സോമ്നാബുലിസം

1 ഈയിടെയായി ഉറങ്ങി എഴുന്നേൽക്കുമ്പോൾ എനിക്ക് മേലെയുണ്ടായിരുന്ന വീടിനെ കാണാതാകുന്നു! യാചകന്റെ അവസാനത്തെ തുണിയും നഷ്ടപ്പെട്ടത് പോലെ എനിക്ക് മുകളിൽ ആകാശം മാത്രം വീടിനെ കെട്ടിപ്പിടിച്ച് പോകരുതേ പോകരുതേ എന്ന് യാചിക്കും നന്ദിയില്ലാത്ത വീട് ഉറക്കം നടിച്ച് കിടന്ന് രാത്രിയുടെ ഏതോ യാമത്തിൽ ഇറങ്ങി പൊയ്ക്കളയും കൈവീശി നടന്നുപോകുന്ന വീടിനെ പാതിവഴിയിൽ െവച്ച് മടക്കിക്കൊണ്ടുവരുന്നത് പതിവായിരിക്കുന്നു പകലെല്ലാം ഞാനും വീടും മിണ്ടിപ്പറഞ്ഞിരിക്കും വീടെന്നാൽ എന്റെ വീടൊരു വാടക വീടാണ് എല്ലാവരും ഭൂമിയിൽ വാടകക്കാണ് എന്ന കള്ളം വീട് എന്നോട് പറയുമ്പോൾ എനിക്ക് ദേഷ്യം വരും ‘‘നീയത് നിന്റെ...
Your Subscription Supports Independent Journalism
View Plans1
ഈയിടെയായി ഉറങ്ങി എഴുന്നേൽക്കുമ്പോൾ
എനിക്ക് മേലെയുണ്ടായിരുന്ന
വീടിനെ കാണാതാകുന്നു!
യാചകന്റെ അവസാനത്തെ തുണിയും നഷ്ടപ്പെട്ടത് പോലെ എനിക്ക് മുകളിൽ ആകാശം മാത്രം
വീടിനെ കെട്ടിപ്പിടിച്ച്
പോകരുതേ പോകരുതേ എന്ന് യാചിക്കും
നന്ദിയില്ലാത്ത വീട്
ഉറക്കം നടിച്ച് കിടന്ന് രാത്രിയുടെ ഏതോ യാമത്തിൽ
ഇറങ്ങി പൊയ്ക്കളയും
കൈവീശി നടന്നുപോകുന്ന വീടിനെ പാതിവഴിയിൽ െവച്ച് മടക്കിക്കൊണ്ടുവരുന്നത് പതിവായിരിക്കുന്നു
പകലെല്ലാം ഞാനും വീടും മിണ്ടിപ്പറഞ്ഞിരിക്കും
വീടെന്നാൽ എന്റെ വീടൊരു വാടക വീടാണ്
എല്ലാവരും ഭൂമിയിൽ വാടകക്കാണ് എന്ന കള്ളം
വീട് എന്നോട് പറയുമ്പോൾ
എനിക്ക് ദേഷ്യം വരും
‘‘നീയത് നിന്റെ ഓണറോട് പറയടാ’’
എന്ന് ചിലപ്പോൾ ഞാൻ വീടിനെ പുരുഷനാക്കി
ചീറും.
ചിലപ്പോൾ പച്ചയും പർപ്പിളും
കലർന്ന ചെടികൾ തൂക്കി
ജിമിക്കിയണിഞ്ഞ പെണ്ണുമാക്കും
വെച്ചതിന്റെയും
വിളമ്പിയതിന്റെയും
മണംകൊണ്ട് അകം നിറയും
തീയും തീപ്പൊരിയും
ഉള്ളം ചൂട് പിടിപ്പിക്കും
ഇടയ്ക്ക് ഓരോ ബിയറടിച്ച്
ഞാനും വീടും ഉന്മത്തരാകും
ആനന്ദനൃത്തമാടും
എന്നാലും
സോംനാംബുലിസം പിടിച്ച ഒരു വീടിനെ നെഞ്ചത്ത് കിടത്തി ഞാനെങ്ങനെ ഉറങ്ങാനാണ്?!
വീടുകളില്ലാത്തവരുടെ സ്വപ്നങ്ങൾ
എങ്ങനെയായിരിക്കും?!
തിരിച്ചുവരാൻ ഒരു വീടില്ലായ്മയുടെ
അനന്തതയിലേക്കുണരാൻ
ഞാനെങ്ങനെ മനസ്സിനെ
പാകപ്പെടുത്തും?!
2
നിങ്ങൾ ഉറങ്ങിക്കിടക്കുമ്പോൾ
നെഞ്ചത്തിരുന്ന വീടിനെ
ഒരാൾ/ ആൾക്കൂട്ടം
എടുത്ത് മാറ്റുന്നുവെന്നും
ദേശീയതയുടെ അടയാളം
ചോദിക്കുകയും
അസ്തിവാരം വരെ
ഉഴുതു മറിക്കുകയും ചെയ്യുന്നുവെന്നും
എന്റെ വീട് ഇതാണ്
എന്റെ വീടിനെത്തരൂവെന്ന്
അവരുടെ കോൺസൻട്രേഷൻ ക്യാമ്പുകളിൽ
കുഞ്ഞുങ്ങളെയും പെണ്ണുങ്ങളെയും പണയം െവച്ച് മുട്ടിൽ നിന്നു
കേഴുകയും ചെയ്യേണ്ടിവരുന്നതായും
രാമരാജ്യം നിങ്ങൾക്കുള്ളതാകുന്നു
എന്ന അരുളപ്പാട്
നിങ്ങളെ കാക്കുമെന്നു
മാറിൽ പച്ച കുത്തിയ വീടുകൾ
വരി വരിയായി ഇറങ്ങിവരുന്നതായും സങ്കൽപ്പിക്കൂ
3
കുഞ്ഞുങ്ങളുടെ
ചിതറിയ ഹൃദയങ്ങൾ
നിങ്ങളുടെ വീടുകളെ അലങ്കരിക്കുമെന്ന
കറുത്ത ഹാസ്യത്തിലേക്ക്
ടീവി തുറന്നുെവച്ച് തരിച്ചിരിക്കുകയാണ്
ഞാനും വീടും!
ഗസ്സയിലെ കുഞ്ഞുങ്ങളുടെ
കരച്ചിൽ ഗ്രനേഡുകൾപോലെ
ഉള്ളം നുറുക്കുന്നു
പുകയും വെടിയൊച്ചയും
ആകാശക്കണ്ണാടിയിലൂടെ
അവരെ ഉന്നംവെക്കുന്നു
നെഞ്ചില് തുളയുള്ള കുഞ്ഞുങ്ങളുടെ ശവശരീരങ്ങൾ
മുറ്റത്ത് കുമിഞ്ഞുകൂടുന്നു
വീടെന്നെ കെട്ടിപ്പിടിച്ചു!
ഇനിയൊരിക്കലും പോകില്ല
എന്ന് തലയറഞ്ഞ്
ആണയിട്ടു
4
വീട് ഉറങ്ങിക്കിടക്കുകയാണ്
അച്ഛന്റെ പാതാളക്കരണ്ടിയെ
വീടും കിണറുമായി യോജിപ്പിച്ചു
പെട്ടെന്നൊന്നും ഇറങ്ങി ഓടാനാവാത്ത വിധം
ഉറപ്പുണ്ടാക്കി
നിങ്ങളോർക്കും എനിക്ക് ഭ്രാന്താണെന്ന്
ചുംബിക്കാതിരിക്കാനാവാത്ത വിധം
ഞാനെന്റെ വീടിനെ സ്നേഹിക്കുന്നു
ചുമരിലും തറയിലും ടെറസിലും
ആഞ്ഞ് ചുംബിച്ചത് അത് അറിഞ്ഞമട്ടില്ല
ഉറങ്ങിക്കിടക്കുമ്പോൾ
എന്റെ വീടൊരു കുഞ്ഞിനെ പോലെ
നിഷ്കളങ്കമായി കണ്ണ് പൂട്ടിക്കിടക്കുന്നു
വീടേ വീടേ ഞാൻ പോകുകയാണ്
ഞാനില്ലായ്മയുടെ
അനന്തത നിനക്ക് സമ്മാനിച്ച് പോകുകയാണ്
വംശവെറിയുടെ ആകാശനയനങ്ങൾ
വെടിയുണ്ട സമ്മാനിക്കാത്ത
അവസാനത്തെ കുഞ്ഞിന്
വേണ്ടി
ഹോളോകോസ്റ്റുകളെ നാണിപ്പിക്കുന്ന
ദേശീയതയുടെ പാഠശാലകൾ ഇല്ലാത്ത രാജ്യം തേടി
ഇനിമുതൽ സ്വപ്നങ്ങളിൽ കാൽപനികതയില്ലാത്ത
എന്റെ യാത്രക്കു വേണ്ടി
നീ
സുഖമായുറങ്ങൂ!