കേരളത്തിന്റെ മുഖ്യധാരയിൽ ഇപ്പോഴും ‘കാടിന് ഇടമില്ല; കാടിന്റെ മക്കൾക്കും’


ആദിവാസി വിഭാഗങ്ങൾക്കുവേണ്ടി നിരന്തരം ശബ്ദമുയർത്തുന്ന, അവരുടെ അവകാശങ്ങൾക്കുവേണ്ടി പതിറ്റാണ്ടുകളായി പോരാട്ട മുഖത്തെ നിരന്തര സാന്നിധ്യമായ വ്യക്തിയാണ് അമ്മിണി കെ. വയനാട്. സർക്കാറുകളുടെ പിടിപ്പുകേടും വനവിഭാഗങ്ങൾ കൊള്ളയടിക്കാൻ ആർത്തി മൂത്ത് നടക്കുന്ന അധിനിവേശക്കാരുടെ ഇടപെടലുകളും കാട്ടിലെ ആവാസവ്യവസ്ഥ നരകതുല്യമാക്കി. ആദിവാസികൾ എന്നും ഏതു വിധത്തിലുള്ള സർക്കാർ മാപിനികളുടെയും അളവുകോലുകൾക്ക് പുറത്താണ് എന്ന് അമ്മിണി കെ....
Your Subscription Supports Independent Journalism
View Plansആദിവാസി വിഭാഗങ്ങൾക്കുവേണ്ടി നിരന്തരം ശബ്ദമുയർത്തുന്ന, അവരുടെ അവകാശങ്ങൾക്കുവേണ്ടി പതിറ്റാണ്ടുകളായി പോരാട്ട മുഖത്തെ നിരന്തര സാന്നിധ്യമായ വ്യക്തിയാണ് അമ്മിണി കെ. വയനാട്. സർക്കാറുകളുടെ പിടിപ്പുകേടും വനവിഭാഗങ്ങൾ കൊള്ളയടിക്കാൻ ആർത്തി മൂത്ത് നടക്കുന്ന അധിനിവേശക്കാരുടെ ഇടപെടലുകളും കാട്ടിലെ ആവാസവ്യവസ്ഥ നരകതുല്യമാക്കി. ആദിവാസികൾ എന്നും ഏതു വിധത്തിലുള്ള സർക്കാർ മാപിനികളുടെയും അളവുകോലുകൾക്ക് പുറത്താണ് എന്ന് അമ്മിണി കെ. വയനാട് ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ മുഖ്യധാരാ ഫെമിനിസ്റ്റ് പരിസരങ്ങളിൽ ആദിവാസി സ്ത്രീയായതുകൊണ്ടുമാത്രം തനിക്ക് നേരിടേണ്ടിവന്നിട്ടുള്ള ദുരനുഭവങ്ങളെ കുറിച്ചും അമ്മിണി കെ. വയനാട് സംസാരിക്കുന്നു.
എന്തായിരുന്നു താങ്കളുടെ ബാല്യം?
1975ലാണ് ജനനം. കർക്കടക മാസം 14. പൂർവികരൊക്കെ അന്നൊന്നും ഇംഗ്ലീഷ് മാസം നോക്കുന്ന പതിവില്ല. ജനിച്ച് ആകെ രണ്ടു വർഷം മാത്രമാണ് അമ്മയുടെ സംരക്ഷണയിൽ കഴിയാൻ എനിക്ക് സാധിച്ചിട്ടുള്ളത്. പിന്നീട് അമ്മ തൊട്ടടുത്ത മുള്ളുകുറുമരുടെ പാടങ്ങളിലും മറ്റും ജോലിക്ക് പോവുകയാണുണ്ടായത്. ഇവിടെയുള്ള ജന്മിമാരുടെയും കുടിയേറ്റ കർഷകരുടെയും പണിസ്ഥലങ്ങളിൽ കൂലിപ്പണിയെടുത്താണ് അമ്മ ഞങ്ങളെ നോക്കിയിരുന്നത്. അച്ഛമ്മയാണ് പിന്നീടുള്ള കാലങ്ങളിൽ എന്നെ പരിചരിച്ചിരുന്നത്. മൂത്ത ചേച്ചിക്ക് ഞാനുമായി ചെറിയ പ്രായവ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വെറും രണ്ടര വയസ്സ് മുതൽക്ക് തന്നെ അവൾ അമ്മയെ തൊഴിലിടങ്ങളിൽ അനുഗമിച്ചിരുന്നു. അഞ്ചര വയസ്സിനു ശേഷമാണ് എന്റെ പഠനമെല്ലാം ആരംഭിക്കുന്നത്.
ഞങ്ങളുടേത് വയനാട്ടിലെ ഉൾനാടൻ ഗ്രാമമായതുകൊണ്ടുതന്നെ ഇവിടെ അടുത്ത് ഒരു വീട്ടിൽ ചെറിയ കുട്ടികൾക്ക് അക്ഷരങ്ങൾ എല്ലാം പഠിപ്പിക്കുന്ന ആശാന്റെ പക്കൽ ഒരൊറ്റമുറി വീട്ടിലായിരുന്നു ഞങ്ങൾ അക്ഷരങ്ങൾ പഠിച്ചിരുന്നത്. ഈ വീടിന്റെ നാല് കിലോമീറ്റർ ചുറ്റളവിൽനിന്നുള്ള കുട്ടികൾ അവിടെ അക്ഷരങ്ങൾ പഠിക്കാൻ എത്തുമായിരുന്നു. അവിടെ വെച്ചാണ് കൂടുതൽ കുട്ടികളുമായി ഇടപഴകാനും മറ്റും അവസരം ലഭിച്ചത്. വളരെയധികം കഷ്ടതകൾക്ക് നടുവിലായിരുന്നെങ്കിലും കുടുംബം ഞങ്ങൾക്ക് പഠിക്കാൻ അവസരം ഉണ്ടാക്കി എന്നതുതന്നെ വലിയ കാര്യമായാണ് ഇപ്പോൾ തോന്നുന്നത്. ഭക്ഷണം, വസ്ത്രം, പാർപ്പിടം തുടങ്ങിയ കാര്യങ്ങളിൽ കുടുംബം വളരെയധികം ശ്രദ്ധപുലർത്തി. പിന്നീട് അക്ഷരങ്ങൾ എല്ലാം കൂട്ടിവായിക്കാൻ പഠിച്ചശേഷം അമ്പലവയൽ എൽ.പി സ്കൂളിലേക്ക് ചേർക്കുകയായിരുന്നു. മുമ്പത്തെ ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപകൻതന്നെയാണ് അതിനുള്ള ഏർപ്പാട് ചെയ്തത്. അവിടെ െവച്ചാണ് പുതിയ പേരടക്കം എന്നെപ്പോലുള്ള കുട്ടികൾക്ക് ലഭിക്കുന്നത്. ഇത് വലിയ പ്രശ്നമായിത്തീർന്നു. ഹാജർ വിളിക്കുമ്പോൾ എല്ലാം സ്വന്തം പേരല്ലല്ലോ വിളിക്കുന്നത് എന്ന അശ്രദ്ധയിലാവും എന്നെ പോലെയുള്ള കുട്ടികൾ. ചെറുപ്പത്തിൽ അധ്യാപകരിൽനിന്നും മറ്റു വിദ്യാർഥികളിൽനിന്നും വലിയതരത്തിൽ വിവേചനം നേരിട്ടിട്ടുണ്ടായിരുന്നു.
ഞങ്ങളുടെ ആലിങ്കാനം പ്രദേശം എന്നത് കുടിയേറ്റക്കാർ ധാരാളമുള്ള പ്രദേശമാണ്. ആദിവാസികളിൽനിന്നും കർഷകരിൽനിന്നും ചെറിയ വിലയ്ക്ക് ഭൂമി വാങ്ങിയും തട്ടിയെടുത്തും കുടിയേറിയ നിരവധി പേരാണ് ഇവിടെ ഉണ്ടായിരുന്നത്. ടൗണുമായിട്ട് ഒരു ബന്ധവുമില്ലാത്ത ഉൾപ്രദേശമാണ് ഞങ്ങളുടേത്. സ്കൂളിലേക്കുള്ള യാത്രയെല്ലാംതന്നെ അതീവ ദുഷ്കരമായിട്ടായിരുന്നു. വലിയ മലയും പാറക്കെട്ടുമെല്ലാം താണ്ടിയാണ് ദിനേന ഞങ്ങൾ സ്കൂളിൽ പോയിക്കൊണ്ടിരുന്നത്. വാഹനങ്ങൾ ഒന്നുംതന്നെ ഞങ്ങൾക്ക് പ്രാപ്യമായിരുന്നില്ല. വീട്ടിൽ പഠനത്തിനു മേൽനോട്ടം ഇല്ലാതിരുന്നതിനാൽതന്നെ ചെറിയ ക്ലാസുകളിൽ ഒഴിച്ച് നിർത്തിയാൽ പഠനനിലവാരം താഴേക്കുപോയി എന്നുതന്നെ പറയാം. അധ്യാപകർക്കും മറ്റും ഞങ്ങളുടെ പഠനത്തിൽ ഒരുവിധ ശ്രദ്ധയുമുണ്ടായിരുന്നില്ല. ഇതെല്ലാം ഞങ്ങളെപ്പോലുള്ള കുട്ടികളുടെ പൊതു അനുഭവങ്ങളായി വിലയിരുത്താവുന്നതാണ്.
കൗമാരത്തിലെ വേദനിപ്പിക്കുന്ന ഓർമയാണ് ആദിവാസി വിഭാഗങ്ങളിലെ മദ്യപാനവുമായി ബന്ധപ്പെട്ടത്. ഞങ്ങളുടെ തൊട്ടടുത്ത പ്രദേശത്തെ ഷാപ്പിൽ എന്റെ അച്ഛനടക്കമുള്ളവരുടെ ദിനേനയുള്ള മദ്യപാനവും ഇടക്കിടെയുള്ള സംഘർഷങ്ങളും കുട്ടികളായ ഞങ്ങളുടെ മനസ്സിൽ വലിയ ആഘാതമുണ്ടാക്കിയിട്ടുണ്ട്. ഞങ്ങൾ അഞ്ച് മക്കൾക്കും ഇതൊക്കെ ചെറുപ്പത്തിലെ വലിയ രീതിയിൽ വിഷമങ്ങളുണ്ടാക്കിയ കാര്യമാണ്. ചെറുപ്പത്തിലേ ഇത്തരം വിഷമതകൾ പ്രത്യേകിച്ച് മദ്യപാനിയായ അച്ഛന്റെയും ജീവിതത്തിന്റെ നെട്ടോട്ടങ്ങളിൽ നിസ്സഹായയായ അമ്മയുടെയും വിഷമതകൾ മകൾ എന്നനിലയിൽ ബാല്യത്തിലും കൗമാരത്തിലുമുണ്ടാക്കിയ അവശതകൾ ചെറുതല്ല.
ഈ കാലയളവിൽ സ്കൂളിൽനിന്നും കിട്ടുന്ന ഉച്ചഭക്ഷണം വലിയ ആശ്വാസമായിരുന്നു. ഞങ്ങളുടെ പ്രദേശത്ത് കുട്ടികളിൽ സ്കൂൾ വിദ്യാഭ്യാസത്തിനു തുടക്കമിടുന്നത് ഞങ്ങൾ കുറച്ചു കുട്ടികളിലൂടെയാണ്. ഇത് ചുറ്റുവട്ടമുള്ള മറ്റു വിഭാഗം ആളുകൾക്കും കുട്ടികളെ സ്കൂളിലേക്ക് പറഞ്ഞയക്കാൻ പ്രേരണയുണ്ടാക്കി. ഇതൊക്കെ ഇന്ന് നോക്കുമ്പോൾ പോസിറ്റിവ് ആയി കാണാൻ സാധിക്കുന്നതാണ്. എന്നിരുന്നാലും സ്കൂളിൽ ഭാഷയുടെയും ജാതിയുടെയും മറ്റും പേരിൽ ഇതര സമുദായങ്ങളിൽനിന്നും ഏറ്റുവാങ്ങേണ്ടി വന്ന വിവേചനങ്ങൾ മറക്കാൻ സാധിക്കുന്നതല്ല.
ആക്ടിവിസത്തിലേക്കും പൊതുപ്രവർത്തനങ്ങളിലേക്കും തിരിയുന്നത് എപ്പോൾ മുതലാണ്?
ചെറിയ പ്രവർത്തനങ്ങൾ തുടങ്ങി, സാക്ഷരതയുടെ ഭാഗമായി ഊരിലെ പ്രായമുള്ളവർക്ക് അക്ഷരം പഠിക്കാൻ 1989ൽ പഞ്ചായത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളിൽ പങ്കുചേർന്നു. അന്ന് ഞാൻ എട്ടാം ക്ലാസിൽ പഠിക്കുന്ന സമയം. ഞങ്ങളുടെ ഗ്രാമം വയനാട്ടിലെ അമ്പലവയൽ പഞ്ചായത്തിന്റെ ഭാഗമാണ്. പക്ഷേ അതീവ ഗ്രാമപ്രദേശങ്ങളാണ് ഞങ്ങളുടെ നാട് എന്ന് പറയുന്നത്. ഇവിടെ അധികവും ഞാൻ നേരത്തേ പറഞ്ഞതുപോലെ കുടിയേറ്റ ജനതയാണ്. ഇവിടെ പട്ടച്ചാരായമൊക്കെ വിൽക്കുന്ന ഒരു ഷാപ്പ് ഉണ്ടായിരുന്നു. അവിടെനിന്നും മദ്യപിച്ചു തിരിച്ചുപോകുന്ന എന്റെ അച്ഛനടക്കമുള്ള ആദിവാസി സമൂഹത്തെ ചിലർ അതിക്രൂരമായി മർദിക്കുന്നതടക്കമുള്ള സാഹചര്യങ്ങൾക്ക് ചെറുപ്പത്തിലേ സാക്ഷിയാവേണ്ടതായി വന്നിട്ടുണ്ട്. ജാതി പേരൊക്കെ വിളിച്ചായിരുന്നു അന്നൊക്കെ പൊതു ഇടങ്ങളിൽ ആദിവാസികളെ ആക്ഷേപിച്ചുകൊണ്ടിരുന്നത്. ഇതിനെതിരെയുള്ള ചെറിയ പ്രതിഷേധങ്ങളെ പോലും വളരെയധികം അസഹിഷ്ണുതയോടെയാണ് ബാക്കിയുള്ളവർ നേരിട്ടത്.
പൊതുവെ ആദിവാസി സമൂഹത്തെ സംബന്ധിച്ചിടത്തോളം മഴക്കാലം എന്നത് ദാരിദ്ര്യത്തിന്റെ ഒരു പന്നകാലമാണ്. ഏതാണ്ട് അര-മുഴു പട്ടിണിയായിരിക്കും അന്ന് ഞങ്ങൾ എല്ലാവരും. കർക്കടകം, ചിങ്ങം, കന്നി തുടങ്ങിയ മൂന്ന് മാസക്കാലം ഞങ്ങളെ സംബന്ധിച്ചിടത്തോളം പേടിപ്പെടുത്തുന്നതാണ്. ഇതിനു പുറമെയാണ് കുടിയേറ്റ സമൂഹത്തിൽനിന്നുണ്ടായ ചൂഷണങ്ങൾ. മദ്യമോ ചെറിയ തുകയോ നൽകി ഞങ്ങൾക്ക് അവകാശപ്പെട്ട ഭൂമിയിൽ കുടിയേറ്റക്കാർ കൃഷിയിറക്കുകയും ആദായം മുഴുവൻ അവർ എടുത്തുകൊണ്ടുപോവുകയും ചെയ്യും. ആദിവാസി സമൂഹത്തിനുനേരെ ഉണ്ടായിട്ടുള്ള ഇത്തരം ചൂഷണങ്ങൾക്ക് കുടപിടിക്കുന്നത് അന്നാട്ടിലെ രാഷ്ട്രീയ നേതൃത്വംകൂടി അറിഞ്ഞുകൊണ്ടാണ്. ഇലക്ഷനൊക്കെ വരുമ്പോ നേതാക്കൾ ഊരുകളിൽ കിടന്നുറങ്ങിയിട്ടൊക്കെയാണ് ഞങ്ങളുടെ മാതാപിതാക്കളെയൊക്കെ വോട്ട് ചെയ്യിക്കാൻ കൊണ്ടുപോയിരുന്നത്. ഇലക്ഷൻ കഴിഞ്ഞാൽ ഇവരൊന്നും ഞങ്ങളെ പിന്നെ തിരിഞ്ഞു നോക്കാൻപോലും നിൽക്കാറില്ല. ഇത്തരം പ്രവണതകളൊക്കെ ഇന്നും തുടർന്ന് പോരുന്നുണ്ട്.
1998ലാണ് ഞാൻ ആദിവാസി ഐക്യസമിതിയുടെ ഭാഗമാവുന്നത്. ആ സമയത്തു തന്നെയാണ് ചിങ്ങേരി ഭൂസമരം നടക്കുന്നത്. അന്ന് സമരത്തിന്റെ മുഴുവൻസമയ ഭാഗമാവാൻ കഴിഞ്ഞില്ലെങ്കിലും സജീവരാഷ്ട്രീയത്തിലേക്ക് വരുന്നതിന്റെ ഭാഗമായി ചെറിയതോതിൽ അന്ന് സമരത്തിന്റെ ഭാഗമായി പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്. ആദിവാസി സമൂഹത്തിന്റെ പ്രശ്നങ്ങൾ ആ സമരത്തിൽ പങ്കെടുത്തതിന്റെ ഭാഗമായി കുറെക്കൂടി വിശാലമായ അർഥത്തിൽ പഠിക്കാനും അന്ന് സാധിച്ചു. മറ്റു ആദിവാസി ഊരുകളിലെ പരിതാപകരമായ അവസ്ഥയെ കുറിച്ചെല്ലാം ആ സമരത്തിലൂടെ കൂടുതൽ മനസ്സിലാക്കാൻ സാധിച്ചു. പിന്നീട് രണ്ടായിരം മുതൽ ആദിവാസി ഐക്യ സമിതിയുടെ എല്ലാ സമരങ്ങളിലും സജീവമായി പങ്കെടുക്കാൻ സാധിച്ചിരുന്നു. 2003ൽ സി.കെ. ജാനു ചേച്ചി നയിച്ചിരുന്ന മുത്തങ്ങ ഭൂസമരത്തിൽ അവിടെ കുടിൽകെട്ടി സമരം ആരംഭിക്കുന്ന സമയത്ത് ആദിവാസി ഐക്യസമിതി സജീവമായി പങ്കെടുത്തിരുന്നു. കാരാപ്പുഴ ഡാം പ്രദേശത്ത് ആയിരം ഹെക്ടർ ഭൂമി ആദിവാസികൾക്ക് പതിച്ചുനൽകാമെന്ന് അന്നത്തെ ആന്റണി സർക്കാർ പ്രഖ്യാപിച്ചു.
അന്ന് യഥാർഥത്തിൽ കാരാപ്പുഴ ഡാം പ്രദേശത്തെ ഏതാണ്ട് 2500ഓളം ആദിവാസി കുടുംബങ്ങളെ ഞങ്ങൾ ഈ കുടിൽകെട്ടി സമരത്തിന് എത്തിച്ചിരുന്നു. 2003 ജനുവരി 14 അർധരാത്രിയാണ് ഞങ്ങൾ കുടിൽകെട്ടി സമരം ആരംഭിച്ചത്. പിറ്റേ ദിവസം മുതൽ മാധ്യമങ്ങളിലൂടെ വിവരമറിഞ്ഞ് പൊലീസും മറ്റു സന്നാഹങ്ങളും ആ പ്രദേശത്ത് എത്തിച്ചേരുകയും കുടിൽ പൊളിക്കാൻ ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. അതിനെയെല്ലാം ഞങ്ങൾ ചെറുത്തു നിൽക്കുകയും ആരും പിന്തിരിഞ്ഞ് പോവാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്തു. ഇതോടെ വിവിധ ആദിവാസി ഊരുകളിൽനിന്നും സമരത്തിനായി കൂടുതൽ ആളുകൾ എത്തിച്ചേരുകയും ഏതാണ്ട് 4000േത്താളം കുടുംബങ്ങൾ ഈ പ്രദേശത്ത് വരുകയും പല ഭാഗങ്ങളിലായി സമരത്തിന്റെ ഭാഗമായി ഞങ്ങളോടൊപ്പം കുടിൽകെട്ടി സമരംചെയ്യുകയും ചെയ്തു. ഈ സമയത്തെല്ലാംതന്നെ നമ്മുടെ ഒപ്പമുള്ള ആളുകൾക്ക് ഒരുപാട് കഷ്ടതകൾ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്.
തൊഴിൽ കളഞ്ഞാണ് പലരും ഈ സമരത്തിന്റെ ഒക്കെ ഭാഗമാവുന്നത്. പട്ടിണിയും ദുരിതങ്ങളും ഒക്കെയായിട്ടാണ് സമരത്തിന് പങ്കെടുക്കുന്നവർ എല്ലാവരും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിന്നിരുന്നത്. ഇതിനിടയിൽ സമരത്തിൽ പങ്കെടുക്കുന്നവരെ ശാരീരികമായി മർദനത്തിന് ഇരയാക്കാൻ ശ്രമങ്ങൾ നടന്നു. എന്നെ ഇതിൽ പ്രത്യേകം ടാർജറ്റ് ചെയ്തുകൊണ്ട് എന്റെ ഭർത്താവിനും എന്റെ സഹോദരിയുടെ മകളുടെ ഭർത്താവിനും മദ്യം വാങ്ങിനൽകുകയും സമരത്തിന്റെ ഒരുദിവസം രാവിലെ ഇവർ സമരപ്പന്തലിൽ എത്തുകയും എന്നെ ക്രൂരമായി അടിച്ചുവീഴ്ത്തുകയും ബോധമില്ലാതാവുന്ന വിധത്തിൽ മർദിക്കുകയുംചെയ്തു. ഭർത്താവിൽനിന്നും സഹോദരിയുടെ മകളുടെ ഭർത്താവിൽനിന്നും വളരെ അപ്രതീക്ഷിതമായാണ് ഇങ്ങനെയൊരു നീക്കമുണ്ടായത്. അവസാനം സമരസമിതി നേതാക്കൾ എത്തിയാണ് എന്നെ രക്ഷപ്പെടുത്തിയത്. ഈ മർദനത്തോടെ ഏതാണ്ട് ഒരു മാസത്തോളമാണ് ഞാൻ വീട്ടിൽ എണീക്കാൻപോലും വയ്യാതെ കിടപ്പിലായത്.
ഇതിൽ എടുത്തുപറയേണ്ടത് അന്ന് എന്റെ സ്വന്തം വീട്ടിൽനിന്നുമുണ്ടായ സമരത്തിനുള്ള പരിപൂർണ പിന്തുണയാണ്. എന്റെ പരിക്കുകൾ എല്ലാം മാറിയശേഷം സ്വന്തം സഹോദരൻതന്നെയാണ് കാരാപ്പുഴയിലേ സമരവേദിയിലേക്ക് എന്നെ വീണ്ടും കൊണ്ടുചെന്നാക്കിയത്. ഇത് വലിയ പ്രചോദനമായി. ഭർത്താവടക്കം എന്നെ ഒഴിവാക്കാൻ ശ്രമിച്ചപ്പോഴും കുടുംബം എന്നോടൊപ്പം നിന്നത് വലിയ പ്രചോദനമായി. എനിക്കെതിരെ ഭർത്താവിനെ തിരിപ്പിച്ചത് തന്നെ പ്രാദേശികമായ ചിലരാണെന്ന് എനിക്ക് ബോധ്യപ്പെട്ടിരുന്നു. ഇതും വല്ലാതെ എന്നെ വേദനിപ്പിച്ചു. എന്നാൽ പിന്നീട് ഞാൻ സംഘടനയിൽ സജീവമാവുകതന്നെ ചെയ്തു. സംഘടന ഇക്കാര്യത്തിൽ എന്നെ സംരക്ഷിക്കുകയും പിന്തുണ നൽകുകയുംചെയ്തു. മാസങ്ങളോളം സ്കൂളിൽ പഠിക്കുന്ന മകളെയോ ഇളയ മകനെയോ കാണാതെ സമരവേദികളിൽ ഞാൻ സജീവമായി. ആ സമയത്ത് പൊലീസിനെയൊക്കെ കാണുക എന്ന് പറയുന്നത് തന്നെ പേടിയായിരുന്നു.
സമരത്തിന്റെ കൺവീനർ ഞാൻ ആയിരുന്നുവെങ്കിലും പൊലീസിനോടൊക്കെ മുഖാമുഖം സംസാരിക്കുന്നത് എനിക്ക് ആദ്യ കാലങ്ങളിൽ ഭയമുണ്ടാക്കുന്ന കാര്യമായിരുന്നു. പിന്നീട് മുത്തങ്ങ സമരഭൂമിയിൽ മൂന്നുമാസത്തോളമാണ് വീട്ടുകാരെയൊക്കെ വിട്ട് സമരത്തിൽ സജീവമായി പങ്കെടുത്തത്. ഇക്കാര്യത്തിൽ എല്ലാംതന്നെ എനിക്ക് പ്രചോദനം നൽകിയത് വി.ടി. കുമാർ എന്ന ഞങ്ങളുടെ സംഘടനയുടെ സ്ഥാപക പ്രസിഡന്റ്, അതുപോലെതന്നെ നേതാക്കളായ വി.പി. ബാബു, ശ്രീധരൻ, സുരേഷ്, രുഗ്മിണി ഭാസ്കരൻ എന്നിവരൊക്കെയാണ്. ഇതിൽ രുഗ്മിണി ഭാസ്കരൻ പിന്നീട് വനിതാ കമീഷൻ അംഗം എന്ന നിലയിലൊക്കെ അംഗീകാരം നേടിയ വ്യക്തിത്വമാണ്. ഇവരൊക്കെ പിന്നീട് എനിക്ക് സംഘടനാപരമായി നേതൃനിരയിലേക്ക് ഉയരാൻ ഏറെ സഹായം നൽകിയവരാണ്.

മൈസൂർ കൊങ്കോർഡിയ ഇന്റർനാഷനൽ യൂനിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റുമായി അമ്മിണി കെ. വയനാട്,പ്രവർത്തന മണ്ഡലത്തിൽ
ആദിവാസികളുമായി ബന്ധപ്പെട്ട ഭൂമി പ്രതിസന്ധി, കേരളത്തിൽ ഇതുമായി ബന്ധപ്പെട്ടു മറ്റു പ്രദേശങ്ങളിൽ അടക്കം നടക്കുന്ന സമരങ്ങൾ എന്നിവയെ കുറിച്ച് പറയാമോ? വയനാട്, അട്ടപ്പാടി എന്നിവിടങ്ങളിൽ പ്രത്യേകിച്ചും ഇതുമായി ബന്ധപ്പെട്ടു നടന്നുവരുന്ന പ്രശ്നപരിഹാരങ്ങൾ എന്തെല്ലാമാണ്?
കേരളത്തിലെ ആദിവാസി ഭൂ പ്രതിസന്ധി ഇന്നും പരിഹരിക്കപ്പെടാത്ത ഒരു വിഷയംതന്നെയാണ്. ഇക്കാര്യത്തിൽ വിവിധങ്ങളായിട്ടുള്ള നിയമങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. വനാന്തരങ്ങളിൽ താമസിക്കുന്ന ആദിവാസികൾക്ക് പ്രത്യേകിച്ച് വനാവകാശ നിയമ പ്രകാരം വ്യക്തിഗത ആനുകൂല്യം സമൂഹ അവകാശം തുടങ്ങിയവ ഉറപ്പാക്കുന്നതിൽ മാറിമാറി വരുന്ന സർക്കാറുകൾ പരാജയപ്പെട്ടുവെന്നുതെന്ന പറയാനാവും. കാൽ സെന്റും അര സെന്റുമൊക്കെയാണ് പട്ടയമേളകൾ എന്ന പേരിൽ ആദിവാസികൾക്ക് ഭൂമിയായി നൽകപ്പെടുന്നത്. വനാവകാശ നിയമപ്രകാരം വനാന്തരങ്ങളിൽ താമസിക്കുന്ന ആദിവാസികൾക്ക് അവർ കാടിനുള്ളിൽ സഞ്ചരിക്കുന്ന പ്രദേശങ്ങൾ, വനവിഭവങ്ങൾ ശേഖരിക്കുന്ന തോത് എന്നിവയെല്ലാം കണക്കാക്കി അളവ് തിരിച്ചു നൽകണമെന്ന നിയമംപോലും പാലിക്കപ്പെടുന്നില്ല. സർക്കാർ വെബ്സൈറ്റുകളിലും മറ്റും ഏറ്റവും ഫലപ്രദമായി ആദിവാസി നിയമം പ്രാബല്യത്തിൽ വരുത്തിയത് കേരളത്തിൽ ആണെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ഇത് തികച്ചും തെറ്റാണ്. ആളുകളെ കബളിപ്പിക്കാൻവേണ്ടി മാത്രമാണ് ഇത്തരം പരസ്യങ്ങൾ സർക്കാർ നൽകുന്നത്. മറ്റൊന്ന് എസ്റ്റേറ്റ് ഭീമന്മാരും മറ്റും അനധികൃതമായി കയ്യടക്കിെവച്ചിരിക്കുന്ന ഭൂമികളും പാട്ടക്കാലാവധി കഴിഞ്ഞ ഭൂമികളും മറ്റും പിടിച്ചെടുത്ത് പാർശ്വവത്കരിക്കപ്പെട്ട ആളുകൾക്ക് തിരിച്ചുനൽകുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ്. ഇതൊന്നും ഒരുതരത്തിലും ഫലപ്രദമായി നടപ്പിൽ വരുത്തുന്നില്ല. അതിനുവേണ്ടി യാതൊരു ഇടപെടലും ഉത്തരവാദപ്പെട്ട കേരളത്തിലെ ഒരു സർക്കാറുകളുടെ ഭാഗത്തുനിന്നും ആദിവാസികൾക്കുവേണ്ടി ഉണ്ടായിട്ടില്ല.
ഈ വിഷയത്തിൽ എല്ലാംതന്നെ നിരവധി കേസുകളും പിന്നാക്ക സമൂഹങ്ങൾക്ക് അനുകൂലമായ വിധികളും കോടതികളിൽനിന്ന് ഉണ്ടായിട്ടുണ്ട് എങ്കിലും ആ വിധികൾ നടപ്പിലാക്കുന്ന കാര്യത്തിൽ ഇവിടത്തെ ഇടതും വലതും സർക്കാരുകൾ പുലർത്തിയ കുറ്റകരമായ മൗനം എടുത്തുപറയേണ്ടതാണ്. കേരളത്തിൽ ഇടതുപക്ഷത്തിന്റെ പോഷക സംഘടനയായ ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ പലതവണ ഭൂപ്രശ്നം പരിഹരിക്കാനായി കുടിൽ കെട്ടി സമരമടക്കം നടത്തി എങ്കിലും വലിയ തോതിലുള്ള ദുരനുഭവങ്ങളാണ് സമരത്തിൽ പങ്കെടുത്തവർക്ക് നേരിടേണ്ടിവന്നിട്ടുള്ളത്. പലർക്കും ഇത്തരം സമരങ്ങളിൽ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യങ്ങൾപോലും നൽകാതെ ബന്ധപ്പെട്ടവർ നരകിപ്പിച്ചു. ഇതൊക്കെ ഇടതുപക്ഷ അനുഭാവം പുലർത്തുന്ന ആദിവാസി സംഘടനയായ ആദിവാസി ക്ഷേമ സമിതി (AKS) പോലെ ഒരു ഉത്തരവാദിത്തമുള്ള സംഘടനയിൽനിന്നും ഉണ്ടാവാൻ പാടില്ലാത്ത കാര്യങ്ങൾ തന്നെയാണ്. ഒരു തെരഞ്ഞെടുപ്പ് വരുമ്പോഴോ, ഒരു സമ്മേളനം വരുമ്പോഴോ മാത്രമാണ് അവർക്ക് ആദിവാസി-പാർശ്വവത്കൃത ജനതയെ ആവശ്യമായി വരുന്നത്. മാറി മാറി വരുന്ന സർക്കാറുകൾക്ക് വേണ്ടത്ര താൽപര്യമില്ല ആദിവാസി വിഷയങ്ങളിൽ എന്നത് എന്റെതന്നെ സ്വന്തം അനുഭവമാണ്.
നമുക്കറിയാം, മുത്തങ്ങ ഭൂസമരം അതിന്റെ അടുത്തഘട്ടത്തിലേക്കു കടന്നത് അന്നത്തെ ആന്റണി സർക്കാറും ആദിവാസി നേതാക്കളായ സി.കെ. ജാനുവും ഗീതാനന്ദനും തമ്മിലുണ്ടാക്കിയ വ്യവസ്ഥ, അതായത് ആദിവാസികൾക്ക് ഒരേക്കർ മുതൽ അഞ്ചേക്കർ വരെ ഭൂമി പതിച്ചുനൽകുവാൻ ഉണ്ടാക്കിയ കരാർ ലംഘിക്കപ്പെട്ടതോടെയാണ്. ഇന്നിപ്പോൾ ആദിവാസികൾക്ക് ഭൂമിക്ക് പകരം മൂന്ന് സെന്റും അഞ്ച് സെന്റും വരുന്ന ഫ്ലാറ്റുകൾ നൽകാമെന്ന തരത്തിലേക്ക് ആണ് സർക്കാർ സംവിധാനങ്ങൾ വാഗ്ദാനങ്ങളുമായി വരുന്നത്. നോക്കൂ, തോട്ടം എസ്റ്റേറ്റ് ഉടമകൾ അനധികൃതമായി കൈയടക്കി
െവച്ചിരിക്കുന്ന ഹെക്ടർ കണക്കിന് ഭൂമി അപ്പുറത്തുള്ളപ്പോൾ ആണ് ആദിവാസി ജനവിഭാഗത്തിനോട് ഈ ക്രൂരത. വയനാട് ജില്ലയിലെ ബീനാച്ചി എസ്റ്റേറ്റ്, അത് മദ്രാസ് സർക്കാറിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ഒരു എസ്റ്റേറ്റ് ആണ്. ഇത് തിരിച്ചുപിടിക്കുവാൻ ഇന്നും സർക്കാർ നടത്തുന്ന പരിശ്രമങ്ങൾ എങ്ങും എത്തിയിട്ടില്ല. ഇതിനു സമാനമായി വയനാട് ജില്ലയിൽതന്നെ കൃഷ്ണഗിരി വില്ലേജിന് സമീപം േശ്രയാംസ് കുമാറിന്റെ പക്കലുള്ള അനധികൃത ഭൂമി, എത്രയോ സമരങ്ങൾ അവിടെ നടന്നിട്ടും കോടതി വിധികൾ ഉണ്ടായിട്ടും അത് നടപ്പിലാക്കാൻ ഒരുതരത്തിലും മുന്നോട്ടുവരാത്ത സർക്കാർ ആണ് നമ്മുടേത്.
ജനിച്ചു പോയതുകൊണ്ട് മരണംവരെ ജീവിക്കണം എന്ന അവസ്ഥയിലാണ് പല ആദിവാസികളുടെയും നിലവിലെ ജീവിതം. ആദിവാസികളുടെ ഭൂമി ചൂഷണം ചെയ്യുന്നതോ അത് കുതന്ത്രങ്ങൾ ഉപയോഗിച്ച് മറ്റുള്ളവർ ചുളുവിൽ കൈക്കലാക്കുന്നതോ തടയാൻ ഇവിടെ ഒരു രാഷ്ട്രീയ പരിരക്ഷയും ഇല്ല എന്നതാണ് സത്യം. ഭൂമിക്ക് വേണ്ടിയുള്ള ആദിവാസികളുടെ സമരങ്ങൾ കേരളത്തിൽ പല സ്ഥലങ്ങളിലും ഇന്നും നടന്നുകൊണ്ടിരിക്കുകയാണ്. ‘കാസറഗോഡ് ഗോത്രകൂട്ടായ്മ’ എന്ന സംഘത്തിന്റെ പേരിൽ കൃഷ്ണൻ പരിപ്പുഞ്ചൽ എന്ന ആദിവാസി നേതാവിന്റെ നേതൃത്വത്തിൽ അഞ്ഞൂറോളം ആദിവാസികളെ സംഘടിപ്പിച്ചുകൊണ്ട്, സർക്കാർ പ്രഖ്യാപിച്ച ലൈഫ് മിഷന്റെ ഭൂമി അവർക്ക് കിട്ടാതിരുന്ന സാഹചര്യത്തിൽ സമരം നടന്നു വരികയാണ്.
ഇതൊന്നും മുഖ്യധാരാ മാധ്യമങ്ങളോ രാഷ്ട്രീയ നേതൃത്വമോ ചർച്ചക്കെടുക്കാനുള്ള സന്മനസ്സ് കാണിക്കാറില്ല. ആദിവാസികൾ കൂടുതലുള്ള ജില്ല എന്ന നിലയിൽ വയനാട് ജില്ലയിലും വലിയതരത്തിൽ ഭൂസമരങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇവിടെ വയനാട് അമ്പലവയൽ ചീങ്ങേരി ഫാം ഇത്തരത്തിൽ ഭൂസമരം നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രദേശമാണ്. 1950ൽ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ചീങ്ങേരിയിൽ അഞ്ചേക്കർ ഭൂമിയിൽ ആദിവാസികൾ കുടിയിരുത്തപ്പെട്ടിരുന്നു. അഞ്ചേക്കർ ഭൂമി അവർക്ക് താമസിക്കാനും ജീവനോപാധിയായി കാർഷിക വൃത്തിക്കും മറ്റും ആദിവാസികൾക്ക് കൊടുക്കാമെന്നുള്ള തരത്തിലായിരുന്നു ചർച്ച. ഈ വ്യവസ്ഥ ഇന്നും പാലിക്കപ്പെടാതെ കിടക്കുകയാണ്. രാഷ്ട്രീയപരമായി ആദിവാസികളെ കൊണ്ട് ഭൂമി വേണ്ട തൊഴിൽ മതി എന്ന് പറയിപ്പിക്കുന്ന തരത്തിലേക്ക് സ്വാധീനം ചെലുത്തിക്കുകയാണ് ഇപ്പോൾ.

കേരള ആദിവാസി വനിത സമ്മേളനത്തിൽ അമ്മിണി കെ. വയനാട്
ഉത്തരേന്ത്യയിലും മറ്റും ആദിവാസി മേഖലകളിൽ രാജ്യം ഭരിക്കുന്ന ബി.ജെ.പി ക്രമാനുഗതമായി സ്വാധീനം ചെലുത്തുന്നതാണ് കണ്ടുവരുന്നത്. കേരളത്തിൽ സി.കെ. ജാനുവിനെ പോലെയുള്ള ആദിവാസി നേതാക്കൾ വരെ ഇതിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്നു. വയനാട് ഒക്കെ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി വളരെയധികം വോട്ടുകൾ വർധിപ്പിക്കുന്നതും ഈ കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ നമുക്ക് കാണാൻ സാധിച്ചിട്ടുണ്ട്..?
സി.കെ. ജാനു നടത്തിയ ഭൂസമരങ്ങൾ എല്ലാംതന്നെ വളരെയധികം അംഗീകരിക്കപ്പെടേണ്ട കാര്യങ്ങളാണ്. മുത്തങ്ങയിൽ അവർ നയിച്ച ഭൂസമരം അഖിലേന്ത്യാ തലത്തിൽപോലും അവർക്ക് വളരെയധികം പ്രശസ്തി നേടി കൊടുക്കാൻ കാരണമായിട്ടുണ്ട്. ആദിവാസികളുടെ ഭൂസമരം വളരെയധികം ചർച്ച ചെയ്യപ്പെടാൻ അവരുടെ സമരങ്ങൾകൊണ്ടായിട്ടുണ്ട്. അവരുടെ സമരങ്ങളിലെ നേതൃത്വത്തിന് ഒരുപാട് ആദിവാസി വിഭാഗങ്ങളുടെ പിന്തുണ ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഫലമായി ആദിവാസികളുടെ ജീവിതപ്രശ്നങ്ങളെ നോക്കിക്കാണുന്നതിൽ ഭരണകൂടങ്ങളുടെ ചിന്താരീതി കുറെയൊക്കെ മാറി. ഇത് കുറച്ചൊക്കെ ആദിവാസികളുടെ ജീവിതരീതി മെച്ചപ്പെടുത്തുന്നതിലേക്ക് നയിച്ചു. കഴിഞ്ഞ കുറച്ചു കാലങ്ങളിൽ അവരുടെ രാഷ്ട്രീയ നിലപാടുകളിൽ മാറ്റം സംഭവിച്ചിട്ടുണ്ട്. എന്റെ അഭിപ്രായത്തിൽ ഇവിടത്തെ മുഖ്യധാരാ പാർട്ടികളായ സി.പി.എമ്മും കോൺഗ്രസും അവർക്ക് സീറ്റ് കൊടുത്തിരുന്നുവെങ്കിൽ അവർ മറ്റൊരു രാഷ്ട്രീയം തേടി പോകില്ലായിരുന്നു.
എന്നാൽ, കേരളത്തിൽ എവിടെയും സി.കെ. ജാനുവിന്റെ പ്രവർത്തനങ്ങൾ നമുക്ക് ഇപ്പോൾ അധികം കാണുവാൻ സാധിക്കാറില്ല. എന്നാൽ, ജാനു ചേച്ചി പറയുന്നത് വരും നാളുകളിൽ ശക്തമായ പ്രവർത്തനങ്ങൾ ആദിവാസി മേഖലയിൽ ഒരു മാറ്റത്തിനുവേണ്ടി അവരുടെ ഭാഗത്തുനിന്നുണ്ടാവും എന്നാണ്. എന്നാൽ ഇതിൽ തെറ്റ് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവരുടെ പ്രധാന കാലമെല്ലാം ആദിവാസി സമൂഹത്തിനുവേണ്ടി ശക്തമായ പ്രവർത്തനങ്ങൾതന്നെയാണ് അവർ നടത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ അവസാനം മറ്റൊരു രാഷ്ട്രീയത്തോട് ചേർന്ന് അവർ പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടുള്ളത് അവരുടെ ബോധ്യംകൊണ്ട് തന്നെയായിരിക്കും. വ്യക്തിപരമായി ഇക്കാര്യത്തിൽ വിയോജിപ്പുള്ള ആള് തന്നെയാണ് ഞാൻ. അത് ബി.ജെ.പിയുടെ ജാതി മത രാഷ്ട്രീയത്തോടുള്ള എന്റെ നിലപാടിന്റെ പേരിൽതന്നെയാണ്. കേന്ദ്രതലത്തിൽ തന്നെ ഇപ്പോഴത്തെ സർക്കാർ ആദിവാസികൾക്ക് വേണ്ടി കാര്യമായി ഒന്നും ചെയ്തിട്ടില്ല എന്ന ബോധ്യവും എനിക്കുണ്ട്. ജാതി മതത്തിന്റെ പേരിൽ രാജ്യത്ത് ഇത്തരത്തിൽ ക്രൂരമായ വിഭജനം നടത്തുന്നവർ ആദിവാസികൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമെന്ന കാര്യത്തിലും എനിക്ക് പ്രതീക്ഷയില്ല. യു.പി മോഡലൊക്കെ വലിയ ആശങ്കയുണ്ടാക്കുന്നതാണ്. ഇത്തരുണത്തിൽ ഭരണഘടനയെ സംരക്ഷിക്കുക, ഇന്ത്യയെ സംരക്ഷിക്കുക തുടങ്ങിയ ആശയങ്ങൾക്കാണ് ഞാൻ പ്രാധാന്യം നൽകുന്നത്.

സമരമുഖത്ത് സംസാരിക്കുന്ന അമ്മിണി
വയനാടിന്റെ പേര് ഗണപതിവട്ടം എന്നാക്കണം എന്നായിരുന്നു കഴിഞ്ഞതവണ വയനാട് മത്സരിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ തന്റെ കാമ്പയിനിനിടെ ആവശ്യപ്പെട്ടത്..?
തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപി ഉണ്ടാക്കിയതുപോലെ ഒരു സ്വാധീനം ഉണ്ടാക്കാൻ വേണ്ടിയാണ് വയനാട്ടിൽ കെ. സുരേന്ദ്രൻ ഇത്തരമൊരു പ്രസ്താവന നടത്തിയത് എന്ന് വേണം മനസ്സിലാക്കാൻ. ഇക്കാര്യത്തിൽ നമുക്കൊക്കെ വിയോജിപ്പുണ്ട്. ഇവിടെ ടിപ്പു സുൽത്താൻ വരുന്ന സമയത്തുണ്ടായിരുന്ന ബത്തേരിയുടെ പേര് അതേ പോലെ തന്നെ ഇപ്പോഴും നിലനിർത്തണം എന്ന് പറയുന്നതിൽ വിയോജിപ്പാണ്. ചരിത്രത്തിലെ എല്ലാം അതേ പടി തന്നെ നിലനിർത്തണം എന്ന് പറയാൻ സാധ്യമല്ല. നോക്കൂ, വയനാട് ചുരത്തിലേക്കുള്ള ആദ്യ വഴികാട്ടി എന്നറിയപ്പെടുന്ന മുതുമുത്തച്ഛനായ കരിന്തണ്ടനെ വയനാട്ടിലേക്ക് പ്രവേശിക്കുന്നിടത്തു തന്നെ തളച്ചിടുകയും അവിടെ ഒരു കാവായി പരിവർത്തനം ചെയ്യുകയുമാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇവിടെ മത്സരിക്കാനായി എത്തിയ കെ. സുരേന്ദ്രൻ ആണെങ്കിലും ആനിരാജ ആണെങ്കിലും എല്ലാം വയനാട്ടിലേക്ക് കയറുന്നതിനു മുമ്പ് തന്നെ അവിടെ ചെന്ന് പുഷ്പാർച്ചന നടത്തുക അല്ലെങ്കിൽ അവിടെ ചെന്ന് തൊഴുക എന്ന രീതിയിലേക്ക് കാര്യങ്ങൾ പോയിക്കൊണ്ടിരിക്കുകയാണ്.
നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം വയനാട്ടിൽ ആദിവാസികളുടേതായിട്ടുള്ള കാവുകളിൽ ഹിന്ദു ഐക്യവേദിയുടെയും വിശ്വ ഹിന്ദു പരിഷത്തിന്റെയും നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഉണ്ടാവുകയും അവിടെ ഈ സംഘടനയുടെ കൊടികൾ ഉയരുകയും ആദിവാസികളുടെ കാവുകൾ എല്ലാംതന്നെ അമ്പലങ്ങളായി പരിവർത്തനംചെയ്യപ്പെടുകയുംചെയ്യുന്ന ഒരു പ്രവണതയുണ്ട്. ഇത് ആദിവാസികളുടെ നേർക്കുള്ള മറ്റൊരു ചൂഷണമാണ്. ആദിവാസികളുടെ ദൈവങ്ങൾക്ക് പോലും സ്വൈരമില്ല എന്ന അവസ്ഥയാണ്. പ്രകൃതിയിലെ കല്ലിനെയും മണ്ണിനെയും മരങ്ങളെയും മഴയെയും എല്ലാം ആരാധിക്കുന്ന ആദിവാസികളുടെ ആരാധനാലയങ്ങൾപോലും പിടിച്ചെടുത്തുകൊണ്ട് അവിടെ ഹിന്ദു പ്രതിമകൾ പ്രതിഷ്ഠിച്ച് പൂണൂലിട്ട ബ്രാഹ്മണനെ കൊണ്ട് കർമങ്ങൾ ചെയ്യിക്കുന്ന അവസ്ഥയിലാണ് ഇത്തരം ആശയങ്ങൾ നടപ്പിൽ വരുന്നത്. അത് നമുക്ക് ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല. ആദിവാസികൾ എന്നാൽ തന്നെ പരമ്പരാഗതമായി മരിച്ചു മണ്മറഞ്ഞു പോയ പൂർവികരെ ആരാധിച്ചും അനുഷ്ഠിച്ചും കഴിഞ്ഞുവരുന്ന ആളുകളാണ്. അത് മാറ്റിപ്പണിയുന്നതിനോട് വിയോജിപ്പുണ്ട്. ആദിവാസികളുടെ പരമ്പരാഗത ഉത്സവങ്ങളിലും ആചാരങ്ങളിലും അങ്ങോട്ട് കയറിച്ചെന്ന് സഹായം ചെയ്യുകയും അവിടെ സ്വാധീനം ചെലുത്തുകയും പിന്നീട് അതിന്റെ പേരിൽ അവിടെ കൊടി കുത്തുകയും തങ്ങളുടേതാക്കി അത്തരം ഇടങ്ങളെ മാറ്റിപ്പണിയുകയുമാണ് പലയിടങ്ങളിലും ബി.ജെ.പിയുടെ നേതൃത്വത്തിൽ നടന്നുവരുന്നത്. ഇത് ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്.
ആദിവാസികളെ പ്രതിനിധാനംചെയ്യുന്ന സംഘടനകൾക്കിടയിൽ വേണ്ടത്ര ഐക്യം രൂപപ്പെടുന്നില്ല എന്ന കാര്യത്തിൽ എന്താണ് അഭിപ്രായം?
ആദിവാസികൾക്ക് വേണ്ടി നിരവധി സംഘടനകൾ നമ്മുടെ സംസ്ഥാനത്തും രാജ്യത്തും പ്രവർത്തിക്കുന്നുണ്ട് എങ്കിലും നാമമാത്രമായ ആളുകളാണ് അവരുടെ അടിസ്ഥാന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി പ്രവർത്തിക്കാൻ മുന്നോട്ട് വരാറുള്ളത്. അത്തരത്തിൽ സ്വതന്ത്രമായി പ്രവർത്തിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവരുടെ എണ്ണം തുലോം കുറവാണ്. ബാക്കിയെല്ലാം തന്നെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ അടിമകളായി പ്രവർത്തിക്കുന്നവരാണ്. വിവിധ പാർട്ടിക്കാർക്ക് ആൾബലമുണ്ടാക്കാനും അവരുടെ തിട്ടൂരങ്ങൾക്ക് അനുസരിച്ചു തുള്ളാൻനിൽക്കാനുമാണ് കുറേപ്പേരെങ്കിലും ശ്രമിക്കുന്നത്. അതുപോലെ തന്നെയാണ് ആദിവാസി സംഘടനകളുടെ നേതൃനിരയിൽ പ്രവർത്തിക്കുന്നവർ, അവർക്കുള്ളിലെ തന്നെ ജാതീയ പ്രശ്നങ്ങളും ഉപജാതി പ്രശ്നങ്ങളും നേരിടുന്നവരാണ്.
അതുകൊണ്ട് തന്നെ ഈ രണ്ടു പ്രശ്നങ്ങൾക്കൊപ്പം വളർന്നുവരുന്ന ആദിവാസി നേതാക്കളെ പല രാഷ്ട്രീയ പാർട്ടികളും വല വീശി പിടിക്കുകയും ഒരു പരിധിക്കപ്പുറത്തേക്ക് അവരെ വളരാൻ അനുവദിക്കാതെ തളച്ചിടുകയും ചെയ്യുന്നു. കേരളത്തിൽ അതിനാൽതന്നെ ആദിവാസി നേതൃത്വം വളരെ ദുർബലമായ നിലയിലാണ് കാണാൻ കഴിയുന്നത്. ആദിവാസികൾക്ക് വേണ്ടി ഒരു കേന്ദ്രീകൃത സ്വഭാവത്തിൽ കൃത്യമായി ഇടപെടാനോ അവരുടെ ശബ്ദമായി മാറാനോ നേതാക്കൾക്ക് കഴിയുന്നില്ല. അത് വലിയൊരു പരാജയംതന്നെയാണ്. ആദിവാസികളുടെ ഇടയിൽനിന്ന് വളർന്നുവന്ന മികച്ച വിദ്യാഭ്യാസവും സംഘടനാ പാടവവുമെല്ലാം കൈമുതലുള്ള കലാ രംഗത്തൊക്കെ പ്രവർത്തിക്കുന്ന നിരവധി പേർ ഇപ്പോഴുണ്ടാവുന്നുണ്ട്. കവികളും സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരുമെല്ലാം ആദിവാസികളുടെ ഇടയിൽനിന്ന് ഉണ്ടാവുന്നു എന്നത് ചെറിയ കാര്യമല്ല. സാംസ്കാരിക രംഗത്തൊക്കെ ഇത്തരത്തിലുള്ള മുന്നേറ്റം വളരെയധികം പ്രതീക്ഷ നൽകുന്നു. പക്ഷേ, ഇവിടെയുള്ള രാഷ്ട്രീയ പാർട്ടികളെ പേടിച്ചിട്ടു സ്വന്തമായി അഭിപ്രായം പറയാൻപോലും കഴിയാതെ ഉൾവലിഞ്ഞു പോകുന്ന ഒരു വിഭാഗവും ഉണ്ടാവുന്നു എന്നത് വളരെ ഖേദകരമായ കാര്യമായാണ് തോന്നുന്നത്.