Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

letters
cancel

സാലു ജോർജിന്‍റെ കാമറാനുഭവങ്ങളെ അടുത്തറിഞ്ഞ ആത്മഭാഷണം

സാലു ജോർജുമായുള്ള ആത്മഭാഷണം ‘കാമറക്കാഴ്ചയിലെ ഇന്നലെകൾ’ വായിച്ചു. ലേഖകനുമായി പങ്കുവെച്ച അനുഭവങ്ങളിൽനിന്ന് അദ്ദേഹത്തെ കൂടുതൽ അടുത്തറിയാൻ ഇടയായി. പല തലമുറയിലെ പ്രഗല്ഭരായ സംവിധായകർക്കൊപ്പം ജോലിചെയ്യാൻ അവസരം സിദ്ധിച്ച അപൂർവ ഛായാഗ്രാഹകൻകൂടിയാണ് സാലു ജോർജ്. അദ്ദേഹത്തിന് സിനിമയോടുള്ള കാഴ്ചപ്പാട്, സംവിധായകർക്ക് സിനിമയോടുള്ള കാഴ്ചപ്പാട്, അവരുടെ ചിത്രീകരണ രീതികൾ, സംവിധായകനും കാമറാമാനും തമ്മിലെ ബന്ധം, ലൊക്കേഷൻ വിശേഷങ്ങൾ എന്നിവയെല്ലാം അഭിമുഖത്തിൽ ഏറെ സ്പഷ്ടമായി തന്നെ വിവരിച്ചിട്ടുണ്ട്. ഇവ പുതുതലമുറക്കും അവരുടെ സിനിമ പ്രവർത്തനത്തിനും നല്ലൊരു മുതൽക്കൂട്ടുമാണ്. സാലു സാറിനെ പോലുള്ളവരുടെ അനുഭവങ്ങൾ പുതു സിനിമാ പ്രവർത്തകർക്ക് മികച്ച ഗുണപാഠങ്ങളാണ്. മലയാള സിനിമ മേഖലയിൽ നല്ല പ്രവണതകൾ തുടർന്നുപോകാൻ ഇത്തരം അഭിമുഖങ്ങൾ ഏറെ പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്. അതിൽ മാധ്യമം ആഴ്ചപ്പതിപ്പ് മുന്നിൽതന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ദിലീപ് മാധവൻ (ചലച്ചിത്ര പ്രവർത്തകൻ), മുളന്തുരുത്തി

ബഷീർ സ്മരണ: ബൈജു ചന്ദ്രന്‍റെ എഴുത്ത് ഹൃദ്യം

ബൈജു ചന്ദ്രൻ എഴുതിയ ബഷീർ സ്മരണ എന്ന അനുഭവം വായിച്ചു. ബഷീറിനെ അദ്ദേഹത്തിന്റെ നർമ സംഭാഷണത്തിലൂടെ ഹൃദ്യമായും സൂക്ഷ്മമായും അവതരിപ്പിച്ചിരിക്കുന്നു ബൈജു. ബഷീറിന്റെ ഡയലോഗുകൾ കേട്ടാൽ ചിരിക്കാത്തവരും ചിരിച്ചു​പോകും. ബൈജുവിനെയും സീനയെയും ബഷീറിന് പെരുത്ത് ഇഷ്ടവുമായിരുന്നല്ലോ. അവർ എഴുതുന്നതെല്ലാം ബഷീർ ആസ്വദിക്കുകയും മുക്തകണ്ഠം ആശീർവദിക്കുകയും ചെയ്യുക പതിവായിരുന്നു. ‘പാത്തുമ്മയുടെ ആട്’, ‘മുച്ചീട്ടുകളിക്കാരന്റെ മകൾ’, ‘ആനവാരിയും പൊൻകുരിശു തോമയും’, ‘ബാല്യകാലസഖി’, ‘ന്റുപ്പൂപ്പക്കൊരാനേണ്ടാർന്ന്’... ഈ കൃതികളെല്ലാം വായിച്ചവർക്ക് ബഷീറിനെ നന്നായി അറിയാം. എന്തായിരുന്നു അന്ന് ഒടുവിലായി സുഹ്റ പറയാൻ തുടങ്ങിയത് എന്ന ഉത്തരം കിട്ടാത്ത ചോദ്യം മജീദിന്റെ മാത്രമല്ല, വായനക്കാരുടെയെല്ലാം മനസ്സിൽ ഉത്തരം കിട്ടാതെ തന്നെ നിൽക്കുന്നതാണ് അഭികാമ്യം എന്നു തോന്നുന്നു.

‘ഭാർഗവീനിലയ’ത്തിലെ സാഹിത്യകാരൻ ബഷീർ തന്നെയാണെന്ന് സഹൃദയന്മാരായ എല്ലാവർക്കും അറിയാം. ആ സിനിമയുടെ സ്ക്രിപ്റ്റ് എഴുതിയത് ബഷീർ തന്നെയാണല്ലോ. അതുകൊണ്ടാണ് ആ പടത്തിന് ഇത്രമാത്രം ആകർഷണീയത ഉണ്ടായതും. ബഷീറിന്റെ എല്ലാ കഥയിലെയും കഥാനായകൻ ബഷീർ തന്നെയാണ്. ബഷീറിന്റെ സംഭാഷണത്തിലെ സ്വാഭാവികതയും നർമവുമാണ് നമ്മെ അദ്ദേഹത്തോട് അടുപ്പിക്കുന്നത്. ഓരോ വ്യക്തിയെയും അളന്നു തൂക്കി നോക്കി അവരുടെ വെയ്റ്റ് നിശ്ചയിക്കാൻ ബഷീറിന് പ്രത്യേക കഴിവുകൾ ഉണ്ടായിരുന്നു.

അത് ഒരിക്കലും തെറ്റാറുമില്ല. ബഷീർ സ്വതഃസിദ്ധമായ ശൈലിയിൽ നമ്മളെ ആക്ഷേപിച്ചാലും നമ്മൾ ചിരിക്കുകയേയുള്ളൂ. ആ വാക്കുകളിലു​ള്ള ആത്മാർഥതയും സ്നേഹവും അത്രക്ക് അഗാധമാണ്. ബഷീർ തനിക്ക് അടുത്ത് അറിയാവുന്ന ആരെയും വെറുതെ വിടാറില്ല. അത് ബൈജുവായാലും ബീനയായാലും. ബൈജു എഴുതിയ ബഷീറിന്റെ ഹൃദ്യമായ സംഭാഷണങ്ങളിൽനിന്ന് ഇത് സ്ഫടികസ്ഫുടമായി മനസ്സിലാക്കാനും കഴിയുന്നു.

കെ.ആർ. സദാശിവൻ നായർ, എരമല്ലൂർ

ആൻഫ്രാങ്കിന്റെ ഓർമയിൽ സമകാലിക ഗസ്സ

മാധ്യമം ആഴ്ചപ്പതിപ്പിൽ (ലക്കം 1430) സമകാലിക പ്രശ്‌നങ്ങൾ ഉന്നയിക്കുന്ന സച്ചിദാനന്ദന്റെ കവിത വായിക്കാൻ അവസരം ലഭിച്ചു. നീതി നഷ്ടപ്പെട്ട ആൻ ഫ്രാങ്കിന്റെ ജീവിതം കവിതയുടെ കാതലായിത്തീരുന്നു. കവിതയിൽ സച്ചിദാനന്ദൻ, ഗസ്സയിലെ പിഞ്ചോമനകളെ ആൻ ഫ്രാങ്കിനെയായി ഉപമിക്കുന്നു. ഹ്രസ്വവും സമഗ്രവുമായ ഭാഷാകൗശലവും ഈ കവിതയുടെ വലിയൊരു സവിശേഷതയാണ്. ആംസ്റ്റർഡാമിലെ ആൻ ഫ്രാങ്കിന്റെ വീടിന്റെ സന്ദർശനത്തെ ആസ്പദമാക്കി എഴുത്തുകാരൻ നീതി, അധർമം, മനുഷ്യാവകാശ ലംഘനങ്ങൾ തുടങ്ങിയ വിഷയങ്ങളെ ശക്തമായി ഉയർത്തിക്കാട്ടുന്നു. നീതിയും മനുഷ്യാവകാശങ്ങളും സംശയാസ്പദമായി മാറിയിരിക്കുന്ന ഈ സമയത്ത്, ഇത്തരം കവിതകൾ അത്യന്തം പ്രസക്തമാണ്. ഇന്നത്തെ യുദ്ധഭീതിയും കുട്ടികളെയും സ്ത്രീകളെയും ലക്ഷ്യമിടുന്ന അക്രമങ്ങളും നവതലമുറയുടെ മനസ്സിൽ പാളിച്ചയുണ്ടാക്കുന്ന സാഹചര്യത്തിൽ, സമകാലിക കവിതകൾ അവരുടെ മാനസിക ശുദ്ധീകരണത്തിനും സാമൂഹിക ബോധവത്കരണത്തിനും വഴിയൊരുക്കും.

മുഹമ്മദ് മിസ്ഹബ്, കുന്നിക്കൽ, ഗുരുവായൂർ

വിജ്ഞാനപ്രദമാകുന്ന സംഗീതയാത്ര

മാധ്യമം ആഴ്ചപ്പതിപ്പ് കൈയിൽ കിട്ടിയാൽ ആദ്യം വായിക്കുക ശ്രീകുമാരൻ തമ്പി എഴുതുന്ന മലയാള ചലച്ചിത്രഗാന ചരിത്രമാണ്. ലക്കം 1430ലെ ‘മധുമതി വനദേവതയായപ്പോൾ’ വളരെയധികം വിജ്ഞാനപ്രദമായി. ശ്രീകുമാരൻ തമ്പി എഴുതിയതുപോലെ ‘സൃഷ്ടി’യിലെ, ഒ.എൻ.വി എഴുതിയ ‘‘സൃഷ്ടി തൻ മുന്തിരിച്ചാറിനായ്’’ എന്ന ഗാനം ഒന്നാംതരം കവിതയാണ്. കവിതക്കനുസരിച്ച് എം.എസ്. ബാബുരാജ് എത്ര മനോഹരമായാണ് ഈണം നൽകിയത്.

‘‘ഭൂമിതന്‍ കന്യയെ കാട്ടിലെറിഞ്ഞു ഞാന്‍ ഭൂപാലധര്‍മം പുലര്‍ത്താന്‍’’, ‘‘ഒരു നൂറു വിഗ്രഹം തച്ചുതകര്‍ത്തു ഞാന്‍ ഒരു പുതുവിഗ്രഹം തീര്‍ക്കാന്‍’’, ‘‘ദീപങ്ങളൊക്കെക്കെടുത്തി ഞാന്‍ പ്രാര്‍ഥിച്ചു ദീപമേ നീ നയിച്ചാലും’’, ‘‘ഒരു തത്ത്വശാസ്ത്രത്തിന്‍ തൈ നട്ടു ഞാന്‍ എന്നും പിഴുതുനോക്കുന്നു വേരെണ്ണാൻ’’ എന്നീ തത്ത്വചിന്താപരമായ വരികൾ മനസ്സിനെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. മധുമതിയുടെ റീമേക്കാണ് വനദേവത എന്ന് അറിയാമെങ്കിലും കൂടുതൽ വിവരങ്ങൾ കിട്ടിയത് ശ്രീകുമാരൻ തമ്പിയുടെ എഴുത്തിൽനിന്നാണ്. ‘വനദേവത’യിലെ ‘‘സ്വർഗം താണിറങ്ങി വന്നതോ’’ എന്ന ഗാനം കേൾക്കുമ്പോഴൊക്കെ ‘മധുമതി’യിലെ പ്രസിദ്ധ ഗാനമായ ‘‘സുഹാനാ സഫർ ഔർ യെ മൗസം ഹസീൻ’’ മനസ്സിലെത്തും.

‘യുദ്ധഭൂമി’യിലെ ‘‘ആഷാഢമാസം ആത്മാവിൽ മോഹം’’ എന്‍റെ പ്രിയപ്പെട്ട ഗാനമാണ്. ഒരു ചെറിയ തെറ്റ് ചൂണ്ടിക്കാണിക്കട്ടെ. ‘‘അർഹതപ്പെട്ടതല്ലെങ്കിലും ഞാനെന്‍റെ അന്തരംഗം നിനക്കായ് തുറന്നുവെച്ചു’’ എന്നല്ല, ‘‘അന്തരംഗം നിൻ മുന്നിൽ തുറന്നുവെച്ചു’’ എന്നാണ്.

ചിത്തിര എരണേഴത്ത്, ഇടപ്പള്ളി, എറണാകുളം

‘ഭരണഘടനയാണ് നമ്മുടെ ഭാരതാംബ’

എ.വി. അനിൽകുമാറിന്‍റെ ‘ആരുടെ ഭാരതാംബ’ (ലക്കം 1429) എന്ന ലേഖനമാണ് ഈ കുറിപ്പിനാധാരം. ഭാരതാംബ ചിത്രത്തെച്ചൊല്ലി രാജ്ഭവനിൽനിന്നാരംഭിച്ച സംഘർഷം ഉന്നത വിദ്യാഭ്യാസത്തിന്‍റെ ശ്രീകോവിലായ കേരള സർവകലാശാലയെ അക്ഷരാർഥത്തിൽ ഒരു കലാപശാലയാക്കി മാറ്റിയിരിക്കുന്നു. വിദ്യാഭ്യാസരംഗത്തെ ഏതെങ്കിലും അക്കാദമികമായ വിഷയത്തെ കേന്ദ്രീകരിച്ചുള്ള തർക്കങ്ങളല്ല ഇപ്പോഴത്തെ പ്രശ്നങ്ങൾക്കടിസ്ഥാനം. മറിച്ച് ഗവർണറുടെ സങ്കുചിത മത-വർഗീയ-രാഷ്ട്രീയ താൽപര്യങ്ങളാണ് കാര്യങ്ങൾ ഇത്രമേൽ വഷളാക്കിയത്. ‘ഭാരതാംബ’ എന്ന സങ്കൽപത്തെ തിരസ്കരിക്കുന്നത് കോടിക്കണക്കിന് ഇന്ത്യക്കാരുടെ വികാരത്തെ ക്ഷതമേൽപിക്കുന്ന നടപടിയാണെന്നാണ് ഗവർണറുടെ നിലപാട്. ഭാരതാംബ കേവലം രാഷ്ട്രീയബിംബമല്ലെന്നും ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീക്ഷയിൽനിന്നും ഉയർന്നുവന്ന സങ്കൽപമാണ് അതെന്നും ഗവർണർ വ്യക്തമാക്കുന്നുണ്ട്.

ആദ്യ വായനയിൽ നിരുപദ്രവമെന്ന് തോന്നുന്ന ഗവർണറുടെ ഈ നിലപാടിൽ ഒളിഞ്ഞിരിക്കുന്ന വർഗീയ അജണ്ട ചിന്തിക്കുന്ന ആർക്കും എളുപ്പം മനസ്സിലാകും. കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള എല്ലാ ഇന്ത്യക്കാരും ജാതി-മത-വർഗ-വർണ വ്യത്യാസമില്ലാതെ ഭാരതമെന്ന ഒരമ്മയുടെ മക്കളാണെന്ന് കരുതുന്ന മഹത്തായ ചിന്തയാണല്ലോ ഭാരതാംബ എന്ന സങ്കൽപത്തിലൂടെ വിവക്ഷിക്കുന്നത്. ഈ സങ്കൽപത്തെ ആരും എതിർക്കുന്നില്ല. എന്നാൽ, സങ്കൽപത്തിലുള്ള ഈ ഭാരതാംബയെ അഖണ്ഡ ഭാരത പശ്ചാത്തലത്തിൽ കൈയിൽ ആർ.എസ്.എസിന്‍റെ കാവിക്കൊടിയും പിടിച്ച് സിംഹാരൂഢയായ ഒരു വനിതയായി ദൃശ്യവത്കരിച്ചിരിക്കുന്നു. വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഈ ചിത്രം ആർ.എസ്.എസിന്‍റെ കാര്യാലയത്തിലും ബി.ജെ.പിക്കാരുടെ വീട്ടിലും വെക്കുന്നതിനെ ഇന്നോളം ആരും എതിർത്തിട്ടില്ല. എന്നാൽ, ഈ ചിത്രം മതേതര ഭാരതത്തിന്‍റെ ഭരണഘടന സ്ഥാപനങ്ങളിലേക്ക് ഒളിച്ചുകടത്തുകയും അതിനുമുന്നിൽ പുഷ്പാർച്ചന നടത്തണമെന്ന് ശഠിക്കുകയും ചെയ്യുമ്പോൾ പ്രതിഷേധം ഉയരുന്നത് സ്വാഭാവികം. ഇത് അനുവദിക്കാൻ കഴിയില്ല.

നിരാമയനും നിരാകാരനും സർവവ്യാപിയുമായ ഒരു ദൈവ സങ്കൽപത്തെ മാനവസമൂഹം തത്ത്വത്തിൽ അംഗീകരിക്കുന്നു. എന്നാൽ, അവരവരുടെ വിശ്വാസങ്ങൾക്കനുസരിച്ച് ഓരോ മതവും ഈ ദൈവസങ്കൽപത്തെ ചിത്ര-ശിൽപ രൂപങ്ങളായി ആവിഷ്കരിച്ചപ്പോൾ ആ രൂപങ്ങളെ ഇതരമത വിശ്വാസികൾ അവഗണിക്കുന്നത് നിത്യസത്യം. ഭാരതാംബയെന്ന പേരിൽ ഗവർണർ ഉയർത്തിപ്പിടിക്കുന്ന ഈ ചിത്രത്തെ ആർ.എസ്.എസുകാർ അല്ലാത്ത ഭാരതീയർ എതിർക്കുന്നതിന്‍റെ ലളിതയുക്തിയും ഇതുതന്നെയാണ്. ഇത് മനസ്സിലാവാത്ത ആളൊന്നുമല്ല രാജേന്ദ്ര വിശ്വനാഥ ആർലേക്കർ. ഇവിടെയാണ് ഗവർണറുടെ ആർ.എസ്.എസ് രാഷ്ട്രീയം മറനീക്കി പുറത്തുവരുന്നത്.

മതനിരപേക്ഷതയെ തകർത്ത് സവർണ ഹിന്ദുത്വ മതബോധത്തിലേക്ക് ഒരു ജനതയെ പരിവർത്തിപ്പിക്കുക എന്ന ഗൂഢലക്ഷ്യമാണ് ഇതിനുപിന്നിൽ. ആയതിനാൽ ഭരണഘടനയാകട്ടെ ഇനി മുതൽ നമ്മുടെ ‘ഭാരതാംബ’. ലേഖനം തയാറാക്കിയ എ.വി. അനിൽകുമാറിനും മാധ്യമം ആഴ്ചപ്പതിപ്പിനും അഭിനന്ദനങ്ങൾ.

മഹേന്ദ്രൻ തോട്ടുക്കര, തൃശൂർ

യാഥാർഥ്യങ്ങളെ വിളിച്ചുപറയുന്നു ‘കള്ളി’

രാവുണ്ണി എഴുതിയ കവിത ‘കള്ളി’ (ലക്കം 1429) ചില യാഥാർഥ്യങ്ങളുടെ വിളിച്ചു പറയലാണ്. മറ്റുള്ളവർക്കുവേണ്ടി ജീവിക്കുന്നവർ എന്നും പഴികേൾക്കേണ്ടി വരിക എന്നുള്ളത് കാലങ്ങളായുള്ള അലിഖിത നിയമമാണ്. അതിന്റെ പ്രതിഷേധവും സഹനവും നിസ്സഹായ അവസ്ഥയും പ്രതിഫലിക്കുന്നുണ്ട് വരികൾ. കവി രാമുണ്ണിക്ക് അഭിനന്ദനങ്ങൾ. ‘‘മരുഭൂമിയിലാണെന്റെ പിറവി, മോളിലും താഴെയും വശങ്ങളിലും ആളുന്ന തീയാണ്, എന്നിട്ടും ഞാൻ ഉടലിലും വെള്ളം ശേഖരിച്ചുവെക്കുന്നു, എനിക്കല്ല നിങ്ങൾക്ക്, നിത്യദാഹികൾക്ക്, നിങ്ങളത് പിഴിഞ്ഞെടുക്കുന്നു, എങ്ങളെ കീറിയെറിയുന്നു.’’ ഈ വരികളെ കാവ്യാസ്വാദകർക്ക് മനസ്സിൽനിന്ന് പെട്ടെന്ന് കീറിക്കളയാൻ കഴിയില്ല.

ഷിബു എസ്, തൊടിയൂർ

സിനിമയുടെ സര്‍വവിജ്ഞാന കോശമാകുന്ന സംഗീതയാത്ര

മാധ്യമം ആഴ്ചപ്പതിപ്പില്‍ ‘മലയാള ചലച്ചിത്രഗാന ചരിത്രം’ എഴുതിക്കൊണ്ടിരിക്കുന്ന ശ്രീകുമാരന്‍ തമ്പിക്ക് എന്‍റെ അഭിവാദ്യങ്ങൾ. മലയാള സിനിമാലോകത്തെ ഒരു Wonderful Phenomena അഥവാ അത്ഭുത പ്രതിഭാസമായ അദ്ദേഹം സിനിമ സംഗീതത്തിന്‍റെ മഞ്ഞുപെയ്യും പോലെയുള്ള ധ്വനിനിലയങ്ങൾ, കുളിര്‍നിര്‍ഝരികൾ, മൃദുമന്ദഹാസങ്ങൾ എല്ലാം ഈ ഗാനചരിത്രത്തിലൂടെ അനുവാചകർക്ക് പകര്‍ന്നുതന്നു കൊണ്ടിരിക്കുകയാണ്.

കാലഗണനയനുസരിച്ച് ഓരോ ചിത്രങ്ങളുടെയും നിർമാതാവ്, സംവിധായകന്‍, ഗാനരചയിതാവ്, സംഗീത സംവിധായകന്‍, ഗായകര്‍, ഛായാഗ്രാഹകര്‍, അഭിനേതാക്കള്‍, പാട്ടുവരികള്‍... അങ്ങനെ സിനിമയെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും പറഞ്ഞുതരുന്ന ഈ എഴുത്ത് സിനിമയുടെ സര്‍വവിജ്ഞാനകോശമായി മാറുകയാണ്.

അദ്ദേഹത്തിന്‍റെ ആത്മകഥയായ ‘ജീവിതം ഒരു പെന്‍ഡുലം’ മലയാള ആത്മകഥ ചരിത്രത്തിലെ ചേതോഹരമായൊരു ഏടാണ്. അതിന് സാഹിത്യസംബന്ധമായ ഒട്ടുമിക്ക അവാര്‍ഡുകളും ലഭിച്ചുകഴിഞ്ഞു. ഈ സിനിമാഗാന ചരിത്രവും അതുപോലെ ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണ്. അതുകൊണ്ട് അദ്ദേഹത്തിന്‍റെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചുകൊണ്ട് രാജ്യത്തെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരമായ ‘ജ്ഞാനപീഠം’ നല്‍കി ആദരിക്കേണ്ടതാണ്. അധികാരികള്‍ ഇക്കാര്യം ശ്രദ്ധിക്കണം. ബൈബിളിലെ ഉത്തമഗീതവും സങ്കീര്‍ത്തനങ്ങളും ആത്മാവിന്‍ ഭാഷയുടെ ചൈതന്യം എന്ന് വിശേഷിപ്പിക്കുന്നതുപോലെ ശ്രീകുമാരന്‍ തമ്പിയുടെ മേല്‍പ്പറഞ്ഞ രണ്ടു രചനകളും മലയാളഭാഷയെ ഒരു ഭാവഗാനംപോലെ ലാവണ്യവതിയാക്കുന്നു.

സണ്ണി ജോസഫ്‌, മാള

Show More expand_more
News Summary - letters