എംപുരാൻ ഉയർത്തുന്ന ചോദ്യങ്ങൾ

പൃഥ്വിരാജ് സംവിധാനംചെയ്ത ‘എംപുരാൻ’ സംഘ്പരിവാർ, ഹിന്ദുത്വ വിഭാഗങ്ങളിൽനിന്ന് കടുത്ത എതിർപ്പ് നേരിടുകയാണ്. ചില വെട്ടിമാറ്റലുകൾക്ക് നിർമാതാക്കൾതന്നെ തയാറായി. ഇൗ പശ്ചാത്തലത്തിൽ ‘എംപുരാനെ’യും അതിലെ താരശരീരങ്ങളെയും സിനിമയുടെ രാഷ്ട്രീയത്തെയും സിനിമക്കെതിരായ ആഹ്വാനങ്ങളെയും വിശദമായ പഠനത്തിന് വിധേയമാക്കുകയാണ് ഡോക്യുമെന്ററി സംവിധായകൻകൂടിയായ ലേഖകൻ.‘എംപുരാൻ’ എന്ന സിനിമ നേരിട്ട സംഘ്പരിവാർ പ്രതികരണങ്ങൾ സ്ഥിരം പാറ്റേണുകളിൽതന്നെയുള്ളതാണ്. സിനിമയുടെ പ്രത്യക്ഷമായ ഒരു രാഷ്ട്രീയം വെളിവായ ആദ്യത്തെ ‘ഷോ’ക്ക് ശേഷം അത്തരം ആക്രമണങ്ങൾ ഹിന്ദുത്വ ശക്തികൾ തുടങ്ങി. ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസർ...
Your Subscription Supports Independent Journalism
View Plansപൃഥ്വിരാജ് സംവിധാനംചെയ്ത ‘എംപുരാൻ’ സംഘ്പരിവാർ, ഹിന്ദുത്വ വിഭാഗങ്ങളിൽനിന്ന് കടുത്ത എതിർപ്പ് നേരിടുകയാണ്. ചില വെട്ടിമാറ്റലുകൾക്ക് നിർമാതാക്കൾതന്നെ തയാറായി. ഇൗ പശ്ചാത്തലത്തിൽ ‘എംപുരാനെ’യും അതിലെ താരശരീരങ്ങളെയും സിനിമയുടെ രാഷ്ട്രീയത്തെയും സിനിമക്കെതിരായ ആഹ്വാനങ്ങളെയും വിശദമായ പഠനത്തിന് വിധേയമാക്കുകയാണ് ഡോക്യുമെന്ററി സംവിധായകൻകൂടിയായ ലേഖകൻ.
‘എംപുരാൻ’ എന്ന സിനിമ നേരിട്ട സംഘ്പരിവാർ പ്രതികരണങ്ങൾ സ്ഥിരം പാറ്റേണുകളിൽതന്നെയുള്ളതാണ്. സിനിമയുടെ പ്രത്യക്ഷമായ ഒരു രാഷ്ട്രീയം വെളിവായ ആദ്യത്തെ ‘ഷോ’ക്ക് ശേഷം അത്തരം ആക്രമണങ്ങൾ ഹിന്ദുത്വ ശക്തികൾ തുടങ്ങി. ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസർ സിനിമ ഹിന്ദു വിരുദ്ധ ചിത്രമായി പ്രഖ്യാപിച്ചു. സംഘ്പരിവാർകാരുടെ ഭീഷണി കാരണം സിനിമയിൽ മാറ്റങ്ങൾ വരുത്തി സ്വയം സെൻസറിങ്ങിന് ഈ സിനിമ തയാറായി.
സംവിധായകൻ പൃഥ്വിരാജ് തീർത്തും മോശമായ രീതികളിൽ സോഷ്യൽ മീഡിയയിൽ ആക്രമിക്കപ്പെട്ടു. പൃഥ്വിരാജ് ഐ.എസിൽനിന്നു ഫണ്ട് വാങ്ങിയ ആൾ എന്നുവരെ ആക്ഷേപിക്കപ്പെട്ടു. മോഹൻലാലിനും ‘ലാലപ്പൻ’ വിളി കേട്ടു. മോഹൻലാലിന്റെ കേണൽ പദവി തിരിച്ചെടുക്കണം എന്ന മുറവിളി ഉയർന്നു. ഈ മുറവിളിയിലൂടെ തന്നെ അവർ സ്ഥാപിക്കുന്നത് കേണൽ പദവി ഇന്ത്യൻ ഹിന്ദുത്വവുമായുള്ള ഒത്തുതീർപ്പിൽ ലഭിച്ചതാണ് എന്നതാണ്. വളരെ ജുഗുപ്സാവഹമായ മറ്റു പലതരത്തിലുള്ള സോഷ്യൽ മീഡിയ ആക്രമണങ്ങൾ ഇതെഴുതുമ്പോഴും സംഘ്പരിവാറുകാരുടെ മൗത്ത്‌പീസുകളിൽനിന്ന് തുടർന്നു പോകുന്നുണ്ട്. ഈ സിനിമയുടെ രാഷ്ട്രീയം എന്താണ് എന്നു സിനിമക്ക് മുന്നേ അറിയാൻ കഴിയാഞ്ഞത് സംഘ്പരിവാറുകാരെ ചൊടിപ്പിച്ചിട്ടുമുണ്ട്.
ഇതിനിടെ, പൃഥ്വിരാജ് ഇടക്കിടെ കേരള സമൂഹത്തിൽ കേട്ടുകൊണ്ടിരുന്ന ‘രാജപ്പൻ/ രായപ്പൻ’ എന്ന വിളിയും ഇവിടെ വീണ്ടും പൊന്തിവന്നു. ‘രാജപ്പൻ’ എന്നു പൃഥ്വിരാജിനെ ആക്രമിക്കുന്ന ആ പേരിനു ഇരുപതു വർഷത്തിനിടെ രൂപപ്പെട്ട ഒരു ചരിത്രമുണ്ട്. അത് സംഘ്പരിവാറിനേക്കാൾ വംശീയമായ കേരളത്തിന്റെ പൊതുബോധം രൂപപ്പെടുത്തിയ ഒരു വാക്ക് കൂടിയായിരുന്നു. 2005ൽ പുറത്തിറങ്ങിയ ‘ഉദയനാണ് താരം’ എന്ന, ശ്രീനിവാസൻ തിരക്കഥ എഴുതിയ, റോഷൻ ആൻഡ്രൂസ് സംവിധാനംചെയ്ത സിനിമയിലൂടെയാണ് ‘രാജപ്പൻ’ എന്ന വാക്ക്/പേര് പോപുലർ കൾചറിലൂടെയും/ സിനിമയിലൂടെയും കേരളത്തിലെ പൊതു ഇടത്തിൽ കുപ്രസിദ്ധി നേടുന്നത്. ആ സിനിമയിൽ ആദ്യംതന്നെ ശ്രീനിവാസന്റെ കാലുകൾ കാണിച്ചുകൊണ്ട് ‘‘അത് രാജപ്പൻ തെങ്ങുമൂടിന്റെ കാലുകളാണ്’’ എന്ന രീതിയിലുള്ള കമന്ററിയിലൂടെയാണ് സിനിമ തുടങ്ങുന്നതു തന്നെ. സബാൾട്ടൺ സമൂഹത്തിൽപെട്ട രാജപ്പൻ, മലയാള സിനിമയിലെ ഹീറോഷിപ് പിടിച്ചെടുക്കാൻ ഒരു ധാർമികബോധവും ഇല്ലാതെ നടത്തുന്ന ശ്രമങ്ങളെ കുറിച്ചാണ് ഈ സിനിമ പറയുന്നത്.
കേരളത്തിലെ സൂപ്പർസ്റ്റാറുകളെ സറ്റയറിക്കൽ ആയി ‘കൈകാര്യം’ ചെയ്യുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ ഈ സിനിമയിൽ, ശ്രീനിവാസന്റെ സബാൾട്ടൺ ശരീരം ഒരു ടൂൾ ആയി ഉപയോഗിച്ചതിനെ കുറിച്ചും വ്യത്യസ്ത വായനകളുണ്ടായി. ശ്രീനിവാസന്റെ കറുത്ത/ സബാൾട്ടൺ ശരീരം വെച്ചു (മെറ്റാ ഫിക്ഷനൽ) ആയി സൂപ്പർസ്റ്റാറുകളെ കളിയാക്കി എന്ന രീതിയിലും, കറുത്ത ശരീരത്തെ (റിയാലിറ്റി മോഡിലും) വികൃതവത്കരിച്ചു എന്ന രീതിയിലും പലതരം വായനകൾ ഉണ്ടായി. പക്ഷേ, ഈ സിനിമയിൽ അഭിനയം പഠിക്കാൻ ശ്രമിക്കുന്ന രാജപ്പൻ തെങ്ങുമൂടിന് അഭിനയത്തിന്റെ റഫറൻസ് ആയി ഭരതമുനിയുടെ നാട്യശാസ്ത്രം ആണ് ജഗതിയുടെ കഥാപാത്രം കൊടുക്കുന്നത്. ഭരതമുനിയുടെ നാട്യശാസ്ത്രത്തിലെ രസങ്ങൾ പഠിക്കാൻ ശ്രീനിവാസന്റെ ശരീരം പ്രതിസന്ധിയിലാവുകയാണ്. കീഴാളമായ ജീവിതങ്ങൾ ഭരതമുനിയെയും നാട്യശാസ്ത്രത്തെയും എങ്ങനെ കാണുന്നു എന്നതൊന്നും ഈ സിനിമക്ക് വിഷയമല്ല. സനാതന ധർമങ്ങളുടെ ഹിന്ദുത്വ സവർണ രാഷ്ട്രീയത്തെ വിമർശനാത്മകമായി ചർച്ചചെയ്യുന്ന ടി.എസ്. ശ്യാംകുമാർ പോലുള്ള പുതിയ കാലത്തെ ചിന്തകർ, നാട്യശാസ്ത്രത്തിലെ ജാതീയതയെയും സ്ത്രീവിരുദ്ധതയെയും തുറന്നു കാണിക്കുന്നത് ശ്രദ്ധേയമായ കാര്യങ്ങളാണ്.
രാജപ്പൻ തെങ്ങുമൂട് എന്ന പേര് മാറ്റി സരോജ് കുമാർ എന്ന പേര് സ്വീകരിക്കുകയാണ് സൂപ്പർസ്റ്റാർഡത്തിലേക്ക് കടക്കുമ്പോൾ ആ സിനിമയിലെ ശ്രീനിവാസൻ കഥാപാത്രം ചെയ്യുന്ന ഒരു കാര്യം. കേരളത്തിന് ഇത്തരം പേരുമാറ്റലുകളുടെ വിവിധ ചരിത്രങ്ങൾ ഉണ്ട്. സബാൾട്ടൺ സമൂഹത്തിൽപെട്ട പലരും മോഡേണിറ്റിയിലേക്ക് കടക്കുമ്പോൾ അവരുടെ പേരുകൾ മാറ്റിയതായി കാണാം. ഉത്തര മലബാറിൽ, സ്വാതന്ത്ര്യത്തിന് മുമ്പ് ജനിച്ച ചില പുലയർ തങ്ങളുടെ പേരുകൾ മാറ്റിയതിന്റെ ഉദാഹരണങ്ങൾ ധാരാളം കാണാം. ഈ ലേഖകന്റെ അച്ഛാച്ചന്റെ പേര് ‘വട്ടിയൻ’ എന്നതിൽനിന്ന് വാസു ആയി മാറിയതും അതിന് ഉദാഹരണം. അത് തന്റെ അഭിമാന സംരക്ഷണത്തിനുള്ള ഒരു മാറ്റം ആയിരുന്നു. എന്നിട്ടും അദ്ദേഹത്തിനെ ആദ്യത്തെ പേര് തന്നെ വിളിച്ചുകൊണ്ട് കളിയാക്കുന്ന പല മനുഷ്യരെയും ഞങ്ങൾ ചെറുപ്പകാലത്ത് കണ്ടിട്ടുണ്ട്.
രണ്ടായിരം കാലഘട്ടത്തിൽ കേരള യൂനിവേഴ്സിറ്റിയിലെ കാര്യവട്ടം കാമ്പസിലെ ഹോസ്റ്റലിലെ ഇരട്ടപ്പേരുകളിൽ ഭൂരിഭാഗവും കറുപ്പിനെയും കീഴാളതയെയും ലൈംഗിക അവയവങ്ങളെയും ചേർത്തുവെച്ചുകൊണ്ട് ആയിരുന്നു. ഇങ്ങനെ പേരുകൾ മാറ്റുന്നത് മാത്രമല്ല മതപരിവർത്തനത്തിലൂടെ ക്രിസ്തുമതത്തിലേക്ക് മാറിയ ദലിതരും പുതിയ പേരുകൾ സ്വീകരിച്ചിട്ടുണ്ട് -ഉദാഹരണത്തിന്, പൊക്കിച്ചി എന്ന പേര് പിന്നീട് ലില്ലി എന്നായി മാറി. പൊതുസമൂഹത്തിലേക്ക് ചേർന്ന് ആത്മാഭിമാനത്തിന്റെ ഒരു പുതിയ തലത്തിലേക്ക് ഉയർന്നതിന്റെ പ്രതീകങ്ങളാണ് ഇത്തരം പേരുമാറ്റങ്ങൾ. 1970കളിനു ശേഷം, മധ്യവർഗമായി വളർന്ന ദലിത് പിന്നാക്ക സമൂഹങ്ങളും അതിനനുസരിച്ചുള്ള പുതിയ പേരുകൾ സ്വീകരിച്ചു. 1980കളിൽ വ്യാപകമായ ‘കുമാർ’ ചേർത്ത പേരുകൾ, 1970കളുടെ അവസാനം രൂപപ്പെട്ട മോഡേൺ ഐഡന്റിറ്റീസിന്റെ ഭാഗമായിരുന്നു. ഈ പേരുകളുടെ വളർച്ച, ആ കാലഘട്ടത്തിലെ ഹിന്ദി സിനിമ താരങ്ങളുടെ പേരുകളെ അനുകരിച്ചുകൊണ്ടും ഉണ്ടായിരുന്നത് ശ്രദ്ധിക്കേണ്ടതാണ്. സരോജ് കുമാർ എന്നത് അത്തരം പേരുകളുടെ ഭാഗംകൂടെയാണ്.

മമ്മൂട്ടി, മോഹൻലാൽ
സ്വന്തം പേര് മാറ്റാൻ സ്വാതന്ത്ര്യമുള്ള ഒരു നാട്ടിൽ ‘‘രാജപ്പൻ എന്ന സ്വന്തം പേര് വിളിക്കുന്നതിൽ എന്താണ് പ്രശ്നം’’ എന്ന സലിംകുമാറിന്റെ ചോദ്യം അത്ര കഴമ്പുള്ളതാണ് എന്നും തോന്നുന്നില്ല. പൃഥ്വിരാജിനെതിരെ ‘രാജപ്പൻ’ എന്ന പേരുപയോഗിച്ചുള്ള ആക്രമണം സമാനമായ കേരള പൊതുബോധത്തിന്റെ ഒരു വംശീയ പ്രക്രിയ കൂടിയാണ്. മുകളിൽ വിവരിച്ച പുതിയ പേരുകൾ സ്വീകരിക്കുന്നതിന്റെ ചരിത്രവുമായി ചേർത്തു വായിക്കാതെ വെറുതെ നിഷ്കളങ്കമായി ഈ രാജപ്പൻ വിളിയെ അങ്ങ് ഏറ്റെടുക്കാൻ കഴിയില്ല. അയാളുടെ ഇംഗ്ലീഷിങ്, പലതരം നിലപാടുകൾ, ‘വാര്യംകുന്നൻ’ എന്ന സിനിമ ചെയ്യാൻ തയാറാകൽ, ഏറ്റവും ഒടുവിൽ ‘എംപുരാൻ’ എന്ന സിനിമയുടെ ഹിന്ദുത്വ വിരുദ്ധ രാഷ്ട്രീയം എന്നിങ്ങനെ കൂട്ടിച്ചേർത്താണ് ഈ വംശീയ ആക്രമണം നടന്നത്. ‘രാജപ്പൻ’ എന്ന കീഴാള പേര് ചേർത്തുകൊണ്ടുള്ള ആക്രമണം വെറും തമാശയല്ല, വംശീയത കൂടിയാണ്.
ഈ പേര് വിളി ഹിന്ദുത്വർ മാത്രമല്ല കേരളത്തിന്റെ ലിബറൽ പൊതുബോധവും വിളിച്ചിട്ടുണ്ട് എന്നതാണ്. കേരളത്തിന്റെ പൊതുബോധങ്ങളിലെ ഇരട്ടപ്പേരുകളിലും ജാതി വംശീയതകളുടെ അടക്കം ഇക്വേഷൻസ് ഉണ്ട് എന്നതാണ് യാഥാർഥ്യം. ഇതേ രീതി മോദി രാഷ്ട്രീയത്തെ പലപ്പോഴും പിന്തുണച്ച മോഹൻലാലിനുമുണ്ടായി. സിനിമക്കു ശേഷം ‘ലാലേട്ടൻ’ എന്ന പേര് മാറി ‘ലാലപ്പൻ’ എന്ന വിളി കൂടി ലഭിച്ചു. സംഘ്പരിവാറിന്റെ വംശീയ സമീപനത്തിന്റെ ദ്രവ്യസ്വഭാവത്തിന് ഇതൊരുദാഹരണമാണ്. തങ്ങൾക്കെതിരെ ഒരു രാഷ്ട്രീയ ടെക്സ്റ്റ് രൂപപ്പെടുത്തിയാൽ അവരുടെ ആൾക്കൂട്ടം ആരെ വേണമെങ്കിലും ആക്രമിക്കും. പൊതുബോധം, ഹിന്ദുത്വം, ലിബറൽ രാഷ്ട്രീയങ്ങൾ എന്നിവയുടെ വംശീയ നിലപാടുകൾ ഇന്ത്യയിൽ പല കാലഘട്ടങ്ങളിൽ മാറിമാറി പ്രകടമാകുന്നു. അതിനാൽ, അതിന്റെ ഇരകളും തുടർച്ചയായി മാറുന്നുണ്ട്.

പൃഥ്വിരാജ് എന്ന താരസ്വരൂപം
2002ൽ പുറത്തിറങ്ങിയ ‘നന്ദനം’ എന്ന സിനിമയിലൂടെയാണ് പൃഥ്വിരാജ് എന്ന താരശരീരം മലയാള സിനിമയിലേക്ക് കടന്നുവന്നത്. രഞ്ജിത്ത് എന്ന തിരക്കഥാകൃത്ത് അത്യന്തം വിസിബിൾ ആയി ഉൽപാദിപ്പിച്ചുകൊണ്ടിരുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മറ്റൊരു എപ്പിസോഡായിരുന്നു ഈ സിനിമ. ഒരു നായർ തറവാട്ടിലെ നിഷ്കളങ്കനായ ഒരു റൊമാന്റിക് ചെറുപ്പക്കാരനായി പൃഥ്വിരാജ് ഈ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ഗുരുവായൂരും കൃഷ്ണഭക്തിയും, നവ്യ നായരും, കവിയൂർ പൊന്നമ്മയും, രേവതിയും നായർ കാരണവന്മാരുമൊക്കെയായി, ഈ ചിത്രം ഒരു ടിപ്പിക്കൽ മലയാളി ‘നായർ’ സിനിമ ആയി മാറി. ഇതിന് വൻ വാണിജ്യ വിജയവും ലഭിച്ചു. പിന്നീട്, രഞ്ജിത്തിന്റെ തന്നെ ‘തിരക്കഥ’ എന്ന സിനിമയിലൂടെ, പൃഥ്വിരാജ് കുറച്ച് കൂടുതൽ ബോൾഡ് ആയ ഒരു ലിബറൽ ഹീറോ ഫിഗറിലേക്കു വളർന്നു.
അപ്പുറത്ത് ഒന്നോ രണ്ടോ സിനിമകൾക്കു ശേഷം തന്നെ ‘നന്ദന’ത്തിലെ മലയാളി നായർ ഫിഗറിൽനിന്നു ചിതറിത്തെറിച്ച് കൊച്ചിയിലെ ഒരു ഗുണ്ട ആയി ‘സ്റ്റോപ്പ് വയലൻസ്’ എന്ന ഒരു സിനിമയിലൂടെ പൃഥ്വിരാജ് വേറൊരു ഇമേജിലേക്ക് ചേക്കേറി. ഇത് വള്ളുവനാട്ടിൽനിന്ന് കൊച്ചിയിലെ ചേരിയിലെ ഗുണ്ട എന്നതിലേക്ക് ഒരു കൾചറൽ/ ജ്യോഗ്രഫിക്കൽ ഷിഫ്റ്റ് കൂടിയായിരുന്നു. ആ സിനിമ ശ്രദ്ധ നേടിയെങ്കിലും ‘നന്ദനം’പോലെയുള്ള വൻ വാണിജ്യ വിജയം നേടിയോ എന്നത് സംശയാസ്പദമാണ്. പിന്നീട് ‘ചക്രം’ (ലോഹിതദാസ്) – ലോറിഡ്രൈവർ, ‘സത്യം’ (വിനയൻ) – പൊലീസ് ഓഫിസർ, ‘ചോക്ലേറ്റ്’, ‘സ്വപ്നക്കൂട്’ – റൊമാന്റിക് വേഷങ്ങൾ... ഈ കഥാപാത്രങ്ങളിലൂടെ, പൃഥ്വിരാജ് ഹീറോയിക് മെറ്റീരിയൽ ആയി മലയാള സിനിമയിലും പോപുലർ കൾചറിലും തന്റെ സ്ഥാനം ഉറപ്പിച്ചു. പിന്നീട് ഹിന്ദി, തമിഴ് സിനിമകളിലും അഭിനയിച്ചു. ‘ആടുജീവിതം’ എന്ന സിനിമയുടെ ഒ.ടി.ടി റിലീസിലൂടെ പൃഥ്വിരാജ് ഇന്ത്യക്ക് പുറത്തും അറിയപ്പെട്ടുതുടങ്ങി.
പൃഥ്വിരാജിന്റെ സിനിമകളിൽ അയാളെ ഒരു സൂപ്പർതാര പദവിയിലേക്ക് എത്തിച്ചത് ‘പുതിയ മുഖം’ എന്ന ദീപൻ സംവിധാനംചെയ്ത സിനിമ ആയിരുന്നു. ആ സിനിമയുടെ ‘ഹീറോ മേക്കിങ്’ പ്രോസസിങ്ങിന് ഒരു ചരിത്രപരതകൂടി ഉണ്ട്. എൺപതുകളിലെ മലയാള സിനിമകളിലെ ഹീറോ മെറ്റീരിയലുകൾ ഒരു തരത്തിൽ പറഞ്ഞാൽ ഒരു മൃദു ഹിന്ദുത്വവും നായർ/ ബ്രാഹ്മണരുടെ കഷ്ടപ്പാടും അപ്രമാദിത്വവുമൊക്കെ പറഞ്ഞ സിനിമകളായിരുന്നു. 1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് പൊളിച്ചതിനു ശേഷം മലയാള സിനിമയിൽ വളരെ ലൗഡ് ആയി തന്നെ രഞ്ജിത്തിന്റെയും ഷാജി കൈലാസിന്റെയും സിനിമകൾ ഹിന്ദുത്വ രാഷ്ട്രീയം ആർ.എസ്.എസിന് അനുകൂലമാകുന്ന രീതിയിൽതന്നെ പറഞ്ഞുവെച്ചു. അതേസമയം, ഷാജി കൈലാസും രഞ്ജിത്തും പല അഭിമുഖങ്ങളിലും തങ്ങൾ തങ്ങളുടെ യഥാർഥ ജീവിതത്തിൽ ഇടതുപക്ഷം ആണെന്നും/ ആയിരുന്നെന്നും പറഞ്ഞു. ‘ആറാം തമ്പുരാൻ’, ‘നരസിംഹം’, ‘വല്യേട്ടൻ’ തുടങ്ങിയ അത്തരം സിനിമകൾ കേരളത്തിലെ പൊതുസമൂഹം വിജയിപ്പിച്ചുകൊടുത്തു. ഈ സിനിമകളുടെ ഒരു ടെയിൽ എൻഡ് ആയിക്കൂടിയാണ് ‘പുതിയ മുഖം’ എന്ന സിനിമ പൃഥ്വിരാജിന്റേതായി വരുന്നത്. പാലക്കാട് കൽപാത്തി അഗ്രഹാര തെരുവിൽനിന്നു കൊച്ചിയിലേക്ക് എൻജിനീയറിങ് പഠിക്കാനായി വരുന്ന കിച്ചു എന്ന ഒരു യുവാവിന്റെ പ്ലോട്ടാണ് ‘പുതിയ മുഖം’ കൈകാര്യംചെയ്യുന്നത്.
എന്നത്തേയും മലയാള സിനിമയിലെ പോലെ തന്നെ കൽപാത്തി അഗ്രഹാരം (ബ്രാഹ്മണിക് ഇടം) ഒരു നന്മ നിറഞ്ഞ ഇടവും കൊച്ചി എന്ന വികസിച്ചുവരുന്ന നഗരം സകല ക്രിമിനലിസത്തിന്റെയും ജ്യോഗ്രഫിയായും ഈ സിനിമയിലും ചിത്രീകരിക്കപ്പെട്ടു. അത്തരം ക്രിമിനൽ ഇടങ്ങളെ ‘ശുദ്ധീകരിക്കുന്ന’ ബ്രാഹ്മണിക് ഹീറോ ആയി കിച്ചു അതിൽ അവതരിച്ചു. തനിക്ക് കോളജിൽ പഠിക്കണം എന്നു പറഞ്ഞാണ് അയാൾ അതിനു പുറപ്പെടുന്നത്.
ബ്രാഹ്മണിക് സമൂഹങ്ങളിലെ വിദ്യാഭ്യാസ സമ്പ്രദായങ്ങളിലെ മെറ്റമോർഫസിസിനെ കുറിച്ചുള്ള ഒരു ചിന്ത ഉണ്ടാകേണ്ടത് അവിടെയാണ്. വേദങ്ങളുടെയും അറിവിന്റെയും ഒക്കെ ‘പുണ്യ’മായ ചരിത്രമുള്ള ആഗ്രഹാരങ്ങളിൽനിന്ന് –ഒരുകാലത്ത് അറിവ് എന്നത് ബ്രാഹ്മണരുടെ മാത്രം കുത്തകയായിരുന്ന ഒരിടത്തുനിന്ന്– കോളജ് എന്ന പൊതു ഇടത്തിലേക്ക് (പലതരം സമൂഹങ്ങളും ഇടപെടുന്ന ഇടം) പോയി പലതരം മനുഷ്യരും ഇടകലർന്നു ജീവിക്കുകയോ പഠിക്കുകയോ ചെയ്യുന്ന ഒരു ഇടത്തെ ‘അശുദ്ധികൾ’ നീക്കുന്ന ഒരു താരസ്വരൂപമായാണ് പൃഥ്വിരാജിന്റെ കിച്ചു ഈ സിനിമയിൽ രൂപപ്പെടുന്നത്. പൊലീസ്, പോരാളി, കാമുകൻ, കുടുംബസ്ഥൻ തുടങ്ങിയ അനേകം താരസ്വരൂപങ്ങൾ മലയാള സിനിമയിൽ പണ്ട് മുതലേ ഉണ്ടായിരുന്നെങ്കിലും ഹിന്ദുത്വ രാഷ്ട്രീയത്തിനുവേണ്ടി വളരെ എക്സ് ക്ലൂസിവ് ആയി
പ്രവർത്തിക്കുന്ന താരസ്വരൂപങ്ങൾ മലയാള സിനിമയിൽ രൂപപ്പെട്ടത് തൊണ്ണൂറുകൾക്കു ശേഷം ആയിരുന്നു. അത്തരം താരസ്വരൂപത്തിലേക്ക് പൃഥ്വിരാജും ‘പുതിയ മുഖം’ എന്ന സിനിമയിലൂടെ വിളക്കി ചേർക്കപ്പെട്ടു. അതേസമയം ‘വാസ്തവം’ എന്ന സിനിമയിൽ രാമചന്ദ്ര അഡിഗ എന്ന ഇതേ പൃഥ്വിരാജിന്റെ കഥാപാത്രം തന്റെ പൂണൂലുകൊണ്ട് തനിക്ക് നഷ്ടപ്പെട്ട അവസരങ്ങളെ കുറിച്ച് പറയുന്നുമുണ്ട്.
അപ്പുറത്ത് 2006ൽ പുറത്തിറങ്ങിയ ‘ക്ലാസ് മേറ്റ്സ്’ എന്ന സിനിമയിൽ ഒരു സബാൾട്ടൺ ഐഡന്റിറ്റിയിൽ ജീവിച്ച ഒരു ഇടതുപക്ഷ വിദ്യാർഥി നേതാവായും പൃഥ്വിരാജ് വേഷമിട്ടു. ഇടതുപക്ഷമാവുക എന്നത് കേരളത്തിലെ പോപുലർ കൾചറിൽ മെയിൽ ഹീറോ ഫിഗറിന് ചേർക്കപ്പെടേണ്ട ഒരു ചേരുവകൂടി ആയിരുന്നു. അത് കെ.പി.എ.സി നാടകങ്ങൾ മുതൽ കേരളത്തിലെ വിപ്ലവ ഗാനങ്ങളുടെ പോപുലർ കൾചറിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയുംചെയ്തു. ‘ക്ലാസ് മേറ്റ്സ്’ എന്ന സിനിമയിൽ ഇടതുപക്ഷ പരിവേഷം കാമ്പസ് പൊളിറ്റിക്സിലേക്ക് ഒതുങ്ങുകയും അതിനുശേഷം സുകുമാരൻ എന്ന പൃഥ്വിരാജിന്റെ ഒരു സബാൾട്ടൺ ജീവിതത്തിന്റെ വേറെ വഴികളാണ് കാണിച്ചത്. സർക്കാർ ഉദ്യോഗം എന്ന സ്വപ്നത്തിൽനിന്നും വഴിമാറി ബിസിനസ് മേഖലയിലേക്ക് കടന്നുപോകുന്ന ഒരു സബാൾട്ടൺ യൂത്തിനെ ആ സിനിമയിൽ പൃഥ്വിരാജ് അവതരിപ്പിച്ചു. ‘മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും’, ‘വെള്ളിത്തിര’ തുടങ്ങിയ സിനിമകളിൽ കേരളത്തിന്റെ പൊതു ഇടത്തിന് പുറത്തുനിൽക്കുന്ന കഥാപാത്രങ്ങളെയും പൃഥ്വിരാജ് അവതരിപ്പിച്ചിരുന്നു. അങ്ങനെ പലതരം ഐഡന്റിറ്റികളുടെ ഇടർച്ചയിലും തുടർച്ചയിലും ഒക്കെ ഉണ്ടായ അനേകം കഥാപാത്രങ്ങളിലൂടെയാണ് പൃഥ്വിരാജ് ‘എംപുരാൻ’ എന്ന സിനിമയിലെ സായിദ് മസൂദ് എന്ന മുസ്ലിം കഥാപാത്രത്തിലേക്കും എത്തുന്നത്.
പൃഥ്വിരാജ് എന്ന സംവിധായകൻതന്നെ ‘എംപുരാൻ’ എന്ന സിനിമയുടെ പ്രമോഷൻ അഭിമുഖങ്ങളിൽ ലൂസിഫർ യൂനിവേഴ്സിന്റെ സിനിമകളിൽ ഒാരോ കഥാപാത്രത്തിനും ഒാരോ ആർക്ക് ഉണ്ട് എന്നു പറഞ്ഞിട്ടുണ്ട്. അത് ആ മൂന്നു സിനിമകളിലൂടെയാണ് ഒരു പൂർണരൂപം പ്രാപിക്കുക. ഇന്ത്യൻ സിനിമയിലെ പോപുലർ കൾചറൽ ഹീറോയിക് പരിവേഷത്തോടെ ഒരു പൊളിറ്റിക്കൽ ഗൂസ്ബംബിങ് നൽകിയ മോദി ഭരണകാലത്തെ ഒരു ശക്തമായ ഹിന്ദുത്വ വിരുദ്ധ റെപ്രസന്റേഷൻ ആയി സായിദ് മസൂദ് എന്ന കഥാപാത്രത്തെ എടുക്കാം.
ഗുജറാത്ത് കലാപത്തിൽ അതിക്രൂരമായി തന്റെ കുടുംബങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ഹിന്ദുത്വ വംശീയ കലാപത്തിൽ കൊല്ലപ്പെട്ട സായിദ് മസൂദ് എന്ന മുസ്ലിം ഹീറോയുടെ പ്രതികാരം എന്ന പ്ലോട്ട് ആണ് ലൂസിഫർ യൂനിവേഴ്സിൽ സയിദ് മസൂദ് (പൃഥ്വിരാജ്) ഏറ്റെടുക്കുന്നത്. സായിദ് മസൂദ് എന്ന കഥാപാത്രം പോപുലർ കൾചറിൽ എങ്ങനെ പ്ലേസ് ചെയ്യുന്നു എന്ന കാര്യം കൂടി മലയാള സിനിമയുടെ ഒരു സ്റ്റഡി മെറ്റീരിയൽ ആയിരിക്കും. സിനിമ വ്യവസായത്തിൽ പോപുലർ സിനിമയിൽ ഇത്തരം പരീക്ഷണങ്ങൾ ഇനിയും നിർമിക്കപ്പെടാൻ ഈ സിനിമ ഒരു ഊർജവും ആയിരിക്കും. ഔറംഗസീബ് പോലുള്ള മുഗൾ ഭരണാധികാരികളെ വംശീയമായി ആക്രമിച്ചു ചിത്രീകരിച്ച ‘ച്ഛാവ’ പോലുള്ള സിനിമകൾ ഇന്ത്യൻ സിനിമയിൽ അരങ്ങു വാഴുന്ന കാലത്തുകൂടിയാണ് സായിദ് മസൂദിന്റെ ഈ ഒരു പ്ലൈറ്റ്.
മലയാള സിനിമയിലെ വലിയ വാണിജ്യ വിജയമായ സത്യൻ അന്തിക്കാടിന്റെ ‘അച്ചുവിന്റെ അമ്മ’ എന്ന സിനിമയിലെ മുസ്ലിം ചിത്രീകരണം നോക്കുക. അതിൽ മുസ്‍ലിംകളുടെ തറവാട്ടിലെ ഏറ്റവും വലിയ ഒരു കഥാപാത്രമാണ് ബിരിയാണി. അവർ വീട്ടിലായാലും ആശുപത്രിയിലായാലും ബിരിയാണി ആ സിനിമയിൽ മുസ്ലിം കൾചറിന്റെ ഭാഗമാണ്. അതുപോലെ തീവ്രവാദം സമം മുസ്ലിം (‘ധ്രുവം’ -ഹൈദർ മരക്കാർ), പൊങ്ങച്ചക്കാരനായ ഗൾഫുകാരൻ സമം മുസ്ലിം (‘ദേവാസുരം’ -കൊച്ചിൻ ഹനീഫ), സങ്കടം വന്നാൽ ബാങ്ക് വിളിക്കുന്ന മുസ്ലിം (‘വിയറ്റ്നാം കോളനി’ -കൊട്ടി മുക്രി-നെടുമുടി വേണു), രാജ്യസുരക്ഷക്കു ഭീഷണി വരുത്തുന്ന ചാരൻ സമം മുസ്ലിം (‘ടൈഗർ’ -മുസാഫിർ), രാജ്യാഭിമാനികളായ പട്ടാളക്കാർക്ക് എതിരെ നിൽക്കുന്ന കശ്മീർ തീവ്രവാദികളായ മുസ്ലിം (കീർത്തിചക്ര) അങ്ങനെ... എണ്ണിയാൽ ഒടുങ്ങാത്ത മുസ്ലിം അപര ക്ലീഷേകളാണ് മലയാള സിനിമയിലും അല്ലാതെയും ഇന്ത്യൻ സിനിമയിൽ രൂപപ്പെട്ടത്. അതിൽനിന്നു വ്യത്യാസപ്പെട്ടുകൊണ്ട് പൊതു ഇടത്തിൽ പോപുലർ കൾചറിൽ ഇടിച്ചുകയറിയത് ഒരുപക്ഷേ മലബാർ വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ ഇറങ്ങിയ ഐ.വി. ശശി സംവിധാനംചെയ്ത ‘1921’ എന്ന സിനിമ ആയിരിക്കും. പക്ഷേ, 1980കളിൽ പുറത്തിറങ്ങിയ അത്തരം മുസ്ലിം ഹീറോ ഫിഗറുകൾക്കു പിന്നീട് ഒരു തുടർച്ച ഉണ്ടായില്ല.
മുസ്ലിം നല്ലവനാകണമെങ്കിൽ ഒരു സവർണ ഹീറോയെ സഹായിക്കുന്ന പിണിയാൾ ആയിരിക്കണം –(ആറാം തമ്പുരാൻ), നല്ല ദേശസ്നേഹം, രാജ്യസ്നേഹം ഉണ്ടായിരിക്കണം (ദാദാസാഹിബ്), ഒരു ‘ഹിന്ദു മുസ്ലിം’ (എഫ്.ഐ.ആർ), നന്നായി സ്നേഹ ബിരിയാണി വിളമ്പണം (അച്ചുവിന്റെ അമ്മ –സുകുമാരി). ഇതിനപ്പുറം ഇന്ത്യൻ സമൂഹത്തിൽ രൂപപ്പെട്ട ഹൈന്ദവ വംശീയതയുടെ ഇരയാക്കപ്പെട്ട് നിരന്തരം നിത്യജീവിതത്തിൽ അപരവത്കരിക്കപ്പെടുന്ന മുസ്ലിം സമുദായം അവരുടെ രാഷ്ട്രീയം വിളിച്ചു പറഞ്ഞു ഹിന്ദുത്വത്തെ കൈ ചൂണ്ടിയാൽ ലിബറൽ ഇടതു പക്ഷ കേരളംപോലും അയാളെ തീവ്രവാദിയാക്കുന്ന പൊതു സമൂഹമാണ് ഇന്ത്യയിലേത്. 1992ൽ ബാബരി മസ്ജിദ് പൊളിച്ചപ്പോൾ ഇനി ഞങ്ങൾ എങ്ങനെ ഈ രാജ്യത്ത് ജീവിക്കും എന്നു ഞങ്ങളോടു ചോദിച്ച ഒരു മുസ്ലിം സ്ത്രീ ഉണ്ടായിരുന്നു.
അതേ ഭീതി പേറി ജീവിക്കുന്ന മുസ്ലിം സമൂഹങ്ങളുള്ള നാട്ടിൽ കഴിഞ്ഞ പത്തു വർഷമായുള്ള മോദി ഭരണത്തിൻ കീഴിൽ നടന്ന മുസ്ലിം വംശഹത്യകളെ അത് ബീഫിന്റെ പേരിലായാലും ഉത്തർപ്രദേശിലെ ബുൾഡോസർരാജിന്റെ കാര്യത്തിലായാലും പലതരം വംശഹത്യകളിലൂടെയും ഒരുതരം കൾമിനേഷനിൽ എത്തിയിരിക്കുകയാണ്. അത്തരം ഒരു സാഹചര്യത്തിലാണ് 2002ലെ ഗുജറാത്ത് കലാപത്തിൽ ഹിന്ദുത്വ ശക്തികളുടെ വംശീയമായ ആക്രമണത്തിൽപെട്ട് പലായനം ചെയ്യപ്പെട്ട സായിദ് മസൂദ് എന്ന മുസ്ലിം ജീവിതത്തെ ഹിറോയിക് ആയി ഇന്ത്യൻ പോപുലർ കൾചറിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. അവിടെയാണ് ഇന്ത്യൻ കമേഴ്സ്യൽ സിനിമയുടെ സ്വഭാവം മാറി അതിന് അതിശക്തമായ ഒരു രാഷ്ട്രീയസ്വഭാവം ഉണ്ടാകുന്നത്. അത്തരം ഒരു മുസ്ലിം രാഷ്ട്രീയ ചരിത്രവും ഡോക്യു ഫിക്ഷൻ മോഡും ഫിക്ഷനും ഒക്കെ ചേർത്തുകൊണ്ടാണ് ഈ കാലത്ത് പൃഥ്വിരാജിന്റെ ബോഡിയിലൂടെ ഒരു ആൽട്ടർ ഹീറോയെ ‘എംപുരാൻ’ എന്ന സിനിമ സൃഷ്ടിച്ചിരിക്കുന്നത്.

മുരളി ഗോപി
സിനിമ എന്ന ടെക്സ്റ്റിനകത്തുള്ള പൃഥ്വിരാജ് എന്ന താരശരീരം, കഥാപാത്രങ്ങളുടെ ഐഡന്റിറ്റി എന്നിവക്കു പുറമെ കേരളസമൂഹത്തിന് അകത്തും പുറത്തുമായി രൂപപ്പെടുന്ന; മാധ്യമങ്ങളിൽ ദൃശ്യതപ്പെടുന്ന ഒരു പൃഥ്വിരാജ് കൂടിയുണ്ട്. ഇരുപതു വർഷം മുമ്പുള്ള ഒരു അഭിമുഖത്തിൽ ഇരുപതു വർഷങ്ങൾക്കു ശേഷം താൻ എവിടെ എത്തണം എന്നതിനെ സംബന്ധിച്ചുള്ള പ്ലാനിങ്ങിനെ കുറിച്ചുള്ള സംസാരങ്ങളുമുണ്ട്. ഈ ഇരുപതു വർഷക്കാലം ഒരുപക്ഷേ കേരള സമൂഹത്തിലെ നിർണായകമായ മാറ്റങ്ങളിലൂടെ കടന്നുപോയ കാലംകൂടിയാണ്. 2002ൽ പൃഥ്വിരാജിന്റെ ‘നന്ദനം’ ഇറങ്ങിയ ഒരു കാലത്താണ് കേരളത്തിൽ ഒരു തലമുറ ആദ്യമായി ഇന്റർനെറ്റ് ഉപയോഗിക്കാൻ തുടങ്ങുന്നത്. അന്ന് ഇ-മെയിലുകളിലൂടെയും ചാറ്റ് റൂമുകളിലൂടെയും പലതരം മനുഷ്യർ പരസ്പരം ബന്ധപ്പെട്ടു. ഇന്റർനെറ്റ് സൗഹൃദങ്ങളും പ്രണയങ്ങളുമൊക്കെ രൂപപ്പെട്ടുതുടങ്ങി. ഓർക്കുട്ട് പോലുള്ള സമൂഹമാധ്യമങ്ങൾ പലതരം ചർച്ചകൾ രൂപപ്പെടുത്തി. ഇ-മെയിൽ ഗ്രൂപ്പുകളിലൂടെ വിവിധ സർവകലാശാല വിദ്യാർഥികളടക്കമുള്ള ബുദ്ധിജീവികൾ പലതരം ചർച്ചകളും രൂപപ്പെടുത്തി.
ആ കാലത്തുതന്നെ കേരളത്തിലെ തൊണ്ണൂറുകളിൽ വളരെ വ്യാപകമായി രൂപപ്പെട്ട സമൂഹിക മുന്നേറ്റങ്ങളും കീഴാള രാഷ്ട്രീയ ചർച്ചകളും പുതിയ നൂറ്റാണ്ടിലെ അവരുടെ ഇരുപതുകളിൽ ജീവിച്ച തലമുറകൾ ഏറ്റെടുത്തു. ഇസ്ലാമോഫോബിയെക്കതിരെയുള്ള ചർച്ചകളും രൂപപ്പെട്ടു. രണ്ടായിരത്തിപത്തോടു കൂടി കേരളത്തിൽ ഫേസ്ബുക്ക് വ്യാപകമായതോടെ ദലിത് രാഷ്ട്രീയം, ബഹുജന രാഷ്ട്രീയം, പിന്നാക്ക രാഷ്ട്രീയം, മുസ്ലിം രാഷ്ട്രീയം, എൽ.ജി.ബി.ടി.ക്യൂ തുടങ്ങിയ പലതരം ഐഡന്റിറ്റികൾ അവരുടെ രാഷ്ട്രീയം വളരെ എക്സ് ക്ലൂസിവ് ആയും എക്സ് പ്ലിസിറ്റ് ആയും പറഞ്ഞുതുടങ്ങി. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഒരുപാട് പുതിയ എഴുത്തുകാരെ, ആക്ടിവിസ്റ്റുകളെ, ഫിലിം മേക്കേഴ്സിനെ സൃഷ്ടിച്ചു. മാധ്യമങ്ങൾ എന്നനിലയിൽ പത്രങ്ങളുടെയും ടെലിവിഷൻ ചാനലുകളുടെയും അപ്രമാദിത്വം അവസാനിച്ചു. പ്രിന്റ് മീഡിയത്തിലും ലിറ്റിൽ മാഗസിനിലും ചെറുകിട പ്രസിദ്ധീകരണങ്ങളിലും ചെറിയ സമൂഹങ്ങളിൽ വിതരണംചെയ്യപ്പെട്ട പുസ്തകങ്ങളിലൂടെയും ചർച്ച ചെയ്യപ്പെട്ട പല അപര രാഷ്ട്രീയങ്ങളും ഫേസ്ബുക്ക് എന്ന സമൂഹമാധ്യമത്തിൽ വലിയ ചർച്ച രൂപപ്പെടുത്തി. സിനിമക്കും പൊതു മാധ്യമങ്ങൾക്കും എഫ്.ബിയിലെ ചർച്ചകൾ അഡ്രസ് ചെയ്തുകൊണ്ട് കൂടെ മാത്രമേ മുന്നോട്ട് പോകാൻ കഴിയൂ എന്നു മനസ്സിലായി. ഏറ്റവും പുതിയ കാലത്ത് ഇൻസ്റ്റഗ്രാം റീലുകളിലൂടെ സബാൾട്ടൺ ആയ അനേകം കലാകാരന്മാർ കേരളത്തിലെ പോപുലർ കൾചറിൽ വലിയ ‘ഹിറ്റുകൾ’, ‘വൈറൽ’ കണ്ടന്റുകൾ സൃഷ്ടിച്ചു.
പുതിയ പലതരം രാഷ്ട്രീയ ചിന്തകളും അപരങ്ങളായി വന്നു അവ മുഖ്യധാരയിൽ ഇടംപിടിച്ചു. സിനിമയിലും സാഹിത്യത്തിലും രാഷ്ട്രീയത്തിലും കലയിലും മാധ്യമത്തിലും പരമ്പരാഗതമായ പലതും ചോദ്യംചെയ്യപ്പെട്ടു. കേരളം/ മലയാളി തുടങ്ങിയ ‘ദേശീയതകൾ’ ചോദ്യം ചെയ്യപ്പെട്ടു. ബഹുജനങ്ങളായ പല യുവത്വങ്ങളും കേരളത്തിനു പുറത്തും ഇന്ത്യക്ക് പുറത്തും പല സർവകലാശാലകളിൽ ചേർന്നു. അവർ ഉൽപാദിപ്പിച്ച പലതരം രാഷ്ട്രീയങ്ങളും ഇവിടെ ചലനങ്ങൾ ഉണ്ടാക്കി. ഇത്തരം രാഷ്ട്രീയത്തിന്റെ പൊളിറ്റിക്കൽ റിസൽട്ട് കൂടിയാണ് ‘എംപുരാൻ’ എന്ന സിനിമ. എംപുരാൻ എന്ന പൊളിറ്റിക്കൽ ടെക്സ്റ്റ് വളരെ പെട്ടെന്ന് ഒരു ദിവസംകൊണ്ട് പൊട്ടിമുളച്ചതല്ല. പത്ത്-മുപ്പതു വർഷങ്ങളായി അപരങ്ങളായ പലതരം ‘ലിറ്റിൽ സൊസൈറ്റികൾ’ ഇവിടെ അനുഭവിക്കുകയും ചർച്ച ചെയ്യുകയും വിമർശിക്കുകയും സ്വയം വിമർശനപരമായി രൂപപ്പെടുത്തുകയും ചെയ്ത ചർച്ചകളുടെ ആകത്തുകകൂടിയാണ് അത്.
പക്ഷേ, ഒരു പോപുലർ കൾചറിൽ മലയാള സിനിമാവ്യവസായത്തിന്റെ ഏറ്റവും വലിയ ഒരു േപ്രാഡക്ട് ആയി മലയാളിതന്നെ സൃഷ്ടിച്ച ഒരു സൂപ്പർസ്റ്റാറിന്റെ (മോഹൻലാലിന്റെ) സിനിമയിൽ അത്തരം അപരരായ മനുഷ്യർ രൂപപ്പെടുത്തിയെടുത്ത ഹിന്ദുത്വ വിരുദ്ധ രാഷ്ട്രീയം ചർച്ചയാകുന്നതിലാണ് ഏറ്റവും വലിയ എക്സ് പ്ലിസിറ്റ് ആയ രാഷ്ട്രീയം രൂപപ്പെടുന്നത്. ‘എംപുരാൻ’ എന്ന സിനിമയുടെ ചരിത്രപരമായ ഒരു പ്രാധാന്യവും അതുതന്നെയാണ്.