Begin typing your search above and press return to search.
proflie-avatar
Login

ശബാന ആസ്മിയുടെ അരനൂറ്റാണ്ട് സിനിമാക്കാലം

Shabana Azmi
cancel
camera_alt

ശബാന ആസ്മി

രാജ്യാന്തര തലത്തിൽ ശ്ര​േദ്ധയായ അഭിനേതാവ്​ ശബാന ആസ്​മി സിനിമയിൽ അരനൂറ്റാണ്ട്​ പിന്നിടുന്നു. അവരു​ടെ സിനിമ-അഭിനയ ജീവിതത്തെക്കുറിച്ച്​ എഴുതുകയാണ്​ ചലച്ചിത്ര നിരൂപകൻകൂടിയായ ലേഖകൻ.

ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച അഭിനേത്രികളിലൊരാളായ ശബാന ആസ്മിയുടെ സിനിമാജീവിതം അഞ്ചു പതിറ്റാണ്ടുകൾ പൂർത്തിയാക്കിയിരിക്കുന്നു. ഏതു രംഗത്തായാലും അമ്പതു വർഷം സജീവ സാന്നിധ്യമായി നിൽക്കുകയെന്നത് ശ്ലാഘനീയംതന്നെ. മറ്റ് കലാരംഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏറെ മത്സരം നിറഞ്ഞ സിനിമയിലാണ് ശബാന ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. അതും നായികമാർക്ക് ഏറെക്കാലം തുടരാനാവാത്ത സാഹചര്യത്തെ മറികടന്നുകൊണ്ട്! കാലത്തിനും പരിതഃസ്ഥിതിക്കും കഥക്കും അനുയോജ്യമായ റോളുകൾ ഏറ്റെടുത്തതു തന്നെയാണ് അവർ സിനിമയിൽ തുടരുവാൻ കാരണം. നായികാ സങ്കൽപത്തെതന്നെ തിരുത്തിയെഴുതിയ നടികളിലൊരാളാണ് ശബാന.

സവിശേഷതകൾ നിറഞ്ഞ ഒരു ജീവിതയാത്രയായിരുന്നു അവരുടേത്. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് അഭിനയം പഠിച്ചിറങ്ങിയ ഉടനെതന്നെയാണ് അവർ പ്രഥമ ചിത്രമായ ‘അങ്കുറി’ൽ അഭിനയിച്ചത്. ശ്യാം ബെനഗൽ സംവിധാനംചെയ്ത ആദ്യ ചിത്രമായ ‘അങ്കുറി’ലെ അഭിനയത്തിന് ശബാന ആസ്മിക്ക് ഏറ്റവും മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചത് അനുപമമായ തുടക്കംതന്നെയായിരുന്നു. സിനിമയിൽ ഹരിശ്രീ കുറിച്ച ഉടനെ ലോകശ്രദ്ധ നേടാൻ കഴിയുക എന്നത് അത്യപൂർവമായ നേട്ടംതന്നെയാണ്. വർഷങ്ങൾക്കുശേഷം ഒരിക്കൽ ഇന്ത്യ ഇന്റർനാഷനൽ സെന്ററിൽ (ഡൽഹി) വെച്ച് അവരോട് സംസാരിക്കവെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രത്തെക്കുറിച്ച് ചോദിച്ച അവസരത്തിൽ ശബാന പറഞ്ഞത്, ‘‘അങ്കുറിലെ ലക്ഷ്മിയോട് ഒരു പ്രത്യേക അടുപ്പം അന്നും ഇന്നും തോന്നിയിരുന്നു.’’ ‘‘ഒരുപക്ഷേ, ആദ്യം അവതരിപ്പിച്ച കഥാപാത്രം എന്ന നിലക്കാവാം.’’ ‘‘അവാർഡ് ഒരു ഘടകമോ സ്വാധീനമോ ആയിട്ടുണ്ടോ?’’ ‘‘അംഗീകാരം ലഭിക്കുന്നത് തീർച്ചയായും സംതൃപ്തി നൽകുന്ന കാര്യമാണ്.’’

പിന്നീട് ലഭിച്ച നാല് നാഷനൽ അവാർഡുകളടക്കം അഞ്ചുതവണ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയ അഭിനേത്രി കൂടിയാണ് ശബാന ആസ്മി. ‘അങ്കുർ’ (74), ‘അർഥ്’ (83), ‘ഖണ്ഡഹാർ’ (84), ‘പാർ’ (85), ‘ഗോഡ് മദർ’ (99) എന്നീ ചിത്രങ്ങൾ. വൈവിധ്യമാർന്ന നിരവധി കഥാപാത്രങ്ങളെ വളരെ സാർഥകമായി തിരശ്ശീലയിലവതരിപ്പിക്കുവാൻ ശബാനക്ക് കഴിഞ്ഞു. ഇന്ത്യൻ സിനിമയിലെ മഹാരഥന്മാരായ സംവിധായകരുടെ പടങ്ങളിലെല്ലാം അവർ അഭിനയിച്ചിരുന്നു.

സത്യജിത് റായി (ശതരഞ്ജ് കെ. ഖിലാഡി), മൃണാൾ സെൻ (ഖണ്ഡഹാർ), ഗൗതംഘോഷ് (പാർ), ശേഖർ കപൂർ (മാസും), ദീപാ മെഹ്ത്ത (ഫയർ) തുടങ്ങിയ സംവിധായകരെല്ലാം ശബാനക്ക് കഥാപാത്രങ്ങൾ നൽകി. യഥാതഥമായ അവതരണരീതിയായാലും (അങ്കുർ, നിശാന്ത്, മണ്ഡി), കാൽപനികതയുടെ ശൈലിയായാലും (മാഡം, ഫയർ) കാലഘട്ടത്തെ അടയാളപ്പെടുത്തിയ പീരിയഡ് ഫിലിമിലായാലും (ശതരഞ്ജ് കെ. ഖിലാഡി, ഉംറാവു ജാൻ) അവരുടെ അഭിനയം വേറിട്ടുനിൽക്കുകയും സഫലമാകുകയും ചെയ്തിരുന്നു.

ദീപാ മെഹ്ത്തയുടെ ഏറ്റവും വിവാദങ്ങൾക്ക് തിരികൊളുത്തിയ ‘ഫയർ’ എന്ന ‘ലെസ്ബിയനിസം’ പ്രമേയമായ പടത്തിൽ ശബാന നന്ദിതാദാസിനൊപ്പമാണ് അഭിനയിച്ചത്. ‘മണ്ഡി’ നിരവധി കഥാപാത്രങ്ങൾ ഉൾപ്പെട്ട ശ്യാം ബെനഗൽ ചിത്രമാണ്. ‘ഫയറി’ൽ അഭിനയിച്ചതിനെക്കുറിച്ച് അവർ പറഞ്ഞത് ഓർക്കുന്നു: ‘‘ബോൾഡായ തീമാണ്. ദീപാ ക്യാൻ ബ്രിങ്ഔട്ട് ദ ബെസ്റ്റ് പെർഫോമൻസ് ഫ്രം ദ കാസ്റ്റ്.’’ ‘ഫയർ’ അവർ ആസ്വദിച്ചു ചെയ്ത പടമാണെന്നും വിവാദങ്ങളൊന്നും അവരെ ബാധിച്ചിട്ടില്ലെന്നും ശബാന കൂട്ടിച്ചേർത്തു. കഥാപാത്രത്തെ​േപ്പാലെ ‘ബോൾഡ്’ ആണ് ശബാനയും.

നാഷനൽ അവാർഡ്ദാന ചടങ്ങിന്റെ വേദിതന്നെ പ്രതിഷേധത്തിനായി വിനിയോഗിക്കാൻ ശബാന മടിച്ചില്ല. ഗുജറാത്ത് വംശഹത്യക്കെതിരെയുള്ള പ്രതികരണമാണ് അവർ അവാർഡ് വേദിയിൽ നടത്തിയത്. അതുപോലെ പല അവസരങ്ങളിലും അവർ മനസ്സു തുറന്നു പ്രതികരിച്ചിരുന്നു. അങ്ങനെയുള്ള പ്രതിഷേധങ്ങളും പ്രതികരണങ്ങളും തന്നെ എങ്ങനെ ബാധിക്കുമെന്ന് അവർ ചിന്തിച്ചിരുന്നില്ല. ഒരു മികച്ച അഭിനേത്രി മാത്രമല്ല, നല്ലൊരു ആക്ടിവിസ്റ്റ് കൂടിയാണ് ശബാന.

ശ്യാം ബെനഗലിന്റെ ‘അങ്കുറി’ൽ ഒരു ഗ്രാമീണ യുവതിയായാണ് ശബാന പ്രത്യക്ഷപ്പെട്ടത്. ജമീന്ദാർ യുവാവുമായി ശാരീരികബന്ധം പുലർത്തുന്ന ഒരു കർഷക​ത്തൊഴിലാളി സ്ത്രീ. അനന്ത് നാഗ് ജമീന്ദാറായി വന്നു. അഭിനയം ജീവിതംതന്നെയെന്ന പാഠഭേദം ഓർമിച്ചുകൊണ്ടുള്ള പ്രകടനമാണ് ശബാന ആസ്മി നടത്തിയത്. ഹിന്ദി കവി കൈഫി ആസ്മിയുടെ മകളായി ജനിച്ച ശബാന സാംസ്കാരിക സമ്പന്നമായ ചുറ്റുപാടിലാണ് ബാല്യകൗമാരങ്ങൾ ചെലവിട്ടത്. എഴുത്തുകാരും കലാകാരന്മാരും അവരുടെ വീട്ടിലെ നിത്യ സന്ദർശകരായിരുന്നു. അഭിനേത്രിയാകാനുള്ള അഭിലാഷംതന്നെയാണ് ശബാനയെ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിച്ചത്.

അക്കാലത്തെ അവിടത്തെ അന്തേവാസികളും സഹപാഠികളുമായിരുന്നു സയ്യിദ് മിർസ, കുന്ദൻഷാ തുടങ്ങിയവർ. ശബാനയോടൊത്ത് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച സ്മിതാ പാട്ടീൽ ടെലിവിഷൻ അവതാരകയും ന്യൂസ് റീഡറുമായിരുന്നു. ശ്യാം ബെനഗൽതന്നെയാണ് സ്മിതാ പാട്ടീലിനെയും സിനിമാരംഗത്തേക്ക് ക്ഷണിച്ചത്.

‘മണ്ഡി’യിൽ ഇരുവരും മത്സരിച്ച് അഭിനയിക്കുകയായിരുന്നു. അതുപോലെ ആർട്ട് ഹൗസ് സിനിമയുടെ രംഗത്തുമാത്രം ഒതുങ്ങിനിൽക്കാതെ മെയിൻസ്ട്രീം മേഖലയിലേക്ക് അവരിരുവരും പ്രവേശിച്ചത് ഏതാണ്ട് ഒരേസമയം തന്നെ. അമിതാഭ് ബച്ചന്റെയും വിനോദ് ഖന്നയുടെയും നായികമാരായി! ഹോളിവുഡിൽനിന്ന് അവർക്ക് ഓഫറുകൾ വരുന്നുവെന്ന റിപ്പോർട്ട് ഒരിക്കൽ ശബാനയുടെ ശ്രദ്ധയിൽപെടുത്തിയപ്പോൾ അവർ മന്ദഹസിച്ചുകൊണ്ട് പറഞ്ഞു: ‘‘വൈൽഡ് റൂമേഴ്സ് വിത്ത് ഔട്ട് എനി ബേസ് ഓർ സബ്സ്റ്റൻസ്.’’

‘‘അവസരം ലഭിച്ചാൽ സ്വീകരിക്കുമോ?’,

‘‘ഇറ്റ് ഡിപ്പെൻസ്’’, ‘‘നമുക്കു പറ്റിയ റോൾ ആണോ. കൂടെ ആരെല്ലാം എന്നതിനെ ആശ്രയിച്ചിരിക്കും.’’ ‘‘അങ്ങനെയൊരു ഉദ്ദേശ്യം’’, ‘‘നോട്ട് അറ്റ് ഓൾ...’’ ഹിന്ദി സിനിമാ രംഗത്ത് അവർ പൂർണ സംതൃപ്തയായിരുന്നു.

ശബാന ആസ്മിയും സ്മൃതി പാട്ടീലും ലോകോത്തര ചലച്ചിത്രമേളയായ ഫ്രാൻസിലെ കാൻ മേളയിൽ പ​ങ്കെടുത്ത വിവരം എഴുതിയത് രസകരമായാണ്. എൻ.എഫ്.ഡി.സി ചിത്രവുമായാണ് അവർ കാനിലെത്തിയത്. എന്നാൽ, മറ്റ് നിർമാതാക്കളെ പോലെ ആർഭാടപൂർവം പാർട്ടി നടത്താനും പടത്തിന് ​ഫ്രീ പബ്ലിസിറ്റി നേടാനുമൊന്നുമുള്ള സംവിധാനം അവർക്കുണ്ടായിരുന്നില്ല. ഇരുവരും കാഞ്ചിപുരം പട്ടുസാരിയുടുത്ത് കാൻ വേദികളിലൂടെ ഉലാത്തിക്കൊണ്ടാണ് പടത്തിലേക്കും ഇന്ത്യൻ ഡെലിഗേറ്റ്സുകളിലേക്കും പത്രക്കാരുടെ ശ്രദ്ധയാകർഷിച്ചത്. ‘‘ഇറ്റ് വാസ് ലൈക്ക് എ ഫാഷൻ പരേഡ്’’ കാൻ നിശാപാർട്ടികളുടെ വേദികൂടിയാണ്. വലിയ തോതിൽ പണമൊഴുക്കിയാണ് വിവിധ രാജ്യങ്ങളിലെ നിർമാതാക്കൾ പടങ്ങളുടെ പ്രചാരം നടത്തുന്നത്.

ഇന്ത്യയിലെ പ്രമുഖ സംവിധായകരിൽ അടൂർ ഗോപാലകൃഷ്ണന്റെയും അരവിന്ദന്റെയും ചിത്രങ്ങളിൽ മാത്രമാണ് ശബാന ആസ്മിക്ക് അഭിനയിക്കാൻ കഴിയാതെപോയത്. സ്മിതാ പാട്ടീൽ അരവിന്ദന്റെ ‘ചിദംബര’ത്തിൽ അഭിനയിച്ച് ശ്രദ്ധ നേടിയപ്പോൾ ഒരവസരം തനിക്കും ലഭിക്കുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നു. എന്തുകൊണ്ടോ അടൂരിൽനിന്നോ അരവിന്ദനിൽനിന്നോ ഒരവസരം ശബാനയെ തേടിയെത്തിയില്ല. മലയാളത്തിൽ ആർട്ട് ഹൗസ് പടങ്ങളെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് അവർക്കുണ്ടായിരുന്നത്. മും​െബെയിലും ഡൽഹിയിലും മലയാള പടങ്ങൾ കാണാൻ ലഭിക്കുന്ന വിരളമായ അവസരങ്ങൾ അവർ ഉപയുക്തമാക്കിയിരുന്നു. അതുപോലെതന്നെ മൃണാൾസെന്നിന്റെയും മറ്റും ബംഗാളി ചിത്രങ്ങളും.

‘ഫയർ’ എന്ന ദീപാ മെഹ്ത്ത ചിത്രമാണ് ശബാനക്കും നന്ദിതക്കും ലോകശ്രദ്ധ നേടിക്കൊടുത്തത്. നിരവധി ലോക ചലച്ചിത്രമേളകളിൽ ‘ഫയർ’ പ്രദർശിപ്പിക്കുകയും അനുകൂലമായും പ്രതികൂലമായും റിവ്യൂകൾ ലഭിക്കുകയും ചെയ്തിരുന്നു. ഒരു അഭിനേത്രി എന്ന നിലക്കുള്ള ശബാനയുടെ വികാസ പരിണാമം അടയാളപ്പെടുത്തിയ പടമാണ് ‘ഫയർ’. സാധാരണ പ്രമേയത്തിൽനിന്ന് വ്യത്യസ്തമായി ‘സ്വവർഗാനുരാഗ’ത്തിന്റെ കഥ പറയുന്ന പടമാണ് ‘ഫയർ’. ഇന്ത്യൻ സിനിമയിൽ ഒരു ദിശാ മാറ്റത്തിന്റെ നാന്ദികുറിച്ച രചന. ലോക സിനിമയിൽ ഇത്തരം ഇതിവൃത്തങ്ങൾക്ക് പുതുമയില്ലെങ്കിലും ഇന്ത്യൻ സിനിമ കൈവെക്കാത്ത മേഖലയായിരുന്നു ‘ലെസ്ബിയനിസം’, ഹോമോസെക്ഷ്വാലിറ്റി എന്നിവ –പതിറ്റാണ്ടുകൾക്കു മുമ്പുണ്ടായിരുന്നു എന്നും ഓർക്കേണ്ടതുണ്ട്.

ശബാന ആസ്മി ഭർത്താവ് ജാവേദ് അക്തറിനൊപ്പം

ഒരിക്കൽ വിഗ്യാൻഭവനിൽവെച്ച് യാദൃച്ഛികമായി അവരെ കണ്ടപ്പോൾ കൂടെ ഒരു സ്നേഹിത മാത്രമാണുണ്ടായിരുന്നത്. അന്ന് അവർ മലയാള സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതോർക്കുന്നു. മൃണാൾസെൻ ‘കയ്യൂരിന്റെ കഥ’ മലയാളത്തിൽ ചെയ്യാൻ ശ്രമിച്ചിരുന്ന കാലഘട്ടമായിരുന്നു അത്. അവർ മൃണാൾസെന്നിന്റെ ഉദ്യമത്തെക്കുറിച്ച് ആരാഞ്ഞിരുന്നു. പലതവണ സെൻ അതിനായി കേരളത്തിലെത്തിയെങ്കിലും അത് സഫലമായില്ല. സെന്നിന്റെ നടക്കാതെ പോയ ഒരു പ്രധാന ​േപ്രാജക്ട് ആയിരുന്നു ‘കയ്യൂരിന്റെ കഥ’. ഒരുപക്ഷേ, ശബാനക്കും അത് നഷ്ടപ്പെട്ട അവസരം തന്നെയെന്നു പറയാം!

മെയിൻ സ്ട്രീം രംഗത്ത് വലിയ സ്വീകാര്യത ലഭിച്ച ‘മാസൂം’ എന്ന പടത്തിൽ ശബാനയുടെ വേറിട്ടൊരു മുഖവും ശൈലിയുമാണ് ദൃശ്യമായത്. ഭർത്താവിന്റെ, മറ്റൊരു യുവതിയിൽ ജനിച്ച മകനെ സ്വീകരിക്കുന്ന ഭാര്യയു​െട റോളിലാണ് ശബാന പ്രത്യക്ഷപ്പെട്ടത്. ആദ്യത്തെ വെറുപ്പ് പിന്നെ കാരുണ്യമായും സ്നേഹമായും മാറുന്നത് അതീവ ഹൃദ്യവും അനായാസവുമായാണ് ശബാന സഫലീകരിച്ചത്. ശബാനയോടൊപ്പം ശേഖർ കപൂറും മികച്ച പ്രകടനംതന്നെ കാഴ്ചവെച്ചിരുന്നു.

പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനവും ലോകസിനിമ​യെ കുറിച്ചുള്ള പരിചയവും ശബാനയിലെ അഭിനേ​ത്രിക്ക് വളർച്ചയുടെ പടവുകൾ കയറാൻ അവസരമൊരുക്കി. കഥാപാത്രത്തിന്റെ മാനസിക നിലയും ശാരീരിക രീതികളും ഹൃദിസ്ഥമാക്കി അഭിനയിക്കുന്ന ശൈലിയാണ് ശബാനയുടേത്. അതുകൊണ്ടുതന്നെ കഥാപാത്രത്തിന്റെ മനസ്സു മാത്രമല്ല ആത്മചൈതന്യം തന്നെ ശബാന ഉൾക്കൊണ്ടിരുന്നു. ‘അങ്കുറി’ലെ ലക്ഷ്മിയിൽ തുടങ്ങിയ അഭിനയസപര്യ അമ്പതു വർഷത്തിലെത്തിയിട്ടും അതേ സമർപ്പണബോധത്തോടെ തന്നെ തുടരുന്നു.

സത്യജിത് റായ്, മൃണാൾസെൻ തുടങ്ങിയ മഹാരഥന്മാരുടെ പടങ്ങളിൽ അഭിനയിക്കാൻ കഴിഞ്ഞത് ശബാനക്ക് ലഭിച്ച വരപ്രസാദംതന്നെയായിരുന്നു. സമ്പത്തിന്റെ ചുറ്റുപാടിലും ഏകാന്തദുഃഖമനുഭവിക്കുന്ന, ഏകാകിതയുടെ തടവുകാരിയായ ബീഗത്തെ ‘ശത് രഞ്ജ് കെ ഖിലാഡി’യിൽ ശബാന പൂർണതയോടടുപ്പിക്കുന്നതായി കാണാം. ‘പാർ’ എന്ന ചിത്രത്തിലെ നസിറുദ്ദീൻ ഷായോടൊപ്പമുള്ള അഭിനയവും കിടയറ്റതാണ്. ദാരിദ്ര്യവും പട്ടിണിയും പരിവട്ടവുമായി കഴിയുന്ന ‘പാറി’ലെ കഥാപാത്രവും ‘ശത് രഞ്ജി’ലെ ബീഗവും ഇരു ധ്രുവങ്ങളിൽ നിൽക്കുന്നവരാണ്.

അനന്ത്നാഗ്, നസിറുദ്ദീൻ ഷാ, ഓംപുരി, കുൽഭൂഷൻ കർബന്ത, അമരീഷ് പുരി, ശേഖർ കപൂർ തുടങ്ങിയ അഭിനേതാക്കൾക്കൊപ്പം കിടപിടിക്കുന്ന പ്രകടനം അവർ നടത്തിയിരുന്നു. ഏതു കഥാപാത്രമായാലും തന്റേതായ ഒരു കൈയൊപ്പ് ചാർത്താൻ അനായാസമായി കഴിഞ്ഞ അഭിനേത്രിയാണ് ശബാന ആസ്മി. ഇൻഗ്രിഡ് ബെർഗ്മാൻ, ലിവ് ഉൾമാൻ, മെറിൽ സ്ട്രീപ് തുടങ്ങിയ നടികളുടെ ശ്രേണിയിലേക്ക് ഉയർന്ന കലാകാരിയാണ് ശബാന. സത്യജിത് റായിയും മൃണാൾസെന്നും ശേഖർ കപൂറുമെല്ലാം ശബാനക്ക് നൽകിയത് ഉയർന്ന മാർക്കുതന്നെയാണ്. അവരുടെ കഥാപാത്രങ്ങൾക്ക് ശബാന സ്ക്രീനിൽ ജീവൻ നൽകുകതന്നെയാണ് ചെയ്തത്. ബംഗാളി നടികൾ കൂടാതെ ഹിന്ദിയിൽനിന്ന് സത്യജിത് റായ് സ്വീകരിച്ച നടികൾ ശബാനയും സ്മിതാ പാട്ടീലും വഹീദാ റഹ്മാനും മാത്രം.

‘‘റായിയുടെയും സെന്നി​ന്റെയും ബെനഗലിന്റെയും പടങ്ങളിൽ റോളുകൾ ലഭിച്ചത് ഭാഗ്യമായി കരുതുന്നു.’’ മഹാരഥന്മാരിൽനിന്ന് പല പാഠങ്ങളും ഉൾക്കൊള്ളാൻ ശബാനക്ക് സാധിച്ചു. ലോക സിനിമയിലെത്തന്നെ അതികായന്മാരായ രചയിതാക്കൾക്കൊപ്പം പ്രവർത്തിക്കുക എന്നത് വേറിട്ട അനുഭവംതന്നെയാണ്. ‘അങ്കുർ’ എന്ന പ്രഥമ ചിത്രം മുതൽ അവരുടെ അഭിനയത്തിന്റെ സവിശേഷതയാണ് അനായാസമായ അവതരണം. ഏതാനും രംഗങ്ങൾ കൊണ്ടുതന്നെ കഥാപാത്രമായി മാറാൻ അവർക്ക് കഴിയുന്നു. തന്റേതായ ഒരു എക്സ്ട്രാ ഡൈമെൻഷൻ കഥാപാത്രങ്ങൾക്ക് പ്രദാനം ചെയ്യാനും.

സംവിധാന മോഹമൊന്നും അവരിൽ അങ്കുരിച്ചിരുന്നതായി അറിയിച്ചില്ല. നല്ലൊരു വായനക്കാരിയെന്നത് അഭിനേത്രിയെന്ന നിലക്കുള്ള അവരുടെ യാത്രയിൽ ഏറെ സഹായകമായിട്ടുണ്ടെന്ന് പറയാം. ഇന്ത്യൻ സിനിമ ‘മേ​ക്കിങ്ങിൽ’ ഏറെ പരിവർത്തന വിധേയമായിട്ടുണ്ട്. എങ്കിലും മികച്ച പ്രകടനങ്ങൾ എക്കാലത്തും പ്രസക്തംതന്നെയാണ്. സ്മിതാ പാട്ടീലിന്റെ അഭാവം ഏറക്കുറെ പരിഹരിച്ചത് ശബാനയുടെ സജീവ സാന്നിധ്യംകൊണ്ടുകൂടിയാണ്. നവാഗത അഭിനേത്രികൾക്ക് പാഠപുസ്തകംപോലെയാണ് ശബാനയുടെ ചിത്രങ്ങളും കഥാപാത്രങ്ങളും. ഇനിയും ശബാനയിൽനിന്ന് ഇന്ത്യൻ സിനിമക്ക് നല്ല കഥാപാത്രങ്ങൾ ലഭിക്കുമെന്ന് നമുക്ക് തീർച്ചയായും പ്രതീക്ഷിക്കാം. പോയകാലം അത് സാക്ഷ്യപ്പെടുത്തുന്നു.

Show More expand_more
News Summary - Shabana Azmi has completed half a century in cinema