ അവസാന ഭാഗത്ത് നായികാ കഥാപാത്രത്തിന്റെ കൈകൾ ഛേദിക്കപ്പെട്ട് കാട്ടിൽ കിടക്കുന്ന പേടിപ്പെടുത്തുന്ന ദൃശ്യങ്ങളും ഒട്ടും മായാതെ ഓർമയിൽ ഇപ്പോഴുമുണ്ട്.
എന്റെ ഓർമയിലുള്ള, ഞാൻ കണ്ട ആദ്യ സിനിമ ‘ജ്ഞാനസുന്ദരി’യാണ്, എന്റെ നാലാം വയസ്സിൽ.
ആ ചിത്രത്തിന്റെ സംവിധായകൻ കെ.എസ്. സേതുമാധവൻ സാർ കാലങ്ങൾക്കുശേഷം എന്റെ സിനിമകൾ കണ്ട് എന്നെ അഭിനന്ദിച്ച അനുഭവം എത്ര അഭിമാനകരമായ ഓർമയാണ്. ആ സിനിമയിലെ നായകൻ പ്രേംനസീർ സാറിനൊപ്പം മൂന്നു സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിക്കാനായത്, അദ്ദേഹത്തിന്റെ സ്നേഹവാത്സല്യങ്ങൾ അനുഭവിക്കാനായത്, എത്രയെത്ര ഭാഗ്യാനുഭവങ്ങളാണ് ഞാൻ അനുഭവിച്ച് പോന്നത്...

കുടുംബ കൂട്ടായ്മ: മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും കുടുംബത്തോടൊപ്പം
ദളം -1
ആയിരത്തിതൊള്ളായിരത്തി എൺപത്തി ഒന്നിന്റെ അവസാനകാലം. മലമ്പുഴയിലാണ് ലൊക്കേഷൻ.
70 എം.എം ഫോർമാറ്റിൽ നിർമിക്കുന്ന ആദ്യ ഇന്ത്യൻ സിനിമയായ ‘പടയോട്ട’ത്തിന്റെ ഷെഡ്യൂൾ ബ്രേക്കാണ്. അലക്സാൻണ്ടർ ഡ്യൂമാസിന്റെ ‘ദ കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ’യിൽനിന്നാണ് ‘പടയോട്ട’ത്തിന്റെ ഉത്ഭവം. പ്രേം നസീറിനും മധുവിനും ശങ്കറിനും ലക്ഷ്മിക്കും ഒപ്പം മോഹൻലാലും മമ്മൂട്ടിയും പൂർണിമ ഭാഗ്യരാജുമൊക്കെയായി വലിയ ഒരു താരനിരതന്നെയുണ്ട് അഭിനേതാക്കളായി. സഹസംവിധായകരായ ഞാനും പ്രിയദർശനും കാമറാമാൻ കെ. രാമചന്ദ്രബാബുവും സംവിധായകനായ ജിജോയും മദ്രാസിലേക്ക് പോകാനൊരുങ്ങുകയായിരുന്നു. മമ്മൂട്ടിയും സെറ്റിലുണ്ട്. മമ്മൂട്ടിയുടെ തുടക്കകാലമാണ്.
‘കോമരം’ സിനിമയുടെ ജോലികൾ പൂർത്തിയാക്കാനായി മദ്രാസിലേക്ക് പോകേണ്ടതിനാൽ മമ്മൂട്ടിയും ഞങ്ങൾക്കൊപ്പം ചേർന്നു. ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽനിന്നാണ് ഞങ്ങൾക്ക് ട്രെയിൻ കയറേണ്ടത്. സ്റ്റേഷനിൽ എത്തിയപ്പോൾ വലിയ തിരക്കൊന്നുമില്ല. ഇരുട്ടാണ്, അവിടെ അടുത്തൊരു കടയുണ്ട്. ഒരു മാഗസിൻ വാങ്ങി വരാമെന്ന് പറഞ്ഞ് മമ്മൂട്ടി എന്നെയും കൂട്ടി ആ കടയിലേക്ക് പോയി. അവിടെ നല്ല വെളിച്ചമുണ്ട്. ആളുകൾ വന്നുംപോയും കൊണ്ടിരുന്നു.
കുറേനേരം അവരെ നോക്കി മമ്മൂട്ടി എന്നോട് പറഞ്ഞു –‘ഒരുത്തനും തിരിച്ചറിയുന്നില്ലല്ലോ.’ സ്റ്റേഷനിരുട്ടിൽനിന്നും കടവെളിച്ചത്തിലേക്ക് അദ്ദേഹം വന്നത്, ഒരു നടൻ എന്ന രീതിയിൽ ജനം തന്നെ തിരിച്ചറിയുന്നുണ്ടോ എന്നുള്ള ആകാംക്ഷകൊണ്ടു കൂടിയായിരുന്നു. ആ തുറന്ന മനസ്സിന്റെ നിഷ്കളങ്കതയും നിരാശയും തിരിച്ചറിഞ്ഞ് ഞാൻ പറഞ്ഞു. അതിനുള്ളതൊന്നും ആയില്ലല്ലോ. പടത്തിന്റെ പോസ്റ്ററൊക്കെ വരട്ടെ, ആളുകൾ അപ്പോൾ തിരിച്ചറിയും. മമ്മൂട്ടി മലയാളത്തിന്റെ മഹാനടനായി മാറുന്നതിന് തൊട്ടുമുമ്പുള്ള ഇത്തരം എത്ര പുലർച്ചകൾ –കാലം പലപ്രതിഭകളെയും പരീക്ഷിക്കുന്നതിന്റെ സാക്ഷിയായിരുന്നു ചിലപ്പോഴൊക്കെ ഞാൻ.

അച്ചാച്ചൻ എം.ജെ. ജോസഫ് മലയിൽ (കുഞ്ഞച്ചൻ) അമ്മച്ചി മേരിക്കുട്ടി,പടയോട്ടം-ലൊക്കേഷനിൽ
മദ്രാസിലെത്തി പിരിയുമ്പോൾ മമ്മൂട്ടി പറഞ്ഞു –എന്നെ രഞ്ജിത്ത് ഹോട്ടലിൽ വിട്ടാമതി, എനിക്കവിടെ റൂമുണ്ടാവും. നിർമാതാക്കളായ നവോദയയുടെ ഓഫിസിൽ തിരക്കായതിനാൽ ഇടത്തരമാളുകൾ തങ്ങുന്ന രാജ്ഹോട്ടലിലായിരുന്നു എനിക്ക് റൂം കിട്ടിയത്. എ.വി.എം.സി തിയറ്ററിൽ റെക്കോഡിങ് ഉണ്ടായിരുന്നു എനിക്ക്. ഞാനതിന്റെ തിരക്കിൽ നിൽക്കുമ്പോഴുണ്ട് മമ്മൂട്ടി അവിടേക്ക് വരുന്നു. രഞ്ജിത്ത് ഹോട്ടലിൽ ‘കോമര’ത്തിന്റെ സംവിധായകനെ കാണാതെ, റൂമില്ലാതെ എവിടെയോ പോയി കുളിച്ച് ഫ്രഷായാണ് മമ്മൂട്ടി വന്നിരിക്കുന്നത്. സംവിധായകന്റെ വിലാസം കൈയിലുണ്ട്. നമുക്കൊന്നുപോയി തപ്പാം –മമ്മൂട്ടി പറഞ്ഞു. കോടമ്പാക്കം മമ്മൂട്ടിക്ക് വലിയ പരിചയമായിട്ടില്ല, എനിക്കും.
അങ്ങനെ ഞാനും അദ്ദേഹവും എ.വി.എം.സി തിയറ്ററിൽ നിന്നിറങ്ങി മെയിൻ ഗേറ്റുവഴി വിലാസം തപ്പി നടന്നു. അലഞ്ഞലഞ്ഞ് ഒരു ലൈൻ കെട്ടിടത്തിനടുത്ത് മലയാളിയായ പാലാതങ്കം എന്ന ഡബ്ബിങ് ആർട്ടിസ്റ്റും അവരുടെ ഭർത്താവ് രാധാകൃഷ്ണനും താമസിക്കുന്നുണ്ടായിരുന്നു. സാലിഗ്രാം എന്ന സ്ഥലത്ത് അവർ വഴി ജെ.സി. ജോർജിന്റെ താമസസ്ഥലം കണ്ടെത്താമെന്ന് ഒരു ധാരണയായപ്പോൾ മമ്മൂട്ടി എന്നെ തിരിച്ചയച്ചു. സ്റ്റുഡിയോ ജോലികളൊക്കെ കഴിഞ്ഞ് രാത്രി റൂമിലെത്തിയതേയുള്ളൂ ഞാൻ. വാതിൽ ഒരു തട്ട് കേട്ട് തുറന്നപ്പോൾ മുന്നിൽ മമ്മൂട്ടി. ഒരു പകലു മുഴുവൻ സംവിധായകനെ തപ്പി നിരാശനായി തിരിച്ചു വന്നതാണ്. മമ്മൂട്ടി ചോദിച്ചു, ഞാനിന്നിവിടെ കിടന്നാലോ?
സിംഗിൾ കട്ടിലിന്റെ സ്ഥലപരിമിതി കൂസാതെ ഞങ്ങളത് പങ്കിട്ടു. ചെറുകട്ടിലിൽ ഒരു രാത്രി മുഴുവൻ കഴിച്ചുകൂട്ടുന്നത് ബുദ്ധിമുട്ടായതിനാൽ മമ്മൂട്ടി പറഞ്ഞു. നമുക്കൊരു സിനിമക്ക് പോയാലോ. അങ്ങനെ ഞങ്ങൾ രണ്ടുപേരും കൂടി സഫേർ തിയറ്ററിൽ സെക്കൻഡ് ഷോക്ക് കയറി. ഏതാണ് സിനിമ എന്നുപോലും നോക്കാതെയാണ് ടിക്കറ്റെടുത്തത്. സമയം കളയുക എന്നതുമാത്രമായിരുന്നു ഉദ്ദേശ്യം. സിനിമയുടെ ഇടവേളയായപ്പോൾ പരസ്യമിടാൻ തുടങ്ങി. പരസ്യത്തിൽ ഒരു കുഞ്ഞ് പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെ മമ്മൂട്ടി അസ്വസ്ഥപ്പെടാൻ തുടങ്ങി. ‘സിബീ എനിക്ക് കുഞ്ഞിനെ ഓർമ വരുന്നു. സുറുമിയെ മിസ് ചെയ്യുന്നു’ എന്നു പറഞ്ഞ് അദ്ദേഹമാകെ ഗൃഹാതുരമായ ആവലാതിയിൽപെട്ടു. തിയറ്ററിലെ സിനിമയുടെ മിന്നിമായുന്ന വെളിച്ചത്തിൽ ഞാനാമുഖത്തെ സങ്കടവും നിഷ്കളങ്കതയും കണ്ടു. നടനാവുക എന്ന ലക്ഷ്യത്തിലേക്ക് ആ മനുഷ്യൻ സഹിക്കുന്ന ത്യാഗങ്ങൾ ചെറുതായിരുന്നില്ല.
മുമ്പൊരു ദിവസം, ഷൂട്ടിനിടവേളയിൽ മമ്മൂട്ടി അസ്വസ്ഥനാവുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കാര്യമന്വേഷിച്ചപ്പോൾ –കുഞ്ഞ് ജനിച്ച നാല്പതിന്റെ ചടങ്ങുകൾ നടത്താനുള്ള ദിവസമാവുന്നു. കുറച്ച് രൂപ കിട്ടിയേ പറ്റൂ. ഇവിടുന്ന് കിട്ടാനുള്ള കാശൊക്കെ മേടിച്ചുകഴിഞ്ഞു. ബാപ്പയോട് എങ്ങനെയാ ചോദിക്കുക. വക്കീൽ പണിയൊക്കെ കളഞ്ഞ് സിനിമക്ക് പോയതല്ലേ എന്ന് ചോദിക്കില്ലേ? –പത്തോ ഇരുനൂറോ രൂപയിൽ ജീവിക്കുന്ന സഹസംവിധായകനായ എനിക്ക് എന്തു ചെയ്യാനാവും. കോടിക്കണക്കിന് മനുഷ്യരുടെ ആരാധനാപാത്രമായി പിന്നീട് വളർന്ന മമ്മൂട്ടിയെന്ന താരപ്രതിഭയുടെ ആദ്യകാലാനുഭവങ്ങൾ കണ്ടപ്പോഴൊക്കെ ഞാനെന്റെ അച്ഛനെയോർത്തു. മലയിൽ ജോസഫ് ജോസഫ് എന്ന എന്റെ അപ്പനെ. അച്ചാച്ചൻ എന്നാണ് ഞാൻ അച്ഛനെ വിളിച്ചിരുന്നത്.
അച്ചാച്ചന്റെ ജീവിതം മറ്റൊരു തരത്തിലായിരുന്നു. കോടീശ്വരനായ പിതാവിന്റെ മകനായിട്ടും ഞാനുണ്ടാവുമ്പോഴേക്കും അച്ചാച്ചൻ ആവലാതികളിൽ പെട്ടു തുടങ്ങിയിരുന്നു. ആരും വീട്ടിലില്ലാത്ത നേരത്ത് എന്റെ അരഞ്ഞാണക്കൊളുത്ത് ഊരി ‘പുതിയത് വാങ്ങിത്തരാം’ എന്നു കളവുപറഞ്ഞ് തികച്ചിലില്ലായ്മകളിലേക്ക് നടന്നുപോവുന്ന എന്റെ അച്ചാച്ചനെ ഞാനെങ്ങനെ മറക്കും. തികച്ചിലില്ലാത്ത എല്ലാ അപ്പൻമാർക്കും ഒരേ മുഖമാണ്. അവരുടെ വ്യഥ പിടഞ്ഞ നെഞ്ചിടിപ്പിനൊക്കെ ഒരേ വേഗവും.
അന്നത്തെ മദ്രാസ് രാത്രിയിൽ കിടക്കാൻ സ്ഥലം മതിയാവാത്ത കുഞ്ഞിക്കട്ടിലിൽനിന്ന് രക്ഷപ്പെട്ട് സമയം കളയാൻ മമ്മൂട്ടിയും ഞാനുമിരുന്ന അതേ തിയറ്ററിൽ സുറുമിയെയും മകളെയുമോർത്ത് നെഞ്ചുവെന്ത അതേയിരുട്ടിൽ മമ്മൂട്ടി അഭിനയിച്ച എന്റെ സിനിമ ‘ആഗസ്റ്റ് ഒന്ന്’ നൂറുദിവസമോടി. പിന്നീട് മമ്മൂട്ടിയുടെ ‘സി.ബി.ഐ ഡയറിക്കുറിപ്പ്’ നൂറുദിവസം കളിച്ചു. അദ്ദേഹത്തിനൊപ്പമൊരു പടമെടുക്കാൻ ആയിരങ്ങൾ കാത്തുനിന്നു. അത്യധ്വാനത്തിനും ആഗ്രഹത്തിനും കാലം നൽകിയ മറുപടി. ‘പടയോട്ടം’ സിനിമ മുതൽ മമ്മൂട്ടിക്കാലം തന്നെ ആരംഭിക്കുകയായി.
‘പടയോട്ടം’ സിനിമയുടെ ജോലികൾ നടക്കുന്നതിനിടയിൽ നവോദയയുടെ ജിജോ എന്നെ വിളിച്ചു പറഞ്ഞു, നവോദയയുടെ അടുത്ത പടം സിബിയാണ് ചെയ്യുന്നത്. ഉള്ളിൽ സന്തോഷവും അഭിമാനവും നിറഞ്ഞ നിമിഷം. എന്റെ അധ്വാനങ്ങൾ ലക്ഷ്യത്തിലെത്തുന്നു. സഹസംവിധായകനിൽനിന്ന് സംവിധായകനിലേക്ക്, അതും നവോദയപോലെയുള്ള വലിയ പ്രൊഡക്ഷൻ ബാനറിൽ. എന്റെ കൈയിൽ ഒരു കഥയുണ്ടായിരുന്നു. നടൻ ശങ്കറുമായി ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ തൊട്ട് എനിക്ക് നല്ല ബന്ധമാണ്. ബീബീസ് എന്ന പുതിയ നിർമാണ കമ്പനിക്കായി ഒരു കഥയുണ്ടോ എന്ന് ശങ്കർ ചോദിച്ചു.
ഈ കഥ ഞാൻ ബീബീസിനോട് പറയാമെന്ന് തീരുമാനിച്ചു. അന്നത്തെ നവോദയയുടെ എഡിറ്ററായിരുന്ന കെ.ആർ. ശേഖറിനോട് ഞാനീക്കഥ പറഞ്ഞു. അദ്ദേഹത്തിനും നല്ല ഇഷ്ടമായി. നവോദയയുടെ സഹസംവിധായകൻ എന്ന നിലയിൽ തിരക്കുപിടിച്ച ജോലികളുമായി ഞാൻ തിരുവനന്തപുരത്തായിരുന്നു. ജോലി തീർത്ത് മദ്രാസിലെത്തി ശങ്കറിനെ കണ്ടു. അപ്പോഴാണ് ശങ്കർ പറയുന്നത് സംവിധായകൻ ഭദ്രൻ വന്ന് ഒരു കഥ പറഞ്ഞു. ബീബീസ് അത് ഉറപ്പിച്ചുവെന്ന്. ഞാൻ ആലപ്പുഴയിലേക്ക് മടങ്ങി. അന്ന് ഭദ്രൻ പറഞ്ഞ കഥ ‘എന്റെ മോഹങ്ങൾ പൂവണിഞ്ഞു’ എന്ന പേരിൽ ബീബീസ് നിർമിച്ചു. പൂവണിയാത്ത മോഹങ്ങളുമായി ഞാനെന്റെ വഴികളന്വേഷിച്ചുകൊണ്ടിരുന്നു.

സെഞ്ച്വറി കൊച്ചുമോനൊപ്പം
കെ.ആർ. ശേഖർ വഴിയാവും എന്റെ കൈയിൽ കഥയുള്ളത് നവോദയ അറിയുന്നതും ആദ്യവട്ടം ഓഫർ ചെയ്യുന്നതും. അന്ന് നവോദയയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ മദ്രാസിൽ വെച്ചാണ്. ഉച്ചവരെ സ്റ്റുഡിയോയിൽ ജോലിചെയ്യാനും അതുകഴിഞ്ഞ് റൂമിലിരുന്ന് കഥയെഴുതാനും നവോദയയുടെ ജിജോ ഏർപ്പാടാക്കി. അതോടെ എന്റെ ആദ്യ സിനിമാ ഒരുക്കങ്ങൾ സജീവമായി. പക്ഷേ, എങ്ങനെ ശ്രമിച്ചിട്ടും കഥയെഴുതി ഫലിപ്പിക്കാൻ എനിക്ക് ആത്മവിശ്വാസം കിട്ടുന്നില്ല. എന്തോ ഞാൻ കഥയെഴുതുമ്പോൾ ഒരു തട്ടിക്കൂട്ടുന്നതുപോലെ തോന്നി.
ഞാനീ ഈ എഴുത്ത് തുടരുന്ന സമയത്ത് സെഞ്ച്വറി കൊച്ചുമോൻ ഒരു ദിവസം എന്നെ കാണാൻ വന്നു. അന്നത്തെ മലയാളത്തിലെ ഏറ്റവും വലിയ സിനിമാ നിർമാണ കമ്പനികളിൽ ഒന്നാണ് സെഞ്ച്വറി. ‘വനിത’യിൽ വന്ന ഒരു കഥയുടെ റൈറ്റ്സ് വാങ്ങിയിട്ടുണ്ട്, അത് സിബി ചെയ്യണമെന്നാണ് കൊച്ചുമോൻ പറയുന്നത്. മമ്മൂട്ടിയുടെയും സീമയുടെയും ഡേറ്റും സെഞ്ച്വറിയുടെ കൈയിലുണ്ടായിരുന്നു. ഇത് തുടക്കക്കാരനായ സംവിധായകന് കിട്ടാവുന്ന ഏറ്റവും വലിയ ഓഫറാണ്. ഇങ്ങനെയൊന്നുവന്നാൽ അക്കാലത്ത് ആരും നോ പറയില്ല. പക്ഷേ എന്തോ, ഞാൻ പറഞ്ഞു. ഞാൻ നവോദയക്കുവേണ്ടി എഴുതുകയാണ്.
അവരാണ് എന്റെ ആദ്യ സിനിമ പിടിച്ചത്. മാത്രമല്ല അവരാണ് ആദ്യ പടം ഓഫർ ചെയ്തതും. ഒരു നവസംവിധായകന് കിട്ടാവുന്ന മികച്ച ഓഫർ മുൻപിൻ നോക്കാതെ വേണ്ടെന്നു വെക്കുന്ന എന്നെ നോക്കി കൊച്ചുമോൻ പറഞ്ഞു, ഒന്നുകൂടെ ആലോചിക്കൂ, എന്നിട്ട് പറഞ്ഞാൻ മതിയെന്ന്. എന്റെ തീരുമാനത്തിന് മാറ്റമൊന്നുമുണ്ടായിരുന്നില്ല. ഞാൻ നവോദയക്കുള്ള കഥയെഴുത്തിൽ മുഴുകി. വൈകാതെ പി.ജി. വിശ്വംഭരൻ സെഞ്ച്വറിയുടെ ആ സിനിമ ചെയ്തു. മമ്മൂട്ടിയും മോഹൻലാലും സീമയും അഭിനയിച്ച ‘സന്ധ്യക്ക് വിരിഞ്ഞ പൂവ്’ എന്ന സൂപ്പർ ഹിറ്റ് സിനിമയായിരുന്നു അത്. അത്ര കമിറ്റ്മെന്റായിരുന്നു എനിക്ക് നവോദയയോട്.
സിനിമ പഠിച്ചത് അവിടെ നിന്നാണ് എന്ന ബോധവും ആത്മാർഥതയും തുറന്നുപറയാൻ എനിക്ക് മടിയില്ലായിരുന്നു. ഏത് ഓഫറിനേക്കാളും വലുതായിരുന്നു എനിക്കാ കമിറ്റ്മെന്റ്.എഴുത്തന്വേഷണവുമായി ഇടക്കിടെ ജിജോ വരും. എഴുതാനുള്ള ആത്മവിശ്വാസക്കുറവ് ഞാൻ ജിജോയുമായി പങ്കുവെച്ചു. പതിയെ ഞാനാ കഥയെഴുത്ത് ഉപേക്ഷിച്ച് മറ്റുള്ളവരുടെ കഥകൾ അന്വേഷിക്കാൻ തുടങ്ങി. ആയിടെ പ്രിയദർശന്റെ കൈയിൽ കഥയുണ്ടെന്നുകേട്ട് ഞാൻ പ്രിയനെ കാണാൻ ചെന്നു. എനിക്ക് പ്രിയന്റെ കഥ ഇഷ്ടമായി.
ആശ്വാസത്തോടെ ഞാനാക്കഥയുമായി നവോദയയിലെത്തിയപ്പോൾ അവർക്കത് ഇഷ്ടമായില്ല. അപ്പോഴും എനിക്ക് വലിയ നിരാശയൊന്നുമുണ്ടായില്ല. മറ്റൊരു നല്ല കഥക്കു വേണ്ടിയുള്ള അന്വേഷണങ്ങൾക്കായി ഞാനാ സമയം മാറ്റിവെച്ചു. പ്രിയന്റെ നവോദയക്ക് ഇഷ്ടമാവാതെ തള്ളിയ ആ കഥയും വൈകാതെ സിനിമയായി. മോഹൻലാലും ശങ്കറും ചേർന്ന ആ സിനിമ ‘ഒന്നാനാംകുന്നിൽ ഓരടിക്കുന്നിൽ’ എന്ന പേരിൽ പ്രിയദർശൻ തന്നെ സംവിധാനം ചെയ്തു. അവസരങ്ങളിങ്ങനെ മാറിപ്പോവുമ്പോൾ ഞാൻ ആവലാതിപ്പെട്ടിരുന്നോ? അറിയില്ല. നവോദയയുടെ ഓഫറിന്റെ ശക്തി എനിക്ക് അത്ര വലുതായിരുന്നു. എന്നെ പതറാതെ നിർത്താൻ അതിന് കഴിയുമായിരുന്നു.
അങ്ങനെയിരിക്കെ റീഡേഴ്സ് ഡൈജസ്റ്റിൽ ഒരു കഥ വന്നു. ഒരു അസ്ഥികൂടവുമായി ബന്ധപ്പെട്ട പുതുമയുള്ള കഥ. എഴുത്ത് എനിക്ക് പറ്റിയ കാര്യമല്ല, അതെനിക്ക് വഴങ്ങില്ല എന്ന തോന്നൽ എന്റെയുള്ളിൽ ഉറച്ചുതുടങ്ങിയിരുന്നു. തിരക്കഥയെഴുതാൻ പുറത്തുനിന്നൊരാളെ ഞാൻ തേടാൻ തുടങ്ങി. പത്മരാജൻ സാറിനെ കൊണ്ടെഴുതിക്കാൻ വലിയ മോഹമായിരുന്നു. നവോദയയുടെ പടവുമല്ലേ. സാറിന് തിരക്കായിരുന്നു. അപ്പോഴാണ് ജിജോ പറയുന്നത്. നവോദയ എഴുത്തുകാരുടെ ഒരു പാനൽ ഉണ്ടാക്കിയിട്ടുണ്ട്, അതിൽ നിന്നൊരാളെ നോക്കാമെന്ന്. അങ്ങനെയാണ് രഘുനാഥ് പലേരിയെ കിട്ടുന്നത്.
ഞാനാഗ്രഹിച്ച, പുതുമയും സവിശേഷതകളുമൊക്കെയുള്ള ഒരു തിരക്കഥ രഘു പൂർത്തിയാക്കി. അഞ്ചാറുമാസം ആലപ്പുഴയിൽ ചെലവഴിച്ചാണ് ഞങ്ങളത് തയാറാക്കിയത്. എഴുത്തുഘട്ടത്തിനിടയിൽ ജിജോയും ഫാസിലും വരും. കഥ കേട്ട് അഭിപ്രായങ്ങൾ പറയും. തിരക്കഥ പൂർത്തിയായപ്പോൾ ഞാനും രഘുവും ജിജോയും കൂടി സന്തോഷത്തോടെ മദ്രാസിലേക്ക് പുറപ്പെട്ടു. മൂന്നുദിവസം കഴിഞ്ഞിട്ടും അപ്പച്ചൻ സാർ കഥ കേൾക്കാൻ വിളിക്കുന്നില്ല. ഫാസിലിനും ജിജോക്കും നല്ല ഇഷ്ടമായ കഥ അപ്പച്ചനെ കേൾപ്പിച്ച് പ്രോജക്ട് ഉറപ്പിക്കാനാണ് ഞങ്ങൾ ഉടൻ പുറപ്പെട്ടത്. ഓരോ ദിവസം കഴിയുംതോറും എന്നിൽ അസ്വസ്ഥത പെരുകാൻ തുടങ്ങി. നിരാശയുടെ നിഴൽ ഉള്ളിലെവിടെയോ ഇരുട്ടുവീഴ്ത്തിക്കൊണ്ടിരുന്നു.
ഒടുവിൽ അപ്പച്ചൻ സാർ വിളിച്ചു. അവർ കഥവായനക്ക് തയാറല്ലെന്ന്. ‘ഇപ്പോ പോയ്ക്കോ പിന്നീട് വിളിക്കാം’ തിരക്കഥ കേട്ടതേയില്ല. എനിക്ക് മനസ്സിലായി. ഈ േപ്രാജക്ട് ഇനി നടക്കില്ലെന്ന്, അവരാപ്പടം ചെയ്യില്ലെന്ന്. ഞാൻ തളരുന്നത് എനിക്ക് മനസ്സിലായിത്തുടങ്ങി. ഞാനും രഘുവും നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു. അന്ന് ഉപേക്ഷിക്കപ്പെട്ട ‘സെവൻ ബെൽസ്’ 17 വർഷങ്ങൾക്കുശേഷം മലയാളികളുടെ തിരശ്ശീലയിലെത്തി. ‘ദേവദൂതൻ’ എന്ന പേരിൽ ഇനിയെന്താണ്...?

മോഹൻലാലിനൊപ്പം
അടുത്ത വഴി..?
എന്തു ചെയ്യും..?
ഒരു പിടിയുമില്ല. നാട്ടിലേക്ക് ഇറങ്ങാൻ പറ്റില്ല. ഞാൻ നവോദയയുടെ പടം ചെയ്യുന്നു എന്ന വാർത്ത മാസങ്ങളായി നാട്ടിൽപാട്ടാണ്. ആളുകൾ കാണുമ്പോൾ സിനിമയെക്കുറിച്ച് ചോദിച്ചുകൊണ്ടിരിക്കും. സിനിമ നടക്കുമെന്ന ശുഭപ്രതീക്ഷയിലാണ് വീട്ടുകാരും. ഇനി പ്രതീക്ഷകൾക്ക് ഒരു വകയുമില്ല. മൂന്ന് അവസരങ്ങളാണ് മുന്നിൽ വന്നുനിന്നത്. ഞാൻ ആദ്യമുപേക്ഷിച്ച കഥയെഴുത്ത് സെഞ്ച്വറിയുടെ ഓഫർ, രഘുവിന്റെ തിരക്കഥ. എനിക്ക് നിരാശകൊണ്ട് ഉള്ളുകടഞ്ഞു. കോൺട്രാക്ടർ ജോലി ചെയ്ത് ഞങ്ങളുടെ കുടുംബം നോക്കുന്ന മൂത്ത ജ്യേഷ്ഠൻ കോയമ്പത്തൂരുണ്ട്. ഒളിച്ചിരിക്കാൻ ഒരിടം വേണമായിരുന്നു. ഞാൻ കോയമ്പത്തൂരേക്ക് പുറപ്പെട്ടു.
തോൽവികളായിരുന്നില്ല, തോൽക്കാറായിടത്തുനിന്നുള്ള തിരിച്ചുവരലുകളായിരുന്നു പലപ്പോഴും ഞങ്ങൾക്ക് ജീവിതം. അപ്പയുടെ അപ്പൻ മലയിൽ കൊച്ചൗതച്ചൻ കുറവിലങ്ങാട് എന്ന മലയോര ഗ്രാമത്തിൽനിന്ന് ആലപ്പുഴ തത്തംപള്ളിയിൽ താമസമാക്കിയ പ്രതാപിയായ മലഞ്ചരക്ക് വ്യാപാരിയായിരുന്നു. ധനാഢ്യനും ദാനധർമിഷ്ഠനുമായ വല്യപ്പൻ മക്കൾക്ക് നടത്താൻ വേണ്ടി ‘മലയിൽ ബ്രദേഴ്സ്’ എന്ന മൊത്ത വ്യാപാരം ചെയ്യുന്ന ജൗളിക്കട തുറന്നുകൊടുത്തു. അറയും പുരയുമുള്ള ആഡംബര വസതിയും, പ്ലിമിത്ത് കാറുമൊക്കെയുള്ള കൊച്ചൗതച്ചൻ എന്ന കോടീശ്വരന്റെ അഞ്ചു മക്കളിൽ ഒരാളായിരുന്നു അപ്പ. ചങ്ങനാശ്ശേരി എസ്.ബി കോളജിന്റെ മുകളിൽ വലിയ ഉയരത്തിലുള്ള ക്രിസ്തുരാജന്റെ രൂപമുണ്ട്. ഇത് സ്പെയിനിൽനിന്ന് വല്യപ്പൻ കത്തെഴുതി വരുത്തിച്ച് സ്ഥാപിച്ചതാണ്. സമ്പത്തിന്റെ വലിയ പങ്ക്, പള്ളി നിർമിക്കാനും കുരുശ്ശടിയും രൂപങ്ങളും വെക്കാനുമൊക്കെ ചെലവഴിക്കാൻ അദ്ദേഹത്തിന് ആനന്ദമായിരുന്നു. അതിഥികളായി എത്തുന്ന ബിഷപ്പുമാർക്കും പുരോഹിതർക്കും താമസ സമയത്ത് വിശുദ്ധ കുർബാന അർപ്പിക്കാനായി വീടിന് മുകളിൽ അൾത്താര നിർമിച്ചിരുന്നു അദ്ദേഹം.
ആലപ്പുഴ ചുങ്കത്തായിരുന്നു മലഞ്ചരക്ക് കച്ചവടം. കോട്ടയത്തു നിന്നൊക്കെ ചരക്കു വള്ളങ്ങളിൽ കനാൽ വഴിയാണ് മലഞ്ചരക്കുകൾ ചുങ്കത്തേക്ക് വന്നിരുന്നത്. ആലപ്പുഴ കടൽപ്പാലത്തിലേക്ക് ഗോഡൗണിൽനിന്ന് ചരക്കുകൾ ട്രോളി വഴി തള്ളിക്കൊണ്ടുപോയി, പത്തേമാരികളിലേക്ക് െക്രയിൻവഴി ഇറക്കി ആലപ്പുഴത്തുറമുഖത്തെ കപ്പലുകളിലേക്ക് കയറ്റിയിരുന്നു. അക്കാലത്ത് ആലപ്പുഴയുടെ സമ്പന്ന കാലമാണത്.

മലയിൽ കൊച്ചൗതച്ചൻ (വല്യപ്പൻ),ഉണ്ണികൃഷ്ണൻ ആവള
52ാം വയസ്സിൽ കച്ചവട സാമ്രാജ്യം മക്കളെ ഏൽപിച്ച വല്യപ്പന്റെ മരണശേഷം കുറച്ചുകാലം കഴിയുമ്പോൾതന്നെ കുടുംബം സാമ്പത്തികമായി ദ്രവിച്ചിരുന്നു. കാറിനുപകരം സൈക്കിളിലാണ് അപ്പ സഞ്ചരിച്ചിരുന്നത്. ഞങ്ങൾ താമസിച്ചിരുന്നത് ഒരു കൊച്ചു വാടകവീട്ടിലും. പിതാവിന്റെ സഹോദരങ്ങളിൽ ചിലരൊക്കെ മറ്റ് വാടക വീട്ടിലുമുണ്ടായിരുന്നു. പ്ലിമിത്ത് കാറിൽനിന്ന് സൈക്കിളിലേക്കുള്ള ജീവിതത്തിന്റെ കുത്തനെയിറക്കങ്ങൾ ചവിട്ടിശീലിച്ച ഒരപ്പന്റെ മകന് അത്ര വലിയ ആഡംബര സ്വപ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. കുട്ടിക്കാലത്ത് സിനിമ ലക്ഷ്യമേ ആയിരുന്നില്ല. എഴുതാനായിരുന്നു ഇഷ്ടം. പക്ഷേ പലപ്പോഴും കഴിയാതെ പോയതും അതായിരുന്നു. ഉള്ളിലുള്ളതൊന്നും അക്ഷരങ്ങളിൽ വന്നമർന്നുനിന്നില്ല. കഥയും കവിതയുമൊന്നും എനിക്ക് പിടിതന്നില്ല.
മലയിൽ കൊച്ചൗതച്ചന്റെ ഭാരിച്ച സ്വത്ത് സൂക്ഷിച്ച് വിനിയോഗിക്കാതെ വാടക വീടുകളിലേക്ക് ജീവിതം വലിച്ചിഴച്ചുകൊണ്ടുപോയ അച്ചാച്ചനും സഹോദരങ്ങളും പതിയെ ജീവിതത്തെ, അതിന്റെ യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കുകയും അതിജീവിക്കുകയും ചെയ്തു. പ്ലിമിത്ത് കാറിന്റെ ആഡംബരത്തിൽ ചാഞ്ഞിരുന്നു വളർന്ന അച്ചാച്ചൻ കോൺട്രാക്ടർ വർക്ക് ചെയ്ത്, നട്ടുച്ചക്കൊപ്പം കരിവാളിച്ച് ഒരു വലിയ വീട് സ്വന്തമായി വാങ്ങി. തേവര കോളജിൽ പഠിച്ച് ബി.എ ഓണേഴ്സ് നേടി. അച്ചാച്ചൻ ആലപ്പുഴയിലെ ‘സാട്ടാക്കച്ചവടത്തിൽ’ അതിവിദഗ്ധനായിരുന്നു. വല്യപ്പന്റെ പ്രായോഗിക ബുദ്ധി അച്ചാച്ചനോ മറ്റ് സഹോദരങ്ങൾക്കോ ഇല്ലായിരുന്നു.