എഴുത്തുകുത്ത്

‘വേടന്റെ പാട്ട് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ല’
‘വേടൻ’ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിയുടെ പാട്ട് കാലിക്കറ്റ് സർവകലാശാല സിലബസിൽനിന്ന് എടുത്തുമാറ്റി എന്ന വാർത്ത ചില ചാനലുകളുടെയും ചില പത്രങ്ങളുടെയും പ്രധാന ചർച്ചാവിഷയമായി. യൂനിവേഴ്സിറ്റിക്ക് നൽകിയ റിപ്പോർട്ടിൽ മൈക്കൽ ജാക്സന്റെ പാട്ടിന്റെയും വേടന്റെ പാട്ടിന്റെയും സംഗീത താരതമ്യം എന്ന ഭാഗവും കഥകളിയിലെ സംഗീതാലാപനവും ഗൗരി ലക്ഷ്മിയുടെ ശാസ്ത്രീയ സംഗീതാലാപനവും താരതമ്യം എന്ന ഭാഗവും ഒഴിവാക്കണം എന്നാണ് ഞാൻ പറഞ്ഞത്. വേടന്റെ പാട്ടും ഗൗരി ലക്ഷ്മിയുടെ ആലാപനവും സിലബസിൽനിന്ന് എടുത്തുമാറ്റണം എന്നു ഞാൻ ആവശ്യപ്പെട്ടിട്ടില്ല. അതൊക്കെ പരാതിക്കാരുടെ ആവശ്യങ്ങളാണ്. അതെല്ലാം എന്റെ മേൽ ആരോപിക്കുന്നത് സത്യവിരുദ്ധമാണ്.
കാലിക്കറ്റ് യൂനിവേഴ്സിറ്റി മലയാളം ബി.എ സിലബസിൽ കഥകളി സംഗീതവും ഗൗരിലക്ഷ്മിയുടെ ശാസ്ത്രീയ സംഗീതവും തമ്മിൽ താരതമ്യപ്പെടുത്താനും മൈക്കൽ ജാക്സന്റെ പാട്ടിന്റെയും വേടന്റെ പാട്ടിന്റെയും സംഗീതങ്ങൾ തമ്മിൽ താരതമ്യപ്പെടുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. സിലബസും പരാതികളും പരിശോധിച്ച് നീതിയുക്തമായ തീരുമാനം അറിയിക്കണം എന്ന് യൂനിവേഴ്സിറ്റി എന്നോട് ആവശ്യപ്പെട്ടു. ഞാൻ യൂനിവേഴ്സിറ്റിയിൽ അനേകകാലം അധ്യാപകനായിരുന്നു. സിലബസ് മുഴുവനും പഠിച്ചിട്ടാണ് ഞാൻ റിപ്പോർട്ട് തയാറാക്കിയത്. കഠിനമായ പരിശ്രമത്തിന്റെയും അറിവിന്റെയും കൂട്ടായ ചിന്തയുടെയും ഫലമാണ് സിലബസ് എന്നും അതിനെ അബദ്ധജടിലമെന്നു പറഞ്ഞ് തമസ്കരിക്കുന്നത് നീതിക്കു ചേർന്നതല്ല എന്നും റിപ്പോർട്ടിൽ ഞാൻ എടുത്തുപറഞ്ഞിട്ടുണ്ട്. ഞാൻ കഥകളി (സാഹിത്യം) ഐച്ഛികമായി പഠിച്ചിട്ടുണ്ട്. കഥകളി സംഗീതവും ശാസ്ത്രീയസംഗീതവും തമ്മിലുള്ള വ്യത്യാസം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. പോപ് സംഗീതത്തെക്കുറിച്ചും റാപ് സംഗീതത്തെക്കുറിച്ചും വിശദീകരിച്ചിട്ടുണ്ട്.
മൈക്കൽ ജാക്സന്റെയും വേടന്റെയും പാട്ടുകളുടെ ഗുണദോഷങ്ങൾ എടുത്തു പറഞ്ഞിട്ടുണ്ട്. കഥകളി സംഗീതവും ക്ലാസിക്കൽ സംഗീതവും താരതമ്യപ്പെടുത്താൻ പറയുന്ന ഭാഗവും മൈക്കൽ ജാക്സന്റെയും വേടന്റെയും പാട്ടുകളുടെ സംഗീതങ്ങൾ താരതമ്യപ്പെടുത്താൻ പറയുന്ന ഭാഗവും മാറ്റി ഉചിതമായ പാഠഭാഗം ചേർക്കണം എന്നു മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ. സിലബസിനെക്കുറിച്ചോ പോപ് - റാപ് സംഗീതങ്ങളെക്കുറിച്ചോ ഞാൻ പറഞ്ഞ നിരീക്ഷണങ്ങൾ ആരുടെയും ശ്രദ്ധയിൽപ്പോലും പെട്ടതായി പറഞ്ഞുകേട്ടില്ല. പരാതിക്കാരുടെ അഭിപ്രായങ്ങൾ റിപ്പോർട്ടിന്റെ ഭാഗമായി ഞാൻ ഉദ്ധരിച്ചതെല്ലാം എന്റെ അഭിപ്രായങ്ങളായി വ്യാഖാനിക്കുകയും അതിന്റെയെല്ലാം പേരിൽ എന്നെ അപവദിക്കുകയും ചെയ്യുകയാണുണ്ടായത്. റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങൾ എന്താണ് എന്നുപോലും മനസ്സിലാക്കാതെയുള്ള ചർച്ചകളും വിലയിരുത്തലുകളും ചാനൽ ചർച്ചകളുടെ പൊതുസ്വഭാവത്തിലേക്കാണ് വിരൽചൂണ്ടുന്നത്.
ചില ചാനൽ ചർച്ചകളിൽ എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയും മാരകമായി ആക്രമിക്കുകയും ചെയ്തത് ശിഷ്യന്മാരും സുഹൃത്തുക്കളും എന്റെ ശ്രദ്ധയിൽപെടുത്തുകയുണ്ടായി. ഒരു ചാനൽ വിദഗ്ധൻ പരാതിക്കാരുടെ അഭിപ്രായങ്ങൾ എന്റേതായി മറിച്ചിടുകയും എന്താണ് പറഞ്ഞിട്ടുള്ളതെന്നുപോലും ശ്രദ്ധിക്കാതെ റിപ്പോർട്ടിന്റെ കോപ്പി കൈയിൽ പിടിച്ചുകൊണ്ട് രൗദ്രബീഭത്സ രസങ്ങളോടെ ഒരു പ്രകടനം തന്നെ കാഴ്ചവെക്കുകയുമുണ്ടായി. ഇരയെകിട്ടിയാൽ പല്ലും നഖവും കൊണ്ട് വലിച്ചുകീറി മടക്കിപ്പിടിച്ചിരിക്കുന്ന കത്തിയാൽ വകഞ്ഞ് തെരുവിൽ എറിഞ്ഞുകൊടുക്കുന്ന ലൈനാണ് അദ്ദേഹത്തിന്റേത്. എന്റെ സാഹിത്യസംഭാവനകളോ സാമൂഹിക പ്രവർത്തനങ്ങളോ പോകട്ടെ കുറെക്കാലം അധ്യാപകനായിരുന്ന അദ്ദേഹത്തിനു പത്തറുപത്തിയഞ്ചുവർഷം അനേകം കുട്ടികളെ പഠിപ്പിച്ചിട്ടുള്ള ഇപ്പോഴും പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരധ്യാപകനെ വിമർശിക്കുമ്പോൾ ഒരൽപം മാന്യതയും ഭാഷാപരമായ ഔചിത്യവും കാണിക്കാനുള്ള മര്യാദയില്ലാതെ പോയത് സംസ്കാരലോപം തന്നെ.
ഇരുട്ടുമറകൾ സൃഷ്ടിച്ച് ഇല്ലാത്ത പുലികളെ പിടിക്കാനുള്ള ഇത്തരം ചർച്ചകൾ കാഴ്ചക്കാരിൽ അറപ്പുളവാക്കുന്നു എന്നും ചാനലുകളിലെ ചർച്ചാവേളകളിൽനിന്നു ജനം ഓടിപ്പോകുന്നു എന്നുമുള്ള വസ്തുതകൾ ചാനൽ അവതാരകരും ചർച്ചക്കാരും മനസ്സിലാക്കണം. എന്റെ സുഹൃത്തുക്കളും ശിഷ്യന്മാരും ആ വിദഗ്ധനെതിരായി കേസ് ഏറ്റെടുത്ത് നടത്താനുള്ള ശ്രമത്തിലാണ്. യൂനിവേഴ്സിറ്റിയിൽ യു.ജി, പി.ജി ബോർഡുകളിൽ പല പ്രാവശ്യംചെയർമാനായും അക്കാദമിക് കൗൺസിൽ ചെയർമാനായും സെനറ്റ് അംഗമായും ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. യൂനിവേഴ്സിറ്റി നിയമങ്ങൾ അറിയാം. ബോർഡ് ഒാഫ് സ്റ്റഡീസിന്റെ ആലോചനക്ക് വിടണമെന്നും അവരുടെ അഭിപ്രായമാണ് അവസാന തീരുമാനമായി സ്വീകരിക്കേണ്ടതെന്നും ഞാൻ അറിയിച്ചിരുന്നു. സാങ്കേതികമായി വ്യത്യസ്ത ജനുസ്സുകളിൽപെട്ട സംഗീതശിൽപങ്ങളുടെ താരതമ്യം അത്ര എളുപ്പമല്ല. സംഗീത താരതമ്യം എന്നതിനു പകരം സാംസ്കാരിക താരതമ്യം എന്നു തിരുത്തിയാലും വേടൻ അവിടെത്തന്നെ ഉണ്ടാവും. വേടന്റെയോ ഗൗരിലക്ഷ്മിയുടെയോ പാട്ടുകൾ സിലബസിൽനിന്ന് എടുത്തുമാറ്റാൻ ഞാൻ ആവശ്യപ്പെട്ടിട്ടില്ല.
ഡോ. എം.എം. ബഷീർ (റിട്ട. പ്രഫ. കാലിക്കറ്റ് യൂനിവേഴ്സിറ്റി)
രാഷ്ട്രപിതാവിനെ അവഗണിക്കുന്നവർ
കോൺഗ്രസിലെ അനിശ്ചിതാവസ്ഥയെക്കുറിച്ച് പി.ടി. നാസർ എഴുതിയ ഓരോ വാചകവും അർഥവത്താണ് (ലക്കം: 1430). ഇന്ത്യൻ നാഷനൽ കോൺഗ്രസിനെ പിരിച്ചുവിടണമെന്നും അധികാരം ദുഷിപ്പിക്കുമെന്നും ആദ്യം പറഞ്ഞത് രാഷ്ട്രപിതാവായ ഗാന്ധിജിയായിരുന്നു. ഗാന്ധിജിയെ തമസ്കരിക്കാൻ സംഘ്പരിവാർ കിണഞ്ഞു പരിശ്രമിക്കുകയാണ്. അതിനിടയിലാണ് ഖദർ വിവാദവും പടലപ്പിണക്കങ്ങളും കോൺഗ്രസിനെ തളർത്തിക്കൊണ്ടിരിക്കുന്നത്. അജയ് തറയിലിന്റെ വിമർശനം ഗാന്ധിജിയോടും പ്രസ്ഥാനത്തോടും ഉള്ളതായ അദ്ദേഹത്തിന്റെ കൂറിന്റെയും വിധേയത്വത്തിന്റെയും തെളിവായി കാണാം.
ഗാന്ധിജിയുടെ ആദർശം ബലികഴിച്ച് പ്രയാണം തുടരുന്ന ന്യൂജെൻ കോൺഗ്രസുകാരെ സംബന്ധിച്ചിടത്തോളം ഖദർ ധരിക്കാതിരിക്കുന്നതാണ് അഭികാമ്യം. കാരണം സ്വാതന്ത്ര്യസമരത്തെക്കുറിച്ച് കേട്ടുകേൾവി പോലുമില്ലാത്ത പുതിയ തലമുറക്ക് വി.ഡി. സതീശനെയും രമേശ് ചെന്നിത്തലയെയും പ്രീണിപ്പിച്ച് എന്തെങ്കിലും സ്ഥാനമാനങ്ങൾ നേടുക എന്നതിലുപരി മറ്റു ലക്ഷ്യങ്ങൾ ഒന്നും തന്നെ ഇല്ല. കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വമെടുത്ത ആദ്യ മലയാളി കെ. ദാമോദരന് ഖദറിനോടുണ്ടായിരുന്ന പ്രതിപത്തി ന്യൂജെൻ കോൺഗ്രസുകാർക്കില്ലാതെ പോകുന്നു എന്നത് പ്രസ്ഥാനം ക്ഷയിച്ചു തുടങ്ങിയതിന്റെ വ്യക്തമായ സൂചനയാണ്. വർത്തമാനകാലത്തും ഭാവിയിലും ദുഃഖിക്കേണ്ടിവരുന്ന പ്രവർത്തനങ്ങളിൽമാത്രം ഏർപ്പെട്ടുകൊണ്ടിരിക്കുന്ന ആധുനിക കോൺഗ്രസ് നേതൃത്വവും അനുയായികളും പ്രസ്ഥാനത്തിന്റെ ശവപ്പെട്ടിയിൽ അവസാന ആണി അടിക്കാൻ മത്സരിക്കുകയാണ്. വി.ഡി. സതീശൻ പുസ്തകപ്രേമിയും വായനശീലത്തിന്റെ ഉടമയും ആണ്. നിർഭാഗ്യവശാൽ ആർജിത അറിവ് അദ്ദേഹത്തിന്റെ സംസാരത്തിൽ കാണാറില്ല.
ഫാ. ഡാർലി എടപ്പാങ്ങാട്ടിൽ, മുളന്തുരുത്തി
ചരിത്രമാകുന്ന കാമറാനുഭവങ്ങൾ
കുറസോവയുടെ ‘ദർസു ഉസാല’യിൽ കലിപിടിച്ച കാറ്റും ജലപ്രവാഹവും രൗദ്രഭാവം പ്രാപിച്ചത് അനുഭവിച്ചതുപോലെ മനോവിഭ്രാന്തിയുടെ സഞ്ചാരങ്ങളെ തനിയാവർത്തനം, ഉള്ളടക്കം എന്നീ സിനിമകളിലൂടെ മലയാള സിനിമാപ്രേക്ഷകർക്ക് അനുഭവവേദ്യമാക്കിയ ഛായാഗ്രാഹകനാണ് സാലു ജോർജ്. ഡിജിറ്റൽ കാമറകളെപോലും അപ്രസക്തമാക്കിക്കൊണ്ട് കാമറാ ആംഗിളും മൂവ്മെന്‍റ്സും ഷോർട്സുമൊക്കെ പ്രോംപ്റ്റുകളിൽ ഒരുക്കി വിഡിയോകൾ ഇറങ്ങുന്ന എ.ഐയുടെ ഈ കാലഘട്ടത്തിൽ സാലു ജോർജിന്‍റെ ആത്മഭാഷണം ‘മാധ്യമം’ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത് ചരിത്രപരമായ ഒരു ദൗത്യമായി കരുതാം.
കലാ-രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിൽനിന്ന് കാമറയുമായി മലയാള സിനിമയിലെത്തിയ സാലു ജോർജിന്‍റെ ആത്മഭാഷണത്തിൽ മലയാള സിനിമയുടെ ദിശാമാറ്റങ്ങളും സിനിമോട്ടോഗ്രഫിയിലെ പരിവർത്തനങ്ങളും വിശദീകരിക്കപ്പെട്ടിട്ടുണ്ട്. അഞ്ചു തലമുറ സംവിധായകരോടൊപ്പം ഫാമിലി ഡ്രാമക്കും കോമഡിക്കും ആക്ഷൻ സിനിമകൾക്കുമൊക്കെ കാമറ ചലിപ്പിച്ച് 110 മലയാള സിനിമകളുടെ കാമറമാനായ സാലു ജോർജ് സ്വന്തം അനുഭവങ്ങൾ പങ്കുവെക്കുന്നത് ഛായാഗ്രഹണ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള മാർഗനിർദേശങ്ങളായും മാറുന്നു. താരകേന്ദ്രീകൃതമായ മലയാള ചലച്ചിത്ര രംഗത്ത് വാൽനക്ഷത്രം പോലെ മിന്നിത്തിളങ്ങി അപ്രത്യക്ഷമായവരുടെയും സൂര്യചന്ദ്രന്മാരെ പോലെ ശോഭിക്കുന്നവരുടെയും ഗ്രഹണം ബാധിച്ചവരുടെയുമൊക്കെ മുഖങ്ങൾ വായനക്കാരുടെ മനസ്സിൽ തെളിയിക്കുമ്പോഴും ആ മുഖത്തിന്‍റെ ഉടമകളെ തെല്ലുപോലും വ്രണപ്പെടുത്താതെ സംസാരിക്കാനും സാലു ജോർജ് ശ്രദ്ധിച്ചിരിക്കുന്നു. താര വാഴ്ചകളുടെയും വീഴ്ചകളുടെയും എത്രയോ സന്ദർഭങ്ങൾക്ക് കാമറകൊണ്ടും ജീവിതംകൊണ്ടും കാഴ്ചക്കാരനായി നിന്നിട്ടുള്ള അദ്ദേഹം അത്തരം സംഭവങ്ങൾ വിവേകത്തോടെ ഒഴിവാക്കിയതും ആത്മഭാഷണത്തിന്‍റെ ഗരിമ കൂട്ടുന്നു.
ശുഭാപ്തിവിശ്വാസം കൈമുതലാക്കി സിനിമാരംഗത്തേക്ക് വന്ന് അതിൽ ചുവടുറപ്പിച്ച് മുന്നേറുന്നതിനിടെ സിനിമ ചിത്രീകരണ വേളയിലടക്കം ഉണ്ടായ നിരവധി വെല്ലുവിളികളിൽ ചിലതുമാത്രം പറഞ്ഞ് ഏതൊരു വായനക്കാരനിലും ജീവിതവഴിയിൽ ആത്മവിശ്വാസം നിറക്കാനും ആത്മഭാഷണകാരനായ സാലു ജോർജിന് കഴിഞ്ഞിട്ടുണ്ട്. അനുഭവങ്ങളുടെ ഫ്രെയിമിൽ അക്ഷരങ്ങൾ നിറച്ച് ഭൂതകാലം പറയുമ്പോൾ വായനക്കാരന്‍റെ അകക്കണ്ണിൽ പോലും ദൃശ്യങ്ങളൊരുക്കാൻ സാലു ജോർജ് എന്ന ഛായാഗ്രാഹകന് സാധിക്കുന്നതിനാൽ അദ്ദേഹത്തിന്‍റെ പ്രതിഭ ഇനി സിനിമയുടെ മറ്റു മേഖലകളിൽ ‘റോളിങ്’ ചെയ്യുമെന്ന പ്രതീക്ഷ ജനിപ്പിക്കുന്നു.
വിനോദ് പുളിയാന,നോർത്ത് കളമശ്ശേരി
‘കലാകാരന് നീതിവേണം’
രാഘവൻ അത്തോളിയെ മറന്നതോ അറിയാത്തതോ എന്ന പേരിൽ പ്രേംചന്ദ് എഴുതിയ ലേഖനം (ലക്കം: 1431)കണ്ണുനിറച്ചു. ഒരു ജന്മം മുഴുവൻ സാഹിത്യ, സാംസ്കാരിക പ്രവർത്തനങ്ങൾക്കായി സമർപ്പിച്ച ഒരു കലാകാരൻ ജീവിതസായാഹ്നത്തിൽ അനുഭവിക്കുന്ന ദാരിദ്ര്യവും ഒറ്റപ്പെടലും സാംസ്കാരിക ലോകം ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഒന്നു രണ്ട് പുസ്തകങ്ങൾ എഴുതി ഇൻസ്റ്റഗ്രാം തരംഗത്തിന്റെ ഭാഗമാകുന്ന എഴുത്തുകാരിൽ പലരും താരപരിവേഷത്തോടെ സ്വീകരിക്കപ്പെടുന്ന കാലത്താണ് 77 പുസ്തകങ്ങൾ എഴുതി മലയാള സാഹിത്യത്തിൽ വലിയ അടയാളപ്പെടുത്തലുകൾ തീർത്ത മഹാനായ ഒരു എഴുത്തുകാരൻ ക്രൂരമായി തിരസ്കരിക്കപ്പെടുന്നത് എന്നോർക്കണം.
വൻകിട പുസ്തക കച്ചവടക്കാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന സാഹിത്യ സംഗമങ്ങളിൽ ഒരു ഭിക്ഷക്കാരനെപ്പോലെ പുസ്തകവുമായി അലഞ്ഞുനടന്നിരുന്ന കവിയുടെ ഇന്നലെകൾ ലേഖകൻ പരിചയപ്പെടുത്തുന്നുണ്ട്. രാഘവൻ അത്തോളിയെ പോലെയുള്ള പ്രതിഭാശാലികൾ എഴുതിയും പ്രഭാഷണം നടത്തിയും തന്നെയാണ് കേരളത്തിന്റെ സാംസ്കാരിക അന്തരീക്ഷം രൂപപ്പെടുത്തിയതെന്ന യാഥാർഥ്യം മറക്കരുത്. അർഹമായ ആദരവും ആനുകൂല്യങ്ങളും നൽകി കലാകാരനോട് നീതിപുലർത്താൻ സാംസ്കാരിക വകുപ്പിന് ബാധ്യതയുണ്ട്. കൂട്ടത്തിൽ പറയട്ടേ സമൂഹത്തിൽനിന്ന് ഒറ്റപ്പെടുന്ന ഇത്തരം മനുഷ്യരുടെ നിലവിളി കേൾക്കാൻ എന്നും ‘മാധ്യമം’ ആഴ്ചപ്പതിപ്പിന് കഴിഞ്ഞിട്ടുണ്ട്. അതുതന്നെയാണ് ഇതര പ്രസിദ്ധീകരണങ്ങളിൽനിന്ന് ‘മാധ്യമ’ത്തെ വേറിട്ട് നിർത്തുന്ന പ്രധാന ഘടകം.
റുമൈസ് ഗസ്സാലി
പലരും അവഗണിച്ച പട്ടത്തുവിളയെ അറിയിച്ച എഴുത്ത്
മാധ്യമം ആഴ്ചപ്പതിപ്പിൽ (ലക്കം 1430) വന്ന ‘കഥകളിലെ വിപ്ലവ പഥികൻ’ വളരെ നന്നായിട്ടുണ്ട്. പലരും അവഗണിച്ച പട്ടത്തുവിളയെക്കുറിച്ച് എഴുതിയ വാസുദേവൻ കുപ്പാട്ടിനും ‘മാധ്യമ’ത്തിനും എന്റെ നന്ദിയും അഭിനന്ദനവും അറിയിക്കുന്നു. തിരുവനന്തപുരത്തേക്ക് താമസം മാറ്റുന്നതുവരെ കോഴിക്കോട്ടെ സാഹിത്യ സദസ്സുകളിൽ ഒരു പിൻനിരക്കാരനായി പട്ടത്തുവിള ഉണ്ടാകുമായിരുന്നു. പട്ടത്തുവിള തന്റെ കഥകളിൽ ദേശീയവും അന്തർദേശീയവുമായ രാഷ്ട്രീയവും മതാവസ്ഥകളും ചർച്ചചെയ്തു. തന്റേതായ ഈ ശൈലി ആർക്കും അനുകരിക്കുവാനും സാധ്യതയില്ലായിരുന്നു. നമ്മുടെ നിരൂപകർക്കും അക്കാദമിക് പണ്ഡിതന്മാർക്കും പട്ടത്തുവിളയെ പിടികിട്ടിയിട്ടില്ല എന്നതാണ് സത്യം. തന്റെ കഥകൾ സ്വയം പ്രചരിപ്പിക്കാൻ പട്ടത്തുവിള ശ്രമിച്ചിട്ടുമില്ല. പട്ടത്തുവിളയുടെ ജന്മശതാബ്ദി ആഘോഷിക്കുന്ന ഈ അവസരത്തിൽ അദ്ദേഹത്തെക്കുറിച്ച് ഒരു പുസ്തകം എഴുതാൻ വാസുദേവൻ കുപ്പാട്ട് തീരുമാനിച്ചാൽ അത് പട്ടത്തുവിളയോടും മലയാള സാഹിത്യത്തോടും ചെയ്യുന്ന ആദരാഞ്ജലി ആയിരിക്കും. വിജയാശംസകൾ.
പുതുക്കുടി ബാലചന്ദ്രൻ, കോട്ടാംപറമ്പ്