Begin typing your search above and press return to search.
proflie-avatar
Login

മിന്നൽക്കഥകളും ഞാനും

മിന്നൽക്കഥകളും ഞാനും
cancel

എഴുത്തിൽ അമ്പതു വർഷം പിന്നിടുകയാണ്​ എഴുത്തുകാരനും കഥാകൃത്തും പത്രാധിപരുമായിരുന്ന പി.കെ. പാറക്കടവ്. അ​േദ്ദഹം ത​ന്റെ കഥകളെയും കഥാവഴികളെയും കുറിച്ച്​ എഴുതുന്നു. അദ്ദേഹത്തി​ന്റെ ഒമ്പത്​ മിന്നൽക്കഥകളും തുടർന്ന്​ വായിക്കാം.ഫാറൂഖ് കോളജിൽ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് എന്റെ ആദ്യ കഥ വെളിച്ചം കാണുന്നത്. അത് ‘വിസ’യെന്ന പേരിലെഴുതിയ ഒരു ചെറിയ കഥയായിരുന്നു. ആദ്യ കഥയുടെ ആദ്യാനുഭവമാണ് ഞാൻ നിരന്തരം ചെറുതിൽ ചെറുതായ കഥകളെഴുതാൻ കാരണമെന്ന് തോന്നാറുണ്ട്. 70കളിൽ ഞങ്ങളുടെയൊക്കെ ഗ്രാമങ്ങളിൽനിന്ന് ധാരാളം പേർ ഗൾഫ് രാജ്യങ്ങളിലേക്ക് പോയിരുന്നു. ആ ഒരു പശ്ചാത്തലത്തിലായിരുന്നു ‘വിസ’ എന്ന കഥ. കഥ ഇങ്ങനെ....

Your Subscription Supports Independent Journalism

View Plans
എഴുത്തിൽ അമ്പതു വർഷം പിന്നിടുകയാണ്​ എഴുത്തുകാരനും കഥാകൃത്തും പത്രാധിപരുമായിരുന്ന പി.കെ. പാറക്കടവ്. അ​േദ്ദഹം ത​ന്റെ കഥകളെയും കഥാവഴികളെയും കുറിച്ച്​ എഴുതുന്നു. അദ്ദേഹത്തി​ന്റെ ഒമ്പത്​ മിന്നൽക്കഥകളും തുടർന്ന്​ വായിക്കാം.

ഫാറൂഖ് കോളജിൽ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് എന്റെ ആദ്യ കഥ വെളിച്ചം കാണുന്നത്. അത് ‘വിസ’യെന്ന പേരിലെഴുതിയ ഒരു ചെറിയ കഥയായിരുന്നു. ആദ്യ കഥയുടെ ആദ്യാനുഭവമാണ് ഞാൻ നിരന്തരം ചെറുതിൽ ചെറുതായ കഥകളെഴുതാൻ കാരണമെന്ന് തോന്നാറുണ്ട്. 70കളിൽ ഞങ്ങളുടെയൊക്കെ ഗ്രാമങ്ങളിൽനിന്ന് ധാരാളം പേർ ഗൾഫ് രാജ്യങ്ങളിലേക്ക് പോയിരുന്നു. ആ ഒരു പശ്ചാത്തലത്തിലായിരുന്നു ‘വിസ’ എന്ന കഥ. കഥ ഇങ്ങനെ. ഒരാൾ മരിക്കുന്നു. മരിച്ച വീട്ടിൽ ചന്ദനത്തിരിയുടെ ഗന്ധം. ഖുർആൻ സൂക്തങ്ങളുടെ ഈണം. റോത് മാൻസിന്റെ പുകച്ചുരുളുകൾ. പെർഫ്യൂമിന്റെ സുഗന്ധം. മരിച്ച വീട്ടിൽ കള്ളിക്കുപ്പായമിട്ട നാട്ടുകാർ രാഷ്ട്രീയം പറഞ്ഞിരിക്കുന്നു. മരിച്ചയാൾ മയ്യിത്ത് കട്ടിലിൽ കിടക്കുകയാണ്. അവിടെ പോസ്റ്റ്‌മാൻ അച്യുതൻ കയറിവരുന്നു.

മയ്യിത്ത് കട്ടിലിൽനിന്ന് മരിച്ചയാൾ ചാടിയെഴുന്നേറ്റ് ചോദിക്കുന്നു. ‘‘എന്റെ വിസ വന്നോ?’’ ഇത്രയുമാണ് കഥ. നിർദോഷമായ ഈ കുഞ്ഞുകഥ അന്ന് നാട്ടിൽ വലിയ ബഹളമുണ്ടാക്കി. ഞാൻ കഥയിൽ ഒരു ഗ്രാമത്തിന്റെ പേര് പറഞ്ഞിരുന്നു. അന്ന് അവിടെ കഥയുടെ പേരിൽ ഒരു പ്രതിഷേധയോഗം ചേർന്നു. ‘‘നീയെന്തിനാണ് ഞങ്ങളുടെ ഗ്രാമത്തെ അപമാനിച്ചത്?’’ പാറക്കടവ് അങ്ങാടിയിൽനിന്ന് ചിലർ എന്നോട് ചോദിച്ചു. കുടുംബപരമായും അല്ലാതെയും സുഹൃത്തുക്കളടക്കം കുറേപ്പേർ എന്നോടൊപ്പവും ഉണ്ടായിരുന്നു. കഥയുടെ പേരിൽ ഒരു ചേരിതിരിവ്. കഥക്കേസ് കാലക്രമേണ രാജിയായി. കാലം കുറേ കഴിഞ്ഞപ്പോൾ, എനിക്ക് ഒരു പുരസ്കാരം ലഭിച്ചപ്പോൾ പ്രതിഷേധയോഗം ചേർന്ന അതേ സ്ഥലത്ത് വെച്ചുതന്നെ അവർതന്നെ എനിക്ക് സ്വീകരണവും നൽകി. പിൽക്കാലത്ത് ഇതേ കുറിച്ച് ഒരു സുഹൃത്ത്‌ ഒരു പത്രത്തിന്റെ വാരാന്തപ്പതിപ്പിൽ ‘സൽമാൻ റുഷ്ദി കുറുവന്തേരിയിൽ’ എന്ന പേരിൽ രസകരമായ ഒരു ഫീച്ചർ ചെയ്തതോർക്കുന്നു. കാമ്പസുകളിലൊക്കെ പരിപാടികളിൽ പങ്കെടുക്കുകയും കഥകൾ വായിക്കുകയും ചെയ്യുമ്പോൾ കേൾക്കുന്ന ഒരു ചോദ്യം ‘‘എന്തുകൊണ്ട്‌ ചെറിയ കഥകൾ എഴുതുന്നു’’ എന്നാണ്. ‘വിസ’ എന്ന ഒരു 12 വരിക്കഥകൊണ്ട്‌ ഒരു ഗ്രാമത്തെ ഇളക്കിമറിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ, ‘ചെറിയ കഥയാണ് വലിയ കഥ’ എന്ന് എന്റെ അബോധ മനസ്സിൽ ആരോ കുറിച്ചിട്ടിട്ടുണ്ടാകണം. അതുകൊണ്ടാണ് ഞാൻ നിരന്തരമായി മിന്നൽക്കഥകൾ എഴുതിക്കൊണ്ടിരിക്കുന്നത്.

മലയാളത്തിൽ ഈ സാഹിത്യരൂപം ‘മിനിക്കഥ’ എന്ന പേരിലായിരുന്നു ആദ്യം വന്നിരുന്നത്. ആദ്യകാലത്ത് പത്രാധിപൻമാർ ‘സ്പേസ് ഫില്ലറാ’യി, പ്രാധാന്യമില്ലാതെ ഉപയോഗിച്ചതിനാലാകാം, പലരും ഒരു ഫലിതബിന്ദു നീട്ടിവലിച്ചാൽ ഇങ്ങനെയുള്ള രചനകളാകും എന്ന ലാഘവത്തോടെ എഴുതിയതുകൊണ്ടാകാം ഇതിന്റെ ഗൗരവം ഇല്ലാതായിപ്പോയത്. പക്ഷേ, അക്കാലത്ത് തന്നെ വായനക്കാരിൽ ഒരു വലിയ വിഭാഗം ഈ രചനാരൂപത്തിന്റെ കൂടെയുണ്ടായിരുന്നു. വലിയ എഴുത്തുകാർ വർഷങ്ങൾക്കു മുമ്പ് തന്നെ ചെറുതിൽ ചെറുതായ കഥകളെഴുതിയിട്ടുണ്ട്. ഒ.വി. വിജയന്റെ ‘ബാലബോധിനി’യും പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ മിനിക്കഥകളും ഓർക്കുക.

ഞാൻ എഴുതുന്ന കൊച്ചുകഥകളെ മിന്നൽക്കഥകൾ എന്ന് വിളിക്കാനാണ് എനിക്കിഷ്ടം. എന്തുകൊണ്ടോ ഈ സവിശേഷ സാഹിത്യരൂപം ഇന്ന് നമ്മുടെ വായനക്കാർ ഹൃദയപൂർവം സ്വീകരിച്ചിട്ടുണ്ട്. വളരെ വർഷങ്ങൾക്കു മുമ്പു തന്നെ വലിയ എഴുത്തുകാരിൽനിന്ന് ഈ ചെറിയ കഥകൾക്ക് കിട്ടിയ അംഗീകാരം എഴുത്തിൽ കൂടുതൽ ഉത്തരവാദിത്തം ഉണ്ടാക്കി എന്നതാണ് സത്യം. ‘‘പി.കെ. പാറക്കടവ് സ്വപ്നത്തിന്റെയും മിത്തിന്റെയും കടങ്കഥകളുടെയും ഭാഷ സംസാരിക്കുന്നു. ദേശകാലബദ്ധവും യുക്തിയുടെ വഴക്കങ്ങൾക്ക് വഴങ്ങുന്നതുമായ ഉണർച്ചയുടെ ലോകങ്ങൾക്കിടയിൽ വർത്തിക്കുന്ന സത്യങ്ങളെ സന്ധിക്കാൻ ഈ ഭാഷയേ ഉപകരിക്കൂ എന്ന് അദ്ദേഹത്തിനറിയാം.’’

വർഷങ്ങൾക്ക് മുമ്പ് എം. തോമസ് മാത്യു എഴുതി. ‘‘പി.കെ. പാറക്കടവി​െന്റ കഥകൾ വായിച്ചപ്പോൾ ‘ചെറുതാണ് സുന്ദരം’ എന്ന എന്റെ വിശ്വാസം ഒന്നുകൂടി ബലപ്പെട്ടു എന്ന് ടി. പത്മനാഭനും ഭാഷക്കപ്പുറം ഭാഷ നിർമിക്കുന്നതാണ് പി.കെ. പാറക്കടവിന്റെ കല എന്ന് പുനത്തിൽ കുഞ്ഞബ്ദുള്ളയും എഴുതി. ‘‘നീയെഴുതുന്നത് പ്രതികഥകളാണെന്നും ചില ശ്രദ്ധേയമായ കവിതകൾ അതിലുണ്ടെന്നും’’ ആദ്യകാലത്ത് തന്നെ മേതിൽ രാധാകൃഷ്ണൻ എനിക്കെഴുതി. പണ്ട് മാതൃഭൂമി വാരാന്തപ്പതിപ്പിൽ ഞാൻ ‘സദ്യ’ എന്ന കഥ എഴുതിയപ്പോൾ ‘‘എന്തിന് മഹാഭാരതം? ഇതാണ് കഥ’’ എന്ന് ഒരു കാർഡിൽ കത്തയച്ച മുണ്ടൂർ കൃഷ്ണൻകുട്ടി മാഷെ ഓർക്കുന്നു. ഡി.സി ബുക്സ് എന്റെ തിരഞ്ഞെടുത്ത കഥകൾ പ്രസിദ്ധീകരിച്ചപ്പോൾ ആമുഖമായി ചേർത്തത് മുണ്ടൂർ കൃഷ്ണൻകുട്ടി മാസ്റ്ററുടെ കൈപ്പടയിലുള്ള ഈ കത്താണ്.

മറ്റൊരു വലിയ സന്തോഷം 2020ലെ മാതൃഭൂമി ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ശ്രീകുമാരൻ തമ്പി ഹരിലാലുമായി നടത്തിയ സംഭാഷണത്തിൽ പുതിയ കവിതകളെക്കുറിച്ച് ചോദിച്ചപ്പോൾ നൽകിയ മറുപടിയാണ്. ‘‘ഇപ്പോൾ വരുന്ന കവിതകളെക്കാൾ മനോഹരമാണ് പി.കെ. പാറക്കടവിന്റെ കഥകൾ. അദ്ദേഹം സത്യസന്ധനായതുകൊണ്ട്‌ അത് കഥയെന്നു പറയുന്നു.’’

വാട്സ്ആപ്പും എസ്.എം.എസും എന്തിന് മൊബൈൽ ഫോൺപോലും ഇല്ലാത്ത കാലത്ത് എന്റെ കഥകൾ വായിച്ച് വായനക്കാർ എഴുതിയ കത്തുകൾ ഞാൻ ഫയലുകളിൽ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. നിത്യചൈതന്യ യതി മുതൽ മദ്രാസിലെ ഒരു ഹോട്ടലിൽ ബാർബോയിയായി ജോലിചെയ്യുന്ന ഒരു ചെറുപ്പക്കാരൻവരെ എഴുതിയ കത്തുകൾ. നല്ല വായനക്കാർ എഴുത്തുകാരേക്കാൾ മുകളിലാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ഇവയൊക്കെയാണ് ഏത് പുരസ്കാരങ്ങളെക്കാളും ഞാനേറെ വിലമതിക്കുന്നത്.

ചെറിയ കഥകൾ വേണ്ടത്ര പരിഗണിക്കപ്പെടുന്നുണ്ടോ എന്ന് പലരും ചോദിക്കാറുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഈ കഥകൾ ഏറെ പരിഗണിക്കപ്പെട്ടിട്ടുണ്ട്. കഥകൾ പാഠപുസ്തകങ്ങളിലും കഥകളുടെ മൊഴിമാറ്റങ്ങൾ മറ്റ് ഒരുപാട് ഭാഷകളിലും വന്നത് ഈ സാഹിത്യരൂപത്തിന്റെ സവിശേഷതകൂടി കണക്കിലെടുത്താണെന്ന് ഞാൻ കരുതുന്നു.

ഏറ്റവും കുറുകിയ കഥകളെഴുതി ലോകത്തെ വിസ്മയിപ്പിച്ച അമേരിക്കക്കാരിയായ ലിഡിയ ഡേവിസിനായിരുന്നു 2013ലെ മാൻ ബുക്കർ പ്രൈസ്. ലോകത്തിന്റെ നാനാ ഭാഗങ്ങളിലും ചെറുതിൽ ചെറുതായ കഥകൾ എഴുതുന്ന വലിയ എഴുത്തുകാരുണ്ട്. Flash Fiction ഇന്ന് ലോകത്ത് ഏറെ ചർച്ചചെയ്യപ്പെടുന്ന ഒരു സാഹിത്യരൂപമാണ്.

 

പല പേരുകളിൽ ചെറുതിൽ ചെറുതായ കഥകളെഴുതുന്ന ഒട്ടേറെ എഴുത്തുകാർ ഇന്ന് മലയാളത്തിലുണ്ട്. മികച്ച രചനകൾ അക്കൂട്ടത്തിലുണ്ട്. പുതിയ തലമുറയുടെ സാഹിത്യരൂപമാണ് ഇതെന്ന് പറയാം. സോഷ്യൽ മീഡിയയിലൂടെ ഏറ്റവും കൂടുതൽ വായനക്കാരിൽ എത്തുന്നതും ഇത്തരം രചനകളാണ്.

വലിയ കഥയുടെ ചെറിയ രൂപമേയല്ല ഇത്തരം രചനകൾ. കഥയും കവിതയുമല്ലാത്ത മറ്റെന്തോ ഒന്ന്. ഒരുവേള, ജീവിതത്തോട് ഏറ്റവും അടുത്ത് നിൽക്കുന്നത്. എന്നോട് സുഹൃത്ത്‌ ചോദിച്ചു:

‘‘ഈ ഇത്തിരി വരികളിൽ എന്ത് കഥയാണുള്ളത്?’’

ഞാൻ പറഞ്ഞു: ‘‘പൊട്ടിച്ചു നോക്കൂ.’’

അവൻ പൊട്ടിച്ചുനോക്കി. അതിൽനിന്ന് തെറിച്ചുവീണത് ജീവിതം.

ജീവിതത്തിൽനിന്ന് ഊരിയെടുക്കുന്ന കഥകളുടെ വക്കിൽ ചോര കാണുന്നുണ്ടോ?

എങ്കിൽ അതു തന്നെ വേരുകളുടെ ചോര.

News Summary - P.K. Parakkadavu is completing fifty years in writing