Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

Letters
cancel

ചടുലവും ജീവിതഗന്ധിയുമായി ശ്രീകുമാറിന്റെ സ്മൃതിസഞ്ചാരം

കഥാകൃത്ത് ഇ.പി. ശ്രീകുമാര്‍ തന്റെ പ്രധാനകഥകളിലെ ഭൂതം, വര്‍ത്തമാനം, ഭാവി എന്നിവയിലൂടെ നടത്തുന്ന സഞ്ചാരം (ലക്കം: 1412) എന്‍. മോഹനന്റെ ഏറെ വായിക്കപ്പെട്ട ‘മകന്‍ ’ എന്ന കഥയില്‍ നങ്കൂരമിട്ടു നില്‍ക്കയാണല്ലോ. ചടുലവും ജീവിതഗന്ധിയുമായി ശ്രീകുമാറിന്റെ ഈ സ്മൃതിസഞ്ചാരമെന്ന് എന്‍. മോഹനന്റെ മകള്‍ എന്നനിലയില്‍ പറയാതെ വയ്യ.

പ്രഥമദൃഷ്ട്യാ, രസകരമെന്ന് തോന്നും ശ്രീകുമാറിന്റെ അന്വേഷണ പരീക്ഷണം. വാസ്തവത്തില്‍, എഴുതുന്നയാള്‍ക്ക് കടുത്ത വെല്ലുവിളിയാണത്. യാഥാർഥ്യത്തിനും ജീവിതത്തിനുമിടയിലൂടെ അതിനേർമയില്‍ കടന്നുപോവുന്ന ഒരു കഥയാണ് പത്മരാജന്‍ അവാര്‍ഡ് നേടിയ ‘മകന്‍’. എന്‍. മോഹനന്റെ ആ കഥ പലവട്ടം വായിച്ചു. അതിലെ നായകന് ഭാവിയില്‍ എന്ത് സംഭവിച്ചിരിക്കാം എന്നതിന് പലവിധ സാധ്യതകള്‍ വിഭാവന ചെയ്യുകയാണ് ശ്രീകുമാര്‍ ആദ്യം ചെയ്തത്. ഒടുവില്‍ അതിൽ ഒരു ക്ലൈമാക്സ് സ്വീകരിച്ചു.

ശ്രീകുമാര്‍ എഴുതിയ ‘മകന്‍’ രണ്ടാം ഭാഗം പ്രസിദ്ധീകൃതമായത് എന്‍. മോഹനൻ ജീവിച്ചിരിക്കുമ്പോൾതന്നെയാണ്. മാത്രമല്ല, തന്റെ കഥയില്‍നിന്നുദിച്ച ശ്രീകുമാര്‍ കഥ അദ്ദേഹം അംഗീകരിക്കുകയും ചെയ്തിരുന്നു എന്നത്‌ എനിക്കറിയുന്ന കാര്യമാണ്.

ഇപ്പോള്‍, മുപ്പതിലേറെ വര്‍ഷങ്ങള്‍ക്കു ശേഷം, തന്റെ ഭാവനയില്‍ കണ്ട ആ ക്ലൈമാക്സില്‍നിന്ന്‌ എത്ര ഭിന്നമാണ്, എത്ര സമാനമാണ് കഥാനായകന്റെ ജീവിതം എന്ന അന്വേഷണത്തിലാണ് ശ്രീകുമാര്‍. ‘സ്നേഹത്തിന്റെ കഥ (എന്റെയും)’ എന്ന ലേഖനം മകന് എന്ത് സംഭവിച്ചുവെന്നുള്ള സ്നേഹജിജ്ഞാസയുടെ കുത്തൊഴുക്കാണ്‌. അയാള്‍ പോയി ഒരു വിദേശവനിതയെ വിവാഹം കഴിച്ചോ ? അയാളുടെ അമ്മ ഒരു മുഴം കയറില്‍ ജീവിതം അവസാനിപ്പിച്ചോ? സത്യമുള്ള ഭാവനക്ക് കാലം പല കൗതുകങ്ങളും കരുതിവെക്കുമെന്ന് അദ്ദേഹം കണ്ടെത്തിയിരിക്കാം. കഥയിലെ സത്യത്തിന്‌ അനേകം അടരുകളുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കിയിരിക്കാം. ഏതായാലും, ‘മകന്‍’ എന്ന കഥയുടെ പിന്‍നിലാവ് ഒന്നോ രണ്ടോ തലമുറകള്‍ കടന്ന്‌, പുതിയ വായനാ സ്ക്രീനുകളില്‍, പുതുകാലത്തും അച്ഛന്‍-മക്കള്‍ ബന്ധത്തെ പ്രകാശിപ്പിക്കുന്നത് കാണാന്‍ എന്‍. മോഹനന്‍ ഇല്ല എന്നത് തെല്ലുസങ്കടം തോന്നുന്നുണ്ട്. ഈ സഫലപ്രയത്നത്തിന്, ഇ.പി. ശ്രീകുമാറിനും ‘മാധ്യമ’ത്തിനും മനസ്സു നിറഞ്ഞ അഭിനന്ദനങ്ങള്‍.

സരിത മോഹനന്‍ ഭാമ (എഴുത്തുകാരി, പരിഭാഷക, മാധ്യമപ്രവര്‍ത്തക)

കമ്യൂണിസ്റ്റ് ഭരണം അവസാനിക്കുകയാണോ?

ആശ വർക്കേഴ്സിന്റെ ആശാവഹമായ ജീവിതം നയിക്കുവാൻ വേണ്ടിയുള്ള സമരം ഒരു മാസം പിന്നിട്ടു. എം. ഷിബു എഴുതിയ റിപ്പോർട്ട് നിലവിലുള്ള അവരുടെ അവസ്ഥ മനസ്സിലാക്കാൻ സഹായകരമായി (ആഴ്ചപ്പതിപ്പ്, മാർച്ച് 10-17). കേരളത്തിലാകമാനം 26,153 ആശ വർക്കേഴ്സ് ഉണ്ടെന്നാണ് കണക്കുകൾ വെളിവാക്കുന്നത്. 2007ൽ 500 രൂപ ഉത്സവബത്തയിലാണ് അവരുടെ പ്രവർത്തനം ആരംഭിക്കുന്നത്. 2011ൽ അച്യുതാനന്ദൻ സർക്കാർ 300 രൂപ ഓണറേറിയം പ്രഖ്യാപിച്ചു. പിന്നീടുവന്ന ഉമ്മൻചാണ്ടി സർക്കാർ 500 രൂപ ഓണറേറിയം ആക്കി. 2016ൽ ഉമ്മൻചാണ്ടി സർക്കാർ പോകുമ്പോൾ ഘട്ടംഘട്ടമായി 1000 രൂപയിലേക്ക് എത്തിയിരുന്നു. അത് എട്ടുമാസം കുടിശ്ശികയുമായിരുന്നു. ആ കുടിശ്ശിക ഒന്നാം പിണറായി സർക്കാർ തീർത്തു. പ്രതിഫലം വർധിപ്പിച്ചു. 17 വർഷംകൊണ്ടാണ് നിലവിലുള്ള 7000 രൂപയിൽ എത്തിയത്.

7000നു പുറമെ ചില ഇൻസെന്റിവുകൾ, കേന്ദ്ര സർക്കാറിന്റെ 3000 രൂപ പ്രതിദിനം കേവലം 232 രൂപക്ക് ജീവിക്കാൻവേണ്ടി രാപ്പകലില്ലാതെ അധ്വാനിക്കുന്ന ആശ വർക്കേഴ്സിന്റെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചുകൊടുക്കുന്നതിൽ ഇടതു സർക്കാർ വിമുഖത കാണിക്കുന്നത് അംഗീകരിക്കാനാവില്ല. കാരണം, ജീവിക്കാനുള്ളതാണ് ഈ സമരം. മന്ത്രി വീണ ജോർജും ഇടതുപക്ഷ നേതാക്കളും ഇതര സംസ്ഥാനങ്ങളുമായി സമരക്കാരുടെ ആവശ്യങ്ങളെ താരതമ്യം ചെയ്യുന്നതും സമരക്കാരെ അവഗണിക്കുന്നതും അ​വഹേളിക്കുന്നതും തികച്ചും ആഭാസത്തരമാണ്. ആശ വർക്കർമാരെ മനുഷ്യരായി കാണാത്ത പിണറായി സർക്കാർ കേരളത്തിൽ കമ്യൂണിസ്റ്റ് ഭരണം അവസാനിപ്പിക്കുകയാണോ?

ഫാ. ഡാർലി എടപ്പങ്ങാട്ടിൽ, മുളന്തുരുത്തി

‘പത്മനാഭോമര പ്രഭു’

പത്മനാഭൻ സ്​പെഷൽ പതിപ്പ് (ലക്കം: 1409) പ്രസിദ്ധീകരിച്ച മാധ്യമം ആഴ്ചപ്പതിപ്പിന് അഭിനന്ദനങ്ങൾ. ‘കൊച്ചനിയത്തി’ എന്ന കഥയും വായിച്ചു. കാമ്പുള്ള കഥയാണത്. 96ാം വയസ്സിലും ഉൗർജസ്വലതയോടെ കഥയെഴുതുന്ന ടി. പത്മനാഭൻ! അദ്ദേഹത്തിന്റെ കൈയക്ഷരവും ഈ പ്രായത്തിലും എന്ത് തെളിമയുള്ളതാണ്.

ടി. പത്മനാഭനും സക്കീർഹുസൈനുമായുള്ള സംഭാഷണവും വായിച്ചു. തന്റെ അഭിപ്രായങ്ങളെയും നിലപാടുകളെയും കുറിച്ച് സംഭാഷണത്തിൽ അദ്ദേഹം പതിവുപോലെ സത്യസന്ധമായി പ്രതികരിച്ചിട്ടുണ്ട്. എല്ലാം മനസ്സിൽ അടുക്കി ശരിപ്പെടുത്തിയേ താൻ കഥയെഴുതാൻ തുടങ്ങാറുള്ളൂ. അന്നും ഇന്നും അങ്ങനെയാണ്, ഇപ്പോഴും വരിവളയാതെ എഴുതാൻ കഴിയുന്നുണ്ട്. ഇപ്പോഴും നാലു പത്രങ്ങളെങ്കിലും വായിക്കുന്നു, ഒരു കണ്ണിന് കാഴ്ച തീരെയില്ലെങ്കിലും ഓർമശക്തിയും പഴയതുപോലെതന്നെയുണ്ട്. വാങ്ങുന്നതിലല്ല കൊടുക്കുന്നതിൽ സായുജ്യംകണ്ടെത്തിയ തന്റെ അമ്മക്ക് ജാതി മത വ്യത്യാസമൊന്നുമില്ലായിരുന്നു. എന്നെ ഏറെ സ്വാധീനിച്ച ആളായിരുന്നിട്ടും ‘ഗൗരി’യുടെ യഥാർഥ പേര് താൻ വെളിപ്പെടുത്തിയിട്ടില്ല എന്നും സ്നേഹത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കിത്തന്ന അവർ വിദ്യാസമ്പന്നയായിരുന്നുവെന്നും വായനക്കാരിയായിരുന്നുവെന്നും അവർ എഴുതിയ ആയിരക്കണക്കിന് കത്തുകൾ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട് എന്നും ടി. പത്മനാഭൻ സംഭാഷണത്തിൽ പറയുന്നു.

പൂച്ചകളെയും നായകളെയും ഓമനിച്ചുവളർത്തുന്ന പത്മനാഭൻ അവയെക്കുറിച്ച് ഹൃദ്യമായ കഥകളും എഴുതിയിട്ടുണ്ട്. മനുഷ്യബന്ധങ്ങളിൽ ഏറെ വിശ്വസിച്ചിരുന്ന മനുഷ്യസ്നേഹിയും പ്രകൃതിസ്നേഹിയുമാണ് അദ്ദേഹം.ടി. പത്മനാഭനെക്കുറിച്ചുള്ള എല്ലാ അനുസ്മരണങ്ങളും നന്നായിരിക്കുന്നു. അതിൽ ഏറ്റവും നല്ലത് ഏതെന്ന് ചോദിച്ചാൽ, പറയാൻ വിഷമമാണ്. ടി. പത്മനാഭനെ അടുത്തറിയുകയും സ്നേഹിക്കുകയും അദ്ദേഹത്തിന്റെ കഥകൾ സൂക്ഷ്മമായി പഠിക്കുകയും ചെയ്തവരാണ് അനുസ്മരണങ്ങൾ എഴുതിയിട്ടുള്ളത്. അതുകൊണ്ട് അവ ആത്മാർഥവും സത്യസന്ധവുമാണെന്ന് വായനക്കാർക്ക് അറിയാം.

ടി. പത്മനാഭൻ സത്യമേ പറയുകയുള്ളൂ. കഥകളിലെ അയാൾ ടി. പത്മനാഭൻ ആകണമെന്നില്ല. പക്ഷേ, പത്മനാഭന്റെ ആത്മാംശം ഏറെയുള്ളതാണ് അദ്ദേഹത്തിന്റെ കഥകൾ. നല്ല കഥാകൃത്തുക്കൾ മനുഷ്യകഥാനുഗായികളായിരിക്കും. ടി. പത്മനാഭനും മനുഷ്യ കഥാനുഗായിയാണ്. ഏതായാലും കഥയുടെ ‘കുലപതി’യെക്കുറിച്ച് അദ്ദേഹത്തിന്റെ ജീവിതകാലത്തുത​െന ഇങ്ങനെയൊരു പതിപ്പിറക്കിയ മാധ്യമം ആഴ്ചപ്പതിപ്പിനെ എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല.

പതിപ്പിലെ ലേഖനങ്ങൾ എല്ലാം ശ്രദ്ധപൂർവം വായിച്ചുകഴിഞ്ഞപ്പോൾ എല്ലാവർക്കും അഭിനന്ദനങ്ങളും ആശംസകളും നേരാനാണ് തോന്നിയത്. ജീവിച്ചിരിക്കുമ്പോൾ വേണം കഥാകാരന്മാരെക്കുറിച്ച് ഇത്തരം മികച്ച പതിപ്പുകൾ ഇറക്കാൻ എന്നും തോന്ന​ിപ്പോകുന്നു. ഒറ്റയിരിപ്പിൽ വായിച്ചുതീർക്കത്തക്ക വണ്ണം രസകരവും വിജ്ഞാനപ്രദവുമാണ് എല്ലാ ലേഖനങ്ങളും. കഥാകൃത്തിന്റെ കാലം കഴിഞ്ഞ് എഴുതുന്നതും ജീവിച്ചിരിക്കുമ്പോൾ എഴുതുന്നതും വ്യത്യസ്തമാണ്. രണ്ടും ഒഴിവാക്കാനാവാത്തതുമാണ്. ജീവിതകാലത്ത് ഇത്തരം പതിപ്പുകളിറക്കിയാൽ മാന്യവായനക്കാരും എഴുത്തുകാരും അഭിവന്ദ്യനായ കഥാകൃത്തിനെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്നും എങ്ങനെയാണ് വിലയിരുത്തുന്നതെന്നും അദ്ദേഹത്തിനുകൂടി മനസ്സിലാക്കാനും പുളകമണിയാനും കഴിയുമല്ലോ. അവർ അതൊന്നും തീവ്രമായി ആഗ്രഹിക്കുന്നില്ലെങ്കിലും കാലംകഴിഞ്ഞ് പ്രകീർത്തിക്കുന്നത് മറ്റൊരുതരത്തിൽ സ്വീകാര്യവും ആവശ്യവുമാണുതാനും. ടി. പത്മനാഭൻ തന്റെ സിദ്ധികളെക്കുറിച്ചും, സത്യസന്ധവും നേർവഴിവിടാതെയുമുള്ള ജീവിതത്തെക്കുറിച്ചും മതിപ്പുള്ള കലാസ്വാദകനാണ് താനും. പത്മനാഭന്റെ കഥകൾ ശ്രദ്ധയോടെ വായിക്കുന്നവർക്ക് ഇത് നന്നായി മനസ്സിലാക്കാനും കഴിയുന്നു. പത്മനാഭൻ എന്ന കഥാകാരൻ ​ഒരാളേയുള്ളൂ. അത് ടി. പത്മനാഭൻതന്നെയാണ്.

കെ.ആർ. സദാശിവൻ നായർ, എരമല്ലൂർ

എതിർക്കപ്പെ​േടണ്ടതാണ് കരിമണൽ ഖനനവും

കടൽമണൽ ഖനനവും പ്രത്യാഘാതവും (മാധ്യമം ആഴ്ചപ്പതിപ്പ്, ലക്കം 1411) വായിച്ചു. കേരളത്തിൽ നടത്താനൊരുങ്ങുന്ന കടൽമണൽ ഖനനത്തിന്റെ ഭൂരിഭാഗവും കേന്ദ്രസർക്കാറിനും കോർപറേറ്റുകൾക്കുംവേണ്ടിയാണ്. ഖനനാവശ്യങ്ങൾക്ക് തുറമുഖങ്ങൾ നിർമിക്കണം. ഇതിനോടനുബന്ധിച്ച് പുതിയ ടൗൺഷിപ്പുകൾ വേണ്ടിവരും. ഇവയിൽ ഷോപ്പിങ് കോംപ്ലക്സുകളും പാർപ്പിട സമുച്ചയങ്ങളും ഉയർന്നുവരും. ഏക്കർകണക്കിന് തീരദേശഭൂമി ഏറ്റെടുക്കേണ്ടിവരും. തുച്ഛമായ വിലക്ക് പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ഭൂമി, വികസനത്തിന്റെ പേരുപറഞ്ഞ് സർക്കാർ ഒഴിപ്പിച്ചെടുക്കും. ഇപ്പോൾതന്നെ വൻകിട റിസോർട്ട് ഉടമകൾ അടച്ചു മതിൽകെട്ടി കൈവശപ്പെടുത്തിയ തീരദേശ ഭൂമികളിലൂടെ കിലോമീറ്ററുകൾ നീളത്തിൽ പുതിയ റോഡുകൾ വരും.

ഫലത്തിൽ മത്സ്യത്തൊഴിലാളികൾക്ക് കടലിലേക്കിറങ്ങാൻ വഴിയില്ലാതാകും. അതുപോലെ കടലുമായി ബന്ധപ്പെട്ട് കിടക്കുന്ന അഷ്ടമുടി, പറവൂർ, വേമ്പനാട്, കൈതപ്പുഴ കായലുകളും പമ്പ, പെരിയാർ നദികളും ചാലക്കുടി പുഴ, ഭാരതപ്പുഴ എന്നീ പുഴകളും ഈ മണൽഖനനം മൂലം നശിച്ചുനാശമായിത്തീരും എന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട. അതുപോലെ എതിർക്കപ്പെ​േടണ്ടതാണ് കരിമണൽ ഖനനവും. കടൽമണൽ ഖനനവും കരിമണൽ ഖനനവും മത്സ്യത്തൊഴിലാളികളെ അവരുടെ വാസസ്ഥലങ്ങളിൽനിന്ന് ആട്ടിയോടിക്കും.

തങ്കപ്പൻ കുണ്ടയിൽ,അരൂക്കുറ്റി

Show More expand_more
News Summary - Letters