ഇൻക്വസ്റ്റ്

മേശമേൽ നിൻ മുറിച്ചിട്ട കൈത്തലം കാക്ക കൊത്തി- വലിക്കും കവിതകൾ ചോരകെട്ടി- ത്തിണർത്ത നിലത്തതിൽ പാലമുണ്ടാക്കി നീങ്ങുന്നെറുമ്പുകൾ... പോയ രാത്രിയി- ലെന്തായിരുന്നു, നീയടച്ച മുറിയാർ തുറന്നു? ഒച്ചയൊന്നും പുറത്തു കേട്ടില്ല, കത്തി താഴ്ത്തിയ- താരായിരിക്കും... നീ തനിച്ചാ- യിരുന്നു, തഴുതിട്ട വാതിലായിരു- ന്നെപ്പൊഴും ജീവിതം... കൂട്ടുചേരാ- നറച്ചു നീ, ചുറ്റിലും, കോട്ടകെട്ടി- യടച്ചു നീ രാപ്പകൽ... പിന്നെയാ- രെന്തകത്തു കടന്നു; കൊന്നു നിന്നെ- യരുംകൊല, ആരും കണ്ടവരില്ല, ഇങ്ങനെ തീർക്കുവാ- ...
Your Subscription Supports Independent Journalism
View Plansമേശമേൽ നിൻ
മുറിച്ചിട്ട കൈത്തലം
കാക്ക കൊത്തി-
വലിക്കും കവിതകൾ
ചോരകെട്ടി-
ത്തിണർത്ത
നിലത്തതിൽ
പാലമുണ്ടാക്കി
നീങ്ങുന്നെറുമ്പുകൾ...
പോയ രാത്രിയി-
ലെന്തായിരുന്നു,
നീയടച്ച
മുറിയാർ തുറന്നു?
ഒച്ചയൊന്നും
പുറത്തു കേട്ടില്ല,
കത്തി താഴ്ത്തിയ-
താരായിരിക്കും...
നീ തനിച്ചാ-
യിരുന്നു, തഴുതിട്ട
വാതിലായിരു-
ന്നെപ്പൊഴും
ജീവിതം...
കൂട്ടുചേരാ-
നറച്ചു നീ,
ചുറ്റിലും,
കോട്ടകെട്ടി-
യടച്ചു നീ
രാപ്പകൽ...
പിന്നെയാ-
രെന്തകത്തു
കടന്നു;
കൊന്നു നിന്നെ-
യരുംകൊല,
ആരും
കണ്ടവരില്ല,
ഇങ്ങനെ തീർക്കുവാ-
നില്ല വൈരാഗ്യ-
മാർക്കും,
ഒരുത്തനും;
ചെയ്തതില്ലപ-
രാധമൊരാളോടും...
എന്തിനായിരു-
ന്നിത്രമേൽ
ക്രൂരത.
വാതിലുണ്ടു
തഴുതിട്ടതേ പടി,
ആരുമുള്ളിൽ
കടന്നമട്ടല്ല-
ഇല്ല മറ്റു
വിരലടയാളം
നിന്റെയല്ലാതെ-
യെങ്ങും,
തലേണയിൽ
നിന്റെ മാത്ര-
മുണങ്ങിയ
ഗദ്ഗദം.
ചൂഴ്ന്നെടുത്ത നിൻ
കണ്ണുകൾ
മെത്തമേൽ,
വാർന്നെറിഞ്ഞ
നിൻ
മാംസമെമ്പാടും.
നിൻ നഖങ്ങളിൽ
നിന്റെ ത്വക്-
കോശങ്ങൾ,
ചോരയൊട്ടി-
പ്പിടിച്ച തലമുടി
എന്തിനായിരു-
ന്നിത്രയ്ക്കു
ക്രൂരത-
നിന്റെ പ്രേത-
വിചാരണ-
പ്പത്രത്തിൽ
ഇങ്ങനെ കുറി-
ച്ചൊപ്പുവയ്ക്കട്ടെ ഞാൻ...
കൊന്നതു മറ്റൊ-
രാളല്ല, രാത്രിയിൽ
നിന്നെ നിൻ ശത്രു,
നീ തന്നെ
കൊന്നു...
തക്കമോർത്തും
പതുങ്ങിപ്പരുങ്ങിയു-
മൊപ്പമുണ്ടായി നീ
നിനക്കെപ്പൊഴും...
മേശമേൽ നിൻ
മുറിച്ചിട്ട
കൈത്തലം,
കാക്ക കൊത്തി
വലിച്ച
കവിതകൾ...
താഴെ വീണു
തളംകെട്ടി രക്തം...
തോളിൽ നിൻ
ശവമേറ്റി നിശ്ശബ്ദം...
പാലമുണ്ടാക്കി
നീങ്ങുന്നെറുമ്പുകൾ...