ഗ്രോട്ടോ

പാറ പൊത്തിയുണ്ടാക്കിയ വഴിയിറമ്പിലെ പുതുമാതൃകയായ് ഇടവകയിലെ അച്ചൻ മാറിവന്നപ്പോ പണിതെടുത്തത് കൊയിലാന്റെ പറമ്പിൻ തിട്ടേൽ അതിരേൽ ഏലിയുടെ വീട്ടിലേക്കുള്ള നടവഴി മറച്ചൊരുനാൾ തിരുപ്പിറവിയെടുത്ത മാതാവിന്റെ ചെറുകുടിൽ. ഇടവഴി മറച്ച് ഗ്രോട്ടോ വന്നതു മുതൽ മാടിനോടൊപ്പമുള്ള കുത്തുകല്ല് ചവുട്ടി വീട്ടിലേക്ക് ഏലി കേറിയിറങ്ങി ഏലിയും മറിയവും അയൽക്കാരായിയെന്നതും രണ്ടാൾക്കും നാട്ടിൽ...
Your Subscription Supports Independent Journalism
View Plansപാറ പൊത്തിയുണ്ടാക്കിയ
വഴിയിറമ്പിലെ പുതുമാതൃകയായ്
ഇടവകയിലെ അച്ചൻ മാറിവന്നപ്പോ
പണിതെടുത്തത്
കൊയിലാന്റെ പറമ്പിൻ തിട്ടേൽ
അതിരേൽ ഏലിയുടെ വീട്ടിലേക്കുള്ള
നടവഴി മറച്ചൊരുനാൾ
തിരുപ്പിറവിയെടുത്ത
മാതാവിന്റെ ചെറുകുടിൽ.
ഇടവഴി മറച്ച് ഗ്രോട്ടോ വന്നതു മുതൽ
മാടിനോടൊപ്പമുള്ള കുത്തുകല്ല് ചവുട്ടി
വീട്ടിലേക്ക് ഏലി കേറിയിറങ്ങി
ഏലിയും മറിയവും അയൽക്കാരായിയെന്നതും
രണ്ടാൾക്കും നാട്ടിൽ മിണ്ടാനും പറയാനും
ഒരയൽവക്കമായിയെന്നും
കരക്കാർക്കറിയില്ല.
അതിരേൽ ഏലി വന്നില്ലയെങ്കിൽ
മാതാവ് മറിയം ഒതുക്കു കല്ലേറി
കാട്ടുകല്ല് കെട്ടിക്കേറി
ചെങ്കല്ലാൽ പണിത
ആർത്തലച്ച പച്ചപ്പിനപ്പുറം
കമ്മൽപ്പൂ ചിരിക്കുന്ന
വാടാമലരികൾ തുടുത്ത
ചാണകം തൂവിയ മുറ്റത്തേക്ക് കയറിച്ചെല്ലും
ബോധം മറഞ്ഞ്
വിയർപ്പ് നനഞ്ഞ ചട്ടയ്ക്ക് വെളിയിലെ
ബന്തിങ്ങയിൽ തെരുപ്പിടിച്ച്
തിരുഹൃദയ മാതാവേയെന്ന്
ഒച്ചയില്ലാതെ നിലവിളിക്കുന്ന സമയമായിരിക്കുമത്.
തണുത്ത തറയിലമർന്ന്
ആസ്മയാൽ തളർന്ന്
നുള്ളിയ തകരപോലായ ഏലിയെ
മാതാവ് താങ്ങും
ചാരിയിരുത്തും
ഇത്തിരി വെള്ളം കുടിക്ക്
നീയിങ്ങനെ കിടക്കാതെ
എന്തേലും പറയെന്നൊക്കെ
ചെവിക്കരികെ കാറ്റ് പോൽ തൊടും
നെഞ്ച് തിരുമ്മിയെന്റെ മാതാവേ
നിന്നെ ഓർക്കുമ്പോൾ
യെന്റെ സങ്കടം ഞാനും മറക്കുമെന്ന്
കൈലിയൊന്നഴിച്ച് കുത്തിയെണീക്കും.
എനിക്കിത്തിരി വെള്ളം തരേണ്ടോൻ
എനിക്ക് മുന്നേ പോയെന്ന്
നിന്റെ വാൾ കടന്ന നെഞ്ചുപോലല്ലോ
തകർന്നയെന്റെ ജീവിതമെന്ന് വ്യാകുലപ്പെടും.
നീയിരിക്കുന്നയിടവും യെന്റെ വീടും
നൊമ്പരം പനയ്ക്കുന്നതെന്ന് കലങ്ങും
അവിടത്തെ പോലെയിവിടെയുമെന്ന് ഏങ്ങും.
കറ പിടിച്ച തിരുകുടുംബ ചിത്രത്തിനരികെ
ജോമോൻ 33 വയസ്സ്
അഭിവാദ്യങ്ങളെന്ന് ചുവപ്പക്ഷരം വായിച്ച്
മാതാവും ഏലിക്കൊപ്പം
പിറവികാലത്തെ നക്ഷത്രത്തിളക്കവും
വിണ്ടുകീറിയ പള്ളിയുടെ തിരശ്ശീലയും
കാരമുള്ളേറ്റ് നൊന്ത നെറ്റിത്തടവും
ഒരു പാനപാത്രവുമോർത്ത് വിങ്ങും.
ബന്തിങ്ങയിലെ മാതാവിനെ ഏലിയും
മടിയിലേറ്റിയ ഏലിയുമായ് മാതാവും
പിയേത്ത പോലനക്കമറ്റുറയും.
മുപ്പത്തിമൂന്നാണ്ടുകളും
അവസാനമായ്
കയ്പ് വെള്ളം നുകർന്ന
ആദ്യമായ് അമ്മിഞ്ഞ നുണഞ്ഞ
ചുണ്ടിൻ ചിരികളെയോർക്കും.
ഏലി പാറിപ്പറക്കാതെ കൊടിക്കൂറ താണ
കവലയിലെ രക്തസാക്ഷി മണ്ഡപവും
മാതാവ് കവലയ്ക്കപ്പുറം
തട്ടുകളായി കെട്ടിയുയർത്തിയ
കുരിശുപള്ളിയും മുന്നിൽ കാണും.
പിളർന്ന ഹൃദയത്തിന്റെ
മിടിപ്പോളമാഴത്തിൽ
കൈവെള്ളയിൽ തറയുന്ന ഇരുമ്പാണിയും
കൈപ്പിടിയോളം താഴ്ചയിൽ
തറഞ്ഞുപോയ കത്തിമുനയും
ഒരുമിച്ചോർത്തവര്
അന്നേക്ക് ഒന്നും മിണ്ടാനാവാതെ
ഭൂമിയിലെ അമ്മമാരായ്
കണ്ണുനീറിയിരിക്കും.