സ്നേഹത്തിന്റെ നീലാചലം

ലാത്വിയയിലെ പ്രധാന എഴുത്തുകാരിൽ ഒരാളായ നോറ ഇക്സ്റ്റേനയുടെ ‘സോവിയറ്റ് മിൽക്ക്’ (Soviet Milk) എന്ന കൃതി വായിക്കുന്നു. ലാത്വിയയിലെ സോവിയറ്റ് ഭരണത്തിന്റെ അവസാനകാലങ്ങളെ ആസ്പദമാക്കിയുള്ള ആഖ്യാനമാണ് ഈ കൃതി. പതിറ്റാണ്ടുകൾ നീണ്ട വിദേശാധിപത്യത്തിനുശേഷം, സോവിയറ്റ് യൂനിയന്റെ തകർച്ചയെത്തുടർന്ന് 1991ൽ സ്വാതന്ത്ര്യം വീണ്ടെടുത്ത രാജ്യമാണ് ലാത്വിയ. സംഘർഷഭരിതമായ അവസ്ഥകൾ നിറഞ്ഞ ഒരു കാലമായിരുന്നു അവിടെയുണ്ടായിരുന്നത്. ആഭ്യന്തരമായ കലഹങ്ങൾ നിറഞ്ഞുനിന്ന രണ്ടാം ലോകയുദ്ധത്തിനു ശേഷം ലാത്വിയയിലെ സാഹിത്യരംഗം പതുക്കെ സജീവമായി. ശ്രദ്ധനേടിയ എഴുത്തുകാരിൽ ചിലർ രാജ്യത്തുതന്നെ ജീവിതം തുടർന്നവരും മറ്റുള്ളവർ ഗുലാഗിൽ ...
Your Subscription Supports Independent Journalism
View Plansലാത്വിയയിലെ പ്രധാന എഴുത്തുകാരിൽ ഒരാളായ നോറ ഇക്സ്റ്റേനയുടെ ‘സോവിയറ്റ് മിൽക്ക്’ (Soviet Milk) എന്ന കൃതി വായിക്കുന്നു. ലാത്വിയയിലെ സോവിയറ്റ് ഭരണത്തിന്റെ അവസാനകാലങ്ങളെ ആസ്പദമാക്കിയുള്ള ആഖ്യാനമാണ് ഈ കൃതി.
പതിറ്റാണ്ടുകൾ നീണ്ട വിദേശാധിപത്യത്തിനുശേഷം, സോവിയറ്റ് യൂനിയന്റെ തകർച്ചയെത്തുടർന്ന് 1991ൽ സ്വാതന്ത്ര്യം വീണ്ടെടുത്ത രാജ്യമാണ് ലാത്വിയ. സംഘർഷഭരിതമായ അവസ്ഥകൾ നിറഞ്ഞ ഒരു കാലമായിരുന്നു അവിടെയുണ്ടായിരുന്നത്. ആഭ്യന്തരമായ കലഹങ്ങൾ നിറഞ്ഞുനിന്ന രണ്ടാം ലോകയുദ്ധത്തിനു ശേഷം ലാത്വിയയിലെ സാഹിത്യരംഗം പതുക്കെ സജീവമായി. ശ്രദ്ധനേടിയ എഴുത്തുകാരിൽ ചിലർ രാജ്യത്തുതന്നെ ജീവിതം തുടർന്നവരും മറ്റുള്ളവർ ഗുലാഗിൽ അകപ്പെട്ടവരും പാശ്ചാത്യരാജ്യങ്ങളിലേക്ക് പലായനം ചെയ്തവരുമായിരുന്നു. 1950കളുടെ മധ്യത്തോടെ പ്രവാസജീവിതം നയിച്ചിരുന്ന ലാത്വിയയിലെ എഴുത്തുകാർ മറ്റു പലയിടങ്ങളിൽനിന്നായി എഴുതിത്തുടങ്ങി.
അങ്ങനെ മുന്നോട്ടുപോയ ലാത്വിയയിലെ എഴുത്തുമേഖലയിലെ പ്രധാനപ്പെട്ട പേരാണ് നോറ ഇക്സ്റ്റേന. നോറ ഇക്സ്റ്റേനയുടെ ‘സോവിയറ്റ് മിൽക്ക്’ (Soviet Milk) എന്ന കൃതിയെ ലാത്വിയയിലെ പ്രസക്തമായ ഒരു നോവലായാണ് പരിഗണിക്കുന്നത്. 2015ൽ പ്രസിദ്ധീകരിച്ച ഈ നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ 2018ൽ പുറത്തിറങ്ങി. മാർഗിത ഗൈലിറ്റിസ് ആണ് ഇത് മൊഴിമാറ്റിയത്. ക്രമേണ മുപ്പതിലധികം ഭാഷകളിലേക്കും ഈ നോവൽ വിവർത്തനം ചെയ്യപ്പെട്ടു. ലാത്വിയയിലെ സോവിയറ്റ് ഭരണത്തിന്റെ അവസാന കാലങ്ങളെ ആസ്പദമാക്കിയുള്ള ആഖ്യാനമാണ് ‘സോവിയറ്റ് മിൽക്ക്’. ഇക്കഴിഞ്ഞ ജനുവരിയിൽ അമ്പത്തിയാറാമത്തെ വയസ്സിലാണ് ഇക്സ്റ്റേന മരിച്ചത്. മുത്തശ്ശി, മകൾ, കൊച്ചുമകൾ എന്നിങ്ങനെ മൂന്ന് തലമുറകളിലുള്ള സ്ത്രീകളുടെ ജീവിതംകൂടിയാണ് ഈ നോവലിലൂടെ അനാവരണം ചെയ്യുന്നത്. രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ എങ്ങനെയാണ് കുടുംബജീവിതത്തിൽ അടിച്ചമർത്തലുകൾ നടത്തുന്നതെന്ന് സ്ഥാപിക്കുന്നതാണ് ഈ നോവൽ.
ഓർമയെ പ്രധാന കരുവായി രൂപപ്പെടുത്തി അമ്മ-മകൾ ബന്ധത്തിന്റെ ആഴങ്ങളെ നോവലിൽ പ്രതിപാദിക്കുന്നു. പേര് രേഖപ്പെടുത്താത്ത അമ്മയും മകളും ആഖ്യാതാക്കളായ നോവൽ എഴുത്തുകാരിയുടെ ജീവിതവുമായി ചേർത്തുവെച്ചു വായിക്കാവുന്നതാണ്. ഒരു വിദേശ രാഷ്ട്രത്തിന്റെ അധികാരം വല്ലാതെകണ്ട് നിയന്ത്രിക്കുന്ന സമൂഹത്തിലെ സ്ത്രീകൾക്ക് സ്വന്തമായ പേര് എന്നത് പ്രസക്തമല്ലാത്ത വിഷയമായി നോവലിസ്റ്റ് കരുതുന്നുണ്ടാവണം.
1918 മുതൽ ലാത്വിയ ഒരു സ്വതന്ത്ര റിപ്പബ്ലിക്കായിരുന്നു. 1940ന് മുമ്പുതന്നെ അവിടെ രാഷ്ട്രീയമായ ഒരു ബലഹീനത നിലനിൽക്കുന്നുണ്ട്. നിരവധി രാഷ്ട്രീയകക്ഷികളും അസ്ഥിരമായ സഖ്യസർക്കാറുകളുമായിരുന്നു ലാത്വിയയിലുണ്ടായിരുന്നത്. അതുകൊണ്ട്, സോവിയറ്റ് അധിനിവേശത്തിന് തൊട്ടുമുമ്പുള്ള കാലയളവിൽ ലാത്വിയ പൂർണമായതലത്തിൽ പ്രവർത്തനക്ഷമമായ ഒരു ജനാധിപത്യരാജ്യമായിരുന്നില്ല. എങ്കിലും, അതൊരു സ്വതന്ത്രരാഷ്ട്രംതന്നെയായിരുന്നു. 1939ലെ മൊളോറ്റോവ്-റിബ്ബെൻട്രോപ്പ് കരാറിനെ തുടർന്ന് ലാത്വിയ സോവിയറ്റ് യൂനിയന്റെ താളമനുസരിച്ച് പ്രവർത്തിക്കാൻ തുടങ്ങി. പിന്നീട് 1940 ജൂൺ 17ന് റെഡ് ആർമി ലാത്വിയയെ അധിനിവേശം ചെയ്തു.
1939 മുതൽ 1940 വരെയും പിന്നീട് 1944 മുതൽ 1991 വരെയും ലാത്വിയ അടക്കമുള്ള ബാൾട്ടിക് രാജ്യങ്ങളിൽ സോവിയറ്റ് യൂനിയൻ നടത്തിയ നിയമവിരുദ്ധമായ അധിനിവേശം പൗരവർഗത്തെ പലവിധത്തിൽ ബാധിച്ചു. ഒരു ഹ്രസ്വകാലത്തെ നാസി അധിനിവേശം മാറ്റിനിർത്തിയാൽ, അഞ്ചു പതിറ്റാണ്ടോളമുള്ള സോവിയറ്റ് ഭരണകാലത്ത് ലാത്വിയയിലെ ജീവിതം ദുസ്സഹമായിരുന്നു. സോവിയറ്റ് അധിനിവേശത്തെ ലാത്വിയക്കാർക്ക് കേവലം ഒരു ഭരണമാറ്റമായി കാണാൻ കഴിഞ്ഞില്ല. സംസ്കാരത്തിലും വ്യക്തിസ്വാതന്ത്ര്യത്തിലും ഉണ്ടായ തകർച്ച അവർക്ക് ഹാനികരമായി ഭവിച്ചു. രാഷ്ട്രീയത്തിന്റെ വഴികൾ ഭീകരമായ വിധത്തിൽ ജനങ്ങൾക്ക് എതിരായി. നാടുകടത്തലുകൾ സ്വാഭാവികമായ ‘ഭരണ’പദ്ധതിയായി മാറി. ഭൂരിപക്ഷം കുടുംബങ്ങളെയും ഈ നീക്കം പിഴുതെറിയുകയായിരുന്നു. മനുഷ്യർ അവരവരുടെ വീടുകളിൽ നിന്നും, ഉറ്റവരിൽനിന്നും ചെയ്തിരുന്ന തൊഴിലുകളിൽനിന്നും, പരിചിതമായ സമൂഹങ്ങളിൽനിന്നും വേർപിരിഞ്ഞു.
അതോടൊപ്പം റഷ്യൻ ഭാഷ സംസാരിക്കുന്ന കുടിയേറ്റക്കാരുടെ വൻതോതിലുള്ള കടന്നുകയറ്റവും സംഭവിച്ചു. മറ്റ് സോവിയറ്റ് റിപ്പബ്ലിക്കുകളെ അപേക്ഷിച്ച് ജീവിതനിലവാരം താരതമ്യേന ഉയർന്നതായിരുന്നിട്ടും അവിടത്തെ മനുഷ്യർ നേരിട്ട മാനസികമായ സംഘർഷങ്ങൾ താങ്ങാവുന്നതിലും അപ്പുറമായിരുന്നു. രാഷ്ട്രീയ സന്ദർഭങ്ങൾ മനുഷ്യരെ വിറങ്ങലിപ്പിക്കുകയും നിശ്ചലരാക്കുകയും ചെയ്യുന്നതിന്റെ രംഗങ്ങളാണ് ആഖ്യാനത്തിലുടനീളം കാണുന്നത്. പെരിസ്ട്രോയിക്ക, ഗ്ലാസ്നോസ്റ്റ്, ലാത്വിയൻ സ്വാതന്ത്ര്യസമരം എന്നിവ രാഷ്ട്രീയ അന്തരീക്ഷത്തെ മാറ്റിമറിക്കാൻ തുടങ്ങുന്ന 1980കളുടെ അവസാനകാലത്തിലൂടെയും നോവൽ കടന്നുപോകുന്നുണ്ട്. സോവിയറ്റ് യൂനിയന്റെ കടന്നുവരവോടെ രാജ്യത്തുണ്ടായ മാറ്റങ്ങൾ അവിടത്തെ സാമൂഹിക ഘടനയെ പലവിധത്തിൽ തിരുത്തി. നോവലിൽ ഒരു ബഹുനില കെട്ടിടത്തെ സൂചിപ്പിച്ചുകൊണ്ട് അതിന്റെ ചരിത്രപരമായ സവിശേഷത വിവരിക്കുന്നു.

1940 ജൂൺ 17ന് സോവിയറ്റ് റെഡ് ആർമിയും കവചിത വാഹനങ്ങളും ലാത്വിയയിലെ റിഗ സ്റ്റേഷൻ സ്ക്വയറിലേക്ക് പ്രവേശിച്ചപ്പോൾ
വ്യത്യസ്ത കാലഘട്ടങ്ങളിൽ വേറിട്ട ജനവിഭാഗങ്ങൾ പങ്കിടുന്ന ഒരേ ഭൗതിക ഇടമായി അത് പരിണമിക്കുന്നു എന്നും പറയുന്നുണ്ട്. അതുപോലെ അവിടെ താമസിച്ചിരുന്ന ഒരു ജൂത കുടുംബത്തെ സൈബീരിയയിലേക്ക് നാടുകടത്തിയ കാര്യവും പരാമർശിക്കുന്നു. 1941 ജൂണിൽ, സോവിയറ്റ് അധികൃതർ ലാത്വിയയിൽനിന്ന് ആയിരക്കണക്കിന് ആളുകളെ സൈബീരിയയിലേക്കും സോവിയറ്റ് യൂനിയനിലെ മറ്റ് വിദൂര പ്രദേശങ്ങളിലേക്കും നിഷ്കാസനം ചെയ്തത് ഓർക്കണം. സോവിയറ്റ് യൂനിയൻ അവരെ നാടുകടത്തിയിരുന്നില്ലെങ്കിൽ, നാസി ജർമനി ലാത്വിയ പിടിച്ചടക്കിയപ്പോൾ അവർ അവിടെ തന്നെ തുടരുമായിരുന്നു. എങ്കിൽ തുടർന്ന് സംഭവിച്ച നാസി അധിനിവേശത്തിൽ അവർക്ക് നഷ്ടങ്ങൾ അഭിമുഖീകരിക്കേണ്ടിവരുമായിരുന്നു. നാസി അധിനിവേശത്തിന്റെ കീഴിലായിരുന്ന ലാത്വിയയിലെ ജൂതർ മഞ്ഞ നക്ഷത്രചിഹ്നം ധരിക്കാൻ നിർബന്ധിതരാവുകയും പീഡനങ്ങൾക്ക് ഇരയാവുകയും ചെയ്തു.
വൈകാതെ വലിയൊരു വിഭാഗം ലാത്വിയൻ ജൂതന്മാരും കൊല്ലപ്പെട്ടു. നോവലിലെ ഈ ഭാഗം മേൽപ്പറഞ്ഞത് ശരിവെക്കുന്നു. “1944 ഒക്ടോബർ 22ലെ കാര്യങ്ങൾ എനിക്ക് ഓർമയില്ല. പക്ഷേ, ആ സാഹചര്യം എനിക്ക് മനസ്സിൽ പുനഃസൃഷ്ടിക്കാനാകും. നാസികളിൽനിന്ന് ലാത്വിയയുടെ തലസ്ഥാനമായ റിഗ മോചിപ്പിക്കപ്പെട്ടിരിക്കുന്നു. ബോംബാക്രമണത്തിൽ പ്രസവവാർഡിലെ ജനൽച്ചില്ലുകൾ തകർന്നുപോയിരിക്കുന്നു. അവിടെ തണുപ്പും ഈർപ്പവുമുണ്ട്; പ്രസവിച്ച സ്ത്രീകൾ നിസ്സഹായരായി, രക്തംപുരണ്ട തങ്ങളുടെ വിരിപ്പുകൾ ശരീരത്തിൽ ചുറ്റിപ്പിടിച്ചിരിക്കുന്നു. ക്ഷീണിതരായ നഴ്സുമാരും ഡോക്ടർമാരും മരിച്ചുവീണ നവജാതശിശുക്കളെ പൊതിഞ്ഞു കെട്ടുന്നതിനിടയിൽ മദ്യപിക്കുന്നുമുണ്ട്.
‘നേസൽ ടൈഫോയ്ഡ്’ എന്ന് എല്ലാവരും വിളിക്കുന്ന ഒരു പകർച്ചവ്യാധി ആശുപത്രിയിൽ പടർന്നുപിടിച്ചിരിക്കുന്നു. വിലാപങ്ങളുടെയും, വായുവിലൂടെ പാഞ്ഞുവരുന്ന ബോംബുകളുടെയും ശബ്ദങ്ങൾ എങ്ങും കേൾക്കാം. ജനലിലൂടെ ഒഴുകിയെത്തുന്ന, എന്തോ കത്തുന്നതിന്റെ ഗന്ധം. അമ്മ എന്നെ വാർഡിൽനിന്ന് രഹസ്യമായി പുറത്തെടുത്ത് തന്റെ നെഞ്ചോട് ചേർത്തുപിടിച്ചിരിക്കുന്നു; എന്നിട്ട് എന്റെ മൂക്കിലേക്ക് തന്റെ മുലപ്പാൽ പിഴിഞ്ഞൊഴിക്കുന്നു. എന്റെ കുഞ്ഞുമൂക്കിൽ നിന്ന് പഴുപ്പും പാലും രക്തവും ഒന്നിച്ച് താഴേക്ക് ഇറ്റുവീഴുന്നു. ഞാൻ ശ്വാസം കിട്ടാതെ ഞെരുങ്ങുകയും കിതക്കുകയും ചെയ്യുന്നു.” ക്രൂരതയുടെ അധ്യായങ്ങളെ മറക്കാൻ മനുഷ്യർക്ക് സാധിക്കാറില്ല. നാടുകടത്തപ്പെടാത്ത ആളുകൾക്കുപോലും മാതാപിതാക്കളിൽനിന്നും മുത്തശ്ശിമാരിൽനിന്നും കേൾക്കുന്ന കഥകളിൽ കൂടി ഭയത്തിന്റെയും നിശ്ശബ്ദതയുടെയും അനുഭവം അവകാശപ്പെടാൻ കഴിയും എന്നതും വസ്തുതയാണ്.
ഗൈനക്കോളജിസ്റ്റായി പ്രവർത്തിക്കുന്ന കേന്ദ്രകഥാപാത്രമായ അമ്മ, സോവിയറ്റ് വ്യവസ്ഥിതിയോട് ആഭിമുഖ്യം കാണിക്കുന്നില്ല. മാത്രമല്ല, തന്റെ തൊഴിൽപരമായതും ബൗദ്ധികവുമായ സ്വാതന്ത്ര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ അവർ തയാറായതുമില്ല. ഔദ്യോഗികവും പ്രത്യയശാസ്ത്രപരവുമായ ചില കടുത്ത നിലപാടുകൾ എടുക്കുകയും രാഷ്ട്രീയ അനുരഞ്ജനത്തിന് നിന്നുകൊടുക്കാതെയിരിക്കുകയും ചെയ്തത് അമ്മയുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയായിരുന്നു. അധികം വൈകാതെ കടുത്ത ഏകാന്തതയും ഇച്ഛാഭംഗവും അവളെ കീഴ്പ്പെടുത്തി. സമൂഹവും അധികാരബന്ധങ്ങളും അമ്മയെ വിഷാദരോഗത്തിലേക്ക് വീഴ്ത്തുന്നു. അധിനിവേശത്തിന്റെ സ്വാർഥ രാഷ്ട്രീയ തീരുമാനങ്ങൾ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി. ഇതിന്റെ ദൃഷ്ടാന്തമെന്നോണം ആയുസ്സിന്റെ അർഥം കണ്ടെത്താനാകാതെ അവൾ കൂടുതൽ ഉൾവലിയുന്ന കാഴ്ചയാണ് നോവലിലുള്ളത്. വ്യക്തിസ്വാതന്ത്ര്യം കർശനമായി നിയന്ത്രിക്കപ്പെടുന്നതോടെ പൗരവർഗത്തിന് അനുഭവിക്കേണ്ടിവന്ന സംഘർഷങ്ങളുടെ ഇരയായിരുന്നു അവൾ.
ഒരു പെൺകുട്ടിക്ക് ജന്മം നൽകുന്നുണ്ടെങ്കിലും, അമ്മയായതിന്റെ സന്തോഷം അവളിൽ അത്ര കണ്ട് പ്രകടമല്ല. കുഞ്ഞിന് മുലപ്പാൽ നൽകാൻ അവൾ വിസമ്മതിക്കുന്നു എന്നത് നോവലിലെ പ്രധാനപ്പെട്ട ഒരു രംഗമാണ്. തന്റെ നിരാശയും ദുരിതങ്ങളും മനോനിലയും മുലപ്പാലിനെ മലിനമാക്കിയിട്ടുണ്ടാകാമെന്ന് അവൾ വിശ്വസിക്കുന്നുണ്ട്. പ്രസ്തുത സമ്മർദം മകളിലേക്ക് മുലപ്പാലിലൂടെ പകരുമോ എന്നും അവൾ ഭയപ്പെടുന്നു. തന്റെ ഭാവിയും വർത്തമാനവും ഇല്ലാതാക്കാൻ ശ്രമിക്കുന്ന സോവിയറ്റ് അധിനിവേശത്തിന്റെ സ്വാധീനത്തിൽനിന്ന് മകളെ സംരക്ഷിക്കണമെന്ന ദൃഢനിശ്ചയത്തിന്റെ ഫലമായാണ് അവൾ കുഞ്ഞിന് പാൽ നൽകണ്ട എന്ന് തീരുമാനിക്കുന്നത്.
ഈ തീർപ്പിന്റെ ഭാഗമായി വൈകാരികമായി അകലംപാലിക്കുന്ന അമ്മയുടെ പ്രകൃതത്തെ മനസ്സിലാക്കാൻ മകൾ ശ്രമിക്കുന്നുണ്ട്. മുത്തശ്ശിക്കൊപ്പം വളരേണ്ടിവന്ന മകൾക്ക് അമ്മയോട് അടുക്കാനുള്ള അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല എന്നതാണ് സത്യം. അമ്മയുടെ തിരോധാനത്തെക്കുറിച്ച് അമ്മയും മുത്തശ്ശിയും അക്കാലത്ത് എങ്ങനെയാണ് പ്രതികരിച്ചതെന്നും അവൾ മറന്നു. ആരും അതിനെക്കുറിച്ച് ഒരിക്കലും സംസാരിച്ചിരുന്നില്ല. ബാല്യകാലം മുഴുവൻ, അമ്മയുടെ ശരീരത്തിൽനിന്നുയരുന്ന പാൽമണത്തിനു പകരം മരുന്നിന്റെയും അണുനാശിനികളുടെയും ഗന്ധമാണ് മകളുടെ ജീവിതത്തിൽ നിറഞ്ഞുനിന്നത്.
അനിവാര്യമായ ഉള്ളനക്കങ്ങൾപോലുമില്ലാതെ പെരുമാറേണ്ടിവരുന്ന അമ്മക്ക് നൽകാൻ കഴിയാത്ത സ്നേഹവും സുരക്ഷിതത്വവും അവൾക്ക് മുത്തശ്ശി നൽകുന്നു. ചില പ്രത്യയശാസ്ത്രങ്ങളിൽ അടിയുറച്ചു നിൽക്കുന്നതോടെ നിലപാടുകളുടെ പ്രാധാന്യം എന്താണെന്ന ബോധ്യം അമ്മയിൽ ജനിക്കുന്നതും അക്കാലത്താണ്. ക്രമേണ അവൾ മൗനത്തിന്റെ മൂടുപടം അണിയുന്നുണ്ട്. വിഷാദവും ജീവിതത്തോടുള്ള മടുപ്പും കാരണം സ്വാഭാവികമായ വാത്സല്യം പ്രകടിപ്പിക്കുക അവർക്ക് അസാധ്യമായി തീർന്നിരിക്കുന്നു. അമ്മയുടെ മൗനവും സങ്കടവും വ്യക്തിപരമായ പരാജയങ്ങളല്ലെന്ന് മകൾ പതുക്കെ തിരിച്ചറിയുന്നത് ഗൗരവത്തോടെ കാണണം. അമ്മക്ക് തന്റെ മകളോട് സ്നേഹമുണ്ട്, എന്നാൽ ആ സ്നേഹം സാധാരണ രീതിയിൽ പ്രകടിപ്പിക്കാൻ അവർക്ക് കഴിയുന്നില്ല. എന്നാൽ, അമ്മ തന്നെ മനസ്സിലാക്കുകയും സ്നേഹിക്കുകയും വേണം എന്ന തീവ്രമായ ആഗ്രഹം മകൾക്കുണ്ടുതാനും.
അമ്മയുടെ സ്നേഹം പിടിച്ചുപറിക്കാനാവില്ലെന്ന വാസ്തവത്തെ സ്വീകരിക്കുന്ന മകൾ മുത്തശ്ശിയുമായി കൂടുതൽ അടുക്കുന്നു. ചുരുക്കത്തിൽ സമത്വവും നീതിയും സ്വാതന്ത്ര്യവും കടലാസിലെ വാക്കുകൾ മാത്രമാവുന്ന സാഹചര്യത്തിൽ അമ്മയുടെ ജീവിതത്തെ ഉൾക്കൊള്ളാൻ മകൾ ശ്രമിക്കുന്നുണ്ട്. അമ്മയുടെ സ്നേഹസാമീപ്യത്തിനായി കൊതിച്ച ഒരു കുഞ്ഞിന്റെ അനുഭവമാണ് നോവലിൽ വായിച്ചെടുക്കാനാവുന്നത്. ‘‘അമ്മ എന്നെ അധികം കെട്ടിപ്പിടിച്ചിരുന്നതായി എനിക്ക് ഓർമയില്ല; പക്ഷേ, കുത്തിവെപ്പുകൾ പരിശീലിച്ചിരുന്ന അവരുടെ തുടയിലെ സൂചിപ്പാടുകൾ എനിക്ക് ഓർമയുണ്ട്. ഒരുപക്ഷേ, ഏതെങ്കിലും വൈദ്യശാസ്ത്ര പരീക്ഷണത്തിന്റെ ഭാഗമായിരിക്കാം, അമിത അളവിൽ മരുന്ന് കഴിച്ചതിനെത്തുടർന്ന് നീലനിറം പടർന്ന ചുണ്ടുകളുമായി കിടക്കയിൽ കിടന്നിരുന്ന അമ്മയെ എനിക്ക് ഓർമയുണ്ട്.
അതുപോലെ, രാത്രിയിലെ ജോലി സമയത്തിനു ശേഷം അമ്മയെ കാണാൻ മകളെ അനുവദിച്ചിരുന്ന പ്രസവാശുപത്രിയിലെ ഇടനാഴിയും എനിക്ക് മറക്കാൻ കഴിയില്ല.’’ മാതാപിതാക്കളോ ബന്ധുക്കളോ ഇല്ലാതെ കുട്ടികൾക്ക് വളരാൻ കഴിയും. എന്നാൽ, അവർക്ക് നേരിടേണ്ടിവരുന്ന നൊമ്പരങ്ങളുടെ തോത് അളക്കാൻ പ്രയാസമായിരിക്കും എന്നുമാത്രം. സങ്കടം ഓർത്തുവെക്കാനായി മകൾ ആഗ്രഹിക്കാത്തതിന് പിന്നിലും മറ്റൊന്നല്ല. അമ്മ അതീവ വാത്സല്യത്തോടെ ഉരുവിട്ട ഓരോ വാക്കും ജീവിതനിഘണ്ടുവിൽ അവൾ ചേർത്തുവെച്ചു. എങ്കിലും അമ്മയെ ഭയന്ന ഒരു കുട്ടിയുടെ അവസ്ഥ എന്നും അവർക്കുണ്ടായിരുന്നു. ചിലപ്പോഴൊക്കെ, എന്തോ ഒരു ദുഷ്ടശക്തി അമ്മയിൽ ആവേശിച്ചതുപോലെ അവൾക്ക് തോന്നിയിരുന്നു. അത്തരം നിമിഷങ്ങളിൽ മകൾ താൻ ജനിച്ചുപോയെന്ന വസ്തുതയെ അങ്ങേയറ്റം വെറുക്കുന്നു എന്ന് പറയുന്നുണ്ട്.

1940 ജൂൺ 17ന് ലാത്വിയയിലെ റിഗയിൽ നടന്ന സോവിയറ്റ് അധിനിവേശം
സോവിയറ്റ് അധിനിവേശം, നാസി അതിക്രമങ്ങൾ, നാടുകടത്തൽ, കുടിയേറ്റം, പ്രത്യയശാസ്ത്രപരമായ നിയന്ത്രണം എന്നിവ സാധാരണക്കാരുടെ ജീവിതത്തെ എങ്ങനെ തകർക്കുന്നു എന്ന് ഇക്സ്റ്റേന ആവർത്തിച്ച് കാണിച്ചുതരുകയാണ്. നോവലിലെ മറ്റു കഥാപാത്രങ്ങളുടെ ജീവിതം അമ്മയെ ചുറ്റിപ്പറ്റിയായിരുന്നു. അവർ അമ്മയെ ആശ്രയിച്ചിരുന്നു എന്ന് പറയുന്നതിലും തെറ്റില്ല. എന്നാൽ, ഒരമ്മയുടെ വാത്സല്യത്തിനോ കരുതലിനോ വേണ്ടിയായിരുന്നില്ല അത്. ഇടക്കിടെ, അമ്മയുടെ ഉള്ളിലെ പിരിമുറുക്കങ്ങൾ മറ്റുള്ളവരുടെ നിത്യവ്യവഹാരങ്ങളെയും ബാധിക്കുമായിരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ജീവിതവും മരണവുമായുള്ള മത്സരത്തിൽ അനിശ്ചിതത്വങ്ങൾ ഉരുണ്ടുകൂടി. രാഷ്ട്രം നേരിടുന്ന ദുഷ്കരമായ ഘട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന മനുഷ്യർ അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ തലങ്ങൾ വിപുലമാണ്. സന്ദിഗ്ധതകളിലൂടെ വളരുന്ന മകൾ, സോവിയറ്റ് സമൂഹത്തിലെ വൈരുധ്യങ്ങളെക്കുറിച്ച് കൂടുതൽ ബോധവതിയാകുന്നു.
അതിനിടയിൽ, അമ്മ ജീവിച്ച പ്രത്യേകമായ സാഹചര്യങ്ങളെ വിശകലനം ചെയ്യാൻ അവൾ ശ്രമിക്കുന്നുണ്ട്. അമ്മ അനുഭവിച്ചതിൽനിന്ന് വ്യത്യസ്തമായ ഒരു ഭാവിയും മകൾക്ക് മുന്നിൽ തെളിയുന്നു. പ്രതികൂലമായ ചരിത്രത്തിന്റെ തീത്തുള്ളികൾ വീണ് പൊള്ളലേൽക്കുന്നുണ്ടെങ്കിലും പരിപൂർണമായി നശിച്ചുപോകാത്ത, ഒരമ്മയും മകളും തമ്മിലുള്ള സ്നേഹബന്ധത്തെയാണ് നോവൽ ചിത്രീകരിക്കുന്നത്. നിരാശജനകമായ സാഹചര്യങ്ങളിലും ബന്ധമറ്റു പോകാതെ നിലനിൽക്കാൻ യത്നിക്കുന്ന സ്നേഹം നോവലിൽ പ്രകടമാകുന്നു. ജീവൻ സൃഷ്ടിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ഔദ്യോഗികവൃത്തി ചെയ്യുന്ന അമ്മക്ക് തന്റെ തന്നെ ജീവനായ മകളെ ഹൃദയത്തോടടുപ്പിക്കാൻ മാനസികമായി കഴിയുന്നില്ല. മറ്റൊരു രാജ്യത്തിന്റെ അധീനതയിൽ കഴിയുന്ന അമ്മക്ക് ജീവിക്കാൻ ആഗ്രഹമുണ്ടായിരുന്നില്ല എന്നത് പരാമർഥമായിരുന്നു.
ജീവിക്കാൻ ആഗ്രഹമില്ലാത്ത ഒരമ്മയിൽനിന്ന് മകൾ പാൽ കുടിക്കാൻ പാടില്ലായെന്നും അമ്മ തീരുമാനിച്ചതും അതിന്റെ ഭാഗമായാണ്. എന്നാൽ ഏഴോ എട്ടോ വയസ്സുള്ളപ്പോൾ ചുറ്റുവട്ടത്തുണ്ടായ ഒരു ദുരന്തത്തെ നേരിടാനായി അമ്മ എടുത്ത കരുതൽ മകൾ കൃത്യമായി ഓർക്കുന്നുണ്ട്. ഇതാണ് നോവലിനെ മുന്നോട്ടു നയിക്കുന്ന ശക്തമായ വൈരുധ്യം. ദൈവത്തെ നേരിട്ട് കണ്ടുമുട്ടാത്തതിനാൽ ദൈവത്തിൽ വിശ്വാസമില്ലാത്ത അമ്മയുടെ രാഷ്ട്രീയ സ്ഥൈര്യം പൗരാവകാശത്തിന്റെ അടയാളമായി പരിണമിക്കുന്നു. വിഷാദവും രാഷ്ട്രീയമായ നിരാശയും തകർന്നുവീണ ഒരു ലോകത്തെക്കുറിച്ചുള്ള ചിന്തയും മാതൃസഹജമായ രീതികൾ പ്രകടിപ്പിക്കുന്നതിൽനിന്ന് അവരെ തടയുന്നുമുണ്ട്.
എന്നാൽ, വിചിത്രമായ കഥകൾ പറഞ്ഞുതരുമായിരുന്ന അമ്മയെ മകൾക്ക് അറിയാം. ഒരു രാജ്യത്തെ പൗരർ എന്നനിലയിൽ അവർ ഒരിക്കൽ സ്വതന്ത്രരായിരുന്നുവെന്ന് അമ്മ പറഞ്ഞത് അവൾക്ക് മനസ്സിലായിരുന്നില്ല. ഇത്തരം അനിശ്ചിതത്വങ്ങൾക്കിടയിലും വിശ്വസ്തതയുള്ള സോവിയറ്റ് പൗരിയായി മകളെ വളർത്തുന്നത് അമ്മ തുടർന്നു. എങ്കിലും, ആ ജീവിതരീതിയിലുണ്ടായിരുന്ന ഇരട്ടത്താപ്പിനോടും കാപട്യത്തോടുമുള്ള വെറുപ്പ് മകളുടെ ഉള്ളിൽ വളർന്നുവന്നത് നൈസർഗികമാണ്. റെഡ് ആർമിക്കും വിപ്ലവത്തിനും കമ്യൂണിസത്തിനും ആദരമർപ്പിച്ചുകൊണ്ട് മേയ്, നവംബർ മാസങ്ങളിലെ പരേഡുകളിൽ അവർ പതാകകളേന്തി നടന്നു. അതേസമയം റഷ്യൻ ആധിപത്യത്തിൽനിന്ന് ലാത്വിയയെ മോചിപ്പിക്കാൻ ഇംഗ്ലീഷ് സൈന്യം വന്നെത്തുന്നതും കാത്ത് വീട്ടിലെ പ്രാർഥനക്കിടയിൽ കുരിശു വരച്ച് പ്രാർഥിക്കുകയും ചെയ്യുമായിരുന്നു.
അധിനിവേശശക്തികളുടെ ഭരണത്തിന്റെ കീഴിൽ ജീവിച്ചാലേ സ്വാതന്ത്ര്യത്തിന്റെ മഹത്വവും വിലയും കണിശമായി വ്യക്തമാവുകയുള്ളൂ. റഷ്യയിലെ നേതാക്കളോട് ലാത്വിയയിലെ ജനതയും വീരാരാധന പുലർത്തണമെന്ന അലിഖിത നിയമം തദ്ദേശീയർക്ക് അംഗീകരിക്കാൻ കഴിയുന്നതായിരുന്നില്ല. അങ്ങനെ റഷ്യ അനുശാസിക്കുന്ന അഭിരുചികളും നയങ്ങളും പാലിക്കേണ്ട ചുമതല ലാത്വിയക്കാർക്ക് വന്നുചേരുകയായിരുന്നു. ഒരു ഡോക്ടർ എന്ന നിലക്ക് ജീവനെ സൃഷ്ടിക്കുകയും എന്നാൽ അമ്മ എന്ന നിലക്ക് ജീവനെ പരിപാലിക്കാൻ കഷ്ടപ്പെടുകയും ചെയ്യുന്ന ഒരാളായാണ് മുഖ്യ കഥാപാത്രത്തെ രൂപപ്പെടുത്തിയിരിക്കുന്നത്. ഭരണകൂടത്തിന്റെ പിന്തുണയില്ലാതെ, ഭാവി എന്താണെന്നറിയാത്ത പൗരരുടെ ആശങ്കയും ഇതോടൊപ്പം ചേർത്തുവായിക്കണം. ഈ കഥാപാത്രത്തെ ഡോക്ടറാക്കുക വഴി സ്റ്റേറ്റും പൗരരും ആയുള്ള ബന്ധത്തെയും സൃഷ്ടിയും പരിപാലനവുമായുള്ള സമവാക്യത്തെയുമാണ് ഊട്ടിയുറപ്പിക്കുന്നത്.

നോറ ഇക്സ്റ്റേന
സൃഷ്ടിക്കുശേഷം എന്താണ് നടക്കുന്നത് എന്ന ചോദ്യം കൂടി ഇവിടെ ഉന്നയിക്കപ്പെടുന്നുണ്ട്. ഈ ലോകത്തിൽ ജനിക്കുന്നവർക്ക് വേണ്ടി എങ്ങനെയുള്ള അന്തരീക്ഷമാണ് നാം വികസിപ്പിക്കുന്നത് എന്ന വിഷയംകൂടി ഈ ഘട്ടത്തിൽ ഉരുത്തിരിയുന്നു. മനുഷ്യസൃഷ്ടി എന്ന പ്രക്രിയയെ ജൈവികമായ തലത്തിൽനിന്നും വിഭിന്നമായി കണ്ടുകൊണ്ട് അടുത്ത തലമുറകളിലേക്ക് ആഘാതങ്ങളും ഓർമകളും പ്രത്യയശാസ്ത്രങ്ങളും കൈമാറ്റം ചെയ്യപ്പെടുന്നതിന്റെ ഒരു പ്രതീകമായി കണക്കാക്കുകയാണ് നോവലിൽ. രാജ്യത്ത് സംഭവിക്കുന്ന അരാജകത്വംമൂലം, മനഃപൂർവമല്ലെങ്കിലും മകൾക്ക് ദുരനുഭവം പകരുന്ന അമ്മയാണ് ‘സോവിയറ്റ് മിൽക്കി’ലേത്. ആദർശവാദവും അക്രമരഹിതമായ സമൂഹവും സ്വപ്നം മാത്രമായേ അവശേഷിക്കൂ എന്ന തിരിച്ചറിവിൽ എത്തിനിൽക്കുന്ന അമ്മ അനേകം മനുഷ്യരുടെ ഒരു പ്രതിനിധിയാണ്. സോവിയറ്റ് അടിച്ചമർത്തലുകളിൽ മാനസികമായി തകർന്ന ഒരു തലമുറയുടെ വികാരത്തെ അമ്മ പ്രതിഫലിപ്പിക്കുന്നു. ചരിത്രപരമായ ആ സാഹചര്യങ്ങൾ നേരിട്ട് അനുഭവിച്ചിട്ടില്ലെങ്കിൽക്കൂടിയും അമ്മയുടെ ദുരിതങ്ങളുടെ അനന്തരഫലങ്ങൾ മകൾക്ക് പാരമ്പര്യമായി ലഭിക്കുന്നു.
ഇത്തരം അരക്ഷിതാവസ്ഥകൾക്കിടയിലും തുടർച്ചയെയും ഓർമയെയും മാനുഷികമായ തലത്തിൽ മുത്തശ്ശി നിലനിർത്തുന്നു. രാഷ്ട്രീയ അടിച്ചമർത്തൽ വ്യക്തിയുടെ സാമൂഹിക പരിസരങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ലെന്നും, അത് ശരീരത്തിലേക്കും കുടുംബത്തിലേക്കും ഓർമകളിലേക്കും വൈകാരിക ജീവിതത്തിലേക്കും എത്തിപ്പെടുമെന്നും ഈ നോവലിൽ തെളിയുന്നു. അതിന്റെ പ്രത്യാഘാതങ്ങൾ ഒരു തലമുറയിൽനിന്ന് അടുത്ത തലമുറയിലേക്ക് പടരുന്നുമുണ്ട്. അനുഭവങ്ങളുടെ ആഴങ്ങളിലേക്ക് സഞ്ചരിക്കുന്നതോടെയാണ് മനുഷ്യർ തമ്മിലുള്ള സ്നേഹം തീവ്രമാവുന്നത്. നഷ്ടപ്പെട്ടതോ മറന്നതോ ആയ ജീവസ്സുറ്റ രംഗങ്ങളെ മടക്കിക്കൊണ്ടു വരാൻ മാനുഷികബന്ധങ്ങൾക്ക് സാധിക്കുന്നതോടെ കാഴ്ചയും കേൾവിയും സംസാരവും സ്നേഹം നിറഞ്ഞതാവുന്നു.
