Begin typing your search above and press return to search.
proflie-avatar
Login

ഉറങ്ങാത്ത മനീഷി

ഉറങ്ങാത്ത മനീഷി
cancel

ആഗസ്​റ്റ്​ രണ്ടിന്​ വിടപറഞ്ഞ അധ്യാപകനും നിരൂപകനും വാഗ്​മിയും ചിന്തകനും ജീവചരിത്രകാരനുമായ പ്രഫ. എം.കെ. സാനുവി​​ന്റെ സംഭാവനകളെക്കുറിച്ച്​ എഴുതുകയാണ്​ എഴുത്തുകാരിയും നിരൂപകയുമായ ലേഖിക. പി.കെ. ബാലകൃഷ്​ണ​ന്റെ ജീവചരിത്രത്തിന്​ സാനു മാഷ്​ നൽകിയ തല​ക്കെട്ട്​ സാനു മാഷിനും നന്നായി ഇണങ്ങുമെന്ന്​ എഴുതുന്നു.‘‘കേരളത്തിൽ ഒരു എം.കെ. സാനുവേയുള്ളൂ. അദ്ദേഹത്തെ ഞാൻ സ്നേഹിക്കുന്നു. ബഹുമാനിക്കുന്നു.’’-എം. കൃഷ്ണൻ നായർജാഗ്രത്തായ ഒരു മനീഷിയാണ് എം.കെ. സാനു മാഷ്. ചിന്താവിഷ്ടനായി സ്നേഹനിലാവും പേറി നടക്കുന്ന ഗുരുനാഥൻ (എം.കെ സാനു മൊഴിയും മൗനവും: എം.കെ. ശശീന്ദ്രൻ) പ്രകാശിതമായ എൺപതിലധികം കൃതികളുടെ ഉടമ. എസ്. ഗുപ്തൻ നായർ,...

Your Subscription Supports Independent Journalism

View Plans
ആഗസ്​റ്റ്​ രണ്ടിന്​ വിടപറഞ്ഞ അധ്യാപകനും നിരൂപകനും വാഗ്​മിയും ചിന്തകനും ജീവചരിത്രകാരനുമായ പ്രഫ. എം.കെ. സാനുവി​​ന്റെ സംഭാവനകളെക്കുറിച്ച്​ എഴുതുകയാണ്​ എഴുത്തുകാരിയും നിരൂപകയുമായ ലേഖിക. പി.കെ. ബാലകൃഷ്​ണ​ന്റെ ജീവചരിത്രത്തിന്​ സാനു മാഷ്​ നൽകിയ തല​ക്കെട്ട്​ സാനു മാഷിനും നന്നായി ഇണങ്ങുമെന്ന്​ എഴുതുന്നു.

‘‘കേരളത്തിൽ ഒരു എം.കെ. സാനുവേയുള്ളൂ. അദ്ദേഹത്തെ ഞാൻ സ്നേഹിക്കുന്നു. ബഹുമാനിക്കുന്നു.’’-എം. കൃഷ്ണൻ നായർ

ജാഗ്രത്തായ ഒരു മനീഷിയാണ് എം.കെ. സാനു മാഷ്. ചിന്താവിഷ്ടനായി സ്നേഹനിലാവും പേറി നടക്കുന്ന ഗുരുനാഥൻ (എം.കെ സാനു മൊഴിയും മൗനവും: എം.കെ. ശശീന്ദ്രൻ) പ്രകാശിതമായ എൺപതിലധികം കൃതികളുടെ ഉടമ. എസ്. ഗുപ്തൻ നായർ, എം. ലീലാവതി, എം.കെ. സാനു എന്നീ ഗുരുത്രയത്തിൽ ഒരാൾ. ശിഷ്യനും സഹപ്രവർത്തകനും എഴുത്തുകാരനുമായ എം. തോമസ് മാത്യു വിശേഷിപ്പിച്ചതുപോലെ സൗമ്യവും ധീരവുമായ ജീവിതകഥയുടെ ഉടമ. അധ്യാപകൻ, പ്രഭാഷകൻ, ജനപ്രതിനിധി, എഴുത്തുകാരൻ, സാമൂഹിക സാംസ്കാരിക പ്രവർത്തകൻ, സമഭാവനയിൽ വിശ്വസിക്കുന്ന ചിന്തകൻ, വിട്ടുവീഴ്ചയില്ലാത്ത മനുഷ്യസ്നേഹി, പത്രാധിപർ എന്നിങ്ങനെ നിരവധി വിശേഷണങ്ങൾക്ക് ഒരേസമയത്ത് അർഹനായ വ്യക്തി.

സാഹിത്യ രചനയിലായാലും സാമൂഹിക ജീവിതത്തിലെ ഇടപെടലുകളിലായാലും സാനു മാസ്റ്ററുടെ സമീപനത്തിൽ മാറ്റമില്ലാത്ത മൂല്യമായി വർത്തിക്കുന്നത് സ്നേഹവും കാരുണ്യവുമാണെന്ന് എം. തോമസ് മാത്യു ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അധ്യാപകൻ, പ്രഭാഷകൻ, ഗ്രന്ഥകർത്താവ്, നിരൂപകൻ, ചിന്തകൻ, സമത്വവാദി, ജനപ്രതിനിധി, സാമൂഹിക പ്രവർത്തകൻ എന്നിങ്ങനെ റോളുകൾ മാറുമ്പോഴും മാനവ സ്നേഹത്തിലധിഷ്ഠിതമായ ജീവിതദർശനത്തിനും സമീപനത്തിനും അദ്ദേഹം ഒരിക്കലും മാറ്റം വരുത്തിയില്ല.

എം.കെ. സാനുമാഷി​ന്റെ രചനകളുടെ ആഴവും പരപ്പും ലോകമറിഞ്ഞത് ‘സമൂഹ്’ അദ്ദേഹത്തി​ന്റെ സമ്പൂർണ കൃതികൾ പത്തു വാല്യങ്ങളായി പുറത്തിറക്കിയപ്പോഴാണ്. നിരൂപണം, ആസ്വാദനം, നാടക പഠനങ്ങൾ, യാത്രാവിവരണങ്ങൾ, ഓർമക്കുറിപ്പുകൾ, ജീവചരിത്രങ്ങൾ, സംഭാഷണങ്ങൾ, കാവ്യപഠനങ്ങൾ, വ്യാഖ്യാനങ്ങൾ, വിവർത്തനങ്ങൾ, ആത്മകഥ, ചെറുകഥ, നോവൽ എന്നിങ്ങനെ വൈവിധ്യം നിറഞ്ഞ രചനാലോകമാണ് അദ്ദേഹത്തിന്റേത്. 96 വയസ്സു പിന്നിട്ടപ്പോൾ രചിച്ച മോഹൻലാലിനെക്കുറിച്ചുള്ള ‘മോഹൻലാൽ: അഭിനയകലയിലെ ഇതിഹാസം’, തപസ്വിനിയമ്മയെക്കുറിച്ചുള്ള ‘തപസ്വിനി അമ്മ: അബലകൾക്ക്‌ ശരണമായി ജീവിച്ച പുണ്യവതി’ എന്നിവ സമ്പൂർണ വാല്യങ്ങളിൽ ഉൾപ്പെടുന്നവയല്ല. ശിഷ്യൻ ടി.എസ്. ജോയിക്കൊപ്പം എഴുതിയ പുസ്തകമായ ‘മഹാകവി ഉള്ളൂർ: സാഹിത്യ ചരിത്രത്തിലെ ഭാസുരനക്ഷത്രം’ 2025 ആഗസ്റ്റ് രണ്ടാം വാരത്തിൽ പുറത്തിറങ്ങുന്നു. അച്ചടിമഷി പുരളാൻ കാത്തുകിടക്കുന്ന പുസ്തകങ്ങൾ ഇനിയുമുണ്ട്.

മഹാനായ അധ്യാപകൻ

മഹാനായ കവിയും അധ്യാപകനുമായിരുന്ന ജി. ശങ്കരക്കുറുപ്പി​ന്റെ അനുഗ്രഹം വാങ്ങിയാണ് ത​ന്റെ അധ്യാപന ജീവിതം മഹാരാജാസ് കോളജിൽ ആരംഭിച്ചതെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. ആദ്യം അദ്ദേഹത്തിന് പഠിപ്പിക്കാൻ കിട്ടിയത് ബർണാഡ് ഷായെക്കുറിച്ചുള്ള വിരസമായ ഒരു ലേഖനമായിരുന്നു. ഷായുടെ നാടകങ്ങൾ വായിച്ചിട്ടുണ്ടെങ്കിലും ഷായെക്കുറിച്ച് കൂടുതലൊന്നും അറിയില്ലായിരുന്നു. തിരുവനന്തപുരത്തെ ലൈബ്രറികളിൽപ്പോയി മൂന്നു ജീവചരിത്രങ്ങൾ കണ്ടെടുത്ത് വായിച്ചതിനുശേഷമാണ് അദ്ദേഹം ക്ലാസെടുത്തത്. അതോടെ വിദ്യാർഥികളെയും അദ്ദേഹത്തിന് കൈയിലെടുക്കാനായി. സമഭാവനയോടെ ആശയലോകം പരിചയപ്പെടുത്തുന്ന രീതിയായിരുന്നു സാനു മാഷിന്റേത്.

‘‘സാനു മാസ്റ്ററെ ഞങ്ങൾ ഇഷ്ടപ്പെട്ടത് ആശയങ്ങളുടെ ഈ മഹാപ്രപഞ്ചത്തിലെ പൗരത്വത്തിന് അവകാശമുള്ളവരാണ് ഞങ്ങളും എന്ന് പറഞ്ഞിരുന്നതുകൊണ്ടാണ്’’ എന്ന് ശിഷ്യനായ എം. തോമസ് മാത്യു എഴുതിയിട്ടുള്ളത് ഇക്കാര്യംകൂടി അനുസ്മരിച്ചുകൊണ്ടാണ്. വിദ്യാഭ്യാസത്തിൽ അദ്ദേഹത്തെ സ്വാധീനിച്ചിട്ടുള്ളത് ബർട്രാൻഡ് റസ്സലി​ന്റെ സമീപനമാണെന്നു കാണാം: ‘‘കഴിഞ്ഞ തലമുറകളിലെ വിദ്യാഭ്യാസ വിചക്ഷണന്മാർ കരുതിയതിനേക്കാൾ സ്വാധീനം സ്വഭാവരൂപവത്കരണത്തിൽ പ്രാഥമിക വിദ്യാഭ്യാസത്തിനുണ്ട് എന്ന മനഃശാസ്ത്രപരമായ പുതിയ വെളിപ്പെടുത്തലുകൾക്ക് ഞാൻ വലിയ പ്രാധാന്യം നൽകുന്നു.

സ്വഭാവരൂപവത്കരണത്തിനു വേണ്ട വിദ്യാഭ്യാസവും അറിവു പകർന്നു നൽകുന്ന വിദ്യാഭ്യാസവും വ്യത്യസ്തമാണെന്ന് ഞാൻ കരുതുന്നു. (വിദ്യാഭ്യാസത്തെക്കുറിച്ച്: ബർട്രാൻഡ് റസ്സൽ –വി. ബാബുസേനൻ). ‘‘സ്വഭാവത്തിലും അറിവിലും കുട്ടികൾ മെച്ചപ്പെടുന്നത് കാണുമ്പോൾ ഞാനനുഭവിച്ച സന്തോഷത്തിനതിരില്ല. അധ്യാപകവൃത്തിയുടെ ഏറ്റവും മികച്ച പ്രതിഫലം ആ സന്തോഷമാണ്’’ എന്ന് ത​ന്റെ ആത്മകഥയായ ‘കർമ്മഗതി’യിൽ എഴുതുന്നത് അതുകൊണ്ടുകൂടിയാണ്. എം. തോമസ് മാത്യു ചൂണ്ടിക്കാട്ടിയിട്ടുള്ളതുപോലെ ‘‘സ്നേഹം പ്രചോദിപ്പിക്കുകയും അറിവ് വഴികാട്ടുകയും ചെയ്യുന്ന ജീവിതമാണ് ഉത്തമ ജീവിതം’’ എന്ന് സാനു മാഷിന് ഏറ്റവും പ്രിയങ്കരനായിരുന്ന ബർട്രാൻഡ് റസ്സലി​ന്റെ വരികളുടെ നിഴൽ വീണുകിടക്കുന്ന അധ്യാപകജീവിതമാണ് അദ്ദേഹത്തിന്റേതെന്ന് കാണാം.

നിരൂപകനായ സാനു മാഷ്

‘‘ഓരോ എഴുത്തുകാരനും അവനവ​ന്റെ ഭാഷ സൃഷ്ടിക്കുന്നുണ്ട്. അത് സൃഷ്ടിക്കാത്തയാൾക്ക് സാഹിത്യത്തിൽ തുടരാൻ ബുദ്ധിമുട്ടാണ്’’ എന്ന് വിശ്വസിച്ചിരുന്ന സാനു മാഷ്, കാറ്റും വെളിച്ചവും, അവധാരണം, അർധരുചി, കുട്ടിക്കൃഷ്ണമാരാർ വിമർശനത്തി​ന്റെ രാജശിൽപി, കാവ്യതത്ത്വ പ്രവേശിക, അനുഭൂതിയുടെ നിറങ്ങൾ എഴുത്തി​ന്റെ നാനാർഥങ്ങൾ, തുറന്ന ജാലകം, ദുരന്തനാടകം അജയ്യതയുടെ അമര സംഗീതം, അശാന്തിയിൽനിന്നും ശാന്തിയിലേക്ക് എന്നിങ്ങനെ നിരവധി സാഹിത്യസംബന്ധിയായ കൃതികൾ രചിച്ചിട്ടുണ്ട്. ആസ്വാദനത്തിലൂന്നിയ, ആവർത്തിച്ചുള്ള മനനത്തി​ന്റെ സാക്ഷ്യപത്രങ്ങളായി അദ്ദേഹത്തി​ന്റെ പല ലേഖനങ്ങളും പുസ്തകങ്ങളും കാണാവുന്നതാണ്.

സാനു മാഷി​ന്റെ വിമർശകപ്രതിഭ അതുല്യമാകുന്നത് കുമാരനാശാ​ന്റെ കൃതികളെക്കുറിച്ചും ദുരന്തനാടകങ്ങളെക്കുറിച്ചും എഴുതുമ്പോഴാണ്. ശ്രീ നാരായണഗുരുവി​ന്റെ കൃതികളുടെ വായന സാഹിത്യോന്മുഖതയും സാമൂഹലകോന്മുഖതയും ഒരുപോലെ നിലനിർത്തി വ്യാഖ്യാനിക്കാൻ അദ്ദേഹത്തിന് സാധിച്ചതും പ്രത്യേകം പ്രസ്താവ്യമാണ്. ഇതിൽ കുമാരനാശാനെക്കുറിച്ചാണ് അദ്ദേഹം ധാരാളമായി എഴുതിയിട്ടുള്ളത്. ‘‘മലയാള കവികളിൽ ആശാനാണ് സാനു മാസ്റ്ററുടെ കേവലമായ ആരാധനയ്ക്ക് പാത്രമായത്’’ എന്ന് എം. തോമസ് മാത്യു കൃത്യമായി നിരീക്ഷിച്ചിട്ടുണ്ട് (എം.കെ. സാനു: മനുഷ്യമഹത്വത്തി​ന്റെ കൊടുമുടികൾ തേടി). കുമാരനാശാൻ കൃതികളുടെ സമ്പൂർണ പഠനമെന്ന നിലയിൽ എഴുതിയ അശാന്തിയിൽനിന്നും ശാന്തിയിലേക്ക് എന്നത് എടുത്തു പറയേണ്ട കൃതിയാണ്. ‘മൃത്യുഞ്ജയം ജീവിതം’ എന്ന പേരിൽ എഴുതിയ ആശാ​ന്റെ ജീവചരിത്രകൃതി മറ്റൊരു പ്രധാനപ്പെട്ട കൃതിയാണ്. ആശാ​ന്റെ ചില കൃതികൾക്ക് അദ്ദേഹം നൽകിയ ഒറ്റയൊറ്റയായ വിശേഷണങ്ങൾ, എഴുതിയ കാലത്തേ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിന്താവിഷ്ടയായ സീതക്ക് സ്വാതന്ത്ര്യത്തിന് ഒരു നിർവചനം എന്നാണ് അദ്ദേഹം നൽകിയിട്ടുള്ളത്. ‘വിവിധ ഭാവങ്ങളുടെ സംവാദവേദി’യായി ‘പ്രരോദനത്തെ അദ്ദേഹം കണ്ടെടുക്കുന്നു. ഒരു സ്വപ്നാടനകാവ്യമായി ‘ലീല’യേയും. കൃതികളുടെ ആത്മാവിലേക്കെറിയുന്ന ചൂണ്ടക്കൊളുത്തുകളായി സാനുമാഷി​ന്റെ വാക്കുകൾ പലപ്പോഴും മാറുന്നു.

അശാന്തിയിൽനിന്നും ശാന്തിയിലേക്ക് എന്ന ആശാൻ കാവ്യങ്ങളുടെ സമ്പൂർണ പഠനം എഴുതി തയാറാക്കുമ്പോൾ ‘‘സാധാരണക്കാർക്കു വേണ്ടിയല്ലാതെ മറ്റാർക്കു വേണ്ടിയാണ് എഴുതേണ്ടത്’’ എന്ന ഇ.എം.എസി​ന്റെ ചോദ്യമാണ് തന്നെ നയിച്ചിരുന്നതെന്ന് പ്രസ്തുത കൃതിയുടെ ആമുഖത്തിൽ സാനു മാഷ് എഴുതുന്നുണ്ട്. ‘മൃത്യുഞ്ജയം ജീവിതം എന്ന ആശാന്റെ ജീവചരിത്രഗ്രന്ഥത്തെ സംബന്ധമായ നിരൂപണത്തിൽ ‘എം.കെ. സാനുവി​ന്റെ കവിതയെ സംബന്ധിച്ച പുസ്തകത്തി​ന്റെ പ്രസിദ്ധീകരണം’ വരെ നമുക്ക് കാത്തിരിക്കാം’’ എന്ന ഇ.എം.എസി​ന്റെ വരികളാണ് ആശാനെ സംബന്ധമായി കൂടുതലെഴുതാൻ തന്നെ പ്രചോദിപ്പിച്ച ഒരു ഘടകമെന്ന് അദ്ദേഹം എഴുതുന്നുണ്ട്. ഒരു ആസ്വാദക​ന്റെ അനുഭവമെന്ന നിലയിൽ സാധാരണക്കാരായ കാവ്യാസ്വാദകർക്കുവേണ്ടിയാണ് താനിത് എഴുതുന്നതെന്ന് സാനുമാഷ് ഈ കൃതിയിൽ പലവട്ടം എഴുതുന്നുണ്ട്. ആശാ​ന്റെ വിവിധ കൃതികൾക്കായി അദ്ദേഹം തയാറാക്കിയ വ്യാഖ്യാനങ്ങളിലും ഇതേ സമീപനം കാണാവുന്നതാണ്.

രണ്ടുതരം നിരൂപണങ്ങൾ നിലവിലുണ്ടെന്ന പക്ഷക്കാരനാണ് സാനു മാഷ് : ‘‘സാഹിത്യ നിരൂപണത്തിന് മുഖ്യമായും രണ്ട് വിഭാഗങ്ങളുണ്ട്. ഒന്ന് തത്ത്വപരമായ വിശകലനമാണ്. സാഹിത്യത്തി​ന്റെ സ്വഭാവം, ഘടന, ലക്ഷ്യം മുതലായവയെക്കുറിച്ച് ഈ വിഭാഗം പൊതുവായി ചർച്ചചെയ്യുന്നു. ഈ ചർച്ചയിലൂടെ എത്തിച്ചേരുന്ന നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ പ്രത്യേകമായ കാവ്യങ്ങളെ വിശകലനം ചെയ്യുന്നതാണ് രണ്ടാമത്തെ വിഭാഗം. ആദ്യത്തേതിനു സിദ്ധാന്തപരമായ നിരൂപണമെന്നും രണ്ടാമത്തേതിന് മൂല്യനിർണയപരമായ നിരൂപണമെന്നും പേരു നൽകാം. (കവി കാവ്യത്തെക്കുറിച്ച് : അനുഭൂതിയുടെ നിറങ്ങൾ). ഇതിൽ കാവ്യങ്ങളുടെ ആന്തരികശോഭ വിശകലനം ചെയ്തു വിശദീകരിക്കുന്നതിലാണ് സാനു മാഷ് വൈഭവം കാണുന്നത്. ‘‘അവരെക്കുറിച്ചാണ് ഉൽകൃഷ്ട കൃതികളുടെ വിശുദ്ധമായ സൂക്ഷ്മമേഖലകളിൽ വിഹരിക്കുന്ന തീർഥാടകരെന്നു പറഞ്ഞുപോകാറുള്ളത്’’ എന്ന് (അതേ പുസ്തകം) മാഷിന് ഉറപ്പാണ്. അതിനാൽ, നിമിഷങ്ങളിൽ ജീവിച്ചുകൊണ്ട് നിത്യതയുമായി സംവദിക്കുന്ന ഇടങ്ങളായി കാവ്യങ്ങളെ കാണുന്ന രീതി അദ്ദേഹത്തെ വഴിനടത്തുന്നതായി കാണാം. നിത്യതയിൽ അലിയുന്ന നിമിഷമായാണ് വീണപൂവിനെ എം.കെ. സാനുമാഷ് കാണുന്നത്. എന്നാൽ, ഈ ക്ഷണികതയാണ് ജീവിതത്തി​ന്റെ മനോഹാരിതക്ക് നിദാനമെന്നും അദ്ദേഹം ഉറപ്പിച്ചെഴുതാൻ മറക്കുന്നില്ല.

കുമാരനാശാനെ നിരൂപിക്കുമ്പോൾ, കാവ്യവിശുദ്ധമായ സൂക്ഷ്മമേഖലകളിൽ വിഹരിക്കുന്ന ഒരു തീർഥാടക​ന്റെ ഭാവം പലപ്പോഴും സാനു മാഷിൽ കാണാം. അതിനാൽ ഒരു ഉദ്ബോധനം, പരിവർത്തനം, സ്വാതന്ത്ര്യഗാഥ, ഒരു തീയക്കുട്ടിയുടെ വിചാരം, ദുരവസ്ഥ എന്നിവയിലെ പല വരികളും പലപ്പോഴും പ്രസംഗപീഠങ്ങളിൽ മാറ്റൊലികൊള്ളിക്കാൻ പറ്റുന്നവയായി മാറുന്നുണ്ട് എന്നദ്ദേഹം കൃത്യമായി നിരീക്ഷിക്കുന്നുണ്ട് (ആശാൻ - സമുദായ പരിഷ്കർത്താവ് - കുമാരനാശാനെപ്പറ്റി). കവികൾ മനുഷ്യവർഗത്തി​ന്റെ സ്പർശിനികളായി മാറണമെന്ന അഭിപ്രായത്തോടാണ് സാനുമാഷ് യോജിച്ചിരുന്നത്. ജീവിത വിമർശനമാണ് കവിതയെന്ന മാത്യു അർനോൾഡി​ന്റെ വരികൾ ഇഷ്ടപ്പെടുമ്പോഴും കവിതയിലെ ജീവിതവിമർശനമെന്നു പറയുന്നത് നിഗൂഢചേതനയുടെ –അവ്യാഖ്യേയമായ ജീവിതാനുഭവങ്ങളുടെ ആവിഷ്കരണത്തിനും ആവിഷ്കരണത്തിൽ കവി അവലംബിക്കുന്ന മനോഭാവത്തിനുമാണ് എന്നദ്ദേഹം (അതേ ലേഖനം) തിരിച്ചറിയുന്നുണ്ട്. അതിനാൽ, ഏറെ ഉദ്ധരിക്കപ്പെടുകയും ഘോഷിക്കപ്പെടുകയും ചെയ്യുന്ന

‘‘പാരതന്ത്ര്യം മാനികൾക്ക്

മൃതിയേക്കാൾ ഭയാനകം’’

‘‘മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ

മാറ്റുമതുകളീ നിങ്ങളെത്താൻ’’ (ദുരവസ്ഥ)

‘‘നെല്ലിൻ ചുവട്ടിൽ മുളയ്ക്കും കാട്ടു

പുല്ലല്ല സാധു പുലയൻ

ശങ്ക വേണ്ടൊന്നായ് പുലർന്നാൽ -അതും

പൊങ്കതിർ പൂണും ചെടി താൻ’’ (ചണ്ഡാലഭിക്ഷുകി)

‘‘രണപടഹമടിച്ചു ജാതി രക്ഷ -

സ്സണവൊരിടങ്ങളിലൊക്കെയെത്തി നേർപ്പിൻ’’ (സിംഹനാദം) തുടങ്ങിയ വരികളേക്കാൾ ‘ഏകാന്തോൽകൃഷ്ടമായ ബോധത്തോടെ’ ആശാൻ രചിച്ച കാവ്യങ്ങളാണ് പൊതുവേ ഉത്കൃഷ്ടമായി സാനു മാഷ് കരുതുന്നത്. ‘‘ദുരവസ്ഥയുടെ സഹോദരി ’’ എന്നു വിശേഷിപ്പിച്ച് ആശാൻ എഴുതിയ ‘ചണ്ഡാല ഭിക്ഷുകി’യിൽ സാക്ഷാൽ ശ്രീബുദ്ധഭഗവാൻ തന്നെ രംഗത്തുവന്ന് ജാതിവ്യവസ്ഥയുടെ അനീതിയെക്കുറിച്ച് പ്രസംഗിക്കുന്ന നാലാംഭാഗം -അതി​ന്റെ രൂപശിൽപത്തിന് വലുതായ വൈകല്യം വരുത്തിയിട്ടുണ്ടെന്ന് സാനു മാഷ് ചൂണ്ടിക്കാട്ടുന്നു. ഈ കൃതികളിലെല്ലാം സാമൂഹിക ജീവിയായ കുമാരനാശാനെയാണ്, കവിയായ കുമാരനാശാനേക്കാളധികമായി കാണുന്നത് എന്നദ്ദേഹം പറയുന്നു. (അതേ ലേഖനം). ആശാനിലെ ഏകാകിയായ കവി എഴുതിയ

‘‘നിത്യഭാസുരനഭശ്ചരങ്ങളേ

ക്ഷിത്യവസ്ഥ ബത നിങ്ങളോർത്തിടാ’’ (നളിനി).

‘‘അർഥഭാണ്ഡങ്ങൾ തൻ

കനം കുറഞ്ഞു പോകുന്നു തോഴീ-

യിത്തനുകാന്തിതൻ വിലയിടിഞ്ഞിടുന്നു.

വ്യർഥമായ്ത്തോന്നുന്നു കഷ്ട!

മവൻ കാണാതെനിക്കുള്ള

നൃത്തഗീതാദികളിലെ നൈപുണി പോലും’’ (കരുണ) തുടങ്ങിയ വരികളിലാണ് ഉത്കൃഷ്ടത അദ്ദേഹം ദർശിക്കുന്നത് എന്നു പറയുന്നത് ഇതുകൊണ്ടാണ്. ആശാ​ന്റെ മുഖ്യ കഥാപാത്രങ്ങളിലെല്ലാം അന്വേഷണത്വര, അസ്വാസ്ഥ്യം, ദുഃഖം എന്നിവ അനുരാഗം ഹേതുവായി (‘ദുരവസ്ഥ’യിലെ സാവിത്രിയുടെ ദുഃഖഹേതു ലഹളയാണ്) വളരുന്നുണ്ട് എന്നാണ് സാനു മാഷ് നിരീക്ഷിക്കുന്നത്. ‘‘അഹഹ സങ്കടമോർത്താൽ മനുഷ്യജീവിതത്തേക്കാൾ മഹിയിൽ ദയനീയമായ് മറ്റെന്തോന്നുള്ളൂ’’ എന്ന് പറയുന്ന ആശാൻ, പക്ഷേ കൃതികൾക്കെല്ലാം ഒടുവിൽ ശാന്തിയുടെ വിസ്മയതീരം തീർക്കുന്നുണ്ടെന്ന പക്ഷക്കാരനാണ് മാഷ്. തൃഷ്ണയിൽനിന്ന് ജനിക്കുന്ന ദുഃഖാനുഭവം തൃഷ്ണയെ ജയിക്കുന്ന ശക്തിയായി മാറുന്നു എന്നാണ് അദ്ദേഹം നിരീക്ഷിക്കുന്നത് (ജീവിതദർശനം -അതേ കൃതി). ‘‘ദിനരാത്രികളറ്റു ശാന്തമായ അനഘ സ്ഥാനത്തേക്ക് സീത ഉയരുന്നത് ഭവാനുമെത്തുമേ ഭജമാനൈകവിഭാവ്യമിപ്പദം’’ എന്ന വിശ്വാസത്തോടെയാണ്. കുമാരനാശാനിലെ കവിയും ദാർശനികനും പരസ്പരം അലിഞ്ഞുചേരുന്നതിനാലാണ്, കുമാരനാശാ​ന്റെ കഥാപാത്രങ്ങളെല്ലാം ശാന്തിയിൽ നിന്ന് അശാന്തിയിലേക്ക് കടന്നുപോകുന്നത് എന്ന് സാനു മാഷ് നിരീക്ഷിക്കുന്നു.

 

എം.കെ. സാനു എം.ടിക്കും മമ്മൂട്ടിക്കുമൊപ്പം

ദുരന്ത നാടകങ്ങൾ

ദുരന്ത നാടകങ്ങളെ തൊടുമ്പോൾ സാനു മാഷി​ന്റെ വിമർശകപ്രതിഭ കാവ്യശോഭയേറിയ സൂര്യതേജസ്സായി മാറുന്നുണ്ട്. അജയ്യതയുടെ ശൃംഗങ്ങൾ എന്ന് ദുരന്തനാടകങ്ങളെ വിളിച്ചത് അദ്ദേഹത്തി​ന്റെ നിരൂപണത്തിനും ഉചിതമാകുന്നത് അപ്പോഴാണ്. മെഫിസ്റ്റോഫലീസി​ന്റെ ‘ഫൗസ്റ്റി’ൽ, ചിന്താശീലനും നന്മയിൽ ഉറച്ചവനുമായ മനുഷ്യന് അനുഭവിക്കേണ്ടി വരുന്ന ഭീകരമായ ഏകാകികത്വവും അനർഹമായ വേദനയും ഈശ്വര നിശ്ചിതമെന്നു വ്യാഖ്യാനിക്കുന്നതിനെ വിമർശന വിധേയമാക്കുന്നുണ്ട്. സാർത്ര് പറയുന്നതുപോലെ മനുഷ്യജീവിതം ഒരു കഥയില്ലായ്മയല്ല എന്നു സ്ഥാപിക്കാനാണ് ദുരന്ത നാടകങ്ങൾ എഴുതപ്പെട്ടതെന്നാണ് സാനു മാഷ് സ്ഥാപിക്കാൻ ഉദ്യമിക്കുന്നത്. ദേവരാജ്യത്തുനിന്നു തീയും വിജ്ഞാനത്തി​ന്റെ ആദ്യപാഠവും എത്തിച്ചുകൊടുത്ത പ്രോമിത്യൂസി​ന്റെ ജീവിതം അവതരിപ്പിക്കുന്ന നാടകം സാനു മാഷിന് പ്രിയപ്പെട്ടതാകുന്നത് അതുകൊണ്ടു കൂടിയാണ്.

‘‘സീയൂസി​ന്റെ ഘോര ശിക്ഷയെ ഭയന്ന് ഞാൻ സ്ത്രൈണ ചിത്തനാകുമെന്നോ (?) വെറുക്കപ്പെട്ട ആ ശത്രുവി​ന്റെ മുന്നിൽ ഈ ചങ്ങലകളിൽനിന്നു മോചനം നേടുന്നതിനുവേണ്ടി ഞാൻ യാചിക്കുമെന്നോ നീ സ്വപ്നത്തിൽപ്പോലും കരുതണ്ട; അതു രണ്ടും എ​ന്റെ സ്വഭാവത്തിലില്ലാത്ത കാര്യങ്ങളാണ്’’ എന്ന വരികൾ നോക്കുക. ‘‘ജീവിതം ചലിക്കുന്ന നിഴലാണെന്നും’’ ‘‘ഒരു വിഡ്ഢി കഥിക്കുന്ന കഥയില്ലായ്മയാണെന്നും’’ പറയുന്ന ‘മാക്ബത്ത്’, സാനു മാഷ് പ്രാധാന്യത്തോടെ അവതരിപ്പിച്ച മറ്റൊരു ദുരന്തനാടകമാണ്. അചഞ്ചലമായ ഉത്തുംഗ വ്യക്തിത്വമുള്ള ഈ കഥാപാത്രങ്ങളെല്ലാം ഉത്കടമായ വേദന താങ്ങുന്നതിൽ കാണിക്കുന്ന അസാമാന്യമായ കരുത്ത് തിരിച്ചറിയേണ്ടതുണ്ടെന്നു പറയുന്ന എം.കെ സാനു ‘‘ആ പ്രതികൂല്യങ്ങളുടെയും പീഡനങ്ങളുടെയും വിദൂരമായ ദിങ് മാത്രദർശനത്തിൽത്തന്നെ സാധാരണ ജീവിതങ്ങൾ സ്തംഭിച്ചു മരിച്ചുപോകും (അജയ്യതയുടെ ദർശനങ്ങൾ -അനുഭൂതിയുടെ നിറങ്ങൾ) എന്ന് പ്രത്യേക പ്രാധാന്യത്തോടെ എടുത്തുകാട്ടുന്നുണ്ട്. സാധാരണക്കാർക്കു വേണ്ടിയല്ലാതെ മറ്റാർക്കു വേണ്ടിയാണ് എഴുതേണ്ടത്’’ എന്ന ഇ.എം.എസി​ന്റെ ചോദ്യമാണ് ഇവിടെയെല്ലാം എം.കെ. സാനു മാഷിനെ പ്രചോദിപ്പിക്കുന്നതെന്നു കാണാം.

ഭൂമിയിൽ സമാധാനം

ഭൂമിയിൽ സമാധാനം സ്ഥാപിക്കാൻകൂടിയുള്ളതാണ് എഴുത്തെന്ന സങ്കൽപവും സാനു മാഷിനെ നയിക്കുന്നുണ്ട്.

‘‘സ്വർണകാലം കഴിഞ്ഞില്ല

വരുന്നേയുള്ളു കാക്കുവിൻ

വരുത്തേണ്ടത് മനുഷ്യ​ന്റെ

ശ്രമത്താലെന്നുമോർക്കുവിൻ.’’

(സഹോദരൻ അയ്യപ്പൻ -ഭാവി) എന്ന വരികൾ ആമുഖമായി കുറിച്ചുകൊണ്ടാണ് യുദ്ധം വരുത്തി​െവച്ച നാശത്തി​ന്റെ അന്തരീക്ഷത്തിൽ രൂപംകൊണ്ട, ടി.എസ്. എലിയറ്റി​ന്റെ ‘തരിശുഭൂമി’ എന്ന കവിതയെക്കുറിച്ച് സാനു മാഷ് പരാമർശിക്കുന്നത്. ‘‘നാം മനുഷ്യവംശത്തിലെ അംഗങ്ങളാണ്. ആ നിലക്ക് മനുഷ്യന്റേതായ അന്തസ്സു നമുക്കോരോരുത്തർക്കുമുണ്ട്.’’ (ഭൂമിയിൽ സമാധാനം –അനുഭൂതിയുടെ നിറങ്ങൾ) എന്ന് സാനു മാഷ് ഓർമിപ്പിക്കുന്നുണ്ട്.

‘‘ദീർഘകാലമായി അമർത്തപ്പെട്ടിരിക്കുന്ന ശബ്ദങ്ങൾ

എന്നിലൂടെ ഉയരട്ടെ

അടിമകളുടെ ശബ്ദങ്ങൾ

മർദിതരുടെ ശബ്ദങ്ങൾ

വേശ്യകളുടെ ശബ്ദങ്ങൾ

ഇവരുടെയെല്ലാം ശബ്ദങ്ങൾ

എന്നിലൂടെ ഉയരട്ടെ.’’ എന്ന വാൾട്ട് വിറ്റ്മാ​ന്റെ വരികൾ പ്രിയങ്കരമായി മാറുന്നത് അതുകൊണ്ടാണ്. ജി. കുമാരപിള്ളയുടെ ‘ആൾത്താമിരാനോ’ എന്ന കവിതക്ക് പ്രത്യേക പഠനമെഴുതാൻ സാനു മാഷിനെ പ്രേരിപ്പിക്കുന്നതും വാൾട്ട്മാന്റെ ഈ വരികളിലെ ദർശനംതന്നെയാണ്. ബൊളീവിയൻ സൈനിക ഭരണകൂടം അന്യായമായി തടങ്കലിൽ പാർപ്പിച്ചിരുന്ന ബൊളീവിയൻ തൊഴിലാളി നേതാവായിരുന്നു ലൂയിലോപ്പസ് ആൾത്താമിരാനോ. ആംനെസ്റ്റി ഇന്റർനാഷനൽ അടക്കമുള്ള സംഘടനകളുടെ ഇടപെടലാൽ മോചിപ്പിക്കപ്പെട്ടയാൾ. ‘‘വാഗ്ദത്തഭൂമിതൻ തീരദേശത്തിനായ് ആർക്കും വഴങ്ങാതെ നീങ്ങുന്ന, ചക്രവാളത്തി​ന്റെയക്കരക്കപ്പുറം സ്വപ്നം കൊളുത്താൻ പുറപ്പെടും ആൾത്താമിരാനോയെ മനുഷ്യവിമോചനത്തി​ന്റെ ധീരപടയാളിയായി കണ്ടുകൊണ്ടാണ് എം.കെ. സാനു മാഷ് എഴുതുന്നത്.

‘‘എങ്ങും വിശക്കുവോർ എങ്ങും മുടന്തുവോർ

എങ്ങുമേ ചങ്ങലക്കെട്ടിൽ കുടുങ്ങുവോർ

വേദനിക്കുന്നവർ, മൂകമാം വേദന–

യ്ക്കാരും ക്ഷണിക്കാതെ ശബ്ദം കൊടുക്കുവോർ

വിശ്വസിക്കുന്നു ഞാനെന്നയൽക്കാരിവർ

വിശ്വനീഡത്തിലെൻ കൂടപ്പിറപ്പുകൾ.’’

(ആൾത്താമിരാനോ -ജി. കുമാരപിള്ള)

ഈ വരികളിൽ വാൾട്ട് വിറ്റ്മാ​ന്റെ ‘‘ദീർഘകാലമായി അമർത്തപ്പെട്ടിരിക്കുന്ന ശബ്ദങ്ങൾ എന്നിലൂടെ ഉയരട്ടെ’’ എന്ന വരികളുടെ സാരൂപ്യം സാനു മാഷ് തിരിച്ചറിയുന്നുണ്ട്.

ജീവചരിത്രകാരൻ

ജീവചരിത്രരചനയിൽ അദ്വിതീയനാണ് സാനു മാഷ്. എന്നാൽ, ആ കൃത്യത്തിലും ജീവചരിത്രമെഴുതാൻ തിരഞ്ഞെടുത്തതിലും കർശനമായ ഒരു നിബന്ധന അദ്ദേഹം ​െവച്ചുപുലർത്തിയിരുന്നു: ‘‘സാധാരണക്കാരായ നമുക്ക് ഒരിക്കലും സാധിക്കാത്ത രീതിയിൽ ജീവിതം ലോകക്ഷേമത്തിനു വേണ്ടി മാത്രമായി സമർപ്പിക്കുന്ന പുണ്യാത്മാക്കളെ, സാർഥൈകവൃത്തികളിലേർപ്പെടുന്നതിനിടയിലും നാം അവരെ ദർശിക്കുവാൻ വെമ്പൽകൊള്ളുന്നു. അവരെ ദൈവദൂതന്മാരായി പൂജിക്കാനും. അങ്ങനെ പൂജിക്കുന്നതിൽനിന്നു കിട്ടുന്ന ആശ്വാസവും സുഖവും തേടിയാണ് ഞാൻ ജീവചരിത്ര രചനയിലേക്ക് തിരിഞ്ഞത്. ബോധപൂർവം അങ്ങനെ തിരിഞ്ഞതല്ല’’ (കർമഗതി). ജീവചരിത്ര രചന സാഹിത്യരചന തന്നെ എന്നതി​ന്റെ സമർഥനമാണ് അദ്ദേഹത്തി​ന്റെ ജീവചരിത്രകൃതികൾ എന്ന തോമസ് മാത്യുവി​ന്റെ നിരീക്ഷണം ശ്രദ്ധേയമാണ്. ‘നാരായണഗുരുസ്വാമി: അസ്തമിക്കാത്ത വെളിച്ചം’, ‘സഹോദരൻ കെ. അയ്യപ്പൻ’, ‘ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം’, ‘ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ’, ‘കുമാരനാശാൻ: മൃത്യുഞ്ജയം കാവ്യജീവിതം’, ‘പാർവതി അമ്മ: അശരണരുടെ അമ്മ’, ‘എം. ഗോവിന്ദൻ’, ‘അയ്യപ്പപ്പണിക്കർ: നിഷേധത്തി​ന്റെ ചാരുരൂപം’, ‘പി.കെ. ബാലകൃഷ്ണൻ: ഉറങ്ങാത്ത മനീഷി’, ‘യുക്തിവാദി എം.സി. ജോസഫ്’, ‘വൈലോപ്പിള്ളി: വാക്കുകളിലെ മാന്ത്രികശക്തി’, ‘സി.ജെ. തോമസ്: ഇരുട്ടുകീറുന്ന വജ്രസൂചി’, ‘ഡോ. പി. പൽപു: ധർമബോധത്തിൽ ജീവിച്ച കർമയോഗി’, ‘പി. കേശവദേവ്: ഓടയിൽ മനുഷ്യനെ കണ്ടെത്തിയ എഴുത്തുകാരൻ’, ‘കേസരി ബാലകൃഷ്ണപിള്ള: ഒരു കാലഘട്ടത്തി​ന്റെ സ്രഷ്ടാവ്’ എന്നിവ അവയിൽ ചിലതാണ്.

സാധാരണക്കാർക്കായി മഹദ്ജീവിതങ്ങൾ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജീവചരിത്ര രചനയിലും സാനു മാഷ് ഇടപെട്ടത്. രസകരമായ മുൻമൊഴികൾ പലതിലും കാണാം. ‘‘ഈ മനുഷ്യനുള്ളതുകൊണ്ടാണ് മദിരാശി പബ്ലിക് ലൈബ്രറിയിലെ പുസ്തകങ്ങൾ ദ്രവിച്ചുപോകാത്തത്’’ എന്ന് കെ.സി.എസ്. പണിക്കർ എം. ഗോവിന്ദനെക്കുറിച്ച് പറഞ്ഞ വരികളാണ് ‘എം. ഗോവിന്ദൻ’ എന്ന ജീവചരിത്രകൃതിയിൽ കാണുന്നത്. അത്യഗാധമായ വായനയിൽ നിരന്തരം ജീവിച്ച എം. ഗോവിന്ദനെ പരിചയപ്പെടുത്താൻ ഈ വരികൾക്ക് ശക്തികൂടും.

ശ്രീനാരായണഗുരു, ആശാൻ തുടങ്ങിയ ചിലരൊഴിച്ചാൽ മറ്റു മിക്കവരുടെയും ജീവിതയാത്രയിൽ സാനു മാഷും പങ്കാളിയോ സാക്ഷിയോ ആണ്. നവോത്ഥാന കേരളത്തെ രൂപപ്പെടുത്താൻ വിയർപ്പൊഴുക്കിയവരെ അവതരിപ്പിക്കുമ്പോൾ വാക്കുകൾക്ക് മൂർച്ചയേറും.സഹോദരൻ അയ്യപ്പനെ അവതരിപ്പിക്കുമ്പോൾ ശ്രീനാരായണഗുരുവി​ന്റെ വരികൾ പശ്ചാത്തലമായി കാണാം. ‘‘ജാതിക്കെതിരായി ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നാൽ മാത്രം മതിയോ? നമ്മുടെ അനുയായികളുടെ മനസ്സിൽനിന്നുതന്നെ ജാതി നീക്കം ചെയ്യുന്നതിന് എന്തെങ്കിലും പ്രവർത്തിക്കേണ്ടതല്ലേ? പ്രവൃത്തികളിലൂടെയല്ലേ ആളുകളുടെ മനസ്സിൽനിന്ന് ജാതിയെ പിഴുതെറിയാൻ കഴിയൂ.’’

സമകാലികമായ സമാനാവസ്ഥകൾ നേരിടാൻ വായനക്കാരെ പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടൊപ്പം നാരായണഗുരുവി​ന്റെ വിപ്ലവപരമായ സമീപനങ്ങൾ വെളിപ്പെടുത്തുകയും ചെയ്യാൻ ഈ സമീപനം സഹായിക്കുന്നുണ്ട്. ശൃംഗാരശ്ലോകങ്ങൾ എഴുതരുതെന്ന് ഗുരു ആവശ്യപ്പെട്ട കാര്യം കുമാരനാശാ​ന്റെ ജീവചരിത്രത്തിൽ എഴുതുന്ന സാനു മാഷ്, കുമാരനാശാൻ ശൃംഗാര കവിതകൾ എഴുതിയിരുന്നു എന്നിതിനർഥമില്ല എന്നും ഓർമിപ്പിക്കാൻ മറക്കുന്നില്ല. വ്യക്തിയും സംഭവവും ഏതായാലും കാലത്തി​ന്റെ പുരോഗമനപരമായ പോക്കിന് ഉപയുക്തമാകണം എന്ന സമീപനത്തിനാണ് സാനു മാഷ് ഊന്നൽ നൽകുന്നത്. വിചാരവിപ്ലവത്തെയും ഗൗരവമായി പരിഗണിക്കണമെന്ന അഭിപ്രായം അദ്ദേഹത്തി​ന്റെ ജീവചരിത്രകൃതികളിലെല്ലാം പ്രത്യേകിച്ച് വി.ടി. ഭട്ടതിരിപ്പാട്, സഹോദരൻ അയ്യപ്പൻ, സി.ജെ. തോമസ്, എം.സി. ജോസഫ്, പി.കെ. ബാലകൃഷ്ണൻ എന്നിവരെക്കുറിച്ചുള്ള കൃതികളിൽ ശക്തമായ കാഴ്ചപ്പാടായി നിലനിൽക്കുന്നുണ്ട്.

മാനവികതയുടെ എഴുത്തുകാരൻ

മനുഷ്യത്വം എന്നത് സാനുമാഷിന് പ്രിയങ്കരമായ ഒരു പദമായിരുന്നു. 'വാൾട്ട് വിറ്റ്മാ​ന്റെ ‘‘ജനനിബിഡമായ സഞ്ചയമാണ് ഞാൻ’’ എന്ന വരികൾ ഏറെ പ്രിയപ്പെട്ടതും. മനുഷ്യൻ മനോഹരമായ പദം എന്നത് അദ്ദേഹത്തി​ന്റെ രചനകളുടെ സുഗന്ധമായി നിലകൊണ്ട വരികളാണ്. സൗമ്യനായ നല്ല മനുഷ്യൻ കൂടിയായിരുന്നല്ലോ അദ്ദേഹം. ത​ന്റെ മകന് കത്തെഴുതുമ്പോൾപോലും മനുഷ്യസ്നേഹത്തെ അദ്ദേഹം മുറുകെപ്പിടിച്ചു. ‘‘തലമുറകൾ ഈ പാതയിലൂടെ കടന്നുപോയിട്ടുണ്ട്. എങ്കിലും ഓരോ തലമുറയും മറ്റൊരു തലമുറയിൽനിന്ന് വ്യത്യസ്തമായ രീതിയിലാണ് കടന്നുപോയിട്ടുള്ളത്. നിന്റെ രീതിയും എന്റേതിൽനിന്ന് വ്യത്യസ്തമായിരിക്കുമെന്ന് എനിക്കറിയാം. ആ അറിവ് എന്നെ ദുഃഖിപ്പിക്കുന്നില്ല. നിനക്ക് ഞാൻ ഭാവുകങ്ങൾ നേരുന്നു. എങ്കിലും നാം മനുഷ്യവർഗത്തിലെ അംഗങ്ങൾ ആണെന്ന കാര്യം നീ ഒരിക്കലും മറക്കാതിരിക്കണമെന്ന് ഞാനാഗ്രഹിക്കുന്നു.’’ (മകൻ എം.എസ്. രഞ്ജിത്തിന് കുട്ടിയായിരുന്നപ്പോൾ അയച്ച കത്ത്)

യുക്തിവാദികളുടെ ആചാര്യൻ എം.സി. ജോസഫിനെ നവോത്ഥാനാചാര്യന്മാരുടെ ശ്രേണിയിലാണ് എം.കെ. സാനു ഉൾപ്പെടുത്തുന്നത്. മഹാനായ മനുഷ്യസ്നേഹിയാണെന്ന കാര്യം എടുത്തുപറയുകയും സഹോദരൻ അയ്യപ്പനോടും വി.ടിയോടും ഒപ്പംചേർന്ന് പ്രവർത്തിച്ച പാരമ്പര്യം വീണ്ടെടുക്കുകയും ചെയ്യുന്നു. ബുദ്ധൻ, ഗാന്ധിജി, ആൽബർട്ട് ഷ്വൈറ്റ്സർ, ബർട്രാൻഡ് റസ്സൽ, ബർനാഡ് ഷാ എന്നിവരെ മാത്രമല്ല ഹെർമൻ ഹെസ്സേ, ബർട്ടോൾഡ് ബ്രെഹ്ത്, ഫ്രാൻസ് കാഫ്ക, ആൽബർ കാമു, സാമുവൽ ബക്കറ്റ്, ഹെൻ്റിക് ഇബ്സൻ, യൂജിൻ അയനസ്കോ എന്നീ വിശ്വസാഹിത്യ പ്രതിഭകളെയും അവരുടെ മനുഷ്യോന്മുഖമായ ഭാവം മുൻനിർത്തിയാണ് അദ്ദേഹം പരിചയപ്പെടുത്തിയിട്ടുള്ളത്. സാമുവൽ ബക്കറ്റി​ന്റെ ഗോദോയിലെ കഥാപാത്രങ്ങൾ മനുഷ്യവംശമായി മാറിയിരിക്കുന്നു എന്നദ്ദേഹത്തിന് പറയാനാവുന്നത് അതുകൊണ്ടാണ് (അർഥശൂന്യതയുടെ അർഥം തേടി എന്ന ലേഖനം -നാടകവിചാരം).

തിന്മയുടെ ഘോരശക്തിക്ക് വഴങ്ങാതെ നിൽക്കുന്ന മനുഷ്യേച്ഛയുടെ അജയ്യതയെക്കുറിച്ചുള്ള ഗംഭീരമായ ബോധമാണ് ഈഡിപ്പസ് നാടകം ആത്യന്തികമായി അനുവാചക മാനസങ്ങളിൽ അവശേഷിപ്പിക്കുന്നത് എന്ന് എഴുതാൻ ശ്രദ്ധിക്കുന്നതും മറ്റൊരുദാഹരണമാണ് (ദുരന്തദർശനം -നാടകവിചാരം). ആശാനിൽ കാണുന്ന ലോകാനുരാഗം മനുഷ്യത്വം തന്നെ എന്നദ്ദേഹം തിരിച്ചറിയുന്നു. എന്നാൽ, അനന്തവൈചിത്ര്യമാർന്ന പ്രത്യക്ഷലോകമാണ് കവിത്വത്തിനാധാരമായി നിലനിൽക്കുന്നതെന്ന അറിവാണ് ലോകാനുരാഗം മനുഷ്യത്വമെന്ന് പ്രഖ്യാപിക്കാൻ കുമാരനാശാന് ബലം നൽകിയതെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചറിയുന്നു (നിത്യതയിൽ അലിയുന്ന നിമിഷം (വീണപൂവ്) അശാന്തിയിൽനിന്ന് ശാന്തിയിലേക്ക്). തമ്പുരാനിൽ (എ.ആർ. രാജരാജവർമ്മ) നല്ലൊരു മനുഷ്യനെയാണ് കുമാരനാശാൻ കണ്ടതെന്നും അതുകൊണ്ടാണ് അവർ തമ്മിൽ ആത്മബന്ധം ഉണ്ടായതെന്നും എം.കെ. സാനു തിരിച്ചറിയുന്നുണ്ട്. (അമരലോകം പ്രാപിക്കാൻ –പ്രരോദനം വിവിധഭാവങ്ങളുടെ സംവാദവേദി).

ദുഃഖാനുകാരിയായ എഴുത്തുകാരൻ

സ്വകാര്യ ജീവിതത്തിന്റേതല്ലാത്ത ദുഃഖം അദ്ദേഹത്തെ എന്നും പിന്തുടർന്നിരുന്നു. ‘‘ദുഃഖങ്ങളൊക്കെയും കവിതകളാകുവാൻ ദുഃഖമേ നീയെ​ന്റെ കൂടെയുണ്ടാകണം’’ എന്ന് എസ്. ജോസഫ് എഴുതിയതുപോലാണോ?

‘‘മരണഗോപുരദ്വാരമെത്തുംവരെ

പ്പിരിയുകയില്ല നിന്നെ ഞാൻ ശോകമേ’’ എന്ന് ചങ്ങമ്പുഴ എഴുതിയതുപോലാണോ? ആദ്യത്തേതിൽ ദുഃഖത്തെ സർഗാത്മകതക്കായുള്ള സാമീപ്യമായി കാണുമ്പോൾ രണ്ടാമത്തേതിൽ മരണാഭിമുഖ്യത്തോളമെത്തുന്ന അഭിവാഞ്ഛയായി ദുഃഖം ഇതൾ വിടർത്തുന്നു. സാനു മാഷ് രണ്ടാമത്തെ തരക്കാരനായിരുന്നു. ‘‘പ്രത്യക്ഷമായ കാരണമൊന്നും എടുത്തു പറയാനില്ലെങ്കിലും ജീവിതം എപ്പോഴും വേദനയായിട്ടാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. ചിലപ്പോഴെല്ലാം അത് സാഹസചിന്തകളുടെ അതിർത്തിയിലേക്ക് തന്നെ എന്നെ നയിച്ചിട്ടുണ്ടെന്ന കാര്യം മറച്ചുവയ്ക്കുന്നില്ല.’’ (അനുഭൂതിയുടെ നിറങ്ങളുടെ ആമുഖത്തിൽ)

‘‘എന്നിട്ടും അധികമൊന്നും കരയാതെ പരാതി പറയാതെ ഇത്രയും കാലം ഞാൻ പിന്നിട്ടു. അതിന്റെ കാരണം എന്താണെന്ന് എനിക്കറിയാം. മനുഷ്യരിൽനിന്ന് ധാരാളമായി ലഭിച്ച സ്നേഹം’’ എന്നദ്ദേഹം തുടർന്നെഴുതുന്നുണ്ട്. ശോകാശങ്കയെഴാത്ത ശുദ്ധസുഖവും ദുഃഖീകരിക്കുന്ന ഏകാന്താദ്വയ ശാന്തി ഭൂവിനു നമസ്കാരം പറഞ്ഞ (പ്രരോദനം) കുമാരനാശാൻ പ്രിയപ്പെട്ട കവിയാകുന്നത് ഈ ദുഃഖാഭിമുഖ്യം മൂലമാണ്. എല്ലാ സായംസന്ധ്യകളും ദുഃഖമാണ് എന്ന ‘ഖസാക്കി​ന്റെ ഇതിഹാസ’ത്തിലെ വരികൾ അദ്ദേഹം ആവർത്തിച്ച് ഉരുവിട്ടതി​ന്റെ പിന്നിലെ കാരണവും മറ്റൊന്നല്ല. പിംഗളകേശിനിയായ മൃത്യുവിനു വേണ്ടി കാത്തിരിക്കുന്നു എന്നു മൊഴിഞ്ഞപ്പോഴും ഈ അനുഭവപശ്ചാത്തലം അകമേ ശോകാർദ്രമായ നിഴൽപോലെ വിരിഞ്ഞിട്ടുണ്ടാകണം. എങ്കിലും അദ്ദേഹത്തി​ന്റെ രചനകളൊന്നും ദുഃഖാഭിമുഖ്യങ്ങളല്ല. ദുഃഖാനുഭവങ്ങളാണ് വിമോചന വീഥികളിലേക്ക് നയിക്കുന്നത് എന്ന് ആശാ​ന്റെ കഥാപാത്രങ്ങളിലൂന്നി അശാന്തിയിൽ നിന്ന് ശാന്തിയിലേക്ക് എന്ന ഗ്രന്ഥത്തിൽ സ്ഥാപിച്ചതുപോലെ അധ്യഷ്യമായ മനുഷ്യശക്തിയുടെ സാക്ഷീകരണങ്ങൾ എന്ന നിലയിലാണ് ദുരന്തനാടകങ്ങളെക്കുറിച്ചു പോലും സാനു മാഷ് എഴുതിയിട്ടുള്ളത്. അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും അദ്ദേഹം എന്നും എതിരായിരുന്നു.

സ്വാതന്ത്ര്യം

സാനു മാഷ് ത​ന്റെ എഴുത്തിലും ജീവിതത്തിലും തുടരുന്ന മറ്റൊരു തിക്കോൽവാക്കാണ് സ്വാതന്ത്ര്യം എന്നത്. കുമാരനാശാ​ന്റെ ഒരു ‘സിംഹപ്രസവം’ എന്ന കൃതിയെക്കുറിച്ചെഴുതുമ്പോൾ സ്വാതന്ത്ര്യം കാരാഗൃഹത്തിൽ എന്ന തലവാചകമാണ് അദ്ദേഹം എഴുതുന്നത്. ചിന്താവിഷ്ടയായ സീതയെ സ്വാതന്ത്ര്യത്തിന് ലഭിച്ച നിർവചനമായാണ് അദ്ദേഹം അടയാളപ്പെടുത്തുന്നത്. ‘ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ’ എന്ന ജീവചരിത്ര കൃതിയിൽ സമകാലിക യാഥാർഥ്യങ്ങൾക്കിടയിലും –നിത്യതയിലെ ഭാസുരനക്ഷത്രത്തിൽ നോക്കാൻ കഴിയുന്ന സ്വതന്ത്രാത്മാവായ എഴുത്തുകാരനെ എം.കെ. സാനു തിരിച്ചറിയുന്നുണ്ട്. ‘‘ചങ്ങലകളാലെന്ന പോലെ മണ്ണോടു ബന്ധിതനെങ്കിലും അവൻ നോക്കുകയാണ്, ദേശകാലങ്ങളെ പിന്നിട്ട് വീരമോഹനമായ നാളെയിലേക്ക്.’’ (ജന്മദിനം (കഥ ) -ബഷീർ). എം. ഗോവിന്ദനെ ജന്മനാ സ്വതന്ത്രൻ എന്നാണ് വിശേഷിപ്പിക്കുന്നതുതന്നെ (എം. ഗോവിന്ദൻ -ജീവചരിത്രം). ‘പ്രാർഥന’ എന്ന പേരിലെഴുതിയ

‘‘എഴുത്തോ, നി​ന്റെ കഴുത്തോ

ഏറെക്കൂറേതിനോട്

എന്നു ചോദിച്ചൊരുവൻ

എന്നരികിൽ വരും മുമ്പേ

എ​ന്റെ ദൈവമേ

നീ ഉൺമയെങ്കിൽ

എന്നെക്കെട്ടിയെടുത്തേക്ക്

നരകത്തിലെങ്കിലങ്ങോട്ട് ’’ കവിത പ്രാധാന്യത്തോടെ കണ്ടെടുക്കാൻ എം. ഗോവിന്ദനെ പ്രേരിപ്പിക്കുന്നത് സ്വാതന്ത്ര്യബോധത്തോടുള്ള അഭിവാഞ്ഛ കൂടിയാണ്.

മനുഷ്യജീവിതത്തി​ന്റെ, അതിനാൽ എഴുത്തി​ന്റെയും പ്രമുഖദൗത്യംതന്നെ സ്വാതന്ത്ര്യമാണെന്ന പക്ഷക്കാരനായിരുന്നു സാനു മാഷ്. അതിനാൽ ‘ലീല’യിലെ അനുരാഗം സ്വാതന്ത്ര്യ പ്രഖ്യാപനമായി സാനു മാഷ് അടയാളപ്പെടുത്തുന്നു (അശാന്തിയിൽനിന്ന് ശാന്തിയിലേക്ക്). ഇതിവൃത്തത്തി​ന്റെ കേന്ദ്രത്തിലേക്ക് നയിക്കുന്ന രണ്ടു ശ്ലോകങ്ങളായി എം.കെ. സാനു മാഷ് കണ്ടെടുക്കുന്നത് വൈവിധ്യം നിറഞ്ഞ ജീവിതാവസ്ഥകൾക്കും സ്വാതന്ത്ര്യത്തിനുമുള്ള സാധൂകരണമായി മാറുന്നതു കാണാം.

‘‘ക്ഷിതിയില ഹ ഹ! മർത്ത്യജീവിതം

പ്രതിജനഭിന്ന വിചിത്ര മാർഗമാം

പ്രതിനവ രസമാമതോർക്കുകിൽ

കൃതികൾ മനുഷ്യകഥാനുഗായികൾ.’’

‘‘പഴകിയ തരുവല്ലി മാറ്റിടാം

പുഴയൊഴുകും വഴി വേറെയാക്കിടാം

കഴിയുമവ -മനസ്വിമാർ മന-

സ്സൊഴിവതശക്യമൊരാളിലൂന്നിയാൽ.’’ എന്നിവയാണവ. വള്ളത്തോളി​ന്റെ ‘കൊച്ചുസീത’യിലെ നായികയും കുമാരനാശാ​ന്റെ ‘കരുണ’യിലെ നായികയും തമ്മിൽ വ്യത്യസ്തമായിരിക്കുന്നത് സ്വാതന്ത്ര്യത്തി​ന്റെ കാര്യത്തിലാണെന്ന് സാനു മാഷ് കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. വാരാംഗന, വേശ്യാനദി തുടങ്ങിയ വിശേഷണങ്ങൾ വള്ളത്തോൾ ത​ന്റെ നായികമാർക്കായി സ്വീകരിക്കുമ്പോൾ കുമാരനാശാൻ സാധ്വി, ഗുണവതി, ഉത്തമ, സതി തുടങ്ങിയ വിശേഷണങ്ങൾ സ്വീകരിക്കുന്നതിൽ ഈ സമീപന ഭേദമാണ് നിഴലിക്കുന്നത് (സ്വാതന്ത്ര്യം തന്നെ ജീവിതം –അശാന്തിയിൽ നിന്ന് ശാന്തിയിലേക്ക്).

ചങ്ങമ്പുഴയെക്കുറിച്ചുള്ള ജീവചരിത്രകൃതിയിൽ ഇഷ്ടമുള്ളത് ചെയ്യാനുള്ള സ്വാതന്ത്ര്യം അച്ഛൻ നൽകാത്തതിനാൽ അച്ഛ​ന്റെ മരണവാർത്ത ചങ്ങമ്പുഴക്ക് ആഹ്ലാദം പകർന്നകാര്യം പ്രാധാന്യത്തോടെ സൂചിപ്പിക്കുന്നുണ്ട്: ‘‘ഭാഗ്യം കൊണ്ടെന്നാണ് ഞാൻ അന്ന് വിചാരിച്ചത്. എ​ന്റെ അച്ഛൻ മരിച്ചു എന്ന് കേട്ടു. അമ്മയും മറ്റും വാവിട്ടു കരയുന്നതിനിടയിൽ മൂഢമായ എ​ന്റെ ശിശുഹൃദയം ആനന്ദനൃത്തം ചെയ്യുകയായിരുന്നു. അജ്ഞാതമായ സ്വാതന്ത്ര്യത്തിന്റെ മാധുര്യം അനുഭവിക്കാനുള്ള സൗഭാഗ്യം എനിക്ക് സിദ്ധിച്ചിരിക്കുന്നു.’’ (ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം –എം.കെ. സാനു)

സ്നേഹം, സാഹോദര്യം

മനുഷവിമോചനം,

ജീവിതവിശുദ്ധി,

സമഭാവന, ജനാധിപത്യം, നീതി

അതിരുകളില്ലാത്ത ദേശീയത ഇവക്കെല്ലാമായി നിലകൊണ്ട എഴുത്തുകാരൻകൂടിയാണ് സാനു മാഷ്.

‘‘നിഗമങ്ങൾ തിരഞ്ഞെന്തിനു വലയുന്നിതു മൂഢർ

സമഭാവനയല്ലോ ഗതി സമഭാവന ശരണം’’ (സമഭാവന) എന്ന സഹോദരൻ അയ്യപ്പ​ന്റെ കവിത അദ്ദേഹത്തി​ന്റെ സന്ധ്യാപ്രാർഥനകളിലൊന്നായിരുന്നല്ലോ.

‘‘വലുതിന്നിര ചെറുതെന്നതു മൃഗജീവിത നിയമം

ചെറുതിൻ തുണ വലുതെന്നതു തന്നേ നരധർമം’’ എന്ന് തുടരുന്ന ആ പ്രാർഥന ത​ന്റെ ജീവിതദർശനമായി സാനു മാഷ് എന്നും കരുതിപ്പോന്നു.

നവോത്ഥാനം കേരളത്തെ രൂപപ്പെടുത്തിയ പ്രധാന ഘടകമാണെന്നും യുക്തിവാദിയായ എം.സി. ജോസഫിനെ നവോത്ഥാനാചാര്യന്മാരുടെ ശ്രേണിയിൽ ഇടംനൽകേണ്ട മഹാനായ മനുഷ്യസ്നേഹിയാണെന്നും എം.കെ. സാനു മാഷ് എഴുതുന്നത് അതുകൊണ്ടുകൂടിയാണ്. ഫാഷിസത്തിനെതിരെയുള്ള പോരാട്ടം എം.കെ. സാനു നടത്തിയത് ത​ന്റെ രചനകളിലൂടെയാണ്. നരേന്ദ്ര ധാബോൽകറും ഗോവിന്ദ് പൻസാരെയും കൽബുർഗിയും ഗൗരി ലങ്കേഷും നിഷ്ഠുരമായി കൊല്ലപ്പെട്ട സാഹചര്യത്തിൽ അദ്ദേഹം ത​ന്റെ ‘യുക്തിവാദി എം.സി. ജോസഫ്’ വിപണിയിൽ ലഭ്യമല്ലെന്ന കാര്യം ചൂണ്ടിക്കാട്ടി ‘കേരള സാഹിത്യ അക്കാദമിക്ക് കത്തെഴുതുകയും 2019ൽ അക്കാദമി പ്രസ്തുത കൃതിയുടെ രണ്ടാം പതിപ്പ് പുറത്തിറക്കുകയും ചെയ്തു. യുക്തിവാദ പ്രസ്ഥാനത്തിന് ആധുനിക വീക്ഷണത്തിലേക്ക് കേരളത്തെ നയിച്ചതിൽ സുപ്രധാനമായ പങ്കുണ്ടെന്ന കാര്യത്തിൽ സമൂഹത്തിൽ വ്യാപകമായ ധാരണയില്ലെന്നത് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ പുസ്തകമാണിത്.

 

എം.കെ. സാനുവിനെ സംവിധായകൻ കമൽ കാമറയിൽ പകർത്തുന്നു

നിരന്തരം നവീകരിക്കപ്പെട്ട എഴുത്തുജീവിതം

അന്ത്യം വരെയും എഴുത്തുജീവിതം സജീവമാക്കി നിലനിർത്താൻ സാധിച്ച ഒരെഴുത്തുകാരൻകൂടിയാണ് സാനു മാഷ്. ഇതദ്ദേഹത്തിന് സാധിച്ചത് കാലത്തിനനുസരിച്ച് ത​ന്റെ ചിന്തകളെയും സമീപനങ്ങളെയും നവീകരിക്കാൻ ശ്രമിച്ചതുകൊണ്ടാണ്. ഉദാഹരണമായി, ചിന്താവിഷ്ടയായ സീതയെക്കുറിച്ച് അദ്ദേഹത്തി​ന്റെ സമീപനങ്ങൾ കാണാവുന്നതാണ്. ‘അശാന്തിയിൽനിന്ന് ശാന്തിയിലേക്ക്’ എന്ന ഗ്രന്ഥത്തിൽ ദുഃഖത്തി​ന്റെ വീഥിയിലേക്ക് സ്വർഗത്തിലേക്ക് കയറിപ്പോയ വ്യക്തിയായാണ് സീതയെ കരുതുന്നത്. കാവ്യത്തിൽ ദാർശനികഭാവം, അപമാനിതമായ സ്ത്രീത്വത്തി​ന്റെ അമർഷം, മൃത്യുപൂജ എന്നിവക്ക് പ്രാമുഖ്യമുണ്ട് എന്നും പറയുന്നതുകാണാം. എന്നാൽ, 2019ൽ ‘ചിന്താവിഷ്ടയായ സീത’യുടെ ശതാബ്ദി വർഷം ഇറക്കിയ പുസ്തകത്തിൽ സീതയെ സ്വാതന്ത്ര്യത്തിന് ഒരു നിർവചനമായാണ് കാണുന്നത്. സീതയുടെ ജ്വലിച്ചുനിൽക്കുന്ന അഭിമാനത്തിനും ഉണരുന്ന യുക്തിബോധത്തിനും ഈ കൃതിയിൽ പ്രാധാന്യം നൽകിക്കാണാം. സ്നേഹത്തി​ന്റെ വിപരീതമായി അഹന്തയെ തിരിച്ചറിയുന്നു. നിർജ്ജീവമായ ഒരു പാവയല്ല താനെന്ന് ധീരതയോടെ തിരിച്ചറിയുന്ന സീതയെ, ചവിട്ടിയരക്കപ്പെടുന്ന ഇന്ത്യൻ സ്ത്രീയുടെ പ്രതിനിധിയായി സാനു മാഷ് അടയാളപ്പെടുത്തുന്നതു കാണാം.

പെരുകും  പ്രണയാനുബന്ധമാ

മൊരു പാശം വശമാക്കിയീശ്വരാ

കുരുതിക്കുഴിയുന്നു നാരിയെ

പ്പുരുഷന്മാരുടെ ധീരമാനിത. തുടങ്ങിയ വരികൾ സ്ത്രീപക്ഷത്തുനിന്ന് മറ്റൊരുമാനത്തിൽ കണ്ടെടുക്കുന്ന നിരൂപകനെ നമുക്കിതിൽ കാണാം. തപസ്വിനി അമ്മയെക്കുറിച്ച് എഴുതുമ്പോൾ സ്ത്രീചലനങ്ങൾ സ്വാഭാവികമായി നടക്കുന്നതായി വിവക്ഷിക്കപ്പെട്ടിരുന്നില്ലാത്ത ഒരു കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു സ്ത്രീയെത്തന്നെയാണ് മാഷ് വീണ്ടെടുക്കുന്നത്. ഉറങ്ങാത്ത മനീഷിയായി സാനു മാഷിനെയും നമുക്ക് കാണാവുന്നതാണ്.

News Summary - MK Sanu memorial