എഴുത്തിന്റെ നാലാം തലം

റുമേനിയൻ എഴുത്തുകാരനായ മിർച്ച കർത്തരെസ്‌ക്കുവിന്റെ ‘സോളിനോയ്ഡ്’ എന്ന നോവൽ വായിക്കുന്നു. 2024ലെ ഡബ്ലിൻ (Dublin) സാഹിത്യ പുരസ്‌കാരം നേടിയ ‘സോളിനോയ്ഡ്’ 2025ലെ അന്താരാഷ്ട്ര ബുക്കർ പുരസ്കാരത്തിന്റെ ദീർഘപട്ടികയിലും ഇടംനേടി. 1 വാക്കുകളുടെയും ആശയങ്ങളുടെയും ചിന്തകളുടെയും ഓർമകളുടെയും സ്വപ്നങ്ങളുടെയും കാന്തികവലയത്തിൽ വായനക്കാരെ തളച്ചിടുകയാണ് റുമേനിയൻ എഴുത്തുകാരനായ മിർച്ച കർത്തരെസ്‌ക്കുവിന്റെ ‘സോളിനോയ്ഡ്’. മനുഷ്യരാശിയുടെ അസ്തിത്വ പ്രതിസന്ധിയുടെ മോചനമാർഗത്തിനുള്ള അന്വേഷണമാണ് 672 പുറങ്ങളിലായി പടർന്നുകിടക്കുന്ന, ലോകമെമ്പാടും ആഘോഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, ഈ ബൃഹദ് നോവൽ. അഞ്ചു...
Your Subscription Supports Independent Journalism
View Plansറുമേനിയൻ എഴുത്തുകാരനായ മിർച്ച കർത്തരെസ്‌ക്കുവിന്റെ ‘സോളിനോയ്ഡ്’ എന്ന നോവൽ വായിക്കുന്നു. 2024ലെ ഡബ്ലിൻ (Dublin) സാഹിത്യ പുരസ്‌കാരം നേടിയ ‘സോളിനോയ്ഡ്’ 2025ലെ അന്താരാഷ്ട്ര ബുക്കർ പുരസ്കാരത്തിന്റെ ദീർഘപട്ടികയിലും ഇടംനേടി.
1
വാക്കുകളുടെയും ആശയങ്ങളുടെയും ചിന്തകളുടെയും ഓർമകളുടെയും സ്വപ്നങ്ങളുടെയും കാന്തികവലയത്തിൽ വായനക്കാരെ തളച്ചിടുകയാണ് റുമേനിയൻ എഴുത്തുകാരനായ മിർച്ച കർത്തരെസ്‌ക്കുവിന്റെ ‘സോളിനോയ്ഡ്’. മനുഷ്യരാശിയുടെ അസ്തിത്വ പ്രതിസന്ധിയുടെ മോചനമാർഗത്തിനുള്ള അന്വേഷണമാണ് 672 പുറങ്ങളിലായി പടർന്നുകിടക്കുന്ന, ലോകമെമ്പാടും ആഘോഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, ഈ ബൃഹദ് നോവൽ. അഞ്ചു നോട്ടുപുസ്തകങ്ങളിലായി എഴുതിയ ‘സോളിനോയ്ഡി’ന്റെ കൈയെഴുത്തുപ്രതി പിന്നീട് വായിച്ചു തിരുത്തുകയുണ്ടായില്ല എന്നു നോവലിസ്റ്റ് പറയുന്നുണ്ട്. ഗണിതവും ഭൗതികശാസ്ത്രവും യുക്തിവാദവും തത്ത്വചിന്തയും കലയും സാഹിത്യവും ചരിത്രവും രാഷ്ട്രീയവും യാഥാർഥ്യവും ഭാവനയും കെട്ടുപിണയുന്ന, അനേകം അടരുകളുള്ള നോവലിൽ തന്റെ ഇടനാഴികളും മുറികളും താണ്ടി ലക്ഷ്യസ്ഥാനം തേടിയലയുന്ന ആഖ്യാതാവിനൊപ്പം ഒരു ലാബിറിൻതിലെന്ന (labyrinth) പോലെ വായനക്കാരും സഞ്ചരിക്കുന്നു.
ചിതറിക്കിടക്കുന്ന ഡയറിക്കുറിപ്പുകളെന്നു തോന്നുന്ന ആഖ്യാനം സങ്കീർണമെങ്കിലും നിശ്ചിതമായ ഘടനയിലൂടെ ആഖ്യാതാവിന്റെ കാഴ്ചകളെയും അനുഭവങ്ങളെയും ചിന്തകളായും ചിന്തകളെ വിശകലനങ്ങളായും വിശകലനങ്ങളെ തത്ത്വങ്ങളായും പരിവർത്തനംചെയ്യുന്നു. കൃത്യമായി ചേർത്തുവെച്ചിരിക്കുന്ന ഒരു ജിഗ്‌സോ പസിലാണ് ‘സോളിനോയ്ഡ്’. ഒരു റുമേനിയൻ അധ്യാപകന്റെ ദിനസരി കുറിപ്പുകളുടെ രൂപത്തിലാണ് നോവലിന്റെ ആഖ്യാനം. നോവലിസ്റ്റ് ഒരിക്കൽ പറഞ്ഞുവെച്ച കാര്യങ്ങളുടെ തുടർച്ച പിന്നീടുള്ള ഭാഗങ്ങളിൽനിന്നു കണ്ടെടുത്തു ചേർത്തുെവച്ചു പൂരിപ്പിക്കുമ്പോൾ ഒരു പ്രഹേളിക നിർധാരണംചെയ്ത കുട്ടിയുടെ ആഹ്ലാദംതന്നെയാകും വായനക്കാർക്കും അനുഭവപ്പെടുന്നത്.
സാങ്കേതിക അർഥത്തിൽ സോളിനോയ്ഡ് എന്ന പദം സർപ്പിളാകൃതിയിൽ ചുറ്റിയെടുത്ത വൈദ്യുതി ചാലകമായ കവചിത കമ്പിച്ചുരുളിനെയാണ് സൂചിപ്പിക്കുന്നത്. വൈദ്യുതി പ്രവഹിക്കുമ്പോൾ സോളിനോയ്ഡിനുള്ളിൽ ഒരു കാന്തികമണ്ഡലം രൂപപ്പെടുന്നു. എന്നാൽ, നോവലിൽ പല മാനങ്ങളുള്ള തലങ്ങൾക്കിടയിലെ പ്രയാണത്തിനു സഹായിക്കുന്ന, സ്വപ്നതുല്യമായ യാഥാർഥ്യത്തിലേക്കു കടക്കാനുള്ള സാധ്യതയുടെ രൂപകമായാണ് സോളിനോയ്ഡിനെ അവതരിപ്പിച്ചിരിക്കുന്നത്. ആറു സോളിനോയ്ഡുകളാണ് പലയിടങ്ങളിലായി ആഖ്യാനത്തിൽ പ്രത്യക്ഷപ്പെടുന്നത്. തന്റെ വീടിനടിയിലെ സോളിനോയ്ഡ് പ്രവർത്തിപ്പിച്ചാൽ ആഖ്യാതാവിന് കിടക്കയിൽനിന്നുയർന്നു കിടക്കക്കും മച്ചിനുമിടയിലുള്ള സ്ഥലത്ത് ഒഴുകിനീങ്ങാം. നോവലിന്റെ അന്ത്യത്തിൽ സൂക്ഷ്മപരാദങ്ങളുടെ ലോകത്തേക്ക്, ദ്വിമാനതലത്തിലേക്ക്, അയാൾ പോകുന്നതും ലൈബ്രേറിയന്റെ വീട്ടിലെ സോളിനോയ്ഡിന്റെ സഹായത്താലാണ്.
റുമേനിയയിലെ നിക്കോളായ് ചൗഷെസ്കു എന്ന കമ്യൂണിസ്റ്റ് ഏകാധിപതിയുടെ ഭരണകാലമാണ് നോവലിന്റെ രാഷ്ട്രീയ പരിസരം. ജനങ്ങൾ പട്ടിണിയിൽ നട്ടംതിരിയുമ്പോൾ ആഡംബരജീവിതം നയിക്കുകയായിരുന്നു ഭരണാധികാരിയായ ചൗഷെസ്കുവും കുടുംബാംഗങ്ങളും. കുടുംബാംഗങ്ങളെ ഭരണത്തിന്റെ തലപ്പത്തുള്ള സുപ്രധാന സ്ഥാനങ്ങളിൽ നിയമിച്ച ചൗഷെസ്കു തന്റെ ഭാര്യയായ എലീനയെ രാജ്യത്തിന്റെ ഉപപ്രധാനമന്ത്രിയാക്കി. അറുപതുകൾക്കും തൊണ്ണൂറുകൾക്കും ഇടയിലുള്ള കമ്യൂണിസ്റ്റ് റുമേനിയയിലെ വ്യവസായിക തരിശുഭൂമികളുടെ ശൂന്യത ആഖ്യാനത്തിൽ പ്രതിഫലിക്കുന്നുണ്ട്. സ്കൂൾ പ്രിൻസിപ്പലിന്റെ നിർദേശപ്രകാരം ഒഴിഞ്ഞുകിടക്കുന്ന ഫാക്ടറി പരിശോധിക്കാൻ സഹാധ്യാപകനോടൊപ്പം ഫാക്ടറി കെട്ടിടത്തിനുള്ളിലെ ഭീമാകാരമായ യന്ത്രങ്ങൾക്കു നടുവിലൂടെ ആഖ്യാതാവ് നടക്കുമ്പോൾ പഴയ റേഡിയോക്കുള്ളിൽ പെട്ടുപോയ പ്രാണിയെന്നപോലെയാണ് അയാൾ സ്വയം നോക്കിക്കാണുന്നത്.
ഇവിടെ കാഫ്കയുടെ മെറ്റമോർഫസിസിലെ നായകനെ ഓർമിപ്പിക്കുന്ന ആഖ്യാതാവിന് പിന്നീട് ഒരു പ്രാണിയുടെ ശരീരത്തിൽ ജീവിക്കേണ്ടിവരുന്ന സന്ദർഭവും നോവലിലുണ്ട്. രാജ്യത്തു ജനനനിരക്ക് വർധിപ്പിക്കുന്നതിലുള്ള നീക്കത്തെത്തുടർന്ന് ഗർഭച്ഛിദ്രങ്ങൾക്ക് കർശനമായ ശിക്ഷകൾ ഭരണകൂടം ഏർപ്പെടുത്തി. പലർക്കും കുട്ടികളെ വളർത്താനുള്ള സാഹചര്യങ്ങൾ ഇല്ലാത്തതിനാൽ ആയിരക്കണക്കിന് കുട്ടികൾ അവികസിതമായ അനാഥാലയങ്ങളിലാണ് വളർന്നത്. ഗർഭനിരോധന ഉപാധികളുടെ ലഭ്യതക്കുറവ് നോവലിൽ പരാമർശിക്കപ്പെടുന്നുണ്ട്.
നിക്കോളായ് ചൗഷെസ്കുവിന്റെ കീഴിൽ റുമേനിയ, സാമ്പത്തിക സഹായത്തിനും മറ്റ് ആനുകൂല്യങ്ങൾക്കും പകരമായി റുമേനിയൻ ജൂതന്മാരെ ഇസ്രായേലിലേക്കു കുടിയേറാൻ അനുവദിച്ചിരുന്നു. ഇത്തരത്തിൽ കുടിയേറിപ്പോയ ഒരു ജൂതനായിരുന്നിരിക്കണം ആഖ്യാതാവ് വാങ്ങിയ വഞ്ചിയുടെ ആകൃതിയിലുള്ള വീട്ടിലെ മുൻ അന്തേവാസി. ആ വീട് ഏറെ വർഷങ്ങളായി ഒഴിഞ്ഞുകിടക്കുകയായിരുന്നുവെന്നും അവസാനമായി താമസിച്ചയാൾ ഇസ്രായേലിലേക്കു പോയതിനുശേഷമാകും വീട് ഒഴിഞ്ഞിട്ടുണ്ടാവുകയെന്നും നോവലിൽ സൂചനയുണ്ട്. ഭരണത്തോടുള്ള പ്രതിഷേധം ആഖ്യാനത്തിലുടനീളം ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെടുന്നു. അക്കാലത്തു നിലനിന്നിരുന്ന അസംബന്ധം നിറഞ്ഞ വിദ്യാഭ്യാസ നയങ്ങളെയും ഭരണപരിഷ്കാരങ്ങളെയും പട്ടിണിയെയും നോവൽ ഓർമപ്പെടുത്തുന്നു.
പാഴ്‌വസ്തുക്കൾ സംസ്കരിച്ച് ഉപയോഗിക്കുന്നതിന്റെ ഭാഗമായി പഠിക്കുന്ന ഓരോ കുട്ടിയും മാസംതോറും പതിനഞ്ചു കിലോഗ്രാം കടലാസും നൂറു കിലോഗ്രാം കഴുകിയെടുത്ത കാലികുപ്പികളും ജാറുകളും സ്കൂളിൽ കൊണ്ടുവരണമെന്ന നിയമം അന്നെത്ത അപ്രായോഗിക വിദ്യാഭ്യാസ നയങ്ങൾക്ക് ഉദാഹരണമാണ്. വിദ്യാർഥികളിൽനിന്നു മികച്ച നിരീശ്വരവാദിയെ തിരഞ്ഞെടുക്കുന്ന രീതി ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യ മനോഭാവവും മറ്റു വിശ്വാസങ്ങളോടുള്ള അസഹിഷ്ണുതയും തുറന്നു കാട്ടുന്നു. മാതാവിന്റെ പ്രതിമയിലേക്ക് ഏറ്റവും ആഞ്ഞു തുപ്പുന്ന വിദ്യാർഥിയെയാണ് ഏറ്റവും നല്ല നിരീശ്വരവാദിയായി തിരഞ്ഞെടുത്തിരുന്നത്. എല്ലാ ഭരണവ്യവസ്ഥിതികളിലും മനുഷ്യൻ മനുഷ്യനെ ചൂഷണംചെയ്യുക (Man Exploits Man) എന്നത് മാത്രമാണ് സംഭവിക്കുന്നതെന്ന് സ്കൂളിലെ ഷോപ് ടീച്ചറായ എഫ്റ്റേൻ പറയുന്നുണ്ട്.
റുമേനിയയുടെ തലസ്ഥാനമായ ബുക്കറസ്റ്റിനെ അവശിഷ്ടങ്ങളുടെ നഗരമെന്നും സ്വപ്നങ്ങളുടെ നഗരമെന്നും വിഷാദത്തിന്റെ നഗരമെന്നും നോവലിൽ വിശേഷിപ്പിക്കുന്നു. രാജ്യത്തെ കാർഷിക, വ്യവസായിക ഉൽപാദനത്തിന്റെ ഭൂരിഭാഗവും കയറ്റുമതി ചെയ്യാൻ ചൗഷെസ്കു ഉത്തരവിട്ടതിന്റെ ഫലമായി ഉണ്ടായ കടുത്ത ക്ഷാമം സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന്റെ നേർക്കാഴ്ചകൾ ആഖ്യാനത്തിൽ കാണാം. ആഖ്യാതാവും ഒരു ഭാഗമായിത്തീരുന്ന പിക്കറ്റിസ്റ്റുകളിൽകൂടിയാണ് ഏകാധിപത്യത്തിനെതിരെയുള്ള പ്രതിഷേധം പ്രത്യക്ഷത്തിൽ നോവലിൽ കടന്നുവരുന്നത്.
ആഖ്യാതാവും പിക്കറ്റിസ്റ്റുകളും അസ്തിത്വപരമായ ഭയത്തെ മറികടക്കാൻ ശ്രമിക്കുന്നവരാണ്. അതിനായുള്ള അവരുടെ മുറവിളിയായ ‘സഹായം (Help)’ എന്ന വാക്കുകൊണ്ട് നോവലിന്റെ ഏകദേശം ഒമ്പതു താളുകൾ നിറച്ചിരിക്കുന്നു. ദന്താശുപത്രിയിലെ കസേര നോവലിൽ പീഡനസംവിധാനത്തിന്റെ പ്രതീകമാണ്. ചെറുപ്പത്തിൽ അമ്മയോടൊപ്പം ദന്തഡോക്ടറെ കാണാൻ പോകുന്നതിനെ ഭയപ്പെട്ടിരുന്ന കുട്ടിയുടെ മനസ്സിൽ പീഡനങ്ങളുടെയും വേദനയുടെയും പ്രതീകമായി ദന്താശുപത്രിയിലെ കസേര മാറിയതിൽ അത്ഭുതമില്ല. ദന്തഡോക്ടർ പീഡകനും കസേരയിലിരിക്കുന്നവർ ഇരകളുമാണെന്നാണ് ആഖ്യാനത്തിൽ സങ്കൽപിച്ചിരിക്കുന്നത്.
ജീവിതത്തെയും ലോകത്തെയും കുറിച്ചുള്ള അജ്ഞതയിൽനിന്നുളവാകുന്ന ഭയം ഒരു നിഴൽപോലെ ആഖ്യാതാവിനൊപ്പമുണ്ട്. ചെറുപ്പത്തിൽ തന്റെ അമ്മായിയുടെ തുന്നൽ സാമഗ്രികൾക്കിടയിൽനിന്നു കണ്ടെടുത്ത രണ്ടു കാന്തങ്ങൾ തമ്മിലുള്ള വികർഷണമാണ്, ഭൗതികതയും സ്പർശനവും അസാധ്യമായ വികർഷണമേഖലയിലെ ശക്തമായ കാന്തികബലമാണ്, മനുഷ്യർക്ക് കാണാനോ തൊടാനോ കഴിയാത്ത കാര്യങ്ങൾ ലോകത്തു നിലനിൽക്കുന്നുണ്ടെന്ന ബോധ്യം ആദ്യമായി അയാൾക്കു നൽകുന്നത്. എല്ലാവരെയും വധശിക്ഷക്കു വിധിച്ചിരിക്കുന്ന ഒരു കശാപ്പുശാലയായി ഭൂമിയെ കാണുന്ന ആഖ്യാനം മനുഷ്യരുടെ ക്ഷണികമായ അസ്തിത്വത്തെ കാത്തിരിക്കുന്നത് കഷ്ടപ്പാടുകളും പീഡനങ്ങളും മരണമെന്ന നിത്യശാപവുമാണെന്നു ചൂണ്ടിക്കാട്ടുന്നു.
കാന്തികശക്തിയുള്ള ചുരുളുകൾകൊണ്ട് ആഖ്യാതാവിന്റെ വീടിന്റെ മുൻ ഉടമസ്ഥൻ മി. മിക്കോള മനുഷ്യരെ സുഖപ്പെടുത്താറുണ്ടായിരുന്നു. വീടിനടിയിൽ ഭീമാകാരമായ ഒരു സോളിനോയ്ഡ് കുഴിച്ചിട്ടിട്ടുണ്ടെന്ന് അയാൾ വെളിപ്പെടുത്തുന്നു. തകർന്നടിഞ്ഞ കൊട്ടാരങ്ങളുടെ നഗരമായ ബുക്കറസ്റ്റിന് ഒരു പാരിതോഷികമെന്ന നിലയിലാണ് നഗരത്തിന്റെ ശിൽപി അന്തരീക്ഷത്തിലേക്ക് ഉയർത്താൻ കഴിവുള്ള സോളിനോയ്ഡുകൾ പല ഭാഗങ്ങളിലായി കുഴിച്ചിട്ടത്. ഭൂമി മുഴുവൻ വ്യാപിച്ചുകിടക്കുന്ന ഒരു കാന്തിക ശൃംഖലയുണ്ടെന്ന് മിക്കോള വിശ്വസിക്കുന്നു. ആ ശൃംഖലയിലെ തീവ്രതകൂടിയ ഒരു ബിന്ദുവിലാണ് ആ വീട് സ്ഥിതിചെയ്യുന്നത്. ആ വീട്ടിലെ അനേകായിരം മുറികളിലൂടെ തന്റെ കിടപ്പറ തേടി ആഖ്യാതാവ് അലയുന്നുണ്ട്. ആദ്യ ഭാര്യയുമൊത്ത് അയാൾ സാധാരണ ജീവിതം നയിച്ച നാളുകളിൽ മാത്രമാണ് നാലു കിടപ്പറകൾ മാത്രമുള്ള സാധാരണ ഒരു വീടായി അത് പരിവർത്തനംചെയ്യുന്നത്.
2
നിരവധി മേഖലകളിലെ അനേകം പ്രതിഭാശാലികളെയും അവരുടെ സംഭവനകളെയും ‘സോളിനോയ്ഡി’ൽ പരാമർശിക്കുന്നുണ്ട്. ഇവരിൽ കാഫ്കയുടെ പേര് എടുത്തുപറയേണ്ടതുണ്ട്. ഫ്രാൻസ് കാഫ്ക തന്റെ കൃതികൾ കത്തിച്ചുകളയാൻ ആവശ്യപ്പെട്ടതുപോലെ ‘സോളിനോയ്ഡി’ലെ ആഖ്യാതാവും തന്റെ ഡയറി വായിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നില്ല. കാഫ്കയുടെ ഡയറിയിൽനിന്നുള്ള “സ്വപ്നങ്ങളുടെ നാഥനായ മഹാനായ ഇസ്സക്കാർ തല വളരെ പിന്നിലേക്കാഴ്ത്തി കണ്ണാടിക്ക് പുറം തിരിഞ്ഞിരുന്നു. അപ്പോൾ സന്ധ്യയുടെ നാഥയായ ഹെർമാന പ്രത്യക്ഷപ്പെട്ട് ഇസ്സക്കാറിന്റെ മാറിലേക്കലിഞ്ഞു ചേർന്നു, അവൾ പൂർണമായി ഇല്ലാതാകുന്നതുവരെ” എന്ന വരികളേക്കാൾ മികച്ചതൊന്നും ഒരു ഭാവനാസൃഷ്ടിയിലും ഇന്നുവരെ എഴുതപ്പെട്ടിട്ടില്ലെന്നും ആഖ്യാതാവ് വിശ്വസിക്കുന്നു. റുമേനിയൻ മനഃശാസ്ത്രജ്ഞനും സ്വപ്നാന്വേഷകനുമായ നിക്കോളായ് വാസ്‌ക്കിഡെ (Nicolae Vaschide) യുടെ ജീവിതവുമായി കൂട്ടിവായിച്ച് നോവലിൽ ഈ വരികൾക്കു യഥാർഥ ജീവിതത്തിന്റെ ഭാഷ്യം ചമച്ചിരിക്കുന്നു.
സാഹിത്യസൃഷ്ടികളിലെ തന്റെ താൽപര്യമില്ലായ്മ ആഖ്യാതാവ് വ്യക്തമാക്കുന്നുണ്ട്. ദ്വിമാനതലത്തിൽ അനന്തമായ കടലാസിലെ ഒരു ചതുരത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ് ഭാവനാസൃഷ്ടികൾ നടത്തുന്ന എഴുത്തുകാർ. അവർക്ക് രക്ഷപ്പെടാനുള്ള മാർഗം കടലാസിനു ലംബമായി മറ്റൊരു തലത്തിലേക്ക് ചലിക്കുക എന്നുള്ളതാണ്. എന്നാൽ, അത്തരത്തിൽ ഒരു ഉയർന്ന തലം സങ്കൽപിക്കാനാകാതെ അവർ കടലാസിന്റെ ദ്വിമാനതലത്തിൽ തടവിലാക്കപ്പെട്ടിരിക്കുന്നു.
സാഹിത്യമെന്ന വലിയ മ്യൂസിയത്തിന്റെ ഒരിക്കലും തുറക്കപ്പെടാത്ത വർണാഭമായ കപടവാതിലുകളാണ് അതിലേക്ക് ചേർക്കപ്പെടുന്ന ഓരോ സൃഷ്ടിയുമെന്ന ചിന്തയാണ് ആഖ്യാനം മുന്നോട്ടു വെക്കുന്നത്. അവയോരോന്നും വായനക്കാരെ യാഥാർഥ്യത്തിൽനിന്ന് അകറ്റിനിർത്തുകയാണ് ചെയ്യുന്നത്. സാഹിത്യത്തിൽ പുതിയ കപടവാതിലുകൾ തീർക്കണമെന്ന് ആഖ്യാതാവ് സ്വപ്‌നം കാണുന്നില്ല. മുന്നോട്ടൊരു ചുവടുവെക്കാൻ സ്വന്തം കാലിനെ ബോധപൂർവമായി ചുമതലപ്പെടുത്തേണ്ടതില്ലാത്തതുപോലെ ഒരാൾ സാഹിത്യകാരനാകണമെന്നുണ്ടെങ്കിൽ അത് സ്വാഭാവികമായി സംഭവിക്കും. അതിനൊരു കടുകുമണിയോളം വിശ്വാസമുണ്ടായാൽ മതി. തന്റെ ‘ഫാൾ’ എന്ന കവിത സാഹിത്യപ്രേമികളുടെ സദസ്സിൽ നിരാകരിക്കപ്പെട്ടപ്പോൾ ആ നിരാശയെ മറികടക്കാൻ തനിക്കു കഴിയാതിരുന്നത് അത്തരമൊരു വിശ്വാസമില്ലാതെ പോയതുകൊണ്ടാണെന്ന് ആഖ്യാതാവ് കരുതുന്നു.
‘സോളിനോയ്ഡി’ൽ ആഖ്യാതാവിന്റെ കൈകൾ സ്വയം ചലിക്കുന്ന ഒരു സന്ദർഭം കാണാം. സമാനമായ രീതിയിൽ എഴുത്തുകാരന്റെ നിയന്ത്രണത്തിലല്ലാതെ സ്വയം എഴുതപ്പെടുന്നവയാണു യഥാർഥ പുസ്തകങ്ങൾ എന്നു നോവലിസ്റ്റ് മിർച്ച കർത്തരെസ്‌ക്കു ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. ഇതിനോടകം എഴുതപ്പെട്ടുകഴിഞ്ഞ ഒരു താളിനെ മൂടിയിരിക്കുന്ന ആവരണം മാറ്റുക മാത്രമാണ് എഴുത്തിലൂടെ താൻ ചെയ്യുന്നതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
കുട്ടിക്കാലത്ത് തന്നെ സ്വാധീനിച്ച രണ്ടു കഥകളെക്കുറിച്ചു സോളിനോയ്ഡിൽ ആഖ്യാതാവ് സൂചിപ്പിക്കുന്നുണ്ട്. ആദ്യത്തെ കഥയിൽ തന്റെ ഭാര്യയെ അന്വേഷിച്ചെത്തിയ കർഷകൻ മഞ്ഞിൽ ഒരിടംവരെ എത്തി അവരുടെ കാൽപ്പാടുകൾ പൊടുന്നനെ അപ്രത്യക്ഷമായതു കണ്ട് അത്ഭുതപ്പെടുന്നു. ആകാശത്തേക്കു നോക്കി ഇതികർത്തവ്യതാമൂഢനായി നിൽക്കുന്ന കർഷകനെ വിവരിച്ചുകൊണ്ട് കഥ അവസാനിക്കുന്നു.
രണ്ടാമത്തെ കഥയിലാകട്ടെ മരണംവരെ തടവിനു വിധിക്കപ്പെട്ട തടവുകാരൻ ഒരു രാത്രിയിൽ തന്റെ തടവുമുറിയുടെ ഭിത്തിയിൽ ചില തട്ടലുകൾ കേൾക്കുന്നു. തുടർച്ചയായി ഈ തട്ടലും മുട്ടലും കേട്ട തടവുകാരൻ അടുത്ത തടവുമുറിയിൽ കഴിയുന്നയാൾ തന്നോടു സംസാരിക്കുന്ന ഗൂഢഭാഷയാണിതെന്ന് ഊഹിച്ചു. മാസങ്ങളും വർഷങ്ങളുമെടുത്ത് അയാൾ ഈ ഭാഷ നിർധാരണംചെയ്യുന്നു. അയൽക്കാരൻ തനിക്കായി പറഞ്ഞുതരുന്ന മോചനമാർഗമാണിതെന്നു മനസ്സിലാക്കിയ തടവുകാരൻ ആ മാർഗത്തിലൂടെ തടവറയിൽനിന്നു രക്ഷപ്പെടുന്നു. മോചനത്തിനുശേഷം സമൂഹത്തിൽ മറ്റൊരു പേരിൽ മാന്യനായും ധനികനായും ജീവിച്ച അയാൾ ഒരിക്കൽ തന്നെ രക്ഷിച്ചവനെ രക്ഷപ്പെടുത്തണമെന്ന ആഗ്രഹത്തോടെ തടവറ സന്ദർശിക്കുന്നു. എന്നാൽ, അയാൾ കിടന്ന മുറിക്കപ്പുറം മറ്റൊരു തടവുമുറിയായിരുന്നില്ല, പകരം തിരമാലകൾ വന്നടിക്കുന്ന ഒരു പുറംചുമർ മാത്രമാണുണ്ടായിരുന്നത്.
3
ചാൾസ് ഹൊവാഡ് ഹിന്റന്റെ (Charles Howard Hinton) ചതുർമാന ഹൈപെർക്യൂബായ ടെസ്സറാക്റ്റിനെക്കുറിച്ചുള്ള (Tesseract) വിശദമായ പ്രതിപാദനത്തിലൂടെയാണ് ത്രിമാനതലത്തിലെ ഒരു തടവറയിൽനിന്നു തടവുകാരന് രക്ഷപ്പെടാൻ കഴിയുന്നതെങ്ങനെയെന്ന് നോവലിൽ വിശദമാക്കുന്നത്.
ത്രിമാനതലത്തിൽ ജീവിക്കുന്ന മനുഷ്യർക്കു ദ്വിമാനതലത്തിലെ ജീവികൾ നിസ്സാരരായി തോന്നും. അവരുടെ വീടുകൾക്കുള്ളിലേക്ക് നമുക്കു നോക്കാം, കാരണം നമുക്കു നേരെ തിരിയുന്ന ഒരു ത്രിമാനഭിത്തി അവരുടെ വീടുകൾക്കില്ല. രണ്ടു തലങ്ങളാൽ മാത്രം മറയ്ക്കപ്പെട്ട അവരുടെ വീടുകളിൽനിന്ന് നമുക്കു മോഷ്ടിക്കുകയുമാകാം. ഒരു ഫോർക്ക് അവർക്കുനേരെ വീശി നാമവരെ ഭയപ്പെടുത്തിയെന്നിരിക്കട്ടെ. അവർ ആദ്യം നാലു ബിന്ദുക്കളും പിന്നെ നാലു വൃത്തങ്ങളും കാണും പിന്നീട് ആ വൃത്തങ്ങൾ അവരുടെ ആകാശത്തുകൂടി വക്രരേഖയായി മറയുകയുംചെയ്യും. ത്രിമാനതലത്തിൽ ഫോർക്കിനെ മൊത്തമായി കാണാൻ അവർക്കൊരിക്കലും സാധിക്കില്ല. അവർക്കു ദ്വിമാന കാഴ്ചകളെ ഉണ്ടാവുകയുള്ളൂ.
ത്രിമാനലോകത്തിനു ദ്വിമാനലോകം എങ്ങനെയായിരിക്കുമോ അപ്രകാരമായിരിക്കും ചതുർമാനലോകത്തിനു ത്രിമാനലോകം. നാലു തലങ്ങളുള്ള ഒരു ലോകം സങ്കൽപിച്ചാൽ അവിടെയുള്ളവർക്കു മറവുകളില്ലാതെ ത്രിമാനലോകത്തുള്ള നമ്മളെ നിരീക്ഷിക്കാം, കാരണം അവർക്കുനേരെ തിരിയുന്ന ഒരു നാലാം തലം (Fourth Dimension) ഭിത്തികെട്ടി മറയ്ക്കാൻ മനുഷ്യർക്കു സാധിച്ചിട്ടില്ല. ഇവിടെയുള്ള ഒരു തടവുകാരനെ അവർക്കു രക്ഷിക്കണമെങ്കിൽ അയാളെ വിരലുകൊണ്ടെടുത്തു അയാളുടെ ലോകത്തിനു ലംബമായ, അയാളുടെ സങ്കൽപങ്ങൾക്കതീതമായ ഒരു നാലാം തലത്തിലേക്ക് മാറ്റിയാൽ മാത്രം മതിയാകും.
നമുക്ക് സങ്കൽപിക്കാൻ കഴിയുന്ന നമ്മുടേതിനേക്കാൾ ഒരു പരിമാണം (Dimension) മാത്രം അധികമുള്ള ഒരു ലോകമാണ് നമുക്കു ദൈവം അഥവാ സ്രഷ്ടാവ്. അതിനുമപ്പുറം സങ്കൽപിക്കാൻ നമുക്കു സാധ്യമല്ല. എന്നാൽ ആ ദൈവത്തിന് തന്നെക്കാൾ ഒരു പരിമാണം അധികമുള്ള മറ്റൊരു ദൈവമുണ്ടാകും. അങ്ങനെ അനന്തതയിലേക്കു നീളുന്ന എണ്ണമറ്റ ദൈവങ്ങളുടെ സൃഷ്ടിയാണ് ഈ പ്രപഞ്ചമെന്നു പറയുന്ന നോവലിൽ ഉടനീളം ഇത്തരം അനേകം അനന്തതകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. മനുഷ്യർക്ക് പരിചിതമായ ദ്വിമാന, ത്രിമാന തലങ്ങളിൽനിന്നും നാലാം തലത്തിലേക്കും സങ്കൽപാതീതങ്ങളായ ബഹുതല പ്രതലങ്ങളിലേക്കും മനസ്സിനെ നയിക്കുകയാണ് സോളിനോയ്ഡ്.
കുറഞ്ഞ മാനങ്ങളിലെ പരിമിതമായ ചിന്തകളിൽനിന്നു മനസ്സിലാക്കാൻ കഴിയുന്നതിൽ കൂടുതൽ കാര്യങ്ങൾ ഉയർന്ന മാനങ്ങളിലേക്കുള്ള കാഴ്ചകൾക്കു വെളിപ്പെടുത്താൻ കഴിയും. അന്തരീക്ഷത്തിലേക്ക് കറക്കി എറിയുന്ന ഒരു നാണയം ഗോളാകൃതി കൈക്കൊള്ളുന്നു. ദ്വിമാനതലത്തിൽനിന്ന് അതിനെ വീക്ഷിക്കുമ്പോഴാണ് നാമതിനെ ഗോളാകൃതിയിൽ കാണുന്നത്. എന്നാൽ, നമ്മുടെ മസ്തിഷ്‍കവും ഭാവനാതീതമായ ഒരു പ്രതലത്തിൽ ഭ്രമണംചെയ്തുകൊണ്ടാണ് നാണയത്തിന്റെ ഭ്രമണം കാണുന്നതെങ്കിൽ ഗോളത്തിനു പകരം ഒരു അതിഗോളത്തെയാകും (Hyper Sphere) നാം കാണുക.
ആഖ്യാതാവിന്റെ ഏഴാം വയസ്സിൽ ഒരു മെഡലിന്റെ ആകൃതിയിലുള്ള വിലകുറഞ്ഞ ഒരു ചെമ്പുനാണയം ഒരു വിദേശ സഞ്ചാരിയിൽനിന്നു ലഭിക്കുന്നുണ്ട്. നാണയത്തിന്റെ ഇരുവശങ്ങളിലും ചില അക്ഷരങ്ങൾ ഉണ്ടായിരുന്നു. ഒരിക്കൽ നാണയത്തെ അതിന്റെ മെറ്റൽ ഫ്രെയിമിനുള്ളിൽ അതിവേഗം കറക്കാനിടയായപ്പോൾ തുടർച്ചയായ ചലനത്തിൽ അതിനു ഗോളാകൃതി കൈവരികയും രണ്ടു വശങ്ങളിലെയും അക്ഷരങ്ങൾ കൂടിച്ചേർന്ന് അർഥമുള്ള ഒരു വാക്കായി രൂപപ്പെടുകയുംചെയ്തു. മനുഷ്യരുടെ മനസ്സും ഇത്തരത്തിലൊരു നാണയമാണെന്നാണ് ആഖ്യാനത്തിൽ പറയുന്നത്.

ഏതെങ്കിലുമൊരു ദൈവത്തിന്റെ വിരലുകൾ അതിനെ ഭ്രമണംചെയ്യിക്കുമ്പോൾ തലയും വാലുമല്ലാതെ (Head and tail) മറ്റൊരു തലം പ്രത്യക്ഷമാകുന്നു. അപ്പോൾ മാത്രമേ മനസ്സിന്റെ ഇരുപുറങ്ങളിലുമായി കൊത്തിവെച്ചിരിക്കുന്ന ലിഖിതങ്ങൾ നമുക്കു പൂർണമായി വായിച്ചെടുക്കാനാകുകയുള്ളൂ. തന്റെ ജീവിതത്തെയും ആഖ്യാതാവ് ഇപ്രകാരമാണു കാണുന്നത്. ഒരു വശത്തു പ്രത്യക്ഷത്തിൽ കാണുന്ന ഏകതാനമായ ജീവിതവും മറുവശത്തു തന്റെ മനസ്സിലെ സ്വപ്നങ്ങളുടെ സ്വകാര്യവും രഹസ്യവും മായികവുമായ ലോകവും; ഒരുവശത്തു പ്രശസ്ത എഴുത്തുകാരന്റെ ജീവിതവും മറുവശത്തു തനിച്ചു മുറിക്കുള്ളിലിരുന്ന് ഡയറി എഴുതുന്ന സത്യാന്വേഷിയുടെ ജീവിതവും -ഇവ രണ്ടും ചേർന്നാലേ താനാവുകയുള്ളൂവെന്ന് അയാൾ കരുതുന്നു.
4.
ആഖ്യാതാവിന്റെ തലയിലെ പേനുകളെയും കിടക്കക്കടിയിലെ മൂട്ടകളെയും കുട്ടികളുടെ പേൻശല്യത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന സ്കൂൾ നഴ്സിനെയും വിവരിച്ചുകൊണ്ടാണ് നോവലിന്റെ തുടക്കം. എന്നാൽ, ആഖ്യാനം പുരോഗമിക്കുന്നതോടുകൂടി അസ്വസ്ഥതയുണ്ടാക്കുന്ന പരാദവർണനയെക്കാൾ ഉചിതമായ ഒരു തുടക്കം ഈ നോവലിന് സാധ്യമല്ല എന്ന ചിന്തയിലേക്ക് മിർച്ച കർത്തരെസ്‌ക്കു എന്ന പ്രതിഭാശാലി വായനക്കാരെ നയിക്കുന്നു. ‘‘മനുഷ്യശരീരത്തിൽ പരാദജീവികൾ വസിക്കുന്നതുപോലെ തന്നെ മനുഷ്യസങ്കൽപങ്ങൾക്ക് അതീതമായ ഏതോ ഭീമാകാരമായ ശരീരത്തിലെ പരാദ ജീവികളാണ് മനുഷ്യരും നാം കഴിയുന്ന ഈ പ്രപഞ്ചവും നമുക്കജ്ഞാതങ്ങളായ മറ്റനേകം പ്രപഞ്ചങ്ങളും. ഒരു പേനിന് താൻ വസിക്കുന്ന മനുഷ്യശരീരത്തെ പൂർണമായി കാണാനോ മനസ്സിലാക്കാനോ കഴിയാത്തതുപോലെ മനുഷ്യർക്കും തങ്ങൾ വസിക്കുന്ന ഭീമാകാരമായ ശരീരത്തെ പൂർണമായി കണ്ടെത്താനോ അറിയാനോ കഴിയുകയില്ല.’’
ആഖ്യാനത്തിന്റെ പലയിടങ്ങളിലായി സൂചിപ്പിക്കപ്പെടുന്ന ഈ തത്ത്വത്തെ സാധൂകരിച്ചുകൊണ്ടാണ് ലൈബ്രേറിയനായ പാൽമർ (Palamar) താൻ കൈകളിൽ വളർത്തിയെടുത്ത സൂക്ഷ്മപരാദങ്ങളുടെ കോളനി വെളിപ്പെടുത്തുന്നത്. തിരഞ്ഞെടുക്കപ്പെട്ടവനാണ് (Chosen) താനെന്ന് ആഖ്യാതാവ് വിശ്വസിക്കുന്നു. തന്റെ വിധി നേരത്തേ നിർണയിക്കപ്പെട്ടതായിരുന്നുവെന്നും തനിക്കു ലഭിച്ചിരുന്ന ഗൂഢസന്ദേശങ്ങളും സൂചനകളും തന്നെ അതിലേക്കു നയിക്കുകയായിരുന്നുവെന്നും അയാൾ കരുതുന്നു. ഏഥെൽ ലിലിയൻ വ്യോനിച്ച് എഴുതിയ ‘ദി ഗാഡ് ൈഫ്ല’ എന്ന നോവൽ വായിച്ചു ബാല്യത്തിൽ മണിക്കൂറുകളോളം കരഞ്ഞ ആഖ്യാതാവ് മുതിർന്നപ്പോൾ യൂനിവേഴ്സിറ്റി വിദ്യാഭ്യാസ കാലയളവിൽ അതേ നോവൽ ആവേശത്തോടെ വായിക്കാൻ എടുത്തെങ്കിലും ആ പുസ്തകം അയാളെ നിരാശപ്പെടുത്തുകയാണുണ്ടായത്. എന്നാൽ, എഴുത്തുകാരനായിത്തീരാതിരുന്ന അയാളുടെ നിയോഗത്തിന്റെ, സുബോധത്തിന്റെ, സ്വപ്നങ്ങളുടെ, ഓർമകളുടെ, ഭ്രമങ്ങളുടെ യാഥാർഥ്യത്തിലേക്കുള്ള അന്വേഷണത്തിലെ ഒരു ചൂണ്ടുപലകയായി ഏഥെൽ ലിലിയൻ വ്യോനിച്ച് എന്ന പേര് മാറുന്നു.
കുട്ടിക്കാലത്ത് താൻ സ്ഥിരമായി പോകാറുണ്ടായിരുന്ന വായനശാലയിലെ ലൈബ്രേറിയനായിരുന്ന പാൽമറിന്റെ അടുത്തേക്ക് തനിക്കു കിട്ടിയ സൂചനകളിലൂടെ ആഖ്യാതാവ് എത്തിച്ചേരുന്നു. താനൊരു ലൈബ്രേറിയൻ മാത്രമല്ലെന്നും തന്നെക്കാൾ താഴ്ന്ന തലത്തിൽ ജീവിക്കുന്ന ഒരു ജീവിവർഗത്തിന്റെ സ്രഷ്ടാവു കൂടിയാണെന്നും പാൽമർ പറയുന്നു. അയാളുടെ തൊലിപ്പുറത്ത് അയാൾ വളർത്തിയെടുത്ത സൂക്ഷ്മപരാദങ്ങളുടെ ഒരു കോളനിയുണ്ട്. എത്ര മാത്രം ചൊറിച്ചിലും അസ്വസ്ഥതയും ഈ സൂക്ഷ്മപ്രാണികൾ കാരണം അനുഭവിച്ചാലും അയാൾ അവയെ ഉപദ്രവിക്കാറില്ല. ലൈബ്രേറിയന്റെ വീടിനടിയിലുള്ള സോളിനോയ്ഡിന്റെ ശക്തികൊണ്ട് അയാൾ ആഖ്യാതാവിനെ കോളനിയിലുള്ള ഒരു സൂക്ഷ്മപ്രാണിയുടെ ശരീരത്തിലേക്ക് കടത്തിവിടുന്നു. അവർ ഈ ലോകത്ത് ഒറ്റക്കല്ലെന്നും അവരെ അതിയായി സ്നേഹിക്കുന്ന ഒരു സ്രഷ്ടാവ് അവർക്കുണ്ടെന്നും കോളനിയിലെ പരാദങ്ങളെ അറിയിക്കുകയാണ് അയാളുടെ ദൗത്യം.
ആഖ്യാതാവിന്റെ ഏതാനും മണിക്കൂറുകൾ മാത്രമാണ് അതിനായി ലൈബ്രേറിയൻ ആവശ്യപ്പെട്ടത്. ആ മണിക്കൂറുകൾ സൂക്ഷ്മപരാദങ്ങളുടെ അനേക വർഷങ്ങളായിരുന്നു. പരാദലോകത്തെത്തിയ ആഖ്യാതാവ് അവരിലൊരാളായി ജീവിതമാരംഭിക്കുന്നു. എന്നാൽ, ലൈേബ്രറിയന്റെ സന്ദേശം പരാദങ്ങളെ അറിയിക്കുന്നതിൽ ആഖ്യാതാവ് പരാജയപ്പെടുന്നു. അവരിലൊരാളായി അതിനു ശ്രമിച്ച അയാളെ അവർ പിടികൂടി അയാളുടെ പരാദശരീരത്തിലെ കാലുകൾ ഓരോന്നായി പിഴുതെടുത്തു പീഡിപ്പിക്കുന്നു. അതിവേദനയിൽ മരണം കാത്തുകിടന്ന് അയാൾ ഒടുവിൽ പരാദജീവിതം വെടിഞ്ഞു സ്വന്തം ശരീരത്തിലേക്ക് തിരിച്ചെത്തുന്നു.
ഭൂമിയിലെ രോഗങ്ങളുടെയും വേദനകളുടെയും മരണത്തിന്റെയും കാരണം തേടിയലഞ്ഞ ഗൗതമബുദ്ധനെ ചിലയിടങ്ങളിൽ ആഖ്യാനം ഓർമപ്പെടുത്തുന്നുണ്ട്. സൂക്ഷ്മപ്രാണികളുടെയിടയിലേക്ക് അവരുടെ ദൂതനായി പോയ ആഖ്യാതാവ് നേരിട്ട പീഡനങ്ങളും മരണവും യേശുക്രിസ്തുവിന്റെ കുരിശുമരണത്തെ ഓർമിപ്പിക്കുന്നു. എന്നിരുന്നാലും പള്ളികൾക്കും ആത്മീയതക്കും അപ്പുറത്തേക്ക് പോകുന്ന ഒന്നെന്നാണ് തന്റെ മതവിശ്വാസത്തെപ്പറ്റി മിർച്ച കർത്തരെസ്‌ക്കു ഒരു സംഭാഷണത്തിൽ പറഞ്ഞത്. അങ്ങനെയൊന്നില്ലാതെ സുബോധമെന്ന കഠിനമായ പ്രശ്നത്തെ അതിജീവിക്കാനോ യാഥാർഥ്യം മനസ്സിലാക്കാനോ കഴിയില്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
ഭാരതീയ ബിംബങ്ങൾ നോവലിൽ അവിടവിടെയായി പ്രത്യക്ഷപ്പെടുന്നുണ്ട്. തന്റെ അനുവാദമില്ലാതെ ചലിക്കുന്ന കൈകൾ ഭാരതീയ നർത്തന മുദ്രകളെ ഓർമിപ്പിക്കുന്നതായി ആഖ്യാതാവ് പറയുന്നുണ്ട്. സ്ത്രീ സുഹൃത്തുമായുള്ള അയാളുടെ സംഭാഷണത്തിൽ കൃഷ്ണമൂർത്തിയെന്ന പേര് കടന്നുവരുന്നുണ്ട്. ദാർശനികവും ആത്മീയവുമായ വിഷയങ്ങളിലെ പ്രമുഖ തത്ത്വചിന്തകനും പ്രഭാഷകനുമായിരുന്ന ജിദ്ദു കൃഷ്ണമൂർത്തിയെക്കുറിച്ചായിരിക്കാം അവർ സംസാരിച്ചത്. ഓട്ടോഫിക്ഷൻ വിഭാഗത്തിൽപെടുന്ന ‘സോളിനോയ്ഡ്’ സ്വാനുഭവങ്ങളുടെ രൂപത്തിലാണ് എഴുതപ്പെട്ടിരിക്കുന്നത്. പല കഥാസന്ദർഭങ്ങളും അയഥാർഥവാദത്തിലൂന്നിയവയാണെന്നു (Surrealistic) കാണാം.
കഥാതന്തുവിനെ ബൂളിയൻ അൽജിബ്രയുടെ ഉപജ്ഞാതാവായ ജോർജ് ബൂളിന്റെ കുടുംബചരിത്രവുമായി ബന്ധിപ്പിക്കുക വഴി നോവലിൽ യാഥാർഥ്യവും ഭാവനയും കെട്ടുപിണയുന്നു. സ്വപ്നവിവരണങ്ങൾ ദൈർഘ്യമേറിയതായിരിക്കുകയും ആഖ്യാതാവിന്റെ ആദ്യ ഭാര്യയുടെ വിഭ്രമങ്ങളുടെ കാരണം സുതാര്യമാക്കാതിരിക്കുകയുംചെയ്തിട്ടുകൂടി പഴുതുകളടച്ചുള്ള ഒരു ആഖ്യാനമാണ് ‘സോളിനോയ്ഡി’ന്റേതെന്ന് പറയാവുന്നതാണ്. എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ തന്നുകൊണ്ടാണ് നോവലിന്റെ താളുകൾ മറിയുന്നത്.
‘സോളിനോയ്ഡി’ലെ ആഖ്യാതാവിന് ഒരിക്കൽ ‘‘കത്തുന്ന ഒരു കെട്ടിടത്തിൽനിന്ന് നിങ്ങൾക്ക് ഒരു കാര്യം മാത്രം രക്ഷിക്കാൻ കഴിയുമെങ്കിൽ, ഒരു പ്രശസ്ത ചിത്രത്തിനും നവജാത ശിശുവിനും ഇടയിൽനിന്നൊന്നു മാത്രം തിരഞ്ഞെടുക്കേണ്ടിവന്നാൽ എന്തു ചെയ്യും?’’ എന്ന ചോദ്യം നേരിടേണ്ടിവരുന്നുണ്ട്. താൻ കുട്ടിയെയാകും രക്ഷപ്പെടുത്തുകയെന്നായിരുന്നു അയാളുടെ ഉത്തരം. അതൊരു വൈകല്യങ്ങളുള്ള കുട്ടിയാണെങ്കിൽ അല്ലെങ്കിൽ വളർന്നൊരു ഹിറ്റ്ലറോ പോൾപോട്ടോ ആകാൻ വിധിക്കപ്പെട്ടവനാണെങ്കിൽകൂടി താൻ കുട്ടിയെത്തന്നെ രക്ഷിക്കുമെന്ന് അയാൾ പറയുന്നു. കാരണം, ഒരു കുഞ്ഞും നിരപരാധികളെ ദ്രോഹിക്കണമെന്ന വിധിയോടെ ജനിക്കുന്നില്ല. ഭാവിയിലേക്കുള്ള അനേകം മാർഗങ്ങളിലൊന്നിൽ അവനൊരു രക്ഷകനായേക്കാം, മറ്റൊന്നിൽ ഒരു കലാകാരനായേക്കാം. പക്ഷേ കുട്ടി തന്നെയില്ലാതെയാകുകയാണെങ്കിൽ ഭാവിയിലേക്കുള്ള അത്തരം സാധ്യതകളൊന്നും നിലനിൽക്കുന്നില്ല. നോവലിന്റെ അവസാന ഭാഗങ്ങളിലൊരിടത്തു സമാനമായ സാഹചര്യത്തിൽ തന്റെ കൈയെഴുത്തുപ്രതി തീയിലേക്ക് വലിച്ചെറിഞ്ഞ് കുഞ്ഞിനെ രക്ഷിച്ചുകൊണ്ട് അയാൾ ഈ നിലപാടിനെ സാധൂകരിക്കുന്നു.
ആഖ്യാതാവ് ൈകയെഴുത്തുപ്രതി തീയിലെറിഞ്ഞു നശിപ്പിച്ചതുകൊണ്ട് നമ്മൾ വായിക്കുന്ന ‘സോളിനോയ്ഡ്’ ആ ഡയറി കുറിപ്പുകളല്ലെന്നും മറിച്ച് മിർച്ച കർത്തരെസ്‌ക്കു എന്ന അസാമാന്യ ധിഷണാശാലിയുടെ ഭാവനാസൃഷ്ടിയാണെന്നും ഊഹിക്കാം. ‘സോളിനോയ്ഡ്’ തന്റെ മാനുഷികവും സാഹിത്യപരവുമായ സാക്ഷ്യംകൂടിയാണെന്നും താൻ സഹജീവികളോട് പറയാൻ ആഗ്രഹിച്ചതെല്ലാം അതിലുണ്ടെന്നുമാണ് തന്റെ കൃതിയെക്കുറിച്ചു കർത്തരെസ്‌ക്കു അഭിപ്രായപ്പെട്ടത്.

മിർച്ച കർത്തരെസ് ക്കുവിന്റെ വിവിധ രചനകൾ
ദി ലോസ് ആഞ്ജലസ് ടൈംസ് ബുക്ക് പ്രൈസ് (2023), ദി എഫ്.ഐ.എൽ പ്രൈസ് (2022), ദി തോമസ് മാൻ പ്രൈസ് (2018), ദി ഓസ്ട്രിയൻ സ്റ്റേറ്റ് പ്രൈസ് (2015), ദി മൊണ്ടെല്ലോ പ്രൈസ് (2024), ഫോർമെന്റർ പ്രൈസ് (2018) എന്നിവയുൾപ്പെടെ അനേകം അന്താരാഷ്ട്ര സമ്മാനങ്ങൾ മിർച്ച കർത്തരെസ്‌ക്കു നേടിയിട്ടുണ്ട്. കവി, നോവലിസ്റ്റ്, സാഹിത്യ നിരൂപകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന കർത്തരെസ്‌ക്കു, ബുക്കറസ്റ്റ് സർവകലാശാലയിലെ പ്രഫസർ എമരിറ്റസ്, റുമേനിയൻ റൈറ്റേഴ്‌സ് യൂനിയൻ, റുമേനിയൻ പെൻ, യൂറോപ്യൻ കൾചറൽ പാർലമെന്റ് എന്നിവയിലെ അംഗം എന്നീ പദവികളും വഹിക്കുന്നു.നാൽപതിലധികം പുസ്തകങ്ങളും ധാരാളം ലേഖനങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കൃതികൾ ഇരുപത്തിയഞ്ചിലധികം ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ടെക്സസ് സർവകലാശാലയിൽ സാഹിത്യത്തിന്റെയും വിവർത്തനത്തിന്റെയും പ്രഫസറുമായ ഷോൺ കോട്ടറാണ് ‘സോളിനോയ്ഡ്’ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റംചെയ്തിരിക്കുന്നത്.
2024ലെ ഡബ്ലിൻ (Dublin) സാഹിത്യ പുരസ്‌കാരം നേടിയ ‘സോളിനോയ്ഡ്’ 2025ലെ അന്താരാഷ്ട്ര ബുക്കർ പുരസ്കാരത്തിന്റെ ദീർഘപട്ടികയിൽ ഇടംനേടിയിരുന്നു.. പരസ്പരബന്ധിതമായ യാഥാർഥ്യങ്ങളുടെ താരതമ്യങ്ങളില്ലാത്ത ഇതിഹാസമെന്നാണ് ബുക്കർ പുരസ്‌കാര വിധികർത്താക്കൾ ഈ കൃതിയെ വിശേഷിപ്പിച്ചിരിക്കുന്നത്. വരുംകാലങ്ങളിൽ ലോകസാഹിത്യത്തിൽ ഏറ്റവുമധികം ചർച്ചകൾക്കു വഴിതെളിക്കുന്ന പുസ്തകങ്ങളുടെ ഗണത്തിലാണ് ‘സോളിനോയ്ഡ്’ ഉൾപ്പെടുന്നതെന്ന കാര്യത്തിൽ തർക്കമില്ല.