എഴുത്തുകുത്ത്

എംപുരാനിൽ വിറളിപൂണ്ട സംഘ്പരിവാർ ശക്തികൾ
മാധ്യമം ആഴ്ചപ്പതിപ്പിൽ രൂപേഷ് കുമാർ എഴുതിയ മലയാള സിനിമയിലെ ഹിന്ദുത്വ, ജാതി, മതം/ പഠനം എന്ന ലേഖനം (ലക്കം 1415, 1416) വായിച്ചു. ഇന്നത്തെ കാലഘട്ടത്തിലെ ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേൽ ഉണ്ടായ പരിക്കുകളുടെ നേർചിത്രമാണ് ലേഖനത്തിൽ ഉടനീളം കാണാൻ സാധിക്കുന്നത്. ‘എംപുരാനി’ൽ സംഘ്പരിവാർ ശക്തികൾ വിറളിപൂണ്ടു. 2002ൽ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മുസ്ലിംകളെ കൂട്ടമായി ആക്രമിക്കുകയും സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കുകയുംചെയ്ത സംഭവമാണ് സിനിമയിൽ പത്ത് മിനിറ്റിൽ കൂടുതൽ കാണിക്കുന്നത്. സിനിമയുടെ മർമ ഭാഗത്തെ ഇല്ലാതാക്കി തിയറ്ററുകളിൽ എംപുരാനെ പ്രദർശിപ്പിക്കാതിരിക്കാനുള്ള ശ്രമം സംഘ്പരിവാർ നടത്തിയെങ്കിലും യൂട്യൂബിലൂടെ ഈ സിനിമയിൽനിന്ന് നീക്കംചെയ്ത സീനുകൾ ജനം കാണുമെന്നാണ് ചലച്ചിത്രത്തിന്റെ സംവിധായകൻകൂടിയായ പൃഥ്വിരാജ് പറഞ്ഞിട്ടുള്ളത്.
ഹിന്ദുത്വ സൈബർ ഇടങ്ങൾ പൃഥ്വിരാജിനെ രാജപ്പൻ/ രായപ്പൻ എന്ന് കളിയാക്കി വിളിക്കുകയും മോഹൻലാലിനെ ലാലപ്പൻ എന്നും വിളിക്കുന്നു. ‘ഉദയനാണ് താരം’ എന്ന സിനിമയിൽ ശ്രീനിവാസന്റെ കഥാപാത്രത്തിന്റെ ആദ്യ പേര് രാജപ്പൻ എന്നും ചലച്ചിത്രത്തിന്റെ ചില ഘട്ടത്തിൽ രാജപ്പൻ നടനായി മാറുമ്പോൾ സരോജ് കുമാർ എന്നും പേരിട്ടതുതന്നെ അടിത്തട്ടിലുള്ളവരെ സ്വാംശീകരിക്കാൻ കഴിയാത്തതുകൊണ്ടാണ്. പൊതുസമൂഹത്തിനു മുന്നിൽ ദലിത്, ആദിവാസി, പിന്നാക്ക സമുദായങ്ങളെ ചിലർ ബോധപൂർവം അവഗണിക്കുകതന്നെയാണ് ചെയ്യുന്നത്. പൃഥ്വിരാജ് ആദ്യമായി അഭിനയിച്ച ‘നന്ദനം’ എന്ന ചലച്ചിത്രത്തിലെ നായർ തറവാട്ടിലെ വരേണ്യ സ്വഭാവത്തെ കാണിക്കുന്നതുപോലെ മലയാള സിനിമയിൽ പ്രത്യേകിച്ച് മോഹൻലാൽ അഭിനയിക്കുന്ന മിക്ക സിനിമയും ഉന്നത ജാതിയിൽപെട്ട കഥാപത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. മലയാള സിനിമയെ നിയന്ത്രിക്കുന്നത് നായർ, ക്രൈസ്തവ വരേണ്യവർഗമാണെന്ന നഗ്നസത്യം തുറന്നുപറയേണ്ടതുതന്നെയാണ്. ദലിത് പശ്ചാത്തലമുള്ള സിനിമകൾ എടുക്കാൻ മിക്ക സംവിധായകരും മടി കാണിക്കുന്നത് വാണിജ്യപരമായ നേട്ടം കൊയ്യാൻ സാധിക്കുന്നില്ലെന്നതാണ് അവർ പറഞ്ഞുവെക്കുന്നത്. അതായത് സിനിമയുടെ അടിത്തട്ടിലുള്ളവരുടെ പ്രശ്നം എടുത്ത് കാണിക്കാൻ സംവിധായകർ ആരും ധൈര്യപ്പെടുന്നില്ലെന്നതാണ്.
വാണിജ്യ സിനിമയായ ‘എംപുരാൻ’ പൊതുസമൂഹേത്താട് കാണിക്കുന്നത് ഇന്ത്യയിലെ മത ധ്രുവീകരണത്തെയും ആർ.എസ്.എസ് പോലുള്ള ഫാഷിസ്റ്റ് സംഘടനകൾ അവരുടെ ‘ഓർഗനൈസർ’ വീക്കിലിയിലൂടെ മുസ്ലിം സമുദായത്തോടുള്ള കടുത്ത എതിർപ്പും ഈ മതത്തെ ആക്രമിച്ച് കീഴ്പ്പെടുത്തി ഇല്ലാതാക്കാനുള്ള ശ്രമവുമാണ് നടത്തിവരുന്നത്. ഇത് വാണിജ്യ സിനിമയിലൂടെ പൃഥ്വിരാജും അണിയറപ്രവർത്തകരും തുറന്നുകാട്ടുന്നു. ‘എംപുരാൻ’ സിനിമയിൽ ഹിന്ദുത്വത്തിന്റെ ഇടപെടലിൽ പ്രധാന സീനുകൾ ‘കത്തി’കൊണ്ട് വെട്ടിയെങ്കിൽ ഇനിവരുന്ന സമാന ചലച്ചിത്രേത്താട് .തിയറ്ററുകളിൽ അക്രമം നടത്തിയായിരിക്കും ആഘോഷിക്കുക. അതില്ലാതിരിക്കാൻ മുന്നിട്ടിറങ്ങേണ്ടത് മതേതരവാദികളാണെന്ന് നാം ഓർക്കേണ്ടതാണ്.
ഹരികൃഷ്ണൻ ഓനാവട്ടം, കൊല്ലം
ഓർമകൾ പങ്കുവെക്കുന്ന ജീവിതംപറച്ചിൽ
മൂന്നാറിലെ നിരവധിയായ എസ്റ്റേറ്റുകളിലെ മൺപാതകളുടെ വശ്യസുന്ദരമായ ലാൻഡ്സ്കേപ്പുകൾ, പഴയ സ്വിറ്റ്സർലൻഡ് മോഡൽ ഫാക്ടറികൾ, ഒറ്റപ്പെട്ട ബംഗ്ലാവുകൾ, അവക്കു മുന്നിൽ നിറഞ്ഞ ബോഗൻവില്ല പൂക്കൾ. നോക്കെത്താ ദൂരത്തെ, പച്ചപ്പിന്റെ, മൊട്ടക്കുന്നുകൾ. കാഴ്ചകൾ പൂർണമായി പകർത്താനാകാത്ത മനോഹരമായ ഓർമകൾ, മൂന്നാറിൽ ജനിച്ച് വളർന്നൊരാൾ ‘തന്റെ’ ദേശത്തെ, ബാല്യവും കൗമാരവും യൗവനവും ഓർത്തെടുക്കുന്ന ഇത്തരമൊരു ഓർമക്കുറിപ്പ് തന്നെ ആദ്യമായിട്ടാണ് ഒരു മലയാളം അനുകാലികത്തിൽ വായിക്കാൻ കഴിയുന്നത്. ‘‘ഒരു മുറൈ അന്ത അടിമ വാഴ്ച മട്ടുമില്ലാതെ നാം ഇവിടെ ജനിക്കണം...’’ അത്രയും തീക്ഷ്ണമാണ് ഈ ഓർമകൾ പങ്കുവെക്കുന്ന ജീവിതംപറച്ചിൽ. അഭിനന്ദനങ്ങൾ, പ്രഭാഹരൻ.
ജോയ് തുരുത്തേൽ, അടിമാലി
ഹാസ്യ തടാകത്തില്‍ വിരിഞ്ഞ ചെന്താമര
പതിവുപോലെ ഇത്തവണയും ‘ഹൈപ്പര്‍മാര്‍ക്കറ്റ്’ എന്നൊരു ആക്ഷേപഹാസ്യ കഥയെഴുതി എം.എം. പൗലോസ് അനുവാചകരെ ഞെട്ടിച്ചിരിക്കുന്നു (ലക്കം 1415). അനുപമ ലയഭംഗിയാർന്ന ഒരു ഹാസ്യതടാകത്തില്‍ വിരിഞ്ഞ ചെന്താമരയാണ് ഈ കഥ. വി.കെ.എന്‍ ജീവിച്ചിരുന്നെങ്കില്‍ ഇത് വായിച്ച് ചിരിച്ചു ചിരിച്ച് മണ്ണുകപ്പിയേനെ. സ്നേഹവും അഹിംസയും പഠിപ്പിച്ചിരുന്ന മഹാത്മാ ഗാന്ധിയില്‍നിന്നും വെറുക്കാന്‍ പഠിപ്പിക്കുന്ന ഒരു രാഷ്ട്രീയ-സാമൂഹിക അന്തരീക്ഷത്തിലാണ് നമ്മുടെയൊക്കെ ജീവിതം. ‘‘എല്ലാ വെറുപ്പും വിൽക്കാനുള്ളതാണ്. വിറ്റ് കാശാക്കാനുള്ളതാണ്’’ എന്ന വരികളോടെ അവസാനിപ്പിക്കുന്ന ഈ കഥക്ക് ദീര്‍ഘവീക്ഷണമുണ്ട്. നാളെയെക്കുറിച്ച് വേവലാതിയുണ്ട്. ഇനിയെന്ത് എന്ന ചോദ്യമുണ്ട്. പ്രമേയത്തില്‍ പുതുമയുണ്ട്. ആഖ്യാനത്തില്‍ ചാരുതയുണ്ട്. എത്ര വിറ്റഴിച്ചാലും തീരാത്തൊരു ചരക്കാണ് വെറുപ്പെന്ന് ഈ കഥ അടിവരയിടുന്നു. കെ.എന്‍. അനിലിന്റെ ചിത്രമെഴുത്ത് വായനയെ ഉദ്ദീപിപ്പിക്കുന്നു. വായന തീര്‍ന്നപ്പോള്‍ ചിരിക്കും ചിന്തക്കും ഒപ്പം പഴവിള രമേശന്‍റെ ‘‘വെറുപ്പിന്‍റെ മുമ്പില്‍/നന്മകളില്ല/ അവിടെ/ വെളുപ്പിന്‍റെ നിറം കറുപ്പാണ്’’ എന്ന കവിതാവരികള്‍ ഓർമവന്നു.
സണ്ണി ജോസഫ്, മാള
ശ്വാസം വെലങ്ങിപ്പോയ അവസ്ഥ കവിതയിൽ
സഖാവ് കനു സന്യാല്‍ ജീവിതത്തിൽനിന്ന് വിടവാങ്ങി എന്നു കേട്ട നിമിഷം ശ്വാസം വെലങ്ങിപ്പോയ അനേകരിൽ ഒരാളാണ് ഞാനും. പിന്നീട് മാങ്ങാട് രത്നാകരൻ ആ മരണത്തെ കവിതയിൽ അടയാളപ്പെടുത്തി. ഇപ്പോഴിതാ സഹോദര കവി ബാലഗോപാലൻ കാഞ്ഞങ്ങാട് സഖാവ് സന്യാലിന്റെ ജീവിതത്തെ, രാഷ്ട്രീയത്തെ, ദർശനങ്ങളെ, ഒരുപറ്റം മനുഷ്യരെ ശ്വാസം വെലങ്ങിയ സാഹചര്യത്തിലേക്ക് തള്ളിയിട്ട ആ അവസ്ഥയെ കവിതയിൽ (ലക്കം 1416) ആവിഷ്കരിക്കുന്നു. തുടർലക്കങ്ങളിലും അത് വായിക്കാം. ചിത്രകാരൻ സുധീഷ് കോട്ടേമ്പ്രത്തിന്റെ ബ്രില്യന്റ് വര കാണാം. ഈ കവിതയുടെ ആദ്യ മുഴുവായനക്കാരിൽ ഒരാൾ എന്ന അഹങ്കാരം കൊണ്ടുനടക്കാൻ എന്നെ സഹായിച്ച സഹോദര കവി ബാലന് ആശംസകൾ.️
അജിത് എം. പച്ചനാടൻ (ഫേസ്ബുക്ക്)