ഹിമാർദ്രമീ സമ്മിളിതങ്ങൾ


മലയാളത്തിലെ ശ്രദ്ധേയ കവിയും വിവർത്തകയുമായ ജെനി ആൻഡ്രൂസിന്റെ കവിതകളിലൂടെയും രചനകളിലൂടെയും സഞ്ചരിക്കുകയാണ് നിരൂപകൻകൂടിയായ ലേഖകൻ. എങ്ങനെയൊക്കെയാണ് ജെനിയുെട രചനകൾ വ്യത്യസ്തപ്പെട്ടിരിക്കുന്നത് എന്ന് വിശകലനം ചെയ്യുന്നു.നിങ്ങൾ വായിക്കുന്ന പുസ്തകത്തിൽനിന്ന് നിങ്ങളുടെ സ്വത്വം വടിവിയലുന്നു എന്നത് വെറും ഒരു parable അല്ല. നിങ്ങളുടെ സ്വത്വത്തെ, സംവേദനക്ഷമതയെ അത് നിർവചിക്കുന്നുവെങ്കിൽ, ജെനി ആൻഡ്രൂസിന്റെ സ്വഭാവവടിവ് The Snow Leopardന്റെ വിവർത്തനത്തിൽനിന്ന് ഉരുവായിരിക്കണം. കാരണം ഏറ്റവും അടുത്തായി ജെനി ആമഗ്നയായത് ഈ പുസ്തകത്തിലാണ്. വെറുമൊരു ആമഗ്നത മാത്രമല്ല, അവർ അതിനെ വിവർത്തനം...
Your Subscription Supports Independent Journalism
View Plansമലയാളത്തിലെ ശ്രദ്ധേയ കവിയും വിവർത്തകയുമായ ജെനി ആൻഡ്രൂസിന്റെ കവിതകളിലൂടെയും രചനകളിലൂടെയും സഞ്ചരിക്കുകയാണ് നിരൂപകൻകൂടിയായ ലേഖകൻ. എങ്ങനെയൊക്കെയാണ് ജെനിയുെട രചനകൾ വ്യത്യസ്തപ്പെട്ടിരിക്കുന്നത് എന്ന് വിശകലനം ചെയ്യുന്നു.
നിങ്ങൾ വായിക്കുന്ന പുസ്തകത്തിൽനിന്ന് നിങ്ങളുടെ സ്വത്വം വടിവിയലുന്നു എന്നത് വെറും ഒരു parable അല്ല. നിങ്ങളുടെ സ്വത്വത്തെ, സംവേദനക്ഷമതയെ അത് നിർവചിക്കുന്നുവെങ്കിൽ, ജെനി ആൻഡ്രൂസിന്റെ സ്വഭാവവടിവ് The Snow Leopardന്റെ വിവർത്തനത്തിൽനിന്ന് ഉരുവായിരിക്കണം. കാരണം ഏറ്റവും അടുത്തായി ജെനി ആമഗ്നയായത് ഈ പുസ്തകത്തിലാണ്. വെറുമൊരു ആമഗ്നത മാത്രമല്ല, അവർ അതിനെ വിവർത്തനം ചെയ്തത് അർഥസാന്ദ്രമായാണ്. അതു പൂർത്തിയായ ശേഷമാണ് ജെനി എന്നെ പരിചയപ്പെടുന്നത്. ഒരു സൗഹൃദം രൂപപ്പെടാൻ ഇതിലേറെ ഉതകുന്ന സാഹചര്യം വേറെ ഏതാണുള്ളത്? ഇപ്പോൾ അഞ്ചു വർഷത്തിലേറെയായി; അതിന്റെ ചില ഭാഗങ്ങൾ എന്നെ വായിച്ചു കേൾപ്പിക്കുമായിരുന്നു. ഉന്മീലനം എന്ന പദത്തിന്റെ തികവുതന്നെയായിരിക്കണം അത്.
പീറ്റർ മാത്തിസണിലൂടെ സംഭരിച്ച മൗനത്തിന്റെ എത്രയോ മാത്രകൾ ജെനി തന്റെ ഹൃത്തിൽ സ്വരൂപിച്ചിരിക്കണം. നിങ്ങളുടെ ഹൃത്തിൽ മൗനം നിറയുമ്പോൾ ഉടനെ ഉളവാകുന്ന ഒരു പരിണതി, ബാഹ്യശബ്ദങ്ങൾക്ക് നിങ്ങൾ അന്യമായി ഭവിക്കുന്നു എന്നതാണ്. ഇത് ദൈഹികവുമാവുന്നതാണ് രസകരം. കാതിൽത്തന്നെയാണ് അത് അനുഭവസ്ഥമാവുക. ‘ജലം കൊണ്ടു മുറിവേറ്റവൻ’ എന്നത് Lorcaയുടെ കവിതയാണ്; ഇവിടെ ശബ്ദംകൊണ്ടു മുറിവേറ്റവൾ എന്നത് കവിതയല്ല, ശാരീരികമായ ഒരു ക്ലേശമാണ്, tinnitus എന്ന അവസ്ഥ നിങ്ങൾക്ക് പരിചിതമെങ്കിൽ. ഇതിൽനിന്ന് നിവർന്നുവരാൻ ജെനി കുറേ പ്രയത്നിച്ചിരുന്നു. ജെനിയുടെ കവിതകൾ വാർന്നുവീഴുന്നത് ഈ നിശ്ശബ്ദതയിലൂടെയാണ് എന്നു സൂചിപ്പിക്കാൻ എനിക്ക് ഏറെ ആഹ്ലാദമുണ്ട്. കവിതയുടെ മന്ദ്രമായ ശ്രുതി അതിലൂടൊക്കെയാണ് മീട്ടപ്പെടുന്നത്.
‘‘സ്വയം മധുവായിരുന്നിട്ടും നാമൊക്കെ മധു തേടുന്നു’’ എന്ന വാക്യം ജെനിക്കെഴുതാൻ കഴിയുന്നത് ഏതോ ആന്തരിക പ്രത്യക്ഷം മൂലമാണ്. ഒരു ഹിമാനിയുടെ തെന്നിപ്പാച്ചിൽപോലെ തന്നിലൂടെ ഊർന്നിറങ്ങുന്ന കാഴ്ചകൾ, നിനവുകൾ എന്താണ് ബാക്കി നിർത്തുക –ജീവന്റെ സംഗീതമെന്ന നിലക്ക്? ഹിമാനിയുമായുള്ള ചേർച്ച ജെനിക്ക് പീറ്റർ മാത്തിസണിലൂടെ ലബ്ധമായതാണ്. ഹിമാരണ്യങ്ങളുടെ, ഹിമശൃംഗങ്ങളുടെ സാന്നിധ്യം ജെനി അറിഞ്ഞത് ആ പങ്കുപറ്റലിലൂടെയാണ്.
ഭൂമിയുടെ മൂലകങ്ങളിലേക്ക് ധ്യാനാത്മകമായി പിന്തിരിയാനുള്ള േപ്രരണ ജെനിയുടേതുപോലുള്ള ഒരു ചേതനക്ക് സ്വാഭാവികമായി കൈവന്നതാവണം. ഈ പുസ്തകത്തിലെ കവിതാശീർഷകങ്ങൾ കണ്ണോടിച്ചാൽ ഈ മൂലകങ്ങളുടെ, സാധാരണ വസ്തുക്കളുടെ സാംഗത്യം സ്പഷ്ടമാകും. അങ്ങനെയല്ലാത്ത കവിതകൾ രണ്ടെണ്ണം മാത്രം, ബാവുൽ സ്ഫടികത, ബൊഹീമിയൻ റാപ്സൊഡി. അവിടെയും പക്ഷേ, ഏതോ ഉദാത്തസ്വരത്തിലേക്ക് ഉയർന്നുപോകുന്ന സംഗീതപല്ലവികളാണ്. ഒന്ന് റാപ് സംഗീതമെങ്കിൽ മറ്റേത് നാടോടിഗീതങ്ങളാണ്.
പച്ചിലനാഗനില എന്ന ശീതളിമ മറ്റൊരു ഇനിമയാണ്. അതാകട്ടെ എൻ.എ. നസീറിന് സമർപ്പിക്കപ്പെട്ടിരിക്കുന്നതുമാണ്, ഈ കാലഘട്ടത്തിലെ പ്രകൃതി, ജൈവസ്നിഗ്ധതയാർന്ന് ആവിഷ്കരിച്ച ഛായാഗ്രാഹകൻ. പച്ചിലക്കൊത്തിയുടെ സൗമ്യമായ വന്യതക്കപ്പുറം അത് ചെന്നുനിൽക്കുക ലോകഗതിയുടെ പനിക്കുള്ള പ്രകൃതിവിധിയിലാണ്, തുളസിനീരും കൽക്കണ്ടവും ഒരർഥത്തിൽ കുറിപ്പടിയായി മാറിയേക്കും എന്ന നിഷ്കർഷയിൽ. Global feverന് തുളസി ഫലപ്രദമോ എന്ന സംശയത്തിനപ്പുറം അതൊരു ലാളിത്യമാണ് മുന്നോട്ടുവെക്കുക, ആര്യവേപ്പിേന്റതുപോലെത്തന്നെ –പ്രകൃത്യുപാധികളുടെ ഫലദായകത്വം.
നേരത്തേ ജെനി എഴുതിയ ‘കോടമഞ്ഞ് ഇറുത്തു താ’ എന്ന കവിതയിലും ഇതുപോലൊരു സൂത്രമുണ്ട്. ഇഞ്ചിയും കർപ്പൂരവും വേപ്പും തുളസിയും, ഇലകളുടെ വൈദ്യസ്പന്ദങ്ങളായി വരും സൂത്രം. ഇറുക്കാവുന്ന കോടമഞ്ഞ് ഉണ്ട് എന്നറിഞ്ഞു നാം ആ അപേക്ഷയിൽ ഒരു ഞൊടി തൽപരരാവുന്നു. മഞ്ഞ് മനുഷ്യരാശിയുടെ കുട്ടിക്കാലമാണ്. കാറ്റേറ്റു നിൽക്കുമ്പോഴോ മഴയേറ്റു നിൽക്കുമ്പോഴോ അനുഭവപ്പെടാത്ത ഒരു ശൈശവക്കുളിർ മഞ്ഞിൻ കുടന്നകൾ കൈയാളുമ്പോൾ അനുഭവപ്പെടും. റോഹ്താങ് പാസിൽ ഇരുപത്തഞ്ചു വർഷം മുമ്പ് അനുഭവസ്ഥമായ ഹിമത്തിന്റെ ഹർഷം ഇപ്പോഴും മനസ്സിലുണ്ട്. അതു നമ്മെ അകാരണമായി വിമുക്തരാക്കുന്നു. Skiingൽ തിരിച്ചറിയുന്ന ഒരു ശൈശവനാളം; സ്പർശമാണ് ഇവിടെ നിയാമകമാവുക. മറ്റേതു മൂലകവും, കാറ്റാവട്ടെ മഴയാവട്ടെ ആകാശമാവട്ടെ, അഗ്നി തീരെയില്ല, അങ്ങനെ സ്പർശവേദ്യമല്ലതാനും. മഴനാരുകൾ മഞ്ഞിൻകുടന്നകൾപോലെയല്ല. മഞ്ഞുപുഷ്പങ്ങളുടെ മൂർത്തത, ഒരുപക്ഷേ, ജെനി പീറ്റർ മാത്തിസണിൽനിന്ന് ഗ്രഹിച്ചതാവാനേ വഴിയുള്ളൂ. ഒരു കഴഞ്ചു വൈദ്യം അളന്നുനൽകേ ശമനതാളം പൂകുന്ന അവസ്ഥ, ലോകഗതിയെക്കുറിച്ച് അറിയാതെ മാഴ്കിക്കൊണ്ടുതന്നെ ലോകഹിതത്തിന് ഒരു പോംവഴിയേകുന്നു വൈദ്യൻ, അങ്ങനെയൊരു നാട്യവുമില്ലാതെ.
‘ജലമായ് അഗ്നിയായ്’ എന്ന രണ്ടാമത്തെ കവിതയിൽ ജൈവമായ മുകുളങ്ങൾ ഈ ഗ്രഹത്തിൽ ഉരുവാകുന്നതെങ്ങനെയെന്ന സൂചന കാണാം. സാധാരണ ഗാർഹികമായ അടുപ്പിൽനിന്ന് ആ തോന്നലുകൾ ആളുന്നു. നാളത്തിന്റെ പൂർണതയായ അഗ്നിയെന്നപോൽ, ജലത്തിന്റെ പൂർണതയായ ആഴിയെന്നപോൽ –സൂര്യന്റെ താപത്തിനുമുണ്ട് ഒരു നിശ്ചിതമായ അളവ്. അതു കൂടുമ്പോൾ ഭൂമിയിൽ തീ ആളിയേക്കും, ജീവദായകമല്ലാത്ത ഊഷ്മാവിൽ. അങ്ങനെ നിയതമായ measureൽ അഗ്നി രാശിയും ജലരാശിയും അനലരാശിയും പ്രവർത്തിക്കുമ്പോഴാണ് ജൈവവും അജൈവവും ഉടലാളുക, സസ്യ-മൃഗ-ചര രാശികൾ, രാശിചക്രത്തിന്റെ രാശിയിൽ സർവഭൂതഹിതമെന്ന സുപഥത്തിൽ നിലകൊള്ളുന്നു. അപ്പോൾ ഒട്ടും പ്രകടനപരതയില്ലാതെ അവ്വിധമായൊരു സാത്വികമായ ഉത്കണ്ഠ ഈ കവിതകളുടെ നാഭിയിലുണ്ട്.
ഏപ്രിൽ ആണ് ഏറ്റവും തികവുള്ള മാസം എന്ന വിരുദ്ധോക്തിയിലാണ് ഈ കാവ്യപുസ്തകം ആരംഭിക്കുന്നത് എന്നു ശ്രദ്ധിക്കുക. April is the cruellest month എന്ന ടി.എസ്. എലിയട്ടിന്റെ തീക്ഷ്ണമായ വാക്യത്തിനു ബദൽ. അപ്പോൾ അത് തരിശുനിലങ്ങൾ, Wasteland എന്ന conceptൽനിന്ന് where the wasteland ends എന്ന പ്രതീക്ഷയിലേക്ക് സ്ഥാനം മാറുന്നു –Theodore Roszakലേക്ക്. കാശ്മീരം എന്ന ശീർഷകം ഈ കവിതക്ക് നൽകിയതിൽ ഒരുപാട് ധ്വനികളുണ്ടെന്നു മനസ്സിലാക്കുന്നു. Tulipകൾ അപ്പോൾ ‘ഇതളിതളുകളെൻ കണ്ണിന്നുള്ളിൽ പീതപ്രഭാസത്ത’യാകുന്നു. മഞ്ഞ്, ഈ ഭൂമിയുടെ ജീവിതംപോൽ ഉരുകിയൊഴുകിവരികയാണ്, തീരാതെ. മഞ്ഞുരുക്കം അവിടെ വെറുമൊരു thawing അല്ല. കടമ്പകളേവയും തട്ടിച്ചെല്ലുന്ന ഒരു ഊർജപ്രവാഹമാണ്.
പഹൽഗാമിൽ തൂവിപ്പോയ രുധിരാധിക്യംകൊണ്ട് ഏപ്രിൽ (2025 ഏപ്രിൽ 27) ക്രൂരമായ മാസമാകരുത്. ഇവിടംകൊണ്ട് എല്ലാം അവസാനിക്കുന്നില്ല. ഓപറേഷൻ സിന്ദൂർ പിറകെ വരികതന്നെചെയ്യും. ചിനാറുകൾ തളിർക്കുന്നതു കാണാൻ കശ്മീരിലേക്കു പറന്ന ഒരു പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു. നിശ്ശബ്ദ താഴ്വരയെ സംരക്ഷിച്ചുനിർത്താനുള്ള പാരിസ്ഥിതിക വിവേകം അവർക്കു സ്വായത്തമായിരുന്നു. ദാൽ തടാകത്തിൽ നിങ്ങൾ എപ്പോഴെങ്കിലും ഒരു തോണിയാത്ര നടത്തിയിട്ടുണ്ടെങ്കിൽ ലൗകികങ്ങൾ ധ്യാനാവസ്ഥക്ക് അനുരോധമാകുന്നത് ഉൾക്കൊള്ളാം. കശ്മീരി കവാ (kahwa) എന്ന സ്വാദിയന്ന ചായ നുണഞ്ഞിറക്കുമ്പോൾ നിങ്ങൾ എല്ലാ സാവകാശങ്ങളും കൈവരിക്കുന്നു, കാംഗ്രിയിൽനിന്ന് പകർന്നു കിട്ടുന്ന ഊഷ്മാവുപോലെ.
നിർദോഷമിയന്ന എത്രയോ സമയങ്ങൾ, വാഴ്വുകൾ ഈ താഴ്വാരങ്ങളിൽ സംജാതമാവുന്നുണ്ട്, കഴിഞ്ഞ വർഷങ്ങളിൽ. ഈ ഭൂമിയിലെ സ്വർഗമെന്ന് കശ്മീർ പ്രകീർത്തിക്കപ്പെടുന്നത് അതിന് ഏദൻതോട്ടവുമായുള്ള വിദൂരമായ സാദൃശ്യംകൊണ്ടൊന്നുമല്ല. ഇതേക്കാൾ മഞ്ഞിന്റെ സാന്ദ്രതയേറിയ സ്വിറ്റ്സർലൻഡിന് സിദ്ധമല്ലാത്ത ഒരു പൗരാണികത, അല്ല mystique കശ്മീരിന് കരഗതമായിട്ടുണ്ടെങ്കിൽ അത് വീണ്ടും ചില സുഗന്ധവ്യഞ്ജനങ്ങളിലേക്ക്, സുഗന്ധമൃഗങ്ങളിലേക്ക്, സുഗന്ധ ശൃംഗങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ ഉണർത്തുന്നതിനാലാണ്. ബഹുവചനം അങ്ങനെ എഴുതിപ്പോയതാണ്. വാസ്തവത്തിൽ അവയെല്ലാം ഒറ്റയാണ്. കസ്തൂരി മൃഗം, musk deer, കശ്മീരിേന്റതു മാത്രമായ കുങ്കുമപ്പൂവ്, suffron, പിന്നെ മഞ്ഞിലൂടെ വാർന്നുവീഴുന്ന ശിവലിംഗം –കശ്മീരി ശൈവിസത്തിന്റെ മൂർത്തിമത്ഭാവമെന്നോണം, ഈ പ്രകൃത്യൈശ്വര്യങ്ങൾക്കു പിറകിൽ എവിടെയോ ആണ് വോട്ടർപ്പട്ടികയിൽനിന്ന് നീക്കംചെയ്യപ്പെട്ട എഴുപത്തിമൂന്നായിരത്തോളം വരുന്ന കശ്മീരി പണ്ഡിറ്റുകളുടെ പലായനരഥ്യകൾ. ‘ആസാദി’യെന്ന തീർത്തും അലോസരജന്യമായ എസ്. മഹാദേവൻ തമ്പിയുടെ രചനയിൽ ആലേഖനം ചെയ്യുന്നവിധം. നാം വർഗീയ സംഘർഷങ്ങളിൽനിന്ന് ചുവടുമാറുന്നു, കോടമഞ്ഞ് ഇറുത്തു കിട്ടുന്ന സാവകാശങ്ങളിൽ അത് ഒരു പൊരുത്തക്കേടാവുമെന്നതിനാൽ, ഇവയുടെ ഈണം അത്രയും മസൃണമല്ലോ.
സ്വർഗവാലൻ പക്ഷിയുടെ നടനമാണ് തൊട്ടുപിറകെ വരുന്നത്. അതിന്റെ ഹ്രസ്വമെങ്കിലും ശോഭയാർന്ന അസുലഭ വിന്യാസങ്ങൾ. എന്റെ കാഴ്ചക്കൊട്ടിലിൽ പടർന്നുനിൽക്കുന്ന മാവിൻ ശാഖകളിലേക്ക് അപൂർവമായി വരുന്ന ഈ പറുദീസക്കിളി എങ്ങനെയാണ്, ഒരു ഞൊടിയിൽ, നിങ്ങളെ ഉന്മിഷിത്തരാക്കുകയെന്നോ? ആൺപക്ഷിയുടെ തൂവെള്ളയാർന്ന വാല് ഒരു പട്ടിഴപോലെയാണ്. പെൺപക്ഷിക്ക് ആ വിലാസം അഭാവത്തിലാണ്. ഒരുപക്ഷേ, paradise flycatcherഎന്ന കൊച്ചു പക്ഷിക്ക് ഏകപ്പെട്ട ഏറ്റവും വലിയ അർച്ചനയായിരിക്കണം ഇത്, വന നടനാങ്കണം. ആ തൂകിയ നാലിഞ്ചു മാത്രം വരുന്ന ഉടൽ, അതിന്റെ നൃത്തച്ചുവടിൽ നാം ഒരു ദർവീശ് ചുവടുകളിലെന്നോണം –അത്രക്ക് ചടുലമല്ലെന്നേയുള്ളൂ– ആകൃഷ്ടരാകുന്നു. ഇതൊരു ഭ്രമമാണ്, ഈയൊരു ചെറിയ കിളി തന്റെ അയനങ്ങളിലൂടെ നമുക്കു സമ്മാനിക്കുന്നത്. നൃത്തം അതിന്റെ പൂർണമായ ആവിഷ്കാരമാകുന്നു, വിദൂരമായ സദൃശതയിൽ, മയിലിന്റേതുമായി.
പക്ഷികൾക്കു നൃത്തം വിധിച്ചതല്ല, ആൽബേട്രാസ് ആയാലും കൃഷ്ണപ്പരുന്തായാലും –അവ ഇടപെടുന്നത് ആകാശമെന്ന മാധ്യമവുമായാണ്. സ്വർഗവാതിൽപ്പക്ഷിയുടെ ചലനങ്ങൾ വാസ്തവത്തിൽ ഒരു പാളലാണ്, വെളുത്തൊരു നാട ഇലകളിലൂടെ ജ്വാലപോലെ പാളിപ്പോകുന്നു. ആ ത്വരിതത്തെ, ഒരു മാത്രയിലെ നൃത്തമായി സങ്കൽപിക്കാം. അല്ലെങ്കിൽ അതിനെ ഒരു ദർവീശായി വിചാരം ചെയ്യേണ്ടതുണ്ട്. പൂർണോല്ലാസത്തിന്റെ ആവിഷ്കാരമാണ് ഓരോ സ്വർഗവാതിൽപ്പക്ഷിയും ഇങ്ങനെ വെളിപ്പെടുത്തുന്നത്. വിടർത്താൻ ഒരു ചിറകില്ലെങ്കിലും പറന്നുയരാൻ ആകാശമില്ലെങ്കിലും അതിന്റെ മഞ്ഞമിഴികളിലെ പ്രസാദത്തൂമ ഒരു പൂവിനെ ഓർമിപ്പിച്ചേക്കാം.
ജെനിക്ക് സ്വയം ഒരു പക്ഷിനിരീക്ഷണ കൗതുകമുണ്ടോ എന്നറിയില്ല. ഇതുതന്നെ, എന്നോ ഒരിക്കൽ കൺപാർത്ത നാകമോഹന്റെ ദൃശ്യത്തിൽനിന്ന് ഉദ്ഭൂതമായതാണ്. പിന്നീടത് സ്വപ്നത്തിൽ പിൻതുടർന്നു കാണണം, ഒരുപക്ഷേ, ഏതോ ദർവീശിന്റെ ഉയിരിൽ. പക്ഷിനിരീക്ഷണത്തിന്റെ ശമാത്മകതയെക്കുറിച്ച് ഒരു വാക്ക് –ഇന്ദുചൂഡൻ സ്വയം വെളിപ്പെടുത്തിയത്. ഒരു പക്ഷി അരുളുന്ന ആനന്ദാതിരേകം, പുതിയൊരു നക്ഷത്രം വ്യോമശാസ്ത്രജ്ഞന്റെ ദൃഷ്ടിപഥത്തിൽ വന്നെത്തിയതുപോലെ, പേരറിയാത്തൊരു പക്ഷി നിങ്ങളെ വിമോചിപ്പിക്കുന്നു ഏതോ നിസ്സീമതയിലേക്ക്. ഉള്ളിൽ ഒരു നിശ്ശബ്ദത സ്വരൂപിച്ചവർക്കേ ഒരു പക്ഷിയെ പിൻതുടരാൻ കഴിയൂ; അഗാധമായ നിശ്ശബ്ദതയുടെ വേളകളാണവ, കാട്ടിലായാലും ശൃംഗങ്ങളിലായാലും തടാകതീരത്തായാലും. ഒന്നിനു വേണ്ടിയുമല്ലാത്ത തീർത്തും സ്പൃശ്യമേയല്ലാത്ത ഒരു ആഹ്ലാദം –ഇന്ദുചൂഡനെപ്പോലെ അതിൽ മുഗ്ധരായവർ എത്രയോ വിരളം. ഒരു പക്ഷിച്ചൊല്ലിനു കാതോർക്കുമ്പോൾ നിങ്ങൾ അതിന്റെ മൗനവും മനസ്സിലാക്കുന്നു, ജാഗരണത്തിന്റെ കുളുർമയായി.
ഈ നടനാങ്കണത്തിലെ ഭ്രമണത്തിൽ ഒരു ദർവീശുണ്ട്. ‘ഭ്രമിച്ചുപോയി നാം’ എന്ന വരി കാണാതെ പോകരുത്. എങ്കിലേ ഇതിലെ തുടർന്നുള്ള ‘ദർവീശ് ചുവടുകൾ’ നിങ്ങളെ ആബദ്ധരാക്കൂ. അവിടെയേ സംഗമങ്ങൾ തണുത്തു കിട്ടുകയുള്ളൂ. വനനടനത്തെക്കുറിച്ച് ഇതു കൂടി –ചൂളക്കാക്കയെ, പെലിക്കനെ കുറിച്ച് ഇന്ദുചൂഡൻ എഴുതിയ വരികൾ നിങ്ങളോർക്കുമെങ്കിൽ ഈ ആബദ്ധത ഒരു പുതുമയല്ലതന്നെ. വെറുമൊരു സ്വപ്നത്തിന്റെ ബലത്തിൽ എഴുതിപ്പോയതല്ല ഈ വാങ്മയം, David Attenbroughവിന്റെ താരതമ്യാതീതമായ video ശ്രദ്ധിച്ചതിന്റെ പരിണതികൂടിയാണിത്. ജാഗരണം എന്ന പദത്തിന്റെ സമ്പൂർണതയായ തൊണ്ണൂറ്റിനാലുകാരൻ, പ്രകൃതിയിൽ അദ്ദേഹം ആവസിച്ചുകൊണ്ടേയിരിക്കുന്നു! David Attenbroughവിന് ഇപ്പോൾ തൊണ്ണൂറ്റിയൊമ്പതു വയസ്സായി. അദ്ദേഹം പരിക്ഷീണിതനായിട്ടില്ല തെല്ലും. ആ അപാരനായ മനുഷ്യൻ കാരണഭൂതനായ മറ്റൊരു കവിതകൂടി ഇവിടെയുണ്ട്, ധനാത്മകമായ ഒരു വേർപാടിന്റെ കവിത, ഒരു സസ്യത്തിന്റെ. അതേക്കുറിച്ചു പറയാം.

കടലാഴഹരിതത്തെക്കുറിച്ച് വളരെ വ്യത്യസ്തമായ ഒരു കവിത ഈ സമാഹാരത്തിലുണ്ട്, സാമുദ്രികം. സമുദ്രസംബന്ധിയായ എന്ന ലളിത സൂചനയാണിവിടെ, അല്ലാതെയുള്ള സാമുദ്രിക ലക്ഷണങ്ങളല്ല. Octavio pazന്റെ തരംഗിതമായ ഒരു phrase ഇപ്പോൾ നിനവിലുണ്ട് –‘Submarine foliage of life’ എന്ന സമുദ്രാന്തര സസ്യങ്ങളുടെ ദീപ്തിയെക്കുറിച്ച് എഴുതിയ ഒരേയൊരു കവി, Octavio paz ആയിരിക്കും. The Ancient Mariner എന്ന കാവ്യം രചിച്ച Coleridgeന് അത്ര ആഴത്തിലെത്താൻ ആവതില്ലായിരുന്നു. പവിത്രമായ സസ്യശേഖരം കടലിനടിയിലാണെന്ന് Octavio paz ധരിച്ചിരുന്നോ എന്നൊന്നും തിട്ടമില്ല. ഭൂമി ഇത്രക്കു ചൂഷണം ചെയ്യുന്നതിനു മുമ്പാണല്ലോ അദ്ദേഹത്തിന്റെ കവിത. –‘Submarine foliage of life’എന്നാണോ ഞാനെഴുതിയത്, നിനവിൽനിന്ന്; അത് language എന്നാണല്ലോ! ഉർവരയായ വാക്കിന് ഇതിലും ഉത്കൃഷ്ടമായ രൂപകം വേറെന്തുള്ളൂ?
ഈ അഗാധതകളിൽ, സൂര്യപ്രകാശം അഗമ്യമായ ഇടങ്ങളിൽ വേറിട്ടൊരു സംശ്ലേഷണമാണ് സംഭവിക്കുന്നത്. നാമിന്ന് അതിനെ Chemosynthesis എന്നു വിശേഷിപ്പിക്കുന്നു. Photosynthesisനു ബദൽ. Photosynthesisൽ പച്ചിലകളും പ്രകാശവും ചേർന്ന് ധാന്യനൂറ് ഉൽപാദിപ്പിക്കുമ്പോൾ, ഇവിടെ രാസോർജവും ഇരുളും ചേർന്ന് കടലാഴങ്ങളിലെ സസ്യങ്ങൾക്ക് പരിരക്ഷയേകുന്നു. ചെടിയും ജീവിയും മാറിപ്പോകുന്ന സമുദ്രത്തിന്റെ അടിത്തട്ട്, നിർമലം, നിവൃതം. കിനാവള്ളിപോലുള്ള ഒരു സസ്യ-ജീവി Octopus, ഈ നിർമലതയിൽ ഒരു ഭീതിയാണ്. കശേരുകയില്ലാത്ത പ്രാണികളുടെ ചലനങ്ങൾ എത്രയോ അനായാസമാണ്. Coral polyps എന്ന സൂക്ഷ്മജീവികൾ പലപ്പോഴും പൂക്കളെയാണ് ഓർമിപ്പിക്കുക. പവിഴപ്പുറ്റുകളുടെ ശോണിമ പതുക്കെയാണെങ്കിലും ബാധിക്കപ്പെടുന്നത് ആഗോളതാപനത്തിന്റെ ദൂരഫലങ്ങളാലാണ്.
യാദൃച്ഛികമെന്നേ പറയാവൂ, സമുദ്രാന്തരഹരിതം നയിക്കുന്നത് വേനൽസഞ്ചയത്തിലേക്കാണ്, ജലമയം തോർന്ന ചരാചരങ്ങളുടെ ഗന്ധമിശ്രണത്തിലേക്കാണ്. എല്ലാ ഋതുക്കളും അവയുടേതായ ഉദ്ദേശ്യങ്ങൾ നിർവഹിക്കുന്നു. വാസ്തവത്തിൽ ഈ നിർവഹണങ്ങളാണ് ഈ നീലഗ്രഹത്തെ ആവാസയോഗ്യമായി നിലനിർത്തുക. മാറിമാറി വരുന്ന ഋതുക്കൾ, ഗ്രീഷ്മാഘാതങ്ങളായാലും ശരത്കാല ചന്ദ്രികയായാലും വർഷാഘോഷമായാലും വസന്തവിന്യാസങ്ങളായാലും ഹേമന്താർദ്രതയായാലും ശിശിരമൗനമായാലും ജീവന്റെ വൈവിധ്യം ഈ ഭൂമിയിൽ മൂർത്തമാകുന്നത് സസ്യരാശിയും മൃഗരാശിയും ഉൾെപ്പടെ ഈ അവസ്ഥാവിശേഷം ഹേതുവായാണ്.
മാധുര്യം മാത്രമല്ല ഈ abosrption കയ്പുമുണ്ട്, പരമാണു ഭേദനത്തിൽ ഊറുന്ന തികതകങ്ങളുമുണ്ട്. തികതകം, വെളിപാട് പുസ്തകത്തിലെ ഒരു സൂചകമാണ്. അശുഭകാരികളായ സംഭവങ്ങൾക്കു മുന്നോടിയായാണ് തികതകം പ്രത്യക്ഷപ്പെടുക. പരമാണുഗതികളെ ഉഴിഞ്ഞുപോകുന്ന ഗന്ധപ്രയാണങ്ങൾ. ഈ ചിതറലുകൾ എവിടെയോ താപപ്പൊലിമയിൽ തേനൊരുക്കുന്ന തേനീച്ചക്കുരുന്നുകളെ ഓർക്കുന്നുണ്ട്. ഇക്കാലത്താണ് തേനീച്ചകൾ തേൻ ശേഖരിക്കാറ്. തേൻ മനുഷ്യന്റെ ചൂഷണത്തെ പ്രതിനിധാനം ചെയ്യുന്നു എന്നത് വസ്തുതയായിരിക്കെ, അതിലൊരു ശരി അടിഞ്ഞുകിടപ്പുണ്ട്. തേനീച്ചകൾ മനുഷ്യനുവേണ്ടിയല്ല തേൻ ശേഖരിക്കുന്നത്, നേര്. പക്ഷേ, അവ ഒരുക്കുന്ന വൻതേനീച്ചക്കൂടുകൾ നാം കൈയാളുന്നില്ലെങ്കിൽ അവ ഉപയോഗശൂന്യമായി പോവുകയേയുള്ളൂ. കാരണം അവക്ക് ആഹരിക്കാൻ കഴിയാത്തവിധം വ്യാപ്തി ആ തേൻകൂടുകൾക്കുണ്ട്. മനുഷ്യനും കിളികളും മാത്രമേ ഈ ഭൂമുഖത്ത് തേൻ ഭുജിക്കുന്നുള്ളൂ, ഒരുപക്ഷേ കരടിയും!
വേനൽ വാറ്റി തണുപ്പിക്കുന്ന ഗന്ധമിശ്രണങ്ങൾ ഇവിടെ പൊടുന്നനെ സത്താഗന്ധത്തിൽ, scent of selfൽ എത്തുന്നു. ഈ കവിതയുടെ ആമുഖം അങ്ങനെയുള്ള ഒരു സുഗന്ധത്തിലെന്ന് ഞാനറിയുന്നു. അപ്പോൾ ഹേമന്തത്തിൽനിന്നെന്ന പോലെ, ഗ്രീഷ്മത്തിൽനിന്നും പുറപ്പെടുന്ന ഗന്ധങ്ങൾക്കും സാംഗത്യമുണ്ട്, പ്രത്യേകിച്ചൊന്നിനും വേണ്ടിയല്ലാതെ. ഹരികെയ്ൻ വിളക്കിന് ഇവിടെയൊരു ഗീതകമുണ്ട്. Storm lamp എന്നും അറിയപ്പെടുന്ന ഈ എളിയ വിളക്കിന് മുന്നൂറോളം വർഷങ്ങളുടെ ചരിത്രമുണ്ട്.
1780ൽ Francois എന്ന മനുഷ്യനാണ് ഇങ്ങനെയൊരു ദീപം devise ചെയ്തതെന്ന് ചരിത്രരേഖകൾ. നാം ഇവിടെ ഉപയോഗിച്ചു വന്നിരുന്ന ശരറാന്തൽ ദീപത്തിന്റെ ഒരു ഒതുങ്ങിയ രൂപം. ഈ വിളക്കുകൾ, ഈയാംപാറ്റകൾക്ക് ഒരു സംരക്ഷണമാണ്; തീനാളത്തിലേക്ക് ആയാതിരിക്കാൻ. കോലായിലോ മച്ചിൻതട്ടിലോ നിലകൊള്ളുമ്പോഴല്ല hurricane lamp ശോഭയാർന്നു വരിക, കാളവണ്ടികളിൽ ഞാത്തിയിടുമ്പോഴാണ്. ഋഷഭത്തിന്റെ പഥങ്ങളിലൂടെ, കുടമണികളുടെ ആരവത്തിലൂടെ ആ വെളിച്ചം അന്ധകാരത്തെ മെല്ലെ ഭേദിച്ചുകൊണ്ട് നീങ്ങുന്ന ദൃശ്യം തീർത്തും കാലഹരണപ്പെട്ടിട്ടില്ല, എന്റെ ഗ്രാമപ്രദേശത്തെങ്കിലും. കാറ്റിനെ തടുത്തു നീങ്ങുന്ന ഈ ദീപം ആധുനികവേഗങ്ങൾക്കെതിരാണ്, അതിനെ കാംക്ഷിക്കുന്നവർ ഒരുപാടു വിരളമാകുമെങ്കിലും! Hurricane വിളക്കു ഞാത്തിയിട്ട അവസാനത്തെ കാളവണ്ടിയും കടന്നുപോയിരിക്കുന്നു എന്നതു നേരാണ്. നീണ്ടൊരു ഗൃഹാതുര സ്മൃതിമാത്രമാണ് ഈ വിളക്കുകൾ.
വിയനയിലെ ഏതോ തടാകക്കരയിൽ പ്രത്യക്ഷപ്പെട്ട അരയന്നമിടിപ്പ്, അരയന്നത്തുടി, വ്യത്യസ്തമായൊരു ജലജീവിയുടെ സാന്നിധ്യമാണ്. ഇലകൾ ഇന്നലെകൾപോലെ ഒഴുകിപ്പോകവേ അതിന്റെ തൂമയാർന്ന അണ്ഡങ്ങൾ, തോടുടഞ്ഞുവരുന്ന അവയുടെ പ്രത്യക്ഷങ്ങൾ, ഒരപൂർവതയിൽക്കുറഞ്ഞ ഒന്നുമല്ല. ഹംസം എങ്ങനെ പാലും വെള്ളവും വേർതിരിക്കുന്നു എന്നത് ഇനിയും പൂർണമായും നിർധരിക്കപ്പെട്ടിട്ടില്ല, അതൊരു യാഥാർഥ്യമെങ്കിൽ. മാനസസരസ്സിലേക്കു പറന്നകലുന്ന അരയന്നങ്ങൾ വിയനയിൽ ഉണ്ടാവാനിടയില്ല; ഭാരതത്തിലെന്നപോലെ ഒരു mythical പരിവേഷം അവക്ക് അവിടങ്ങളിൽ സങ്കൽപിക്കപ്പെടാറില്ല. അരയന്നം ആവാസം തേടിയതിനാൽ മാത്രം ആ തടാകത്തിന് ഒരു ആഴം കൈവരുന്നു, അടിത്തട്ടുവരെ കാണാവുന്ന ഒരു സുതാര്യത.
അപ്പോൾ അത് ഒരു ഉണ്മയായി നിവരുന്നു. അരയന്നച്ചിറകിനു കീഴെ ആകാശങ്ങൾ തെളിയുന്നില്ലെങ്കിലും –ആൽബ േട്രാസിന്റെ ചിറകിൽ കീഴിലെന്നോണം. കടൽപ്പക്ഷിയായ ആൽബ േട്രാസിനെ അതിശയിക്കുന്ന ഒരു വസ്തുത അരയന്നത്തിനുണ്ട്, ഉയരങ്ങളിലേക്ക് പറന്നെത്താനുള്ള ത്വര –മാനസരോവരം പതിനയ്യായിരം അടി ഉയരത്തിലാണ്– ദൃഢമായ ചിറകളവ്, (wing-span) ജലത്തിലും ആകാശത്തിലും നിർബാധം വിഹരിക്കുന്ന പക്ഷികളിൽ അരയന്നത്തെപ്പോലെ അധികമില്ല. പിന്നെ ഇവിടെ തോടുടഞ്ഞു വരുന്ന ദൃശ്യം ഒരു വിൺപിറവിയാണ് അർഥമാക്കുക. നിഷ്കളങ്കമായ ജീവാഗമം, അതുപോലെ കുളിരേകുന്ന ദൃശ്യം വേറെയേതാണ്? അരയന്നങ്ങളുടെ pair-bonding കൂടി ഇവിടെ ഓർത്തുപോകുന്നു. ഒരൊറ്റ ഇണയിൽ കൂടുതൽ അവ ഇഷ്ടപ്പെടാറില്ല. ഈ രീതിയിൽ നിരവയവമായ പ്രണയം അത് അർഥമാക്കുന്നു.

David Attenbrough കനിഞ്ഞേകിയ ഒരു കവിതയാണ് വെള്ളരീ മോക്ഷം. പക്ഷേ, ഇത് പ്രാചീനമായ ഒരു ആർഷശ്രുതിയിലേക്കു നമ്മെ നയിക്കുകകൂടി ചെയ്യുന്നു. ‘ഉർവ്വാരുകമിവ ബന്ധനാത് മൃത്യോർ മുക്ഷീയമാമൃതാത്’ എന്ന മൃത്യുഞ്ജയമന്ത്രത്തിലേക്ക്. ഞെട്ടറ്റു തെറിക്കുന്ന വെള്ളരി എങ്ങനെയാണ് ഉദാത്തമായ ഒരു വേർപെടലിനെ പ്രതീകവത്കരിക്കുക? അവിടെയാണ് തപസ്വിയെപ്പോലൊരു ഛായാഗ്രാഹകൻ പിടിച്ചെടുത്ത ഗംഭീരമായൊരു ചിത്രാഞ്ജലി ഉതകുന്നത്.
ഹിമാലയ ശൃംഗങ്ങളിലെ കാട്ടുവെള്ളരികൾ പാകമാവുമ്പോൾ, ചിലപ്പോൾ പാകമാവാതെയും, ഞെട്ടിൽനിന്നു പൊട്ടിത്തെറിച്ചു പോകുന്ന പ്രതിഭാസത്തെയാണ് അദ്ദേഹം പകർത്തിയത്. ‘ബീജവാഹിയായി രേതസ്സിൻ പുറപ്പാടുപോലൊരു പിറവിക്കുതിപ്പ്;’ രതിസൂചകമായ ഒരൊറ്റ രൂപകം ഇവിടെയാണെന്നതുകൂടി ധരിക്കട്ടെ, ഒരു മൂർച്ഛയെത്തന്നെ അതു പ്രതിനിധാനം ചെയ്യുന്നുണ്ട്, അതു മുക്തിയോ പുറപ്പാടോ എന്നു ശങ്കിച്ചുപോകും വിധം ഊർജദായകമാണ്. ഞെട്ടിൽ ഉതിർന്ന ഈ കനി എങ്ങനെയാണ് ഒരു അന്ത്യം വിളംബരം ചെയ്യുക? നമ്മുടെ പൂർവികർ വിലയനകാംക്ഷയിൽ ഈ ഊർവാരുകം തന്നെ തിരഞ്ഞെടുത്തു –മറ്റേതൊരു ചെടിയും ഇതുപോലെ വിത്തുകൾ തെറിപ്പിക്കുന്നില്ല എന്നതിനാൽ? ധീരതക്ക് ‘ധീ’യിൽ രതരാകുക, ഉന്മത്തരാകുക എന്നൊരു വ്യാഖ്യാനവും ഇവിടെ കാണാം. അതു തെല്ലും ഹതാശമല്ല, ദുർബലവുമല്ല. അത് സജീവതയാണ്, ചടുലതയാണ്. ഈ മന്ത്രം രചിച്ച ഋഷിവര്യർ ഹിമാലയത്തിലെ ഈ ഫലമുക്തി നേരിൽ കണ്ടിരിക്കാൻ ഇടയില്ല. എന്നിട്ടും ഈ സാദൃശ്യം അവർ എങ്ങനെ അറിഞ്ഞു? ഏതൊരു അപാര സങ്കൽപശേഷിയാൽ? ‘ത്രയംബകം യജാമഹേ’ എന്നുരുവിട്ട മാത്രയിൽ ഹിമാലയം നിനവിൽ വരുന്നെങ്കിൽ അത് ഈ മന്ത്രത്തിന്റെ നിർലീനമായ വിസ്തൃതി മൂലമാണ്. ഒരുപക്ഷേ, അതൊരു തുരീയാവസ്ഥയെ ആഗ്രഹിക്കുന്നുണ്ടാവാം.
തൊട്ടടുത്ത കവിതയിൽ സൂക്ഷ്മങ്ങളെ പിഴിഞ്ഞ്, കരണങ്ങളെയും പിഴിഞ്ഞ് നാലാം നിലയിലെ തുരീയനെ നുകരുന്ന ഒരവസ്ഥയുണ്ട്. തുരീയപദം മറ്റൊരു സംസ്കൃതിയിലും ഉളവായിട്ടില്ല. എവിടെയും ജാഗ്ര-സ്വപ്ന-സുഷുപ്തികളേ നിലകൊള്ളുവതുള്ളൂ. സമകാലിക മലയാള കവിതക്ക് അപരിചിതമായ മൂലകങ്ങൾ, വസ്തുക്കൾ, സസ്യങ്ങൾ, കിളികൾ, പൈൻനാളം എന്നിവയൊക്കെയാണ് ഇവിടെ ആവിഷ്കാരത്തിന് ഹേതുവാകുന്നതെന്ന് തെളിഞ്ഞിരിക്കുന്നു.
ബാവുൽ ഗായിക പാർവതിക്കു സമർപ്പിക്കപ്പെട്ട കവിത, ബാവുൽ സ്ഫടികത എന്നാണ്. വാസ്തവത്തിൽ ഈ ശീലിലുള്ള സംവേദനക്ഷമത തന്നെയാണ് അതിന്റെ legitimacy. ഈ കവിതകൾ വലിയൊരു പങ്കും ഉച്ഛ്വസിക്കുന്നത് പാരിസ്ഥിതികമായ ശ്രുതിയാണ്. ഇനിമേൽ രൂപം കൊണ്ടുവരേണ്ടുന്ന ഒരു സൗന്ദര്യാത്മക ദീക്ഷകൂടിയാണ് അതെന്നു ‘നിർ’വചിക്കുന്നു. ‘തായ്വഴി അളന്നാൽ വേരോളമെത്തു’മെന്ന്, അതാണ് ഈ കവിതകളുടെ ഒക്കെയും മൃൺമയം. ഭൂമിക്കായി വ്യാകുലപ്പെടുകയെന്നാൽ മനുഷ്യവംശത്തിനായി വ്യാകുലപ്പെടുക എന്നല്ല, എല്ലാ ജീവരാശിക്കുവേണ്ടിയും വ്യാകുലപ്പെടുക എന്നാണ്. മനുഷ്യന്, സചേതനനായ മനുഷ്യന്, മാത്രം കൈവരിക്കാവുന്ന ഒരു മനുഷ്യാതീതം. ഭൂമിയുടെ സന്തുലന സമവാക്യത്തിന് അത് േപ്രരകമാവുകയാണ്, പ്രാണങ്ങളുടെ സുപഥങ്ങളെ സുഗമമാക്കുകയാണ്.
കൂടാരരാത്രി എന്ന അവസാനത്തെ കവിതയിൽ മരുപഥങ്ങളുടെ മിടിപ്പ് വലിയൊരു പകർന്നാട്ടമായി അനുഭവപ്പെടുന്നുണ്ട്. ഈ ഭൂമിയിലെ വിപരീതങ്ങളെ എങ്ങനെയോ ജീവാനുകൂലിയായി നിലനിർത്തുന്നത് പരമമായ ഒരു യാഥാർഥ്യമല്ലേ. ശീതോഷ്ണ സമത, രസനീരസ സമത, എല്ലാം ആപേക്ഷികങ്ങളാകവേ, കടന്നുപോകുന്നവയാകവേ അവയുടെ യാഥാർഥ്യത്തിൽ മിഴിവാളുന്നവയാകുന്നു.
ഞാൻ മറന്നുപോയൊരു കവിത, അകമിഴാവ് കൂടിയാട്ടത്തിനും ചാക്യാർകൂത്തിനും മാത്രം കൂടെക്കൂട്ടുന്ന ഈ വാദ്യം പൂജിതമായ ഒന്നാണെന്ന് അറിയാതെയാവണം ജെനി സ്വീകരിച്ചു പോയത്. മിഴാവിന്റെ വാദനത്തിൽ ശ്രുതിഭേദങ്ങളില്ല. തെല്ലും പ്രകടമല്ലാത്ത ഒരു വാദ്യംകൂടിയാണ് മിഴാവ്. അകമിഴാവ് എന്ന പദം അതിനെ കൂടുതൽ വിവൃതമാക്കുന്നുണ്ട് –ഓ! ഇത്രയുമാണത് എന്നൊരു വൃത്തം വരക്കുവാൻ പുറപ്പെടായ്കയിലും അതൊരു പുറപ്പാടിനു നിമിത്തമാകുന്നു. കൈലാസോദ്ധാരണം കൂടിയാട്ടത്തിൽ നിങ്ങൾ എന്നെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ മിഴാവിന്റെ സാധ്യത എത്രയെന്നു ബോധ്യപ്പെട്ടിരിക്കും, കാറ്റുകൾ സാധ്യമാകുന്ന ഒതുക്കാണതെന്ന് നിങ്ങൾ അറിഞ്ഞിരിക്കും.
ഈ സർഗാവിഷ്കാരങ്ങളിൽ ഏറ്റവും ദൈർഘ്യമാർന്ന കവിതയെക്കുറിച്ച് ചില വിചാരങ്ങളോടെ ഈ സമ്മിളിതങ്ങൾ എന്റെ മനസ്സിൽ തീരുകയാണ് –ബൊഹീമിയൻ റാപ്സൊഡി. കഴിഞ്ഞ നൂറ്റാണ്ടിൽ ഏറ്റവുമധികം ആസ്വാദകർക്കു ഇമ്പമായി തീർന്ന ഒരു റോക്ക് സംഗീതം ജെനിയുടെ നനുത്ത േശ്രാത്രപുടങ്ങൾക്ക് ഹിതകരമായെന്നത് സംവേദനശുദ്ധിയാണ് വിളംബരം ചെയ്യുക. ബാവുൽ സംഗീതത്തിൽ ഇവിടെയെന്നോണം നാദസ്ഫോടങ്ങൾ ഇല്ല, അഭ്രപാളികളുടെ ഝണൽക്കാരങ്ങളില്ല, മണലടുക്കുകൾ വാരിവിതറിയുള്ള ചുഴറ്റലുകൾ ഇല്ല. Freddie Mercuryയാണോ ജെനിയാണോ ഈ സംഗീതത്തെ ഇങ്ങനെ കേട്ടതെന്ന് സന്ദേഹിച്ചുപോകുന്നു.
കിഴക്കിരുന്നാണ് അവൻ
പടിഞ്ഞാറിനെ കേട്ടത്.
അതിൻ ചടുല സംഗീതം,
തുള്ളിക്കുതിക്കുന്ന നാദപ്പുതുമ.
പടിഞ്ഞാറ്–
തന്നിലുള്ള തന്നെ കണ്ടെടുത്ത്
സ്ഥൂലം സൂക്ഷ്മത്തിൽ കൊരുത്ത്
അനന്തം സ്വരചലനങ്ങളിഴചേർത്ത്
ആ ആരോഹണത്തിൽ
സ്വയം തന്നെ നടുങ്ങി, മിഴി വിടർത്ത്
നിശ്ചലം അവനിരുന്നു,
ബീജഹൃത്തിൽ ശയിച്ചവ
ആകാരം പൂണ്ടു.
ഈ സംഗീതത്തിൽ പരയും പശ്യന്തിയും കേൾക്കാൻ കഴിയുന്നത് സംഗീതത്തിന്റെ സാർവത്രികതയുടെ സൂചനയാണ് നൽകുക. ബൊഹീമിയൻ എന്ന വാക്ക് ലൈംഗികവർണം ആവാഹിക്കുന്ന, sexually coloured, ഒന്നാണ്. പക്ഷേ, അത് അരാജകമായ രത്യാവേശങ്ങളല്ല. തികച്ചും അയാഥാസ്ഥിതികമായിരിക്കെത്തന്നെ അത് ചില ഉത്തരവാദിത്തങ്ങൾ കൈയൊഴിയുന്നില്ല. Freddie Mercuryയുടെ സ്വവർഗാനുരാഗം അയാളുടെ പ്രണയിനി Mary Austineനെ വെറുപ്പിക്കുകയല്ല ചെയ്തത്.
ജീവിതാന്ത്യത്തിലും ആ ബാന്ധവം തുടർന്നു. നാൽപത്തിയഞ്ചാം വയസ്സിൽ വിടപറയുമ്പോൾ Freddie ഉപേക്ഷിക്കപ്പെട്ടവനായിരുന്നില്ല. Freddieയുടെ അവസാനത്തെ stage പ്രകടനത്തിൽ മഴമേഘമോ ഘനജ്വാലയോ സമുദ്രാന്തരമോ എന്നു നിർണയിക്കാവതല്ലാത്തവിധം ഒരു ജ്യോതിസ്ഥായിയിൽ യുഗങ്ങളിലേക്ക് ഈ സംഗീതം ഉതിർന്നുപോകുന്നു, അതിന്റെ നാദക്കുതിപ്പുകളിൽ സ്വച്ഛജലാശയം സ്വരൂപിച്ചുകൊണ്ട്. ഹീത്രൂവിൽനിന്ന് അബൂദബി സായ്ദ് വിമാനത്താവളം വരെയുള്ള ദീർഘദൂര പറക്കലിനിടക്ക്, ആകാശത്തുവെച്ചാണ് ജെനി ഈ സിനിമ കണ്ടതെന്നത് ആ കാഴ്ചയ്ക്ക് ഒരു അധികമാനം അരുളിയിരിക്കുന്നു; വീണ്ടും കാണാൻ േപ്രരിപ്പിക്കുന്ന ഒരു ഹൃദ്യത ആ കലാസൃഷ്ടിക്കുള്ളതിനാലാണ്. ശാഠ്യങ്ങളില്ലാത്ത ഒരു മനസ്സിലേ അവ്വിധം അനുയോജനങ്ങൾ സംഭവിക്കൂ.
ഈ കവിതകളിലാകെ ഇഴയോടി നിൽക്കുന്നത് ഭൂമിയെയും അതിന്റെ ഗുണങ്ങളെയും കുറിച്ചുള്ള ആതംഗം ആണെന്നു സൂചിപ്പിച്ചുവല്ലോ. ‘ക്ഷിതിയാകിലും’ എന്ന കവിതയിൽ ഓരോന്നോരോന്നായുള്ള ഏടുകളെ കൂട്ടിത്തുന്നാനുള്ള സൂചി കണ്ടുകിട്ടാതെ അതിന്റെ വടിവുകളിൽ സമഗ്രം അർപ്പിക്കുന്നതായി കാണുന്നു. ഈ ഭൂമിയുടെ പരസ്പരാശ്രിതത്വത്തെ ഉൾക്കൊള്ളുന്നില്ലെങ്കിൽ നാം അതിന് ക്ഷതി വരുത്തുകയേ ഉള്ളൂ എന്ന മുന്നറിയിപ്പ് മന്ദ്രമായി പകരുന്ന ഒരു സമ്മിളിതം ഇവിടുണ്ട്. അത് ജീവരാശിക്ക്, സസ്യരാശിക്ക് ആകെ സ്വസ്തിയേകുന്നു. ഈ കവിതകളുടെ ‘കനകത്വം’ (sterling quality) അത്രയുമാണ്.