Begin typing your search above and press return to search.
proflie-avatar
Login

ഡോ. എം. ലീലാവതിയുടെ നിരൂപണ പഥങ്ങൾ

ഡോ. എം. ലീലാവതിയുടെ   നിരൂപണ പഥങ്ങൾ
cancel

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി ഡോ. എം. ലീലാവതി ഒരു നൂറ്റാണ്ടിനെ അറിഞ്ഞ നിറവിലാണ്. മലയാള സാഹിത്യത്തിലും ചിന്തകൾക്കും ടീച്ചർ നൽകിയ സംഭാവനകൾ വേണ്ടത്ര അംഗീകരിക്കപ്പെട്ടോ എന്ന് സംശയം. നിരൂപണരംഗത്ത് ടീച്ചർ നൽകിയ സംഭാവനകളെപ്പറ്റി വിവരിക്കുകയാണ് നിരൂപകകൂടിയായ ലേഖിക. മലയാള നിരൂപണരംഗത്ത് പല കാരണങ്ങൾകൊണ്ടും വേറിട്ടൊരു വ്യക്തിത്വമാണ് ഡോ. എം. ലീലാവതി. ആ ഒരു പദവിയിലെത്താൻ ശക്തിയും നിപുണതയും മാത്രമല്ല, പരിശ്രമ സന്നദ്ധതയും ടീച്ചർക്ക് ആവോളമുണ്ട്. ‘വാണീ നിർമിതി വിശ്വം’ തന്നെ ടീച്ചർ മലയാളത്തിനു നൽകിയിരിക്കുന്നു. കൊച്ചി രാജ്യത്തെ പത്താം ക്ലാസ് പരീക്ഷയിൽ നാലാം റാങ്കും മലയാളത്തിൽ ഒന്നാം...

Your Subscription Supports Independent Journalism

View Plans
മലയാളത്തിന്റെ പ്രിയ എഴുത്തുകാരി ഡോ. എം. ലീലാവതി ഒരു നൂറ്റാണ്ടിനെ അറിഞ്ഞ നിറവിലാണ്. മലയാള സാഹിത്യത്തിലും ചിന്തകൾക്കും ടീച്ചർ നൽകിയ സംഭാവനകൾ വേണ്ടത്ര അംഗീകരിക്കപ്പെട്ടോ എന്ന് സംശയം. നിരൂപണരംഗത്ത് ടീച്ചർ നൽകിയ സംഭാവനകളെപ്പറ്റി വിവരിക്കുകയാണ് നിരൂപകകൂടിയായ ലേഖിക.

മലയാള നിരൂപണരംഗത്ത് പല കാരണങ്ങൾകൊണ്ടും വേറിട്ടൊരു വ്യക്തിത്വമാണ് ഡോ. എം. ലീലാവതി. ആ ഒരു പദവിയിലെത്താൻ ശക്തിയും നിപുണതയും മാത്രമല്ല, പരിശ്രമ സന്നദ്ധതയും ടീച്ചർക്ക് ആവോളമുണ്ട്. ‘വാണീ നിർമിതി വിശ്വം’ തന്നെ ടീച്ചർ മലയാളത്തിനു നൽകിയിരിക്കുന്നു.

കൊച്ചി രാജ്യത്തെ പത്താം ക്ലാസ് പരീക്ഷയിൽ നാലാം റാങ്കും മലയാളത്തിൽ ഒന്നാം റാങ്കും റെക്കോഡ് മാർക്കും നേടിയ വ്യക്തിയാണ് ലീലാവതി ടീച്ചർ. പത്താം ക്ലാസിൽ ഫിസിക്സ് പഠിച്ചില്ലെങ്കിലും ഇന്‍റർമീഡിയറ്റിന് പ്രതിബദ്ധതയോടെയുള്ള പഠനം പൊതുപരീക്ഷയിൽ ടീച്ചർക്ക് ഒന്നാം റാങ്ക് നേടിക്കൊടുത്തു. സയൻസ് വിഷയത്തിൽ ഒന്നാം റാങ്ക് നേടിയിട്ടും ബി.എക്ക് മലയാളം ഐച്ഛിക വിഷയമായി പഠിക്കേണ്ടി വന്നതിനെ ‘വിധി വിഹിതം’ എന്നാണ് ടീച്ചർ വിശേഷിപ്പിക്കുന്നത് (ധ്വനി പ്രയാണം –2024).

സാഹചര്യം എന്തുതന്നെയാകട്ടെ, തോറ്റുകൊടുക്കാൻ തയാറാകാത്ത ഒരു വ്യക്തി അവസരങ്ങൾ എങ്ങനെ തനിക്കനുകൂലമായി മാറ്റിയെടുക്കും എന്നതിന്‍റെ ഉത്തമ മാതൃകയാണ് ടീച്ചറുടെ പഠനകാലം. ബി.എ പഠനകാലത്തുതന്നെ ശാസ്ത്ര കൃതികളും ഇംഗ്ലീഷ് സാഹിത്യ വിമർശനങ്ങളും പഠിച്ച് ഹൃദിസ്ഥമാക്കാൻ ടീച്ചർ സമയം പ്രയോജനപ്പെടുത്തി. ബി.എ സെലക്ഷൻ പരീക്ഷയിൽ ഇംഗ്ലീഷിന് ഒന്നാംറാങ്കും സ്വർണ മെഡലും കരസ്ഥമാക്കി. ഇംഗ്ലീഷ് ഭാഷയിൽ ടീച്ചർ പ്രദർശിപ്പിച്ച പ്രാവീണ്യം കണ്ട് (ബി.എക്ക് ഇംഗ്ലീഷിൽ ഒന്നാം ക്ലാസ് കിട്ടുകയെന്നത് അക്കാലത്ത് വിരള ഭാഗ്യമാണ്) പിന്നീട് കോളജിൽ മലയാളം തസ്തികക്ക് അപേക്ഷിച്ചപ്പോൾ അധികൃതർ ഇംഗ്ലീഷ് അധ്യാപികയുടെ നിയമനം നൽകുക എന്ന അപൂർവ സംഭവം ടീച്ചറുടെ കാര്യത്തിൽ മാത്രമാകും സംഭവിച്ചിരിക്കുക.

എന്നാൽ, മലയാളത്തിൽ എം.എക്ക് ഒന്നാം ക്ലാസും ഒന്നാം റാങ്കും ഉണ്ടായിരുന്ന ടീച്ചർ, മലയാളം അധ്യാപികയുടെ തസ്തികയിലാണ് ചേർന്നത്. മലയാളം ഐച്ഛിക വിഷയമായി പഠിക്കുമ്പോൾ സംസ്കൃതം ഒരു ഉപവിഷയമായിട്ടു മാത്രമാണ് പഠിക്കുക. ചില പുസ്തകങ്ങൾ പഠിക്കുമെന്നല്ലാതെ സംസ്കൃത വ്യാകരണത്തിന്‍റെ പ്രാഥമിക പാഠങ്ങൾപോലും അവിടെ പഠിക്കുന്നില്ല. ആ ഒരു കോട്ടം തീർക്കാൻ പഠിക്കുന്ന കാലത്തുതന്നെ അമ്മയുടെ ഉത്സാഹത്തോടെ ടീച്ചർ ഗുരുവായൂരെ കൃഷ്ണ ശാസ്ത്രികളുടെ അടുത്ത് സംസ്കൃതാഭ്യാസനം നടത്തി. സംസ്കൃതത്തിൽ നല്ലൊരു അടിത്തറ ലഭിക്കാനും സംസ്കൃത ഗ്രന്ഥങ്ങൾ പിന്നീട് വായിച്ചു വ്യാഖ്യാനിക്കാനും ഈ ശിക്ഷണം ഉപയുക്തമായി. അങ്ങനെ മൂന്നു ഭാഷകളിലുള്ള അവഗാഹമായ ജ്ഞാനത്തോടുകൂടിയാണ് ടീച്ചർ നിരൂപണ രംഗത്തെത്തുന്നത്. സൈദ്ധാന്തിക തലത്തിലാകട്ടെ

പാശ്ചാത്യവും ഭാരതീയവും (സംസ്‌കൃത-ദ്രാവിഡ) ആയ സൗന്ദര്യദർശനങ്ങളും മലയാള നിരൂപണത്തിൽ കേസരി, മാരാർ, പോൾ, മുണ്ടശ്ശേരി, കുറ്റിപ്പുഴ എന്നിവരുടെ വിഭിന്ന സഞ്ചാര പദ്ധതികളും എൻ. കൃഷ്ണപിള്ള, എസ്. ഗുപ്തൻ നായർ, ഡോ. കെ.എൻ. എഴുത്തച്ഛൻ, എൻ.വി. കൃഷ്ണവാരിയർ, എം.പി. ശങ്കുണ്ണി നായർ, ഡോ. കെ. രാഘവൻ പിള്ള, ഡോ. കെ. ഭാസ്കരൻ നായർ എന്നിവരുടെ നിരൂപണ ദർശനങ്ങളും ടീച്ചർ സ്വായത്തമാക്കിയാണ് സ്വന്തം നിരൂപണ രീതിക്കു തുടക്കം കുറിക്കുന്നത്.

സാഹിത്യത്തിലും ശാസ്ത്രവിഷയങ്ങളിലും ഒരുപോലെ താൽപര്യം പ്രകടിപ്പിച്ചിരുന്ന ലീലാവതി ടീച്ചർ തന്റെ ഗുരുനാഥനായ ജി. ശങ്കരക്കുറുപ്പിന്‍റെ നിർദേശപ്രകാരം പഠിക്കുമ്പോൾതന്നെ ‘സാഹിത്യ പരിഷത്’ മാസികയിൽ പുസ്തക സമീക്ഷകൾ എഴുതുമായിരുന്നു. അക്കൂട്ടത്തിൽ മുണ്ടശ്ശേരി ‘അന്തരീക്ഷ’ത്തിൽ ഉള്ളൂരിന്റെ ‘കർണഭൂഷണ’ത്തെക്കുറിച്ചെഴുതിയ നിരൂപണത്തിന് ചില വിയോജിപ്പുകൾ രേഖപ്പെടുത്തി എഴുതിയ ലേഖനവും ഉൾപ്പെടുന്നു.

പിന്നീട് 1951ൽ തൃശൂർ സെന്റ് മേരീസ് കോളജിൽ അധ്യാപികയായിരിക്കുമ്പോഴാണ് ടീച്ചറുടെ നിരൂപണങ്ങൾ ശ്രദ്ധേയമാകുന്നത്. ‘ജി’യുടെ ‘നിമിഷം’ എന്ന കവിത കുട്ടികളെ പഠിപ്പിക്കാനുണ്ടായിരുന്നു. അതിന് തയാറെടുക്കുമ്പോഴാണ് ആ കവിതയെക്കുറിച്ച് കുട്ടികൃഷ്ണമാരാർ എഴുതിയ ലേഖനം ടീച്ചറുടെ ശ്രദ്ധയിൽപെടുന്നത്. ആ കവിതയിലെ അലങ്കാര കൽപനകൾ വൈരുധ്യം നിറഞ്ഞതാണെന്നും അത് കാമ്പില്ലാത്ത കവിതയാണെന്നും സൂചിപ്പിക്കുന്നതായിരുന്നു മാരാരുടെ ലേഖനം. എന്നാൽ, പദാർഥപ്രപഞ്ചത്തിൽ പരമാണുപോലെ, അനാദ്യന്തമായ കാലപ്രവാഹത്തിലെ കണികയായ നിമിഷത്തിന്റെ മഹിമ രൂപകത്തിലൂടെ വ്യഞ്ജിപ്പിച്ച് വിസ്മയാനുഭൂതി ഉണ്ടാക്കുന്ന കവിതയെ മാരാർ സമീപിച്ച രീതി ശരിയായില്ലെന്നായിരുന്നു ടീച്ചറുടെ പക്ഷം.

കാലത്തെ സംബന്ധിച്ച ശാസ്ത്രീയ ആശയങ്ങൾകൂടി കവിതയിൽ അലിയിച്ചുചേർക്കാനുള്ള ഒരു ഉപകരണമായി പ്രതീകങ്ങളെയും ഉപമാനങ്ങളെയും കവി കവിതയിൽ ഉപയോഗിക്കുമ്പോൾ അത് തിരിച്ചറിഞ്ഞാൽ മാത്രമേ കവിതയുടെ ഉൾക്കാമ്പിലേക്ക് പ്രവേശനം കിട്ടൂ എന്നതായിരുന്നു ടീച്ചറുടെ നിലപാട്. അതുരേഖപ്പെടുത്തിക്കൊണ്ട് ‘മാതൃഭൂമി’യിൽ ടീച്ചർ ലേഖനം പ്രസിദ്ധീകരിച്ചു (1951 നവംബർ 25). ബി.എ പഠനകാലത്തുതന്നെ ജീൻസിന്‍റെയും എഡിങ്ടണിന്റെയും കൃതികൾ ഹൃദിസ്ഥമാക്കിയിരുന്ന ടീച്ചർ അത്തരം ശാസ്ത്രീയ ആശയങ്ങളെക്കുറിച്ചുള്ള അവബോധത്തിന്‍റെ അഭാവമാണ് രൂപക നിർമിതിയുടെ ലക്ഷ്യത്തെ ചുരുക്കി കാണിക്കാൻ ഹേതുവായത് എന്നും ലേഖനത്തിൽ സൂചിപ്പിച്ചു.

എതിരിട്ടത് അന്നത്തെ പ്രഗല്ഭ നിരൂപകനായിരുന്ന മാരാരോടാണ് എന്നത് ചില്ലറ പുകിലല്ല സാഹിത്യരംഗത്ത് സൃഷ്ടിച്ചത്. കവിയായ ജിതന്നെ മാരാർക്കെതിരെ എഴുതിയത് ഔദ്ധത്യമായിപ്പോയി എന്ന് ടീച്ചറെ ശാസിച്ചു. ആ അഭിപ്രായമാണ് ടീച്ചറുടെ നിരൂപണശൈലിയുടെ മുനയൊടിച്ചതും മൂർച്ച കുറപ്പിച്ചതുമെന്ന് പ്രസിദ്ധ നിരൂപകൻ കെ.പി. അപ്പൻ ഒരിക്കൽ അഭിപ്രായപ്പെട്ടു. നിരൂപണത്തിന് മുനയും മൂർച്ചയും ആവശ്യമാണെന്ന പക്ഷക്കാരിയല്ല ലീലാവതി ടീച്ചർ. ആ നിശിതബോധം ടീച്ചറുടെ പ്രകൃതിയിലില്ലെന്ന് പിന്നീടുള്ള നിരൂപണങ്ങൾ തെളിയിക്കുന്നു. ശക്തമായ നിലപാടുകളുടെ പേരിൽ ടീച്ചർ അവഗണിക്കപ്പെടുകയും തമസ്കരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ, അതൊന്നും തന്റെ കർമപഥത്തിൽനിന്ന് വ്യതിചലിക്കാൻ ടീച്ചറെ പ്രേരിപ്പിച്ചില്ല. നിരൂപണം പുരുഷകല മാത്രമായിരുന്ന കാലത്ത് പക്വതയില്ലാത്ത പെൺകുട്ടിയായും മീശവെച്ച സ്ത്രീയായും ടീച്ചർ ചിത്രീകരിക്കപ്പെട്ടു. പക്ഷേ, അതൊന്നും ടീച്ചറെ ആ മേഖലയിൽനിന്ന് പിന്തിരിപ്പിച്ചില്ല.

സാഹിത്യം സൗന്ദര്യാനുഭൂതിയിലൂടെ ശിവം സാക്ഷാത്കരിക്കുന്നു എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ലീലാവതി ടീച്ചർ. സാഹിത്യനിരൂപണമാകട്ടെ സൗന്ദര്യശിവങ്ങളുടെ സത്ത തേടുന്നു. ശിവസൗന്ദര്യങ്ങൾ ഒത്തുചേരുന്ന കാവ്യാർഥവിധാനത്തെ തേടുന്ന നിരൂപണം, സത്യ ശിവ സൗന്ദര്യ മണ്ഡലങ്ങളിൽ വ്യാപരിക്കേണ്ടതുണ്ട് എന്നാണ് ടീച്ചറുടെ പക്ഷം. ഉൽപാദകന്റെ (സാഹിത്യരചയിതാവിന്റെ) സ്വാതന്ത്ര്യവും ഉപഭോക്താവിന്റെ (സാഹിത്യ ആസ്വാദകന്റെ) സ്വാതന്ത്ര്യവും ഒരുപോലെ പ്രസക്തമാണെന്ന് ടീച്ചർ കരുതുന്നു. പുല്ലു മുതൽ പൂഷാവു വരെ എന്തിനെപ്പറ്റിയും സാഹിത്യം രചിക്കാം എന്ന പ്രാചീനതവമായ വീക്ഷണം നിലവിലിരിക്കെതന്നെ അപരനെ ദ്രോഹിക്കാൻ വ്യക്തിക്ക് സ്വാതന്ത്ര്യമില്ല എന്ന നിയമം നേതാവിനും നീതനും ഭരണകർത്താവിനും ഭരണീയനും എന്നപോലെ സാഹിത്യകാരനും ബാധകമാണ് എന്ന് ടീച്ചർ അഭിപ്രായപ്പെടുന്നു (‘സാഹിത്യവും സ്വാതന്ത്ര്യവും’ –ജനശക്തി 2017 നവംബർ).

 

ഇതേ നിയമം സാഹിത്യത്തിന്റെ ഉപഭോക്താവിനും ബാധകമാണ്. കൃതിയെ കേന്ദ്രീകരിച്ച്, വാങ്മയ സവിശേഷതകളിലൂന്നിയാണ് പഠനങ്ങൾ ഉണ്ടാകുന്നതെങ്കിലും കർതൃവിവക്ഷിതം തീരെ ആരായേണ്ടതില്ല എന്നർഥമാക്കേണ്ടതില്ല. പാരായണം സ്വന്തം രീതിയിൽ നിർവഹിക്കാനും പുനരാഖ്യനങ്ങൾ സൃഷ്ടിക്കാനും സർവ സ്വാതന്ത്ര്യമുണ്ട്. ഇതിഹാസ കഥകളെയും പുരാണ കഥാപാത്രങ്ങളെയും പൊളിച്ചെഴുതാനുള്ള സ്വാതന്ത്ര്യം എഴുത്തുകാരനാകാം.

എന്നാൽ, ഒരു കൃതിയെക്കുറിച്ചുള്ള സ്വന്തം മതം കർത്താവിന്റെ വിവക്ഷിതം കൂടിയാണെന്ന് സ്ഥാപിക്കാനുള്ള യത്നം, കൃതിയെ അപപാരായണത്തിനു വിധേയമാക്കാൻ വായനക്കാരന് സ്വാതന്ത്ര്യമില്ല എന്ന് ടീച്ചർ തീർത്തുപറയുന്നു. മാരാരുടെ ‘വാല്മീകിയുടെ രാമൻ’ എന്ന ലേഖനത്തിൽ ബീജ ശ്ലോകത്തിലെ കാമമോഹിതം എന്ന പദം അദ്ദേഹം വ്യാഖ്യാനിക്കുന്നത് യശഃകാമമോഹിതം എന്ന് ഏകപക്ഷീയമായി കൂട്ടിച്ചേർത്തിട്ടാണെന്നതിനോട് ടീച്ചർ വിയോജിക്കുന്നു. ‘നേശേ ബല ധ്യേതി ചശേദ ധർമ’ എന്ന വാക്യവും തന്‍റെ മതം സ്ഥാപിക്കാൻ മാരാർ ദുരുപയോഗം ചെയ്തു എന്ന പക്ഷക്കാരിയാണ് ടീച്ചർ.

‘‘പടുരാക്ഷസ ചക്രവർത്തിയെന്നുടൽ മോഹിച്ചതു ഞാൻ പിഴച്ചതോ’’ എന്നതിലെ പടു എന്ന പദമെടുത്ത് പി.കെ. ബാലകൃഷ്ണൻ ആശാന്‍റെ സീതാകാവ്യത്തെ ദുർവ്യാഖ്യാനം ചെയ്ത് ഗുരുതയെ ഒട്ടാകെ ലഘുതയാക്കി മാറ്റി എന്നും ജിയുടെ ‘ഭാരതസന്ദേശ’ത്തെ സുകുമാർ അഴീക്കോട് ദുർവ്യാഖ്യാനം ചെയ്ത് ജിയുടെ മേൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയ കാര്യവും ടീച്ചർ പറയുന്നുണ്ട്.

നിർമാതാവിന്റെ വിവക്ഷിതം അന്വേഷിക്കുന്നത് നിസ്സാര കാര്യമല്ല എന്നു ടീച്ചർ അഭിപ്രായപ്പെടുന്നു. സൃഷ്ടിയിൽ സ്രഷ്ടാവിന്റെ വിവക്ഷിതത്തിനും ഇംഗിതത്തിനും അതീതമായ ചില വസ്തുതകൾ കണ്ടെത്താനുള്ള നിരൂപകന്റെ ചുമതലയെക്കുറിച്ച് ടീച്ചർ ഓർമിപ്പിക്കുന്നുണ്ട്. വ്യാഖ്യാനാത്മക നിരൂപണം ഈ കർതൃ വിവക്ഷിതം വേണ്ടവണ്ണം ഗ്രഹിച്ചില്ലെങ്കിൽ തെറ്റായ ആശയ പ്രചാരണത്തിന് അത് വഴിവെച്ചേക്കാം എന്ന് ടീച്ചർ ആശങ്കപ്പെടുന്നു.

 

ബാലാമണിയമ്മയുടെ ‘വഴിയിൽ വെച്ച്’ എന്ന കവിതയുടെ നിരൂപണത്തിൽ വന്ന പിഴവ് ഉദാഹരണമായി ടീച്ചർ ചൂണ്ടിക്കാണിക്കുന്നു. കലാചിന്തയുടെ പ്രഭാതം മുതൽ തന്നാണ്ടുവരെ വികസിച്ചുപോന്നിട്ടുള്ള കലാതത്ത്വചിന്ത പദ്ധതികളും കലാസ്വാദന സിദ്ധാന്തങ്ങളും മനസ്സിലാക്കാൻ ശ്രമിക്കുകയും അവയിൽനിന്ന് സ്വാഭിരുചിയും സ്വീയ പ്രവണതകളും നിർദേശിക്കുന്നതനുസരിച്ച് ഏതൊക്കെ സ്വാംശീകരിക്കാൻ കഴിയുമോ അതൊക്കെ സ്വാംശീകരിച്ച് ഏതു കൃതിയെ കുറിച്ചും സ്വന്തമായ ഒരു വീക്ഷണം രൂപവത്കരിക്കാൻ ശക്തനായി തീരുകയും ചെയ്യുന്ന ആളാണ് നിരൂപണത്തിനുവേണ്ടി സജ്ജീകരണങ്ങൾ സഞ്ജയിക്കുന്ന വ്യക്തി എന്ന് ടീച്ചർ അഭിപ്രായപ്പെടുന്നു (പക്വവും സന്തുലിതവുമായ നിരൂപണം).

ഈ സജ്ജീകരണങ്ങളും സ്വന്തമായ അപഗ്രഥനാത്മക പ്രതിഭയും ഈക്ഷ നൈപുണിയും ഒത്തുചേർന്നു പ്രവർത്തിക്കുന്നതിന്റെ ഫലമായുളവാകുന്ന നിരീക്ഷണ സാരത്തിനെ ഫലപ്രദമായ രീതിയിൽ ആവിഷ്കരിക്കാനുതകുന്ന മാധ്യമം-സാരസ്വതം-വശഗതമാകുമ്പോഴാണ് ഒരാൾ നല്ല നിരൂപകനോ നിരൂപകയോ ആകുന്നത് എന്നാണ് ടീച്ചറുടെ വിശ്വാസപ്രമാണം. സജ്ജീകരണത്തെ പ്രതികൂലമായി ബാധിക്കുന്ന പാപഗ്രഹങ്ങൾ ഭിന്നഭാഷകളിലും ഭിന്ന പദ്ധതികളിലുമുള്ള അഭ്യാസത്തിന്‍റെ പരിമിതികളാണ്.

ഒരു നല്ല നിരൂപകൻ/നിരൂപക ആകാൻ പാശ്ചാത്യ കലാതത്ത്വചിന്തകൾ ഗ്രഹിക്കാൻ ഇംഗ്ലീഷിലും പൗരസ്ത്യ കലാതത്ത്വചിന്തകൾ സൂക്ഷ്മാംശ സ്പർശിയായും സാക​േല്യനയും ഉൾക്കൊള്ളാൻ സംസ്കൃത ഭാഷയിലും കുറച്ചൊക്കെ പ്രാവീണ്യം വേണം (ടീച്ചറെ സംബന്ധിച്ചിടത്തോളം നിരൂപണത്തിന്‍റെ ദ്രാവിഡ മുഖവും മറ്റു പ്രാദേശിക ഭാഷകളിലെ സാഹിത്യ നിരൂപണങ്ങളും കുറെയൊക്കെ സ്വായത്തമാണ്). കലാ സാഹിത്യാദികളുമായി ബന്ധപ്പെട്ട് വിവിധ വിജ്ഞാനശാഖകളിൽ അറിവു വേണം. നിർമാതാവിന്‍റെ ശക്തി എപ്രകാരം സജ്ജമായിരിക്കുന്നുവോ അപ്രകാരംതന്നെ അതു പഠനവിധേയമാക്കുന്ന വ്യക്തിയും അതു സഹജമാകേണ്ടതുണ്ട്. സങ്കരം ശങ്കരവും കൂടിയായിരിക്കണം എന്ന് ടീച്ചർ ഒാർമിപ്പിക്കുന്നു. (പക്വവും സന്തുലിതവുമായ നിരൂപണം), അതിരു കടന്ന സിദ്ധാന്തക്കൂറ് അപകടമാണെന്നും ടീച്ചർക്ക് അഭിപ്രായമുണ്ടായിരുന്നു.

മദ്രാസ് സ്റ്റെല്ലാ മേരീസ് കോളജിൽ പഠിപ്പിച്ച് പ്രൈവറ്റായി എം.എ ചെയ്തിരുന്ന കാലത്ത് പാശ്ചാത്യ വിലാപകാവ്യങ്ങളെക്കുറിച്ച് ഒതു തുലനാത്മക പഠനം ടീച്ചർ നടത്തിയിരുന്നു. ‘വീണപൂവിനെ’ ഒരു വിലാപകാവ്യം എന്ന നിലയിൽ ആദ്യമായി അവതരിപ്പിക്കുന്നത് ടീച്ചറാണ്. പിന്നീട് ഈ വഴിക്കുള്ള അപഗ്രഥനവും പഠനവുമാണ് ‘കണ്ണീരും മഴവില്ലും’ എന്ന കൃതിയാകുന്നത്. തുടർന്ന് ടീച്ചർ പ്രസിദ്ധീകരിച്ച വർണരാജി, കവിതാധ്വനി, അമൃതമശ്നുക, കവിതാരതി തുടങ്ങി നിരവധി കൃതികളിലെ കവിതാ പഠനങ്ങളിൽ ടീച്ചറുടെ സ്വകീയമായ നിരൂപണ രീതിയുടെ മുദ്രകൾ കാണാം.

ഒരു കവിയെ രൂപപ്പെടുത്തുന്നതിൽ സമൂഹത്തിന് പങ്കുണ്ട് എന്ന് ടീച്ചർ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ഒരു കവിയെ അപഗ്രഥിക്കുമ്പോൾ കാലത്തിൽനിന്നും അടർത്തിമാറ്റി പരിശോധിക്കാൻ ടീച്ചർ തയാറാകുന്നില്ല. ചരിത്രപരമായ ജീവിതപരിണാമത്തോടൊപ്പം കവിതക്കും രൂപഭാവ പരിണാമങ്ങൾ വന്നുചേരുമെന്ന് ഈ നൂറ്റാണ്ടോടൊപ്പം പിറന്നു വളരുന്ന ഭാഷ ഇപ്രകാരം സഹജവും സാഹചര്യജാതവുമായ പ്രവണതകൾ പ്രദർശിപ്പിക്കുകയും കൃത്യങ്ങൾ ഏറ്റെടുക്കുകയും ചെയ്യും എന്ന വിശ്വാസത്തിലൂന്നിയാണ് ജിയുടെ കാവ്യപ്രപഞ്ചത്തെ ആറു കാലങ്ങളിലായി തിരിച്ച് ടീച്ചർ അപഗ്രഥനവിധേയമാക്കുന്നത് (ജിയുടെ കാവ്യപ്രപഞ്ചം).

നിരന്തരമായ പാരായണശീലംകൊണ്ട് സ്വന്തം തലമുറയിലെ പുരുഷ കവികളുടേതിൽനിന്ന് ഒട്ടും താഴെയല്ലാത്ത വിജ്ഞാനശാഖ പരിചയം സിദ്ധിച്ച ബാലാമണിയമ്മ തന്‍റേതുമാത്രമായ അനുഭവങ്ങളോടാണ് രചനയിൽ വിശ്വസ്തത പുലർത്തിയത്. കവി സ്വത്വം കാവ്യസ്വത്വം എന്ന രണ്ടു കിളികളും ഒരേ വൃക്ഷത്തിൽ വാണിരുന്ന ബാലാമണിയമ്മയുടെ ശക്തിബോധവും സ്വാതന്ത്ര്യബോധവും സുദൃഢമായ നിശ്ചയങ്ങളും വിശ്വാസങ്ങളും പ്രതിഫലിക്കത്തക്ക വണ്ണം നാലു തലങ്ങളിലായിട്ടാണ് ‘ബാലാമണിയമ്മയുടെ കവിതാ ലോകം’ എന്ന കൃതിയിൽ പഠനവിധേയമാക്കുന്നത്.

എന്നാൽ, വിഷ്ണു നാരായണൻ നമ്പൂതിരിയുടെ കവിതാ ലോകത്തെ പഠനവിധേയമാക്കുമ്പോൾ (കവിതയുടെ വിഷ്ണുലോകം) ആ കാവ്യപ്രപഞ്ചത്തിന്റെ ദർശനസാരത്തെ ഏഴു വിഭാഗങ്ങളായി തിരിച്ച് ചയനം ചെയ്യുക എന്ന ആസൂത്രണമാണ് ടീച്ചർ കൈക്കൊള്ളുന്നത്. വസ്തുപ്രപഞ്ചത്തിലും ഭാവശിൽപത്തിലും ഭാഷാഘടനയിലും തനിമയാർജിച്ച അക്കിത്തത്തിന്റെ കവിതാ ലോകത്തെ സമീപിക്കുമ്പോഴാകട്ടെ (അക്കിത്തത്തിന്റെ കവിത; ഒരു പഠനം) വിപുലമായ ധ്വനിതലങ്ങൾ പതിമൂന്ന് ഭാഗങ്ങളിലായി അനാവരണം ചെയ്യാനാണ് ടീച്ചർ ശ്രമിക്കുന്നത്.

വൈലോപ്പിള്ളിയുടെ കവിതകളെ സമീപിക്കുമ്പോഴാകട്ടെ (വൈലോപ്പിള്ളിക്കവിതാ പഠനങ്ങൾ) ഒറ്റയൊറ്റക്കവിതകളിലെ ആത്മഭാവധ്വനിതലങ്ങൾ പരിശോധിക്കാനാണ് ടീച്ചർ താൽപര്യം കാണിക്കുന്നത്. ഒ.എൻ.വി, കെ. സച്ചിദാനന്ദൻ, കെ.ജി. ശങ്കരപ്പിള്ള, വിജയലക്ഷ്മി, റഫീഖ് അഹമ്മദ് എന്നിവരുടെ കാവ്യ ലോകത്തെയും കവി സ്വത്വങ്ങളെയും വ്യത്യസ്തമായ പരിപ്രേക്ഷ്യങ്ങളിലൂടെ വായിച്ചെടുക്കാൻ ടീച്ചർ ശ്രമിച്ചിട്ടുണ്ട്. പുതിയ കാലത്തിന്‍റെ സ്പന്ദനങ്ങളെ പഴയതിനെപ്പോലെതന്നെ തിരിച്ചറിയാനും അവയെ വേണ്ടവണ്ണം അടയാളപ്പെടുത്താനും ടീച്ചറോളം സന്നദ്ധത പ്രകടിപ്പിക്കുന്ന മറ്റൊരാൾ മലയാളത്തിൽ ഇല്ലതന്നെ. ലീലാവതി ടീച്ചറുടെ തട്ടകം കവിതയാണെന്ന് പൊതുവെ ഒരു ധാരണയുണ്ട്. അതല്ലെന്ന് നവരംഗം, നവതരംഗം, നവകാന്തം (ഭാഗം -2) എന്നിവയിലെ ലേഖനങ്ങൾ സി.വി, ചെറുകാട്, എം.ടി എന്നിവരുടെ രചനകളെ കുറിച്ചെഴുതിയ പഠനങ്ങൾ എന്നിവ ഉറപ്പാക്കുന്നു.

കവിതാ പഠനത്തിൽ ടീച്ചർ പ്രദർശിപ്പിക്കുന്ന ഉൾക്കാഴ്ചയും പ്രതിബദ്ധതയും കഥാലോകത്തും ടീച്ചർക്കുണ്ട് എന്നത് സാക്ഷ്യപ്പെടുത്തുന്നതാണ് ‘വിശ്വോത്തരമായ വിപ്ലവേതിഹാസം’ എന്ന ഷോളോഖോവ് പഠനം. ആ കൃതി ടീച്ചർക്ക് വലിയൊരു അംഗീകാരം നേടിക്കൊടുത്തു. തുടർന്ന് സി.വിയുടെ നോവലുകളിലെ ശൃംഗാര ചിത്രണം, ചെറുകാടിന്‍റെ സ്ത്രീ കഥാപാത്രങ്ങൾ, അസുരവിത്ത് –ഒരു പഠനം എന്നീ കൃതികളും ടീച്ചർ രചിച്ചു.

എന്നാൽ, സി. രാധാകൃഷ്ണൻ കാൽനൂറ്റാണ്ടുകൊണ്ടു രചിക്കപ്പെട്ട ഒമ്പത് നോവലുകളെ അടിസ്ഥാനമാക്കി ആ നോവലുകളിൽ വരുന്ന അപ്പു എന്ന കഥാപാത്രം സത്യത്തിന്‍റെയും നന്മയുടെയും മനുഷ്യ മഹത്വത്തിന്‍റെയും വിജയം ലക്ഷ്യമാക്കി നടത്തുന്ന അന്വേഷണങ്ങളുടെ പരമ്പരയെക്കുറിച്ചുള്ള ‘അപ്പുവിന്‍റെ അന്വേഷണം’ എന്ന കൃതിയാണ് ടീച്ചർക്ക് വയലാർ അവാർഡ് നേടിക്കൊടുത്തത്. സാഹിത്യ ശിക്ഷണവും ശാസ്ത്ര വീക്ഷണവും ഒത്തുചേർന്നു വരുന്ന ഈ കൃതി വളരെ വ്യത്യസ്തത പുലർത്തുന്നതാണ്.

 

ശാസ്ത്രീയത, ധർമബോധം, വികാരതീവ്രത എന്നിവയെ ഇണക്കി ഒരു അന്തർവൃത്തമാക്കി ആശയ പ്രപഞ്ചത്തെ രൂപപ്പെടുത്തിയ ഡോ. കെ. ഭാസ്കരൻ നായരുടെ രീതിയെ ടീച്ചർ ഏറെ ആദരിച്ചിരുന്നു. ശാസ്ത്രത്തെ സാഹിത്യവുമായി ഇണക്കിക്കൊണ്ടുള്ള രീതി പിന്തുടരാനുള്ള താൽപര്യം തന്നെയാകാം ‘അപ്പുവിന്‍റെ അന്വേഷണം’, ‘സി. രാധാകൃഷ്ണന്‍റെ കഥാ ലോകങ്ങൾ’ എന്നീ രചനകളുടെ അന്തർധാരയായി വർത്തിച്ചതും. ഹെർമന്യൂട്ടിൽസിലെ (വ്യാഖ്യാനാത്മക നിരൂപണം) പുതിയ തെളിച്ചമാണ് ‘ഹരികഥാലോകം’, ‘കഥാപർവം’ എന്നീ കൃതികളിൽ കാണാൻ കഴിയുക. കഥകളിലെ വസ്തുഭാവ ധ്വനി (വിചാരമണ്ഡലവും വികാര മണ്ഡലവും)കൾക്കുള്ള അംഗിത്വം സ്വീകരിക്കുകയെന്ന നയമാണ് ടീച്ചർ പിന്തുടരുന്നത്.

ലോകത്തിലെ വളരെ ചെറിയൊരു ഭാഷയിൽ എഴുതിപ്പോയി എന്നതുകൊണ്ടാണ് ബാലാമണിയമ്മയുടെ ഖ്യാതി പരിമിതപ്പെട്ടുപോയത്. ഒരു ലോകവ്യാപകഭാഷയിൽ രചനയിലേർപ്പെടാൻ പാകത്തിലുള്ള ഒരു നാട്ടിൽ ജനിച്ചിരുന്നെങ്കിൽ അവരുടെ പ്രതിഭയും ദർശനഗൗരവവും ജീവിതവീക്ഷണത്തിലുള്ള വിശാലമാനവികതയും കൽപനാശക്തിയും ലോകം മുഴുവൻ കൊണ്ടാടിയേനെ എന്ന് ലീലാവതി ടീച്ചർ രേഖപ്പെടുത്തുകയുണ്ടായി (‘ബാലാമണിയമ്മയുടെ കവിതാ ലോകങ്ങൾ’, 2009). ഇതേ വസ്തുത ലീലാവതി ടീച്ചറുടെ കാര്യത്തിലും ബാധകമാണ് എന്നകാര്യത്തിൽ എനിക്കു സംശയമില്ല. ‘ബാലാമണിയമ്മയുടെ ലോകങ്ങൾ’ പ്രസിദ്ധീകരിച്ച അതേ വർഷമാണ് ടീച്ചറുടെ ‘ഭാരതസ്ത്രീ’ എന്ന കൃതി പ്രസിദ്ധീകൃതമാകുന്നത്.

മലയാളത്തിലെന്നല്ല ഭാരതത്തിലെ ഇതര ഭാഷകളിലേതിലെങ്കിലും ഇതുപോലെയൊരു പഠനം ഉള്ളതായി അറിവില്ല. തന്റെ ശിഷ്യനായിരുന്ന ബി. വിജയരാഘവൻ ഐ.എ.എസ് ഉപഹാരമായി നൽകിയ ‘വിമൻ ഇൻ വേദിക് ഏജ്’ (ശകുന്തള റാവു ശാസ്ത്രി) എന്ന കൃതിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഒ.എം.സി. നാരായണൻ നമ്പൂതിരിപ്പാടിന്റെ ‘ഋഗ്വേദഭാഷാ ഭാഷ്യം’ എന്ന കൃതിയുടെ ഗാഢമായ പാരായണത്തിലൂടെയും മറ്റ് നിരവധി ഗ്രന്ഥങ്ങൾ വായിച്ച അറിവിലൂടെയും ടീച്ചർ രചിച്ച ‘ഭാരതസ്ത്രീ’ മലയാള ഭാഷക്ക് കിട്ടിയ വലിയൊരു വരദാനമാണ്. ‘സ്ത്രീ സ്വത്വാവിഷ്കാരം ആധുനിക മലയാള സാഹിത്യത്തിൽ’ എന്ന കൃതി 2008ൽ പ്രസിദ്ധീകരിച്ചിരുന്നു.

‘ഭാരതസ്ത്രീ’യുടെ ഒന്നാം ഭാഗത്തിൽ സ്ത്രീ വേദോപനിഷത്തുകളിൽ, ബുദ്ധമത കാലഘട്ടത്തിലെ ഥേരിമാർ എന്നതും രണ്ടാം ഭാഗത്തിൽ സ്ത്രീ ഇതിഹാസങ്ങളിലും പുരാണങ്ങളിലും എന്നതും ഭാഗം മൂന്നിൽ സ്ത്രീ സംസ്കൃത സാഹിത്യത്തിലെ മുഖ്യ നാടകങ്ങളിലും മഹാകാവ്യങ്ങളിലും എന്നതും, നാലാം ഭാഗത്തിൽ ഇതിഹാസ പുരാണാദികളായ സ്ത്രീ കഥാപാത്രങ്ങൾ മലയാള സാഹിത്യത്തിൽ എന്നതുമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. അങ്ങനെ വളരെ ബൃഹത്തായ ഒരു പഠനമാണ് 995 പേജുകളിലൂടെ ടീച്ചർ നിർവഹിച്ചിരിക്കുന്നത്. ഒാരോ കഥാപാത്രത്തെക്കുറിച്ചുമുള്ള കേവല വിവരണം മാത്രം എന്ന രീതിയല്ല ഈ ഗ്രന്ഥത്തിൽ അനുവർത്തിക്കുന്നത്; മറിച്ച് ഒരു കഥാപാത്രം ഇതര കൃതികളിൽ എങ്ങനെ പരാമർശിതമാകുന്നു എന്ന് സൂചിപ്പിക്കുന്നതാണ്. എന്നുമാത്രമല്ല, പല കഥാപാത്രവിവരണ സന്ദർഭങ്ങളിലും കാലിക പ്രസക്തിയെകൂടി ഉൾപ്പെടുത്താൻ ടീച്ചർ ശ്രദ്ധിച്ചിരിക്കുന്നു.

ഉദാഹരണത്തിന് ദേവഹൂതിയെക്കുറിച്ച് പറയുമ്പോൾ കൽപനാ ചൗളയുടെ അനുഭവ വിവരണം ചേർത്തുവെക്കുന്നു. സന്ധ്യാവലിയെക്കുറിച്ച് പറയുന്നിടത്ത് ശ്രീമദ് ഭാഗവതം തൃതീയ സ്കന്ധത്തിന് (22, 23, 24, 25) കെ. ശ്രീധര വാരിയർ വ്യാഖ്യാനം, ഭാഗവത പുരാണം (തൃതീയ സ്കന്ധം) എന്നിവയെയൊക്കെ ബന്ധപ്പെടുത്തിയാണ് ടീച്ചർ അവതരിപ്പിക്കുന്നത്. ഇതെല്ലാം ലളിതമായ ഉദാഹരണങ്ങൾ മാത്രം. രചിച്ചിട്ട് 17 കൊല്ലം കഴിഞ്ഞിട്ടും ഇതിന്റെ മൂല്യം മലയാളി മനസ്സിലാക്കിയില്ല എന്നത് വലിയ കഷ്ടമാണ്.

രാമായണ കഥയെ പ്രകൃതി പുരാവൃത്തമായി വ്യാഖ്യാനിക്കാമെന്ന് തന്റെ ചെറുലേഖനങ്ങളിൽ സൂചിപ്പിച്ചിട്ടുള്ള ടീച്ചർ, ആചാര്യ കാവ്യ സംസാരത്തിലെ പ്രജാപതിയായ കവി ശിഷ്ട കഥാപാത്രങ്ങളെയും ദുഷ്ട കഥാപാത്രങ്ങളെയും എപ്രകാരം സൃഷ്ടിച്ചിരിക്കുന്നു എന്ന അന്വേഷണം പ്രസക്തമാണെന്ന ചിന്തയാണ് 2014ൽ പ്രസിദ്ധീകരിച്ച ‘സത്യധർമദർശനങ്ങൾ ഇതിഹാസങ്ങളിൽ’ എന്ന കൃതിയുടെ ഉള്ളടക്കം. ധർമമെന്ന പദത്തിന്റെ വ്യത്യസ്ത വിവക്ഷിതങ്ങൾ സന്ദർഭാനുഗുണമായി കൽപിക്കപ്പെട്ടിരിക്കുന്നു എന്ന് വിശദീകരിക്കുന്ന ടീച്ചർ, പതിനഞ്ച് ലേഖനങ്ങളിലായി ഇതിഹാസത്തിലെ ചില കഥാപാത്രങ്ങളെയും സന്ദർഭങ്ങളെയും അവലോകനം ചെയ്യുന്നു. ഏതു വാദവും അപവാദവും പുനർവിചാരണ ചെയ്യാനുള്ള സ്വാതന്ത്ര്യം കാലഹരണപ്പെടുന്നില്ല എന്ന് വിശ്വസിച്ച് ഇത്തരം ശ്രമങ്ങളിലേർപ്പെടുന്ന ടീച്ചർ തന്റെ വാദത്തെയും ഖണ്ഡിക്കാനുള്ള ഉദ്യമത്തെയും സ്വാഗതം ചെയ്യുന്നു എന്നത് വിശാല വീക്ഷണത്തിന് നിദർശനമാണ്.

ഇതിനു തൊട്ടുപിറകെയാണ് ‘ശ്രീമദ് വാല്മീകി രാമായണം പരിഭാഷാ വ്യാഖ്യാനങ്ങൾ -3’ പുറത്തുവരുന്നത്. സത്യകഥനമെന്ന വ്രതത്തിൽനിന്നും ഭ്രംശം വരാത്ത ഋഷി ഒന്നാമത്തെ ഇതിഹാസമായ രാമായണം രചിക്കുമ്പോൾ, കഥാപുരുഷന്റെ ജീവിതത്തിൽ സംഭവിച്ച ഇടർച്ചകളും പതർച്ചകളും മറച്ചുവെച്ചിട്ടില്ല എന്ന വസ്തുത ടീച്ചർ ചൂണ്ടിക്കാണിക്കുന്നു. മഹത്തായ മാനുഷ മാതൃകയെ വാക്കുകളിൽ പ്രതിഷ്ഠിക്കുക എന്ന കാലനിരപേക്ഷമായ ലക്ഷ്യത്തിനും പുറമെ ഒരു കാലബന്ധമായ ലക്ഷ്യം കൂടി വാല്മീകിയുടെ രാമായണ രചനയുടെ പ്രേരകമായിരുന്നു എന്ന് ടീച്ചർ വിശ്വസിക്കുന്നു. അത് സീതയെപ്പറ്റി പ്രചരിപ്പിച്ച അപവാദം നിർമാർജനം ചെയ്യലാണ്. ശാശ്വത ലക്ഷ്യം സദ്യോലക്ഷ്യം എന്നിവ മേളിച്ച് ഒന്നാവുമ്പോൾ പുരുഷ മാതൃകയോടൊപ്പം സ്ത്രീ മഹത്വ മാതൃകയും പ്രതിഷ്ഠിതമാകുന്നു –രാമായണം സീതായനം കൂടിയായിത്തീരുന്നു.

ഈ ഭൂമികയിൽനിന്നുകൊണ്ടാണ് വാല്മീകി രാമായണത്തെ ടീച്ചർ വ്യാഖ്യാനിക്കുന്നത്. ജന്തുഹിംസയുടെ അനന്തര ദൂഷ്യഫലങ്ങളെ കുറിച്ചുള്ള പരാമർശം രണ്ട് ഇതിഹാസങ്ങളുടെയും പ്രാരംഭത്തിലുണ്ട്. ശബ്ദവേധിയായ അമ്പെയ്ത് ആനയെ കൊല്ലുകയാണെന്ന നിനവോടെ മുനി കുമാരനെ വധിച്ച ദശരഥനും പ്രച്ഛന്നമനുഷ്യരായിരുന്ന മാനുകളുടെ നേരെ അമ്പെയ്ത പാണ്ഡുവും ശാപഗ്രസ്തരായി. രണ്ടുപേരും ‘മൃഗയ’ വിനോദമാക്കിയവർ.

വിനോദത്തിനുവേണ്ടി മനുഷ്യർ ചെയ്യുന്ന ജന്തുഹിംസ മോചനമില്ലാത്ത പാപമാണ് എന്നായിരിക്കണം ശാപകഥകളുടെ ഉള്ളുര എന്ന് ടീച്ചർ കരുതുന്നു. കർമഫലം അനിവാര്യവിധിയായി മനുഷ്യനെ പിന്തുടരുമെന്നും അത് ജീവിതത്തെ ശുഭാന്തമോ ദുരന്തമോ ആക്കി തീർക്കുന്നതിൽ നിർണായകമായ ശക്തിയാണെന്നുമുള്ള ദർശനം ഇതിഹാസത്തിൽ അന്തര്യാമിയായി വർത്തിക്കുന്നുണ്ട് എന്ന് ടീച്ചർ സൂചിപ്പിക്കുകയുണ്ടായിട്ടുണ്ട് (ശുനക കഥയും ശംബൂക കഥയും –സത്യധർമ ദർശനം ഇതിഹാസങ്ങളിൽ).

 

ഇത് കുറച്ചുകൂടി വിപുലമായി മഹാഭാരതം എന്ന ഇതിഹാസത്തിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമമാണ് ‘ഭാരതാലോകം’ (2020) എന്ന കൃതി. ഭാരതത്തിലെ കഥാപാത്രങ്ങളെയും സന്ദർഭങ്ങളെയും 29 അധ്യായങ്ങളിലായി വിവരിച്ചശേഷം മഹാഭാരതത്തിൽനിന്ന് പഠിക്കേണ്ടത് മനുഷ്യരുടെ ഇച്ഛാശക്തിക്കതീതമായി പ്രവർത്തിക്കുന്ന വിശ്വശക്തിയെന്ന നിയതിയുടെ നീതി ഭൂമിയിൽ കൃമികീടങ്ങളെപ്പോലെ തന്നെ ജീവിച്ചുമരിക്കേണ്ട മനുഷ്യന് ഉല്ലംഘിക്കാവതല്ല എന്നപാഠമാണെന്ന് ടീച്ചർ അഭിപ്രായപ്പെടുന്നു.

അതോടൊപ്പം ദിവ്യപരിമളം പോലുള്ള സ്നേഹദർശനവും ഇതിഹാസത്തിൽ ഉൾച്ചേരുന്നുണ്ട്. ‘ശ്രീമഹാഭാരതം’, സമസ്ത ലോകരുടെയും കർണങ്ങളിൽ സമസ്ത കാലവും മുഴുങ്ങുമാറ് ഓടിക്കൊണ്ടിരിക്കുന്ന ആത്മാർഥമായ നിരുപാധികമായ സ്നേഹതത്ത്വം തന്നെ (ശ്രീ മഹാഭാരത സന്ദേശം) എന്ന് ടീച്ചർ കുറിക്കുന്നു. ഈ കൃതിക്ക് മുമ്പ് ശ്രീകൃഷ്ണൻ ഒരു മതപ്രവാചകനോ ഭഗവദ്ഗീത ഒരു മത പ്രമാണ ഗ്രന്ഥമോ അല്ലെന്ന വിശ്വാസത്തോടെ മനഃശക്തി കേന്ദ്രിതമായ അസ്തിത്വമുള്ള ഏതൊരു വ്യക്തിക്കും ആത്മീയ-ഭൗതിക തലങ്ങളിൽ ഒരുപോലെ ആലംബമാക്കാവുന്ന വഴികാട്ടിയാണ് ശ്രീമദ് ഭഗവദ്ഗീത എന്ന തരത്തിൽ ടീച്ചർ ഭഗവദ്ഗീതാ വ്യാഖ്യാനം 2023ൽ നിർവഹിച്ചിട്ടുണ്ട്.

നിരൂപണത്തിൽ ചിന്താ കാലുഷ്യം കടന്നുവരുന്നതിനോട് ടീച്ചർക്ക് വിയോജിപ്പുണ്ട്. ‘ഭാഷയിലും ആശയത്തിലുമുള്ള സുസ്പഷ്ടതയാണ് നിരൂപകന്‍റെ ഒന്നാമത്തെ സിദ്ധി’ എന്ന് ടീച്ചർ വിശ്വസിക്കുന്നു (രണ്ടുതരം സങ്കീർണതകൾ) മനുഷ്യർ ചെയ്യുന്ന എല്ലാ കർമങ്ങൾക്കുമെന്നപോലെ വാക്കിന്‍റെ വ്യാപാരത്തിനും നല്ല ചേല്. ചന്തം ഭംഗി, സൗന്ദര്യം, ചെമ്മ വേണമെന്നും എഴുതുന്ന ആൾ വിവക്ഷിക്കുന്നത് വായിക്കുന്നവർ ശരിയായി ഗ്രഹിക്കണമെങ്കിൽ തെറ്റുവരാതെ എഴുതേണ്ടതുണ്ടെന്നുള്ള ഉറച്ചവിശ്വാസത്തിൽനിന്നാണ് ‘നല്ലെഴുത്ത്’ (2015) എന്ന കൃതിയുടെ പിറവി. അക്ഷരം, പദം, വാക്യപ്രയോഗം എന്നിവയിലെ വൈകല്യങ്ങൾ ചൂണ്ടിക്കാണിക്കുന്ന ഈ കൈ പുസ്തകം ഭാഷയുടെ മേൽ ടീച്ചർക്കുള്ള സ്വാധീനശക്തിക്കും ഭാഷയോടുള്ള ആദരവിനും നിദർശനമാണ്.

 

ഡോ. എം. ലീലാവതി രചിച്ച കൃതികൾ

ലീലാവതി ടീച്ചറിന്‍റെ വിമർശന പരാമർശം വിഷയമാകുമ്പോൾ ആക്ഷേപപരമായും അഭിനന്ദനാർഹമായും ആദിപ്രരൂപങ്ങളിലധിഷ്ഠിതമായ നിഗമനങ്ങളിലേക്കുള്ള ടീച്ചറുടെ ചായ്വ് ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്. ഒരു ഗ്രന്ഥകർത്താവും കർമയോഗിയും ആയിരുന്ന ഡോ. സി.എൻ. മേനോൻ (ബനാറസ് യൂനിവേഴ്സിറ്റി പ്രഫസറും ടീച്ചറുടെ ഭർത്താവ് ഡോ. സി.പി. മേനോന്‍റെ അമ്മയുടെ ചേച്ചിയുടെ മകനും) രചിച്ച ഷേക്സ്പിയർ ക്രിട്ടിസിസം എന്ന ഗ്രന്ഥം പഠനകാലത്തുതന്നെ ടീച്ചറുടെ ഇംഗ്ലീഷ് വിമർശന പഠനങ്ങൾക്ക് വഴികാട്ടിയായിരുന്നു. യൂങ്ങിയൻ സൈക്കോളജിയിൽ അദ്ദേഹത്തിനുണ്ടായിരുന്ന താൽപര്യമാണ് ടീച്ചറെയും ആ വഴിക്ക് നയിച്ചത്. മഹാരാജാസിൽ പഠിക്കുന്ന കാലത്ത് വ്യാകരണവും ഭാഷാശാസ്ത്രവും അലങ്കാര ശാസ്ത്രവുമാണ് ടീച്ചർ അധികവും പഠിപ്പിച്ചിരുന്നത്. സാഹിത്യ നിരൂപണം പഠിപ്പിക്കാൻ സന്ദർഭങ്ങളുണ്ടായതേയില്ല (ധ്വനിപ്രയാണം). അതിൽനിന്നൊരു വ്യതിയാനം എന്ന നിലക്കാണ് നിരൂപണത്തിൽ ‘ഒരു പുതുവഴിവെട്ടൽ’ എന്ന സാഹസകർമത്തിൽ ടീച്ചർ ഏർപ്പെടുന്നത്.

ഫ്രോയ്ഡിന്റെ സിദ്ധാന്തങ്ങളോട് യോജിക്കാൻ പറ്റാതിരുന്ന ടീച്ചർക്ക് യൂങ്ങിയൻ സമീപനങ്ങൾ ശ്രദ്ധേയമായി തോന്നി. വിശിഷ്യാ കലാസാഹിത്യാദികളുടെ അപഗ്രഥനത്തിൽ യൂങ്ങിന്റെ സമീപനത്തിനുള്ള സവിശേഷത. അതിനുപുറമെ സാമൂഹികാബോധമനസ്സ് (Collective Unconscious), ആദിപ്രരൂപങ്ങൾ (Primordial Images Archetypes) എന്നീ യൂങ്ങിയൻ സംപ്രത്യയങ്ങളും ടീച്ചറെ ആകർഷിച്ചു. ആ സംപ്രത്യയങ്ങൾക്ക് ഭാരതീയ മനഃശാസ്ത്ര ദർശനങ്ങളോട് സാമ്യമുണ്ടെന്ന ചിന്തയാണ് ആകർഷണത്തിന്റെ ഹേതു. മാണ്ഡൂക്യോപനിഷത്തിൽ വിവരിക്കുന്ന ആത്മാവിന്റെ നാലു പാദങ്ങൾക്ക് (ജാഗ്രത്-സ്വപ്ന-സുഷുപ്തി-തുരീയം) യൂങ്ങിയൻ മനഃശാസ്ത്ര സങ്കൽപങ്ങളോട് സമാനതയുണ്ടെന്ന് ടീച്ചർ മനസ്സിലാക്കി.

മാണ്ഡൂക്യോപനിഷത് തത്ത്വങ്ങളും യൂങ്ങിയൻ കലാതത്ത്വാന്വേഷണ പദ്ധതിയും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു സൈദ്ധാന്തിക സമീപനം ടീച്ചർ ഉരുത്തിരിച്ചെടുത്തു. ‘ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ –ഒരു പഠനം’ (1993) എന്ന കൃതിയിൽ ഇതാണ് ടീച്ചർ വിശദമാക്കുന്നത്. എന്നാൽ, ഈ പുതുവഴി നിയമേന അവഗണിക്കപ്പെട്ടു (ധ്വനിപ്രയാണം). അപഗ്രഥനാത്മക മനഃശാസ്ത്ര മാർഗത്തിൽ ആർക്കിടൈപ്പുകളെപ്പറ്റി അന്വേഷണം നടത്തിയ സി.ജി. യൂങ്ങിന്റെ The Archetypes and Collective Unconscious, ആ മാതൃക പിന്തുടർന്ന എറിക് ന്യൂമാന്‍റെ ​The Origins and History of Consciousness എന്നീ കൃതികളിൽ ആവിഷ്കരിച്ച സിദ്ധാന്തങ്ങളും, ഭാരതത്തിലെ ഋഷിമാർ വേദോപനിഷത്തുക്കളിൽ സഞ്ചയിച്ചുവെച്ചിട്ടുള്ള ചില തത്ത്വങ്ങളും പൗരസ്ത്യ സാഹിത്യ ദർശനത്തിലെ ചില സിദ്ധാന്തങ്ങളും തുലനാത്മകമായി പഠിച്ച് സമന്വയിപ്പിച്ച ഒരു നിരൂപണ രീതിയാണ് ടീച്ചർ വികസിപ്പിച്ചെടുത്തത്.

 

കുടുംബാംഗങ്ങളോടൊപ്പം ലീലാവതി ടീച്ചർ

ഈ രീതി അവലംബിച്ച് ഇടശ്ശേരിയുടെ കാവിലെപ്പാട്ട്, പൂതപ്പാട്ട്; കുമാരനാശാൻ, ജി. ശങ്കരക്കുറുപ്പ്, ചങ്ങമ്പുഴ, വൈലോപ്പിള്ളി, പി. കുഞ്ഞിരാമൻ നായർ, ബാലാമണിയമ്മ, സുഗതകുമാരി, സച്ചിദാനന്ദൻ, വിജയലക്ഷ്മി എന്നിവരുടെ രചനകളെ അപഗ്രഥിച്ച് താൻ ഉരുത്തിരിച്ചെടുത്ത രീതിയിലൂടെ പ്രയുക്ത നിരൂപണം സാധ്യമാണ് എന്ന് ടീച്ചർ തെളിയിച്ചു. തുടർന്ന് രാമായണം ഇതിവൃത്തം, നളചരിതം ഉപാഖ്യാനം, പഞ്ചകന്യകകൾ, ഒ.എൻ.വിയുടെ സ്വയംവരം എന്നിവയുടെ വിശദീകരണവും ആർക്കിടൈപ്പുകളിൽ ബലിരൂപത്തിന് വിഷ്ണു നാരായണൻ നമ്പൂതിരിയുടെ കവിതകളിലുള്ള പ്രാധാന്യം, രൂപാന്തര പ്രാപ്തി, സച്ചിദാനന്ദന്‍റെ കവിതകളിൽ പിതൃ ആദിപ്രരൂപത്തിന്‍റെ പ്രാധാന്യം, കടമ്മനിട്ടയുടെ കവിതകളിൽ എന്നിങ്ങനെയുള്ള അപഗ്രഥനവും പ്രയുക്ത നിരൂപണത്തിൽ ഈ രീതിയുടെ പ്രസക്തിയും പ്രാധാന്യവും ടീച്ചർ ഒാർമിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

ഇപ്പോഴും ടീച്ചറുടെ നിരൂപണ പദ്ധതിയുടെ പ്രാധാന്യം ആരും അംഗീകരിക്കുന്നില്ലെങ്കിലും താൻ ആ വഴി കൈവിടില്ല എന്ന് ഉറപ്പിക്കുന്നതാണ് വി.എം. ഗിരിജയുടെ മൂന്നു കാവ്യങ്ങൾക്ക് എഴുതിയ നിരൂപണം, സുഭാഷ് ചന്ദ്രന്റെ ‘സമുദ്രശില’ എന്ന നോവലിനെക്കുറിച്ച് എഴുതിയ പഠനം, ഹരിത സാവിത്രിയുടെ ‘കുർബാൻ’ എന്ന നോവലിനെഴുതിയ കുറിപ്പ് എന്നിവ. 12 അധ്യായങ്ങളിലായി വളരെ വിശദമായി ഉദാഹരണ സഹിതമാണ് ടീച്ചർ തന്‍റെ സൈദ്ധാന്തിക സമീപനം അവതരിപ്പിക്കുന്നത്.

യൂങ്ങിന്റെയും നരവംശശാസ്ത്രജ്ഞനായ ഫ്രേയ്സറുടെയും പഠനങ്ങളെ മുൻനിർത്തി മിത്തുകളെ എങ്ങനെ ജീവിതപ്രതിഭാസങ്ങളോട് ബന്ധപ്പെടുത്തി വർഗീകരിക്കാമെന്ന് നോർത്ത് റോപ്പ് ഫ്രൈ ‘സാഹിത്യത്തിലെ ആദി പ്രതീകങ്ങൾ’ എന്ന പ്രബന്ധത്തിൽ വിശദീകരിക്കുന്നുണ്ട്. ഭൂമിയെ ഋതുശക്തികൾ പരിഗ്രഹിക്കുകയെന്ന പ്രകൃതി പ്രതിഭാസം എപ്രകാരം ഗ്രീക് മിത്തോളജിയിൽ വ്യക്തി കഥകളായി മാറിയെന്ന് ഗിൽബെർട്ട് മുറെ അപഗ്രഥിക്കുന്നുണ്ട്്. ഗ്രീക് കഥകളിൽ ഹതരും ഹന്താക്കളുമായ പുരുഷ കഥാപാത്രങ്ങൾ ഋതുക്കളുടെ പുരുഷാകാരത്തിലുള്ള അവതാരങ്ങളും സ്ത്രീ കഥാപാത്രങ്ങൾ ഭൂമിയുമാണെന്ന് ഗിൽബെർട്ട് മുറെ സമർഥിക്കുന്നു. ഭാരതത്തിൽ ഇതിഹാസങ്ങളായ രാമായണത്തിലെയും മഹാഭാരതത്തിലെയും കഥകളെ ഈ പരിപ്രേക്ഷ്യത്തിൽ ടീച്ചർ വായിക്കാൻ ശ്രമിച്ചിട്ടുണ്ട്.

മിത്തിലെ കഥക്ക് ഓരോ കാലഘട്ടത്തിലും ഓരോ ദേശത്തും തദനുസൃതമായ ഭാവരൂപപരിണാമങ്ങൾ വരും എന്ന് ടീച്ചർ അഭിപ്രായപ്പെടുന്നു. അത്തരം കൃതികളുടെ ഭാവസത്ത അഭിവ്യക്തമാക്കുക എന്നതിനർഥം മിത്തോളജിയോളം വേരോട്ടമുള്ള ആദിപ്രതീകങ്ങൾ സമുന്മീലനം ചെയ്യപ്പെടുക എന്നതാണെന്നാണ് ടീച്ചറുടെ പക്ഷം (യൂങ്ങിന്റെ മനഃശാസ്ത്രം സാഹിത്യ നിരൂപണത്തിൽ). ഈ വഴിക്കുള്ള പഠനങ്ങളും അപഗ്രഥനങ്ങളും ഇതിഹാസങ്ങളെ പുതിയ ഉൾക്കാഴ്ചയോടെ സമീപിക്കാനും. വിശാലമായ ഒരു മതാത്മക വീക്ഷണം വളർത്തിയെടുക്കാനും മാനവികതയുടെയും സ്നേഹത്തിന്റെയും സന്ദേശം സ്വജീവിതത്തിൽ പകർത്താനും ടീച്ചറെ സഹായിച്ചിട്ടുണ്ടെന്നു തോന്നുന്നു.

മാനുഷ്യകത്തിന്റെ അനൗദ്യോഗിക നിയമ നിർമാതാക്കൾ എന്ന് ഷെല്ലി പ്രകീർത്തിച്ച ഉത്തമ സാഹിത്യകാരന്മാർ, കാലദേശാനുരോധമായി ചെറിയ തോതിൽ രക്ഷാകൃത്യങ്ങൾ ഏറ്റെടുക്കുന്നുണ്ട് എന്ന് ടീച്ചർ സൂചിപ്പിക്കുന്നു. ഒരു നവ്യവ്യവസ്ഥിതി രൂപപ്പെടുത്തുമ്പോൾ, ഒരു ജനതയുടെ പാരമ്പര്യത്തെ അഥവാ വർഗബോധ പ്രേരണാ ശക്തികളെ ഒറ്റവെട്ടിന് മുറിച്ചുകളഞ്ഞ് അത് സാധിതമാക്കാൻ കഴിയില്ല. ആരാധിക്കാൻ ഒരാദി പ്രതീകമില്ലാത്ത അവസ്ഥയോട് ഒരു ജനതക്ക്, വിശിഷ്യാ ഭാരതീയ സമൂഹത്തിന്, എളുപ്പത്തിൽ പൊരുത്തപ്പെടാനാകില്ല. മാർക്സിന്റെ തത്ത്വശാസ്ത്രത്തിൽ യൂങ്ങിന്റെ മനഃശാസ്ത്രദർശനം വേണ്ടുവോളം വണ്ണം കലർത്തി യോജിപ്പിച്ച് അതിനനുഗുണമായ തത്ത്വശാസ്ത്രവും കർമപദ്ധതിയും സംവിധാനം ചെയ്യാൻ കഴിയുന്ന ഒരാൾക്കേ ഇവിടെ പ്രവാചക-രക്ഷക പദവിയിലേക്ക് ഉയരാനാകൂ എന്ന് ടീച്ചർ വിശ്വസിക്കുന്നു.

സമൂഹശാസ്ത്രം, മനഃശാസ്ത്രം, ഭൗതികശാസ്ത്രം മുതലായവയെപ്പറ്റി പരിമിതമായ അറിവ് വിചിന്തനങ്ങളിൽ കലരുമെങ്കിലും പൗരസ്ത്യ മാർഗത്തോടാണ് തനിക്ക് ആഭിമുഖ്യം എന്ന് ടീച്ചർ രേഖപ്പെടുത്തിയിട്ടുണ്ട് (രണ്ടുതരം സങ്കീർണതകൾ, അഭിനവ ഗുപ്തൻ, യൂങ്, മാർക്സ് എന്നീ ചിന്തകരെ മൂന്ന് മൂലകളാക്കി സങ്കൽപിച്ച് ഒരു ത്രികോണം വരച്ചാൽ അവരുടെ കലാതത്ത്വ വിചാരങ്ങളെ സമന്വയിപ്പിക്കുന്ന ഒരു ആന്തരവൃത്തം കണ്ടെത്താൻ കഴിയുമോ എന്ന് ടീച്ചർ വിഭാവനം ചെയ്യുന്നുണ്ട് (അഭിനവ ഗുപ്തനും യൂങ്ങും മാർക്സും) വാസനാലീന ഭാവങ്ങൾ സാധാരണീകൃതങ്ങളായി അഭിവ്യക്തങ്ങളാകുമ്പോൾ രസാനുഭൂതി ഉളവാകുന്നു എന്നാണ് അഭിനവഗുപ്തൻ പറയുന്നത്.

 

ഡോ. എം. ലീലാവതി രചിച്ച കൃതികൾ

സഞ്ചിത സംസ്കാരത്തിന്‍റെ അത്യന്ത വിപുലമായ ഒരു അധഃസ്ഥലം ഉണ്ടെന്നാണ് അർഥമാക്കുന്നത്. അനാദി വാസനാ രൂപേണ വ്യക്തി ചിത്തത്തിൽ നിർലീനമായിരിക്കുന്ന മാനസഭാവങ്ങൾ സാമാന്യാകാരത്തിൽ അഭിവ്യക്തമാകുന്നു എന്നതാണ് ആനന്ദ വർധനന്‍റെ രസധ്വനി സിദ്ധാന്തത്തിൽ അഭിനവഗുപ്തൻ പ്രക്ഷേപിച്ച നൂതന ദർശനം. വ്യക്തിയുടെ ജന്മപരമ്പരകൾ എന്ന ഭാരതീയ സങ്കൽപത്തിൽനിന്ന് യൂങ്ങിന്റെ സങ്കൽപം വ്യത്യസ്തമാണെങ്കിലും വാസനാലീനമായ മൗലികാനുഭൂതികളെപ്പറ്റി യൂങ്ങും പറയുന്നുണ്ട്. അനുഭൂതികൾ വ്യക്തിയുടെ അവിർഭാവത്തിന് ശേഷമുള്ളവ മാത്രമല്ല എന്ന വീക്ഷണത്തിലാണ് ഇവർ യോജിപ്പ്. ‘ശക്തി’, ‘പ്രതിഭ’ എന്ന് ഭാരതീയർ വിളിക്കുന്ന സിദ്ധിയെ അനന്യപരതന്ത്രമായ സർഗവികാര സംഘാതം (Autonomous Creative Complex) എന്നാണ് യൂങ് നിർവചിക്കുന്നത്. ആദിമ വാസനകളെ അനാദിവാസനാരൂപമായ സ്ഥായിഭാവങ്ങൾ എന്ന് അഭിനവഗുപ്തൻ സൂചിപ്പിക്കുമ്പോൾ, വർഗാവബോധത്തിൽ വർത്തിക്കുന്ന വൈകാരികാനുഭൂതി സഞ്ചയം എന്നാണ് യൂങ് വിവക്ഷിക്കുന്നത് എന്ന് ടീച്ചർ ചൂണ്ടിക്കാണിക്കുന്നു.

കവന പ്രക്രിയ ഉൽപാദ്യമാണെന്ന് മാർക്സും കരുതുന്നില്ലെന്ന് ടീച്ചർ സൂചിപ്പിക്കുന്നു. കവിതകളും ഗീതകങ്ങളും എഴുതിയ മാർക്സ് കവനപരിശ്രമങ്ങൾ ഉപേക്ഷിച്ചതിന്‍റെ കാരണമതാകാം എന്ന് ടീച്ചർ കരുതുന്നു. എന്നാൽ, സർഗശക്തിക്ക് മിസ്റ്റിക് പരിവേഷമോ ആത്മീയ നിഗൂഢതയോ അദ്ദേഹം കൽപിക്കുന്നില്ല.

പക്ഷേ വ്യക്തി സമൂഹത്തിന്റെ ഘടകം മാത്രമാണെന്നും സമൂഹത്തിന്റെ സമഗ്ര ജീവിതഭദ്രതക്ക് വ്യക്തി സ്വീയമായ സംഭാവന നൽകണമെന്നുമുള്ള മാർക്സിയൻ ദർശനം യൂങ്ങിന്റെയോ അഭിനവ ഗുപ്തന്റെയോ സാഹിത്യദർശനത്തിൽനിന്ന് വ്യത്യസ്തമല്ല എന്ന് ടീച്ചർ കരുതുന്നു. വിഭാവാനുഭാവ വ്യഭിചാരി ഭാവങ്ങളുടെ സംയോഗം കൊണ്ട് എന്ന് അഭിനവ ഗുപ്തൻ പറയുന്നതും മനുഷ്യന്‍റെ യഥാർഥ പ്രകൃതി സാമൂഹികബന്ധങ്ങളുടെ ഒരു യോഗമാണ് എന്ന മാർക്സിയൻ വീക്ഷണവും തമ്മിൽ വൈരുധ്യമില്ല എന്ന് ടീച്ചർ അഭിപ്രായപ്പെടുന്നു. കല വ്യക്തിയുടെ മാത്രമല്ല വ്യക്തിയുൾപ്പെട്ട സമൂഹത്തിന്റെ ഒട്ടാകെയുള്ള ഉൽപന്നമാണ് എന്ന വീക്ഷണത്തിൽ യൂങ്ങും അഭിനവഗുപ്തനും മാർക്സും വാസ്തവത്തിൽ യോജിക്കുന്നു എന്നാണ് ടീച്ചറുടെ പക്ഷം. കുടിയൊഴിക്കൽ, കുറത്തി, വാഴക്കുല തുടങ്ങിയ കവിതകൾ പരിശോധിച്ച് ടീച്ചർ ഇതു സ്ഥാപിക്കുന്നു. സഞ്ചരിക്കുന്ന മാർഗമൊന്നല്ലെങ്കിലും അവർ എത്തിച്ചേരുന്ന സത്യം ഒന്നാണെന്നാണ് ടീച്ചറുടെ നിഗമനം.

ശാസ്ത്രീയത, ധർമബോധം, വികാരതീവ്രത എന്നിവയെ സ്പർശിച്ചു കൊണ്ടുള്ള ഒരു ആശയ പ്രപഞ്ചത്തെ അംഗീകരിക്കുന്നപോലെ അഭിനവഗുപ്തൻ, യൂങ്, മാർക്സ് എന്നിവരെ സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു നിരൂപണ പദ്ധതിയെ ടീച്ചർ വിഭാവനം ചെയ്യുന്നു. വൈചിത്യത്തിനുവേണ്ടിയുള്ള അന്വേഷണങ്ങളും പുതിയ വെളിച്ചങ്ങൾ ഉൾക്കൊള്ളാനുള്ള ത്വരയും ഏതു സാഹിത്യത്തെയും പഴക്കത്തിന്‍റെ ജരാനരകളിൽനിന്ന് രക്ഷിക്കുന്നു.

ജ്യോതിർ വ്യസനിതയാണ് സാഹിത്യത്തിനുള്ള കായക്കൽപ ചികിത്സ എന്ന് ടീച്ചർ അഭിപ്രായപ്പെട്ടിട്ടുണ്ട് (രണ്ടുതരം സങ്കീർണതകൾ). ഇൗയൊരു നിലപാടാണ് പുത്തൻ കൂറ്റുകാരെയും വായിക്കാനും മനസ്സിലാക്കാനുമുള്ള സന്നദ്ധത ടീച്ചറിലുണ്ടാക്കുന്നത്. സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘ബിരിയാണി’യും എം.എസ്. ബനേഷിന്‍റെ ‘ജലഭരദിനയാത്രയും’ സുഭാഷ് ചന്ദ്രന്റെ ‘സമുദ്രശിലയും’ അർഹിക്കുംവിധം അടയാളപ്പെടുത്താൻ കഴിയുന്നത് ഈ സന്നദ്ധതയുള്ളതുകൊണ്ടാണ്.

Gen zയെ എന്തിന് Gen Alphaയുടെ എഴുത്തിനെപ്പോലും മനസ്സിലാക്കാൻ കഴിയുന്ന ഒരു നിരൂപക പ്രതിഭ മലയാളത്തിന്റെ പുണ്യമാണ്.

വിഷ്ണു മാഷുടെ കവിത കടമെടുത്തു പറയട്ടെ:

ഈ രശ്മികളുതിർക്കുന്ന

മനസ്സിനെന്തു വാർധകം?

അടുത്തവരി ഒന്നു തിരുത്തിപ്പറയട്ടെ:

ഈ മനസ്സു തിളങ്ങുമ്പോൾ

മലയാളത്തിന്നെവിടെ ക്ഷയം?

News Summary - Dr M Leelavathy and Her Legacy in Malayalam Criticism