‘ഓം ദര്‍-ബ-ദര്‍’ എന്ന ‘ഉച്ചക്കിറുക്ക്’ സിനിമ

കമല്‍ സ്വരൂപ് സംവിധാനംചെയ്ത സാമൂഹിക, രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമയായ ‘ഓം ദർ-ബ-ദർ’ എന്ന സിനിമ കാണുന്നു. ഇതിനെ ഒരു കൾട്ട്, ഉച്ചക്കിറുക്ക് സിനിമ എന്ന് പലരും വിശേഷിപ്പിക്കുന്നത് എന്തുകൊണ്ടാകും? ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽനിന്ന് ബിരുദം നേടിയ കമല്‍ സ്വരൂപ് ഇൻസ്റ്റിറ്റ്യൂട്ടിൽ ബിരുദാനന്തര പഠനം തുടർന്നു. അദ്ദേഹത്തിന്റെ വിദ്യാർഥി സിനിമാ പ്രോജക്ടുകള്‍ക്ക് വലിയ രീതിയിലുള്ള അന്താരാഷ്ട്ര പ്രശംസ ലഭിച്ചു. ‘ഓം ദര്‍-ബ-ദര്‍’ എന്ന ഒരൊറ്റ ഫീച്ചര്‍ സിനിമ മാത്രമേ കമല്‍ സ്വരൂപ് സംവിധാനം ചെയ്തിട്ടുള്ളൂ, അദ്ദേഹം പല ഡോക്യുമെന്ററികളും സംവിധാനംചെയ്തിട്ടുണ്ട്. റിച്ചാർഡ്...
Your Subscription Supports Independent Journalism
View Plansകമല്‍ സ്വരൂപ് സംവിധാനംചെയ്ത സാമൂഹിക, രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമയായ ‘ഓം ദർ-ബ-ദർ’ എന്ന സിനിമ കാണുന്നു. ഇതിനെ ഒരു കൾട്ട്, ഉച്ചക്കിറുക്ക് സിനിമ എന്ന് പലരും വിശേഷിപ്പിക്കുന്നത് എന്തുകൊണ്ടാകും?
ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽനിന്ന് ബിരുദം നേടിയ കമല്‍ സ്വരൂപ് ഇൻസ്റ്റിറ്റ്യൂട്ടിൽ ബിരുദാനന്തര പഠനം തുടർന്നു. അദ്ദേഹത്തിന്റെ വിദ്യാർഥി സിനിമാ പ്രോജക്ടുകള്‍ക്ക് വലിയ രീതിയിലുള്ള അന്താരാഷ്ട്ര പ്രശംസ ലഭിച്ചു. ‘ഓം ദര്‍-ബ-ദര്‍’ എന്ന ഒരൊറ്റ ഫീച്ചര്‍ സിനിമ മാത്രമേ കമല്‍ സ്വരൂപ് സംവിധാനം ചെയ്തിട്ടുള്ളൂ, അദ്ദേഹം പല ഡോക്യുമെന്ററികളും സംവിധാനംചെയ്തിട്ടുണ്ട്. റിച്ചാർഡ് അറ്റൻബറോയുടെ ‘ഗാന്ധി’ സിനിമയില്‍ സ്വരൂപ് സഹസംവിധായകനായി പ്രവര്‍ത്തിച്ചു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ബിരുദധാരികള്‍ ചേര്‍ന്ന് രൂപംകൊടുത്ത കൂട്ടായ്മയായ YUKT ഫിലിം കോഓപറേറ്റിവ് വിജയ് തെണ്ടുൽകറിന്റെ നാടകത്തെ ആധാരമാക്കി നിർമിച്ച ‘ഖാസിറാം കൊത് വാൾ’ എന്ന സിനിമയില്‍ മണി കൗള്‍, സയ്യദ് മിര്‍സ, കെ. ഹരിഹരന്‍ എന്നിവര്‍ക്കൊപ്പം സംവിധായക പട്ടികയില്‍ സ്വരൂപും ഉണ്ട്. മണി കൗളിന്റെയും കുമാര്‍ ഷഹാനിയുടെയും സയ്യദ് മിര്‍സയുടെയും സിനിമകളില്‍ സ്വരൂപ് സഹകരിച്ചിട്ടുണ്ട്.
1989ൽ മികച്ച ചിത്രത്തിനുള്ള ഫിലിം ഫെയർ ക്രിട്ടിക്സ് അവാർഡ് ‘ഓം ദര്‍-ബ-ദര്‍’ നേടി. 1988ൽ ബർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലാണ് ഇതിന്റെ പ്രീമിയർ നടന്നത്. എന്നിരുന്നാലും, സിനിമ ഒരിക്കലും വാണിജ്യപരമായി ഇന്ത്യയിൽ റിലീസ് ചെയ്തില്ല. 2005ൽ മുംബൈയിൽ നടന്ന ഒരു പരീക്ഷണാത്മക ചലച്ചിത്രമേളയായ ‘എക്സ്പിരിമെന്റ’യിൽ പ്രദർശിപ്പിച്ചപ്പോൾ ഈ സിനിമ വലിയ നിരൂപക ശ്രദ്ധ നേടി. അതിനുശേഷം, നാഷനൽ ഫിലിം ഡെവലപ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ധനസഹായത്തോടെ സിനിമ ഡിജിറ്റലില്‍ പുനഃസ്ഥാപിച്ചു. ഒടുവിൽ, ഡിജിറ്റൽ പതിപ്പ് 2014 ജനുവരി 17ന് പി.വി.ആർ സിനിമാസ് മെട്രോ നഗരങ്ങളിൽ റിലീസ് ചെയ്തു. കാലാന്തരേണ ഈ സിനിമക്ക് ഒരു ‘കള്‍ട്ട് ‘ സ്വഭാവം കൈവന്നു. അനുരാഗ് കശ്യപ് തന്റെ ‘ദേവ്.ഡി’യിലെ ‘ഇമോഷനൽ അത്യാചാര്‍ ‘എന്ന ഗാനം സ്വരൂപിന്റെ സിനിമയിലെ ‘മേരി ജാൻ’ എന്ന ഗാനത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് പരാമർശിച്ചിട്ടുണ്ട്.
വളരെ വ്യത്യസ്തമായ ഒരു സിനിമയാണിത്. വ്യത്യാസം ചെറിയ രീതിയിലല്ല. വലിയ രീതിയിലാണ്. മെയിന്‍സ്ട്രീം സിനിമയുമായി ഇതിന് ബന്ധമില്ലെന്നു മാത്രമല്ല, പോപുലര്‍ സിനിമയെ കണക്കറ്റ് പരിഹസിക്കുന്നു ഈ സിനിമ. ഇന്ത്യന്‍ നവതരംഗത്തിന്റെ ഭാഗമാണ് ഈ സിനിമ എന്നു പറയാം. അക്കാലത്ത് ഇന്ത്യന്‍ നവതരംഗത്തില്‍ ഒരുഭാഗത്ത് സത്യജിത് റായ്, ശ്യാം ബെനഗല്‍ മുതലായവര്‍. മറ്റൊരു ഭാഗത്ത് മൃണാള്‍ സെന്‍, എം.എസ്. സത്യു എന്നിവര്‍. ഇതില്‍നിന്നൊക്കെ മാറിനടന്ന ഋത്വിക് ഘട്ടക്, മണി കൗള്‍, കുമാര്‍ സാഹ്നി എന്നിവര്‍ മറ്റൊരു ഭാഗത്ത്. എന്നാല്‍, ആര്‍ട്ട് സിനിമ, ഓഫ് ബീറ്റ് സിനിമ എന്നൊക്കെ വിളിച്ചിരുന്ന സിനിമകളുടെ ശൈലിയില്‍നിന്ന് അടിമുടി വ്യത്യസ്തമാണ് ഈ സിനിമ. ഈ സിനിമയെ ഒരു ഴോനറിലും ഉള്‍ക്കൊള്ളിക്കാനാവില്ല. അർഥവത്തായ വിഷയങ്ങള്‍, റിയലിസം, ശക്തമായ അകൃത്രിമ അഭിനയം, സാമൂഹിക വിമര്‍ശനം എന്നൊക്കെയുള്ള രീതിയിലായിരുന്നു അന്ന് സിനിമകള്‍ അറിയപ്പെട്ടിരുന്നത്. ഇത്തരത്തിലുള്ള ഒന്നും ഈ സിനിമയില്‍ ഇല്ല. പോസ്റ്റ് മോഡേണ്‍ സിനിമ, അവാങ് ഗാർദ് സിനിമ, കള്‍ട്ട് സിനിമ, അബ്സ്ട്രാക്ട് ആര്‍ട്ട് സിനിമ എന്നൊക്കെ ഈ സിനിമയെ പലരും വിശേഷിപ്പിച്ചു. “ഞാന്‍ ചെറുപ്പം മുതലേ സര്‍റിയലിസം, ദാദായിസം മുതലായ നൂതന പ്രവണതകള്‍ വായിക്കുമായിരുന്നു. അതുകൊണ്ട് എനിക്ക് എന്റേതായ, അന്നത്തെ ആർട്ട് സിനിമകളില്‍നിന്ന് വ്യത്യസ്തമായ ശൈലി ഉണ്ടാക്കാന്‍ കഴിഞ്ഞു” എന്ന് കമല്‍ സ്വരൂപ്. “ഇന്ത്യൻ സിനിമാ മേഖലയിലെ എല്ലാ സമ്പ്രദായങ്ങളെയും തകിടം മറിക്കുന്നതിനായി ഒരു ആന്റി സിനിമ സൃഷ്ടിക്കുന്നതിൽ സ്വരൂപ് ആനന്ദിക്കുന്നു” എന്നാണ് ആനന്ദ് സുധ അഭിപ്രായപ്പെട്ടത്.
സിനിമയുടെ ചരിത്രത്തില്‍ പല പ്രസ്ഥാനങ്ങള്‍ ഉള്ളതായി കാണാം: നട്ടപ്പാതിര സിനിമ, അമേരിക്കന്‍ അണ്ടര്‍ഗ്രൗണ്ട് സിനിമ, സര്‍റിയലിസ്റ്റ് സിനിമ, സോവിയറ്റ് നെക്രോറിയലിസ്റ്റ് സിനിമ, പോളിഷ് അവാങ്-ഗാര്‍ഡ് സിനിമ, ഡോഗ്മെ 95 മുതലായവ. ‘ഓം ദര്‍-ബ-ദര്‍’ എന്ന സിനിമയെ ‘ഉച്ചക്കിറുക്ക് ‘ സിനിമ എന്നാണ് ഞാന്‍ വിശേഷിപ്പിക്കുക.
ഹിന്ദി നവതരംഗത്തിലെ മിക്ക സിനിമകളും അന്നത്തെ ആധുനിക, പുരോഗമന എഴുത്തുകാരുടെയും രചനകളെ ആസ്പദമാക്കിയായിരുന്നു. ‘ഉസ്കി റൊട്ടി’ (മോഹന്‍ രാകേഷ്), ‘ദുവിധ’ (വിജയ്‌ദാന്‍ ദേത്ത), ‘മായാ ദര്‍പ്പണ്‍’ (നിർമല്‍ വർമ) എന്നീ സിനിമകള്‍ ഉദാഹരണം). എനിക്ക് നല്‍കിയ അഭിമുഖത്തില്‍ ഹിന്ദി നവതരംഗത്തെ കുറിച്ച് സ്വരൂപ് ഇപ്രകാരം പറയുകയുണ്ടായി: “ഞാന്‍ ഒരു ഒറിജിനല്‍ സിനിമയാണ് ഉണ്ടാക്കിയത്. ഹാസ്യവും അസംബന്ധവും അപവിത്രതയും നിറഞ്ഞ സിനിമ. അവരുടെ സിനിമകളില്‍ പവിത്രതക്കായിരുന്നു പ്രാധാന്യം. അപവിത്രമായവരെ അല്ലെങ്കില്‍ അപവിത്രതയെ ആവിഷ്കാരത്തില്‍ കൊണ്ടുവരുന്നവർ അവര്‍ക്ക് മുഴുവനായും സ്വീകാര്യരായിരുന്നില്ല. അവര്‍ നിങ്ങളുടെ സിനിമ ആസ്വദിക്കും. പക്ഷേ, നിങ്ങളെ അവരുടെ കൂട്ടത്തിലേക്ക്, അകത്തേക്ക് ചേര്‍ക്കില്ല.’’
ഇതേ അഭിമുഖത്തില്‍ ഇതിനെ സിനിമാ സംവിധായകരുടെ വർഗസ്വഭാവവുമായിക്കൂടി സ്വരൂപ് ബന്ധിപ്പിക്കുന്നു. “മുംബൈയുടെ കാര്യമെടുത്താല്‍, ആര്‍ട്ട്, സമാന്തരം എന്നൊക്കെ വിശേഷിപ്പിക്കുന്ന സിനിമാക്കാര്‍ ബൂര്‍ഷ്വാസിയുടെ സാംസ്കാരിക മണ്ഡലത്തില്‍നിന്ന് ഉള്ളവരായിരുന്നു. അവര്‍ ഉയര്‍ന്ന ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയവരായിരുന്നു, സമ്പന്നര്‍ താമസിക്കുന്ന പ്രദേശത്ത് താസിക്കുന്നവരും (അക്കാലത്തെ സിനിമാ നിരൂപകരും ഇത്തരത്തില്‍ ഉള്ളവരായിരുന്നു). താഴ്ന്ന സാമൂഹിക-സാംസ്കാരിക-സാമ്പത്തിക ശ്രേണിയില്‍നിന്നു വരുന്നവരെ അവര്‍ ലുംപന്‍ ആയിട്ടാണ് കണ്ടത്. ഞാന്‍ അവരുടെ ക്ലാസിന്റെ ഭാഗമായിരുന്നില്ല. മുനിസിപ്പാലിറ്റി വിദ്യാലയത്തിലാണ് ഞാന്‍ പഠിച്ചത്. ഇംഗ്ലീഷ് സംസാരിക്കാന്‍ വശമുണ്ടായിരുന്നില്ല (അതേസമയം മലയാളികള്‍ അത്തരക്കാരായിരുന്നില്ല എന്ന് സ്വരൂപ് പറഞ്ഞു). ഒരുപക്ഷേ, മുംെബെയുടെ പ്രാന്തപ്രദേശത്ത് താമസിക്കുന്ന സമ്പന്നനല്ലാത്ത ഒരാളായിരുന്നു ‘ഉസ്കി റൊട്ടി’ ഉണ്ടാക്കിയിരുന്നതെങ്കില്‍ അത് എവിടെയും എത്തുമായിരുന്നില്ല. ചര്‍ച്ചചെയ്യപ്പെടുമായിരുന്നില്ല.’’

കമൽ സ്വരൂപ്
ഇന്ത്യന്‍ സമാന്തര സിനിമക്ക് ക്രമേണ ഒരു പ്രത്യേക ഫോര്‍മാറ്റ് ഉണ്ടായിവന്നു, പരിചരണം, അഭിനയം, സംഭാഷണം, ഗാനങ്ങളുടെ അഭാവം എന്നിങ്ങനെ. “നമ്മുടെ നവതരംഗത്തിന്റെ ഭാഗമായ എത്രപേര്‍ സര്‍റിയലിസം, മാജിക്കല്‍ റിയലിസം അല്ലെങ്കില്‍ അബ്സേര്‍ഡിസം മുതലായ സങ്കേതങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്? അവര്‍ ഒരു പ്രത്യേക ഫോര്‍മാറ്റിൽ കുടുങ്ങിക്കിടക്കുകയായിരുന്നു” എന്ന് സ്വരൂപ്. മാത്രവുമല്ല, ഈ സിനിമകള്‍ വളരെ ‘ഗൗരവ സിനിമകള്‍’ ആയിരുന്നു. ഹാസ്യം, ആക്ഷേപ ഹാസ്യം പോലുള്ള കാര്യങ്ങള്‍ ഇവയുടെ ഗൗരവത്തിന് ചേര്‍ന്നതായിരുന്നില്ല. ഈ കീഴ് വഴക്കങ്ങളെ തകര്‍ക്കുകയാണ് കമല്‍ സ്വരൂപ് തന്റെ സിനിമയിലൂടെ. വളരെ ഗൗരവ സ്വഭാവമുള്ള കാര്യങ്ങളെ ഹാസ്യവത്കരിച്ച് അവതരിപ്പിക്കുന്നു. ‘പ്ലേഫുള്‍നെസ്’ ആണ് സിനിമയുടെ സ്വഭാവം.
“അന്നത്തെ ആർട്ട് സിനിമകളുടെ പ്രധാന പ്രശ്നം സംവിധായകര്‍ സിനിമയെ പ്ലേഫുൾ ആയി കണ്ടില്ല എന്നതാണ്. ആർട്ട് സിനിമകൾ ഉള്ളടക്കത്തെ ഗൗരവത്തോടെ മാത്രം സമീപിക്കുകയുണ്ടായി. ഉദാഹരണത്തിന് സിനിമയിലൂടെ വളരെ പ്ലേഫുള്‍ ആയ പ്രതി-സംസ്കാര ജീവിതങ്ങളെ അടയാളപ്പെടുത്തുമ്പോൾതന്നെ ചിത്രീകരണത്തിനായി ‘ഗൗരവ സ്റ്റൈൽ’ (യാഥാസ്ഥിതികമായ) ഉപയോഗിക്കുന്നതും ആര്‍ട്ട് സിനിമകളിൽ പൊതുവെ കാണാം. മിക്ക ആർട്ട് സിനിമകളും അതുകൊണ്ട് തന്നെ യാഥാസ്ഥിതികമായ ധാർമിക മൂല്യങ്ങളിലാണ് നിർമിക്കപ്പെട്ടിട്ടുള്ളത്’’ എന്നാണ് യുവ സിനിമാ സംവിധായകനും എഴുത്തുകാരനുമായ അര്‍ജുൻ പറയാനുള്ളത്.
ഈ സിനിമയുടെ കഥ പറയുക എന്നത്, സിനിമ എന്തിനെക്കുറിച്ചാണ് എന്നത് എഴുതുക ദുഷ്കരമായ ജോലിയാണ്. ഭാഷയെയും സാഹിത്യത്തെയും കുറിച്ചുള്ള പഠനങ്ങളിൽ മിഖായേൽ ബക്തിൻ അവതരിപ്പിച്ച ഡയലോഗിസം എന്ന ആശയം –ശബ്ദങ്ങളുടെ ബഹുത്വത്തെയും അവയുടെ ഇടപെടലിലൂടെ അർഥമുണ്ടാക്കുന്ന പ്രക്രിയയെയും ഉൾക്കൊള്ളുന്നു –ഈ സിനിമക്കും ബാധകമാണ്. സാഹിത്യത്തിൽ, പ്രത്യേകിച്ച് നോവലിൽ, ഒന്നിലധികം സ്വതന്ത്രവും തുല്യമായി സാധുതയുള്ളതുമായ ശബ്ദങ്ങളോ ബോധങ്ങളോ നിലനിൽക്കുന്ന ബഹുസ്വരത ബക്തിൻ നിരീക്ഷിച്ചു.
കൗമാര പ്രായക്കാരനായ ഓം എന്ന കുട്ടിയാണ് സിനിമയിലെ പ്രധാന കഥാപാത്രം. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി വിരമിച്ച അവന്റെ പിതാവ് ഒരു ജ്യോതിഷിയുമാണ്. തന്റെ മകന്‍ പതിനെട്ടാം വയസ്സില്‍ മരിക്കും എന്ന് മനസ്സിലാക്കിയ പിതാവ് മകന് ഓം എന്ന പേര് വിളിക്കുന്നു. യമലോകത്തില്‍ ഓം എന്ന വാക്ക് ഇല്ല. ഇതിലൂടെ മകന് മരണത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയും എന്ന് അയാള്‍ വിശ്വസിക്കുന്നു. വളരെ നേരം ശ്വാസം പിടിച്ച് വെള്ളത്തില്‍ മുങ്ങിയിരിക്കാനുള്ള ഓമിന്റെ സിദ്ധി അവനെ സ്കൂളില്‍ പ്രസിദ്ധനാക്കി. നീല്‍ ആംസ്ട്രോങ്ങും സംഘവും ചന്ദ്രനില്‍ കാലു കുത്തിയ ദിവസം ഓം തന്റെ കൂട്ടുകാരന്റെ ജന്മദിനം ടെറസില്‍ ആഘോഷിക്കുന്നു. അവിടേക്ക് താമസംമാറി വന്ന ജഗദീശുമായി സ്നേഹത്തിലാവുന്നു അവന്റെ മൂത്ത സഹോദരി. ഇപ്പോള്‍ കൗമാരപ്രായക്കാരനായ ഓം സയന്‍സിലും അതേ സമയം മാജിക്കിലും മതത്തിലും തൽപരനാണ്.
എന്നാല്‍, ഇതൊന്നും നാം പ്രതീക്ഷിക്കുന്ന രീതിയിലേ അല്ല അവതരിപ്പിച്ചിരിക്കുന്നത്. സാമ്പ്രദായികമായ എല്ലാ ശൈലികളെയും അട്ടിമറിക്കുന്ന ഈ സിനിമ നമ്മെ പ്രകോപിപ്പിക്കുന്നു, അലോസരപ്പെടുത്തുന്നു, ചിന്താക്കുഴപ്പത്തിലാക്കുന്നു. അർഥശൂന്യമായി തോന്നിപ്പിക്കുന്ന തരത്തിലുള്ള ഷോട്ടുകളുടെ പരമ്പര. അതേസമയം, രാജ്യത്തെ സംബന്ധിക്കുന്ന പല സാമൂഹിക പ്രശ്നങ്ങളെ കുറിച്ചുള്ള ഹാസ്യാത്മക സമീപനവും ആകുന്നു സിനിമ. എന്നാല്‍ ഹാസ്യം സാധാരണ രീതിയിലും അല്ല. ഹാസ്യം സ്വാഭാവികമല്ല. ബലം പ്രയോഗിച്ചുകൊണ്ട് സംവിധായകന്‍ എല്ലാത്തിനെയും ഹാസ്യാത്മകമാക്കുകയാണ്. സിനിമയിലെ പല സന്ദര്‍ഭങ്ങളും കാല സംബന്ധിയായി തിരിച്ചിട്ട പോലെയാണ്. അതായത് സംവിധായകന്‍ കാലത്തെ തിരിച്ചിട്ടിരിക്കുകയാണ്. ഉദാഹരണമായി ഓം പുഷ്കര്‍ മേളയില്‍ എത്തിയതിനു ശേഷമാണ് ലോട്ടാമല്ലിനെ കാണേണ്ടിയിരുന്നത്. എന്നാല്‍ അതിനും മുമ്പേ ഓം അയാളെ കാണുന്നു.
സംവിധായകന്‍ സിനിമയെ കുറിച്ച് ഇപ്രകാരം പറയുന്നു: “ഒരു സിനിമ എന്ന രീതിയിലല്ല, ഒരു അനുഷ്ഠാനം എന്ന രീതിയിലാണ് ഞാന്‍ ഇതിനെ കണ്ടിരുന്നത്. ഒരു സിനിമ ഉണ്ടാക്കുകയായിരുന്നില്ല, മറിച്ച് സിനിമ ഉണ്ടാക്കുന്ന പ്രക്രിയയുടെ അനുഷ്ഠാനത്തിലൂടെ ഞാന്‍ കടന്നുപോവുകയായിരുന്നു. സാമഗ്രികള്‍ ശേഖരിച്ചതിനു ശേഷം അവയെ ഒരു ആല്‍ക്കെമിസ്റ്റിനെപോലെ ഒന്നിച്ചു കൊണ്ടുവരികയായിരുന്നു.’’ മറ്റൊരു സന്ദര്‍ഭത്തില്‍ അദ്ദേഹം ഇപ്രകാരം പറയുകയുണ്ടായി: “കാന്‍ മേളയില്‍ ആയിരിക്കുമോ അല്ല, ഫിലിം പെട്ടിക്കകത്ത് ആയിരിക്കുമോ ഈ സിനിമ എത്തുക? സിനിമ കാനില്‍ പോയില്ല എന്നുമാത്രമല്ല കുറേ കാലം പെട്ടിക്കകത്ത് കിടന്നു... സിനിമ റിലീസ് ആയപ്പോള്‍ അതൊരു സിനിമയാണെന്നോ, അല്ലെങ്കില്‍ എന്തെങ്കിലും ആണെന്നോ ജനങ്ങള്‍ വിചാരിച്ചില്ല.’’ ഒരു മേളയില്‍ െവച്ച് സിനിമ കണ്ട കമേഴ്സ്യല്‍ സിനിമാക്കാര്‍ക്ക് ഇത് വേണ്ടത്ര കമേഴ്സ്യല്‍ ആയും, ആർട്ട് സിനിമാക്കാര്‍ക്ക് വേണ്ടത്ര ആർട്ട് ആയും തോന്നിയില്ലത്രേ.
ദൃശ്യങ്ങളുടെ പരസ്പര ബന്ധമില്ലായ്മ പോലെത്തന്നെയാണ് സംഭാഷണങ്ങളുടെയും ശബ്ദപഥത്തിന്റെയും ഉപയോഗം. നമ്മുടെ മെയിന്‍സ് ട്രീം സിനിമയില്‍ ആയാലും, ആർട്ട് സിനിമയിലായാലും ചില കാര്യങ്ങള്‍ വ്യക്തമാക്കാനും കഥയെ മുന്നോട്ടു നയിക്കാനുമാണ് സംഭാഷണങ്ങള്‍. എന്നാല്‍ ഈ സിനിമയില്‍ സംഭാഷണങ്ങള്‍ പലപ്പോഴും നിരർഥകമായി അനുഭവപ്പെടുന്നു. അസംബന്ധമായി അനുഭവപ്പെടുന്ന ചില സംഭാഷണങ്ങള്‍ ഇപ്രകാരം: മഴപെയ്യും എന്ന് നിനക്ക് എങ്ങനെ അറിയാം? എന്ന ഗായത്രിയുടെ ചോദ്യത്തിന് ഓമിന്റെ മറുപടി: നീ മുടി ചീകുകയായിരുന്നു. സയന്‍സിനെയും മതത്തെയും അന്ധവിശ്വാസത്തെയും ബന്ധപ്പെടുത്തിയുള്ള ചിന്തകള്‍ ശ്രദ്ധേയമാണ്. “പുരുഷന്റെ സഹായമില്ലാതെ സ്ത്രീക്ക് ഹിമാലയത്തില്‍ കയറാന്‍ സാധിക്കുമോ? എന്ന ഗായത്രിയുടെ ചോദ്യത്തിന് ജഗദീഷിന്റെ മറുപടി “പാര്‍വതി ദേവി കയറിയിട്ടുണ്ടല്ലോ” എന്നാണ്.
മൊത്തം സിനിമ നിരർഥകമായി അനുഭവപ്പെടുമെങ്കിലും ചില ഭാഗങ്ങളെ സൂക്ഷ്മമായി പരിശോധിച്ചാല്‍ സിനിമ കൈകാര്യം ചെയ്യുന്ന പല വിഷയങ്ങളും തെളിഞ്ഞുവരും. നമ്മുടെ സിനിമകളില്‍ പൊതുവെ സ്ത്രീകള്‍ പുരുഷന് വഴങ്ങുന്നവരായാണല്ലോ ചിത്രീകരിക്കുന്നത്. എന്നാല്‍ ഈ സങ്കൽപങ്ങള്‍ക്ക് എതിരെയുള്ള ഗായത്രിയുടെ കഥാപാത്രം വളരെ ശ്രദ്ധേയമാണ്. അവള്‍ സ്വയത്തെ പുരുഷന് തുല്യമായി കരുതുന്നു. സിനിമാ തിയറ്ററില്‍ അവള്‍ പുരുഷന്മാര്‍ക്കുള്ള സീറ്റില്‍ ഇരിക്കുന്നു. സൈക്കിള്‍ ഓടിക്കുന്നു. ഒരു സന്ദര്‍ഭത്തില്‍ ശാരീരികമായി ബന്ധപ്പെടാന്‍ അവള്‍ ജഗദീഷിനെ നിര്‍ബന്ധിക്കുന്നുണ്ട്. അയാള്‍ തന്റെ അടിവസ്ത്രത്തിന്റെ നാട അഴിക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ അവള്‍ കത്രിക കൊണ്ട് നാട മുറിക്കുന്നു. തുടര്‍ന്ന് വിവാഹിതയാവാതെ അവള്‍ ഒരു കുട്ടിക്ക് ജന്മം കൊടുക്കുകയും ആ കുട്ടിയെ വളര്‍ത്തുകയും ചെയ്യുന്നു. മറ്റൊരു സന്ദര്‍ഭത്തില്‍ ഗായത്രിയും ജഗദീഷും ഒരു കിഴുക്കാംതൂക്കായ പാറക്ക് മുകളില്‍ ചെന്ന് വിഷം കഴിച്ചു മരിക്കാന്‍ തീരുമാനിക്കുന്നു. എന്നാല്‍, നാം കാണുന്നത് ജഗദീഷ് വിഷം കഴിച്ച് മരിക്കുന്നതാണ്. മനസ്സുമാറിയ ഗായത്രി അവിടെനിന്ന് സ്കൂട്ടറില്‍ വീട്ടിലേക്ക് തിരികെ പോവുന്നു.
ഗാനങ്ങള്‍ നമ്മുടെ മെയിന്‍സ്ട്രീം സിനിമയുടെ അവിഭാജ്യ ഘടകമാണല്ലോ. കഥയെ മുന്നോട്ടുകൊണ്ടുപോകാനും, കഥാപാത്രത്തിന്റെ വൈകാരികത അവതരിപ്പിക്കാനും, സന്ദര്‍ഭത്തിന്റെ തീക്ഷ്ണത ഉയര്‍ത്താനും, വിഷയത്തെയും പ്രവൃത്തികളെയും വിവരിക്കാനും വ്യാഖ്യാനിക്കാനും, ആത്മഗതമായും ഒരുതരത്തിലുള്ള ഒളിച്ചോട്ടമായും എന്റർടെയിൻമെന്റ് ആയും ഒക്കെയാണ് മെയിന്‍സ്ട്രീം സിനിമയില്‍ ഗാനങ്ങള്‍ ഉപയോഗിക്കുന്നത്. ആർട്ട് സിനിമകള്‍ ഇത്തരം ഗാനരംഗങ്ങള്‍ ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ ഈ സിനിമ ഗാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, സാധാരണ രീതിയില്‍ അല്ല. കേള്‍വിസുഖം പകരാനോ മുകളില്‍ പരാമര്‍ശിച്ച ആവശ്യങ്ങള്‍ക്കോ അല്ല. ഒരു യുക്തിയും ഇല്ലാതെയാണ് ഗാനങ്ങള്‍ ഉപയോഗിക്കുന്നത്. വിപരീതാർഥത്തില്‍ മെയിന്‍സ്ട്രീം സിനിമയിലെ ഗാനരംഗങ്ങളെ കളിയാക്കുന്ന രീതിയിലാണ് ഈ സിനിമയില്‍ ഗാനങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത്.
ചലച്ചിത്ര നിരൂപകർ, പണ്ഡിതന്മാർ, വ്യവസായ മേഖലയിലെ വ്യക്തികൾ, സിനിമാപ്രേമികൾ എന്നിവർക്കിടയിൽ ഇത് ഒരു കള്‍ട്ട് സിനിമ എന്ന രീതിയില്‍ പ്രശസ്തമായി. “ലോകമെമ്പാടും ഇന്ത്യൻ സിനിമയായി അംഗീകരിക്കപ്പെടുന്ന സിനിമകള്‍ക്ക് എതിരുനില്‍ക്കുന്നു സ്വരൂപിന്റെ സിനിമ. കൂടാതെ, സിനിമയെ പല രീതിയില്‍ നിർവചിക്കാം, അവയിൽ ഏറ്റവും പ്രധാനം ഈ സിനിമ ഒരു മഹത്തായ ഇന്ത്യൻ എൽ.എസ്.ഡി യാത്രയാണ്’’ എന്നാണ് ഒരു നിരൂപകന്‍ എഴുതിയത്. വളരെ പരീക്ഷണാത്മകവും, രേഖീയമല്ലാത്തതും പലപ്പോഴും അർഥശൂന്യവുമായ കഥപറച്ചിലിന്റെ സമീപനം കാരണം ഇതിനെ ഇന്ത്യൻ സമാന്തര സിനിമയിലെ ഒരു നാഴികക്കല്ലായി പലരും കണക്കാക്കുന്നു. പലരും സിനിമയെ ഒരു സൈക്കഡെലിക് അല്ലെങ്കിൽ സ്വപ്നതുല്യമായ അനുഭവമായി വിശേഷിപ്പിക്കുന്നു.
കാര്യകാരണ ബന്ധമില്ലാത്ത രീതിയില്‍ സ്വപ്നങ്ങളുടെ യുക്തിരാഹിത്യത്തെ അനുകരിക്കുന്ന വിധത്തിൽ രംഗങ്ങൾ, ആശയങ്ങൾ, സമയക്രമങ്ങൾ എന്നിവയാണ് സിനിമയുടെ പ്രത്യേകത. ക്രമരഹിതമായ പ്രതലത്തിനടിയില്‍ പുരാണങ്ങൾ, കല, രാഷ്ട്രീയം, തത്ത്വചിന്ത, ബോളിവുഡിന്റെ സിനിമാറ്റിക് സമ്പ്രദായങ്ങള്‍ ഉൾപ്പെടെ ഇന്ത്യൻ സമൂഹത്തിന്റെ വിവിധ വശങ്ങളെ ഈ സിനിമ ആക്ഷേപഹാസ്യമാക്കുന്നു. കമൽ സ്വരൂപ് തന്റെ ചലച്ചിത്രനിർമാണ പ്രക്രിയയെ ബോധപൂർവം ഒരു രേഖീയ കഥ തയാറാക്കുന്നതിനു പകരം, ഒരു ആൽക്കെമിസ്റ്റിനെ പോലെ പലതും കൂട്ടിച്ചേർക്കുന്ന ഒരു അനുഷ്ഠാനം എന്നാണ് വിശേഷിപ്പിക്കുന്നത്. “ഈ സിനിമയെ വാക്കുകളില്‍ ചിന്തിക്കാന്‍പോലും കഴിയില്ല, മറിച്ച് ദൃശ്യങ്ങളുടെയും സ്വപ്നങ്ങളുടെയും അടിസ്ഥാനത്തിലാണ് തിരക്കഥ തയാറാക്കിയത്’’ എന്ന് കൂട്ടിച്ചേര്‍ക്കുന്നു.
പുരാതന പാരമ്പര്യങ്ങളുടെയും കൊളോണിയൽ കാലഘട്ടത്തിന്റെയും ദ്രുതഗതിയിലുള്ള പാശ്ചാത്യവത്കരണത്തിന്റെയും മിശ്രിതമായ ആധുനിക ഇന്ത്യൻ സമൂഹം സ്വാഭാവികമായും അസംബന്ധമാണ് എന്നായിരിക്കാം സ്വരൂപ് പറയുന്നത്. കഥാപാത്രങ്ങളുടെ പ്രവർത്തനങ്ങൾ പലപ്പോഴും യുക്തിയെ വെല്ലുവിളിക്കുന്നു, വിശ്വാസ വ്യവസ്ഥകളും യുക്തിസഹമായ ചിന്തകളും നിരന്തരം ഏറ്റുമുട്ടുന്ന ഒരു സമൂഹത്തെ ഇത് പ്രതിഫലിപ്പിക്കുന്നു.
മതപരമായ യാന്ത്രികതയെയും വിശ്വാസത്തിന്റെ വാണിജ്യവത്കരണത്തെയും ഈ സിനിമ നിഷ്കരുണം പരിഹസിക്കുന്നു. സർക്കാർ ജോലിയിൽനിന്ന് ജ്യോതിഷത്തിലേക്കുള്ള ബാബുജിയുടെ മാറ്റവും, ഓമിന്റെ ശ്വാസം പിടിച്ചുനിർത്താനുള്ള കഴിവിനെ ചൂഷണംചെയ്യുന്ന കൗശലക്കാരനായ പുരോഹിതനും സമൂഹത്തിൽ നിലനിൽക്കുന്ന ചൂഷണത്തെയും അന്ധവിശ്വാസത്തെയും എടുത്തുകാണിക്കുന്നു. പൂജിക്കപ്പെടുന്ന പശുവിനെ അസംബന്ധ സന്ദർഭങ്ങളില്‍ ഉപയോഗിക്കുന്നത് –ഗായത്രി പശുവിന്റെ അവയവങ്ങളിലൂടെ വരുന്നു– ഈ വിമർശനത്തെ സൂചിപ്പിക്കുന്നു.
ഇന്ത്യൻ ഭരണകൂടത്തിനെതിരെ സൂക്ഷ്മമായ വിമർശനങ്ങൾ സിനിമയിലുണ്ട്, പ്രത്യേകിച്ച് 1950കളിലെ സോഷ്യലിസ്റ്റ് രൂപത്തിൽനിന്ന് 1980കളിലെ മുതലാളിത്തവുമായി ബന്ധപ്പെട്ട സർക്കാർ സ്പോൺസർചെയ്ത മാധ്യമങ്ങളിലേക്കുള്ള പരിവർത്തനം. ജാതിയെക്കുറിച്ചുള്ള പരാമർശങ്ങൾ, സ്വാതന്ത്ര്യസമരത്തിന്റെ ഫൗണ്ട് ഫൂട്ടേജ്, കുടുംബത്തിന്റെ വ്യാജ-ബ്രാഹ്മണ പദവി എന്നിവ കൂടുതൽ ആഴത്തിലുള്ള സാമൂഹിക-രാഷ്ട്രീയ വിമർശനങ്ങളിലേക്ക് സൂചന നൽകുന്നു.
‘ഓം’ എന്നതില്‍ ദാര്‍ശനികത അടങ്ങിയിരിക്കുന്നു. ‘ഓം’ ഹിന്ദുമതത്തിലെ പവിത്രമായ ശബ്ദമാണ്, അത് പ്രപഞ്ചത്തെയും ബോധത്തെയും ആത്യന്തിക യാഥാർഥ്യത്തെയും പ്രതിനിധാനംചെയ്യുന്നു. ഒരു കുട്ടിയുടെ ക്രമരഹിതവും പലപ്പോഴും ലക്ഷ്യമില്ലാത്തതുമായ യാത്രയുമായി ഇതിനെ സംയോജിപ്പിക്കുന്നത് കുഴപ്പംപിടിച്ചതും ഛിന്നഭിന്നവുമായ ഒരു ലോകത്ത് അർഥത്തിനായുള്ള തിരയലിനെ സൂചിപ്പിക്കുന്നു. ജിജ്ഞാസയും വിചിത്രമായ കഴിവുകളും നിറഞ്ഞ ഓമിന്റെ അശ്രദ്ധമായ കൗമാരത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. സിനിമ പുരോഗമിക്കുമ്പോൾ, ലോകത്തിലെ ഇരുണ്ടതും ചൂഷണപരവുമായ വശങ്ങളെ അയാൾ കണ്ടുമുട്ടുന്നു, ഇത് നിരാശയിലേക്കും ദാരുണമായ അന്ത്യത്തിലേക്കും നയിക്കുന്നു.

മൃണാൾ സെൻ,ഋത്വിക് ഘട്ടക്,മണി കൗൾ
ഈ സിനിമ ഇന്ത്യൻ സിനിമയെക്കുറിച്ചുള്ള ഒരു ആക്ഷേപഹാസ്യമാണ്. ഈ സിനിമയില്‍ ഇടക്കിടെ വരുന്നതും അർഥശൂന്യവുമായ ഗാനങ്ങൾ ബോളിവുഡിലെ അജൈവ ഗാന-നൃത്ത രംഗങ്ങളുടെ നേരിട്ടുള്ള ആക്ഷേപഹാസ്യമാണ്. ഹൈ ആര്‍ട്ട്, ലോ കൾചര്‍ എന്നിവക്കിടയിലുള്ള അതിരുകൾ മങ്ങിച്ചുകൊണ്ട് പൾപ്പ് ഫിക്ഷൻ, ബി-സിനിമകൾ, ജനപ്രിയ മാധ്യമങ്ങൾ എന്നിവയുടെ ഘടകങ്ങൾ ഈ സിനിമയിൽ ഹാസ്യാത്മകമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ ഉത്തരാധുനിക സിനിമയുടെ ഒരു മുൻനിര സൃഷ്ടിയായി പല നിരൂപകരും ഈ സിനിമയെ കണക്കാക്കുന്നു. ആ കാലഘട്ടത്തിലെ ഇന്ത്യൻ സിനിമകളിൽ അധികമൊന്നും കാണാത്ത സാങ്കേതിക വിദ്യകളും പ്രമേയങ്ങളും ഈ സിനിമയില്‍ കാണാം.
പരമ്പരാഗതവും സമഗ്രവുമായ ആഖ്യാനങ്ങളെ (ചരിത്രപരമായ പുരോഗതി, ശാസ്ത്രീയ സത്യം) ഉത്തരാധുനികത സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ഈ സിനിമ സ്ഥിരതയുള്ള, രേഖീയമായ കഥയെയോ ഏകീകൃതമായ പ്രമേയത്തെയോ പൂർണമായും നിരാകരിക്കുന്നു. അത് വിഘടിച്ചതും കുഴപ്പത്തിലായതും പലപ്പോഴും, പരസ്പരവിരുദ്ധവുമായ ഒരു യാഥാർഥ്യത്തെ അവതരിപ്പിക്കുന്നു. ഓമിന്റെ കഥ ഒരു ലക്ഷ്യം നേടുന്നതിനെക്കുറിച്ചല്ല, മറിച്ച് വിചിത്ര സംഭവങ്ങളുടെ ഒരു പരമ്പരയെ അനുഭവിക്കുന്നതിനെക്കുറിച്ചാണ്. ശൈലികൾ, ഴോനറുകള്‍, ചരിത്ര കാലഘട്ടങ്ങൾ, സാംസ്കാരിക പരാമർശങ്ങൾ എന്നിവയെ പാരഡി ചെയ്യാതെ കൂട്ടിക്കുഴക്കുകയും പൊരുത്തപ്പെടുത്തുകയും ചെയ്യുക. ഇത് ഒരു സാംസ്കാരിക കൊളാഷ് അല്ലെങ്കിൽ ‘് ആൻഡ് പേസ്റ്റ്’ സമീപനംപോലെയാണ്.
ഹിന്ദു ദേവതകള്‍ (ബ്രഹ്മാവ്, ശിവൻ), പ്രാദേശിക നാടോടിക്കഥകൾ, ശാസ്ത്രവും സാങ്കേതിക വിദ്യയും –യൂറി ഗഗാറിൻ, ചന്ദ്രനിൽ കാലുകുത്തൽ, ശാസ്ത്രീയ പരീക്ഷണങ്ങൾ, പോപ്പ് സംസ്കാരം, ജാതി, ബ്യൂറോക്രസി, നഗര-ഗ്രാമ വൈരുധ്യം, ആര്‍ക്കൈവല്‍ ദൃശ്യങ്ങള്‍, അവാങ്-ഗാർഡ്/ സർറിയലിസം –സ്വപ്ന സ്വഭാവം, വജ്രങ്ങൾ വിഴുങ്ങുന്ന തവളകൾപോലുള്ള വിചിത്രമായ ഇമേജറി എന്നിവ ചേര്‍ന്ന് സിനിമയെ എളുപ്പത്തില്‍ ഗ്രഹിക്കാന്‍ കഴിയാത്ത ഒന്നായി മാറ്റുന്നു.
ഈ സിനിമ സങ്കരതയെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. വിശാലമായ അർഥത്തിൽ സങ്കരയിനം എന്നാൽ മിശ്രിതത്തെയാണ് സൂചിപ്പിക്കുന്നത്. രണ്ട് വ്യത്യസ്ത ജീവിവർഗങ്ങളുടെയോ ഇനങ്ങളുടെയോ സന്തതികളെ വിവരിക്കുന്നതിനാണ് ജീവശാസ്ത്രത്തിൽ ഈ പദം ഉത്ഭവിച്ചത്. എന്നാല്‍, വിവിധ അക്കാദമിക് വിഷയങ്ങളിൽ, പ്രത്യേകിച്ച് സാംസ്കാരിക പഠനങ്ങൾ, പോസ്റ്റ് കൊളോണിയൽ സിദ്ധാന്തം, ഭാഷാശാസ്ത്രം എന്നിവയിൽ ഇതിന്റെ ഉപയോഗം ഗണ്യമായി വികസിച്ചിട്ടുണ്ട്.
പരിശുദ്ധി എന്ന ആശയത്തെ സങ്കരത്വം വെല്ലുവിളിക്കുന്നു. മിശ്രണം എല്ലായ്പോഴും മനുഷ്യ നാഗരികതകളുടെ ഒരു സവിശേഷതയാണെന്നും അത് അംഗീകരിക്കുന്നു. ഭാഷകൾ, പാചകരീതി, സംഗീതം, ഒന്നിലധികം സാംസ്കാരിക ലോകങ്ങളിലൂടെ സഞ്ചരിക്കുന്ന കുടിയേറ്റക്കാര്‍ എന്നിങ്ങനെ ആധുനിക ജീവിതത്തിന്റെ പല വശങ്ങളിലും സങ്കരത്വം കാണാൻ കഴിയും.
വിവിധ രാജ്യങ്ങളിലെ പുരാണങ്ങളിലും മിത്തുകളിലും സങ്കര ജീവികളെ ധാരാളമായി കാണാം. നമ്മുടെ ഇതിഹാസത്തിലെ ഇതിന്റെ ഉദാഹരണങ്ങളാണ് ഗണപതി, നരസിംഹം, ഹയഗ്രീവന്‍, ദക്ഷ പ്രജാപതി, ഹനുമാന്‍, വരാഹി മുതലായവ. പല രാജ്യങ്ങളിലെയും കഥകളിലും സങ്കരരൂപങ്ങൾ ധാരാളമായി കടന്നുവരുന്നുണ്ട്. പരമ്പരാഗതവും പ്രാചീനവുമായ സംസ്കാരങ്ങളിൽ മനുഷ്യരും മൃഗപ്രകൃതിയും തമ്മിലുള്ള ശക്തമായ വിഭജനത്തിന്റെ അഭാവമായിരിക്കും മനുഷ്യരും മൃഗങ്ങളും പക്ഷികളും ഇടകലർന്ന കഥകൾ –ഒന്ന് മറ്റൊന്നായി മാറുന്നതോ അല്ലെങ്കിൽ പലതിന്റെ സങ്കരമാവുന്നതോ– ഉടലെടുത്തത്.
നിലവിലുള്ള ഒരു സിനിമാറ്റിക് വിഭാഗത്തിലും കൃത്യമായി ഉൾപ്പെടുത്താൻ ‘ഓം ദർ- ബ-ദർ’ വിസമ്മതിക്കുന്നു. അത് നിരന്തരം മാറിക്കൊണ്ടിരിക്കുന്നതും, ആശ്ചര്യപ്പെടുത്തുന്നതും, സ്വയം പുനർനിർവചിക്കുന്നതുമായ ഒരു ‘ഇടയിലുള്ള’ (In-between) ഇടത്തിലാണ് നിലനിൽക്കുന്നത്. ഇത് സാംസ്കാരിക പഠനത്തില്‍ ഹോമി കെ. ഭാഭ പരാമര്‍ശിക്കുന്ന ‘മൂന്നാമത്തെ ഇടം’ (Third Space) എന്ന ആശയവുമായി യോജിക്കുന്നു.
ഈ ആശയത്തിന്റെ കാതലായ ഭാഗം, വ്യത്യസ്തവും പലപ്പോഴും വിരുദ്ധവുമായ സംസ്കാരങ്ങളുടെയോ സാമൂഹിക ഗ്രൂപ്പുകളുടെയോ ഇടപെടലിൽനിന്ന് ഉയർന്നുവരുന്ന ഒരു ആശയപരവും വ്യവഹാരപരവും സാംസ്കാരികവുമായ ഇടമാണ്. പുതിയ അർഥങ്ങൾ, ഐഡന്റിറ്റികൾ, സാംസ്കാരിക ആവിഷ്കാര രൂപങ്ങൾ എന്നിവ ഉയർന്നുവരുന്ന ഒരു ‘ഇടയിലുള്ള’ സ്ഥലമാണിത്. രണ്ട് ‘ആദ്യ ഇടങ്ങൾ’ ഏറ്റുമുട്ടുകയും ചർച്ചചെയ്യുകയും ചെയ്യുന്ന ഒരു വൈരുധ്യാത്മക പ്രക്രിയയുടെ ഫലമായി ഇതിനെ കരുതുക, ഇത് ഒന്നാമത്തേതോ രണ്ടാമത്തേതോ അല്ല, മറിച്ച് പൂർണമായും പുതിയ ഒന്നാണ്. കോളനിവത്കരിച്ച സംസ്കാരവും കോളനിവത്കരിക്കപ്പെട്ട സംസ്കാരത്തെയും കുറിച്ചാണ് ഭാഭ സംസാരിക്കുന്നത്.
‘മൂന്നാമത്തെ ഇടം’ എന്ന ആശയത്തെ ഈ സിനിമയുമായി ബന്ധപ്പെടുത്തിയാല്‍, ഇത് പൂർണമായും ഒരു പരമ്പരാഗത ബോളിവുഡ് സിനിമയോ ഒരു പാശ്ചാത്യ ആര്‍ട്ട് ഹൗസ് സിനിമയോ അല്ല. ഇത് പൂർണമായും മറ്റൊന്നാണ് –പുതിയ സിനിമാറ്റിക് ഭാഷ സൃഷ്ടിക്കുന്ന ഒരു സങ്കരയിനം.
പരമ്പരാഗത വിദ്യാഭ്യാസം പിന്തുടരുന്ന ഒരു സ്കൂൾ വിദ്യാർഥിയാണ് ഓം, അന്ധവിശ്വാസത്തിൽ മുങ്ങിക്കുളിച്ച ഒരു കുടുംബം. അവൻ ശാസ്ത്രത്തിലേക്ക് ആകർഷിക്കപ്പെടുന്നു, പക്ഷേ വിശദീകരിക്കാനാകാത്ത മാന്ത്രികതയും അസംബന്ധ പ്രതിഭാസങ്ങളും അവനെ ചുറ്റിപ്പറ്റിയുണ്ട്. അവൻ യുക്തിസഹമായ ഉത്തരങ്ങൾ തേടുന്നു, പക്ഷേ വ്യത്യസ്തമായ, പലപ്പോഴും നിഗൂഢമായ, അയുക്തിയിൽ പ്രവർത്തിക്കുന്ന ഒരു ലോകത്തിലാണ് അവന്‍ ജീവിക്കുന്നത്. അവന്‍ പൂർണമായും പരമ്പരാഗത ഇന്ത്യക്കാരനോ പാശ്ചാത്യവത്കരിക്കപ്പെട്ട യുക്തിചിന്തയുള്ളവനോ അല്ല; അവന്‍ ഇവക്കിടയില്‍ സ്ഥിതിചെയ്യുന്നു.
പരമ്പരാഗത ഭാഷാ നിയമങ്ങൾ ലംഘിക്കുന്ന, പുതിയ അർഥങ്ങൾ സൃഷ്ടിക്കുന്ന അല്ലെങ്കിൽ ആശയവിനിമയത്തിന്റെ അസംബന്ധത്തെ എടുത്തുകാണിക്കുന്ന പദപ്രയോഗങ്ങൾ, വാക്യങ്ങൾ, പ്രാസങ്ങൾ എന്നിവ സിനിമയില്‍ ഉപയോഗിക്കുന്നു. ഔപചാരിക ഹിന്ദിയിൽ സംസാരഭാഷ, ഇംഗ്ലീഷ് ശൈലികൾ, കണ്ടുപിടിച്ച വാക്കുകൾ എന്നിവ ഇടകലർന്നിരിക്കുന്നു. ഈ ഭാഷാ സങ്കരത്വം, ഒന്നിലധികം ഭാഷാസ്വാധീനങ്ങൾ നിരന്തരം ഇടപഴകുകയും പുതിയ ആവിഷ്കാര രൂപങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുന്ന പോസ്റ്റ് കൊളോണിയൽ സാഹചര്യത്തിൽ ഭാഷാ ഉപയോഗത്തിന്റെ യാഥാർഥ്യത്തെ പ്രതിഫലിപ്പിക്കുന്നു. ഭാഗികമായി വിഘടിച്ചതും പലപ്പോഴും തുടർച്ചയില്ലാത്തതുമായ സംഭാഷണങ്ങൾ പ്രേക്ഷകരെ എന്താണ് പറയുന്നതെന്ന് മനസ്സിലാക്കാൻ പ്രേരിപ്പിക്കുന്നു. പ്രേക്ഷകരെ ഇടയിലുള്ള ഇടത്തിൽതന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഒരു സിനിമയാണിത്, ഇത് സ്ഥാപിത വിഭാഗങ്ങളുടെ പുനർമൂല്യനിർണയത്തിന് നിർബന്ധിതരാക്കുകയും സംസ്കാരം, സ്വത്വം, സിനിമ എന്നിവയെ മനസ്സിലാക്കുന്നതിനുള്ള പുതിയ സാധ്യതകൾ തുറക്കുകയും ചെയ്യുന്നു. ഇത് ഉത്തരങ്ങൾ നൽകുന്നില്ല, മറിച്ച് മൂന്നാം ഇടത്തിനുള്ളിലെ സജീവവും പലപ്പോഴും അസ്വസ്ഥവുമായ ചർച്ചാ പ്രക്രിയയിലേക്ക് നമ്മെ ക്ഷണിക്കുന്നു.
ഒരു വര്‍ഷത്തോളം ‘ഓം ദര്‍-ബ-ദര്‍’ എന്ന സിനിമക്ക് സര്‍ട്ടിഫിക്കറ്റ് കൊടുക്കാൻ സെന്‍സർ ബോര്‍ഡ് വിസമ്മതിച്ചു. കാരണമായി അവര്‍ പറഞ്ഞത്, സിനിമയില്‍ ഒളിഞ്ഞിരിക്കുന്ന/ഗുപ്തമായ ചില അർഥങ്ങളുെണ്ടന്നും, ഇതിലൂടെ ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം കിട്ടുമെന്നും ചില വിഭാഗങ്ങളെ പ്രകോപിപ്പിക്കുമെന്നുമാണ്. തുടര്‍ന്ന് അതില്‍ കുറ്റകരമായി എന്തെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കാനായി അവര്‍ വിദഗ്ധരെ നിയോഗിച്ചു. ഓം ക്ലാസ് മുറിയില്‍ പാട്ടു പാടുന്ന രംഗം അവരുടെ ശ്രദ്ധയിൽപെട്ടു. പാട്ടിനിടയില്‍ അവന്‍ തന്റെ ലോക്കറ്റിനിടയില്‍നിന്ന് വളരെ ചെറിയ ഒരു പുസ്തകം പുറത്തെടുക്കുന്നുണ്ട്. അത് ഖുർആന്‍ ആണെന്നാണ് അവര്‍ വിചാരിച്ചത്. പക്ഷേ, അവന്‍ പാടിയത് തവളയെ കുറിച്ചായിരുന്നു. അതൊരു ഖുർആന്‍ തന്നെയാണോ എന്ന് കണ്ടുപിടിക്കാനായി അവര്‍ ഒരു മൗലവിയെ നിയോഗിച്ചു. മൗലവി ഭൂതക്കണ്ണാടിയിലൂടെ നോക്കിയപ്പോള്‍ അതൊരു ഇംഗ്ലീഷ് നിഘണ്ടു ആയിരുന്നു. സ്വരൂപ് അവരുടെ ബുദ്ധിയെ വെല്ലുവിളിക്കുന്നു എന്നാണ് സെന്‍സര്‍ അധികൃതര്‍ക്ക് തോന്നിയത്, അതുപോലെ പല പ്രേക്ഷകര്‍ക്കും തോന്നിയിട്ടുണ്ടാവാം.

ശ്യാം ബെനഗൽ,സത്യജിത് റേ,കുമാർ സാഹ്നി,എം.എസ്. സത്യു
സിനിമ നിർമിക്കപ്പെട്ട കാലത്തെ പോലെ, ഒരുപക്ഷേ, അതിനേക്കാള്‍ കൂടുതല്‍ ഇന്നും സിനിമയിലെ വിഷയങ്ങള്‍ പ്രസക്തമാണ്. പരസ്പരവിരുദ്ധമായ രണ്ട് ആശയങ്ങളുടെ മുഖാമുഖം നില്‍ക്കല്‍ ഇന്നും തുടരുന്നു –പാശ്ചാത്യ ആശയങ്ങളും മതവും. കമല്‍ സ്വരൂപിന്റെ സിനിമ ഇതിനെ നിരന്തരം പരിഹസിക്കുന്നു. ഒരു ഭാഗത്ത് വളരെ ആധുനികമായ, പുരോഗമിച്ച ശാസ്ത്രീയ ആശയങ്ങള്‍, മറുവശത്ത് അന്ധവിശ്വാസങ്ങളും യാഥാസ്ഥിതികത്വവും. ഇന്റര്‍നെറ്റ് യുഗത്തില്‍ ജീവിക്കുമ്പോഴും യുക്തിബോധവും വിമര്‍ശനബുദ്ധിയും നഷ്ടപ്പെട്ട് മിത്തുകളെ സത്യമായി കരുതുന്ന ജനത.
സിനിമയിലെ സ്ത്രീകള്‍ സ്വാതന്ത്ര്യത്തെ ഗൗരവത്തോടെ അഭിസംബോധന ചെയ്യാൻ ആഗ്രഹിക്കുമ്പോൾപോലും, അവരെ കൂടുതൽ തടവിലാക്കാൻ അതിരൂക്ഷ മത-ധാർമിക വാദികള്‍ ശ്രമിക്കുന്നു. കഴിഞ്ഞ ഇന്ത്യ-പാകിസ്താന്‍ ഏറ്റുമുട്ടലില്‍ പങ്കെടുത്ത ഇന്ത്യന്‍ സേനയിലെ കേണല്‍ സോഫിയ ഖുറൈശിയെ സ്ത്രീത്വത്തിന്റെ അഭിമാനമായി പുകഴ്ത്തുമ്പോഴും മറുഭാഗത്ത് സ്ത്രീകളെ മത യാഥാസ്ഥിതികതയിലും സദാചാരബോധത്തിലും തളച്ചിടുന്നു. മാത്രവുമല്ല, ഈ ആക്രമണത്തെ ‘സിന്ദൂരം’ അണിയിച്ചുകൊണ്ട് ഒരു പ്രത്യേക മത പാരമ്പര്യത്തിലേക്ക് ചുരുക്കുകയും, ഖുറൈശിയെ അവരുടെ മതത്തിന്റെ പേരില്‍ അധിക്ഷേപിക്കുകയും ചെയ്യുന്നു. റോക്കറ്റ് വിക്ഷേപണം നടത്തുന്നതിന് മുമ്പ് ശാസ്ത്രജ്ഞർ തേങ്ങ ഉടയ്ക്കുന്നു. കോവിഡ് അകറ്റാന്‍ പാത്രം കൊട്ടുന്നു. സയന്‍സ് കോണ്‍ഗ്രസ് മത കോണ്‍ഗ്രസായി മാറുന്നു. ഇത്തരം ദ്വന്ദ്വങ്ങളെയാണ് കമല്‍ സ്വരൂപ് വിമര്‍ശിക്കുന്നത്.