കാൽചുവട്ടിലെ ചുവന്ന മണ്ണ്

സി.പി.എമ്മിന്റെ മുതിർന്ന നേതാവ് ജി. സുധാകരനുമായി നടത്തിയ ദീർഘസംഭാഷണത്തിന്റെ ആദ്യ ഭാഗമാണിത്. തന്റെ രാഷ്ട്രീയ, ചരിത്രവഴികളെപ്പറ്റി തുറന്നുപറയുന്ന അദ്ദേഹം തന്റെ ഇപ്പോഴത്തെ നിലപാടുകളും ചിന്തകളും മറച്ചുവെക്കുന്നില്ല.കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലും ശേഷം നടന്ന നിയമസഭ ഉപ തെരഞ്ഞെടുപ്പുകളിൽ മൂന്നു സീറ്റിലും ഇടതു മുന്നണിക്കും സി.പി.എമ്മിനും തിരിച്ചടി നേരിട്ടു. ഈ സാഹചര്യത്തിൽ വി.എസ്. അച്യുതാനന്ദന്റെ അന്തിമോപചാര ചടങ്ങിൽ കണ്ട...
Your Subscription Supports Independent Journalism
View Plansസി.പി.എമ്മിന്റെ മുതിർന്ന നേതാവ് ജി. സുധാകരനുമായി നടത്തിയ ദീർഘസംഭാഷണത്തിന്റെ ആദ്യ ഭാഗമാണിത്. തന്റെ രാഷ്ട്രീയ, ചരിത്രവഴികളെപ്പറ്റി തുറന്നുപറയുന്ന അദ്ദേഹം തന്റെ ഇപ്പോഴത്തെ നിലപാടുകളും ചിന്തകളും മറച്ചുവെക്കുന്നില്ല.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലും ശേഷം നടന്ന നിയമസഭ ഉപ തെരഞ്ഞെടുപ്പുകളിൽ മൂന്നു സീറ്റിലും ഇടതു മുന്നണിക്കും സി.പി.എമ്മിനും തിരിച്ചടി നേരിട്ടു. ഈ സാഹചര്യത്തിൽ വി.എസ്. അച്യുതാനന്ദന്റെ അന്തിമോപചാര ചടങ്ങിൽ കണ്ട ജനപങ്കാളിത്തം വി.എസിനോടുള്ള വ്യക്തിഗതമായ സ്നേഹത്തിനപ്പുറം പാർട്ടിയെയും ഇടതു മുന്നണിയെയും ജനം ഇപ്പോഴും താൽപര്യപ്പെടുന്നു എന്നതിന്റെ തെളിവായി കാണാമോ? ഇടതുപക്ഷത്തിന് ആത്മവീര്യം പകരുന്ന അനുഭവമായി അതിനെ കാണുന്നുണ്ടോ?
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 98 സീറ്റു നേടി അധികാരത്തിൽ വന്ന ഇടതുപക്ഷ മുന്നണി ശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളുടെയും പാർലമെന്റ് തെരഞ്ഞെടുപ്പിന്റെയും വോട്ടിങ് നില വിശകലനംചെയ്താൽ, സി.പി.എമ്മിനും വിശാലാർഥത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും അതിനകത്ത് ചെയ്യേണ്ട എല്ലാ വോട്ടുകളും ചെയ്തിട്ടില്ല എന്നതാണ് യാഥാർഥ്യം. ഇടതുപക്ഷത്തെ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരെല്ലാം ആ സ്നേഹവും വിശ്വാസവും കൈവിടാതെ തന്നെ അത് ബാലറ്റിൽ പ്രകടിപ്പിക്കാൻ തയാറായില്ല. അവർ വോട്ടിനു വരാതിരിക്കുകയോ മറ്റു പാർട്ടികൾക്ക് വോട്ടുചെയ്യുകയോ ചെയ്തു. അത്തരമൊരു നിശ്ശബ്ദമായ രാഷ്ട്രീയപ്രവണത സംസ്ഥാനവ്യാപകമായുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് 47 ശതമാനം വോട്ടുകിട്ടി. പാർലമെന്റ് തെരഞ്ഞെടുപ്പിൽ 36 ശതമാനമേ കിട്ടിയുള്ളൂ. 11 ശതമാനം കുറഞ്ഞു. പാർലമെന്റിനേക്കാൾ പ്രധാനമാണ് നിയമസഭ എന്ന തെറ്റിദ്ധാരണയുണ്ട്. ഒരു സംസ്ഥാനത്തെ തെരഞ്ഞെടുപ്പാണ് നിയമസഭയിലേക്കു നടക്കുന്നത്. ഒരു രാജ്യത്തിന്റെ തെരഞ്ഞെടുപ്പാണല്ലോ പാർലമെന്റിലേക്ക് നടക്കുന്നത്.
സി.പി.എം അതിന്റെ തന്ത്രവും അടവും രൂപവത്കരിച്ചിരിക്കുന്നത് ദേശീയമായ ഒരു വിപ്ലവത്തിനു വേണ്ടിയാണ്. ഓരോ രാജ്യത്തും ജനാധിപത്യവിപ്ലവമോ സോഷ്യലിസമോ ഒക്കെ പൂർത്തീകരിച്ചു കഴിഞ്ഞാൽ അതിന്റെ അത്യുന്നതമായ ഏതോ ഒരു ഘട്ടത്തിൽ ഒരുതരത്തിലുള്ള വർഗവിഭജനങ്ങളുമില്ലാത്ത നിലയെത്തും. പണിയെടുക്കുന്നവരോ, എടുപ്പിക്കുന്നവരോ ഇല്ല. എല്ലാവരും അവരവരുടെ കഴിവനുസരിച്ച് തൊഴിലെടുക്കുന്നു. അവർക്ക് ആവശ്യമുള്ളത് തിരിച്ചുകിട്ടുന്നു, അഥവാ, സ്റ്റേറ്റ് കൊടുക്കുന്നു. അടുത്ത ഘട്ടത്തിൽ സ്റ്റേറ്റില്ല, കമ്യൂണിസ്റ്റ് പാർട്ടിയില്ല, ഒന്നുമില്ല. അവിടെ വർഗങ്ങളില്ലാത്തതിനാൽ വർഗരഹിതസമൂഹം ഉയിരെടുക്കുന്നു, അതാണ് കമ്യൂണിസം. വർഗങ്ങളുള്ളിടത്തോളം കമ്യൂണിസം നിലവിൽ വരില്ല. സോഷ്യലിസമേ നിലവിൽ വരൂ. ഇത്തരം ആശയഗതിയുള്ള നമ്മുടെ പ്രസ്ഥാനത്തിൽ വിശ്വസിക്കുന്ന ജനങ്ങളിൽ വലിയൊരു വിഭാഗം സമ്മതിദാനാവകാശം ഇടതു മുന്നണിക്ക് അനുകൂലമായി വിനിയോഗിച്ചിട്ടില്ല.
എല്ലാ പാർട്ടികളിലും പുരോഗമനചിന്തയുള്ള വ്യക്തികളും കുടുംബങ്ങളുമുണ്ട്. അവരുടെ രാഷ്ട്രീയവിശ്വാസം വേറെയാകും. അങ്ങനെയുള്ള ഒരു വിഭാഗം വേറെയുണ്ട്. കടുത്ത യാഥാസ്ഥിതിക കമ്യൂണിസ്റ്റ് വിരോധമുള്ള, മുരത്ത വർഗീയവാദികളും വിഭജനവാദികളും വിഭാഗീയ ചിന്താഗതിക്കാരും കമ്യൂണിസത്തോട് അറപ്പും വെറുപ്പുമുള്ള പ്രത്യയശാസ്ത്രമുള്ളവരും ഒഴിച്ചാൽ മഹാഭൂരിപക്ഷവും കമ്യൂണിസ്റ്റ് പ്രസ്ഥാനം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നു. പാർട്ടിയുടെ ചട്ടക്കൂടിനു വെളിയിൽ ഇങ്ങനെ ഒരുപാട് വിഭാഗങ്ങളുണ്ട്. അവരെല്ലാവരും വി.എസിനെ അംഗീകരിച്ചിരുന്നു. ഒരു ഘട്ടമെത്തിയപ്പോൾ അവർ വി.എസിൽ തങ്ങളുടെ നേതാവിനെ കണ്ടു. അവർ എന്തു പറയാൻ, ചെയ്യാൻ ആഗ്രഹിച്ചോ അത് വി.എസ് പറയുന്നു, ചെയ്യുന്നു. ആ ജനങ്ങളുടെ ആർത്തലച്ചുള്ള വൈകാരികമായ തള്ളിക്കയറ്റമാണ് കണ്ടത്. അതാണ് ഈ ജനബാഹുല്യത്തിനു കാരണം.
ഓരോരുത്തർക്കും വ്യക്തിഗതമായി വി.എസിനെ അനുഭവിക്കാനായി?
അതേ, അതിനു തുല്യനായി ഒരാളില്ല.

അതല്ലേ ശരിയായ കമ്യൂണിസ്റ്റ് ജീവിതം?
അതേ, അദ്ദേഹം ശരിയായൊരു കമ്യൂണിസ്റ്റ് ആയിരുന്നു. ഓരോ കമ്യൂണിസ്റ്റും ആ നിലവാരത്തിലേക്കാണ് വരേണ്ടത്. പാർട്ടി ഭരണഘടനയിൽതന്നെ പറയുന്നുണ്ട്, സമൂഹത്തിലെ ഏറ്റവും വിശിഷ്ട വ്യക്തികളെ വേണം പാർട്ടിയിലേക്ക് കൊണ്ടുവരാനെന്ന്. ഒരു പ്രദേശത്തെ ഉത്തമരായ പൗരന്മാരാരാണോ അവരെ വേണം പാർട്ടിയിലേക്ക് കൊണ്ടുവരാൻ. ഇതാണ് പാർട്ടി മെംബർ എന്നു പറയുമ്പോൾ ഉദ്ദേശിച്ചത്. എന്നാൽ, വാസ്തവം എന്താണെന്ന് നമുക്കൊക്കെ അറിയാമല്ലോ.
അതുകൊണ്ടായിരിക്കുമോ വി.എസ് അവസാനത്തെ കമ്യൂണിസ്റ്റ് എന്നു വിശേഷിപ്പിക്കപ്പെടാൻ കാരണം?
അത് ശരിയായൊരു കാഴ്ചപ്പാടേ അല്ല. അവസാനത്തെ കമ്യൂണിസ്റ്റ് എന്നു പറഞ്ഞാൽ പിന്നെ കമ്യൂണിസം ഇല്ലാതായി എന്നാണർഥം. കമ്യൂണിസം ഒരു സുപ്രഭാതത്തിൽ ഒരു വ്യക്തിയിൽകൂടി ഉണ്ടാകുന്നതല്ല. ദീർഘകാലത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒരു ഘട്ടത്തിൽ വന്നയാളാണ് വി.എസ്. അങ്ങനെ എത്രയോ പേർ മാർക്സ്, എംഗൽസ് മുതൽ ഫിദൽ കാസ്ട്രോ വരെ കടന്നുപോകുന്നുണ്ട്. ആ മഹാപ്രവാഹത്തിന്റെ ഒരു ഘട്ടത്തിൽ വി.എസ് വന്നു. കേരളത്തിലും ദേശീയതലത്തിലും ശ്രദ്ധിക്കപ്പെടുന്ന തരത്തിൽ, സാധാരണ കാണുന്ന കമ്യൂണിസ്റ്റുകളിൽനിന്നു വ്യത്യാസപ്പെട്ട് കമ്യൂണിസമെന്ന അസാധാരണ പ്രതിഭാസത്തെ ഉൾക്കൊള്ളാൻ കഴിഞ്ഞ അപൂർവം പേരിൽ ഒരാളാണ് അദ്ദേഹം. അത് ജനങ്ങൾ തിരിച്ചറിഞ്ഞു. അതാണ് സംഭവിച്ചത്.
അത്തരം ആളുകൾ, അനുഭവങ്ങൾ ഇനിയും ആവർത്തിക്കപ്പെടാം?
സംശയമെന്ത്? വി.എസിന്റെ വഴികളിലൂടെ സഞ്ചരിച്ച്, വി.എസ് കാട്ടിത്തന്ന സാഹസികവും ത്യാഗപൂർണവുമായ പ്രവർത്തനം നടത്തുന്നതിലൂടെ മാത്രമേ പുതിയ തലമുറക്ക് കമ്യൂണിസത്തെ മുന്നോട്ടുകൊണ്ടുപോകാനാവൂ. പുതിയ തലമുറ അതിനു തയാറുണ്ടോ എന്നതാണ് പ്രശ്നം. അതോ ഈ പാർലമെന്ററി ഡെമോക്രസിയുടെ പഞ്ചായത്ത്, യൂനി. യൂനിയൻ, സിൻഡിക്കേറ്റ് അംഗത്വം എന്നിവ മാത്രം ലക്ഷ്യമിട്ട് അഭിപ്രായം പറയുകയും കമ്യൂണിസ്റ്റ് തത്ത്വശാസ്ത്രത്തിലേക്ക് ആഴ്ന്നിറങ്ങാതിരിക്കുകയും അനായാസം ജീവിതം നയിക്കുകയും ചെയ്യുന്നവർക്ക് ഇവിടെ ഒരു മാറ്റവും വരുത്താൻ പറ്റില്ല. മുതിർന്നവരെ അവർക്കു ചിലപ്പോൾ ഇഷ്ടക്കേടായിരിക്കും.
ഇവരെന്തൊക്കെയാണ് ഈ പറയുന്നത് എന്നൊക്കെ പറഞ്ഞ് പാർട്ടി സ്ഥാനങ്ങളിൽ കയറിയിരുന്ന് ഫേസ്ബുക്കിൽ വൃത്തികേട് എഴുതുന്നവരുണ്ട്. അവർക്ക് ഏതു പാർട്ടിയിൽ പോയാലും ജീവിക്കാം. ഇതിൽതന്നെ പൊറുക്കണമെന്നില്ല. ഏതു പാർട്ടിക്കും ചേരുന്നവർ കമ്യൂണിസ്റ്റ് പാർട്ടിയിലും ചേക്കേറുക എന്നത് ലെനിനിസ്റ്റ് തത്ത്വത്തിന് എതിരാണ്. പാർട്ടി സംഘടനാ പ്രിൻസിപ്ൾസ് ഉണ്ടാക്കിയത് ലെനിനാണ്. Communist party is the party of a new order എന്നാണ് റഷ്യൻ വിപ്ലവകാലത്ത് ലെനിൻ ബോൾഷെവിക് പാർട്ടിയെ വിളിച്ചത്. പുതിയ കാലം വന്നതോടെ, പലർക്കും ഒരു സാധാരണ പാർട്ടി എന്നതിലേക്ക് കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനം മാറി. നമുക്കും പാർലമെന്റ്, പഞ്ചായത്ത്... എന്നിങ്ങനെയാണ് കാണുന്നത്. അതിനപ്പുറത്തേക്ക് ചിന്തിക്കുന്ന പ്രസ്താവനകളൊന്നും യുവജന നേതൃത്വത്തിൽനിന്നു വരുന്നില്ല. കഴിവില്ലാത്തതുകൊണ്ടല്ല, അവർ അങ്ങനെയൊരു അനുഭവത്തിലാണ് കിടക്കുന്നത്.
പഴയ തലമുറയെ ആവേശഭരിതമാക്കിയ സമ്പൂർണ വിപ്ലവമെന്ന ആ കമ്യൂണിസ്റ്റ് സ്വപ്നമൊക്കെ വെറുതെയാണ്, അപ്രായോഗികമാണ് എന്നു ചിന്തിക്കുന്നതു കൊണ്ടാവില്ലേ പുതിയ തലമുറ ഇങ്ങനെ നീങ്ങുന്നത്?
അങ്ങനെയൊരു ചിന്താഗതി ഉണ്ടായിട്ടുണ്ടെങ്കിൽ അവർ ബൂർഷ്വാ ചിന്താഗതിയിലേക്ക് വഴുതിവീണു എന്നാണർഥം. ചുവന്ന കൊടി പിടിക്കുകയും യഥാർഥത്തിൽ ബൂർഷ്വാ ചിന്താഗതി കൊണ്ടുനടക്കുകയും ചെയ്യുന്നതിന്റെ ഫലമാണത്. ബൂർഷ്വാ പാർലമെന്ററി വ്യവസ്ഥയിൽ ബൂർഷ്വാ പാർലമെന്റേറിയന്മാരായി മാറുകയാണവർ. അതിൽതന്നെ മികച്ച ഒന്നാംകിട പാർലമെന്റേറിയൻ എന്നുപോലും പറയാനാവാത്തവരാണ് പലരും. രണ്ടാംകിടയോ മൂന്നാംകിടയോ ഒക്കെ ആവാനുള്ള ഇന്റലക്ച്വൽ കപ്പാസിറ്റിയേ അവർക്കുള്ളൂ. അതിനപ്പുറം ഒരു കമ്യൂണിസ്റ്റിന്റെ ലക്ഷ്യമോ സ്വപ്നമോ അവർക്കുള്ളതായി വാക്കിലോ പ്രവൃത്തിയിലോ കാണാനില്ല.

വി.എസ്. അച്യുതാനന്ദൻ,ബിമൻ ബോസ്
അധികാരം കിട്ടിക്കഴിഞ്ഞാൽ പിന്നെ കമ്യൂണിസ്റ്റ് പ്രവർത്തനം അവിടെ സ്തംഭിച്ചുനിന്നു പോകുന്ന അവസ്ഥ പല നാടുകളിലും കണ്ടിട്ടുണ്ട്. ചൈന, വിയറ്റ്നാം, ക്യൂബ, ദക്ഷിണാഫ്രിക്ക തുടങ്ങി വിവിധ നാടുകളിൽ ദൃശ്യമായ ഈ അപചയത്തെക്കുറിച്ച് മുമ്പ് ‘സമകാലീന രേഖകൾ’ എന്ന പേരിൽ പാർട്ടിപ്രവർത്തകർക്കായി ഒരു പുസ്തകംതന്നെ ദേശീയതലത്തിലും കേരളത്തിലുമൊക്കെ പുറത്തിറക്കിയിരുന്നു?
അന്തർദേശീയ തലത്തിലുള്ള ഇടപെടലുകൾക്ക് ഒരു സോഷ്യലിസ്റ്റ് രാഷ്ട്രവും മുതിർന്നിട്ടില്ല, സോവിയറ്റ് യൂനിയനല്ലാതെ. ചൈനപോലും അന്തർദേശീയ തലത്തിൽ ഒരുകാലത്തും മറ്റു രാജ്യങ്ങളെ അടിമത്തത്തിൽനിന്നുയർത്താൻ കാര്യമായ ഭൗതികസഹായമൊന്നും ചെയ്തിട്ടില്ല –വിയറ്റ്നാം വിപ്ലവത്തിനുവേണ്ടി വല്ലതും ചെയ്തതല്ലാതെ. വിപ്ലവം കഴിഞ്ഞ് അവർ വിയറ്റ്നാമുമായി യുദ്ധത്തിനുപോയി. അത് വേണ്ടാത്തതായിരുന്നു. ഉടനെ അവസാനിപ്പിക്കുകയുംചെയ്തു. എന്നാൽ, സോവിയറ്റ് യൂനിയൻ അങ്ങനെയല്ല, അവർ ലോകത്തെ എല്ലാ രാജ്യങ്ങളെയും സഹായിച്ചു. പശ്ചിമേഷ്യൻ/ ഗൾഫ് രാജ്യങ്ങൾ, ഇറാൻ, ഇറാഖ്, സിറിയ, ലബനാൻ, ഫലസ്തീൻ തുടങ്ങി ഈ മേഖലയിലെ രാജ്യങ്ങളിൽ ഭൂരിപക്ഷം അമേരിക്കൻ വിരുദ്ധ നിലപാടുള്ളവരാണ്. ചിലരൊക്കെ അമേരിക്കയെ അനുകൂലിക്കുന്നവരുമുണ്ട്. ഈ അമേരിക്കൻ വിരുദ്ധ നിലപാടുള്ള രാഷ്ട്രങ്ങളെയൊക്കെ സോവിയറ്റ് യൂനിയൻ സഹായിച്ചതാണ്.
സോവിയറ്റ് യൂനിയൻ ഉണ്ടായിരുന്നെങ്കിൽ ഇന്നീ കാണുന്ന കളിയൊന്നും നടക്കില്ല. ഫലസ്തീനെ ഇസ്രായേൽ തൊടില്ലായിരുന്നു. ഗസ്സയിലേക്ക് നോക്കൂ, ഇസ്രായേൽ പട്ടിണിക്കിട്ടു കൊല്ലുന്ന ആ ജനതക്ക് ആരെങ്കിലും ഭക്ഷണം കൊടുക്കുന്നുണ്ടോ? സഹായവുമായി എത്തുന്നവർക്കും പോലും അതു നൽകാൻ ഇസ്രായേലിന്റെ കനിവ് കാത്തുകിടക്കേണ്ട അവസ്ഥ. അതിനുമാത്രം ഇസ്രായേൽ ആരാണ്? ലോകം മുഴുവൻ അലഞ്ഞുനടന്ന ജൂതന്മാർക്ക് ഒരു രാഷ്ട്രം കൊടുക്കാൻ ഐക്യരാഷ്ട്ര സഭ 1948ൽ പ്രമേയം പാസാക്കി. അന്ന് അതിനെ എതിർത്തവരുണ്ട്. അവരായിരുന്നു ശരി എന്ന് ഇപ്പോൾ തോന്നുന്നു. ലോകത്തെ ഏറ്റവും ബുദ്ധിയുള്ള ജനതയാണ് ജൂതർ. കാൾ മാർക്സ് ഒരു ജൂതനാണ്. ഹിറ്റ്ലർ കൊന്നൊടുക്കിയതു മുഴുവൻ അവരെയായിരുന്നു. എന്നിട്ടിപ്പോൾ ആ ഹിറ്റ്ലറുടെ സ്വഭാവം കടംകൊണ്ടിരിക്കുകയാണ് ഇസ്രായേൽ. ഈ കുഞ്ഞുങ്ങളെ മുഴുവൻ ഇസ്രായേൽ കൊന്നൊടുക്കിയിട്ട് ലോകത്തെ ഏതെങ്കിലുമൊരു രാജ്യം എതിർത്തോ? സോവിയറ്റ് യൂനിയൻ ഇല്ലാതായതിന്റെ ദുരന്തമാണിത്. ബംഗ്ലാദേശ് വിമോചനയുദ്ധം നടക്കുമ്പോൾ അതിനെ അടിച്ചമർത്താൻ അമേരിക്കയുടെ ഏഴാം കപ്പൽപട വന്നു. ഉടനെ ഇന്ദിര ഗാന്ധി റഷ്യയുമായി ഒരു ഉടമ്പടിയുണ്ടാക്കി, നമ്മൾ ആവശ്യപ്പെട്ടാൽ സൈന്യത്തെ അയക്കാമെന്ന്. അവർ സൈനികനീക്കത്തിനു മുതിരുമെന്നു വന്നതോടെ യു.എസ് പിന്മാറി
സ്റ്റാലിന്റെ കാലംതൊട്ട് അധികാരത്തിലേറിയവർ ഏകാധിപത്യപ്രവണത പ്രകടിപ്പിച്ചുവന്നതായി കാണുന്നു. ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടികൾ, അവയുടെ നേതൃത്വത്തിലുള്ള മുന്നണികൾ അധികാരത്തിലേറിയ പശ്ചിമ ബംഗാളിലും ഇതേ അനുഭവമുണ്ടായി. ഇപ്പോൾ കേരളത്തിലും പാർട്ടിയെക്കുറിച്ച് അത്തരം പരാതികൾ വന്നുകൊണ്ടിരിക്കുന്നു. ഇത് കമ്യൂണിസത്തിന്റെ കുഴപ്പമാണോ അതോ, പ്രയോഗത്തിൽ കൊണ്ടുവന്നവരുടെ പാളിച്ചയാണോ?
റഷ്യയിലെ കമ്യൂണിസ്റ്റ് വിപ്ലവത്തിന്റെ തൊട്ടടുത്ത വർഷത്തിലാണ് ഒന്നാം ലോകയുദ്ധം വരുന്നത്. ആ സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ലെനിൻ പുത്തൻ സാമ്പത്തിക ക്രമം പ്രഖ്യാപിച്ചു. സോഷ്യലിസ്റ്റ് സാമ്പത്തികനയത്തിൽ നിന്ന് അൽപം വ്യത്യാസപ്പെട്ടായിരുന്നു അത്. സോഷ്യലിസത്തിലേക്കു വരുന്നല്ലേയുള്ളൂ, അത് ശക്തിപ്പെട്ടില്ലല്ലോ. അതിനാൽ, മുതലാളിത്തത്തിന്റെ ചില നയങ്ങൾ അതിനകത്തുണ്ടായിരുന്നു. ഏതു വിദേശരാജ്യത്തിനും അവിടെ ബിസിനസ് നടത്താം. അവർ നിർത്തി പോകുമ്പോൾ സംരംഭം രാജ്യത്ത് ഉപേക്ഷിക്കണം –ഇതായിരുന്നു ലെനിൻ കൊണ്ടുവന്ന പരിഷ്കരണം. പിന്നീട് ചൈനയും അത് സ്വീകരിച്ചു. റഷ്യയാകട്ടെ, വേഗത്തിൽ അത് ഉപേക്ഷിക്കുകയും ചെയ്തു.
സ്റ്റാലിൻ വരുമ്പോൾ ലോകം മുഴുവൻ സോവിയറ്റ് യൂനിയനെ ഒറ്റപ്പെടുത്തുകയാണ്. അതുകൊണ്ട് പിടിച്ചുനിൽക്കാൻ അടിയന്തരാവസ്ഥക്കു സമാനമായ കർക്കശവ്യവസ്ഥ രാജ്യത്ത് നടപ്പാക്കിയേ പറ്റൂ. അദ്ദേഹം വ്യക്തിഗതമായി കുറച്ചധികം കാർക്കശ്യം കൊണ്ടുവന്നു. പാർട്ടി ജനാധിപത്യത്തിന് അതീതമായി കുറച്ചധികം അദ്ദേഹംചെയ്തു. അതിന്റെ വിമർശനവും നേരിടേണ്ടിവന്നു. പക്ഷേ, സ്റ്റാലിൻ ഇല്ലായിരുന്നെങ്കിൽ ജർമനി റഷ്യയെ വിഴുങ്ങിയേനെ. കേന്ദ്രീകൃത ജനാധിപത്യത്തിന് കുറച്ചു കൂടുതൽ പ്രാധാന്യംകൊടുത്തു എന്നത് സത്യമാണ്. പക്ഷേ, ഉദ്ദേശ്യം നന്നായിരുന്നു. ഹിറ്റ്ലറെ പരാജയപ്പെടുത്തി ലോകത്തെ രക്ഷിച്ചത് സ്റ്റാലിനാണ്. അതിനിടക്ക് ഇങ്ങനെയൊരു അപാകം സംഭവിച്ചു എന്നു പറയാം.
കിട്ടിയ അധികാരം നിലനിർത്തണമെങ്കിൽ, കമ്യൂണിസ്റ്റ് ഭരണം വീഴാതെ നോക്കണമെങ്കിൽ സ്റ്റാലിൻ ശൈലി തന്നെ കരണീയം എന്നു കരുതിയതാകുമോ പശ്ചിമ ബംഗാളിൽ നേരിട്ട തിരിച്ചടിക്കു കാരണം. കേരളവും ആ വഴി തന്നെയാണോ?
ആ ചരിത്രമുഹൂർത്തവും ഇവിടത്തെ കാര്യങ്ങളും തമ്മിൽ വല്ല ബന്ധവുമുണ്ടോ? കേന്ദ്രീകൃത ജനാധിപത്യത്തിനു കൂടുതൽ പ്രാധാന്യം കൊടുത്തു, ഉൾപാർട്ടി ജനാധിപത്യത്തെ ഇല്ലാതാക്കുക എന്നു പറയുന്നതിലൊന്നും കാര്യമില്ല. ഉൾപാർട്ടി ജനാധിപത്യം വഴി ചർച്ച ചെയ്തെടുക്കുന്ന കാര്യങ്ങൾ പിന്നെ നടപ്പാക്കേണ്ടത് പാർട്ടി സെക്രട്ടറിയാണ്. അവിടെ കേന്ദ്രീകൃത ജനാധിപത്യത്തിന് മേധാവിത്വം വരും. ഇതൊരു നല്ല കാര്യമാണ്. അതേസമയം, നേതൃത്വത്തിന് ഒരു പ്രൊട്ടക്ഷനുമാണ്. എന്നാൽ, മറിച്ചു പറയാനൊക്കാത്തതുകൊണ്ട് എന്തും ചെയ്തു കളയാം എന്നതു പാടില്ല. അങ്ങനെയുണ്ടായിടത്ത് മാത്രമാണ് പ്രശ്നങ്ങളുണ്ടായത്. വ്യാപകമായി അങ്ങനെയില്ല എന്നാണ് എന്റെ വാദം.

ലെനിൻ,സ്റ്റാലിൻ
ലെനിൻ പുത്തൻ സാമ്പത്തികനയം നടപ്പാക്കിയ കാര്യം പറഞ്ഞല്ലോ. ഇതുപോലുള്ള പരീക്ഷണംതന്നെയാവില്ലേ പശ്ചിമബംഗാളിൽ പാർട്ടി പരീക്ഷിച്ചതും?
ഇന്ത്യ ഒരു കുത്തക മുതലാളിത്ത രാജ്യമല്ലേ? സോവിയറ്റ് യൂനിയൻ സോഷ്യലിസ്റ്റ് രാജ്യമാണല്ലോ. അവരുടെ പൂർണ നിയന്ത്രണത്തിലാണ് അവിടെ കാര്യങ്ങൾ നടക്കുക. അവർക്ക് ഏതു നയവും എപ്പോൾ വേണമെങ്കിൽ മാറാം, വേണ്ടെന്നുവെക്കാം. അതു മാത്രമല്ല, ലോകത്തെ മുതലാളിത്ത സാമ്രാജ്യത്വരാജ്യങ്ങൾ നവജാത ശിശുവായ സോവിയറ്റ് യൂനിയനെ ഞെക്കിക്കൊല്ലാൻ ശ്രമിച്ചപ്പോൾ കുറച്ചു മുതലാളിത്ത രാജ്യങ്ങളെ കൂടെ കൂട്ടി അതിനെ കൗണ്ടർ ചെയ്തതാണ്, താൽക്കാലികമായി ഒരു അടവുനയമെന്ന നിലയിൽ. ഒരടി മുന്നോട്ടുവെ
ക്കുമ്പോൾ പ്രശ്നം വന്നാൽ രണ്ടടി പിറകോട്ടു വെക്കേണ്ടിവരും എന്നാണ് ലെനിൻ പറഞ്ഞത്. അതെല്ലാം അടവുകളാണ്. സോഷ്യലിസ്റ്റ് വിപ്ലവ മുന്നേറ്റത്തെ ചരിത്രപരമായി പഠിക്കാൻ തയാറാവുന്നവർക്കുമാത്രമേ ഇത് മനസ്സിലാകുകയുള്ളൂ. മാർക്സിസം പഠിക്കാത്തവന് ഇതു മനസ്സിലാവില്ല. മാർക്സിസം പഠിക്കാതെ മാർക്സിസ്റ്റാണെന്നും പറഞ്ഞ് മറുപടി പറയാൻ പോകുന്നവന് ഇതിനൊന്നും മറുപടി പറയാനാവില്ല.
ബംഗാളിൽ സിദ്ധാർഥ ശങ്കർ റായി മാറി ജ്യോതിബസു വന്നപ്പോൾ ഇന്ദിര ഗാന്ധിയുടെ കേന്ദ്രത്തിൽനിന്നു ചിറ്റമ്മ നയമായിരുന്നു. ഇപ്പോൾ കേരളത്തിലെ സർക്കാറിനോട് കേന്ദ്രത്തിലെ മോദിസർക്കാർ കാണിക്കുന്നതുപോലെ തന്നെ. അപ്പോൾ ഭരണത്തിൽ വികസനപ്രവർത്തനങ്ങൾ മുന്നോട്ടുപോകണമെങ്കിൽ സ്വകാര്യ നിക്ഷേപവും മൂലധനശക്തികളുടെ സഹകരണവുമൊക്കെ വേണ്ടിവരില്ലേ?
ഏതു രാജ്യത്തുനിന്നും നിക്ഷേപം കൊണ്ടുവരാൻ ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നുണ്ട്. വ്യവസായവും നിക്ഷേപവുമൊക്കെ വരുന്നതിനെ നമ്മൾ എതിർത്തിട്ടു കാര്യമൊന്നുമില്ല. അത് ഭരണഘടന അനുവദിക്കുന്നതാണ്. അവിടെയൊക്കെയാണ് കാഴ്ചപ്പാടിന്റെ പ്രശ്നം വരുന്നത്. കോൺഗ്രസ് വിരുദ്ധതകൊണ്ട് ബംഗാൾ തിളച്ചുമറിയുകയായിരുന്നു. അതിൽ കമ്യൂണിസ്റ്റുകാർ ഇടപെട്ടു. തലയെടുപ്പുള്ള നേതാക്കളുണ്ടായിരുന്നു അന്ന്. ജ്യോതിബസുവിനെ മാത്രമേ എല്ലാവരും കേൾക്കുന്നുള്ളൂ. വിദേശത്തു പഠിച്ചു വന്ന കാലം മുതലേ പ്രശസ്തനായിരുന്നു അദ്ദേഹം. അവിടെ പ്രമോദ് ദാസ് ഗുപ്ത എന്നൊരു നേതാവുണ്ടായിരുന്നു. അദ്ദേഹമാണ് നിശ്ശബ്ദനായിരുന്ന് പാർട്ടിയെ കെട്ടിപ്പടുത്തതും നിയന്ത്രിച്ചതും. യുവാക്കളെ മുഴുവൻ പാർട്ടിയിലേക്ക് കൊണ്ടുവന്നത് അദ്ദേഹമാണ്.
എസ്.എഫ്.ഐയുടെ അഖിലേന്ത്യ കമ്മിറ്റി കൂടാൻ ഞങ്ങൾ കൊൽക്കത്തയിൽ പോകാറുണ്ടായിരുന്നു. ഞാൻ, 1970ൽ എസ്.എഫ്.ഐ രൂപവത്കരിക്കുമ്പോൾ മുതൽ കേന്ദ്രകമ്മിറ്റി മെംബറാണ്. പിന്നെ വൈസ് പ്രസിഡന്റായി. മൂന്നു അഖിലേന്ത്യ സമ്മേളനങ്ങളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. അന്ന് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി ഓഫിസ് കൊൽക്കത്തയിലാണ്, എസ്.എഫ്.ഐയുടേതും അവിടെ തന്നെ. എക്സിക്യൂട്ടിവ് കമ്മിറ്റി ചേരുമ്പോൾ അതിൽ വന്നിരിക്കുന്നയാളാണ് പ്രമോദ് ദാസ് ഗുപ്ത. ജ്യോതിബസു ഉണ്ടാവാറില്ല. അദ്ദേഹം കമ്മിറ്റി യോഗങ്ങൾക്കൊന്നും വരാറില്ല. ദാസ് ഗുപ്തക്കു ചുറ്റും യുവാക്കളുടെ ഒരു നിരയുണ്ടാകും. വല്ലാത്ത സ്നേഹമാണ് അദ്ദേഹത്തിന്. അദ്ദേഹം പഞ്ചായത്ത് ബോർഡിൽപോലും മത്സരിക്കാൻ പോയിട്ടില്ല. കൃഷിമന്ത്രിയായിരുന്ന ഹരികൃഷ്ണ കോനാറിനെ പോലുള്ള വലിയ പോപുലറായ നേതാക്കൾ. അവിവാഹിതനായിരുന്നു അദ്ദേഹം. അങ്ങനെവലിയ നിസ്വാർഥരായ, കീഴ്മേൽ നോക്കാതെ പ്രവർത്തിച്ച നിരവധി നേതാക്കൾ അന്നുണ്ടായിരുന്നു. പോരാട്ടവീര്യമുള്ള സുഭാഷ് ചന്ദ്രബോസിന്റെ നാടല്ലേ? അത് കമ്യൂണിസ്റ്റുകാർ മുതലാക്കി. അതാണിപ്പോൾ തരംതാണ നിലയിൽ മമത ബാനർജി മുതലെടുക്കുന്നത്. അതോടെ, സി.പി.എമ്മിനും കോൺഗ്രസിനും പരാജയമുണ്ടായി. ബി.ജെ.പിയല്ലേ അവിടെ മുഖ്യപ്രതിപക്ഷം? 35 വർഷം ഭരിച്ച ഒരു സംസ്ഥാനത്ത് നിയമസഭയിൽ സി.പി.എമ്മിന് ഒരംഗംപോലുമില്ല. അത്ഭുതമല്ലേ?
അത്തരമൊരു നിലയിലേക്ക് പാർട്ടി എത്തിയതെങ്ങനെ?
ഒരു പിടിപാടുമില്ല. ഒരു സീറ്റുപോലും കൊടുക്കാതെ ജനം എങ്ങനെ ഇത്രമാത്രം തള്ളിക്കളഞ്ഞു?
അക്കാര്യത്തിൽ ഒരു ആത്മപരിശോധന നടത്തിയിട്ടുണ്ടാവില്ലേ പാർട്ടി?
അങ്ങനെ കാര്യഗൗരവത്തിലൊന്നും നടന്നിട്ടില്ല. ജനങ്ങളിൽ നിന്നകന്നുപോയി എന്നാണ് പൊതുവിലുയർന്ന അഭിപ്രായം.

വി.എം. ഇബ്രാഹീം
2006ൽ സച്ചാർ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ മുസ്ലിം ന്യൂനപക്ഷം ഏറ്റം പിന്തള്ളപ്പെട്ട സംസ്ഥാനങ്ങളിലൊന്നായിരുന്നു പശ്ചിമ ബംഗാൾ. നമ്മുടെ നാട്ടിൽതന്നെ ഏറ്റവുമധികം അതിഥി തൊഴിലാളികൾ ബംഗാളിൽനിന്നാണല്ലോ. ഇതെല്ലാം കാര്യങ്ങൾ വെളിപ്പെടുത്തിത്തരുന്നില്ലേ?
ബംഗാളിലെ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയിൽ, ഇ.എം.എസ് പോലും ജനറൽ സെക്രട്ടറിയായിരുന്ന കാലത്ത് അപൂർവമായി മാത്രമേ സന്ദർശിച്ചിട്ടുള്ളൂ. അങ്ങനെയായിരുന്നു സംവിധാനം. ആരുമറിയുന്നില്ല, അവിടെ എന്താണ് നടക്കുന്നതെന്ന്. എസ്.എഫ്.ഐയുടെ അഖിലേന്ത്യ കമ്മിറ്റി കൂടാൻ ഞാൻ പലതവണ അവിടെ പോയിട്ടുണ്ട്. വളരെ ധീരരായ ജനങ്ങളാണ് അവിടെ. ഒരിക്കൽ 24 പർഗാനയിൽ വെച്ച് ഞങ്ങൾ സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി കൂടുകയാണ്. കമ്മിറ്റി യോഗത്തിനുശേഷം കുറേ കാമ്പസുകളിൽ ഞങ്ങൾ പ്രസംഗിക്കാൻ പോയി. രണ്ടുമൂന്നു സ്ഥലത്ത് ഞാനും പ്രസംഗിച്ചു. നൂറുപേർക്ക് ഇരിക്കാവുന്ന ലെക്ചർ ഹാളുകളാണ് എല്ലായിടത്തും. താഴെ സ്റ്റേജിൽ അധ്യാപകനും ചുറ്റിലും ഗാലറിയിലെന്നപോലെ വിദ്യാർഥികളും. ഞാൻ പ്രസംഗിച്ചുകൊണ്ടിരിക്കുകയാണ്.
സംഘടനയുടെ ആദ്യ അഖിലേന്ത്യ പ്രസിഡന്റ് അന്തരിച്ച സി. ഭാസ്കരനുണ്ട്. എസ്.എഫ്.ഐയുടെ ആദ്യത്തെ അഖിലേന്ത്യ സെക്രട്ടറി, പി.ബി മെംബറായി റിട്ടയർചെയ്ത ബിമൻ ബസുവു. ആയിരത്തോളം ആളുകൾ തിങ്ങിനിറഞ്ഞ ഹാളിനു പുറത്ത് വെളിയിൽ എന്തോ പൊട്ടുന്ന ശബ്ദംകേൾക്കാം. ഒരൊറ്റയാളും എഴുന്നേറ്റില്ല. ഞങ്ങൾ അത്ഭുതപ്പെട്ടു. പരിപാടി കഴിഞ്ഞ് പുറത്തിറങ്ങി സംഭവമന്വേഷിച്ചപ്പോൾ സഖാക്കൾ പറഞ്ഞു, നക്സലൈറ്റുകൾ പരിപാടിക്കുനേരെ പടക്കമെറിഞ്ഞതാണ്. അവരെ ഞങ്ങൾ അടിച്ചോടിച്ചു എന്ന്. ഇങ്ങനെ ധൈര്യമുള്ളവരുടെ നാട്ടിൽ ഇതെങ്ങനെ സംഭവിക്കുന്നു? പാർട്ടി ഓഫിസുകളൊക്കെ മറ്റുള്ളവർ പിടിച്ചുകൊണ്ടുപോകുന്നു? ആളുകൾക്കിടയിൽ ആദർശവീര്യം, പാർട്ടിക്കുവേണ്ടി പൊരുതാനുള്ള താൽപര്യം കുറഞ്ഞു എന്നാണ് അതിനർഥം. ആളുകളെ പാർട്ടിക്ക് എതിരാക്കുന്ന എന്തോ കാര്യമായ കുഴപ്പങ്ങൾ അവിടെ നടന്നു. സിംഗൂരും നന്ദിഗ്രാമുമൊക്കെ അതിൽ പങ്കുവഹിച്ചിട്ടുണ്ടാകാം.
വി.എസ് ആണ് രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയർത്തിയത് എന്നു കേട്ടിട്ടുണ്ട്?
വിദ്യാർഥിജീവിതകാലത്ത് 1975ൽ വി.എസിനെ പരിചയപ്പെട്ടു. എന്റെ പ്രവർത്തനപരിചയം ഐഡന്റിഫൈ ചെയ്ത് ഉത്തരവാദിത്തം ഏൽപിക്കുന്നതിൽ അദ്ദേഹത്തിന് പങ്കുണ്ട് എന്നത് ശരിയാണ്.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്കു വരാനുള്ള ആദ്യ പ്രചോദകം എന്തായിരുന്നു?
അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു പ്രവർത്തിച്ചുകൊണ്ടാണ് എന്റെ തുടക്കം. 1963ൽ പാർട്ടി വേർപിരിയുന്നതിനു തൊട്ടു തലേ വർഷം ഞാൻ വള്ളികുന്നം ഹൈസ്കൂളിൽ പഠിക്കുകയാണ്. നന്നായി പ്രസംഗിക്കുകയും എഴുതുകയും ചെയ്യും എന്നുള്ളതുകൊണ്ട് പ്രായപൂർത്തിയായില്ലെങ്കിൽപോലും പ്രാദേശിക നേതാക്കൾ എന്നെ പാർട്ടി മെംബറാക്കി. പത്താം തരത്തിൽ പഠിക്കുമ്പോഴായിരുന്നു അംഗത്വമെടുപ്പ്. പാർട്ടി പിളർന്നപ്പോൾ എന്നെ ആ അംഗത്വത്തോടെ തന്നെ സി.പി.എമ്മുകാർ എടുത്തു. പന്തളം കോളജിൽനിന്നു ഗ്രാജ്വേഷൻ കഴിഞ്ഞ് 1967ൽ എസ്.എൻ കോളജിൽ പി.ജിക്കു ചേർന്നു. ഇംഗ്ലീഷ് സാഹിത്യത്തിലായിരുന്നു ബിരുദവും ബിരുദാനന്തര ബിരുദവും. എസ്.എൻ കോളജിൽ ചേർന്നപ്പോൾ അവർ അംഗത്വം അങ്ങോട്ടു മാറ്റി. അന്നൊക്കെ നിയമസഭ മണ്ഡലം തലത്തിലാണ് പാർട്ടി പ്രവർത്തനം. അങ്ങനെ ഞാൻ കൊല്ലം മണ്ഡലം കമ്മിറ്റി മെംബറായി. ആയിടക്കാണ് കടയ്ക്കലിൽ കൊല്ലം ജില്ല സമ്മേളനം നടന്നത്. അവിടെ എന്നെ പ്രസീഡിയം മെംബറാക്കി. 1971ൽ ജില്ല കമ്മിറ്റി മെംബറായി. 1967 മുതൽ 72 വരെ അവിടെ പ്രവർത്തിച്ചു. ജില്ല മുഴുക്കെ സഞ്ചരിച്ചിട്ടുണ്ട്. ഞാൻ ജില്ലയിൽ പോകാത്ത പഞ്ചായത്തൊന്നുമില്ല. അതിനിടക്ക് കെ.എസ്.വൈ.എഫിന്റെ ജില്ല സെക്രട്ടറി കൂടിയായി.
തിരുവനന്തപുരത്ത് എസ്.എഫ്.ഐ രൂപവത്കരണ സമ്മേളനത്തിന് കൊല്ലത്തുനിന്നുള്ള പ്രതിനിധിയായിരുന്നു ഞാൻ. 1969 ഡിസംബർ 27 മുതൽ 70 ജനുവരി ഒന്നുവരെ തിരുവനന്തപുരത്ത് ടാഗോർ സെന്റിനറി ഹാളിൽ വെച്ചായിരുന്നു പരിപാടി. അതുവരെ കേരളത്തിൽ കേരള സ്റ്റുഡന്റ്സ് ഫെഡറേഷൻ എന്നപോലെ വിവിധ സംസ്ഥാനങ്ങളിൽ വിവിധ പേരുകളിലായി പ്രവർത്തിച്ചിരുന്ന സംഘടനകൾ ഒന്നുചേർന്ന് അഖിലേന്ത്യ സംഘടന രൂപംകൊള്ളുകയായിരുന്നു, എസ്.എഫ്.ഐ ബാനറിനു കീഴിൽ. പാർട്ടി ജനറൽ സെക്രട്ടറി സുന്ദരയ്യക്കു പുറമെ പി.ബി അംഗങ്ങളെല്ലാവരും സമ്മേളനത്തിനെത്തിയിരുന്നു.
അന്ന് ഒമ്പതുപേരേ പി.ബിയിൽ ഉണ്ടായിരുന്നുള്ളൂ. ഒമ്പതും രത്നങ്ങളാ കേട്ടോ, നവരത്നങ്ങൾ. രാമമൂർത്തി, ജ്യോതിബസു, ഇ.എം.എസ്, സുന്ദരയ്യ, എ.കെ.ജി, ബസവ പുന്നയ്യ, ഹർകിഷൻസിങ് സുർജിത്, നൃപൻ ചക്രവർത്തി, പ്രമോദ് ദാസ് ഗുപ്ത എന്നീ ഒമ്പതു പേരുമുണ്ട്. സമ്മേളനത്തിൽ വെച്ച് കെ.എസ്.എഫിന്റെ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന സി. ഭാസ്കരനെ എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റായി തെരഞ്ഞെടുത്തു. ഞാൻ വൈസ് പ്രസിഡന്റായി. പുതിയ സെക്രട്ടറിയായി ഇപ്പോൾ സാഹിത്യ അക്കാദമി സെക്രട്ടറിയായ സി.പി. അബൂബക്കറിനെ നിയമിച്ചു. എന്നെ ആദ്യ സംസ്ഥാന പ്രസിഡന്റാക്കി.
അഖിലേന്ത്യ സമ്മേളനത്തിന് തിരുവനന്തപുരത്ത് തമ്പാനൂർ ബസ് സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ സഖാക്കൾ ആരോ പറഞ്ഞു, വി.എസും മറ്റു നേതാക്കളുമൊക്കെ കുറച്ച് അപ്പുറത്തുള്ള സി.പി സത്രത്തിൽ ഉണ്ടെന്ന്. അവിടെ ചെല്ലുമ്പോൾ വി.എസും കൊല്ലത്തെ സെക്രട്ടറിയായിരുന്ന എൻ. ശ്രീധറും ടി.കെ. രാമകൃഷ്ണനുമൊക്കെയുണ്ട്. വി.എസിനെ ആദ്യമായി അടുത്തു കാണുകയാണ്. ‘‘ങാ, സുധാകരൻ അല്ലേ? കേട്ടിട്ടുണ്ട്. നന്നായി പ്രവർത്തിക്കുന്നുവെന്നും സമരരംഗത്തൊക്കെ സജീവമാണെന്നും കേട്ടിട്ടുണ്ട്. നന്നായി പഠിക്കണം, പരീക്ഷ ജയിക്കണം, എന്നാൽ ജോലിക്കൊന്നും പോകേണ്ട, പാർട്ടിപ്രവർത്തനം മതി’’ എന്നു പറഞ്ഞു. പിന്നെ സംസ്ഥാന ഭാരവാഹി എന്ന നിലയിൽ തിരുവനന്തപുരത്തായി കർമമണ്ഡലം. പാലക്കാട്ടു ചേർന്ന എസ്.എഫ്.ഐ ഒന്നാം സംസ്ഥാന സമ്മേളനത്തിൽ തെരഞ്ഞെടുക്കപ്പെട്ടസംസ്ഥാന സെക്രട്ടറിയായി. അന്നു സമ്മേളനത്തിൽ പങ്കെടുത്തിരുന്ന പാർട്ടി സംസ്ഥാന സെക്രട്ടറി സി.എച്ച്. കണാരൻ, ഇനി നീയാണ് സെക്രട്ടറി എന്നു നേർക്കുനേർ നിർദേശിക്കുകയായിരുന്നു. അന്നൊക്കെ അങ്ങനെയാണ്.
അങ്ങനെ തിരുവനന്തപുരത്തു സംസ്ഥാന ഭാരവാഹിയായി പ്രവർത്തിക്കുമ്പോൾ ഗവ. ലോ കോളജിൽ മെറിറ്റിൽ അഡ്മിഷൻ കിട്ടി. ഡിഗ്രിക്കും പി.ജിക്കുമൊക്കെ നല്ല മാർക്കുണ്ടായിരുന്നു. മൂന്നുവർഷം നിയമപഠനം പൂർത്തിയാക്കി. അതിനിടക്ക് വീണ്ടും സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങളിൽ മാറിമാറി വന്നു. 1975ൽ പ്രസിഡന്റ് സ്ഥാനം ഒഴിയുമ്പോഴാണ് അടിയന്തരാവസ്ഥ വരുന്നത്. എം.എ. ബേബിയെ പ്രസിഡന്റാക്കി.
ഞാൻ സ്റ്റേറ്റ് സെക്രട്ടറിയായിരിക്കുമ്പോൾ ബേബി പ്രാക്കുളം സ്കൂളിൽ പഠിക്കുകയാണ്. അയാളെ ക്ലാസിൽനിന്നു പുറത്താക്കിയപ്പോൾ സമരം ചെയ്യാനൊക്കെ ഞാൻ പോയിട്ടുണ്ട്. അന്നേ നന്നായി പ്രസംഗിക്കും. അടിയന്തരാവസ്ഥയുടെ ഏഴാമത്തെ ദിവസം നിയമം ലംഘിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ പ്രകടനം നടത്തി. പൊലീസ് അറസ്റ്റു ചെയ്തു. പിടിച്ചതും പൊലീസ് തല്ലുതുടങ്ങി. വാഹനത്തിലിട്ടും പുറത്തു റോഡിലിട്ടും പിന്നീട് കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ വെച്ചും ക്രൂരമായി തല്ലിച്ചതച്ചു. രാത്രി പതിനൊന്നു മണിവരെ പച്ചവെള്ളം തന്നില്ല. എല്ലാ ഉപദ്രവങ്ങളും ചെയ്തു. എന്റെ കൈയിലിരുന്ന വാച്ച് പൊട്ടിപ്പോയി. അതിൽ പിന്നെ ഞാൻ വാച്ച് ഉപയോഗിച്ചിട്ടില്ല.
എം.എ. ബേബിയും എം. വിജയകുമാറും ഒക്കെയായി ഞങ്ങളെ സബ്ജയിലിൽ അടച്ചു. ഒരാഴ്ച കഴിഞ്ഞ് ഇ.എം.എസ്, എ.കെ.ജി, സുശീല ഗോപാലൻ, അന്നു ഞങ്ങളുടെ കൂടെയായിരുന്ന കെ.എം. ജോർജ് എന്നിവരെ അറസ്റ്റ് ചെയ്ത് അതേ ജയിലിൽ കൊണ്ടുവന്നു. അവർ ഞങ്ങളെ കാണാൻ വന്നു. അവരെ വേഗം വിട്ടു. ഞങ്ങളെ ഡിഫൻസ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തി കോടതി ശിക്ഷിച്ച് സെൻട്രൽ ജയിലിലടച്ചു. അവിടെ കുറേ കാലം കിടന്നു.
1975 ജൂലൈ ഒന്നിനായിരുന്നു സമരം. അന്നെനിക്ക് എൽ.എൽ.ബി അവസാനവർഷ പരീക്ഷയുണ്ടായിരുന്നു. അഖിലേന്ത്യ തലത്തിൽ എസ്.എഫ്.ഐ പ്രഖ്യാപിച്ച സമരമായിരുന്നു. ഞാൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ് ആണല്ലോ. പരീക്ഷ ഹാൾടിക്കറ്റ് കൈവശംവെച്ചിരുന്നു. ഞാൻ അത് എ.കെ.ജിക്ക് എത്തിച്ചുകൊടുത്തു. അദ്ദേഹം ആ കത്ത് ഹൈകോടതിയിൽ സമർപ്പിച്ച് വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തു. എം.എം. ചെറിയാനും വർക്കല രാധാകൃഷ്ണനുമൊക്കെയാണ് കേസ് വാദിച്ചത്. കുട്ടികൾ അനുഭവിച്ചിടത്തോളം ശിക്ഷ മതി എന്നു നിരീക്ഷിച്ച് കോടതി എല്ലാവരെയും വിട്ടയച്ചു. തുടർന്ന് ഞാൻ ആലപ്പുഴയിലേക്കു പോന്നു. എന്റെ അംഗത്വം ഇങ്ങോട്ടു മാറി. അന്ന് വി.എസിനെ അറസ്റ്റ് ചെയ്തിരുന്നു. അടിയന്തരാവസ്ഥ കഴിഞ്ഞാണ് വിട്ടത്.
ജയിൽമോചിതനായ ഉടനെ വി.എസ് എന്നെ വിളിച്ച് കുട്ടനാട്ടിൽ താലൂക്ക് സെക്രട്ടറിയായി പ്രവർത്തിക്കാൻ പറഞ്ഞു. ആർ.എസ്.എസ് വിളയാട്ടം ഭയങ്കരമായി നടക്കുന്ന കാലമാണ്. ഞാൻ സെക്രട്ടറിയായിരിക്കെ ഞങ്ങളുടെ പാർട്ടി ഓഫിസിനു തീവെച്ചു. തലശ്ശേരിയിലെ സംഘട്ടന കാലമാണ് എൺപതുകളിൽ. ഞാൻ സെക്രട്ടറിയാവുന്നത് 1980ലാണ്. തലശ്ശേരി കഴിഞ്ഞ് പിന്നെ ഇവിടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. പാർട്ടി ഓഫിസിന് തീവെച്ചു. ചെത്തു തൊഴിലാളി ഓഫിസാണ് ഞങ്ങളുടെ ഓഫിസ്. സ്വന്തമായി ഓഫിസില്ല. പത്തായിരത്തോളം ചെത്തു തൊഴിലാളികൾ അന്നു കുട്ടനാട്ടിലുണ്ട്. കള്ള് സുലഭമായ കാലമാണ്. നല്ല വരുമാനമായിരുന്നു. അതു സ്വരൂപിച്ച് അവർ വാങ്ങിയ മനോഹരമായ ബോട്ടിനും തീവെച്ചു. ബോട്ടിനു തീയിട്ട ശേഷമാണ് ഓഫിസിനു തീയിടുന്നത്. അർധരാത്രി അവർ വന്ന വഴിയിലെ തൊഴിലാളികളുടെ ഓല മേഞ്ഞ കുടിലുകളെല്ലാം തീയിട്ടു നശിപ്പിച്ചു. ആലപ്പുഴ-ചങ്ങനാശ്ശേരി (എ.സി) റോഡിൽ താമസിച്ചിരുന്ന ബോട്ട് ഡ്രൈവർ തങ്കപ്പന്റെ കുടിലിനും തീവെച്ചു. തങ്കപ്പൻ ഇറങ്ങിയോടി. ആജാനബാഹുവായ ഒരു സഖാവായിരുന്നു. ഓട്ടത്തിനിടെ വഴിയിൽ ചാഞ്ഞുകിടന്നിരുന്ന തെങ്ങിൻതലപ്പിൽ തട്ടി അയാൾ വീണു. ഒറ്റവെട്ടിന് അയാളുടെ തലയരിഞ്ഞു. ആ തലയുമായി പോയി മങ്കൊമ്പ് പാലത്തിൽ കൊണ്ടുവെച്ചു. കേരളം ഞെട്ടിത്തരിച്ച സംഭവമായിരുന്നു അത്. ഇത്തരത്തിലൊരു കൊല ആദ്യമായിരുന്നു.
അന്ന് കൈനകരിയിൽ വലിയൊരു സമ്മേളനമുണ്ടായിരുന്നു. വലിയ ചങ്ങാടം കെട്ടിവലിച്ചുള്ള റാലിയിൽ നാലായിരം പേരൊക്കെയുണ്ടാവും. ഒരു പഞ്ചായത്ത് സമ്മേളനത്തിനുതന്നെ അത്രയും ജനമുണ്ടാവും അന്ന്. ചങ്ങാടം ഓടിച്ചത് ബോട്ടിന്റെ ഡ്രൈവറായിരുന്നു. അതുകഴിഞ്ഞ് രാത്രി ഞാൻ ആലപ്പുഴക്കു പോയി. ഞങ്ങളൊക്കെയുണ്ടാകും എന്നു കരുതിയാണ് ഓഫിസിന് ബോംബെറിഞ്ഞത്. പിറ്റേന്നാൾ ഇ.എം.എസും പി.കെ. വാസുദേവൻ നായരുമൊക്കെ സ്ഥലത്തുവന്നു. അവിടെ 144 ആയതിനാൽ രാമങ്കരിയിൽ സഖാവ് സോമനാഥന്റെ വീട്ടിലാണ് യോഗം വിളിച്ചത്. ആ കൊച്ചുവീട്ടിൽ ആയിരുന്നു പിന്നീട് താലൂക്ക് കമ്മിറ്റി യോഗം നടന്നിരുന്നത്.
ഈ ബോംബെറിഞ്ഞ, ആർ.എസ്.എസുകാരെ വിളിച്ചുകൊണ്ടുവന്ന ആൾ പാർട്ടി ആപ്പീസിനുനേരെ എതിർവശത്തു താമസിക്കുന്നയാളായിരുന്നു. അയാളും പെങ്ങളും അവരുടെ മകളുമായിരുന്നു അവിടെ. നമ്മുടെ ഓഫിസ് വളപ്പിൽ വന്നു വെള്ളമെടുക്കുന്നവരാണ്. അത്രയും പരിചയത്തിൽ കഴിയുന്നവർ. ഇവൻ മാത്രം ആർ.എസ്.എസുകാരനായി. ദൂരെയേതോ മഠത്തിൽപോയി ആർ.എസ്.എസ് പരിശീലനവും കഴിഞ്ഞ് ഒരു ഓലക്കുടയും ചൂടി, മെതിയടിയും ചവിട്ടി ഇങ്ങനെ വരും. അവനെ മസ്തിഷ്കപ്രക്ഷാളനം നടത്തിയതാണ്. എന്തോ പ്രമുഖ് ആണ് എന്ന മട്ടിലാണ് നടപ്പ്. സംഭവത്തോടെ അയാൾ വീടുവിട്ടു. പെങ്ങൾ ആ വീട് എഴുതിത്തന്നു. അവിടെ ഞങ്ങൾ പുതിയ ഓഫിസ് വെച്ചു. 48 വർഷം മുമ്പ് ഇ.എം.എസ് ആണ് ഉദ്ഘാടനംചെയ്തത്. ‘ഫസ്റ്റ് ക്ലാസ് ഓഫിസ്’ എന്നായിരുന്നു ഓഫിസ് കണ്ട ഇ.എം.എസിന്റെ പ്രതികരണം. അന്നൊരു നല്ല ഓഫിസ് നിർമിക്കുക പാർട്ടിക്ക് അത്ര എളുപ്പമുള്ള കാര്യമല്ല. മൂന്നുവർഷം കഴിഞ്ഞ് സെക്രട്ടറിസ്ഥാനം വേറെ ആളെ ഏൽപിച്ച് ഞാൻ തിരിച്ചുപോന്നു. ഇങ്ങനെയൊക്കെയുള്ള സംഭവങ്ങളെ നേരിട്ടാണ് ഞങ്ങൾ പാർട്ടി കെട്ടിപ്പടുത്തത്. സാഹസികമായ പ്രവർത്തനങ്ങളാണ് നടത്തിയത്. വെറുതെയങ്ങനെ കയറി മന്ത്രിയായതൊന്നുമല്ല.
(മാധ്യമം ആഴ്ചപ്പതിപ്പിന്റെ ലക്കം 1439ൽ തുടരും)