രണ്ട് കവിതകൾ

1. പേനുകൾ പേനുകൾ തലയിൽനിന്നും തലയിലേക്ക് പരാഗണം നടത്തുന്ന കാലമായിരുന്നു അത് തലയിലവ പെറ്റുപെരുകി പേനുകളുടെ പരക്കംപാച്ചിൽ അസഹ്യമായപ്പോൾ ‘‘ദൈവമേ’’യെന്നയാൾ വലിയവായിൽ അലറി ദൈവം അയാൾക്ക് നൂറ്റാണ്ടുകളായി കൈമാറിയ പേൻചീപ്പ് കൊടുത്തു ‘ഹെന്തതിശയമേയെന്ന്’ സ്തോത്രംചെയ്ത് നേരംവെളുക്കുവോളം മാന്തിമാന്തി ചീകി രാവിലെയും ഉച്ചക്കും സന്ധ്യക്കും ചിലപ്പോൾ ഭക്ഷണംപോലും മാറ്റിവെച്ചയാൾ തന്റെ വേല തുടർന്നു ചീപ്പിന്റെ കാലാൾപ്പടയ്ക്ക് മുന്നിൽ പതറിപ്പോയ പേനുകൾ പുതിയ ഇടങ്ങൾ കണ്ടെത്തി ഒളിയുദ്ധം തുടർന്നു അയാൾ വീണ്ടും അലറി ദൈവം അയാൾക്ക് ടി.വിയിൽ കണ്ട മുന്തിയ ഷാംപൂ കൊടുത്തു...
Your Subscription Supports Independent Journalism
View Plans1. പേനുകൾ
പേനുകൾ
തലയിൽനിന്നും തലയിലേക്ക്
പരാഗണം നടത്തുന്ന
കാലമായിരുന്നു അത്
തലയിലവ പെറ്റുപെരുകി
പേനുകളുടെ പരക്കംപാച്ചിൽ
അസഹ്യമായപ്പോൾ
‘‘ദൈവമേ’’യെന്നയാൾ
വലിയവായിൽ അലറി
ദൈവം അയാൾക്ക്
നൂറ്റാണ്ടുകളായി കൈമാറിയ
പേൻചീപ്പ് കൊടുത്തു
‘ഹെന്തതിശയമേയെന്ന്’
സ്തോത്രംചെയ്ത്
നേരംവെളുക്കുവോളം
മാന്തിമാന്തി ചീകി
രാവിലെയും
ഉച്ചക്കും
സന്ധ്യക്കും
ചിലപ്പോൾ ഭക്ഷണംപോലും
മാറ്റിവെച്ചയാൾ
തന്റെ വേല തുടർന്നു
ചീപ്പിന്റെ കാലാൾപ്പടയ്ക്ക് മുന്നിൽ
പതറിപ്പോയ പേനുകൾ
പുതിയ ഇടങ്ങൾ കണ്ടെത്തി
ഒളിയുദ്ധം തുടർന്നു
അയാൾ വീണ്ടും അലറി
ദൈവം അയാൾക്ക്
ടി.വിയിൽ കണ്ട മുന്തിയ
ഷാംപൂ കൊടുത്തു
ഷാംപൂവിന്റെ
അണുവിസ്ഫോടനത്തിൽ
പേനുകൾ ചിതറിക്കപ്പെട്ടു
തലമുറ നശിച്ചവ
സമൃദ്ധമായ മുടിക്കാലം
നെഞ്ചിൽപേറി തെരുവിലിറങ്ങി
അവിടെ
കുടിയിറക്കപ്പെട്ടവരുടെ
തിക്കും തിരക്കുമായിരുന്നു
പേനുകളും അലറി
ദൈവമേ,
സ്വസ്ഥമായി
കിടന്നുറങ്ങാനൊരു തല!
തെരുവിൽ
തലയില്ലാത്തവരെ കണ്ടു
ദൈവം കണ്ണടച്ചു!!
2. രക്തസാക്ഷിയുടെ ദിനം
അവനെ വെട്ടിയിട്ട
തെരുവ്
ചോര ചവുട്ടിയുണർന്നു
ശവമെടുത്ത
ആക്രോശങ്ങളിനി
നേരംവെളുപ്പിക്കും
വീട്ടുകാരുടെ
നിലവിളിയതു
നട്ടുച്ചയാക്കും
മുഷ്ടിയെറിഞ്ഞ
മുദ്രാവാക്യങ്ങൾ
വൈകുന്നേരമാക്കും
ചിതയുടെ അവസാന
ആന്തലുകൾ
രാത്രിയാക്കും
ആളൊഴിഞ്ഞ മുറ്റം
ഒറ്റക്കിരുന്നു
പാതിരയാക്കും
പാതിമുറിഞ്ഞ ചന്ദ്രൻ
താഴെ വീടിനെ
നോക്കിനിൽക്കും
നാളെയവർക്ക്
കത്തുന്ന പകലാണ്.