ജപ്പാനിലെ സെൻ സന്യാസിമാരുടെ മരണകവിതകൾ

1. ടെട്ടോ ഗികോ (1294-1369)(75ാമത്തെ വയസ്സിൽ മരണം)ബുദ്ധൻപോലും അന്ധാളിച്ചു പോകുന്ന ആ നിമിഷത്തെയാണു ഞാൻ ഉറ്റുനോക്കുന്നത്. ഒരു കറക്കത്തിൽ എല്ലാം മാറിമറിയുന്നു. ശൂന്യതയുടെ പരപ്പിലേക്ക് ഞാൻ ഇറങ്ങുന്നു. ജീവിതത്തിലെ അവസാന ദിവസം ടെട്ടോ എഴുതിയതാണിത്. താൻ ജീവനോടെയിരിക്കുമ്പോൾ വായിക്കരുത് എന്ന താക്കീതോടെ മരണത്തിനു കുറേ ദിവസം മുമ്പ് മുദ്രെവച്ച ഒരു സന്ദേശം അദ്ദേഹം അനുയായികൾക്കു നൽകിയിരുന്നു. ടെട്ടോയുടെ മരണശേഷം കത്തു തുറന്നപ്പോൾ അവർ കണ്ട വരികൾ...
Your Subscription Supports Independent Journalism
View Plans1. ടെട്ടോ ഗികോ (1294-1369)
(75ാമത്തെ വയസ്സിൽ മരണം)
ബുദ്ധൻപോലും അന്ധാളിച്ചു പോകുന്ന
ആ നിമിഷത്തെയാണു ഞാൻ ഉറ്റുനോക്കുന്നത്.
ഒരു കറക്കത്തിൽ എല്ലാം മാറിമറിയുന്നു.
ശൂന്യതയുടെ പരപ്പിലേക്ക് ഞാൻ ഇറങ്ങുന്നു.
ജീവിതത്തിലെ അവസാന ദിവസം ടെട്ടോ എഴുതിയതാണിത്. താൻ ജീവനോടെയിരിക്കുമ്പോൾ വായിക്കരുത് എന്ന താക്കീതോടെ മരണത്തിനു കുറേ ദിവസം മുമ്പ് മുദ്രെവച്ച ഒരു സന്ദേശം അദ്ദേഹം അനുയായികൾക്കു നൽകിയിരുന്നു. ടെട്ടോയുടെ മരണശേഷം കത്തു തുറന്നപ്പോൾ അവർ കണ്ട വരികൾ ഇതാണ്:
മറ്റൊരാളിൽനിന്ന് സ്വീകരിക്കാവുന്നവയല്ല സത്യം
അത് ഓരോരുത്തരും സ്വയം വഹിക്കുന്നതാണ്,
കാറ്റ്സു!
എല്ലായ്പോഴും.
2. ബസൂയി ടൊകുഷോ (1326- 1387)
(61ാമത്തെ വയസ്സിൽ മരണം)
നേരെ നോക്കൂ
എന്താണ് അവിടെ?
കാണുന്നത് അതേപടിയാണെങ്കിൽ
നിങ്ങൾ ഒരിക്കലും തെറ്റ് ചെയ്യില്ല.
മുപ്പത്തിയൊന്നു വയസ്സുള്ളപ്പോൾ ഒരിക്കൽ, ചോലയിൽ ഒഴുകുന്ന വെള്ളത്തിന്റെ ശബ്ദം കേട്ട് ബസൂയിക്ക് ബോധോദയമുണ്ടായി. അതിനുശേഷം മലയുടെ മുകളിലെ ചെറിയ കുടിലിലാക്കി താമസം. മലമുകളിലെ ഏകാകിയായ സന്യാസിയെക്കുറിച്ചു കേട്ട് അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിക്കാൻ ജനങ്ങൾ കൂട്ടമായി എത്തുമ്പോഴേക്കും അദ്ദേഹം അവിടംവിട്ട് ഓടിപ്പോയി. ഏകാന്തതയെ ഇഷ്ടപ്പെട്ടിരുന്നുവെങ്കിലും ബസൂയി പാവപ്പെട്ട സാധാരണ മനുഷ്യർക്കെതിരെ മുഖംതിരിച്ചിരുന്നില്ല.
അവർക്കു മനസ്സിലാകുന്ന ലളിതമായ ഭാഷയിൽ അവരെ പഠിപ്പിച്ചു. കള്ളു കുടിക്കുന്നതിന്റെ ദോഷവശങ്ങളെപ്പറ്റി അനുയായികൾക്കു താക്കീതു നൽകി. ഒരു തുള്ളിപോലും രുചിച്ചു നോക്കുന്നതിൽനിന്നവരെ വിലക്കി. സ്വന്തം രേഖാചിത്രത്തിന്റെ അരികിൽ അദ്ദേഹം എഴുതി: ‘‘നിശ്ശബ്ദതയുടെ സ്വരംകൊണ്ട് ഞാൻ പഠിപ്പിച്ചു.’’
മരണത്തിനു തൊട്ടുമുമ്പ് ബസൂയി അദ്ദേഹത്തിന്റെ അവസാന വാക്കുകൾക്കായി ചുറ്റും കൂടിനിന്ന ആളുകൾക്ക് നേരെ തിരിഞ്ഞു മേൽപറഞ്ഞ വരികൾ ചൊല്ലി. ഉറക്കെ അത് വീണ്ടും ആവർത്തിച്ചു. മരിച്ചു.
3. ഷുംപോ സോകി (1408-1496)
(88ാമത്തെ വയസ്സിൽ മരിച്ചു)
എന്റെ വാൾ ആകാശത്തിനു നേർക്ക് നീണ്ടിരിക്കുന്നു.
അതിന്റെ മിനുക്കിയ വായ്ത്തലവച്ച്,
ബുദ്ധന്റെയും അയാളുടെ
എല്ലാ പുണ്യവാളന്മാരുടെയും തല ഞാൻ കൊയ്യും
മിന്നൽ അതിനു തോന്നിയ ഇടത്തു പതിക്കട്ടെ.
ഈ കവിത ചൊല്ലിയിട്ട് ഷുംപോ ഒരു പരിഹാസച്ചിരി ചിരിച്ചെന്നും മരിച്ചെന്നുമാണ് കഥ. ബുദ്ധന്റെ തലവെട്ടുക എന്നതിന് ആത്മീയ സ്വാതന്ത്ര്യം എന്നും മതപാരമ്പര്യം അനുശാസിക്കുന്ന ചിന്താരീതികളിൽനിന്ന് മുക്തമായ അവബോധം എന്നുമാണർഥം. ബുദ്ധമത വിശ്വാസമനുസരിച്ച് മതത്തിനും ധാർമികതക്കും എതിരായി പാപം ചെയ്യുന്ന ഒരു മനുഷ്യൻ ഒരു മിന്നൽപ്പിണർമൂലം മരിക്കാൻ ബാധ്യസ്ഥനാണ്.
മരണത്തിനും ഒരുപാട് വർഷം മുമ്പ് അസുഖംകൊണ്ട് തീരെ വയ്യാതായപ്പോൾ ഷുംപോ ശിഷ്യഗണങ്ങളിൽനിന്നും അനുയായികളിൽനിന്നും വിടവാങ്ങിയത് താഴെ പറയുന്ന വരികൾ പറഞ്ഞാണ്:
‘‘ചില സമയങ്ങളിൽ ഞാൻ ആകാശത്തെ താങ്ങി, ചില സമയങ്ങളിൽ ഭൂമിയെയും. ചിലപ്പോൾ ഞാൻ വ്യാളിയായി മാറി, ചിലപ്പോൾ സർപ്പമായി. ജീവിതത്തിന്റെയും മരണത്തിന്റെയും ചക്രങ്ങളിൽപെട്ട് ഞാൻ തോന്നിയതുപോലെ അലഞ്ഞു. നമ്മുടെ വിശ്വാസത്തിന്റെ പിതാക്കന്മാരുടെയെല്ലാം ഉപദേശങ്ങൾ പ്രസംഗിച്ചു. ഞാൻ ഇഷ്ടമുള്ളത് നൽകുന്നു; ഇഷ്ടമുള്ളത് എടുക്കുന്നു. പുള്ളിപ്പുലിയെ കടിച്ചു മുറിക്കുന്നു; എന്റെ ആത്മാവ് പർവതങ്ങളെ തകർക്കുന്നു.’’
ഇത്രയും പറഞ്ഞിട്ട് ‘കാറ്റ്സു’ എന്ന് ഉറക്കെ കരഞ്ഞു. തന്റെ ദേഹം ദഹിപ്പിക്കണമെന്നും ചാരം നിലത്തു വിതറണമെന്നും ഷുംപോ ശിഷ്യർക്കും അനുയായികൾക്കും നിർദേശം നൽകി. സ്മരണക്കായി ശവകുടീരത്തിൽ കല്ലു നാട്ടുന്നതിനെ വിലക്കി. അദ്ദേഹത്തിന്റെ അവസാന കവിത ഇങ്ങനെയായിരുന്നു:
എന്റെ ശരീരത്തിലെ ഒരെല്ലും വിശുദ്ധമല്ല
നാറുന്ന അസ്ഥിക്കൂമ്പാരത്തിന്റെ ചാരമല്ലാതെ അത്
മറ്റൊന്നുമല്ല
ആഴത്തിൽ കുഴിക്കുക, ഈ അവശിഷ്ടങ്ങളെ
അതിലിടുക
എന്നാൽപിന്നെ ഹരിതപർവതത്തിലെ ഒരു
പൊടിതരിയിൽപോലും കറ പറ്റില്ല.
4. ടോയോ എയിചോ (1427-1504)
(77ാമത്തെ വയസ്സിൽ മരിച്ചു)
ബോധോദയത്തിന്റെ നാല് തൂണുകളും
പൊടുന്നനെ പൊട്ടിത്തെറിക്കുന്നു–
നോക്ക്! നോക്ക്!
നിലാവ് പവിഴശാഖകളെ മൂടുന്നു.
ഇതിന്റെ അർഥമെന്താണ്?
ഇപ്പോൾ എല്ലാം സാത്താന്റെ പിടിയിലുള്ള
നരകകൊട്ടാരംപോലെ ഇരുട്ടായി വളരുന്നു.
കാറ്റ്സു!
സെൻനിലയിൽ നിവർന്നിരുന്നാണ് ടോയോ മരിച്ചത്. ‘ബോധോദയത്തിന്റെ നാലു തൂണുകൾ’ എന്ന് ഇവിടെ സൂചിപ്പിക്കുന്നത് ബുദ്ധമത ഗ്രന്ഥങ്ങൾ നിർവാണത്തിനു നൽകുന്ന നാലു ഗുണങ്ങളെയാണ്. നിത്യത, സംതൃപ്തി, സത്യം (തന്നെപ്പറ്റിയുള്ള മിഥ്യാധാരണകളിൽനിന്നുള്ള മോചനം), വിശുദ്ധി എന്നിവയാണ് അവ. ജീവിതത്തിനും മരണത്തിനും അപ്പുറത്തുള്ള അവസ്ഥയെയാണ് നിർവാണമായി വിവരിക്കുന്നത്.
എന്നാൽ, മരിക്കുമ്പോൾ ടോയോ മരണത്തിനെ അഭിമുഖീകരിക്കുകയും പരമമായ നാശത്തിന്റെ മൂർത്ത യാഥാർഥ്യമായി അതിനെ നോക്കിക്കാണുകയും ചെയ്യുന്നു. ഇടക്ക് ഒരു നിമിഷത്തിൽ പരിപൂർണതയുടെയും ഐക്യത്തിന്റെയും പ്രതിച്ഛായയായി (‘‘നിലാവ് വെള്ളത്തിലെ പവിഴശാഖികളെ പ്രകാശിപ്പിക്കുന്നു’’ എന്ന കൽപന നോക്കുക) പരിഗണിക്കുന്നുവെങ്കിലും അതും ദർശനം മരണത്തിന്റെ ഇരുണ്ട രൂപങ്ങളിലൊന്നായി മാറുന്നു. അവസാനത്തെ ‘കാറ്റ്സു’ അതുവരെയുള്ള ബിംബകൽപനകളെ മായ്ച്ചുകളയുകയും കവിതയെ തിരിച്ച് മരണമുഹൂർത്തത്തിന്റെ യാഥാർഥ്യത്തിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്യുന്നു.
5. ഷുനോ’കു സോയെൻ (1528-1611)
(83ാമത്തെ വയസ്സിൽ മരണം)
ഞാൻ ഭൂമിക്കും ആകാശത്തിനുമിടയിൽ ഒഴുകുന്നു
കിഴക്കിനെ വിളിച്ച് പടിഞ്ഞാറാക്കി മാറ്റുന്നു.
ഊന്നുവടി ചുഴറ്റുന്നു
ഉറവിടത്തിലേക്ക്
വീണ്ടും മടങ്ങുന്നു.
കാറ്റ്സു!
മരണദിവസം, തന്റെ അന്ത്യം അടുത്തിരിക്കുന്നുവെന്ന് മനസ്സിലായ ഷുനോകു, സഹായിയെ വിളിച്ച് ബ്രഷ് കൈയിൽ കൊടുത്ത് മരണകവിത ചൊല്ലിക്കൊടുത്തു. അതിനുശേഷം സ്വയം ബ്രഷെടുത്ത് തീയതി കുറിച്ചു, ഒപ്പിട്ടു. ‘വിട’ എന്നെഴുതി അവസാന ശ്വാസമെടുത്തു.

6. സെൻഗായ് ഗിബോൺ (1749-1837)
(88ാമത്തെ വയസ്സിൽ മരിച്ചു)
വരുന്നവൻ അവന്റെ വരവു മാത്രമേ അറിയൂ
പോകുന്നവന് അവന്റെ അവസാനം മാത്രമേ അറിയൂ
പിളർപ്പിൽനിന്നു രക്ഷപ്പെടാൻ
എന്തിനാണ് മലഞ്ചരിവിൽ പറ്റിനിൽക്കുന്നത്?
കാറ്റ് കൊണ്ടുപോകുന്നതെവിടേയ്ക്കെന്ന്
താഴെ ഒഴുകുന്ന മേഘങ്ങൾ ഒരു കാലത്തും അറിയുന്നില്ല.
സന്യാസി, ചിത്രകാരൻ, കവി എന്നീ നിലകളിലെല്ലാം പേരെടുത്ത സെൻഗായ് ജപ്പാന്റെ ചരിത്രത്തിലെ ഏറ്റവും നിറപ്പകിട്ടാർന്ന സെൻ സന്യാസി വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങളും കവിതകളും സെൻ ഉൾക്കാഴ്ചയും നർമവുംകൊണ്ടു സമൃദ്ധവും ത്രസിക്കുന്നതുമാണ്.
‘ജീവനില്ലാത്ത’ ഒരു ജീവിതം ജീവിക്കാൻ യോഗ്യമല്ലെന്ന് വ്യക്തമാക്കുകയാണ് സെൻഗായ് തന്റെ പല കവിതകളിലും രേഖാചിത്രങ്ങളിലുംകൂടി ചെയ്യുന്നത്. ഒരിക്കൽ അദ്ദേഹം നവദമ്പതിമാർക്ക് വിവാഹസമ്മാനം നൽകി. വധുവിന്റെ ബഹുമാനാർഥം എഴുതിയ ഒരു ‘സെൻറ്യു’ ഇങ്ങനെയാണ്:
യുവവധൂ,
നിങ്ങളോട് അവർ പറയുന്നതുവരെ
ജീവിച്ചിരിക്കൂ, മരിക്കാൻ! മരിക്കൂ!
സെൻഗായ് വരച്ച ഒരു രേഖാചിത്രത്തിൽ, മുതുകു വളഞ്ഞവനും കഷണ്ടിക്കാരനുമായ ഒരു വയസ്സൻ മരണത്തോട് മല്ലടിക്കുന്നു. ചിത്രത്തിനു മുകളിൽ സെൻഗായ് എഴുതി:
‘‘മടങ്ങിവരിക’’ എന്ന് പറഞ്ഞാൽ
അയാൾ നിങ്ങളെ പിടുങ്ങാൻ വേഗം വരും,
പകരം, “തൊണ്ണൂറ്റി ഒമ്പത് ആകുന്നതുവരെ
ഞാനവിടെയുണ്ടാകില്ലെന്ന്” അയാളോട് പറയുക.
==============
* സെൻറ്യു –ഹൈക്കുപോലെയുള്ള മൂന്നുവരി കവിതയാണ്. ഹൈക്കുവിൽ പ്രകൃതിക്കാണ് പ്രാധാന്യം. സെൻറ്യു മാനുഷികമായ ബലഹീനതകളിലും കറുത്ത നർമത്തിനും പരിഹാസത്തിനും ഊന്നൽ നൽകുന്നു.
* കാറ്റ്സു തർജമക്ക് വഴങ്ങുന്ന വാക്കല്ല. സെൻ ഗുരുക്കന്മാരുടെയും ശിഷ്യരുടെയും ബോധോദയ മുഹൂർത്തത്തിലെ മൂർച്ചയുള്ള കരച്ചിലാണ്. ചൈനയിലെയും ജപ്പാനിലെയും പല സെൻ രചനകളിലും ഇതു കാണാം. സന്യാസിമഠങ്ങളിലെ ചുവരുകൾക്കുള്ളിൽ ഇന്നും കേൾക്കാവുന്ന ശബ്ദവുമാണ്. എഴുപതാമത്തെ വയസ്സിൽ മരിച്ച കൊഗെറ്റ്സു സോഗാന്റെ (1573-1643) അവസാന വാക്കുകൾ ‘കാറ്റ്സു’ എന്നു മാത്രമായിരുന്നു.
(അവലംബം: യോൽ ഹോഫ്മാൻ സമാഹരിച്ച് വിവർത്തനം ചെയ്ത ‘ജപ്പാനിലെ മരണകവിതകൾ’)