എഴുത്തുകുത്ത്

ശിൽപി പോയാൽ ശിലയുടെ ദുഃഖം
മലയാളികളുടെ ഹൃദയം കീഴടക്കിയ കവികൂടിയായിരുന്നു അദ്ദേഹം. എന്നിട്ടും നമ്മുടെ സിനിമയിൽ അദ്ദേഹത്തിന് ഉയർച്ചയോ കൂടുതൽ അവസരങ്ങളോ വന്നില്ല. സിനിമാലോകം അങ്ങനെയാണല്ലോ. നിലനിൽപിനും അവസരങ്ങൾക്കുമായി തന്ത്രങ്ങൾ പയറ്റേണ്ടിവരും. ഇതൊന്നുമറിയാത്ത പ്രഫ. ഏറ്റുമാനൂർ സോമദാസനെ എങ്ങനെയാണ് മറക്കാനാവുക. മലയാളത്തെ അത്രമേൽ സ്നേഹിക്കുകയും പ്രചരിപ്പിക്കാൻ ദീർഘകാലം മലയാള വിദ്യാപീഠവും നടത്തിയിരുന്നു അദ്ദേഹം. ജനപ്രിയ സംവിധായകൻ ഐ.വി. ശശിയുടെ ‘കാന്തവലയ’ത്തിലെ ആ അതിസുന്ദര മെലഡി പ്രണയിക്കുന്നവരും പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവരും 1980കളിലെന്നപോലെ ഇപ്പോഴും മൂളി/ പാടി നടക്കുന്നവരുണ്ട്. ‘‘ശിൽപി പോയാൽ ശിലയുടെ ദുഃഖം സത്യമോ വെറും മിഥ്യയോ...’’ എന്ന് തുടങ്ങുന്ന ആ പാട്ട് കൂടാതെ ശ്യാം ഈണമിട്ട് യേശുദാസ്, എസ്. ജാനകി, വാണിജയറാം അടക്കമുള്ളവർ പാടിയ മനോഹര ഗാനങ്ങൾ ‘കാന്തവലയ’ത്തിലുണ്ടായിരുന്നു
‘‘ഈ നിമിഷം പകരുന്നിതാ...’’ ‘‘പള്ളിയങ്കണത്തിൽ ഞാനൊരു പനിനീർപ്പൂവായ് വിരിയും...’’ എന്നിവ ചിലതു മാത്രം. ഗാനങ്ങളെല്ലാം ശ്രദ്ധ നേടിയിട്ടും പിന്നീട് ദീർഘകാലം നമുക്കിടയിൽ ജീവിച്ചിട്ടും ഏറ്റുമാനൂർ സോമദാസന് ഒരു പടവും ലഭിച്ചില്ല. അടൂർ ഗോപാലകൃഷ്ണന്റെ പൂർത്തിയാകാതെ പോയ ‘കാമുകി’യിലാണ് ആദ്യം പാട്ടെഴുതിയത്. എന്നാൽ, സംവിധായകന്റെ സമകാലികനായ രാജീവ്നാഥ് തന്റെ ‘തീരങ്ങൾ’ എന്ന പടത്തിൽ ആ മനോഹര ഗാനങ്ങൾ ഉൾപ്പെടുത്തിയത് മലയാള സിനിമയിലെ വേറിട്ടൊരു അധ്യായമായിരുന്നു. ശ്രീകുമാരൻ തമ്പി തന്റെ ‘സംഗീതയാത്രകളു’ടെ 139ാം ഭാഗത്തിൽ (ലക്കം: 1412) ഏറ്റുമാനൂരിനെ പരാമർശിച്ച് പോയപ്പോൾ അദ്ദേഹം സൂചിപ്പിക്കാത്ത ചില കാര്യങ്ങൾ ഓർമയിലെത്തി.
കെ.പി. മുഹമ്മദ് ഷെരീഫ്, കാപ്പ്, പെരിന്തൽമണ്ണ
‘കിള’ തുടക്കം ഗംഭീരം
ആദ്യ പേജുകളിൽതന്നെ ഒരു നോവൽ കൊടുത്തിരിക്കുന്നതു കണ്ട് വളരെ കൗതുകത്തോടെയാണ് ‘കിള’ വായിച്ചുതുടങ്ങിയത്. തുടക്കംതന്നെ ഗംഭീരമായി. കഴുതയും അതിന്റെ ഉടമസ്ഥനായ പൊക്കമുള്ള മനുഷ്യനും, സേബയും എല്ലാം മനസ്സിൽ പതിഞ്ഞ കഥാപാത്രങ്ങളായി. ആദ്യഭാഗം വായിച്ചപ്പോൾ മലബാറിൽ നടക്കുന്ന കഥയാണെന്ന് തോന്നിയെങ്കിലും തുടർന്നുള്ള ഭാഗങ്ങളിൽ നോവലിന്റെ ഭൂമിക മാറുന്നുണ്ട്. മാറുന്ന നോവൽ ഭാവുകത്വത്തെ കൃത്യമായി വ്യക്തമാക്കിത്തരുന്നതാണ് ഈ തുടക്കം. ആദ്യന്തം കഥ പറയുക എന്നതിൽനിന്നും മാറി നോവലിന്റെ അനുഭവത്തെ വായനക്കാരിലേക്ക് എത്തിക്കാനാണ് എഴുത്തുകാരി ശ്രമിക്കുന്നത്. ആദ്യമായാണ് എഴുത്തുകാരിയെ വായിക്കുന്നതും. മലയാള നോവൽ സാഹിത്യത്തിന്റെ ഭാവിയെ സംബന്ധിച്ച് പ്രതീക്ഷ നൽകുന്ന ചുരുക്കം നോവലുകളേ ഉണ്ടാകുന്നുള്ളൂ. അവയിൽനിന്നും ഒരു പടികൂടി മുന്നേറി ക്രാഫ്റ്റിലും പുതിയ രീതികൾ പിന്തുടരാൻ നോവലിസ്റ്റ് ശ്രമിക്കുന്നു എന്നത് സന്തോഷകരമാണ്. തുടർന്നുള്ള ലക്കങ്ങൾക്കായി കാത്തിരിക്കുന്നു.
ഡോ. നന്ദകുമാർ താംബരം, ചെന്നൈ
കെ.കെ. കൊച്ച് പതിപ്പ് -ഉദ്യമം ശ്ലാഘനീയം
ഈയിടെ അന്തരിച്ച അരികുജീവിതങ്ങളുടെ നവോത്ഥാനാനന്തര കേരളത്തിന്റെ ജാഗ്രതയായിരുന്ന പ്രശസ്ത സാമൂഹിക-രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനുമായിരുന്ന കെ.കെ. കൊച്ചിനോടുള്ള ആദരസൂചകമായി മാധ്യമം ആഴ്ചപ്പതിപ്പ് ഇറക്കിയ ഓർമപ്പതിപ്പ് ഗംഭീരമായി –(ലക്കം 1413). ശശി മേമുറി സാക്ഷാത്കരിച്ച കൊച്ചേട്ടന്‍റെ ജീവൻ സ്ഫുരിക്കുന്ന മുഖചിത്രത്തിലേക്ക് നോക്കി ഞാന്‍ ഏറെനേരമിരുന്നു. ഇതിലെ ഓർമക്കുറിപ്പുകളോടൊപ്പം ഈ മുഖചിത്രം ചേർത്തുവെച്ചാല്‍ കൊച്ചേട്ടന്‍റെ ഒരു ലഘു ജീവചരിത്രമാകും.
കെ.കെ. കൊച്ചിന്‍റെ സാഹിത്യ സംഭാവനകളെക്കുറിച്ചും ചിന്താധാരകളെക്കുറിച്ചും അദ്ദേഹത്തിന്‍റെ വായനക്കാരില്‍ പലര്‍ക്കും അറിയാത്ത കാര്യങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു മാധ്യമപ്രവര്‍ത്തകന്‍ ബാബുരാജ് ഭഗവതിയുടെ ‘എല്ലാവരുമാത്മ സഹോദരരെന്നല്ലോ...’ എന്ന ഓര്‍മക്കുറിപ്പിൽ. കേരളത്തിലെ ദലിത് ആശയലോകത്തെ ഉദ്ദീപിപ്പിക്കാന്‍ അദ്ദേഹം നടത്തിയ അശ്രാന്ത പരിശ്രമത്തെക്കുറിച്ച് പ്രതിപാദിക്കുന്നു എഴുത്തുകാരനും ചിന്തകനുമായ ഒ.കെ. സന്തോഷിന്‍റെ ‘കാലത്തിന്‍റെ സഞ്ചാരപഥങ്ങള്‍’. അദ്ദേഹത്തിന്‍റെ രാഷ്ട്രീയ -സാമൂഹിക കാഴ്ചപ്പാടുകളെ അടുത്തുനിന്ന് കണ്ട കെ. സുനില്‍ കുമാറിന്‍റെ ‘കലാപവും ജീവിതവും’ എഴുതുന്നു. ആ ജീവിതം ധന്യമായതെങ്ങനെയെന്ന് വിശദീകരിക്കുന്നു ജോൺ ജോസഫിന്‍റെ ‘ഒരു ചരിത്രപാഠം’.
തന്റെ പ്രത്യയശാസ്ത്രപരമായ ചിന്താധാരകളെ സമൂഹമധ്യത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ അദ്ദേഹം നടത്തിയ പരിശ്രമങ്ങളെ നിരീക്ഷിക്കുന്നു ഡോ. എം.ബി. മനോജിന്റെ ‘ജ്ഞാനത്തിലേക്കുള്ള ദൂരം’. സംവാദങ്ങളുടെയും വിവാദങ്ങളുടെയും സഹയാത്രികനായിരുന്ന കൊച്ചിന്‍റെ നിലപാടുകളെക്കുറിച്ച് വിശദീകരിക്കുന്നു രാജേഷ് കെ. എരുമേലിയുടെ ‘കൊച്ചിന്‍റെ ധൈഷണിക ലോകം’. അടുത്ത സുഹൃത്തും ചിത്രകാരനുമായ ശശി മേമുറിയുടെ ‘വിമര്‍ശന സാമൂഹികതയുടെ ജ്ഞാനധാര’ എന്ന ഹൃദയസ്പര്‍ശിയായ അനുസ്മരണം ... അങ്ങനെ എല്ലാംകൊണ്ടും ഈ ഉദ്യമം ശ്ലാഘനീയമായിരിക്കുന്നു.
സണ്ണി ജോസഫ്, മാള
ആയിരമായിരം ചുംബന സ്മൃതികളുണർത്തിയ ഗാനങ്ങൾ
‘‘നിങ്ങൾ ആവശ്യപ്പെട്ട െറേക്കാഡുകൾ എന്നൊരു പ്രോഗ്രാം പണ്ട് ആകാശവാണിയിലുണ്ടായിരുന്നത് ഓർക്കുന്നു. നമ്മൾ കേൾക്കാനും പാടാനും ആഗ്രഹിക്കുന്നതുമായ പാട്ടുകൾ തന്നെയാണ് ആ പരിപാടിയിൽ പ്രക്ഷേപണംചെയ്തിരുന്നത്. ആ ജനപ്രിയ ഗാനങ്ങൾ കേൾക്കാൻ പഴയ ആകാശവാണി റേഡിയോയുടെ മുമ്പിൽ നമ്മൾ പാട്ടു തീരുന്നതുവരെ ചടഞ്ഞിരിക്കാറുമുണ്ടായിരുന്നു. ആ കാലം പോയി. പഴയ കൊട്ടകകളിലും ചലച്ചിത്ര ഗാനങ്ങളുടെ റെേക്കാഡുകൾ കേൾപ്പിക്കാറുണ്ട്. സിനിമ തുടങ്ങുന്നതിനു മുന്നോടിയായി. അതെല്ലാം ഇപ്പോൾ ഗൃഹാതുര സ്മരണകളായിത്തീർന്നിരിക്കുന്നു. ഇന്ന് ഏത് പാട്ട് എപ്പോൾ കേൾക്കണമെങ്കിലും ആവാമെന്നുള്ള നിലയാണ്. സിനിമയുടെ സഹായമില്ലാതെ തന്നെ പാട്ട് സ്വതന്ത്രമായി നിൽക്കുന്ന അങ്ങനെയൊരു കാലം ഇനി സമാഗതമാകുമെന്ന് തോന്നുന്നില്ല. പഴയ പാട്ടുകളുടെ പ്രണയാർദ്രതയൊന്നും ഇന്നത്തെ സിനിമാ ഗാനങ്ങൾക്കില്ലതാനും. പഴയകാലത്ത് പി. ഭാസ്കരനെപ്പോലുള്ള പ്രശസ്തരായ ഗാനരചയിതാക്കളും മനോഹരമായി പാട്ടു പാടുന്ന യേശുദാസിനെയും പി. ജയചന്ദ്രനെയുംപോലുള്ള ഗായകരും ഉണ്ടായിരുന്നു. പാട്ടിന്റെ വരികൾക്ക് ഇമ്പമുള്ള ഈണങ്ങൾ നൽകുന്ന സംഗീത സംവിധായകരും അന്ന് ഉണ്ടായിരുന്നു.
അക്കാലത്ത് പാട്ടു കേൾക്കാൻ കൂടിയാണ് സിനിമ കാണാൻ പോയിരുന്നത്. ജീവിതത്തിലെയും സിനിമാക്കഥയിലെയും വൈകാരിക സന്ദർഭങ്ങളോട് ഇണങ്ങുന്നതായിരുന്നു പാട്ടുകൾ. ‘‘ശരദിന്ദു മലർദീപനാള’’വും സ്വർണഗോപുര നർത്തകീ ശിൽപവും...’’ ‘‘രാജീവനയനേ നീ...’’ തുടങ്ങിയ എത്രയോ മനോഹരമായ ഗാനങ്ങൾ. ജയചന്ദ്രൻ എന്ന ഗന്ധർവ ഗായകൻ ജനശ്രദ്ധ നേടിയതും ഈ ശ്രുതിമധുരമായ പാട്ടുകളുടെ പശ്ചാത്തലത്തിലാണ്. യേശുദാസിന്റെ ഗന്ധർവഗാനങ്ങൾപോലെതന്നെ ജയചന്ദ്രന്റെ ഗാനങ്ങളും ജനങ്ങളുടെ അംഗീകാരം നേടി. ഭാവഗായകൻ എന്ന വിശേഷണം ഏറെ യോജിക്കുന്ന രീതിയിലാണ് അദ്ദേഹം പാട്ടുകൾ അവതരിപ്പിച്ചത്. ഗാനത്തിന്റെ വരികളിലെ ഭാവസാന്ദ്രതക്കാണ് അദ്ദേഹം പ്രാമുഖ്യം നൽകിയത്. വികാരദ്യോതകമായിരുന്നു അർഥവ്യക്തിയുള്ള സ്ഫുടമായ അദ്ദേഹത്തിന്റെ ഉച്ചാരണം.
അങ്ങനെ ശ്രുതിമാധുര്യത്തിൽ മാത്രമല്ല അർഥവ്യക്തതയിലും ജയചന്ദ്രന്റെ ഗാനങ്ങൾ വേറിട്ടുനിന്നു. സ്വന്തമായ ആലാപനശൈലിയിലാണ് അദ്ദേഹം ഓരോ പാട്ടും പാടിയത്. ആ പാട്ടുകളെല്ലാം ഏറ്റുപാടാൻ ഗാനാസ്വാദകർക്ക് ആവേശമായിരുന്നു. ‘ഭാർഗവീ നിലയ’ത്തിലെ ‘‘താമസമെന്തേ വരുവാൻ...’’ എന്ന എക്കാലത്തെയും ഹിറ്റ് ഗാനം കേൾക്കാൻ നിരവധിതവണ ആ സിനിമ കണ്ടയാളാണ് ജയചന്ദ്രൻ. ഏത് പാട്ടും സ്വന്തം ശൈലിയിൽ അതിമനോഹരമായി പാടാൻ ജയചന്ദ്രനുള്ള സിദ്ധിയാണ് ജയചന്ദ്രനെ സിനിമയിലെത്തിച്ചത്. പിന്നീട് ഗാനമേളകളിൽ എത്രയോ തന്റേതല്ലാത്ത പാട്ടുകൾ അദ്ദേഹം അതിമനോഹരമായി പാടി ജനശ്രദ്ധ നേടി. ‘കളിത്തോഴൻ’ എന്ന സിനിമയിലെ ‘‘മഞ്ഞലയിൽ മുങ്ങിത്തോർത്തി, ധനുമാസ ചന്ദ്രിക വന്നു...’’ എന്ന ശ്രുതിസുന്ദരമായ പാട്ടാണ് അദ്ദേഹത്തെ ശ്രേദ്ധയനാക്കിയത്.
അവസാന കാലത്തും സ്വരമാധുര്യം നിലനിർത്താൻ കഴിഞ്ഞ അപൂർവം ഗായകരിലൊരാളാണ് ജയചന്ദ്രൻ. തന്റെ ഗാനങ്ങളേക്കാൾ മറ്റുള്ളവരുടെ ഗാനങ്ങളാണ് അദ്ദേഹം കൂടുതൽ ആസ്വദിച്ചത്. പാട്ടിന്റെ ഓരോ വരിയിലും വാക്കിലും അദ്ദേഹം നൽകുന്ന ഊന്നലുകളാണ് പാട്ടിനെ ശ്രദ്ധേയമാക്കുന്നത്. ജയചന്ദ്രന്റെ ഭാവസ്പർശം തുളുമ്പുന്ന പാട്ടുകൾ നിരവധിയുണ്ട്. ‘‘പൂർണേന്ദു മുഖിയോട്ടമ്പലത്തിൽ വെച്ച്...’’, ‘‘തിരുവാഭരണം ചാർത്തിവിടർന്നു തിരുവാതിര നക്ഷത്രം...’’, ‘‘സ്വർണഗോപുര നർത്തകീ ശിൽപം...’’ ‘‘നിൻ മണിയറയിലെ...’’, ‘‘കല്ലോലിനീ വന കല്ലോലിനീ..’’ തുടങ്ങിയ എത്രയോ പാട്ടുകൾ ഭാവമധുരമായാണ് അദ്ദേഹം പാടിയത്. ജയചന്ദ്രന്റെ എല്ലാ ഗാനങ്ങളിലും ഭാവനൈർമല്യം പ്രകടമാണ്. ‘‘നീലഗിരിയുടെ സഖികളേ...’’ എന്ന് ഉച്ചസ്ഥായിയിൽ അദ്ദേഹം പാടുമ്പോൾ പാട്ടിന്റെ ഓരോ വരിയിലും വികാരവും പ്രകൃതിഭംഗിയും തുടിച്ചുനിൽക്കുന്നതായി അനുഭവപ്പെടുന്നു. ഭാവഗായകൻ എന്ന വിശേഷണത്തിന് സർവഥാ അർഹനാണ് പി. ജയചന്ദ്രൻ.
ജയചന്ദ്രന്റെ സെമിക്ലാസിക്കൽ ഭക്തിഗാനങ്ങളും ശ്രദ്ധേയമാണ്. ‘‘കരുണചെയ്യാനെന്തു താമസം കൃഷ്ണാ...’’, ‘‘മാനസസഞ്ചരരേ...’’ പോലുള്ള ക്ലാസിക്കൽ ഗാനങ്ങൾ തന്റെ സവിശേഷമായ ജനപ്രിയ ശൈലിയിൽ അദ്ദേഹം പാടുമ്പോൾ ആരും അതിൽ ലയിച്ചിരുന്നു പോകും. ‘‘മണിവർണനില്ലാത്ത വൃന്ദാവനം...’’, ‘‘പിന്നെയുമിണക്കുയിൽ പിണങ്ങിയല്ലോ...’’ തുടങ്ങിയ സുശീലയും ജാനകിയുമൊത്ത് പാടിയ യുഗ്മഗാനങ്ങളും ശ്രദ്ധേയമാണ്. ‘‘ശരദിന്ദു മലർദീപ നാളം നീട്ടി...’’ എന്ന് സെൽമയുമൊത്തു പാടിയ ഗാനവും,‘‘പ്രായം നമ്മിൽ മോഹം നൽകി മോഹം കണ്ണിൽ പ്രേമം നൽകി’’ തുടങ്ങിയ ഗാനങ്ങളും (സുജാതയുമൊത്ത്) ഭാവസാന്ദ്രമാണ്. അദ്ദേഹത്തെ നമ്മൾ ഇഷ്ടപ്പെടുന്നത് പാട്ടുകളിലൂടെ മാത്രമല്ല ആ വ്യക്തിത്വത്തിന്റെ സവിശേഷതകളിലൂടെയുമാണ്. ആർ.വി.എം. ദിവാകരൻ എഴുതിയതുപോലെ (ലക്കം: 1404) ഹൃദയത്തിൽ ആയിരമായിരം ചുംബന പുഷ്പങ്ങൾ വിരിയിക്കുന്ന ഒരുപാട് ഗാനങ്ങളിലൂടെയാണ് ജയചന്ദ്രൻ നമ്മുടെ പ്രിയ ഗായകനായത്. ജയചന്ദ്രൻ മടങ്ങുമ്പോഴും ആ മധുരശബ്ദത്തിന് മരണമില്ല എന്ന് ലേഖകൻ എഴുതിയതും, ഒരുപാട് ഒരുപാട് സവിശേഷ ഗാനങ്ങൾ അർപ്പിച്ചാണ് അദ്ദേഹം വിടപറഞ്ഞത് എന്നതും എത്രയോ യാഥാർഥ്യമാണ്. അദ്ദേഹത്തിന്റെ ഹൃദയ നൈർമല്യവും എടുത്തുപറയേണ്ട സവിശേഷതയാണ്.
കെ.ആർ. സദാശിവൻ നായർ, എരമല്ലൂർ
ഒരു ജാതി സംവരണം!
ആഴ്ചപ്പതിപ്പിൽ (ലക്കം: 1411) ഡോ. എ.കെ. വാസു എഴുതിയത് (കാഴ്ച/ സിനിമ) വായിച്ചു. കേരളത്തിലായാലും ഇന്ത്യയിലായാലും എല്ലാ രംഗത്തും 10 ശതമാനം മാത്രമുള്ള സവർണ ആധിപത്യമാണ്. മാധ്യമം, കേരള കൗമുദി തുടങ്ങിയ ചുരുക്കം ചില ന്യൂനപക്ഷ പ്രസിദ്ധീകരണങ്ങൾ പിന്നാക്ക സമുദായത്തിനുവേണ്ടി നിലകൊള്ളുന്നു. പ്രശാന്ത് ഈഴവൻ സംവിധാനം ചെയ്ത ‘ഒരു ജാതി പിള്ളേരിഷ്ടാ’ എന്ന സിനിമ സവർണ സംവരണങ്ങളെ കുറിച്ചാണ് പറയുന്നത്. വടക്കേ ഇന്ത്യയിൽ സവർണ ആധിപത്യം കേരളത്തേക്കാൾ ശക്തമാണ്. എങ്കിലും സിനിമകളായാലും കൂടുതലും സവർണ കഥകളാണ്. കേരളത്തിൽ ഇപ്പോൾ ഈഴവർക്കും ദലിതർക്കും സംവരണംമൂലം കുറെ സർക്കാർ ജോലി കിട്ടി. ബ്രാഹ്മണ, നായർ ആധിപത്യം ക്ഷയിച്ചു. കേരളത്തിലെ 27 ശതമാനം മുസ്‍ലിംകളും കാര്യമായ പുരോഗതി നേടി. എങ്കിലും കേരളത്തിന് പുറത്ത് പ്രത്യേകിച്ച് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും വലിയ മതന്യൂനപക്ഷമായ മുസ്‍ലിംകൾ വലിയ വെല്ലുവിളി നേരിടുന്നു. ഇതിനെ ശക്തമായി ചെറുത്തു തോൽപിക്കണം.
ആർ. ദിലീപ്, മുതുകുളം