Begin typing your search above and press return to search.
proflie-avatar
Login

സിറിയയിൽ സംഭവിച്ചത്

സിറിയയിൽ സംഭവിച്ചത്
cancel

സിറിയയിലെ മുൻ വിദേശകാര്യ മന്ത്രിയും വൈസ്​ പ്രസിഡന്റുമായ ഫാറൂഖ് ശറഇന്റെ ഒാർമക്കുറിപ്പുകൾ പുറത്തിറങ്ങി. ആ കൃതി വായിക്കുന്ന ലേഖകൻ സിറിയയിലെ വർത്തമാന യാഥാർ​ഥ്യങ്ങൾകൂടി എഴുതുന്നു. സിറിയയിലെ മുൻ വിദേശകാര്യ മന്ത്രിയും വൈസ് പ്രസിഡന്റുമാണ് ഫാറൂഖ് ശറഅ്. ഹാഫിസുൽ അസദിന്റെ കാലത്തേ വിദേശകാര്യ മന്ത്രിയാണദ്ദേഹം. മകൻ ബശ്ശാറിന്റെ കാലത്തും പദവിയിൽ തുടർന്നു. ബശ്ശാറിന് ഭരണശിക്ഷണം നൽകാൻ ഹാഫിസുൽ അസദ് അദ്ദേഹത്തെയാണ് ചുമതലപ്പെടുത്തിയിരുന്നത്. സദ്ദാം ഉന്മൂലനനാനന്തരം 1991ൽ ഓസ്​ലോ കരാറിന്റെ മുന്നോടിയായി മാഡ്രിഡിൽ സമാധാന സമ്മിറ്റ് നടന്നപ്പോൾ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ പ്രസംഗം ശറഇന്റേതായിരുന്നു. ഇതര അറബ്...

Your Subscription Supports Independent Journalism

View Plans
സിറിയയിലെ മുൻ വിദേശകാര്യ മന്ത്രിയും വൈസ്​ പ്രസിഡന്റുമായ ഫാറൂഖ് ശറഇന്റെ ഒാർമക്കുറിപ്പുകൾ പുറത്തിറങ്ങി. ആ കൃതി വായിക്കുന്ന ലേഖകൻ സിറിയയിലെ വർത്തമാന യാഥാർ​ഥ്യങ്ങൾകൂടി എഴുതുന്നു.

സിറിയയിലെ മുൻ വിദേശകാര്യ മന്ത്രിയും വൈസ് പ്രസിഡന്റുമാണ് ഫാറൂഖ് ശറഅ്. ഹാഫിസുൽ അസദിന്റെ കാലത്തേ വിദേശകാര്യ മന്ത്രിയാണദ്ദേഹം. മകൻ ബശ്ശാറിന്റെ കാലത്തും പദവിയിൽ തുടർന്നു. ബശ്ശാറിന് ഭരണശിക്ഷണം നൽകാൻ ഹാഫിസുൽ അസദ് അദ്ദേഹത്തെയാണ് ചുമതലപ്പെടുത്തിയിരുന്നത്. സദ്ദാം ഉന്മൂലനനാനന്തരം 1991ൽ ഓസ്​ലോ കരാറിന്റെ മുന്നോടിയായി മാഡ്രിഡിൽ സമാധാന സമ്മിറ്റ് നടന്നപ്പോൾ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ പ്രസംഗം ശറഇന്റേതായിരുന്നു. ഇതര അറബ് രാഷ്ട്ര പ്രതിനിധികളെല്ലാം ഔപചാരികതയിൽ ഒതുങ്ങിനിന്നപ്പോൾ അവരിൽനിന്നെല്ലാം വേറിട്ട്, ഇസ്രായേലിനെ നിറുത്തിപ്പൊരിക്കാനാണ് ശറഅ് തന്റെ അവസരം ഉപയോഗപ്പെടുത്തിയത്. ഇസ്രായേലിന്റെ കൊടുംപാതകങ്ങൾ ഒന്നൊന്നായി പട്ടിക നിരത്തി മധ്യ പൗരസ്ത്യ ദേശത്തിലെ ഈ തെമ്മാടി രാഷ്ട്രം അൽപം മര്യാദ പാലിക്കാൻ സന്നദ്ധമായിരുന്നെങ്കിൽ ഫലസ്തീനിൽ എന്നേ സമാധാനം പുലർന്നേനെ എന്ന് സമർഥിക്കുകയായിരുന്നു അദ്ദേഹം. ആ പ്രസംഗത്തെ സാധൂകരിച്ചുകൊണ്ടുള്ള ഓസ്​ലോ കരാറിന്റെ വിപര്യയമാണ് ഇന്ന് നാം ഗസ്സയിൽ കണ്ടുകൊണ്ടിരിക്കുന്നത്. പ്രസംഗത്തിന്റെ പൂർണരൂപം ഇപ്പോഴും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പാലസ്റ്റൈൻ സ്റ്റഡീസിന്റെ സൈറ്റിൽ കാണാവുന്നതാണ്. ശറഅ് പിന്നീട് ബശ്ശാറുമായി തെറ്റിപ്പിരിഞ്ഞു. ശിഷ്ടകാലം ഓർമക്കുറിപ്പുകൾ എഴുതാനാണ് അദ്ദേഹം വിനിയോഗിച്ചത്.

ശറഇന്റെ മുമ്പ് വിദേശകാര്യ മന്ത്രിയും വൈസ് പ്രസിഡന്റുമായിരുന്ന അബ്ദുൽ ഹലീം ഖദ്ദാമും ബശ്ശാറുമായി തെറ്റിപ്പിരിഞ്ഞു ബഅസ് പാർട്ടിയിൽനിന്ന് രാജി​വെച്ച് വിദേശത്തേക്ക് ചേക്കേറിയിരുന്നു. അവിടെ പ്രതിപക്ഷവുമായി, മുഖ്യമായും മുസ്‍ലിം ബ്രദർഹുഡുമായി സഹകരിച്ച് സിറിയൻ വിമോചന മുന്നണി (ജബ്ഹത്തുൽ ഖലാസീൽ വത്വനി) രൂപവത്കരിച്ച് പ്രവർത്തിക്കുകയായിരുന്നു. 2020ൽ അദ്ദേഹം നിര്യാതനായി. ഖദ്ദാമും എഴുതിയിരുന്നു ഓർമക്കുറിപ്പുകൾ. ആയകാലത്ത് ഏകാധിപതികളെ ഉപചരിക്കുന്നവരായിരുന്നു ഇവരൊക്കെ. ഏകാധിപതികൾ കാലയവനികക്ക് പിന്നിൽ മറയു​മ്പോഴാണ് ഇവരുടെ ഓർമകൾക്ക് ജീവൻവെക്കുക. പ്രസിഡന്റ് നാസിർ മരിച്ചപ്പോഴും തൗഫീഖുൽ ഹകീം അടക്കമുള്ള പല ബുദ്ധിജീവികളും നാസിർ യുഗത്തിന്റെ വിമർശനവുമായി പുറത്തുവരികയുണ്ടായി.

രണ്ടാം ഭാഗം

ഫാറൂഖ് ശറഇന്റെ ഓർമകളുടെ രണ്ടാം ഭാഗമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ‘നഷ്ടപ്പെട്ട ആഖ്യാനം’ (അർരിവായഃ അൽ മഫ്ഖൂദ) എന്ന ശീർഷകത്തിലുള്ള ഒന്നാംഭാഗം പ്രസിദ്ധീകരിച്ച ദോഹയിലെ അറബ് ഗവേഷണ പഠന സെന്റർ (അൽ മർകസുൽ അറബി ലിൽ അബ്ഹാസ് വദ്ദിറാസ), തന്നെയാണ് രണ്ടാംഭാഗമായ ‘മുദക്കിറാത്തും’ പ്രസിദ്ധീകരിച്ചിരിക്കുന്നത്. രണ്ടാംഭാഗം പുറത്തുവരുന്നത് അസദ് കുടുംബവാഴ്ചയുടെ പതനത്തോടെയാണ്. ആ മുഹൂർത്തം ശറഅ് മാർക്കറ്റ് ചെയ്തു എന്ന് കരുതേണ്ടതില്ല. കാരണം 2019ലേ രണ്ടാം ഭാഗം എഴുതി പൂർത്തിയാക്കിക്കഴിഞ്ഞിരുന്നു. ആദ്യഭാഗം 2000 വരെയുള്ള അച്ഛൻ അസദിന്റെ കാലഘട്ടമാണ് അനാവരണം ചെയ്യുന്നതെങ്കിൽ രണ്ടാംഭാഗം മകൻ അസദിന്റെ 2000 മുതൽ 2017 വരെയുള്ള ഭരണകാലമാണ് പ്രതിപാദിക്കുന്നത്. സിറിയൻ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കാണുന്നതിന് പകരം, ഭരണഘടനാപരമായ അധികാരക്കൈമാറ്റത്തിന് സന്നദ്ധനാകാതെ റഷ്യയിലേക്ക് ഒളി​ച്ചോടിയ ബശ്ശാർ ഈ ഓർമക്കുറിപ്പുകളിൽ വിമർശിക്കപ്പെടുന്നുണ്ട്.

ബശ്ശാർ എന്ന സൈക്കോപാത്ത്

ബശ്ശാറിന്റെ വ്യക്തിത്വത്തെ സൂക്ഷ്മ വിശകലനത്തിന് വിധേയനാക്കുന്ന ശറഅ്, അദ്ദേഹത്തിന്റെ ഭരണനടത്തിപ്പ് രീതികളുടെയും, കീഴുദ്യോഗസ്ഥന്മാർ തൊട്ട് രാഷ്ട്രീയാതിഥികൾ വരെയുള്ളവരോടുള്ള പെരുമാറ്റ രീതികളുടെയും ചിത്രങ്ങൾ അനാവരണം ചെയ്യുന്നു. വിദേശകാര്യ നയങ്ങളിൽ ബശ്ശാറിന് പരിശീലനം നൽകാൻ ശറഇനെയായിരുന്നു പിതാവ് ഹാഫിസുൽ അസദ് ചുമതലപ്പെടുത്തിയിരുന്നത്. പക്ഷേ, ശറഇനെ രാഷ്ട്രീയമായും സാമൂഹികമായും ഒറ്റപ്പെടുത്തുന്നതിലാണ് അവസാനം അത് കലാശിച്ചത്. പല നിർണായക പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നതിലുള്ള ബശ്ശാർ ഭരണകൂടത്തിന്റെ ആശയക്കുഴപ്പങ്ങളിലേക്ക് ശറഅ് വിരൽചൂണ്ടുന്നുണ്ട്. ഇസ്രായേലുമായുള്ള ഒത്തുതീർപ്പ്, ലബനാനിലെ റഫീഖ് ഹരീരി വധം, ഈജിപ്തും സൗദിയുമായുള്ള ഉഭയകക്ഷി ബന്ധങ്ങൾ തുടങ്ങിയവ ഉദാഹരണം.

ഒന്നാം ഭാഗം മുഖ്യമായും സിറിയൻ ഇസ്രായേലി സംഭാഷണങ്ങളുടെ കാണാപ്പുറങ്ങളായിരുന്നെങ്കിൽ രണ്ടാം ഭാഗത്തിൽ അറബ് ഉച്ചകോടികളിലെ പല അന്തർനാടകങ്ങളും അരങ്ങത്ത് കൊണ്ടുവരുന്നുണ്ട്. വിശാലമായ രാജ്യതാൽപര്യങ്ങളേക്കാളുപരി നേതാക്കളുടെ ഇടുങ്ങിയ വ്യക്തി താൽപര്യങ്ങളാണ് ഉഭയകക്ഷി ബന്ധ​ങ്ങളെ ഭരിക്കുന്നതെന്ന് അദ്ദേഹം ആരോപിക്കുന്നു. പ്രത്യാഘാതങ്ങളെക്കുറിച്ച് ഒരു ഭയവുമില്ലാത്ത, ആത്മാനുരാഗിയായ സൈക്കോപാത്ത് –ഇതാണ് ബശ്ശാറിനെ കുറിച്ചുള്ള ശറഇന്റെ വിലയിരുത്തൽ. തെറ്റുകളെ കുറിച്ച് ഒരു പശ്ചാത്താപവുമില്ല. തനിക്ക് ചുറ്റുമുള്ളവരുടെ വേദനകളെക്കുറിച്ച് ഒരു വേവലാതിയുമില്ല. വാഗ്ദാനങ്ങൾ പാലിക്കുന്നുമില്ല. കള്ളം പറയാൻ ഒരു മടിയുമില്ല. ഇതൊക്കെയാണ് ബശ്ശാറിനെ കുറിച്ച് ശറഅ് നൽകുന്ന ചിത്രം. ‘‘ഔദ്യോഗിക സംഭാഷണങ്ങളിൽ അനുഭാവപൂർവം പെരുമാറും. ആവശ്യങ്ങളൊക്കെ അംഗീകരിക്കും. വിദേശ പ്രതിനിധി സംഘം ഡമസ്കസ് വിമാനത്താവളം വിടേണ്ട താമസം, അംഗീകരിച്ച കാര്യങ്ങളിൽനിന്ന് ഒരു മടിയുമില്ലാതെ പിൻവാങ്ങും’’ -ശദഅ് എഴുതുന്നു.

മുഖസ്തുതിയിൽ വലിയ കമ്പമായിരുന്നു. തന്റെയും ഭാര്യയുടെയും പ്രതിച്ഛായ വളർത്തുന്നതിനുള്ള ഒരവസരവും പാഴാക്കാറുണ്ടായിരുന്നില്ല. അതിന്റെ ഉദാഹരണങ്ങളും ശറഅ് നിരത്തുന്നുണ്ട്. വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ മാധ്യമങ്ങളെ സ്വാധീനിക്കാൻ മുമ്പേറായി ആ രാജ്യങ്ങളിൽ പ്രത്യേക പ്രതിനിധികളെ അയക്കും. സഹപ്രവർത്തകരുടെ തീരുമാനത്തെ അവഹേളിക്കുംവിധം ശാഠ്യബുദ്ധി പ്രകടിപ്പിക്കും. സ്വന്തം അനുഭവംതന്നെയാണ് ശറഅ് അതിന് ചൂണ്ടിക്കാണിക്കുന്നത്. സിറിയയിലെ ജനകീയ പ്രക്ഷോഭകാലത്ത് ശറഇനെ അധ്യക്ഷനാക്കി ആരംഭിച്ച ​ദേശീയ സംവാദത്തിൽനിന്ന് പിൻവാങ്ങിയതാണ് അതിന്റെ ഉത്തമ നിദർശനമെന്ന് ശറഅ് ചൂണ്ടിക്കാണിക്കുന്നു.

ബശ്ശാറിന്റെ അധികാരാരോഹണത്തിന് ഒരുക്കിയ പശ്ചാത്തല വിവരണത്തോടെയാണ് ശറഅ് ഈ ഓർമക്കുറിപ്പുകൾ ആ​രംഭിക്കുന്നത്. ലണ്ടനിലെ ഉപരിപഠനം പൂർത്തിയാക്കാൻ ബശ്ശാറിന് ബ്രിട്ടീഷ് എംബസിയിൽനിന്ന് വിസ സംഘടിപ്പിച്ചുകൊടുക്കുന്നത് ഫാറൂഖ് ശറഅ് ആണ്. നാട്ടിൽ മടങ്ങി എത്തിയ ബശ്ശാർ ജ്യേഷ്ഠൻ ബാസിലിൽനിന്ന് ഇൻഫർമേഷൻ ബ്യൂറോവിന്റെ ചുമതല ഏറ്റെടുത്തു. അയാളുടെ ഇഷ്ട വിനോദങ്ങളിലൊന്നായിരുന്നു അത്. ബാസിലിനെപ്പോലെ കുതിരസവാരിയിലോ അച്ഛൻ പുറത്താക്കിയ രിഫ്അത്തിനെ പോലെ സൈനിക യൂനിഫോം ധരിക്കുന്നതിലോ ബശ്ശാറിന് താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ, അവർ ഇരുവരെയുംപോലെ അധികാരവും സ്വത്തും കൈയടക്കുന്നതിൽ അതീവ തൽപരനാണെന്ന് കാലേക്കൂട്ടി തന്നെ ബശ്ശാർ തെളിയിക്കയുണ്ടായി. ബാസിലിന്റെ അപ്രതീക്ഷിത മരണമാണ് അനുജന് അധികാരത്തിലേക്ക് വഴിതെളിയിച്ചത്.

ബാസിൽ മരിച്ചപ്പോൾ ലണ്ടനിലായിരുന്നു ബശ്ശാർ. ഡമസ്കസ് വിമാനത്താവളത്തിൽ വിമാനമിറങ്ങിയ ബശ്ശാറിന്റെ പരിഹാസ്യമായ എഴു​ന്നള്ളത്ത് ശറഅ് ഓർമക്കുറിപ്പിൽ വരച്ചിടുന്നുണ്ട്. ആരാധകരായ യുവജനക്കൂട്ടത്തിന്റെ തോളിലേറി ആ​ഘോഷാരവത്തോടെയായിരുന്നുവത്രെ അനുശോചനപ്പന്തലിലേക്കുള്ള അയാളുടെ വരവ്. അന്ത്യോപചാരമർപ്പിക്കാൻ വിവിധ അറബ് രാജ്യങ്ങളിൽനിന്നെത്തിയ ഉന്നതതല പ്രതിനിധികളുടെ സാന്നിധ്യം അവഗണിച്ചുകൊണ്ടായിരുന്നു ഈ പ്രകടനം എന്ന് ശറഅ് സങ്കടപ്പെടുന്നു. ഭരണഘടന ഭേദഗതി ചെയ്തുകൊണ്ടാണ് 34കാരനായ ബശ്ശാറിനെ പ്രസിഡന്റ് പദത്തിൽ കുടിയിരുത്തിയത്. ഭരണഘടനയുടെ 83ാം വകുപ്പ് പ്രകാരം രാഷ്ട്രത്തിന്റെ പ്രസിഡന്റിന് 40 വയസ്സ് തികഞ്ഞിരിക്കണമെന്ന് നിബന്ധനയുണ്ടായിരുന്നു. പാർലമെന്റ് വിളിച്ചുകൂട്ടി 15 മിനിറ്റിനകം അത് ​ ഭേദഗതി ചെയ്തു. ഉന്നത സൈനിക റാങ്കായ മാർഷൽ പദവിയും ചാർത്തിക്കൊടുത്തു.

ഉന്നത സൈനിക മേധാവി മുന്നിൽ നടക്കാതെ തന്റെ ഒപ്പമോ പിന്നിലോ നടക്കണമെന്ന് ബശ്ശാർ നിഷ്കർഷിച്ചിരുന്നു. അതായിരുന്നു ബശ്ശാറിന്റെ ദൃഷ്ടിയിൽ തന്നോടുള്ള കൂറിന്റെ ലക്ഷണം. ‘‘ഒരു സൈനിക ബറ്റാലിയന്റെ കമാൻഡറായിരുന്ന ജന. ഇബ്രാഹീം സ്വാഫി ലബനാൻ സന്ദർശന വേളയിൽ ബശ്ശാർ തന്റെ മുന്നിൽ ചുവടുവെച്ചത് എന്നോട് പരാതിപ്പെടുകയുണ്ടായി’’ –ശറഅ് എഴുതുന്നു. വിദേശകാര്യങ്ങളിലും സഹോദര അറബ് രാജ്യങ്ങളുമായുള്ള ബന്ധങ്ങളിലും സ്വീകരിച്ച നടപടികളിലെ നയതന്ത്ര പാളിച്ചകളിൽ പലതും ഓർമക്കുറിപ്പുകൾ പുറത്തെടുത്തിടുന്നുണ്ട്. 2002ൽ ബൈറൂതിൽ ചേർന്ന അറബ് ഉച്ചകോടിയിൽ യാസിർ അറഫാത്തിന് ലബനീസ് പ്രസിഡന്റ് അമീൻ മഹ്മൂദ് സംസാരിക്കാൻ അവസരം നിഷേധിച്ചതിൽ സ്വീകരിച്ച അലംഭാവം, 2004ൽ തൂനിസിൽ ചേർന്ന അറബ് ഉച്ചകോടിയിൽ പരിഷ്‍കരണ നിർദേശങ്ങൾ സ്വീകരിക്കുന്നതിൽ പ്രകടിപ്പിച്ച വിസമ്മതം, 2009ൽ ദോഹയിൽ നടന്ന ഉച്ചകോടിയിൽ സൗദി രാജാവ് അബ്ദുല്ലയും ലിബിയൻ പ്രസിഡന്റ് ഖദ്ദാഫിയും തമ്മിലുണ്ടായ വാക്കേറ്റത്തിൽ ഇടപെടാൻ ശറഅ് നിർദേശിച്ചപ്പോൾ അതുമായി നമുക്ക് ബന്ധമൊന്നുമില്ലെന്ന് പറഞ്ഞുകൊണ്ടുള്ള ഒഴിഞ്ഞുമാറ്റം എന്നിവ ഉദാഹരണങ്ങൾ.

ഹരീരിയെ ഭീഷണിപ്പെടുത്തിയ സംഭവം

ലബനാൻ പ്രധാനമന്ത്രി റഫീഖ് ഹരീരിയും ബശ്ശാറും തമ്മിൽ നടന്ന കൂടിക്കാഴ്ചയുടെ (26.04.2024) ഔദ്യോഗിക ഭാഷ്യം ഇതാദ്യമായി ഈ ഓർമക്കുറിപ്പുകളിൽ ഫാറൂഖ് ശറഅ് വെളിപ്പെടുത്തുന്നുണ്ട്. സിറിയൻ പ്രസിഡൻഷ്യൽ കൊട്ടാരം തയാറാക്കിയ കൂടിക്കാഴ്ചയുടെ കരട് ശറഅ് ഉദ്ധരിക്കുന്നു. അന്നതിന് സാക്ഷിയായവരുടെ ആഖ്യാനത്തിന് തികച്ചും വിരുദ്ധമാണ് ഈ റിപ്പോർട്ട്. ശറഅ് എഴുതുന്നു: ‘‘ഞാൻ അസ്വസ്ഥനായിരുന്നു എന്ന് സമ്മതിക്കട്ടെ; ഹരീരിയെ ബശ്ശാർ ഭീഷണിപ്പെടുത്തിയതായ വാർത്തകൾ ചോർന്നതിനുശേഷം വിശേഷിച്ചും. ലബനീസ് പ്രസിഡന്റ് ലഹൂദിന്റെ കാലാവധി നീട്ടുന്നതിന് പാർലമെന്റിൽ തന്റെ ബ്ലോക്കിലുള്ള മെംബർമാരെ വോട്ടു​ചെയ്യാൻ നിർബന്ധിക്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ടായിരുന്നു ഈ ഭീഷണി എന്നാണ് പറയപ്പെട്ടിരുന്നത്. ഞാൻ ഇതിനെക്കുറിച്ച് ബശ്ശാറിനോട് നേരിട്ട് ചോദിച്ചപ്പോൾ അദ്ദേഹം അത് നിഷേധിക്കയാണുണ്ടായത്. എന്നാൽ, മുൻകൂട്ടി പ്രഖ്യാപിക്കാതെ നടന്ന കൂടിക്കാഴ്ച അദ്ദേഹം നിഷേധിച്ചില്ല. എങ്കിൽ അതിന്റെ മിനിറ്റ്സ് കാണാൻ പറ്റുമോ എന്ന് ഞാൻ ചോദിച്ചു. അപ്പോൾ അടഞ്ഞ ഒരു കവറിൽ അതിന്റെ കോപ്പി എനിക്കയച്ചുതന്നു.’’

ഹരീരി വധത്തെ സംബന്ധിച്ച് ഏഴ് സിറിയൻ സൈനിക ഓഫിസർമാരെ അന്താരാഷ്ട്ര അന്വേഷക സമിതി വിയന്നയിൽ ചോദ്യംചെയ്ത സംഭവത്തിന്റെ വിശദാംശങ്ങളി​േലക്കും ശറഅ് വെളിച്ചംവീശുന്നുണ്ട്. ഹരീരി വധം ബശ്ശാറുൽ അസദിന്റെ ഉത്തരവ് പ്രകാരമാണെന്ന് സമ്മതിച്ചാൽ കുറ്റമുക്തമാക്കാമെന്ന് ബ്രിഗേഡിയർ റുസ്തം ഗസാലിയോട് അന്വേഷണസംഘം പറയുകയുണ്ടായത്രെ. ഗാസി കൻആന്റെ ആത്മഹത്യയെക്കുറിച്ച് ഓർമക്കുറിപ്പുകളിൽ പരാമർശമുണ്ട്. കൻആന്റെ മരണം ആത്മഹത്യയായിരുന്നോ എന്ന് ബശ്ശാറിനോട് ശറഅ് ചോദിക്കുകയുണ്ടായി. അപ്പോൾ കൻആൻ തനിക്കയച്ച കത്ത് വായിച്ചുതരാൻ ബശ്ശാർ തന്റെ ഓഫിസ് ഡയറക്ടർ അബൂസലീമിനോട് ആവശ്യപ്പെട്ടു. തന്റെ ഭാര്യയെയും കുട്ടികളെയും സംരക്ഷിക്കണമെന്ന് അതിൽ ബശ്ശാറിനോട് കൻആൻ അപേക്ഷിക്കുന്നു.

സിറിയൻ പ്രക്ഷോഭവും പ്രതിസന്ധിയും

സിറിയയിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്നും ബശ്ശാർ അത് കൈകാര്യംചെയ്യുന്ന രീതി എങ്ങനെ ഒരു വൻ ദുരന്തത്തിൽ കലാശിക്കുമെന്നും താൻ കാലേക്കൂട്ടി മനസ്സിലാക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നതായി ശറഅ് എഴുതുന്നു. 2011 ഫെബ്രുവരിയിൽ ഡമസ്കസിന് സമീപമുള്ള അൽ ഹരീഖയിൽ നടന്ന പ്രകടനം ആഭ്യന്തര മന്ത്രി സഈദ് സമൂർ ഇടപെട്ട് ശാന്തമാക്കിയിരുന്നു. പക്ഷേ, സുരക്ഷാവിഭാഗത്തിലെ ചിലർ ആഭ്യന്തര വകുപ്പിന്റെ ‘ഗാംഭീര്യ’ത്തിന് അത്​ പോറലേൽപിച്ചതായാണത്രെ കണ്ടത്. അതോടെ, ആദ്യത്തെ മന്ത്രിസഭാ പുനഃസംഘാടനത്തിൽതന്നെ സഈദ് സമൂർ പുറത്തായി. പുതിയൊരു ആഭ്യന്തര മന്ത്രിയെ നിയമിച്ചുകൊണ്ട് മന്ത്രാലയത്തിന്റെ ‘ഗാംഭീര്യം’ വീണ്ടെടുക്കുകയുംചെയ്തു.

ദർഅയിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തിന്റെ ശറഅ് ആഖ്യാനം ഇങ്ങനെയാണ്: ‘‘ദർഅ നിവാസികൾ പ്രസിഡന്റിന്റെ സന്ദർശനം കാത്തിരിക്കയായിരുന്നു. പക്ഷേ, വന്നത്, അവരെ ഞെട്ടിപ്പിച്ചുകൊണ്ട് കറുത്ത മുഖംമൂടിധാരികളായ പട്ടാളക്കാരായിരുന്നു. ദൂരെനിന്ന് അവരെ കണ്ടപ്പോൾതന്നെ പ്രദേശവാസികളിൽ ചിലർ അവർ ഇറാനികളാണെന്ന് മനസ്സിലാക്കിയിരുന്നു. പിന്നീട് പ്രസിഡന്റ് തന്നെ എന്നോട് പറഞ്ഞപോലെ കരിങ്കുപ്പായക്കാർ വളരെ മുമ്പേ ഇറാനിൽനിന്ന് ഇറക്കുമതി ചെയ്തവരായിരുന്നു. ദർഅ നിവാസികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമീപ ഗ്രാമങ്ങളിൽനിന്ന് പരസഹസ്രം ജനങ്ങൾ തെരുവിലിറങ്ങി. പ്രതിരോധ മന്ത്രി അലി ഹബീബ് ഇടപെട്ട് സൈന്യത്തിന്റെ വെടിവെപ്പ് നിർത്തിച്ചു. അൽപസമയത്തിനകംതന്നെ ബശ്ശാർ അദ്ദേഹത്തെ മന്ത്രിപദത്തിൽനിന്നിറക്കിവിട്ടു. 2011 മാർച്ച് 20ന് പ്രസിഡന്റ് ത​ദ്ദേശ ഭരണ വകുപ്പ് മന്ത്രി താമിറുൽ ഹുജ്ജയുടെ നേതൃത്വത്തിൽ ദർഅയിലേക്ക് ഒരു അനുശോചന സംഘത്തെ അയച്ചു. പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് സംഘം പോകേണ്ടതെന്ന് ഞാൻ ആഗ്രഹം പ്രകടിപ്പിച്ചു. എങ്കിൽ അത് ജനഹൃദയങ്ങളിൽ കൂടുതൽ ഫലം ചെയ്തേനെ. ഞാൻ പറഞ്ഞത് ബശ്ശാർ ഗൗരവത്തിലെടുത്തില്ല. ഒന്ന് പുഞ്ചിരിച്ചു. അതൊരു മുഖസ്തുതി എന്നപോലെയാണ് അദ്ദേഹം പരിഗണിച്ചത്. അദ്ദേഹം നേരിട്ട് ആശ്വസിപ്പിക്കാനായി അങ്ങോട്ടു പോയില്ല.’’

2011 മാർച്ച് 23ന് കൂടിയ പാർട്ടിയുടെ മേഖല സമ്മേളനത്തിന് അസദായിരുന്നു അധ്യക്ഷൻ. പ്രതിഛായാനഷ്ടത്തിലെ അസ്വാസ്ഥ്യം ബശ്ശാറിന്റെ മുഖത്ത് പ്രകടമായിരുന്നു. ദർഅയിലായിരുന്നു അത് കൂടുതൽ. ‘‘എന്റെ പ്രതിഛായയല്ല പ്രശ്നം ഹാഫിസുൽ അസദിന്റെ പ്രതിമയെ കൈയേറ്റം ചെയ്തതാണ് എന്നെ അലട്ടുന്നത്’’ എന്നാണ് അദ്ദേഹം പറഞ്ഞത്. മാർച്ച് 30ന് ജനപ്രതിനിധി സഭയിൽ അസദ് ചെയ്ത പ്രസംഗത്തെക്കുറിച്ച് ശറഅ് എഴുതിയത് ജനത്തെ അത് പ്രീതിപ്പെടുത്തുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും നിരാശപ്പെടുത്തുന്നതായിരുന്നു എന്നാണ്. യോജിച്ചെടുത്ത തീരുമാനത്തിന് വിപരീതമായിരുന്നുവത്രെ ആ അഭിസംബോധന. ഉപദേശത്തിന് വിരുദ്ധമായാണ് പ്രസിഡന്റ് പ്രവർത്തിക്കുന്നത്. ഇത് ആദ്യത്തെയോ അവസാനത്തെയോ സംഭവമല്ലെന്നും ശറഅ് എഴുതുന്നു.

കൂടിയാലോചനാ യോഗം

2011 ജൂൺ 10ന് നടന്ന കൂടിയാലോചനാ യോഗമാണ് ഓർമക്കുറിപ്പുകളിലെ പ്രസക്തമായ മറ്റൊരു ഭാഗം. ശറഅ് എല്ലാ കാര്യങ്ങളിലും അസദുമായി കൂടിയാലോചിക്കാറുണ്ടായിരുന്നു. ചർച്ച ചെയ്യുമ്പോൾ തന്റെ അഭിപ്രായങ്ങളോട് അസദ് യോജിപ്പ് പ്രകടിപ്പിക്കുമെങ്കിലും അതിന് നേർവിപരീതം പ്രവർത്തിക്കാനാണ് മറ്റുള്ളവർക്ക് പിന്നീട് അദ്ദേഹം നിർദേശം നൽകാറുള്ളതെന്ന് ശറഅ് പറയുന്നു. കൂടിക്കാഴ്ച തത്സമയം പ്രസാരണം ചെയ്യാനുള്ള ശറഇന്റെ നിർദേശം അസദ് തള്ളിക്കളയുകയാണുണ്ടായത്. ബഅസ് സോഷ്യലിസ്റ്റ് പാർട്ടി ചിന്തകൻ ത്വയ്യിബ് തസ്‍യീനിയുടെ ധീരമായ അഭിപ്രായപ്രകടനത്തിൽ നീരസനായിരുന്നു അസദ്. ബഅസ് സോഷ്യലിസ്റ്റ് പാർട്ടിയുടേതാണ് അന്തിമ വാക്കെന്ന ഭരണഘടനയിലെ എട്ടാം വകുപ്പ് പാർട്ടിയുടെ മേഖലാ കോൺ​ഫറൻസിന്റെ അജണ്ടയിലുൾപ്പെടുത്തേ​െണ്ടന്ന് ശറഇനോട് അസദ് ഫോൺചെയ്ത് ആവശ്യപ്പെടുകയുണ്ടായത്രെ. കോൺഫറൻസാണ് അത് തീരുമാനിക്കേണ്ടതെന്നും തനിക്കത് സാധിക്കുകയില്ലെന്നും പറഞ്ഞ് ശറഅ് ആവശ്യം നിരാകരിച്ചു. പറഞ്ഞിട്ടെന്ത് ഫലം? അസദിന്റെ കൈയൊപ്പില്ലാതെ കോൺഫറൻസിന്റെ ഒരു തീരുമാനവും നടപ്പാക്കാൻ സാധിക്കുമായിരുന്നില്ല.

അന്തിമ പ്രസ്താവന വായിക്കുന്നതിനു മുമ്പ് അസദിന്റെ മാധ്യമ ഉപദേശക ബുസൈന ശഅ്ബാൻ സമൂഹത്തിൽ സ്ത്രീയുടെ റോളിനെക്കുറിച്ച് ഒരു ഖണ്ഡിക കൂട്ടിച്ചേർക്കാനുള്ള ആവശ്യവുമായി മുന്നോട്ടുവന്നു. അത് വീണ്ടും ചർച്ചയുടെ വാതിൽ തുറന്നുവിടുമെന്ന് പറഞ്ഞ് ശറഅ് നിർദേശം തള്ളി. അതോടെ ബുസൈന രാജി പ്രഖ്യാപിച്ചുകൊണ്ട് സമ്മേളന ഹാളിൽനിന്ന് പുറത്തുപോയി. അവർക്ക് നിയമനം നൽകിയത് പ്രസിഡന്റായതിനാൽ രാജി സമർപ്പിക്കേണ്ടത് ബശ്ശാറിനാണെന്ന് ശറഅ് പറഞ്ഞു. പാർട്ടി കോൺഫറൻസിന്റെ ഫൈനൽ കമ്യൂണിക്കേ പുറത്തുവന്നെങ്കിലും ആ കോൺഫറൻസ് തന്റെ ഗൂഢാലോചനയാണെന്ന് പറഞ്ഞുകൊണ്ട് അതിലെ തീരുമാനങ്ങളെ അപലപിക്കാൻ കർഷകസംഘങ്ങൾക്കും വിദ്യാർഥി സംഘടനക്കും നിർദേശം നൽകുകയാണ് അസദ് ചെയ്തത്.

ബോഡിഗാർഡിന്റെ അറസ്റ്റ്

2013ൽ ശറഇന്റെ ബോഡിഗാർഡ് ഹസ്സാൻ സകരിയ്യ അറസ്റ്റ്ചെയ്യ​പ്പെടുകയുണ്ടായി. അതിൽ ഇടപെട്ടുകൊണ്ട് ശറഅ് പ്രസിഡന്റിനെ ചെന്ന് കണ്ടു. അറസ്റ്റുചെയ്ത രാഷ്ട്രീയ സുരക്ഷാവിഭാഗം തലവൻ ജനറൽ മുഹമ്മദ് മൻസൂറക്ക് ഹസ്സാൻ സകരിയ്യ വശം ഇറാഖ് ആഭ്യന്തരമന്ത്രി മുഹമ്മദ് സഈദ് സഹ്ഹാഫിന്റെ അകമ്പടിസേനക്കാരുടെ ഫോൺ നമ്പറുകൾ കിട്ടിയതായി ശറഇനെ ബശ്ശാർ അറിയിച്ചു. രണ്ട് അറബ് രാഷ്ട്രങ്ങൾക്കിടയിൽ ടെലിഫോൺ സമ്പർക്കം വിലക്കപ്പെട്ടതാണോ എന്ന് അപ്പോൾ ബശ്ശാറിനോട് ശറഅ് ചോദിച്ചു. ബശ്ശാറിന്റെ പ്രതികരണം ദീർഘ മൗനത്തിൽ കലാശിച്ചു. ‘‘ഭക്ഷണത്തിന് പകരം എണ്ണ എന്ന യു.എസിന്റെ ഇറാഖ് പദ്ധതിയുമായി ബന്ധപ്പെട്ട കൈക്കൂലി വിഷയത്തിൽ ജനറൽ മൻസൂറിന്റെ ​പങ്ക് എന്റെ സ്റ്റാഫ് കണ്ടെത്തിയതാകാം കാരണം’’ എന്ന് ശറഅ് പറഞ്ഞപ്പോൾ പ്രസിഡന്റിന്റെ മുഖഭാവങ്ങളിൽ നടുക്കം പ്രകടമായതായി ശറഅ് എഴുതുന്നു.

 

ഫാറൂഖ് ശറഇന്റെ ഓർമകളുടെ രണ്ടാം ഭാഗമായ ‘മുദക്കിറാത്തി’ന്‍റെ കവർ 

അകൽച്ച

പ്രസിഡന്റുമായി തെറ്റിപ്പിരിയുന്നതിനെക്കുറിച്ച് താൻ ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്ന് ശറഅ് പറയുന്നു. ‘‘രാജ്യത്തിനുവേണ്ടി മരിക്കാൻ തയാറായവരേക്കാൾ രാജ്യത്തെ സ്നേഹിക്കുന്നതുകൊണ്ടായിരുന്നില്ല അത്. തെറ്റിപ്പിരിഞ്ഞശേഷം ചേക്കേറാനുള്ള രാജ്യങ്ങൾ സിറിയയേക്കാൾ ഒട്ടും മെച്ചമായിരുന്നില്ല എന്നതുകൊണ്ട് മാത്രമായിരുന്നു അത്’’ –ഇതായിരുന്നു ശറഇന്റെ ന്യായീകരണം.

നാട് നശിച്ചാലും സൈനിക നടപടി സ്വീകരിക്കാനാണ് ബശ്ശാറിന്റെ തീരുമാനമെന്ന് കൂടിക്കാഴ്ചക്കുശേഷം ശറഇന് ബോധ്യമായി. സിറിയയിലെ ആഭ്യന്തര സംവാദം പരാജയപ്പെട്ടുകഴിഞ്ഞു. സിറിയൻ-അറബ് ചർച്ചകളും എവിടെയും എത്തിയില്ല. അന്താരാഷ്ട്ര പരിഹാരത്തിന്റെ വിദൂര സാധ്യത മാത്രമാണ് ഇനി അവശേഷിക്കുന്നത്. അത് നടക്കുകയാണെങ്കിൽ തന്നെ, ഇടപെടുന്ന രാജ്യങ്ങളുടെ വൈരുധ്യങ്ങൾ കാരണം സിറിയൻ താൽപര്യങ്ങൾ ബലികൊടുത്തുകൊണ്ടേ അത് നടക്കൂ. അതോടെ വീട്ടിൽ കുത്തിയിരിക്കാനാണ് ശറഅ് തീരുമാനിച്ചത്. തീരുമാനത്തിൽനിന്ന് പിൻവാങ്ങാൻ അസദ് വൃത്തങ്ങളിൽനിന്ന് സമ്മർദമുണ്ടായെങ്കിലും ശറഅ് വഴങ്ങിയില്ല. ‘‘സിറിയക്കകത്ത് സംഭാഷണങ്ങൾ പുനരാരംഭിക്കാൻ പ്രസിഡന്റ് തയാറാവുകയും അത് വിജയിപ്പിക്കാനുള്ള യഥാർഥ ശ്രമങ്ങൾ എന്നെയോ മറ്റുള്ളവരെയോ ബോധ്യപ്പെടുത്തുകയും ചെയ്യുകയാണെങ്കിൽ, അപ്പോൾ മാത്രം എന്റെ സാന്നിധ്യവുമുണ്ടാവും’’, ശറഅ് തന്നെ സമീപിച്ചവരെ അറിയിച്ചു.

പിന്നെ, ശറഇനെ അകറ്റിനിർത്താൻ അസദ് താമസിച്ചില്ല. 2013ലെ കോൺഫറൻസിൽ പ​ങ്കെടുത്ത എല്ലാ നേതാക്കളെയും മാറ്റിനിർത്തി. ശറഇന്റെ ഓഫിസ് അടച്ചുപൂട്ടി. സ്റ്റാഫിൽ ഭൂരിഭാഗത്തെയും ശുചീകരണ തൊഴിലാളികളെയടക്കം പിരിച്ചുവിട്ടു. വളരെ കുറച്ചുപേരെ മറ്റു മന്ത്രാലയങ്ങളിലേക്ക് സ്ഥലം മാറ്റി. തുടർന്ന് ശറഉമായി സമ്പർക്കമുണ്ടായിരുന്നവർക്കൊക്കെ അദ്ദേഹത്തെ സന്ദർശിക്കുന്നതിൽനിന്നും ബന്ധപ്പെടുന്നതിൽനിന്നും വിലക്കിക്കൊണ്ടുള്ള സന്ദേശം ലഭിച്ചു. ശറഅ് പിന്നീട് ​പൊതുരംഗത്തൊന്നും പ്രത്യക്ഷപ്പെട്ടില്ല. ബശ്ശാറിന്റെ പതനാനന്തരം പുതിയ ഭരണാധികാരി അഹ്മദ് ശറഅ് വിളിച്ചുകൂട്ടിയ ദേശീയ സംവാദ കോൺഫറൻസിലാണ് ക്ഷണിക്കപ്പെട്ട പ്രകാരം ഏറ്റവും ഒടുവിലായി അദ്ദേഹം പൊതുരംഗത്ത് പ്രത്യക്ഷപ്പെടുന്നത്.

ആത്മകഥാംശമുള്ള എല്ലാ ഓർമക്കുറിപ്പുകളുംപോലെ തന്നെത്തന്നെ മുഴപ്പിച്ചുകാട്ടാനാണ് ശറഉം ഈ കുറിപ്പുകളിൽ ശ്രമിക്കുന്നത്. എല്ലാ കുറ്റവും ബശ്ശാറിന്റെ തലയിലിട്ട് പീലാത്തോസിന്റെ റോൾ അഭിനയിക്കുകയാണ് ശറഅ്. ബശ്ശാറിനെ വാഴിക്കുന്നതിൽ സ്വന്തം പങ്ക് അദ്ദേഹം വിസ്മരിക്കുന്നു. ‘‘ഡോ. ബശ്ശാറിന് വ്യക്തിപരമായ വിശിഷ്ട ഗുണങ്ങൾക്കൊപ്പം ഒട്ടനേകം യോഗ്യതകൾ വേറെയുമുണ്ട്. നവീകരണത്തിലും പരിഷ്‍കരണത്തിലുമുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപിത താൽപര്യം അവയുടെ മുൻപന്തിയിൽ വരുന്നു.’’ ഓർമക്കുറിപ്പുകളുടെ ഒന്നാം ഭാഗത്തിൽ (പേജ് 457) ശറഅ് എഴുതിയ ഈ വരികൾക്ക് നേർവിപരീതമായാണ് രണ്ടാംഭാഗത്ത് അദ്ദേഹം പ്ര​ത്യക്ഷപ്പെടുന്നത്. സിറിയൻ രാഷ്ട്രീയത്തിലെ സംഭവങ്ങൾ ശറഇനെ മാത്രം വ്യക്തിപരമായി ബാധിക്കുന്നതല്ല; ഒരു ജനതയെ ആഴത്തിൽ മുറിവേൽപിച്ച അധികാര വ്യവസ്ഥയുടെ ഭാഗംതന്നെയായിരുന്നു ദശകങ്ങളോളം ശറഉം. അദ്ദേഹംകൂടി നേതൃത്വം നൽകിയ അറബ് ലോകത്തിലെ ഒന്നാംതരം ഫാഷിസ്റ്റ് സംഘടനയായ ബഅസിന്റെ പിന്തുണയോടുകൂടിയാണ് അസദ് കുടുംബം സിറിയയെ സ്വന്തം മുഷ്ടിക്കുള്ളിലാക്കിയത്. ആ സർവാധിപത്യ ഭരണകൂടം സിറിയൻ ജനതക്കെതിരെ അഴിച്ചുവിട്ട നിഷ്ഠുരതകളെ കുറിച്ചു നിശ്ശബ്ദനാണ് ശറഅ്. അതിലൊന്നും ​അദ്ദേഹം ഖേദം പ്രകടിപ്പിക്കുന്നില്ല.

തിളച്ചുമറിയുന്ന സിറിയൻ രാഷ്ട്രീയ സംഭവവികാസങ്ങളെ തണുത്ത ശൈലിയിൽ നിസ്സംഗനായി ആഖ്യാനംചെയ്യുന്നു എന്നതാണ് ഈ ഓർമക്കുറിപ്പുകളുടെ ഒരു പ്രത്യേകത. എന്തുതന്നെയായാലും 2000 മുതൽ 2014 വരെ വ്യവസ്ഥയെ ‘ആത്മാർഥമായി’ സേവിച്ച, വ്യവസ്ഥയുടെ ഭാഗംതന്നെയായ ഒരാളുടെ ചരിത്രസാക്ഷ്യം എന്നനിലക്ക് സിറിയയിലെ ഭാവിതലമുറയെ സംബന്ധിച്ചിടത്തോളം ഈ ഓർമക്കുറിപ്പുകൾക്ക് പ്രസക്തിയുണ്ട്. 80 പിന്നിട്ട ഈ രാഷ്ട്രീയക്കാരന്റെ സംസാരത്തിനും ചലനത്തിനും ഇപ്പോൾ ബലക്ഷയമു​ണ്ടെങ്കിലും ഓർമകളെ അത് ബാധിച്ചിട്ടില്ലെന്ന് ഈ കൃതിയിലെ ആഖ്യാനം തെളിയിക്കുന്നു.

News Summary - Memoirs of former Syrian Foreign Minister and Vice President Farouk Sharif