കവിതയുടെ അതിരുകൾ മായ്ച്ച എഴുത്തുകാരി


സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ ആൻ കാഴ്സന്റെ രചനകളും കവിതകളും വായിക്കുകയാണ് കവി കൂടിയായ ലേഖകൻ. “To be running breathlessely, but not yet arrived is delightful, a suspended moment of living hope.” -Anne Carson സാഹിത്യത്തിൽ ചില എഴുത്തുകാർ നിലവിലുള്ള ആവിഷ്കാര രീതികളെ പിന്തുടർന്ന് പുതിയ രചനകൾ സൃഷ്ടിക്കുന്നു. മറ്റു ചിലരാകട്ടെ, സാഹിത്യം എന്താണ്, കവിത എങ്ങനെയായിരിക്കണം, ഗദ്യത്തിനും കവിതക്കുമിടയിലെ അതിര്‍വരമ്പ് എവിടെയാണ് തുടങ്ങിയ അടിസ്ഥാന ചോദ്യങ്ങളെ പിന്തുടരുന്നു. സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേൽ സമ്മാനം...
Your Subscription Supports Independent Journalism
View Plansസാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ ആൻ കാഴ്സന്റെ രചനകളും കവിതകളും വായിക്കുകയാണ് കവി കൂടിയായ ലേഖകൻ.
“To be running breathlessely,
but not yet arrived is delightful,
a suspended moment of living hope.”
-Anne Carson
സാഹിത്യത്തിൽ ചില എഴുത്തുകാർ നിലവിലുള്ള ആവിഷ്കാര രീതികളെ പിന്തുടർന്ന് പുതിയ രചനകൾ സൃഷ്ടിക്കുന്നു. മറ്റു ചിലരാകട്ടെ, സാഹിത്യം എന്താണ്, കവിത എങ്ങനെയായിരിക്കണം, ഗദ്യത്തിനും കവിതക്കുമിടയിലെ അതിര്‍വരമ്പ് എവിടെയാണ് തുടങ്ങിയ അടിസ്ഥാന ചോദ്യങ്ങളെ പിന്തുടരുന്നു.
സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേൽ സമ്മാനം നേടിയ, കനേഡിയൻ കവിയും നിരൂപകയും വിവർത്തകയും ക്ലാസിക്കൽ സാഹിത്യ പണ്ഡിതയുമായ ആൻ കാഴ്സണ് (Anne Carson) രണ്ടാമത്തെ വിഭാഗത്തിൽപ്പെടുന്ന എഴുത്തുകാരിയാണ്. സാഹിത്യത്തിന്റെ ഘടനയും സത്തയും ഒരുപോലെ പരീക്ഷണവിധേയമാക്കുന്ന കാഴ്സണ്; കവിത, ഗദ്യം, നാടകം, വിമർശനം, വിവർത്തനം, ദൃശ്യകല എന്നിവയുടെ രൂപങ്ങളെ നിരന്തരം പരിഷ്കരിച്ചുകൊണ്ടും അവയുടെ അതിരുകളെ സധൈര്യം ഉല്ലംഘിച്ചുകൊണ്ടും സമകാലിക ലോകസാഹിത്യത്തിൽ സ്വയം അടയാളപ്പെടുത്തിയ എഴുത്തുകാരിയാണ്.
പുരാതന ഗ്രീക്ക് സാഹിത്യത്തിന്റെ ആഴത്തിലുള്ള പഠനവും ആധുനിക മനുഷ്യന്റെ സങ്കീർണമായ വൈകാരികാനുഭവങ്ങളും കാഴ്സന്റെ രചനകളിൽ പരസ്പരം സംവദിക്കുന്നു. പൗരാണിക ഗ്രീക്ക് കവി സാഫോയുടെ (Sappho) പ്രണയകവിതകൾ, യൂറിപ്പിഡീസിന്റെ നാടകങ്ങൾ, ഗ്രീക്ക് പുരാണങ്ങൾ, ദാർശനിക ചിന്തകൾ എന്നിവയിലൂടെ കാഴ്സണ് അന്വേഷിക്കുന്നത് ഭൂതകാലത്തിന്റെ പുനരാവിഷ്കാരം മാത്രമല്ല; പ്രണയം, നഷ്ടം, ആഗ്രഹം, അസൂയ, ഏകാന്തത, ഭാഷയുടെ പരിമിതി, മനുഷ്യബന്ധങ്ങളുടെ സങ്കീർണത എന്നിവയെക്കുറിച്ചൊക്കെ വർത്തമാനകാലത്തോട് സംസാരിക്കാനാവുമോ എന്നുകൂടിയാണ്.
പരമ്പരാഗത കവിതയുടെ താളാത്മകതയോ കഥപറച്ചിലിന്റെ ക്രമബദ്ധതയോ എല്ലായ്പോഴും പിന്തുടരാത്ത കാഴ്സന്റെ രചനകൾ ആസ്വാദകരുടെ സജീവപങ്കാളിത്തം ആവശ്യപ്പെടുന്നവയാണ്. ചിലപ്പോൾ ഒരു ഗവേഷണപ്രബന്ധത്തിന്റെ ഗൗരവവും മറ്റുചിലപ്പോൾ ഒരു പ്രണയലേഖനത്തിന്റെ ആര്‍ദ്രതയും ഇനിയും ചിലപ്പോള്‍ ഒരു നാടകത്തിന്റെ സംഘർഷവും കാഴ്സന്റെ ഒരേ കൃതിയിൽ പ്രത്യക്ഷപ്പെടുന്നത് കാണാം. ഈ വൈവിധ്യമാണ് കാഴ്സന്റെ സാഹിത്യലോകത്തെ സവിശേഷമാക്കുന്നത്.
ക്ലാസിക്കല്‍ സാഹിത്യ പഠനകാലം
1950ൽ കാനഡയിലെ ടൊറന്റോയിലാണ് ആൻ കാഴ്സണ് ജനിച്ചത്. ഗ്രീക്ക് ഭാഷയിലും പുരാതന ഗ്രീക്ക് സാഹിത്യത്തിലും നേടിയ ആഴത്തിലുള്ള അക്കാദമിക പരിശീലനം അവരുടെ എഴുത്തിന്റെ അടിസ്ഥാനശിലയായി. ക്ലാസിക്കൽ പഠനങ്ങൾ അവരെ സംബന്ധിച്ചിടത്തോളം ഭൂതകാലത്തെക്കുറിച്ചുള്ള അറിവ് സമ്പാദിക്കാനുള്ള ഒരു അക്കാദമിക മേഖല മാത്രമായിരുന്നില്ല; മാനുഷിക അനുഭവങ്ങളെ പുതിയ വെളിച്ചത്തിൽ മനസ്സിലാക്കാനുള്ള മാർഗംകൂടിയായിരുന്നു.
പുരാതന ഗ്രീക്ക് കവിതയിലും നാടകങ്ങളിലും കാണുന്ന വൈകാരിക തീവ്രതയും ബൗദ്ധിക സങ്കീർണതയും കാഴ്സന്റെ എഴുത്തിൽ പുതിയ രൂപംകൈക്കൊള്ളുന്നു. പഴയ കൃതികളെ ആധുനിക ഭാഷയിലേക്ക് മാറ്റുമ്പോൾ അവയുടെ ചരിത്രപരമായ ദൂരം ഇല്ലാതാക്കാൻ അവർ ശ്രമിക്കുന്നില്ല. മറിച്ച്, ആ ദൂരം നിലനിർത്തിക്കൊണ്ടുതന്നെ അവക്കിടയില്‍ സംവേദനം സാധ്യമാക്കുന്നു.
ഗ്രീക്ക് കവി സാഫോയുടെ രചനകൾ കാഴ്സന്റെ സാഹിത്യചിന്തയെ ആഴത്തിൽ സ്വാധീനിച്ചവയാണ്. സാഫോയുടെ കവിതകളിൽ അവശേഷിക്കുന്ന കാവ്യശകലങ്ങളും അപൂർണതകളും നഷ്ടപ്പെട്ട വാക്കുകളും കാഴ്സനെ ആകർഷിക്കുന്നുണ്ട്. ഒരു കവിതയുടെ അർഥം അതിൽ എഴുതപ്പെട്ട വാക്കുകളിൽ മാത്രമല്ല, നഷ്ടപ്പെട്ടുപോയ ഭാഗങ്ങളിലും നിശ്ശബ്ദതകളിലും നിലനില്ക്കുന്നു എന്നാണ് തന്റെ രചനകളില്‍ കാഴ്സന് ഓർമിപ്പിക്കുന്നത്.
കാഴ്സനെ സംബന്ധിച്ച്, ക്ലാസിക്കല്‍ പാരമ്പര്യം ഒരു നിശ്ചല സ്മാരകമല്ല, മറിച്ച്, കാലാനുസൃതമായി വീണ്ടും വായിക്കപ്പെടുകയും പുനർവ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്ന ജീവനുള്ള സാഹിത്യാനുഭവമാണ്. അതുകൊണ്ടുതന്നെ അവരുടെ കൃതികൾ ഒരേസമയം പുരാതനവും ആധുനികവുമാണ്.
‘ചുവപ്പിന്റെ ആത്മകഥ’: പുരാണത്തിന്റെ പുനരെഴുത്ത്
1998ൽ പ്രസിദ്ധീകരിച്ച ‘Autobiography of Red: A Novel in Verse’ ആൻ കാഴ്സന്റെ ഏറ്റവും പ്രശസ്തമായ കൃതികളിലൊന്നാണ്. നോവലും കവിതയും പുരാണവും ആത്മകഥയും തമ്മിലുള്ള അതിരുകളെ ഇതില്‍ അവർ മായ്ച്ചുകളയുന്നു. ഗ്രീക്ക് പുരാണത്തിലെ ജെറിയോൺ എന്ന, ചുവന്ന ചിറകുകളുള്ള ജീവിയുടെ കഥയാണ് ‘ചുവപ്പിന്റെ ആത്മകഥ’യുടെ അടിസ്ഥാന പ്രമേയം. ഹെറാക്ലീസുമായി ബന്ധപ്പെട്ട പുരാണകഥയിലെ ഈ കഥാപാത്രത്തെ കാഴ്സണ് ആധുനിക മനുഷ്യന്റെ വൈകാരിക ജീവിതവുമായി ബന്ധിപ്പിക്കുന്നു.
പുരാണത്തിലെ ജെറിയോൺ ഇവിടെ വെറുമൊരു അത്ഭുതജീവിയല്ല. മറിച്ച്, പ്രണയിക്കുകയും വേദനിക്കുകയും ഓർമകളാൽ മുറിവേൽക്കുകയും സ്വന്തം സ്വത്വത്തെ തിരിച്ചറിയാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ്. ചുവന്ന നിറവും ചിറകുകളും വ്യത്യസ്തമായ ശരീരവും അവനെ മറ്റുള്ളവരിൽനിന്ന് വേറിട്ടുനിർത്തുന്നു. ഈ വ്യത്യസ്തത കഥാപാത്രത്തിന്റെ ഏകാന്തതയുടെയും സ്വത്വാന്വേഷണത്തിന്റെയും രൂപകമായി വായിക്കാം.
ജെറിയോണിന്റെ പ്രണയാനുഭവങ്ങൾ, പ്രത്യേകിച്ച്. ഹെറാക്ലീസുമായുള്ള ബന്ധം, അധികാരവും ആകർഷണവും വഞ്ചനയും നഷ്ടവും ഉൾക്കൊള്ളുന്നതാണ്. പ്രണയത്തിൽ ഒരാൾ മറ്റൊരാളുടെ സാന്നിധ്യത്തിൽ സ്വയം കണ്ടെത്തുകയും അതേസമയം സ്വയം നഷ്ടപ്പെടുകയും ചെയ്യുന്നതെങ്ങനെയെന്ന് ഈ കൃതി അന്വേഷിക്കുന്നു. വ്യക്തിയുടെ ആത്മബോധവും ശരീരവും ലൈംഗികതയും സാമൂഹികമായ അപരത്വവുമെല്ലാം ആന്‍ കാഴ്സണ് ഇതിലൂടെ ചർച്ചയാക്കുന്നു.
കവിതയുടെ രൂപത്തിലും ഈ കൃതി പുതുമ പുലർത്തുന്നു. പരമ്പരാഗത നോവലിലെപ്പോലെ സംഭവങ്ങളുടെ തുടർച്ച മാത്രമല്ല ഇതില്‍ പ്രധാനം. ചിത്രങ്ങൾ, ഓർമകൾ, ചിന്തകൾ, പെട്ടെന്നുള്ള വൈകാരിക മാറ്റങ്ങൾ എന്നിവയാണ് ഇതില്‍ വായനയുടെ അനുഭൂതി സമ്മാനിക്കുന്നത്. ഗദ്യത്തിന്റെ വിവരണ സ്വഭാവവും കവിതയുടെ സംക്ഷിപ്തതയും ഇവിടെ കൈകോർക്കുന്നു. ഗ്രീക്ക് പുരാണകഥയെ അതേപടി ആവർത്തിക്കാതെ, അതിനെ ആധുനിക മനുഷ്യന്റെ സ്വത്വപ്രശ്നങ്ങളുമായി ബന്ധിപ്പിക്കുന്നതിലൂടെ ക്ലാസിക്കൽ പാരമ്പര്യം എങ്ങനെ പുതിയ സാഹിത്യ സാധ്യതകൾക്ക് വഴിയാവുന്നു എന്ന് കാഴ്സണ് തെളിയിക്കുന്നു.
‘ഭര്‍ത്താവിന്റെ ഭംഗി’: പ്രണയം, വഞ്ചന, സൗന്ദര്യം
ആന്‍ കാഴ്സന്റെ ശ്രദ്ധേയമായ മറ്റൊരു കൃതിയാണ്, 2001ൽ പ്രസിദ്ധീകരിച്ച ‘The Beauty of the Husband: A Fictional Essay in 29 Tangos’. വിവാഹബന്ധം, പ്രണയം, വഞ്ചന, സൗന്ദര്യം, ആഗ്രഹം എന്നിവയാണ് ഇതിലെ പ്രധാന വിഷയങ്ങൾ. ‘ഇരുപത്തൊമ്പത് ടാംഗോകളിലൂടെയുള്ള (Tango) ഒരു സാങ്കൽപിക ഉപന്യാസം’ എന്ന വിശേഷണംതന്നെ അതിന്റെ രൂപപരമായ പരീക്ഷണത്തിന്റെ സൂചനയാണ്. ടാംഗോ എന്ന നൃത്തത്തിന്റെ ചുവടുകളും താളവുംപോലെ ആകർഷണവും അകലവും അടുപ്പവും പിന്മാറ്റവും കൃതിയുടെ വൈകാരിക ഘടനയിൽ ആവർത്തിക്കുന്നു.
ഭാര്യാ-ഭര്‍തൃ ബന്ധത്തിലെ അധികാരവ്യത്യാസങ്ങളും ആഗ്രഹത്തിന്റെ അനിശ്ചിതത്വവും ഒരാളോടുള്ള സ്നേഹവും സ്നേഹിക്കുന്നയാളില്നിന്ന് തന്നെ മുറിവേൽക്കുന്നതുമെല്ലാം ഈ കൃതി വിഷയമാക്കുന്നു. സൗന്ദര്യം മനുഷ്യനെ ആകർഷിക്കുന്നു. എന്നാൽ, സൗന്ദര്യം ഒരാളുടെ ധാർമികത ഉറപ്പുനല്‍കുന്നില്ല. സൗന്ദര്യമുള്ള ഒരാളോടുള്ള ആകർഷണം അയാളുടെ പ്രവൃത്തികളെ ന്യായീകരിക്കാൻ നമ്മെ പ്രേരിപ്പിച്ചേക്കാം. ഒരാളെ പ്രണയിക്കുന്ന വ്യക്തി അയാളുടെ യാഥാർഥ്യത്തെ കാണുന്നതിനു പകരം താൻ ആഗ്രഹിക്കുന്ന, അയാളുടെ രൂപത്തെ കാണുന്നതെങ്ങനെയെന്ന് ഈ കൃതിയില്‍ കാഴ്സണ് അന്വേഷിക്കുന്നു. പ്രണയത്തെക്കുറിച്ച് ഉറച്ച തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതിനു പകരം അതിന്റെ പരസ്പരവിരുദ്ധമായ സ്വഭാവത്തെ തുറന്നുകാട്ടുകയാണ് ഇവിടെ.
പ്രണയത്തിന്റെ വൈരുധ്യങ്ങൾ
1986ൽ പ്രസിദ്ധീകരിച്ച ‘Eros the Bittersweet’ കാഴ്സന്റെ പ്രധാനപ്പെട്ട ആദ്യകാല കൃതികളിലൊന്നാണ്. പുരാതന ഗ്രീക്ക് സാഹിത്യത്തെയും ദാർശനിക ചിന്തകളെയും ആധാരമാക്കി പ്രണയത്തിന്റെ സ്വഭാവത്തെക്കുറിച്ച് നടത്തുന്ന അന്വേഷണമാണ് ഈ പുസ്തകം. പ്രണയം സന്തോഷത്തിന്റെ മാത്രം അനുഭവമല്ലെന്നും ആഗ്രഹം, അഭാവം, അകലം, വേദന എന്നിവ അതിന്റെ ഘടനയിൽതന്നെ ഉൾപ്പെട്ടിരിക്കുന്നുവെന്നും നിരീക്ഷിക്കുന്നു.
സ്വന്തമായിട്ടുള്ളതിനെക്കാൾ ലഭിക്കാത്തതോ അകലെയുള്ളതോ ആയ ഒന്നിനോടാണ് നമുക്ക് പലപ്പോഴും ആഗ്രഹം തോന്നുന്നത്. പ്രണയത്തിൽ മറ്റൊരാളിലേക്കുള്ള ആകർഷണത്തോടൊപ്പം ആ വ്യക്തിയെ പൂർണമായി അറിയാനോ സ്വന്തമാക്കാനോ കഴിയാത്തതിന്റെ അസ്വസ്ഥതയും നിലനിൽക്കുന്നു. ഈ വൈരുധ്യത്തെ ഗ്രീക്ക് സാഹിത്യത്തിലെ ഉദാഹരണങ്ങളിലൂടെയും ഭാഷാപരമായ വിശകലനങ്ങളിലൂടെയും കാഴ്സണ് പരിശോധിക്കുന്നു.
പ്രണയത്തെ കേവലം വ്യക്തിപരമായ വികാരമായി ചുരുക്കാതെ, മനുഷ്യന്റെ ആഗ്രഹങ്ങളും അറിവും ഭാഷയുമായി അതെങ്ങനെ പ്രവർത്തിക്കുന്നു എന്നന്വേഷിക്കുകയാണ് കാഴ്സണ്. കവിതയും വിമർശനവും ദാർശനിക അന്വേഷണവും ഒരുമിപ്പിക്കുന്ന ഈ രീതി പിന്നീടുള്ള അവരുടെ നിരവധി കൃതികളിൽ വികസിക്കുന്നതായി കാണാം.
അതുകൊണ്ടാണ് ആന്‍ കാഴ്സണ് ഒരിക്കല്‍ ഇങ്ങനെ എഴുതിയത്: “നാം വായിക്കുന്ന വാക്കുകളും എഴുതുന്ന വാക്കുകളും ഒരിക്കലും നാം കൃത്യമായി ഉദ്ദേശിക്കുന്നത് പറയുന്നില്ല. നാം സ്നേഹിക്കുന്ന മനുഷ്യർപോലും ഒരിക്കലും നമ്മുടെ ആഗ്രഹങ്ങൾക്കനുസരിച്ച് ആയിത്തീരുന്നില്ല. ആ രണ്ട് പ്രതീകങ്ങളും ഒരിക്കലും പൂർണമായി പൊരുത്തപ്പെടുന്നില്ല. ഇറോസ് നിലനില്‍ക്കുന്നത് ആ രണ്ടിനുമിടയിലാണ്.” (The words we read and words we write never say exactly what we mean. The people we love are never just as we desire them. The two symbola never perfectly match. Eros is in between.)
വിവർത്തനമെന്ന ബൗദ്ധിക സംഭാഷണം
ആൻ കാഴ്സന്റെ സാഹിത്യ സംഭാവനകളിൽ വിവർത്തനത്തിന് സവിശേഷ സ്ഥാനമുണ്ട്. പുരാതന ഗ്രീക്ക് കവിതകളെയും നാടകങ്ങളെയും ആധുനിക വായനക്കാരിലേക്കെത്തിക്കുന്നതിൽ അവരുടെ പങ്ക് നിർണായകമാണ്. ഒരു കൃതിയിലെ വാക്കുകളെ മറ്റൊരു ഭാഷയിൽ പുനഃസ്ഥാപിക്കുന്ന കേവലമായ പ്രവൃത്തിയല്ല അവരുടെ വിവർത്തനങ്ങള്‍. അതിനുമപ്പുറം, വിവർത്തനം എന്നത് ഒരു കൃതിയുമായി നടത്തുന്ന ബൗദ്ധികവും സൃഷ്ടിപരവുമായ സംഭാഷണമാണ്.
സാഫോയുടെ കവിതകളോടുള്ള കാഴ്സന്റെ താൽപര്യം ഇതിന് മികച്ച ഉദാഹരണമാണ്. സാഫോയുടെ രചനകളിൽ വലിയൊരു ഭാഗം ചിതറിയ ശകലങ്ങളായോ അപൂർണരൂപത്തിലോ മാത്രമാണ് ലഭ്യമായിട്ടുള്ളത്. നഷ്ടപ്പെട്ട വരികളും പുനഃസ്ഥാപിക്കാനാവാത്ത വാക്കുകളും സാഫോയുടെ കവിതകളെ വായിക്കുന്നതിനും മനസ്സിലാക്കുന്നതിനും പലപ്പോഴും പ്രതിബന്ധമാകുന്നു. ഈ അപൂർണതയെ പൂർണതയുടെ മിഥ്യകൊണ്ട് മറയ്ക്കുന്നതിനുപകരം അതിന്റെ പ്രാധാന്യം നിലനിർത്താൻ കാഴ്സണ് ശ്രമിക്കുന്നു. ‘If Not, Winter: Fragments of Sappho’ (2002) എന്ന കൃതി ഈ സമീപനത്തിന്റെ ഉദാഹരണമാണ്.
ഇതില്‍ മൂലകവിതകളുടെ അവശേഷിക്കുന്ന ഭാഗങ്ങളെ ഇംഗ്ലീഷിലേക്ക് മാറ്റുന്നതിനൊപ്പം അവയുടെ അപൂർണതയും ദൃശ്യമായിത്തന്നെ നിലനിർത്തുന്നു. നഷ്ടപ്പെട്ട വാക്കുകൾക്കായി വായനക്കാരുടെ ഭാവന പ്രവർത്തിക്കേണ്ടിവരുന്നു. അങ്ങനെ വിവർത്തനം, പൂര്‍ത്തിയായ ഒരു പ്രവൃത്തിയെന്നതിനേക്കാള് വായനക്കാരനും എഴുത്തുകാരനും കവിയും പങ്കുചേരുന്ന ഒരു സൃഷ്ടിപ്രക്രിയയായി വികസിക്കുന്നു. യൂറിപ്പിഡീസിന്റെ ‘ഹെറാക്ലിസ്’, ‘ഹിപ്പോലിറ്റസ്’ തുടങ്ങിയ ഗ്രീക്ക് നാടകങ്ങളുമായി ബന്ധപ്പെട്ട കാഴ്സന്റെ വിവർത്തനങ്ങളും ശ്രദ്ധേയമാണ്.
കാഴ്സന്റെ പരീക്ഷണാത്മക സമീപനത്തിന്റെ മറ്റൊരു ഉദാഹരണമാണ് 2012ൽ പ്രസിദ്ധീകരിച്ച ‘Antigonick’. സോഫോക്ലിസിന്റെ ‘Antigone’ എന്ന ഗ്രീക്ക് ദുരന്തനാടകത്തെ ആധാരമാക്കി രചിച്ച ഈ കൃതി, വിവർത്തനവും പുനരാഖ്യാനവും ദൃശ്യാവിഷ്കാരവും ഒരുമിച്ചു ചേര്‍ന്നതാണ്. പ്രശസ്ത ചിത്രകാരി എറിക് വെയ്ൻസ്റ്റൈന്റെ ചിത്രങ്ങളും അതിന്റെ ആസ്വാദനത്തില്‍ പ്രധാന പങ്കുവഹിക്കുന്നു.
കവിതയുടെ രൂപത്തെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാട്
ആൻ കാഴ്സന്റെ ഏറ്റവും വലിയ സംഭാവനകളിലൊന്ന് കവിതയുടെ രൂപത്തെക്കുറിച്ചുള്ള നമ്മുടെ നടപ്പുശീലങ്ങളെ ചോദ്യം ചെയ്തു എന്നതാണ്. കവിതക്ക് താളവും പ്രാസവും നിർദിഷ്ടമായ വരിവിന്യാസവും വേണമെന്ന നിബന്ധനകളെ അവര്‍ മറികടക്കുന്നു. രൂപത്തെക്കുറിച്ചുള്ള ഈ പരീക്ഷണങ്ങൾ കേവലം പുതുമക്കുവേണ്ടിയുള്ളതല്ല താനും. വിഷയത്തിന്റെ സങ്കീർണതക്ക് അനുയോജ്യമായ ആവിഷ്കാര രൂപം കണ്ടെത്താനുള്ള ശ്രമമാണ്.
കാഴ്സന്റെ രചനകളിൽ ചിലപ്പോൾ ദാർശനികമായ നിരീക്ഷണങ്ങൾക്കിടയിൽ ഒരു ചെറിയ ഓർമ പ്രത്യക്ഷപ്പെടുന്നു. മറ്റുചിലപ്പോൾ ചരിത്രപരമായ ഒരു പരാമർശം വ്യക്തിപരമായ വേദനയിലേക്ക് പടരുന്നു. ചില കൃതികളിൽ അടിക്കുറിപ്പുകൾ മുഖ്യപാഠത്തോടു ചേർന്നുനിൽക്കുമ്പോൾ മറ്റുചിലതിൽ ചിത്രങ്ങളും രേഖകളും കവിതയുടെ അർഥനിർമാണത്തിൽ പങ്കാളികളാകുന്നു.
അതുകൊണ്ട് തന്നെ, ഇത്തരം രചനകൾ വായനക്കാരിൽനിന്ന് ക്ഷമയും ശ്രദ്ധയും ആവശ്യപ്പെടുന്നുണ്ട്. എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരങ്ങൾ നൽകുന്ന എഴുത്തല്ല ആന്‍ കാഴ്സന്റേത്. പരസ്പരം ബന്ധമില്ലെന്നു തോന്നുന്ന ആശയങ്ങൾക്കിടയിലെ ബന്ധം കണ്ടെത്താനും സൂചനകളിലൂടെ അർഥം നിർമിക്കാനും വായനക്കാര്‍ തയാറാകണം. വായനയുടെ സ്വാതന്ത്ര്യം എന്നാണ് നിരൂപകര്‍ അതിനെ വിശേഷിപ്പിക്കുന്നത്.
അതിനാല്‍, ഒരു സാഹിത്യപ്രസ്ഥാനത്തിന്റെ ചട്ടക്കൂടിൽ മാത്രം ആന്‍ കാഴ്സനെ ഒതുക്കുന്നത് അവരുടെ സൃഷ്ടിപരമായ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തും. ക്ലാസിക്കൽ പണ്ഡിത, കവി, വിവർത്തക, ഉപന്യാസകാരി എന്നീ നിലകൾ പരസ്പരം വേർതിരിക്കാനാവാത്ത വിധം ഇഴ ചേര്‍ന്നുകിടക്കുന്നതാണ് അവരുടെ രചനകള്‍.
ഭാഷ, മൗനം, അപൂർണത
കാഴ്സന്റെ സാഹിത്യലോകത്തിൽ ഭാഷക്ക് ഒരേസമയം സാധ്യതയും പരിമിതിയുമുണ്ട്. അനുഭവങ്ങളെ വാക്കുകളിലൂടെ തിരിച്ചറിയാനും പങ്കുവെക്കാനും ഭാഷ സഹായിക്കുന്നു. എന്നാൽ, മനുഷ്യന്റെ സങ്കീർണമായ വികാരങ്ങളെ പൂർണമായി ഉൾക്കൊള്ളാൻ ഭാഷക്കു കഴിയണമെന്നില്ല. ചില അനുഭവങ്ങൾ വിശദീകരിക്കുമ്പോൾ അവയുടെ തീവ്രത നഷ്ടപ്പെടാം; ചില ഓർമകൾ എഴുതുമ്പോൾ അവയിൽനിന്ന് പ്രധാനപ്പെട്ടത് എന്തോ വഴുതിപ്പോകാം. അതിനാൽ കാഴ്സന്റെ രചനകളിൽ മൗനവും ശൂന്യതയും അപൂർണതയും വെറും അഭാവങ്ങളല്ല. അർഥനിർമാണത്തിന്റെ ഭാഗങ്ങളാണ്. സാഫോയുടെ കാവ്യശകലങ്ങളിൽ കാണുന്നതുപോലെ, ഒരു വരിയിൽ ‘ഇല്ലാത്ത വാക്കും’ വായനക്കാരന്റെ അനുഭവത്തെ സ്വാധീനിക്കുന്നു. ‘Nox’ പോലുള്ള കൃതികളിൽ ഇത് പ്രകടമാണ്.
ഈ സമീപനത്തിന് സമകാലിക സാഹിത്യത്തിൽ വലിയ പ്രസക്തിയുണ്ട്. എല്ലാറ്റിനെയും വിശദീകരിക്കാനും വർഗീകരിക്കാനും നിയന്ത്രിക്കാനും ശ്രമിക്കുന്ന ലോകത്ത്, ചില കാര്യങ്ങൾ അപൂർണമായി തുടരാനുള്ള അവകാശത്തെ കാഴ്സന്റെ എഴുത്ത് ഉറപ്പിക്കുന്നു. അറിവിന്റെ പരിമിതികളെ അംഗീകരിക്കുന്നതും സാഹിത്യത്തിന്റെ പ്രധാനപ്പെട്ട ഒരു ധർമമാണെന്ന് അവരുടെ കൃതികൾ ഓർമിപ്പിക്കുന്നു.

അംഗീകാരങ്ങളും സാഹിത്യത്തിലെ സ്വാധീനവും
ആൻ കാഴ്സന്റെ സാഹിത്യ പ്രാധാന്യം അവരുടെ പരീക്ഷണാത്മക രചനകളിൽ മാത്രം ഒതുങ്ങുന്നില്ല. കവിതയെയും വിവർത്തനത്തെയും ക്ലാസിക്കൽ പഠനങ്ങളെയും സമകാലിക സാഹിത്യ സംവാദത്തിന്റെ കേന്ദ്രത്തിലേക്കു കൊണ്ടുവരുന്നതിലും ശ്രദ്ധേയമായ സംഭാവന നൽകിയ എഴുത്തുകാരിയാണ് അവര്‍.
2001ൽ ‘The Beauty of the Husband’ എന്ന കൃതിക്ക് അവര്‍ക്ക് ടി.എസ്. എലിയറ്റ് പുരസ്കാരം ലഭിച്ചു. 2006ൽ ‘Decreation: Poetry, Essays, Opera’ പ്രസിദ്ധീകരിച്ചതോടെ കവിത, ഉപന്യാസം, സംഗീതനാടകം തുടങ്ങിയ രൂപങ്ങൾ തമ്മിലുള്ള പരസ്പര ബന്ധത്തെക്കുറിച്ചുള്ള അവരുടെ അന്വേഷണം കൂടുതൽ വിപുലമായി. 2010ൽ ‘Nox’ അവരുടെ ശ്രദ്ധേയമായ കൃതികളിലൊന്നായി വായനക്കാരുടെയും നിരൂപകരുടെയും ശ്രദ്ധ നേടി. 2020ൽ അവർക്ക് പ്രിൻസസ് ഓഫ് അസ്റ്റൂറിയാസ് അവാർഡ് ഫോർ ലിറ്ററേച്ചർ ലഭിച്ചു.
നേരത്തേ സൂചിപ്പിച്ചപോലെ, കാഴ്സന്റെ കൃതികൾ വ്യാപകമായ പ്രശംസ നേടിയിട്ടുണ്ടെങ്കിലും അവ എല്ലായ്പോഴും അത്ര എളുപ്പത്തിൽ വായിച്ചുതീർക്കാവുന്നവയല്ല. ചില വായനക്കാർക്ക് അവരുടെ രചനകളിലെ വിച്ഛിന്നതയും സാന്ദ്രതയും പ്രയാസകരമായി തോന്നാം. എന്നാൽ, ഈ പ്രയാസം അവരുടെ കൃതികളുടെ ഒരു പ്രധാന സവിശേഷതയാണ്. വായനക്കാരന് മുൻകൂട്ടി നിശ്ചയിച്ച അർഥം കൈമാറുന്നതിനു പകരം അർഥം കണ്ടെത്താനുള്ള പ്രക്രിയയിൽ പങ്കാളിയാകാൻ വായനക്കാരനെ അവർ ക്ഷണിക്കുന്നു.
കവിതയിൽ ഗദ്യവും ദൃശ്യകലയും ആത്മകഥയും ഗവേഷണവും തമ്മിലുള്ള അതിർത്തികൾ കൂടുതൽ അയഞ്ഞുവരുന്ന പുതിയ കാലത്ത് കാഴ്സന്റെ രചനകൾക്ക് പ്രത്യേക പ്രസക്തിയുണ്ട്. സാഹിത്യത്തിന്റെ രൂപം സ്ഥിരമായ ഒന്നല്ലെന്നും പുതിയ അനുഭവങ്ങൾ പുതിയ ആവിഷ്കാരരീതികൾ ആവശ്യപ്പെടുന്നുവെന്നും അവ വ്യക്തമാക്കുന്നു.
ചോദ്യങ്ങൾ അവശേഷിപ്പിക്കുന്ന എഴുത്ത്
ആൻ കാഴ്സന്റെ സാഹിത്യസംഭാവനകളെ വിലയിരുത്തുമ്പോൾ, സാഹിത്യത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിൽ അവർ വരുത്തിയ മാറ്റം തിരിച്ചറിയേണ്ടതുണ്ട്. കവിതയെ വെറും വികാരപ്രകടനമായി കാണാതെ അറിവിന്റെയും ഓർമയുടെയും ഭാഷയുടെയും അന്വേഷണത്തിനുള്ള ഉപാധിയാക്കി മാറ്റി അവര്‍.
പുരാതന ഗ്രീക്ക് ലോകം അവരുടെ രചനകളിൽ ആധുനിക മനുഷ്യന്റെ അനുഭവങ്ങളുമായി സംവദിക്കുന്നു. പ്രണയം ദാർശനികമായ ചോദ്യമാകുന്നു; ദുഃഖം ഒരു പുസ്തകത്തിന്റെ രൂപം കൈക്കൊള്ളുന്നു; പുരാണകഥ സ്വത്വാന്വേഷണമായി മാറുന്നു; വിവർത്തനം സൃഷ്ടിപരമായ പുനർവായനയാകുന്നു. ഇങ്ങനെ വ്യത്യസ്തമായ അനുഭവങ്ങളെയും വിജ്ഞാന മേഖലകളെയും ഒരുമിപ്പിച്ചുകൊണ്ട് കാഴ്സണ് സാഹിത്യത്തിന്റെ സാധ്യതകളെ വിപുലീകരിക്കുന്നു.
അവരുടെ രചനകൾ ലോകത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നില്ല. പകരം, നാം എങ്ങനെ സ്നേഹിക്കുന്നു, എന്തുകൊണ്ട് നഷ്ടപ്പെടുന്നു, ഓർമകൾ എങ്ങനെ നിലനിൽക്കുന്നു, ഭാഷക്ക് എന്തെല്ലാം പറയാനാവും, എന്തെല്ലാം പറയാനാവില്ല തുടങ്ങിയ ചോദ്യങ്ങൾ കൂടുതൽ ആഴത്തിൽ അനുഭവിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. ഒരുപക്ഷേ ആൻ കാഴ്സന്റെ സാഹിത്യത്തിന്റെ ഏറ്റവും വലിയ ശക്തിയും അതുതന്നെയാണ്. വായന അവസാനിച്ചാലും അതിലെ ചോദ്യങ്ങൾ അവസാനിക്കുന്നില്ല. കവിതക്ക് എത്ര രൂപങ്ങളാകാം എന്നതിലുപരി, മനുഷ്യാനുഭവത്തെ മനസ്സിലാക്കാൻ സാഹിത്യത്തിന് എത്ര പുതിയ വഴികൾ തുറക്കാനാകും എന്നതാണ് ആൻ കാഴ്സന്റെ രചനകൾ നമ്മെ ഓർമിപ്പിക്കുന്നത്.