എഴുത്തുകുത്ത്

‘അടിവേരുകളി'ലെ സംഭാഷണം പരാമർശിച്ചത് ഗംഭീരമായി
ചലച്ചിത്ര നിരൂപണങ്ങളും സിനിമാപഠനങ്ങളും ഒരു കാലത്ത് മുഖ്യധാരയിലെ സാംസ്കാരിക പ്രസിദ്ധീകരണങ്ങളിലെ മുഖ്യ ആകർഷണമായിരുന്നു. കോഴിക്കോടനും സിനിക്കും നാദിർഷായും അശ്വതിയുമൊക്കെ പല മേഖലകളിൽ പ്രവർത്തിച്ചവരായിരുന്നുവെങ്കിലും സിനിമയെഴുത്തുകൊണ്ട് അവരെ മലയാളികൾ എന്നെന്നും ഓർക്കുന്നവരാണ്. കലാപരമായും കച്ചവട ചേരുവകളും ചേർന്ന ചലച്ചിത്രങ്ങൾ മുടക്കമില്ലാതെ പുറത്തിറങ്ങുമ്പോഴും അവയെ കുറിച്ചൊന്നും കാര്യമായ എഴുത്തുകളോ അനുബന്ധമായ പഠനങ്ങളോ പ്രസിദ്ധീകരിച്ചു കാണുന്നില്ല. ഒരു ആഴ്ചപ്പതിപ്പിൽ നിരൂപണം വന്നിട്ട് ആ ചലച്ചിത്രത്തിന് പോകാമെന്ന് ഇന്ന് ആരും വിചാരിക്കുന്നില്ലെങ്കിലും ഇത്തരം എഴുത്തുകൾ വരുംകാലങ്ങളിൽ ഉപകാരപ്പെടുന്നവർ ഏറെയുണ്ട്.
മുമ്പത്തെക്കാൾ വേഗത്തിൽ പുസ്തകരൂപങ്ങളിലും ഇത്തരം രചനകൾക്ക് സാധ്യതയേറുകയാണ്. മാധ്യമം പത്രാധിപസമിതി സിനിമയെഴുത്തുകളെ ഗൗരവപൂർവം പരിഗണിക്കുന്നത് അഭ്യുദയകാംക്ഷികളായ ഞങ്ങൾക്ക് സന്തോഷം പകരുന്നു. അനിറ്റ ഷാജി, വത്സൻ വാതുശ്ശേരി, എം.സി. രാജനാരായണൻ തുടങ്ങി എഴുതി തെളിഞ്ഞവർക്കും പുതിയവർക്കുമുള്ള പരിഗണന ശ്രദ്ധേയമാണ്. ഡോ. എ.കെ. വാസുവിന്റെ ഒരു ജാതി സംവരണം! (ലക്കം 1411) തലക്കെട്ടുപോലെ നല്ല അനുഭവമായിരുന്നു. ‘ഒരു ജാതി പിള്ളേരിഷ്ടാ’ എന്ന പുതിയ സിനിമയെ മുൻനിർത്തിയുള്ള നിരീക്ഷണമായിരുന്നു അതെങ്കിലും അദ്ദേഹം അതിൽ പരാമർശിച്ച ജാതീയതയുള്ള ചിത്രങ്ങളിൽ തുടക്കത്തിൽതന്നെയുള്ള ‘അടിവേരുകളി’ലെ സംഭാഷണം പരാമർശിച്ചത് ഗംഭീരമായി.
ടി. ദാമോദരൻ മാസ്റ്ററുടെ പ്രകമ്പനംകൊള്ളിക്കുന്ന ഡയലോഗുകൾ നിരീക്ഷിക്കുന്നവർപോലും ഈ പടത്തെ കണ്ടിട്ടില്ലെന്ന് തോന്നുന്നു! ഈ ചിത്രമൊരുക്കിയ അനിൽ എന്ന നവാഗതനിലും പ്രതീക്ഷയുണ്ടായിരുന്നു. സൂര്യഗായത്രി, ഗംഗോത്രി അടക്കമുള്ള ചിത്രങ്ങളിലൂടെ അദ്ദേഹവും പെട്ടെന്നുതന്നെ രംഗത്തുനിന്ന് അപ്രത്യക്ഷനായി.
കെ.പി. മുഹമ്മദ്‌ഷെരീഫ് കാപ്പ്, പെരിന്തൽമണ്ണ
പപ്പേട്ടന് ആദരം
മലയാള കഥയെഴുത്തുകാരെ മുഴുവൻ ഒരു വേദിയില്‍ അണിനിരത്തി അതില്‍ എക്കാലത്തെയും ‘കേമന്‍’ ആരെന്ന് ചോദിച്ചാല്‍ 'പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി' എഴുതിയ ടി. പത്മനാഭൻ എന്ന് ഞാൻ പറയും. ഒരിക്കൽ ഒരു അഭിമുഖക്കാരൻ സുകുമാർ അഴീക്കോട് മാഷോട് ചോദിച്ചു –‘‘മാഷുടെ പ്രസംഗങ്ങളിലെപ്പോഴും കേൾക്കാറുള്ള ഒരു വാക്കാണ് ‘ഉദാത്തം’. എന്താണതുകൊണ്ട് അർഥമാക്കുന്നത്?’’ ചോദ്യകർത്താവിനെ ഒന്നു സൂക്ഷിച്ചുനോക്കി മാഷ് പറഞ്ഞു, ‘‘അതൊരു അർഥാലങ്കാരമാണ്. ഉത്കൃഷ്ടം, കുലീനം എന്നൊക്കെ പറയാം. ഉദാഹരണത്തിന് ഒരു എഴുത്തുകാരന്റെ കൃതി എത്രനാൾ വായിക്കപ്പെടുന്നു എന്നു നോക്കിയാണ് അത് ഉദാത്തമാണോ അല്ലയോ എന്ന് പറയാൻ. അതാണ് രചനയുടെ മൂല്യം നിർണയിക്കുന്ന മാപിനി.’’
എഴുത്തിെന്റ 76ാം വാർഷികം ആഘോഷിക്കുന്ന പപ്പേട്ടനോടുള്ള ആദരമായി ഇറക്കിയ ഈ വിശേഷാൽപ്പതിപ്പ് വായിച്ചുപോകവേ ഇക്കാര്യം എനിക്കോർമ വരാൻ ഒരു കാരണമുണ്ട്. അദ്ദേഹം 21ാം വയസ്സിൽ എഴുതിയ ‘പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി’ പോലുള്ള ഒരു കഥ 76ാം വർഷത്തിലും ആവേശപൂർവം വായിക്കപ്പെടുന്നത് ഒരു ചെറിയ കാര്യമല്ല. മലയാളത്തിലെ എത്ര എഴുത്തുകാർക്കുണ്ട് അങ്ങനെയൊരു യോഗം? ആ കഥ മാത്രമല്ല ഗൗരിയും കടലും മായാമാളവഗൗളവും മഖൻസിങ്ങിന്റെ മരണവും തുടങ്ങി ഒരുപാട് കഥകൾ ആ ഗണത്തിൽപെടുന്നതാണ്.
പപ്പേട്ടന്‍ ഒരു മഹാസംഭവമാണ്. ഇംഗ്ലണ്ടിലായിരുന്നു അദ്ദേഹം ജനിച്ചിരുന്നതെങ്കില്‍ ‘A wonderful literary phenomena’ എന്ന് വിളിച്ച് അവിടത്തെ സഹൃദയലോകം അദ്ദേഹത്തെ പൊക്കിക്കൊണ്ട് നടക്കുമായിരുന്നു. അവാർഡുകൾ നൽകി ആദരിക്കുമായിരുന്നു. ആ എഴുത്തിൽനിന്നും ഒരു കുത്തോ കോമയോ എടുത്തുമാറ്റാനില്ല. അത്രക്കും ആറ്റിക്കുറുക്കിയെടുത്ത എഴുത്തിന്റെ സത്താണത്. അതുപോലെ മലയാളത്തില്‍ ഗദ്യമെഴുതിയിരുന്ന ഒരേയൊരാള്‍ നമ്മുടെ മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ മാത്രം.
ഈ വിശേഷാല്‍പതിപ്പ് അദ്ദേഹത്തിന്‍റെ എഴുത്തുലോകവും ജീവിതവും തുറന്നുകാട്ടുന്നു; പി.സക്കീര്‍ ഹുസൈനുമായി അദ്ദേഹം നടത്തിയ സംഭാഷണത്തിലൂടെ പ്രത്യേകിച്ചും. ഇതിലെ എല്ലാ രചനകളും പത്മനാഭനെന്ന കഥാകൃത്തിന്റെ തൊപ്പിയിൽ പൊൻതൂവലുകൾ ചാർത്തുന്നു. ഇനിയുമിനിയും ഒരുപാടു നാള്‍ എഴുതാനുള്ള ആയുരാരോഗ്യസൗഖ്യവും നറുഭാവനയും സര്‍വശക്തന്‍ ഈ കഥയെഴുത്തിന്റെ ഭീഷ്മാചാര്യന് നൽകെട്ട.
സണ്ണി ജോസഫ്, മാള
‘ചെറുപ്പത്തിന്റെ ചോരക്കളി’: സമഗ്ര സമീപനം ആവശ്യം
ചെറുപ്പത്തിന്റെ ചോരക്കളി എന്ന തലക്കെട്ടിൽ മാധ്യമം ആഴ്ചപ്പതിപ്പിന്റെ മുഖപ്രസംഗം അനിവാര്യവും സമകാല കേരളീയ സമൂഹത്തോട് അഭിമുഖംനിന്ന് സംസാരിക്കുന്നതുമായി. സാമൂഹിക ശാസ്ത്രജ്ഞർ മുന്നോട്ടുവെക്കുന്ന പലതരം കാരണങ്ങളെ തെളിവായി നിരത്തിക്കൊണ്ട് ആഴ്ചപ്പതിപ്പ് സമൂഹത്തിന്റെ മൊത്തത്തിലുള്ള മാനസികാരോഗ്യം വലിയതോതിൽ അപകടത്തിൽ ആയിരിക്കുന്നു എന്നും അതിന്റെ രോഗലക്ഷണമാണ് ഇപ്പോഴുള്ള വയലൻസുകൾ എന്നും നിരീക്ഷിക്കുന്നു. ഈ അക്രമോത്സുക സാമൂഹിക മനോഭാവം ലളിതമായി വിട്ടുകളയാതെ ഗൗരവമായ ചിന്തകളും ഇടപെടലും സമൂഹത്തിന്റെമൊത്തത്തിലുള്ള പുനർനിർമിതിയും അടിയന്തര ആവശ്യമാണെന്ന് കേരളസമൂഹത്തെ ഓർമപ്പെടുത്തിക്കൊണ്ട് ആഴ്ചപ്പതിപ്പ് ഒരു സാംസ്കാരിക പ്രസിദ്ധീകരണത്തിന്റെ എല്ലാ ഉത്തരവാദിത്തവും നിറവേറ്റുന്നുണ്ട്.
അദർ യൂനിവേഴ്സിൽ ജീവിക്കുന്ന 2 K ഇല്യുമിനാറ്റി പൗരന്മാരിൽ മാത്രം കുറ്റമാരോപിച്ചുകൊണ്ട് ഈ വിഷയത്തെ കൈകാര്യംചെയ്യാൻ കഴിയില്ല. 1970 മുതൽ 1985 വരെയുള്ള ഒന്നര ദശാബ്ദത്തിനിടയിൽ ജനിച്ച സ്ത്രീ-പുരുഷന്മാർ, കെട്ടിപ്പടുത്ത കുടുംബങ്ങളിൽനിന്ന് വരുന്ന മക്കളാണ് അവർ. അപ്പോഴേക്കും ഈ മാതാപിതാക്കൾക്ക് പിന്തുടരാൻ പുരോഗമനപരമായ ആശയങ്ങളും മാതൃകയാക്കാൻ പറ്റുന്ന തരത്തിലുള്ള രാഷ്ട്രീയ സാംസ്കാരിക വ്യക്തിത്വങ്ങളും അസ്തമിച്ചിരുന്നു. ആ സ്ഥാനത്തേക്ക് സിനിമാതാരങ്ങളും കായികതാരങ്ങളും ഒക്കെയാണ് കടന്നുവന്നത്. വിദ്യാഭ്യാസം സാർവത്രികമാകുകയും അഭ്യസ്തവിദ്യർ പതിന്മടങ്ങ് കൂടിയെങ്കിലും പുരോഗമനപരമായ ഒരു കേരള സമൂഹത്തെ കെട്ടിപ്പടുക്കുന്നതിൽ അത്ര കണ്ടു വിജയിച്ചുവോ എന്നത് പരിശോധിക്കേണ്ട വിഷയമാണ്.
നമ്മുടെ നവോത്ഥാനംപോലും അതത് ജാതികൾക്കുള്ളിലെ പരിഷ്കരണ ശ്രമങ്ങളായിരുന്നു എന്ന നിരീക്ഷണമുണ്ട്. പല ജാതി സംസ്കാരങ്ങളിൽനിന്ന് വരുന്ന കുട്ടികൾ ഒന്നിച്ചിരുന്ന് പഠിക്കുകയും ഐക്യത്തിന്റെ പാഠങ്ങൾ അഭ്യസിക്കുകയും ചെയ്യാൻ കഴിഞ്ഞിരുന്ന പൊതു വിദ്യാലയം എന്ന ആശയം ശുഷ്കിക്കുകയും കൊഴിഞ്ഞു പോവുകയും ചെയ്തപ്പോൾ കേരളത്തിൽ മത-ജാതി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പരക്കെ മുളച്ചുവരുകയും തഴച്ചുവളരുകയും ചെയ്തു. പല ജാതി-മതങ്ങളും അവരവരുടെ കുട്ടികളെ അവരവരുടേതാക്കി തങ്ങളുടെ സ്കൂളുകളിൽ പരുവപ്പെടുത്തിയെടുത്തു.
തീർച്ചയായും നവോത്ഥാന മൂല്യങ്ങളുടെ തുടർച്ചയെ വിടർത്തിയെടുക്കാൻ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അധ്യാപകർക്കും കഴിയുമായിരുന്നു. നിർഭാഗ്യവശാൽ അതുണ്ടായില്ല. മനുഷ്യരെ ഒന്നിച്ചു കൂട്ടാനും ഒരു ചരടിൽ കോർത്ത മുത്തുകൾ മാലയാകുന്നതുപോലെ ഐക്യപ്പെട്ടു കഴിയാനും ഉപയോഗിക്കാവുന്ന സമൂഹമാധ്യമങ്ങളിലെ വേദികൾ ശ്രദ്ധിച്ചാൽ നമുക്കറിയാം പലപ്പോഴും സമൂഹം ഐക്യപ്പെടുന്നു എന്നതിനപ്പുറം ശിഥിലീകരിക്കപ്പെടുന്നതായാണ് അനുഭവം. ചില ആശയങ്ങളെ, ധാരണകളെ പിൻപറ്റുന്നവരെ അപമാല സ്വീകരിക്കുന്ന വാക്കുകൾപോലും പുതുകാലത്ത് സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ഇത്തരം വാക്ക് നിർമിതിയിലും ഉണ്ടല്ലോ വയലൻസ്.
സ്വാതന്ത്ര്യാനന്തര-നവോത്ഥാനാനന്തര ഇന്ത്യയെ തൊട്ടടുത്ത തലമുറക്ക് എല്ലാ നന്മകളോടെയും കൈമാറാൻ കഴിയാതിരുന്നതിന്റെ കാരണങ്ങൾ അന്വേഷിച്ചുകൊണ്ട് തുടങ്ങണം പലതും. വിദ്യാസമ്പന്നരായ കുട്ടികൾ മറ്റിടങ്ങളിൽ ഉദ്യോഗം തേടുന്നതും പൗരത്വം ആശിക്കുന്നതും ഒരു മോശം കാര്യമല്ല എന്ന് സമ്മതിക്കുമ്പോഴും വലിയ വിലകൊടുത്ത് സ്വതന്ത്രമാക്കിയ ഒരു രാജ്യം കൂടുതൽ കൂടുതൽ ഗുണപരമായ അന്തരീക്ഷമുള്ള ഒരു ഇടമാക്കി മാറ്റാൻ കെൽപും ഉത്തരവാദിത്തവുമുള്ള യുവാക്കൾ രാജ്യത്തെ ഫാഷിസ്റ്റ് താൽപര്യങ്ങൾ ഉള്ളവരുടെ കൈയിലേക്ക് ഇട്ടുകൊടുത്തിട്ട് പോകുന്നു എന്നത് കാണാതിരിക്കരുത്. ആ ചെറുപ്പക്കാരെ അത്തരം ഒരു തീരുമാനത്തിലേക്ക് എത്താൻ പ്രേരിപ്പിച്ച സാമൂഹികഘടകങ്ങളെ സൃഷ്ടിച്ച തന്തവൈബ് എന്താണെന്ന് കണ്ടെത്തിയിരിക്കുന്നു.
സമസ്ത മേഖലയിലെയും മനുഷ്യർ ഒന്നിച്ചിരുന്ന് കാര്യങ്ങളെ വിശകലനംചെയ്യുകയും ഓരോരുത്തരും പുതുകാലത്തെ തിരിച്ചറിഞ്ഞ് സ്വയം പുതുക്കുകയുംചെയ്യേണ്ട പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്. എഴുത്തുകാർക്കും സാംസ്കാരിക പ്രവർത്തകർക്കും ഇതിലേക്ക് പലതും ചെയ്യാനുണ്ട്. മനുഷ്യർ കൊല്ലപ്പെടുന്നതിലെ സങ്കടവും മാനസിക ബുദ്ധിമുട്ടുംപോലെ തന്നെയാണ് അതിലെ കൊലപാതകികൾ കൗമാരമോ യുവത്വമോ പിന്നിടാത്ത വ്യക്തികൾ ആണെന്ന അറിവും.
പ്രിയ സാറാക്കുട്ടി, തൃപ്പൂണിത്തുറ
വായനയുടെ തോട്ടിൽ കണ്ണീർപാച്ചിൽ
മനുഷ്യരെ പറ്റിയുള്ള കവിതകൾ കാണുമ്പോൾ, കവിതകളിലേക്ക് മനുഷ്യർ മടങ്ങിയെത്തുമ്പോൾ മലയാള കവിതയുടെ യഥാർഥ മാനത്തിലേക്ക് കാമ്പുള്ള കവികൾ പുതുവഴി ചവിട്ടി തേച്ചൊരുക്കുന്നു എന്ന ആശ്വാസം തോന്നാറുണ്ട്. സാധാരണ മനുഷ്യദുഃഖങ്ങൾ കവിതയിൽ അന്യവത്കരിക്കപ്പെടുന്ന പ്രത്യേക സന്ദർഭത്തിൽ; പെൺമനങ്ങളെ ആഖ്യാനപ്പെടുത്തണമെന്ന നിർബന്ധബുദ്ധിയില്ലാതെ തന്നെ പെൺജീവിതം കവിതയിലേക്ക് കയറിവന്നു എന്ന സന്തോഷം മനസ്സിനെ ചെന്നുമുട്ടുന്നു.
പെൺ കവിത... പെൺകവിത എന്ന് പരിസരം ആക്രാന്തപ്പെടുന്നൊരു സന്ദർഭത്തിലാണ് ഈ നിർബന്ധപ്പെടലുകളൊന്നുമില്ലാതെ തന്നെ ഉദയ പയ്യന്നൂരിന്റെ കവിത (ലക്കം 1410) പെണ്ണുടലുകൾ ഭേദിക്കുന്നതും. മുലമൂർച്ച ചാപ്പറമ്പിലെത്തിച്ചവരും, ജീവിതക്ലേശത്തിൽ കയർ കഴുത്ത് മുറിച്ചവരുമല്ലാതെ മറ്റാരാണ് കവിതയിൽ കയറിവരാൻ അർഹതപ്പെട്ടവർ? വായനയുടെ തോട്ടിൽ കണ്ണീർ പാച്ചിലൊരുക്കുന്നുണ്ട് കവിയും കവിതയും.
ബാലഗോപാലൻ കാഞ്ഞങ്ങാട് (ഫേസ്ബുക്ക്)