Begin typing your search above and press return to search.
proflie-avatar
Login

ചുണ്ടുകൾ

poem
cancel

നാലറകളുള്ള

ഹൃദയത്തിൽനിന്നും

നാനൂറായിരമുള്ള

തലച്ചോറിൽനിന്നും

ഒരേസമയം

കള്ളവണ്ടി കയറി

തിരക്കില്ലാത്തവർക്കു മാത്രം

സ്റ്റോപ്പുള്ള

ഒരു സ്റ്റേഷനിൽ

ചങ്ങല വലിച്ചിറങ്ങുന്നു.

പെൻഷനായതു

മറന്ന്

എന്നും രാവിലെ

ജോലിക്കെത്തുന്ന

സ്റ്റേഷൻ മാസ്റ്റർ

ഇടക്കെപ്പോഴോ

സിഗ്നൽ മിന്നിയ

ഓർമയിൽ

അവരോട്

പുഞ്ചിരിക്കുന്നു.

സ്റ്റേഷൻ നായ

പകലുറക്കം

മാറ്റിവച്ച്

ആകെയുള്ള

സിമന്റുബഞ്ച്

അവർക്കായി

ഒഴിയുന്നു.

കാറ്റ്

ഒരു ചെമ്പകപ്പൂവിനെ

പണിപ്പെട്ട്

കോൺക്രീറ്റ് വേലിയിൽ

വീഴ്ത്തുന്നു.

വളരെ നേരത്തേ

എത്തിച്ചേർന്ന

മഴയെ

അവർക്കു

കടന്നുപോകാൻ

പിടിച്ചിട്ടിരിക്കുന്നു.

എന്നോ

വീട്ടേണ്ടിയിരുന്ന

ചിലത്

അവരിപ്പോൾ വീട്ടുന്നു.

അവർക്കവരെ

മതിയാകുന്നില്ല.

അവർക്കവരെ

പൂർത്തിയാക്കാനാവുന്നില്ല.

മൗനവും

സംസാരവും

പച്ചയും ചുവപ്പുംപോലെ

മാറിപ്പോകുന്നു,

അവർക്കിപ്പോഴും.

രുചികൾ

മണങ്ങൾ

ദാഹങ്ങൾ

വിശപ്പുകൾ

ഓർമകൾ

അനുഭവങ്ങൾ

മുറിവുകൾ

പൊള്ളലുകൾ:–

അവരുടെ എല്ലാം

അവരേക്കാൾ

മാറിയിരുന്നു;

എന്നെന്നേയ്ക്കും.

എന്നിട്ടും

രണ്ടു

ദിക്കുകളിലേക്ക്

കഴിഞ്ഞ

നൂറ്റാണ്ടിൽ

തിരിഞ്ഞു നോക്കാതെ

കയറിപ്പോയ

പ്ലാറ്റ്ഫോമിൽ,

ചോരവാർന്നു

മരിച്ച

പ്രേമത്തിന്റെ

ഇരുമ്പുമണമുള്ള

പാളങ്ങളിൽ,

കൃത്യസമയം

പാലിക്കാനാവാതെ

അനിശ്ചിതമായി

വൈകിയോടിക്കൊണ്ടിരിക്കുന്ന

ഒരു ചുംബനത്തിനായി

അവരിപ്പോൾ

പരസ്പരം

നൽകുന്നു.


Show More expand_more
News Summary - Malayalam Poem