എഴുത്തുകുത്ത്

അതിനല്ല ഗലീലിയോ വിമർശനം നേരിട്ടത്
‘ബ്രഹ്മൈവഹം ട്രോൾ യുഗത്തിലെ ഉൾക്കാഴ്ചകൾ’ എന്ന സ്വപ്ന അലക്‌സിസിന്റെ ലേഖനം (ലക്കം 1414 )പല കാഴ്ചകളിലേക്കും കണ്ണ് തുറപ്പിക്കുന്നതായിരുന്നു. എന്നാൽ, അതിൽ അൽപം തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ചില കാര്യങ്ങൾ ഉണ്ടായിരുന്നു. അതിലൊന്ന് ‘തിയറികളും സമൂഹവും’ എന്ന തലക്കെട്ടിലെഴുതിയ ഒരു വരിയാണ്. അത് ഇങ്ങനെയാണ്: ‘‘ഭൂമി ഉരുണ്ടതാണെന്ന് പ്രഖ്യാപിച്ച ഗലീലിയോയുടെയോ... അവസ്ഥ മറിച്ചായിരുന്നില്ല.’’
എന്നാൽ, പതിനാറാം നൂറ്റാണ്ടിൽ ഗലീലിയോ ജനിക്കുന്നതിന് വളരെക്കാലം മുമ്പ്, ബി.സി നാലാം നൂറ്റാണ്ടിൽതന്നെ ഭൂമിയുടെ ഗോളാകൃതിയെക്കുറിച്ച് ധാരാളം ചർച്ചകൾ നടന്നിരുന്നു. അരിസ്റ്റോട്ടിലായിരുന്നു ഇതിന് മുൻപന്തിയിൽ നിന്നത്. ഏതാണ്ട് രണ്ടു നൂറ്റാണ്ടുകൾക്കുശേഷം ഇറത്തോസ്തനീസ് ഭൂമിയുടെ ചുറ്റളവും കണക്കാക്കി. ഗലീലിയോക്ക് ഒരു നൂറ്റാണ്ടു മുമ്പ് കൊളംബസ് കപ്പൽയാത്രയിലൂടെ അത് ഒന്നുകൂടി തെളിയിക്കുകയുംചെയ്തു. ഭൂമിയുടെ ഗോളാകൃതിയല്ല മറിച്ച് ഭൂമിയും മറ്റ് ഗ്രഹങ്ങളും സൂര്യനെ ചുറ്റുന്നു (Heliocentrism) എന്ന സിദ്ധാന്തം അവതരിപ്പിച്ചതിനാണ് മത മേലധികാരിമാരുടെ വിമർശനം ഗലീലിയോക്ക് നേരിടേണ്ടി വന്നത്.
ശ്രീപ്രസാദ് വടക്കേപ്പാട്ട്
ആശമാരെ നിരാശരാക്കരുത്
ആശ വർക്കർമാർ ഇന്നനുഭവിക്കുന്ന പ്രശ്നങ്ങളുടെയും പ്രതിസന്ധികളുടെയും നേർക്കു പിടിച്ച കണ്ണാടിയായിരുന്നു എം. ഷിബു എഴുതിയ ‘ആശ സമരത്തിലെ അതി ജീവന പാഠങ്ങൾ’ എന്ന ലേഖനം (ലക്കം 1411). ആ കണ്ണാടിയിൽ ആശ വർക്കർമാരുടെ വിഷമതകളെല്ലാം അക്ഷരാർഥത്തിൽ പ്രതിഫലിക്കുന്നുണ്ടായിരുന്നു. മനുഷ്യരെ മനുഷ്യർ നേരിട്ടു കാണാൻ പേടിച്ചിരുന്ന കൊറോണ കാലത്ത് സ്വന്തം ജീവൻപോലും മറന്ന് വീടുവീടാന്തരം കയറി ഇറങ്ങി സേവനം നടത്തിയ ആശ വർക്കർമാർ അന്ന് ആരോഗ്യരംഗത്തെ അംബാസഡർമാരായിരുന്നു പലർക്കും. എന്നാൽ, ഇന്ന് അവർ നിലനിൽപിനു വേണ്ടിയല്ല ജീവസന്ധാരണത്തിനു വേണ്ടി തന്നെ പട പൊരുതുമ്പോൾ എന്തുകൊണ്ടാണ് ആശമാരെ കണ്ണിലെ കരടായോ കറിയിലെ കറിവേപ്പിലയായോ കാണുന്നത്. അത്രകണ്ട് എടുത്തു മാറ്റപ്പെടേണ്ടവരാണോ നമ്മുടെ ആശ പ്രവർത്തകർ?
ഉത്തരവാദപ്പെട്ടവർ സമരക്കാരുടെ പ്രതിനിധികളുമായി ഒരു മേശക്കു ചുറ്റുമിരുന്ന് കേവലം അരമണിക്കൂർകൊണ്ട് പറഞ്ഞുതീർക്കാവുന്ന കാര്യമാണ് ഒരു മാസത്തിലേറെയായി ഭരണസിരാകേന്ദ്രത്തിനു മുന്നിൽ വലിച്ചുനീട്ടി കൊണ്ടുപോകുന്നത്. ഇൻസെന്റീവ് കൊടുക്കുന്നത് കേന്ദ്രമാണെന്നും അതുകൊണ്ട് അവിടെയാണ് പറയേണ്ടത് എന്നും അവിടെ ചെല്ലുമ്പോൾ ഓണറേറിയം നൽകുന്നത് സംസ്ഥാന സർക്കാറാണെന്നും അവിടെയാണ് ചെല്ലേണ്ടതെന്നും പറയുമ്പോൾ ആശ വർക്കർമാർക്കും അതു കേൾക്കുന്ന പൊതുജനത്തിനും ഒരു സംശയമേ ബാക്കിയുള്ളൂ, വാസ്തവത്തിൽ ആശ വർക്കർമാർ ദയാദാക്ഷിണ്യത്തിനായി ഏത് വാതിലിലാണ് ഇനി മുട്ടേണ്ടതെന്ന്. ആശ വർക്കർമാർ അവരുടെ ഇല്ലായ്മകളും വല്ലായ്മകളും പങ്കുവെച്ച ഒരു വേദിയിൽ വീട്ടമ്മയായ ഒരു ആശ വർക്കർ പറഞ്ഞത് ഇങ്ങനെയാണ്, മൂന്നു ദിവസം രസവും ചമ്മന്തിയുമുണ്ടാക്കി കുട്ടിക്ക് ആഹാരം കൊടുത്തപ്പോൾ കുട്ടി ചോദിച്ചുവത്രേ, മൂന്നു ദിവസമായല്ലോ അമ്മേ ഈ രസവും ചമ്മന്തിയും. ഇതിനെന്നാണ് ഒരു മാറ്റം വരുകയെന്ന്. ഇത് ഏതെങ്കിലുമൊരു ആശ പ്രവർത്തകയുടെ ഒറ്റപ്പെട്ട കഥയാകാൻ വഴിയില്ല. തുച്ഛമായ ഓണറേറിയംകൊണ്ട് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാടുപെടുന്ന ഒരു വലിയ സമൂഹത്തിന്റെ കദനകഥകൂടിയാണ്.
ആശ പ്രവർത്തകരുടെ ജോലി ഭാരം വളരെ വലുതാണ്. ആശമാരുടെ ജോലി സന്നദ്ധപ്രവർത്തനമാണ്, അതുകൊണ്ട് അവർക്ക് വേതനമില്ല, ഓണറേറിയം മാത്രമാണ് അവകാശപ്പെട്ടത്, അത് വിലപേശി പിടിച്ചുവാങ്ങേണ്ടതല്ല എന്നൊക്കെ പറയുന്നത് ജനാധിപത്യക്രമത്തിന് ഭൂഷണമല്ല എന്നേ പറയാനുള്ളൂ. ഒരു വാർഡിലെ ഓരോ കുടുംബത്തിലേയും ഓരോ അംഗത്തിന്റെ പോലും വിവരങ്ങൾ സൂക്ഷ്മമായി അറിയാവുന്ന ഒരു ‘റെഡി റഫറൻസ്’ ആണ് ആശ വർക്കർമാർ എന്നു പറഞ്ഞാൽ അതിൽ ഒരു അതിശയോക്തിയുമില്ല. ആരോഗ്യ രംഗത്തായാലും മറ്റ് ഇതര പ്രവർത്തനങ്ങളിലും വിലമതിക്കാനാവാത്ത സേവനങ്ങൾ കാഴ്ചവെക്കുന്ന നമ്മുടെ സഹോദരിമാർ കൂടിയായ ആശ പ്രവർത്തകരെ അവർ മുന്നോട്ടുവെക്കുന്ന ന്യായമായ ആവശ്യങ്ങൾ പഠിച്ച് പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കാതെ ഇങ്ങനെ പൊരിവെയിലത്ത് നിർത്തുന്നത് ഒട്ടും മാന്യമല്ല; ആശമാരെ നിരാശരാക്കരുത്.
ദിലീപ് വി. മുഹമ്മദ്,മൂവാറ്റുപുഴ
കൂടൽ മാണിക്യം ക്ഷേത്രത്തിലെ ജാതിത്തമ്പ്രാക്കൾ
കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകവും കാരായ്മയും എന്ന ഡോ. അമൽ സി. രാജൻ എഴുതിയ ജാതിയുടെ വർത്തമാനം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും കേരളം എവിടെ നിൽക്കുന്നു എന്നതിനെക്കുറിച്ചുള്ള ആലോചനയായി. ഒപ്പം നമ്പൂതിരി മുതൽ നായാടി വരെ എന്ന മുദ്രാവാക്യം പ്രബലമായ ഒരു ജാതി സമൂഹത്തിലെ ഏതാനും ചില തൽപരകക്ഷികളുടെ രാഷ്ട്രീയ ആവശ്യങ്ങളുടെ പരിഹാരത്തിന് ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ ചേരിയിൽ പാവങ്ങളെ കൊണ്ടു തളക്കുന്നതാണെന്ന് ഒരിക്കൽകൂടി തെളിഞ്ഞു. ഈ മുദ്രാവാക്യം ഉയർത്തിയ വിഭാഗത്തിൽനിന്നുള്ളവരാകട്ടെ കൂടൽമാണിക്യം ക്ഷേത്രത്തിലെ അയിത്താചരണത്തെ തുറന്ന് എതിർത്തില്ല എന്നത് ശ്രദ്ധേയമാണ്.
തിരുവനന്തപുരം ആര്യനാട് സ്വദേശിയും ഈഴവ സമുദായാംഗവുമായ ബി.എ. ബാലു ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ മാലകെട്ട് കഴകം ജോലിക്ക് പ്രവേശിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. “കൂടൽമാണിക്യം ക്ഷേത്രത്തിലെ മതപരവും ആത്മീയവുമായ കാര്യങ്ങളുടെയും അവ നിർവഹിക്കുന്ന ജോലിക്കാരുടെ നിയമനത്തിലും ഉത്തരവാദപ്പെട്ട ക്ഷേത്രം തന്ത്രിമാരുടെ അറിവോ സമ്മതമോ കൂടാതെ തികച്ചും ആചാരാനുഷ്ഠാനപരമായ കഴകം പ്രവൃത്തിക്ക് ഒരാളെ നിയമിച്ച നടപടിയിൽ ക്ഷേത്രം തന്ത്രിമാരായ ഞങ്ങൾക്കുള്ള വിയോജിപ്പ് രേഖപ്പെടുത്തുന്നു എന്നാണ് തന്ത്രിമാർ പറഞ്ഞത്. മാത്രമല്ല, കഴകം പണികൾക്ക് കാരായ്മക്കാരായ പാരമ്പര്യ കുടുംബാംഗങ്ങളെ നിയമിക്കണമെന്നാണ് അവർ അസന്ദിഗ്ധമായി പറഞ്ഞത്. നിയമംമൂലം നിരോധിക്കപ്പെട്ട അയിത്താചരണം വരേണ്യധാർഷ്ട്യത്തോടെ നടപ്പിലാക്കാനുള്ള സംഘടിതമായ ശ്രമമാണ് ക്ഷേത്രം തന്ത്രിമാർ ചെയ്തത്.
ആചാരപരമായി കഴകം ജോലികൾ ഒരു പ്രത്യേക ജാതിസമുദായങ്ങൾക്കു മാത്രമേ ചെയ്യാൻ കഴിയൂ. എന്നാൽ, കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് എന്ന ഭരണഘടനാ സ്ഥാപനം നടത്തിയ പരീക്ഷയിൽ, ഹിന്ദുമത വിശ്വാസിയായ ഈ തസ്തികക്കുവേണ്ടി പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്ന മാനദണ്ഡങ്ങളും യോഗ്യതകളും ഉള്ള ഏതൊരു പൗരനും കഴകം ജോലി സ്വീകരിക്കാവുന്നതും ഉത്തരവാദിത്തത്തോടെ ചെയ്യാവുന്നതുമാണ്.
ഇത്തരത്തിലുള്ള ജനാധിപത്യപരമായ അവകാശത്തെയാണ് കൂടൽമാണിക്യം ക്ഷേത്രത്തിലെ തന്ത്രികൾ ആചാരാനുഷ്ഠാനങ്ങളുടെയും പാരമ്പര്യമായി പ്രത്യേക ജാതി-കുടുംബത്തിന് മാത്രം ഉറപ്പാക്കിവെച്ചിരിക്കുന്ന തസ്തികകളുടെയും തിരിച്ചുവരവിന് വേണ്ടി ഭരണഘടനാപരമായ നിയമപരമായ ലംഘനം നടത്തുന്നത്. ഇത് കുറ്റകൃത്യമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ജനാധിപത്യപരമായ സാമൂഹികനീതി റദ്ദാക്കുന്ന ‘ഫ്യൂഡൽ’ മാണിക്യം ക്ഷേത്രത്തിലെ ജാതിവിവേചനത്തെ തുറന്നുകാട്ടുന്നതിലൂടെ ക്ഷേത്രാധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയിൽ ഉറപ്പിച്ചു നിർത്തിയ ഫ്യൂഡൽ കാലഘട്ടത്തിന്റെ തിരിച്ചുവരവിനു വഴിമരുന്നിട്ട പൗരോഹിത്യാധിപത്യത്തിന്റെ ഏതൊരു ശ്രമത്തെയും ചേർക്കേണ്ടതുണ്ടെന്ന് ലേഖനം ഓർമിപ്പിച്ചു.
️പ്രിയ സാറാക്കുട്ടി തൃപ്പൂണിത്തുറ