ഞങ്ങളുടെ ചരിത്രമോ സമരങ്ങളോ വേണ്ടവിധത്തിൽ ആരും എഴുതിയിട്ടില്ല


ആദിവാസി സമൂഹത്തിന്റെ പോരാട്ട മുഖങ്ങളിലെ സജീവ സാന്നിധ്യമാണ് അമ്മിണി കെ. വയനാട്. അവർ വയനാട്ടിലെയും കേരളത്തിലെ മറ്റ് സ്ഥലങ്ങളിലെയും ആദിവാസി അവസ്ഥകൾ, പോരാട്ടങ്ങൾ, അതിജീവനാവസ്ഥകൾ എന്നിവയെക്കുറിച്ച് സംസാരിക്കുന്നു –കഴിഞ്ഞ ലക്കം തുടർച്ചആദിവാസികൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് ഒരു വിധത്തിലുള്ള അന്ത്യവും ഈ പുരോഗമന കേരളത്തിൽ കാണുന്നില്ല. മുഖ്യധാരാ മാധ്യമങ്ങളും സാംസ്‌കാരിക നായകരും ഈ വിഷയങ്ങളിൽ തുടരുന്ന മൗനവും അങ്ങേയറ്റം ഖേദകരമാണ്? അത് വളരെ യാഥാർഥ്യമുള്ള കാര്യമാണ്. ആദിവാസികൾക്ക് നേരെ പ്രത്യേകിച്ച് സ്ത്രീകൾക്ക് നേരെ ഉണ്ടായിട്ടുള്ള അതിക്രമങ്ങളിൽ കുറ്റകരമായ മൗനം...
Your Subscription Supports Independent Journalism
View Plansആദിവാസി സമൂഹത്തിന്റെ പോരാട്ട മുഖങ്ങളിലെ സജീവ സാന്നിധ്യമാണ് അമ്മിണി കെ. വയനാട്. അവർ വയനാട്ടിലെയും കേരളത്തിലെ മറ്റ് സ്ഥലങ്ങളിലെയും ആദിവാസി അവസ്ഥകൾ, പോരാട്ടങ്ങൾ, അതിജീവനാവസ്ഥകൾ എന്നിവയെക്കുറിച്ച് സംസാരിക്കുന്നു –കഴിഞ്ഞ ലക്കം തുടർച്ച
ആദിവാസികൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് ഒരു വിധത്തിലുള്ള അന്ത്യവും ഈ പുരോഗമന കേരളത്തിൽ കാണുന്നില്ല. മുഖ്യധാരാ മാധ്യമങ്ങളും സാംസ്‌കാരിക നായകരും ഈ വിഷയങ്ങളിൽ തുടരുന്ന മൗനവും അങ്ങേയറ്റം ഖേദകരമാണ്?
അത് വളരെ യാഥാർഥ്യമുള്ള കാര്യമാണ്. ആദിവാസികൾക്ക് നേരെ പ്രത്യേകിച്ച് സ്ത്രീകൾക്ക് നേരെ ഉണ്ടായിട്ടുള്ള അതിക്രമങ്ങളിൽ കുറ്റകരമായ മൗനം പല കോണുകളിൽനിന്നുമുണ്ടാവുന്നത് കാണുമ്പോൾ ദുഃഖം തോന്നാറുണ്ട്. ആദിവാസി സ്ത്രീകളുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾ ഉണ്ടാവുമ്പോൾ അതിനെ പിന്തുണക്കുക എന്നതൊക്കെ പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. മുഖ്യധാരയിൽ കാണപ്പെടുന്ന, പീഡനങ്ങൾക്കും അതിക്രമങ്ങൾക്കും മറ്റും ഇരയാവുന്ന അതിജീവിതമാർക്ക് പിന്തുണ കൊടുക്കാനും അവരെ സപ്പോർട്ട് ചെയ്തു സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടാനും മറ്റും സാംസ്‌കാരിക നായകരും സമൂഹത്തിലെ വരേണ്യവർഗവും കാണിക്കുന്ന ഉത്സാഹം ആദിവാസികളായ അതിജീവിതമാരുടെ കാര്യത്തിൽ ഉണ്ടാവുന്നില്ല. ഇത്തരത്തിലുള്ള അതിജീവിതമാരെ സന്ദർശിക്കാനോ അവർക്ക് നേരിട്ട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനോ മേൽപറഞ്ഞ വിഭാഗങ്ങൾ ഒന്നുംതന്നെ തയാറാവാറില്ല. ഈ മനോഭാവം മാറണം. ആദിവാസികളും മനുഷ്യരാണെന്നും ഇവരും ഈ ഭൂമിയിൽ ജീവിക്കേണ്ടവരാണ് എന്നുമുള്ള ബോധം എല്ലാവർക്കും ഉണ്ടാവേണ്ടതുണ്ട്. ഭരണഘടനാപരമായ എല്ലാ അവകാശങ്ങളും ആദിവാസികളിൽപെട്ട അതിജീവിതമാർക്കുണ്ട് എന്ന രീതിയിൽ ചിന്തിക്കാൻ സമൂഹം തയാറാവണം.
ഇതിനോടൊപ്പം ചേർത്ത് വായിക്കപ്പെടേണ്ടതാണ് ആദിവാസികളായ അതിജീവിതമാർക്ക് നേരെ പൊലീസിന്റെ ഭാഗത്തുനിന്നും മറ്റും ഉണ്ടായിട്ടുള്ള ക്രൂരതകൾ?
ഇത്തരം നിരവധി വിഷയങ്ങളിൽ നേരിട്ട് ഇടപെട്ടയാളാണ് ഞാൻ. പൊലീസ് സ്റ്റേഷനിലേക്ക് പോകുന്ന ആദിവാസികളായ അതിജീവിതമാർ വളരെ കാലങ്ങളായിട്ട് അനുഭവിക്കുന്ന പ്രശ്നമാണ് പൊലീസിന്റെ ഭാഗത്തുനിന്നുമുള്ള ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്ത പെരുമാറ്റം. സ്റ്റേഷനിലേക്ക് കയറിച്ചെല്ലുമ്പോൾ തന്നെ പരിഹസിക്കുക, മോശമായി ചിത്രീകരിക്കുക എന്നതൊക്കെയാണ് രീതി. പൊലീസുകാരുടെ ഭാഗത്തുനിന്നുള്ള ഇത്തരം സമീപനം മറ്റു പൊതു ഇടങ്ങളിൽപോലും നമുക്ക് കേൾക്കാനോ കാണാനോ സാധിക്കില്ല എന്നതാണ് വാസ്തവം. സ്റ്റേഷനിൽ അകത്ത് കയറുമ്പോൾ വളരെ അശ്ലീല ചുവയോടെ സംസാരിക്കുകയും ആദിവാസികളായ അതിജീവിതമാരെ അവഗണിക്കുകയും ചെയ്യുന്ന മോശമായ സമീപനമാണ് കാണാൻ കഴിയാറുള്ളത്. ഈ വിഷയത്തിൽ ഞങ്ങളെ പോലെയുള്ളവരുടെ നിരന്തരമായ ഇടപെടൽമൂലം നിലവിൽ സ്ഥിതിഗതികൾ കുറച്ചെങ്കിലും മെച്ചപ്പെട്ടിട്ടുണ്ട് എന്ന് കാണാൻ കഴിയും. അതിജീവിതമാർ പറയുന്ന കാര്യങ്ങൾ കേൾക്കാനും അവരുടെ മൊഴി രേഖപ്പെടുത്താനും ശക്തമായ സംവിധാനം ആവശ്യമാണ്.
എന്നിരുന്നാലും ആദിവാസികളായ അതിജീവിതമാർക്ക് നിയമപരമായ പരിരക്ഷയും മറ്റും ഇപ്പോഴും അപര്യാപ്തമാണ്. വനിതാ പൊലീസ് അടക്കം ഇങ്ങനെ മോശമായ രീതിയിൽ സംസാരിച്ച അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരം അതിജീവിതമാരോടൊപ്പം സ്റ്റേഷനിലും കോടതികളിലും അവർക്ക് വേണ്ടി നിരവധി ഇടപെടലുകൾ നടത്താൻ സാധിച്ചതിന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇത്രയും പറഞ്ഞത്. ആദിവാസികളായ അതിജീവിതമാരെ വൈദ്യ പരിശോധനക്കും മറ്റും കൊണ്ടു പോവുമ്പോൾ ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന മോശം ഭാഷയൊക്കെ ഇത്തരത്തിൽ ക്രൂരത നേരിട്ട പെൺകുട്ടികളുടെ മനോനിലയിലുണ്ടാക്കുന്ന പ്രതിസന്ധികൾ എത്രയാണ് എന്ന് ചിന്തിച്ചുനോക്കൂ. ഇത് കേട്ട് നിൽക്കുന്നവർക്കുപോലും സഹിക്കാൻ വിഷമമുള്ളതാണ്.
നീതി സംരക്ഷിക്കാൻ ആവശ്യമായ രീതിയിൽ പ്രവർത്തിക്കുന്ന ഇത്തരം സംവിധാനങ്ങൾതന്നെ ഇങ്ങനെ അധഃപതിച്ചുപോകുന്ന അവസ്ഥ മാറേണ്ടതുണ്ട്. എഫ്.ഐ.ആർ തയാറാക്കുമ്പോൾ പോലും ആദിവാസികളായ അതിജീവിതമാർ പറയുന്ന കാര്യങ്ങൾ അല്ല അവിടെ എഴുതിച്ചേർക്കുന്നത്. ആദിവാസികൾക്ക് നേരെയുള്ള അട്രോസിറ്റിക്കുപോലും അവിടെ വകുപ്പുകൾ ചാർജ് ചെയ്യാറില്ല എന്നതാണ് സത്യം. ഇനി കോടതിയിലേക്ക് ചെല്ലുമ്പോൾ അതിലും കഷ്ടമാണ് അവിടെയുള്ള കാര്യങ്ങൾ. ആദിവാസികളുടെ കേസും മറ്റും പരിഗണിക്കുമ്പോൾ അവിടെയുള്ള ഉദ്യോഗസ്ഥരെ കേസും മറ്റും പഠിപ്പിക്കാൻ ചുമതലയുള്ള എസ്.സി, എസ്.ടി ഫണ്ടിൽനിന്നൊക്കെ ശമ്പളം പറ്റുന്ന എ.പി.പി എന്ന സർക്കാർ ഉദ്യോഗസ്ഥൻപോലും ഇക്കാര്യത്തിൽ കാര്യമായ ഇടപെടലുകൾ നടത്താറില്ല. വിചാരണ കാലയളവിൽ പ്രതിഭാഗത്തിന്റെ ൈകയിൽനിന്നും പണം വാങ്ങി ഡി.എൻ.എ തെളിഞ്ഞ കേസുകൾപോലും ഈ പറയുന്ന എ.പി.പി എന്ന ഉദ്യോഗസ്ഥന്റെ മുറിയിൽെവച്ച് ഒത്തുതീർപ്പാക്കിയ നിരവധി കേസുകൾ എന്റെ അനുഭവത്തിൽ തെളിവുകൾ സഹിതമുണ്ടായിട്ടുണ്ട്.

കുടകിലെ ദുരൂഹമരണങ്ങളിൽ പ്രതിഷേധിച്ച് വയനാട്ടിൽ നടത്തിയ സമരത്തിൽ അമ്മിണി കെ. വയനാട് സംസാരിക്കുന്നു
മോഷണക്കുറ്റം ചുമത്തി നിരപരാധികളായ ആദിവാസി യുവാക്കളെ ജയിലിൽ അടക്കുന്ന പ്രവണതയും കണ്ടുവരുന്നുണ്ട്. കോടതികളെ വരെ ഇത്തരത്തിൽ മാനിപ്പുലേറ്റ് ചെയ്യുന്നതായി കാണുന്നു?
വളരെ ഗൗരവത്തിൽ നോക്കിക്കാണേണ്ട സംഗതിയാണ് ഇതൊക്കെ. ആദിവാസി വിഭാഗത്തിൽപെട്ട ആളുകൾ മോഷണ കുറ്റങ്ങളിൽ പ്രതിയാക്കപ്പെടുന്നത് ഈയടുത്തായി വർധിച്ചുവരുന്നുണ്ട്. ഇത്തരത്തിൽ വളരെ കുറച്ചു കേസുകളിൽ മാത്രമേ അവസാനം അതിന്റെ നിജസ്ഥിതി പുറത്ത് വരാറുള്ളൂ. ഇവിടെയുള്ള മദ്യ ലോബിയൊക്കെ പാവപ്പെട്ട ആദിവാസി യുവാക്കളെ മദ്യം തലച്ചുമടായി കൊണ്ടുപോകാനൊക്കെ ഉപയോഗിക്കുന്നുണ്ട്. 2006 കാലഘട്ടത്തിൽ ഇത്തരത്തിൽ ചാരായം തലച്ചുമടായി കൊണ്ടുപോയ കേസുകളിൽ 246 ആദിവാസികളാണ് ജയിൽശിക്ഷ അനുഭവിച്ചത്. അതായത് പണിക്കു പോയ ആദിവാസികളെയാണ് നിയമം ജയിലിൽ പിടിച്ചിട്ടത്. തൃശൂരിൽ രണ്ടു ആമകളെ കൈവശംെവച്ചതിനു ജയിലിൽ പോയ ഒരാദിവാസി യുവാവിന്റെ അവസ്ഥയും ഇതിനകം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും. ഇവിടെ ആനക്കൊമ്പ് സൂക്ഷിച്ചതിനും വന്യമൃഗങ്ങളെ വേട്ടയാടി പിടിച്ച് അതിനെ ഭക്ഷിച്ചതിനും അതൊക്കെ വിൽപന നടത്തിയവർക്ക് നേരെയൊന്നും ഒരു കേസും കാണാൻ സാധിക്കില്ല. ആദിവാസികൾ പ്രതികളായി ജയിലിൽ അടക്കപ്പെടുന്ന കുറച്ചു കേസുകൾ മാത്രമാണ് നാം അറിയുന്നത്.
ഇത്തരത്തിൽ അറിയപ്പെടാത്ത നിരവധി കേസുകൾ വേറെയുമുണ്ട്. ഈയടുത്തു തന്നെ ആദിവാസികൾക്ക് നേരെ മുയലിനെ പിടിച്ചു എന്നും ചെറിയ കാട്ടുമൃഗങ്ങളെ പിടിച്ചുവെന്നുമൊക്കെ പറഞ്ഞു വലിയ വകുപ്പുകൾ ചുമത്തി വനപാലകർ കേസെടുത്തതും നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവണമെന്നില്ല. സ്വന്തമായി നികുതി ശീട്ടോ ജാമ്യം എടുക്കാനുള്ള സ്വാധീനമോ ഇല്ലാത്തതിനാൽ പ്രതികളാക്കപ്പെടുന്ന ആദിവാസി വിഭാഗങ്ങളിൽപെട്ട ഒരാൾപോലും ജാമ്യം എടുക്കാൻ കൂട്ടാക്കില്ല. ആദിവാസികളെ മോഷണ കേസുകളിൽ ഫ്രെയിം ചെയ്യുന്ന പ്രവണത വളരെ കൂടുതലായി കാണാൻ കഴിയും. എവിടെയൊക്കെയുണ്ടാവുന്ന ചെറിയ ചെറിയ മോഷണങ്ങൾ എന്ന് പറയുന്നത് ഭക്ഷണസാധനങ്ങൾ, അതായത് കിഴങ്ങു വർഗങ്ങൾ, വീണുകിടക്കുന്ന അടക്ക അനുവാദമില്ലാതെ പറമ്പുകളിൽനിന്നും മറ്റും പെറുക്കിയെടുക്കുന്നത് തുടങ്ങിയവയൊക്കെയാണ്.
കപ്പ, വാഴക്ക തുടങ്ങിയവയൊക്കെ അനുവാദമില്ലാതെ പറിച്ചെടുത്തു കൊണ്ട് വന്നു ഭക്ഷിക്കുക തുടങ്ങിയ മോഷണങ്ങൾ ഉണ്ടാവുന്നുണ്ട്. അതൊക്കെ ദാരിദ്ര്യം കൊണ്ടും വിശപ്പുകൊണ്ടുമൊക്കെയാണ്. ഈ ഭൂമിയെല്ലാം ഒരിക്കൽ ആദിവാസികളുടെ ആയിരുന്നു. ഇപ്പോൾ ആദിവാസികൾക്ക് കൃഷി ചെയ്യാൻ സ്ഥലമില്ലാതെയായി. പിന്നെ ഇത്തരത്തിൽ കാന്താരിമുളക്, വിറക് എന്നിവയെല്ലാം ഇവർ എടുക്കാറുണ്ട്. അതൊന്നും വലിയ കേസൊന്നും ആയി മാറാറില്ല. അവർക്ക് ഭൂമിയോ അതിനുള്ള ചുറ്റുപാടോ ഇല്ലാത്തതുമൂലം കൊണ്ടുപോയി ഭക്ഷിച്ചോട്ടെ എന്ന് പറയുന്ന ആളുകളും കർഷകർക്കിടയിലും കുടിയേറ്റക്കാർക്കിടയിലും ഇവിടെയുണ്ട്. കുരുമുളക്, കാപ്പി എന്നിവയൊക്കെ മോഷണം പോവുകയാണെങ്കിൽ കേസൊക്കെ വരാറുണ്ട്. ഇവിടെ മദ്യപാനത്തിന്റെ ഒരു പ്രശ്നവുമുണ്ട്. ഇവിടെ അതൊന്നും നിഷേധിക്കാൻ സാധിക്കില്ല. ആദിവാസികൾ അവരുടെ ജീവിത സാഹചര്യങ്ങൾ അങ്ങനെയായതുകൊണ്ട് അവർ അങ്ങനെയെല്ലാം ചെയ്യുന്നു.
കർണാടകയിലെ കുടകിൽ പണിക്ക് പോയ ആദിവാസികളുടെ ദുരൂഹ മരണങ്ങളെ/ തിരോധാനങ്ങളെ കുറിച്ച് താങ്കളുടെ ഇടപെടലുകൾ ശ്രദ്ധയാകർഷിച്ചിരുന്നു?
കുടകിൽ പണിക്ക് പോയിരുന്ന ആദിവാസി തൊഴിലാളികളുടെ തിരോധാനവും മറ്റും 2005 കാലഘട്ടം മുതൽ ഞാൻ ഇടപെടുന്നുണ്ട്. അവിടെ ആദ്യമായി നടത്തിയ സന്ദർശന വേളയിലായിരുന്നു അത്. വളരെയധികം ദുരൂഹതകൾ ഇക്കാര്യത്തിൽ അന്നേ കാണാൻ കഴിഞ്ഞിരുന്നു. ഇവിടെനിന്നും ആദിവാസി കർഷകർ ഇടനിലക്കാർ മൂലവും തോട്ടം മുതലാളിമാർ നേരിട്ട് വഴിയും കുടകിൽ പണിക്ക് പോവാറുണ്ട്. ഇവിടെനിന്ന് പറഞ്ഞ കൂലി അല്ലാ അവിടെ ചെല്ലുമ്പോൾ ലഭിക്കുന്നത്. ഇത് അടിപിടിയിലും കൊലപാതകത്തിലുമൊക്കെയാണ് കലാശിക്കുന്നത്. തൊഴിലാളികളെ അമിതമായി മദ്യം നൽകി കൂടുതൽ ജോലിചെയ്യിപ്പിക്കുക, നല്ലരീതിയിലുള്ള ഭക്ഷണം നൽകാതിരിക്കുക, മോശം താമസ സൗകര്യം നൽകുക, ഇഞ്ചികൃഷിക്കും മറ്റും അപകടം നിറഞ്ഞ കെമിക്കൽസ് ഉപയോഗിക്കുമ്പോൾ ഗ്ലൗസോ മാസ്‌കോ ഒന്നും നൽകാതെ തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കുക... ഇത്തരത്തിൽ തീരെ സുരക്ഷ ഇല്ലാത്തതുമൂലം ഒരുപാട് തൊഴിലാളികൾ മരിച്ചിട്ടുണ്ട്.
സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസുകളും പിന്നീട് അവർ ഗർഭിണികളായി നാട്ടിൽ തിരിച്ചെത്തിയ കേസുകളുമെല്ലാം എനിക്കറിയാം. ഇതുമായി ബന്ധപ്പെട്ട നിയമ നടപടികൾ എങ്ങും തന്നെ എത്തിയില്ല. പ്രതികൾ നിരപരാധികളാണെന്ന് പറഞ്ഞു കോടതികൾ കുറ്റമുക്തമാക്കിയ നടപടികളാണ് അധികം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കർണാടകയിലെ തന്നെ വളരെയധികം റൂറൽ ആയിട്ടുള്ള പ്രദേശങ്ങളിലാണ് ഇത്തരത്തിൽ ആളുകളെ പണിയെടുപ്പിക്കാൻ കൊണ്ടുപോകുന്നത്^ കർണാടകയിലെ ചിക്കമഗളൂരു, കുശാൽനഗർ, കുപ്പ തുടങ്ങിയ പ്രദേശങ്ങളിൽ. ഇവിടങ്ങളിലെ മുതലാളിമാർ തൊഴിലാളികൾക്ക് ആവശ്യമായ ലഹരി പദാർഥങ്ങൾ നേരത്തേ തന്നെ കരുതിെവച്ചിട്ടുണ്ടാവും.
ഇതിനാൽതന്നെ തൊഴിലാളികളുടെ ശാരീരിക മാനസിക ആരോഗ്യം വളരെ മോശമായ സ്ഥിതിയായിരിക്കും. ദക്ഷിണ കർണാടകയിലെ തോട്ടം മേഖലയിൽ പണിക്ക് പോകുന്ന ആദിവാസികളെ കുറിച്ച് പറയുമ്പോൾ വളരെ റൂറൽ ആയിട്ടുള്ള പ്രദേശങ്ങൾ ആയതിനാൽതന്നെ കുടുംബങ്ങളുമായി തൊഴിലാളികൾക്ക് ഒരു ആശയവിനിമയബന്ധങ്ങളും ഉണ്ടാവാറില്ല. വളരെ ചുരുക്കം ആളുകളുടെ പക്കൽ മാത്രമേ തൊഴിലാളികൾക്കിടയിൽ ഇന്നുപോലും ഫോണൊക്കെയുള്ളൂ. പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ തീയതിയോ ആഴ്ചകളോ അറിയാതെ ഒക്കെയാണ് പലരും പണിയെടുക്കുന്നത്. അതോടൊപ്പം നടക്കുന്ന മറ്റൊരു ചൂഷണമാണ് മുതലാളിമാർ പണിക്കാർക്കായി ഒരുക്കുന്ന സാമ്പത്തിക കെണി. തൊഴിൽ സമയത്തിന്റെ പേരിൽ ലഹരി കച്ചവടത്തിന്റെ പേരിലും എന്നേക്കുമുള്ള ഒഴിയാ കടങ്ങളാണ് മുതലാളിമാർ പാവപ്പെട്ട ആദിവാസി തൊഴിലാളികൾക്കു മേൽ െവച്ച് കൊടുക്കുന്നത്. അതോടെ ഈ തൊഴിലാളികൾ മുതലാളിമാരുടെ നിത്യ തൊഴിലാളികളായി മാറുന്നു.
2010 കാലത്ത് പരാതികൾ ഏറിവന്നപ്പോൾ കേരള പട്ടികജാതി വകുപ്പ്, റൂറൽ വകുപ്പ്, ജില്ല ഭരണകൂടം, മനുഷ്യാവകാശ കമീഷൻ, എം.എൽ.എമാർ ഇവരുടെയൊക്കെ നേതൃത്വത്തിൽ കർണാടകയിലെ ഇത്തരം തോട്ടങ്ങളിലേക്ക് ഒരു സന്ദർശനം നടത്തിയിരുന്നു. അന്ന് ഞാൻ നീതിവേദി എന്ന സംഘടനക്കുവേണ്ടി വർക്ക് ചെയ്യുകയായിരുന്നു. ഈ വിഷയം കലക്ടറേറ്റിൽ നടന്ന ഒരു ചർച്ചക്കിടെ ഉന്നയിക്കപ്പെടുകയും നിയമസഭാ സമിതി വിഷയം ഗൗരവമായി കണ്ടതോടെയുമാണ് ഇത്തരത്തിൽ ഒരു സൈറ്റ് വിസിറ്റിങ് സംഘടിപ്പിക്കപ്പെട്ടത്. സർക്കാർ നേതൃത്വത്തിൽതന്നെ ഒരു അന്വേഷണ സമിതി രൂപപ്പെടുത്തുകയും ആ സമിതിയിൽ എന്നെ ഉൾപ്പെടുത്തുകയുമാണ് ഉണ്ടായത്അവിടെ കണ്ട കാര്യങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. തൊഴിലാളികൾക്ക് ഏറ്റവും മോശം താമസ സൗകര്യമായിരുന്നു അവിടെ നൽകപ്പെട്ടത്. ചെറിയ ചെറിയ കുടിലുകളിൽ വൈക്കോൽ നിരത്തി അതിനകത്ത് അരിച്ചാക്ക് വിരിച്ചാണ് തൊഴിലാളികളെ താമസിപ്പിച്ചു വന്നിരുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേ താമസ സൗകര്യം തന്നെയായിരുന്നു നൽകപ്പെട്ടിരുന്നത്. അതുകൊണ്ട് തന്നെ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ വർധിച്ചതായി കാണാം.
ഇത്തരത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ആളുകളുടെ ബോഡികൾ തിരിച്ചു നാട്ടിലെത്തുമ്പോൾ കുടുംബക്കാർ പൊലീസിൽ ഇക്കാര്യത്തിൽ പരാതികൾ ഉന്നയിച്ചാലും നടപടികൾ ഉണ്ടാവാറില്ല. ഇങ്ങനെ നിരവധി കേസുകൾ ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തിൽ നഷ്ടപരിഹാരം നൽകാൻപോലും സർക്കാർ തയാറാവില്ല. മരിച്ചവരുടെ വിധവകൾക്ക് വിധവ പെൻഷൻ അപേക്ഷിക്കാനും മറ്റും മരണ സർട്ടിഫിക്കറ്റ് ആവശ്യമാണെങ്കിൽപോലും മരണം കർണാടകയിൽ നടന്നതുകൊണ്ടും വേണ്ടവിധത്തിൽ അവയൊന്നും രജിസ്റ്റർ ചെയ്യാത്തതുകൊണ്ടും അർഹിച്ച ആനുകൂല്യങ്ങൾപോലും നേടിയെടുക്കാൻ സാധിക്കാറില്ല. 2008ൽ കലക്ടറുടെ ഉത്തരവ് പ്രകാരം ഇത്തരത്തിൽ തൊഴിലിനു പോകുന്നവർ അതത് പോലീസ് സ്റ്റേഷനിലും എസ്.ടി പ്രമോട്ടർ എന്നിവരുമായി രജിസ്റ്റർ ചെയ്യണമെന്ന് നിബന്ധന െവച്ചിരുന്നു. തൊഴിൽ ദാതാവ് തൊഴിലാളിക്ക് കൊടുക്കേണ്ട അടിസ്ഥാന ആവശ്യങ്ങളെക്കുറിച്ചും അതിൽ നിഷ്കർഷയുണ്ടായിരുന്നു. ഇതിൽ കൂലി, ആരോഗ്യം, തൊഴിൽ സമയം എന്നിവയെ കുറിച്ചൊക്കെ പരാമർശിക്കുന്നുണ്ട്. ഇതൊന്നും പാലിച്ചില്ലെങ്കിൽ ശരിക്കും ഇങ്ങനെ പണിക്കുപോകുന്നു മനുഷ്യക്കടത്തായി തന്നെ പരിഗണിക്കേണ്ടതുണ്ട്. എന്നാൽ, ഇത്തരത്തിൽ തൊഴിലാളി സർക്കാർ സംവിധാനങ്ങളുമായി രജിസ്റ്റർ ചെയ്യണമെങ്കിൽ അന്ന് കാലത്ത് തന്നെ 1000 രൂപ അടക്കാനാണ് നിഷ്കർഷ ഉണ്ടായിരുന്നത്. ഇങ്ങനെ പത്തുപേർ പോവുമ്പോൾ 10,000 തൊഴിൽദാതാവ് കെട്ടിെവക്കേണ്ടി വരും. ഇതിനു തൊഴിൽ ദാതാക്കൾ തയാറായില്ല എന്നത് പറയേണ്ടതില്ലലോ.
പട്ടിക ജാതി-പട്ടിക വകുപ്പിന്റെ ചുമതലയിലുണ്ടായിരുന്ന മന്ത്രി കെ. രാധാകൃഷ്ണൻ ഇടപെടലുകൾ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇക്കാര്യത്തിലെ സർക്കാർ ഇടപെടലുകൾ വസ്തുത അന്വേഷണങ്ങളിൽ ഒതുങ്ങി. സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ചെറിയ രീതിയിലുള്ള അന്വേഷണമൊക്കെ നടത്തി റിപ്പോർട്ട് നൽകുകയാണുണ്ടായത്. കുടകിൽ എത്രയാളുകൾ മരിച്ചു? എത്രപേർ കുടകിലേക്ക് പോയി എന്നതൊക്കെയാണ് അവർ അന്വേഷിച്ചുകൊണ്ടിരുന്നത്. ചാണാമംഗലത്തെ ബിനീഷ് എന്നയാളുടെ ഇത്തരത്തിലുള്ള ദുരൂഹ മരണം ബോഡി കണ്ട ആർക്കും മനസ്സിലാകും, തല്ലിക്കൊന്ന് വെള്ളത്തിൽ ഇട്ടതാണെന്ന്.
ഇക്കാര്യത്തിൽ എന്നാൽ തുടരന്വേഷണം ഉണ്ടായില്ല. അത് പോലെ സന്തോഷ് എന്ന നീന്തൽ അറിയാവുന്ന ഒരു പയ്യൻ മുങ്ങിമരിച്ചതാണെന്ന നിലയിൽ ഫ്രെയിം ചെയ്തതൊക്കെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. ആദിവാസി സമൂഹം എന്നത് പൂർണമായും നീതി ലഭിക്കാതെയുള്ള ഒരു സമൂഹം എന്ന നിലയിലേക്ക് മാറ്റാൻ ഇതൊക്കെകൊണ്ട് സാധിക്കുന്നു. ആദിവാസികളുടെ എല്ലാ കേസുകളിലും അവരെ ഒറ്റപ്പെടുത്തുന്ന പെരുമാറ്റമാണ് സമൂഹത്തിന്റെ ഭാഗത്തുനിന്നുമുണ്ടായിട്ടുള്ളത്. ഇവിടെ രണ്ടുവട്ടം ഈ കുറഞ്ഞ കാലയളവിൽ പൊതു തെരഞ്ഞെടുപ്പ് നടന്നെങ്കിലും ഈ വിഷയത്തിൽ ആനി രാജയെ പോലെയും രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ പോലെയുള്ളവരൊന്നും പ്രതികരണങ്ങൾ നടത്തിയത് പോലുമില്ല. ആദിവാസി കുടുംബങ്ങളുടെ അത്താണികൾ ഒക്കെയാണ് ഇങ്ങനെ മരിച്ചുപോയത് എങ്കിൽ കൂടിയും സർക്കാറോ പൊതുസമൂഹമോ വിഷയത്തിൽ ഇടപെട്ട് നീതി ലഭിക്കാൻ ആവശ്യമായ കാര്യങ്ങൾ ഒന്നുംതന്നെ ചെയ്തില്ല.
നിയമ നിർമാണ സഭകളിൽ സ്ത്രീകൾക്ക് തുല്യ പ്രാതിനിധ്യം ഉറപ്പാക്കാൻ തങ്ങൾ നടത്തിയ സമരങ്ങളെ കുറിച്ച്?
ഇത് വളരെയധികം ഗൗരവമുള്ള വിഷയമാണ്. കാലങ്ങളായി സ്ത്രീകളെ മാറ്റി നിർത്തുന്ന സാഹചര്യം തന്നെയാണ് ഇപ്പോഴും. കേരളത്തിലെ പ്രധാന വനിതാ നേതാക്കളെ ഒക്കെ കണ്ടു ഇക്കാര്യത്തിൽ പിന്തുണ അഭ്യർഥിച്ചിരുന്നു. ചരിത്ര ദൗത്യം എന്ന നിലക്ക് തന്നെയാണ് പല വനിതാ നേതാക്കളും ഇക്കാര്യത്തിൽ പിന്തുണ നൽകിയത്. ശൈലജ ടീച്ചർ, ആനി രാജ, കെ.കെ. രമ, ഷാനിമോൾ ഉസ്മാൻ, രമ്യ ഹരിദാസ്, ശീതൾ ശ്യാം എന്നിവരെയൊക്കെ ഈ വിഷയം ഒരു മൂവ്മെന്റ് എന്ന നിലയിൽ വളർത്തി കൊണ്ടുവരാൻ പിന്തുണ നൽകാൻ ആവശ്യപ്പെട്ടു സമീപിച്ചിരുന്നു.
വയനാട്ടിൽ മത്സരിച്ചു ജയിച്ചു മണ്ഡലം ഒഴിഞ്ഞുപോയ രാഹുൽ ഗാന്ധിയുടെ നിലപാടിനെ വഞ്ചനയായി തോന്നിയോ?
ശരിക്കും രാഹുൽ വയനാടിനെ വഞ്ചിക്കുകയാണ് ചെയ്തത്. എന്തെങ്കിലും ഒരു പ്രശ്നം വരുമ്പോൾ മാത്രം ഇവിടെ വരിക, സംസാരിക്കുക. പിന്നീട് അപ്രത്യക്ഷനാവുക എന്നതാണ് അദ്ദേഹത്തിന്റെ ശൈലി. അന്ന് വന്യജീവി ആക്രമണം രൂക്ഷമായ സമയത്ത് അദ്ദേഹം ഇവിടെ വന്നിരുന്നു. ആദിവാസികളുടെ വീടുകളിലോട്ട് ഒന്നും കടന്ന് ചെന്നിട്ടില്ലാത്ത ആളാണ് രാഹുൽ ഗാന്ധി.
വയനാട്ടിൽ അടിക്കടിയുണ്ടാവുന്ന പ്രകൃതിദുരന്തങ്ങളെ പ്രത്യേകിച്ച് ചൂരൽമല ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ എങ്ങനെ നോക്കിക്കാണുന്നു? സർക്കാർ സംവിധാനങ്ങളുടെ പുനരധിവാസ പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തുന്നുണ്ടോ?
ചൂരൽമലയിലെ അത്യാപത്ത് ഞങ്ങളെ വളരെയധികം തകർത്ത സംഭവമാണ്. ഇതിന്റെ വ്യസനം വളരെക്കാലം നീണ്ടുനിൽക്കും. എന്നാൽ ഇതിനിടയിലും എടുത്തുപറയേണ്ടത്, അവിടെ താമസിച്ചിരുന്ന ഗോത്രവർഗങ്ങൾ ഒന്നുംതന്നെ അപകടത്തിൽപെടാതെ വളരെ സുരക്ഷിതമായി തന്നെ നേരത്തേ രക്ഷപ്പെട്ടു എന്നതാണ്. ഇക്കാര്യം പറയാതിരിക്കാൻ കഴിയില്ല. അത് ഡിസാസ്റ്റർ മാനേജ്മെന്റിന്റെയും ത്രിതല പഞ്ചായത്ത് സംവിധാനത്തിന്റെയും അതുപോലെ തന്നെ ട്രൈബൽ വകുപ്പിന്റെയും ദുരന്തത്തെ കുറിച്ചുള്ള മുന്നറിയിപ്പ് ലഭിച്ചതിനാലാണ് എന്ന് എടുത്തുപറയേണ്ടതാണ്. സർക്കാർ ടൗൺഷിപ് പോലുള്ള പദ്ധതികൾക്ക് രൂപംകൊടുത്തു പുനരധിവാസ പദ്ധതികൾക്കായി ശ്രമം നടത്തുന്നുണ്ട്. എന്നാൽ ഇത് അപര്യാപ്തമാണ്.
വയനാട്ടിൽ 2018 ലെ ദുരന്തം ഏറ്റുവാങ്ങിയവർ ഇപ്പോഴും അതെ നിലയിൽ സഹായമൊന്നും എത്താതെ തുടരുന്നു. ഇതിനു സമാനമാണ് 2018ൽ നടന്ന പ്രളയത്തിൽ കാണാതായ നിരവധി ആദിവാസികളുടെ ജീവിതങ്ങൾ. പൊലീസ് അത്തരം കേസുകൾ ഇന്നും വെറും മിസിങ് കേസ് എന്ന നിലയിൽ മാത്രമാണ് അന്വേഷണം നടത്തുന്നത്. ഒരുദാഹരണം പറഞ്ഞാപനമരം പഞ്ചായത്തിൽ പരിപോയിൽ എന്ന കാട്ടുനായ്ക്കരുടെ ഊരിൽ പ്രളയത്തെ തുടർന്ന് മിനി-ബാബു എന്നിവരുടെ മകൾ ദേവിക എന്ന രണ്ടു വയസ്സായ കുട്ടിയെ കാണാതായിട്ട് പൊലീസ് ഇതുവരെയും ഇക്കാര്യത്തിൽ കൃത്യമായ നടപടി എടുത്തിട്ടില്ല. പ്രളയത്തെ തുടർന്നുണ്ടായ ഈ അത്യാഹിതത്തിൽനിന്ന് മാതാവായ മിനി മാനസികമായി കരകയറിയതുപോലും ഞങ്ങളുടെ ആദിവാസി കൂട്ടായ്മയിലെ പ്രവർത്തകരുടെ കൗൺസലിങ് കൊണ്ടൊക്കെയാണ്. അത്യാഹിതങ്ങൾക്ക് ഇത്തരത്തിലുള്ള ചില മുഖങ്ങൾ കൂടിയുണ്ട്.
അതുപോലെ തന്നെ വനമേഖലയിൽ കഴിയുന്നവർക്ക് ബാക്കിയുള്ളവരെ പോലെ സർക്കാർ സംവിധാനങ്ങളുടെ ധന സഹായങ്ങളും മറ്റും വേണ്ട വിധത്തിലോ ഒട്ടുമേയോ എത്തപ്പെടുന്നില്ല. ദുരിതബാധിതർക്ക് സർക്കാർ നൽകുന്ന അടിയന്തര/പ്രാഥമിക സഹായങ്ങളായ 50,000 രൂപ മുതലുള്ള ധനസഹായ പദ്ധതികളും ആദിവാസി ഗോത്ര വിഭാഗങ്ങൾക്ക് ലഭിക്കുന്നില്ല. നേരത്തേ പറഞ്ഞ ദേവിക എന്ന ആദിവാസി കുഞ്ഞിന്റെ കാര്യത്തിൽ ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് തന്നെ ഫയർഫോഴ്‌സും വനപാലകരും തിരച്ചിൽ അവസാനിപ്പിച്ചു. പനമരം പോലീസ് സ്റ്റേഷനിൽ ഇപ്പോഴും കേസ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു എന്ന റിപ്പോർട്ടാണ് നിലവിലുള്ളത്.
മേൽപറഞ്ഞ കുടുംബത്തിന് ഇന്നുവരെ സർക്കാറിന്റെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ദുരന്തത്തിൽപെട്ടവർക്കുള്ള പുനരധിവാസം നടപ്പിൽ വരുത്തേണ്ടത് അനിവാര്യമാണ്. ഇതിനായി പ്രത്യേകിച്ച് ഭൂമി വാങ്ങേണ്ട കാര്യമില്ല. പാട്ടക്കാലാവധി കഴിഞ്ഞ നിരവധി ഏക്കർ കണക്കിന് ഭൂമി മിച്ചഭൂമിയായി ഇവിടെ തന്നെ കിടപ്പുണ്ട്. ഹാരിസൺ മലയാളം അടക്കമുള്ളവരുടെ പ്രോജക്ട് ഭൂമി ണ്ട്. എന്നാൽ ഇത്തരം പുനരധിവാസ പദ്ധതികൾ എല്ലാംതന്നെ വെളിച്ചം കാണാതെ മുരടിച്ചു പോവുന്ന അനുഭവമാണ് കൂടുതലും. ഇത് സർക്കാറിന്റെ വലിയ പരാജയമായി തന്നെയാണ് കാണുന്നത്. ദുരിതബാധിതർക്ക് കൃത്യമായ അവകാശങ്ങൾ ലഭിക്കാതെ ഞങ്ങൾ ഒരിക്കലും തൃപ്തരാവില്ലല്ല. ദുരിതബാധിതർക്ക് കൃത്യമായ പട്ടയത്തോടെയുള്ള ഭൂമി ലഭ്യമാക്കാൻ തെരഞ്ഞെടുത്ത സർക്കാറുകൾക്ക് ഉത്തരവാദിത്തമുണ്ട്. ഇക്കാര്യത്തിൽ ദിശാബോധത്തോടെയുള്ള പ്രവർത്തനങ്ങളാണ് ആവശ്യം. അല്ലെങ്കിൽ പദ്ധതികൾ എല്ലാം കടലാസിൽ ഒടുങ്ങും എന്നതാണ് അനുഭവം.

2003ൽ ആദിവാസി ഐക്യസമിതിയുടെ നേതൃത്വത്തിൽ നടന്ന കാരാപ്പുഴ ഭൂമി സമരത്തിൽ അമ്മിണി കെ. വയനാട്
വയനാട്ടിലെ വർധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങളെ കുറിച്ച്?
വയനാട് പോലെ മറ്റു മലയോര പ്രദേശങ്ങളിലും വന്യജീവി ആക്രമണങ്ങൾ വളരെയധികം വർധിച്ചിട്ടുണ്ട്. വന്യജീവി ആക്രമണത്തിൽ നഷ്ടപരിഹാരം നൽകുമ്പോഴുള്ള വിവേചനം വളരെ നാളുകളായിട്ട് ആദിവാസി സമൂഹത്തോട് നടക്കുന്നതാണ്. സാധാരണ ഏറ്റവും താഴെ തട്ടിൽ കിടക്കുന്ന ആദിവാസി വിഭാഗങ്ങളായ കാട്ടുനായ്ക്ക, പണിയ, അടിയ എന്നിവർക്കിടയിൽ വന്യജീവി ആക്രമണംമൂലം ആളുകൾ മരിക്കുമ്പോൾ രണ്ടു ലക്ഷം രൂപ വരെ ധനസഹായം പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട് എങ്കിലും അതൊക്കെ നൽകാതിരിക്കുകയോ ഇതുമായി ബന്ധപ്പെട്ട ഫോളോഅപ്പുകൾ സർക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാവാതിരിക്കുകയോ ആണ് ചെയ്യുന്നത്. ഈയടുത്ത് മാനന്തവാടി പ്രദേശത്ത് കുറിച്യ വിഭാഗത്തിൽപെട്ടയാളെ പുലി ആക്രമിച്ചു കൊന്നതുമായി ബന്ധപ്പെട്ടു മന്ത്രി കേളു ഇടപെടുകയും അവർക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം അടിയന്തരമായി വീട്ടിൽ എത്തിക്കുകയും ചെയ്തു.
അതിനുശേഷം ആറു ലക്ഷം രൂപ കൂടി ധനസഹായം നൽകാനുള്ള പ്രഖ്യാപനംകൂടി ഉണ്ടായിട്ടുണ്ട് സർക്കാറിന്റെ ഭാഗത്തുനിന്നും. ഇത്തരം സംഭവങ്ങളിൽ കേരള സർക്കാറും കേന്ദ്ര സർക്കാറും ഇടപെട്ടു ധനസഹായങ്ങൾ നൽകിവരാറുണ്ട്. 25 ലക്ഷം രൂപയാണ് മൊത്തത്തിൽ ഇത്തരം അപകടങ്ങൾക്ക് നഷ്ടപരിഹാരമായി കണക്കാക്കപ്പെടുന്നത്. ഇതിൽ വെറും പത്തുലക്ഷം രൂപ മാത്രമാണ് ഇവിടെ നിലമ്പൂരിലുള്ള മണി എന്ന പേരിലുള്ള കാട്ടുനായ്ക്ക വിഭാഗത്തിലെ, ആന ആക്രമിച്ചു കൊലപ്പെടുത്തിയ ആദിവാസി യുവാവിന്റെ പേരിൽ കുടുംബത്തിന് ലഭിച്ചത്. തന്റെ മൂന്നു മക്കളെ സ്‌കൂളിലേക്ക് കൊണ്ടു ചെന്നാക്കാൻ പോയപ്പോഴാണ് മണിയെ ആന ആക്രമിച്ചത്. രാഷ്ട്രീയ സ്വാധീനമോ ആൾബലമോ മണിയുടെ കുടുംബത്തിന് ഇല്ലാത്തതിനാൽ ആവും ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. അതുപോലെ തന്നെ ഈ വിഷയം ചൂണ്ടിക്കാട്ടി വ്യാപകമായ രീതിയിൽ ജനകീയ പ്രക്ഷോഭങ്ങൾക്ക് ഇറങ്ങുന്ന രീതിയും മുമ്പ് ഉണ്ടായിരുന്നില്ല. കർഷകർക്കിടയിലും ഇത്തരത്തിൽ വന്യജീവികളെ കൊണ്ടുള്ള പ്രതിസന്ധി രൂക്ഷമാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നാട്ടുകാരുടെ നേതൃത്വത്തിൽ ഈ വിഷയത്തിൽ് പരസ്യമായ പ്രക്ഷോഭങ്ങൾ വർധിച്ചുവരുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്.
മറ്റൊരു കാര്യം ഈ അടുത്തകാലത്താണ് വന്യജീവി ആക്രമണങ്ങൾ ഇത്രയുമധികം വർധിച്ചുവരുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഒരു മുപ്പത് വർഷം മുമ്പ് ഒന്നും മനുഷ്യർക്ക് നേരെയുള്ള വന്യജീവികളുടെ ആക്രമണം ഇത്രയുമധികം വ്യാപിച്ചിരുന്നില്ല. ആദിവാസികളും ഇവിടെയുള്ള മറ്റു മനുഷ്യരും പ്രകൃതിയോടും ഇവിടെയുള്ള വന്യജീവികളോടും വളരെയധികം സൗഹാർദപരമായ രീതിയിലായിരുന്നു മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. എന്നാൽ ഇപ്പോഴത് പാടെ മാറി. വനത്തിനുള്ളിലുണ്ടാവുന്ന തീപിടിത്തങ്ങൾ, മൃഗവേട്ട, അനധികൃത കൈയേറ്റങ്ങളും റിസോർട്ട് നിർമാണവും മാഫിയകളുടെ പലതലത്തിലുള്ള പ്രശ്നങ്ങൾ ഒക്കെ തന്നെ മൃഗങ്ങളുടെ കാട്ടിനുള്ളിലെ സ്വാഭാവിക ജീവിതത്തെ തടസ്സപ്പെടുത്തുന്നു. എന്തേലും അത്യാപത്തുകൾ ഉണ്ടാവുമ്പോൾ മാത്രം സർക്കാറിന്റെ ഭാഗത്തുനിന്നും വലിയ സുരക്ഷാ പ്രഖ്യാപനങ്ങൾ ഉണ്ടാവും. ഫെൻസിങ് ഒക്കെ പ്രഖ്യാപനങ്ങൾ മാത്രമായി ഒതുങ്ങുന്ന അനുഭവമാണ് ഇതുവരെ. കേന്ദ്രസർക്കാർ ഒക്കെ വലിയ പരാജയമാണ് ഇക്കാര്യത്തിൽ.
വനം മാത്രം മതിയായിരുന്നു പണ്ടൊക്കെ ആദിവാസികൾക്ക് അവരുടെ ജീവിതം ദാരിദ്ര്യമില്ലാതെ കൊണ്ടുപോകാൻ. മൃഗങ്ങളെ സംബന്ധിച്ചിടത്തോളവും കാട് തന്നെയായിരുന്നു എല്ലാത്തിന്റെയും ആശ്രയം. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ടും കാട്ടിലെ മൃഗങ്ങളുടെ ആവാസവ്യവസ്ഥക്ക് മങ്ങൽ ഏറ്റിട്ടുണ്ട്. അതുപോലെ തന്നെ ടൂറിസ്റ്റ് അധിനിവേശം കാടിന്റെ സന്തുലിതാവസ്ഥ നശിപ്പിച്ചിട്ടുണ്ട്. മൃഗങ്ങളുടെ കാട്ടിനുള്ളിലെ സ്വാഭാവിക ആവാസവ്യവസ്ഥ തന്നെ ഇല്ലാതായി. പണ്ടൊക്കെ ആദിവാസി വീടുകളുടെ സമീപത്തുകൂടിയൊക്കെ ആനക്കൂട്ടമൊക്കെ അവിടെയുള്ള ചെറിയ പാത്രങ്ങൾക്കുപോലും ചെറു കേടുപാടുകൾപോലും വരുത്താതെ നടന്നുപോവുമായിരുന്നു. എത്രയോ ശ്രദ്ധയോടുകൂടി മനുഷ്യരുടെ ആവാസ വ്യവസ്ഥകൾ എത്തുമ്പോൾ അവർ നടന്നു നീങ്ങുന്നതാണ് എന്റെയൊക്കെ ചെറുപ്പകാലത്തെ അനുഭവം. ആനകളെയോ മൃഗങ്ങളെയോ വേദനിപ്പിക്കാനോ അല്ലെങ്കിൽ അങ്ങനെയൊരു അനുഭവം അവർക്ക് നൽകുമ്പോഴോ അവർ കൂടുതൽ ഭീതിദർ ആവുകയും മനുഷ്യർക്കെതിരെ ആക്രമണങ്ങൾ നടത്തുകയുമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ദലിത്-ആദിവാസി സ്ത്രീകളുടെ ചരിത്രമെടുത്താൽ തങ്ങളുടെ ചരിത്രമോ സമരങ്ങളോ വേണ്ടവിധത്തിൽ മുഖ്യധാരാ വനിതാ എഴുത്തുകാർപോലും രേഖപ്പെടുത്തിയിട്ടില്ല എന്ന തോന്നലുണ്ടോ?
വളരെ ദുർബലരായ വിഭവങ്ങൾക്കിടയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ആൾ എന്ന നിലയിൽ ഞങ്ങളുടെ ചരിത്രമോ സമരങ്ങളോ വേണ്ടവിധത്തിൽ എഴുതാൻ ആരും മുന്നോട്ട് വരുന്നില്ല എന്നത് ഖേദകരമാണ്. ജാതിപ്രശ്നം, സമത്വമില്ലായ്മ എന്നൊക്കെ ഇവിടെ പറയുമ്പോൾ തന്നെ അതൊക്കെ ഇവിടെയുള്ള സവർണർക്കിടയിലുള്ള പ്രശ്നങ്ങളെ കുറിച്ച് മാത്രമുള്ളതാണ് എന്നതാണ് എന്റെ അനുഭവം. മുഖ്യധാരാ വനിതാ എഴുത്തുകാരെക്കുറിച്ചു പൂർണമായും എന്റെ ഒരു വിധിപ്രസ്താവമല്ല ഇത്. ചില സന്ദർഭങ്ങളിൽ അവർ നമ്മളെയൊക്കെ ചേർത്തുപിടിച്ചിട്ടുണ്ട്. എന്നാൽ കൃത്യമായി നമ്മളെ അടയാളപ്പെടുത്തുന്ന, പരിചയപ്പെടുത്തുന്ന സാഹചര്യമൊന്നും ഇവരിൽനിന്നും ഉണ്ടായിട്ടില്ല. ഫെമിനിസം എന്ന് പറയുന്ന ഒരു ഏകോന്മുഖ സാമൂഹിക സംവിധാനത്തിൽനിന്നൊക്കെ മാറി ചിന്തിക്കുന്ന ഒരാളാണ് ഞാൻ. സമൂഹത്തിന്റെ താഴേത്തട്ട് വരെ പ്രവർത്തിച്ച് അവിടെയുള്ള പ്രശ്നപരിഹാരത്തിന്റെ ഭാഗമായി അത്തരം താഴേത്തട്ടിലുള്ളവരെ സ്വയം പ്രാപ്തരാക്കുക, അതിനൊക്കെ വേണ്ടി പരിശീലനം ലഭിക്കപ്പെട്ട ഒരു വ്യക്തി എന്ന നിലയിലാണ് ഞാൻ അടയാളപ്പെടുത്തപ്പെടുക. മുഖ്യധാരയിൽ പലരും എന്നാൽ നമ്മളെ കാണുമ്പോൾപോലും പുച്ഛഭാവത്തോടെ മാറ്റിനിർത്തിയ നിരവധി അനുഭവങ്ങളിലൂടെയൊക്കെ തന്നെയാണ് ഞാൻ കടന്നുവന്നിട്ടുള്ളത്.
(അവസാനിച്ചു)