ചാപ്പറമ്പ്

ഒതുക്കുകല്ലുകൾ
സശ്രദ്ധമിറങ്ങിവേണം
ചാപ്പറമ്പിലെത്താൻ.
മുലമൂർച്ച ശാപമായി ചത്ത
തമിഴത്തിപ്പെണ്ണാണ്
അവസാനമായി
ചാപ്പറമ്പേറിയത്.
കീശപ്പെരുപ്പങ്ങൾ
കൊന്നതിനെ ചത്തതെന്ന്
ചാപ്പറമ്പിനു തീറെഴുതിക്കൊടുത്തു.
ആരോ വയറ്റിലാക്കിയ
ഊരും പേരുമറിയാത്ത
പതിനേഴുകാരിയെ
മാറോടണച്ചാശ്വസിപ്പിച്ച്
പിറക്കാത്ത കുഞ്ഞിന്
താരാട്ടു പാടി
ചാപ്പറമ്പ് മാതൃത്വം കാട്ടി.
പട്ടീം പൂച്ചേം എന്നുവേണ്ട
ചോയ്ക്കാനും പറയാനുമാളില്ലാത്തതിനെയെല്ലാം
മറുത്തൊന്നും പറയാതെ
ചാപ്പറമ്പേറ്റുവാങ്ങി.
ചാപ്പറമ്പിൽ ഒറ്റക്കു കേറിയ
ധീരയെന്ന്
പ്രേമനൈരാശ്യത്താൽ
കെട്ടിത്തൂങ്ങിച്ചത്ത
സാഹിറയെ നാടുവാഴ്ത്തി.
സാഹിറാന്റുപ്പാന്റെ
കുറ്റബോധം തളംകെട്ടി
ആഞ്ഞിലിമരത്തിന്റെ
വളർച്ച മുരടിച്ചു.
കടം വന്നു കുത്തിനു പിടിച്ചപ്പോൾ
വർഗീസുചേട്ടൻ പ്രായം മറന്ന്
സാഹിറാക്ക് ഗുരുദക്ഷിണ നൽകി.
പണ്ടെങ്ങോ പാമ്പുകടിച്ചു ചത്ത
പശുവിന്റെ അസ്ഥികൂടവും
നാട്ടുകൂട്ടം തല്ലിക്കൊന്ന പേപ്പട്ടിയുടെ
നീളൻ തലയോട്ടിയും
ഭൂതകാലച്ചൂടു തട്ടാതെ
ചാപ്പറമ്പിന്
അലങ്കാരമായി നിന്നു.
ഇരുളുവീഴുമ്പോൾ ചാപ്പറമ്പുണരും.
ചത്തോരും കൊന്നോരും
ചാവാത്തോരും കൂടി
വട്ടത്തിലിരുന്നു പൊട്ടിച്ചിരിക്കും.
മുലമൂർച്ചയെ പേടിക്കാതെ
തമിഴത്തിപ്പെണ്ണും,
തുടയിടുക്ക് ഭയന്നു പൊത്താതെ
പതിനേഴുകാരിയും,
കടക്കെണി പേടിക്കാതെ
വർഗീസും ചേട്ടനും
മതം ഭയക്കാതെ സാഹിറയും
പാമ്പിനെ കൂസാതെ പശുവും
പട്ടിയും പൂച്ചയുമെല്ലാം
വേർതിരിവുകളില്ലാതെ
ചാപ്പറമ്പിന്റെ
കുഞ്ഞുങ്ങളാവും.
ചാപ്പറമ്പുറക്കെ
ചിരിക്കുന്നുവെന്ന്
നാടാകെയും കാതുപൊത്തും...
വാതിൽ കൊട്ടിയടക്കും.