നെഹ്റുവിന്റെ ‘തെരഞ്ഞെടുത്ത കൃതികൾ’ ഇനി ഓൺലൈനിലും സമ്പൂർണം
camera_altജവഹർലാൽ നഹറു
ന്യൂഡൽഹി: ജവഹർ ലാൽ നെഹ്റുവിന്റെ ‘തെരഞ്ഞെടുത്ത കൃതികളു’ടെ (സെലക്ട്ഡ് വർക്സ് ഓഫ് ജവഹർലാൽ നെഹ്റു) ഡിജിറ്റലൈസേഷൻ പ്രക്രിയ പൂർത്തിയായി. ഇനി ‘നെഹ്റു ആർകൈവ് ഡോട്ട് ഇൻ (nehruarchive.in) എന്ന സൈറ്റിൽ അവ പൂർണമായും വായിക്കുകയും ഡൗൺലോഡ് ചെയ്യുകയുമാവാം. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് ഇക്കാര്യം ‘എക്സി’ലൂടെ അറിയിച്ചത്. 100 വാല്യങ്ങളിലായിട്ടാണ് ഈ കൃതി. 35,000ലധികം രേഖകളും മൂവായിരത്തോളം ചിത്രങ്ങളും ഉൾക്കൊള്ളുന്ന കൃതിയുടെ ഡിജിറ്റൽവത്കരണ പ്രവർത്തനങ്ങൾ നേരത്തേ ആരംഭിച്ചിരുന്നു. ജയ്റാം രമേശ് ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകുന്ന ജവഹൽലാൽ നെഹ്റു മെമ്മോറിയൽ ഫണ്ട് (ജെ.എൻ.എം.എഫ്) എന്ന ട്രസ്റ്റാണ് ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. 1920 മുതൽ 60കൾ വരെയുള്ള ഇന്ത്യയുടെ ചരിത്രം പഠിക്കുന്നവർ നിർബന്ധമായും റഫർ ചെയ്യേണ്ടതാണിതെന്ന് ജയ്റാം രമേശ് പറഞ്ഞു.
