Begin typing your search above and press return to search.
proflie-avatar
Login

അ​ടി​സ്ഥാ​ന വ​ര്‍ഗ വേ​ദ​ന​ക​ള്‍ എ​ഴു​താ​ൻ അ​വ​രി​ല്‍ ഒ​രാ​ളാ​യി മാ​റി​യാ​ൽ മ​തി

അ​ടി​സ്ഥാ​ന   വ​ര്‍ഗ വേ​ദ​ന​ക​ള്‍   എ​ഴു​താ​ൻ  അ​വ​രി​ല്‍ ഒ​രാ​ളാ​യി  മാ​റി​യാ​ൽ മ​തി
cancel

സ​മ​കാ​ലി​ക മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ൽ വേ​റി​ട്ട സാ​ന്നി​ധ്യ​മാ​ണ് പു​ഷ്പ​മ്മ. ‘കൊ​ളു​ക്ക​ന്‍’, ‘മു​ടി’ എ​ന്നീ നോ​വ​ലു​ക​ൾ അ​വ​രെ മു​ൻ​നി​ര​യി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ട്. എ​ഴു​ത്തി​നെ​ക്കു​റി​ച്ചും ഗോ​ത്ര ജീ​വി​ത അ​വ​സ്ഥ​ക​ളെ​ക്കു​റി​ച്ചും ക​വി കൂ​ടി​യാ​യ അ​ക്ബ​റി​നോ​ട് പു​ഷ്പ​മ്മ പ​ങ്കു​വെ​ക്കു​ന്നു.ഇ​ടു​ക്കി ജി​ല്ല​യി​ലെ വ​ഞ്ചി​വ​യ​ല്‍ സ്വ​ദേ​ശി​യും നി​ല​വി​ല്‍ പെ​രി​യോ​ന്‍ക​വ​ല​യി​ല്‍ താ​മ​സ​ക്കാ​രി​യു​മാ​യ പു​ഷ്പ​മ്മ സ​മ​കാ​ലി​ക മ​ല​യാ​ള നോ​വ​ല്‍ സാ​ഹി​ത്യ രം​ഗ​ത്തെ ശ്ര​ദ്ധേ​യ​യാ​യ എ​ഴു​ത്തു​കാ​രി​യാ​ണ്. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ സേ​വ​ന​ത്തോ​ടൊ​പ്പം...

Your Subscription Supports Independent Journalism

View Plans
സ​മ​കാ​ലി​ക മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ൽ വേ​റി​ട്ട സാ​ന്നി​ധ്യ​മാ​ണ് പു​ഷ്പ​മ്മ. ‘കൊ​ളു​ക്ക​ന്‍’, ‘മു​ടി’ എ​ന്നീ നോ​വ​ലു​ക​ൾ അ​വ​രെ മു​ൻ​നി​ര​യി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ട്. എ​ഴു​ത്തി​നെ​ക്കു​റി​ച്ചും ഗോ​ത്ര ജീ​വി​ത അ​വ​സ്ഥ​ക​ളെ​ക്കു​റി​ച്ചും ക​വി കൂ​ടി​യാ​യ അ​ക്ബ​റി​നോ​ട് പു​ഷ്പ​മ്മ പ​ങ്കു​വെ​ക്കു​ന്നു.

ഇ​ടു​ക്കി ജി​ല്ല​യി​ലെ വ​ഞ്ചി​വ​യ​ല്‍ സ്വ​ദേ​ശി​യും നി​ല​വി​ല്‍ പെ​രി​യോ​ന്‍ക​വ​ല​യി​ല്‍ താ​മ​സ​ക്കാ​രി​യു​മാ​യ പു​ഷ്പ​മ്മ സ​മ​കാ​ലി​ക മ​ല​യാ​ള നോ​വ​ല്‍ സാ​ഹി​ത്യ രം​ഗ​ത്തെ ശ്ര​ദ്ധേ​യ​യാ​യ എ​ഴു​ത്തു​കാ​രി​യാ​ണ്. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ സേ​വ​ന​ത്തോ​ടൊ​പ്പം ത​ന്നെ സാ​ഹി​ത്യ​സൃ​ഷ്ടി​യി​ലും അ​വ​ര്‍ ത​ന്‍റേ​താ​യ മു​ദ്ര പ​തി​പ്പി​ച്ചി​രി​ക്കു​ന്നു. ത​ന്‍റെ ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ലെ അ​നു​ഭ​വ​ങ്ങ​ളും നി​ശി​ത​മാ​യ സ​മൂ​ഹ​നി​രീ​ക്ഷ​ണ​ങ്ങ​ളും സ​മ​ന്വ​യി​പ്പി​ച്ചാ​ണ് പു​ഷ്പ​മ്മ സാ​ഹി​ത്യ​ര​ച​ന​ക​ള്‍ ന​ട​ത്തു​ന്ന​ത്. ല​ളി​ത​വും എ​ന്നാ​ല്‍ വാ​യ​ന​ക്കാ​രു​ടെ ഹൃ​ദ​യ​ത്തി​ല്‍ നേ​രി​ട്ടു പ​തി​ക്കു​ന്ന​തു​മാ​യ ആ​ഖ്യാ​ന​ശൈ​ലി​യാ​ണ് അ​വ​രു​ടേ​ത്.

മ​നു​ഷ്യ​ന്‍റെ നി​ത്യ​ജീ​വി​ത യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ​യും വി​കാ​ര​ങ്ങ​ളെ​യും ആ​ഴ​ത്തി​ല്‍ ആ​വി​ഷ്ക​രി​ക്കു​ന്ന​വ​യാ​ണ് പു​ഷ്പ​മ്മ​യു​ടെ എ​ഴു​ത്തു​ക​ള്‍. അ​വ​രു​ടെ കൃ​തി​ക​ളി​ല്‍ പ്ര​ധാ​ന​മാ​യും നി​ഴ​ലി​ക്കു​ന്ന​ത് ഇ​വ​യാ​ണ്: ഗോ​ത്ര പ​ശ്ചാ​ത്ത​ല​വും ജീ​വി​ത​വും, പാ​ര്‍ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട മ​നു​ഷ്യ​രു​ടെ ജീ​വി​താ​നു​ഭ​വ​ങ്ങ​ളും അ​വ​രു​ടെ സം​സ്കാ​ര​വും, പ്ര​കൃ​തി​യും മ​നു​ഷ്യ​നും, പ്ര​കൃ​തി​യു​മാ​യി മ​നു​ഷ്യ​നു​ള്ള ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ ആ​ഴം, സാ​മൂ​ഹി​ക യാ​ഥാ​ർ​ഥ്യ​ങ്ങ​ള്‍: സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​ത പോ​രാ​ട്ട​ങ്ങ​ളും സ​മ​കാ​ലി​ക സാ​മൂ​ഹി​കാ​വ​സ്ഥ​ക​ളും പ്ര​മേ​യ​മാ​ക്കു​ന്ന കൃ​തി​ക​ളാ​ണ് പു​ഷ്പ​മ്മ​യു​ടേ​ത്.

മ​ല​യാ​ള നോ​വ​ല്‍ സാ​ഹി​ത്യ​ത്തി​ല്‍ പു​ഷ്പ​മ്മ എ​ന്ന എ​ഴു​ത്തു​കാ​രി​യെ അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ത് അ​വ​രു​ടെ ‘കൊ​ളു​ക്ക​ന്‍’, ‘മു​ടി’ എ​ന്നീ ശ്ര​ദ്ധേ​യ​മാ​യ നോ​വ​ലു​ക​ളാ​ണ്. സാ​ധാ​ര​ണ മ​നു​ഷ്യ​രു​ടെ ജീ​വി​ത​ത്തു​ടി​പ്പു​ക​ള്‍ വാ​യ​ന​ക്കാ​രി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ ഈ ​കൃ​തി​ക​ള്‍ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. അ​ധ്യാ​പി​ക എ​ന്ന നി​ല​യി​ലു​ള്ള ത​ന്‍റെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും എ​ഴു​ത്തു​കാ​രി എ​ന്ന നി​ല​യി​ലു​ള്ള സ​ർ​ഗാ​ത്മ​ക​ത​യും ഒ​രേ​പോ​ലെ കൊ​ണ്ടു​പോ​കു​ന്ന പു​ഷ്പ​മ്മ, മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ല്‍ പു​തി​യൊ​രു ഭാ​വു​ക​ത്വം നി​ർ​മി​ച്ചു​കൊ​ണ്ട് ത​ന്‍റെ എ​ഴു​ത്തു​ജീ​വി​തം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​വു​ക​യാ​ണ്.

എ​ഴു​ത്തി​ന്‍റെ ലോ​ക​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന ആ ​ആ​ദ്യ​കാ​ല​ത്തെ​ക്കു​റി​ച്ച് ഓ​ർ​മി​ക്കാ​മോ? ഒ​രു എ​ഴു​ത്തു​കാ​രി​യാ​യി മാ​റാ​ന്‍ പ്രേ​രി​പ്പി​ച്ച ഘ​ട​ക​ങ്ങ​ള്‍ എ​ന്തൊ​ക്കെ​യാ​യി​രു​ന്നു?

▲ തീ​ര്‍ത്തും യാ​ദൃ​ച്ഛി​ക​മാ​യാ​ണ് ഞാ​ന്‍ എ​ഴു​ത്തി​ന്‍റെ ഈ ​വ​ലി​യ ലോ​ക​ത്തേ​ക്ക് എ​ത്തി​ച്ചേ​ര്‍ന്ന​ത്. ഒ​ര​ർ​ഥ​ത്തി​ല്‍ ഇ​തൊ​രു നി​യോ​ഗ​മാ​യി​രു​ന്നു എ​ന്നു​പ​റ​യാം. ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം കേ​ര​ള​ത്തി​ല്‍ മു​പ്പ​തി​നോ​ളം ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളു​ണ്ട്. എ​ന്നാ​ല്‍, അ​വ​രെ​ക്കു​റി​ച്ച് പു​റ​ത്തു​വ​ന്നി​ട്ടു​ള്ള പ​ഠ​ന​ങ്ങ​ളും നോ​വ​ലു​ക​ളും ലേ​ഖ​ന​ങ്ങ​ളു​മെ​ല്ലാം പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ എ​നി​ക്ക് വ​ലി​യൊ​രു സ​ങ്ക​ടം തോ​ന്നി. പ​ല ര​ച​ന​ക​ളും എ​ല്ലാ ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളെ​യും അ​വ​രു​ടെ വൈ​വി​ധ്യ​മാ​ര്‍ന്ന ജീ​വി​ത-​സം​സ്കാ​ര-​ആ​ചാ​ര രീ​തി​ക​ളെ​യും ഒ​രേ പ​ട്ടു​നൂ​ലി​നാ​ല്‍ കെ​ട്ടി ഒ​തു​ക്കി​നി​ര്‍ത്തി​യി​രി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. അ​തി​ലു​പ​രി, ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളെ​യും അ​വ​രു​ടെ ത​ന​ത് ജീ​വി​ത​ങ്ങ​ളെ​യും വ​ള​രെ വി​ക​ല​മാ​യും മോ​ശ​മാ​യും ചി​ത്രീ​ക​രി​ക്കു​ന്ന​തി​ല്‍ ഇ​ത്ത​രം പു​റം​കാ​ഴ്ചാ ര​ച​ന​ക​ള്‍ വ​ലി​യ പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​രം പു​സ്ത​ക​ങ്ങ​ളു​ടെ വാ​യ​ന എ​ന്നി​ല്‍ വ​ലി​യ അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കി എ​ന്നു പ​റ​യാം. ചു​രു​ക്ക​ത്തി​ല്‍ സ്വ​ന്തം ജ​ന​ത​യു​ടെ യ​ഥാ​ർ​ഥ ജീ​വി​തം, അ​തി​ന്‍റെ ത​നി​മ​യോ​ടെ​യും ആ​ത്മാ​ഭി​മാ​ന​ത്തോ​ടെ​യും മ​റ്റാ​രേ​ക്കാ​ളും മു​മ്പ് ന​മ്മ​ള്‍ ത​ന്നെ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ടെ​ന്ന അ​ടി​യ​ന്ത​ര​മാ​യ തി​രി​ച്ച​റി​വാ​ണ് എ​ന്നെ ഒ​രു എ​ഴു​ത്തു​കാ​രി​യാ​ക്കി മാ​റ്റി​യ​ത്.

കു​ട്ടി​ക്കാ​ല​ത്തെ അ​നു​ഭ​വ​ങ്ങ​ളും വ​ള​ര്‍ന്നു​വ​ന്ന ചു​റ്റു​പാ​ടും താ​ങ്ക​ളി​ലെ എ​ഴു​ത്തു​കാ​രി​യെ എ​ത്ര​ത്തോ​ളം സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്?

▲ കു​ട്ടി​ക്കാ​ലം അ​ത്ര​മാ​ത്രം മ​ധു​ര​മു​ള്ള​തൊ​ന്നു​മാ​യി​രു​ന്നി​ല്ല. ഏ​റെ ക​ഷ്ട​പ്പാ​ടു​ക​ളും വ​റു​തി​യും നി​റ​ഞ്ഞ​താ​യി​രു​ന്നു അ​ത്. എ​ന്നാ​ല്‍, ആ ​ക​ഠി​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ള്‍ ത​ന്നെ​യാ​ണ് എ​ന്നെ അ​നു​ഭ​വ​സ​മ്പ​ന്ന​യാ​ക്കി​യ​തും ഒ​രു എ​ഴു​ത്തു​കാ​രി​യാ​യി രൂ​പ​പ്പെ​ടു​ത്തി​യ​തും. ഞാ​ന്‍ വ​ള​ര്‍ന്നു​വ​ന്ന വീ​ട്, അ​വി​ട​ത്തെ മ​നു​ഷ്യ​ര്‍ ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധ​ങ്ങ​ള്‍, എ​ന്‍റെ ചു​റ്റി​ലു​മു​ണ്ടാ​യി​രു​ന്ന സ​മൂ​ഹം എ​ന്നി​വ​യെ​ല്ലാം എ​ന്‍റെ ‘കൊ​ളു​ക്ക​ന്‍’ എ​ന്ന നോ​വ​ലി​നെ അ​തി​ന്‍റെ പൂ​ർ​ണ​ത​യി​ല്‍ സ​മ്പു​ഷ്ട​മാ​ക്കാ​ന്‍ ഏ​റെ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. ക​ഷ്ട​പ്പാ​ടു​ക​ള്‍ നി​റ​ഞ്ഞ​താ​ണെ​ങ്കി​ലും ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വാ​ത്ത ആ ​ബാ​ല്യ​കാ​ല സ്മ​ര​ണ​ക​ള്‍ ഇ​പ്പോ​ഴും എ​ന്‍റെ​യു​ള്ളി​ല്‍ വ​റ്റാ​ത്ത ഉ​റ​വ​യാ​യി ത​ന്നെ​യു​ണ്ട്; അ​ത് എ​ന്‍റെ എ​ഴു​ത്തി​ന് നി​ര​ന്ത​രം ഊ​ർ​ജം ന​ല്‍കു​ന്നു.

ഒ​രു നോ​വ​ലി​ന്‍റെ പ്ര​മേ​യം മ​ന​സ്സി​ലേ​ക്ക് വ​രു​ന്ന​തു​മു​ത​ല്‍ അ​ത് പൂ​ര്‍ത്തി​യാ​കു​ന്ന​ത് വ​രെ​യു​ള്ള താ​ങ്ക​ളു​ടെ എ​ഴു​ത്തു​രീ​തി എ​ങ്ങ​നെ​യാ​ണ്? ക​ഥാ​പാ​ത്ര​ങ്ങ​ളെ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ലാ​ണോ അ​തോ പ്ര​മേ​യ​ത്തി​ന്‍റെ വ്യാ​പ്തി​ക്കാ​ണോ കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യം ന​ല്‍കാ​റു​ള്ള​ത്?

▲ പ്ര​മേ​യ​ത്തി​ന്‍റെ വ്യാ​പ്തി​ക്കും ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ രൂ​പ​വ​ത്ക​ര​ണ​ത്തി​നും ഞാ​ന്‍ ഒ​രു​പോ​ലെ​യാ​ണ് പ്രാ​ധാ​ന്യം ന​ല്‍കു​ന്ന​ത്. ഒ​രു നോ​വ​ലി​ന്‍റെ അ​ടി​സ്ഥാ​ന പ്ര​മേ​യം ആ​ദ്യം മ​ന​സ്സി​ലേ​ക്ക് വ​രു​ക​യാ​ണ് പ​തി​വ്. എ​ന്നാ​ല്‍, അ​തി​നൊ​രു കൃ​ത്യ​മാ​യ രൂ​പ​വും ഭാ​വ​വും ക​ണ്ടെ​ത്തു​ക എ​ന്ന​ത് വ​ള​രെ ദു​ഷ്ക​ര​മാ​യ പ​ടി​യാ​ണ്. അ​ത് കേ​വ​ലം ഒ​രു ചി​ന്ത​യി​ല്‍ ഒ​തു​ങ്ങാ​തെ, കാ​മ്പു​ള്ള ഒ​ന്നാ​ക്കി മാ​റ്റാ​ന്‍ വ​ലി​യ അ​ധ്വാ​നം വേ​ണം. ക​ഥാ​പാ​ത്ര​ങ്ങ​ളെ ജീ​വ​സ്സു​റ്റ രീ​തി​യി​ല്‍ ചി​ത്രീ​ക​രി​ച്ചെ​ടു​ക്കു​ന്ന​ത് ഏ​റെ നാ​ള​ത്തെ നി​രീ​ക്ഷ​ണ​ങ്ങ​ളു​ടെ​യും ആ​ലോ​ച​ന​ക​ളു​ടെ​യും ശ്ര​മ​ഫ​ല​മാ​യാ​ണ്. ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ശ​ക്ത​മാ​കു​മ്പോ​ഴാ​ണ് പ്ര​മേ​യം വാ​യ​ന​ക്കാ​ര​നി​ലേ​ക്ക് ആ​ഴ​ത്തി​ല്‍ ഇ​റ​ങ്ങി​ച്ചെ​ല്ലു​ന്ന​ത്.

 

താ​ങ്ക​ളു​ടെ നോ​വ​ലു​ക​ളി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ പ​ല​പ്പോ​ഴും സാ​ധാ​ര​ണ​ക്കാ​രാ​യ മ​നു​ഷ്യ​രു​ടെ ജീ​വി​ത​ത്തോ​ട് ചേ​ര്‍ന്നു​നി​ല്‍ക്കു​ന്ന​വ​രാ​ണ്. യ​ഥാ​ർ​ഥ ജീ​വി​ത​ത്തി​ല്‍ ക​ണ്ടു​മു​ട്ടി​യ മ​നു​ഷ്യ​രെ ക​ഥാ​പാ​ത്ര​മാ​ക്കു​മ്പോ​ള്‍ എ​ന്തെ​ങ്കി​ലും വെ​ല്ലു​വി​ളി നേ​രി​ടാ​റു​ണ്ടോ?

▲ എ​നി​ക്ക് ചു​റ്റു​മു​ള്ള പ​രി​ചി​ത​മാ​യ ഇ​ട​ങ്ങ​ളി​ല്‍ നി​ന്നും മ​നു​ഷ്യ​രി​ല്‍ നി​ന്നു​മാ​ണ് ഞാ​ന്‍ ഓ​രോ ക​ഥാ​പാ​ത്ര​ത്തെ​യും ക​ണ്ടെ​ത്തു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ പ​ല ക​ഥാ​പാ​ത്ര​ങ്ങ​ളും എ​ന്നെ തേ​ടി​യെ​ത്തു​ന്ന​വ​രോ അ​ല്ലെ​ങ്കി​ല്‍ ഞാ​ന്‍ നേ​രി​ട്ട് ക​ണ്ടി​ട്ടു​ള്ള​വ​രോ ആ​ണ്. യ​ഥാ​ർ​ഥ ജീ​വി​ത​ത്തി​ലെ മ​നു​ഷ്യ​രെ എ​ഴു​ത്തി​ലേ​ക്ക് പ​ക​ര്‍ത്തു​മ്പോ​ള്‍ അ​വ​രു​ടെ സ​ത്ത ചോ​ര്‍ന്നു​പോ​കാ​തെ സൂ​ക്ഷി​ക്കു​ക എ​ന്ന​താ​ണ് പ്ര​ധാ​ന വെ​ല്ലു​വി​ളി. ആ ​മ​നു​ഷ്യ​രു​ടെ ഓ​രോ അ​നു​ഭ​വ​ങ്ങ​ളും എ​ന്‍റെ മ​ന​സ്സി​നെ എ​ത്ര​ത്തോ​ളം സ്വാ​ധീ​നി​ക്കു​ന്നു, അ​വ എ​ത്ര​മാ​ത്രം സ​ത്യ​സ​ന്ധ​മാ​യി എ​നി​ക്ക് ആ​വി​ഷ്ക​രി​ക്കാ​ന്‍ ക​ഴി​യു​ന്നു എ​ന്ന​തി​ലാ​ണ് ഒ​രു എ​ഴു​ത്തു​കാ​രി എ​ന്ന നി​ല​യി​ല്‍ എ​ന്‍റെ വി​ജ​യ​മി​രി​ക്കു​ന്ന​ത്.

സ​മ​കാ​ലി​ക സാ​മൂ​ഹി​ക പ്ര​ശ്ന​ങ്ങ​ളും മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളി​ലെ സ​ങ്കീ​ർ​ണ​ത​ക​ളും താ​ങ്ക​ളു​ടെ ര​ച​ന​ക​ളി​ല്‍ ക​ട​ന്നു​വ​രാ​റു​ണ്ട്. ഒ​രു എ​ഴു​ത്തു​കാ​രി സ​മൂ​ഹ​ത്തോ​ട് എ​ത്ര​ത്തോ​ളം പ്ര​തി​ബ​ദ്ധ​ത​യു​ള്ള​വ​ളാ​യി​രി​ക്ക​ണം എ​ന്നാ​ണ് താ​ങ്ക​ള്‍ ക​രു​തു​ന്ന​ത്?

▲ ഒ​രു എ​ഴു​ത്തു​കാ​രി​യോ എ​ഴു​ത്തു​കാ​ര​നോ തീ​ര്‍ച്ച​യാ​യും സ​മൂ​ഹ​ത്തോ​ട് ക​ടു​ത്ത പ്ര​തി​ബ​ദ്ധ​ത​യു​ള്ള ആ​ളാ​യി​രി​ക്ക​ണം എ​ന്ന് ത​ന്നെ​യാ​ണ് ഞാ​ന്‍ ശ​ക്ത​മാ​യി വി​ശ്വ​സി​ക്കു​ന്ന​ത്. ആ ​പ്ര​തി​ബ​ദ്ധ​ത കേ​വ​ലം ഉ​പ​രി​പ്ല​വ​മാ​യ മ​തം, ജാ​തി, രാ​ഷ്ട്രീ​യം എ​ന്നി​വ​യി​ല്‍ മാ​ത്രം ഒ​തു​ങ്ങേ​ണ്ട​ത​ല്ല. അ​തി​ന​പ്പു​റം മ​നു​ഷ്യ​ന്‍റെ സാ​മൂ​ഹി​ക​ജീ​വി​ത സ​ങ്കീ​ർ​ണ​ത​ക​ളെ​യും അ​വ​രു​ടെ വേ​ദ​ന​ക​ളെ​യും ആ​ര്‍ദ്ര​ത​യോ​ടെ ചേ​ര്‍ത്തു​പി​ടി​ക്കാ​ന്‍ എ​ഴു​ത്തി​ന് ക​ഴി​യ​ണം. സ​മൂ​ഹ​ത്തി​ല്‍ ആ​രോ​ഗ്യ​ക​ര​മാ​യ ചി​ന്ത​ക​ളും പ്ര​വൃ​ത്തി​ക​ളും വ​ള​ര്‍ത്തി​യെ​ടു​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​മ്പോ​ഴാ​ണ് ഒ​രു എ​ഴു​ത്തു​കാ​ര​ന്‍/​കാ​രി ത​ന്‍റെ സാ​മൂ​ഹി​ക​മാ​യ ക​ട​മ നി​ർ​വ​ഹി​ക്കു​ന്ന​ത്. എ​നി​ക്ക് ചു​റ്റു​മു​ള്ള സ​മ​കാ​ലി​ക പ്ര​ശ്ന​ങ്ങ​ളെ അ​തീ​വ ശ്ര​ദ്ധ​യോ​ടെ വീ​ക്ഷി​ക്കാ​ന്‍ ഞാ​ന്‍ ശ്ര​മി​ക്കാ​റു​ണ്ട്, അ​തി​ന്‍റെ സ്വാ​ഭാ​വി​ക​മാ​യ പ്ര​തി​ഫ​ല​ന​ങ്ങ​ള്‍ എ​ന്‍റെ എ​ഴു​ത്തി​ലും സം​ഭ​വി​ക്കാ​റു​ണ്ട്.

പു​രു​ഷാ​ധി​പ​ത്യ​പ​ര​മാ​യ സാ​മൂ​ഹി​ക ക്ര​മ​ങ്ങ​ളി​ല്‍ സ്ത്രീ​ക​ള്‍ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ളെ ഒ​രു സ്ത്രീ ​എ​ന്ന നി​ല​യി​ല്‍ നോ​വ​ലു​ക​ളി​ല്‍ ആ​വി​ഷ്ക​രി​ക്കു​മ്പോ​ള്‍ നേ​രി​ട്ടി​ട്ടു​ള്ള വെ​ല്ലു​വി​ളി​ക​ള്‍ എ​ന്തൊ​ക്കെ​യാ​ണ്?

▲ ഇ​ന്നും ലോ​ക​മെ​മ്പാ​ടു​മു​ള്ള അ​ധി​കാ​ര ഘ​ട​ന​ക​ള്‍ പു​രു​ഷാ​ധി​പ​ത്യ​ത്തി​ന്‍റെ കൈ​ക​ളി​ല്‍ ഭ​ദ്ര​മാ​ണ് എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. സ്ത്രീ​ക​ള്‍ നി​ത്യ​ജീ​വി​ത​ത്തി​ല്‍ നേ​രി​ടു​ന്ന പ​ല സ​ങ്കീ​ർ​ണ​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ക്കും സ്വ​യം ഒ​രു പ​രി​ഹാ​രം ക​ണ്ടെ​ത്താ​ന്‍ ഈ ​വ്യ​വ​സ്ഥി​തി അ​വ​രെ അ​നു​വ​ദി​ക്കാ​റി​ല്ല. എ​ന്‍റെ ‘കൊ​ളു​ക്ക​ന്‍’ എ​ന്ന നോ​വ​ല്‍ അ​ടി​സ്ഥാ​ന​പ​ര​മാ​യി അ​ത്ത​ര​മൊ​രു പു​രു​ഷ കേ​ന്ദ്രീ​കൃ​ത​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള​താ​ണ്. അ​ത് എ​ഴു​തു​ന്ന സ​മ​യ​ത്ത്, പു​രു​ഷാ​ധി​പ​ത്യ​പ​ര​മാ​യ ആ​ചാ​ര​ങ്ങ​ളെ തു​റ​ന്നു​കാ​ട്ടു​മ്പോ​ള്‍ വാ​യ​ന​ക്കാ​രു​ടെ പ്ര​തി​ക​ര​ണം എ​ന്താ​യി​രി​ക്കു​മെ​ന്ന ഭ​യം അ​ൽ​പം എ​ന്നെ അ​ല​ട്ടി​യി​രു​ന്നു. പ​ക്ഷേ, ആ ​ആ​ധി​പ​ത്യ​വും വി​ധേ​യ​ത്വ​വും അ​വ​രു​ടെ ജീ​വി​ത​ക്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​റി​യി​രു​ന്നു എ​ന്ന ക​യ്പേ​റി​യ വാ​സ്ത​വ​മാ​ണ് ഞാ​ന്‍ ഭ​യ​മി​ല്ലാ​തെ നോ​വ​ലി​ല്‍ ആ​വി​ഷ്ക​രി​ച്ച​ത്.

മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ല്‍ സ്ത്രീ ​എ​ഴു​ത്തു​കാ​രി​ക​ളു​ടെ അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ളെ സ​മ​കാ​ലി​ക​മാ​യി എ​ങ്ങ​നെ വി​ല​യി​രു​ത്തു​ന്നു? ‘സ്ത്രീ ​എ​ഴു​ത്ത്’ എ​ന്ന ത​രം​തി​രി​വി​നോ​ട് താ​ങ്ക​ള്‍ യോ​ജി​ക്കു​ന്നു​ണ്ടോ?

▲ സാ​ഹി​ത്യ​ത്തെ ‘സ്ത്രീ ​എ​ഴു​ത്ത്’ എ​ന്നും ‘പു​രു​ഷ എ​ഴു​ത്ത്’ എ​ന്നും ത​രം​തി​രി​ക്കു​ന്ന​തി​നോ​ട് ഞാ​ന്‍ തീ​ര്‍ച്ച​യാ​യും വി​യോ​ജി​ക്കു​ന്നു. സ്ത്രീ​യാ​യാ​ലും പു​രു​ഷ​നാ​യാ​ലും ന​ല്ല എ​ഴു​ത്തു​കാ​രും മി​ക​ച്ച കൃ​തി​ക​ളു​മാ​ണ് ഉ​ണ്ടാ​കേ​ണ്ട​ത്. എ​ന്നാ​ല്‍, ഒ​രു കാ​ര്യ​മു​ണ്ട്; സ്ത്രീ​ക​ള്‍ എ​പ്പോ​ഴും ത​ങ്ങ​ള്‍ക്ക് ഏ​റ്റ​വും പ​രി​ചി​ത​മാ​യ ചു​റ്റു​പാ​ടു​ക​ളി​ല്‍ നി​ന്നും സ്വ​ന്തം തീ​ക്ഷ്ണ​മാ​യ അ​നു​ഭ​വ​ങ്ങ​ളി​ല്‍ നി​ന്നു​മാ​ണ് എ​ഴു​ത്തി​നെ പ​രു​വ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കാ​റു​ള്ള​ത്. ആ ​അ​നു​ഭ​വ​ങ്ങ​ളി​ല്‍ പ​ല​തും പു​രു​ഷാ​ധി​പ​ത്യ​പ​ര​മാ​യ വ്യ​വ​സ്ഥി​തി​ക്കെ​തി​രെ​യു​ള്ള​താ​യി​രി​ക്കാം. അ​ത്ത​രം എ​ഴു​ത്തു​ക​ള്‍ സ്വാ​ഭാ​വി​ക​മാ​യും സ​മൂ​ഹ​ത്തി​ലെ പു​രു​ഷാ​ധി​പ​ത്യ പ്ര​വ​ണ​ത​ക​ളെ ചോ​ദ്യം ചെ​യ്യും. അ​തി​നെ ലിം​ഗ​പ​ര​മാ​യ ത​രം​തി​രി​വാ​യി കാ​ണാ​തെ, ഒ​രു വ​ലി​യ സാ​മൂ​ഹി​ക പ്ര​തി​രോ​ധ​മാ​യി കാ​ണു​ക​യാ​ണ് വേ​ണ്ട​ത്.

ഡി​ജി​റ്റ​ല്‍ യു​ഗ​ത്തി​ല്‍ വാ​യ​ന മ​രി​ക്കു​ന്നു എ​ന്നൊ​രു ആ​ശ​ങ്ക പ​ര​ക്കെ​യു​ണ്ട്. എ​ന്നാ​ല്‍, സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പു​തി​യൊ​രു വാ​യ​നാ​സ​മൂ​ഹം വ​ള​രു​ന്നു​മു​ണ്ട്. പു​തി​യ കാ​ല​ത്തെ വാ​യ​ന​ക്കാ​രെ​യും നോ​വ​ല്‍ സാ​ഹി​ത്യ​ത്തി​ന്‍റെ ഭാ​വി​യെ​യും എ​ങ്ങ​നെ കാ​ണു​ന്നു?

▲ പു​തി​യ കാ​ല​ത്ത് സോ​ഷ്യ​ല്‍ മീ​ഡി​യ അ​ധി​ഷ്ഠി​ത​മാ​യ വാ​യ​ന​ക്ക് വ​ലി​യ പ്ര​ചാ​ര​മു​ണ്ട് എ​ന്ന കാ​ര്യം സ​ത്യ​മാ​ണ്. ഡി​ജി​റ്റ​ല്‍ വാ​യ​ന ഇ​ന്ന​ത്തെ വാ​യ​നാ​സം​സ്കാ​ര​ത്തി​ന്‍റെ വ​ലി​യൊ​രു ഭാ​ഗ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. ഇ​വി​ടെ വാ​യ​ന മ​രി​ക്കു​ന്നു എ​ന്ന​തി​നേ​ക്കാ​ള്‍, വാ​യ​ന​യു​ടെ മാ​ധ്യ​മം മാ​റു​ന്നു എ​ന്നാ​ണ് ഞാ​ന്‍ ക​രു​തു​ന്ന​ത്. എ​ന്നാ​ല്‍, ല​ഭ്യ​മാ​കു​ന്ന അ​സം​ഖ്യം എ​ഴു​ത്തു​ക​ളി​ല്‍ നി​ന്ന് ന​മ്മ​ള്‍ ‘എ​ന്ത് തി​ര​ഞ്ഞെ​ടു​ക്കു​ന്നു’ എ​ന്ന​തി​നെ ആ​ശ്ര​യി​ച്ചാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ വാ​യ​ന​യു​ടെ ഗു​ണ​നി​ല​വാ​രം വി​ല​യി​രു​ത്തേ​ണ്ട​ത്. ആ​ഴ​മി​ല്ലാ​ത്ത വാ​യ​ന​ക​ള്‍ക്ക​പ്പു​റം, വാ​യ​ന​ക്കാ​രു​ടെ തി​ര​ഞ്ഞെ​ടു​പ്പ് എ​പ്പോ​ഴും ബൗ​ദ്ധി​ക​മാ​യും ആ​രോ​ഗ്യ​പ​ര​മാ​യും ഉ​ള്ള​താ​യി​രി​ക്ക​ണം. നോ​വ​ല്‍ സാ​ഹി​ത്യ​ത്തി​ന്‍റെ ഭാ​വി ഇ​ത്ത​രം വി​വേ​ച​ന​ബു​ദ്ധി​യു​ള്ള വാ​യ​ന​ക്കാ​രു​ടെ കൈ​ക​ളി​ല്‍ സു​ര​ക്ഷി​ത​മാ​യി​രി​ക്കും.

മ​ല​യാ​ള നോ​വ​ലു​ക​ളി​ല്‍ ഗോ​ത്ര​ജീ​വി​തം പ​ല​പ്പോ​ഴും പു​റം​കാ​ഴ്ച​ക​ള്‍ മാ​ത്ര​മാ​യി ചു​രു​ങ്ങി​പ്പോ​കാ​റു​ണ്ട്. ഒ​രു നോ​വ​ലി​സ്റ്റ് എ​ന്ന നി​ല​യി​ല്‍ അ​വ​രു​ടെ ആ​ന്ത​രി​ക ലോ​ക​ത്തെ​യും സം​സ്കാ​ര​ത്തെ​യും ഇ​ത്ര​മേ​ല്‍ സൂ​ക്ഷ്മ​മാ​യി ആ​വി​ഷ്ക​രി​ക്കാ​ന്‍ എ​ങ്ങ​നെ​യാ​ണ് സാ​ധി​ച്ച​ത്?

▲ പൊ​തു​സ​മൂ​ഹം ക​ൽ​പി​ച്ചു​ന​ല്‍കു​ന്ന മി​ഥ്യാ​ധാ​ര​ണ​ക​ളി​ലും വി​ചി​ത്ര​മാ​യ പ​രി​വേ​ഷ​ങ്ങ​ളി​ലും നി​റ​ഞ്ഞ​താ​ണ് പ​ല​പ്പോ​ഴും ഗോ​ത്ര​ജീ​വി​ത​ങ്ങ​ള്‍. പു​റം​ലോ​ക​ത്തി​ന്‍റെ ഇ​ത്ത​രം കെ​ട്ടു​കാ​ഴ്ച​ക​ളി​ല്‍ പെ​ട്ടു​പോ​കു​ന്ന​ത് കൊ​ണ്ടു​ത​ന്നെ, ഓ​രോ ഗോ​ത്ര​ജ​ന​ത​യു​ടെ​യും യ​ഥാ​ർ​ഥ ജീ​വി​ത​വും സം​സ്കാ​ര​വും വി​ക​ല​മാ​ക്ക​പ്പെ​ടു​ക​യും അ​വ​ര്‍ മു​ഖ്യ​ധാ​ര​യി​ല്‍നി​ന്നും കൂ​ടു​ത​ല്‍ മാ​റ്റി​നി​ര്‍ത്ത​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. എ​നി​ക്ക് അ​വ​രു​ടെ ആ​ന്ത​രി​ക ലോ​കം സൂ​ക്ഷ്മ​മാ​യി ആ​വി​ഷ്ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്, ഞാ​ന്‍ ആ ​ജീ​വി​ത​ങ്ങ​ളെ വെ​റു​മൊ​രു കാ​ഴ്ച​ക്കാ​രി​യാ​യി ദൂ​ര​ത്തു​നി​ന്ന് നോ​ക്കി​ക്കാ​ണാ​ത്ത​തു കൊ​ണ്ടാ​ണ്. അ​വ​രെ ആ​ഴ​ത്തി​ല്‍ തി​രി​ച്ച​റി​ഞ്ഞും, അ​വ​രു​ടെ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​റി​യും, ആ ​വേ​ദ​ന​ക​ളും ആ​ചാ​ര​ങ്ങ​ളും അ​നു​ഭ​വി​ച്ച​റി​ഞ്ഞു​മാ​ണ് ഞാ​ന്‍ നോ​വ​ലു​ക​ളി​ല്‍ ആ​വി​ഷ്ക​രി​ച്ച​ത്. അ​താ​ണ് ആ ​കൃ​തി​ക​ള്‍ക്ക് ആ​ധി​കാ​രി​ക​ത ന​ല്‍കി​യ​ത്.

ഗോ​ത്ര​ജീ​വി​തം ക​ണ്ടു​നി​ന്ന​വ​ര്‍ എ​ഴു​തി​യ നോ​വ​ലു​ക​ളും ക​വി​ത​ക​ളും മ​ല​യാ​ള​ത്തി​ല്‍ നേ​ര​ത്തേ ഉ​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍, നാ​രാ​യ​ന്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ സാ​ഹി​ത്യ​ത്തി​ലേ​ക്ക് ക​ട​ന്നു വ​ന്ന​പ്പോ​ഴ​ല്ലേ ഗോ​ത്ര ജീ​വി​തം സ​ത്യാ​വ​സ്ഥ​യാ​യി അ​വ​ത​രി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടു​ള്ളൂ?

▲ അ​തെ, തീ​ര്‍ച്ച​യാ​യും ഞാ​ന്‍ ആ ​അ​ഭി​പ്രാ​യ​ത്തോ​ട് പൂ​ർ​ണ​മാ​യും യോ​ജി​ക്കു​ന്നു. ഗോ​ത്ര​ജീ​വി​ത​ത്തെ വെ​റു​തെ ക​ണ്ടു​നി​ന്ന് ഭാ​വ​ന​യി​ല്‍ എ​ഴു​തു​ന്ന​തും, ആ ​ജീ​വി​തം ജീ​വി​ച്ചു​തീ​ര്‍ത്ത​വ​ര്‍ ത​ന്നെ എ​ഴു​തു​ന്ന​തും ത​മ്മി​ല്‍ ആ​കാ​ശ​വും ഭൂ​മി​യും ത​മ്മി​ലു​ള്ള വ്യ​ത്യാ​സ​മു​ണ്ട്. അ​ന്ത​രി​ച്ച എ​ഴു​ത്തു​കാ​ര​ന്‍ നാ​രാ​യ​നെ​പ്പോ​ലെ​യു​ള്ള​വ​ര്‍ സ്വ​ന്തം ജീ​വി​താ​നു​ഭ​വ​ങ്ങ​ളു​ടെ ക​രു​ത്തോ​ടെ സാ​ഹി​ത്യ​ത്തി​ലേ​ക്ക് ക​ട​ന്നു​വ​ന്ന​പ്പോ​ഴാ​ണ് മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ന് ഗോ​ത്ര​ജീ​വി​ത​ത്തി​ന്‍റെ യ​ഥാ​ർ​ഥ മു​ഖം ദ​ര്‍ശി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്. ഗോ​ത്ര​ജീ​വി​ത​ത്തെ അ​ത്ര​മേ​ല്‍ അ​ടു​ത്ത​റി​ഞ്ഞ്, സ​ത്യ​സ​ന്ധ​മാ​യി എ​ഴു​തു​ന്ന​ത് ഗോ​ത്ര​സ​മൂ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ പ​ര​മ്പ​രാ​ഗ​ത കാ​ഴ്ച​പ്പാ​ടു​ക​ളി​ല്‍ വ​ലി​യ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്താ​ന്‍ ഏ​റെ സ​ഹാ​യി​ക്കും.

ഗോ​ത്ര​വ​ർ​ഗ​ക്കാ​രു​ടെ ത​ന​ത് ഭാ​ഷ, മൊ​ഴി​ഭേ​ദ​ങ്ങ​ള്‍ (dialects), ആ​ചാ​ര​ങ്ങ​ള്‍ എ​ന്നി​വ നോ​വ​ലി​ല്‍ ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍ ഭാ​ഷാ​പ​ര​മാ​യ എ​ന്തെ​ല്ലാം വെ​ല്ലു​വി​ളി​ക​ളാ​ണ് നേ​രി​ട്ടി​ട്ടു​ള്ള​ത്? സാ​ധാ​ര​ണ വാ​യ​ന​ക്കാ​രി​ലേ​ക്ക് അ​ത് എ​ത്തി​ക്കാ​ന്‍ എ​ന്ത് ക്രാ​ഫ്റ്റ് ആ​ണ് ഉ​പ​യോ​ഗി​ച്ച​ത്?

▲ മു​തു​വാ​ന്‍ ഗോ​ത്ര ജ​ന​ത​യു​ടെ ജീ​വി​തം പ​ശ്ചാ​ത്ത​ല​മാ​ക്കു​മ്പോ​ള്‍ വ​ലി​യൊ​രു ഭാ​ഷാ​പ​ര​മാ​യ പ്ര​തി​സ​ന്ധി​യു​ണ്ട്. കാ​ര​ണം മു​തു​വാ​ന്‍ ഭാ​ഷ​ക്ക് ത​ന​താ​യ ലി​പി​യി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ അ​വ​രു​ടെ ത​ന​ത് മൊ​ഴി​ഭേ​ദ​ങ്ങ​ളെ മ​ല​യാ​ള അ​ക്ഷ​ര​ങ്ങ​ളി​ലേ​ക്ക് പ​ക​ര്‍ത്തി എ​ഴു​തു​ക​യ​ല്ലാ​തെ മ​റ്റ് മാ​ർ​ഗ​മി​ല്ലാ​യി​രു​ന്നു. ഒ​രു ഗോ​ത്ര നോ​വ​ല്‍ എ​ഴു​തു​മ്പോ​ള്‍ അ​വ​രു​ടെ സാം​സ്കാ​രി​ക​ത്ത​നി​മ ചോ​ര്‍ന്നു​പോ​കാ​തി​രി​ക്കാ​ന്‍ ആ ​ത​ന​ത് ഭാ​ഷാ​പ്ര​യോ​ഗ​ങ്ങ​ള്‍ അ​നി​വാ​ര്യ​മാ​ണെ​ന്ന് ഞാ​ന്‍ ഉ​റ​ച്ചു​വി​ശ്വ​സി​ക്കു​ന്നു. സാ​ധാ​ര​ണ വാ​യ​ന​ക്കാ​ര്‍ക്ക് അ​പ​രി​ചി​ത​മാ​യ ഈ ​വാ​ക്കു​ക​ള്‍ ഒ​ഴു​ക്കി​നെ ബാ​ധി​ക്കാ​ത്ത രീ​തി​യി​ല്‍ സ​ന്ദ​ര്‍ഭ​ങ്ങ​ളി​ലൂ​ടെ​യും, ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ സം​ഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ​യും സ്വാ​ഭാ​വി​ക​മാ​യി വാ​യ​ന​ക്കാ​രി​ലേ​ക്ക് എ​ത്തി​ക്കാ​നാ​ണ് ഞാ​ന്‍ ശ്ര​മി​ച്ച​ത്. ആ ​ഒ​രു ക്രാ​ഫ്റ്റാ​ണ് നോ​വ​ലി​ല്‍ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​തെ​ന്നു പ​റ​യാം.

ഗോ​ത്ര​ജീ​വി​തം എ​ന്ന​ത് പ്ര​കൃ​തി​യോ​ട് ഇ​ഴ​ചേ​ര്‍ന്ന് കി​ട​ക്കു​ന്ന ഒ​ന്നാ​ണ്. ആ​ധു​നി​ക​ത​യു​ടെ​യും വി​ക​സ​ന​ത്തി​ന്‍റെ​യും പേ​രി​ല്‍ അ​വ​ര്‍ സ്വ​ന്തം മ​ണ്ണി​ല്‍നി​ന്ന് ആ​ട്ടി​യോ​ടി​ക്ക​പ്പെ​ടു​മ്പോ​ള്‍, ആ ​വേ​ദ​ന​യെ താ​ങ്ക​ളു​ടെ നോ​വ​ലു​ക​ള്‍ എ​ങ്ങ​നെ​യാ​ണ് അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​ത്?

▲ ഗോ​ത്ര​ജ​ന​ത എ​ന്നും ച​രി​ത്ര​ത്തി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ല്‍ പ​ല​ത​രം ചൂ​ഷ​ണ​ങ്ങ​ള്‍ക്ക് നി​ര​ന്ത​രം വി​ധേ​യ​മാ​യി​ട്ടു​ള്ള​വ​രാ​ണ്. ത​ങ്ങ​ളു​ടെ ജീ​വ​നാ​യ മ​ണ്ണി​ല്‍ നി​ന്നും പ്ര​കൃ​തി​യി​ല്‍ നി​ന്നും ആ​ധു​നി​ക​ത​യു​ടെ​യും വി​ക​സ​ന​ത്തി​ന്‍റെ​യും പേ​രി​ല്‍ അ​വ​ര്‍ ആ​ട്ടി​യോ​ടി​ക്ക​പ്പെ​ടു​മ്പോ​ള്‍ അ​വ​ര്‍ക്ക് ന​ഷ്ട​പ്പെ​ടു​ന്ന​ത് കേ​വ​ലം ഒ​രി​ടം മാ​ത്ര​മ​ല്ല, അ​വ​രു​ടെ സം​സ്കാ​ര​വും വം​ശീ​യ​മാ​യ നി​ല​നി​ല്‍പും കൂ​ടി​യാ​ണ്. അ​വ​ര്‍ ത​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക​മാ​യ ‘ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തി​നു​വേ​ണ്ടി’ ഇ​ന്നും നി​ര​ന്ത​രം പോ​രാ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ആ ​പോ​രാ​ട്ട​ങ്ങ​ളു​ടെ തീ​ക്ഷ്ണ​ത​യും വേ​ദ​ന​യും പൊ​തു​സ​മൂ​ഹം തി​രി​ച്ച​റി​യ​ണ​മെ​ങ്കി​ല്‍, അ​തി​നോ​ട് അ​വ​ര്‍ക്ക് ആ​ത്മ​ബ​ന്ധം തോ​ന്ന​ണ​മെ​ങ്കി​ല്‍ ഇ​ത്ത​രം നോ​വ​ലു​ക​ളി​ലൂ​ടെ ഗോ​ത്ര​ജീ​വി​ത​ങ്ങ​ളു​ടെ പൊ​ള്ളു​ന്ന യാ​ഥാ​ർ​ഥ്യ​ങ്ങ​ള്‍ ലോ​ക​ത്തി​നു​മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ക്കേ​ണ്ട​തു​ണ്ട്. എ​ന്‍റെ നോ​വ​ലു​ക​ള്‍ ആ ​വേ​ദ​ന​ക​ളു​ടെ​യും പ്ര​തി​രോ​ധ​ങ്ങ​ളു​ടെ​യും അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ളാ​ണ്.

ഗോത്രവാസികളുടെ ജീവിതം -എ.ഐ ചിത്രീകരണം

 

 

കാ​ടും മ​ല​യും കേ​വ​ലം പ​ശ്ചാ​ത്ത​ല​മ​ല്ല, താ​ങ്ക​ളു​ടെ നോ​വ​ലു​ക​ളി​ല്‍ അ​തൊ​രു ക​ഥാ​പാ​ത്രം ത​ന്നെ​യാ​ണ്. എ​ഴു​ത്തി​ല്‍ പ്ര​കൃ​തി​ക്ക് ന​ല്‍കു​ന്ന ഈ ​കേ​ന്ദ്ര സ്ഥാ​ന​ത്തെ​ക്കു​റി​ച്ച് എ​ന്താ​ണ് പ​റ​യാ​നു​ള്ള​ത്?

▲ പ്ര​കൃ​തി​യെ അ​റി​ഞ്ഞും അ​തി​നെ ആ​ദ​രി​ച്ചും ജീ​വി​ക്കു​ക എ​ന്ന​ത് മ​നു​ഷ്യ​ന്‍റെ നി​ല​നി​ൽ​പി​നു​ത​ന്നെ ഏ​റെ പ്രാ​ധാ​ന്യ​മേ​റി​യ ഒ​ന്നാ​ണ്. ഗോ​ത്ര​സ​മൂ​ഹ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് കാ​ടും മ​ല​യും കാ​ട്ടാ​റും മ​ണ്ണും മൃ​ഗ​ങ്ങ​ളു​മെ​ല്ലാം അ​വ​രു​ടെ ജീ​വി​ത​ത്തോ​ട് അ​ത്ര​മേ​ല്‍ ചേ​ര്‍ന്നു​കി​ട​ക്കു​ന്ന ഒ​ന്നാ​ണ്; പ്ര​കൃ​തി​യാ​ണ് അ​വ​രെ കാ​ത്തു​ര​ക്ഷി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ എ​ന്‍റെ ര​ച​ന​ക​ളി​ല്‍ കാ​ടും മ​ല​യും വെ​റു​മൊ​രു ബാ​ക്ക്ഗ്രൗ​ണ്ട് സെ​റ്റി​ങ്സ് അ​ല്ല, മ​റി​ച്ച് ജീ​വ​നു​ള്ള, ശ്വ​സി​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ത​ന്നെ​യാ​ണ്. പ്ര​കൃ​തി​യെ അ​തി​ന്‍റെ ത​നി​മ​യോ​ടും പ​വി​ത്ര​ത​യോ​ടും കൂ​ടി വ​രും​ത​ല​മു​റ​ക്കാ​യി ന​മ്മ​ള്‍ സൂ​ക്ഷി​ച്ചു​വെ​ക്കേ​ണ്ട​തു​ണ്ട്. ഇ​ല്ലെ​ങ്കി​ല്‍, വി​ക​സ​ന​ഭ്രാ​ന്തി​ല്‍ പെ​ട്ട് അ​വ​യെ​ല്ലാം വ​രും​ത​ല​മു​റ​ക്ക് പൂ​ർ​ണ​മാ​യും അ​ന്യ​മാ​യി​പ്പോ​കും എ​ന്ന വ​ലി​യൊ​രു മു​ന്ന​റി​യി​പ്പ് കൂ​ടി എ​ന്‍റെ എ​ഴു​ത്തി​ലു​ണ്ട്.

മു​ഖ്യ​ധാ​രാ സ​മൂ​ഹം ഇ​പ്പോ​ഴും ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളെ കാ​ണു​ന്ന​ത് സ​ഹ​താ​പ​ത്തോ​ടെ​യോ അ​ല്ലെ​ങ്കി​ല്‍ വി​ചി​ത്ര​മാ​യ ഒ​രു കാ​ഴ്ച​യാ​യി​ട്ടോ ആ​ണ്. അ​വ​രു​ടെ ത​നി​മ​യും ജീ​വ​ന​സ​മ​ര​ങ്ങ​ളും പ്ര​തി​രോ​ധ​വും സാ​ഹി​ത്യ​ത്തി​ലൂ​ടെ വി​ളി​ച്ചു​പ​റ​യേ​ണ്ട​ത് ഒ​രു രാ​ഷ്ട്രീ​യ ദൗ​ത്യ​മാ​യി കാ​ണു​ന്നു​ണ്ടോ?

▲ തീ​ര്‍ച്ച​യാ​യും, അ​തൊ​രു വ​ലി​യ രാ​ഷ്ട്രീ​യ ദൗ​ത്യം ത​ന്നെ​യാ​ണ്. പൊ​തു​സ​മൂ​ഹ​ത്തി​നു​മു​ന്നി​ല്‍ ഇ​ന്നും ഗോ​ത്ര​ജ​ന​ത പ​ല​വി​ധ വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന​വ​രും ത​ങ്ങ​ളു​ടെ നി​ല​നി​ൽ​പി​നാ​യി ക​ഠി​ന​മാ​യി പോ​രാ​ടു​ന്ന​വ​രു​മാ​ണ്. അ​വ​രെ സ​ഹ​താ​പ​ത്തോ​ടെ​യോ അ​ല്ലെ​ങ്കി​ല്‍ വി​ചി​ത്ര ജീ​വി​ക​ളെ​പ്പോ​ലെ ഒ​ളി​ക​ണ്ണി​ലൂ​ടെ​യോ നോ​ക്കു​ന്ന മു​ഖ്യ​ധാ​രാ കാ​ഴ്ച​പ്പാ​ട് മാ​റേ​ണ്ട​തു​ണ്ട്. പ​ല​പ്പോ​ഴും ഭ​ര​ണ​കൂ​ട​ങ്ങ​ള്‍ പോ​ലും ഗോ​ത്ര​ജ​ന​ത​യെ സ​മൂ​ഹ​ത്തി​ന്‍റെ തു​ല്യ​മാ​യ ഭാ​ഗ​മാ​ക്കു​ന്ന​തി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍, സാ​ഹി​ത്യ​ത്തി​ലൂ​ടെ അ​വ​രു​ടെ യ​ഥാ​ർ​ഥ ജീ​വ​ന​സ​മ​ര​ങ്ങ​ളും പ്ര​തി​രോ​ധ​ങ്ങ​ളും ലോ​ക​ത്തോ​ട് വി​ളി​ച്ചു​പ​റ​യു​ക എ​ന്ന​ത് കേ​വ​ലം ക​ഥ​പ​റ​ച്ചി​ല​ല്ല, മ​റി​ച്ച് ശ​ക്ത​മാ​യ സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലാ​ണ്. ന​ല്ല ഗോ​ത്ര​സൃ​ഷ്ടി​ക​ള്‍ എ​പ്പോ​ഴും ആ ​ദൗ​ത്യം ഭം​ഗി​യാ​യി നി​ർ​വ​ഹി​ക്കും.

ഗോ​ത്ര​സ​മൂ​ഹ​ങ്ങ​ളി​ലെ സ്ത്രീ​ക​ളു​ടെ ജീ​വി​തം കൂ​ടു​ത​ല്‍ സ​ങ്കീ​ർ​ണ​മാ​ണ്. അ​വ​ര്‍ കാ​ടി​നു​ള്ളി​ലും പു​റ​ത്തും നേ​രി​ടു​ന്ന ഇ​ര​ട്ട ചൂ​ഷ​ണ​ങ്ങ​ളെ താ​ങ്ക​ളു​ടെ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ എ​ങ്ങ​നെ​യാ​ണ് പ്ര​തി​രോ​ധി​ക്കു​ന്ന​ത്?

▲ ഗോ​ത്ര​സ​മൂ​ഹ​ങ്ങ​ളി​ലെ സ്ത്രീ​ക​ളു​ടെ അ​വ​സ്ഥ മ​റ്റെ​ല്ലാ​യി​ട​ത്തെ​യും സ്ത്രീ​ക​ളേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ സ​ങ്കീ​ർ​ണ​മാ​ണ്. അ​വ​ര്‍ കാ​ടി​നു​ള്ളി​ലെ പു​രു​ഷാ​ധി​പ​ത്യ വ്യ​വ​സ്ഥി​തി​യി​ല്‍ നി​ന്നും പു​റം​ലോ​ക​ത്തെ ചൂ​ഷ​ക​രി​ല്‍നി​ന്നും ഒ​രേ​സ​മ​യം ഇ​ര​ട്ട ചൂ​ഷ​ണ​ങ്ങ​ള്‍ക്ക് ഇ​ര​യാ​കു​ന്നു​ണ്ട്. ദൗ​ര്‍ഭാ​ഗ്യ​വ​ശാ​ല്‍, ഈ ​ചൂ​ഷ​ണ​ങ്ങ​ളെ ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ക്കാ​നു​ള്ള കാ​ര്യ​ശേ​ഷി​യോ സ്വാ​ത​ന്ത്ര്യ​മോ പ​ല​പ്പോ​ഴും അ​വ​ര്‍ക്ക് ല​ഭി​ക്കാ​റി​ല്ല. അ​വ​രു​ടെ ലോ​കം വ​ള​രെ ചെ​റു​താ​യ​തു​കൊ​ണ്ടു​ത​ന്നെ അ​വ​ര്‍ എ​ളു​പ്പ​ത്തി​ല്‍ ചൂ​ഷ​ണ​ങ്ങ​ള്‍ക്ക് ഇ​ര​യാ​ക്ക​പ്പെ​ടു​ന്നു. പി​ന്നീ​ട് ഇ​ത് അ​വ​രു​ടെ ക​ടു​ത്ത മാ​ന​സി​ക സം​ഘ​ര്‍ഷ​ങ്ങ​ളി​ലേ​ക്ക് വ​ഴി​മാ​റു​ന്നു. എ​ന്‍റെ ക​ഥാ​പാ​ത്ര​ങ്ങ​ളി​ല്‍ പ​ല​രു​ടെ​യും പ്ര​തി​രോ​ധം വ​ലി​യ ആ​ക്രോ​ശ​ങ്ങ​ളാ​യ​ല്ല പു​റ​ത്തു​വ​രു​ന്ന​ത്, മ​റി​ച്ച് ക​ന​ത്തു​നി​ല്‍ക്കു​ന്ന നി​ശ്ശ​ബ്ദ​മാ​യ മൗ​ന​ത്താ​ല്‍ ഒ​ടു​ങ്ങു​ന്ന​തും എ​ന്നാ​ല്‍ ഉ​ള്ളി​ല്‍ വി​പ്ല​വം സൂ​ക്ഷി​ക്കു​ന്ന​തു​മാ​യ പ്ര​തി​രോ​ധ രീ​തി​യാ​ണ് അ​വ​ര്‍ക്കു​ള്ള​ത്.

നോ​വ​ലു​ക​ളി​ലേ​ക്ക് ന​യി​ച്ച ഏ​തെ​ങ്കി​ലും നേ​രി​ട്ടി​ട്ടു​ള്ള അ​നു​ഭ​വ​ങ്ങ​ളോ, വ്യ​ക്തി​ക​ളോ, അ​ല്ലെ​ങ്കി​ല്‍ ഏ​തെ​ങ്കി​ലും പ്ര​ത്യേ​ക ഗോ​ത്ര​മേ​ഖ​ല​ക​ളി​ലെ സ​ന്ദ​ര്‍ശ​ന​ങ്ങ​ളോ ഉ​ണ്ടോ?

▲ ജീ​വി​ത​വു​മാ​യി ഏ​റെ ബ​ന്ധ​പ്പെ​ട്ടു​കി​ട​ക്കു​ന്ന​തും എ​നി​ക്ക് വ്യ​ക്തി​പ​ര​മാ​യി ന​ല്ല പ​രി​ച​യ​സ​മ്പ​ന്ന​ത​യു​ള്ള​തു​മാ​യ ചു​റ്റു​പാ​ടു​ക​ളി​ല്‍ നി​ന്നു​മാ​ണ് എ​ന്‍റെ ‘കൊ​ളു​ക്ക​ന്‍’, ‘മു​ടി’ എ​ന്നീ നോ​വ​ലു​ക​ള്‍ പി​റ​വി​യെ​ടു​ത്ത​ത്. കേ​ട്ടു​കേ​ള്‍വി​ക​ള്‍ക്ക​പ്പു​റം എ​ന്‍റെ മ​ന​സ്സി​നെ ആ​ഴ​ത്തി​ല്‍ സ്പ​ര്‍ശി​ക്കു​ന്ന ഒ​രു വി​ഷ​യ​മു​ണ്ടാ​യാ​ല്‍, അ​തി​നെ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ പ​ഠി​ക്കാ​നും ആ ​മേ​ഖ​ല​ക​ളി​ല്‍ നേ​രി​ട്ടു​ചെ​ന്ന് കാ​ര്യ​ങ്ങ​ള്‍ മ​ന​സ്സി​ലാ​ക്കാ​നും ഞാ​ന്‍ എ​പ്പോ​ഴും ശ്ര​മി​ക്കാ​റു​ണ്ട്. അ​ങ്ങ​നെ ക​ണ്ടു​മു​ട്ടി​യ ഒ​ട്ട​ന​വ​ധി മ​നു​ഷ്യ​രും അ​വ​രു​ടെ ജീ​വി​ത​ങ്ങ​ളു​മാ​ണ് എ​ന്‍റെ നോ​വ​ലു​ക​ളി​ലെ അ​ക്ഷ​ര​ങ്ങ​ളാ​യി മാ​റി​യ​ത്.

ഇ​ത്ത​രം ശ​ക്ത​മാ​യ പ്ര​മേ​യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​മ്പോ​ള്‍ വാ​യ​ന​ക്കാ​രി​ല്‍ നി​ന്നും, പ്ര​ത്യേ​കി​ച്ച് ഗോ​ത്ര​സ​മൂ​ഹ​ങ്ങ​ളി​ല്‍പ്പെ​ട്ട പു​തി​യ ത​ല​മു​റ​യി​ലെ വാ​യ​ന​ക്കാ​രി​ല്‍ നി​ന്നും ല​ഭി​ച്ചി​ട്ടു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ള്‍ എ​ങ്ങ​നെ​യാ​യി​രു​ന്നു?

▲ എ​ഴു​ത്തു​കാ​രെ സം​ബ​ന്ധി​ച്ച് എ​ല്ലാ കൃ​തി​ക​ള്‍ക്കും പെ​ട്ടെ​ന്നു​ത​ന്നെ മി​ക​ച്ച പ്ര​തി​ക​ര​ണ​ങ്ങ​ള്‍ ല​ഭി​ക്ക​ണ​മെ​ന്നി​ല്ല. സ​ത്യ​സ​ന്ധ​മാ​യ അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ള്‍ക്ക് കാ​ല​ത്തി​ന്‍റെ കാ​ത്തി​രി​പ്പ് വേ​ണ്ടി​വ​രാ​റു​ണ്ട്. സ്വ​ന്തം ത​ന​ത് ജീ​വി​ത​വും, സം​സ്കാ​ര​വും, ആ​ചാ​ര​ങ്ങ​ളും പു​തി​യ ത​ല​മു​റ​ക്ക് പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ട്ടു​പോ​കു​ന്ന ഈ ​ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ല്‍, ഗോ​ത്ര​ജീ​വി​ത​ത്തി​ന്‍റെ ആ​ത്മാ​വ് തൊ​ട്ട​റി​യു​ന്ന ‘കൊ​ളു​ക്ക​ന്‍’ പോ​ലു​ള്ളൊ​രു ര​ച​ന അ​ത്യ​ന്തം അ​നി​വാ​ര്യ​മാ​യി​രു​ന്നു എ​ന്നാ​ണ് വാ​യ​ന​ക്കാ​ര്‍ വി​ല​യി​രു​ത്തി​യ​ത്. പ്ര​ത്യേ​കി​ച്ച് ഗോ​ത്ര​സ​മൂ​ഹ​ത്തി​ലെ പു​തി​യ ത​ല​മു​റ​യി​ലെ വാ​യ​ന​ക്കാ​ര്‍, ത​ങ്ങ​ളു​ടെ വേ​രു​ക​ളെ തി​രി​ച്ച​റി​യാ​ന്‍ ഈ ​കൃ​തി സ​ഹാ​യി​ച്ചു എ​ന്നു​പ​റ​യു​മ്പോ​ള്‍ വ​ലി​യ സ​ന്തോ​ഷം തോ​ന്നാ​റു​ണ്ട്.

 

മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ട്

‘കൊ​ളു​ക്ക​ന്‍’ എ​ന്ന നോ​വ​ലി​ലേ​ക്ക് വ​രു​മ്പോ​ള്‍, സ്വ​ന്തം സ​മൂ​ഹ​ത്തെ റൊ​മാ​ന്‍റി​സൈ​സ് ചെ​യ്യാ​തെ (അ​തി​ഭാ​വു​ക​ത്വ​മി​ല്ലാ​തെ), അ​തി​ലെ ആ​ചാ​ര​ങ്ങ​ളി​ലെ​യും രീ​തി​ക​ളി​ലെ​യും പൊ​ള്ള​ത്ത​ര​ങ്ങ​ളെ ഇ​ത്ര​മേ​ല്‍ അ​സാ​ധാ​ര​ണ​മാ​യ സ​ത്യ​സ​ന്ധ​ത​യോ​ടെ തു​റ​ന്നെ​ഴു​താ​ന്‍ ഒ​രു വ​ലി​യ ധൈ​ര്യം വേ​ണം. സ്വ​ന്തം ജ​ന​ത​യി​ല്‍ നി​ന്ന് നേ​രി​ടേ​ണ്ടി വ​ന്നേ​ക്കാ​വു​ന്ന വി​മ​ര്‍ശ​ന​ങ്ങ​ളെ ഭ​യ​പ്പെ​ടാ​തെ ഈ ‘​തു​റ​ന്നെ​ഴു​ത്ത്’ സാ​ധ്യ​മാ​ക്കി​യ​ത് എ​ങ്ങ​നെ​യാ​ണ്?

▲ ‘കൊ​ളു​ക്ക​ന്‍’ എ​ന്ന നോ​വ​ലി​ലെ ഈ ​തു​റ​ന്നെ​ഴു​ത്തി​ന്‍റെ മു​ഴു​വ​ന്‍ ക്രെ​ഡി​റ്റും ന​ന്ദി​യും ഞാ​ന്‍ പ​റ​യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത് ആ ​പു​സ്ത​ക​ത്തി​ന് മ​നോ​ഹ​ര​മാ​യ അ​വ​താ​രി​ക എ​ഴു​തി​യ പ്രി​യ​പ്പെ​ട്ട ബാ​ബു എം. ​പ​ള്ളി​പ്പാ​ടി​നോ​ടാ​ണ് (അ​ദ്ദേ​ഹം ഇ​ന്ന് ന​മ്മോ​ടൊ​പ്പ​മി​ല്ല എ​ന്ന​ത് വ​ലി​യൊ​രു സ​ങ്ക​ട​മാ​ണ്). എ​ഴു​ത്തി​ന്‍റെ ഓ​രോ ഘ​ട്ട​ത്തി​ലും, ഒ​ട്ടും അ​തി​ഭാ​വു​ക​ത്വ​മി​ല്ലാ​തെ ‘തു​റ​ന്നെ​ഴു​ത്തി​നോ​ളം മ​നോ​ഹ​ര​വും ശ​ക്ത​വു​മാ​യ മ​റ്റൊ​ന്നി​ല്ല’ എ​ന്ന് അ​ദ്ദേ​ഹം എ​ന്നെ നി​ര​ന്ത​രം ഓ​ർ​മി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്നു. ആ ​ഒ​രു ധൈ​ര്യ​മാ​ണ് നോ​വ​ലി​നെ ഇ​ത്ര​മാ​ത്രം ആ​ഴ​മു​ള്ള​താ​ക്കി​യ​ത്. എ​ഴു​തു​ന്ന സ​മ​യ​ത്ത് സ്വ​ന്തം ജ​ന​ത​യി​ല്‍ നി​ന്നു​ള്ള വി​മ​ര്‍ശ​ന​ങ്ങ​ളെ​ക്കു​റി​ച്ച് എ​നി​ക്ക് വ​ലി​യ ഭ​യ​മു​ണ്ടാ​യി​രു​ന്നു എ​ന്ന​ത് സ​ത്യ​മാ​ണ്. എ​ന്നാ​ല്‍ പു​സ്ത​കം പൂ​ര്‍ത്തി​യാ​യി വാ​യ​ന​ക്കാ​രി​ലേ​ക്ക് എ​ത്തി​യ​പ്പോ​ള്‍, അ​വ​ര്‍ അ​തി​ലെ സ​ത്യ​സ​ന്ധ​ത​യെ ഉ​ള്‍ക്കൊ​ണ്ട​തോ​ടെ എ​ന്‍റെ ഉ​ള്ളി​ലെ ആ ​ഭ​യം പൂ​ർ​ണ​മാ​യും മാ​റി.

ഗോ​ത്ര​ജീ​വി​ത​ത്തെ​ക്കു​റി​ച്ചു​ള്ള മു​ന്‍കാ​ല സാ​ഹി​ത്യ​ങ്ങ​ള്‍ ഭൂ​രി​ഭാ​ഗ​വും പു​രു​ഷ​ന്മാ​രാ​ല്‍ എ​ഴു​ത​പ്പെ​ട്ട​വ​യാ​യി​രു​ന്നു. ഒ​രു സ്ത്രീ ​എ​ന്ന നി​ല​യി​ല്‍ താ​ങ്ക​ള്‍ ‘കൊ​ളു​ക്ക​ന്‍’ എ​ഴു​തി​യ​പ്പോ​ള്‍, ഒ​രു പു​രു​ഷ എ​ഴു​ത്തു​കാ​ര​ന് ഒ​രി​ക്ക​ലും സ്പ​ര്‍ശി​ക്കാ​ന്‍ ക​ഴി​യാ​ത്ത ഏ​തൊ​ക്കെ ആ​ന്ത​രി​ക ത​ല​ങ്ങ​ളാ​ണ് നോ​വ​ലി​ന് കൈ​വ​ന്ന​ത്? ഈ ​കൃ​തി​ക്ക് ഇ​ത്ര​യേ​റെ ആ​ഴം ന​ല്‍കി​യ​തി​ല്‍ താ​ങ്ക​ളു​ടെ സ്ത്രീ​പ​ക്ഷ കാ​ഴ്ച​പ്പാ​ടി​ന്‍റെ പ​ങ്ക് എ​ത്ര​ത്തോ​ള​മാ​ണ്?

▲ ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളി​ലെ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ജീ​വി​ത ഘ​ട​ന എ​ന്ന​ത് പു​റ​ത്തു​നി​ന്ന് കാ​ണു​ന്ന​തി​നേ​ക്കാ​ള്‍ ഏ​റെ സ​ങ്കീ​ർ​ണ​മാ​ണ്. കാ​ര​ണം തീ​ര്‍ത്തും പു​രു​ഷ കേ​ന്ദ്രീ​കൃ​ത​മാ​യ ക​ടു​ത്ത ആ​ചാ​ര വ്യ​വ​സ്ഥി​തി​ക്കു​ള്ളി​ലാ​ണ് അ​വ​ര്‍ ജീ​വി​ക്കു​ന്ന​ത്. ഗോ​ത്ര​സം​സ്കാ​ര​ത്തി​ലെ പു​രു​ഷ​ന്മാ​ര്‍ നേ​രി​ടു​ന്ന​തി​നേ​ക്കാ​ള്‍ എ​ത്ര​യോ ഇ​ര​ട്ടി ദു​രി​ത​പൂ​ർ​ണ​മാ​യ ഒ​റ്റ​പ്പെ​ട​ലും ക​ഷ്ട​പ്പാ​ടു​ക​ളു​മാ​ണ് അ​വി​ട​ത്തെ സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​ന്ന​ത്. ഒ​രു സ്ത്രീ ​എ​ന്ന നി​ല​യി​ല്‍ എ​നി​ക്ക് ആ ​വേ​ദ​ന​ക​ളെ കൂ​ടു​ത​ല്‍ ആ​ര്‍ദ്ര​ത​യോ​ടെ​യും ഉ​ള്‍ക്കാ​ഴ്ച​യോ​ടെ​യും കാ​ണാ​ന്‍ ക​ഴി​ഞ്ഞു. ആ ​ദു​രി​ത​ങ്ങ​ള്‍ അ​തേ​പ​ടി, ഒ​ട്ടും ചോ​ര്‍ന്നു​പോ​കാ​തെ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​ത് ഈ ​കാ​ല​ഘ​ട്ട​ത്തി​ന്‍റെ വ​ലി​യൊ​രു ആ​വ​ശ്യ​ക​ത​യാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ, ആ ​ര​ച​ന സ്വാ​ഭാ​വി​ക​മാ​യും ഒ​രു സ്ത്രീ​പ​ക്ഷ ര​ച​ന​യാ​യി മാ​റു​ക​യാ​യി​രു​ന്നു. ഒ​രു പു​രു​ഷ എ​ഴു​ത്തു​കാ​ര​ന്‍റെ കാ​ഴ്ച​പ്പാ​ടി​ല്‍ നി​ന്നും വ്യ​ത്യ​സ്ത​മാ​യി ഈ ​കൃ​തി​ക്ക് ആ​ഴം ന​ല്‍കി​യ​തും ആ ​സ്ത്രീ​പ​ക്ഷ നോ​ട്ടം ത​ന്നെ​യാ​ണ്.

ക​ണ്ട​ന്‍കാ​ണി എ​ന്ന കു​ല​പ​തി ഒ​രേ​സ​മ​യം ര​ക്ഷ​ക​ര്‍ത്താ​വും എ​ന്നാ​ല്‍, പു​രു​ഷ​കേ​ന്ദ്രീ​കൃ​ത​മാ​യ ആ​ചാ​ര​ങ്ങ​ളെ സ്വ​ന്തം അ​ധി​കാ​ര​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ക്രൂ​ര​നു​മാ​ണ്. ഈ ​പു​രു​ഷാ​ധി​കാ​ര​ത്തോ​ട് മു​തു​വാ​ള സ​മൂ​ഹ​ത്തി​ലെ സ്ത്രീ​ക​ള്‍ ന​ട​ത്തു​ന്ന പ്ര​തി​ക​ര​ണ​ങ്ങ​ളും പ്ര​തി​രോ​ധ​ങ്ങ​ളും നോ​വ​ലി​ല്‍ എ​ങ്ങ​നെ​യാ​ണ് വി​ക​സി​ക്കു​ന്ന​ത്?

▲ ‘കൊ​ളു​ക്ക​ന്‍’ നോ​വ​ലി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യ ക​ണ്ട​ന്‍കാ​ണി ഭ​യ​മു​ണ​ര്‍ത്തു​ന്ന ഒ​രു അ​ധി​കാ​ര പ്ര​തീ​ക​മാ​ണ്. ഗോ​ത്ര വ്യ​വ​സ്ഥി​തി​യി​ലെ പാ​ര​മ്പ​ര്യ ആ​ചാ​ര​ങ്ങ​ളെ അ​യാ​ള്‍ ത​ന്‍റെ സ്വ​ന്തം സ്വാ​ർ​ഥ താ​ൽ​പ​ര്യ​ങ്ങ​ള്‍ക്കും അ​ധി​കാ​ര നി​ല​നി​ര്‍ത്ത​ലി​നും വേ​ണ്ടി​യാ​ണ് ക്രൂ​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​യാ​ള്‍ക്കെ​തി​രെ പ​ര​സ്യ​മാ​യി ശ​ബ്ദ​മു​യ​ര്‍ത്താ​ന്‍ മി​ക്ക​വ​ര്‍ക്കും ധൈ​ര്യ​മി​ല്ലാ​യി​രു​ന്നു. എ​ന്നാ​ല്‍, കാ​ണി​ക്കാ​ര​ന്‍റെ ഭാ​ര്യ​മാ​ര്‍ ത​ന്നെ​യാ​ണ് പ​ല​പ്പോ​ഴെ​ങ്കി​ലും അ​യാ​ളു​ടെ ഈ ​ക്രൂ​ര​പ്ര​വൃ​ത്തി​ക​ള്‍ക്കെ​തി​രെ ഉ​ള്ളി​ല്‍ നി​ന്ന് പ്ര​തി​രോ​ധി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്. പ​ക്ഷേ, ആ ​പ്ര​തി​രോ​ധ​ങ്ങ​ളെ​യെ​ല്ലാം കാ​ണി​ക്കാ​ര​ന്‍ ത​ന്‍റെ കാ​യി​ക​ബ​ല​വും ക്രൂ​ര​മാ​യ മ​ർ​ദ​ന​ങ്ങ​ളും കൊ​ണ്ട് അ​ടി​ച്ച​മ​ര്‍ത്തു​ക​യാ​ണ് പ​തി​വ്. സ്ത്രീ​ക​ളു​ടെ ആ ​പ്ര​തി​രോ​ധ ശ്ര​മ​ങ്ങ​ളും അ​വ​ര്‍ അ​നു​ഭ​വി​ക്കു​ന്ന ആ​ത്മ​സം​ഘ​ര്‍ഷ​ങ്ങ​ളും നോ​വ​ലി​ല്‍ വ​ള​രെ കൃ​ത്യ​മാ​യി വി​ക​സി​പ്പി​ച്ചു കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ട്.

മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ന്‍റെ നി​ർ​മാ​ണം മു​ഖ്യ​ധാ​രാ ച​രി​ത്ര​ത്തി​ല്‍ ഒ​രു വി​ക​സ​ന ഗാ​ഥ​യാ​ണ്. എ​ന്നാ​ല്‍, അ​ത് മു​തു​വാ​ന്‍ സ​മൂ​ഹ​ത്തി​ന് സ​മ്മാ​നി​ച്ച​ത് പ​ലാ​യ​ന​ങ്ങ​ളും വം​ശീ​യ​മാ​യ ത​ക​ര്‍ച്ച​യു​മാ​ണ്. ച​രി​ത്രം വി​സ്മ​രി​ച്ച മു​തു​വാ​ളു​ക​ളു​ടെ ഈ ​പ​ലാ​യ​ന ച​രി​ത്ര​ത്തെ വ​ര്‍ത്ത​മാ​ന​കാ​ല വാ​യ​ന​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ന്‍ താ​ങ്ക​ള്‍ ന​ട​ത്തി​യ ച​രി​ത്രാ​ന്വേ​ഷ​ണ​ങ്ങ​ള്‍ എ​ങ്ങ​നെ​യു​ള്ള​താ​യി​രു​ന്നു?

▲ പു​റ​ത്തു​നി​ന്നു​ള്ള മ​നു​ഷ്യ​രു​ടെ ക​ട​ന്നു​ക​യ​റ്റ​ങ്ങ​ളെ ഗോ​ത്ര​ജ​ന​ത എ​പ്പോ​ഴും വ​ലി​യ ഭ​യ​ത്തോ​ടെ​യാ​ണ് നോ​ക്കി​ക്ക​ണ്ടി​ട്ടു​ള്ള​ത്. ത​ങ്ങ​ളു​ടെ ഗോ​ത്ര​സം​സ്കാ​ര​ത്തെ ത​ക​ര്‍ക്കാ​നും ത​ങ്ങ​ളി​ലെ സ്ത്രീ​ക​ളെ ന​ശി​പ്പി​ക്കാ​നും എ​ത്തു​ന്ന​വ​രാ​യാ​ണ് അ​വ​ര്‍ പു​റം​ലോ​ക​ത്തു​ള്ള​വ​രെ ക​ണ്ടി​രു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ബ്രി​ട്ടീ​ഷു​കാ​രു​ടെ കാ​ല​ത്തെ മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ന്‍റെ നി​ർ​മാ​ണ​ത്തെ അ​വ​ര്‍ ക​ടു​ത്ത ഭീ​തി​യോ​ടെ​യാ​ണ് നേ​രി​ട്ട​ത്. അ​ക്കാ​ല​ത്ത് തേ​ക്ക​ടി​യി​ലെ വ​നാ​ന്ത​ര മേ​ഖ​ല​ക​ളി​ല്‍ വ​സി​ച്ചി​രു​ന്ന പ​ല ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളും ഈ ​വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ല്‍ കൂ​ട്ട​ത്തോ​ടെ പ​ലാ​യ​നം ചെ​യ്യേ​ണ്ടി​വ​ന്നു. ച​രി​ത്രം രേ​ഖ​പ്പെ​ടു​ത്താ​തെ പോ​യ ഈ ​പ​ലാ​യ​ന​ത്തി​ന്‍റെ ക​ഥ​ക​ള്‍ കു​ട്ടി​ക്കാ​ലം മു​ത​ല്‍ക്കേ എ​ന്‍റെ കു​ടും​ബ​ത്തി​ലെ മു​തി​ര്‍ന്ന​വ​രി​ല്‍നി​ന്നും മു​തു​വാ​ള്‍ സ​മൂ​ഹ​ത്തി​ലെ പ്രാ​യ​മാ​യ​വ​രി​ല്‍ നി​ന്നും ഞാ​ന്‍ നേ​രി​ട്ട് കേ​ട്ട​റി​ഞ്ഞ​താ​ണ്. ആ ​വാ​മൊ​ഴി ച​രി​ത്ര​ങ്ങ​ളെ​യും ഓ​ർ​മ​ക​ളെ​യും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഞാ​ന്‍ മു​ല്ല​പ്പെ​രി​യാ​ര്‍ പ​ലാ​യ​ന ച​രി​ത്ര​ത്തെ നോ​വ​ലി​ലേ​ക്ക് ഉ​രു​ത്തി​രി​ച്ചെ​ടു​ത്ത​ത്.

ക​ഥാ​പാ​ത്ര​ങ്ങ​ളെ കേ​വ​ലം ‘ന​ന്മ​യു​ടെ പ്ര​തീ​ക​ങ്ങ​ളോ’ ‘തി​ന്മ​യു​ടെ വി​ള​നി​ല​ങ്ങ​ളോ’ ആ​യി മാ​റ്റാ​തെ, മ​നു​ഷ്യ​സ​ഹ​ജ​മാ​യ ചാ​പ​ല്യ​ങ്ങ​ളോ​ടെ​യും സ്വാ​ഭാ​വി​ക​ത​യോ​ടെ​യും അ​വ​ത​രി​പ്പി​ക്കാ​ന്‍ നോ​വ​ലി​സ്റ്റ് ശ്ര​ദ്ധി​ച്ചി​ട്ടു​ണ്ട്. വാ​യ​ന​ക്കാ​രെ വേ​ട്ട​യാ​ടു​ന്ന രീ​തി​യി​ല്‍ ഇ​ത്ത​ര​മൊ​രു യാ​ഥാ​ർ​ഥ്യ​മാ​യ മ​നു​ഷ്യ​ചി​ത്രീ​ക​ര​ണം സാ​ധ്യ​മാ​ക്കി​യ​ത് എ​ങ്ങ​നെ​യാ​ണ്?

▲ മ​നു​ഷ്യ​ര്‍ ഒ​രി​ക്ക​ലും പൂ​ർ​ണ​മാ​യി ന​ന്മ​യോ തി​ന്മ​യോ മാ​ത്ര​മു​ള്ള​വ​ര​ല്ല. എ​ല്ലാ​വ​രി​ലും ഈ ​ര​ണ്ട് വ​ശ​ങ്ങ​ളു​മു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ എ​ന്‍റെ ക​ഥാ​പാ​ത്ര​ങ്ങ​ളെ കേ​വ​ലം ക​റു​പ്പും വെ​ളു​പ്പു​മാ​യി ത​രം​തി​രി​ക്കാ​ന്‍ ഞാ​ന്‍ ആ​ഗ്ര​ഹി​ച്ചി​ല്ല. ജീ​വി​ത​ത്തെ അ​തി​ന്‍റെ എ​ല്ലാ സ്വാ​ഭാ​വി​ക​ത​യോ​ടും യാ​ഥാ​ർ​ഥ്യ​ത്തോ​ടും കൂ​ടി വ​ര​ച്ചു​കാ​ട്ടു​ന്ന​തി​നാ​ണ് ഞാ​ന്‍ കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യം ന​ല്‍കി​യ​ത്. മ​നു​ഷ്യ​സ​ഹ​ജ​മാ​യ ചാ​പ​ല്യ​ങ്ങ​ളും, സ്വാ​ർ​ഥ​ത​യും, സ്നേ​ഹ​വു​മെ​ല്ലാം ഒ​ത്തു​ചേ​രു​മ്പോ​ഴാ​ണ് ഒ​രു ക​ഥാ​പാ​ത്ര​ത്തി​ന് ജീ​വ​ന്‍ വെ​ക്കു​ന്ന​ത്. ആ ​ഒ​രു റി​യ​ലി​സ്റ്റി​ക് സ​മീ​പ​ന​മാ​ണ് വാ​യ​ന​ക്കാ​രെ വേ​ട്ട​യാ​ടു​ന്ന രീ​തി​യി​ല്‍ ഈ ​മ​നു​ഷ്യ​ചി​ത്രീ​ക​ര​ണം സാ​ധ്യ​മാ​ക്കാ​ന്‍ എ​ന്നെ സ​ഹാ​യി​ച്ച​ത്.

ഒ​രി​ട​ത്തും സ്ഥി​ര​മാ​യി താ​മ​സി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​പ്പെ​ടാ​തെ ആ​ട്ടി​യോ​ടി​ക്ക​പ്പെ​ടു​ന്ന ഒ​രു ജ​ന​ത​യു​ടെ ക​ഥ​ക്ക്, ഏ​റ്റ​വും വ​ലു​പ്പ​മു​ള്ള കാ​യ​ലാ​യ ‘കൊ​ളു​ക്ക​ന്‍’ എ​ന്ന പേ​ര് ന​ല്‍കി​യ​തി​നു​പി​ന്നി​ലെ ദ​ര്‍ശ​നം എ​ന്താ​ണ്? മ​ണ്ണി​ല്‍ നി​ന്ന് അ​ക​റ്റ​പ്പെ​ടു​മ്പോ​ഴും മ​ണ്ണി​ലേ​ക്കു​ള്ള അ​വ​രു​ടെ ആ​ത്മ​ബ​ന്ധ​ത്തെ​യാ​ണോ ഈ ​പേ​ര് സൂ​ചി​പ്പി​ക്കു​ന്ന​ത്?

▲ ദ​ശ​ക​ങ്ങ​ള്‍ക്കു​മു​മ്പ് ഗോ​ത്ര​ജ​ന​ത ഒ​രി​ട​ത്തും സ്ഥി​ര​മാ​യി താ​മ​സി​ക്കു​ന്ന സ്വ​ഭാ​വ​മു​ള്ള​വ​രാ​യി​രു​ന്നി​ല്ല. ഓ​രോ സ്ഥ​ല​ത്തും കാ​ട് വെ​ട്ടി​ത്തെ​ളി​ച്ച് കൃ​ഷി​യി​റ​ക്കി, വി​ത്തു​പാ​കി വി​ള​വെ​ടു​ത്ത​തി​നു​ശേ​ഷം അ​വ​ര്‍ ആ ​സ്ഥ​ലം ഉ​പേ​ക്ഷി​ച്ച് അ​ടു​ത്ത നി​ർ​മ​ല​മാ​യ കാ​ടു​ക​ള്‍ തേ​ടി​പ്പോ​വു​ക​യാ​യി​രു​ന്നു പ​തി​വ്. അ​വ​ര്‍ക്ക് ഭൂ​മി​യു​ടെ അ​തി​രു​ക​ളേ​ക്കാ​ള്‍ കാ​ടു​മാ​യാ​യി​രു​ന്നു ഏ​റ്റ​വും വ​ലി​യ ആ​ത്മ​ബ​ന്ധം. ‘കൊ​ളു​ക്ക​ന്‍’ എ​ന്ന പേ​ര് ഒ​രേ​സ​മ​യം വി​സ്തൃ​ത​മാ​യ പ്ര​കൃ​തി​യെ​യും, ഒ​പ്പം സ്വ​ന്തം മ​ണ്ണി​ല്‍ നി​ന്നും കാ​ട്ടി​ല്‍ നി​ന്നും അ​വ​ര്‍ നി​ര​ന്ത​രം അ​ക​റ്റ​പ്പെ​ടു​മ്പോ​ഴും ആ ​പ്ര​കൃ​തി​യോ​ട് അ​വ​ര്‍ വെ​ച്ചു​പു​ല​ര്‍ത്തു​ന്ന ആ​ഴ​മേ​റി​യ ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ ദ​ര്‍ശ​ന​ത്തെ​യു​മാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്.

മു​ഖ്യ​ധാ​രാ സാ​ഹി​ത്യ​ത്തി​ല്‍ പ​ല​പ്പോ​ഴും ചെ​റു​ത്തു​നി​ൽ​പു​ക​ള്‍ക്ക് വ​ലി​യ വി​ജ​യ​ങ്ങ​ളു​ടെ​യോ വി​പ്ല​വ​ങ്ങ​ളു​ടെ​യോ പ​രി​വേ​ഷ​മാ​ണ് ന​ൽ​കാ​റു​ള്ള​ത്. എ​ന്നാ​ല്‍, യ​ഥാ​ർ​ഥ ജീ​വി​ത​ത്തി​ല്‍ പാ​ര്‍ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ പോ​രാ​ട്ട​ങ്ങ​ള്‍ പ​ല​പ്പോ​ഴും പ​രാ​ജ​യ​ത്തി​ല്‍ ഒ​ടു​ങ്ങി​പ്പോ​വു​ക​യാ​ണ് പ​തി​വ്. വി​ജ​യ​ങ്ങ​ളെ​യ​ല്ല, മ​റി​ച്ച് പ​രാ​ജ​യ​ത്തി​ല്‍ അ​വ​സാ​നി​ക്കു​ന്ന ഈ ​നോ​വു​ക​ളെ​യും ചെ​റു​ത്തു​നി​ൽ​പു​ക​ളെ​യും നോ​വ​ലി​ന്‍റെ പ്ര​മേ​യ​മാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത് എ​ന്തു​കൊ​ണ്ടാ​ണ്?

▲ കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നോ​ക്കി​യാ​ല്‍, ഗോ​ത്ര​ജ​ന​ത​യെ ഇ​വി​ട​ത്തെ മു​ഖ്യ​ധാ​രാ സ​മൂ​ഹം പൂ​ർ​ണ​മാ​യ അ​ർ​ഥ​ത്തി​ല്‍ ത​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്നും അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല എ​ന്ന​താ​ണ് ക​യ്പേ​റി​യ സ​ത്യം. അ​വ​രു​ടെ പ്രാ​ഥ​മി​ക​മാ​യ അ​വ​കാ​ശ​ങ്ങ​ളോ അ​ല്ലെ​ങ്കി​ല്‍ ഭ​ര​ണ​കൂ​ട​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ളോ കൃ​ത്യ​മാ​യി അ​വ​രു​ടെ കൈ​ക​ളി​ല്‍ എ​ത്തു​ന്നി​ല്ല. അ​വ​രു​ടെ ജീ​വി​ത​സ​മ​ര​ങ്ങ​ള്‍ പ​ല​പ്പോ​ഴും പ​രാ​ജ​യ​ങ്ങ​ളി​ലാ​ണ് അ​വ​സാ​നി​ക്കാ​റു​ള്ള​ത്. സാ​ഹി​ത്യ​ത്തി​ല്‍ എ​പ്പോ​ഴും കൃ​ത്രി​മ​മാ​യ വി​ജ​യ​ങ്ങ​ള്‍ ആ​ഘോ​ഷി​ക്കു​ന്ന​തി​നേ​ക്കാ​ള്‍, അ​ടി​ത്ത​ട്ടി​ലെ മ​നു​ഷ്യ​ര്‍ അ​നു​ഭ​വി​ക്കു​ന്ന യ​ഥാ​ർ​ഥ പ​രാ​ജ​യ​ങ്ങ​ളു​ടെ നോ​വു​ക​ള്‍ പ​റ​യേ​ണ്ട​തു​ണ്ട്. എ​ങ്കി​ല്‍ മാ​ത്ര​മേ അ​വ​രു​ടെ അ​വ​സ്ഥ​യോ​ട് പൊ​തു​സ​മൂ​ഹ​ത്തി​ന് സ​ഹ​താ​പ​ത്തി​ന​പ്പു​റം ഒ​രു നീ​തി​ബോ​ധം ഉ​ണ്ടാ​വു​ക​യു​ള്ളൂ. പ​രാ​ജ​യ​പ്പെ​ട്ടാ​ലും അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ക്കാ​യു​ള്ള പോ​രാ​ട്ട​ങ്ങ​ള്‍ തു​ട​ര്‍ന്നു​കൊ​ണ്ടേ​യി​രി​ക്കും എ​ന്ന് ഓ​ർ​മി​പ്പി​ക്കാ​നാ​ണ് ഞാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്.

ച​രി​ത്ര​ത്തി​ല്‍ നി​ന്നും പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ഭാ​വ​ന​ക​ളി​ല്‍ നി​ന്നും ബോ​ധ​പൂ​ർ​വം മാ​റ്റി​നി​ര്‍ത്ത​പ്പെ​ട്ട മ​നു​ഷ്യ​രെ​യാ​ണ​ല്ലോ താ​ങ്ക​ള്‍ ‘മു​ടി’ എ​ന്ന നോ​വ​ലി​ലൂ​ടെ വാ​യ​ന​ക്കാ​രു​ടെ മു​ന്നി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​ത്. ച​രി​ത്ര​രേ​ഖ​ക​ളി​ല്‍ ഇ​ല്ലാ​ത്ത ഈ ​മ​നു​ഷ്യ​രു​ടെ ജീ​വി​ത​വും അ​വ​രു​ടെ ആ​ന്ത​രി​ക ലോ​ക​വും പു​നഃ​സൃ​ഷ്ടി​ക്കാ​ന്‍ താ​ങ്ക​ള്‍ ഉ​പ​യോ​ഗി​ച്ച സ്രോ​ത​സ്സു​ക​ളും ഭാ​വ​ന​യും എ​ങ്ങ​നെ​യാ​യി​രു​ന്നു?

▲ മൂ​ന്നാ​റി​ലെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ടി​സ്ഥാ​ന ജീ​വി​ത​ങ്ങ​ളെ​യും അ​വ​ര്‍ അ​നു​ഭ​വി​ക്കു​ന്ന യാ​ത​ന​ക​ളെ​യും കു​റി​ച്ചെ​ഴു​തി​യ നോ​വ​ലാ​ണ് ‘മു​ടി’. മു​ഖ്യ​ധാ​രാ ച​രി​ത്ര​രേ​ഖ​ക​ളി​ല്‍ പ​ല​പ്പോ​ഴും ഇ​ടം​പി​ടി​ക്കാ​തെ പോ​യ മ​നു​ഷ്യ​രാ​ണ​വ​ര്‍. ഔ​ദ്യോ​ഗി​ക ച​രി​ത്ര വാ​യ​ന​ക​ളി​ല്‍ നി​ന്ന് ല​ഭി​ച്ച സൂ​ച​ന​ക​ള്‍ക്കൊ​പ്പം, മൂ​ന്നാ​റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഞാ​ന്‍ നേ​രി​ട്ട് ക​ണ്ട​റി​ഞ്ഞ​തും അ​നു​ഭ​വി​ച്ച​റി​ഞ്ഞ​തു​മാ​യ ചു​റ്റു​പാ​ടു​ക​ളാ​ണ് ഈ ​നോ​വ​ലി​ന്‍റെ പ്ര​ധാ​ന സ്രോ​ത​സ്സ്. അ​വ​രു​ടെ യ​ഥാ​ർ​ഥ ജീ​വി​ത സ​ങ്ക​ട​ങ്ങ​ളി​ലേ​ക്ക് എ​ന്‍റെ ഭാ​വ​ന​യെ​ക്കൂ​ടി ചേ​ര്‍ത്തു​വെ​ച്ചാ​ണ് ച​രി​ത്ര​ത്തി​ല്‍ വി​സ്മ​രി​ക്ക​പ്പെ​ട്ട ആ ​മ​നു​ഷ്യ​രു​ടെ ആ​ന്ത​രി​ക ലോ​ക​ത്തെ ഞാ​ന്‍ പു​നഃ​സൃ​ഷ്ടി​ച്ച​ത്.

 

അ​ടി​ത്ത​ട്ടി​ലെ മ​നു​ഷ്യ​ര്‍ സ്വ​ന്തം അ​വ​കാ​ശ​ങ്ങ​ള്‍ക്കാ​യി ത​ല​യു​യ​ര്‍ത്താ​ന്‍ ശ്ര​മി​ക്കു​മ്പോ​ഴൊ​ക്കെ അ​ധി​കാ​രം അ​വ​രെ ക്രൂ​ര​മാ​യി അ​ടി​ച്ച​മ​ര്‍ത്തു​ന്ന കാ​ഴ്ച ‘മു​ടി’​യി​ല്‍ കാ​ണാം. ത​ല​യു​യ​ര്‍ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​വ​ന്‍റെ മു​ഖ​ത്ത​ടി​ക്കു​ന്ന ഈ ​സാ​മൂ​ഹി​ക വ്യ​വ​സ്ഥി​തി​യോ​ട് ഒ​രു എ​ഴു​ത്തു​കാ​രി എ​ന്ന നി​ല​യി​ല്‍ താ​ങ്ക​ള്‍ എ​ങ്ങ​നെ​യാ​ണ് ക​ല​ഹി​ക്കു​ന്ന​ത്?

▲ അ​ധി​കാ​ര വ​ർ​ഗ​ത്താ​ല്‍ അ​ടി​ച്ച​മ​ര്‍ത്ത​പ്പെ​ടു​ന്ന അ​ടി​ത്ത​ട്ടി​ലെ സാ​ധാ​ര​ണ മ​നു​ഷ്യ​ന്‍റെ വി​ലാ​പം പ​ല​പ്പോ​ഴും ആ​രും കേ​ള്‍ക്കാ​റി​ല്ല; ഭ​ര​ണ​കൂ​ട​ങ്ങ​ള്‍ പോ​ലും അ​ത് അ​വ​ഗ​ണി​ക്കു​ക​യാ​ണ് പ​തി​വ്. ഈ ​ജ​ന​വി​രു​ദ്ധ വ്യ​വ​സ്ഥി​തി​യോ​ട് എ​ന്‍റെ അ​ക്ഷ​ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഞാ​ന്‍ ശ​ക്ത​മാ​യി ക​ല​ഹി​ക്കു​ന്ന​ത്. സ്വ​ന്തം അ​വ​കാ​ശ​ങ്ങ​ള്‍ക്കാ​യി ഒ​രു​വ​ന്‍ നേ​രെ നി​ല്‍ക്കാ​ന്‍ ശ്ര​മി​ക്കു​മ്പോ​ഴൊ​ക്കെ, അ​വ​നി​ലെ ആ​ത്മ​വി​ശ്വാ​സ​ത്തെ​യും അ​വ​കാ​ശ​ങ്ങ​ളെ​യും ത​ല്ലി​ക്കെ​ടു​ത്തി​ക്കൊ​ണ്ട് അ​ധി​കാ​രം അ​തി​ന്‍റെ ക്രൂ​ര​മാ​യ ജോ​ലി ഭം​ഗി​യാ​യി പൂ​ര്‍ത്തി​യാ​ക്കും. ഈ ​അ​നീ​തി​യോ​ട് നി​ശ്ശ​ബ്ദ​മാ​യി​രി​ക്കാ​ന്‍ എ​നി​ക്ക് ക​ഴി​യി​ല്ല. എ​ന്‍റെ നോ​വ​ലി​ലെ ഓ​രോ വ​രി​യും അ​ത്ത​രം കി​രാ​ത​മാ​യ സാ​മൂ​ഹി​ക വ്യ​വ​സ്ഥി​തി​ക്കെ​തി​രെ​യു​ള്ള ക​ല​ഹ​വും പ്ര​തി​ഷേ​ധ​വു​മാ​ണ്.

നോ​വ​ലി​ന്‍റെ ഭാ​ഷ​യും ഒ​ഴു​ക്കും കേ​വ​ലം ഒ​രു ക​ഥ​പ​റ​ച്ചി​ലി​ന​പ്പു​റം, അ​ടി​ത്ത​ട്ടി​ലെ വ​ർ​ഗ​ത്തി​ന്‍റെ വേ​ദ​ന​ക​ളി​ല്‍ നി​ന്ന് ഉ​തി​ര്‍ന്ന ഒ​രു തീ​ര്‍ച്ച​യാ​ണെ​ന്ന് വാ​യ​ന​ക്കാ​ര്‍ തി​രി​ച്ച​റി​യു​ന്നു​ണ്ട്. വ​ലി​യ തോ​തി​ലു​ള്ള ആ​ക്രോ​ശ​ങ്ങ​ളോ മു​ദ്രാ​വാ​ക്യ​ങ്ങ​ളോ ഇ​ല്ലാ​തെ, ഇ​ത്ര​മേ​ല്‍ ദാ​ര്‍ശ​നി​ക​വും ആ​ര്‍ദ്ര​വു​മാ​യി ഈ ​വേ​ദ​ന​ക​ളെ വാ​യ​ന​ക്കാ​രി​ലേ​ക്ക് പ​ക​ര്‍ന്നു​ന​ല്‍കാ​ന്‍ ക​ഴി​ഞ്ഞ​ത് എ​ങ്ങ​നെ​യാ​ണ്?

▲ അ​ടി​സ്ഥാ​ന വ​ർ​ഗ​ത്തി​ന്‍റെ പൊ​ള്ളു​ന്ന വേ​ദ​ന​ക​ള്‍ വാ​യ​ന​ക്കാ​രി​ലേ​ക്ക് പ​ക​ര​ണ​മെ​ങ്കി​ല്‍ വ​ലി​യ ആ​ക്രോ​ശ​ങ്ങ​ളോ മു​ദ്രാ​വാ​ക്യ​ങ്ങ​ളോ ആ​വ​ശ്യ​മി​ല്ല എ​ന്നാ​ണ് ഞാ​ന്‍ ക​രു​തു​ന്ന​ത്. അ​തി​ന് ഏ​റ്റ​വും ന​ല്ല മാ​ർ​ഗം, ക​ഷ്ട​പ്പാ​ടും ദു​രി​ത​ങ്ങ​ളും അ​നു​ഭ​വി​ക്കു​ന്ന ആ ​മ​നു​ഷ്യ​രെ ആ​ത്മാ​ർ​ഥ​മാ​യി ചേ​ര്‍ത്തു​വെ​ച്ചു​കൊ​ണ്ട്, അ​വ​രി​ല്‍ ഒ​രാ​ളാ​യി സ്വ​യം മാ​റി​ച്ചി​ന്തി​ക്കു​ക എ​ന്ന​താ​ണ്. ഞാ​ന്‍ അ​വ​രി​ലൊ​രാ​ളാ​യി മാ​റി​യ​പ്പോ​ഴാ​ണ് എ​ന്‍റെ ഭാ​ഷ​ക്ക് ഈ ​ആ​ര്‍ദ്ര​ത​യും ദാ​ര്‍ശ​നി​ക​ത​യും കൈ​വ​ന്ന​ത്. ആ ​ആ​ഴ​ത്തി​ലു​ള്ള ആ​ത്മ​ബ​ന്ധ​മാ​ണ് വാ​യ​ന​ക്കാ​ര്‍ തി​രി​ച്ച​റി​യു​ന്ന ആ ​ഒ​ഴു​ക്കും തീ​ര്‍ച്ച​യും.

‘കൊ​ളു​ക്ക​ന്‍’​എ​ന്ന ആ​ദ്യ നോ​വ​ലി​ല്‍ നി​ന്ന് ‘മു​ടി’ എ​ന്ന പു​തി​യ നോ​വ​ലി​ലേ​ക്ക് എ​ത്തു​മ്പോ​ള്‍ വ​ലി​യൊ​രു പ്ര​മേ​യ​പ​ര​മാ​യ മാ​റ്റം വാ​യ​ന​ക്കാ​ര്‍ ദ​ര്‍ശി​ക്കു​ന്നു​ണ്ട്. ഈ ​നോ​വ​ലി​ന് ‘മു​ടി’ എ​ന്ന പേ​ര് ന​ല്‍കി​യ​തി​നു​പി​ന്നി​ലെ രാ​ഷ്ട്രീ​യ​വും സാ​മൂ​ഹി​ക​വു​മാ​യ രൂ​പ​കം എ​ന്താ​ണ്? ഈ ​പേ​ര് അ​ടി​ത്ത​ട്ടി​ലെ മ​നു​ഷ്യ​രു​ടെ ത​നി​മ​യെ​യോ അ​തോ അ​വ​ര്‍ നേ​രി​ടു​ന്ന ചൂ​ഷ​ണ​ങ്ങ​ളെ​യോ ആ​ണോ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്?

▲ കാ​ടി​നെ മാ​ത്രം ആ​ശ്ര​യി​ച്ച്, കാ​ടു​കൊ​ണ്ട് ത​ങ്ങ​ളു​ടെ ജീ​വി​ത​ത്തെ ത​ന​ത് രീ​തി​യി​ല്‍ കെ​ട്ടി​പ്പ​ടു​ക്കു​ന്ന മ​നു​ഷ്യ​രു​ടെ ക​ഥ​യാ​ണ് ‘കൊ​ളു​ക്ക​ന്‍’ എ​ന്ന ആ​ദ്യ നോ​വ​ലി​ല്‍ ഞാ​ന്‍ കൈ​കാ​ര്യം ചെ​യ്ത​ത്. എ​ന്നാ​ല്‍, അ​തി​ല്‍ നി​ന്നും വ്യ​ത്യ​സ്ത​മാ​യി, മ​റ്റു​ള്ള​വ​രു​ടെ വ​ലി​യ ജീ​വി​ത​ങ്ങ​ള്‍ കെ​ട്ടി​പ്പ​ടു​ക്കാ​ന്‍ വേ​ണ്ടി മൂ​ന്നാ​റി​ന്‍റെ അ​തി​ക​ഠി​ന​മാ​യ ത​ണു​പ്പി​ലേ​ക്ക് എ​ത്തി​പ്പെ​ടു​ക​യും, അ​വി​ടെ ക്രൂ​ര​മാ​യ ദു​രി​ത​ങ്ങ​ളി​ല്‍ അ​ക​പ്പെ​ട്ട് അ​ടി​മ​തു​ല്യ​മാ​യ ജീ​വി​തം ന​യി​ക്കേ​ണ്ടി​വ​രു​ക​യും ചെ​യ്ത മ​നു​ഷ്യ​രു​ടെ ക​ഥ​യാ​ണ് ‘മു​ടി’ പ​റ​യു​ന്ന​ത്. ഇ​ന്നും മൂ​ന്നാ​റി​ലെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത​ങ്ങ​ള്‍ക്ക് വ​ലി​യ മാ​റ്റ​ങ്ങ​ളൊ​ന്നും വ​ന്നി​ട്ടി​ല്ല. രാ​ഷ്ട്രീ​യ​പ​ര​മാ​യും സം​ഘ​ട​നാ​പ​ര​മാ​യും അ​വ​ര്‍ ഇ​ന്നും നി​ര​ന്ത​രം ചൂ​ഷ​ണ​ങ്ങ​ള്‍ക്ക് വി​ധേ​യ​രാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ‘മു​ടി’ എ​ന്ന പേ​ര് ഈ ​മ​നു​ഷ്യ​രു​ടെ യ​ഥാ​ർ​ഥ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളെ​യും അ​വ​ര്‍ നേ​രി​ടു​ന്ന ക​ടു​ത്ത ചൂ​ഷ​ണ​ങ്ങ​ളെ​യും മൂ​ടി​വെ​ക്കു​ന്ന സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ വ്യ​വ​സ്ഥി​തി​യെ​യാ​ണ് പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്.

ഇ​ടു​ക്കി ജി​ല്ല​യെ സം​ബ​ന്ധി​ച്ച്, ത​മി​ഴ് തോ​ട്ടം തൊ​ഴി​ലാ​ളി​ക​ള്‍, ആ​ദി​വാ​സി സ​മൂ​ഹം എ​ന്നി​വ​ര്‍ അ​നു​ഭ​വി​ക്കു​ന്ന ചൂ​ഷ​ണ​ങ്ങ​ള്‍ നി​ര​വ​ധി​യാ​ണ്. ‘മു​ടി’ എ​ന്ന നോ​വ​ല്‍ മൂ​ന്നാ​ര്‍ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഉ​ള്ള​താ​ണ​ല്ലോ? അ​പ്പോ​ള്‍ എ​ങ്ങ​നെ​യാ​ണ് ഇ​വ​യെ നോ​ക്കി​ക്കാ​ണു​ന്ന​ത്?

▲ ഇ​ടു​ക്കി​യി​ലെ ത​മി​ഴ് തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളും ആ​ദി​വാ​സി സ​മൂ​ഹ​ങ്ങ​ളും നേ​രി​ടു​ന്ന ചൂ​ഷ​ണ​ങ്ങ​ള്‍ വ​ള​രെ വ​ലു​താ​ണ്. അ​ടി​സ്ഥാ​ന ജ​ന​വി​ഭാ​ഗ​ങ്ങ​ള്‍ക്കെ​തി​രെ​യു​ള്ള പ്ര​ത്യ​ക്ഷ​വും പ​രോ​ക്ഷ​വു​മാ​യ എ​ല്ലാ​ത്ത​രം ചൂ​ഷ​ണ​ങ്ങ​ളെ​യും നാം ​ശ​ക്ത​മാ​യി എ​തി​ര്‍ക്കേ​ണ്ട​തു​ണ്ട്. ത​ങ്ങ​ളെ അ​ടി​ച്ച​മ​ര്‍ത്തു​ന്ന വ്യ​വ​സ്ഥി​തി​ക്കെ​തി​രെ സ്വ​ന്തം അ​വ​കാ​ശ​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞ്, പ്ര​തി​രോ​ധി​ക്കാ​ന്‍ അ​വ​ര്‍ സ്വ​യം ശ​ക്ത​രാ​കേ​ണ്ട​തു​ണ്ട്. അ​ങ്ങ​നെ​യൊ​രു മാ​റ്റ​ത്തെ​ക്കു​റി​ച്ച് ന​മ്മ​ള്‍ ചി​ന്തി​ച്ചു​തു​ട​ങ്ങു​ന്നി​ട​ത്താ​ണ് പാ​ര്‍ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട എ​ല്ലാ ജ​ന​ത​യു​ടെ​യും യ​ഥാ​ർ​ഥ വി​ജ​യം ആ​രം​ഭി​ക്കു​ന്ന​തെ​ന്നാ​ണ് ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്ന​ത്.

ഇ​ടു​ക്കി ജി​ല്ല​യെ സം​ബ​ന്ധി​ച്ച് ത​മി​ഴ് വം​ശ​ജ​രാ​യ നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ളാ​ണ് തേ​യി​ല-​ഏ​ലം തോ​ട്ടം മേ​ഖ​ല​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന​ത്. ഗോ​ത്ര വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​രും തൊ​ഴി​ല്‍ മേ​ഖ​ല​യി​ലു​ണ്ട്. എ​ന്നാ​ല്‍, ഇ​വ​ര്‍ക്ക് സ​ര്‍ക്കാ​ര്‍ നി​ശ്ച​യി​ച്ചി​ട്ടു​ള്ള മി​നി​മം വേ​ത​നം പോ​ലും ല​ഭി​ക്കു​ന്നി​ല്ല. ഇ​തി​ന് എ​ന്താ​ണ് കാ​ര​ണം?

▲ തോ​ട്ടം മേ​ഖ​ല​യി​ല്‍ ത​ല​മു​റ​ക​ളാ​യി പ​ണി​യെ​ടു​ക്കു​ന്ന ത​മി​ഴ് വം​ശ​ജ​രും ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളും നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി ത​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​റി​വി​ല്ലാ​യ്മ​യാ​ണ്. സ​മൂ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും താ​ഴെ​ത്ത​ട്ടി​ലു​ള്ള ഈ ​മ​നു​ഷ്യ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും പ​ര​മ്പ​രാ​ഗ​ത​മാ​യി ഈ ​തൊ​ഴി​ലി​ലേ​ക്ക് എ​ത്തി​യ​വ​രാ​ണ്. അ​ടി​യു​റ​ച്ച ഈ ​നി​സ്സ​ഹാ​യാ​വ​സ്ഥ​യെ​യും നി​ര​ക്ഷ​ര​ത​യെ​യും കൃ​ത്യ​മാ​യി ചൂ​ഷ​ണം ചെ​യ്യാ​നാ​ണ് പ​ല തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളും ശ്ര​മി​ക്കു​ന്ന​ത്.

തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി നി​ല​കൊ​ള്ളേ​ണ്ട സം​ഘ​ട​ന​ക​ള്‍ ഇ​ന്ന് പ​ല​പ്പോ​ഴും മു​ത​ലാ​ളി​മാ​ര്‍ക്കും തൊ​ഴി​ലാ​ളി​ക​ള്‍ക്കും ഇ​ട​യി​ലെ വെ​റു​മൊ​രു ഏ​ജ​ന്‍സി​യാ​യി മാ​റി​യി​രി​ക്കു​ന്നു. തൊ​ഴി​ലാ​ളി​യെ ചൂ​ഷ​ണ​ങ്ങ​ളി​ല്‍ നി​ന്ന് സം​ര​ക്ഷി​ക്കു​ന്ന​തി​നു​പ​ക​രം, മാ​നേ​ജ്മെ​ന്‍റു​ക​ളു​മാ​യി ഒ​ത്തു​തീ​ര്‍പ്പി​ലെ​ത്താ​നും ത​ങ്ങ​ളു​ടെ നി​ല​നി​ൽ​പ് ഭ​ദ്ര​മാ​ക്കാ​നു​മാ​ണ് ഇ​വ​ര്‍ മു​ന്‍ഗ​ണ​ന ന​ല്‍കു​ന്ന​ത്. ഈ ‘യൂ​നി​യ​ന്‍-​മാ​നേ​ജ്മെ​ന്‍റ്’ അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടാ​ണ് സ​ര്‍ക്കാ​റു​ക​ള്‍ നി​ശ്ച​യി​ക്കു​ന്ന മി​നി​മം വേ​ത​നം പോ​ലും ഇ​വ​ര്‍ക്ക് നി​ഷേ​ധി​ക്കു​ന്ന​തി​നു​പി​ന്നി​ലെ പ്ര​ധാ​ന കാ​ര​ണം. ത​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ ചോ​ദി​ച്ചു വാ​ങ്ങാ​ന്‍ തൊ​ഴി​ലാ​ളി​ക​ള്‍ പ്രാ​പ്ത​രാ​കാ​തി​രി​ക്കാ​ന്‍ അ​വ​രെ ഇ​തേ അ​വ​സ്ഥ​യി​ല്‍ നി​ല​നി​ര്‍ത്തേ​ണ്ട​ത് ഇ​ത്ത​രം സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യ​മാ​യി മാ​റു​ന്നു. ഇ​തി​ന്‍റെ അ​ന്തി​മ​ഫ​ലം മി​ക​ച്ചൊ​രു ജീ​വി​ത​സാ​ഹ​ച​ര്യ​വും അ​ര്‍ഹ​മാ​യ കൂ​ലി​യും ഈ ​പാ​വ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ള്‍ക്ക് എ​ന്നെ​ന്നേ​ക്കു​മാ​യി ന​ഷ്ട​പ്പെ​ടു​ന്നു എ​ന്ന​താ​ണ്.

തോ​ട്ടം തൊ​ഴി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​ധാ​ര രാ​ഷ്ട്രീ​യ തൊ​ഴി​ല്‍ സം​ഘ​ട​ന​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍, തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ള്‍ വ​ന്‍കി​ട ചൂ​ഷ​ണ​ങ്ങ​ള്‍ക്ക് കൂ​ട്ടു​നി​ല്‍ക്കു​ക​യാ​ണെ​ന്ന് കാ​ണാം. എ​ങ്ങ​നെ​യാ​ണ് ഈ ​അ​വ​സ്ഥ​യെ കാ​ണു​ന്ന​ത്?

▲ തോ​ട്ടം ഉ​ട​മ​ക​ള്‍ക്കും തൊ​ഴി​ലാ​ളി​ക​ള്‍ക്കും ഇ​ട​യി​ല്‍ വേ​രൂ​ന്നി​യി​രി​ക്കു​ന്ന ഈ ​സം​ഘ​ട​നാ സം​വി​ധാ​നം ഇ​ന്ന് തോ​ട്ടം മേ​ഖ​ല​യു​ടെ ശാ​പ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ന​ന്മ​ക​ളെ ത​മ​സ്ക​രി​ക്കു​ക​യും തി​ന്മ​ക​ളെ​യും ചൂ​ഷ​ണ​ങ്ങ​ളെ​യും പോ​റ്റി​വ​ള​ര്‍ത്തു​ക​യും ചെ​യ്യു​ക എ​ന്ന​ത് പ്ര​കൃ​തി​യു​ടെ ത​ന്നെ ഒ​രു അ​ലി​ഖി​ത നി​യ​മ​മാ​യി കാ​ല​ങ്ങ​ളാ​യി ന​മ്മ​ള്‍ ക​ണ്ടു​വ​രു​ന്നു; തോ​ട്ടം മേ​ഖ​ല​യി​ലും സം​ഭ​വി​ക്കു​ന്ന​ത് മ​റ്റൊ​ന്ന​ല്ല. ഈ ​ദു​ര​വ​സ്ഥ​ക്ക് അ​റു​തി​വ​ര​ണ​മെ​ങ്കി​ല്‍ നി​ല​വി​ലു​ള്ള തൊ​ഴി​ല്‍ നി​യ​മ​ങ്ങ​ളി​ല്‍ അ​ടി​യ​ന്ത​ര​വും ശ​ക്ത​വു​മാ​യ പൊ​ളി​ച്ചെ​ഴു​ത്തു​ക​ള്‍ ആ​വ​ശ്യ​മാ​ണ്.

നി​യ​മ​ങ്ങ​ള്‍ കേ​വ​ലം ക​ട​ലാ​സ് പു​രോ​ഗ​തി​ക​ളി​ല്‍ ഒ​തു​ങ്ങാ​തെ, താ​ഴെ​ത്ത​ട്ടി​ലു​ള്ള യ​ഥാ​ർ​ഥ തൊ​ഴി​ലാ​ളി​യു​ടെ ശ​ബ്ദം കേ​ള്‍ക്കാ​ന്‍ ഭ​ര​ണ​കൂ​ട​ങ്ങ​ള്‍ ത​യാ​റാ​ക​ണം. അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ ന്യാ​യ​മാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട​ണം. കേ​വ​ലം രാ​ഷ്ട്രീ​യ അ​ജ​ണ്ട​ക​ള്‍ക്കു​വേ​ണ്ടി തൊ​ഴി​ലാ​ളി​ക​ളെ പ​ണ​യ​പ്പെ​ടു​ത്തു​ന്ന രീ​തി അ​വ​സാ​നി​ക്ക​ണം. തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​താ​വ​സ്ഥ​ക​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ബ​ദ​ല്‍ മാ​ർ​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ക​യും അ​വ​രു​ടെ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​മ്പോ​ള്‍ മാ​ത്ര​മേ ഈ ​വ​ന്‍കി​ട ചൂ​ഷ​ണ​ങ്ങ​ള്‍ക്ക് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കൂ.

 

പെ​മ്പി​ളൈ ഒ​രു​മൈ സ​മ​ര​ രംഗത്തെ സ്ത്രീകൾ

മൂ​ന്നാ​റി​ല്‍ പെ​മ്പി​ളൈ ഒ​രു​മൈ പോ​ലു​ള്ള സ​മ​ര​ങ്ങ​ള്‍ ഉ​ണ്ടാ​യെ​ങ്കി​ലും അ​വ​യെ​ല്ലാം അ​ടി​ച്ച​മ​ര്‍ത്തി​യ​തും ഇ​തേ രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ളാ​ണ്. ഇ​ത് ഇ​ടു​ക്കി​യി​ലെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും കാ​ണാ​ന്‍ ക​ഴി​യും. സ്ത്രീ​ക​ളു​ടെ ജീ​വി​ക്കാ​നു​ള്ള സ​മ​ര​ങ്ങ​ള്‍ ഇ​നി​യു​മു​ണ്ടാ​കു​മെ​ന്ന് ക​രു​താം, അ​ല്ലേ?

▲ തീ​ര്‍ച്ച​യാ​യും, ജീ​വി​ക്കാ​നും ആ​ത്മാ​ഭി​മാ​നം സം​ര​ക്ഷി​ക്കാ​നും വേ​ണ്ടി​യു​ള്ള സ്ത്രീ​ക​ളു​ടെ പോ​രാ​ട്ട​ങ്ങ​ള്‍ ഇ​നി​യും തു​ട​രു​ക ത​ന്നെ ചെ​യ്യും. ച​രി​ത്ര​ത്തി​ലേ​ക്ക് നോ​ക്കി​യാ​ല്‍, ലോ​ക​ത്തെ​മ്പാ​ടു​മു​ള്ള സ്ത്രീ​ക​ള്‍ ത​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ക്കും മെ​ച്ച​പ്പെ​ട്ട ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ള്‍ക്കും വേ​ണ്ടി എ​ന്നും വ​ലി​യ പോ​രാ​ട്ട​ങ്ങ​ള്‍ ന​യി​ച്ചി​ട്ടു​ണ്ടെ​ന്ന് കാ​ണാം. മൂ​ന്നാ​റി​ലെ ‘പെ​മ്പി​ളൈ ഒ​രു​മൈ’ പോ​ലു​ള്ള ജ​ന​കീ​യ സ​മ​ര​ങ്ങ​ളെ മു​ഖ്യ​ധാ​ര രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ള്‍ ഭ​യ​ത്തോ​ടെ​യാ​ണ് ക​ണ്ട​ത്. ത​ങ്ങ​ളു​ടെ പ​ര​മ്പ​രാ​ഗ​ത പു​രു​ഷാ​ധി​പ​ത്യ കോ​ട്ട​ക​ള്‍ ത​ക​രു​മെ​ന്ന ഭീ​തി​യി​ലാ​ണ് അ​വ​ര്‍ ആ ​സ്ത്രീ മു​ന്നേ​റ്റ​ങ്ങ​ളെ അ​ടി​ച്ച​മ​ര്‍ത്തി​യ​ത്.

ഇ​ന്ന് സ്ത്രീ ​സു​ര​ക്ഷ​ക്കും സ്വാ​ത​ന്ത്ര്യ​ത്തി​നു​മാ​യി എ​ഴു​തി​വെ​ക്ക​പ്പെ​ട്ടി​ട്ടു​ള്ള മ​നോ​ഹ​ര​മാ​യ നി​യ​മ​ങ്ങ​ള്‍ പ​ല​തും കേ​ള്‍ക്കാ​നും വാ​യി​ക്കാ​നും മാ​ത്ര​മേ സു​ഖ​മു​ള്ളൂ എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. പ്രാ​യോ​ഗി​ക ത​ല​ത്തി​ല്‍, സാ​ധാ​ര​ണ​ക്കാ​രി​യാ​യ ഒ​രു തോ​ട്ടം തൊ​ഴി​ലാ​ളി സ്ത്രീ​ക്ക് അ​വ​ളു​ടെ സ്വാ​ത​ന്ത്ര്യ​വും തു​ല്യ അ​വ​കാ​ശ​ങ്ങ​ളും ഇ​ന്നും എ​ത്തി​പ്പി​ടി​ക്കാ​ന്‍ ക​ഴി​യാ​ത്ത​ത്ര അ​ക​ലെ​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ, നി​ല​നി​ൽ​പി​നാ​യു​ള്ള സ്ത്രീ​ക​ളു​ടെ സ​മ​ര​വീ​ര്യം ഒ​ടു​ങ്ങി​യി​ട്ടി​ല്ല. വ്യ​വ​സ്ഥി​തി​ക​ളു​ടെ അ​ടി​ച്ച​മ​ര്‍ത്ത​ലു​ക​ളെ ഭേ​ദി​ച്ചു​കൊ​ണ്ട്, അ​വ​കാ​ശ​ങ്ങ​ള്‍ നേ​ടി​യെ​ടു​ക്കാ​ന്‍ ഇ​തി​ലും ശ​ക്ത​മാ​യ സ്ത്രീ ​മു​ന്നേ​റ്റ​ങ്ങ​ള്‍ ഇ​ടു​ക്കി​യി​ലും ലോ​ക​ത്തി​ന്‍റെ ഇ​ത​ര കോ​ണു​ക​ളി​ലും ഇ​നി​യും ഉ​ണ്ടാ​കു​മെ​ന്ന​തി​ല്‍ സം​ശ​യ​മി​ല്ല.

താ​ങ്ക​ളെ ഏ​റെ സ്വാ​ധീ​നി​ച്ച, അ​ല്ലെ​ങ്കി​ല്‍ താ​ങ്ക​ള്‍ക്ക് പ്രി​യ​പ്പെ​ട്ട എ​ഴു​ത്തു​കാ​രും പു​സ്ത​ക​ങ്ങ​ളും ഏ​തൊ​ക്കെ​യാ​ണ്?

▲ ഞാ​ന്‍ ഒ​ട്ടു​മി​ക്ക എ​ഴു​ത്തു​കാ​രു​ടെ പു​സ്ത​ക​ങ്ങ​ളും വാ​യി​ക്കാ​ന്‍ താ​ൽ​പ​ര്യ​പ്പെ​ടു​ന്ന ആ​ളാ​ണ്. എ​നി​ക്ക് പ്രി​യ​പ്പെ​ട്ട ഒ​രു പു​സ്ത​കം കി​ട്ടി​യാ​ല്‍ അ​ത് വെ​റു​തെ ഒ​രു ത​വ​ണ വാ​യി​ച്ച് മാ​റ്റി​വെ​ക്കാ​റി​ല്ല; കു​റ​ഞ്ഞ​ത് നാ​ല​ഞ്ച് ത​വ​ണ​യെ​ങ്കി​ലും ആ​വ​ര്‍ത്തി​ച്ച് വാ​യി​ച്ച് അ​തി​ന്‍റെ ആ​ഴം മ​ന​സ്സി​ലാ​ക്കാ​ന്‍ ഞാ​ന്‍ ശ്ര​മി​ക്കാ​റു​ണ്ട്. സാ​ഹി​ത്യ​ത്തി​ലെ മു​തി​ര്‍ന്ന എ​ഴു​ത്തു​കാ​രു​ടെ ഗൗ​ര​വ​മേ​റി​യ ര​ച​ന​ക​ളെ​യും, അ​തു​പോ​ലെ ത​ന്നെ പു​തി​യ ഇ​ളം​ത​ല​മു​റ​യി​ലെ എ​ഴു​ത്തു​കാ​രു​ടെ പു​തു​മ​യു​ള്ള ആ​ശ​യ​ങ്ങ​ളെ​യും ഞാ​ന്‍ ഒ​രു​പോ​ലെ ഇ​ഷ്ട​പ്പെ​ടു​ന്നു. പു​സ്ത​ക​ങ്ങ​ള്‍ എ​പ്പോ​ഴും എ​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട കൂ​ട്ടു​കാ​രാ​ണ്.

ഇ​പ്പോ​ള്‍ എ​ഴു​തി​ക്കൊ​ണ്ടി​രി​ക്കു​ന്ന അ​ല്ലെ​ങ്കി​ല്‍ മ​ന​സ്സി​ല്‍ രൂ​പ​പ്പെ​ടു​ന്ന പു​തി​യ നോ​വ​ലി​നെ​ക്കു​റി​ച്ച് /​ പു​സ്ത​ക​ത്തെ​ക്കു​റി​ച്ച് എ​ന്തെ​ല്ലാം പ​ങ്കു​വെ​ക്കാ​ന്‍ സാ​ധി​ക്കും? പു​തി​യ എ​ഴു​ത്തു​കാ​രോ​ട് എ​ന്താ​ണ് പ​റ​യാ​നു​ള്ള​ത്?

▲ പു​തി​യൊ​രു പു​സ്ത​ക​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ലോ​ച​ന​ക​ള്‍ ഇ​പ്പോ​ള്‍ മ​ന​സ്സി​ല്‍ ന​ട​ക്കു​ന്നു​ണ്ട്; അ​തി​ന്‍റെ പ്രാ​രം​ഭ ഘ​ട്ട​ത്തി​ലാ​ണ് ഞാ​ന്‍. പു​തി​യ എ​ഴു​ത്തു​കാ​രോ​ട് എ​നി​ക്ക് പ​റ​യാ​നു​ള്ള​ത് ഇ​ത്ര​മാ​ത്ര​മാ​ണ്: ന​മു​ക്ക് ചു​റ്റു​മു​ള്ള സാ​ധാ​ര​ണ ഇ​ട​ങ്ങ​ളി​ല്‍ നി​ന്നും മ​നു​ഷ്യ​രി​ല്‍ നി​ന്നും പു​തി​യ ആ​ശ​യ​ങ്ങ​ളും അ​വ​രോ​ടു​ള്ള ചേ​ര്‍ത്തു​നി​ര്‍ത്ത​ലു​ക​ളും നി​ങ്ങ​ളു​ടെ എ​ഴു​ത്തി​ല്‍ ഉ​ണ്ടാ​വ​ട്ടെ. ഭാ​വ​ന​യു​ടെ​യും അ​നു​ഭ​വ​ങ്ങ​ളു​ടെ​യും വ​ലി​യൊ​രു വി​ശാ​ല​മാ​യ ലോ​കം നി​ങ്ങ​ള്‍ക്കാ​യി മു​ന്നി​ല്‍ കാ​ത്തി​രി​പ്പു​ണ്ട്. ഭ​യ​മി​ല്ലാ​തെ, സ​ത്യ​സ​ന്ധ​മാ​യി എ​ഴു​തു​ക.

News Summary - Idukki Writer Pushpamma On Tribal Life Novels