തോട്ടിയുടെ മകനും നൂറു സിംഹാസനങ്ങളും

തകഴി ശിവശങ്കരപ്പിള്ള എഴുതിയ ‘തോട്ടിയുടെ മകൻ’ (1947) എന്ന നോവലിനെയും തമിഴിലും മലയാളത്തിലും ഒരുപോലെ ശ്രദ്ധേയനായ ബി. ജയമോഹന്റെ ‘നൂറു സിംഹാസനങ്ങള്‍' (2012) എന്ന നോവലിനെയും മുൻനിർത്തി ഒരു പഠനം. ഇരു നോവലുകളിലെയും ജീവിതങ്ങളെ വിശകലനംചെയ്യുന്നു. ഇന്ത്യ ദേശരാഷ്ട്ര പദവിയിൽ എത്തിയതോടെ ജാതിയാൽ നിർമിക്കപ്പെട്ട അസമത്വങ്ങൾ വലിയ രീതിയിൽ പരിഹരിക്കപ്പെട്ടു എന്നാണ് ജാത്യാഭിമാനികളായവരുടെ വാദം. ഈ നിരീക്ഷണങ്ങള്‍ കേവലം ഉപരിപ്ലവമാണെന്നതിന് വലിയ തെളിവുകളൊന്നും ആവശ്യമില്ല. സാമൂഹികവും സാമ്പത്തികവും മാനസികവുമായ അസ്പൃശ്യതയാണ് അവര്‍ ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യനായി ജീവിച്ചിരിക്കെ അവന്റെ...
Your Subscription Supports Independent Journalism
View Plansതകഴി ശിവശങ്കരപ്പിള്ള എഴുതിയ ‘തോട്ടിയുടെ മകൻ’ (1947) എന്ന നോവലിനെയും തമിഴിലും മലയാളത്തിലും ഒരുപോലെ ശ്രദ്ധേയനായ ബി. ജയമോഹന്റെ ‘നൂറു സിംഹാസനങ്ങള്‍' (2012) എന്ന നോവലിനെയും മുൻനിർത്തി ഒരു പഠനം. ഇരു നോവലുകളിലെയും ജീവിതങ്ങളെ വിശകലനംചെയ്യുന്നു.
ഇന്ത്യ ദേശരാഷ്ട്ര പദവിയിൽ എത്തിയതോടെ ജാതിയാൽ നിർമിക്കപ്പെട്ട അസമത്വങ്ങൾ വലിയ രീതിയിൽ പരിഹരിക്കപ്പെട്ടു എന്നാണ് ജാത്യാഭിമാനികളായവരുടെ വാദം. ഈ നിരീക്ഷണങ്ങള്‍ കേവലം ഉപരിപ്ലവമാണെന്നതിന് വലിയ തെളിവുകളൊന്നും ആവശ്യമില്ല. സാമൂഹികവും സാമ്പത്തികവും മാനസികവുമായ അസ്പൃശ്യതയാണ് അവര്‍ ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യനായി ജീവിച്ചിരിക്കെ അവന്റെ അസ്തിത്വം നിർണയിക്കുന്നത് വർണവും ജാതിയുമാണെന്ന സവർണയുക്തി സമകാലത്തും നിലനിൽക്കുന്നു. ഈ യുക്തിയെ മറികടക്കാനുള്ള ബോധപൂർവമായ പ്രവര്‍ത്തനങ്ങള്‍ക്കു പകരം ഭരണകൂടംതന്നെ അതിന് ചൂട്ടുപിടിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. മനുസ്മൃതിയുടെ അടിത്തറയില്‍നിന്ന് പ്രവര്‍ത്തിക്കുന്ന ഭരണകൂടത്തിന് തീര്‍ച്ചയായും ജനങ്ങളെ പലതട്ടുകളിലായി നിര്‍ത്തുകയെന്നത് അവരുടെ അടിസ്ഥാന ലക്ഷ്യമായിരിക്കും.
ഇത്തരം അകറ്റിനിര്‍ത്തലിന്റെയും ഇകഴ്ത്തിനിര്‍ത്തലിന്റെയും പശ്ചാത്തലങ്ങള്‍ നമ്മുടെ സാഹിത്യസൃഷ്ടികളിലും കാണാന്‍ സാധിക്കും. അത്തരം സൃഷ്ടികള്‍ പൊതുവില്‍ വ്യക്തിഗതങ്ങളായ മനോനിലകളെ വെളിവാക്കുകയും അത് അത്തരം ജീവിതാവസ്ഥകളിലേക്ക് പൊതുസമൂഹത്തിന്റെ നോട്ടമെത്തിക്കുകയുംചെയ്യുന്നു. പൊതുവില്‍ ദലിത് സാഹിത്യം സമ്പന്നമാകുന്നത് ഭാഷകൊണ്ടോ സൗന്ദര്യാത്മക വർണനകൊണ്ടോ മാത്രമല്ല. അത് മുന്നോട്ടുവെക്കുന്ന അനുഭവജ്ഞാനശക്തി കൂടി അതിന് കാരണമായിത്തീരാറുണ്ട്. ഈ ജ്ഞാനശക്തി പുതുകാലത്ത് ഭരണകൂടത്തോട് നേരിട്ട് ഏറ്റുമുട്ടുന്നുണ്ട്. ഭരിക്കുന്നവർ സവർണ താൽപര്യങ്ങൾക്കുവേണ്ടി നിലനിൽക്കുകയും ഭരിക്കപ്പെടുന്നവരിൽ ഭൂരിപക്ഷം അവർണ കീഴാള പക്ഷത്ത് ജീവിക്കാൻ വിധിക്കപ്പെടുമ്പോൾ ഈ വൈരുധ്യം സമൂഹത്തിൽ സംഘർഷാത്മകമായി വളരുന്നു. അധികാര വർഗത്തോടും അധികാരത്തോടുമുള്ള ഏറ്റുമുട്ടലായി അതു വളരുമ്പോഴാണ് അവിടെ മാറ്റങ്ങള്‍ പ്രത്യക്ഷപ്പെടുക. അവിടെ വിജയം കാണണമെങ്കില്‍ ദലിത് സമുദായം രാഷ്ട്രീയ അധികാര വർഗമായി മാറണം. ഡോ. ബി.ആർ. അംബേദ്കര്‍ വളരെ വ്യക്തതയോടെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.
കാര്‍ഷിക ജീവിതത്തിന്റെയും കീഴാള മനുഷ്യരുടെയും കഥ പറഞ്ഞ തകഴി ശിവശങ്കരപ്പിള്ള എഴുതിയ ‘തോട്ടിയുടെ മകൻ’ (1947) എന്ന നോവലിനെയും തമിഴിലും മലയാളത്തിലും ഒരുപോലെ ശ്രദ്ധേയനായ ബി. ജയമോഹന്റെ ‘നൂറു സിംഹാസനങ്ങള്‍' (2012) എന്ന നോവലിനെയും മുൻനിർത്തി ഇത്തരമൊരു ആലോചന സാധ്യമാണ്.
1947ലാണ് തകഴിയുടെ ‘തോട്ടിയുടെ മകൻ’ പ്രകാശിതമാകുന്നത്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ വർഷം. യഥാർഥത്തിൽ ജാതിമനുഷ്യരെ സംബന്ധിച്ച് സ്വാതന്ത്ര്യം എന്നത് സവിശേഷമായ ഏതെങ്കിലും അധികാരത്തെ പ്രതിനിധാനംചെയ്യുന്നതല്ല. കാരണം, രാഷ്ട്രീയ അധികാരത്തെക്കാൾ സാമൂഹിക അധികാരമാണ് ജാതിമനുഷ്യരെ എക്കാലത്തും മുഖ്യധാരയിൽനിന്ന് പിറകോട്ട് വലിച്ചത്. ഇതിനു കാരണം, ജാതിയെക്കുറിച്ചുള്ള നിലപാടുകളാണ്. സവര്‍ണജാത്യാധികാര വ്യവസ്ഥയില്‍നിന്ന് ഇന്ത്യന്‍ സമൂഹം മാറുന്നു എന്നുള്ളത് വളരെ നേര്‍ത്ത ഒരു നീരൊഴുക്കുപോലെയാണെന്ന് നമുക്ക് ഇപ്പോഴും ഉറപ്പിച്ചുപറയാന്‍ കഴിയും. ഭരണഘടന നൽകിയ ആനുകൂല്യങ്ങളെ പിന്‍പറ്റിയല്ലാതെ അത്തരമൊരു മുേന്നറ്റം നടന്നതായി പറയാന്‍ കഴിയില്ല.

അതിന്റെ പരിണതി മൂന്നുതരത്തിലാണെന്ന് കാഞ്ച ഐലയ്യ നിരീക്ഷിക്കുന്നുണ്ട്. ഒന്ന്, ഹിന്ദുമത അധീശത്വം പുലർത്തുന്നതും അതിനെ കേന്ദ്രീകരിച്ചുകൊണ്ടുള്ളതുമായ മതപരമായ ദേശീയ വാദം.
രണ്ട്, ഇന്ത്യൻ സമൂഹത്തെ ജാതി-വർഗ രഹിതമായ സ്വത്ത്വാധിഷ്ഠിത സംഘസമൂഹമായി പുനഃസംഘടിപ്പിക്കുന്നതിൽ വിശ്വസിക്കുന്ന ദലിത് ബഹുജൻ ദേശീയവാദം.
മൂന്ന്, ജാതി എന്ന യാഥാർഥ്യത്തോട് അന്ധത നടിക്കുന്ന യൂറോപ്യൻ മാതൃകയിൽ വർഗനിർമാർജന വിപ്ലവം നടത്തി ഇന്ത്യൻ സമൂഹത്തെ ഒരു മതേതര സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് സമൂഹക്രമത്തിലേക്ക് മാറ്റാൻ പദ്ധതിയുള്ള മതേതര സോഷ്യലിസ്റ്റ് ദേശീയവാദം.
ഇതിൽ ഒന്നാമത്തേതും മൂന്നാമത്തേതും ദലിത് സമൂഹത്തെ സംബന്ധിച്ച് സ്വാതന്ത്ര്യത്തിനു മുമ്പോ പിമ്പോ എന്ന കാലനിർണയത്തെ ഒരുവിധത്തിലും സ്വാധീനിക്കുന്നില്ല. കാരണം, ജാതിയുമായി ബന്ധപ്പെട്ട് നിലനിന്ന സാമൂഹിക മനോഭാവം സ്വാതന്ത്ര്യത്തോടുകൂടി മാറ്റാനോ ഇല്ലായ്മചെയ്യാനോ ഭരണകൂടങ്ങൾക്ക് കഴിഞ്ഞിട്ടില്ല. കഴിയുകയുമില്ല. അതുകൊണ്ട് ദലിത് മനുഷ്യരെ സംബന്ധിച്ച് 1947 എന്നത് അത്രമാത്രം പ്രധാനപ്പെട്ട ഒരു വർഷമേ അല്ല. എങ്കിലും ഒരു ദേശരാഷ്ട്രത്തിന്റെ ഉള്ളിൽ ജീവിക്കുക എന്നതുകൊണ്ട് ആ രാഷ്ട്രത്തിന്റെ പൊതു തത്ത്വങ്ങളിൽ അംഗങ്ങളാവുക എന്നത് സ്വാഭാവികമാണ്.
ഇത്രയും കാര്യങ്ങൾ ‘തോട്ടിയുടെ മകൻ’ എന്ന നോവൽ പിറന്ന വർഷത്തിന്റെ സൂചകമായി പറഞ്ഞതാണ്. എങ്കിലും 1947ൽനിന്നും 2025ൽ എത്തുമ്പോൾ ഇന്ത്യയിലെ ജാതി മനുഷ്യരുടെ ജീവിതം എന്തൊക്കെ മാറ്റത്തിന് വിധേയമായി എന്നതുകൂടി പരിശോധിക്കേണ്ടതുണ്ട്.
‘നൂറു സിംഹാസനം’ എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ കൽപറ്റ നാരായണൻ ഇങ്ങനെ പറയുന്നുണ്ട്: ‘‘2012ലാണ് ജയമോഹന്റെ ‘നൂറു സിംഹാസനം’ മലയാളത്തിൽ വായിക്കപ്പെടുന്നത്. ജീവിതത്തിലെ കഠിനമായ പരീക്ഷകൾ കഠിനമായി തന്നെ മറികടന്ന് ജാതികൊണ്ട് നായാടിയായിരുന്ന ഒരു ഐ.എ.എസ് ഓഫിസർ ജയമോഹനോട് പറഞ്ഞ ജീവിതത്തിന്റെ കഥാരൂപമാണിത്.’’
കേരളത്തിൽ പിറന്ന മോഹനനും ധർമപാലനും
രണ്ടു കാലങ്ങളിലായി കേരളത്തിൽ പിറന്ന രണ്ടു ദലിത് കഥാപാത്രങ്ങളാണ് ‘തോട്ടിയുടെ മകനി’ലെ മോഹനനും ‘നൂറു സിംഹാസന’ത്തിലെ ധർമപാലനും. ഈ രണ്ടു കഥാപാത്രങ്ങളും ജാതിയുമായി ബന്ധപ്പെട്ട മൂന്ന് ഭൗതിക ജീവിതാവസ്ഥകളെ കൃത്യമായി സാക്ഷ്യപ്പെടുത്തുന്നുണ്ട്. അവ പരസ്പരം ബന്ധിതമാണ്. ഒന്ന്. ജാതിയെ താങ്ങിനിൽക്കുന്ന ശരീരം, രണ്ട്. അതിനുള്ള മനസ്സ്, മൂന്ന്. ഇതിനെ രണ്ടിനെയും വ്യവസ്ഥിതിക്കുള്ളിൽ ചങ്ങലക്കിട്ട് ബന്ധിച്ചിരിക്കുന്ന അധികാരം. മോഹനനെയും ധർമപാലനെയും മുൻനിർത്തി ഈ മൂന്ന് ഘടകങ്ങളും എങ്ങനെയാണ് ജനാധിപത്യ സമൂഹത്തിൽ നിലനിൽക്കുന്നതെന്നും അതിന്റെ തുടർച്ച എങ്ങനെ ഉണ്ടാവുന്നു എന്നും പരിശോധിക്കാവുന്നതാണ്. സവർണ ശരീര കൽപനയിൽ ശാസ്ത്രീയമായല്ല വ്യക്തി നിലനിൽക്കുന്നത്. ശാസ്ത്രീയമായി എല്ലാ മനുഷ്യരുടെയും ആന്തരിക പ്രകൃതിയുടെ അടിസ്ഥാനസ്വഭാവം ഒന്നാണ്. രൂപത്തിലും ഭാവത്തിലും ചിന്തയിലും പ്രകടനത്തിലും വ്യത്യസ്തത നിലനിൽക്കെ മനുഷ്യൻ എന്ന ഏകത്വത്തിലാണ് ശാസ്ത്രം മനുഷ്യജീവിയെ പരിഗണിക്കുന്നത്. ചിന്ത, സ്വഭാവം, ആകൃതി തുടങ്ങിയ വ്യത്യസ്തത ഒരിക്കലും മനുഷ്യസ്വത്വത്തെ നിഷേധിക്കുന്നില്ല. എന്നാൽ, സവർണ മനുഷ്യരെ സംബന്ധിച്ച് ബ്രാഹ്മണൻ ബ്രഹ്മാവിന്റെ ശിരസ്സിൽനിന്നും ക്ഷത്രിയൻ വായിൽനിന്നും വൈശ്യര്‍ തുടയിൽനിന്നും ശൂദ്രർ പാദത്തിൽനിന്നും ഉണ്ടായതായി വിശ്വസിക്കുന്നു. ബ്രാഹ്മണിക്കൽ ആശയം മുന്നോട്ടുവെക്കുന്ന ജാതിഘടനയിൽ ശൂദ്രന് കീഴെയുള്ള മനുഷ്യരെയൊന്നും മനുഷ്യരായി പരിഗണിക്കുന്നില്ല. അവരെ കാണുന്നതും, അവർ നടന്ന വഴിയിലൂടെ നടക്കുന്നതും അയിത്തമാണ്. അതുകൊണ്ട് മനുഷ്യന്റെ യുക്തിബോധങ്ങൾക്കും ചിന്തകൾക്കും പുറത്താണ് മോഹനനും ധർമപാലനും പിറന്നതും ജീവിച്ചതും.
രണ്ടു നോവലിലെയും പ്രാതിനിധ്യജീവിതം കേരളത്തിലെയും ഇന്ത്യയിലെയും ജാതിമനുഷ്യെന്റ ജ്ഞാനതൃഷ്ണയെ എങ്ങനെ റദ്ദ് ചെയ്യുന്നു എന്ന് കൃത്യമായി കാണിച്ചുതരുന്നുണ്ട്. ഇതിൽ ശരീരം ജാതിയുടെ അയിത്ത വിചാരണക്ക് പാകപ്പെടുന്നത് നിറത്തിന്റെയോ രൂപത്തിന്റെയോ അടിസ്ഥാനത്തിൽ മാത്രമല്ല. മറിച്ച്, നിറം കറുത്തതോ വെളുത്തതോ ആവട്ടെ രൂപം ഭംഗിയോ അഭംഗിയോ ആയിരിക്കട്ടെ അതിനുള്ളിൽ കിടക്കുന്ന മനസ്സാണ് ജാതിയുടെ അയിത്തബോധത്തെ പുറത്തേക്ക് തള്ളിവിടുന്നത്. അതുകൊണ്ടാണ് ബ്രാഹ്മണൻ എന്ന സങ്കൽപത്തിന് പുറത്തു നിറംകൊണ്ടും രൂപംകൊണ്ടും കീഴാള സങ്കൽപത്തെ തോന്നിപ്പിക്കുന്ന ബ്രാഹ്മണ മനുഷ്യൻ കീഴാളൻ അല്ലാതാവുന്നത്. രൂപത്തിലെ കീഴാളത്തത്തെ മറികടക്കാൻ ബ്രാഹ്മണനെ സഹായിക്കുന്നത് മനസ്സാണ്. ഈയൊരു നിരീക്ഷണം പ്രകൃതിയുമായി തന്നെ ബന്ധപ്പെട്ടുകിടക്കുന്നതാണ്.
അതായത് മണ്ണുമായി ബന്ധപ്പെട്ട ഉൽപാദന പ്രക്രിയകൾ ബ്രാഹ്മണരെ സംബന്ധിച്ച് മ്ലേച്ഛമായ ഇടപെടലാണ്. എന്നാൽ, കീഴാളന്റെ കൈയാൽ ഉൽപാദിപ്പിക്കപ്പെടുന്ന കൃഷി ഉൽപന്നങ്ങളെ അന്നമായി ആഹരിക്കാൻ അവർ തയാറാണ്. അവിടെ കീഴാളൻ അയിത്തവും ഉൽപന്നം അയിത്തമുക്തവുമാണ്. കാരണം, ഉൽപന്നം കീഴാളന്റെ സ്വത്വത്തെ ഒരിക്കലും പ്രതിനിധാനംചെയ്യുന്നില്ല. അതേസമയം, കീഴാളൻ തൊടുന്നത് അയിത്തമാണ്. ഉൽപന്നങ്ങൾ കീഴാളന്റേതല്ലാതാവുകയാണ്. അവരുടെ ഉൽപന്നം മേലാളന്റെ മാലിന്യമാണ്. ഇത് ‘തോട്ടിയുടെ മകൻ’ എന്ന നോവൽ പൂർണമായി ഉൾക്കൊണ്ടിട്ടുണ്ട്. അത് കീഴാള മനുഷ്യരുടെ നിലനിൽപിന്റെ കൂടി ഭാഗമാണ്.

ബി. ജയമോഹൻ
‘തോട്ടിയുടെ മകനി’ൽ മൂന്ന് തലമുറയാണ് ജീവിക്കുന്നത്. ഒന്ന്, ഇശക്കുമുത്തുവും അയാളുടെ മകൻ ചുടലമുത്തുവും. അവരുടെ മകൻ മോഹൻ പുതിയ കാലത്തിന്റെ ഭാഗമാണ്. ഇതിൽ ഇശക്കുമുത്തു മരിക്കാൻ കിടക്കുമ്പോൾ ചിന്തിക്കുന്നത് തന്റെ പാട്ടയും മമ്മട്ടിയും മകനെ ഏൽപിച്ചിട്ട് മരിക്കണം എന്നാണ്. ജോലി എന്നത് മേൽജാതിയിൽപ്പെട്ട മനുഷ്യരുടെ കക്കൂസിൽനിന്ന് മലം ശേഖരിക്കുക എന്നതാണ്. നോവലില്‍ ചുടലമുത്തുവിന്റെ ഭാര്യ മകനെ എടുത്തുകൊണ്ട് പറയുന്നുണ്ട്,
“അവനു കൂടെയിരുന്നുണ്ണണം.”
മുത്തു നടുങ്ങി. അതേ, നടുങ്ങുകതന്നെ ചെയ്തു. അങ്ങനെ ഒരു ആവശ്യപ്പെടൽ ഉണ്ടാകുമെന്ന് ചുടലമുത്തു ഓർത്തിരുന്നതേയില്ല.
“ഈ കക്കൂസുവാരിയ കൈകൊണ്ട് കുഴച്ച ചോറ് അവന് വാരിയുണ്ണണം. ഇനി എങ്ങനെ അതനുവദിക്കും. എങ്ങനെ നിഷേധിക്കും. ഇനി അവൻ പരസ്യമായി അച്ഛാ എന്ന് വിളിച്ചേക്കും.”
“മോഹനൻ അകത്തുനിന്ന് കരയുകയാണ്. ചുടലമുത്തുവിന് അവൻ ജോലിചെയ്ത കക്കൂസുകളുടെ ദുർഗന്ധം ഒരിക്കൽകൂടി അനുഭവപ്പെട്ടു. സംവത്സരങ്ങളായി ആ ദുർഗന്ധം മൂക്കിൽ കെട്ടി തങ്ങിനിൽക്കുകയായിരുന്നു. പരിചയപ്പെട്ട എല്ലാ കക്കൂസുകളും അവൻ ഓർത്തു. ദിനംപ്രതി മമ്മട്ടികൊണ്ടും തവികൊണ്ടും ആ മാലിന്യങ്ങൾ കോരി ബക്കറ്റിലിട്ട് വീപ്പയിലാക്കി –അപ്പോഴെല്ലാം അത് തെറിച്ചു ശരീരത്തിൽ വീഴും. താനും മനുഷ്യനാണുപോലും! ഹൃദയവും ബുദ്ധിയും പഞ്ചേന്ദ്രിയവുമുള്ള മനുഷ്യൻ! സന്താനങ്ങളെ ഉൽപാദിപ്പിക്കാൻ അവന് കഴിവുണ്ടായതെന്തിന്? വീണ്ടും തോട്ടികളുണ്ടാകാനോ?..”
ഈ ചോദ്യം തോട്ടിപ്പണിയുടെ പാരമ്പര്യത്തെയാണ് നിഷേധിക്കാൻ ശ്രമിക്കുന്നത്. എന്നാൽ, ഇതിനെതിരെ അധികാര ബോധത്തോടെ ഒരു വർഗസമൂഹമായി മാറാൻ തോട്ടിത്തൊഴിൽ മനുഷ്യർക്ക് കഴിയുന്നില്ല. അത്രമാത്രം ശക്തമാണ് മേലാളവർഗത്തിന്റെ സാമൂഹികശക്തി. അതാകട്ടെ അധീശത്വ മനോഭാവത്തിന്റെ രാഷ്ട്രീയ പ്രകടനംകൂടിയാണ്. ഇവിടെ നോവൽ മുന്നോട്ടുവെക്കുന്ന വസ്തുനിഷ്ഠ യാഥാർഥ്യത്തെ തൊഴിൽ സംസ്കാരത്തിന്റെ ഭാഗമായി ആധുനിക സമൂഹം കൊണ്ടുനടക്കുന്നു എന്ന യാഥാർഥ്യംകൂടി ഓർക്കേണ്ടതുണ്ട്. ജാതിവാദ പുരോഗതിക്ക് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയാത്തവിധം തോട്ടിപ്പണി മനുഷ്യരുടെ കുലത്തൊഴിലാണെന്ന മനോഭാവം ഇപ്പോഴും മാറ്റിയെടുക്കാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല.
നിയമംമൂലം തോട്ടിപ്പണി നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്നും ഇന്ത്യയിൽ അത് തുടരുന്നുണ്ട്. എട്ട് ദശലക്ഷം തോട്ടിപ്പണിക്കാർ ഇന്ത്യയിൽ ഉണ്ടെന്നാണ് കണക്ക്. അവരില്‍ ഒരാളുടെ അനുഭവം 2024 ഡിസംബർ 22ന് പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ സൗരത് പി.കെ എഴുതുന്നുണ്ട്. “നമ്മൾ എന്ത് ചെയ്താലും മലത്തിന്റെ മണം വിട്ടുപോകില്ല. മുടിയിലും വസ്ത്രത്തിലും എന്തിന് ഭക്ഷണം കഴിക്കുമ്പോഴടക്കം ഈ ഗന്ധമുണ്ടാവും. മഴക്കാലമായാൽ കാര്യം അതിനപ്പുറമാകും. മുഖത്ത് കൂടെയും തോളിലൂടെയും ഒക്കെ കൂട്ടയിലുള്ള മാലിന്യം ചോർന്നിറങ്ങും. അതുകൊണ്ടാണ് ഞങ്ങൾ ഒരുപാട് വെറ്റില പാക്ക് തിന്നുകയും വലിയ അളവിൽ നാടൻ മദ്യം അകത്താക്കുകയും ചെയ്യുന്നത്.’’ ജനാധിപത്യ സംസ്കാരത്തിൽ ആധുനിക മനുഷ്യന്റെ വ്യക്തിത്വത്തെ നിർണയിക്കുന്നത് ജാതിയാണെന്ന ബോധം തന്നെയാണ് തോട്ടിപ്പണിക്ക് പിന്തുടർച്ചയുണ്ടാക്കുന്നത്.
മൃഗത്തോടടുത്തുനില്‍ക്കുന്ന മനുഷ്യാവസ്ഥയുടെ ചിത്രമാണ് 1947ൽ ‘തോട്ടിയുടെ മകനി’ലൂടെ തകഴി വരച്ചിട്ടത്. അവിടെ മോഹനൻ എന്ന മൂന്നാം തലമുറക്കാരൻ പുതുകാലത്തിന്റെ പ്രതിനിധിയാണ്. അവൻ ഒരേസമയം അധികാര വർഗത്തോടും മേലാളരോടും ഏറ്റുമുട്ടുന്നുണ്ട്. തന്റെ അച്ഛൻ ചുടലമുത്തു സമ്പാദിച്ച സമ്പത്ത് തിരിച്ചു നൽകാത്ത അധികാരവർഗത്തോടുള്ള എതിർപ്പ് ചൂഷകവർഗത്തോടുള്ള പുതിയ കാലത്തിന്റെ ഏറ്റുമുട്ടൽകൂടിയായിത്തീരുന്നു. അതിനെ അധികാരവർഗം അമർച്ച ചെയ്യുന്നുണ്ട്. എന്നാൽ, ചുടലമുത്തു ആഗ്രഹിച്ചതുപോലെ മകനൊരു ഉദ്യോഗസ്ഥൻ ആയില്ല. അഥവാ ആയിരുന്നെങ്കിൽ ചുടലമുത്തു ആഗ്രഹിച്ചതുപോലെ അയാളിലെ കീഴാള സ്വത്വത്തെ അടര്‍ത്തിമാറ്റാന്‍ ആ പദവിയിലൂടെ സാധിക്കില്ല എന്നാണ് ‘നൂറു സിംഹാസനങ്ങൾ’ എന്ന ജയമോഹന്റെ 2012ലെ നോവല്‍ അടിവരയിടുന്നത്.