Begin typing your search above and press return to search.
proflie-avatar
Login

നിശ്ശബ്ദ പ്രവാചകന്റെ ഭൂപടം

നിശ്ശബ്ദ പ്രവാചകന്റെ ഭൂപടം
cancel

സമകാലിക ​ലോക നോവലി​ന്റെ അവലോകനമായ​ നിശ്ശബ്​ദ താരാവലി എന്ന പംക്തിയിൽ ഇൗ ലക്കം പ്രസിദ്ധ സ്വിസ് എഴുത്തുകാരനായ പീറ്റർ സ്റ്റാമിന്റെ The Sweet Indifference of the World എന്ന നോവൽ വായിക്കുന്നു ഉത്തരാധുനികതക്കു ശേഷമുള്ള നോവലെഴുത്തിന്റെ ശൈലിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റം പലതരത്തിലുള്ള ചിന്തകളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. എന്നാൽ, യാഥാർഥ്യവും ഭാവനയും ഇടകലർത്തി പറഞ്ഞുകൊണ്ട് സത്യത്തിനും സങ്കൽപത്തിനും ഇടയിലെ ദൂരം കുറക്കുന്ന വിധത്തിലുള്ള ഫിക്ഷനുകൾ ഇക്കാലത്തെ അടയാളമുദ്രകളായി പരിണമിച്ചു. യഥാർഥലോകവും പ്രതീതിലോകവുമായുള്ള അന്തരം ഇത്രയധികം കുറഞ്ഞ ഒരുകാലം ഇതിനുമുമ്പ് നിലനിന്നിരുന്നുമില്ല. സാങ്കേതിക...

Your Subscription Supports Independent Journalism

View Plans
സമകാലിക ​ലോക നോവലി​ന്റെ അവലോകനമായ​ നിശ്ശബ്​ദ താരാവലി എന്ന പംക്തിയിൽ ഇൗ ലക്കം പ്രസിദ്ധ സ്വിസ് എഴുത്തുകാരനായ പീറ്റർ സ്റ്റാമിന്റെ The Sweet Indifference of the World എന്ന നോവൽ വായിക്കുന്നു

ഉത്തരാധുനികതക്കു ശേഷമുള്ള നോവലെഴുത്തിന്റെ ശൈലിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റം പലതരത്തിലുള്ള ചിന്തകളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. എന്നാൽ, യാഥാർഥ്യവും ഭാവനയും ഇടകലർത്തി പറഞ്ഞുകൊണ്ട് സത്യത്തിനും സങ്കൽപത്തിനും ഇടയിലെ ദൂരം കുറക്കുന്ന വിധത്തിലുള്ള ഫിക്ഷനുകൾ ഇക്കാലത്തെ അടയാളമുദ്രകളായി പരിണമിച്ചു. യഥാർഥലോകവും പ്രതീതിലോകവുമായുള്ള അന്തരം ഇത്രയധികം കുറഞ്ഞ ഒരുകാലം ഇതിനുമുമ്പ് നിലനിന്നിരുന്നുമില്ല. സാങ്കേതിക വളർച്ച ഓർമകളുടെയും അനുഭവങ്ങളുടെയും പച്ചയായ അധ്യായങ്ങൾക്ക് മറയിട്ടില്ല എന്നതും വസ്തുതയാണ്. സ്വപ്നങ്ങൾ കണ്ട് ഉറങ്ങിയെഴുന്നേൽക്കുന്നവർ തങ്ങൾ അതുവരെ കണ്ട ലോകമാണോ അതോ നിദ്രാഭംഗത്തിലൂടെ തൊട്ടറിയുന്ന ഇടമാണോ ഉണ്മയെന്നു സന്ദേഹപ്പെടുന്നു. എക്കാലവും പുതുവഴികൾ തുറക്കുക എന്നത് സാഹിത്യാഖ്യാനങ്ങളുടെ നിയോഗമാണെന്നും ഓർക്കണം. പുതിയ ഭാവുകത്വതീരങ്ങളിലേക്ക് അടുക്കുന്ന യാനപാത്രമായി നോവൽ എന്ന സാഹിത്യരൂപം പരിണമിക്കുന്ന കാഴ്ചയിൽ ആദിമധ്യാന്തപ്പൊരുത്തങ്ങളോ കഥാഗതിയോ ചരിത്രത്തിന്റെ തൊങ്ങലണിയിക്കുന്ന ആടയാഭരണങ്ങളോ സർഗാത്മക നവീനത്വത്തിന്റെ ദിശാസൂചികളാവുന്നില്ല.

ഭാഷയുടെ സ്വത്വപരമായ അന്വേഷണങ്ങളോ പ്രമേയത്തിന്റെ ചുഴൽവഴിച്ചുറ്റുകളോ ആഴവും പരപ്പും കൂട്ടാത്ത തലങ്ങളിൽ നിന്നുകൊണ്ട് കഥ പറയാൻ എഴുത്തുകാർ തയാറായി. ഗഹനമല്ലെന്നു തോന്നാത്ത നിത്യജീവിത വ്യവഹാരങ്ങൾ വരെ എഴുത്തിനു വിഷയങ്ങളായി ഭവിച്ചു. ഏകാന്തദൂരങ്ങൾ മറികടക്കാനായി സുനിശ്ചിതമല്ലാത്ത സഞ്ചാരപാതയിലൂടെ യാത്ര ചെയ്യുന്നവർക്കും ഒരു ലക്ഷ്യസ്ഥാനമുണ്ടെന്ന് ആഖ്യാനങ്ങൾ വ്യക്തമാക്കി. അത്തരം യാത്രകളുടെ പുതുമ പകർന്നുതരുന്ന നോവലുകൾ സമകാലികതയുടെ മുഖമുദ്രയാണ്. എഴുത്തുകാരുടെ സ്വാനുഭവങ്ങളാലോ അവർ വിഭാവനം ചെയ്യുന്ന കഥാപാത്രങ്ങളിലേക്ക് സന്നിവേശിപ്പിക്കുന്ന സ്വന്തം തഴക്കങ്ങളാലോ ആഖ്യാനത്തിന്റെ പശിമ തെളിയുകയും ചെയ്യുന്നു. ചുരുക്കത്തിൽ അപൂർവമായ വിസ്മയങ്ങളേക്കാൾ സാധാരണമായ ജൈവികതക്കാണ് പ്രാധാന്യമെന്ന് ഊന്നൽ കൊടുത്തുകൊണ്ടാണ് ആഖ്യാനം അതിന്റെ സത്താപരമായ ആശയങ്ങളെ കണ്ടെടുക്കുന്നത്.

ബഹുഭാഷകളുടെ വിനിമയം സൃഷ്ടിക്കുന്ന സാംസ്കാരിക/ സാഹിത്യ വൈവിധ്യം കൊണ്ട് യൂറോപ്പിൽ സ്വിസ് സാഹിത്യത്തിന് ഒരു സവിശേഷ സ്ഥാനം ലഭിക്കുന്നു. ഫ്രഞ്ചും ജർമനും ഇറ്റാലിയനും റൊമാൻഷും സംസാരിക്കുന്ന സ്വിറ്റ്സർലൻഡിൽ ജർമനിൽ രചിച്ച കൃതികൾ ശ്രദ്ധ നേടിയിരുന്നു. സ്വിസ് പൗരത്വമുള്ള ഹെർമൻ ഹെസ്സെ അടക്കമുള്ളവരുടെ സംഭാവനകൾ ഇക്കൂട്ടത്തിൽ പെടുന്നു. പ്രസിദ്ധ സ്വിസ് എഴുത്തുകാരനായ പീറ്റർ സ്റ്റാമിന്റെ The Sweet Indifference of the World എന്ന നോവൽ ഇത്തരത്തിൽ ഒന്നാണ്. അനവധി പുരസ്‌കാരങ്ങൾ നേടിയ എഴുത്തുകാരനായ പീറ്റർ സ്റ്റാമിന്റെ പുസ്തകങ്ങൾ മുപ്പതിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. വാക്കുകളുടെ ധാരാളിത്തമില്ലാതെ, മനഃശാസ്ത്രപരമായ അപഗ്രഥനങ്ങൾ അടങ്ങിയ എഴുത്തുരീതിയാണ് അദ്ദേഹം കൈക്കൊള്ളുന്നത്.

പ്രതീകാത്മക രീതികളിൽ നിന്ന് വിട്ടുമാറി വസ്തുനിഷ്ഠമായ സമീപനത്തിന് അദ്ദേഹം പ്രാധാന്യം കൊടുക്കുന്നു. മനുഷ്യബന്ധങ്ങളുടെ ആഴവും ജീവിതത്തിന്റെ നിരർഥകതയും ദിശാബോധവും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വിഷയങ്ങളാണ്. ഫിക്ഷനിലെ സമഗ്ര സംഭാവനകൾക്ക്, 2013ൽ അദ്ദേഹത്തെ ഇന്റർനാഷനൽ ബുക്കർ സമ്മാനത്തിന് നാമനിർദേശം ചെയ്തിരുന്നു, തൊട്ടടുത്ത വർഷം അദ്ദേഹത്തിന് പ്രശസ്തമായ ഫ്രെഡറിക് ഹോൾഡർലിൻ പുരസ്‌കാരം ലഭിച്ചു. എന്താണ് സംഭവിക്കുന്നത് എന്ന വിവരണമല്ല സാഹിത്യത്തിന്റെ ധർമം എന്ന് കരുതുന്ന സ്റ്റാം സംഭവങ്ങളെ എങ്ങനെ വിവരിക്കുന്നു എന്നതാണ് സാഹിത്യത്തെ വേറിട്ട് നിർത്തുന്നതെന്ന് പറയുന്നുണ്ട്. മാത്രമല്ല, സമകാലികമായ എഴുത്തുരീതികൾ ആഖ്യാനത്തിലേക്ക് സംയോജനം ചെയ്യുന്നതിൽ അദ്ദേഹം സദാ തൽപരനുമാണ്. എഴുത്തും പുസ്തകവും സ്ത്രീ-പുരുഷബന്ധങ്ങളും പ്രമേയപരിസരങ്ങളായി വരുന്ന മേൽപറഞ്ഞ നോവലിൽ, സമകാലിക ഫിക്ഷന്റെ രീതികളും സർഗാത്മക തലങ്ങളും പ്രകടമായി കാണാം. പ്രസിദ്ധ പരിഭാഷകനായ മൈക്കൽ ഹോഫ്മാനാണ് ഈ നോവൽ ജർമനിൽനിന്ന് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയിരിക്കുന്നത്. ആദ്യമായി പ്രസിദ്ധീകരിച്ച പുസ്തകത്തിലൂടെ പ്രശസ്തി നേടിയ വൃദ്ധനായ എഴുത്തുകാരനാണ് നോവലിലെ ആഖ്യാതാവ്.

ഒരർഥത്തിൽ പുസ്തകത്തെയും എഴുത്തിനെയും കുറിച്ചുള്ള കൃതിയായി ഈ നോവലിനെ വായിക്കാം. ഇതിവൃത്തവും കഥാപാത്രങ്ങളുടെ പ്രത്യേകതകളും സ്ഥാനമാറ്റങ്ങളും സൂചിപ്പിക്കുന്ന തരത്തിലാണ് നോവലിന്റെ പുറംചട്ട വിഭാവനം ചെയ്തിരിക്കുന്നത്. സർഗാത്മകമായ തലത്തിൽ സാഹചര്യങ്ങളെയും കഥാപാത്രങ്ങളെയും വികസിപ്പിച്ചുകൊണ്ട് സാഹിത്യരൂപം പുരോഗമിക്കുന്നതിന്റെ കാഴ്ചയാണ് പ്രസ്തുത ആഖ്യാനം സമ്മാനിക്കുന്നത്. യഥാർഥലോകവും ഭാവനാലോകവുമായുള്ള അതിർവരമ്പുകൾ നേർത്തതാണെന്നും അവക്കിടയിലെ കാലപ്പകർച്ചകൾ പ്രായോഗികമായി അവതരിപ്പിക്കാൻ സാഹിത്യാഖ്യാനങ്ങൾക്കാവുമെന്നും പീറ്റർ സ്റ്റാം തെളിയിക്കുന്നു. അസ്തിത്വപരമായ പ്രമേയങ്ങളിൽ ആഴ്ന്നിറങ്ങുമ്പോഴും ഒരു മനഃശാസ്ത്രജ്ഞന്റെ നൈപുണ്യത്തോടെ ആഖ്യാനങ്ങളുടെ ദർശനം ഉറപ്പിക്കുന്ന ഒരു നിശ്ശബ്ദപ്രവാചകനായി സ്റ്റാമിനെ കാണാം. അദ്ദേഹം തീർക്കുന്ന ഭൂപടത്തിൽ വസ്തുതയും ഭാവനയും തുല്യാനുപാതത്തിൽ സന്നിവേശിച്ചിരിക്കുന്നു.

‘മിസ് ജൂലി’ എന്ന നാടകത്തിൽ അഭിനയിക്കാനെത്തിയ മഗ്ദലീനയുമായുള്ള പ്രണയം തകർന്ന് ആശാഭംഗം സംഭവിക്കുന്ന ആഖ്യാതാവ്, വർഷങ്ങൾ കഴിഞ്ഞ് സ്റ്റോക്‌ഹോമിൽ എത്തിച്ചേർന്ന ചുറ്റുപാടിലാണ് ആഖ്യാനം ആരംഭിക്കുന്നത്. സ്റ്റോക്‌ഹോമിൽ താമസിക്കുന്ന, മധ്യവയസ്കനും മാനസികമായി ദുർബലനുമായ ഒരു സ്വിസ് എഴുത്തുകാരനാണ് ആഖ്യാതാവ്. അവിചാരിതമായി മേൽപറഞ്ഞ അതേ പേരിലുള്ള നാടകത്തിൽ അഭിനയിക്കാനെത്തുന്ന യുവതിയായ ലെനയെ അയാൾ കണ്ടുമുട്ടുന്നു. തന്റെ കാമുകിയായിരുന്ന മഗ്ദലീനയുടെ ഛായയുള്ള ലെനയിലൂടെ അയാൾ പഴയ ലോകം തിരിച്ചുപിടിക്കാൻ ശ്രമിക്കുകയാണ്. ഒരു കഥ പറയാനുണ്ടെന്ന് പറഞ്ഞുകൊണ്ട്, സെമിത്തേരിക്കടുത്തുവെച്ച് സന്ധിക്കുന്ന ലെനയോട് ആഖ്യാതാവായ ക്രിസ്റ്റോഫ് എന്ന ക്രിസ് തന്റെ ജീവിതാധ്യായങ്ങൾ തുറക്കുന്നു. ഒരു കാലത്ത് എഴുത്തുകാരനായിരുന്ന അയാളുടെ രചനകൾക്ക് പ്രതീക്ഷിച്ചത്ര വായനക്കാരുണ്ടായില്ല. ഒരു നോവൽ എഴുതുന്നതിനിടയിലാണ് അയാൾ ആദ്യമായി മഗ്ദലീനയെ കാണുന്നത്. അവൾക്കൊപ്പം മറ്റു മനുഷ്യരുടെ സാന്നിധ്യമുണ്ടായിട്ടും അവർ തമ്മിൽ സജീവമായ ഒരു സൗഹൃദം രൂപപ്പെട്ടു.

വായനക്കാരില്ലാതെ വരുന്നതോടെ പ്രസാധകർ തീർത്തും അവഗണിച്ച അയാൾ നൈരാശ്യത്തിലേക്ക് വീഴാവുന്ന അവസ്ഥയിലെത്തിച്ചേർന്നിരുന്നു. മഗ്ദലീന ഒരു സർറിയൽ ചിത്രംപോലെ ക്രിസിന്റെ മനസ്സിൽ എന്നും വികാരക്കടലായി അവശേഷിച്ചു എന്നത് അതിശയോക്തിയല്ല. നഷ്ടപ്പെട്ടുപോയ കാമുകിയുടെ സ്മൃതിചിത്രം അവളോട് വളരെയധികം സാദൃശ്യമുള്ള, അയാളേക്കാൾ 20 വയസ്സ് താഴെയായ മറ്റൊരു യുവതിയിൽ തേടുന്ന ആഖ്യാതാവിന്റെ മാനസികനിലയാണ് നോവലിനെ മുന്നോട്ടുനീക്കുന്നത്. ലെനയുടെ കാമുകനും എഴുത്തുകാരനാണെന്നു പറഞ്ഞുകൊണ്ട് അവർ തമ്മിലുള്ള സംസാരം ഊഷ്മളമാവുന്നുണ്ട്. മഗ്ദലീന ഒരു സ്വപ്നചിത്രമായി ആഖ്യാതാവിൽ നിറഞ്ഞുനിൽക്കുകയാണ്. മഞ്ഞുമൂടിയ നടപ്പാതയിൽ അവൾ പൊങ്ങിക്കിടക്കുന്നത് അയാൾ കാണുന്നു. തിടുക്കത്തിൽ, വടി മറന്നു പോയതുകൊണ്ട് മഞ്ഞുമലയിൽ വഴുതിവീഴുമോ എന്നും മഗ്ദലീന കാഴ്ചയിൽനിന്ന് നഷ്ടപ്പെടുമോ എന്നുമുള്ള ഭയം അയാളെ സംഘർഷത്തിലാക്കി. ചുരുക്കത്തിൽ, സാധാരണമായ അന്തരീക്ഷത്തിലുള്ള, ഏറക്കുറെ അപരിചിതരല്ലാത്ത മനുഷ്യരുടെ ജീവിതത്തിലേക്ക് സ്വപ്നസമാനമായ മുഹൂർത്തങ്ങൾ ഉരുത്തിരിയുന്നതിന്റെ ദൃഷ്ടാന്തമാണ് ഈ നോവൽ.

പ്രണയ തകർച്ചയിൽനിന്ന് പൂർണമായി കരകയറാനാവാതെ ഹൃദയത്തെ ഛിന്നഭിന്നമാകുന്ന തരത്തിൽ ദുരന്തങ്ങൾ അലട്ടുന്ന മനുഷ്യനായി ക്രിസ് മാറി. സർഗാത്മകമായ വ്യവഹാരങ്ങളെ ആരോഗ്യപരമല്ലാത്ത ഓർമകൾ തളർത്തുന്നുണ്ടോ എന്ന ചിന്തകൂടി ഇവിടെ പ്രസക്തമാവുന്നു. അവയെ അയവിറക്കിക്കൊണ്ട്, പ്രത്യാശയോടെ വരുംനാളുകളെ നോക്കിക്കാണാൻ അയാൾക്ക് ലെനയുടെ സാമീപ്യം സഹായകമായി. ‘ജ്യാമിതീയമായ അടരുകളിലായി സ്ഥിതിചെയ്യുന്ന ശവക്കുഴികളുടെ നിരകൾ കടന്ന് ഞങ്ങൾ സെമിത്തേരിയിലേക്ക് നടന്നു -ഒരു നേർത്ത ഫിർ മരക്കൂട്ടത്തിലേക്ക്. അടുത്തടുത്തായി നടന്ന ഞങ്ങളുടെ തോളുകൾ ചിലപ്പോഴൊക്കെ പരസ്പരം ഉരയുന്ന തരത്തിലായി. ലെന ആ സമയത്ത് നിശ്ശബ്ദയായിരുന്നു, പക്ഷേ അത് അക്ഷമയാൽ ഉരുണ്ടുകൂടിയതായിരുന്നില്ല.” ഇങ്ങനെയുള്ള മനോവിചാരങ്ങൾ വഹിച്ചുകൊണ്ട് ലെനയിലൂടെ മഗ്ദലീനയെ വീണ്ടെടുക്കാൻ യത്നിക്കുന്ന ക്രിസിനെ നാം കാണുന്നു.

പർവതാരോഹണവുമായി ബന്ധപ്പെട്ട യാത്രയിലായിരുന്നു ക്രിസ് മഗ്ദലീനയുമായി കൂടുതൽ അടുത്തത്. ഓർമകൾ സ്വാഭാവികമായി മടങ്ങിവരുന്ന പരിതസ്ഥിതിയിൽ അയാൾ ഭൂതകാലത്തേക്ക് മടങ്ങിപ്പോകുകയാണ്. എന്നാൽ, അവിടേക്കുള്ള അതിരുകളെ ലംഘിച്ചാൽ അശാന്തി മാത്രമേ നേടാൻ കഴിയുകയുള്ളൂ. ഇങ്ങനെ എഴുത്തിന്റെ, സൃഷ്ടിപരതയുടെ ആത്മാർഥമായ ശ്രമങ്ങളുടെ സമഗ്രചിത്രമാണ് ആഖ്യാതാവിന്റെ ജീവിതം. അയാൾ രൂപപ്പെടുത്തുന്ന ആഖ്യാനത്തിലും എഴുത്തുകാരനായിരുന്നു കേന്ദ്ര കഥാപാത്രം. പ്രണയകഥയായിരുന്നു അയാൾ എഴുതിയ പുസ്തകത്തിന്റെ കാതൽ. പ്രസ്തുത കൃതി കാമുകിയുടെ ഛായാചിത്രമായി വരച്ചെടുത്തതായിരുന്നു എന്ന് പറയാം. എന്നാൽ, അപ്പോഴേക്കും അവർ വേർപിരിഞ്ഞു. അങ്ങനെ വേർപിരിയലിന്റെയും പ്രണയത്തിന്റെ അസാധ്യതയുടെയും ഒരു വിവരണമായി ആഖ്യാനം മാറി. അവൾക്കൊപ്പമുണ്ടായിരുന്ന ലോകം അയാളുടെ എഴുത്തിനെ ജൈവികമാക്കിയിരുന്നു. യാഥാർഥ്യം വിരലുകളിലൂടെ വഴുതിവീഴുന്നത് തനിക്ക് അനുഭവപ്പെട്ടു എന്ന് ക്രിസ് പറയുന്നുണ്ട്.

 

കാമുകി ഉപേക്ഷിച്ചതോടെ അയാളുടെ എഴുത്തും ദൈനംദിനജീവിതവും വിരസവും ആഴം കുറഞ്ഞതുമായി തീർന്നു. എഴുത്തിനെയും ജീവിതത്തെയും മഗ്ദലീനയുമായി കൂട്ടിയിണക്കിയ അയാൾക്ക് അവളുടെ അഭാവം താങ്ങാനായില്ല. മഗ്ദലീനയുടെ അസാന്നിധ്യത്തെ വരച്ചുകാണിക്കാനുള്ള സൃഷ്ടിവൈഭവം ഇല്ലാത്തത് കാരണം അയാൾ നിശ്ശബ്ദനായി. ലോകത്തിലെ ഏറ്റവും മനോഹരമായ ദൃശ്യം എന്നന്നേക്കുമായി നഷ്ടപ്പെട്ടുപോയി എന്ന വിചാരം അയാളെ അലട്ടിക്കൊണ്ടിരുന്നു. അതിനിടയിൽ തന്റെ സ്വന്തം രൂപവുമായി ഏറ്റവുമടുത്ത സാമ്യമുള്ള യുവാവിനെ, പുസ്തക ചർച്ചക്കായി താമസിക്കേണ്ടി വന്ന ഹോട്ടലിൽ വെച്ച് ക്രിസ് കാണാനിടയായി. ഇക്കാര്യം ലെനയുമായി അയാൾ ചർച്ച ചെയ്യുന്നുണ്ട്. തന്നെ പോലെയുള്ള മറ്റൊരു വ്യക്തിയുണ്ടെന്ന അറിവ് ക്രിസിന് സംഭ്രാന്തി സൃഷ്ടിച്ചു. ആ ‘മറ്റൊരാളെ’ കുറിച്ചുള്ള വിവരങ്ങൾ തേടാൻ അയാൾ പ്രേരിതനായി. അഭിനേതാവായിരുന്ന, കാമുകിയെ പറ്റി പറഞ്ഞപ്പോൾ താനും അഭിനേതാവാണെന്ന് സൂചിപ്പിച്ചുകൊണ്ട് ലെന അവിടെയും സാമ്യതയുടെ സമവാക്യങ്ങൾ രചിച്ചു. ജീവിതത്തെ സംഭവ്യതാ സിദ്ധാന്തംകൊണ്ട് അപഗ്രഥനം ചെയ്‌താൽ അവശേഷിക്കുന്നത് സാധ്യതകളുടെ ഒരു പട്ടികയാവും. കൃത്യതയുള്ള അനന്തരഫലങ്ങളോ പരിണതിയോ അനുമാനിക്കാൻ കഴിയാത്ത വിധമുള്ള സന്ദർഭങ്ങളാണ് സ്റ്റാമിന് പഥ്യം എന്ന് ഈ നോവൽ സ്ഥാപിക്കുന്നു.

ഇരട്ട (ഡോപ്പൽഗാങ്ങർ) എന്ന സങ്കൽപം സാഹിത്യപ്രമേയങ്ങളിൽ ഉപയോഗിച്ച് വരുന്നതിൽ പുതുമയില്ല. ഫയദോർ ദസ്തയേവ്സ്കിയും സി.വി. രാമൻപിള്ളയും ഷൂസെ സരമാഗോയും യോൺ ഫോസെയും തങ്ങളുടെ നോവലുകളിൽ ക്രിയാത്മകമായി വിന്യസിപ്പിച്ച ആശയത്തിന്റെ കാലികമുഖത്തെയാണ് സ്റ്റാം ഈ നോവലിൽ അവതരിപ്പിക്കുന്നത്. ലെനക്ക് മഗ്ദലീനയോടും ആഖ്യാതാവിനു മറ്റൊരാളോടുമുള്ള പ്രത്യക്ഷത്തിലുള്ള സാദൃശ്യമാണ് ഇവിടെ ശ്രദ്ധേയമാവുന്നത്. വിചിത്രമായ രംഗങ്ങളെ ജീവിതത്തിലും ഭാവനാസൃഷ്ടിയിലും അഭിമുഖീകരിക്കേണ്ടിവരുക എന്നത് തീർത്തും അപൂർവമല്ല. എന്നാൽ, രണ്ടു മനുഷ്യരുടെ/കഥാപാത്രങ്ങളുടെ അപരരെ കാണാൻ കഴിയുക എന്നത് തീർച്ചയായും അങ്ങനെയല്ല. സ്റ്റാം കൃത്യമായ തരത്തിൽ ഇത് സംബോധന ചെയ്തുകൊണ്ടാണ് ആഖ്യാനത്തിന്റെ ഉള്ളറകൾ വിവൃതമാക്കുന്നത്. ഇപ്പറഞ്ഞ നാല് കഥാപാത്രങ്ങളുടെ സാമീപ്യത്തിലൂടെ (Juxtaposition) വ്യക്തിത്വങ്ങളുടെ നിലകളും നിലപാടുകളും പരസ്പരം കൈമാറ്റം ചെയ്യപ്പെടുകയുമാണ്. നിലക്കണ്ണാടിയിലെ പ്രതിബിംബമെന്നപോലെ ചലനവും അഭിനിവേശങ്ങളും സ്വഭാവശൈലികളും ആശയവിനിമയം ചെയ്യപ്പെടുന്നു. ഫൂക്കോ മുന്നോട്ടുവെച്ച ‘പ്രതിരൂപങ്ങളു’ടെ ധാരണ നോവലിസ്റ്റ് തീർക്കുന്ന ആഖ്യാനസന്ദർഭത്തെ വിശകലനം ചെയ്യാൻ പ്രാപ്തമാണ്.

പ്രസ്തുത ആശയത്തെ ഈ ഘട്ടത്തിൽ സൂചിപ്പിക്കുന്നത് ഉചിതമാണുതാനും. ഒറ്റനോട്ടത്തിൽ വേറിട്ട രംഗങ്ങൾ എങ്ങനെ പരസ്പരബന്ധമുള്ളതാണെന്നും സാമ്യമുള്ളതാണെന്നും മനസ്സിലാക്കുന്നതിനുള്ള മൗലികമായ പ്രതിപാദ്യങ്ങളായി ഫൂക്കോ ചില ഘടകങ്ങളെ ഉയർത്തിക്കാട്ടുന്നുണ്ട്. ‘സൗകര്യം’, ‘സാദൃശ്യം’, ‘സഹതാപം’ തുടങ്ങിയ ആശയങ്ങളെ അദ്ദേഹം പ്രാധാന്യത്തോടെ എടുത്തുപറയുന്നു. ഈ ആശയങ്ങൾ, സാദൃശ്യതയുമായി ബന്ധപ്പെട്ടതാണെന്നു തോന്നുമെങ്കിലും, ലോകത്തിന്റെ ക്രമവും അർഥവും നിർമിക്കുന്നതിൽ നിർണായക പങ്കുവഹിച്ചുവെന്ന് ഫൂക്കോ വാദിക്കുന്നുണ്ട്. ഇത്തരം ചുറ്റുപാടിൽ വേണം അനുഭവങ്ങളുടെ ലോകത്തെ എഴുത്തുമായി കൂട്ടിക്കെട്ടുന്ന ആഖ്യാതാവിനെ നോക്കിക്കാണേണ്ടത്. അയാളുടെ ചുറ്റുവട്ടത്തെ സ്വഭാവവിശേഷം ഇപ്പറഞ്ഞ തത്ത്വവുമായി ചേർന്നുനിൽക്കുന്നു. അപരിചിതമായ ഭൂപ്രകൃതിയിലെ സഞ്ചാരപാത ഒരു പ്രത്യേക വഴിയിലേക്ക് തിരയുന്നതുപോലെയാണ് എഴുത്തെന്ന പ്രക്രിയയെന്നു ആഖ്യാതാവ് ചൂണ്ടിക്കാട്ടുന്നത് ശ്രദ്ധിക്കണം. തന്റെ വ്യവഹാരവഴികളിൽ വല്ലപ്പോഴുമെങ്കിലും അപരനെ/അപരയെ അയാൾ സന്ധിക്കാറുമുണ്ട്. സാധാരണ ജീവിതത്തിൽ അപരിചിത സാഹചര്യത്തിൽ അവിചാരിതമായി സംഭവിക്കുന്ന അപരത്വ മുഹൂർത്തങ്ങളെ ക്രിയാത്മകമായി ആഖ്യാനത്തിലേക്ക് തുന്നിച്ചേർക്കുന്ന വൈദഗ്ധ്യം സ്റ്റാം പ്രദർശിപ്പിക്കുന്നു.

‘‘എന്റെ പുറകിൽ ആരോ നിൽക്കുന്നതുപോലെ എനിക്ക് അനുഭവപ്പെട്ടു. എന്റെ ജീവിതം മുഴുവൻ പരിഹാസ്യവും അവാസ്തവവുമായി തോന്നി. എന്റെ കാമുകിയോട് അവളെ സ്നേഹിക്കുന്നുവെന്ന് പറയാൻ ഞാൻ ആലോചിച്ചപ്പോൾ, മറ്റേയാൾ തന്റെ കാമുകിയോട് അതേ കാര്യം പറയുന്നത് ഞാൻ കേട്ടതായി തോന്നി. അങ്ങനെ ഭാവിയിൽനിന്നുള്ള ഒരു പ്രതിധ്വനിയായി അത് കേൾക്കേണ്ടി വന്നു” എന്ന ആഖ്യാതാവിന്റെ വാക്കുകൾ അയാളുടെ സംഘർഷത്തെ വ്യക്തമാക്കുന്നുണ്ട്. യഥാർഥമായ തലത്തിൽ നിന്നുകൊണ്ട് മിനിമലിസ്റ്റിക് ലോകം സജ്ജമാക്കുന്ന നോവലിസ്റ്റിന്റെ എഴുത്തുരീതിയെയാണ് ഈ കൃതി പുറത്തു കൊണ്ടുവരുന്നത്.

വാക്കൊരുക്കുന്ന ലോകത്തുനിന്നും ഒരുപടി മുകളിൽ നിൽക്കുന്ന ഭാവനാത്മകമായ ഇടത്ത് അങ്കലാപ്പിന്റെ രംഗങ്ങൾ ചുവടുറപ്പിക്കുന്നതായി നോവലിൽ അനുഭവപ്പെടുന്നു. എന്നാൽ, ഒരു കയോസിന്റെ തിരയിളക്കത്തിന് തിരശ്ശീല ഉയരാതെ നോക്കുന്ന ആഖ്യാനചാരുത പ്രശംസയർഹിക്കുന്നു. വൈയക്തികമായ തഴക്കങ്ങൾ തീവ്രമായ പ്രതിസന്ധികളുടെ ദുർഗങ്ങളിലേക്ക് മനുഷ്യരെ വീഴ്ത്തുന്നു. എഴുത്തിൽ, വലിയ വാക്കുകളുടെയും വികാരങ്ങളുടെയും കാര്യത്തിൽ ആഖ്യാതാവ്‌ കൃത്യമായ ജാഗ്രത വെച്ചുപുലർത്തി. തന്റെ ഇരട്ടയെ അപ്രതീക്ഷിതമായി കണ്ട നിമിഷത്തേക്കാൾ അന്ധാളിപ്പും അത്ഭുതവുമായിരുന്നു അയാൾ ആദ്യമായി ലെനയെ കണ്ടപ്പോൾ സംഭവിച്ചത്. മാത്രമല്ല, അവളുടെ സാന്നിധ്യം അയാളെ മാനസികമായി കൂടുതൽ ചെറുപ്പമാക്കി. പതിനാറു വർഷം മുമ്പ് തന്റെ ഒപ്പമുണ്ടായ മഗ്ദലീനയുടെ തനിപ്പകർപ്പായിരുന്നു അവൾ.

ഉടൽരൂപങ്ങളുടെ വിവിധ സാധ്യതകളുടെ സാധർമ്യത്തെ കുറിച്ച് ചിന്തിക്കാനുള്ള അവസരംകൂടിയായി ഈ സാഹചര്യം പരിണമിക്കുന്നു. മഗ്ദലീനയുടെ കൂടെയുണ്ടായിരുന്ന മൂന്നുവർഷം എന്നത് ഹ്രസ്വമായ കാലയളവായി അയാൾക്ക് പരിഗണിക്കാനായില്ല. മഗ്ദലീന ഇല്ലാതിരുന്ന കാലത്തേക്കുള്ള തിരിച്ചുപോക്കും അവളുടെ വേർപാട് മൂലമുണ്ടായ വിരഹത്തിന്റെ വേദനക്ക് ആഖ്യാതാവിന് താൽക്കാലികമായെങ്കിലും ശമനമുണ്ടായെന്നു പറയാം. പ്രണയത്തിന്റെ വേരുകൾ പടർന്ന ഒരു കാലത്തേക്കുള്ള മടക്കയാത്രയാണ് അയാൾ കാംക്ഷിക്കുന്നതെന്നു തീർച്ചയാണ്.

മഗ്ദലീനയുമായുള്ള ജീവിതം സാഹിതീയരൂപത്തിലേക്ക് പരിവർത്തനം ചെയ്യാൻ കഴിയാത്തത്ര വിധം ഗഹനമാണെന്ന് അയാൾ കരുതി. പതിനാറ് വർഷങ്ങൾക്കുമുമ്പ് ആരെങ്കിലും മഗ്ദലീനയെ പിന്തുടർന്നിരുന്നോ എന്ന് അയാൾ ആലോചിക്കുകയും ചെയ്തു. ക്രിസിന് ഇരട്ടയായി ഒരാൾ ഉണ്ടായതിനു സമാനമായി അയാളും വേറെ ഏതോയിടത്ത് ജീവിക്കുന്ന ആരുടെയോ ഇരട്ടയായേക്കുമോ എന്ന ഉത്കണ്ഠ അയാൾ പങ്കുവെക്കുന്നുണ്ട്. വ്യക്തിത്വത്തിന്റെ മറുവശമായി (Alter Ego) പ്രശ്നവത്കരിക്കാവുന്ന സഹജാവബോധമായി ഡോപ്പൽ ഗാങ്ങർ എന്ന പ്രതിഭാസത്തെ ഈ ആഖ്യാനത്തിൽ ദർശിക്കാനാവില്ല. കഥാപാത്രങ്ങളുടെ ഇരട്ടകളെ ബോധപൂർവം അടുക്കിവെച്ചുകൊണ്ട് വേറിട്ടതായ ഒരു പടലത്തെ നിർമിക്കുകയാണ് നോവലിസ്റ്റ് ചെയ്തിട്ടുള്ളത്.

അപരത്വത്തിന്റെയും സ്വത്വബോധത്തിന്റെയും സങ്കീർണമായ അവസ്ഥകളെ ചിത്രീകരിക്കുന്നതിൽ ഇത്തരം ബിംബങ്ങൾ ആഖ്യാനത്തെ പിന്തുണക്കുന്നു. ഫിക്ഷന്റെ മാനങ്ങളെ പരിചിതമില്ലാത്ത തലങ്ങളിലൂടെ ഉയർത്താൻ ഈ സങ്കേതത്തിലൂടെ സാധിക്കുകയും ചെയ്യുന്നുണ്ട്. ഏകരൂപം എന്ന സങ്കൽപത്തിനുതന്നെ വിച്ഛേദം സംഭവിക്കുന്ന വിധത്തിലാണ് ആഖ്യാതാവിനുമുന്നിൽ അയാളുടെയും മഗ്ദലീനയുടെയും ഇരട്ടകൾ പ്രത്യക്ഷപ്പെട്ടത്. തങ്ങളുടെ പ്രണയം മാത്രമല്ല അവളുടെ സാധ്യത എന്ന ധാരണ ഉറപ്പിക്കുമ്പോഴും അവൾക്ക് തികച്ചും വ്യത്യസ്തമായ ഒരു വ്യക്തിയാകാൻ കഴിയുമെന്ന് ക്രിസ് വിശ്വസിച്ചില്ല. ജീവിച്ച ലോകത്തിന്റെ ഉഷ്ണവും ഈർപ്പവും വാക്കുകളിലൂടെ ആവാഹിക്കാൻ കഴിയുമോ എന്ന കാര്യത്തിലും അയാളിൽ സന്ദേഹം ജനിച്ചു. കാലത്തിലൂടെ കടന്നുപോകുന്ന ഒരേപോലെയുള്ള ജീവിതങ്ങളുടെ അനന്തമായ ഒരു ശൃംഖലയിലെ കണ്ണികൾ അന്തിമമായി എവിടേക്കും നയിക്കില്ലെന്നും അയാൾക്ക് തോന്നി. ലെനയുടെ കാമുകന്റെ പേരും ക്രിസ് ആവുകയും അവരിരുവരും ആഖ്യാതാവിനോടും മഗ്ദലീനയോടും എല്ലാവിധത്തിലും സദൃശരാവുകയും ചെയ്യുന്നതോടെ ആഖ്യാനം മറ്റൊരു തലത്തിലേക്ക് ഉയരുന്നു.

ലോകം മുഴുവൻ ഒരുതരം ‘ഇരട്ട’ ലോകമായിരിക്കുമോ എന്ന ചോദ്യം ലെന ഉന്നയിക്കുകയും അങ്ങനെയല്ലെന്നും വ്യത്യാസങ്ങളും വ്യതിയാനങ്ങളും ഉണ്ടെന്നു ആഖ്യാതാവ് മറുപടി പറയുകയും ചെയ്യുന്നുണ്ട്. ഓരോരുത്തരുടെയും ഇരട്ടകൾ എവിടെയോ ജീവിക്കുന്നുണ്ടാവും. നിർഭാഗ്യവശാൽ ആഖ്യാതാവിന് അയാളെ കാണാൻ സാധിച്ചു. അത് സംഭവിച്ചില്ലായിരുന്നെങ്കിൽ അങ്ങനൊരാളുടെ പ്രസക്തിയെ കുറിച്ചുപോലും ആലോചിക്കേണ്ടി വരുമായിരുന്നില്ല. ‘‘എന്റെ ഓർമയിലെ ഒരു കുട്ടിയെപ്പോലെ, യാഥാർഥ്യമായി മാറിയ ഒരു ഓർമ’’ എന്നു പറഞ്ഞുകൊണ്ട് മറ്റൊരുതരത്തിൽ ആഖ്യാതാവ് ‘ഇരട്ട’യെ വ്യാഖ്യാനിക്കുന്നുണ്ട്. തെറ്റുകളാലും അസമമിതികളാലും (Asymmetry) ഉരുത്തിരിയുന്ന പ്രപഞ്ചം മുഴുവൻ ഒരു ചെറിയ പിഴയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന സൂചന നോവലിൽ കാണാം. മഹാവിസ്ഫോടന സമയത്ത് സംഭവിച്ചിരിക്കേണ്ട ദ്രവ്യത്തിനും പ്രതിദ്രവ്യത്തിനും ഇടയിലുള്ള ഒരു അസന്തുലിതാവസ്ഥയെ കുറിച്ചും ആഖ്യാതാവ് പറയുന്നുണ്ട്.

ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യുന്ന ഒരു കാൽപനിക കഥപോലെ പരസ്പരം വിനിമയത്തിൽ ഏർപ്പെടുന്ന ഭാവനാലോകത്തെയാണ് ആശ്ചര്യത്തോടെ നാം വായിച്ചറിയുന്നത്. തന്റെ ഡോപ്പൽഗാങ്ങറായ ക്രിസിനോട് കഥ പറയുന്നതിലൂടെ ഭാവനയുടെ മറ്റൊരു തുറസ്സിനെ അനാച്ഛാദനം ചെയ്യുന്ന ആഖ്യാതാവിന്റെ (നോവലിസ്റ്റിന്റെ) സാമീപ്യം നമുക്ക് അനുഭവപ്പെടുന്നു. ചുരുക്കത്തിൽ ഡോപ്പൽഗാങ്ങർ എന്ന സങ്കൽപം സാഹിത്യത്തിൽ പുതുമയല്ലായെന്നിരിക്കെ അതിലൂടെ വേറിട്ടൊരു ഭാവുകത്വവ്യതിയാനത്തെ മുന്നോട്ടുവെക്കും എന്നുവരുമ്പോൾ പീറ്റർ സ്റ്റാം എന്ന എഴുത്തുകാരന്റെ വിജയം ശ്രദ്ധേയമാവുന്നു. വാക്യങ്ങളുടെ കൂട്ടിക്കെട്ടലുകളിലൂടെ ആഖ്യാനത്തെ കൊണ്ടുപോകാൻ കൃത്യമായ അനുപാതത്തിലുള്ള ഉള്ളടക്കം ആവശ്യമാണ്.

അത്തരമൊരു കളമൊരുക്കലാണ് അദ്ദേഹം തീർക്കുന്ന ശിൽപകല. അപരിചിതമല്ലാത്ത രചനാരീതിയിൽ ഊന്നിക്കൊണ്ട്, എന്നാൽ സമകാലികവും നവീനത്വം പ്രദാനം ചെയ്യുന്നതുമായ പ്രമേയത്തിന്റെ ശൈലിയിലും ഭാവനയുടെ പാളികളിലും പിടിമുറുക്കിയാണ് സ്റ്റാം ‘The Sweet Indifference of the World’ രൂപപ്പെടുത്തിയിരിക്കുന്നത്. അതാകട്ടെ സാഹിത്യത്തിന്റെ സഞ്ചാരപാത മുൻകൂട്ടി നിശ്ചയിക്കാൻ പ്രയാസമാണ് എന്ന ധാരണയെ ഉറപ്പിക്കുകയും ചെയ്യുന്നു. ഫിക്ഷന് സൃഷ്ടിക്കാവുന്ന ഭാവുകത്വത്തിന്റെ സൂക്ഷ്മഭേദങ്ങളെയാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്നത്. വാക്കുകളും ആശയങ്ങളും സങ്കൽപങ്ങളും ചേർത്തൊരുക്കുന്ന ആഖ്യാനയിടത്തിന് കേവലം ഒരേദിശയിലുള്ള നിർവചനം നൽകാനാവില്ലെന്നും ഈ നോവൽ തെളിയിക്കുന്നു.

News Summary - Peter Stam The Sweet Indifference of the World