Begin typing your search above and press return to search.
proflie-avatar
Login

അതെ, ഇതുതന്നെയാണ്​ പുഷ്പവതി

അതെ, ഇതുതന്നെയാണ്​ പുഷ്പവതി
cancel

തിരുവനന്തപുരത്ത്​ നടന്ന സിനിമ കോൺക്ലേവിൽ അടൂർ ഗോപാലകൃഷ്​ണ​​െന്റ അഭിപ്രായപ്രകടനങ്ങൾക്ക്​ തത്സമയം വിയോജിപ്പ്​ അറിയിച്ചതിലൂടെയും തുടർന്ന്​ അടൂരി​െന്റയും മറ്റും പ്രതികരണങ്ങളിലൂടെയും വാർത്തകളിൽ ഒരിക്കൽകൂടി ഗായിക പുഷ്പവതി നിറഞ്ഞു. ‘ആരാണ്​ അവർ’ എന്നതിന്​ ഉത്തരംകൂടിയാണ്​ ഇൗ സംഭാഷണം. ത​ന്റെ സംഗീതം, നിലപാട്, വിശ്വാസം എന്നിവയെക്കുറിച്ച്​ പുഷ്പവതി സംസാരിക്കുന്നു.40 വർഷത്തോളമായി ഊണിലും ഉറക്കത്തിലും മെയ്യിലും മനസ്സിലും സംഗീതംമാത്രം കൊണ്ടുനടന്ന ഒരുവൾ. ലോകം എതിരെ നിന്നിട്ടും തനിക്ക് സഞ്ചരിക്കാനുള്ള വഴി സ്വയം വെട്ടിത്തെളിച്ച് നടന്നുനീങ്ങുന്ന അവളെ അറിയില്ലെന്ന് നടിക്കാനും...

Your Subscription Supports Independent Journalism

View Plans
തിരുവനന്തപുരത്ത്​ നടന്ന സിനിമ കോൺക്ലേവിൽ അടൂർ ഗോപാലകൃഷ്​ണ​​െന്റ അഭിപ്രായപ്രകടനങ്ങൾക്ക്​ തത്സമയം വിയോജിപ്പ്​ അറിയിച്ചതിലൂടെയും തുടർന്ന്​ അടൂരി​െന്റയും മറ്റും പ്രതികരണങ്ങളിലൂടെയും വാർത്തകളിൽ ഒരിക്കൽകൂടി ഗായിക പുഷ്പവതി നിറഞ്ഞു. ‘ആരാണ്​ അവർ’ എന്നതിന്​ ഉത്തരംകൂടിയാണ്​ ഇൗ സംഭാഷണം. ത​ന്റെ സംഗീതം, നിലപാട്, വിശ്വാസം എന്നിവയെക്കുറിച്ച്​ പുഷ്പവതി സംസാരിക്കുന്നു.

40 വർഷത്തോളമായി ഊണിലും ഉറക്കത്തിലും മെയ്യിലും മനസ്സിലും സംഗീതംമാത്രം കൊണ്ടുനടന്ന ഒരുവൾ. ലോകം എതിരെ നിന്നിട്ടും തനിക്ക് സഞ്ചരിക്കാനുള്ള വഴി സ്വയം വെട്ടിത്തെളിച്ച് നടന്നുനീങ്ങുന്ന അവളെ അറിയില്ലെന്ന് നടിക്കാനും അവഗണിക്കാനുമായിരുന്നു ഭൂരിഭാഗം പേർക്കും താൽപര്യം. ഗാനഭൂഷണത്തിൽ ഹൈ ഫസ്റ്റ് ക്ലാസും ഗാനപ്രവീണയിൽ ഫസ്റ്റ് റാങ്കും നേടിയിട്ടും, പിന്നീട് പോസ്റ്റ് ഗ്രാജ്വേഷനും നേടിയിട്ടും സവർണ കലാകേന്ദ്രങ്ങളിൽ അവൾ അവഗണിക്കപ്പെടുകയായിരുന്നു. എന്നിട്ടും സ്വന്തം കഴിവും കലയോട് പുലർത്തിയ പ്രതിബദ്ധതയുംകൊണ്ടു മാത്രം വെള്ളിവെളിച്ചത്തിന്‍റെ ഗ്ലാമർ ലോകത്തേക്ക് കടന്നുവരുകയും സ്വന്തം സ്ഥാനം ഉറപ്പിക്കുകയുംചെയ്തു. എന്നിട്ടും മലയാളിയുടെ സിനിമാ യശസ്സ് ലോകത്തിന്‍റെ നെറുകയിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ തന്നെ ചോദ്യം ചെയ്ത് സംസാരിച്ച ദലിതയായ, കറുത്ത നിറമുള്ള അവളോട് ചോദിക്കുന്നു... ആരാണിവൾ?

വർഷങ്ങൾ നീണ്ടുനിന്ന സമരത്തിലൂടെ പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും തരണംചെയ്തുവെന്ന് വിശ്വസിക്കുന്ന ഘട്ടത്തിലും കേരള സംഗീത നാടക അക്കാദമിയുടെ ഉപാധ്യക്ഷയെന്ന ഉന്നതസ്ഥാനം അലങ്കരിക്കുമ്പോഴും അവൾ ആ ചോദ്യം നേരിടുന്നു ആരാണ് നീ... യഥാർഥത്തിൽ ആരാണ് പുഷ്പവതി? തന്‍റെ വംശത്തിനും വർഗത്തിനുംവേണ്ടി പാടുക മാത്രമല്ല, ഉറക്കെ സംസാരിക്കാനും നിലയുറപ്പിക്കാനും കഴിയുമെന്ന് അസാമാന്യ ധൈര്യത്തോടെ വിളിച്ചുപറഞ്ഞിരിക്കുകയാണ് ഗായിക പുഷ്പവതി. അവരുടെ പച്ചയായ ജീവിതത്തിലൂടെ, സംഗീതസപര്യയിലൂടെയുള്ള യാത്രകൂടിയാണ് ഈ സംഭാഷണം.

വിവാദത്തെക്കുറിച്ച് തന്നെ സംസാരിച്ചു തുടങ്ങാം. സംസ്ഥാന സർക്കാറിന്‍റെ നേതൃത്വത്തിൽ നടന്ന സിനിമാ കോൺക്ലേവിൽ പുഷ്പയടക്കം പല കലാകാരന്മാരും കലാകാരികളും ആക്ടിവിസ്റ്റുകളും അടങ്ങുന്ന ഒരു സദസ്സിലാണ് അടൂർ ഗോപാലകൃഷ്ണ​ൻ അഭിപ്രായപ്രകടനം നടത്തിയത്. വളരെ ഓർഗാനിക് ആയി പുഷ്പ അതിനോട് പ്രതികരിക്കുകയായിരുന്നു. മറ്റാരും പ്രതികരിച്ചു കണ്ടില്ല. എങ്ങനെയാണ് ഇത്രയും ക്രിയാത്മകമായി പ്രതികരിക്കാൻ കഴിഞ്ഞത്?

എന്‍റെ ഉള്ളിൽ ഒരു രാഷ്ട്രീയബോധമുള്ളതുകൊണ്ടാണ് അത്. അദ്ദേഹം പരാമർശിച്ച എസ്.സി/ എസ്.ടി വിഭാഗത്തിൽ പെട്ടയാളാണ് ഞാൻ. ഞാനുൾപ്പെടുന്ന സമൂഹത്തിന്‍റെ എന്‍റെ സഹോദരരുടെ പ്രശ്നമാണിത്. അതുകൊണ്ട് അപ്പോൾത്തന്നെ പ്രതികരിച്ചേ പറ്റൂ എന്നാണ് തോന്നിയത്. കണ്ണിന് നേർക്ക് എന്തെങ്കിലും വന്നാൽ നമ്മൾ തട്ടിക്കളയില്ലേ... റിഫ്ലക്സ് ആക്ഷൻ. അതുപോലെയായിരുന്നു അത്. ഉടനെ എഴുന്നേറ്റ് ‘‘ആ പറഞ്ഞത് ശരിയല്ല. അത് പിൻവലിക്കണം’’ എന്ന് പറഞ്ഞു ഞാൻ. ‘‘ആരാണത്, അവർക്ക് മൈക്ക് കൊടുത്തിട്ടുണ്ടോ?’’ എന്ന് ചോദിച്ചു അദ്ദേഹം. അപ്പോൾത്തന്നെ ഞാനെന്‍റെ പേര് വിളിച്ചുപറഞ്ഞു.

പിന്നെ, ആ പരിപാടി തടസ്സപ്പെടുത്തണം എന്ന ഉദ്ദേശ്യമൊന്നും എനിക്കുണ്ടായിരുന്നില്ല. പക്ഷേ, അപ്പോൾത്തന്നെ അദ്ദേഹത്തിന്‍റെ അഭിപ്രായപ്രകടനത്തോട് വിയോജിപ്പ് രേഖപ്പെടുത്തണം എന്നെനിക്ക് നിർബന്ധമുണ്ടായിരുന്നു. ഒരു പൊതു ഇടത്തിൽ അദ്ദേഹം അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങൾ വിളിച്ചുപറയുമ്പോൾ അതിന് എതിരഭിപ്രായമുണ്ട് എന്നുകൂടി ജനം അറിയണം. നിയമസഭ മന്ദിരംപോലുള്ള ഒരു ജനാധിപത്യ ഇടത്ത് അദ്ദേഹത്തിന്‍റെ സവർണ മനോഭാവം പുലമ്പിയാൽ ശരിയാവില്ല എന്ന തോന്നലുണ്ടായിരുന്നു. നമുക്ക് നമ്മുടെ ഭരണഘടനാപരമായ അവകാശങ്ങളുണ്ട്. അഭിപ്രായസ്വാതന്ത്ര്യമുണ്ട്. ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം സംസാരിച്ചത്. പക്ഷേ, എന്‍റെ ആത്മവിശ്വാസം അദ്ദേഹത്തിന് ദഹിച്ചില്ല. ഒരു സ്ത്രീ, ഒരു ദലിതയായ സ്ത്രീ തനിക്കെതിരെ സംസാരിച്ചത് അദ്ദേഹത്തിന് ദഹിച്ചില്ല. ഇവിടത്തെ എല്ലാ സ്ത്രീകൾക്കും ദലിതർക്കുംവേണ്ടിയാണ് ഞാൻ സംസാരിച്ചത്.

പുഷ്പവതിയുടെ അഭിപ്രായപ്രകടനത്തിന് പൊതുസമൂഹത്തിന്‍റെ അംഗീകാരവും സ്വീകാര്യതയും ലഭിച്ചുവെന്ന് തന്നെയാണോ വിശ്വസിക്കുന്നത്?

പൊതുവെ മാധ്യമങ്ങളിൽകൂടിയുള്ള പ്രതികരണങ്ങളിലൂടെ സ്വീകാര്യത ലഭിച്ചു എന്നുതന്നെയാണ് തോന്നിയത്. ഇനിയിപ്പൊ അതിന്‍റെ പുറകേ പോകാനൊന്നും ഞാൻ ഉദ്ദേശിക്കുന്നുമില്ല.

ഇത് ഒരു ഒറ്റപ്പെട്ട അഭിപ്രായപ്രകടനമായാണോ അതോ ഇത്തരത്തിൽ സവർണ മനോഭാവമുള്ള സമൂഹത്തിന്‍റെ പ്രതിനിധിയാണ് അടൂർ ഗോപാലകൃഷ്ണൻ എന്നാണോ തോന്നുന്നത്?

ഞാൻ സംസാരിച്ചത് പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്‍റെ പ്രതിനിധിയായിട്ടാണ്. അതുപോലെ അദ്ദേഹവും ഒരു സവർണ സമൂഹത്തിന്‍റെ പ്രതിനിധിയാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന് അങ്ങനെ സംസാരിക്കാൻ കഴിയുന്നത്. ഒരു കാര്യം ശരിയല്ല എന്നുപറയുമ്പോൾ അതിലെ ശരികേടെന്ത് എന്ന് പരിശോധിക്കാനുള്ള മാനസികാവസ്ഥപോലും അദ്ദേഹത്തിനില്ല. ‘‘who is she, ഇത് ചന്തയല്ല, വലിഞ്ഞുകയറി വരുന്നു’’ എന്നൊക്കെ പറഞ്ഞ് എന്നെ അധിക്ഷേപിക്കാനാണ് ശ്രമിച്ചത്. ഞാൻ വലിഞ്ഞുകയറി വന്നതല്ല, അദ്ദേഹം എങ്ങനെ വന്നോ അതുപോലെ ക്ഷണിക്കപ്പെട്ടുതന്നെയാണ് ഞാനും പരിപാടിക്കെത്തിയത്.

അടൂർ ഗോപാലകൃഷ്ണൻ ഇതെല്ലാം പറഞ്ഞതുകൊണ്ട് എന്‍റെ ഈഗോ ഹർട്ട് ആയിട്ടില്ല. എന്‍റെ വിയോജിപ്പിൽ അദ്ദേഹത്തിന്‍റെ ഈഗോ ഹർട്ട് ആയിട്ടുണ്ടെന്നാണ് എനിക്ക് തോന്നിയത്. കേരളത്തിലെ സംഗീത നാടക അക്കാദമിയുടെ വൈസ് ചെയർപേഴ്സനെ അറിയില്ല എന്ന് അദ്ദേഹം പറഞ്ഞാൽ അദ്ദേഹത്തിന് അല്ലേ അപമാനം തോന്നേണ്ടത്? കേരളത്തിൽ ആകെ ഒരു സംഗീത നാടക അക്കാദമിയും അതിന് ഒരൊറ്റ വൈസ് ചെയർപേഴ്സനുമല്ലേ ഉള്ളൂ. അറിയില്ലെങ്കിൽ അറിയണ്ട. പക്ഷേ, അതിനെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യുന്നത് ശരിയല്ല.

ഇതേക്കുറിച്ചുള്ള ശ്രീകുമാരൻ തമ്പിയുടെ പ്രതികരണം സങ്കടമുണ്ടാക്കി എന്ന് പുഷ്പ പറഞ്ഞിരുന്നു.

ശ്രീകുമാരൻ തമ്പി നല്ല പാട്ടുകൾ എഴുതിയിട്ടുള്ള ആളല്ലേ.അച്ഛന്‍റെ മടിയിലിരുന്ന് തമ്പി സാറിന്‍റെ പാട്ടുകൾ എന്‍റെ അച്ഛൻ പാടിക്കേട്ടിട്ടുള്ള അനുഭവമാണ് എന്‍റേത്. അദ്ദേഹം എന്നെക്കുറിച്ച് അങ്ങനെ പറഞ്ഞൂന്ന് കേട്ടപ്പോൾ എന്‍റെ വേരിലേക്കുള്ള ഓർമയാണ് എനിക്കുണ്ടായത്. കുട്ടിക്കാലത്തിന്‍റെ ഓർമ. ‘‘ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം’’ എന്ന പാട്ടൊക്കെ ദാസ് സാർ പാടുന്നതിനേക്കാൾ എന്‍റെ അച്ഛൻ പാടിയിട്ടാണ് ഞാൻ കേട്ടിട്ടുള്ളത്. അതിൽ ഇമോഷനൽ ആയ ത്രെഡ് കിടപ്പുണ്ട്. അതുകൊണ്ടാണ് സങ്കടം വന്നത്.

വർഷങ്ങളായി സംഗീത മേഖലയിൽ ശാസ്ത്രീയ സംഗീത രംഗത്തും സിനിമാ സംഗീതരംഗത്തും പ്രവർത്തിക്കുന്നയാളെന്ന നിലയിൽ ചോദിക്കുകയാണ്. സംഗീതമേഖലയിൽ നിറത്തിന്‍റെ അടിസ്ഥാനത്തിലും ജാതിയുടെ അടിസ്ഥാനത്തിലുമുള്ള വേർതിരിവ് പ്രകടമാണോ? അത്തരം വ്യക്തിപരമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ?

പഠിക്കുന്ന കാലത്ത് അധ്യാപകർക്കെല്ലാം വലിയ ഇഷ്ടമായിരുന്നു. പഠിച്ചുകഴിഞ്ഞ് തൊഴിൽരംഗത്തേക്ക് കടന്നപ്പോഴാണ് ബുദ്ധിമുട്ടുകൾ നേരിട്ടുതുടങ്ങിയത്. കർണാടക സംഗീത ലോകമാണെങ്കിലും സിനിമാ സംഗീത ലോകമാണെങ്കിലും പണവും അധികാരവും പ്രശസ്തിയും എല്ലാം ഇടകലർന്നതാണ്. അവിടെ മത്സരമാണ്. ആ മത്സരത്തിൽ എപ്പോഴും നമ്മൾ പിന്തള്ളപ്പെടുന്നതാണ് കണ്ടിട്ടുള്ളത്. അവിടെ പാട്ടിന്‍റെ ക്വാളിറ്റി ഒന്നും ആരും ശ്രദ്ധിക്കാറില്ല. സിനിമാ സംഗീതലോകത്ത് പാട്ടിനേക്കാൾ കാഴ്ചയിലെ ഭംഗിക്കാണ് കൂടുതൽ സ്വീകാര്യത. നിറത്തിന്‍റെ കാര്യത്തിലുള്ള വേർതിരിവ്, സാമൂഹികമായ പശ്ചാത്തലം വെച്ചുകൊണ്ടുള്ള വേർതിരിവ് എല്ലാം ഉണ്ടായിട്ടുണ്ട്. പ​േക്ഷ, ഇപ്പോൾ എന്‍റെയടുത്ത് അതാരും പ്രകടമാക്കാറില്ല.

 

നേരത്തേ ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണല്ലോ പറയാതെ പറഞ്ഞത്?

നേരത്തേ അത്തരം അനുഭവങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. സർക്കാർ ജോലിക്ക് ശ്രമിക്കുമ്പോഴും ഇതേ പ്രശ്നം നേരിട്ടിട്ടുണ്ട്. സംഗീതം പഠിച്ചു പുറത്തിറങ്ങിയപ്പോഴുള്ള ആദ്യ അനുഭവം കലാമണ്ഡലത്തിൽ ജോലിക്ക് ശ്രമിച്ചപ്പോഴായിരുന്നു. ചെമ്പൈ കോളജിൽനിന്ന് ഫസ്റ്റ് റാങ്ക് വാങ്ങിയാണ് പാസായത്. പഠനം പൂർത്തിയാക്കുന്നതിനു മുമ്പുതന്നെ ഓൾ ഇന്ത്യ റേഡിയോയിൽ ബി ഗ്രേഡ് ആർട്ടിസ്റ്റാണ്. എം.എ പഠിക്കാനായി കേന്ദ്ര ഗവൺമെന്‍റിന്‍റെ സ്കോളർഷിപ്പും ഉണ്ടായിരുന്നു. പഠനം കഴിഞ്ഞ് തൊഴിലന്വേഷിക്കുമ്പോൾ എന്‍റെ വിചാരം എനിക്ക് ജോലി കിട്ടാൻ വളരെ എളുപ്പമാണ് എന്നായിരുന്നു. കലാമണ്ഡലത്തിൽ ഇന്‍റർവ്യൂവിന് ഫസ്റ്റായിരുന്നു. കലാമണ്ഡലത്തിലെ അഭിമുഖ പരീക്ഷയിൽ പോയപ്പോൾ ഒന്നാമതായിട്ടും എനിക്ക് ആ ജോലി കിട്ടിയില്ല. എൻ.എസ്.എസിൽ ഉള്ള ഒരാൾക്കാണ് ജോലി കിട്ടിയത്. എന്‍റെ ഗുരുനാഥൻ മങ്ങാട് കെ. നടേശൻ ജഡ്ജിങ് പാനലിലുണ്ടായിരുന്നു. ജോലി കിട്ടാതിരുന്നതിനെക്കുറിച്ച് അദ്ദേഹത്തിനോട് ചോദിച്ചപ്പോൾ പറഞ്ഞത് അതൊരു പ്രഹസനമായിരുന്നു. മറ്റൊരാൾക്ക് ആ പോസ്റ്റ് കൊടുക്കാൻ നേരത്തേ ധാരണയുണ്ടായിരുന്നു എന്നാണ്.

സിനിമാ സംഗീത രംഗത്തേക്ക് എത്തിയത് എങ്ങനെയാണ്? അവിടെയും ഇത്തരത്തിലുള്ള വിവേചനങ്ങൾ ഉണ്ടായിരുന്നില്ലേ?

സിനിമാ സംഗീത മേഖലയിൽ കോറസ് പാടിയാണ് ഞാൻ തുടങ്ങിയത്. എന്‍റെ ശബ്ദത്തിന്‍റെ ക്വാളിറ്റികൊണ്ട് ട്രാക്ക് പാടിയ പാട്ട് സിനിമയിൽ ഉൾപ്പെടുത്തുകയായിരുന്നു. ‘കാത്ത് കാത്തൊരു മഴയത്ത്’ എന്ന ‘നമ്മളി’ലെ പാട്ട്. ഒരുപാട് ട്രാക്കും കോറസും തന്നെയാണ് ആദ്യം പാടിക്കൊണ്ടിരുന്നത്. എനിക്കുശേഷം വന്ന എലീറ്റ് ആയ ആളുകൾ എന്നെ മറികടന്ന് പോകുന്നത് കണ്ടുനിൽക്കേണ്ട അവസ്ഥയിലായിരുന്നു ഞാൻ. അന്നത്തെ കാലത്ത് ട്രാക്ക് പാടിക്കിട്ടുന്ന കാശ് അത്യാവശ്യമായിരുന്നു എനിക്ക്. അതിമോഹങ്ങളൊന്നുമില്ല. അതിനെക്കുറിച്ചോർത്ത് അന്ന് വലുതായി വ്യാകുലപ്പെട്ടിട്ടില്ല, എങ്കിലും ഉയർന്നുവരണമെങ്കിൽ ഇതെല്ലാം കൂടി വേണമല്ലോ എന്ന് ചിന്തിച്ചിട്ടുണ്ട്. എ.സി കാറിൽ വന്നിറങ്ങി എ.സി സ്റ്റുഡിയോയിൽ പാടി എ.സി കാറിൽ കയറി തിരിച്ചുപോകുന്ന അവസ്ഥ എനിക്കുണ്ടായിരുന്നില്ലല്ലോ. ഞാൻ ബസിലൊക്കെ യാത്ര ചെയ്ത് വിയർത്തുകുളിച്ച് മുടിയെല്ലാം പാറിപ്പറന്ന് കോലംകെട്ടാണ് സ്റ്റുഡിയോകളിലെത്തിയിരുന്നത്. ഒരു സ്കൂട്ടർപോലും വാങ്ങിയത് ഏറെക്കഴിഞ്ഞാണ്. സെലിബ്രിറ്റിക്ക് വേണ്ട കാഴ്ചവിഭവങ്ങളെല്ലാം ഒരുക്കിയിട്ടുവേണം നമ്മൾ ഈ രംഗത്തേക്ക് ചെല്ലാൻ.

തിരുവനന്തപുരത്ത് നടന്ന സിനിമ കോൺക്ലേവിൽ അടൂരിന്‍റെ വിവാദ പ്രസ്താവനക്കെതിരെ പ്രതിഷേധിക്കുന്ന പുഷ്പവതി

 

സിനിമയുടെ ഗ്ലാമർലോകം വിവേചനങ്ങളുടെയും വേർതിരിവുകളുടെയുമെല്ലാമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ആ രീതിയിലേക്ക് മാറാൻ പുഷ്പ എന്നെങ്കിലും ശ്രമിച്ചിരുന്നോ?

ഇല്ല. അങ്ങനെയൊന്നും മാറാൻ എനിക്കാവില്ല. ഉള്ളിന്‍റെ ഉള്ളിലുള്ള ഒരു ആത്മബോധം ഉണ്ടല്ലോ. അതെന്നെചോദ്യം ചെയ്തുകൊണ്ടിരിക്കും. വല്ലാതെ വർണശബളമായ ഒരു ലോകം എനിക്ക് താൽപര്യമില്ലാത്തതാണ്. അതിനോട് ഇഴുകിച്ചേരാൻ കഴിയില്ല.

പക്ഷേ, ‘സോൾട്ട് ആൻഡ് പെപ്പറി’ലെ ‘‘ചെമ്പാവ് പുന്നെല്ലിൻ ചോറോ’’ എന്ന പാട്ട് വലിയ ബ്രേക്ക് ആയിരുന്നു അല്ലേ? അതിനുശേഷം ഒരുപാട് അവസരങ്ങൾ തേടിവരുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നില്ലേ? പ്രതീക്ഷിച്ചത്രയും അവസരങ്ങൾ ലഭിച്ചിരുന്നോ?

ആ പാട്ട് കഴിഞ്ഞ് ശരിക്കും എനിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. എനിക്ക് ധാരാളം ലൈവ് പ്രോഗ്രാം കിട്ടിയിരുന്നു. ആ സമയത്ത് സംഗീത സംവിധായകൻ ബിജിപാലിന് എന്നെ വിളിക്കാൻ തോന്നി, ആ പാട്ട് ഹിറ്റായി. ഇപ്പോഴും ആ പാട്ട് ഹിറ്റാണ്.

2002ൽ പാടിയ ‘നമ്മളി’ലെ ‘‘കാത്തു കാത്തൊരു മഴയത്ത്’’ എന്ന പാട്ട് എല്ലാവരും ഓർക്കുന്നുണ്ടെങ്കിലും പുഷ്പവതി എന്ന പിന്നണിഗായികയെ ജനം തിരിച്ചറിഞ്ഞോ എന്ന് സംശയമാണ്. ഏകദേശം പത്തു വർഷം കഴിഞ്ഞ് 2011ൽ ഇറങ്ങിയ‘‘ചെമ്പാവ് പുന്നെല്ലിൻ ചോറോ’’ എന്ന പാട്ടിലൂടെയാണ് പുഷ്പവതി അംഗീകരിക്കപ്പെട്ടത് എന്നു പറയാം. ‘സുലൈഖ മൻസിലി’ലെ ‘‘ഹാലാകെ മാറുന്നേ’’ എന്ന പാട്ട് വലിയ ഹിറ്റായിരുന്നു.

പ​േക്ഷ, കഴിവ് തെളിയിച്ചിട്ടും സിനിമാ സംഗീതരംഗത്ത് തന്‍റെ കഴിവിനനുസരിച്ചുള്ള അവസരങ്ങൾ ലഭിച്ചില്ല എന്ന തോന്നലുണ്ടോ? 24 വർഷത്തെ കരിയറിനിടക്ക് 25ഓളം പാട്ടുകൾ മാത്രമാണ് സിനിമയിൽ ലഭിച്ചത് എന്ന സത്യം മറക്കാനാവില്ലല്ലോ...

ശരിയാണ്. 24 വർഷമായി സിനിമാ സംഗീതമേഖലയിൽ പ്രവർത്തിക്കുകയാണ്. ഹിറ്റ് പാട്ടുകൾ പാടിയിട്ടും വളരെയധികം അവസരങ്ങളൊന്നും എനിക്ക് സിനിമാ സംഗീത മേഖലയിൽനിന്ന് ലഭിച്ചിട്ടില്ല. അതിനെല്ലാം സാമൂഹികമായ കാരണമുണ്ട് എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ.

ഗായിക എന്ന രീതിയിൽ മാത്രമല്ല, സംഗീത സംവിധായിക, കംപോസർ എന്ന നിലക്കും പ്രശസ്തയാണ് പുഷ്പവതി. പ്രോഗ്രാമുകളിൽ കൂടുതലായി പാടുന്നതും സ്വന്തമായി കംപോസ് ചെയ്ത പാട്ടുകളാണ്.

‘‘ദേവീ സിംഹാസനേശ്വരി’’ എന്ന പാട്ട് ഞാനെഴുതി കംപോസ് ചെയ്തതാണ്. എന്‍റെ ഒരു അധ്യാപികക്കു വേണ്ടി ഡെഡിക്കേറ്റ് ചെയ്തതാണ് ആ പാട്ട്. കബീറിന്‍റെ ദോഹയാണ് ഞാൻ ആദ്യം കംപോസ് ചെയ്തത്. ശ്രീകൃഷ്ണനും സലീംരാജും കൂടിയാണ് കബീറിന്‍റെ ദോഹ ട്രാൻസ് ലേറ്റ് ചെയ്തത്. നൂറോളം ദോഹകൾ വിവർത്തനംചെയ്തിട്ടുണ്ടായിരുന്നു. അതിൽനിന്ന് പത്തെണ്ണമാണ് ഞാൻ സംഗീതസംവിധാനം ചെയ്തത്. അതു വായിച്ചപ്പോൾ ‘‘അപരിചിതനല്ലോ ജഗദീശ്വരൻ’’ എന്ന വരികളാണ് എന്‍റെ മനസ്സിലേക്ക് ആദ്യം കടന്നുവന്നത്. അത് റിലേറ്റ് ചെയ്യാൻ പറ്റി. വളരെ മിസ്റ്റിക് ആയ ആ വരികൾ എന്‍റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങി. ഞാൻ ചെറുപ്പത്തിൽ വളരെ പൊളിറ്റിക്കലായ ആളായിരുന്നു എന്നറിയാമല്ലോ. അങ്ങനെയുള്ളവർക്ക് സാധാരണ ദൈവവിശ്വാസം ഉണ്ടാകാറില്ല. പക്ഷേ, ഹൈലി സ്പിരിച്വൽ ആണ്. പ്രാർഥന, പൂജ എന്നതിനേക്കാൾ ആഴത്തിലുള്ളതാണ് ഈ ഭക്തി.

മീരയായാലും കബീറായാലും ഭക്തകവികളായിരുന്നു. അതേസമയം, അവർ അന്ന് നിലനിന്നിരുന്ന സാമൂഹിക വ്യവസ്ഥക്കെതിരെ കവിതകളിലൂടെ പോരാടിയിരുന്നു. കമ്യൂണിസ്റ്റുകാരി, അതും തീവ്രമായ ഇടതുപക്ഷത്ത് പ്രവർത്തിച്ചുകൊണ്ടിരുന്ന ഒരാൾക്ക് എങ്ങനെ ഭക്തയാകാൻ കഴിയുന്നു എന്ന ചോദ്യം പുഷ്പയെ ചെറുപ്പം മുതലേ അറിയുന്നവരുടെ ഉള്ളിലെങ്കിലും ഉയർന്നുവരുന്നത് സ്വാഭാവികമാണല്ലോ?

എന്‍റെയൊക്കെ ജീവിതത്തിൽ എപ്പോഴും മനസ്സ് തകർക്കുന്ന അനുഭവങ്ങളേ ഉണ്ടായിട്ടുള്ളൂ. മനസ്സ് കൺസ്ട്രക്ടിവ് ആകണമെങ്കിൽ നമുക്ക് നമ്മളോട് തന്നെ ഒരു ശ്രദ്ധ വേണമെന്നുണ്ടെങ്കിൽ ഭക്തി ആവശ്യമാണ്. പക്ഷേ, ദേവാലയത്തിലെ ആ ഒരു ബിംബത്തിലല്ല ഈശ്വരൻ ഇരിക്കുന്നത് എന്ന ചിന്ത തീർച്ചയായും ഉണ്ടായിരിക്കണം. അമ്പലത്തിലാണ് ഈശ്വരൻ ഇരിക്കുന്നത് എന്നു വിചാരിക്കുകയും അതുകൊണ്ട് പുറത്ത് എന്ത് അനീതിയും ചെയ്യാം എന്ന് വിചാരിക്കുന്നതും തെറ്റാണ്. തെറ്റുകൾ ചെയ്യുകയും അതിൽ യാതൊരു കുറ്റബോധവുമില്ലാതെ പിന്നീട് ഭഗവാന്‍റെ മുന്നിലെത്തി വഴിപാടുകളോ മുട്ടിറക്കലോ നടത്തിയാൽ പ്രശ്നപരിഹാരം ഉണ്ടാകും എന്ന് വിചാരിക്കുന്നിടത്താണ് പ്രശ്നം. ഈശ്വരൻ പള്ളിയിലോ കൈലാസത്തിലോ ഇല്ല, ആചാരങ്ങളിലോ ഉത്സവങ്ങളിലോ ഉപനയനത്തിലോ യോഗാസനത്തിലോ ഇല്ല. ശ്വാസങ്ങളുടെ ശ്വാസമാണ് ഈശ്വരൻ എന്നാണ് കബീർ പറയുന്നത്. ഞാനും അതുതന്നെ വിശ്വസിക്കുന്നു.

കോളജിൽ ഫോർത്ത് ഇയർ കഴിഞ്ഞപ്പോൾ, ഇനി പഠിക്കണ്ട. നിവൃത്തിയില്ല പഠിപ്പിക്കാൻ എന്നാണ് അമ്മ പറഞ്ഞത്. തൃശൂർ ജില്ലയിലെ വേലൂരാണ് എന്‍റെ വീട്. പാലക്കാട് ചെമ്പൈ സംഗീത കോളജിൽ ഹോസ്റ്റലിൽ താമസിച്ച് പഠിച്ചുകൊണ്ടിരുന്ന ഞാൻ ആ സമയത്ത് പാലക്കാട് നിന്ന് ചെന്ത്രാപ്പിന്നിയിൽ വന്ന് കുട്ടികൾക്ക് ക്ലാസെടുത്ത് അതിൽനിന്ന് കിട്ടുന്ന പണംകൊണ്ട് പഠനം തുടർന്ന ആളാണ്. അമ്മക്ക് പൈസ കൊടുക്കുമായിരുന്നു. അത്രയും അലഞ്ഞിട്ടാണ് ഞാൻ പഠിച്ചത്. എന്‍റെ വിഷമവും ബുദ്ധിമുട്ടും സുഹൃത്തുക്കളോടൊന്നും പറയാറില്ല. വലിയ അഭിമാനമുള്ള ആളാണ്. അന്ന് എല്ലാ സങ്കടവും ഗുരുവായൂരപ്പനോടാണ് പറഞ്ഞുകൊണ്ടിരുന്നത്. ഗുരുവായൂരിൽ ഭഗവാനെ തൊഴാൻവേണ്ടി വരിയിൽ നിൽക്കുമ്പോൾ ഞാൻ ഒറ്റക്കാണെന്ന് തോന്നും. തിങ്ങിനിറഞ്ഞുനിൽക്കുന്ന മനുഷ്യർക്കിടയിൽ എനിക്ക് തോന്നും ഞാനൊരു കാട്ടിലാണ് നിൽക്കുന്നതെന്ന്. അല്ലെങ്കിൽ ഞാനും ഭഗവാനും മാത്രമേ ഉള്ളൂവെന്ന്. കൃഷ്ണനെക്കുറിച്ച് ഞാനെഴുതി, ‘‘ഹൃദയമാം ആലിലയിൽ കുടികൊള്ളും ഭഗവാനെ’’ എന്ന ആ ഗാനം യൂട്യൂബിലുണ്ട്. എന്‍റെ കൃഷ്ണൻ ശ്യാമവംശപാലനാണ്.

എന്നുവെച്ചാൽ കൃഷ്ണൻ ദലിതരുടെ ദൈവമാണ് എന്നാണോ അർഥമാക്കുന്നത്?

അതെ. എന്‍റെ കൃഷ്ണൻ ഇവിടെ എല്ലാവരും വ്യാഖ്യാനിക്കപ്പെടുന്ന കൃഷ്ണനല്ല. കറുത്ത വംശത്തിന്‍റെ ആളാണ്. എന്‍റെ കുഞ്ഞും കാമുകനും ഭർത്താവും അച്ഛനും ഒക്കെയാണ് എന്‍റെ കൃഷ്ണൻ. അതേസമയം, ഈ ഞാൻ തന്നെയാണ് കബീറിന്‍റെ ‘‘അപരിചിതനല്ലോ ജഗദീശ്വരൻ’’ എന്ന് പാടിയതും.

 

കർണാടക സംഗീതത്തിലെ എല്ലാ കീർത്തനങ്ങളും ദൈവസ്തുതികളാണല്ലോ. സംഗീതം പഠിച്ചുതുടങ്ങിയപ്പോഴാണോ ഭക്തയായി മാറിയത്?

കർണാടക സംഗീതത്തിൽ അധികവും രാമസ്തുതികളാണ്. ബാബരി മസ്ജിദ് പ്രശ്നം വന്നതിൽ പിന്നെ രാമസ്തുതി പാടാൻ തന്നെ എനിക്ക് ബുദ്ധിമുട്ട് തോന്നാറുണ്ട്. എന്നെ അത് വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ടായിരുന്നു. കുട്ടിക്കാലത്ത് ഞാൻ നിരീശ്വരവാദിയായിരുന്നു. ചെമ്പൈ കോളജിൽ പഠിക്കുന്ന സമയത്താണ് അച്ഛൻ മരിച്ചത്. അച്ഛൻ ദലിതനും അമ്മ ഈഴവ കുടുംബത്തിൽ പെട്ടയാളും ആയിരുന്നു. അമ്മയുടെ കുടുംബത്തിൽനിന്നും ഒരു സഹകരണവും ഉണ്ടായിരുന്നില്ല. അച്ഛന്‍റെ കുടുംബവുമായും വലിയ ബന്ധമുണ്ടായിരുന്നില്ല. അമ്മയും അച്ഛനും അഞ്ച് മക്കളും ഉള്ള ഞങ്ങൾക്ക് ഞങ്ങൾ മാത്രമുള്ള ദരിദ്രമായ കുടുംബമായിരുന്നു എന്‍റേത്. ഞങ്ങൾ തമ്മിൽ തമ്മിൽ വലിയ അടുപ്പമായിരുന്നു.

അച്ഛൻ പെട്ടെന്ന് മരിച്ചപ്പോൾ മനസ്സാകെ തകർന്നു. ആരോടും പറഞ്ഞാൽ തീരാത്ത സങ്കടങ്ങളായിരുന്നു ഉണ്ടായിരുന്നത്. പിന്നെ എല്ലാ ദിവസവും അമ്പലത്തിൽ പോകാൻ തുടങ്ങി. അതിൽ വലിയ സമാധാനം കണ്ടെത്തിയപ്പോൾ ഒരുദിവസംപോലും അമ്പലത്തിൽ പോകുന്നത് മുടക്കാൻ പറ്റാത്ത അവസ്ഥയിലായി ഞാൻ. പുലർച്ചെ എഴുന്നേറ്റ് സംഗീത പരിശീലനം കഴിഞ്ഞാൽ അമ്പലത്തിൽപോകും. പീരിയഡ്സ് ഉള്ള ദിവസംപോലും പോകുമായിരുന്നു. ഇതേക്കുറിച്ച് അമ്മ അറിഞ്ഞപ്പോൾ വലിയ പ്രശ്നമായി. അമ്മ ആവശ്യപ്പെട്ടതനുസരിച്ച് ഇനി അങ്ങനെ ചെയ്യില്ല എന്ന് ഞാൻ അമ്മയുടെ കൈയിൽ സത്യം ചെയ്തതിനുശേഷം പിന്നീട് പോയിട്ടില്ല. നിരീശ്വരവാദത്തിൽനിന്ന് അതിതീവ്രമായ ഭക്തിയിലേക്കാണ് പിന്നീട് ഞാൻ പോയത്. വിഷമങ്ങളും പ്രയാസവും ഉണ്ടാകുമ്പോൾ വീണുപോകാതിരിക്കാനുള്ള ബലമായിരുന്നു എനിക്ക് ഈശ്വരനിലുള്ള വിശ്വാസം.

ശ്രീനാരായണ ഗുരുവിന്‍റെ ‘ദൈവദശകം’ പുഷ്പ സംഗീതസംവിധാനം ചെയ്തിരുന്നു. അതിലേക്ക് എത്തുന്നത് എങ്ങനെയാണ്?

എം.എച്ച്. ശാസ്ത്രികളുടെ ശ്രീനാരായണ ഗുരുവിന്‍റെ പുസ്തകം എന്‍റെ കൈകളിൽ വന്നുചേരുകയായിരുന്നു. ഭർത്താവ് പ്രിയന്‍റെ ചേട്ടന്‍റെ വീട്ടിൽവെച്ച് ആ പുസ്തകം കണ്ടപ്പോൾ വെറുതെ എടുത്ത് മറിച്ച് നോക്കിയതാണ്. ആദ്യം കുണ്ഡലിനി പാട്ട് ആണ് ശ്രദ്ധിച്ചത്. കബീറിന്‍റെ വരികൾ റിലേറ്റ് ചെയ്തതുപോലെത്തന്നെ ഗുരുവിന്‍റെ വരികളും വായിക്കുന്തോറും എന്നിലേക്ക് എന്തോ വെളിച്ചം വന്നുനിറയുന്നതുപോലെ തോന്നി. എന്തൊക്കെയോ തുറവികൾ ഉണ്ടാകുന്നു. ‘ദൈവദശകം’, ‘അനുകമ്പാ ദശകം’, ‘കുണ്ഡലിനി പാട്ട്’, ‘ആത്മോപദേശ ശതകം’, ‘ഭദ്രകാളി അഷ്ടകം’ കൂടാതെ തമിഴിൽ ഗുരു എഴുതിയ ‘തേവാര പതിതം’ ഇതിനെല്ലാം സംഗീതസംവിധാനം നിർവഹിച്ചു. ‘ദൈവദശകം’, ‘അനുകമ്പാദശകം’, ‘കുണ്ഡലിനി പാട്ട്’ എന്നിവയാണ് യൂട്യൂബിലൂടെ പുറത്തുവന്നിട്ടുള്ളത്. ഗുരുവിന്‍റെ കൃതികൾ ഞാൻ സ്വയം പഠിക്കുകയായിരുന്നു. ആരെങ്കിലും അത് പഠിപ്പിച്ചുതരാൻ ഉണ്ടെങ്കിൽ നല്ലതാണ് എന്ന് തോന്നിയിരുന്നു. എ.വി. ഷൗക്കത്ത് കോവിഡ് കാലത്ത് ആത്മോപദേശ ശതകത്തിന്‍റെ ക്ലാസ് എടുത്തിരുന്നു. കുറച്ച് അങ്ങനെ പഠിച്ചു. എം.എച്ച്. ശാസ്ത്രികൾ കൂടാതെ, ബാലകൃഷ്ണൻ നായർ, മുനി നാരായണ പ്രസാദ് എന്നിവരുടെയെല്ലാം പുസ്തകങ്ങൾ വാങ്ങി പഠിച്ചു. യാത്രകളിലൊക്കെ പുസ്തകം കൈയിൽ കരുതി പഠിച്ചുകൊണ്ടേയിരുന്നു.

പൊയ്കയിൽ അപ്പച്ചന്‍റെ കൃതികളും പുഷ്പ സംഗീതം നൽകി പാടുകയും സ്റ്റേജുകളിൽ അവതരിപ്പിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഒരു സാധാരണ ഗായികയിൽനിന്നും പ്രതീക്ഷിക്കാൻ കഴിയാത്തതാണ്?

പൊയ്കയിൽ അപ്പച്ചന്‍റെ കൃതികളെക്കുറിച്ച് ഒരു സുഹൃത്ത് പറഞ്ഞാണ് പരിചയപ്പെടുന്നത്. പിന്നീട് സാഹിത്യ അക്കാദമി പുറത്തിറക്കിയ പൊയ്കയിൽ അപ്പച്ചന്‍റെ പുസ്തകങ്ങൾ തേടിപ്പിടിച്ച് വായിക്കുകയായിരുന്നു. അതെന്നെ വല്ലാതെ സ്പർശിച്ചു. ദലിത് സമൂഹത്തിന്‍റെ നേർക്കാഴ്ചയായിരുന്നു അത്. നൂറ്റാണ്ടുകൾക്ക് മുമ്പ് നമ്മുടെ വംശം എന്തൊരുമാത്രം ദുരിതമനുഭവിച്ചിരുന്നു എന്ന വസ്തുത എന്നെ നൊമ്പരപ്പെടുത്തി. അപ്പച്ചന്‍റെ പാട്ടുകൾ കംപോസ് ചെയ്തിരുന്ന സമയത്ത് ഇമോഷൻസ് അടക്കിവെക്കാൻ പറ്റാത്ത സന്ദർഭങ്ങൾപോലും ഉണ്ടായിട്ടുണ്ട്. കംപോസ് ചെയ്ത് പാടുമ്പോൾ പരമ്പരാഗതമായിട്ട് പൊയ്കയിൽ അപ്പച്ചനെ ഗുരുവായി ആരാധിക്കുന്ന, ദൈവമായി കരുതി ആരാധിക്കുന്ന മനുഷ്യർ പാടിക്കൊണ്ടിരുന്നത് അപ്പച്ചൻ മുമ്പേ പാടിവെച്ച രാഗത്തിലും ഈണത്തിലുമായിരുന്നു. പുതിയകാലത്ത് ആ ഒരു ശൈലി ഉപയോഗിച്ചാൽ അധികം പേരിലേക്ക് എത്തില്ല എന്നുള്ളതുകൊണ്ട് അമേരിക്കൻ ബ്ലൂസ് മ്യൂസിക്കിന്‍റെ ശൈലി ഉപയോഗിച്ചാണ് ഞാൻ കംപോസ് ചെയ്ത് പാടിയത്.

ആസാദി, എത്രയെത്ര മതിലുകൾ തകർത്തെറിഞ്ഞ കേരളം എന്നിവയെല്ലാം കേരളം ഏറ്റുപാടിയ പാട്ടുകളാണ്. സിനിമാ പാട്ടുകൾ ഏറ്റുപാടുന്നതുപോലെ തന്നെ പുരോഗമനപരമായ മുദ്രാവാക്യങ്ങളും നവോത്ഥാന സങ്കൽപങ്ങളും എല്ലാം പുഷ്പയോടൊപ്പം ജനങ്ങൾ ഏറ്റുപാടി. സിനിമാ പാട്ടുകൾ പോലെതന്നെ താൻ സ്വന്തമായി കംപോസ് ചെയ്ത പാട്ടുകൾ പാടി അത് ഹിറ്റാക്കുക, അത് ജനങ്ങളെക്കൊണ്ട് ഏറ്റു പാടിപ്പിക്കുക എന്നതൊന്നും അത്ര എളുപ്പമുള്ള കാര്യമല്ല?

2014ൽ കനയ്യ കുമാറിനെ കള്ളക്കേസിൽ കുടുക്കി തിഹാർ ജയിലിൽ അടച്ചപ്പോഴാണ് ആസാദി മ്യൂസിക് ചെയ്യുന്നത്. ജയിലിൽനിന്ന് പുറത്തിറങ്ങി കനയ്യ കാമ്പസിൽ വന്നപ്പോൾ വിളിച്ച മുദ്രാവാക്യം ഞാൻ പാട്ടാക്കി മാറ്റുകയായിരുന്നു. കമലാഭാസിൻ എഴുതിയ വരികൾ എല്ലാം ഉൾച്ചേർത്താണ് ആസാദി ഞാൻ പ്രോഗ്രാമുകളിൽ പാടിയിരുന്നത്. ഓരോ സാമൂഹിക പ്രസക്തമായ സന്ദർഭങ്ങളിലും ഞാൻ പാട്ടുകൊണ്ട് എന്‍റെ പ്രതികരണം ഉണ്ടാക്കും. അങ്ങനെയാണ് ആ പാട്ടുകൾ എല്ലാം ഉണ്ടായത്. പ്രോഗ്രാമുകളിലൊക്കെ പിന്നീട് അത് സദസ്സിൽനിന്ന് ആവശ്യപ്പെടും.

 

കരിയറിന്‍റെ തുടക്കത്തിൽ കുറച്ചുകാലം കേരളത്തിൽനിന്നും വിട്ടുനിന്നിരുന്നുവല്ലോ?

കോളജ് അധ്യാപികയാകാനായിരുന്നു ആഗ്രഹം. കലാമണ്ഡലത്തിലെ അനുഭവംകൊണ്ട് അതു മുളയിലേ ഉപേക്ഷിച്ചു. സ്കൂളിൽ പഠിപ്പിക്കാൻ താൽപര്യമുണ്ടായിരുന്നില്ല. ശബ്ദം വല്ലാതെ അടഞ്ഞുപോകുമോ എന്ന പേടിയുണ്ടായിരുന്നു. പിന്നെ റെക്കോഡിങ്ങിനൊക്കെ പോയിത്തുടങ്ങി. അപ്പോഴേക്കും അമ്മക്ക് കാൻസർ പിടിപെട്ടു. അമ്മയെ ചികിത്സിക്കാനും പണം ആവശ്യമായിരുന്നു. സൗന്ദര്യവും പ്രിവിലേജുമുള്ളവർക്കേ അവസരം ലഭിക്കൂ എന്ന അവസ്ഥ വന്നതോടെ കേരളത്തിൽനിന്നും സ്ഥലംവിട്ടു. ഖത്തറിൽ ഒരു സംഗീത അക്കാദമിയിൽ പഠിപ്പിക്കാൻ തുടങ്ങി. രണ്ടു വർഷത്തോളം ഖത്തറിലായിരുന്നു. പിന്നീടാണ് പ്രിയനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും തിരുവനന്തപുരത്ത് താമസം തുടങ്ങുന്നതും സംഗീതത്തിൽ പൂർണമായും ശ്രദ്ധിക്കാൻ തുടങ്ങുന്നതും എല്ലാം.

‘സെല്ലുലോയ്ഡ്’ എന്ന സിനിമയിലെ ‘‘ഏനുണ്ടോടീ അമ്പിളിച്ചന്തം’’ എന്ന പാട്ടിന്‍റെ പേരിൽ എന്തെങ്കിലും വിഷമം ഉണ്ടാക്കുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടോ? രണ്ടോ മൂന്നോ പേർ ആ പാട്ട് പാടിയിരുന്നു എന്നും അതിലൊരാൾ പുഷ്പയായിരുന്നു എന്നു​മൊക്കെ കേട്ടിരുന്നു. പിന്നീട് ആ പാട്ടിന് സിതാരക്ക് സംസ്ഥാന അവാർഡും ലഭിച്ചിരുന്നു.

വർഷങ്ങൾക്ക് മുമ്പുള്ള കഥയല്ലേ... ഇപ്പൊ അതേക്കുറിച്ചൊന്നും ഒന്നും പറയാനില്ല. ‘സുലൈഖ മൻസിലി’ലെ ‘‘ഹാലാകെ മാറുന്നേ’’ എന്ന പാട്ടും ഹിറ്റ് ആയിരുന്നല്ലോ..?

അതെ. വളരെ ബുദ്ധിമുട്ടുള്ള പാട്ടാണ്. അതുകൊണ്ട് നല്ലപോലെ പഠിച്ച് റെക്കോഡ് ചെയ്ത പാട്ടായിരുന്നു അത്. ടഫായിട്ടുള്ള പാട്ടാണത്. ബുദ്ധിമുട്ടിയതിന്‍റെ ഗുണം ആ പാട്ടിന് ഉണ്ടായിട്ടുണ്ട്. വലിയ ഹിറ്റായി മാറുകയുംചെയ്തു. ഞാൻ മാത്രം പാടിയാണ് ആ പാട്ട് ആദ്യം റെക്കോഡ് ചെയ്തത്. പിന്നീടാണ് അതിൽ അഹി അജയിനെകൊണ്ട് പാടിപ്പിച്ചത്.

ലൈവ് പ്രോഗ്രാമുകളാണോ കൂടുതൽ ഇഷ്ടപ്പെടുന്നത്?

ലൈവ് പ്രോഗ്രാമുകളാണ് നമ്മെ സാമ്പത്തികമായി നിലനിർത്തുന്നത്. സിനിമ ഗ്ലാമറിന്‍റെ ലോകമാണ്. പക്ഷേ, സിനിമയിൽ പാടിയാലൊന്നും ജീവിക്കാനുള്ള പൈസ കിട്ടില്ല. സിനിമയിലെ പോപ്പുലാരിറ്റിയാണ് നാം ലൈവിൽ ഉപയോഗിക്കുന്നത്. അത് വലിയ കാര്യമാണല്ലോ. സിനിമാസംഗീതം എന്നത് മാസ് മീഡിയ ആയതുകൊണ്ട് അതു തരുന്ന ഒരു ഫെയിം ഉണ്ട്. കരിയർ ഡെവലപ് ചെയ്യാൻ നല്ലതാണ്. പക്ഷേ, സാമ്പത്തിക നേട്ടം സ്റ്റേജ് പ്രോഗ്രാമുകളാണ്. ‘പുഷ്പവതി പാടുന്നു’ എന്ന പേരിൽ ഒരു ബാൻഡും ഉണ്ട്. കേരളത്തിന്‍റെ എല്ലാ ജില്ലകളിലും പരിപാടി അവതരിപ്പിക്കാറുണ്ട്. തിരുവനന്തപുരത്താണ് കൂടുതൽ പരിപാടി ലഭിക്കാറുള്ളത്.

പാട്ടുകാരുമായൊക്കെ നല്ല സൗഹൃദമാണോ ഉള്ളത്? സിതാര, ഗായത്രി, രാജലക്ഷ്മി?

എല്ലാവരോടും സൗഹൃദമുണ്ട്. എന്നാൽ സൗഹൃദങ്ങൾ മനഃപൂർവം സൂക്ഷിക്കുന്നതിനുവേണ്ടി ഞാനൊന്നും ചെയ്യാറില്ല. ഗായത്രി ഇടക്കിടക്കൊക്കെ വിളിക്കാറുണ്ട്. സച്ചിദാനന്ദനുമായി നല്ല ബന്ധമുണ്ട്.

ഗായകരുടെ സംഘടനയായ ‘സമ’ത്തിന്‍റെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നില്ലേ?

‘സമ’ത്തിൽ കേരളത്തിലെ ഭൂരിഭാഗം പാട്ടുകാരും ഉണ്ട്. ‘സമ’ത്തിന്‍റെ ചെയർമാൻ ദാസ് സാറാണ്. ചിത്രേച്ചി വൈസ് ചെയർപേഴ്സനാണ്. പി. ജയചന്ദ്രൻ വൈസ് ചെയർമാനായിരുന്നു. ഞാൻ എക്സിക്യൂട്ടിവ് കമ്മിറ്റിയിലായിരുന്നു നേരത്തേ ഉണ്ടായിരുന്നത്.

അടൂർ ഗോപാലകൃഷ്ണൻ,ശ്രീകുമാരൻ തമ്പി

 

മലയാള സിനിമയിൽ സ്വന്തമായ ഒരു വഴി വെട്ടിത്തെളിച്ചു മുന്നേറിയ ഗായികയും സംഗീത സംവിധായികയും ഒക്കെയാണ് പുഷ്പാവതി. പക്ഷേ സിനിമാ സംഗീതത്തിൽ കുറേക്കൂടി അവസരങ്ങൾ ലഭിക്കണം എന്നാഗ്രഹമില്ലേ?

തീർച്ചയായും ആഗ്രഹമുണ്ട്. പക്ഷേ, നമ്മൾ അവരുടെ തിരഞ്ഞെടുപ്പുകളിൽ വരുന്നില്ല. പിന്നെ എന്തെങ്കിലും നേട്ടം ഉണ്ടാക്കാൻ വേണ്ടിമാത്രം സൗഹൃദമുണ്ടാക്കുന്ന സ്വഭാവക്കാരിയല്ല ഞാൻ. എപ്പോഴും വിളിച്ചു സംസാരിക്കുക, ബന്ധം നിലനിർത്തുക എന്നതൊന്നും ഞാൻ ചെയ്യാറില്ല. എന്‍റെ പാട്ട് എല്ലാവർക്കും അറിയാം. എന്നെ ആവശ്യം വരുമ്പോൾ വിളിക്കുമല്ലോ എന്നാണ് എന്‍റെ തോന്നൽ.

സംഗീത നാടക അക്കാദമി വൈസ് ചെയർപേഴ്സൻ എന്നത് വലിയ ഒരു പദവിയാണ്. അതൊരു ഭാരമായി തോന്നുന്നുണ്ടോ? ചെയർപേഴ്സൻ എന്ന നിലക്ക് ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെടാൻ കഴിയാറുണ്ടോ?

സംഗീത നാടക അക്കാദമി വൈസ് ചെയർപേഴ്സൻ വലിയ ഒരു പദവിയാണ് എന്നെല്ലാവരും പറയാറുണ്ട്. എന്തോ അറിയില്ല. ഈ പദവിയെക്കുറിച്ച് എന്നോട് ആദ്യം എം.എ. ബേബിയാണ് വിളിച്ചുപറഞ്ഞത്. സംഗീത നാടക അക്കാദമിയിൽ മട്ടന്നൂർ ശങ്കരൻ കുട്ടി, കരിവെള്ളൂർ മുരളി എന്നിവരാണ് പ്രസിഡന്‍റും സെക്രട്ടറിയും. മൂന്നുപേരും ഒരു ടീമായി പോകണമെന്നാണ് ആവശ്യപ്പെട്ടത്. സംഗീത നാടക അക്കാദമിയിൽ അവാർഡുകൾ നിർണയിക്കുമ്പോൾ എന്‍റെ ഇടപെടൽ തീർച്ചയായും ഉണ്ടാകാറുണ്ട്. അതിൽ പ്രാതിനിധ്യം ഉറപ്പുവരുത്താൻ ഞാൻ ശ്രമിക്കാറുമുണ്ട്. കോട്ടയം ആലീസ്, ലതിക ടീച്ചർ, മിൻമിനി, പന്തളം ബാലൻ എന്നിവരെയൊക്കെ വളരെ വൈകിയാണെങ്കിലും പരിഗണിക്കാൻ കഴിഞ്ഞു എന്നത് ഞാൻ വൈസ് ചെയർപേഴ്സനായിരുന്ന കാലത്താണ് എന്നത് ചാരിതാർഥ്യമായി തോന്നുന്നു. എത്രയോ മുമ്പുതന്നെ  പരിഗണിക്കപ്പെടേണ്ടിയിരുന്നവരായിരുന്നു അവർ. അവരേക്കാളും ജൂനിയർ ആയ ആളുകൾ നേരത്തേ അവാർഡുകൾ വാങ്ങിയിരുന്നു.

News Summary - interview with Pushpavathi