എഴുത്തുകുത്ത്

സൂക്ഷ്മവായന വേണ്ടുന്ന നൊബേൽ ജേതാവിന്‍റെ എഴുത്തടയാളങ്ങൾ
2025ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലാസ്‌ലോ ക്രാസ്‌നഹോർകൈക്ക് നൽകുന്ന പ്രഖ്യാപനം സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് നടത്തിയപ്പോൾ, ‘‘സർവനാശത്തിന് ഇടയാക്കിയേക്കാവുന്ന ഭീകരതകൾക്കിടയിൽ കലയുടെ ശക്തിയെ ആവർത്തിച്ചുറപ്പിക്കുന്ന അദ്ദേഹത്തിന്റെ ശ്രദ്ധേയവും ദർശനാത്മകവുമായ കൃതികൾക്ക്’’ എന്ന ഒറ്റവാക്യം ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പിന്റെ കാരണത്തെ അക്കാദമി വിശേഷിപ്പിച്ചത്.
മാധ്യമം ആഴ്ചപ്പതിപ്പിൽ (ലക്കം 1443) ദിവ്യ അരുൺ എഴുതിയ ‘ആഖ്യാനത്തിലെ നൃത്തച്ചുവടുകൾ’ എന്ന ലേഖനം നൊബേൽ ജേതാവിനെക്കുറിച്ച് പൊതുവായും അദ്ദേഹത്തിന്റെ ‘സാറ്റാൻടാൻഗോ’ (Satantango) എന്ന നോവലിനെക്കുറിച്ച് പ്രത്യേകമായും വായനക്കാർക്ക് അറിവുപകരുന്നതാണ്. 2002ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ആദ്യമായി ഹംഗറിയിലേക്ക് എത്തിച്ച ഇമ്രെ കെർട്ടെസിനു ശേഷം ഇപ്പോഴാണ് വീണ്ടും ഇതേ രാജ്യത്തേക്ക് നൊബേൽ പുരസ്കാരമെത്തുന്നത്.
അനായാസ പാരായണത്തിന് ഒട്ടും അനുയോജ്യമല്ലാത്തവയാണ് പൊതുവേ ലാസ്‌ലോ ക്രാസ്‌നഹോർകൈയുടെ കൃതികൾ. നീളമുള്ളതും തുടർച്ച നഷ്ടപ്പെടാത്തതുമായ വാക്യങ്ങൾകൊണ്ട് നിർമിച്ചവയാണ് അദ്ദേഹത്തിന്റെ മിക്ക നോവലുകളും അവക്കുള്ളിലെ അതിന്റെ പല ഭാഗങ്ങളും. വായനക്കാർ പ്രതീക്ഷിക്കുന്ന ഔപചാരിക വിരാമങ്ങളില്ലാതെ ദീർഘമായ വാക്യങ്ങൾ പേജുകളിൽ നിറഞ്ഞു കിടക്കുന്നതു കാണാം. വരികൾക്കിടയിലും വാക്കുകൾക്കപ്പുറവുമുള്ള അർഥതലങ്ങൾ മനസ്സിലാക്കിയെടുക്കാൻ ഏകാഗ്രമായ സൂക്ഷ്മവായന ആവശ്യപ്പെടുന്നവയാണ് അദ്ദേഹത്തിന്റെ കൃതികൾ.
സമയമെടുത്ത് ധീരമായി പ്രകടിപ്പിച്ച പ്രണയംപോലെയുള്ള അനുഭവങ്ങൾ ചെറുവാക്യങ്ങളായി ചുരുക്കാൻ കഴിയില്ലെന്നും തന്റെ ആഖ്യാനത്തിൽ ഗഹനമായ മാനവികതലങ്ങൾ അടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. താൻ പറയുന്ന കാര്യം വായനക്കാരന് നന്നായി ഗ്രഹിക്കണമെന്ന ബോധ്യത്തിൽനിന്നാണ് പൂർണ വിരാമങ്ങളില്ലാത്ത വാക്യങ്ങൾ രൂപപ്പെടുന്നത്.
‘സാറ്റാൻടാൻഗോ’ ഇംഗ്ലീഷിലേക്ക് വിവർത്തനംചെയ്തത് ജോർജ് സിർടെഷ് ആണ്. 2015ൽ ഈ നോവലിന് മാൻ ബുക്കർ സമ്മാനം ലഭിച്ചിരുന്നു. 2018ലെ ബുക്കർ പുരസ്കാരത്തിനുള്ള അന്തിമ പട്ടികയിൽ അദ്ദേഹത്തിന്റെ ‘The World Goes on’ എന്ന കൃതി ഉൾപ്പെട്ടിരുന്നു. സാറ്റാൻടാൻഗോ എന്ന നോവലിനെക്കുറിച്ച് പറയുമ്പോൾ ഒരു തകർന്ന ഹംഗേറിയൻ ഗ്രാമത്തിലെ ഉപേക്ഷിക്കപ്പെട്ട ഒരു എസ്റ്റേറ്റിലാണ് നോവലിലെ മിക്ക സംഭവങ്ങളും അരങ്ങേറുന്നത്. മരിച്ചെന്നു കരുതപ്പെട്ട് പെട്ടെന്നൊരു ദിവസം തിരിച്ചെത്തി എസ്റ്റേറ്റിലുള്ളവർക്ക് രക്ഷകനായി മാറുന്ന ഒരു തട്ടിപ്പുകാരനാണ് നോവലിലെ പ്രധാന കഥാപാത്രമായ ഇറിമിയാസ്.
ഈ നോവലിന്റെ ആഖ്യാനത്തെ രണ്ടു ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. രണ്ടാം ഭാഗത്തിന്റെ അവസാനമെത്തുമ്പോൾ ആഖ്യാനം ആദ്യഭാഗത്തിന്റെ തുടക്കത്തിൽത്തന്നെ എത്തുന്നു എന്ന സവിശേഷതയുണ്ട്. വലയം പൂർണമായി എന്നർഥം വരുന്ന ‘The Circle Closes’ എന്നാണ് അവസാന അധ്യായത്തിന്റെ പേര്. ‘സാറ്റാൻടാൻഗോ’ അഥവാ ‘സാത്താന്റെ ടാൻഗോ നൃത്തം’ ദുരിതാവസ്ഥയെയും മൂല്യച്യുതികളെയും അതിജീവിക്കുമെന്ന തോന്നലുണ്ടാക്കുന്നുണ്ടെങ്കിലും നിന്നിടത്തുതന്നെ നിലനിൽക്കുന്ന അവസ്ഥയെ സൂചിപ്പിക്കുന്നു. നർത്തകൻ വലതുകാൽ ഒരു ചുവടു മുന്നോട്ടുവെക്കുമ്പോൾ പങ്കാളി ഇടതുകാൽ ഒരു ചുവട് പിന്നിലേക്ക് വെക്കുന്നു. നോവലിന്റെ ആഖ്യാനവും കാലവും സംഭവങ്ങളും മുന്നിലേക്കും പിന്നിലേക്കും ചലിക്കുന്ന പ്രതീതി ജനിപ്പിച്ച് തുടങ്ങിയിടത്തുതന്നെ അവസാനിക്കുന്നു.
ക്രാസ്‌നഹോർകൈയുടെ കൃതികളിലെ ദൃശ്യങ്ങളുടെ വിശദാംശങ്ങൾ പരിശോധിച്ചാൽ അതിലൊരു സിനിമാറ്റിക് സാധ്യത കാണാം. ഈ സാധ്യതയെ വിഖ്യാത ഹംഗേറിയൻ ചലച്ചിത്രകാരനായ ബേല ടാർ, ‘സാറ്റാൻടാൻഗോ’യെ ഏഴു മണിക്കൂറിലധികം ദൈർഘ്യമുള്ള സിനിമയാക്കി. ലാസ്‌ലോ ക്രാസ്‌നഹോർകൈയുടെ ‘ചെറുത്തുനിൽപിന്റെ വിഷാദം’ (The Melancholy of Resistance) എന്ന നോവലിനെ വായിക്കുന്നുണ്ട് വൈക്കം മുരളി ‘ഹംഗേറിയൻ സർറിയൽ നോവൽ ലോകം വാഴുമ്പോൾ’ എന്ന എഴുത്തിലൂടെ. നോവലിനെ കൂടുതൽ അടുത്തറിയാൻ വൈക്കം മുരളിയുടെ എഴുത്ത് വായനക്കാരന് മുതൽക്കൂട്ടാണ്.
മുരളീ മനോഹർ എം.എസ്, പൗഡിക്കോണം
അവതാരകർ പ്രതിഷ്ഠിക്കപ്പെടുന്നു
മുതിർന്ന മാധ്യമപ്രവർത്തകനും ‘ഏഷ്യാനെറ്റ്’ സ്ഥാപകനുമായ ശശികുമാറുമായി ബെൽബിൻ പി. ബേബി നടത്തിയ അഭിമുഖം (ലക്കം 1442) വായിച്ചു. കഴിഞ്ഞ 30 വർഷങ്ങളിൽ മലയാള മാധ്യമരംഗത്ത് നടന്ന പരിവർത്തനങ്ങളെയും ഇന്ന് മലയാള വാർത്താചാനലുകൾ നേരിടുന്ന ശോച്യാവസ്ഥകളെയും അഭിമുഖം വ്യക്തമായി ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയിലെ തന്നെ ആദ്യത്തെ ലൈവ് ടെലികാസ്റ്റ് എന്ന ആശയവുമായി മുന്നോട്ടുവന്നത് ‘ഏഷ്യാനെറ്റ്’ ആയിരുന്നു. വാർത്ത മനഃപാഠമാക്കി വായിക്കുന്ന രീതിയിൽനിന്ന് വാർത്തയും അതിന്റെ ചുറ്റുപാടുകളും മനസ്സിലാക്കി അവതരിപ്പിക്കുന്ന മാധ്യമസംസ്കാരം രൂപപ്പെടുത്താൻ ശശികുമാറിനും അദ്ദേഹത്തിന്റെ സംഘത്തിനും സാധിച്ചു. കാലക്രമേണ പുതുപുത്തൻ മാധ്യമങ്ങൾ രംഗപ്രവേശം ചെയ്തു. വാർത്തകൾക്കൊപ്പം ചർച്ചകളും അവലോകനങ്ങളും വാർത്താചാനലുകളുടെ പ്രധാന ഘടകങ്ങളായി മാറി. പണ്ടോളം നിലനിന്നിരുന്ന രീതികളിൽനിന്നും മാറി ചിന്തിക്കേണ്ട അവസ്ഥയിലേക്ക് മാധ്യമങ്ങൾ കടന്നു. ഒരു ചാനലിന്റെ വാർത്താഗതി നിർണയിക്കുന്ന ന്യൂസ് ഡെസ്കിന്റെ ചുമതലകൾ പല മാധ്യമങ്ങളിലും അവതാരകരുടെ കൈകളിലേക്കാണ് ചുരുങ്ങിയത്.
ലഭിക്കുന്ന എല്ലാ വിവരങ്ങളെയും ബ്രേക്കിങ് ന്യൂസ് എന്ന പേരിൽ അവതരിപ്പിച്ച് വാർത്താമൂല്യം നഷ്ടപ്പെടുത്തുന്ന പ്രവണതയും ഉയർന്നു. ന്യൂസ് റേറ്റിങ്ങുകളുടെ പേരിൽ പരസ്യലാഭം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മാധ്യമങ്ങൾ വ്യാപകമായി വളർന്നു. ബഹളംവെക്കലും വാദപ്രതിവാദങ്ങളും തന്നെ വാർത്തയെന്നും ചർച്ചയെന്നും വിളിക്കുന്ന സാഹചര്യം, മാധ്യമവിശ്വാസ്യതയെ ചോദ്യം ചെയ്യപ്പെടുന്ന നിലയിലേക്ക് നയിച്ചു. യഥാർഥ വാർത്ത അന്വേഷിക്കാതെ, പ്രേക്ഷകന്റെ താൽപര്യം പിടിച്ചിരുത്താനായി അനാവശ്യമായ വാർത്തകൾ പ്രചരിപ്പിക്കുകയും പിന്നീട് മാപ്പ് ചോദിക്കുന്നതും സാധാരണ സംഭവമായി. ഭരണാധികാരികളുടെ ഇഷ്ടാനുസരണം പ്രവർത്തിക്കുകയും, ബന്ധപ്പെട്ട കമ്പനി വിവരങ്ങൾ മറച്ചുവെക്കുകയും ചെയ്യുന്ന പുതിയ മാധ്യമരീതി ഭയപ്പെടുത്തുന്ന തരത്തിൽ വ്യാപിച്ചു.
ഈ നില തുടരുകയാണെങ്കിൽ യഥാർഥ മാധ്യമമൂല്യങ്ങൾ നശിക്കുമെന്നതും, വാർത്ത അന്വേഷണവും ന്യൂസ് സ്റ്റോറികളും പുനരുജ്ജീവിപ്പിക്കേണ്ടതുണ്ടെന്നും ശശികുമാർ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. തന്റെ ദീർഘകാല മാധ്യമപരിചയം കൊണ്ട് കേരളത്തിലെ മാധ്യമരംഗത്തെ ഏറെ ആഴത്തിൽ വിലയിരുത്തുന്ന മാധ്യമപ്രവർത്തകനായി ശശികുമാർ ഇവിടെ പ്രത്യക്ഷപ്പെടുന്നു.
നജ്‌വാൻ എടരിക്കോട്
ടി.ജെ.എസ് എന്ന അഗാധമായ അക്ഷയഖനി
പുതുമുഖ മാധ്യമപ്രവർത്തകർക്ക് മാതൃകയാക്കാവുന്ന അപൂർവവും, Gentleman at the fingertips എന്നു വിശേഷിപ്പിക്കാവുന്നതുമായ ശ്രേഷ്ഠവ്യക്തിത്വത്തെയാണ് ടി.ജെ.എസ് ജോർജിന്‍റെ വിയോഗത്തിലൂടെ നഷ്ടമായത്. ടി.ജെ.എസിനെ അനുസ്മരിച്ചുകൊണ്ട് ഒമ്പതുപേർ കോറിയിട്ടിരിക്കുന്ന ‘സമകാലിക മലയാളം’ സ്പെഷൽ പതിപ്പ് വായിച്ച ശേഷം കൈയിൽ കിട്ടിയ മാധ്യമം ആഴ്ചപ്പതിപ്പിലെ പി.ടി. നാസറും സജി ജെയിംസും എഴുതിയ ഓർമകൾ വായിക്കാൻ അൽപം അമാന്തിച്ചത് തെറ്റായിപ്പോയെന്ന് പിന്നീട് മനസ്സിലായി.
ഇത്രയും വിശദമായി എഴുതിയിട്ടുള്ള ഒമ്പത് ഓർമകൾ വായിച്ചതല്ലേ അതിൽ കൂടുതൽ ആര്, എന്തെഴുതാനാണെന്ന് മനസ്സ് ചോദിച്ചു. എങ്കിലും ജിജ്ഞാസ പിടിച്ചുനിർത്താനായില്ല. വായിച്ചു. അതിലുമുണ്ട് ഇതുവരെ അറിയാതിരുന്ന കുറെയേറെ ടി.ജെ.എസ് വിശേഷങ്ങൾ. ഇതിൽനിന്നൊക്കെ ഒരു കാര്യം മനസ്സിലായി -എത്ര എഴുതിയാലും തീരാത്തവിധം അഗാധമായ ഒരു അക്ഷയഖനിയാണ് ടി.ജെ.എസ് എന്ന അത്ഭുത പ്രതിഭാസമെന്ന്. മാധ്യമപ്രവർത്തനത്തിൽ വ്യക്തിമുദ്ര പതിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഒരു സെർച് ലൈറ്റായ ടി.ജെ.എസിന് എന്‍റെ പ്രണാമം.
സണ്ണി ജോസഫ്, മാള
മുതലാളിത്ത വ്യവസ്ഥകളെ സ്വാംശീകരിച്ചതിന് എതിരെയുള്ള ശക്തമായ വിമർശനം
മാധ്യമം ആഴ്ചപ്പതിപ്പിൽ ജി. സുധാകരനുമായി വി.എം. ഇബ്രാഹീം നടത്തിയ ദീർഘസംഭാഷണം വായിച്ചു. കമ്യൂണിസ്റ്റ് തത്ത്വങ്ങൾ പരമാവധി നടപ്പാക്കുന്നതിനു പകരം, ആധുനികതാവാദത്തിന്റെ ഭാഗമായ മുതലാളിത്ത വ്യവസ്ഥകളെ സ്വാംശീകരിച്ച പാർട്ടിയുടെ പ്രവണതക്കെതിരായ ശക്തമായ വിമർശനമായിരുന്നു ഈ അഭിമുഖം. പാർട്ടിയുടെ തുടക്കകാലത്തെ സമരചരിത്രങ്ങളെയും അതിൽ വേരൂന്നിയിരുന്ന ആഴത്തിലുള്ള ജനസമ്പർക്കത്തെയും പുതുതലമുറയിലെ പ്രവർത്തകരെ ബോധ്യപ്പെടുത്താൻ അദ്ദേഹം ശ്രമിക്കുന്നു.
പ്രത്യേകിച്ച് ആലപ്പുഴയിലെ പാർട്ടിയുടെ കർഷക-തൊഴിലാളി സമരങ്ങൾ, പുന്നപ്ര-വയലാർ പോരാട്ടങ്ങൾ തുടങ്ങിയ ജനപ്രസ്ഥാനങ്ങളിലൂടെയാണ് പാർട്ടി തന്റെ ശക്തമായ സാമൂഹിക അടിത്തറ നിർമിച്ചതെന്ന് അദ്ദേഹം ഓർമപ്പെടുത്തുന്നു. ‘പാർട്ടി മാറിയിട്ടില്ല’ എന്ന നിരീക്ഷണത്തെ അന്ധമായി അംഗീകരിക്കാൻ സാധിക്കില്ല. പാർട്ടി നേതാക്കളുടെ നിലപാടുകൾക്കനുസരിച്ച് പാർട്ടി നയങ്ങൾ മാറ്റങ്ങൾ ഏറ്റുവാങ്ങുകയും അതിനനുസരിച്ച് പാർട്ടിയും രൂപാന്തരപ്പെടുകയും ചെയ്യുകയാണ്. ഇതിന്റെ വ്യക്തമായ ഉദാഹരണങ്ങളാണ് സ്വകാര്യ സർവകലാശാല ബില്ലിനോടുള്ള അനുകൂല സമീപനവും ഹിന്ദുത്വ പാർട്ടിയോടുള്ള മൃദുസമീപനവും. ഇത്തരത്തിലുള്ള നയംമാറ്റങ്ങളാണ് ഇന്ന് പാർട്ടി നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി.
ആശിഫ്, പുല്ലിപറമ്പ്, അരീക്കോട്