Begin typing your search above and press return to search.
ഈ ഒരേയൊരു പാട്ട്
Posted On date_range 3 March 2025 10:00 AM IST
Updated On date_range 3 March 2025 10:00 AM IST

അമ്മയോടെങ്ങനെ ചോദിക്കും
എനിക്കറിയില്ല,
ഹോട്സ്പോട് ഇട്ടു തരാൻ
അമ്മ എനിക്കു കയറ്റിത്തന്ന
ഡാറ്റ മുഴുവൻ തീർന്നശേഷം
അമ്മയോടെങ്ങനെ ചോദിക്കും
എനിക്കറിയില്ല,
ഹോട്സ്പോട് ഇട്ടുതരാൻ,
എങ്കിലെനിക്കീ പാട്ടു കേൾക്കാം
എങ്ങനെ പറയും അമ്മയോട്,
ഈ പാട്ടു കേൾക്കാൻ ഞാൻ
എത്ര വെറിപിടിച്ചിരിക്കുന്നെന്ന്
എങ്ങനെ പറയും,
ഈ ഒരേയൊരു പാട്ട്
എന്റെ രോഗമെല്ലാം മാറ്റുമെന്ന്.
അമ്മയോടെങ്ങനെ
പറയുമെന്നെനിക്കറിയില്ല
ഈ ഒറ്റപ്പാട്ടിനുശേഷം
തുണി ഞാൻ അലക്കാം
പാത്രം കഴുകാം
മുറി വൃത്തിയാക്കാം
എന്ന്
എങ്ങനെ പറയും അമ്മയോട്,
എനിക്കറിയില്ല
ഞാൻ കിടക്കയോട് ഒട്ടിയിരിക്കുന്നു
ഈ പാട്ടു കേൾക്കാതെ
എനിക്കനങ്ങാനാവുന്നില്ല
ആരെങ്കിലും പറയൂ
അമ്മയോട്.