ഒരു പുണ്യജന്മത്തിന്റെ ദിവ്യദീപ്തി

പ്രഫ. എം.കെ. സാനുവുമായി ദീർഘകാലമായി അടുപ്പം പുലർത്തിയിരുന്ന എഴുത്തുകാരിയും നിരൂപകയുമായ ലേഖിക ആ ഓർമകൾ എഴുതുന്നു. ഒപ്പം സാനു മാഷിന്റെ ജീവിത സംഭാവനകളെക്കുറിച്ചും വിവരിക്കുന്നു.വ്യക്തിപരമായി എന്റെ വലിയൊരു നഷ്ടമാണ് സാനു മാസ്റ്ററുടെ വിയോഗം. ഒമ്പതു ദിവസംകൊണ്ട് എല്ലാം മാറിമറിഞ്ഞു. സർജറിക്കുശേഷം മുറിയിൽ കൊണ്ടുവന്നു എന്ന് മക്കൾ പറഞ്ഞപ്പോൾ മാഷ് വേഗം വീട്ടിലേക്ക് എത്തും എന്നാണ് കരുതിയത്. പക്ഷേ, ദൈവം മറ്റൊന്നാണ് വിധിച്ചത്. ഈ വിയോഗം സൃഷ്‌ടിച്ച വിടവ് ചെറുതല്ല. കാരണം എന്റെ അമ്മയുടെയും അച്ഛന്റെയും മരണശേഷം മാഷ് എനിക്ക് വൈകാരികമായി വലിയൊരു നങ്കൂരമായിരുന്നു. ഇത് എന്റെ മാത്രം അനുഭവമാകില്ല. എനിക്ക്...
Your Subscription Supports Independent Journalism
View Plansപ്രഫ. എം.കെ. സാനുവുമായി ദീർഘകാലമായി അടുപ്പം പുലർത്തിയിരുന്ന എഴുത്തുകാരിയും നിരൂപകയുമായ ലേഖിക ആ ഓർമകൾ എഴുതുന്നു. ഒപ്പം സാനു മാഷിന്റെ ജീവിത സംഭാവനകളെക്കുറിച്ചും വിവരിക്കുന്നു.
വ്യക്തിപരമായി എന്റെ വലിയൊരു നഷ്ടമാണ് സാനു മാസ്റ്ററുടെ വിയോഗം. ഒമ്പതു ദിവസംകൊണ്ട് എല്ലാം മാറിമറിഞ്ഞു. സർജറിക്കുശേഷം മുറിയിൽ കൊണ്ടുവന്നു എന്ന് മക്കൾ പറഞ്ഞപ്പോൾ മാഷ് വേഗം വീട്ടിലേക്ക് എത്തും എന്നാണ് കരുതിയത്. പക്ഷേ, ദൈവം മറ്റൊന്നാണ് വിധിച്ചത്. ഈ വിയോഗം സൃഷ്‌ടിച്ച വിടവ് ചെറുതല്ല. കാരണം എന്റെ അമ്മയുടെയും അച്ഛന്റെയും മരണശേഷം മാഷ് എനിക്ക് വൈകാരികമായി വലിയൊരു നങ്കൂരമായിരുന്നു. ഇത് എന്റെ മാത്രം അനുഭവമാകില്ല. എനിക്ക് പരിചയമുള്ള എത്രയോ പേരുടെ ജീവിതത്തിലെ സംഘർഷ ഘട്ടങ്ങളിൽ വലിയൊരു സാന്ത്വനമായി മാഷ് ഒപ്പം ഉണ്ടായിരുന്നു എന്ന് എനിക്കറിയാവുന്ന കാര്യമാണ്.
സാനു മാഷേ കുറിച്ചുള്ള ആദ്യ സജീവ ചിത്രം വീടിന്റെ മുന്നിലുള്ള വഴിയിലൂടെ പോകുന്ന സാനു മാഷും അഴീക്കോട് മാഷുമാണ്. അന്ന് ‘സന്ധ്യ’ പണിതിട്ടില്ല. അതിനടുത്തുള്ള ഒരു വീട്ടിൽ മാഷ് വാടകക്ക് താമസിക്കുകയായിരുന്നു. അന്നിവരുടെ വലുപ്പം മനസ്സിലാക്കാനുള്ള കഴിവോ പക്വതയോ എനിക്കുണ്ടായിരുന്നില്ല. ഞാൻ മാഷിന്റെ പ്രസംഗം ആദ്യം കേട്ടത് ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ്. സ്കൂളിനെ പ്രതിനിധാനംചെയ്ത് അക്കൊല്ലത്തെ ബാലജന സഖ്യം ശിൽപശാലയിൽ പങ്കെടുക്കേണ്ടി വന്നു. അന്ന് എനിക്കോർമയുള്ളത് സാനു മാഷിന്റെയും ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെയും പ്രഭാഷണങ്ങളാണ്. അവതരണത്തിന്റെ പ്രത്യേകതകൊണ്ട് കേൾവിക്കാരെ പിടിച്ചിരുത്താനുള്ള മാഷിന്റെ മികവ് പിന്നെ എത്രയോ തവണ ആസ്വദിച്ചിരിക്കുന്നു.
ഞാൻ പ്രീഡിഗ്രിക്ക് പഠിച്ചിരുന്ന കാലത്താണ് മാഷോടും കുടുംബത്തോടും കൂടുതൽ അടുത്തത്. അന്നൊക്കെ മഹാരാജാസിൽ സമരവും അധ്യാപകരുടെ സ്ഥലം മാറ്റവും മൂലം പാഠങ്ങൾ മിക്കവാറും പൂർത്തിയാകില്ല. ‘ഗദ്യ കൈരളി’ എന്ന സമാഹാരത്തിലെ മിക്ക ലേഖനങ്ങളും എടുക്കാതെ വിട്ടു. അതെല്ലാം എനിക്ക് പഠിപ്പിച്ചുതന്നത് സാനു മാഷാണ്. അന്ന് അത്ര വലിയ സൗകര്യം ഒന്നും ഇല്ലാതിരുന്ന വീട്ടിൽ കോണിമുറിയുടെ ഒരു ഓരമാണ് മാഷ് എഴുത്തിന് ഉപയോഗിച്ചിരുന്നത്. അവിടെ ഒരു ചെറിയ മേശയിട്ട് മാഷ് എനിക്ക് പാഠങ്ങൾ പറഞ്ഞുതരുമായിരുന്നു. എം.പി. പോളിന്റെ ശൈലിയെ കുറിച്ചുള്ള പാഠം പഠിപ്പിച്ചത് ഇന്നും എന്റെ ഓർമയിൽ തെളിഞ്ഞുനിൽക്കുന്നു. മുണ്ടശ്ശേരി, പി.കെ. ബാലകൃഷ്ണൻ, മാരാർ, എസ്. ഗുപ്തൻ നായർ ഇവരെയൊക്കെ എത്ര ഭംഗിയായിട്ടാണ് മാഷ് മനസ്സിലാക്കി തന്നത്! അത് മാത്രമല്ല ഒരു ലേഖനത്തിന്റെ സാരാംശം ചോരാതെ സംക്ഷിപ്തമായി എങ്ങനെ അവതരിപ്പിക്കാം എന്ന വൈദഗ്ധ്യം എനിക്ക് മനസ്സിലാക്കിത്തന്നത് മാഷാണ്. പിന്നീട് ഡിഗ്രി ക്ലാസിലും എം.എ ക്ലാസിലും പഠിപ്പിച്ചപ്പോഴാണ് സാഹിത്യത്തിന്റെ ഇതര ശാഖകളിലും മാഷിനുള്ള പ്രാവീണ്യം കൃത്യമായി ബോധ്യപ്പെട്ടത്. മാഷെ പോലെതന്നെ, ബി.എസ് സി സുവോളജി കഴിഞ്ഞ് എം.എ മലയാളത്തിനു ചേർന്ന എന്റെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി എനിക്ക് ഒരുപാട് ആത്മബലം തന്നു. ഇത് മാഷ് എന്നോട് മാത്രം കാണിച്ച ഔദാര്യമല്ല. എത്രയോ എത്രയോ ശിഷ്യർക്ക് ഇത്തരം അനുഭവങ്ങൾ പങ്കുവെക്കാൻ ഉണ്ടാകും. ഈ സവിശേഷതയാണ് മാഷെ ഒരു അധ്യാപകൻ എന്നതിലുപരി ഒരു വികാരമാക്കി മാറ്റുന്നത്
മലയാളത്തിൽ ഒരുപക്ഷേ ഏറ്റവും കൂടുതൽ ജീവചരിത്രങ്ങൾ എഴുതിയിട്ടുള്ള വ്യക്തി സാനു മാഷ് ആയിരിക്കും. വരണ്ട വിവരണാവതരണം എന്നതിനപ്പുറം വായനക്കാരെ വ്യക്തിയുടെ സവിശേഷതകളിലേക്കും പ്രാധാന്യത്തിലേക്കും കൊണ്ടുവരുന്ന ഒരു എഴുത്ത് രീതിയാണ് മാഷ് പിന്തുടർന്നിരുന്നത്. ചരിത്ര, സാമൂഹിക പശ്ചാത്തലത്തിന് അധികം പ്രാധാന്യം കൊടുക്കുന്നില്ല എന്ന് പറഞ്ഞേക്കാം. പക്ഷേ മാഷിന് കൃത്യമായ നിലപാടുണ്ട്.
എഴുത്തിന്റെ ലോകത്തിലും പ്രഭാഷണത്തിന്റെ മേഖലയിലും എന്നെ എന്നും വിസ്മയപ്പെടുത്തിയിട്ടുള്ള വ്യക്തികളാണ് സാനു മാഷും ലീലാവതി ടീച്ചറും. അവരുടെ എഴുത്തിനോടും എഴുത്തുകാരോടുമുള്ള താൽപര്യവും അപാരമായ ഓർമശക്തിയും ഏറ്റവും ആദരണീയമാണ്. എഴുതുമ്പോൾ നോക്കാൻ ചില പുസ്തകങ്ങൾ കൊണ്ടുക്കൊടുക്കാൻ മാഷ് പറയാറുണ്ട്. ‘ഭാഷാഭൂഷണം’പോലുള്ള കൃതികളിലെ പല ഭാഗങ്ങളെക്കുറിച്ചുപോലും മാഷിനുള്ള അവഗാഹം അത്ഭുതാവഹമാണ്. മിക്കവാറും എല്ലാ കൃതികളും അദ്ദേഹത്തിന് ഹൃദിസ്ഥമാണെന്ന് മാത്രമല്ല ഓർത്തുവെക്കുകയും ചെയ്യും. വിഷ്ണുനാരായണൻ നമ്പൂതിരി സാറിന്റെ പേരിലുള്ള ട്രസ്റ്റ് കുമാരനാശാന്റെ കവിതകളെ അടിസ്ഥാനപ്പെടുത്തി വരച്ച ചില ചിത്രങ്ങൾക്ക് വിഷ്ണു മാഷ് എഴുതിയ കുറിപ്പുകൾ സമാഹരിച്ചപ്പോൾ അതിന് ഒരു ആമുഖം സാനു മാഷ് തന്നെ എഴുതണമെന്ന് അദ്ദേഹത്തിന്റെ മകൾ ഡോ. അദിതി താൽപര്യപ്പെട്ടു. ആ ചിത്രങ്ങളും കുറിപ്പുകളും സാനു മാഷുടെ അടുത്തെത്തിക്കാൻ എന്നെയാണ് ഏൽപിച്ചത്. അത് അപഗ്രഥിച്ചുള്ള മാഷുടെ വിശദീകരണം കേട്ടെഴുതിയത് ഞാനാണ്. ആശാൻ കവിതകളിലുള്ള അവഗാഹം മാത്രമല്ല, മാഷ് കാണാത്തതും വിഷ്ണു മാഷ് കാണുന്നതുമായ വസ്തുതകളെ ആദരവോടെ അംഗീകരിക്കാനും സാനു മാഷിന് ഒരു വിഷമവും ഉണ്ടായില്ല.

മാഷിന്റെ കുടുംബവുമായി എനിക്ക് വലിയ അടുപ്പമുണ്ട്. അതുകൊണ്ട് തന്നെ അധ്യാപകൻ, പ്രഭാഷകൻ, എഴുത്തുകാരൻ, സാമൂഹിക പ്രവർത്തകൻ എന്നതിനപ്പുറം ഒരു കുടുംബനാഥൻ എന്നനിലയിൽ മാഷെ അടുത്തുനിന്ന് മനസ്സിലാക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. എന്നെ അത്ഭുതപ്പെടുത്തിയ ഒരു ഓർമച്ചിത്രം, ഇളയമകൻ കുട്ടൻ എന്ന് ഞങ്ങൾ വിളിക്കുന്ന ഹാരിസിനെ എടുത്തുകൊണ്ട് മാഷ് ‘സന്ധ്യ’യുടെ വരാന്തയിൽ നടക്കുന്നതാണ്. കുട്ടൻ അന്ന് തീരെ ചെറിയ കുട്ടിയല്ല. പക്ഷേ പനി വന്നാൽ മാഷ് എടുത്തുകൊണ്ടു നടക്കണം എന്നത് കുട്ടന് നിർബന്ധമായിരുന്നു. മറ്റൊരു രംഗം മൂത്തമകൾ രേഖ വിവാഹിതയായി പോകുന്ന അവസരമാണ്. വിവാഹാനന്തരം രേഖ ഭർത്താവിന്റെ വീട്ടിലേക്കു പോകുന്ന അവസരത്തിലെ വൈകാരികവൈവശ്യം എന്നെ ഓർമിപ്പിച്ചത് മാഷ് തന്നെ പഠിപ്പിച്ച ‘അഭിജ്ഞാന ശാകുന്തള’ത്തിൽ ശകുന്തള പോകുമ്പോൾ കണ്വന്റെ വൈവശ്യമാണ്. ഇങ്ങനെ ആ കുടുംബവുമായി ബന്ധപ്പെട്ട എത്രയോ ഓർമച്ചിത്രങ്ങൾ! രേഖയും രാജി എന്ന് വിളിക്കുന്ന ഗീതയും അപ്പായി എന്ന് ഞങ്ങൾ വിളിക്കുന്ന സീതയും എന്റെ സ്വന്തം അനുജത്തിമാരെ പോലെയാണ്. രഞ്ജിത്തും കുട്ടനും അനിയന്മാരും.
സാനു മാഷിന്റെ കുടുംബത്തെ കുറിച്ചു പറയുമ്പോൾ സഹധർമിണിയെ കുറിച്ചു പറയാതെ വയ്യ. സ്നേഹത്തിന്റെയും ക്ഷമയുടെയും ആൾരൂപമായിരുന്നു രത്നമ്മ ചേച്ചി. ആളൊഴിയാതെ മാഷെ കാണാൻ ആ വീട്ടിൽ വരുന്നവരെ ഒരു ദുർമുഖവും ഇല്ലാതെ എന്നും സ്വീകരിച്ചിരുന്ന വ്യക്തി. മാഷിന്റെ ആത്മബലം തന്നെയായിരുന്നു ചേച്ചി. മാഷ് പഠിപ്പിക്കലും എഴുത്തും പൊതുപ്രവർത്തനവുമായി തിരക്കിലായിരുന്നപ്പോൾ ആ കുടുംബത്തിന്റെ കടിഞ്ഞാണിന് ഇളക്കം വരാതെ കൊണ്ടുപോയ മഹതി.
നല്ലൊരു പാചകക്കാരിയായ ചേച്ചി ഉണ്ടാക്കിയ വിഭവങ്ങൾ കൂട്ടി മാഷും ചേച്ചിയുമൊത്തു കഴിച്ച ഊണിന്റെ രുചി എന്നും ഓർമയിലുണ്ടാകും. ചേച്ചിയുടെ പ്രതിബദ്ധതയാകും അവസാന നാളുകളിൽ ചേച്ചിയോട് ഏറെ കരുതൽ കാണിക്കാൻ മാഷേ പ്രേരിപ്പിച്ചിരിക്കുക. ചേച്ചി ഓർമക്കുറവിലേക്കു വഴുതി വീഴുന്നതിനു വേദനയോടെ സാക്ഷ്യം വഹിച്ച ആളാണ് ഞാൻ. ഒടുവിൽ തീരെ കിടപ്പിലായപ്പോൾ പാലിയേറ്റിവ് കെയറിന്റെ സഹായത്തിനും മറ്റും ആ കുടുംബത്തിന്റെ ഒപ്പം നിൽക്കാൻ സാധിച്ചത് വലിയൊരു പുണ്യമായി ഞാൻ കരുതുന്നു. ചേച്ചിയുടെ അവസാന നാളുകളിൽ അവർക്കരികിൽ കൈ പിടിച്ച് തലോടിക്കൊണ്ട് ഏറെനേരം ഇരിക്കുന്ന മാഷുടെ ദൃശ്യം ഇന്നും തെളിഞ്ഞുനിൽക്കുന്നു. ചേച്ചിയുടെ മരണശേഷം ആ വിടവ് നികത്താൻ വളരെ കരുതലോടെ രേഖയും രാജിയും ശ്രദ്ധിച്ചിരുന്നു. കുടുംബത്തേക്കാൾ അച്ഛനാണ് വലുത് എന്ന് കരുതിയ മക്കൾ മാഷിന്റെ പുണ്യംതന്നെയാണ്.
സൗഹൃദങ്ങളെ ഏറെ വിലമതിച്ച വ്യക്തിയാണ് സാനു മാഷ്. എന്നും മാഷ് അതുപോലെ ആയിരുന്നു. 1989ൽ പി.കെ. ബാലകൃഷ്ണൻ തന്റെ സുഹൃത്ത് ആന്റണിക്ക് അയച്ച ഒരു കത്തിൽ ഇത് സൂചിപ്പിക്കുന്നുണ്ട്. സി.ജെ. തോമസ്, പി.കെ. ബാലകൃഷ്ണൻ, എം. ഗോവിന്ദൻ, അയ്യപ്പപ്പണിക്കർ, ജി. ശങ്കരപ്പിള്ള, എം.വി. ദേവൻ, എം. തോമസ് മാത്യു എന്നിങ്ങനെ എത്രയോ എത്രയോ പേരുമായി മാഷ് വെച്ചുപുലർത്തിയിരുന്ന ഊഷ്മളമായ സൗഹൃദങ്ങളെ കുറിച്ചു ഞാൻ വീട്ടിൽ വെറുതെ കാണാൻ ചെല്ലുന്ന അവസരങ്ങളിൽ മാഷ് പറയുമായിരുന്നു. ആ സൗഹൃദങ്ങളിലെ സുഗന്ധം പകർത്തിവെക്കാമായിരുന്നു എന്ന് ഇപ്പോൾ തോന്നുകയാണ്.
കാരണം അത്തരമൊരു മൂല്യം നഷ്ടപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നത്. എം.വി. ദേവന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘കേരള കലാപീഠ’ത്തിന്റെ വലിയൊരു താങ്ങായിരുന്നു സാനു മാഷ്. കലാധരന്റെ ഉത്സാഹത്തിലും പരിശ്രമത്തിലും അവിടെ സംഘടിപ്പിച്ചിരുന്ന ഒരുപാട് സാഹിത്യ-സാംസ്കാരിക പരിപാടികൾ എന്റെ തലമുറയിലെ ഒരുപാട് പേരുടെ കലയോടുള്ള വീക്ഷണം മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്. ഈ ഒരു വിഷയത്തിൽ പ്രഫ. സുധ ബാലചന്ദ്രൻ എപ്പോഴും വാചാലയാകാറുണ്ട്. മാഷിന്റെ വാത്സല്യം ആവോളം ലഭിച്ച വ്യക്തി. തന്റെ ഒപ്പം ജോലി ചെയ്തിരുന്ന വിവിധ വകുപ്പുകളിലെ അധ്യാപകരും അവരുടെ കുടുംബവുമായും മാഷ് വെച്ചുപുലർത്തിയിരുന്ന ആത്മബന്ധം വലുതായിരുന്നു. മാഷും ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരും ഡോ. സി.കെ. രാമചന്ദ്രനും തമ്മിലുള്ള സൗഹൃദവും സായാഹ്‌ന സവാരികളും എറണാകുളത്തുകാർക്കിടയിൽ പ്രസിദ്ധമാണ്. എഴുതി തെളിഞ്ഞവരെ മാത്രമല്ല എഴുതി തുടങ്ങുന്നവരെ പോലും പ്രോത്സാഹിപ്പിക്കുന്നതിൽ മാഷും ലീലാവതി ടീച്ചറും കാണിക്കുന്ന താൽപര്യം മാതൃകാപരമാണ്.
ശ്രീനാരായണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളിൽ മാഷ് വ്യാപൃതനായിരുന്നു. സേവനം ജീവിതവ്രതം തന്നെ ആയിരുന്നു അദ്ദേഹത്തിന്. ഒരുപാട് സാമൂഹിക പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടുന്ന വ്യക്തിയാണ് സാനു മാഷ്. ആരോഗ്യ-പരിസ്ഥിതി മേഖലകളിലെ അദ്ദേഹത്തിന്റെ ഇടപെടലുകൾ പ്രസിദ്ധമാണ്. രുധിരാനുസാരിയായ കവിയെ പഠിക്കുകയും പഠിപ്പിക്കുകയുംചെയ്ത വ്യക്തി സ്വാഭാവികമായും അങ്ങനെയേ ചെയ്യൂ. എന്നാൽ, പ്രശസ്തി അല്ല ഇതിനു പിറകിലുള്ള വികാരം. ഞങ്ങളുടെ ഭാഗത്തു നിസ്സഹായയായ ഒരു സ്ത്രീ നിയമക്കുരുക്കിൽപെട്ട് അവരുടെ വീട് ജപ്തി ചെയ്യും എന്ന നിലയിലായി. അവരെ സഹായിക്കാൻ മാഷ് മുന്നിൽ നിന്നത് കുറച്ചുനാൾ മുമ്പാണ്. നിയമക്കുരുക്കിൽനിന്ന് അവരെ രക്ഷിക്കാൻ ഞങ്ങൾ ശ്രമിച്ചപ്പോൾ മാഷ് തന്ന പിന്തുണ വളരെ വലുതായിരുന്നു. ഇത്തരം പ്രവർത്തനങ്ങളിൽ പ്രശസ്തിയല്ല മനുഷ്യത്വമാണ് പ്രധാനം എന്നു മാഷ് പഠിപ്പിച്ചുതരികയായിരുന്നു. അത് സാധിതമാകുംവരെ മാഷ് അനുഭവിച്ച സംഘർഷം എനിക്ക് വ്യക്തമായി അറിയാം.
കാരിക്കാമുറി ഭാഗത്തെ എല്ലാ വീടുകളും ആളുകളും മാഷുടെ സ്വന്തമാണ്. എല്ലാവരുടെയും സുഖത്തിലും ദുഃഖത്തിലും മാഷ് കൂടെ നിൽക്കും. മാഷിന്റെ സൗമ്യഭാവം എല്ലാവർക്കും വലിയ സാന്ത്വനമാണ്. വ്യക്തിപരമായി മാഷിന്റെ അസാന്നിധ്യം എനിക്ക് തീരാനഷ്ടമാണ്. എന്റെ കുടുംബത്തിലെ എല്ലാ വിഷമഘട്ടങ്ങളിലും മാഷ് ഒപ്പം ഉണ്ടായിരുന്നു. അത് മുത്തച്ഛൻ മരിച്ചപ്പോൾ മുതൽ അഞ്ച് കൊല്ലം മുമ്പ് ഭർതൃമാതാവ് മരിച്ചപ്പോൾ വരെ തുടർന്നുപോന്നു. മാഷ് ഇലക്ഷന് നിന്ന് ജയിച്ചപ്പോൾ വോട്ട് എണ്ണുന്ന എസ്.ആർ. വി സ്കൂളിൽനിന്ന് നേരെ വന്നത് എന്റെ അമ്മയെയും അച്ഛനെയും കാണാനാണ്. ഈ അടുത്തകാലത്തുപോലും മാഷ് അത് ഓർമിപ്പിച്ചു. സാനു മാഷ് അങ്കിൾ എന്നും എന്റെ മകന് ആദരണീയനാണ്. പറ്റുന്ന അവസരത്തിൽ എല്ലാം മാഷിന് ഏറ്റവും ഇഷ്ടമുള്ള സുഖിയൻ വാങ്ങി എത്തിക്കാൻ എന്റെ ഭർത്താവ് മോഹന് വലിയ ഔത്സുക്യമാണ്. ഞങ്ങളുടെ കുടുംബത്തിന്റെ ഒരു ഭാഗംതന്നെയായിരുന്നു മാഷ്.
ആരുടെ ഏത് അഭ്യർഥനയും അവഗണിക്കാത്ത ഒരു പ്രകൃതമായിരുന്നു മാഷിന്റേത്. എന്റേത് പോലുള്ള അനുഭവങ്ങൾ പലർക്കും ഉണ്ടാകാം. ആരുടെ അഭ്യർഥനയും നിരസിക്കാത്ത ഔദാര്യം ആ വലിയ ഹൃദയത്തിന്റെ സഹജ ഭാവമായിരുന്നു എന്ന് ശ്രീനാരായണ ഗുരു സ്വാമികളെ കുറിച്ച് എഴുതുക മാത്രമല്ല, അത് ശരിക്കും ഉൾക്കൊണ്ടു പ്രവൃത്തിയിലേക്ക് എത്തിക്കുകയുംചെയ്തു. സഹായഹസ്തം നീട്ടുന്നതിൽ ജാതി മത ലിംഗ കക്ഷി ഭേദങ്ങൾ മാഷ് ഒരിക്കലും പരിഗണിച്ചിരുന്നില്ല. ആരോഗ്യംപോലും അവഗണിച്ചാണ് മാഷ് പലപ്പോഴും കാര്യങ്ങൾ ചെയ്തിരുന്നത്. കുറച്ചുദിവസം മുമ്പ് കാലിലെ വിരലുകൾക്കിടയിൽ ഇൻഫെക്ഷൻ ഉണ്ടായി പരിചരണം നടക്കുന്നതിനിടയിൽ പുറത്ത് പോകരുതെന്ന് മാഷോട് പറഞ്ഞിട്ടും പോയതിൽ ഞാൻ കുറെ പരിഭവപ്പെട്ടു. മാഷ് എന്നും പൊതുജനത്തിന്റെ ആളാണ് എന്ന് മാഷ് എന്നെ കൂടക്കൂടെ ഓർമിപ്പിച്ചു.

കൊച്ചിയിൽ കലാപീഠത്തിലെ ഒരു പുസ്തക പ്രകാശന ചടങ്ങ്. സച്ചിദാനന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജ്യോതി ഉണ്ണിരാമന്റെ പുസ്തകം കവി ബക്കർ മേത്തലക്ക് നൽകി സാനു മാഷ് പ്രകാശനം ചെയ്യുന്നു. ഡോ. രതി മേനോൻ, ടി. കലാധരൻ എന്നിവർ സമീപം
തുലാം മാസത്തിലെ വിശാഖം നാളിലാണ് മാഷ് ജനിച്ചത്. ഞാൻ എറണാകുളത്തുള്ളപ്പോഴൊക്കെ വഴിപാട് കഴിച്ച് പ്രസാദവുമായി പോകുമായിരുന്നു. ഞാൻ തന്നെ പ്രസാദം തൊടീച്ചാൽ മതിയെന്ന് മാഷ് പറയും. കർക്കടകത്തിലെ വിശാഖത്തിൽ മാഷ് പോയി. ജനിച്ച നക്ഷത്രത്തിൽ പോകുന്നത് വലിയ കാര്യമായി പറയുന്നവർ ഉണ്ട്. ഈ കൊല്ലത്തെ വിഷു കഴിഞ്ഞ് എനിക്ക് കൈനീട്ടം തന്നു തലയിൽ കൈവെച്ചു അനുഗ്രഹിച്ചു പ്രാർഥിക്കുകയുണ്ടായി. ആ പ്രാർഥന എന്റെ ജീവിതത്തിന് ഊർജം തരട്ടെ എന്ന് ഞാനും പ്രാർഥിക്കുന്നു. മാഷ് എവിടെയായാലും അവിടെയെല്ലാം നന്മയുടെ സുഗന്ധം പരത്തും എന്ന് എനിക്ക് ഉറപ്പുണ്ട്. ആ വലിയ മനുഷ്യന്റെ ഓർമകൾക്ക് മുന്നിൽ കണ്ണീർ പ്രണാമം. മാഷ് ഈ ലോകത്തിൽനിന്ന് പോയാലും അനേകായിരം പേരുടെ ഹൃദയത്തിൽ മാഷ് ജീവിക്കും എന്നതിൽ സംശയമില്ല.