ഒറ്റവായനയിൽ അവസാനിക്കുന്നതാവരുത് സിനിമയുടെ കാഴ്ചകൾ

സിനിമ എന്ന ദൃശ്യ, ശ്രാവ്യ മാധ്യമം കൊണ്ട് അർഥമാക്കുന്നതെന്താണ്? ഒരു ചിന്ത എങ്ങനെയാണ് ദൃശ്യങ്ങളുടെയും ശബ്ദങ്ങളുടെയും അനേകം ഭാവതലങ്ങളായി രൂപാന്തരപ്പെടുന്നത്? സംവിധായകന്റെ കാഴ്ചപ്പാടിൽ, ഒരു സിനിമ ആശയത്തിൽനിന്ന് പൂർണരൂപം പ്രാപിക്കാൻ എത്രകാലത്തെ സൃഷ്ടിപരമായ യാത്ര ആവശ്യമാണ്? കലാപരമായ ആവിഷ്കാരങ്ങളെ കൂടുതൽ സാർഥകവും ശക്തവുമാക്കാൻ സാങ്കേതികവിദ്യയെ എങ്ങനെ ഫലപ്രദമായി പ്രയോജനപ്പെടുത്താം?... സിനിമയിലെ തന്റെ അനുഭവങ്ങളും...
Your Subscription Supports Independent Journalism
View Plansസിനിമ എന്ന ദൃശ്യ, ശ്രാവ്യ മാധ്യമം കൊണ്ട് അർഥമാക്കുന്നതെന്താണ്? ഒരു ചിന്ത എങ്ങനെയാണ് ദൃശ്യങ്ങളുടെയും ശബ്ദങ്ങളുടെയും അനേകം ഭാവതലങ്ങളായി രൂപാന്തരപ്പെടുന്നത്? സംവിധായകന്റെ കാഴ്ചപ്പാടിൽ, ഒരു സിനിമ ആശയത്തിൽനിന്ന് പൂർണരൂപം പ്രാപിക്കാൻ എത്രകാലത്തെ സൃഷ്ടിപരമായ യാത്ര ആവശ്യമാണ്? കലാപരമായ ആവിഷ്കാരങ്ങളെ കൂടുതൽ സാർഥകവും ശക്തവുമാക്കാൻ സാങ്കേതികവിദ്യയെ എങ്ങനെ ഫലപ്രദമായി പ്രയോജനപ്പെടുത്താം?... സിനിമയിലെ തന്റെ അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവെക്കുകയാണ് മലയാളത്തിലെ പരീക്ഷണാത്മക സിനിമയുടെ പുതുകാല വക്താവെന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ദിൻജിത്ത് അയ്യത്താൻ. സിനിമാ നിർമാണത്തിന്റെ മാറുന്ന രീതികളും സാങ്കേതിക സാധ്യതകളും തന്റെ സിനിമാ ദർശനവും അദ്ദേഹം ഇവിടെ തുറന്നുപറയുന്നു.
മലയാള സിനിമക്കിത് പരീക്ഷയുടെയും പരീക്ഷണങ്ങളുടെയും കാലമാണ്. ഒരുപാട് സിനിമകൾ ഇറങ്ങുന്നതിൽനിന്ന് മലയാള സിനിമ പിറകോട്ടു പോവുകയും ഏറ്റവും മികച്ചത് മാത്രം റിലീസ് ചെയ്യുന്ന തരത്തിലേക്ക് സിനിമാ വ്യവസായം മാറുകയും ചെയ്തിട്ടുണ്ട്. ഇവിടെ പ്രേക്ഷകരുടെ മറുപടിക്കാണ് വലിയ വിലയുള്ളത്. എത്രതന്നെ പ്രമോഷൻ ചെയ്താലും എട്ടുനിലയിൽ പൊട്ടി കോടികൾ നഷ്ടം സംഭവിച്ച എത്രയോ സിനിമകൾ ഇതിനുദാഹരണമായി നമുക്ക് മുന്നിലുണ്ട്.
അപ്പോൾ എന്താണ് ഒരു നല്ല സിനിമ, അതിന്റെ മാനദണ്ഡങ്ങളെന്താണ് തുടങ്ങിയ ചോദ്യങ്ങൾ സ്വാഭാവികമാണ്. ‘‘A good film is one that effectively integrates narrative, visual style, sound, performance, and editing to create a coherent, emotionally and intellectually meaningful experience for its audience.’’
ആഖ്യാനം, ദൃശ്യം, ശൈലി, ശബ്ദം, പ്രകടനം, എഡിറ്റിങ് എന്നിവ ഫലപ്രദമായി സമന്വയിപ്പിച്ച് പ്രേക്ഷകർക്ക് സ്ഥിരതയുള്ളതും വൈകാരികവും ബൗദ്ധികവുമായ അർഥവത്തായ അനുഭവം സൃഷ്ടിക്കുന്നതാണ് നല്ലൊരു സിനിമ കൊണ്ട് അർഥമാക്കുന്നതെന്ന് അക്കാദമിക് പണ്ഡിറ്റുകൾ പറയാറുണ്ട്. ഈയൊരു തലത്തിലൂടെ ചിന്തിക്കുമ്പോൾ മലയാള സിനിമ അത്തരമൊരു പരിണാമ ഘട്ടത്തിലൂടെയാണ് നിലവിൽ സഞ്ചരിക്കുന്നതെന്ന് പറയേണ്ടിവരും. മികച്ച സൃഷ്ടിപരമായ സാധ്യതകളും സാമ്പത്തിക-വ്യവസായപരമായ വെല്ലുവിളികളും ഒരേസമയം നിലനിൽക്കുന്ന ഒരു പരിവർത്തനഘട്ടമാണ് മലയാള സിനിമ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്.
2025ൽ അധികം ആഘോഷിക്കാതെ വന്ന് പ്രേക്ഷകരെ ഒന്നടങ്കം ത്രില്ലടിപ്പിച്ച് സിനിമാ ചർച്ചകളിൽ സജീവമായി നിൽക്കുന്ന ‘എക്കോ’ എന്ന ഒരൊറ്റ സിനിമ മതി ദിൻജിത്ത് അയ്യത്താൻ എന്ന സംവിധായകനെ പെട്ടെന്ന് തിരിച്ചറിയാൻ. ചെയ്യുന്ന സിനിമയെ കുറിച്ച് ആഴത്തിലുള്ള പഠനവും ഏറ്റവും മികച്ചതെന്ന് തോന്നുന്ന രംഗങ്ങൾ മാത്രം ഉൾപ്പെടുത്തുകയും ചെയ്യുന്ന അപൂർവ സംവിധായകരിലേക്ക് അദ്ദേഹത്തിന്റെ പേരും പ്രേക്ഷകർ ചേർത്തുകഴിഞ്ഞു. പരീക്ഷണ, നിരീക്ഷണ തലത്തിലും മറ്റുമായി ചർച്ച ചെയ്യപ്പെട്ട ‘കിഷ്കിന്ധാകാണ്ഡ’വും അദ്ദേഹത്തിന്റെ കിരീടത്തിലെ പൊൻതൂവൽ തന്നെ. പ്രേക്ഷകരുടെ ഇടയിൽ അധികം ചർച്ച ചെയ്തില്ലെങ്കിലും പ്രമേയം കൊണ്ടും തമാശയുടെ നിലവാരം കൊണ്ടും വ്യത്യസ്തമാർന്ന ആഖ്യാനം തീർത്ത ‘കക്ഷി അമ്മിണിപ്പിള്ള’യും ഈ സംവിധായകന്റെ മികച്ച സൃഷ്ടികളിൽ ഒന്നുതന്നെയാണ്.
ചിന്താതലങ്ങളിലെ സിനിമാ കാഴ്ചപ്പാട്
എന്താണ് താങ്കൾക്ക് ഒരു സിനിമ. ഏത് തലത്തിലൂടെ നോക്കിയാണ് ഒരു സിനിമയെ താങ്കൾ വിലയിരുത്തുന്നത്. ദൃശ്യചാരുതയിലൂടെ സിനിമയെ എങ്ങനെ മുന്നിലേക്ക് കൊണ്ടുവരാൻ സാധിക്കും ?
▲ ഫൈൻ ആർട്സ് കോളജിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ സിനിമയുടെ വിശാലമായ ലോകത്തേക്ക് എത്തുന്നത്. അതുകൊണ്ടുതന്നെ, ഒരു ചിത്രം വരയ്ക്കുമ്പോൾ അതിനെ എങ്ങനെ പോർട്രേ ചെയ്യണമെന്നതിനെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണയുണ്ട്. പെയിന്റിങ്ങിലൂടെ എനിക്ക് ചെയ്യാൻ കഴിയുന്നതുപോലെ തന്നെ, എന്നാൽ അതിലും വിശാലവും ലീനിയറല്ലാത്തതുമായ ഒരു മാധ്യമമാണ് എനിക്ക് സിനിമ.
ഞാൻ നേരിട്ട് കണ്ടിട്ടില്ലാത്ത ലോകങ്ങളെയും കഥാപാത്രങ്ങളെയും പോലും എനിക്ക് അനുഭവിപ്പിക്കുകയും കാണിച്ചുതരുകയും ചെയ്യുന്ന മാധ്യമമാണ് സിനിമ. മനസ്സിലുള്ള ഒരു ആഗ്രഹമോ, സംഭവമോ, വ്യക്തിയോ-അവയെല്ലാം കൂടുതൽ വലിയ അളവിൽ അവതരിപ്പിക്കാനും അനുഭവിപ്പിക്കാനുമുള്ള സാധ്യതയാണ് സിനിമ എനിക്ക് നൽകുന്നത്.
ഒരു കഥാപാത്രത്തിന്റെ വികാരങ്ങളും അതിലൂടെ പറയാൻ ഉദ്ദേശിക്കുന്ന ആശയങ്ങളും പ്രേക്ഷകനിലേക്ക് ശക്തമായി എത്തിക്കാൻ കഴിയുന്ന കലാരൂപമാണ് സിനിമ. ആ അനുഭവത്തെ കൂടുതൽ വിപുലവും തീവ്രവുമായി അവതരിപ്പിക്കാനുള്ള ശേഷിയാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയെന്ന് ഞാൻ വിശ്വസിക്കുന്നു.
‘എക്കോ’യിലേക്ക് വരാം. അതിന്റെ രാഷ്ട്രീയം നമ്മൾ ചർച്ച ചെയ്തതാണ്. എന്നിരുന്നാലും ‘എക്കോ’യെ ഏത് തലത്തിലൂടെ വിലയിരുത്താനാണ് ഇഷ്ടപ്പെടുന്നത്?
▲ ‘എക്കോ’ എന്ന സിനിമയുടെ രാഷ്ട്രീയം മാത്രം ചർച്ച ചെയ്യുന്നതിനപ്പുറം, അതിന്റെ ദൃശ്യഭാവനയുടെ തലങ്ങളിലൂടെ സഞ്ചരിക്കാനാണ് എനിക്ക് കൂടുതൽ താൽപര്യം. രാഷ്ട്രീയം ചെറിയ പാളികളിലൂടെ സന്നിഹിതമാണെങ്കിലും, ‘എക്കോ’യെ എനിക്ക് പ്രിയപ്പെട്ടതാക്കുന്നത് അതിലെ കാഴ്ചകളും സന്ദർഭങ്ങളും മനുഷ്യബന്ധങ്ങളും മൗനങ്ങളും കഥാപാത്രങ്ങളും ഫ്രെയിമിങ്ങും ദൃശ്യവിന്യാസവും ശബ്ദവും കഥാപാത്രങ്ങളുടെ നിഗൂഢതകളുമെല്ലാമാണ്.
മനസ്സിനെ ഉണർത്തുന്ന അതിന്റെ കഥപറച്ചിൽ രീതിയും, കാണുന്ന കഥാപാത്രങ്ങളിൽനിന്ന് സ്വാഭാവികമായി ഉരുത്തിരിയുന്ന മറ്റനേകം കഥാപാത്രങ്ങളും സിനിമക്ക് കൂടുതൽ ആഴം നൽകുന്നു. ഓരോ പ്രാവശ്യം വീണ്ടും കാണുമ്പോഴും പുതിയ അർഥതലങ്ങളും അനുഭവങ്ങളും മനസ്സിലേക്ക് കടന്നുവരുന്നു. അതുകൊണ്ടുതന്നെ, ഒരു ഒറ്റവായനയിൽ അവസാനിക്കാത്ത, ഓരോ കാഴ്ചയിലും പുതുതായി തുറന്നുകാട്ടപ്പെടുന്ന അനുഭവമായാണ് എനിക്ക് ‘എക്കോ’ അനുഭവപ്പെടുന്നത്.
മലയാള സിനിമയിൽ സമീപകാലം വരെയും ഇത്തരത്തിലുള്ള ദൃശ്യകേന്ദ്രീകൃതവും പാളികളുള്ളതുമായ കഥപറച്ചിൽ അപൂർവമായിരുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ടുതന്നെ, ‘എക്കോ’ ഒരു സിനിമ എന്നതിലുപരി ദൃശ്യവും ശബ്ദവും മൗനവും മനുഷ്യബന്ധങ്ങളും ചേർന്ന് നിർമിക്കുന്ന ഒരു സവിശേഷ സിനിമാനുഭവമായാണ് ഞാൻ കാണുന്നത്.
സ്നേഹവും സംരക്ഷണവും എങ്ങനെ ഒരാൾക്ക് തടവറയാകുന്നു എന്ന് സിനിമ (എക്കോ) പറയുന്നുണ്ട്. അതോടൊപ്പം തന്നെ ഒരു ടോക്സിക് ഐഡന്റിറ്റിയെയും സിനിമ വ്യക്തമാക്കുന്നുണ്ട്. ഇതിലെ ശരിതെറ്റുകളെ എങ്ങനെ നമുക്ക് വിലയിരുത്താനാകും ? ഇവിടെ ഏത് പക്ഷമാണ് ശരി എന്ന് എങ്ങനെ പറയാനാകും?
▲ ‘എക്കോ’ സിനിമയിലെ ശരി, തെറ്റ് എന്ന് പറയുന്നതിനപ്പുറം അതിന്റെ ഫലത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടതെന്ന് തോന്നുന്നു. കുര്യച്ചന് തന്റെ ഭാര്യയായ മ്ലാത്തി ചേച്ചിയോട് ആത്മാർഥമായ സ്നേഹമുണ്ടെന്ന് സിനിമ കാണിച്ചുതരുന്നുണ്ട്. എന്നാൽ , ആ സ്നേഹം സംരക്ഷണമായി തോന്നുമ്പോഴും പല സന്ദർഭങ്ങളിലും അത് നിയന്ത്രണമായി മാറുന്നു. അങ്ങനെ ആ സ്ത്രീയുടെ സ്വാതന്ത്ര്യത്തിനുമേൽ അത് ഒരു വിലക്കായി പ്രവർത്തിക്കുന്നു.
അതുകൊണ്ടുതന്നെ, ഒരു ബന്ധത്തിൽ സ്നേഹത്തിന്റെ പേരിൽ പോലും ഒരാളുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നുവെങ്കിൽ, ആ സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന വ്യക്തിയുടെ പക്ഷത്താണ് സിനിമ നിലകൊള്ളുന്നത്. ‘എക്കോ’യിലൂടെ ഞങ്ങൾ പറയാൻ ശ്രമിച്ചതും അതുതന്നെയാണ് -സ്നേഹത്തിന്റെ പേരിൽ നിയന്ത്രണത്തെ സാധൂകരിക്കാനാവില്ല; ഒരു മനുഷ്യന്റെ സ്വാതന്ത്ര്യമാണ് ഏത് ബന്ധത്തിന്റെയും അടിസ്ഥാനമൂല്യം.

‘എക്കോ’, ‘കിഷ്കിന്ധാകാണ്ഡം’ സിനിമകളുടെ രൂപവത്കരണത്തിൽ വന്ന തടസ്സങ്ങളും എളുപ്പങ്ങളും എന്തായിരുന്നു. അതിലെ മൃഗങ്ങളെ ഫലപ്രദമായി ഉപയോഗിക്കാനായത് എങ്ങനെയാണ്. കൂടാതെ അപ്പു പിള്ളയിലേക്കും (വിജയരാഘവൻ), മോഹൻ പോത്തനിലേക്കും (വിനീത്) എത്തിയത് എങ്ങനെയാണ് ?
▲ കഥക്കേറ്റവും അനുയോജ്യമായ ലൊക്കേഷനുകൾ കണ്ടെത്തുക എന്നതായിരുന്നു ഞങ്ങൾ നേരിട്ട വലിയ വെല്ലുവിളി. ഇടുക്കിയിലെ കാഞ്ഞാർ, മാർമല വെള്ളച്ചാട്ടം, വാഗമൺ ഹൈറ്റ്സ് തുടങ്ങിയ സ്ഥലങ്ങളായിരുന്നു ‘എക്കോ’ സിനിമയുടെ കേരളത്തിലെ പ്രധാന ലൊക്കേഷനുകൾ.
കഥ ആവശ്യപ്പെട്ട ഭൂപ്രകൃതിയും അന്തരീക്ഷവും കൃത്യമായി ലഭിച്ചതുകൊണ്ടാണ് സിനിമയിൽ കാണുന്ന ദൃശ്യഭംഗി സൃഷ്ടിക്കാൻ കഴിഞ്ഞത്. ചിത്രീകരണ സമയത്ത് നല്ല മഴയുണ്ടായിരുന്നു. പ്രത്യേകിച്ച് വാഗമൺ മേഖലയിലെ തണുപ്പും മഴയും സിനിമയുടെ മൂഡിന് ഏറെ സഹായകമായി. എന്നാൽ, അതോടൊപ്പം കാമറയും ഉപകരണങ്ങളും ചുമന്നുകൊണ്ട് ആ കാലാവസ്ഥയിൽ ജോലി ചെയ്യുക എന്നത് അതീവ ദുഷ്കരമായിരുന്നു.
പലപ്പോഴും ശക്തമായ കാറ്റ് ഷൂട്ടിങ് തടസ്സപ്പെടുത്തിയിരുന്നു. പ്രത്യേകിച്ച് മ്ലാത്തി ചേച്ചിയുടെ വീട് വരുന്ന ലൊക്കേഷനിലെ ചിത്രീകരണമെല്ലാം ഏറെ ശ്രമകരമായിരുന്നു. കാറ്റ് ശക്തമായാൽ വീടിന്റെ ഓടുകളും മേൽക്കൂരയും ഇളകുകയോ തകരുകയോ ചെയ്യും. അത് വീണ്ടും പുനഃസ്ഥാപിച്ച ശേഷമാണ് പലപ്പോഴും ചിത്രീകരണം തുടരേണ്ടിവന്നത്. ചളിയും വെള്ളവും മറ്റൊരു വലിയ ബുദ്ധിമുട്ടായിരുന്നു. എന്നാൽ, സിനിമ പൂർത്തിയായി അന്തിമ രൂപം കണ്ടപ്പോഴാണ് ആ കഷ്ടപ്പാടുകളെല്ലാം സിനിമയുടെ ദൃശ്യാനുഭവത്തിന് എത്രമാത്രം ഗുണം ചെയ്തുവെന്ന് ശരിക്കും മനസ്സിലായത്.
ഇതിലെ മ്ലാത്തി ചേട്ടത്തിയുടെ വീടും ഉപ്പുകുന്ന് എന്ന ഗ്രാമവും മലേഷ്യയിലെ സ്ഥലങ്ങളുമെല്ലാം സെറ്റായിരുന്നു. ഈ സെറ്റുകൾ രൂപപ്പെടുത്തിയെടുക്കൽ വളരെ പ്രയാസകരം തന്നെയായിരുന്നു. പ്രത്യേകിച്ച് മ്ലാത്തി ചേടത്തിയുടെ വീടിനായി കണ്ടെത്തിയ സ്ഥലത്ത് സദാസമയവും ശക്തമായ കാറ്റ് വീശിയടിച്ചിരുന്നു. കൂടാതെ മഴയും മൂടൽമഞ്ഞും കൂടെയുള്ളത് ഈ പ്രയാസത്തെ ഇരട്ടിപ്പിച്ചു.
സത്യത്തിൽ, എളുപ്പമായതായി പറയാൻ പ്രത്യേകിച്ച് ഒന്നുമുണ്ടായിരുന്നില്ല. എന്നാൽ കഥക്ക് ഏറ്റവും അനുയോജ്യരായ അഭിനേതാക്കളെ ലഭിച്ചതും, അവരിൽനിന്ന് പ്രതീക്ഷിച്ചതിലും മികച്ച പ്രകടനങ്ങൾ ലഭിച്ചതും വലിയ ഭാഗ്യമായിരുന്നു. ആസിഫ് അലിയായാലും വിജയരാഘവൻ ചേട്ടനായാലും മറ്റെല്ലാ അഭിനേതാക്കളായാലും, എല്ലാവരുടെയും ആത്മാർഥമായ സഹകരണം ഓരോ വെല്ലുവിളികളെയും അതിജീവിക്കാൻ ഞങ്ങളെ സഹായിച്ചു. ആ പിന്തുണ തന്നെയാണ് സിനിമയുടെ മൊത്തത്തിലുള്ള ഭംഗി വർധിപ്പിച്ചതും.
‘കിഷ്കിന്ധാകാണ്ഡ’ത്തിലും ‘എക്കോ’യിലും മൃഗങ്ങൾ കഥയിലെ പ്രധാന സാന്നിധ്യങ്ങളാണ്. അതുകൊണ്ടുതന്നെ അവ ഉൾപ്പെടുന്ന രംഗങ്ങൾ ചിത്രീകരിക്കുക മറ്റൊരു വലിയ വെല്ലുവിളിയായിരുന്നു. പട്ടികളായാലും കുരങ്ങുകളായാലും കാമറക്കു മുന്നിൽ നമുക്കിഷ്ടമുള്ള രീതിയിലേക്ക് അവയെ കൊണ്ടുവരാൻ സാധിക്കില്ല. അതിനാൽ കുരങ്ങുകളുടെ രംഗങ്ങൾക്കായി നേരിട്ട് കാട്ടിൽ പോയി ചിത്രീകരിക്കേണ്ടിവന്നു. മുൻകൂട്ടി കാമറ ആംഗിളുകളും ഫ്രെയിമുകളും തയാറാക്കി ആവശ്യമായ ദൃശ്യങ്ങൾ പരമാവധി പകർത്തിയശേഷം, എഡിറ്റിങ് ടേബിളിലിരുന്നാണ് സിനിമക്ക് ഏറ്റവും അനുയോജ്യമായ ഷോട്ടുകൾ തിരഞ്ഞെടുത്തത്. അതിൽ എഡിറ്റർ സൂരജ് ഇ.എസ് നടത്തിയ പ്രവർത്തന മികവ് പ്രത്യേകം എടുത്തുപറയേണ്ടതാണ്.
‘കിഷ്കിന്ധാകാണ്ഡ’ത്തിൽ ഒരു ഷോട്ടുണ്ട്, അപർണ ബാലമുരളി തോട്ടത്തിലൂടെ നടക്കുമ്പോൾ കുറച്ചകലെ ഒരു കുരങ്ങിന്റെ രൂപത്തിലുള്ള കളിപ്പാട്ടം മരത്തിന് മുകളിൽനിന്ന് താഴേക്ക് വീഴുന്നു. അതെടുത്ത് അപർണ മുകളിലേക്ക് നോക്കുമ്പോൾ മരക്കൊമ്പുകൾക്കിടയിലിരുന്ന ഒരു കുരങ്ങ് തിരിച്ചുനോക്കി ഓടിമറയുന്നതാണ് രംഗം. കുരങ്ങുകളുടെ നിരവധി ഷോട്ടുകൾ ഞങ്ങൾ മുമ്പേ ചിത്രീകരിച്ച് സൂക്ഷിച്ചിരുന്നു. എന്നാൽ, അപർണ നോക്കുന്ന നിമിഷത്തിൽ കുരങ്ങ് കൃത്യമായി തിരിച്ചുനോക്കുന്ന ആ ഷോട്ട് യാദൃശ്ചികമായി ലഭിച്ചതായിരുന്നു. ആ രംഗത്തിന് അത് വലിയൊരു അനുഗ്രഹം തന്നെയായിരുന്നു.
‘എക്കോ’യിൽ പരിശീലനം ലഭിച്ച നായ്ക്കളെയാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ, നാടൻ നായ്ക്കളെ അവതരിപ്പിക്കാൻ ദക്ഷിണേന്ത്യയിൽ, പ്രത്യേകിച്ച് തമിഴ്നാട്ടിൽ കാണുന്ന കൊമ്പൈ (Kombai) അഥവാ പോളിഗാർ വിഭാഗത്തിൽപ്പെട്ട നായിനങ്ങളെയാണ് തിരഞ്ഞെടുത്തത്. ഇവയെ പരിശീലിപ്പിച്ചെടുക്കൽ അത്ര എളുപ്പമല്ല. ഒരു വയസ്സിനുമുമ്പ് മാത്രമേ അവയെ ഫലപ്രദമായി ട്രെയിൻ ചെയ്തെടുക്കാൻ കഴിയൂ. സിനിമക്കുവേണ്ടി ആദ്യം ഏകദേശം നാൽപതോളം നായ്ക്കളെ തിരഞ്ഞെടുത്തിരുന്നെങ്കിലും, പത്തോളം നായ്ക്കളെ മാത്രമാണ് ഒടുവിൽ ഉപയോഗിക്കാൻ സാധിച്ചത്. അവയിൽ ഒമ്പതെണ്ണത്തെ വിജയകരമായി പരിശീലിപ്പിക്കാൻ കഴിഞ്ഞത് ഞങ്ങൾക്ക് വലിയ നേട്ടംതന്നെ ആയിരുന്നു.
കുട്ടേട്ടനിലേക്ക് (വിജയരാഘവൻ) എത്തിയതും വളരെ സ്വാഭാവികമായ ഒരു തീരുമാനത്തിലൂടെയാണ്. ‘കിഷ്കിന്ധാകാണ്ഡ’ത്തിലെ അപ്പുപ്പിള്ള എന്ന കഥാപാത്രത്തിന് ഏറ്റവും അനുയോജ്യൻ അദ്ദേഹം തന്നെയാണെന്ന് ഞങ്ങൾക്ക് തോന്നിയിരുന്നു. എന്നാൽ, അതിനുമുമ്പ് സംവിധായകൻ ഫാസിൽ സാറിനെ ഈ വേഷം ചെയ്യാൻ സമീപിക്കുകയും കഥ പറയുകയും ചെയ്തിരുന്നു. കഥ കേട്ടശേഷം അദ്ദേഹം പറഞ്ഞത് -ഒരുപാട് അഭിനയ സാധ്യതകളുള്ള വേഷമാണ് ഈ കഥാപാത്രത്തിന്റേത്. അതുകൊണ്ട് നിലവിൽ മലയാളത്തിലുള്ള മികച്ച അഭിനേതാവിനെ കൊണ്ടുതന്നെ വേണം ഈ വേഷം ചെയ്യിപ്പിക്കാൻ. അപ്പുപ്പിള്ളയുടെ പ്രായഘടനയും ശരീരഭാഷയും മാനറിസങ്ങളും കണക്കിലെടുത്തപ്പോൾ വിജയരാഘവൻ ചേട്ടനല്ലാതെ മറ്റാരെയും ആ കഥാപാത്രത്തിലേക്ക് സങ്കൽപിക്കാൻ കഴിഞ്ഞില്ല.
‘എക്കോ’യിലെ മോഹൻ പോത്തനിലേക്ക് വിനീതേട്ടൻ എത്തിയതും യാദൃശ്ചികമായിരുന്നില്ല. ‘കിഷ്കിന്ധാകാണ്ഡ’ത്തിലും അദ്ദേഹത്തെ അഭിനയിപ്പിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ തിരക്കുകൾ കാരണം അന്നത് സാധ്യമായില്ല. അതിനുശേഷം തന്നെ ‘എക്കോ’യിലെ മോഹൻ പോത്തൻ എന്ന കഥാപാത്രം വിനീതേട്ടന് നൽകണമെന്ന് ഞങ്ങൾ തീരുമാനിച്ചുറപ്പിച്ചിരുന്നു. ഒടുവിൽ അദ്ദേഹം ആ വേഷം അവതരിപ്പിച്ചപ്പോൾ, ആ കഥാപാത്രത്തിന് നൂറുശതമാനം അനുയോജ്യനായ നടൻ അദ്ദേഹമായിരുന്നുവെന്ന് കൂടുതൽ വ്യക്തമായി.
സസ്പെൻസ് ത്രില്ലർ സിനിമകളിൽ ഒരുകാലത്ത് കൊലപാതകങ്ങൾ മാത്രം ഐഡന്റിഫൈ ചെയ്യുന്ന രീതിയാണെങ്കിൽ ഇന്നത് ഹിസ്റ്ററിയായിട്ടും പരിസ്ഥിതിയായിട്ടും ആനിമൽ ട്രിലജിയായിട്ടുമെല്ലാം മാറ്റപ്പെട്ടിട്ടുണ്ട്. ഈയൊരു മാറ്റത്തെ എങ്ങനെ കാണുന്നു?
▲ ഇതൊരു വലിയ വളർച്ചയുടെ സൂചനയായിട്ടുതന്നെയാണ് എനിക്ക് തോന്നുന്നത്. ഒരുകാലത്ത് കൊലപാതകം, കുറ്റാന്വേഷണം, ട്വിസ്റ്റുകൾ എന്നിവയെ കേന്ദ്രീകരിച്ച് മുന്നോട്ടുപോയിരുന്ന ത്രില്ലർ സിനിമകൾ ഇന്ന് അതിന്റെ പരിധികൾ മറികടന്ന് ചരിത്രപരവും പരിസ്ഥിതിപരവും കുടുംബബന്ധങ്ങളെ ആസ്പദമാക്കിയതുമായ വിഷയങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. മലയാള സിനിമയിൽ സംഭവിക്കുന്ന ശ്രദ്ധേയമായ പുരോഗതിയുടെ ഭാഗമായാണ് ഈ മാറ്റത്തെ ഞാൻ കാണുന്നത്.
ആദ്യകാല ത്രില്ലറുകൾ പ്രധാനമായും ‘എന്താണ് സംഭവിച്ചത്?’ എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നെങ്കിൽ, ഇന്നത്തെ സിനിമകൾ ‘എന്തുകൊണ്ടാണ് അത് സംഭവിച്ചത്?’ എന്ന കൂടുതൽ ആഴമുള്ള ചോദ്യവും ഉയർത്തുന്നു. സംഭവത്തെ മാത്രം അന്വേഷിക്കുന്നതിൽനിന്ന് അതിന്റെ കാരണങ്ങളിലേക്കും സാമൂഹിക-മാനുഷിക പശ്ചാത്തലങ്ങളിലേക്കും കടന്നുചെല്ലാനുള്ള ഈ ശ്രമം ശ്രദ്ധേയമാണ്.
അതോടൊപ്പം, മനുഷ്യ മനസ്സിന്റെ സങ്കീർണതകളെയും വൈകാരിക സംഘർഷങ്ങളെയും ബന്ധങ്ങളുടെ സൂക്ഷ്മതകളെയും കേന്ദ്രീകരിച്ചുള്ള സമീപനവും വർധിച്ചിട്ടുണ്ട്. സൈക്കോളജിക്കൽ തലത്തിലും ഹ്യൂമൻ ഓറിയന്റഡ് തലത്തിലും ഇത്തരം വിഷയങ്ങളെ സമീപിക്കുന്ന പ്രവണത മലയാള ത്രില്ലർ സിനിമകൾക്ക് പുതിയൊരു ആഴവും വ്യാപ്തിയും നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ മാറ്റം ഒരു ശൈലീപരമായ പരിണാമം മാത്രമല്ല, സിനിമയുടെ ചിന്താപരമായ വളർച്ചയുടെ കൂടി അടയാളമാണെന്ന് ഞാൻ കരുതുന്നു.
കെ.ജി. ജോർജ് സിനിമകളോട് അതീവ തൽപരനായിരുന്നെന്ന് കേട്ടിട്ടുണ്ട്. ആ സിനിമകളിൽനിന്ന് എത്രമാത്രം സ്വാധീനമുണ്ടായിട്ടുണ്ട്?
▲ മലയാളത്തിൽ എന്നെ ഏറ്റവുമധികം സ്വാധീനിച്ച സംവിധായകൻ തന്നെയാണ് കെ.ജി. ജോർജ്. അദ്ദേഹത്തിന്റെ സിനിമകളിലെ വിഷയങ്ങൾ മാത്രമല്ല, മേക്കിങ്ങും കഥാപാത്രവിന്യാസവും അവർക്കു നൽകുന്ന സ്വാതന്ത്ര്യവും എന്നെ ഒരു സിനിമക്കാരനാകാൻ പ്രചോദിപ്പിച്ച ഘടകങ്ങളാണെന്ന് പറയാം.
കഥപറച്ചിലിലെ വൈവിധ്യമാണ് അദ്ദേഹത്തിന്റെ സിനിമകളിലെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്ന്. ‘യവനിക’, ‘ഈ കണ്ണികൂടി’, ‘സ്വപ്നാടനം’ തുടങ്ങിയ സിനിമകൾ ഇന്നും എന്റെ പ്രിയപ്പെട്ടവയുടെ പട്ടികയിൽ ഇടംപിടിച്ചവയാണ്.
അന്നത്തെ കാലത്ത് ഇത്രയേറെ വ്യത്യസ്തമായി ചിന്തിക്കാനും സമകാലികരിൽനിന്ന് വേറിട്ട ഒരു സിനിമാഭാഷ രൂപപ്പെടുത്താനും അദ്ദേഹത്തിന് കഴിഞ്ഞത് വിസ്മയിപ്പിക്കുന്ന കാര്യമാണ്. ഇന്നിറങ്ങുന്ന ചില സിനിമകൾ കാണുമ്പോൾ പോലും അദ്ദേഹം വർഷങ്ങൾക്കുമുമ്പ് മുന്നോട്ടുവെച്ച ആശയങ്ങളുടെയും ആഖ്യാനരീതികളുടെയും പ്രതിധ്വനികളോ, അവയുടെ പുതുക്കിയ അവതരണങ്ങളോ ആണെന്ന തോന്നൽ പലപ്പോഴും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ കെ.ജി. ജോർജ് ഒരു സംവിധായകൻ മാത്രമല്ല, മലയാള സിനിമയുടെ ചിന്താഗതിയെ തന്നെ മാറ്റിമറിച്ച അപൂർവ പ്രതിഭകളിൽ ഒരാളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.

സന്ദീപ് പ്രദീപിനൊപ്പം,നടൻ വിജയരാഘവനൊപ്പം
കക്ഷി അമ്മിണിപ്പിള്ള നല്ലൊരു സബ്ജക്ട് ആയിട്ടും വേണ്ടത്ര ശ്രദ്ധ കിട്ടിയില്ല. മലയാളത്തിൽ melancholic satire സിനിമ സംഭവിക്കുന്നത് വളരെ കുറവായിട്ടും?
▲ ‘കക്ഷി അമ്മിണിപ്പിള്ള’ ഇന്നും എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമകളിലൊന്നാണ്. പക്ഷേ, ആ സിനിമക്ക് അർഹിച്ച ശ്രദ്ധ ലഭിച്ചില്ലെന്ന തോന്നൽ ഇന്നുമുണ്ട്. സത്യത്തിൽ അത് ഒരു ഫൺ-കോമഡി എന്റർടെയ്ൻമെന്റ് എന്ന നിലയിലാണ് രൂപപ്പെടുത്തിയത്. ചിത്രത്തിനു പിന്നിലെ പ്രധാന പ്രേരണ തന്നെ എപ്പോഴും ആസ്വദിച്ചുകൊണ്ട് സിനിമ ചെയ്യണമെന്ന ആഗ്രഹവും, തമാശയെ സ്വാഭാവികമായി കാണുന്ന ഒരു മനോഭാവവുമായിരുന്നു.
എന്നാൽ ‘എക്കോ’, ‘കിഷ്കിന്ധാകാണ്ഡം’ പോലുള്ള ഗൗരവസ്വഭാവമുള്ള വിഷയങ്ങളെ സമീപിക്കുന്ന അതേ രീതിയിലാണ് ‘കക്ഷി അമ്മിണിപ്പിള്ള’യെയും ഞാൻ സമീപിച്ചത്. സെറ്റിലും അത്തരമൊരു സീരിയസ് അന്തരീക്ഷമായിരുന്നു ഉണ്ടായിരുന്നത്. വലിയ ടെൻഷനോടെയാണ് ആ സിനിമ പൂർത്തിയാക്കിയത്. ആ മാനസിക സമ്മർദത്തിന്റെ സ്വഭാവം സിനിമയിലും ഒരളവുവരെ പ്രതിഫലിച്ചിട്ടുണ്ടാകാമെന്ന് ഇപ്പോൾ തോന്നാറുണ്ട്.
ഒരു ഫൺ എലമെന്റുള്ള സിനിമ ചെയ്യണമെന്ന ആഗ്രഹം എപ്പോഴും മനസ്സിലുണ്ട്. പക്ഷേ, പ്രേക്ഷകർ എന്നെ ഒരു പ്രത്യേക ജോണറിലെ സംവിധായകനായി കാണാൻ തുടങ്ങിയതിനാൽ, ഇനി ഒരു കോമഡി അല്ലെങ്കിൽ ഫൺ സിനിമ ചെയ്താൽ അത് അവർ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്കയുണ്ട്. എങ്കിലും കോമഡി സിനിമ ചെയ്യണമെന്ന ആഗ്രഹം ഇന്നും ശക്തമാണ്. അത്തരമൊരു അവസരം വീണ്ടും ലഭിക്കുമോ എന്നറിയില്ല. എന്തായാലും കാത്തിരുന്ന് കാണാം, എന്താണ് സംഭവിക്കുന്നതെന്ന്.
നിരീക്ഷണങ്ങളിലൂടെ കാണുന്ന കാഴ്ചകൾ
നല്ലൊരു ചരിത്രമുണ്ടായിരുന്ന മലയാള സിനിമക്ക് പിന്നീട് വഴിതെറ്റി. കച്ചവട രംഗത്തേക്ക് പൂർണമായി മാറി. എന്നാൽ, സമാന്തര സിനിമാ പ്രവർത്തകർ വന്നു. അവർ കാമ്പുള്ള സിനിമകൾ ചെയ്തെങ്കിലും അന്നതിന്റെ വാല്യു തിരിച്ചറിഞ്ഞില്ല. ഇന്ന് സിനിമകൾ ഒരുപാടുണ്ട്. നിലവാരം കുറഞ്ഞു. എങ്ങനെ നിരീക്ഷിക്കുന്നു പുതുകാല മലയാള സിനിമകളെ.
▲ മലയാള സിനിമയുടെ ചരിത്രം പരിശോധിച്ചാൽ, ആദ്യകാല സിനിമകൾക്ക് ശക്തമായ കഥാപാരമ്പര്യവും ഉറച്ച തിരക്കഥാ അടിത്തറയും ഉണ്ടായിരുന്നുവെന്ന് കാണാം. കഥാപാത്രങ്ങളുടെ ജീവിതവും സാമൂഹിക യാഥാർഥ്യങ്ങളും മനുഷ്യബന്ധങ്ങളുടെ സങ്കീർണതകളും ആഴത്തിൽ അവതരിപ്പിക്കുന്നതിലായിരുന്നു അന്നത്തെ സിനിമകളുടെ മികവ്. പിന്നീട് സിനിമ ക്രമേണ വാണിജ്യവത്കരണത്തിലേക്ക് നീങ്ങുകയും, ചില ഘട്ടങ്ങളിൽ കഥയേക്കാൾ അവതരണരീതിക്കും താരമൂല്യത്തിനും പ്രാധാന്യം കൊടുക്കുകയും ചെയ്തു. കഥയെ മറന്നുള്ള കഥപറച്ചിൽ പല സിനിമകളിലും പ്രകടമായി.
സമാന്തര സിനിമകൾ അക്കാലത്ത് ശ്രദ്ധേയമായ കലാസൃഷ്ടികളായിരുന്നുവെങ്കിലും, അവയുടെ ആഖ്യാനഭാഷയും പ്രതീകാത്മകതയും പൂർണമായി ഉൾക്കൊള്ളാൻ അന്നത്തെ വലിയൊരു വിഭാഗം പ്രേക്ഷകർക്ക് കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ നിരവധി മികച്ച സിനിമകൾ ഇന്ന് പുനർമൂല്യനിർണയത്തിന് വിധേയമാകുന്നുണ്ട്.
ഇന്നത്തെ സിനിമകളിലേക്ക് വരുമ്പോൾ, സാങ്കേതിക മികവിന്റെ കാര്യത്തിൽ മലയാള സിനിമ വലിയ മുന്നേറ്റമാണ് കൈവരിച്ചിരിക്കുന്നത്. കാമറ, ശബ്ദരൂപകൽപന, എഡിറ്റിങ്, കളർ ഗ്രേഡിങ്, വിഷ്വൽ ഡിസൈൻ തുടങ്ങി എല്ലാ മേഖലകളിലും ലോകോത്തര നിലവാരത്തിലേക്ക് സിനിമ വളർന്നു. ആഖ്യാനരീതിയും കഥാപാത്രനിർമാണവും ഗണ്യമായി മാറിയിട്ടുണ്ട്. എന്നാൽ, ഈ കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പലപ്പോഴും ഉള്ളടക്കത്തിന്റെ (content) ക്ഷാമമാണെന്ന് തോന്നാറുണ്ട്. സാങ്കേതികമായി മികച്ചതായിട്ടും പ്രേക്ഷകന്റെ മനസ്സിൽ ദീർഘകാലം നിലനിൽക്കുന്ന ആശയങ്ങളോ കഥകളോ പല സിനിമകളിലും കാണാൻ കഴിയുന്നില്ല.
കോവിഡ് കാലത്ത് ലോകമെമ്പാടുമുള്ള സിനിമകൾ പ്രേക്ഷകർ വ്യാപകമായി കണ്ടു. അതിന്റെ ഫലമായി ലോകസിനിമയെക്കുറിച്ചുള്ള അവബോധം ഗണ്യമായി വർധിക്കുകയും, ഒരു പുതിയ സിനിമ പുറത്തിറങ്ങുമ്പോൾ അതിന്റെ കഥയിലോ രംഗങ്ങളിലോ മറ്റേതെങ്കിലും രാജ്യത്തെ സിനിമകളുമായി സാമ്യമുണ്ടോയെന്ന് സൂക്ഷ്മമായി പരിശോധിക്കുന്ന ഒരു പ്രേക്ഷകസമൂഹം രൂപപ്പെടുകയും ചെയ്തു. അറിയാതെ പോലും ഒരു രംഗത്തിന് മറ്റൊരു സിനിമയുമായി സാമ്യം വന്നാൽ അത് വളരെ വേഗം ‘കോപ്പിയടി’ എന്ന വിമർശനത്തിലേക്ക് എത്തിച്ചേരുന്ന സാഹചര്യമാണ് ഇന്നുള്ളത്.
അതുകൊണ്ടുതന്നെ ഒരു സിനിമയൊരുക്കുമ്പോൾ ഓരോ രംഗവും വിശദമായി പഠിക്കുകയും ചർച്ച ചെയ്യുകയും ചെയ്യേണ്ടതുണ്ട്. ചെറിയൊരു സാമ്യം പോലും ശ്രദ്ധയിൽപ്പെട്ടാൽ ആ രംഗം മാറ്റി അതിനേറ്റവും അനുയോജ്യമായ മറ്റൊരു അവതരണം കണ്ടെത്തുകയാണ് നല്ല സിനിമാപ്രവർത്തകർ പിന്തുടരുന്ന സമീപനം. ശക്തമായൊരു ഉള്ളടക്കമില്ലെങ്കിൽ സിനിമ ചെയ്യാതിരിക്കുന്നതാണ് ചിലപ്പോൾ ഏറ്റവും നല്ല തീരുമാനം.
ഇന്ന് മലയാളത്തിൽ വലിയ തോതിൽ സിനിമകൾ പുറത്തിറങ്ങുന്നുണ്ടെങ്കിലും, അവയിൽ വളരെ കുറച്ച് സിനിമകൾ മാത്രമാണ് യഥാർഥത്തിൽ വ്യത്യസ്തമായ ആശയങ്ങളും പുതിയ ഉള്ളടക്കവുമായും എത്തുന്നത്. കഴിവുള്ള നിരവധി സംവിധായകർ ഇന്ന് രംഗപ്രവേശം ചെയ്യുന്നുണ്ടെങ്കിലും, സിനിമകളുടെ എണ്ണവും മത്സരവും വർധിച്ചതിനാൽ പലരും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഒരുകാലത്ത് പുതിയ തലമുറ സംവിധായകരുടെ എണ്ണം വളരെ കുറവായിരുന്നതിനാൽ ഓരോരുത്തർക്കും വ്യക്തമായ ഇടം ലഭിച്ചിരുന്നു. എന്നാൽ, ഇന്ന് നിരവധി സംവിധായകർ ആദ്യമോ രണ്ടാമത്തെയോ സിനിമക്കുശേഷം തന്നെ സിനിമാരംഗത്തുനിന്ന് അപ്രത്യക്ഷരാകുന്നു. ഇന്ന് സിനിമാലോകത്ത് നിലനിൽക്കാൻ സാങ്കേതിക മികവ് മാത്രം പോര; കാലത്തെ അതിജീവിക്കുന്ന ശക്തമായ കഥയും വ്യത്യസ്തമായ ഉള്ളടക്കവും അഭിനയ മുഹൂർത്തങ്ങളും അനിവാര്യമാണ്.
കുട്ടിക്കാലത്ത് ചിത്രകലയിൽ തൽപരനായിരുന്നെന്ന് കേട്ടിട്ടുണ്ട്. വലിയ സീരിയസായ സബ്ജക്ടുകൾ ആയിരുന്നോ അന്ന് വരച്ചിരുന്നത്. അതോ ചുമ്മാ ഒരു ഹോബിയായിരുന്നോ ?
▲ ചെറുപ്പം മുതലേ ചിത്രരചനയോട് എനിക്ക് അസാധാരണമായൊരു ഇഷ്ടമുണ്ടായിരുന്നു. ആ ഇഷ്ടത്തിന്റെ ആദ്യ വിത്തുപാകിയത് എന്റെ അമ്മയാണ്. അമ്മ ചിത്രം വരക്കുന്നതുകണ്ടും നിറങ്ങളോടുള്ള ആ അടുപ്പം അനുഭവിച്ചുമാണ് ഞാൻ ചിത്രകലയെ ഗൗരവത്തോടെ കാണാൻ തുടങ്ങിയത്. തലശ്ശേരി ഫൈൻ ആർട്സ് സ്കൂളിൽ ആർട്ടിസ്റ്റായിരുന്ന അമ്മയുടെ കലാജീവിതം എനിക്ക് വലിയ പ്രചോദനമായിരുന്നു. അന്നൊന്നും സിനിമയോ സംവിധാനമോ എന്റെ സ്വപ്നങ്ങളിൽ ഉണ്ടായിരുന്നില്ല. ഒരു ഹോബി എന്നതിനപ്പുറം ചിത്രകല അഭ്യസിച്ച് നല്ലൊരു ചിത്രകാരനാകണമെന്നതായിരുന്നു ബാല്യകാലത്തെ വലിയ ആഗ്രഹം.
സ്കൂൾ പഠനകാലത്ത് ചിത്രകല മത്സരങ്ങളിൽ സ്ഥിരമായി പങ്കെടുക്കുമായിരുന്നു. പിന്നീട് സംസ്ഥാനതല മത്സരങ്ങളിലും പങ്കെടുത്ത് സമ്മാനങ്ങൾ നേടാൻ കഴിഞ്ഞു. ആ അനുഭവങ്ങളാണ് ചിത്രകലയെ ഒരു ജീവിതമാർഗമായി തിരഞ്ഞെടുക്കണമെന്ന ആത്മവിശ്വാസം നൽകിയത്. അതുകൊണ്ടുതന്നെ ചെന്നൈ ഫൈൻ ആർട്സ് കോളജിൽ ചേർന്ന് വിഷ്വൽ കമ്യൂണിക്കേഷനിൽ ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് ബിരുദം നേടി.
ബിരുദ പഠനശേഷം പുണെയിലെ റിലയൻസ് എന്റർടെയിൻമെന്റിൽ ആനിമേറ്ററായി ജോലിയിൽ പ്രവേശിച്ചു. തുടർന്ന് നിരവധി ആനിമേഷൻ പ്രോജക്ടുകളുടെ ഭാഗമായി പ്രവർത്തിക്കുകയും പിന്നീട് ആനിമേഷൻ സൂപ്പർവൈസർ എന്ന നിലയിലേക്ക് ഉയരുകയും ചെയ്തു. ആനിമേഷൻ എന്ന മേഖല പുതിയ അനുഭവങ്ങളും സാങ്കേതിക അറിവുകളും സമ്മാനിച്ചെങ്കിലും, അതിന്റെ അടിത്തറ ചിത്രകല തന്നെയായിരുന്നു.
സത്യം പറഞ്ഞാൽ, ഇന്നും എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് വീണ്ടും ഗൗരവമായി ചിത്രങ്ങൾ വരക്കുക എന്നതാണ്. വർഷങ്ങൾക്കുമുമ്പ് വരച്ച ചിത്രങ്ങൾ പൊടിതട്ടിയെടുത്ത് അവയിലേക്ക് മടങ്ങിപ്പോകണമെന്ന് പലപ്പോഴും തോന്നാറുണ്ട്. കാലം എത്ര മുന്നോട്ടുപോയാലും മനസ്സിനുള്ളിൽ ചിത്രകലയുടെ പാഠങ്ങളും നിറങ്ങളുടെ ഭാഷയും മായാതെ ഇന്നും കിടപ്പുണ്ട്. അതുകൊണ്ടാവാം, സിനിമയിലൂടെയോ ആനിമേഷനിലൂടെയോ സഞ്ചരിച്ച ശേഷവും എന്റെ ഉള്ളിലെ ചിത്രകാരൻ ഇന്നും പുതിയ കാൻവാസുകളെ കാത്തിരിക്കുന്നത്.

ചിത്രകല, ആനിമേഷൻ, വി.എഫ്.എക്സ്, പിന്നീട് സംവിധായകൻ...ഈ യാത്ര അത്ര എളുപ്പമാകാൻ ഇടയില്ല?
▲ ശരിയാണ്. ഈ മൂന്ന് തലങ്ങളിലൂടെയുള്ള സഞ്ചാരം ഒരിക്കലും എളുപ്പമായിരുന്നില്ല.
ഡിഗ്രി പഠനശേഷം നേരെ വണ്ടി കയറിയത് ചെന്നൈയിലേക്കാണ്. അവിടെയുള്ള കീ-ഫ്രെയിം ആനിമേഷൻ കമ്പനിയിൽനിന്ന് ആനിമേഷൻ കോഴ്സ് പൂർത്തിയാക്കി. ക്രിയേറ്റീവ് ഡയറക്ടറായി ‘ലിറ്റിൽ കൃഷ്ണ’ ആനിമേറ്റഡ് പരമ്പരയിൽ സഹകരിക്കാനും അവസരമുണ്ടായി. പഠനാനന്തരം പൂനെയിലെ റിലയൻസ് എന്റർടൈൻമെന്റിൽ ആനിമേറ്ററായി ജോലി ലഭിച്ചു.
സിനിമയെപ്പോലെ തന്നെ ആനിമേഷനും വലിയ സാധ്യതകളുള്ള ഒരു മാധ്യമമാണെന്ന് അന്ന് വ്യക്തമായി മനസ്സിലാക്കിയതാണ്. കാമറ, ലൈറ്റിങ്, തിരക്കഥ, കഥ, കഥാപാത്രങ്ങൾ, അഭിനയം -സിനിമക്കാവശ്യമായ മിക്ക ഘടകങ്ങളും ഒരു മികച്ച ആനിമേഷൻ ചിത്രത്തിനും അനിവാര്യമാണ്.
ജോലിയിലിരിക്കെ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ആറുമാസത്തെ ഒരു ഫിലിം ക്രാഷ് പഠിക്കാനായി സമയം കണ്ടെത്തി. കാമ്പസിനത്തുവെച്ച് തന്നെ ഒരു പ്രഫസർ എടുക്കുന്ന കോഴ്സായിരുന്നു അത്. ആ സമയത്തുതന്നെ ഹാൻഡിക്യാം ഉപയോഗിച്ച് ലൈവ്-ആക്ഷൻ വിഷ്വലുകളിൽ ചെറിയ രീതിയിലുള്ള പരീക്ഷണങ്ങൾ ആരംഭിച്ചിരുന്നു.
പഠനത്തിന്റെ ഭാഗമായി ഒരു ഹ്രസ്വചിത്രം സംവിധാനം ചെയ്യാനും അവസരം ലഭിച്ചു. ആ ചിത്രം ശ്രദ്ധിക്കപ്പെടുകയും അധ്യാപകരിൽ നിന്നും സഹപാഠികളിൽ നിന്നും മികച്ച പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്തു. അപ്പോഴാണ് ഈ വഴിയിലൂടെ ഗൗരവമായി മുന്നോട്ടുപോകാമല്ലോ എന്ന ചിന്ത മനസ്സിൽ രൂപപ്പെട്ടത്.
അങ്ങനെ ഒമ്പത്-പത്ത് വർഷത്തെ ആനിമേഷൻ കരിയർ കളഞ്ഞ് സിനിമയുടെ വലിയ ലോകത്തേക്ക് കുടിയേറാൻതന്നെ തീരുമാനിച്ചു. ഒരു മികച്ച ആനിമേഷൻ സൃഷ്ടിക്കാൻ ചെലവഴിക്കുന്ന അതേ അധ്വാനവും സമർപ്പണവും സിനിമക്കുവേണ്ടി ചെലവഴിച്ചുകൂടേയെന്ന ചോദ്യമാണ് എന്നെ സിനിമയുടെ വിശാലലോകത്തിലേക്ക് നയിച്ചത്.
എന്നാൽ, അന്ന് സിനിമയിലേക്ക് എന്നെ പരിചയപ്പെടുത്തിക്കൊടുക്കാനായി ആരുംതന്നെ കൂടെയുണ്ടായിരുന്നില്ല. എന്നാൽ, സിനിമയെന്ന വല്ലാത്തൊരു സ്പിരിറ്റ് ഉള്ളിൽ കിടപ്പുണ്ടായിരുന്നു. അങ്ങനെ ചെന്നൈയിലേക്ക് തന്നെ തിരികെയെത്തി. അന്ന് ഭാര്യക്ക് ജോലിയുണ്ടായത് കൊണ്ട് പട്ടിണി കൂടാതെ കഴിയാനായി. ഞാൻ സിനിമക്ക് വേണ്ട പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയങ്കിലും കാര്യങ്ങൾ ഈസിയായിരുന്നില്ല. പിന്നീട് കൊച്ചിയിലേക്ക് തിരിക്കാൻ തീരുമാനിച്ചു. അവിടെ ഒരു കമ്പനിയിൽ ആനിമേഷൻ ഡയറക്ടറായി ജോലിയിൽ പ്രവേശിച്ചു. എന്റെ പ്ലാൻ ജോലിക്കൊപ്പം സിനിമക്കു വേണ്ടി എഴുതുകയും അവസരം തേടുകയുമായിരുന്നു. അങ്ങനെ ജോലിയും എഴുത്തും ഒരുപോലെ കൊണ്ടുപോകാൻ ശ്രമിച്ചു.
2011ൽ ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് താമസം മാറിയശേഷം സിനിമയെ സ്വപ്നം കാണുന്ന ഒരുപാട് ആളുകളെ പരിചയപ്പെടാൻ കഴിഞ്ഞു. അവരിൽ പലരും വർഷങ്ങളോളം കഠിനമായി പരിശ്രമിച്ചിട്ടും അർഹിച്ച അവസരങ്ങൾ ലഭിക്കാതെ പോയവരായിരുന്നു. ചിലർക്ക് ഒന്നോ രണ്ടോ സിനിമകൾക്കുശേഷം ആ സ്വപ്നം ഉപേക്ഷിച്ച് മറ്റുതൊഴിലുകളിലേക്ക് പോകേണ്ടിവന്നു. എന്തുകൊണ്ടോ എനിക്ക് അങ്ങനെ പിന്തിരിയേണ്ടി വന്നില്ല. പക്ഷേ, ആ ഒമ്പത് വർഷം ജീവിതം എന്നെ ശരിക്കും പഠിപ്പിച്ചു. ഒരു അഭിമുഖത്തിൽ പറഞ്ഞുതീർക്കാനാകാത്തത്ര അനുഭവങ്ങളും പാഠങ്ങളും ആ കാലഘട്ടം സമ്മാനിച്ചു. ഇന്ന് പിന്നോട്ടുനോക്കുമ്പോൾ സിനിമയിൽ എന്തെങ്കിലും ചെറിയൊരു അടയാളമെങ്കിലും പതിപ്പിക്കാൻ കഴിഞ്ഞുവെന്ന ചിന്ത വലിയ സന്തോഷവും ചാരിതാർഥ്യവും നൽകുന്നുണ്ട്.

സിനിമകൾക്കിടയിലെ ദിവസങ്ങൾ
ആസിഫ് അലിയിലേക്കും ‘കക്ഷി അമ്മിണിപ്പിള്ള’ സംഭവിച്ചതിനും കാരണക്കാരൻ സംവിധായകൻ എബ്രിഡ് ഷൈൻ ആയിരുന്നല്ലോ. സിനിമയിലേക്കുള്ള പടിവാതിൽ തുറന്നത് ആസിഫ് അലിയും?
▲ 2011 കാലത്ത് കൊച്ചിയിലെ ലക്കി ഫ്രെയിംസ് എന്ന സ്ഥാപനത്തിൽ വി.എഫ്.എക്സ് ഡയറക്ടറായി ജോലി ചെയ്യുന്നതിനിടെയാണ് സംവിധായകൻ എബ്രിഡ് ഷൈനുമായി പരിചയപ്പെടുന്നത്. അന്നദ്ദേഹം ‘1983’ എന്ന സിനിമയുടെ ജോലികളുമായി അവിടെയുണ്ടായിരുന്നു. എന്റെ ചില വർക്കുകൾ കണ്ട ഷൈൻ ചേട്ടന് അവ വളരെ ഇഷ്ടമായി. സിനിമ സംവിധാനം ചെയ്യണമെന്ന എന്റെ ശക്തമായ ആഗ്രഹം മനസ്സിലാക്കിയ അദ്ദേഹം, നല്ലൊരു തിരക്കഥയുണ്ടെങ്കിൽ അനുയോജ്യരായ ആളുകളെ പരിചയപ്പെടുത്തിത്തരാമെന്ന് പറഞ്ഞു. സത്യത്തിൽ ആ സമയത്ത് എനിക്ക് ലഭിച്ച ഏറ്റവും വലിയ പ്രോത്സാഹനങ്ങളിലൊന്നായിരുന്നു അത്.
അങ്ങനെ ദുൽഖർ സൽമാനു മുന്നിൽ ചെല്ലാനും കഥ പറയാനും അവസരം ലഭിച്ചു. കഥ അദ്ദേഹത്തിന് ഇഷ്ടമായെങ്കിലും ദുർഖർ മറ്റുചില സിനിമകളുടെ തിരക്കിലായിരുന്നു. ഡേറ്റ് കിട്ടാൻ മൂന്നുവർഷം കാത്തിരിക്കേണ്ട സാഹചര്യമായിരുന്നു അന്ന്.
പിന്നീട് ‘കിഷ്കിന്ധാകാണ്ഡ’ത്തിന്റെ നിർമാതാക്കളിൽ ഒരാളായ അലക്സി കുര്യൻ വഴിയാണ് ആസിഫ് അലിയിലേക്കുള്ള വഴി തുറക്കുന്നത്. ‘നിർണായകം’ എന്ന സിനിമയുടെ സെറ്റിൽവെച്ചാണ് ആസിഫിനെ നേരിൽകണ്ട് കഥ പറയുന്നത്. ‘കക്ഷി അമ്മിണിപ്പിള്ള’യുടെ കഥയായിരുന്നില്ല അന്ന് പറഞ്ഞത്. ഫുട്ബാളിനെ ആസ്പദമാക്കിയുള്ള മറ്റൊരു വിഷയമായിരുന്നു അത്.
സിനിമാർക്കുമുന്നിൽ എക്സ്പീരിയൻസായി കാണിക്കാൻ അന്ന് എന്റെ കൈയിലുണ്ടായിരുന്നത് ഒരു ആനിമേഷൻ ചിത്രം മാത്രമായിരുന്നു. അതുകൊണ്ട് എന്നെക്കൊണ്ട് വലിയൊരു സിനിമ ചെയ്യാൻ കഴിയുമോ എന്ന ആശങ്ക സ്വാഭാവികമായും അവരുടെ ഭാഗത്ത് ഉണ്ടായെന്നിരിക്കാം. ഒടുവിൽ ആ ഫുട്ബാൾ പ്രോജക്ട് ഉപേക്ഷിക്കേണ്ടിവന്നു.
അതിനുശേഷവും പല സിനിമാ സെറ്റുകളിലായി ആസിഫിനെ കാണുകയും സിനിമയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. എന്നാൽ ഞങ്ങൾക്കും വ്യക്തമായിരുന്നു, ആ ഫുട്ബാൾ കഥക്ക് അന്നത്തെ സാഹചര്യത്തിൽ പ്രായോഗിക സാധ്യത കുറവാണെന്നും അത് കടലാസിനപ്പുറത്തേക്ക് എത്താൻ ഇടയില്ലെന്നും. അങ്ങനെ ആ ആശയം മാറ്റിവെച്ച് പുതിയൊരു വിഷയവുമായി വീണ്ടും ആസിഫിന് മുന്നിലെത്തി.
എന്റെ ഒരു സുഹൃത്തിന്റെ ജീവിതത്തിൽ നടന്ന യഥാർഥ സംഭവത്തെ ആസ്പദമാക്കിയുള്ളൊരു ത്രെഡുമായാണ് ഞാനും തിരക്കഥാകൃത്ത് സനിലേഷ് ശിവനും ആസിഫിനെ സമീപിച്ചത്. ഞങ്ങൾ പറഞ്ഞ ആശയം കേട്ടപ്പോൾതന്നെ ആസിഫിനത് ഇഷ്ടമായി. ‘‘തിരക്കഥ എഴുതിത്തുടങ്ങിക്കോളൂ’’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആ ഒറ്റ വാക്കാണ് പിന്നീട് ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന സിനിമയുടെ ജനനത്തിലേക്ക് നയിച്ചത്.
നേരത്തെ ഞാൻ ആലോചിച്ചിരുന്ന ഫുട്ബാൾ വിഷയത്തിന് വി.എഫ്.എക്സിന്റെ വലിയ പ്രാധാന്യമുണ്ടായിരുന്നു. പോരാത്തതിന് വലിയ ബജറ്റും വേണം. അതുകൊണ്ടു കൂടിയാണ് പലരും ആ പ്രോജക്ടിൽനിന്ന് പിന്തിരിയാൻ കാരണമായതെന്ന് പിന്നീട് കേട്ടറിഞ്ഞു. അതേസമയം ‘കക്ഷി അമ്മിണിപ്പിള്ള’ക്ക് വലിയ വി.എഫ്.എക്സ് ആവശ്യമായിരുന്നില്ല. താരതമ്യേന ബജറ്റ് ഫ്രണ്ട് ലി പ്രോജക്ടായിരുന്നതിനാൽതന്നെ ആസിഫ് ആ ചിത്രം ചെയ്യാൻ സമ്മതിക്കുകയും പദ്ധതി അതിവേഗം മുന്നോട്ടുപോകുകയും ചെയ്തു. 2017ൽ സിനിമ ഔദ്യോഗികമായി ഉറപ്പിച്ച് കൈകൊടുത്തു. 2018ൽ ചിത്രീകരണം ആരംഭിക്കുകയും 2019ൽ ചിത്രം തിയറ്ററുകളിലെത്തുകയും ചെയ്തു.
അന്നുമിന്നും ഷൈൻ ചേട്ടൻ എന്റെ സിനിമാ യാത്രയിൽ ഒപ്പമുണ്ട്. അദ്ദേഹത്തിന്റെ സിനിമകളിൽ അസിസ്റ്റ് ചെയ്യാൻ അവസരം ലഭിച്ചിട്ടില്ലെങ്കിലും, ഒരു ഉപദേഷ്ടാവായും കൂടെപ്പിറപ്പിനെപ്പോലെ കരുതുന്ന ഒരാളായും അദ്ദേഹം എന്നും എനിക്ക് വലിയ പിന്തുണയാണ്. സിനിമയിലേക്കുള്ള യാത്രയിൽ ആ പിന്തുണക്ക് എന്നും വലിയ സ്ഥാനംതന്നെയാണ് ഞാൻ നൽകുന്നത്.
തുടർച്ചയായി സിനിമകൾ ചെയ്യണമെന്ന ലക്ഷ്യമില്ലാത്തയാളാണ് താങ്കളെന്ന് അറിയാനായി. എത്ര കാലമാണ് താങ്കൾക്ക് ഒരു സിനിമ രൂപപ്പെടാൻ വേണ്ട സമയം ?
▲ തുടർച്ചയായി സിനിമകൾ ചെയ്യണമെന്ന് തന്നെയാണ് ആഗ്രഹം. എന്നാൽ, ചെയ്യുന്നത് നല്ല സിനിമകളായിരിക്കണമെന്ന നിർബന്ധം എപ്പോഴുമുണ്ട്. അതുകൊണ്ടു കൂടിയാണ് രണ്ടു സിനിമകൾക്കിടയിൽ വലിയൊരു ഇടവേള വരുന്നത്. ഏതെങ്കിലും ഒരു വിഷയം കിട്ടിയാൽ പെട്ടെന്ന് സിനിമ ചെയ്ത് അടുത്തതിലേക്ക് പോകുന്ന രീതിയല്ല എന്റേത്. ഏറ്റെടുത്ത സിനിമ എന്ത് റിസ്കെടുത്തും മികച്ചതായി അവതരിപ്പിക്കണമെന്നാണ് എപ്പോഴും ചിന്തിക്കുന്നത്.
‘കിഷ്കിന്ധാകാണ്ഡ’ത്തിനുശേഷവും ‘എക്കോ’ റിലീസായതിന് പിന്നാലെയും കേരളത്തിന് പുറത്തുനിന്നടക്കം ഒരുപാട് ഓഫറുകൾ വന്നിരുന്നു. എന്നാൽ, എന്നെ ആവേശഭരിതനാക്കുന്നതോ, ‘ഇത് ഞാൻ ചെയ്യേണ്ട സിനിമയാണ്’ എന്ന് തോന്നിപ്പിക്കുന്നതോ ആയ ഒരു കഥയും മുന്നിലെത്താത്തതിനാൽ അവയിൽ നിന്നെല്ലാം മാറിനിൽക്കുകയായിരുന്നു. കൂടുതൽ സിനിമകൾ ചെയ്ത് വലിയ സംവിധായകനാകുക എന്നതിനേക്കാൾ, ചെയ്യുന്ന ഓരോ സിനിമയും പരമാവധി പെർഫക്ഷനോടെ പൂർത്തിയാക്കുക എന്നതാണ് എന്റെ രീതി. ഒരു കഥ വായിക്കുമ്പോൾ അത് നമ്മളെ വേട്ടയാടണം. ‘ഇത് ആളുകൾ കാണേണ്ട വിഷയമാണ്’ എന്ന തോന്നൽ ആദ്യം എനിക്കുതന്നെ ഉണ്ടാകണം. അത്തരമൊരു ബോധ്യം ലഭിച്ചാലേ ആ സിനിമ ചെയ്യാൻ തീരുമാനിക്കൂ.
നിലവിൽ രണ്ട് സിനിമകൾക്കിടയിൽ ഏകദേശം രണ്ടുവർഷത്തെ ഇടവേളയാണ് എടുക്കുന്നത്. ഒരുപക്ഷേ, ആയുസ്സും അവസരവും ഉണ്ടെങ്കിൽ ആകെവെറും പത്ത് സിനിമകളേ ഞാൻ സംവിധാനം ചെയ്യാൻ സാധ്യതയുള്ളൂ. എന്നാൽ, ആ പത്ത് സിനിമകളും ആളുകൾ ഓർത്തുവെക്കുന്നവയായിരിക്കണമെന്നാണ് ആഗ്രഹം. നിലവിൽ പുതിയൊരു സബ്ജക്ടുമായി മുന്നോട്ടുപോകുകയാണ്. അതിന്റെ തുടർകാര്യങ്ങളിലേക്ക് വൈകാതെ കടക്കാനാകുമെന്നാണ് പ്രതീക്ഷ.

വാഗമൺ കുന്നിൽ ‘എക്കോ’ സിനിമയുടെ ചിത്രീകരണം
കൾചറൽ-റിയലിസ്റ്റിക് സിനിമകൾ മലയാളത്തിൽ ധാരാളമായി ഇറങ്ങുന്നുണ്ട്. ഉദാഹരണമായി ‘സുഡാനി ഫ്രം നൈജീരിയ’, ‘കുമ്പളങ്ങി നൈറ്റ്സ്’, ‘അങ്കമാലി ഡയറീസ്’, ‘തൊണ്ടിമുതലും ദൃക്സാക്ഷി’യും തുടങ്ങിയവ. നേരത്തെ ‘അമ്മ അറിയാൻ’, ‘നിർമാല്യം’, ‘സ്വയംവരം’ പോലുള്ള സിനിമകൾ ഈ ഗണത്തിൽ പ്രേക്ഷക ശ്രദ്ധ നേടിയതാണ്. എന്നാൽ, ഇന്നും നമ്മൾ പഴയതിൽതന്നെ കടിച്ചുതൂങ്ങി നിൽക്കുകയും പുതിയവയെ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന പ്രവണതയുണ്ട് (ചിലരിൽ). ഇതിനെ എങ്ങനെ നോക്കിക്കാണുന്നു ?
▲ പുതിയ ആശയങ്ങളെയും പരീക്ഷണാത്മക സിനിമകളെയും മലയാളി പ്രേക്ഷകർ പാടേ അവഗണിക്കുന്നു എന്ന അഭിപ്രായത്തോട് ഞാൻ യോജിക്കുന്നില്ല. എന്റെ ‘കിഷ്കിന്ധാകാണ്ഡം’, ‘എക്കോ’ എന്നീ ചിത്രങ്ങളും അടുത്തിടെ പുറത്തിറങ്ങിയ ‘ബാലൻ ദ ബോയ്’ പോലുള്ള സിനിമകളും അതിന് ഉദാഹരണങ്ങളാണ്. വ്യത്യസ്തമായ കഥാതന്തുക്കളും അവതരണരീതികളും ഉണ്ടായിരുന്നിട്ടും ഈ സിനിമകളെ പ്രേക്ഷകർ സ്വീകരിച്ചു. അതുകൊണ്ടുതന്നെ, മലയാളി പ്രേക്ഷകർ പുതുമയെ എന്നും ആഘോഷിക്കുന്നവരാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
‘എക്കോ’ റിലീസ് ചെയ്യുമ്പോൾ ഈ സിനിമയെ പ്രേക്ഷകർ എത്രത്തോളം സ്വീകരിക്കുമെന്ന ആശങ്ക ഞാനടക്കം അണിയറ പ്രവർത്തകർക്കാകെ ഉണ്ടായിരുന്നു. എന്നാൽ, റിലീസിനുശേഷം ലഭിച്ച പ്രതികരണം ആ ഭയത്തെ പൂർണമായും തെറ്റാണെന്ന് തെളിയിച്ചു. ഏതൊരു നല്ല റിയലിസ്റ്റിക് സിനിമക്കും പ്രേക്ഷകനെ അത്ഭുതപ്പെടുത്തുന്ന, ഓർമയിൽ തങ്ങിനിൽക്കുന്ന ചില ‘വൗ ഫാക്ടറുകൾ’ അനിവാര്യമാണെന്നാണ് എന്റെ വിശ്വാസം. ഇന്ന് ആളുകൾ മൊബൈൽ ഫോണിൽ ഒരു കണ്ടന്റ് കാണാൻ ചെലവഴിക്കുന്ന സമയം വളരെ കുറവാണ്. ഒരു വിഡിയോയിൽ നിന്ന് അടുത്തതിലേക്ക് നിമിഷങ്ങൾക്കുള്ളിൽ മാറുന്ന ശീലമാണ് ഇന്നുള്ളത്. നമ്മുടെ തലച്ചോറിന് ആ തലത്തിലേക്ക് രൂപമാറ്റം സംഭവിച്ചു കഴിഞ്ഞു. അത്തരമൊരു സാഹചര്യത്തിൽ മികച്ച കഥ മാത്രമല്ല, പ്രേക്ഷകന്റെ ശ്രദ്ധ പിടിച്ചുപറ്റി നിലനിർത്താൻ കഴിയുന്ന അവതരണഘടകങ്ങളും സിനിമയിൽ ഉണ്ടായിരിക്കണം.
അതിനാൽതന്നെ, മികച്ച റിയലിസ്റ്റിക് സബ്ജക്ടായാലും ശ്രദ്ധേയമായ ‘വൗ ഫാക്ടർ’ ഇല്ലെങ്കിൽ അത് പ്രേക്ഷകരിൽനിന്ന് അകന്നുപോകാൻ സാധ്യതയുണ്ട്. ‘എക്കോ’യിൽ പട്ടികളുമായി ബന്ധപ്പെട്ട രംഗങ്ങളും മലേഷ്യൻ രംഗങ്ങളുമാണ് അത്തരം ഘടകങ്ങളായി മാറിയത്. സിനിമ കണ്ടിറങ്ങിയ പലർക്കും കൂടുതലായി സംസാരിക്കാനുണ്ടായിരുന്നത് ഈ സീനുകളെക്കുറിച്ചായിരുന്നു. സമാനമായ രീതിയിലുള്ള കഥപറച്ചിലും കൗതുകമുണർത്തുന്ന അവതരണവുമാണ് ‘കിഷ്കിന്ധാകാണ്ഡ’ത്തിലും ഉണ്ടായിരുന്നത്.
ഈ ചോദ്യത്തിൽ നിങ്ങൾ പരാമർശിച്ച സിനിമകളിലെല്ലാം പ്രേക്ഷകരെ ‘വൗ... കൊള്ളാം’ എന്ന് തോന്നിപ്പിക്കുന്ന ചില നിമിഷങ്ങളോ അവതരണ വിശേഷങ്ങളോ ഉണ്ടായിരുന്നു. അതുകൊണ്ടുകൂടിയാണ് അവ ഇന്നും പ്രേക്ഷകർ ഒാർമിക്കുന്നതും ചർച്ചകൾക്ക് വിധേയമാക്കുന്നതും.
സ്വയം പറയുമ്പോൾ
സംവിധാനം വലിയ ബാധ്യതയും ഉത്തരവാദിത്തവും ആയതുകൊണ്ടുതന്നെ ഇന്ന് മലയാളത്തിലെ പ്രമുഖ സംവിധായകരെല്ലാം നടന്മാരായി മാറിക്കഴിഞ്ഞു. ഭാവിയിൽ അങ്ങനെ വല്ല സാധ്യതയും താങ്കളിലും കാണാനാകുമോ ?
▲ ഹഹഹ, പല സംവിധായകരും അഭിനയരംഗത്തേക്ക് കടന്നുവരുന്നത് സന്തോഷകരമായ കാര്യമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്നാൽ, ഒരു നടനെന്ന നിലയിൽ സ്വയം തെളിയുകയും പ്രേക്ഷക പ്രീതി നേടുകയും ചെയ്യുക എന്നത് വലിയ വെല്ലുവിളിയാണ്. അത് എല്ലാവർക്കും സാധിക്കുന്ന കാര്യവുമല്ല.
നിലവിൽ നമുക്ക് കുറവ് നടന്മേരേയുള്ളൂ. അതുകൊണ്ടുതന്നെ അവരുടെ ഡേറ്റുകൾ ലഭ്യമാകുക എന്നത് വലിയ പ്രശ്നമായി മാറാറുണ്ട്. നമ്മൾ ഒരു നടനെ സമീപിക്കുമ്പോൾ, അദ്ദേഹം അതിനകം തന്നെ മൂന്നോ നാലോ സിനിമകളുടെ തിരക്കിലായിരിക്കും. അതേസമയം, ഒരു സംവിധായകന് സാധാരണയായി വർഷത്തിൽ ഒരു സിനിമ മാത്രമേ ചെയ്യാൻ കഴിയൂ. ആ ഇടവേളയിൽ അഭിനയത്തിലേക്ക് കൂടി തിരിയുന്നതിൽ തെറ്റൊന്നുമില്ലെന്നാണ് എന്റെ അഭിപ്രായം.
അഭിനയിക്കണമെന്ന ആഗ്രഹം ഉള്ളിൽ നല്ലോണമുണ്ട്. കാരണം ഇന്നത്തെ സാഹചര്യത്തിൽ സിനിമയിൽ നിലനിൽക്കാനും ജീവിക്കാനും ഇത്തരം സാഹസങ്ങൾ അനിവാര്യമായി മാറിക്കൊണ്ടിരിക്കുകയാണ്. വരും വർഷങ്ങളിൽ ചെറിയ വേഷങ്ങളിലെങ്കിലും എന്നെ ബിഗ് സ്ക്രീനിൽ കാണുമെന്നാണ് കരുതുന്നത്. അത്തരത്തിലുള്ള ചില സമീപനങ്ങൾ ഇപ്പോൾ വരുന്നുമുണ്ട്. അഭിനയം അത്ര എളുപ്പമുള്ള ഒരു പ്രക്രിയയല്ല എന്ന കാര്യത്തിൽ എനിക്ക് വ്യക്തമായ ബോധ്യമുണ്ട്. അഭിനയത്തെ അതിന്റെ ഗൗരവത്തോടെയും ഉത്തരവാദിത്തത്തോടെയും തന്നെയാണ് സ്വയം കാണുന്നത്.

വി.എഫ്.എക്സ് സാധ്യതയോടൊപ്പം AI സാധ്യതയും നമ്മൾ ഉപയോഗിക്കുന്നുണ്ട്. എളുപ്പമാർഗമായിട്ട് ഉപയോഗിക്കുന്നതാണെങ്കിലും സിനിമയുടെ ക്വാളിറ്റിക്ക് ഇത് ഭീഷണിയാകുമോ?
▲ വി.എഫ്.എക്സിനെപ്പോലെ തന്നെ എ.ഐയെയും ഒരു ഉപകരണം (ടൂൾ) എന്ന നിലയിലാണ് കാണേണ്ടതെന്നാണ് എനിക്ക് തോന്നുന്നത്. എ.ഐയെ പൂർണമായും മാറ്റിനിർത്തിക്കൊണ്ടുള്ള കലാസൃഷ്ടികൾ ഭാവിയിൽ സാധ്യമാകുമോയെന്ന കാര്യം സംശയമാണ്.
സിനിമാരംഗത്തേക്കുള്ള എ.ഐയുടെ വരവോടെ പലർക്കും തൊഴിലിനെക്കുറിച്ചുള്ള ആശങ്കകളുണ്ട്. ‘എ.ഐ സിനിമകൾ’ നിലവിലുള്ള സിനിമകൾക്ക് ഭീഷണിയാകുമോ എന്ന ചർച്ചകളും സജീവമാണ്. എന്നാൽ എന്റെ അഭിപ്രായത്തിൽ, സിനിമയെ കൂടുതൽ മനോഹരമാക്കാനും സാങ്കേതികമായി മെച്ചപ്പെടുത്താനുമുള്ള ഒരു ഉപകരണമായാണ് എ.ഐയുടെ സാധ്യതകളെ ഉപയോഗിക്കേണ്ടത്.
മുമ്പ് ‘ത്രീഡി സിനിമകൾ’ എന്നൊരു പ്രത്യേക വിഭാഗം രൂപപ്പെട്ടതുപോലെ, ഭാവിയിൽ ‘എ.ഐ സിനിമകൾ’ എന്നൊരു വിഭാഗം ഉണ്ടായാലും അതിൽ തെറ്റൊന്നുമില്ല. ഒരാൾ സ്വന്തം കഴിവുകൊണ്ട് വരച്ച ചിത്രവും എ.ഐയുടെ സഹായത്തോടെ സൃഷ്ടിച്ച രൂപവും തമ്മിലുള്ള വ്യത്യാസം നമുക്ക് തിരിച്ചറിയാൻ കഴിയുന്നതുപോലെ, അത്തരം സിനിമകളെയും പ്രേക്ഷകർ തിരിച്ചറിയുകയും വിലയിരുത്തുകയും ചെയ്യും.
അതേസമയം, എ.ഐയുടെ സ്വാധീനം തൊഴിൽമേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. മുമ്പ് മണിക്കൂറുകളോ ദിവസങ്ങളോ എടുത്തിരുന്ന പല ജോലികളും ഇന്ന് മിനിറ്റുകൾക്കുള്ളിൽ എ.ഐയുടെ സഹായത്തോടെ പൂർത്തിയാക്കാൻ കഴിയുന്നുണ്ട്. ഇപ്പോൾ തന്നെ പ്രീ-പ്രൊഡക്ഷൻ മേഖലയിലെ ചില ജോലികളിൽ അതിന്റെ സ്വാധീനം പ്രകടമായിത്തുടങ്ങി. വരുംകാലത്ത് സിനിമാ വ്യവസായത്തിൽ കൂടുതൽ മേഖലകളിലേക്ക് ഈ മാറ്റം വ്യാപിക്കുമെന്നും അത് തൊഴിൽരംഗത്ത് സമൂലമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നും നിർമാണരീതിയിലും ഗുണനിലവാരത്തിലും മാറ്റങ്ങൾ പ്രകടമാകുമെന്നുമാണ് കരുതുന്നത്.
ഞാനും എന്റെ സിനിമകളിൽ എ.ഐയുടെ സഹായം ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ, അത് സിനിമയുടെ ഗുണനിലവാരത്തെ ബാധിക്കാതെയും പ്രേക്ഷകർക്ക് കൃത്രിമമായി തോന്നാതെയും, കഥയുടെ ആവശ്യങ്ങൾ നിറവേറ്റുന്ന തരത്തിലും മാത്രമാണ് ഉപയോഗിച്ചത്.
കുടുംബത്തെക്കുറിച്ച് പറയാമോ. പുതിയ സിനിമാ വിശേഷങ്ങൾ എന്തൊക്കെയാണ്.
▲ ജന്മനാട് തലശ്ശേരിയാണെങ്കിലും ഇപ്പോൾ കുടുംബസമേതം ചെന്നൈയിലാണ് താമസം. ഭാര്യ ഷർമിള ആർട്ടിസ്റ്റാണ്. നേരത്തെ ആനിമേറ്ററായി പ്രവർത്തിച്ചിരുന്നെങ്കിലും ഇപ്പോൾ ആ മേഖല വിട്ട് പൂർണമായും പെയിന്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഞങ്ങൾക്ക് രണ്ട് ആൺമക്കളുണ്ട് -ധ്യാനും ദേവും. ഒരാൾ ഡിഗ്രി രണ്ടാം വർഷത്തിന് പഠിക്കുന്നു. മറ്റേയാൾ ഒമ്പതാം ക്ലാസിൽ പഠിക്കുന്നു.
അച്ഛൻ ദിവാകരൻ അയ്യത്താൻ കഴിഞ്ഞ വർഷമാണ് അന്തരിച്ചത്. എന്റെ എല്ലാ സിനിമകളിലും അച്ഛൻ ചെറിയ വേഷങ്ങളിലെങ്കിലും അഭിനയിച്ചിട്ടുണ്ട്. ‘കക്ഷി അമ്മിണിപ്പിള്ള’യിൽ ഒരു ഗാനരംഗത്തും, ‘കിഷ്കിന്ധാകാണ്ഡ’ത്തിൽ അപർണയുടെ അച്ഛനായും, ‘എക്കോ’യിൽ റേഷൻ കടക്കാരനായും കാമറക്കു മുന്നിലുണ്ടായിരുന്നു. ‘കിഷ്കിന്ധാകാണ്ഡ’ത്തിലെ കഥാപാത്രത്തിന് സംഭാഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ‘എക്കോ’യിൽ ചെറിയ ഡയലോഗുകൾ ഉണ്ടായിരുന്നെങ്കിലും, ആ സിനിമ കാണാൻ അദ്ദേഹത്തിന് വിധിയുണ്ടായില്ല. സിനിമ റിലീസ് ചെയ്ത സമയത്ത് അസുഖബാധിതനായി കിടപ്പിലായിരുന്ന അദ്ദേഹം പിന്നീട് ഞങ്ങളെ വിട്ടുപിരിഞ്ഞു.

അച്ഛൻ ദിവാകരൻ അയ്യത്താൻ, അമ്മ വസന്ത ദിവാകരൻ, ഭാര്യ ഷർമിള, മക്കൾ ധ്യാൻ, ദേവ് എന്നിവർക്കൊപ്പം ദിൻജിത്ത് അയ്യത്താൻ
അമ്മ വസന്ത ദിവാകരൻ തലശ്ശേരി സ്വദേശിനിയാണ്. നേരത്തെ പറഞ്ഞതുപോലെ അമ്മയും ആർട്ടിസ്റ്റാണ്. ചിത്രരചനയാണ് പ്രധാന ഹോബി. അതോടൊപ്പം ഒരു മെഡിക്കൽ ഡിസ്ട്രിബ്യൂഷനും നോക്കിനടത്തുന്നുണ്ട്. കൂടാതെ എനിക്ക് മുകളിൽ ഒരു സഹോദരനുമുണ്ട്. പേര് ദിൻകർ. അദ്ദേഹം കുടുംബസമേതം ദുബൈയിലാണ് താമസം. സഹോദരന്റെ ഭാര്യ മിന്റു, മകൾ ഗീത്-അവളൊരു നർത്തകിയാണ്. നടി ശോഭനയുടെ കീഴിലാണ് അഭ്യസിക്കുന്നത്.
പുതിയ സിനിമകളെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ, ചെയ്യണമെന്ന് ഉറച്ച ബോധ്യമുള്ള സിനിമകൾ മാത്രമേ ചെയ്യൂ എന്ന നിലപാടുള്ളതിനാൽ ഒരു പ്രോജക്ട് പൂർത്തിയാകാൻ സ്വാഭാവികമായും കുറച്ചു സമയമെടുക്കും. എങ്കിലും അധികം വൈകാതെ തന്നെ മറ്റൊരു സിനിമയുമായി പ്രേക്ഷകർക്കു മുന്നിലെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
