Begin typing your search above and press return to search.
proflie-avatar
Login

കാലം കുറഞ്ഞ ദിനമെങ്കിലുമർഥദീര്‍ഘം

കാലം കുറഞ്ഞ ദിനമെങ്കിലുമർഥദീര്‍ഘം
cancel

മലയാള സിനിമയിൽ എം.ടിയുടെ ഇടപെടലുകൾ എന്തായിരുന്നു? എങ്ങനെയൊക്കെയാണ്​ സിനിമയുടെ ഭാഷയെ അദ്ദേഹം മാറ്റിയത്​? സിനിമാ- സാഹിത്യ മേഖലകളെ എം.ടി നിര്‍മിക്കുകയും വലിയൊരു കാലയളവോളം നിയന്ത്രിക്കുകയും ചെയ്തതെങ്ങനെയെന്ന് വിമര്‍ശനാത്മകമായി പരിശോധിക്കുകയാണ്​ ചലച്ചിത്ര നിരൂപകൻകൂടിയായ ലേഖകൻ. എം.ടി വിടവാങ്ങി. എന്തായിരുന്നു കേരളീയ സാംസ്കാരിക മണ്ഡലത്തിലെ എം.ടിയുടെ സ്ഥാനം? സാഹിത്യകാരന്‍, പത്രാധിപര്‍, ചലച്ചിത്ര പ്രവര്‍ത്തകന്‍ തുടങ്ങിയ മേഖലകളില്‍ വ്യാപൃതനായിരുന്ന കലാകൃത്ത് എന്ന നിലയില്‍ കേരളീയ പൊതുബോധത്തില്‍ എം.ടിയെന്ന പേര് സ്ഥാനപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ തൂലികാവിന്യാസത്തില്‍...

Your Subscription Supports Independent Journalism

View Plans
മലയാള സിനിമയിൽ എം.ടിയുടെ ഇടപെടലുകൾ എന്തായിരുന്നു? എങ്ങനെയൊക്കെയാണ്​ സിനിമയുടെ ഭാഷയെ അദ്ദേഹം മാറ്റിയത്​? സിനിമാ- സാഹിത്യ മേഖലകളെ എം.ടി നിര്‍മിക്കുകയും വലിയൊരു കാലയളവോളം നിയന്ത്രിക്കുകയും ചെയ്തതെങ്ങനെയെന്ന് വിമര്‍ശനാത്മകമായി പരിശോധിക്കുകയാണ്​ ചലച്ചിത്ര നിരൂപകൻകൂടിയായ ലേഖകൻ.

എം.ടി വിടവാങ്ങി. എന്തായിരുന്നു കേരളീയ സാംസ്കാരിക മണ്ഡലത്തിലെ എം.ടിയുടെ സ്ഥാനം? സാഹിത്യകാരന്‍, പത്രാധിപര്‍, ചലച്ചിത്ര പ്രവര്‍ത്തകന്‍ തുടങ്ങിയ മേഖലകളില്‍ വ്യാപൃതനായിരുന്ന കലാകൃത്ത് എന്ന നിലയില്‍ കേരളീയ പൊതുബോധത്തില്‍ എം.ടിയെന്ന പേര് സ്ഥാനപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ തൂലികാവിന്യാസത്തില്‍ രൂപമെടുത്ത സാഹിത്യ-ചലച്ചിത്ര ഭാഷ്യങ്ങള്‍ കേരളദേശത്തിന്റെ, വിശിഷ്യാ വള്ളുവനാടന്‍ ദേശപ്പെരുമയുടെ സാക്ഷ്യപത്രങ്ങളാകുന്നു. ജീവിച്ചിരിക്കുമ്പോഴും മരണശേഷവും എം.ടിയോളം വാഴ്ത്തപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്ത എഴുത്തുകാര്‍ മലയാളത്തില്‍ വിരളമാണ്.

മറ്റൊരർഥത്തില്‍ പരിശോധിക്കുമ്പോള്‍, ഇത്തരം പ്രേക്ഷക/വായന സമൂഹത്തിന്റെ പ്രതികരണങ്ങള്‍ എം.ടിയുടെ സര്‍ഗപ്രതിഭയുടെ വ്യാപ്തികൂടിയാണ് ധ്വനിപ്പിക്കുന്നത്. വ്യത്യസ്ത അഭിരുചി പുലര്‍ത്തുന്ന, വിവിധ കാലഘട്ടങ്ങളെ പ്രതിനിധാനംചെയ്യുന്ന വായന/കാണി സമൂഹങ്ങള്‍ക്കിടയില്‍ യോജിപ്പിന്റെയും വിയോജിപ്പിന്റെയും സവിശേഷമായ സംവാദാന്തരീക്ഷം നിര്‍മിച്ചെടുക്കാന്‍ എം.ടിക്കായി എന്നത് നിസ്സാരമായ കാര്യമല്ല.

മരണദിവസം എം.ടിയെ വിശേഷിപ്പിച്ചുകൊണ്ട് അച്ചടി/ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വാഴ്ത്തുപാട്ടുകള്‍ക്കും സ്തുതിവചനങ്ങള്‍ക്കുമപ്പുറം എന്താണ് എം.ടി കേരളീയ സാംസ്കാരിക പരിസരത്ത് അവശേഷിപ്പിച്ചതെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ആലങ്കാരിക വിശേഷണങ്ങള്‍ക്കപ്പുറം, സിനിമ-സാഹിത്യമേഖലകളെ എം.ടി നിര്‍മിക്കുകയും വലിയൊരു കാലയളവോളം നിയന്ത്രിക്കുകയും ചെയ്തതെങ്ങനെയെന്ന് വിമര്‍ശനാത്മകമായി പരിശോധിക്കുകയാവും അദ്ദേഹത്തിന് നല്‍കാവുന്ന സര്‍ഗാത്മകമായ യാത്രാമൊഴി. അത്തരത്തില്‍, മലയാള സിനിമാചരിത്രത്തില്‍ എം.ടി എവ്വിധം ഇടപെട്ടുവെന്നതിലേക്കുള്ള പ്രവേശികയാണ് ഈ ലേഖനം. തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ മലയാള സിനിമയില്‍ അനിവാര്യമായിരുന്ന ഭാവുകത്വവ്യതിയാനം നടപ്പാക്കാന്‍ എം.ടിക്കായി എന്നതില്‍ സംശയമില്ല.

എം.ടി താണ്ടിയ സിനിമാ ദൂരങ്ങള്‍

മലയാള സിനിമയുടെ ആദ്യനാളുകള്‍ മുതല്‍ സാഹിത്യവുമായുള്ള ബന്ധം നിലനിന്നിരുന്നു. മാര്‍ത്താണ്ഡവര്‍മയില്‍ ആരംഭിക്കുന്ന ഇത്തരമൊരു ബാന്ധവം പിന്നീട് നിരവധി സിനിമകളിലൂടെ വികസിതമായി. എം.ടിക്കുമുമ്പ് മലയാള സിനിമയില്‍ സജീവസാന്നിധ്യമായിരുന്ന സാഹിത്യകാരന്മാര്‍ മുഖ്യമായും നാടകമേഖലയില്‍ നിന്നുള്ളവരായിരുന്നു. സിനിമക്കാവശ്യമായ കഥയും സംഭാഷണവും രചിക്കുകയെന്ന ദൗത്യമായിരുന്നു ഇവര്‍ നിര്‍വഹിച്ചിരുന്നത്. മുതുകുളം രാഘവന്‍ പിള്ള, എന്‍.പി. ചെല്ലപ്പന്‍ നായര്‍, മുന്‍ഷി പരമുപിള്ള, കെടാമംഗലം സദാനന്ദന്‍, നാഗവള്ളി ആര്‍.എസ്. കുറുപ്പ്, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, ജഗതി എന്‍.കെ. ആചാരി എന്നിവര്‍ സജീവമായി നാടകരംഗത്ത് പ്രവര്‍ത്തിച്ച പരിചയം കൈമുതലാക്കി സിനിമയില്‍ സംഭാഷണം ഒരുക്കിയവരാണ്.

സമാന കാലയളവില്‍ത്തന്നെ മുട്ടത്തു വര്‍ക്കി, പൊന്‍കുന്നം വര്‍ക്കി, തകഴി, ഉറൂബ്, ബഷീര്‍ എന്നിവരും തങ്ങളുടെ സിനിമാസാന്നിധ്യം അറിയിച്ചിരുന്നു. തിരക്കഥാരചന എന്നതിലുപരി, സിനിമയുടെ കഥാപരിസരത്തിനിണങ്ങുന്ന വിധം ആകര്‍ഷകമായ സംഭാഷണം രചിക്കുക മാത്രമാണ് ഇവര്‍ നിര്‍വഹിച്ചിരുന്നത്. അതിനാല്‍ത്തന്നെ, സാഹിത്യാംശത്തേക്കാളുപരി അതിനാടകീയമായ സംഭാഷണങ്ങള്‍ ഇക്കാലയളവിലെ മലയാള സിനിമകളില്‍ കണ്ടെത്താവുന്നതാണ്.

ഇത്തരം അതിഭാവുകത്വം കലര്‍ന്നവയും സംഭാഷണകേന്ദ്രിതവുമായി നീങ്ങിയിരുന്ന മലയാള സിനിമാമേഖലയിലെ പുതുപ്രവണതകളായി ഉയര്‍ന്നുവന്നത് ഉദയായുടെ നേതൃത്വത്തില്‍ വടക്കന്‍പാട്ട് സിനിമകളും മെറിലാൻഡിന്റെ നിര്‍മാണത്തില്‍ പുറത്തുവന്ന പുരാണ-ഇതിഹാസാനുകൽപന ഭക്തി സിനിമകളുമായിരുന്നു. സമാന കാലയളവില്‍തന്നെയാണ് ശോഭന പരമേശ്വരന്‍ നായരുടെ കണ്ടെത്തലായി സിനിമയിലേക്കുള്ള എം.ടിയുടെ രംഗപ്രവേശം.

തന്റെ സാഹിത്യസൃഷ്ടികള്‍ കൊണ്ടുതന്നെ അതിനോടകം ശ്രദ്ധ നേടിയിരുന്ന എം.ടിയുടെ ‘സ്നേഹത്തിന്റെ മുഖങ്ങള്‍’ എന്ന ചെറുകഥ ശോഭന പരമേശ്വരന്‍ നായര്‍ സിനിമയാക്കാന്‍ നിശ്ചയിക്കുകയും അതിന്റെ രചന എം.ടിയെത്തന്നെ ഏൽപിക്കുകയും ചെയ്യുന്നു. അപ്രകാരം, 1965ല്‍ തന്റെ ചെറുകഥയെ ആസ്പദമാക്കി എം.ടി രചിച്ച തിരക്കഥയാണ് ‘മുറപ്പെണ്ണ്’ (പ്രസ്തുത സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ കഥ, സംഭാഷണം എന്നാണ് സൂചിപ്പിച്ചിരിക്കുന്നതെന്നും, തിരക്കഥയെന്ന് രേഖപ്പെടുത്തിയിട്ടില്ലായെന്നും ശ്രദ്ധിക്കുക).

അതുവരെ മലയാള സിനിമ പിന്തുടര്‍ന്നിരുന്ന നടപ്പുശീലങ്ങളില്‍നിന്ന് ‘മുറപ്പെണ്ണ്’ രണ്ടുതരത്തില്‍ കുതറിമാറിയിരുന്നുവെന്നത് ശ്രദ്ധേയമാണ്. നാടകകൃത്തുക്കളായ സിനിമാ സംഭാഷണ രചയിതാക്കളില്‍നിന്ന് നോവലിസ്റ്റുകളിലേക്ക് സിനിമയുടെ സാഹിത്യജീവിതം സഞ്ചരിച്ചപ്പോള്‍, പ്രകടമായിത്തന്നെ അതിനാടകീയാംശങ്ങളില്‍ കാതലായ വ്യതിയാനം സംഭവിക്കുന്നുണ്ട് (1954ല്‍ പ്രദര്‍ശനത്തിനെത്തിയ നീലക്കുയില്‍ പോലുള്ള ഒറ്റപ്പെട്ട സിനിമകളില്‍ അതിനാടകീയാംശം കുറവായിരുന്നുവെന്നത് വിസ്മരിക്കുന്നില്ല). അത്തരത്തില്‍ സാഹിത്യാംശം നിലനിര്‍ത്തിക്കൊണ്ടുതന്നെ അതിനാടകീയതയുടെ തോത് വലിയ രീതിയില്‍ കുറയുന്നത് എം.ടി സിനിമാരചനയിലേക്ക് കടന്നുവരുന്നതോടു കൂടിയാണ്. അപ്രകാരം പരിശോധിക്കുമ്പോള്‍ അദ്ദേഹം സിനിമാ രചനാസങ്കേതങ്ങളില്‍ നടപ്പാക്കിയ വ്യതിയാനങ്ങള്‍ ഇവയാണ്:

1). നാടകത്തിന്റെ ഘടനയില്‍നിന്ന് മലയാള സിനിമയെ വലിയൊരളവോളം മുക്തമാക്കിക്കൊണ്ട് സുഘടിതവും വ്യവസ്ഥാപിതവുമായ തിരക്കഥാസങ്കേതം വികസിപ്പിക്കുന്നു.

2). അക്കാലത്ത് ജനപ്രിയ ചേരുവയെന്ന നിലയില്‍ പ്രയോഗത്തിലുണ്ടായിരുന്ന തിരുവനന്തപുരം കേന്ദ്രീകൃത ഭാഷാശൈലിക്ക് ബദലായി വള്ളുവനാടന്‍ മലയാളം പ്രയോഗത്തില്‍ വരുത്തി.

നാടകത്തിന്റെ ശൈലിയില്‍നിന്നുള്ള വിച്ഛേദം എം.ടി നടപ്പാക്കുമ്പോള്‍ അതിനനുകൂലമായ ഇതര സാഹചര്യങ്ങളും ലഭ്യമായിരുന്നുവെന്നത് ശ്രദ്ധേയമാണ്. ടി.കെ. പരീക്കുട്ടി, ശോഭന പരമേശ്വരന്‍ നായര്‍ തുടങ്ങിയ നിര്‍മാതാക്കളൊരുക്കിയ പന്ഥാവില്‍, സിനിമയെക്കുറിച്ചുള്ള സാങ്കേതിക ധാരണയും സര്‍ഗശേഷിയുമുള്ള രാമു കാര്യാട്ട്, പി. ഭാസ്കരന്‍, എ. വിൻസെന്റ് തുടങ്ങിയ സംവിധായകര്‍ സഞ്ചരിച്ചുതുടങ്ങിയിരുന്നു. സിനിമയുടെ ആഖ്യാനസാധ്യതകളില്‍തന്നെ പുതുപ്രവണതകള്‍ പരീക്ഷിക്കാനും പ്രമേയപരിസരങ്ങള്‍ ജീവിതഗന്ധിയായി നിലനിർത്താനും ഇത്തരമൊരു അനുകൂല സാഹചര്യം എം.ടിക്ക് ലഭിച്ചു. മറ്റൊരുതരത്തില്‍ പരിശോധിക്കുമ്പോള്‍, സിനിമയില്‍ റിയലിസത്തിന്റെ കാല്‍പനികവത്കരണം നടപ്പാക്കാന്‍ അനുയോജ്യമായ പ്രതലം എം.ടിക്കുമുന്നില്‍ തുറന്നിരിക്കുകയായിരുന്നുവെന്ന് വ്യക്തമാകുന്നു.

 

മറ്റൊന്ന്, തനിക്ക് പരിചിതമായ വള്ളുവനാടന്‍ നായര്‍ തറവാടുകളിലെ സംഭാഷണരീതികളും ജീവിതരീതികളും എം.ടി സിനിമകളിലൂടെ വ്യാപകമായി ഉപയോഗപ്പെടുത്തിയെന്നതാണ്. ഭൂപരിഷ്കരണാനന്തരം കേരളീയ സാമൂഹിക ശരീരത്തില്‍ നായർ മേധാവിത്വത്തിനേറ്റ പ്രഹരം വലിയൊരളവോളം ചലച്ചിത്രവത്കരിച്ചത് എം.ടിയായിരുന്നു. എന്നാല്‍, ദേശപരമായി അത്തരം പ്രമേയ പരിസരങ്ങള്‍ മലബാറിലെ വള്ളുവനാടന്‍ പ്രദേശങ്ങളിലേക്ക് ചുവടുമാറുന്നതായും കാണാവുന്നതാണ്.

‘മുറപ്പെണ്ണി’ന്റെ തിരക്കഥ ഒരു സിനിമാ വിതരണക്കാരന്റെ മുന്നില്‍ അവതരിപ്പിക്കുന്ന ഭാഗം ശോഭന പരമേശ്വരന്‍ നായര്‍ എം.ടി: അനുഭവങ്ങളുടെ പുസ്തകം, സിനിമയുടെ കാല്‍പ്പാടുകള്‍ എന്നീ പുസ്തകങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. ‘മുറപ്പെണ്ണി’ല്‍ കഥയില്ലെന്നും സംഭാഷണം വളരെ മോശമാണെന്നും പ്രസ്തുത വിതരണക്കാരന്‍ അഭിപ്രായപ്പെടുന്നു. തിരുവിതാംകൂര്‍ ഭാഗത്തൊന്നും പ്രസ്തുത ചിത്രം സ്വീകരിക്കപ്പെടുകയില്ലെന്നും ഓപ്പോള്‍ എന്ന വിളിയൊക്കെ പ്രേക്ഷകര്‍ക്ക് അസ്വീകാര്യമാകുമെന്നും അദ്ദേഹം ശോഭന പരമേശ്വരന്‍ നായര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മുതുകുളം രാഘവന്‍പിള്ളയെക്കൊണ്ട് സംഭാഷണം തിരുത്തിയെഴുതിക്കണമെന്ന നിർദേശവും വിതരണക്കാരനില്‍ നിന്നുണ്ടാകുന്നു.

ഇത്തരത്തില്‍ പ്രതികൂലമായ സിനിമാസന്ദര്‍ഭങ്ങളില്‍നിന്നാണ് എം.ടി നിര്‍മിച്ച ചലച്ചിത്ര കണ്‍വഴികളിലേക്ക് മലയാള സിനിമ നോട്ടം പായിച്ചുതുടങ്ങുന്നത്. സമാനമായി, ‘ഇരുട്ടിന്റെ ആത്മാവ്’, ‘അസുരവിത്ത്’ തുടങ്ങിയ ചിത്രങ്ങളും ശിഥിലമാകുന്ന നായര്‍ മേധാവിത്വവ്യവസ്ഥയെയും സാമൂഹിക പരിണാമങ്ങളെയും അടയാളപ്പെടുത്തുന്നു.

അത്തരത്തില്‍ പരിശോധിക്കുമ്പോള്‍ പരമ്പരാഗത കൂട്ടുകുടുംബ വ്യവസ്ഥയും അവിടെ അധികാരസ്വരൂപമായി വിളങ്ങിയിരുന്ന അമ്മാവന്‍സ്ഥാനവും ഇത്തരം ചിത്രങ്ങളില്‍ കൂടുതലായി പ്രശ്നവത്കരിക്കപ്പെടുന്നു. സമാന സാഹചര്യങ്ങളില്‍ വ്യവസ്ഥിതിയോട് കലഹിക്കുന്ന അസ്വസ്ഥനായ നായര്‍ പുരുഷനെന്ന ഏകകത്തിലേക്ക് എം.ടിയുടെ സിനിമകളുടെ ശ്രദ്ധ മാറുന്നു. പാരമ്പര്യവും ആധുനിക ലോകബോധവും തമ്മിലരങ്ങേറുന്ന സംഘര്‍ഷഭരിതമായ പ്രമേയപരിസരമാണ് എം.ടിയുടെ ആദ്യകാല സിനിമകളിലെ പ്രശ്നഭൂമിക.

ഭൂപരിഷ്കരണം, സമുദായ സംഘര്‍ഷങ്ങള്‍, കൂട്ടുകുടുംബ വ്യവസ്ഥയുടെ ശൈഥില്യം, ഗള്‍ഫ് പ്രവാസം തുടങ്ങി 1960കള്‍ മുതല്‍ തൊണ്ണൂറുകള്‍ വരെ കേരളത്തിലെ സാമൂഹികചരിത്രത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന പ്രമേയ പരിസരങ്ങളോടുള്ള കൊരുക്കലുകളായിരുന്നു എം.ടിയുടെ സിനിമകള്‍. ജീര്‍ണിച്ച പാരമ്പര്യ മൂല്യവ്യവസ്ഥകളോടുള്ള കലാപശബ്ദമാണ് എം.ടിയുടെ നായകന്മാര്‍ ഉയര്‍ത്തിയതെന്ന് പ്രാഥമിക വായനയില്‍ ബോധ്യപ്പെടുന്നു.

എന്നാല്‍, ഇത്തരം സിനിമകളുടെ പുനര്‍വായനകള്‍ പലപ്പോഴും വ്യത്യസ്തമായ കാഴ്ചകള്‍ക്ക് ഇടം നല്‍കുന്നു. വ്യവസ്ഥകളോട് കലഹിക്കുമ്പോള്‍തന്നെ സമവായം തിരയുന്നതും, തള്ളിപ്പറയുമ്പോള്‍തന്നെ ആശ്ലേഷിക്കുന്നതുമായ അബോധം എം.ടിയുടെ നായകരില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചുരുക്കത്തില്‍, വ്യവസ്ഥാപരമായ വിച്ഛേദത്തിന്റെ തലത്തില്‍ ആന്തരികമായ നിരവധി സംഘര്‍ഷങ്ങള്‍ പേറുന്നവരാണ് എം.ടിയുടെ കഥാപാത്രങ്ങളെന്ന് കാണാവുന്നതാണ്.

തിരക്കഥാ രചനയുടെ സങ്കേതമൊരുക്കുന്നതില്‍ എം.ടി പിന്തുടര്‍ന്ന വഴി ഘടനാബദ്ധമാണ്. രേഖീയമായ ശൈലിയില്‍ സാഹിത്യാംശം നിലനിര്‍ത്തിക്കൊണ്ടുള്ള പരിചരണരീതിയാണ് എം.ടി കൂടുതലായും അനുവര്‍ത്തിച്ചത്.

ആധുനിക വ്യക്തിയുടെ സംഘര്‍ഷഭരിതമായ ആന്തരികതയാണ് ഇവയിലെ പൊതുവായ പ്രമേയ പരിസരം. സംഭാഷണ കേന്ദ്രിതമാണെങ്കിലും തന്റെ മുന്‍ഗാമികളില്‍നിന്ന് എം.ടിയുടെ സിനിമാരചനകള്‍ വ്യത്യസ്തമാണ്. എം.ടിയുടെ കഥാപാത്രങ്ങളുടെ ആന്തരികസംഘര്‍ഷങ്ങള്‍ ഋജുവായ സംഭാഷണങ്ങളിലൂടെ വെളിവാക്കുന്നു. എന്നാല്‍, സാന്ദര്‍ഭികമായ ഇത്തരം സംഭാഷണങ്ങളുടെ അർഥതലം അതിവിപുലമാണ് താനും. മലയാള സിനിമകള്‍ക്ക് അന്യമായിരുന്ന ഈ ശൈലി പുതിയ മാതൃകയായിത്തീര്‍ന്നുവെന്നതില്‍ അത്ഭുതമില്ല.

തിരക്കഥാ രചനയില്‍ എം.ടി സൃഷ്ടിച്ച മാതൃക സവിശേഷ പരിഗണനയര്‍ഹിക്കുന്നു. അതിനായി അദ്ദേഹം പിന്തുടരുന്നത് ഐസന്‍സ്റ്റീന്റെ രചനാശൈലിയാണ്. എം.ടിയുടെ അഭിപ്രായത്തില്‍ തിരക്കഥാ രചനയെന്ന സാങ്കേതിക-കലാപ്രക്രിയക്ക് അനുയോജ്യമായ രീതി പിന്‍പറ്റിയത് ബെര്‍ഗ്മാനോ ഗൊദാര്‍ദോ ആന്‍റോണിയോണിയോ അല്ല, മറിച്ച് ഐസന്‍സ്റ്റീനാണ്. അതിനുകാരണമായി എം.ടി സൂചിപ്പിക്കുന്നത് കഥാപാത്രങ്ങളും പ്രമേയങ്ങളും രചനാവേളയില്‍ എഴുത്തുകാരനില്‍ ആദ്യമുളവാക്കുന്ന പ്രതികരണങ്ങളും മറ്റും അദ്ദേഹം കുറിച്ചുവെക്കുമായിരുന്നുവെന്നതാണ്.

സമാനമായി, വിവരണാത്മകമായ പശ്ചാത്തലം തിരക്കഥാരചനയില്‍ എം.ടിയും പുലര്‍ത്തിയിരുന്നു (എന്റെ പ്രിയപ്പെട്ട തിരക്കഥകള്‍, 12). തിരക്കഥാ രചനയില്‍ തന്റെ പതിവ് ശൈലിയില്‍നിന്ന് ഭിന്നമായി എം.ടി നടത്തുന്ന പരീക്ഷണങ്ങളും പരിഗണിക്കപ്പെടേണ്ടിയിരിക്കുന്നു. ‘അക്ഷരങ്ങള്‍’ (1984), ‘ഒരു വടക്കന്‍ വീരഗാഥ’ (1989), ‘എന്ന് സ്വന്തം ജാനകിക്കുട്ടി’ (1998) തുടങ്ങിയവയില്‍ യഥാക്രമം ഫ്ലാഷ്ബാക്ക് സങ്കേതങ്ങളും ഫാന്റസിയും ഉള്‍ച്ചേര്‍ത്തിരിക്കുന്നു. ഇത്തരം പരീക്ഷണങ്ങള്‍ക്ക് മുതിരുമ്പോഴും, മലയാളി കാണിയുടെ ചലച്ചിത്രാഭിരുചി, ചലച്ചിത്രസാക്ഷരത എന്നിവയെക്കുറിച്ചുള്ള കൃത്യമായ ബോധ്യവും എം.ടി പുലര്‍ത്തിയിരുന്നുവെന്നതില്‍ സംശയമില്ല.

 

​െഎ.വി. ശശി, മമ്മൂട്ടി, എം.ടി

എം.ടി, പ്രമേയതലത്തിലും കഥാപാത്രസൃഷ്ടിയിലും പിന്തുടര്‍ന്നിരുന്ന സംഘര്‍ഷഭരിതമായ പരിചരണരീതി പിന്നീട് മലയാളസിനിമയില്‍ ഏറെക്കാലം പിന്‍പറ്റിയ മാതൃകയായിരുന്നു. ജോണ്‍ പോള്‍, പത്മരാജന്‍ എന്നിവരിലാരംഭിച്ച് ലോഹിതദാസില്‍ എത്തിച്ചേരുന്ന പ്രസ്തുത ശൈലി മലയാളി സിനിമാകാണികളുടെ കാഴ്ചാനുശീലനത്തെ രൂപപ്പെടുത്തി (ഇവരുടേതിന് സമാന്തരമായി നിലനിന്നിരുന്ന ടി. ദാമോദരന്‍, എസ്.എന്‍. സ്വാമി, കലൂര്‍ ഡെന്നിസ്, ഡെന്നിസ് ജോസഫ്, ശ്രീനിവാസന്‍ എന്നിവരുടെ ജനപ്രിയ ചേരുവകളിലൂന്നിയ സിനിമാസംരംഭങ്ങള്‍ വിസ്മരിക്കുന്നില്ല). വ്യക്തിയുടെ ആഭ്യന്തരസംഘര്‍ഷം, സമൂഹവുമായുള്ള ആശയസമരം തുടങ്ങിയ നിരവധി തലങ്ങളിലൂടെ സഞ്ചരിച്ച മലയാള സിനിമയുടെ കല-കമ്പോള യുക്തി പിന്നീട് കാതലായ മാറ്റത്തിന് വിധേയമാകുന്നത് 2005നുശേഷമുള്ള പുതുതലമുറ സിനിമകളിലാണ്.

എം.ടിയുടെ തിരക്കഥകളിലൊരുങ്ങിയ സിനിമകള്‍ സാംസ്കാരിക വിമര്‍ശനത്തിന്റെ ഘട്ടത്തില്‍ പ്രതിനിധാനത്തിന്റെ രാഷ്ട്രീയത്തെ മുന്‍നിര്‍ത്തിയാണ് കൂടുതലായും വിശകലനം ചെയ്യപ്പെട്ടത്. തനിക്ക് സുപരിചിതമായ നായര്‍ തറവാടുകളിലെ ജീവിതപരിസരങ്ങളും ജാതിസൂചനകള്‍ ഉള്ളടങ്ങുന്ന കഥാപാത്രങ്ങളുടെ സംഭാഷണങ്ങളും സിനിമകളിലേക്ക് പകര്‍ത്തിയപ്പോള്‍, പിതൃമേധാവിത്വത്തിന്റെയും ജാതിമേധാവിത്വത്തിന്റെയും അംശങ്ങളും അതില്‍ എം.ടി ഉള്‍ച്ചേര്‍ക്കുന്നു. അവ സംസ്കാരപഠനത്തിന്റെ രീതിശാസ്ത്രപദ്ധതികളനുസരിച്ച് വിമര്‍ശനവിധേയമാകുമ്പോഴും, എം.ടി കേരളത്തിന്റെ സവര്‍ണ ഭൂതകാലത്തിന്റെ അവശേഷിപ്പുകള്‍ മായ്ച്ചുകളഞ്ഞുകൊണ്ടുള്ള വ്യാജവാദത്തിന് മുതിരുന്നില്ലായെന്നതും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മറ്റൊരർഥത്തില്‍, സമത്വസുന്ദരവും ജാതിരഹിതവുമായ ഇന്നലെകളായിരുന്നു കേരളത്തിന്റെ ചരിത്രമെന്ന നവഹിന്ദുത്വ ഫാഷിസ്റ്റ് പ്രചാരണങ്ങളെ പരിശോധിക്കാനുള്ള ചലച്ചിത്രാഖ്യാനങ്ങളായി എം.ടിയുടെ തിരക്കഥകള്‍ അവശേഷിക്കുന്നു.

പ്രമേയപരിസരത്തില്‍ ആവര്‍ത്തിക്കപ്പെട്ട നായര്‍ത്തറവാടിത്ത സൂചനകളേക്കാള്‍ എം.ടിയെന്ന തിരക്കഥാകൃത്ത് വിമര്‍ശിക്കപ്പെടേണ്ടത് അദ്ദേഹം തിരക്കഥാ രചനയില്‍ പിന്തുടര്‍ന്ന ശൈലിയെ മുന്‍നിര്‍ത്തിയാണ്. മുമ്പ് സൂചിപ്പിച്ചതുപോലെ, വലിയൊരു കാലയളവോളം എം.ടി നിര്‍മിച്ച ചലച്ചിത്ര രചനാസങ്കേതങ്ങളില്‍നിന്ന് വിമുക്തമാകാന്‍ മലയാള സിനിമക്ക് സാധിച്ചില്ലായെന്നത് വിശദമായ പരിശോധനക്ക് വിധേയമാക്കേണ്ടതാണ്. സാഹിത്യാംശം നിലനിര്‍ത്തിക്കൊണ്ടുള്ള രചനാശൈലി, വ്യക്തി/പുരുഷന്റെ ആഭ്യന്തരസംഘര്‍ഷങ്ങളില്‍ കേന്ദ്രീകരിക്കുന്ന പ്രമേയം എന്നിവയുടെ ആവര്‍ത്തനം പില്‍ക്കാല തിരക്കഥാകൃത്തുകളെയും പലമട്ടില്‍ സ്വാധീനിച്ചു. എം.ടിയെന്ന തിരക്കഥാ രചനയുടെ പാഠപുസ്തകം ചലച്ചിത്രപഠന മേഖലയുടെ രീതിശാസ്ത്ര പദ്ധതിക്കുള്ളില്‍ വിമര്‍ശിക്കപ്പെടേണ്ടത് ഇത്തരത്തില്‍ക്കൂടിയാവേണ്ടതുണ്ട്.

 

എം.ടി.യും ഹരിഹരനും

എം.ടിയും മലയാള സിനിമാക്കാലവും

എം.ടിയുടെ ചലച്ചിത്ര ജീവിതത്തെ പലമട്ടില്‍ അഭിസംബോധന ചെയ്യാവുന്നതാണ്. തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ സാന്നിധ്യമറിയിച്ച എം.ടിയെ പരിശോധിക്കേണ്ടത് അദ്ദേഹം സിനിമയില്‍ സജീവമായിരുന്ന 1965 മുതല്‍ 2001 വരെയുള്ള മൂന്നരപ്പതിറ്റാണ്ടുകാലം വിശകലനം ചെയ്തുകൊണ്ടാവണം. 1965ല്‍ ‘മുറപ്പെണ്ണി’ല്‍ ആരംഭിക്കുന്ന എം.ടിയുടെ സിനിമാ ജീവിതം അനുസ്യൂതമായി തുടര്‍ന്നത് ‘തീര്‍ത്ഥാടനം’ (2001) വരെയാണ്.

2009ല്‍ പ്രദര്‍ശനത്തിനെത്തിയ ‘കേരളവര്‍മ പഴശിരാജ’ എം.ടിയുടെ കാലത്തിനിണങ്ങാത്ത ചിത്രമായിരുന്നു. ‘നീലത്താമര’ (2009), ‘ഏഴാമത്തെ വരവ്’ (2009), ‘കഥവീട്’ എന്ന സിനിമയിലെ രണ്ടാം ഭാഗം (2013) എന്നിവ മുന്‍സിനിമകളുടെ പുനരാവിഷ്കാരങ്ങളായിരുന്നുവെങ്കില്‍, ‘മനോരഥങ്ങള്‍’ (2024) എം.ടിയുടെ കഥകളുടെയും തിരക്കഥകളുടെയും സ്വതന്ത്രാനുകല്‍പനങ്ങളാണ്. അത്തരത്തില്‍ പരിശോധിക്കുമ്പോള്‍ മൂന്നരപ്പതിറ്റാണ്ട് നീണ്ടുനിന്ന എം.ടിയുടെ സിനിമാസപര്യ വിശദമാക്കണമെങ്കില്‍, അദ്ദേഹം സഹകരിച്ച സംവിധായകരുടെയും അതത് കാലത്തെ ചലച്ചിത്ര ഭാവുകത്വത്തെയും പരിശോധിക്കേണ്ടിയിരിക്കുന്നു.

എം.ടിയുടെ ചലച്ചിത്രജീവിതത്തെ പ്രധാനമായും മൂന്ന് ഘട്ടങ്ങളായി തിരിക്കാം. 1965 മുതല്‍ 70കളുടെ അവസാനം വരെ നീണ്ടുനില്‍ക്കുന്ന ചലച്ചിത്ര ഘട്ടം ഗ്രാമ-നഗര ജീവിത വൈരുധ്യത്തിന്റെ വിഹ്വലതകള്‍, ഭൂപരിഷ്കരണം, മരുമക്കത്തായത്തിന്റെ പതനം എന്നിവയുടെ വിവിധതലങ്ങള്‍ ചിത്രീകരിച്ചവയാണ്. ഇക്കാലയളവില്‍ എം.ടി മുഖ്യമായും സഹകരിച്ചത് എ. വിൻസെന്റ്, പി. ഭാസ്കരന്‍, പി.എന്‍. മേനോന്‍, കെ.എസ്. സേതുമാധവന്‍ തുടങ്ങിയ സംവിധായകരുമായായിരുന്നു. എണ്‍പതുകളുടെ അവസാനം മുതല്‍ തൊണ്ണൂറുകളുടെ ആദ്യഘട്ടം വരെയുള്ള ചലച്ചിത്രകാലം എം.ടി താണ്ടിയത് ജനപ്രിയ സിനിമകളുടെ മർമമറിയുന്ന ഐ.വി. ശശി, ഹരിഹരന്‍ എന്നിവരോടൊപ്പമായിരുന്നു.

നഗരജീവിതത്തിന്റെയും പ്രവാസത്തിന്റെയും അരക്ഷിത യൗവനത്തിന്റെയും ജീവിതപരിസരങ്ങളിലേക്കായിരുന്നു ഇക്കാലയളവില്‍ എം.ടി നീങ്ങിയത്. അഭ്യസ്തവിദ്യനും തൊഴില്‍രഹിതനുമായ പുരുഷന്‍ എന്ന സാന്നിധ്യം ഇക്കാലയളവിലെ സിനിമകളില്‍ പൊതുവായി പ്രകടമാകുന്നു. തൊണ്ണൂറുകള്‍ക്കുശേഷം രണ്ടായിരാമാണ്ടിന്റെ ആദ്യകാലം വരെയുള്ള എം.ടി സിനിമകള്‍ ഭരതന്‍, ഹരിഹരന്‍ എന്നിവരുടെ സംവിധാന മികവിന്റെ പശ്ചാത്തലത്തില്‍ രൂപപ്പെട്ടവയാണ്. ഈ ഘട്ടത്തില്‍ ഇതിഹാസ-പുരാവൃത്ത-കേരളചരിത്ര പശ്ചാത്തലത്തില്‍ വേരോട്ടമുള്ളതും നിലവിലുള്ള കാഴ്ചപ്പാടുകളെ പുനര്‍വായനക്ക് വിധേയമാക്കുന്നതുമായ ചലച്ചിത്രശ്രമങ്ങളാണ് എം.ടി നടത്തിയത്.

ആഖ്യാനത്തിലെ പരീക്ഷണങ്ങളെന്ന് വിശേഷിപ്പിക്കാവുന്ന ‘താഴ്വാരം’ (1990), ‘ദയ’ (1998), ‘എന്ന് സ്വന്തം ജാനകിക്കുട്ടി’ (1998) എന്നിവ ഇക്കാലയളവിലെ സൃഷ്ടികളാണ്. പൊതുവില്‍ സാമൂഹിക ചലനങ്ങളെ പലമട്ടില്‍ തന്റെ സിനിമാശരീരത്തില്‍ ഉള്‍ച്ചേര്‍ക്കുന്ന എം.ടിയുടെ ശൈലി ഇക്കാലയളവില്‍ പ്രകടമല്ല. ആഗോളവത്കരണാനന്തരകാലത്തെ ജീവിതവീക്ഷണം, മാറുന്ന തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവ എം.ടിയുടെ സിനിമകളില്‍ അഭിസംബോധന ചെയ്യപ്പെടുന്നില്ല. എന്നാല്‍, ആധുനികതയുടെയും ആധുനിക പൂര്‍വഘട്ടത്തിലെയും ലോകബോധത്തിന്റെ അകംപൊരുള്‍ തിരയുന്ന ശ്രമങ്ങള്‍ ഇക്കാലയളവില്‍ ധാരാളമായി കാണാനുമാകും എന്നത് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

എം.ടി -കുടുംബചിത്രം (ഭാര്യ കലാമണ്ഡലം സരസ്വതിക്കും മകൾ അശ്വതിക്കുമൊപ്പം)

 ഒറ്റപ്പെട്ടവയെങ്കിലും ചില മികച്ച ചലച്ചിത്ര സംരംഭങ്ങളിലും ഇക്കാലയളവില്‍ എം.ടി ഭാഗമാകുന്നുണ്ട്. ‘പകല്‍ക്കിനാവ്’ (എസ്.എസ്. രാജന്‍), ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍’ (ആസാദ്), ‘മണ്ണിന്റെ മാറില്‍’ (പി.എ. ബക്കര്‍), ‘നീലത്താമര’ (യൂസഫലി കേച്ചേരി), ‘ഋതുഭേദം’ (പ്രതാപ് പോത്തന്‍), ‘അതിര്‍ത്തികള്‍’ (ജെ.ഡി. തോട്ടാന്‍), ‘ഉത്തരം’ (വി.കെ. പവിത്രന്‍), ‘സദയം’ (സിബി മലയില്‍), ‘സുകൃതം’ (ഹരികുമാര്‍), ‘ദയ’ (വേണു), ‘പെരുന്തച്ചന്‍’ (അജയന്‍), ‘തീര്‍ത്ഥാടനം’ (ജി.ആര്‍. കണ്ണന്‍) എന്നീ സിനിമകള്‍ മലയാള സിനിമാചരിത്രത്തില്‍ പലമട്ടിലും അടയാളപ്പെട്ടവയാണ്. ഇവയോടൊപ്പം സജീവമായി പരിഗണിക്കപ്പെടേണ്ടവയാണ് എം.ടി സംവിധാനം ചെയ്ത ചിത്രങ്ങള്‍. ‘നിർമ്മാല്യം’ (1973), ‘ദേവലോകം’ (1979), ‘വാരിക്കുഴി’ (1982), ‘മഞ്ഞ്’ (1983), ‘കടവ്’ (1991), ‘ഒരു ചെറുപുഞ്ചിരി’ (2000) എന്നിവ ജനപ്രിയസിനിമകളുടെയും കലാ/സമാന്തര സിനിമകളുടെയും പ്രഖ്യാപിതധാരയില്‍ ഉള്‍പ്പെടുന്നവയല്ല. ഇത്തരം സാഹചര്യങ്ങളില്‍ എം.ടിയെന്ന സംവിധായകന്റെ കലയെക്കുറിച്ചുള്ള കാഴ്ചപ്പാട് കൂടുതല്‍ വിവൃതമാകുന്നു.

മുമ്പ് സൂചിപ്പിച്ചതുപോലെ എം.ടിയുടെ തിരക്കഥകള്‍ കഥാപാത്രങ്ങളുടെ ആഭ്യന്തര സംഘര്‍ഷങ്ങളെ അഭിസംബോധന ചെയ്യുന്നവയാണ്.

അതിനാല്‍ത്തന്നെ കഥാപാത്രങ്ങളെക്കുറിച്ചും അവയുടെ പശ്ചാത്തലത്തെക്കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്ന ശൈലി അദ്ദേഹത്തിന്റെ തിരക്കഥകള്‍ പിന്തുടരുന്നു. നോവലെഴുത്തിന്റേതായ വിവരണാത്മകതയും ചെറുകഥയുടേതായ കൈയടക്കവും തിരക്കഥാ രചനയില്‍ അദ്ദേഹം പിന്‍പറ്റുന്നു. താന്‍ വിഭാവനം ചെയ്യുന്ന രംഗങ്ങള്‍ സാങ്കേതികമായും കലാത്മകമായും അഭ്രപാളിയിലെത്തിക്കാന്‍ പ്രാപ്തിയുള്ള സംവിധായക-സാങ്കേതിക പ്രവര്‍ത്തകരുമായാണ് എം.ടി കൂടുതലായി സഹകരിച്ചിട്ടുള്ളതെന്ന് കാണാവുന്നതാണ്. എ. വിൻസെന്റ്, പി.എന്‍. മേനോന്‍, കെ.എസ്. സേതുമാധവന്‍, ഐ.വി. ശശി, ഹരിഹരന്‍, ഭരതന്‍ എന്നിവര്‍ കലാപരമായ മികവുകൊണ്ട് മലയാളത്തില്‍ അടയാളപ്പെട്ട സംവിധായകരാണ്.

മലയാള സിനിമാചരിത്രം ഒരു നൂറ്റാണ്ടിനോടടുക്കുന്ന ഘട്ടത്തില്‍ ഒരു പിന്‍നോട്ടവും വിശകലനവും അനിവാര്യമാണ്. മലയാള സിനിമയുടെ നാള്‍വഴികളില്‍ വാണവരും വീണവരും അനവധിയാണ്. അവരില്‍ വാണവരുടെ ചരിത്രം സിനിമയുടെ ചരിത്രംകൂടിയായി പരിണമിക്കുന്നു. അത്തരത്തില്‍ മലയാള സിനിമാചരിത്രരചനയില്‍ എം.ടിയെന്നത് ഒരധ്യായമായിത്തീരുന്നു. വാഴ്ത്തുന്നവരെയും വിമര്‍ശകരെയും ഒരിക്കലെങ്കിലും തന്റെ ഭ്രമിപ്പിക്കുന്ന ചലച്ചിത്ര രചനാസങ്കേതത്തില്‍ പങ്കാളികളാക്കിയെന്നതാണ് എം.ടിയുടെ കലാവിജയം.

അത്തരമൊരു ഘട്ടത്തില്‍ മൂന്നരപ്പതിറ്റാണ്ടുകൊണ്ട് മലയാള സിനിമയെ പുതിയ ചക്രവാളത്തിലേക്ക് നയിക്കാന്‍ എം.ടിക്ക് സാധിച്ചിട്ടുണ്ട്. എം.ടിയുടെ ചലച്ചിത്ര നാള്‍വഴികളെല്ലാം ഉയരങ്ങളില്‍ എന്ന സിനിമയിലെ പ്രതിനായക കഥാപാത്രം പറയുന്ന അവസാന വാചകത്തില്‍ അടയാളപ്പെടുത്താം. അത്തരത്തില്‍ നോക്കുമ്പോള്‍ എം.ടിയെന്ന ചലച്ചിത്രകാരന്‍ കാലത്തിന്റെ വിചാരണയില്‍/വിമര്‍ശനപദ്ധതിയിൽ നായകനായോ പ്രതിനായകനായോ അടയാളപ്പെട്ടേക്കാം. പ്രസ്തുത ചലച്ചിത്രത്തിലെ വാചകം ഒരു കലാജീവിതത്തിന്റെ ഭരതവാക്യമായിത്തീരുന്നു: “കളി നന്നായി കളിച്ചു, അവസാനം വരെ. [പക്ഷേ തോറ്റുപോയി] കളിച്ചതൊക്കെ എനിക്കിഷ്ടവുമായി, അതാണല്ലോ പ്രധാനം.”

=========

ഗ്രന്ഥസൂചി

  • അനൂപ് രാമകൃഷ്ണന്‍ (എഡി.). 2020. എം.ടി: അനുഭവങ്ങളുടെ പുസ്തകം. കോട്ടയം: മനോരമ ബുക്സ്.
  • ജോണി കെ.ജെ., വേണുഗോപാല്‍ സി., 2009.സിനിമയുടെ കാൽപാടുകള്‍. തൃശൂര്‍: കറന്‍റ് ബുക്സ്.
  • വാസുദേവന്‍ നായര്‍, എം.ടി, 2012. എന്റെ പ്രിയപ്പെട്ട തിരക്കഥകള്‍. കോട്ടയം: ഡി.സി ബുക്സ്.
News Summary - weekly culture film and theatre