എഴുത്തുകുത്ത്

ഈ ബാലകൃഷ്ണനല്ല ആ ബാലകൃഷ്ണൻ!
ആഴ്ചപ്പതിപ്പിൽ ‘സംഗീതയാത്രകളി’ൽ (ലക്കം: 1412) ‘കല്യാണപ്പന്തൽ’ എന്ന സിനിമയിലെ പാട്ടുകളെ കുറിച്ചു പറഞ്ഞപ്പോൾ അനുബന്ധമായി ചേർത്ത ചിത്രങ്ങളിൽ ഡോ. ബാലകൃഷ്ണന്റെ പടമാണെന്ന് കരുതി സംഗീത സംവിധായകൻ എസ്. ബാലകൃഷ്ണന്റെ ചിത്രമാണ് പ്രസിദ്ധീകരിച്ചതെന്ന് സൂചിപ്പിക്കട്ടെ. ഹരിഹരൻ, സത്യൻ അന്തിക്കാട്, പി. ചന്ദ്രകുമാർ, ബാലു കിരിയത്ത് തുടങ്ങി 70കളുടെ ആദ്യ പകുതി മുതൽ ഏറെക്കാലം സംവിധാനരംഗത്ത് നിറഞ്ഞുനിന്നവർക്ക് സിനിമയുടെ ബാലപാഠം പഠിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു ഡോ. ബാലകൃഷ്ണൻ. ‘ലേഡീസ് ഹോസ്റ്റൽ’, ‘സിന്ദൂരം’ തുടങ്ങി നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്തായും ‘ലവ് ലെറ്റർ’, ‘രാജപരമ്പര’ എന്നിങ്ങനെയുള്ള ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തും ‘‘ബിന്ദൂ നീ ആനന്ദബിന്ദൂ...’’ അടക്കമുള്ള സുന്ദരഗാനങ്ങൾ രചിച്ചിട്ടുമുള്ള ഡോ. ബാലകൃഷ്ണന് ദീർഘകാലത്തിനുശേഷം അരുമ ശിഷ്യൻ ഹരിഹരൻ ഒരു തിരക്കഥകൂടി എഴുതാൻ അവസരം കൊടുത്തിരുന്നു –കുഞ്ചാക്കോ ബോബൻ-ശാലിനി കൂട്ടുകെട്ടിൽ പിറന്ന ‘പ്രേംപൂജാരി’.
സിദ്ദിഖ്ലാൽ അവതരിപ്പിച്ച സംഗീത സംവിധായകൻ എസ്. ബാലകൃഷ്ണന് കുറച്ച് പടങ്ങൾക്കേ ഈണമൊരുക്കാൻ അവസരം ലഭിച്ചുള്ളൂവെങ്കിലും ‘റാംജിറാവ് സ്പീക്കിങ്ങി’ൽ തുടങ്ങി ‘ഗോഡ്ഫാദർ’, ‘ഇൻഹരിഹർ നഗർ’, സിദ്ദീഖ് ഷമീർ സംവിധാനംചെയ്ത ‘മഴവിൽകൂടാരം’, ‘ഇഷ്ടമാണ് നൂറുവട്ടം’ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഇമ്പമാർന്ന ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ആനുകാലികങ്ങളിൽ പ്രതിഭകളുടെ ഫോട്ടോ മാറി അച്ചടിക്കുന്നത് നിസ്സാരമായി കാണരുത്.
കെ.പി. മുഹമ്മദ് ഷെരീഫ് കാപ്പ്, പെരിന്തൽമണ്ണ
അടിസ്ഥാന ജനങ്ങളെ മറന്ന ‘വികസനക്കുതിപ്പി’ന് എന്തർഥം?
‘ദലിതരുടെയും ആദിവാസികളുടെയും 560 കോടി സർക്കാർ കവരുമ്പോൾ’ എന്ന തലക്കെട്ടിൽ (ലക്കം: 1412) സുൽഹഫ് എഴുതിയ റിപ്പോർട്ട് വായിച്ചു. സാമ്പത്തിക പ്രതിസന്ധിയുടെ മറവിൽ സമൂഹത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന സമൂഹവിഭാഗങ്ങൾക്കായി നീക്കിവെച്ച ഫണ്ട് വെട്ടിമുറിക്കുന്നത് ഒരർഥത്തിലും അംഗീകരിക്കാനാവില്ല. ഈ നീതിനിഷേധമാണ് ലേഖനം തുറന്നുകാട്ടിയത്.
ഈ ലേഖനത്തിൽ പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾക്ക് അനുവദിച്ച ഫണ്ട് വെട്ടിയതിനെക്കുറിച്ചാണ് പറയുന്നത്. ലേഖനത്തിൽനിന്ന്: പട്ടികവർഗ വകുപ്പിന്റെ കീഴിലുള്ള 49 പദ്ധതികളിൽ നടത്തിയ പരിശോധനകളും മാറ്റങ്ങളുമാണ് അതിലുള്ളത്. 49ൽ 21 എണ്ണം ഒഴികെ ബാക്കിയെല്ലാ പദ്ധതികളിലും വിഹിതം ഗണ്യമായി കുറച്ചിരിക്കുകയാണ്. ഒഴിവാക്കിയ 21ൽ രണ്ടെണ്ണം പരിശോധന കൂടാതെ അനുവദിച്ച ഫണ്ട് പൂർണമായും ഉപയോഗിക്കാൻ അനുമതി നൽകി. പ്രീ മെട്രിക് സ്കോളർഷിപ്, ലൈഫ് ഭവനപദ്ധതി എന്നിവയാണവ. ബാക്കിയെല്ലാം വെട്ടിക്കളഞ്ഞിട്ടുണ്ട്. 25 കോടി വകയിരുത്തിയ ഭക്ഷ്യസഹായ പദ്ധതി 20 കോടിയാക്കി; ഭൂരഹിത പട്ടികവർഗക്കാരുടെ പുനരധിവാസത്തിന് നീക്കിവെച്ച 42 കോടി 22 കോടിയിലേക്ക് ചുരുക്കി; ആദിവാസികളുടെ സ്വയംതൊഴിൽ, നൈപുണ്യ വികസനം എന്നിവക്കായുള്ള 90 കോടി 51 കോടിയാക്കി; 40 കോടിയുടെ കോർപസ് ഫണ്ടിൽനിന്ന് (ക്രിട്ടിക്കൽ ഗ്യാപ് ഫില്ലിങ് സ്കീം) 10 കോടി കുറച്ചു; 70 കോടിയുടെ ഭവന നിർമാണ പദ്ധതി 53 കോടിയാക്കി; ആദിവാസി സുസ്ഥിര വികസനത്തിനായി പ്രഖ്യാപിച്ചിരുന്ന സ്പെഷൽ ഫണ്ട് 40 കോടിയിൽനിന്ന് 12 കോടിയിലേക്ക് വെട്ടി...’’ സമാനമായ രീതിയിൽ എസ്.സി വിഭാഗത്തിൽനിന്നും ഫണ്ട് വെട്ടിയതിന്റെ വിശദാംശങ്ങൾ ലേഖനത്തിൽ വായിക്കാം. ആദിവാസി-ദലിത് വിഭാഗങ്ങൾ അനുഭവിക്കുന്ന നീതിനിഷേധത്തിന്റെ കൃത്യമായ റഫറൻസ് ആണ് ഈ ലേഖനം.
മറ്റൊരു കാര്യംകൂടി: മേൽസൂചിപ്പിച്ചതത്രയും അനുവദിച്ച ഫണ്ടിനെക്കുറിച്ചായിരുന്നു. ഇതിൽ എത്ര ചെലവഴിച്ചുവെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ആ കണക്കുകൂടി പുറത്തുവരുമ്പോഴാണ് ഈ കടുംവെട്ടിന്റെ ആഴം ശരിക്കും ബോധ്യപ്പെടുക. എസ്.സി-എസ്.ടി ഫണ്ടിൽനിന്ന് ഒരു രൂപപോലും വെട്ടാത്തത് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് നീക്കിവെച്ച തുകയാണ്. ആദിവാസി അമ്മമാർക്കുള്ള ജനനി ജന്മ രക്ഷാ പദ്ധതിക്കൊക്കെ നീക്കിവെച്ച പണം വെട്ടിയില്ല എന്നാണ് രേഖകൾ. എന്നാൽ, അനുവദിച്ച പണത്തിന്റെ പകുതിപോലും ചെലവഴിച്ചില്ല എന്നതാണ് യാഥാർഥ്യം. സമാനമാണ് ന്യൂനപക്ഷങ്ങൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പിൽ 50 ശതമാനം തുക വെട്ടിയ നടപടിയും. അടിസ്ഥാന വിഭാഗം ജനങ്ങളെ മറന്നുള്ള ഈ ‘വികസനക്കുതിപ്പി’ന് എന്തർഥമാണുള്ളത്?
സുദർശൻ പാലക്കോട്,മാനന്തവാടി
പറയുന്നതിനൊരു ഉളുപ്പ് വേണ്ടേ?
‘ആശ സമരത്തിലെ അതിജീവന പാഠങ്ങൾ’ എന്ന എം. ഷിബുവിന്റെ ഉള്ളം തകർക്കുന്ന അവലോകനം വായിച്ചു (ലക്കം: 1411). അതിൽ കുറിച്ചിരിക്കുന്ന ഒരമ്മയുടെ ഉള്ളുലക്കുന്ന വിലാപത്തിൽനിന്നും ഉയരുന്ന രോഷം ഒന്നു വായിച്ചു നോക്കൂ:
‘‘കൊതുകിനെ തുരത്താൻ വീടുകൾതോറും കയറിയിറങ്ങുന്ന ഞങ്ങളിപ്പോൾ കൊതുകിന് രക്തം കൊടുക്കാൻ നിരത്തിൽ കിടക്കുകയാണ്. കല്ലാണോ ഈ സർക്കാറിന്റെ മനസ്സ്? അതോ ഇവർക്ക് മനസ്സെന്ന ഒന്ന് ഇല്ലേ? 13,000 രൂപ കിട്ടുമെന്ന് ആരോഗ്യമന്ത്രി പറയുന്നു. പക്ഷേ, ആർക്കാണ് ഇത് കിട്ടുന്നത്? പറയുന്നതിനൊരു ഉളുപ്പ് വേണ്ടേ?’’
ഈ കടുത്ത വേനൽച്ചൂടിൽ ആശ വർക്കർമാരെന്ന നമ്മുടെ അമ്മ പെങ്ങന്മാർ റോഡിൽ കിടന്നു സമരം ചെയ്യുന്നത് ഉത്തരവാദിത്തപ്പെട്ടവർ ആരും കാണുന്നില്ലേ? ഖജനാവിൽ കാശില്ലെന്നു പറയുന്ന ഈ സർക്കാറെങ്ങനെ കോൺഗ്രസിൽനിന്നു ചേക്കേറിയ കെ.വി. തോമസിന്റെ യാത്രാബത്തയും പി.എസ്.സി ചെയർമാന്റെയും സഹകാരികളുടെയും ശമ്പളവും ക്രമാതീതമായി വർധിപ്പിച്ചു. അവരാരുംതന്നെ കാശില്ലാതെ ബുദ്ധിമുട്ടുന്നവരല്ലെന്ന് പരസ്യമായ രഹസ്യമാണ്. അതേസമയം ഈ സഹോദരിമാരോ ഉടുതുണിക്ക് മറുതുണിയില്ലാത്ത പട്ടിണിപ്പാവങ്ങളാണ്. അവർക്കുമുണ്ട് വളർന്നുവരുന്ന മക്കൾ. അവർക്കുമുണ്ട് ആശയും ആശാഭംഗവും. മാസംതോറും കിട്ടുന്ന 7000 രൂപയെന്ന ഓണറേറിയംകൊണ്ട് അവരെങ്ങനെയാണ് ജീവിക്കുക. അവർ രാപ്പകൽ ജോലിചെയ്യുന്നുണ്ടോ എന്നു നോക്കാൻ ഉദ്യോഗസ്ഥരുണ്ട്. എന്നാൽ, എന്തെങ്കിലും കഴിച്ചിട്ടാണോ അവർ മറ്റുള്ളവരുടെ സങ്കടങ്ങൾ തീർക്കാൻ എത്തുന്നതെന്ന് ചോദിക്കാനാരുമില്ല. ‘എല്ലാം ശരിയാകും’ എന്ന പ്രതീക്ഷാനിർഭരമായ മുദ്രാവാക്യത്തോടെ തുടക്കം കുറിച്ച ഒരു സർക്കാറാണ് ഭരണത്തിലുള്ളതെന്ന കാര്യം ഇത്തരണത്തിൽ മറക്കരുത്, ഇതെല്ലാം കാണുമ്പോഴും കേൾക്കുമ്പോഴും വായിക്കുമ്പോഴും.
‘‘ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരെ ഞങ്ങൾ തൻ പിൻമുറക്കാർ’’ എന്ന ചങ്ങമ്പുഴയുടെ വരികൾ ഓർമ വരുന്നു. ഓർക്കുക –ഇതെഴുതുന്ന ദിവസം സമരം 30ാo ദിവസത്തിലേക്ക് കടക്കുകയാണ്. ഇതിനകം കിടന്നും ഇരുന്നും, മുദ്രാവാക്യം വിളിച്ചും ആ വനിതകളുടെ ആരോഗ്യം എത്രമാത്രം നശിച്ചിട്ടുണ്ടാകും.
സണ്ണി ജോസഫ്, മാള
ആഴ്ചപ്പതിപ്പ് നൽകിയ ആദരം നല്ലതായി
നമ്മുടെ ഭാഷയിലെ ഏറ്റവും മുതിർന്ന കഥാകൃത്തിന് മാധ്യമം ആഴ്ചപ്പതിപ്പ് നൽകിയ ആദരം (ലക്കം: 1409) വളരെ നല്ലതായി എനിക്ക് തോന്നി. കുറച്ച് വൈകിയാണ് ഈ പതിപ്പ് വായിച്ചത്. ഇപ്പോഴും അതിലളിതമായി അനുഭവിപ്പിക്കുന്ന കഥ എഴുതാൻ ടി. പത്മനാഭന് കഴിയുന്നു. ആ പേനയുടെ കരുത്ത് കുറയുന്നില്ല. ‘കൊച്ചനിയത്തി’ എന്ന കഥ സുന്ദരം.
എഴുത്തുകാർ തമ്മിലുള്ള പിണക്കം ലോകത്ത് എല്ലായിടത്തുമുണ്ട്. പരസ്പരം അവഗണിക്കും. കണ്ണൂരിലായിട്ടും എം. മുകുന്ദനെ കാണാൻ താൻ പോയിട്ടില്ലെന്നും മുകുന്ദൻ ഇങ്ങോട്ട് വരാറില്ലെന്നും വായിച്ചപ്പോൾ ഒന്ന് ഞെട്ടി. പ്രിയപ്പെട്ട പി. സക്കീർ ഹുസൈൻ നടത്തിയ അഭിമുഖം വായിച്ചപ്പോൾ പഴയ ഒരു അനുഭവം എനിക്കും ഓർമ വന്നു.
അന്ന് ഞാൻ കണ്ണൂരിൽ മാതൃഭൂമി ക്ലബ് എഫ്.എമ്മിൽ ജോലി ചെയ്യുന്ന കാലമാണ്. ‘ക’ ഫെസ്റ്റിവലിന്റെ ആദ്യ എഡിഷന്റെ ഭാഗമായി എല്ലാ ജില്ലകളിലെയും പ്രമുഖ എഴുത്തുകാരെ റേഡിയോയിൽ കോളജ് വിദ്യാർഥികൾ അഭിമുഖം ചെയ്യുന്ന പരിപാടി ഇട്ടു. സഹായിയും എഴുത്തുകാരനും റേഡിയോ നിലയത്തിലെത്തി. കണ്ണൂരിലെ ഒരു കോളജിൽനിന്ന് കുട്ടികളും വന്നു. ആർ.ജെ മോഡറേറ്ററായി എല്ലാം സെറ്റാക്കി. പപ്പേട്ടൻ സ്റ്റുഡിയോയിൽ ഗംഭീരനായി ഇരുന്നു. കുട്ടികൾക്ക് നേരെ ആദ്യ ചോദ്യം അദ്ദേഹം തൊടുത്തു: ‘‘എന്റെ കഥ വല്ലതും നിങ്ങൾ വായിച്ചിട്ടുണ്ടോ?’’
കുട്ടികൾ മിണ്ടുന്നില്ല. പപ്പേട്ടന് ദേഷ്യം വന്നു. പിണങ്ങി എഴുന്നേറ്റ് പോവാൻ തുടങ്ങുന്നു. ഒരു വിധത്തിൽ ഞങ്ങൾ അദ്ദേഹത്തെ സമാധാനിപ്പിച്ച് കുട്ടികളുടെ ലളിത ചോദ്യങ്ങൾകൊണ്ട് അഭിമുഖം അവസാനിപ്പിച്ചു. പിന്നീട് ഫോമിലായി അദ്ദേഹം നന്നായി സംസാരിച്ചു. മാധ്യമം ടീമിന് ആശംസകൾ.
ജേക്കബ് ഏബ്രഹാം (ഫേസ്ബുക്ക്)
സുധീറിന്റെയല്ലാത്ത ഗാനരംഗങ്ങൾ
മാർച്ച് 17-24 ലക്കത്തിൽ എഴുതിയ സുധീറിനെ കുറിച്ചുള്ള കുറിപ്പിൽ നോട്ടക്കുറവുകൊണ്ട് സുധീറിന്റേതല്ലാത്ത രണ്ടു ഗാനരംഗങ്ങൾ കടന്നുകൂടിയിട്ടുണ്ട്. മുല്ലമലർ തേൻ കിണ്ണം, രൂപവതി നിൻ എന്നിവയാണ് അവ. ഖേദപൂർവം.
രവി മേനോൻ