Begin typing your search above and press return to search.
proflie-avatar
Login

അരങ്ങ് ജീവിതം സംതൃപ്തമാണ് പക്ഷേ...

അരങ്ങ് ജീവിതം സംതൃപ്തമാണ് പക്ഷേ...
cancel

മലയാള നാടകവേദിയിൽ അരനൂറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന ​​ശ്രദ്ധേയ വ്യക്തിയാണ്​ ജോൺ ടി. വേക്കൻ. സംവിധായകൻ, നടൻ, എഴുത്തുകാരൻ എന്നിങ്ങനെ വ്യത്യസ്​ത മേഖലകളിൽ തിളങ്ങിയ അദ്ദേഹം നാടകത്തെക്കുറിച്ചും ത​ന്റെ ജീവിതത്തെക്കുറിച്ചും സംസാരിക്കുന്നു. നാടകകൃത്ത്, സംവിധായകൻ, നടൻ, കലാസംവിധായകൻ, മ്യൂസിക് ഡിസൈനർ, ലൈറ്റ് ഡിസൈനർ, സീൻ ഡിസൈനർ, കോസ്റ്റ്യൂം ഡിസൈനർ, മേക്കപ്പ് ഡിസൈനർ, നാടകാധ്യാപകൻ, പ്രഭാഷകൻ, എഴുത്തുകാരൻ, പത്രാധിപർ, പ്രസാധകൻ, ഫോട്ടോഗ്രാഫർ ഈ മേഖലകളിലൊക്കെ അഞ്ച് പതിറ്റാണ്ടായി ശ്രദ്ധേയനായ വ്യക്തിയാണ്​ ജോൺ ടി. വേക്കൻ. 1978ൽ വൈക്കം കേന്ദ്രമാക്കി നാടക കളരിയുടെ റെപ്പർട്ടറിയായി പ്രവർത്തനം ആരംഭിച്ച വൈക്കം...

Your Subscription Supports Independent Journalism

View Plans
മലയാള നാടകവേദിയിൽ അരനൂറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന ​​ശ്രദ്ധേയ വ്യക്തിയാണ്​ ജോൺ ടി. വേക്കൻ. സംവിധായകൻ, നടൻ, എഴുത്തുകാരൻ എന്നിങ്ങനെ വ്യത്യസ്​ത മേഖലകളിൽ തിളങ്ങിയ അദ്ദേഹം നാടകത്തെക്കുറിച്ചും ത​ന്റെ ജീവിതത്തെക്കുറിച്ചും സംസാരിക്കുന്നു.

നാടകകൃത്ത്, സംവിധായകൻ, നടൻ, കലാസംവിധായകൻ, മ്യൂസിക് ഡിസൈനർ, ലൈറ്റ് ഡിസൈനർ, സീൻ ഡിസൈനർ, കോസ്റ്റ്യൂം ഡിസൈനർ, മേക്കപ്പ് ഡിസൈനർ, നാടകാധ്യാപകൻ, പ്രഭാഷകൻ, എഴുത്തുകാരൻ, പത്രാധിപർ, പ്രസാധകൻ, ഫോട്ടോഗ്രാഫർ ഈ മേഖലകളിലൊക്കെ അഞ്ച് പതിറ്റാണ്ടായി ശ്രദ്ധേയനായ വ്യക്തിയാണ്​ ജോൺ ടി. വേക്കൻ. 1978ൽ വൈക്കം കേന്ദ്രമാക്കി നാടക കളരിയുടെ റെപ്പർട്ടറിയായി പ്രവർത്തനം ആരംഭിച്ച വൈക്കം തിരുനാൾ നാടകവേദിയുടെ സ്ഥാപകൻ, ഡയറക്ടർ.

1999ൽ എറണാകുളത്ത് ആരംഭിച്ച നാടക കളരിയുടെ ഡയറക്ടർ, 2000ത്തിൽ എറണാകുളത്ത് ആരംഭിച്ച രാജ്യത്തെ ആദ്യത്തെ സ്ഥിരം നാടകവേദിയുടെ സ്ഥാപകൻ, ഡയറക്ടർ. 2001ൽ ആരംഭിച്ച ഇന്ത്യയിലെ കുട്ടികളുടെ ആദ്യത്തെ സ്ഥിരം നാടകവേദിയുടെ ഡയറക്ടർ. നാടകസംബന്ധിയായ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന നാടക ഗ്രന്ഥശാലയുടെ ജനറൽ എഡിറ്റർ. ഇങ്ങനെ ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ ഏറെ. ദേശീയതലത്തിലും അന്തർദേശീയ തലത്തിലുമുള്ള അംഗീകാരങ്ങൾ ജോൺ ടി. വേക്കൻ നേടി. പറയാൻ ഏറെയുള്ള അരങ്ങു ജീവിതം. അദ്ദേഹം ത​ന്റെ ജീവിതത്തെക്കുറിച്ചും നാടകവഴികളെക്കുറിച്ചും സംസാരിക്കുന്നു.

അമ്പതാണ്ട് നീണ്ട അരങ്ങ് ജീവിതത്തെ എങ്ങനെ വിലയിരുത്തുന്നു? അന്നത്തെ ജീവിതാന്തരീക്ഷം എങ്ങനെയുള്ളതായിരുന്നു?

ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ തിയറ്റർ പ്രഫഷനലായി സ്വീകരിച്ചിട്ടുള്ള ഒരു കലാകാരന് എന്ത് സാഹചര്യമാണ് അനുകൂലമായിട്ടുള്ളത്. അത്തരമൊരു സാഹചര്യത്തിൽ പിന്നിട്ട കാലത്ത്, ചെയ്യണമെന്ന് ആഗ്രഹിച്ച കുറേ കാര്യങ്ങൾചെയ്തു. കുറേ കാര്യങ്ങൾ ഇനിയും ചെയ്യാനുണ്ട്. അരങ്ങ് ജീവിതത്ത വിലയിരുത്തുമ്പോൾ ചാരിതാർഥ്യമുണ്ട്. കാരണം, പ്രതികൂലാവസ്ഥയിലും കുറച്ചൊക്കെ ചെയ്യാനായല്ലോ. അന്ന് ജീവിതാന്തരീക്ഷം മൂല്യബോധാധിഷ്ഠിതമായിരുന്നു. ജീവിതത്തിന് മൂല്യം കൽപിച്ചിരുന്നതുകൊണ്ട് കലക്കും മൂല്യമുണ്ടായിരുന്നു.

അരങ്ങിന്‍റെ അകവും പുറവും അറിഞ്ഞ ഒരാളാണ്, ശരിക്കും താങ്കൾക്കെന്താണ് നാടകം?

രംഗകലകൾ, സംഗീതം, ചിത്രകല, ശിൽപകല, വാസ്തുശിൽപകല, ഫോട്ടോഗ്രഫി, ചലച്ചിത്രം... ഇതെല്ലാം എന്റെ ഹൃദയപരിസരത്ത് എപ്പോഴുമുള്ള കലകളാണ്. എന്നാൽ, നാടകം എന്റെ മനോവഴക്കത്തിനും മെയ് വഴക്കത്തിനും കൂടുതൽ ഇണങ്ങുന്ന എനിക്കേറ്റവും പ്രിയപ്പെട്ട രംഗകലാ രൂപമാണ്. ജീവിതത്തിന്റെയും കാലത്തിന്റെയും അതിരുകളിലും അന്തരീക്ഷത്തിലും നിയന്ത്രണമില്ലാതെ ഹൃദ്സ്പന്ദനത്തിനൊപ്പം മിടിക്കുന്ന ഒന്ന്.

പൊതുവെ ചോദിക്കാറുള്ളതാണിത്... എങ്കിലും, നാടകാഭിനയവും സിനിമാഭിനയവും എങ്ങനെ വേർപെട്ടു കിടക്കുന്നു?

ഈ രണ്ട് കലാമാധ്യമങ്ങളിലും അഭിനയത്തിന്റെ പ്രയോഗരീതികളും സാധ്യതകളും വ്യത്യസ്തമാണ്. ഒരുദാഹരണം പറയാം. ആകാശവാണിയുടെ ദേശീയ നാടകപരിപാടിയിലും സംസ്ഥാന റേഡിയോ നാടകോത്സവത്തിലും അല്ലാതെയുമുള്ള നിരവധി നാടകങ്ങളുടെ റെക്കോഡിങ്ങിനായി കൊച്ചിയിലും തിരുവനന്തപുരത്തും പങ്കെടുത്തിട്ടുള്ളതിന്റെ അനുഭവത്തിലാണ് പറയുന്നത്. ജി.കെ. പിള്ള, തിലകൻ, സിദ്ദിഖ്, കെ.ജി. ദേവകിയമ്മ, ടി.പി. രാധാമണി, തങ്കമണി, ബിയാട്രിക്സ് അലക്സിസ്, അലിയാർ തുടങ്ങിയവരോടൊപ്പവും പുതുതലമുറയിലെ നിരവധി അഭിനേതാക്കളോടൊപ്പവും പ്രവർത്തിക്കാൻ എനിക്കവസരം ലഭിച്ചിട്ടുണ്ട്.

റേഡിയോ നാടകം, നാടകത്തിന്റെ ഗണത്തിൽപ്പെടുമെങ്കിലും റേഡിയോ നാടകത്തിൽ സ്റ്റേജ് നാടകത്തിലെ സംഭാഷണ പ്രയോഗരീതി അവലംബിക്കുന്നത് ഉചിതമല്ല. സിനിമയുടെ സ്ക്രിപ്റ്റും റേഡിയോ നാടകത്തിന്റെ സ്ക്രിപ്റ്റും തമ്മിൽ കുടുംബബന്ധമുള്ളതുകൊണ്ടാണ് ഇതു പറഞ്ഞത്. നാടകത്തിലെ അഭിനയത്തിന് നിരവധി സമ്പ്രദായങ്ങൾ നിലവിലുണ്ട്. അപൂർവമായിട്ടെങ്കിലും വിദേശ സിനിമകളിൽ നിലവിലുള്ള അഭിനയസമ്പ്രദായത്തിനൊപ്പം ശൈലീകൃത അഭിനയവും കണ്ടിട്ടുണ്ട്. നാടകാഭിനയം പ്രേക്ഷന്റെ മുന്നിലും സിനിമാഭിനയം കാമറയുടെ മുന്നിലും എന്നൊക്കെ കേവല നിർവചനങ്ങൾ പറയാറുണ്ടെങ്കിലും അതിനപ്പുറം നിരവധി കാര്യങ്ങളുണ്ടല്ലോ.

കലാ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവം..?

ലോക നാടകചരിത്രത്തിൽ ഇന്നുവരെ ഒരു നാടകത്തിന്റെ അവതരണാനുമതിക്കുവേണ്ടി ഒരു സ്കൂൾ സുപ്രീംകോടതിവരെ നിയമയുദ്ധം നടത്തി ഒടുവിൽ അവതരണാനുമതി നേടിയ സംഭവം അറിയാമോ? അത്തരമൊരു നാടകത്തിന്റെ സംവിധാനചുമതല നിർവഹിക്കുകയും മാസങ്ങളോളം അതിന്റെ പരിശീലനവും തയാറെടുപ്പും വളരെ കൃത്യതയോടെ, സംതൃപ്തിയോടെ, സന്തോഷത്തോടെ നിർവഹിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നതിനിടയിൽ എന്നെ മാനസികമായി ഒരുപാട് വേദനിപ്പിച്ച ഒരനുഭവമുണ്ട്. കോട്ടയത്ത് മേരി റോയിയും മകൾ അരുന്ധതി റോയിയും മറ്റും ചേർന്ന് നടത്തുന്ന ‘പള്ളിക്കൂടം’ എന്നൊരു സ്കൂളുണ്ട്. ആരംഭകാലത്ത് ‘കോർപസ് ക്രിസ്റ്റി’ എന്നായിരുന്നു പേര്.

അവിടെ നാടകം പാഠ്യവിഷയമാണ്. 2014ൽ എന്നെ അവിടെ അധ്യാപകനായി വിളിച്ചു. പ്രിൻസിപ്പലും അഡ്മിനിസ്ട്രേറ്ററും അഡീഷനൽ സെക്രട്ടറിയും വ്യവസ്ഥകളെല്ലാം വിവരിച്ചുകഴിഞ്ഞ്, എന്നോട് ഒരു പ്രത്യേക കാര്യം പറയാനുണ്ടെന്ന് പറഞ്ഞു. ന്യൂയോർക്കിലെ ടിം റൈസ്-ആൻഡ്രൂ വെബ് ലോയ്ഡ് ടീമിന്റെ ലോകപ്രശസ്തമായ ‘ജീസസ് ക്രൈസ്റ്റ് സൂപ്പർ സ്റ്റാർ’ എന്ന നാടകം ഞങ്ങൾ 1990ൽ മേരി റോയിയുടെ സംവിധാനത്തിൽ അവതരിപ്പിക്കാൻ ശ്രമിച്ചു. അവതരണത്തിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ അന്ന് ജില്ല കലക്ടറായിരുന്ന അൽഫോൺസ് കണ്ണന്താനത്തിന്റെയും മറ്റും ഇടപെടലുണ്ടായി, നാടകാവതരണം നിരോധിച്ചു. ഞങ്ങൾ 25 വർഷം നിയമയുദ്ധം നടത്തി. കേസ് ഇപ്പോൾ സുപ്രീംകോടതിയിലാണ്. സുപ്രീംകോടതി എപ്പോൾ സ്റ്റേ വെക്കേറ്റ് ചെയ്യുന്നോ അന്ന് ഈ നാടകം അവതരിപ്പിക്കണം. സാർ സംവിധാനം ചെയ്തുതരണം.

ഇത് ഞങ്ങളുടെ പ്രസ്റ്റീജ് ഇഷ്യൂ ആണ്. ഞാൻ സമ്മതിച്ചു. സ്കൂളിൽ ക്ലാസ് തുടങ്ങി, ഒരു മാസം കഴിഞ്ഞപ്പോൾ പ്രിൻസിപ്പലിന്റെ ഓഫിസിൽ ചെല്ലണമെന്ന് എന്നെ അറിയിച്ചു. പ്രിൻസിപ്പൽ, അഡ്മിനിസ്ട്രേറ്റർ, അഡീഷനൽ സെക്രട്ടറി എന്നിവരുടെ സാന്നിധ്യത്തിൽ എന്നോട് പറഞ്ഞു, ‘ജീസസ് ക്രൈസ്റ്റ് സൂപ്പർസ്റ്റാർ’ നാടകത്തിന്റെ സ്റ്റേ വെക്കേറ്റ് ചെയ്തുകൊണ്ട് സുപ്രീംകോടതിയുടെ ഓർഡർ വന്നിട്ടുണ്ട്. നമുക്ക് എത്രയും വേഗം നാടകത്തിന്റെ റിഹേഴ്സൽ തുടങ്ങണം. സ്ക്രിപ്റ്റ് എന്നെ ഏൽപിച്ചു. ഞാൻ സുപ്രീംകോടതിയുടെ ഓർഡർ ആവശ്യപ്പെട്ടു.

എനിക്കത് തന്നു. അവതരണത്തിനുള്ള പരിശീലനവുമായി മുന്നോട്ടുപോകുന്നതിന് നിയമതടസ്സമില്ലായിരുന്നു. ഞാൻ സ്ക്രിപ്റ്റ് പഠനവിധേയമാക്കി. അതൊരു റോക്ക് മ്യൂസിക്കൽ ഓപറെയാണ്. കുട്ടികൾ ഇംഗ്ലീഷിൽ സ്വയം പാടി അഭിനയിക്കണം, ലൈവ് ഓർക്കസ്ട്രയോടു കൂടി. ഞാൻ റിഹേഴ്സൽ തുടങ്ങി. സ്കൂളിലെ റെഗുലർ ക്ലാസിനുശേഷം കെ.ജി മുതൽ 12ാം ക്ലാസു വരെയുള്ള നൂറ്റമ്പതോളം കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകിയാണ് റിഹേഴ്സൽ നടത്തിയത്. അവധി ദിവസങ്ങളിലും റിഹേഴ്സൽ. പല ദിവസങ്ങളിലും രാത്രി വൈകുവോളം റിഹേഴ്സൽ നടത്തേണ്ടിവന്നു.

 

എപ്പോഴായിരുന്നു ആ നാടകം അരങ്ങിലെത്തിച്ചത്?

കുറച്ച് വിശദമായി പറയേണ്ടതുണ്ട്. ഒടുവിൽ 2014 ഡിസംബർ 2, 3, 4 തീയതികളിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ മൂന്ന് അവതരണം. ചരിത്രപ്രാധാന്യമുള്ള നാടകം സംവിധാനംചെയ്യുന്നത് ഞാനാണെന്നറിഞ്ഞ് മാധ്യമങ്ങൾ എന്നെ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. അവതരണത്തിന് മുമ്പുതന്നെ എന്നെ ഇന്റർവ്യൂ ചെയ്ത് ഇംഗ്ലീഷ്, മലയാളം പത്രങ്ങളിൽ വലിയ പ്രാധാന്യത്തോടെ വാർത്തയും അവതരണത്തെ സംബന്ധിച്ച വിവരങ്ങളും പ്രസിദ്ധീകരിച്ചുവന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ നാടകം കാണാനെത്തി. അരുന്ധതി റോയി ഡൽഹിയിൽനിന്ന് നാടകം കാണാൻ വന്നു. കുട്ടികൾ വളരെ മനോഹരമായി അവതരിപ്പിച്ചു. മുക്തകണ്ഠം പ്രശംസ നേടി. അവതരണത്തിനുശേഷവും പത്രങ്ങളിൽ വാർത്ത വന്നു. എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. സ്കൂളിനെ സംബന്ധിച്ച് വലിയ അഭിമാനത്തിന്റെയും ചാരിതാർഥ്യത്തിന്റെയും ദിനങ്ങൾ.

അധ്യാപക-വിദ്യാർഥി ബന്ധത്തിനപ്പുറം സംവിധായകൻ എന്ന നിലയിൽ അഭിനേതാക്കൾ എന്നിലർപ്പിച്ച വിശ്വാസം. സംവിധായകൻ എന്ന നിലയിൽ ഞാൻ അഭിനേതാക്കളിൽ അർപ്പിച്ച വിശ്വാസം. ആ പരസ്പര വിശ്വാസത്തിന്റെ പരിപൂർണ വിജയവും അതിലൂടെ ഞങ്ങൾക്ക് ലഭിച്ച സംതൃപ്തിയും പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇത് വലിയ സന്തോഷം ലഭിച്ച അനുഭവമായിരുന്നെങ്കിലും, ഉള്ളിൽ കനലായി ഒരനുഭവം എരിഞ്ഞുനിന്നിരുന്നു. എന്നെ ആ സ്കൂളിൽ അപ്പോയിന്റ് ചെയ്യുന്ന ദിവസം മേരി റോയി എന്റെയടുത്ത് പറഞ്ഞു, സാറിനും ഫാമിലിക്കും ഇവിടത്തെ കോട്ടേജിൽ താമസിച്ചുകൂടേ. അൽപനേരത്തെ ആലോചനക്കു ശേഷമാണ് മറുപടി പറഞ്ഞത്, താമസിക്കാം.

ആ കോട്ടേജിന്റെ മുകളിലത്തെ നിലയിലാണ് പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥിനികളുടെ ഹോസ്റ്റൽ. നാടകത്തിന്റെ റിഹേഴ്സൽ നടക്കുന്ന ദിവസങ്ങൾ, ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന ഒരു പ്ലസ് ടു വിദ്യാർഥിനിയെ പട്ടാപ്പകൽ പുറത്തുനിന്ന് സ്കൂൾ കോമ്പൗണ്ടിനകത്ത് ഒരാൾ പ്രവേശിച്ച് മാനഭംഗപ്പെടുത്താൻ ശ്രമിച്ചു. ആ കുട്ടിയുടെ നിലവിളിയും ബഹളവും കേട്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച അയാളെ ഏതാനും ജീവനക്കാർ പിന്നാലെ ഓടി പിടികൂടി. ആ പെൺകുട്ടി ആകെ തകർന്നുപോയി. സ്കൂളിലെല്ലാവരും സംഭവമറിഞ്ഞ് അത്ഭുതപ്പെട്ടു. പൊലീസെത്തി. അയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നെ വല്ലാതെ വേദനിപ്പിച്ച സംഭവമായതുകൊണ്ട് പൊലീസ് എന്ത് നടപടി സ്വീകരിച്ചു എന്ന് പിന്നീട് ഞാൻ അന്വേഷിച്ചറിഞ്ഞു.

ബാല്യകാലം മുതൽ ചിത്രകലയിൽ താൽപര്യവും വാസനയുമുണ്ടായിരുന്ന, എന്റെ മകൻ പെയിന്റിങ്ങിന്​ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിൽ പഠിച്ചിരുന്നപ്പോൾ അവിടത്തെ ഒരു വിദ്യാർഥി സംഘടനയിലെ ഏതാനും പ്രവർത്തകരിൽനിന്നും രണ്ട് അധ്യാപകരിൽനിന്നും മകനും എനിക്കും ഞങ്ങളുടെ കുടുംബത്തിനും അനുഭവിക്കേണ്ടിവന്ന വേദനാജനകമായ സംഭവങ്ങൾ എന്നെ പിന്തുടരുന്നുണ്ടായിരുന്നു. ഇ​േപ്പാഴും നമ്മുടെ ചില കോളജുകളിൽ വിദ്യാർഥികളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന സംഭവങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുകയല്ലേ.

വെറ്ററിനറി കോളജിൽ പഠിക്കാൻ പോയ സിദ്ധാർഥനെ അധ്യാപകരുടെ ഒത്താശയോടെയല്ലേ അവിടത്തെ വിദ്യാർഥികൾ മൃഗീയമായി, പൈശാചികമായി ഉപദ്രവിച്ചത്​. വാസ്തവത്തിൽ അത്തരം കൊലപാതകങ്ങളെ, ടി.പി. ചന്ദ്രശേഖരൻ കൊലപാതകമുൾപ്പെടെ വിശേഷിപ്പിക്കാൻ നമ്മുടെ ഭാഷാ നിഘണ്ടുവിൽ വാക്കുകളില്ല. ഈച്ചരവാര്യരുടെ മരണശേഷം 2010ൽ ‘നിങ്ങളെന്തിനാണ് എന്റെ കുട്ടിയെ പെരുമഴയത്ത് നിർത്തിയിരിക്കുന്നത്’ എന്ന പേരിൽ ഞാൻ സംവിധാനം ചെയ്ത് വൈക്കം തിരുനാൾ നാടകവേദി ഒരു നാടകം അവതരിപ്പിച്ചിരുന്നു. തിരുവനന്തപുരത്ത് ആ നാടകം അവതരിപ്പിച്ചപ്പോൾ അടൂർ ഗോപാലകൃഷ്ണൻ നാടകം കാണാൻ വന്നിരുന്നു. ആ നാടകം 2012ൽ പുസ്തകമായി പുറത്തുവന്നു.

എറണാകുളത്തു നടന്ന പുസ്തകപ്രകാശനത്തിന് ഞാൻ ക്ഷണിച്ചത് അടൂരിനെയായിരുന്നു. നാടകത്തിന്റെ സാഹിത്യരൂപം വായിച്ച് ഗ്രന്ഥകാരനെ പുകഴ്ത്തി നാല് വർത്തമാനം പറയുന്ന ഒരു കേവല പ്രകാശനമായിട്ടല്ല ഞാനത് കണ്ടത്. നാടകം കണ്ട ഒരാളായിരിക്കണം പുസ്തകം പ്രകാശനം ചെയ്യേണ്ടതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. പുസ്തകം പ്രകാശനം ചെയ്തശേഷം അടൂർ സംസാരിച്ചപ്പോൾ പറഞ്ഞു, ‘‘ഈ നാടകത്തിന്റെ ശീർഷകംതന്നെ ചങ്കിൽ കുത്തുന്ന ശീർഷകമാണ്.’’ അതുപോലെയായിരുന്നു പള്ളിക്കൂടത്തിലെ പെൺകുട്ടിക്കു നേരെയുണ്ടായ ആക്രമണവും. എന്റെ ചങ്കിനേറ്റ കുത്തായിരുന്നു അത്. ‘ജീസസ് ക്രൈസ്റ്റ് സൂപ്പർസ്റ്റാർ’ നാടകത്തിന്റെ അവതരണ വിജയം നൽകിയ സന്തോഷവും ആ പെൺകുട്ടിയുടെ മാനത്തിനേറ്റ ക്ഷതം എനിക്ക് നൽകിയ വേദനയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾപോലെ. ചെലവാക്കാനാവാത്ത നാണയം...

എന്നോട് ചോദിച്ചത് എന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്. മേരി റോയി നടത്തുന്ന സ്കൂളിൽ ജോയിൻ ചെയ്യാൻ ചെല്ലുന്ന സമയത്ത് പഠിപ്പിക്കാനുള്ള നാടകവിഷയത്തിന്റെ സിലബസ് ചോദിച്ചപ്പോൾ പ്രിൻസിപ്പലും അഡ്മിനിസ്ട്രേറ്ററും അഡീഷനൽ സെക്രട്ടറിയും പരസ്പരം കണ്ണിൽ നോക്കുകയായിരുന്നു. പല തിയറ്ററുകാരും അവിടെ നാടകത്തിന് ക്ലാസെടുക്കാൻ ചെന്നിരുന്നു. നാഷനൽ സ്കൂൾ ഓഫ് ഡ്രാമക്കാരും അക്കൂട്ടത്തിലുണ്ട്. ഞാൻ ചെല്ലുന്നതിന് മുമ്പ് ഒരു സ്കൂൾ ഓഫ് ഡ്രാമ ബിരുദധാരി 17 വർഷം തുടർച്ചയായി ക്ലാസെടുത്തിരുന്നു. എന്നിട്ടും അവിടെ സിലബസുണ്ടായില്ല. എന്നോട് സിലബസ് ഉണ്ടാക്കിത്തരാമോന്ന് ചോദിച്ചു. തരാമെന്ന് പറഞ്ഞു. കഴിഞ്ഞകാലം മുഴുവൻ ഉപയോഗിച്ചുകൊണ്ടിരുന്ന ‘ഡ്രാമ’ എന്ന പ്രയോഗം തിരുത്തി ‘തിയറ്റർ' എന്നാക്കിക്കൊടുത്തു. അവിടെ മ്യൂസിക് ക്ലാസിനും ഡാൻസ് ക്ലാസിനും പെയിന്റിങ് ക്ലാസിനും പ്രത്യേക റൂമുകളുണ്ട്, ബോർഡുകളുമുണ്ട്. ഡ്രാമ ക്ലാസ്, ക്ലാസ് റൂമിലാണ് നടത്തിക്കൊണ്ടിരുന്നത്.

വിഖ്യാത വാസ്തുശിൽപി രൂപകൽപന ചെയ്ത കെട്ടിടങ്ങളാണവിടെയുള്ളത്. അദ്ദേഹം ഒരു ഓഡിറ്റോറിയവും പണിതിട്ടുണ്ട്. പക്ഷേ, ആ ഓഡിറ്റോറിയത്തിൽ തിയറ്റർ ക്ലാസ് നടത്തില്ല. അവിടെ തിയറ്റർ ക്ലാസ് എന്നൊരു ബോർഡ് സ്ഥാപിക്കാൻ ഞാൻ നിർബന്ധിച്ചിരുന്നു. ഒടുവിൽ ഞാൻ വൈക്കത്തെ എന്റെ വീട്ടിൽനിന്ന് കുറെ ടെറാക്കോട്ട മാസ് ക്കുകൾ കൊണ്ടുപോയി ഓഡിറ്റോറിയത്തിന്റെ മുന്നിൽ അവരുടെ അനുമതിയോടെ സ്ഥാപിച്ചു. തിയറ്റർ ക്ലാസിൽ നോട്ട്ബുക്ക് നിർബന്ധമാക്കി. ക്ലാസിൽ പ്രത്യേകം കോസ്റ്റ്യൂം വേണമെന്ന് പറഞ്ഞു. കുട്ടികൾ നാളെ പുറംലോകത്തെത്തുമ്പോൾ ഡ്രാമ എന്നല്ല തിയറ്റർ എന്നാണ് പറയേണ്ടത്. തിയറ്റർ പഠിക്കേണ്ട വിഷയമാണെന്നും അഭിനയത്തിന് പരിശീലനം ആവശ്യമാണെന്നും അതിന് ചില ഡിസിപ്ലിനുകൾ ആവശ്യമുണ്ട് എന്നും ഇളം മനസ്സുകളിൽ ബോധ്യപ്പെടുത്താനാണ് ഞാൻ ശ്രമിച്ചത്. ഇപ്പൊഴും അങ്ങനെ തന്നെ. അവിടെ സ്കൂൾ ഫെസ്റ്റിവലിൽ സ്റ്റേജിൽ നടത്തിക്കൊണ്ടിരുന്ന തെരുവുനാടകമത്സരം, കാണികളുടെ നടുവിലാക്കി.

ശങ്കരപ്പിള്ള സാർ വിഭാവനംചെയ്തപോലെ സ്കൂളുകളിൽ സ്ഥിരമായി തിയറ്റർ ക്ലാസ്, തിയറ്റർ പ്രഫഷനായി സ്വീകരിച്ച കാലം മുതൽ ഞാനും ആഗ്രഹിച്ച ക്ലാസ്. ഒരു കാര്യംകൂടി വെളിപ്പെടുത്താം. 12 ഏക്കറോളം ഭൂമി. കയറ്റിറക്കങ്ങളുള്ള വൃക്ഷനിബിഡമായ പ്രദേശം. വിദ്യാലയത്തിനു യോജിച്ച സ്ഥലം. കാഴ്ചയിൽ ഏതാണ്ട് ഒരാശ്രമാന്തരീക്ഷം. പക്ഷേ, ക്ലാസ് തുടങ്ങി മൂന്നുമാസം കഴിഞ്ഞപ്പോൾ ഞാൻ രാജിവെച്ചതാണ്. മാനേജ്മെന്റ് എന്നോട് പോകരുതെന്ന് പറഞ്ഞു. വിദ്യാലയത്തിനുവേണ്ട എല്ലാമുണ്ടിവിടെ. പക്ഷേ, ആത്മാവില്ലാത്ത ഈ വിദ്യാലയത്തിൽ തുടരാനെനിക്കാവില്ലെന്ന് ഞാൻ പറഞ്ഞു. ആഭ്യന്തര പ്രശ്നങ്ങൾ പലതുണ്ടിവിടെ. അതിവിടെ പറയുന്നില്ല. അവിടെ തുടരാൻ അവർ എന്നെ ഒരുപാടു നിർബന്ധിച്ചു.

ഒടുവിൽ, ഞാൻ തുടങ്ങിവെച്ച നാടകത്തിന്റെ റിഹേഴ്സൽ പാതിവഴിയിലാക്കി പോകുന്നത് എന്റെ പ്രഫഷനൽ എത്തിക്സിന് ചേരാത്തതുകൊണ്ട് ചരിത്രപ്രാധാന്യമുള്ള നാടകത്തിന്റെ അവതരണം പൂർത്തിയാകുംവരെ അവിടെ തുടരാൻ തീരുമാനിക്കുകയായിരുന്നു. നമ്മുടെ മക്കൾ വളരെ പ്രതീക്ഷയോടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാൻ ചേരുന്നത്. എന്നാൽ, പുറമേനിന്നു കാണുന്നതു പോലെയല്ല, സ്കൂളുകളിൽനിന്നും കോളജുകളിൽനിന്നും പ്രഫഷനൽ കോളജുകളിൽനിന്നും പുറത്തുവരുന്ന വാർത്തകളും വിവരങ്ങളും. വിദ്യാർഥികളുടെ വിദ്യാഭ്യാസ കാലഘട്ടത്തിൽ അവർക്ക് നേരിടേണ്ടിവരുന്ന അനുഭവങ്ങൾ അവർക്കും രക്ഷിതാക്കൾക്കും എത്രമാത്രം മാനസികാഘാതം സൃഷ്ടിക്കുന്നവയാണെന്നും അതവരുടെ ഭാവിജീവിതത്തെ സ്വാധീനിക്കുന്നുണ്ടെന്നും നാം തിരിച്ചറിയേണ്ടതുണ്ട്.

പുതിയകാലത്ത് ക്യാമ്പുകളിൽനിന്ന് ക്യാമ്പുകളിലേക്കുള്ള യാത്രയിലാണല്ലേ. പുതിയ തലമുറയെപ്പറ്റി എന്തു പറയും?

പുതിയ തലമുറ, ഒരു സംശയവും വേണ്ടാ കഴിവുള്ളവരാണ്. പ്രതിഭകളുമുണ്ട്. തിയറ്ററിലും സിനിമയിലും പ്രവർത്തിക്കണമെന്ന താൽപര്യത്തോടെ പരിശീലനത്തിൽ പങ്കെടുക്കാൻ വരുന്നവരാണവർ. പക്ഷേ, നാടകങ്ങൾ കാണാറുണ്ടോ എന്ന് ചോദിച്ചാൽ തൊണ്ണൂറു ശതമാനം പേരും ‘‘ഇല്ല’’ എന്നുത്തരം പറയും. ശ്രദ്ധേയമായ മികച്ച പത്തു സിനിമകളുടെ പേരു ചോദിച്ചാൽ ‘‘കണ്ടിട്ടില്ല’’ എന്നുത്തരം പറയും. ഇന്ത്യയിലെ മികച്ച നാല് അഭിനേതാക്കൾ അഭിനയിച്ച സിനിമ കണ്ടിട്ടുള്ളത് ചോദിച്ചാൽ ‘‘അറിയില്ല’’ എന്നുത്തരം പറയും. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?

 

അരങ്ങിലെ പ്രതിഭകളുമായി ഏറെ അടുപ്പമുണ്ടായിരുന്നല്ലോ. അത്തരം ഓർമകൾ പങ്കുവെക്കാമോ?

പലരും എന്നെക്കുറിച്ചങ്ങനെ പറയാറുണ്ട്. ഇന്ത്യയിലെ ഏറ്റവും മുതിർന്ന, പ്രഗല്ഭരും പ്രശസ്തരുമായ കലാ സാഹിത്യ പ്രതിഭകളുമായും വിദേശത്തെ നാടക കലാകാരന്മാരുമായുമൊക്കെ അടുത്തിടപെടാനും ഒരുമിച്ച് പ്രവർത്തിക്കാനും അവസരം ലഭിച്ചിട്ടുണ്ട്.

നാടകകൃത്തും സംവിധായകനും നടനുമായ ഹബീബ് തൻവീർ, നാടക-ചലച്ചിത്ര സംവിധായകൻ ബി.വി. കാരന്ത്, നാടക നിരൂപകൻ എൻ.സി. ജെയിൻ, നാടകകൃത്തും നടനുമായ ഗിരീഷ് കർണാഡ്, നാടക-ചലച്ചിത്ര നടൻ നസിറുദ്ദീൻ ഷാ, സംവിധായികമാരായ വിജയാ മേത്ത, അനാമിക ഹക്സർ, ഇന്ത്യയിലെ ആദ്യത്തെ തിയറ്റർ ലൈറ്റ് ഡിസൈനർ തപസ് സെൻ, കോസ്റ്റ്യൂം ഡിസൈനർ ഡോളി അഹ് ലുവാലിയ, സീൻ ഡിസൈനർ നിസാർ അല്ലാന, സംസ്കൃത പണ്ഡിതൻ കെ.ഡി. ത്രിപാഠി, വാഷിങ്ടണിലെ നാടകകൃത്തും സംവിധായികയും അഭിനേത്രിയുമായ ജിൽ ഡി. നവരെ, സ്പെയിനിലെ അഭിനേതാവ് മിഖായേൽ, അയർലൻഡിലെ അഭിനേതാവ് ജെഫ് ബെക്കർ, ചൈനയിലെ അഭിനേത്രി ലിസാ ഷട്ടാക്ക്, ജർമനിയിലെ സംഗീതകാരൻ ഹെൻറി സ്റ്റേബിൾ, ജർമനിയിലെ തന്നെ സീൻ ഡിസൈനറായ യാനാ ക്ലൗസ്, വൈക്കം മുഹമ്മദ് ബഷീർ, കെ.എസ്. നാരായണപിള്ള, എം.വി. ദേവൻ, അടൂർ ഗോപാലകൃഷ്ണൻ, ജി. ശങ്കരപ്പിള്ള, കാവാലം നാരായണപ്പണിക്കർ, ഡോ. വയലാ വാസുദേവൻ പിള്ള, ഭരത് ഗോപി, നെടുമുടി വേണു, ആർ. നരേന്ദ്രപ്രസാദ്... ഈ പട്ടിക വളരെ വലുതാണ്. എന്റെ കർമരംഗത്തും ജീവിതത്തിലും ഒരുപാട് സ്വാധീനം ചെലുത്തിയ വ്യക്തിത്വങ്ങൾ... ഇവരോടൊപ്പമുള്ള ഒരുപാട് നല്ല അനുഭവങ്ങളും ഓർമകളും എനിക്കുണ്ട്. അതു മുഴുവൻ വിവരിക്കുക സാധ്യമല്ലല്ലോ.

എന്താണ് രാഷ്ട്രീയം? ഈ അരങ്ങും ജീവിതവും തന്നെയാണോ?

നമ്മുടെ ഭരണനയങ്ങൾ ആവിഷ്‍കരിക്കുന്നതിലും നടപ്പിലാക്കുന്നതിലും രാഷ്ട്രീയമാണല്ലോ പ്രധാന ഘടകം. അതിനാൽ തന്നെ കലാരംഗത്ത് പ്രവർത്തിക്കുന്ന ഒരാളെന്ന നിലയിൽ, ആ മേഖലയിൽ ഗുണാത്മകവും ഭാവനാസമ്പന്നവുമായ പദ്ധതികൾ നടപ്പിലാക്കുന്ന ഭരണകർത്താക്കൾ ഉണ്ടാകണം. ഉദാഹരണത്തിന്, ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകൾക്കു മാത്രം പ്രാമുഖ്യം നൽകുന്നതാണിന്നത്തെ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം. കലാ സാംസ്കാരിക മേഖല ബോധപൂർവം വിസ്മരിക്കുകയോ അവഗണിക്കുകയോ ചെയ്യുകയാണ് എന്നതാണ് യാഥാർഥ്യം. ഗോത്രവിഭാഗങ്ങൾ അടക്കമുള്ള സാമൂഹികവിഭാഗത്തിന്റെ തനതും പാരമ്പര്യത്തിലൂന്നിയതുമായ കലാ-സാംസ്കാരിക ആവിഷ്‍കാരങ്ങളുണ്ട്. അവരുടെ മാത്രമായി നിലനിൽക്കുന്ന, ഇന്ന് ഏറക്കുറെ അന്യംനിന്നുപോയിക്കൊണ്ടിരിക്കുന്ന സവിശേഷമായ രംഗകലകൾ. അവയുടെ സംരക്ഷണവും പരിപോഷണവും നിർവഹിക്കാൻ വിദ്യാഭ്യാസ മേഖലമുതൽ ശ്രദ്ധ ചെലത്തുന്ന ഭരണാധികാരികളുണ്ടാവുക എന്നതാണ് എന്റെ രാഷ്ട്രീയം.

നാടകവുമായി വിവിധ ഇടങ്ങളിൽ പോയി. ഇതിൽ ഏറ്റവും നല്ല പ്രേക്ഷകരെ ലഭിച്ചത് എവിടെനിന്നാണ്?

ഗ്രാമങ്ങളിൽനിന്നാണ്. മുൻവിധിയില്ലാതെ അവർ നാടകം കാണും. നല്ല നാടകങ്ങൾ ആത്മാർഥതയോടെ അവതരിപ്പിച്ചാൽ പ്രേക്ഷകർ നല്ല പ്രതികരണം നൽകും. കേരളത്തിന് പുറത്തുള്ള പ്രേക്ഷകർക്കുവേണ്ടിയും വിദേശീയർക്കുവേണ്ടിയും നാടകാവതരണം നടത്തിയിട്ടുള്ളപ്പോൾ ബോധ്യപ്പെട്ട കാര്യം, മലയാള ഭാഷ അറിഞ്ഞുകൂടാത്ത അവർ എത്ര ഗൗരവത്തോടെ, ശ്രദ്ധയോടെയാണ് നാടകം ആസ്വദിക്കുന്നതും വിലയിരുത്തുന്നതും. നാടകത്തിൽ വാചികാഭിനയത്തിനുപരി ആംഗികാഭിനയത്തിനും സാത്വികാഭിനയത്തിനും പ്രാധാന്യം നൽകേണ്ടതുണ്ട്.

അഭിനയക്കളരിയാണോ, ജീവിതാനുഭവങ്ങളാണോ ഒരുവനെ മികച്ച നടനാക്കുന്നത്?

അഭിനയകലയിൽ വാസനയും താൽപര്യവുമുള്ള ഏതൊരാൾക്കും അഭിനയിക്കാൻ കഴിഞ്ഞേക്കും. അഭിനയക്കളരിയിൽ അഥവാ അഭിനയ പാഠശാലകളിൽ പരിശീലനം നേടാനായാൽ, നടനെക്കുറിച്ചും നടനകലയെക്കുറിച്ചും ആഴത്തിൽ പഠിക്കാനും പരിശീലനം നേടാനും സാധിക്കും. അതുവഴി മികച്ച നടനുമാകും. അതൊരു സാധനയായി തുടർന്നാൽ പ്രഫഷനൽ നടനാകാം. ജീവിതാനുഭവങ്ങളുള്ള എഴുത്തുകാരന്റെയും കലാകാരന്റെയും, പ്രത്യേകിച്ച് നടന്റെയും ക്രിയാത്മക പ്രയോഗ സാധ്യത വിവരണാതീതമായിരിക്കും.

അരങ്ങിന്‍റെ വഴിയായിരുന്നില്ലെങ്കിൽ എന്താകുമായിരുന്നു? ചിന്തിച്ചിട്ടുണ്ടോ?

തീർച്ചയായും. ആർക്കിടെക്ട് ആകാൻ താൽപര്യമുണ്ടായിരുന്നു. വൈക്കത്ത് ഇപ്പോൾ താമസിക്കുന്ന വീടിന്റെ രൂപകൽപന നിർവഹിച്ചത് ഞാനാണ്. നേരത്തേ താമസിച്ചിരുന്ന വീടിന് ഒരു ആർക്കിടെക്ട് ഉണ്ടായിരുന്നെങ്കിലും അതിന്റെ അടിസ്ഥാന രൂപകൽപന നിർവഹിച്ചത് ഞാനായിരുന്നു.

ഇനി പഴയ അരങ്ങുകാലം തിരിച്ചുവരുമോ? അത്തരം ആഗ്രഹങ്ങൾ ഉണ്ടാകാറുണ്ടോ?

പഴയ അരങ്ങുകാലത്തിന് തിരിച്ചുവരവ് അസാധ്യമാണ്. കാരണം, അരങ്ങ് എന്നും കാലവുമായി ഇഴചേർന്ന് നിലനിന്നിരുന്നു. അതത് കാലത്തെ വ്യവസ്ഥിതികളോടും ഭരണാധികാരികളോടും സാമൂഹിക വിഷയങ്ങളോടും പ്രതിഷേധിച്ചും കലഹിച്ചുമാണ് അരങ്ങ് രൂപം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. പഴയകാലത്ത് സമൂഹം അഭിമുഖീകരിച്ച വിഷയങ്ങളോട് നാടകം പ്രതികരിച്ച രീതിയിൽ ഇന്നത്തെ വിഷയങ്ങളോട് പ്രതികരിച്ചാൽ പോരല്ലോ. നാടക ആഗ്രഹങ്ങളേക്കാൾ ജീവിത ആഗ്രഹങ്ങൾ ഉണ്ടാകാറുണ്ട്. നീർക്കുമിളയുടെ ആയുസ്സുള്ള ആഗ്രഹങ്ങൾ അഥവാ നീർക്കുമിളപോലെ ആയുസ്സില്ലാത്ത ആഗ്രഹങ്ങൾ.

(തുടരും)

News Summary - interview with John T. Waken